Search This Blog

Monday, 31 January 2022

വളർച്ച

ഒന്നാമൻ:

വളർച്ചയിലാണ്

ബില്ല്യണിൽ നിന്ന്

ട്രില്ല്യണിലേക്ക്.

ലക്ഷ്യം

ട്രില്ല്യണുമപ്പുറത്ത്

എന്തെങ്കിലുമുണ്ടെങ്കിലത്.


രണ്ടാമൻ:

വിളർച്ചയിലാണ്

ഗാന്ധിനോട്ടിൽ നിന്ന് 

നാണയതുട്ടുകളിലേക്ക്.

പോക്കറ്റ് മാത്രമല്ല

ആരോഗ്യവും.

ലക്ഷ്യം

പണിയെടുത്ത്

പട്ടിണിമാറ്റലും

തലചായ്ക്കാനിടവും.


മൂന്നാമൻ:

വളരുന്നുണ്ട്

തൊലിക്കട്ടിയും

നാക്കും.

കീറിയ ഖദർ

വിദേശ ബ്രാൻറിലേക്കും 

ലക്ഷ്യം

അധികാരം,

കസേര,

പണം,

പ്രശസ്തി


ഒന്നാമന് വേണ്ടത്

മൂന്നാമനെ.

മൂന്നാമന്

ഒന്നാമനേയും

രണ്ടാമനേയും  വേണം.

ഒന്നാമൻ

പണം കറക്കും,

രണ്ടാമൻ വോട്ടും.

രണ്ടാമന് 

അപ്പോഴും വേണ്ടത്

ഒന്നുതന്നെ

പട്ടിണികിടക്കാതിരിക്കാൻ

തൊഴിലും

അന്തിയുറങ്ങാൻ

ഒരുതുണ്ട് ഭൂമിയും.


വിപണിയിൽ

അപ്പോഴും

കാളയും കരടിയും

ചുവപ്പും പച്ചയും

കളി തുടരുന്നു.






Sunday, 30 January 2022

ഞാൻ മരിച്ചാൽ

ഞാ മരിച്ചാൽ
താൻ കുറിപ്പെഴുതി
ഓർമകളെ അപമാനിക്കരുത്.
അറിയാത്ത, ഇല്ലാത്ത 
ഗുണങ്ങൾ എന്നിലാരോപിക്കരുത്.
തനിക്കായ് വരച്ച ചിത്രം,
എഴുതിയ വരികൾ,
പങ്കുവെച്ച വാക്കുകൾ,
ഒക്കെയും സ്വകാര്യമാണെന്നോർക്കുക. 
അതിനാൽ 
ഓർമകളുടെ സ്വകാര്യത മാനിക്കണം
അവസാനമായി 
കാണാൻ വരാത്തതിന്,
വിളിക്കാത്തതിന്,
കേൾക്കാത്തതിന്
തൊടുന്യായങ്ങൾ 
നിരത്തരുത്.
ശവത്തിനും 
ദേഷ്യമൊക്കെ വരും.

ഞാൻ മരിച്ചാൽ
പിന്നെ താനെന്ത് ചെയ്യും ?
.......
........
('വേണ്ട, മരിക്കണ്ട'
എന്ന ഭേദഗതി
വോട്ടിനിടാതെ തന്നെ
തള്ളിയിരിക്കുന്നു.)





Saturday, 29 January 2022

ക്യാപറ്റന്‍ കളി നയിക്കുന്ന പഞ്ചാബ്


പഞ്ചാബില്‍ ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ഒരുപക്ഷെ തിരഞ്ഞെടുപ്പ് നടക്കുന്ന 5 ഇടങ്ങളില്‍ കോണ്‍ഗ്രസ് വാശിയോടെ പോരാടുന്ന വലിയ സംസ്ഥാനങ്ങളില്‍ ഒന്ന് പഞ്ചാബാണ്. കോണ്‍ഗ്രസിനകത്തെ ചക്കളത്തിപോര് കൊണ്ട് തന്നെ മാസങ്ങള്‍ക്ക് മുമ്പേ പഞ്ചാബ് തിരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പാര്‍ട്ടി നേതൃത്വവും ഇപ്പോഴത്തെ പിസിസി പ്രസിഡന്റുമായ നവജ്യോത് സിങ് സിദ്ദുവുമായുള്ള ഭിന്നതയെ തുടര്‍ന്ന് ആദ്യം മുഖ്യമന്ത്രിപദവും പിന്നീട് പാര്‍ട്ടിയും വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ തന്നെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തലവേദന. ക്യാപ്റ്റന്‍ ഇല്ലാതെ പഞ്ചാബില്‍ ആദ്യമായി തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് അത് അഗ്നി പരീക്ഷയാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രി പദത്തിന് സിദ്ദുവും ക്യാപ്റ്റന് പകരം മുഖ്യമന്ത്രിയായ ചരണ്‍ജിത്ത് സിങ് ചന്നിയും കച്ചമുറുക്കുമ്പോള്‍. 

ക്യാപ്റ്റന്‍ പാര്‍ട്ടി വിട്ടതിനപ്പുറം ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്നത് കേണ്‍ഗ്രസിന് പ്രതിസന്ധിയാണ്. ബിജെപി സഖ്യത്തിലെ രണ്ടാമനായാണ് അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. 1999 നുശേഷം മുഖ്യസഖ്യകക്ഷിയായ ശിരോമണി അകാലിദള്ളിനെ ഒഴിവാക്കി അമരീന്ദറിനെ ഒപ്പം കൂട്ടുമ്പോള്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് എന്നാല്‍ ക്യാപ്റ്റനായിരുന്നു. ക്യാപറ്റനായിരുന്നു പഞ്ചാബില്‍ കഴിഞ്ഞ കുറേകാലമായി കോണ്‍ഗ്രസിനെ നയിച്ചിരുന്നത്. പഞ്ചാബിലെ പാര്‍ട്ടിയുടെ അവസാനവാക്കായി അമരീന്ദര്‍ നിലകൊണ്ടിരുന്നു എന്ന യാഥാര്‍ത്ഥ്യം തന്നെയാണ് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നതും ബിജെപിയെ ആവേശം കൊള്ളിക്കുന്നതും. തന്നോട് നീതകേട് കാട്ടി കോണ്‍ഗ്രസ് നേതൃത്വമെന്നാരോപിച്ചാണ് അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടത്. വിടുന്നതിന് മുമ്പേ തന്റെ ഭാവിപരിപാടി കോണ്‍ഗ്രസിന് മറുപടി നല്‍കല്‍ തന്നെയാണെന്ന് അമരീന്ദര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അമരീന്ദറിന്റെ പുതിയ പാര്‍ട്ടി എത്രമാത്രം കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയെന്ന് തെളിയിക്കുന്നതാവും ഫെബ്രുവരി 20 ലെ വോട്ടെടുപ്പ്. 

കര്‍ഷകസമരത്തിന് മുമ്പന്തിയില്‍ തന്നെ ഉണ്ടായിരുന്ന കര്‍ഷകര്‍ക്ക് വലിയ പിന്തുണയാണ് മുഖ്യമന്ത്രിയായിരിക്കെ അമരീന്ദര്‍ സിങ് നല്‍കിയത്. സ്ഥാനമൊഴിഞ്ഞശേഷവും കര്‍ഷകസമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമിത് ഷാ അടക്കമുള്ളവരുമായി അമരീന്ദര്‍ സിങ് ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. കര്‍ഷക വിരുദ്ധ ബില്ലുകള്‍ കേന്ദ്രം പിന്‍വലിക്കാന്‍ തയ്യാറായതില്‍ തന്റെ ഇടപെടലുകള്‍ക്കും വലിയ പങ്കുണ്ടെന്നാണ് ക്യാപ്റ്റന്റെ വാദം. പഞ്ചാബില്‍ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖവും അടിത്തറയും നഷ്ടപ്പെട്ട ബിജെപിക്ക് അമരീന്ദറുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കര്‍ഷകരെ ഒപ്പം നിര്‍ത്താന്‍, അവരുടെ പ്രതിഷേധം ഒരു പരിധിവരെയെങ്കിലും തടയിടാന്‍ ക്യാപ്റ്റന് സാധിക്കുമെന്നാണ് ബിജെപി ദേശിയ നേതൃത്വത്തി്‌ന്റെ വിശ്വാസം. ശിരോമണി അകാലി ദള്‍ കര്‍ഷസമരത്തിന് പിന്തിണപ്രഖ്യാപിച്ച് മുന്നണി വിട്ടത് പഞ്ചാബില്‍ ചില്ലറയൊന്നുമല്ല ബിജെപിക്ക് ക്ഷീണം ചെയ്തത്. 

ആം ആദ്മി പാര്‍ട്ടി ശ്കതി പ്രാപിക്കുന്ന പഞ്ചാബില്‍ ക്യാപ്റ്റന്‍ വരുത്തിവെക്കുന്ന തിരിച്ചടിയും കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കും. ഇതിനോടകം തന്നെ ആം ആദ്മി പാര്‍ട്ടി ജനഹിതപ്രകാരമുള്ള നേതാവിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി കഴിഞ്ഞു. എന്നാല്‍ കേണ്‍ഗ്രസിന് ഇപ്പോഴും അതിനായിട്ടില്ല. ചന്നിയോ സിദ്ദുവോ ആയിരിക്കും അതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇവരില്‍ ആരെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്താകാണിച്ചാലും മറ്റേയാള്‍ പാലം വലിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി മുഖം ആരായിരിക്കുമെന്ന ചോദ്യത്തിന് തന്റെ മുഖം എല്ലായിടത്തുമുണ്ടല്ലോയെന്ന മറുപടി പറഞ്ഞ് പ്രിയങ്ക ഗാന്ധി തടിയൂരിയത്. 

പഞ്ചാബില്‍ പാര്‍ട്ടിയ്ക്കകത്തെ പ്രശ്‌നങ്ങള്‍ അടുത്തൊന്നും തീരില്ലെന്നതിന്റെ സൂചനയാണ് പ്രചാരണരംഗത്ത് നിന്ന് കോണ്‍ഗ്രസിന് ലഭിക്കുന്നത്. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പ്രധാനയോഗങ്ങളില്‍ പോലും സംസ്ഥാനത്തുനിന്നുള്ള എംപിമാരും എംഎല്‍എമാരുമെല്ലാം കാര്യമായിതന്നെ വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം അമൃത്സറില്‍ നടന്ന ചടങ്ങിലും സ്ഥലത്തുണ്ടായിട്ടുപോലും എംപിമാര്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് മാറിനിന്നത് ചര്‍ച്ചാവിഷയമായിരുന്നു. സ്വന്തക്കാര്‍ക്കും അനുയായികള്‍ക്കും സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം മുതല്‍ ചന്നിയോടും സിദ്ദുവിനോടുമുള്ള എതിര്‍പ്പും ഇതിന് കാരണമായി. തിരഞ്ഞെടുപ്പിന് ശേഷം ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ശക്തി തെളിയിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് അങ്ങോട്ട് നേതാക്കളുടേയും അണികളുടേയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോ എന്ന ആശങ്കയും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അതിനാല്‍ തന്നെ വളരെ കരുതലോടെയാണ് നേതൃത്വത്തിന്റെ നീക്കം. അമരീന്ദർ വിഷയം കൈകാര്യം ചെയ്തതില്‍ ദേശിയ നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് ഒളിഞ്ഞും തെളിഞ്ഞും നേതാക്കള്‍ സമ്മതിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. 

കര്‍ഷസമരത്തിന് പുറമെ അതിര്‍ത്തി സംരക്ഷണം ബിഎസ്എഫ്് നെ എല്‍പ്പിച്ചതും അതിര്‍ത്തി ഗ്രാമങ്ങളിലെ മയക്കുമരുന്ന് ആയുധകച്ചവടവുമെല്ലാം പഞ്ചാബിന്റെ തിരഞ്ഞെടുപ്പിനെ ചൂടാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ സിദ്ദുവിനും ചന്നിയ്ക്കുമെതിരായി വ്യക്തിഗത ആരോപണങ്ങളും ചേരുന്നുണ്ട്.  ഹോക്കി സ്റ്റിക്കും ബോളും ചിഹ്നത്തില്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ കളത്തിലിറങ്ങുമ്പോള്‍ അതിനെ സിദ്ദുവിന്റെ  ക്രീസിലെ മിന്നുന്ന വെടിക്കെട്ടും കമന്ററി ബോക്‌സിലെ വാക്ചാതുരിയും കൊണ്ട് നേരിടാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. പക്ഷെ അന്തിമ വിജയം ആര്‍ക്കായിരിക്കുമെന്നത് അകാലിദള്ളിന്റേയും ആം ആദ്മിയുടേയും പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് മാത്രം.


Friday, 28 January 2022

പാവക്കൂത്ത്

പ്രണയം
ചിലപ്പോഴെങ്കിലും
ഒരു തോൽ പാവക്കൂത്താണ്
ഒരാളെത്തന്നെ ചുറ്റിയുള്ള പാവകളി.
സ്നേഹമാണ് ചരട്.
ഇഷ്ടാനിഷ്ടങ്ങളാണ്
ഓരോ ചലനവും നിശ്ചയിക്കുക.
ഓർമകൾ പോലും
ചിരാത് വെളിച്ചത്തിൽ
തൂങ്ങിയാടി കൂത്ത് നടത്തും.
ആരുടെ ഇഷ്ടാനിഷ്ടങ്ങൾ ?
ആരാണ് പാവ ?
ഇരുവരുമെന്നാണ്
ഉത്തരമെങ്കിൽ ശുഭം.
അല്ലെങ്കിലും ശുഭം...!!! 

Thursday, 27 January 2022

ലക്ഷ്യം ലഖ്നൗ, പോരാട്ടം പശ്ചിമ യുപിയിൽ

ത്ത‍‍ർ‌പ്രദേശിൽ പോര് മുറുകുമ്പോൾ പശ്ചിമ ഉത്തർപ്രദേശ് പിടിക്കാനാണ് പ്രമുഖ മുന്നണികളുടെയെല്ലാം നെട്ടോട്ടം. കർഷകർക്ക്  ഏറെയുള്ള, ജാട്ടുകൾക്ക് വലിയ സ്വാധീനമുള്ള പശ്ചിമ ഉത്തർപ്രദേശ് പിടിക്കാനായാൽ ഭരണം ഏതാണ്ട് ഉറപ്പിക്കാമെന്ന കണക്കുകൂട്ടലാണ് ബിജെപിയും സമാജ് വാദി പാർട്ടിയും നേതൃത്വം കൊടുക്കുന്ന മുന്നണികൾ. ഇതിനായി ജാട്ട് സമുദായത്തേയും കർഷകരേയും ഒപ്പം നിർത്താനാണ് ശ്രമം. സമീപകാല കർഷകസമരത്തിന് ഉത്തർ പ്രദേശിൽ ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചയിടവും പടിഞ്ഞാറൻ യുപിയാണ്. അത് തന്നെയാണ് ഭരണകക്ഷിയായ ബിജെപിയുടെ നെഞ്ചിടിപ്പേറ്റുന്നതും എസ് പിക്ക് പ്രതീക്ഷയേകുന്നതും. 

ഷഹറാൻപൂർ, മീററ്റ്,ഭാ​ഗ്പത്, മുസാഫർന​ഗർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പടിഞ്ഞാറൻ ഉത്തർപ്രദേശിൽ 143 നിയമസഭ സീറ്റുകളാണ് ഉള്ളത്. ഇവയിൽ 108 സീറ്റുകളാണ് കഴിഞ്ഞതവണ ബിജെപി നേടിയത്. അത് തന്നെയായിരുന്നു സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റത്തിന്റെ കുന്തമുനയും. 2013 ലെ മുസാഫറാബാദ് കലാപത്തിന്റെ പശ്ചാത്തലമായിരുന്നു കഴിഞ്ഞതവണ ബിജെപിക്ക് പടിഞ്ഞാറൻ യുപിയിൽ മേൽക്കൈ നൽകിയത്. കലാപത്തിന് ശേഷം ബിജെപിയിലേക്ക് ചാഞ്ഞ കർഷകർ തന്നെയായിരുന്നു ഈ പ്രദേശത്ത് വലിയ നേട്ടം കൈവരിക്കാൻ ബിജപിയെ സഹായിച്ചത്. എന്നാലിത്തവണ കർഷകർ കർഷക വിരുദ്ധ ബില്ലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ സമരത്തെ തുട‍ർന്ന് ബിജെപിയിൽ നിന്ന് അകന്നുപോയതാണ് ബിജെപി ക്യാമ്പിനെ അങ്കലാപ്പിലാക്കുന്നത്. ഈ മേഖലയിൽ ബിജെപിയുടെ സഖ്യകക്ഷിയും കർഷകരുടെ ഇടയിൽ സ്വാധീനവുമുള്ള ജയന്ത് ചൗധരിയുടെ രാഷ്ട്രീയ ലോക് ദൾ (ആർ എൽ ഡി) ബിജെപിയെ വിട്ട് സമാജ് വാദിക്കൊപ്പം ചേർന്നതും ക്ഷീണമായി. കർഷകസമരം ശക്തമായ സമയത്ത് ബിജെപിയുടെ നയത്തെ തള്ളി ആർ എൽ ഡി വിളിച്ചുചേർത്ത മഹാപഞ്ചായത്തുകളിൽ ലക്ഷക്കണക്കിന് കർഷകരാണ് അണിനിരന്നത്. ഇതിനെ എങ്ങിനെ മറികടക്കാമെന്നാണ് ബിജെപിയുടെ ആലോചന. ജാട്ട് സമുദായത്തെ പ്രീണിപ്പിച്ച് വീണ്ടും കൂടെ നിർ‌ത്താനാണ് ബിജെപിയുടെ പുതിയ നീക്കം. ഇതിനായി കഴിഞ്ഞ ദിവസം അമിത് ഷാ തന്നെ നേരിട്ടെത്തി ജാട്ട് സമുദായ നേതാക്കളുമായി കൂടിക്കാഴ്ച്ചകൾ നടത്തി.


18 ശതമാനം വോട്ടാണ് പടിഞ്ഞാറൻ യുപിയിൽ ജാട്ടുകൾക്കുള്ളത്. ഒട്ടുമിക്ക മണ്ഡലങ്ങളിലേയും ഫലം മാറ്റിമറിക്കാൻ തക്ക സ്വാധീനമുള്ള ജാട്ടുകളെ ഒപ്പം കൂട്ടിയാൽ പാർട്ടികൾക്ക് പരിക്കില്ലാതെ രക്ഷപ്പെടാമെന്ന് സാരം. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും (2014,19 വർഷങ്ങളിലെ ലോക്സഭ തിരഞ്ഞെടുപ്പും 2017 ലെ നിയമസഭ തിരഞ്ഞെടുപ്പും) ജാട്ടുകളെ ഒപ്പം നിർത്താൻ രം​ഗത്തിറങ്ങിയ അമിത് ഷാ അതിനാലാണ് ഇത്തവണയും നേരിട്ടെത്തിയത്. 200 ജാട്ട് നേതാക്കളുമായാണ് കഴിഞ്ഞ ദിവസം അമിത് ഷാ രണ്ട് മണിക്കൂറിലേറെ സമയം ചർച്ച നടത്തിയത്. 

ജാട്ടുകൾക്ക് വേണ്ട സഹായമെല്ലാം ബിജെപി വാ​ഗ്ദാനം യോ​ഗത്തിൽ വാ​ഗ്ദാനം ചെയ്തതായണ് റിപ്പോർ‌ട്ടുകൾ. ജാട്ട് സമുദായത്തിൽ പെട്ടവര്‌ക്ക് സൈന്യത്തിൽ കൂടുതൽ അവസരം നൽകുന്നകാര്യമെല്ലാം ആഭ്യന്തരമന്ത്രി ചൂണ്ടികാട്ടിയെന്നും മാധ്യമറിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലേയും പോലെ ഇത്തവണയുംജാട്ടുകളുടെ പിന്തുണ ബിജെപിക്ക് വേണമെന്ന് അമിത് ഷാ അഭ്യർത്ഥിച്ചു. സംസ്ഥാനത്തിന്റെ വികസനമെന്നതിലൂന്നിയായിരുന്നു അമിത് ഷായുടെ സംസാരം. ജാട്ട് വിഭാ​ഗത്തിൽ പെട്ട രാജാ മഹേന്ദ്ര പ്രതാപ് സിങ് യൂണിവേഴ്സിറ്റിക്ക് അലി​ഗഡിൽ തറക്കല്ലിട്ടതടക്കം അമിത് ഷാ ഓർമിപ്പിച്ചു. എന്നാൽ കഴിഞ്ഞ കാലങ്ങളിലേതിൽ നിന്ന് വ്യത്യസ്ഥമായി ജാട്ട് നേതാക്കൾ ഇത്തവണത്തെ കൂടിക്കാഴ്ച്ചയിൽ തൃപ്തരല്ലെന്നാണ് നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. കാലങ്ങളായി ജാട്ടുകൾ മുന്നോട്ട് വെക്കുന്ന സംവരണമെന്ന ആവശ്യത്തിൽ ഇതുവരേയും കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്തതിൽ ജാട്ട് നേതൃത്വം അസംതൃപ്തരാണ്. ഇക്കാര്യത്തിൽ വ്യക്തമായ മറുപടി അമിത് ഷാ നൽകിയില്ലെന്നാണ് സൂചനകൾ.  

യോ​ഗി സർക്കാർ 36,000 കോടിയുടെ കാർഷിക കടം എഴുതിതള്ളിയതും കരിമ്പിന് ക്വിന്റലിന് 25 രൂപ കൂട്ടിയതും ഉയർത്തിയാണ് ബിജെപി കരിമ്പ് കർഷകർ ഏറെയുള്ള പ്രദേശമായ പടിഞ്ഞാറൻ യുപിയിൽ പ്രചാരണം നടത്തുന്നത്. ഇതിലൂടെ കർഷകർക്കുള്ള എതിർപ്പ് കുറയ്ക്കാനാവുമെന്ന് ബിജെപി പ്രതീക്ഷയർപ്പിക്കുന്നു. എന്നാൽ കർഷകർക്ക് കിട്ടാനുള്ള പണം കിട്ടാത്തത് ഉയർത്തിയാണ് സമാജ് വാദി ഇതിനെ നേരിടുന്നത്. പഞ്ചസാര ഫാക്ടറിയുടമകൾ കരിമ്പ് കർഷകർക്ക് 2000 കോടിയോളം രൂപയാണ് നൽകാനുള്ളത്. ഇത് ലഭ്യമാക്കാനുള്ള യാതൊന്നും ഇതുവരേയും ബിജെപി സർക്കാർ കൈക്കൊണ്ടിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിന് കൃത്യമായി മറുപടി നൽകാൻ ബിജെപിക്കായിട്ടില്ല. പടിഞ്ഞാറൻ യുപിയിൽ നല്ലൊരു ശതമാനം സീറ്റിലും ആർ എൽ ഡിയുടെ സ്ഥാനാർത്ഥികളെയാണ് സമാജ് വാദി രം​ഗത്തിറക്കിയിരിക്കുന്നത്. ജയന്ത് ചൗധരിയുടെ നേതത്വത്തിലുള്ള ആർ‌ എൽ ഡിക്ക് കർഷകർക്കിടയിലും ജാട്ടുകൾക്കിടയിലും നല്ല സ്വാധീനമാണുള്ളത്. ഹരിയാനയിൽ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ സഹായിച്ച ആർഎൽഡി പക്ഷെ തുടക്കം മുതലെ ബിജെപിയുടെ കർഷക ബില്ലുകൾക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പടിഞ്ഞാറൻ യുപിയിൽ പലപ്പോഴും ബിജെപി നേതാക്കളും ബിജെപി മന്ത്രിമാർക്കും നേരെ കരിങ്കൊടി പ്രയോ​ഗം നേരിടേണ്ടിയും വന്നു. നിയമങ്ങൾ പിൻവലിച്ചത് തങ്ങളുടെ സമരത്തിന്റെ നേട്ടമായി തന്നെ ആർ എൽ ഡിയും പ്രചരണരം​ഗത്ത് ഉയർത്തിക്കാട്ടുന്നു. ഇതിന് പുറമെ ലഘിംപൂരിലെ കർഷകകൊലയും കർഷകസ്വാധീനമേഖലയിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാണ്. ആർ എൽ ഡിയെ ഇതുവരേയും ബിജെപി തള്ളിപറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആർ എൽ ഡി ബിജെപിയുടെ സുഹൃത്ത് തന്നെയാണ് എന്ന് ആവർതിക്കുന്ന ബിജെപി തിരഞ്ഞെടുപ്പിന് ശേഷം കണക്കുകളുടെ കളി വരികയാണെങ്കിൽ ആർ എൽ ഡിയെ ഒപ്പം കൂട്ടാനാകുമെന്ന് പ്രതീക്ഷവെക്കുന്നുമുണ്ട്. മുൻ പ്രധാനമന്ത്രിയുടെ ജയന്ത് ചൗധരിയുടെ പിതാവുമായ ചൗധരി ചരൺ സിങിന് ഭാരത് രത്ന അവാ‍ർഡ് നൽകുന്നതടക്കം ബിജെപി കേന്ദ്രങ്ങളിൽ ചർച്ചയാക്കുന്നതും ഇത് ലക്ഷ്യം വെച്ചാണ്. ജയന്തുമായി ചർച്ചകൾക്ക് തയ്യാറാണെന്നും ബിജെപി നേതാക്കൾ പരസ്യമായി തന്നെ പ്രതികരിച്ചിട്ടുമുണ്ട്. എന്നാൽ കർഷക സമരത്തിനിടെ മരണമടഞ്ഞ എഴുന്നൂറിലേറെ വരുന്ന കർ‌ഷകരുടെ കുടുംബത്തെയാണ് നിങ്ങൾ ചർച്ചയ്ക്ക് വിളിക്കേണ്ടത്, തന്നെയല്ലെന്നായിരുന്നു ജയന്തിന്റെ പ്രതികരണം. 

പടിഞ്ഞാറൻ യുപിയിൽ ചന്ദ്രശേഖർ ആസാദ് (രാവണൻ) സമാജ് വാദിക്കൊപ്പമില്ലെന്നത് ബിജെപിക്ക് നേരിയ പ്രതീക്ഷയാണ്. ഷഹറാൻപൂരടക്കം ദളിതർക്ക് സ്വാധീനമുള്ള മേഖലകളിൽ രാവണന്റെ ബീം ആർമിക്ക് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാനാവും. അതിനാൽ തന്നെ ബിജെപി വിരുദ്ധ വോട്ടുകൾ മേഖലയിൽ ഭിന്നിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കൂട്ടത്തിൽ കോൺ​ഗ്രസും ബി എസ് പിയും വെവ്വേറെ മത്സരിക്കാനിറങ്ങുമ്പോൾ. ഇവയ്ക്കൊപ്പം ജാതിയും മതവും ഇറക്കിയുള്ള അവസാനവട്ട പ്രചാരണവും കഴിയുമ്പോൾ പ്രതീക്ഷകൾ അസ്ഥാനത്താകില്ലെന്ന് ബിജെപി വിശ്വസിക്കുന്നു. എന്നാൽ അതിനെയെല്ലാം മറികടക്കാൻ കർഷകരുടെ രോഷവും കർഷകവിരുദ്ധബിൽ  അവരുടെ അഭിമാനത്തിനേൽപ്പിച്ച മുറിവും സമാജ് വാദിയെ സഹായിക്കുമെന്ന് അഖിലേഷും കണക്കുകൂട്ടുന്നു. 

Wednesday, 26 January 2022

'ആമത്തോട്' കാസിയോ വാച്ച്

ളരെ കുട്ടിയായിരിക്കുമ്പോൾ തന്നെ സമയം നോക്കാൻ പഠിച്ചിട്ടുണ്ട്. ക്ലോക്കിലെ സൂചികൾ നോക്കിയും കയ്യിലെ വലിയ ഡയലുള്ള എച്ച് എം ടിയുടെ വാച്ചിൽ നോക്കിയും സമയം നോക്കാൻ പഠിപ്പിച്ചു തന്നത് അച്ചനാണ്. ഇടയ്ക്കിടയ്ക്ക് സമയം നോക്കി വരാൻ പറഞ്ഞ് അയച്ച് ശരിക്കും പഠിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തിയിരുന്നത് അമ്മയും. അകത്തെ ചുമരിൽ തൂങ്ങികിടക്കുന്ന, ഓരോ കാൽ മണിക്കൂറിലും ബെല്ലടിക്കുന്ന അജന്തയുടെ  ക്ലോക്കിൽ ഓടിപ്പോയി സമയം നോക്കി പറയണം. വലിയ സൂചി എത്രയിലാണെന്നും ചെറിയ സൂചി എത്രയിലാണ് എന്നും കൃത്യമായി പറഞ്ഞുകൊടുക്കണം. തിരിച്ച് വരുമ്പോളേക്കും കയ്യിലെ വാച്ചിൽ നോക്കി ഞാൻ പറഞ്ഞ സമയം ശരിയാണോ എന്ന് ഉറപ്പുവരുത്തിയിരിക്കും അമ്മ.  ക്ലോക്കിലെ സമയം നോക്കാൻ പഠിച്ചതിലൂടെ ആദ്യം പഠിച്ചത് അഞ്ചിൻെറ ഗുണനപട്ടികയായിരുന്നു. രണ്ടിൻറേയം മൂന്നിൻറേയുമെല്ലാം ഗുണനപട്ടിക തെറ്റിച്ച് അച്ചൻറെ കയ്യിൽ നിന്ന് അടിമേടിക്കുമ്പോഴും പക്ഷെ അഞ്ചിൻറെ ഗുണനപട്ടിക ഒരിക്കലും തെറ്റിയിട്ടില്ല. 

കുട്ടിക്കാലത്ത് ഏറ്റവും കൂടുതൽ കെട്ടിയിട്ടുള്ള വാച്ച് കാസിയോയുടെ ഡിജിറ്റൽ ഡിസ്പ്ലേയുള്ള വാച്ചാണ്. സൂചികൾക്ക് പകരം അക്കങ്ങൾ സമയം പറയുന്ന വാച്ച്. ഏതാണ്ട് ഏഴാം ക്ലാസ് വരേയും അതേ വാച്ച് തന്നെയാണ് ഉപയോഗിച്ചിരുന്നത്. ഐഎച്ച്ആർഡിയിലേക്ക് മാറിയപ്പോഴാണ് അനലോഗ് വാച്ച് സ്ഥിരമായി ഉപയോഗിക്കുന്നത്. ആദ്യകാലത്ത് കറുത്ത സ്ട്രാപ്പും കെയിസുമുള്ള വാച്ചായിരുന്നു. പിന്നീടത് മെറ്റൽ സ്ട്രാപ്പിലേക്കും കെയിസിലേക്കും മാറി. അപ്പോഴും മാറാതെ നിന്നത് അതിനകത്തെ വെളിച്ചമായിരുന്നു. ഇടയ്ക്കിടയക്ക് ബട്ടൺ അമർത്തി അതിലെ മിന്നുന്ന വെളിച്ചം കണ്ട് രസിക്കൽ, അത് കൂട്ടുകാർക്ക് കാണിച്ചുകൊടുത്ത് ഗമ കാണിക്കൽ എല്ലാം അന്നത്തെ ഒരു കൌതുകമായിരുന്നു. അന്ന് ക്ലാസിൽ അധികമാർക്കും വാച്ച് ഉണ്ടിയിരുന്നില്ല എന്നതിൻറെ പവറും ഉണ്ടായിരുന്നുവെന്ന് കൂട്ടിക്കോ.

അച്ചൻറെ ഒരു സുഹൃത്തുണ്ടായിരുന്നു. അബൂബക്കർ എന്നോ മറ്റോ ആയിരുന്നു പേര്. അബുക്ക എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. അന്നത്തെ ബോംബെയിൽ നിന്ന് ഇലക്ട്രോണിക്ക് സാധനങ്ങളും പെർഫ്യൂമുമെല്ലാം നാട്ടിലെത്തിച്ച് വിൽക്കലായിരുന്നു മൂപ്പരുടെ പണി. സീസൺ സിനിമ കാണുമ്പോൾ, അതിലെ മാമൂക്കോയയുടെ കഥാപാത്രത്തെ കാണുമ്പോൾ ഇപ്പോഴും എനിക്ക് ഓർമ വരിക അബുക്കയെയാണ്. ആമത്തോട് വാച്ച് തരുന്ന അബുമാമ ആയിരുന്നു മൂപ്പർ ഞങ്ങൾക്ക്. കാണുമ്പോളൊക്കെ ഒരു കറുത്ത പാൻറും വെളുത്ത് കുപ്പായവും കഴുത്തിലൊരു കർച്ചീഫും ഫിറ്റ് ചെയ്തായിരുന്നു മൂപ്പർ. ഓരോ ആറ് മാസം കൂടുമ്പോഴാവും മൂപ്പര് വരിക. അപ്പോഴൊക്കെ ഞങ്ങൾക്കൊരു വാച്ച് മൂപ്പർ മാറ്റിവെക്കും. മൂപ്പരെ കാണുമ്പോഴൊക്കെ വാച്ച് ചോദിക്കും. അപ്പൊ മൂപ്പര് ഏത് വാച്ച് വേണം എന്ന് തിരിച്ച് ചോദിക്കുമ്പോ കറുത്ത കെയ്സുള്ള വാച്ച് എന്നൊന്നും പറയാനാറയാത്തത് കൊണ്ട് ആമതോടുള്ള വാച്ച് എന്നായിരുന്നു പറഞ്ഞിരുന്നത്. ആ വാച്ചിൻറെ കെയ്സിനെ ആമയുടെ പുറംതോടായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. അങ്ങനെയാണ് കാസിയോയുടെ കറുത്ത കെയ്സുള്ള വാച്ചിനെ ആമത്തോട് വാച്ചെന്നും അബുമാമയെ ആമത്തോട് വാച്ച്മാമ എന്നും വിളിച്ചുതുടങ്ങിയത്. ഞങ്ങൾക്ക് കാസിയോ ആണെങ്കിൽ അച്ചന് വലിയ വട്ടം ഡയലുള്ള എച്ച് എം ടി ആയിരുന്നു. ഓർമവെച്ചത് മുതൽ അച്ചൻറെ കയ്യിൽ അധികവും കണ്ടിട്ടുള്ളതും എച്ച് എം ടി തന്നെ. ആദ്യമൊക്കെ കറുത്ത വാച്ചായിരുന്നുവെങ്കിൽ  വലുതായി തുടങ്ങിയപ്പോൾ മൂപ്പർ വെള്ളി നിറമുള്ള മെറ്റലിൻറെ വാച്ചായി കൊണ്ടുത്തരുന്നത്. ആമത്തോട് വാച്ചിനേക്കാൾ ഇതിന്  വിലകൂടുതലാണ് അതിനാൽ ഇനി കേടാക്കിയാൽ വേറെ വാങ്ങിത്തരില്ലെന്നുമായിരുന്നു പിന്നെ അമ്മയുടെ ഭീഷണി. ഭീഷണി ഭയന്നാണോ എന്തോ മെറ്റലിൻറെ വാച്ച് ഏറെക്കാലം ഉപയോഗിച്ചിരുന്നു. അതിലെ വെളിച്ചവും തെളിച്ച്, ബാറ്ററി തീരുമ്പോൾ അച്ചൻറെ കടയ്ക്ക് സമീപത്തുള്ള വാച്ച് കടയിൽ പോയി ബാറ്ററി മാറ്റി വളരെ വർഷങ്ങളോളം ആ വാച്ച് ഉപയോഗിച്ചു. പ്രവർത്തനം നിലച്ച ഇവനിപ്പോഴും വീട്ടിലെ പുരാവസ്തുശേഖരത്തിലെവിടെയോ ഉണ്ട്. 

സുഹൃത്തിൻറെ കയ്യിലെ കാസിയോയുടെ വാച്ചാണ്  പെട്ടെന്ന് പണ്ടത്തെ ആ ആമത്തോട് വാച്ചിനേയും ആമത്തോട് വാച്ച് മാമയേയും ഒക്കെ ഓർമിക്കാൻ കാരണമായത്. ഡിജിറ്റൽ ഡിസ്പ്ലേ അല്ലെങ്കിലും കാസിയോയുടെ കറുത്ത ആമത്തോട് വാച്ചുമായി, അതിലെ വെളിച്ചം കത്തിച്ച് രസിക്കുന്ന സുഹൃത്ത്. ആ വാച്ചിലെ മഞ്ഞ എൽഇഡി വെളിച്ചം കാണുമ്പോൾ പഴയ വാച്ച് ഓർമവന്നു. അന്നത് മഞ്ഞയായിരുന്നില്ല, വെള്ള വെളിച്ചമായിരുന്നു. നല്ല മൂൺലൈറ്റ്. 

അബുമാമ വാച്ച് മാത്രമായിരുന്നില്ല കൊണ്ടുവന്നിരുന്നത്, നല്ല ഗൾഫ് സോപ്പും അത്തറും ടോർച്ചുമെല്ലാം കൊണ്ടുവരുമായിരുന്നു. അവയേക്കാൾ എനിക്ക് പ്രിയപ്പെട്ടത് ആ ആമത്തോട് വാച്ചായിരുന്നു. സമയമറിയാൻ എന്നതിലുപരി കൂട്ടുകാർക്കിടയിൽ അത് നൽകിയിരുന്ന പവറ് തന്നെയായിരിക്കണം അതിന് കാരണം. 

പിന്നീടിങ്ങോട്ട് പലവാച്ചുകൾ ഇടതുകയ്യിൻറെ മണിബന്ധത്തിന് മുകളിലായി മാറിമാറി ഇടം പിടിച്ചു. പല ബ്രാൻറുകളുടെ, പല നിറത്തിലുള്ള, പല തരത്തിലുള്ളവ. അബുമാമയുടെ ആമത്തോട് കാസിയോ വാച്ചിന്  ശേഷം വിദേശത്ത് നിന്ന് അച്ചൻ കൊണ്ടുവന്നിരന്ന ക്യു ആൻറ് ക്യൂ ആയിരുന്നു കൂടുതലും ഉപയോഗിച്ചിരുന്നത്. പിന്നീട് അത് ടൈറ്റനും ടൈമെക്സും ഒക്കെയായി. കഴിഞ്ഞ ഒരു പത്ത് വർഷത്തിനിടെ ആറ് വാച്ചുകൾ ഉപയോഗിച്ചു. അതിൽ ഒരുതവണ മാത്രമാണ് എനിക്ക് വാച്ച് വാങ്ങേണ്ടിവന്നിട്ടുള്ളത്. ബാക്കിയെല്ലാം സുഹൃത്തുക്കളുടെ പിറന്നാൾ സമ്മാനമായിരുന്നു. സമയം പാലിക്കുന്നതിൽ ഞാൻ പിന്നിലായത് കൊണ്ടാണോ അതോ സമയത്തെ കുറിച്ച് ഞാൻ ഒട്ടും കരുതലില്ലാത്തവനായത് കൊണ്ടാണോ എന്തോ വാച്ചാണ് എക്കാലത്തും എനിക്ക് സമ്മാനിക്കാൻ പ്രിയപ്പെട്ടവർക്കും പ്രിയം. ഇത്തവണയും സമ്മാനമായി കിട്ടിയതിൽ ഒന്ന് ഒരു വാച്ചാണ്. 

വാച്ചുകൾ എല്ലായിപ്പോഴും ഓർമകളിലേക്ക് വിളിച്ചിറക്കി കൊണ്ടുപോകുന്ന  ഉപകരണമാണ്. സമയത്തെ മാത്രമല്ല ഓർമിപ്പിക്കുന്നത്. അത് കൈമാറിയവരെ, അവർക്കൊപ്പം ചിലവിട്ട നല്ലതും ചീത്തയുമായ ആ സമയത്തെ. ഓരോ തവണ സമയം നോക്കുമ്പോഴും ഡയലിൽ ആ ഓർമകളിങ്ങനെ തെളിഞ്ഞുനിൽക്കും. ഡയലിനും ഓർമയ്ക്കും വെളിച്ചം പകരാൻ പ്രത്യേകം എൽഇഡി ബൾബുകൾ ഒന്നുമില്ലാതെയും....

Tuesday, 25 January 2022

റദ്ദ് ചെയ്യപ്പെടുന്നവർ

രിക്കൽ 

ഒപ്പം നടന്നവർ, 

ഒപ്പം ഇരുന്നവർ

പെടുന്നനെ ഒരുനാൾ

മാഞ്ഞുപോകുമ്പോൾ

എന്താകും അവശേഷിക്കുക !

വേദനയോ അതോ ഓർമകളോ ?

നടന്ന വഴികൾ,

ഇരുന്ന ബെഞ്ചുകൾ,

പങ്കിട്ട പുസ്തകങ്ങൾ,

നനഞ്ഞ മഴകൾ,

ചേർത്തുപിടിച്ച കരങ്ങൾ

എല്ലാം നൊമ്പരമായി നിറഞ്ഞിട്ടും

ഏറെ വേദനിപ്പിച്ചിട്ടും

ആ ഓർമകളെ 

നിധിപോലെ

ചേർത്തുവെച്ചതല്ലേ നിങ്ങൾ ?

എന്നിട്ടും

അവരെന്തേ

ഓർമകളെ

ഒറ്റവാക്കിനാൽ

റദ്ദ് ചെയ്തു !

ഓർമകൾക്കൊപ്പം

നിങ്ങളും

റദ്ദാക്കപ്പെട്ടിരിക്കുന്നുവെന്നത്

അവർ പറയുന്നില്ലെന്ന് മാത്രം. 

Monday, 24 January 2022

നമുക്ക് പങ്കുവെക്കാൻ സമയം മാത്രമാണുള്ളത്

 'ഭൂതകാലം' എന്ന സിനിമ കണ്ടു കഴിഞ്ഞദിവസം. ഷെയിൻ നിഗം നിർമിച്ച് അഭിനയിച്ച ഹൊറർ ത്രില്ലർ പടം. രേവതിയും ഷെയിനും നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. മലയാളസിനിമ അത്രയൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയമാണ് ഭൂതകാലം പറയുന്നത്. ഡിപ്രഷൻ എന്നത്. (സിനിമയിലെ ഹൊറർ പാർട്ട് പലസിനിമകളും പലകുറി ഉപയോഗിച്ച് കരിമ്പിൻ ചണ്ടിയായത് തന്നെ). അതിൽ ഷെയിൻ അമ്മയായ രേവതിയോടും കാമുകി പ്രിയയോടും സംസാരിക്കാൻ ശ്രമിക്കുന്ന, അതിനായി സ്ട്രഗിൾ ചെയ്യുന്ന സീനുകളുണ്ട്. താൻ അനുഭവിക്കുന്നത് കൃത്യമായി പറയാനാവാതെ, പറയുന്നത് മറ്റുള്ളവർ വിശ്വസിക്കാതെ തനിക്കെന്തോ പ്രശ്നമുണ്ടെന്ന് എല്ലാവരും കരുതുകയാണെന്ന് പരാതിപ്പെടുന്ന സീനുകൾ. കൌൺസിലിങ്ങിനെത്തുന്ന സൈക്കോളജിസ്റ്റിനോടും ഇത് തന്നെയാണ് വിനു എന്ന നായകൻ ശ്രമിച്ച് പരാജയപ്പെടുന്നത്. വിനുമാത്രമല്ല, വിനുവിൻറെ അമ്മയും മുത്തശ്ശിയുമെല്ലാം ഇത്തരത്തിൽ മാനസികമായ പ്രതിസന്ധികൾ നേരിടുന്നവരോ നേരിട്ടവരോ ആണ്. ക്ലൈമാക്സിന് മുമ്പായി അമ്മയോട് വിനു തൻറെ പ്രശ്നമെന്താണെന്ന് പറയുന്ന ആ ഡയലോഗ് മാത്രം മതി ഓരോ മനുഷ്യനും തെളിഞ്ഞും മറഞ്ഞും അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ, സംഘർഷത്തിൻറെ കാരണം അറിയാൻ.

നമ്മളെ കേൾക്കാൻ, സ്നേഹിക്കാൻ ഒരാളുണ്ടാവണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നാം സ്നേഹിക്കുന്നയാൾ നമ്മളെ മനസിലാക്കണമെന്നും തിരിച്ച് അതേപോലെ സ്നേഹിക്കണമെന്നും ആരും ആഗ്രഹിക്കും. ആ സമയത്ത് ഒരാൾ കേൾക്കാൻ ഇല്ലെങ്കിൽ ദേഷ്യവും വിഷമമവും തോന്നും. അത് മാത്രം മതി ആ വ്യക്തിയുമായി നമുക്ക് ദേഷ്യം തോന്നാനും പിന്നീട് പിണങ്ങാനും. ഒരുപക്ഷെ ഒരാളെ വിഷാദത്തിലേക്ക് തളളിയിടാനും അത് മാത്രം മതി.

പക്ഷെ അതേസമയം തന്നെ നമ്മളെ കേൾക്കുന്നയാൾക്ക് സമാനമായ ഒരു ആവശ്യം വരുമ്പോൾ കേൾക്കാൻ നമ്മളും തയ്യാറാകേണ്ടതുണ്ട്. പക്ഷെ പലപ്പോഴും നമുക്ക് അതിന് സാധിക്കാതെ വരുകയോ ആ സമയത്ത് നമ്മൾ മറ്റുവല്ല കാര്യത്തിലും മുഴുകിയിരിക്കുകയോ ആയേക്കാം. നമ്മളെ അവർ കേൾക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നത് പോലെ തന്നെ അവരും അവരെ കേൾക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവില്ലേ. അതിനെ പ്രതീക്ഷയെന്നോ സാമാന്യമര്യാദയെന്നോ വിളിച്ചാലും തെറ്റല്ല.


ഒരു മനുഷ്യനായാലും മറ്റ് ജീവജാലങ്ങൾക്കായാലും നമുക്ക് നൽകാനുള്ളത് നമ്മുടെ സമയം മാത്രമാണ്. ഒരാളെ കേൾക്കുമ്പോൾ അയാളുടെ പ്രശ്നത്തിന് നമ്മൾ പരിഹാരം കണ്ടെത്തി നൽകുന്നുവെന്നല്ല അർത്ഥം. അയാൾക്ക് ഒരു ആശ്വാസം പകരുന്നുവെന്ന് മാത്രമാണ്. ഒരു വ്യക്തിയുടെ പ്രശ്നങ്ങൾ മുഴുവനും കോംപ്ലക്സായോ ഈഗോയായോ അഹങ്കാരമായോ അതുമല്ലെങ്കിൽ അയാളുടെ തോന്നലുകൾ മാത്രമായോ വിശേഷിപ്പിച്ച് നമ്മൾ തള്ളികളയാറുണ്ട്. അങ്ങനെയാണ് പലപ്പോഴും സംഭവിക്കാറ്. പക്ഷെ അതൊന്നും അയാളുടെ വെറും തോന്നലുകളോ ഈഗോയോ ഒന്നും ആയിരിക്കണമെന്നില്ല. ഓരോ തോന്നലുകൾക്കും – തോന്നലുകൾ ആണെങ്കിൽ തന്നെ – ഓരോ കാരണങ്ങൾ അയാൾക്കും പറയാൻ കാണില്ലേ. അയാള കേട്ടാലല്ലെ അത് എന്താണെന്ന് തിരിച്ചറിയാനാവു. അയാളെ കേൾക്കാതെ എങ്ങനെ നിങ്ങൾ അയാളുടെ പ്രശ്നം വെറും തോന്നലായി അടയാളപ്പെടുത്തും. അങ്ങനെ നമ്മൾ ഒരാളുടെ വെറും തോന്നലായി അടയാളപ്പെടുത്തിയതെല്ലാം പലപ്പോഴും നമ്മുടെ മാത്രം വെറും തോന്നലുകളായിരുന്നുവെന്നതിനാലാണ് അവരിൽ പലരും വിഷാദത്തിൻറെ കൊടുമുടി കയറിയത്, ചിലരെങ്കിലും ആരും കാണാത്ത, കേൾക്കാത്ത ദൂരത്തേക്ക് സ്വയം ഊർന്നിറങ്ങിപ്പോയത്. അവരെ അന്ന് ഒന്ന് കേട്ടിരുന്നുവെങ്കിലെന്ന് പിന്നീട് പലപ്പോഴും നമ്മൾ സ്വയം സങ്കടപ്പെട്ടിട്ടില്ലേ. പലപ്പോഴും നമ്മൾ സ്വാർത്ഥരാകുന്നുവെന്നതാണ് വസ്തുത. നമ്മെ അന്വേഷിച്ചില്ലെങ്കിൽ, നമ്മളെ കേൾക്കാൻ മറ്റുള്ളവർക്ക് സാധിക്കാതെ പോയാൽ, വിശേഷദിവസങ്ങളിൽ നമ്മളെ ആശംസിച്ചില്ലെങ്കിൽ നമുക്ക് ദേഷ്യവും വിഷമവും നമ്മെ മൈൻഡ് ചെയ്യുന്നില്ലെന്നുമുള്ള പരാതികളും ഉയരുന്നത്. പക്ഷെ ഇതെല്ലാം നമ്മൾ തിരിച്ചുചെയ്യാറുണ്ടോയെന്ന് നമ്മൾ  പലപ്പോഴും ഒരിക്കലും സ്വയം വിശകലനം ചെയ്യാറുമില്ല. പരസ്പരം ബഹുമാനിക്കൽ തന്നെയാണ് ഏതൊരു ബന്ധത്തിലും വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ തിരക്കുകളുമായി ജിവിക്കുമ്പോൾ ഇല്ലാതാകുന്നത് ഈ പരസ്പര ബഹുമാനമാണ്. അതില്ലാതാകുന്നതോടെ ഇരുവർക്കുമിടയിലുള്ള ഇടം ഇല്ലാതാകും. അവൻ/അവൾ അവിടെ തന്നെ ഉണ്ടാകുല്ലോ, എപ്പോൾ വേണമെങ്കിലും സൌകര്യം പോലെ പരിഗണിക്കാമല്ലോ എന്ന് കരുതുന്നിടത്ത് കൊട്ടിയടക്കപ്പെടുന്നത് ആ ഇടത്തിലേക്കുള്ള ചെറുവാതിലുമാത്രമല്ല, സ്നേഹവും പ്രതീക്ഷകളുമാണ്. കാലം ഒന്നിനും ആർക്കും വേണ്ടിയും കാത്തിരിക്കില്ല. നിങ്ങൾക്ക് അനുവദിക്കപ്പെട്ട അതേ സമയം മാത്രമേ നിങ്ങളുടെ തിരക്കിനും ബന്ധങ്ങൾക്കും ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമെല്ലാം ഉള്ളു. അതിനായി വേറെ സമയം കണ്ടെത്താനാവില്ല, സൃഷ്ടിക്കാനുമാവില്ല. സമയം വിലപ്പെട്ടതാണ്, നല്ലൊരു ബന്ധം പോലെ തന്നെ.   

Sunday, 23 January 2022

കറുത്തപൂക്കൾ

ക്രവാളത്തിനപ്പുറം
സൂരൃൻ പടിയുന്നു.
ഇനി,
കാഴ്ച്ചകൾ മായും
കണ്ണുകളിൽ ഇരുൾ പടരും
സമയസൂചികളുടെ
നീളം അനന്തമാവും
നാലുചുവരിനുള്ളിൽ
രൂപങ്ങൾ
നിറഞ്ഞാടും
താഴ്‌വരകളിൽ
കടും വർണ പൂക്കൾ
വിടരും.
ഭ്രമിപ്പിക്കുന്ന
സുഗന്ധം പടരും.
മരണത്തിനും
വിഷാദത്തിനും
രാവിന്റെ നിറമാണ്.
അതുകൊണ്ടുതന്നെ
ഇരുട്ട്
ഒരേസമയം
ആശ്വാസവും
ഭീതിയുമാണ് ... !

(230122)

Saturday, 22 January 2022

നിറയെ സ്നേഹം

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട
രണ്ടുകാര്യങ്ങൾ
അറിവും സമയവും. 
കൊഴിഞ്ഞുപോകുന്ന കാലത്തെ
ഇതിനേക്കാൾ നന്നായി ഓർമിപ്പിക്കതെങ്ങനെ!

 
സ്നേഹത്തെ
അക്ഷരമായും സമയമായും 
മധുരമായും
അടയാളപ്പെടുത്തിയവരേ
ഒരു നൂറുനൂറായിരം 
ഇഷ്ടം

വയസ്

പ്രായം

കൂടിയിട്ടൊന്നുമില്ല.

കാരണം,

മരിച്ചവന്

പ്രായം

ഏറുന്നില്ലല്ലോ !

Friday, 21 January 2022

പറ്റ് പുസ്തകം

യുസ്സിനൊരു കണക്കുപുസ്തകമുണ്ടത്രേ.

കൂട്ടിയും കിഴിച്ചും ഒരുവൻ

ജീവിച്ച് മരിച്ചതിൻറെ 

പറ്റ് പുസ്തകം. 

സുഖങ്ങൾ നാളേക്ക് കൂട്ടിവെച്ച്

ഇന്ന് ജീവിക്കാൻ മറന്നതിൻറെ 

ബാക്കിപത്രം.

എന്നാൽ ദു:ഖമാവട്ടെ 

നാളേക്ക് മാറ്റിവെക്കാതെ

അന്ന് തന്നെ കിഴിച്ചും തീർത്തു.

ഒടുവിൽ,

ഹരിച്ചും ഗുണിച്ചും

കണക്കൊക്കാതെ 

ജീവിതമവസാനിപ്പിച്ചവൻ

അവശേഷിപ്പിച്ച

കീറിപ്പറിഞ്ഞ് 

പലകുറി

കുത്തിക്കെട്ടിയ 

കണക്ക്പുസ്തകത്തിനായി

മാവിൻതടിയിലെ ചിത

അക്ഷമയോടെ

കാത്തുനിന്നു.. 




Thursday, 20 January 2022

ഒരു പേരിനാൽ അതിരിടാത്ത ഇടങ്ങൾ

മ്പാർട്ട്മെൻറിൽ വലിയ തിരക്കില്ല. മുന്നിലെ സീറ്റിലെ രണ്ട് പേർക്ക് പുറമെ അങ്ങിങ്ങായി നാലോ അഞ്ചോ പേർ മാത്രമുണ്ട് യാത്രചെയ്യാൻ.
നേരം രാത്രിയാകുന്നതേയുള്ളു. നല്ല തണുപ്പ്.
ഉള്ളിൽ ചെറിയ പനിയുള്ളതിനാലാവണം പുറത്തുനിന്ന് അടിക്കുന്ന ചെറിയകാറ്റിൽ പോലും വല്ലാതെ വിറയൽ അനുഭവപ്പെടുന്നത്. 
ചുറ്റിലുമുള്ള ജനവാതിലുകളും അടച്ച് ബാഗിലുണ്ടിയിരുന്ന ചെറിയ ഷാൾ എടുത്ത് പുതച്ചു. എന്നിട്ടും തണുപ്പ് മാറാത്തപോലെ. 
കൊവിഡ് കാലമായതിനാൽ തന്നെ ചെറിയ ആശങ്കയുണ്ട്. ജാഗ്രത പാലിക്കണമെന്ന് എത്രതന്നെ സ്വയം പറഞ്ഞാലും ശ്രമിച്ചാലും പാളിപോകുന്ന ചിലസമയങ്ങളുണ്ടാകും. അതുമതി സ്ഥിതി മാറിമറിയാൻ. മുന്നിലെ യാത്രക്കാരിൽ ഒരാൾ മാസ്ക്ക് താടിക്കാണ് ഇട്ടിരിക്കുന്നത്. മറ്റേയാളാകട്ടെ ഇട്ടിട്ടേയില്ല. പരസ്പരം പുണർന്ന് കളിയും ചിരിയുമായി ഇരിക്കുകയാണ് ഇരുവരും. 

ഏറെ നേരം നെറ്റ്ഫ്ലിക്സിലും പിന്നീട് പുസ്തകത്തിലും തലപൂഴ്ത്തിയിരുന്നിട്ടും നേരം കടന്നുപോകാത്തത് പോലെ. തീവണ്ടി കൃത്യസമയം പാലിച്ചാണ് ഓടുന്നതെങ്കിലും വേഗത പോരാത്തത് പോലെ. വേഗത്തിൽ എത്തിച്ചേരാനുള്ള ഇടം മാത്രമായിരുന്നു മനസിൽ. ഇറങ്ങാനുള്ള സ്റ്റോപ്പല്ല, മറിച്ച് അവിടെ സ്വീകരിക്കാനായി എത്തുന്ന ആളിലായിരുന്നു ചിന്തകൾ മുഴുവനും. ഒരുമിച്ചൊരു ചൂടുകാപ്പി കുടിക്കാൻ,  അവസാനം കണ്ട് പിരിഞ്ഞതിനു ശേഷമുള്ള ഓരോ വിശേഷവും പങ്കുവെക്കുവാൻ, വിഷമങ്ങളുടെ, വേദനകളുടെ ഭാണ്ഡകെട്ട് ഇറക്കാൻ, അനുവാദമില്ലാതെ പൊടിഞ്ഞിറങ്ങുന്ന കണ്ണീർതുള്ളികൾ തോളിൽ ചാരി തുടയ്ക്കാൻ, നമ്മെ അറിയുന്ന, പറയാതെ തന്നെ നമ്മെ മനസിലാക്കുന്ന ആ ഒരാൾ,  മുൻവിധികളോ പ്രതീക്ഷകളോയില്ലാതെ നമ്മെ സ്വീകരിക്കൊനൊരുവൻ, കരയാനൊരു തോൾ എന്നതിലുപരി താങ്ങാവാനൊരു തോൾ എന്നതാണ് ഈ ബന്ധത്തിൻറെ കരുത്ത്.  അതൊരുഭാഗ്യമാണ്. അത്തരമൊരാൾ കാത്ത് നിൽക്കാൻ  ഉണ്ടെന്നത് തന്നെ ഏതൊരുയാത്രയ്ക്കും വേഗതപോരെന്ന് വെറുതെയെങ്കിലും തോന്നിപ്പിക്കും. അതൊരു പ്രണയം ഒന്നുമാകണമെന്നില്ല. പ്രണയത്തിനുമപ്പുറമാണ് അവ. ഒരു പേരിട്ട് അതിൻറെ അതിർവരമ്പുകളിൽ തളച്ചിടപ്പെടാനാവാത്തതാണ് അത്തരം ബന്ധങ്ങൾ. 

ഇങ്ങോട്ടുള്ള യാത്ര തുടങ്ങിയത് തന്നെ തിരിച്ചുള്ള ഈ യാത്രയ്ക്ക് വേണ്ടിയായിരുന്നു എന്ന് പറഞ്ഞാലും തെറ്റല്ല. ദീർഘവും ഹ്രസ്വവുമായ ഓരോ യാത്രയ്ക്കൊടുവിലും നമ്മൾ കാലൂന്നി ഇറങ്ങുന്നത് സ്ഥലങ്ങളിലേക്കല്ല, അവിടെ നമ്മെ കാത്തിരിക്കുന്നവരുടെ ഹൃദയത്തിലേക്കാണ്.

മണിക്കൂറുകളോളം സമാന്തരപാളങ്ങളിലൂടെ കൂകി കിതച്ച് തീവണ്ടി പ്ലാറ്റ് ഫോമിൽ വന്ന് നിന്നപ്പോൾ തന്നെ കാലുകൾ ചിന്തകളേക്കാൾ വേഗത്തിൽ ചലിച്ചു. കാത്തിരുന്ന, നമ്മെ കാത്തിരിക്കുന്ന ആ ഇടത്തിലേക്ക് ഓടിയെത്താനുള്ള വ്യഗ്രത. ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ കാത്തുനിൽക്കുന്നവനിലേക്ക് അകലെ നിന്നേ കരങ്ങൾ നീട്ടി ഓടിയെത്തുമ്പോൾ മനസിനുള്ളിൽ അണതീർത്ത് തടഞ്ഞ അനേകായിരം സങ്കടങ്ങൾ ഇല്ലാതാവുന്നത് അറിയുന്നു. പനിയും ക്ഷിണവും വിശപ്പുമെല്ലാം വെറും തോന്നലായി മാറിയത് പോലെ.

വാഹനത്തിലേറി നഗരപാതയിലൂടെ നക്ഷത്രങ്ങൾ ചിതറി കിടക്കുന്ന ആകാശം നോക്കി യാത്രയാകവെ  എങ്ങോ ഒളിഞ്ഞിരുന്ന സന്തോഷം പതിയേ വെളിച്ചത്തിലേക്ക് നടന്നുകയറുന്നപോലെ...

Wednesday, 19 January 2022

പ്രണയിച്ചവൻ

പ്രണയിക്കുന്നത് 

പാപമാണത്രേ !

പാപമാണന്നെറിഞ്ഞിട്ടും 

പ്രണയിച്ചവന്

ശിക്ഷ

നഗരചത്വരനടുവിൽ

കല്ലേറ് !

രക്തം 

വാർന്നുവാർന്ന്

പ്രണയിച്ചതിൽ വേദനിച്ചു

വേണം മരിക്കാൻ !

അല്ലെങ്കിലും,

ഓരോനിമിഷവും

വേദനിച്ചല്ലേ

പ്രണയിച്ചത്.

പ്രണയത്തേക്കാൾ

വലിയ 

ശിക്ഷയൊന്നുമല്ല

മരണമെന്ന് 

ഒരിക്കലെങ്കിലും

പ്രണയിച്ചവനല്ലേ

അറിയൂ..!



Tuesday, 18 January 2022

അക്ഷരങ്ങളുടെ ഹൃദയം

ക്ഷരങ്ങളുടെ ഹൃദയത്തെ തിരഞ്ഞിട്ടുണ്ടോ?

നമ്മുടെ നാഡിമിടിപ്പിൻറെ 

അതേ വേഗവും

അതേ താളവും.

വേദനയും സന്തോഷവും

ഒളിച്ചുകളിക്കാറുണ്ടവിടെ. 

മുറിവേറ്റും

മുറിവേൽപ്പിച്ചും 

ഇഴമുറിയാതെ

രക്തമൊഴുക്കുന്ന ആ ഹൃദയത്തെ !



Monday, 17 January 2022

വിട, പ്രകൃതിക്ക് നാവായവന്, ഭൂമിക്ക് കാവലാളായവന്...

 പ്രൊഫസർ എംകെ പ്രസാദ്. 

ആ പേര് ആദ്യം  ശ്രദ്ധയിൽപ്പെടുന്നത് സൈലൻറ് വാലി സമരത്തെ കുറിച്ചുള്ള ലേഖനങ്ങളിലാണ്. പിന്നെ പലപ്പോഴും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്നത് വാർത്തകളിൽ കണ്ടു. ആതെല്ലാം വാർത്തകളിൽ മാത്രം ഒതുങ്ങി നിന്ന പരിചയം. പക്ഷെ പിന്നീട് 2003 ഓടെ ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ പ്രവർത്തനങ്ങളിൽ സജീവമായതോടെയാണ് പ്രസാദ് മാഷെ കുറിച്ച് കൂടുതലായി കേൾക്കാൻ തുടങ്ങിയത്. പരിഷത്ത് ഇറക്കുന്ന പരിസ്ഥിതി സംബന്ധിയായ പുതിയ പുസ്തകത്തിൻറെ എഡിറ്റർ പ്രസാദ് മാഷാണ് എന്ന് പരിഷത്ത് അംഗങ്ങൾ ആവേശത്തോടെ പറയുന്നത് പലകുറി കേട്ടു. ഒപ്പം പരിഷത്തിൻറെ മുൻ പ്രസിഡൻറ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ കുറിച്ച്, മാഷ് എഴുതിയ പുസ്തകങ്ങളെ കുറിച്ചെല്ലാം സ്ഥിരമായി കേൾക്കാൻ തുടങ്ങി. അതോടെ പ്രസാദ് മാഷിനെ നേരിൽ കാണണമെന്ന ആഗ്രഹം തോന്നിതുടങ്ങി. ആർ വി ജി മേനോൻ പലകുറി നേരിൽ കണ്ടിട്ടും പക്ഷെ പ്രസാദ് മാഷെ കാണാൻ പിന്നെയും
കാത്തിരിക്കേണ്ടിവന്നു. 

പരിഷത്തിൻറെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ വെച്ചാണ് എന്ന് തോന്നുന്നു പ്രസാദ് മാഷെ ആദ്യമായി കാണുന്നത്. പരിസ്ഥിതിയെ കുറിച്ച് മാഷ് നടത്തിയ പ്രസംഗം വളരെ ആവേശത്തോടെയാണ് അന്ന് കേട്ടിരുന്നത്. പിന്നെ ഇടവേളയിൽ മാഷുമായി സംസാരിച്ചു. ഈ ഭൂമി നമ്മുടേതല്ല, വരും തലമുറയിൽ നിന്ന് നാം കടം കൊണ്ടതാണെന്ന് മാഷ് അന്ന് പറഞ്ഞത് പിന്നീട് മനസിൽ പതിഞ്ഞുകിടന്നു. പരിസ്ഥിതിയെ കൂടുതൽ അറിയാൻ, ഭൂമിയെ സ്നേഹിക്കാൻ പഠിപ്പിച്ചത് പരിഷത്താണ്. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പഠിപ്പിച്ചതിൽ മുന്നിൽ പ്രസാദ് മാഷുണ്ട്.  

മാധ്യമപ്രവർത്തനത്തിനിടെ പലപ്പോഴും പരിസ്ഥിതി സംബന്ധിയായ വാർത്തകൾക്ക് വേണ്ടി മാഷെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ആദ്യകൂടിക്കാഴ്ച്ചയ്ക്ക് ശേഷം വർഷങ്ങൾ ഏറെ കഴിഞ്ഞാണ് പ്രസാദ് മാഷെ വീണ്ടും നേരിൽ കാണുന്നത്. കൊച്ചിയിൽ കായൽ കയ്യേറ്റമടക്കമുള്ളവയ്ക്കെതിരെ വാർത്തകൾ ചെയ്യുമ്പോൾ വിവരങ്ങൾക്കായും പ്രതികരണങ്ങൾക്കായും പലകുറി മാഷെ പോയി കണ്ടു. പരിഷത്ത് പ്രവർത്തകനെന്ന സ്നേഹം എപ്പോഴും മാഷിന് ഉണ്ടായിരുന്നു. കൂടിക്കാഴ്ച്ചകൾക്കിടെ സൈലൻറ് വാലി സമരകാലത്തെ കുറിച്ചും പരിഷത്ത് കാലത്തെ കുറിച്ചുമെല്ലാം മാഷ് സംസാരിക്കും. പുതിയ പുസ്തകങ്ങളെ കുറിച്ചും പരിസ്ഥിതിയെ കുറിച്ച് പുറത്തുവന്ന പുതിയ പഠനങ്ങളെ കുറിച്ച് എല്ലാം ദീർഘമായി സംസാരിക്കും. പുതിയ വാർത്തകളിലേക്കുള്ള വാതായനങ്ങളായിരുന്നു മാഷുമായുള്ള ഓരോ സംസാരവും. കൊച്ചിയിലെ മാഷുടെ വീട് നിൽക്കുന്ന ഗിരി നഗറിൻറെ  കഥയും തൊട്ടരികിലൂടെ കറുത്ത് ഒഴുകുന്ന കോച്ചാപ്പിള്ളി തോടിൻറെ പഴയ സ്ഥിതിയും ഇപ്പോഴത്തെ ശോചനീയാവസ്ഥയുമെല്ലാം സംസാരവിഷയമാകും.

ചെന്നൈയിലെ വെള്ളപ്പൊക്കത്തിൻറെ പശ്ചാത്തലത്തിൽ കൊച്ചിയുടെ അവസ്ഥയെന്തായിരിക്കുമെന്നത് സംബന്ധിച്ച് മീഡിയ വണ്ണിൽ ഒരു പരമ്പര ചെയ്യുമ്പോളാണ് മാഷെ അവസാനമായി ഔദ്യോഗികമായി കണ്ടത്. അന്ന് കൊച്ചിയെന്ന പഴയ ചതുപ്പ് നിലം എങ്ങനെയാണ് ഇന്നത്തെ നഗരമായി മാറിയതെന്ന് വളരെ വിശദമായി തന്നെ മാഷ് സംസാരിച്ചു. എന്തുകൊണ്ടാണ് നമ്മുടെ നഗരങ്ങളുടെ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പരിഷത്തടക്കമുള്ള ആരും തയ്യാറാക്കാതിരുന്നത് എന്ന് ഞാൻ സംശയമുന്നയിച്ചു. എന്നാൽ പതിറ്റാണ്ടുകൾ മുമ്പ് തന്നെ മാഷിൻറെ നേതൃത്വത്തിൽ അത്തരമൊരു പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതാണെന്ന വസ്തുത മാഷ് പറഞ്ഞുതന്നു. അതിൻറെ ഒരു കോപ്പി അധികൃതർക്ക് സമർപ്പിച്ചതിൻ മേൽ പതിവുപോലെ നടപടിയുണ്ടായില്ലെന്നും ഉണ്ടായിരുന്നെങ്കിൽ കൊച്ചിയിൽ കയ്യേറ്റമൊന്നും ഉണ്ടാകില്ലായിരുന്നുവെന്നും  മാഷ് നിരാശയോടെ പറഞ്ഞു. ആ റിപ്പോർട്ടിൻറെ കോപ്പി കിട്ടാൻ വഴിയുണ്ടോയെന്ന ചോദ്യത്തിന് പരിഷത്തിൻറെ ഓഫീസിൽ അതുണ്ടെന്നും വേണമെങ്കിൽ നിനക്ക് അത് എടുത്തുതരാമെന്നും മാഷേറ്റു. അതിൽ വാർത്തയുടെ വലിയഖനിയാകുമെന്ന് എനിക്കുറപ്പായിരുന്നു. അപ്പോൾ തന്നെ പരിഷത്തിൻറെ എറണാകുളം സെക്രട്ടറിയെ വിളിച്ച് കാര്യം മാഷ് സംസാരിക്കുകയും ചെയ്തു. എന്നിട്ട് സൌകര്യംപോലെ നമുക്ക് ഒരു ദിവസം പോയി എടുക്കാമെന്ന് മാഷ് സമ്മതിക്കുകയും ചെയ്തു. കൊച്ചിയിലെ ശേഷിക്കുന്ന തണ്ണീർ തടങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ വലിയ പ്രളയത്തിന് സാക്ഷ്യം  വഹിക്കേണ്ടിവരുമെന്ന മാഷുടെ മുന്നറിയിപ്പോടെയാണ് അന്ന് ആ വാർത്താ പരമ്പര അവസാനിപ്പിച്ചത്. രണ്ട് വർഷങ്ങൾക്ക് ശേഷം കേരളത്തെ മഹാപ്രളയം വിഴുങ്ങിയപ്പോൾ മാഷ് അന്ന് നൽകിയ മുന്നറിയിപ്പ് ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുകയായിരുന്നു. അധികം വൈകാതെ ഞാൻ ഡൽഹിക്ക് സ്ഥലംമാറ്റമായതോടെ മാഷുമായി പോയി കൊച്ചിയുടെ മാസ്റ്റർപ്ലാൻ പോയി എടുക്കാൻ സാധിച്ചില്ല. പിന്നീട് തിരികെ വന്നശേഷം ഒന്നുരണ്ട് തവണ മാഷെ വീട്ടിൽ പോയി കണ്ടിരുന്നു. രണ്ടാഴ്ച്ച മുമ്പ് ഗിരിനഗർ വഴി പോയപ്പോൾ മാഷെ കയറി കാണണമെന്ന് വിചിരിച്ചിരുന്നുവെങ്കിലും നടന്നില്ല. 

മരങ്ങളേയും പുഴകളേയും നീർച്ചാലുകളേയും തണ്ണീർത്തടങ്ങളേയുമെല്ലാം സ്നേഹിച്ച മാഷ്, ഭൂമിയെ സ്നേഹിക്കാൻ, പ്രകൃതിയെ സംരക്ഷിക്കാൻ ഏവരേയും പ്രേരിപ്പിച്ച മാഷ് അവസാനനിമിഷം വരേയും നിലകൊണ്ടതും പരിസ്ഥിതിയെ സംരക്ഷിക്കാനാണ്. രാഷ്ട്രീയമോ മറ്റ് പ്രതിസന്ധികളോ പരിസ്ഥിതിക്കായുള്ള നിലപാടിൽ നിന്ന് മാഷെ പിൻതിരിപ്പിച്ചിട്ടില്ല. കെ റെയിലിനെതിരെയുള്ള നിവേദനത്തിൽ ഒപ്പിട്ടശേഷമാണ് മാഷ് വിടവാങ്ങിയത്.

പരിസ്ഥിതിയെ, ജിവജാലങ്ങളെ, കുടിനീരിനെ, മണ്ണിനെ എന്നും അളവറ്റ് സ്നേഹിച്ച ആ പഴയ ബോട്ടണി അധ്യാപകന് പ്രണാമം. വരാനിരിക്കുന്ന തലമുറകളിൽ നിന്ന് നാം കടംകൊണ്ട ഈ ഭൂമിയെ സംരക്ഷിക്കാൻ ഈ തലമുറയ്ക്കും വരും തലമുറയ്ക്കും മാഷ് ഇവിടെ അക്ഷരങ്ങളായും ശബ്ദമായും അവശേഷിപ്പിച്ച് പോയ പാഠങ്ങൾ കരുത്താകട്ടെ..

Sunday, 16 January 2022

ഓർമകളുടെ കൂമ്പാരത്തിൽ വേരാഴ്ത്തിയവർ...

 ഓഫീസിലെ ചായസമയത്തിനിടെ ഒരിക്കൽ സംഭാഷണമധ്യേ കഴിഞ്ഞുപോയകാലത്തിന്റെ ഓർമകൾ ഉണ്ടായിരിക്കണമെന്ന വാദത്തെ രണ്ട് സുഹൃത്തുക്കൾ അതിശക്തമായി എതിർത്തു. ഭൂതകാലത്തിലെ ഓർമകളല്ല, വർത്തമാന യാഥാർത്ഥ്യം മാത്രം മതിയെന്നായിരുന്നു അവരുടെ മറുവാദം. അതായത് ഈ നിമിഷത്തിൽ ജീവിക്കുക. അതിനപ്പുറവും ഇപ്പുറവും ഇല്ല. അതേകുറിച്ചാലോചിക്കുന്നത് പോലും ഈ നിമിഷത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുമെന്ന്. വർത്തമാനകാലത്തിലെ ഈ നിമിഷത്തിൽ ജീവിക്കുമ്പോഴും കഴിഞ്ഞതിനെ കുറിച്ച് മറക്കാനാവില്ലെന്ന് തന്നെ ഞാൻ ആവർത്തിക്കുന്നു. കാരണം നാം ഇന്ന് ഈ നിമഷത്തിൽ എവിടെ നിൽക്കുന്നുവെന്നതിൽ പോലും പോയകാലത്ത് നമുക്ക് പറ്റിയ അബദ്ധങ്ങൾ, ശരികൾ, തെറ്റുകൾ, എടുത്ത തീരുമാനങ്ങൾ, എടുക്കാതെ പോയ തീരുമാനങ്ങൾ....അങ്ങനെ എല്ലാത്തിനും അതിന്റേതായ പങ്കുവഹിക്കാനുണ്ട്. പിന്നിട്ട വഴികളിൽ നാം ചവിട്ടിയ കല്ലും മുള്ളുമായിരിക്കാം ഒരുപക്ഷെ ഒരാളെ കഠിനനോ ദുഖിതനോ ആകിയത്. വിഷാദത്തിലേക്കും അന്തർമുഖത്വത്തിലേക്കും ഒരുവനെ തള്ളിയിട്ടതും അതേ അനുഭവങ്ങളായിരിക്കാം. പിന്നിട്ട വഴി നിറയെ പൂക്കളും വർണങ്ങളും മാത്രം നിറഞ്ഞുനിന്ന ഒരുവന്റെ ഓർമയം അനുഭവവുമായിരിക്കില്ല അവന്റേത്. വർണശബളമായിരുന്ന ഓർമകൾ‌ പേറുന്നവൻ കണ്ട ജീവിതമായിരിക്കില്ല മറ്റേയാളുടേത്. ഇരുവരും ഈ നിമിഷത്തിൽ എത്തിനിൽക്കുന്നത് രണ്ട് വ്യത്യസ്ഥ ധ്രുവത്തിലായിരിക്കാം. അതിനാലാണ് പോയകാലത്തിന്റെ ഓർമകൾ, നടന്ന വഴികൾ, നാം മറക്കരുതെന്ന് ഞാൻ കരുതുന്നത്. അത് പക്ഷെ അവയോർത്ത് വിലപിക്കാനോ പരിതപിക്കാനോ അല്ല, മറിച്ച് നാം എങ്ങനെ ഇവിടെയെത്തി എന്ന് സ്വയം ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം. 

ഓർമകൾ എന്തുകൊണ്ടാണ് നമുക്ക് പ്രിയങ്കരമാകുന്നതെന്ന് ഓർത്തിട്ടുണ്ടോ? ഓർമകളെ നാം ഓർക്കുന്ന വിധമാണ് അവയെ നമുക്ക് പ്രിയങ്കരമാക്കുന്നത്. എഴുതിവെച്ച ഡയറിയുടെ പേജുകളോ സോഷ്യൽ മീഡിയയിലെ ടൈംലോനോ അല്ലാതെ നാം നമ്മുടെ സ്വന്തം തലച്ചോറിൽ ശേഖരിച്ചുവെച്ചിരിക്കുന്ന ഓർമകളാണ് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഓർമകൾ. അവ ചിലപ്പോൾ കുട്ടിക്കാലത്തെ കുറിച്ചള്ളതാവാം, സ്ക്കൂളിലെ ആദ്യദിനത്തെ കുറിച്ചാവാം, അതുമല്ലെങ്കിൽ സഹോദരങ്ങളുമായി ചേർന്ന തിയ്യേറ്ററിൽ പോയി കണ്ട ചിത്രങ്ങളായിരിക്കാം. കാലപ്രയാണത്തിൽ അവരെല്ലാം പലവഴിക്കായിട്ടുണ്ടാകാം. കാണുന്നതും സംസാരിക്കുന്നതുമെല്ലാം വല്ലപ്പോഴമെന്ന നിലയിലായിരിക്കാം. എന്നിരുന്നാലും അവരിപ്പോഴും നമുക്ക് ഏറെ പ്രിയപ്പെട്ടവരായിതന്നെ തുടരുന്നുണ്ടാവും. അത് അവർക്കൊപ്പം പങ്കുവെച്ച ഓരോ നിമിഷങ്ങളുടെ ഓർമകളാലാണ്. സന്തോഷം മാത്രമല്ല, ചില സങ്കടങ്ങളേയും ഓർമകൾ മധുരംപുരട്ടിതരും. പരാജയപ്പെട്ട ആദ്യപ്രണയത്തെ ഇപ്പോഴും ഉള്ളിലൊരു ചെറു നീറ്റലായി അവശേഷിപ്പിക്കുന്നത് അതിനെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓർമകൾ ആണ്. നമ്മെ വിഷമിപ്പിച്ച, വേദനിപ്പിച്ച കൂട്ടുകെട്ടുകളെ നാം അകറ്റിനിർത്തുന്നതും ഇതേ ഓർമകൾ നമ്മിൽ നിറയുന്നതുകൊണ്ടാണ്. അതിനാലാണ് ഓർമകളെ ഓർക്കാതെ മനുഷ്യന് ഈ നിമിഷത്തിൽ വാഴാനാവില്ലെന്ന് ഞാൻ കരുതുന്നത്.

കരുത്ത് ഓർമകളാണ്. സന്തോഷിപ്പിക്കുന്ന, വേദനിപ്പിക്കുന്ന, വെറുപ്പേറ്റുന്ന, അരിശം പിടിപ്പിക്കുന്ന, നിരാശ തോന്നിപ്പിക്കുന്ന, കണ്ണുനനയിപ്പിക്കുന്ന, വിതുമ്പിക്കുന്ന ഓർമകളുടെ വലിയ കൂമ്പാരമാണ് കരുത്ത്. ആ കൂമ്പാരത്തിലാണ് ഞാനെന്റെ വേരുകൾ ആഴ്ത്തിയിരിക്കുന്നത്. ഊർജ്ജം വലിക്കുന്നത്. 


Saturday, 15 January 2022

ഭീമൻറെ വഴിയും വികസനവും

കുട്ടിക്കാലത്ത് മാറഞ്ചേരിയിൽ താമസിച്ചിരുന്ന വാടക വീടിന് പിന്നിൽ ഒരു നടവഴിയുണ്ടായിരുന്നു. രണ്ട് വലിയ മതിലികൾക്കിടിയിൽ ഞെങ്ങിഞെരുങ്ങിയെന്നവണ്ണം ഒരു നടവഴി. ഒരുപക്ഷെ ഇപ്പോഴും അതവിടെ കാണുമായിരിക്കും. മാറഞ്ചേരി ടൗണിന് വളരെ അടുത്തായി അബൂബക്കർ മാഷുടെ (പേര് അത് തന്നെയാണെന്നാണ് ഓ‍ർമ) വീടിനോട് ചേ‍ർന്നുള്ള ആ വഴിയിലൂടെ കഷ്ടിച്ച് ഒരാൾക്ക് കടന്നുപോകാം. തൊട്ടുതാഴെയുള്ള കുറച്ച് വീട്ടുകാർക്ക് വഴിനടക്കാനായി വിട്ടുകൊടുത്തതാവണം. ആ നടവഴിയുടെ ഒരറ്റത്ത് സ്റ്റെപ്പുകളാണ്. ആ സ്റ്റെപ്പിറങ്ങിയാൽ ആദ്യമുള്ളത് പ്രസാദിന്റെ വീടാണ്. പ്രസാദും ഞാനും മാറഞ്ചേരി സ്ക്കൂളിലെ അദ്ധ്യാപികയായിരുന്ന അയിഷ ടീച്ചറുടെ മകൻ രാജേഷും എത്രയോ തവണ അബൂബക്കർ മാഷുടെ കമുകിൻ തോട്ടത്തിൽ ക്രിക്കറ്റ് കളിച്ചിരിക്കുന്നു. എത്രയോ തവണ കമുങ്ങിന്റെ മണ്ടക്ക് കുടുങ്ങിയ പന്ത് എടുക്കാൻ വേണ്ടി അടക്കാ പറിക്കാൻ ആളുവരുന്നതും നോക്കി അക്ഷമയോടെ കാത്തിരുന്നു. ചിലദിവസങ്ങളിൽ പ്രസാദിന്റെ വീടിനോട് ചേർന്നുള്ള ചെറിയ കുളത്തിൽ തോർത്ത്  വിരിച്ച് കുഞ്ഞുമീനുകളെ പിടിച്ചു കളിച്ചു. കുളത്തിലിറങ്ങി കളിക്കുന്നതിന് പലകുറി തല്ല് വാങ്ങികൂട്ടിയിട്ടുണ്ട് അന്ന്. പ്രസാദിന്റെ വീട്ടുകാരടക്കം ഏതാണ്ട് ആറേഴ് വീടുകാരുണ്ടായിരുന്നു അന്ന് ആ നടവഴിയെ ദിനംപ്രതി ആശ്രയിക്കുന്നവരായിട്ട്. ഇവർക്ക് മാറഞ്ചേരി ടൗണിലേക്ക് എളുപ്പത്തിലെത്താനുള്ളതാണ് ആ വഴി. ഏകദേശം 30-40 മീറ്ററോളം നീളം കാണണം ആ ചെറിയ ഇടവഴിക്ക്. എതിരെ ഒരാൾ വന്നാൽ പരസ്പരം മറികടന്ന് പോകാൻ പോലും ​ഗ്യാപ് ഇല്ലാത്തത്ര ഇടുങ്ങിയതാണ് ആ സെൻട്രൽ ജയിലിന്റേതിനെ അനുസ്മരിപ്പിക്കുന്ന മതിലുകൾക്കിടയിലുള്ള ആ വഴി. സാമാന്യം നല്ല തടിയുള്ള ഒരാളാണേൽ പിന്നെ മതിൽ ഭിത്തിയിൽ തടിയുരയാതെ നേരെചൊവ്വെ കടന്ന് പോകാനും കഷ്ടമാണ്.  



ഇപ്പോൾ ആ വഴിയെ കുറിച്ച് പെട്ടെന്ന് ഓ‍ർമിക്കാൻ കാരണം ഒരു സിനിമയാണ്. ഭീമന്റെ വഴി എന്ന കുഞ്ചാക്കോ ബോബൻ സിനിമ. സിനിമയിലെ പോലെ കസേരയിൽ ഇരുത്തി ആരേയും ആ ഇടവഴിയിലൂടെ കൊണ്ടുപോയതായി ഓർമയിലില്ല. പൊതുവഴിയല്ലെങ്കിൽ കൂടി നാട്ടുകാരുടെ പറമ്പുകളിലൂടെ നടന്ന് ടൗണിന് പുറത്ത് മെയിൻ റോഡിലേക്ക് എത്താമെന്നതിനാൽ ആശുപത്രി അടക്കമുള്ള അത്യാവശ്യഘട്ടങ്ങളിൽ അവർ ആ മാർ​ഗമാണ് ആശ്രയിച്ചിരുന്നത്. നാട്ടിൻപുറമായതിനാൽ തന്നെ ആളുകൾ പരസ്പരം നല്ല സഹകരണത്തോടെയാണ് അന്നൊക്കെ കഴിഞ്ഞിരുന്നത്. (പ്രദേശത്തെ ഇന്നത്തെ അവസ്ഥ അറിയില്ല). മാത്രവുമല്ല ഇന്നത്തെ പോലെ അന്നാരും തങ്ങളുടെ അതിരുകൾ മതിലുകൾ കെട്ടി വേർതിരിച്ചിരുന്നില്ല. അതിനാൽ തന്നെ ഭീമന്റെ അമ്മയെ കൊണ്ടുപോയത് പോലെ ആരെയും കഷ്ടപ്പെട്ട് ആ വഴി ആശുപത്രിക്ക് കൊണ്ടുപോയിട്ടില്ല. വഴി വലുതാക്കാൻ ആവശ്യപ്പെട്ട് ആരും ​ഗുസ്തിപിടിച്ചതുമില്ല. 

വണ്ടികൾ എത്തിപ്പെടാത്ത, കഷ്ടിച്ച് ഒരു ബൈക്കിന് മാത്രം സഞ്ചരിക്കാവുന്ന നിരവധി വഴികൾ ഇപ്പോഴും കേരളത്തിലെ പല​ ഉൾ​ഗ്രാമങ്ങളിലുമുണ്ട്. പാലക്കാടിലെ ചില ഉൾനാടൻ ​ഗ്രാമങ്ങളിലൂടെയുള്ള യാത്രകളിൽ അത്തരം വഴികൾ കണ്ടിട്ടുണ്ട്. ന​ഗരങ്ങളിലെ ആറടി പാതയേക്കാൾ മനോഹരമാണ് ​ഗ്രാമങ്ങളിലെ മൂന്നടിപാതയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ന​ഗരത്തിലെ കോൺ​ക്രീറ്റ് പാകിയ റോഡുകൾക്ക് സഞ്ചാരസുഖമുണ്ടെങ്കിലും മനോഹാരിതയും അനുഭൂതിയും കുറവാണ്. പച്ചപ്പുല്ലു നിരന്ന്, ചെറുങ്ങനെ വളഞ്ഞും നീവർന്നും നീളുന്ന മൂന്നടിപാത, ഓരങ്ങളിൽ തണൽ വിരിച്ച മരങ്ങൾ, വഴിനീളെ കൊഴിഞ്ഞു വീണ കരിയിലകൂട്ടങ്ങൾ...അവയിലൂടെ നടക്കുമ്പോൾ മണ്ണിനെ അറിഞ്ഞ് നടക്കുന്ന  അനുഭൂതിയാണ്. അത് പോലെതന്നെയാണ് പാടവരമ്പത്തുകൂടിയുള്ള യാത്രയും. ചെളിയും തവളയുമെല്ലാം നിറഞ്ഞപാടവരമ്പിലൂടെ വീഴുമോ എന്ന ഉൾഭയത്തോടെയാണ് നടക്കുന്നതെങ്കിലും മനസിനൊരു കുളി‍ർമാണ്. ന​ഗരജീവിതത്തിനിടെ നഷ്ടമാകുന്ന പലതുകൾക്കിടയിലെ ഒന്ന്.

ഈ ​നാടൻജീവിതവും പാടങ്ങളും വരമ്പുകളുമെല്ലാം ഇന്ന് അർബനൈസേഷന്റെ ഭാ​ഗമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ​ഗ്രാമങ്ങളിലേക്ക് ന​ഗരങ്ങൾ വളരാൻ തുടങ്ങിയപ്പോൾ ആദ്യം സംഭവിച്ചത് മനുഷ്യൻ അവനിലേക്ക് തന്നെ ചുരുങ്ങാൻ തുടങ്ങിയതാണ്. അതോടെ അതിരുകളില്ലാതെ തുറന്നുകിടന്നിരുന്ന അവന്റെ പറമ്പിന്റെ മൂലകളെ സിമന്റ് പാകി മിനുക്കിയ കൽക്കെട്ടുകൾ ബന്ധിപ്പിച്ച് ജയിൽ തീ‍ർത്തു. പാടങ്ങളും പുഴകളും ജലാശയങ്ങളുമെല്ലാം നികത്തി വികസനത്തിന്റേയും അന്തസിന്റേയും അടയാളങ്ങൾ ഉയ‍ർത്തി. പ്രസാദിന്റെ വീടിന് സമീപത്തെ ചെറുകുളവും ഇപ്പോഴില്ലാതായി കാണുമോ? അറിയില്ല. വികസനത്തിന്റേ പേരിൽ പക്ഷെ നാട്ടിലെ പല തണ്ണീർതടങ്ങളും തോടുകളും സ്ക്കൂളിന്റെ വിശാലമായ ​ഗ്രൗണ്ടുമെല്ലാം ഇല്ലാതായത് അറിയാം. കുന്നും പാറയും ഇടിച്ച് കല്ലും മണ്ണും ഇട്ട് നികത്തിയ തണ്ണീർത്തടങ്ങളും പുഴകളും കായലുകളും തോടുകളുമെല്ലാം നിരവധി കണ്ടിട്ടുണ്ട്. ഇനിയും ആർക്കോ വേണ്ടി വരാനിരിക്കുന്ന വല വികസന പദ്ധതികളും ഇല്ലാതാക്കാൻ പോകുന്നത് ശേഷിക്കുന്ന ഭൂമിയുടെ ഉറവകളെയാണ്, ആവാസവ്യവസ്ഥയെയാണ്. കെ റെയിലായാലും വിഴിഞ്ഞം തുറമുഖമായാലും ശരി,  ഇടിച്ചും നികത്തിയും നാം ഇല്ലാതാക്കുന്നത് ഭൂമിയുടെ യഥാർത്ഥ അവകാശികളുടെ ജീവിക്കാനുള്ള അവകാശത്തെയാണ്. 

Friday, 14 January 2022

K Rail or Derail? കെ റെയിലിൻറെ സാമ്പത്തികം

മനുഷ്യൻ മത്സരിക്കുന്നത് സമയത്തോടാണ് എന്ന് പൊതുവെ പറയാറുണ്ട്. ആകെയുള്ള 24 മണിക്കൂ‍‍ർ സമയത്തിനുള്ളിൽ പരമാവധി കാര്യങ്ങൾ ചെയ്യുകയെന്നതാണ് മനുഷ്യനെ അലട്ടുന്ന പ്രധാനകാര്യം. ഓടിയോടി സമ്പാദിക്കുക, ആഘോഷിക്കുക, അറിവുകൾ സമ്പാദിക്കുക, കണ്ടുപിടുത്തങ്ങൾ നടത്തുക, ശാസ്ത്രരം​ഗത്തെ പുതിയ സാങ്കേതിക വികാസം കൊണ്ട് പറ്റുമെങ്കിൽ ഈ പ്രപഞ്ചത്തെ തന്നെ കീഴ്പ്പെടുത്തുക. അതിൽ ഓരോന്നിലും ഓരോതരത്തിലുള്ള സന്തോഷവും ആവേശവും കണ്ടെത്തുന്നവനാണ് മനുഷ്യൻ. ലോകകോടീശ്വരനായ ഇലോൺ മസ്ക്കിന്റെ ഏറ്റവും പുതിയ ആ​ഗ്രഹം ചൊവ്വ ​ഗ്രഹത്തിൽ താമസമാക്കലാണ്. ചൊവ്വയിലും ഉപയോ​ഗിക്കാനാവുന്ന മൊബൈൽ ഫോൺ വികസിപ്പിച്ചെടുക്കലാണ് മസ്ക്കിന്റെ ഇപ്പോഴത്തെ പരീക്ഷണം. പൈ എന്ന് ആ മൊബൈലിന് പേരുമിട്ടുകഴിഞ്ഞുവെന്നതാണ് ശാസ്ത്രലോകത്തെ പുതിയവാ‍ർത്തകളിലൊന്ന്. തന്റെ സ്വന്തം മനുഷ്യായുസ്സ് ഒടുങ്ങുന്നതിന് മുമ്പേ ഇതെല്ലാം കണ്ടെത്തി ഉപയോ​ഗിച്ച് തൃപ്തിയടയണം മനുഷ്യന്. അതിനെ അതിമോഹമായോ ആ‍ർത്തിയായോ കാണേണ്ടതില്ല. കാരണം അവൻ വികസിപ്പിച്ചെടുക്കുന്നത് അവന് ഉപയോ​ഗിച്ച് നോക്കാനുള്ള ആ​ഗ്രഹം കൊണ്ട് തന്നെയാണല്ലോ.

കേരളത്തിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി കേൾക്കുന്നതും മനുഷ്യന്റെ സമയത്തെ കുറിച്ചുള്ള ചർച്ചകളാണ്. സമയമെന്നത് വിലയേറിയത് തന്നെ. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. ( ടൈം മെഷീൻ ഉപയോ​ഗിച്ചുളള കാലാന്തരയാത്രകളെല്ലാം സിനിമയ്ക്ക് നല്ലൊരു തീം ആണെന്നതിന് അപ്പുറം ഒന്നുമല്ല. അതിനൊരു ശാസ്ത്രീയ അടിത്തറയുമില്ല. ). കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് യാത്രചെയ്തെത്താനുള്ള സമയമാണ് ഇപ്പോഴത്തെ തർക്കം. നാലര മണിക്കൂറിലെത്തി അന്ന് തന്നെ മടങ്ങിപോകണോ അതോ പത്തും പതിനൊന്നും മണിക്കൂ‍ർ യാത്രചെയ്ത് ക്ഷീണിക്കണോ എന്നതാണ് ഒറ്റനോട്ടത്തിലെ തർക്കം. സമയം വിലപ്പെട്ടതാകുമ്പോൾ അതിനൊറ്റ സെല്യൂഷനേയുള്ളു. അത് എക്സ്പ്രസ് യാത്രയാണ്, സിൽവർ ലൈൻ എന്ന കെ റെയിലാണ് എന്നതാണ് സർക്കാരും അണികളും പറയുന്നത്. ലോകമോടുമ്പോൾ അതിനൊപ്പം ഓടണം. ലോകത്തിലെ ഏതാണ്ട് എല്ലാവികസിത രാജ്യങ്ങളിലും സ്പീഡ് ട്രെയിനുകൾ ഉണ്ട്. ഭാവി മുന്നിൽ കണ്ട് ഇപ്പോഴേ അത് കേരളത്തിലും ഉണ്ടാക്കണമെന്നാണ് സർക്കാരും സിപിഎമ്മും അവകാശപ്പെടുന്നത്. എന്നാൽ ബദലുകൾ ഏറെയുണ്ടെന്ന് എതിർക്കുന്നവർ. വേ​ഗത്തിലെത്താനുള്ള ചിലവും അതുണ്ടാക്കുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങളുമാണ് എതിർക്കുന്നവർ നിരത്തുന്ന വാദങ്ങൾ.  

സമയത്തിന് എത്തുകയെന്നത് അത്യാവശ്യമായ കാര്യം തന്നെയാണ്. അതിൽ ആർക്കും സംശയമില്ല. തീർച്ചയായും ലോകം മുന്നോട്ട് പോകുമ്പോൾ നമ്മളും സഞ്ചരിക്കേണ്ടത് മുന്നോട്ട് തന്നെയാണ്. തർക്കമില്ല. അപ്പോൾ പിന്നെ എവിടെയാണ് പ്രശ്നം? പ്രശ്നം ഈ പദ്ധതി നിലവിലെ സാഹചര്യത്തിൽ നടത്താൻ അനുയോജ്യമായ ഒന്നാണോ എന്നതാണ്. കേരളത്തിന്റെ പാരിസ്ഥിതിക സാമൂഹിക സാഹചര്യത്തിൽ ഇത് താങ്ങാവുന്ന ഒന്നാണോ എന്നതാണ്. കരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഇത് മുതൽക്കൂട്ടാണോ എന്നതാണ്. പിന്നെ ആർക്കാണ് ഈ പദ്ധതി ​ഗുണം ചെയ്യുന്നത് എന്നിടത്താണ്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ ഇതിനോടകം തന്നെ വന്നിട്ടുണ്ടെങ്കിലും ആർക്കും - പ്രത്യേകിച്ച് പിടിവാശിയോടെ പ്രവർത്തിക്കുന്ന സർക്കാരിനും സർക്കാരിന് നേതൃത്വം കൊടുക്കുന്ന പാർട്ടിക്കും - എത്രമാത്രം ദഹിക്കുന്നുണ്ട് എന്നിടത്താണ്. ഇതിനൊപ്പം തന്നെ രാഷ്ട്രീയമായി ഒന്നുകൂടിയുണ്ട്. മഹാരാഷ്ട്രയിൽ പദ്ധതിക്കെതിരെ ചുവന്ന കൊടിയെടുത്ത അതേ പാർട്ടി എങ്ങനെ കേരളത്തിൽ ഇതിനായി പച്ചക്കൊടി വീശുന്നുവെന്നത്. 

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വടക്കേയറ്റത്തെ ജില്ലയായ കാസർ​കോഡിലെത്താൻ നിലവിൽ എടുക്കുന്ന സമയത്തെ മൂന്നിലൊന്നായി ചുരുക്കുമെന്നതാണ് പദ്ധതിയുടെ വലിയ നേട്ടം. (മൊത്തം 529.450 കിലോമീറ്റർ ദൂരം 3.56 മണിക്കൂ‍ർ കൊണ്ട് ഓടിതീർക്കുമെന്നാണ് കെ റെയിലിനുവേണ്ടി സിസ്ട്ര നടത്തിയ പഠന റിപ്പോർട്ടിലുള്ളത്. വോള്യം 1, മെയിൻ റിപ്പോർട്ട്, പാർട്ട് എ, പേജ് നമ്പർ 10). തീർച്ചയായും സമയത്തിന് വലിയ വിലയുള്ളപ്പോൾ ആളുകൾക്ക് അത്തരമൊരു യാത്രാസൗകര്യം ​ഗുണകരമാണ്. അതിന് അവൻ നൽകേണ്ടുന്നത് നിലവിലെ തീവണ്ടികളിൽ സെക്കന്റ് ഏസിക്കും തേർഡ് എസിക്കും ഈടാക്കുന്ന ടിക്കറ്റ് നിരക്കിന് ഇടയിലുള്ള ഒരു തുകമാത്രമാണ്. എക്സ്പ്രസ് തീവണ്ടികൾക്കും ലോക്കൽ തീവണ്ടികൾക്കും ഉള്ള ടിക്കറ്റിന്റെ നിരക്കിലെ വ്യത്യാസം പോലെ തന്നെ അതിനെ കണ്ടാൽ മതി. പക്ഷെ എത്രപേർക്ക് എല്ലാദിവസവും കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കം തിരിച്ചും യാത്രചെയ്യാനാണ്ടാവും? പതിനൊന്ന് സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉള്ളത്. അവിടങ്ങളിൽ നിന്ന് കയറുന്നവർ അടുത്തസ്റ്റേഷനിൽ ഇറങ്ങിയാൽ നിരവധി പേ‍ർ കയറാനുണ്ടാകുമല്ലോ എന്നതാണ് മറുവാദം. ശരിയാണ്. ലോക്കലോടുന്ന ബസ്സുകളുടെ വലിയ വരുമാനമെന്നത് ഇത്തരം ചെറിയദൂരത്തേക്ക് യാത്രച്ചെയ്യുന്നവരാണല്ലോ. എന്നാൽ ചെറിയദുരത്തിന് എത്രപേരാണ് എസി ടിക്കറ്റിന്റെ ചാർജ് കൊടുത്ത് യാത്രചെയ്യാൻ തയ്യാറാവുക. കൊച്ചി മെട്രോ ആരംഭിച്ചപ്പോൾ പുതുമോടിയിൽ ആളുകൾ കയറിയതല്ലാതെ പിന്നീടിങ്ങോട്ട് എത്രപേർ ബസ് ചാർജിനേക്കാൾ ഇരട്ടി തുകകൊടുത്ത് ആലുവക്ക് മെട്രോ കയറുന്നുണ്ട് എന്ന് സർക്കാർ ഒന്ന് അന്വേഷിച്ചാൽ മാത്രം മതി. പ്രതിദിനം കോടികളാണ് കൊട്ടിഘോഷിച്ചാരംഭിച്ച കൊച്ചി മെട്രോ വരുത്തിവെക്കുന്നത്.

ഡിപിആർ പ്രകാരം 2020 സെപ്തംബർ 9 ലെ കണക്കനുസരിച്ച്  സിൽവർ ലൈൻ പദ്ധതിയുടെ ചിലവായി കേരളം കണക്കുകൂട്ടിയിരിക്കുന്നത് 63,940 കോടി രൂപയാണ്. എന്നാൽ പദ്ധതി തുടങ്ങി അത് പൂ‍ർത്തിയായി വരമ്പോൾ ഈ തുകയിൽ തന്നെ നിൽക്കുമോയെന്ന സാമാന്യമായ ചോദ്യമുണ്ട്. രണ്ട് വർഷം മുമ്പ് സിമന്റ് ചാക്കിന് 360-390 രൂപ വിലയായിരുന്നതിന് ഇന്നിപ്പോൾ വിപണി വില 560-590 രൂപവരെയാണ്. കമ്പിക്കും കല്ലിനും മറ്റ് അനുബന്ധ സാധനങ്ങൾക്കുമെല്ലാം വില ഇത്തരത്തിൽ തന്നെ കുത്തനെ ഉയർന്നിട്ടുണ്ട്. കൊവിഡ് ലോക്ഡൗൺ കാലത്ത് നിർമാണം നിലച്ചതും റോ മെറ്റീരിയൽസിന്റെ ലഭ്യതകുറവും ഇന്ധനവില വർദ്ധനയുമെല്ലാം വിലകയറ്റത്തിന് വഴിവെച്ചിട്ടുണ്ട്. നിർമാണ ചിലവ് സ്വാഭാവികമായും കുറച്ച് കൂടുമെന്ന് സാമാന്യയുക്തിയാണ് എന്നുകരുതി മാറ്റിവെക്കാം. പക്ഷെ 63,940 കോടി എന്ന സർക്കാരിന്റെ കണക്ക് തെറ്റാണെന്നാണ് കേന്ദ്ര സർക്കാരിന്റെ ആസൂത്രണ സമിതിയായ നീതി ആയോ​ഗ് തന്നെ കണ്ടെത്തിയിരിക്കുന്നത്. കേരളം സമർപ്പിച്ച ഡി പി ആർ വിശദമായി പഠിച്ച ശേഷം നീതി ആയോ​ഗം അതേ ദിവസത്തെ തന്നെ വിലകളും മറ്റും വിലയിരുത്തി പദ്ധതിക്ക് ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നത് 1,26,081 കോടിയാണ്. കിലോമീറ്ററിന് 121 കോടിയാണ് കേരളം ചിലവ് കണക്കാക്കുന്നത് എങ്കിൽ അത് കിലോമീറ്ററിന് 238 കോടിയാകുമെന്നാണ് നീതി ആയോ​ഗിന്റെ കണക്ക്. പദ്ധതി സംബന്ധിച്ച് നീതി ആയോ​ഗ് കേരളത്തിന് നൽകിയ 44 പേജുള്ള റിപ്പോർട്ടിൽ 41 ആം പേജിലാണ് ഇക്കാര്യം നീതി ആയോ​ഗ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് കേരളം പൊതുജനത്തോട് ചിലവാകുമെന്ന് അവകാശപ്പെടുന്നതിന്റെ ഇരട്ടിയാണ് യഥാർത്ഥ ചിലവ് പ്രതീക്ഷിക്കുന്നത് എന്നർത്ഥം.  

ഇനി കേരളത്തിന്റെ സാമ്പത്തിക വളർച്ച കഴിഞ്ഞകുറേ കാലമായി ഏതാണ്ട് മന്ദീഭവിച്ച നിലയിലാണ്. സംസ്ഥാനത്തിന്റെ ജി എസ് ഡി പിയിലേക്ക് വിവിധ സെക്ടറുകൾ നൽകുന്ന സംഭാവനകളെ കുറിച്ച് (പേജ് നമ്പ‍ർ 29) വിശദമായ ഒരു ടേബിൾ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനം നടത്തിയവർ പട്ടികയെ അടിസ്ഥാനപ്പെടുത്തി (2018-19 സാമ്പത്തികവർഷത്തിലെ കണക്ക് ) കേരളത്തിൽ വളർച്ചയിലുള്ളതും നഷ്ടത്തിലുള്ളതുമായ മേഖലകളെ കുറിച്ച്  പറയുന്നുണ്ട്. കേരളത്തിന്റെ വികസനത്തിന് പ്രൈമറി സെക്ടറിൽ കാർഷികമേഖല നെ​ഗറ്റീവ് വളർച്ചയാണ് സംഭാവനചെയ്യുന്നത് എന്ന് പറഞ്ഞുപോകുന്ന റിപ്പോർട്ട് പക്ഷെ വലിയ സംഭാവന ചെയ്തിരുന്ന ഖനനമേഖല 2018-19 കാലത്ത് നഷ്ടമുണ്ടാക്കിയതിന്റെ കാരണത്തെ കുറിച്ച് വാചാലമാകുന്നുണ്ട്. പ്രളയത്തെ തുടർന്ന് ഖനനമഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതാണ് അതിനുകാരണമെന്നാണ് വിലയിരുത്തൽ. അതായത് പ്രകൃതിയെ ചൂഷണം ചെയ്ത് പാറപൊട്ടിക്കാൻ വഴിയൊരുക്കിയാൽ ജി എസ് ഡി പി യിലേക്ക് കാര്യമായ വളർച്ച കിട്ടും. അതേസമയം തന്നെ, 2017-18 കാലത്ത് നേട്ടമുണ്ടാക്കിയിരുന്ന കാർഷിക മേഖല എങ്ങനെയാണ് 2018-19 ൽ നഷ്ടത്തിലായത് എന്ന് പറയാൻ റിപ്പോർട്ട് അവിടെ സമയം കളയുന്നുമില്ല. അത് പറഞ്ഞിരുന്നുവെങ്കിൽ പദ്ധതിക്ക് സ്ഥലമെടുക്കുന്നതോടെ കൃഷിസ്ഥലമില്ലാതാകുമെന്നതും അത് കൂടുതൽ പ്രതിസന്ധി ഈ മേഖലയിൽ സൃഷ്ടിക്കുമെന്നും സമ്മതിക്കേണ്ടി വന്നേനെ. പാറ പെട്ടിക്കാതെ സിൽവർ ലൈൻ സ്ഥാപിക്കാനാവില്ല എന്നതിനാൽ ഖനനത്തിലൂടെ കൂടുതൽ സംഭാവന ഖനനമേഖലയിൽ നിന്ന് ജി എസ് ഡി പി ഉയർത്താൻ സഹായകമാകുമെന്ന് പറയാതെ പറയുന്നുണ്ട് ഡി പി ആർ. റെയിൽവേ നേട്ടമുണ്ടാക്കുന്നു എന്ന ഒറ്റകാര്യം ചൂണ്ടിക്കാട്ടിയാണ് ഇവിടെ സിൽവർ ലൈൻ ആവശ്യമാണെന്ന് സിസിട്ര ചൂണ്ടിക്കാട്ടുന്നത്. കൃഷി ഭൂമി പദ്ധതിയുടെ ഭാ​ഗമായി നഷ്ടമാകുമ്പോൾ എങ്ങനെയാണ് പ്രാഥമിക സെക്ടറിൽ ഉൾപ്പെടുന്ന കാർഷിക മേഖല അഭിവൃദ്ധിപെടുക? ഉപഭോക്തൃ സംസ്ഥാനമായി തുടരുന്ന കേരളത്തിൽ കഴിഞ്ഞ വർഷം അവസാനം പച്ചക്കറി വിലകയറ്റം കൊണ്ട് കഠിനമായി കഷ്ടപ്പെട്ടത് മറക്കാറായിട്ടില്ല. കൃഷി ഭൂമികളും തണ്ണീർത്തടങ്ങളുമെല്ലാം ഇല്ലാതാകുന്നതിന്റെ പാരിസ്ഥിതിക പ്രശ്നം വേറെ.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ കുറേ കാലമായി മോശമാണെന്നത് എല്ലാവർക്കും അറിയുന്നതാണല്ലോ. കിഫ്ബി വഴി പണം മസാലബോണ്ടായും കടമെടുത്തുമൊക്കെയാണ് പലപദ്ധതികളും നടപ്പാക്കുന്നത്. നമ്മുടെ റോഡുകൾ പൊട്ടിപൊളിഞ്ഞാൽ, സ്ക്കൂളും ആശുപത്രികളുമെല്ലാം നവീകരിക്കണമെങ്കിൽ, എന്തിനും ഏതിനും വിദേശ വായ്പ ഏജൻസികളെ ആശ്രയിക്കേണ്ടുന്ന സ്ഥിതിയാണ് നമ്മുടേത്. പ്രളയകാലത്ത് പിടിച്ചുനിൽക്കാനാവാതെ ഉഴറിയ കേരളത്തെ പുനർനിർമിക്കാൻ പ്രളയസെസ് ഏർപ്പെടുത്തേണ്ടിവന്നു സംസ്ഥാനത്തിന്. പ്രളയത്തിലും കോവിഡിലുമെല്ലാം പെട്ട് നട്ടം തിരിഞ്ഞ സംസ്ഥാനത്തെ ജനം നിവർത്തികേടിനിടയിലും അതെല്ലാം നൽകിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില പിടിച്ചുനിർത്താനാണ്. സർക്കാർ സേവനമായി അതെല്ലാം തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ്. കേരളത്തിലടക്കം ഉയർന്ന പ്രതിഷേധങ്ങൾക്കൊന്നും ചെവികൊടുക്കാതെ ഇന്ധനവില നൂറുകടത്തിയ കേന്ദ്രം ഉപ തെരഞ്ഞെടുപ്പ് തിരിച്ചടികൊണ്ട് മാത്രം വില കുറച്ചപ്പോൾ കേരളം കുറയ്ക്കാതെ ഇരുന്നു. മറ്റ് സംസ്ഥാനങ്ങളെല്ലാം സംസ്ഥാന നികുതിയിൽ കാര്യമായി തന്നെ കുറവ് വരുത്തിയപ്പോഴും തങ്ങൾ കൂട്ടാത്തത് കുറയ്ക്കില്ലെന്ന് നിലപാട് കേരളം സ്വീകരിച്ചു. അന്നും പറഞ്ഞിരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു. അത്രയും മോശമായ സാമ്പത്തിക സ്ഥിതിയാണ് കേരളത്തിനെങ്കിൽ എന്തിനാണ് പിന്നെയും പതിനായിരക്കണക്കിന് കോടിയുടെ അധികബാധ്യത തലയിലേറ്റുന്നത്? ജെയ്കയിൽ നിന്നായാലും എഡിബിയിൽ നിന്നായാലും പണം വാങ്ങുന്നത് പലിശ സഹിതം തിരിച്ചടയ്ക്കേണ്ട വായ്പ ആയി തന്നെയല്ലേ? ആ വായ്പ അനുവദിക്കുന്നതിന് അവർ മുന്നോട്ട് വെക്കുന്ന ഉപാധികൾ എത്രമാത്രം കേരളത്തിന് ഉപകാരപ്രദമാവും? അവരുടെ സേവനങ്ങൾ തന്നെ വാങ്ങണം, അവർ നി‍ർദേശിക്കുന്നവരുടെ സേവനം തന്നെ ലഭ്യമാക്കണം തുടങ്ങി നിരവധി കർശന വ്യവസ്ഥകൾ കേരളം പാലിക്കേണ്ടതുണ്ട്. വെറുതെ അല്ലാലോ അവരാരും പണം മുടക്കുന്നത്. ഒരുകാലത്ത് എഡിബിക്കെതിരേയും ലോകബാങ്കിനെതിരേയുമെല്ലാം സമരം ചെയ്ത-പ്രത്യയശാസ്ത്ര വിയോജിപ്പ് ഇപ്പോഴുമുള്ള- സിപിഎമ്മിന്റെ നേതാക്കൾ തന്നെയാണ് ഇപ്പോൾ അവരിൽ നിന്ന് ലോണെടുക്കാൻ വ്യ​ഗ്രതപൂണ്ട് നടക്കുന്നത് എന്നതാണ് വിചിത്രം. 

കേരളത്തിന്റെ വരുമാനത്തിന്റെ 30 ശതമാനവും പ്രവാസികളിൽ നിന്നുള്ള റെമിറ്റൻസായിരന്നു. ​ഗൾഫ് രാജ്യങ്ങളിലെ സ്വദേശി വത്ക്കരണവും കൊവിഡ് തീർത്ത പ്രതിസന്ധിയും കാരണം അവരിൽ നല്ലൊരുശതമാനം ആളുകൾ നാട്ടിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. അതിനാൽ തന്നെ ​ഗൾഫ് മണിയുടെ ഒഴുക്ക് കാര്യമായി തന്നെ കുറഞ്ഞിട്ടുണ്ട്. നിലവിൽ തന്നെ ആയിരക്കണക്കിന് കോടികൾ പല ഏജൻസികൾക്കായി തിരിച്ചടക്കേണ്ടതുള്ള കേരളം അവ തിരിച്ചടയ്ക്കാനാണ് ശ്രദ്ധ കേന്ദ്രികരിക്കേണ്ടത്. സംസ്ഥാനത്തിന്റെ പൊതുകടം കൂട്ടുന്നത് അത്രകണ്ട് ആശാസ്യമായ കാര്യമല്ല. കടം എടുത്തപണത്തിന് പണിഞ്ഞ മണിമാളികയിൽ എത്രനാൾ നിങ്ങൾക്ക് സ്വസ്ഥമായി കിടന്നുറങ്ങാനാവും. ?

...

Thursday, 13 January 2022

ബിജെപിയും അഖിലേഷും, പിന്നെ ചിത്രത്തിൽ നിന്ന് മായുന്ന കോൺ​ഗ്രസും ബിഎസ്പിയും


ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ 403 നിയമസഭ സീറ്റുകളിലേക്കുള്ള ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പോര്. കൊവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ മാറ്റിവെച്ചേക്കുമോയെന്ന് സംശയിച്ചിരുന്ന നിയമസഭ തിരഞ്ഞെടുപ്പ് കർശന മാനദണ്ഡങ്ങളോടെ നടത്താൻ പലതലത്തിലുള്ള ചർച്ചകൾക്കൊടുവിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.  

ബിജെപിയും ചിതറികിടക്കുന്ന പ്രതിപക്ഷപാർട്ടികളും തമ്മിലാണ് പോര്. ആരാണ് ബിജെപിയുടെ മുഖ്യഎതിരാളി ഇവരിൽ എന്ന് ചോദിച്ചാൽ അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാർട്ടി എന്ന് പറയാം. കോൺ​ഗ്രസും മായാവതിയുടെ ബിഎസ്പിയും രം​ഗത്തുണ്ടെങ്കിലും സമാജ് വാദി പാർട്ടിയോളം വരില്ല വേരുകൾ. ഒരിക്കൽ സംസ്ഥാനത്തിന്റെ ഭരണം കയ്യാളിയിരുന്ന കോൺ​ഗ്രസും ബിഎസ്പിയും ഇപ്പോൾ പേരിന് മത്സരിക്കുന്നുവെന്ന തരത്തിലേക്ക് സംസ്ഥാനത്ത് ശോഷിച്ചുകഴിഞ്ഞു. അതിനാൽ തന്നെ ബിജെപിയെ നേരിടാൻ അഖിലേഷിന്റെ പാ‍ർട്ടിക്കാണ് പിന്നെയും കരുത്ത്. അംബേദ്ക്കർ അനുകൂലികളായ ചന്ദ്രശേഖ‍ർ ആസാദിന്റെ ഭീം ആർമി അടക്കമുള്ളവ‍ർക്കും പലയിടത്തും നിർണായക ശക്തിയാകാൻ കഴിയുന്ന സംസ്ഥാനമാണ് യു പി. 

2017 ലെ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും കനത്ത തിരിച്ചടിയാണ് എസ് പിക്ക് നേരിടേണ്ടിവന്നത്. 47 ഇടത്ത് മാത്രമാണ് എസ് പിക്ക് വിജയിക്കാനായത്. കോൺ​ഗ്രസ് 7 ഇടത്തും മായാവതിയുടെ ബി എസ് പി 19 ഇടത്തും വിജയിച്ചു. 9 ഇടത്ത് മറ്റുള്ളവരും 9 സീറ്റുകളിൽ അപ്നാ ദൽ സെക്യുലറുമാണ് വിജയിച്ചത്. മത്സരിച്ച 384 ൽ 312 ഇടത്തും വിജയിച്ച ബിജെപി 42.6 ശതമാനം വോട്ട് ഷെയറോടെ ഭരണം പിടിച്ചെടുത്തു. 

കഴിഞ്ഞതവണത്തെ പോലെ നരേന്ദ്ര മോദിയുടെ കരിസ്മ തന്നെയാണ് ഇത്തവണയും ബിജെപി ഉയർത്തിക്കാണിക്കാൻ പോകുന്നതെന്ന് തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ ആരംഭിച്ച മോദിയുടെ ഉത്തർപ്രദേശ് സന്ദർശങ്ങളും പദ്ധതി പ്രഖ്യാപന- ഉദ്ഘാടനചടങ്ങുകളം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാണിക്കാതിരുന്ന ബിജെപിക്ക് പക്ഷെ ഇത്തവണ നിലവിലെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ ആ സ്ഥാനത്തേക്ക് ഉയർത്താക്കാട്ടുന്നുണ്ട്. 2017 ൽ നിന്ന് വ്യത്യസ്ഥമായി മോദി - യോ​ഗി എന്നീ രണ്ട് എഞ്ചിനുകളെ മുന്നിൽ നി‍ർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി കോപ്പുകൂട്ടുന്നതെങ്കിലും പ്രധാന പരി​ഗണന മോദിക്ക് തന്നെയാണ്. കേന്ദ്രത്തിലെ അധികാരത്തിന്റെ സർവ്വ സൗകര്യങ്ങളും ഉപയോ​ഗിച്ച് ഭരണം നിലനിർത്താൻ തന്നെയാണ് ബിജെപി ശ്രമിക്കുന്നത്. 

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ യുപിയിലെ വോട്ട‍ർമാരുടെ വോട്ടിങിനെ സ്വാധീനിക്കുന്ന ഘടകത്തിൽ മാറ്റങ്ങൾ കാണാം. നേരത്തെ ജാതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു വോട്ട‍ിട്ടിരുന്നത് എങ്കിൽ 2014 മുതലത് നേതാവിന്റെ കരിസ്മയേയും വികസന വാ​ഗ്ദാനങ്ങളേയും ചുറ്റിപറ്റിയാണെന്ന് കാണാം. 2014 ൽ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി വാരണാസി മണ്ഡലം തിരഞ്ഞെടുത്തത് ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകളുള്ള യുപിയിൽ ചലനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. 80 ൽ 71 സീറ്റിലും ബിജെപി വിജയിച്ചത് ​ഗുജറാത്ത് വികസനത്തിന്റെ നായകനെന്ന മോദിയെ കുറിച്ചുള്ള വിശേഷണങ്ങളിൽ ആകൃഷ്ടരായാണ്. ​ഗുജറാത്ത് മോഡൽ വികസനം യുപിയിലും നടപ്പാക്കുമെന്ന് വോട്ട‍ർമാരെ വിശ്വസിച്ചാണ് മോദിയിൽ ജനം വിശ്വാസമർപ്പിച്ചത്. പിന്നീട് നോട്ടുനിരോധനത്തിൽ വലിയ പ്രതിഷേധങ്ങൾക്ക്  യുപി സാക്ഷ്യം വഹിച്ചെങ്കിലും മാസങ്ങൾക്കകം നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് യുപി ബിജെപിക്ക് സമ്മാനിച്ചത്. മോദി യെന്ന വികസന ബ്രാന്റ് തന്നെയായിരുന്നു ബിജെപിയുടെ നേട്ടത്തിന് പിന്നിൽ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും പകുതിയിലേറെ വോട്ട് നേടിയാണ് ബിജെപി വിജയിച്ചത്. 

യുപിയിലെ മഹാഭൂരിപക്ഷത്തെ ഇളക്കുന്ന ഹിന്ദുത്വ, വികസനം എന്നീ വികാരങ്ങൾ ക്രമം ചേ‍ർത്തുള്ള മോദിയുടെ രാഷ്ട്രീയ പ്രകടനങ്ങൾ തന്നൊണ് സംസ്ഥാനത്ത് ബിജെപിക്ക് ഹാട്രിക്ക് വിജയം സമ്മാനിച്ചത്. ഹിന്ദുത്വ, രാമക്ഷേത്രം, എന്നിവതന്നെയാണ് ഇത്തവണയും ബിജെപി ആശ്രയിക്കാൻ പോകുന്ന തൂണുകൾ. രാമക്ഷേത്രത്തിന്റെ നി‍ർമാണം വേ​ഗത്തിൽ പൂർത്തിയാക്കുമെന്ന ഒറ്റ വാ​ഗ്ദാനം മാത്രം മതിയാകും ഉത്തർപ്രദേശിൽ വോട്ട് പെട്ടിയിലാക്കാൻ ബിജെപിക്ക്. എക്കാലവും ബിജെപിക്കൊപ്പം നിൽക്കുന്ന അപ്പർ കാസ്റ്റുകൾക്കൊപ്പം ഈ ഒരു വാ​ഗ്ദാനം കൊണ്ട് ബിഎസ്പിക്കും എസ് പിക്കും വോട്ട് ചെയ്യുന്ന പിന്നാക്ക- ദളിത് വിഭാ​ഗങ്ങളിലെ വലിയൊരുവിഭാ​ഗത്തേയും ആകർഷിക്കാൻ തന്നെയാകും ലക്ഷ്യം. കഴിഞ്ഞതവണ പരമ്പരാ​ഗതമായി സമാജ് വാദിക്ക് വോട്ട് ചെയ്യുന്ന പിന്നാക്ക വിഭാ​ഗത്തിന്റെ വോട്ടുകൾ മാത്രമാണ് കാര്യമായി ബിജെപിക്ക് സ്വന്തമാക്കാൻ സാധിക്കാതെ പോയത്. ബിഎസ്പിയുടെ കോട്ടകളിൽ വിള്ളൽ വീഴ്ത്തിയ ബിജെപിക്ക് ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ കഴിഞ്ഞു. 

ഭരണവിരുദ്ധ വികാരമാണ് എക്കാലത്തും ഉത്തർപ്രദേശിൽ സർക്കാരുകളെ താഴെയിറക്കിയിട്ടുള്ളത്. ഇത്തവണയും ഭരണവിരുദ്ധ വികാരം ശക്തമാണ്. എന്നാൽ അതിനെയെല്ലാം മത-ജാതി രാഷ്ട്രീയം കൊണ്ട് മറികടക്കാമെന്ന് ബിജെപി ക്യാമ്പ് വിശ്വസിക്കുന്നു. മോദിയെ മുന്നിൽ നിർത്തിയുള്ള പ്രചാരണത്തിനൊപ്പം തന്നെ സംസ്ഥാനത്തിന്റെ വികസനനായകനെന്ന തരത്തിൽ യോ​ഗിയെ ഉയർത്തി നടത്തുന്ന കാടടച്ചുള്ള പ്രചാരണവും വോട്ടാക്കി മാറ്റാമെന്നാണ് പ്രതീക്ഷ. എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ യോ​ഗി അധികാരമേറ്റശേഷം നടന്ന വർ​​​ഗീയ കലാപങ്ങൾ, ദളിതർക്ക് നേരെ നടന്ന അതിക്രമങ്ങൾ,  ഹത്രാസ് പോലുള്ള മൃ​ഗീയമായ ലൈം​ഗിക പീഢന കൊലപാതകങ്ങൾ, ലഘിംപൂരിലെ കർഷക കൊല, കൊവിഡ് നേരിടുന്നതിൽ സർക്കാർ വൻ പരാജയമായത്, ​തുടങ്ങി വിവധങ്ങളായി വിഷയങ്ങൾ സർക്കാരിന് വെല്ലുവിളിയാണ്. 

വികസനമെന്ന മന്ത്രം കൊണ്ട് ഇതിനെ മറികടക്കാനാണ് ബിജെപിയുടെ ശ്രമം. നവംബറിലും ഡിസംബറിലുമായി പന്ത്രണ്ട് തവണ സംസ്ഥാനത്ത് സന്ദർശനം നടത്തിയ മോദി നിരവധി വൻകിട പദ്ധതികളാണ് പ്രഖ്യാപിച്ചതും തുടക്കം കുറിച്ചതും. 

പ്രതിപക്ഷത്തെ ഐക്യമില്ലായിമ തന്നെയാണ് ബിജെപിയെ യുപിയിൽ പ്രതീക്ഷ നൽകുന്ന മറ്റൊരുഘടകം. കഴിഞ്ഞതവണ കോൺ​ഗ്രസുമായി സഹകരിച്ചാണ് സമാജ് വാദി പാർട്ടി മത്സരിച്ചത്. എന്നാലിത്തവണ കോൺ​ഗ്രസിനേയും ബി എസ് പിയേയും കൂട്ടത്തിൽ ചേർക്കാൻ അഖിലേഷ് തയ്യാറായിയിട്ടില്ല. കോൺ​ഗ്രസും ബി എസ് പിയും ഒറ്റക്ക് ജനവിധി തേടുമ്പോൾ എസ് പി ആകട്ടെ ചരൺസിങിന്റെ രാഷ്ട്രീയ ലോക് ദള്ളുമായി സഖ്യമായാണ് ഇത്തവണ മത്സരിക്കുന്നത്. കർഷക സമരത്തിൽ സജീവമായി പങ്കെടുത്ത കർഷകർക്ക് വലിയ സ്വാധീനമുള്ള പടിഞ്ഞാറൻ യുപിയിൽ ഇത്തവണ ആർ എൽ ഡിയുമായുള്ള സഖ്യം എസ്പിക്ക് ​ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.  ശരത് പവാറിന്റെ എൻ സി പി അടക്കമുള്ള പാർട്ടികളും സമാജ് വാദിയുമായി ചേ‍ർന്ന് ബിജെപിയെ നേരിടാനാണ് തയ്യാറെടുക്കുന്നത്. ബിജെപിയെ പോലെ നേരത്തെ തന്നെ പ്രചാരണരം​ഗത്ത് സജിവമായ അഖിലേഷ് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ബിജെപി ക്യാമ്പ് സമ്മതിക്കുന്നുണ്ട്. ജാതിരാഷ്ട്രീയം അഖിലേഷും വിട്ടിട്ടില്ല. ചെറിയ ചെറിയ ജാതിപാർട്ടികളുമായും ഇത്തവണ അഖിലേഷ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. പല വർണത്തിലുള്ള കൊടികൾ ചേർത്തുകെട്ടി കാവിക്കൊടിയെ തോൽപ്പിക്കാമെന്നാണ് അഖിലേഷ് ഉന്നം വെക്കുന്നത്. യാദവ ഇതര പിന്നാക്ക വിഭാ​ഗത്തോട് അഖിലേഷിന് വിമുഖതയുണ്ടെന്ന ആരോപണത്തെ ഇതിലൂടെ ചെറുക്കാമെന്നും അഖിലേഷ് കണക്കുകൂട്ടുന്നുണ്ട്. 

പ്രിയങ്കയും രാഹുലും ക്രൗഡ് പുള്ളർമാരാണെങ്കിലും പക്ഷെ ആൾകൂട്ടത്തെ വോട്ടാക്കിമാറ്റുന്നതിൽ വൻ പരാജയമാണെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ തെളിയിച്ചിട്ടുണ്ട്. സ്ത്രീവോട്ട‍ർമാരെ സ്വാധീനിക്കാൻ ഇത്തവണ 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്ന് പ്രിയങ്ക ​ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക സമരം ഉയർത്തിക്കാട്ടി വോട്ട് ചോദിക്കാനാണ് കോൺ​ഗ്രസിന്റെ തിരഞ്ഞെടുപ്പ് അജണ്ട. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എസ് പിയുമായി ചേർന്ന് മത്സരിച്ച് കോൺ​ഗ്രസ് പിന്നീടങ്ങോട്ട് നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പുകളിലും 2019 ലെ പൊതുതിരഞ്ഞെടപ്പിലുമെല്ലാം തനിച്ചാണ് മത്സരിച്ചത്. ബിജെപി വിരുദ്ധവോട്ടുകൾ വിഘടിക്കാനല്ലാതെ പലമണ്ഡലത്തിലും കെട്ടിവെച്ച സീറ്റുപോലും നഷ്ടമാക്കുന്നതായിരുന്നു കോൺ​ഗ്രസിന്റെ പ്രകടനം. പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ​ഗാന്ധിക്ക് തന്നെ വലിയ തോൽവി അമേഠിയിൽ ഏറ്റുവാങ്ങേണ്ടിയും വന്നു. 

മുലായം സിങ് സമാജ് വാദിക്ക് നേതൃത്വം നൽകിയിരുന്ന കാലത്ത് ശക്തയായ എതിരാളി ആയിരുന്നത് മായാവതിയാണ്. ബിഎസ്പി എന്ന ദളിത് പിന്നാക്കവിഭാ​ഗ പാർട്ടിയിൽ സമർത്ഥമായി ബ്രാഹ്മണർ അടക്കമുള്ള ഉന്നതജാതിക്കാരെയും ചേർത്ത് ഭരണം തന്നെ പിടിച്ചെടുത്ത രാഷ്ട്രീയക്കാരിയാണ് മായാവതി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അഖിലേഷുമായി കൈകോർത്ത മായാവതി ചിരവൈര്യമെന്നത് മാറ്റി ബിജെപി എന്ന പൊതുശത്രുവിനെ നേരിടാനിറങ്ങിയത്. പക്ഷെ സഖ്യം ​ഗുണം കണ്ടില്ലെന്നുമാത്രം.  ബിഎസ്പിയുടെ പരമ്പരാ​ഗത വോട്ട് ബാങ്കുകൾ പാർട്ടിയെ കൈവിട്ടതോടെ ബിഎസ്പിയും മായാവതിയും ചിത്രത്തിലേ ഇല്ലെന്ന അവസ്ഥയിലായി. ഇത്തവണ അതിനാൽ തന്നെ ആരുമായും ബിഎസ്പി സഖ്യമുണ്ടാക്കിയിട്ടില്ല.

ഒരോ മണ്ഡലത്തിലും ഓരോ വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർ‌ച്ചയാവുന്നത്. പടിഞ്ഞാറൻ യുപിയിൽ കർഷകസമരം തന്നെയാവും മുഖ്യവിഷയം. അതേസമയം കിഴക്കൻ യു പിയിൽ മോദിയും യോ​ഗിയും തന്നെയാണ് പ്രധാനഘടകം. ബുന്ധൽഘണ്ടിൽ വെള്ളവും വികസനവുമാണ് ഇത്തവണ വോട്ട് നിശ്ചയിക്കുക. അതേസമയം യാദവർക്ക് മുൻതൂക്കമുള്ള അവാദിൽ എസ്പിയുടെ രാഷ്ട്രീയം തന്നെയാണ് എക്കാലത്തും ചർച്ചയാവാറ്. ഉത്തർപ്രദേശിലെ പലമണ്ഡലങ്ങളിലും മുസ്ലീം വോട്ടുകളും നിർണായകമാണ്. അസദ്ദുദ്ദീൻ ഒവൈസിയുടെ എഐഎംഎം ഇവിടെ വോട്ടുകളിൽ വിള്ളൽ വീഴ്ത്താനുള്ള സാധ്യതയേറെയാണ്. അങ്ങനെ വന്നാൽ അത് ബിജെപിക്ക് ​ഗുണവും പ്രതിപക്ഷത്തിന് ദോഷവും ചെയ്യും. 

രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും രാജ്യസഭയിൽ ഭൂരിപക്ഷം നേടുന്നതിലും എല്ലാപാർട്ടികൾക്കും ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് നിർണായകമാണ്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനായാൽ അത് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മോദി സർക്കാരിന്റെ ഭാവി പ്രവചിക്കുന്നതിലേക്കുള്ള ദിശാസൂചകവുമായി പ്രവർത്തിക്കും. അതിനാൽ തന്നെ മാർച്ച് പത്തിലെ ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം പലചോദ്യങ്ങൾക്കുമുള്ള ഉത്തരവുമാണ്. 

....

     

Wednesday, 12 January 2022

നഷ്ടപ്രദേശങ്ങൾ

ചിലപ്പോൾ അത് അങ്ങനെയാണ്

നാം നമ്മുടേതെന്ന് കരുതുന്ന ഭൂമി 

പെട്ടെന്നൊരുദിനം 

മറ്റാരുടേതോ ആകും.

പേപ്പറിലല്ല, 

മനസിലാണ് ചില ഭൂമിയുടെ 

അതിരുകൾ

നാം എഴുതിവെച്ചിരിക്കുന്നത്.

ആ ഭൂമിയിൽ 

നാല് കാല് താഴ്ത്തി 

നാം പണിഞ്ഞ കുടിൽ

പെടുന്നനെ നമ്മുടേതല്ലാതാകും.

മണ്ണിലാഴ്ത്തിയ മരത്തൂണുകൾ

ചിതലരിച്ച് തുടങ്ങിയിരുന്നത് പോലും

അപ്പോഴേ നാമറിയുകയുള്ളു. 

ആ മണ്ണിൽ നാം നട്ട

മുല്ലവള്ളികൾ 

ഒരുനാൾ പൂക്കാതെയാകും

സുഗന്ധം പൊഴിക്കാതെയാകും

തുമ്പികൾ പറക്കാതെയാകും

അപ്പോഴും 

നാമറിയില്ല, 

ആ ഭൂമി നമ്മുടേതല്ലെന്ന്.

ചില

സൌഹൃദങ്ങളും 

നഷ്ടപ്രദേശങ്ങളും

ഒരുപോലെയാണ്.

നഷ്ടമാകുംവരെ

നമ്മളറിയില്ല 

അത് നമ്മളിടങ്ങളല്ലെന്ന്... 


(120122)








Tuesday, 11 January 2022

നിങ്ങൾ വാഴ്ക, വേദനയില്ലാത്ത ലോകത്തെ കാഴ്ച്ചകളുമായി...

കൊച്ചി.

കൊച്ചി നഗരത്തിനോട് ഇത്രമാത്രം എന്തുകൊണ്ടാണ് പ്രിയമെന്നത് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. പൂച്ച എങ്ങനെ വീണാലും നാല് കാലിൽ എന്ന് പറയുന്നത് പോലെയാണ് കൊച്ചിയുമായി ഇപ്പോഴുള്ള ബന്ധം.  ഏത് നഗരത്തിലേക്ക് പറിച്ചുനടപ്പെട്ടാലും ഉറക്കാതെ അവസാനം തിരികെ കൊച്ചിയിൽ തന്നെ എത്തിപ്പെടും. ഇങ്ങനെ ഏതെല്ലാമോ ഊരുകളിൽ കറങ്ങിയും ജീവിച്ചും കൊച്ചിയുടെ മടിയിൽ തന്നെ എത്തിച്ചേർന്നത് ഇപ്പോൾ ഏതാണ്ട് നാലാം തവണയാണ്. 

2009 ജനുവരി 31 നാണ് ആദ്യമായി കൊച്ചിയിൽ ഔദ്യോഗികമായി എത്തിച്ചേർന്നത്. ഉത്തരേന്ത്യയിലേക്ക് പോകുന്ന  ഏതോ തീവണ്ടിയിലേറി രാത്രി പത്ത് മണിയോടെ നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. അന്ന് സ്റ്റേഷനിൽ സ്വീകരിക്കാനെത്തിയത് റോബിൻ ചേട്ടനായിരുന്നു. എൻറെ ട്രോളി ബാഗും വലിച്ച് നടന്ന ആറടിയിലേറെ ഉയരമുള്ള ആ മനുഷ്യൻറെ പിന്നാലെ നടന്നാണ് കൊച്ചിയിലെ ഇന്നും തുടരുന്ന യാത്രകൾ ആരംഭിച്ചത്. 

കൊച്ചിയിൽ എത്തുമ്പോൾ ആശങ്കകൾ ഏറെയായിരുന്നു. വ്യക്തിപരമായും ഔദ്യോഗികപരമായുമുള്ള ആശങ്കകൾ. എപ്പോഴും വാർത്തകൾ നിറഞ്ഞേനിൽക്കുന്ന കൊച്ചി പോലൊരു ഇടത്തെ  ബ്യൂറോയിലേക്ക് വരുന്നതിൻറെ ആശങ്ക, അവിടെ വലിയ റിപ്പോർട്ടർമാരുള്ളിടത് എത്രമാത്രം നമ്മൾ പരാജയമാകുമോ എന്ന ഉൾഭയം, പുതിയ ആളുകൾ, പുതിയ നഗരം, അങ്ങനെ ഔദ്യോഗികമായ കാരണങ്ങൾ പലത്. എങ്കിലും പരാജയപ്പെടുന്നതിൻറെ അവസാനനിമിഷം വരേയും ആത്മവിശ്വാസം വെടിയാതെ, അപ്രതീക്ഷിതമായത് മാത്രം പ്രതീക്ഷിക്കുക എന്ന് സ്വയം പറഞ്ഞ് തുടങ്ങി. ഓഫീസ് വണ്ടിയുമായി എന്നെ പിക്ക് ചെയ്യാൻ റോബിൻ ചേട്ടൻറെ ഒപ്പം വന്നത് അശോകേട്ടനായാരുന്നു. മറ്റൊരു അജാനുബാഹു. കണ്ടാൽ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ശരീരവും നോട്ടവും ഭാവവുമെല്ലാം. ഫോഴ്സ് വിക്ടർ വാഹനത്തിൽ കൊച്ചിയിലെ ആദ്യയാത്ര. റോബിൻ ചേട്ടൻറെ കൂടെ നേരെ പോയത് ബ്യൂറോയിലേക്കാണ്. തട്ടുകടയിൽ നിന്ന് ഭക്ഷണവും വാങ്ങി തന്ന് എന്നെ വണ്ടിയിൽ ഇരുത്തി എംജി റോഡിലെ ഓയാസിസ് (പേര് ഇത് തന്നെയാണെന്നാണ് ഓർമ) ബാറിൽ പോയി രണ്ട് എണ്ണം അടിച്ചാണ് അന്ന് റോബിൻ ചേട്ടൻ എന്നെ റൂമിലാക്കിയത്. താമസവും റോബിൻ ചേട്ടൻറെ കൂടെ തന്നെയായിരുന്നു. 

പിറ്റേന്ന് മുതൽ കൊച്ചിയിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഇന്ന് വരെ പണിയെടുത്തതിൻറെ പകുതിയോളം കാലയളവും ചിലവഴിച്ചത് കൊച്ചിയിൽ തന്നെ. എത്രകാലം എന്നറിയാതെ ഇപ്പോഴും തുടരുന്നു കൊച്ചിയിലെ ഔദ്യോഗിക ജീവിതം. ആദ്യത്തെ വരവിൽ വെറും ഒരു വർഷമായിരുന്നു കൊച്ചിയിൽ ഉണ്ടായിരുന്നത്. പിന്നീട് പലകുറി ട്രാൻസ്ഫറായി കൊച്ചിയിലെത്തി. 



പ്രസ് ക്ലബും സമരംനടക്കുന്ന കണയ്യന്നൂർ താലൂക്ക് പരിസരങ്ങളുമായിരുന്നു ആദ്യകാലത്തെ ഒട്ടുമിക്ക അസൈൻമെൻറുകളും. കൊച്ചിയിലെ സൌഹൃദങ്ങൾ മിക്കതും പൂത്തത് കണയന്നൂർ താലൂക്ക് ഓഫീസിനുമുന്നിലെ ആ മരച്ചുവട്ടിലാണ്. അന്ന് മുതൽ പിന്നീടിങ്ങോട്ടുള്ള കാലങ്ങളിലെല്ലാം കണ്ട ചിരിക്കുന്നതും പുച്ഛിക്കുന്നതുമായ മാധ്യമപ്രവർത്തകരുടെ മുഖങ്ങൾ നിരവധിയാണ്. (ചാനൽ പ്രവർത്തകരെ അംഗീകരിക്കാൻ മടിക്കുന്ന നിരവധി പത്രറിപ്പോർട്ടർമാരുണ്ടായിരുന്നു കേരളത്തിൽ ആ കാലത്ത്.  പുച്ഛിച്ചവരെല്ലാം പിന്നീട് നല്ല സുഹൃത്തുക്കളായി എന്നത് വേറെ കാര്യം. ) അവിടെ വെച്ച് പരിചയപ്പെട്ടവരിൽ ഹൃദയത്തോട് ചേർത്ത് പിടിച്ചവരിൽ ഏറെയും ഫോട്ടോഗ്രാഫർമാരായിരുന്നു. സുനോജ്, പ്രകാശൻ എളമക്കര, അഭിലാഷ് വാര്യർ, സുമേഷ്, രവിയേട്ടൻ, ഡൊമനിക്കേട്ടൻ, ജയറാമേട്ടൻ, കൃഷ്ണപ്രകാശ്, സുധർമദാസ്, ബ്രില്ല്യൺ, മെൽട്ടൺ, കുട്ടൻ ബത്തേരി, ജിപ്സൺ, യേശുദാസേട്ടൻ, സിദ്ദിഖ്.... അങ്ങനെ അസംഖ്യം പേർ. വാർത്തക്കായുള്ള യാത്രയിലും വാർത്തകൾക്കിടയിലും കൊച്ചിയിലെ പുതിയ ആളെന്ന തോന്നലുണ്ടാക്കാതെ ചേർത്തുപിടിച്ചവർ. വാർത്തകൾ എവിടെയുണ്ടെങ്കിലും ആദ്യം അറിയന്നതും ആദ്യം അവിടെ ഓടിയെത്തുന്നവരും അവരായിരുന്നു. ഫോട്ടോഗ്രാഫർമാരുമായി കൊച്ചിയിൽ നിന്നു തുടങ്ങിയ സൌഹൃദം കേരളത്തിൻറെ മറ്റിടങ്ങളിലേക്ക് ട്രാൻസ്ഫർ ആയപ്പോഴും ഗുണം ചെയ്തിട്ടുണ്ട്. മാത്രവുമല്ല, കൊച്ചിയിൽ വെച്ചുള്ള അനുഭവം കൊണ്ടുതന്നെ എവിടെ ചെന്നാലും  സുഹൃദ് വലയത്തിൽ കൂടുതലും ഫോട്ടോഗ്രാഫർമാരായി. 

കൊച്ചിയിൽ വന്നിറങ്ങിയ കാലം മുതൽ കാണുന്നതാണ് ഭൂപതിയെ. വീക്ഷണത്തിൻറെ ഫോട്ടോഗ്രാഫറായിരുന്നു എക്കാലവും ഭൂപതി. ഭൂപതി ചേട്ടൻ. കട്ടമീശയും എപ്പോഴും ഭംഗിയായി ചീകിയൊതുക്കിയ കറുത്ത തലമുടിയും. കണ്ടാൽ തന്നെ മൊത്തത്തിൽ ഒരു സുമുഖൻ. തോമസ് മാഷുടെ വിശേഷങ്ങളും തമാശകളുമായി എന്നും ഏത് കൂട്ടായ്മയുടേയും ഭാഗമാണ് മൂപ്പർ. കൊച്ചി വിട്ടശേഷവും തിരികെ കൊച്ചിക്ക് വരാൻ കാണുമ്പോഴെല്ലാം നിരന്തരം  വിളിക്കുമായിരുന്നു ഭൂപതി. ഒരിക്കലും ദേഷ്യം തോന്നിപ്പിച്ചിട്ടില്ല, മുഷിപ്പിച്ചിട്ടുമില്ല. ഇടയിൽ ഒരിക്കലാണ് ഭൂപതിയേട്ടൻ രാത്രിവിളിച്ച് ഒരു വിഷമം പറഞ്ഞത്. ഒരു സമ്മേളനത്തിനിടെ കൂട്ടുകാരിൽ ആരോ ഒരാൾ ചീത്തവിളിച്ചെന്നും പറഞ്ഞ്. മദ്യപാന സദസിനിടെയാരോ പറഞ്ഞ ചീത്തയിൽപോലും വല്ലാതെ വിഷമിപ്പിക്കുന്ന ഒരു പാവം. ആരോഗ്യപരമായ പ്രശ്നത്തെ തുടർന്ന് ജോലിയെല്ലാം വിടേണ്ടി വന്ന സമയത്ത് അധികം ഗ്യാപ്പ് ഇടാതെ വേഗം ഫീൽഡിൽ തിരികെ വരണമെന്ന് നിരന്തരം മൂപ്പർ ഓർമിപ്പിച്ചിരുന്നു. ഫീൽഡിൽ നിന്ന് നമ്മളൊന്ന് മാറിനിന്നപ്പോൾ നമ്മളെ മറന്നുപോയ നൂറുകണക്കിന് സഹപ്രവർത്തകരിൽ വ്യത്യസ്ഥനായിരുന്നു ഭൂപതി.  

പലപ്പോഴും നിർബന്ധിച്ച് പിടിച്ചുനിർത്തി ഫോട്ടോ എടുക്കും. ആംഗിളുകൾ നോക്കിയും ബാക്ക്ഗ്രൌണ്ട് നോക്കിയുമെല്ലാം പലതരത്തിൽ. എത്രഎതിർത്താലും ഫോട്ടോ ഒരെണ്ണമെങ്കിലും എടുക്കാതെ ഭൂപതി ചേട്ടൻ വിടില്ല. പക്ഷെ എടുത്ത അപൂർവ്വം ചില ഫോട്ടോകൾ മാത്രമാണ് അയച്ചുതന്നുള്ളു. പടമെവിടെയെന്ന് ചോദിച്ചാൽ എല്ലാം ഓഫീസിലെ സിസ്റ്റത്തിൽ കോപി ചെയ്തിട്ടുണ്ട്.  നോക്കി നല്ലത് എല്ലാംകൂടി ഒരുമിച്ച് അയച്ചുതരാമെന്നാവും എപ്പോഴും മറുപടി. അവസാനം വരേയും ഭൂപതി ചേട്ടൻ ആ പടങ്ങൾ അയച്ചുതന്നില്ല. ഇന്നും ഭൂപതിചേട്ടൻറെ സിസ്റ്റത്തിൽ ആ പടങ്ങളെല്ലാം കാണുമായിരിക്കും...

കരിമാട്ടേ എന്ന് ഒന്നു നീട്ടിവിളിച്ചാൽ വിടർന്ന ഒരു ചിരിയുമായി എന്നും വരവേൽക്കുന്ന വിനോദ് കരിമാട്ട്. ഒരിക്കൽ പോലും ആരോടെങ്കിലും മുഷിയുന്നതായി കണ്ടിട്ടില്ല. ഏത് സമരമുഖത്തും ചിരിച്ചുകൊണ്ട്, ചുറ്റും നടക്കുന്ന അക്രമമായാലും ആഘോഷമായാലും പ്രസന്നവദനനായി മാത്രമേ കരിമാട്ടിലിനെ കണ്ടിട്ടുള്ളു. എന്തും എപ്പോഴും ചെയ്യാൻ റെഡി. പരാതികളോ പരിഭവങ്ങളോയില്ല. എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ടുപോകാൻ കരിമാട്ടിലിനാവും. കൊച്ചിയിലെ മാധ്യമസ്ഥാപനങ്ങളെ എല്ലാം അണിനിരത്തി ഒരു ക്രിക്കറ്റ് ടൂർണമെൻറ് നടത്താൻ, അതിന് പിച്ചൊരുക്കാനായാലും വെള്ളമെത്തിക്കാനായാലും ആദ്യമുണ്ടാവുക കരിമാട്ടിലാണ്. അതിന് ശേഷമേ ആരും എത്തു. ആരുമെത്തിയില്ലെങ്കിലും കരിമാട്ടിൽ എല്ലാം ചെയ്തിരിക്കും. അത്രമാത്രം ആത്മാർത്ഥയാണ്  കരിമാട്ടിലിന്. കരിമാട്ടിലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവരാരും പിന്നീടൊരിക്കലും അയാളെ മറക്കില്ല. കരിമാട്ടിൽ അവരിലേക്ക് പകരുന്ന പുഞ്ചിരി, അത് വല്ലാതൊരുഊർജ്ജമാണ്, സ്നേഹമാണ്. 

കരിമാട്ടിലിൻറെ ക്യാമറയുടെ അതിർവരമ്പുകളിൽ ഞാൻ പെട്ടിട്ടില്ല. പക്ഷെ കരിമാട്ടിലടക്കമുള്ള കേരളത്തിലെ ഒട്ടുമിക്ക ഫോട്ടോഗ്രാഫറേയും ഒറ്റ ക്ലിക്കിൽ, ഒറ്റഫ്രെയിമിൽ ഞാൻ പകർത്തിയിട്ടുണ്ട്. കൊച്ചിയിൽ വെച്ച് 2013 ൽ നടന്ന സംസ്ഥാന സ്ക്കൂൾ കായികമേളയ്ക്കിടെ. ഫോട്ടോയെടുക്കാൻ അറിയാത്ത എന്നെ എല്ലാ ഫോട്ടോഗ്രാഫറേയും ചേർത്ത് പടമെടുത്തുതരാൻ പറഞ്ഞ് ക്യാമറ തന്നത് ദീപികയിലെ ബ്രില്യണോ ചന്ദ്രികയിലെ ശശിയേട്ടനോ ആണ് ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ ചിലപാടങ്ങളും പറഞ്ഞുതന്ന് നീയങ്ങ് ക്ലിക്ക് ചെയ്താൽ മതി, അത് പെർഫെക്ടായിരിക്കുമെന്ന് ആത്മവിശ്വാസം പകർന്നവരിൽ അന്ന് കരിമാട്ടിലുണ്ടായിരുന്നു. 

കൊച്ചിയിലെ പ്രിയമുഖങ്ങളിൽ ചിലതെല്ലാം കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനിടെ ഓർമകളായി മാറി. സീനിയർമാരേയും ഇൻറൺഷിപ്പുകാരേയും ഒരുപോലെ കണ്ട് വേണ്ട ഉപദേശങ്ങൾ നൽകി ഒപ്പം നടത്തിച്ച ജയ്ഹിന്ദിലെ ശങ്കരേട്ടൻ, അന്ന്  ഇന്ത്യാവിഷനിലും പിന്നീട് മാതൃഭൂമിയിലുമെത്തിയ വിപിൻ ചന്ദ്, പാട്ടിലൂടെയും വാർത്തകളിലൂടെയും വിസമയിപ്പിച്ച അയഞ്ഞ ഷർട്ടണിഞ്ഞ് അലസമായി കടന്നുവന്ന ഷെഫീക്ക് അമരാവതി, ശാസിച്ചും സ്നേഹിച്ചും വല്യേട്ടനായി അവസാനം വരേയും കൂടെ നിന്ന റോബിൻ ചേട്ടൻ, ഭൂപതി, കൊച്ചിയുടെ സ്നേഹം ഭക്ഷണം കൂടിയാണെന്ന് ഓർമിപ്പിച്ച് എപ്പോഴും ഞങ്ങളെയെല്ലാം ഊട്ടുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന  മീഡിയ വണ്ണിലെ രാജാക്ക, ഒടുവിൽ ഇപ്പോൾ കരിമാട്ടിലും.... 

അസുഖങ്ങളെ തുടർന്ന് സ്വയം വേദനിക്കുമ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിച്ച് മാത്രം കടന്നുപോയവരാണ് ഇവരെല്ലാം. കൊച്ചിയെ അത്രമാത്രം സ്നേഹിക്കാൻ പഠിപ്പിച്ച, കൊച്ചിക്കപ്പുറവും ഇപ്പുറവും കൊച്ചിമാത്രമേയുള്ളുവെന്ന്  തെളിയിച്ചുതന്നവരാണ് ഇവരെല്ലാം. ഒന്നും ചിരന്തനമല്ലാത്ത ലോകത്ത് ഇവർ പകർന്ന സ്നേഹം ഇപ്പോഴും കൊടാതെ ഒരു വിളക്കായി ഉള്ളിലുണ്ട്. വേദനകളില്ലാത്ത, സങ്കടങ്ങളില്ലാത്ത ലോകത്തെ പടങ്ങൾ എടുത്തും കഥകൾ എഴുതിയും ഊട്ടിയും പുതിയവരെ വഴിനടത്തിയുമെല്ലാം നിങ്ങൾ വാഴ്ക. ഒരിക്കൽ നിങ്ങളുടെ പടങ്ങൾ കാണാനും ഒപ്പം നടക്കാനും കഴിക്കാനുമെല്ലാം ഞാനും വരും. അന്നും നമുക്ക്, സമരങ്ങളില്ലാത്ത ആ ലോകത്ത്, കണയന്നൂരിലെ ആ മരച്ചുവട്ടിൽ എന്നപോലെ കഥകളുമായി കൂടണം...

Monday, 10 January 2022

ബന്ധങ്ങൾ

നമ്മൾ ഉള്ളിൽ

കൊണ്ടുനടക്കുന്ന

പല ബന്ധങ്ങളും

ഒടുവിൽ

സ്ഥിതിവിവര കണക്കെടുപ്പ്

മാത്രമാകുന്നത്

എന്ത് കൊണ്ടാകും? 

(100122)

Sunday, 9 January 2022

നിത്യത

ഓർമകളുടെ 

ആടയാഭരണങ്ങളില്ലാതെ 

ഒരുദിവസം 

ജീവിക്കണം.

പിന്നെ,

ഉറങ്ങണം !!!



Saturday, 8 January 2022

ദേഷ്യമെല്ലാം വെറുപ്പല്ല, ചിരന്തനവും...

 ജനുവരി എട്ട്, 2022


മനുഷ്യരോട് നമുക്കെപ്പോഴാണ് വെറുപ്പ് തോന്നിതുടങ്ങുന്നത് .?

ഒരുപക്ഷെ നമ്മെ കഠിനമായി വേദനിപ്പിക്കുമ്പോഴാകും, അല്ലെങ്കിൽ ശല്യമായി തീരുമ്പോഴായിരാക്കാം, അതുമല്ലെങ്കിൽ ക്രൂരമായ എന്തെങ്കിലും പ്രവൃത്തി ചെയ്തപ്പോഴായിരിക്കാം...അല്ലേ.?

ഒരിക്കൽ തന്നേക്കാളേറെ നാം സ്നേഹിച്ചൊരാളെ നമുക്ക് എന്നെങ്കിലും വെറുക്കാനാവുമോ. ഇനി അഥവാ വെറുത്താൽ തന്നെ ഒരിക്കൽ പ്രിയങ്കരമായിരുന്ന അയാളുമായി ബന്ധപ്പെട്ടുള്ള ഓർമകളെല്ലാം മറക്കാനാവുമോ. 

മനുഷ്യരോട് അതിഭീകരമായി ദേഷ്യപ്പെടുകയും പിണങ്ങുകയും  ഇറിറ്റേറ്റ് ചെയ്യിക്കുകയും ചെയ്യുന്ന പ്രകൃതമാണ് എൻറേത്.  ഇഷ്ടമില്ലെന്ന് കണ്ടാൽ ഇറിറ്റേഷൻ മറച്ചുവെക്കില്ല. ദേഷ്യം വന്നാൽ ഒരിക്കലും കടിച്ചമർത്തുകയുമില്ല. പറയാൻ തോന്നുന്നത് പറയും. ആനക്കാട്ടിൽ ഈപ്പച്ചനെ പോലെ ഔട്ട്സ്പോക്കൺ ആണ്, പക്ഷെ അത് ഇറവറൻസ് കൊണ്ടല്ല.  അതാണ് പണ്ടുതൊട്ടേയുള്ള പ്രകൃതം. ഇനി അതൊട്ട് നാന്നാവുമെന്ന് തോന്നുന്നില്ല, തിരുത്താനുള്ള കാലവും ഇനി അധികമുണ്ടെന്ന് തോന്നിയിട്ടുമില്ല. ഇഷ്ടം തോന്നുന്നവരോടും  ഇങ്ങനെയൊക്കെതന്നെയാണ്. പക്ഷെ അത്തരക്കാരോട് ദേഷ്യത്തിലും ചില സോഫ്റ്റ് കോർണർ  കാണിക്കാറുണ്ടെന്ന് ചിലർ ആരോപിക്കാറുണ്ട്. ( അത് വെറുമൊരു ആരോപണമല്ലെന്ന് ആത്മപരിശോധന നടത്തുമ്പോൾ തോന്നിയിട്ടുണ്ട്)

കഴിഞ്ഞദിവസം  ഒരു സുഹൃത്ത് ചോദിച്ച ഒരു ചോദ്യമാണ് വീണ്ടുമൊരിക്കൽ കൂടി വെറുപ്പിനേയും ദേഷ്യത്തേകുറിച്ചുമെല്ലാം ആലോചിക്കാൻ പ്രേരിപ്പിച്ചത്. എനിക്ക് എത്രപേരോട് വെറുപ്പ് തോന്നിയിട്ടുണ്ടെന്നതായിരുന്നു  ചോദ്യം. പലപ്പോഴും ഇത് സംബന്ധിച്ച് ഗഹനമായ ആലോചിച്ചിട്ടുണ്ട് എന്നതിനാലും അപ്പോഴെല്ലാം ഒരേ ഉത്തരം തന്നെയാണ് കിട്ടിയിട്ടുള്ളത് എന്നതിനാലും വേഗത്തിൽ മറുപടി പറയാൻ പറ്റി. ഒട്ടും അമാന്തിക്കേണ്ടി വന്നില്ല. 

വെറുപ്പ് ആരോടുമില്ല, ദേഷ്യം പലരോടും തോന്നിയിട്ടുണ്ട് താനും. 

'ആരോടുമില്ലേ...'? വിശ്വാസം വരാതെ സുഹൃത്ത്.

'ജിവിതത്തിൽ ഒറ്റക്കാക്കിയവരോട് വെറുപ്പ് തോന്നിയതേയില്ല...?' ചോദ്യം ഒന്നുകൂടി ഷാർപ്പാക്കി ഇത്തവണ.

ജീവിതത്തിൽ ഒറ്റക്കാവുകയെന്നത് വേദനയുണ്ടാക്കുന്നതാണ്. എനിക്കെന്നല്ല ആർക്കായാലും അത് അങ്ങനെയാണ്. ഒപ്പം നടന്ന് പെട്ടെന്ന് വഴിതിരിയുന്നവർ നമ്മെ തള്ളിവിടന്നത് കടുത്ത ഏകാന്തതയിലക്കാണ്. ആ ഏകാന്തതയുമായി പൊരുത്തപ്പെടുംവരെ നമ്മൾ വല്ലാതെ സ്ട്രഗിൾ ചെയ്ത്കൊണ്ടേയിരിക്കും. ചിലപ്പോൾ രക്തബന്ധങ്ങളാവാം, ചിലപ്പോൾ സുഹൃത്തുക്കളാവാം അല്ലെങ്കിൽ പാർട്ണർമാരാവാം നമ്മൾ തീർത്തും ഒറ്റക്കാണെന്ന തിരിച്ചറിവ് സമ്മാനിച്ച് തനിച്ചാക്കികളയുക. അങ്ങനെ ഒറ്റക്കാക്കി പോയവരോട് നമുക്ക് ആ സമയത്ത് ഒരുപക്ഷെ ദേഷ്യമെല്ലാം തോന്നിയിരിക്കാം. മനുഷ്യനല്ലേ. പക്ഷെ ആരോടും വെറുപ്പ് തോന്നിയിട്ടില്ല. 

അതേസമയം നമ്മളോട് മറ്റുള്ളവർ ഇങ്ങനെയാവണം എന്നില്ല. അനുഭവത്തിൽ തീർച്ചയായും അല്ല.വഴക്കിട്ട് പോയവരും പിണങ്ങിപോയവരുമായ നിരവധി പേർ പലപ്പോഴായി  I Hate You എന്ന മെസേജ് പലകുറി അയച്ചിട്ടുണ്ട്. വാട്സ്പ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെല്ലാം വർഷങ്ങളോളം ബ്ലോക്ക് ഓഫീസറാക്കി ഇരുത്തിയവരുണ്ട്. നമുക്ക് പറയാനുള്ളത് കേൾക്കാതെ ഏകപക്ഷീയമായി ബ്ലോക്കി പോയവരോടും പക്ഷെ വെറുപ്പൊന്നുമില്ല. ദേഷ്യവും തോന്നാറില്ല. പലപ്പോഴും ഒരുതരം നിർവികാരതമാത്രം. വിഷാദത്തിൻറെ ചില്ലകൾ പൂത്തത് കൊണ്ടായിരിക്കാം അങ്ങനെ. 

നമ്മൾ എന്തിനാണ് ഒരാളെ വെറുക്കുന്നത്. അതുകൊണ്ട് എന്തുപകാരം. ചിലരോട് ഇനി മേലിൽ ഒരുതരത്തിലുള്ള ബന്ധവും വേണ്ടെന്ന് വെച്ചിട്ടുണ്ട്. അത് അവരോടുള്ള വെറുപ്പ് കൊണ്ടോ ദേഷ്യം കൊണ്ടോ അല്ല. അകറ്റി നിർത്തേണ്ടതിനെ അകറ്റി നിർത്തുന്നതാണ് പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തിനും സമാധാനത്തിനും നല്ലത്. അതിനാൽ തന്നെ ആ ഭാഗത്തേക്ക് നമ്മൾ നമ്മുടെ ശ്രദ്ധ കൊടുക്കാതിരിക്കുകയെന്നതേ വേണ്ടു. വെറുപ്പ്, ദേഷ്യം പോലുള്ള വികാരങ്ങളുമായി നടന്നാൽ അവരെ ഒഴിവാക്കാൻ ബോധപൂർവ്വം നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കും. അപ്പോൾ വളരെ യാന്ത്രികമായി തീരും നമ്മുടെ ഓരോ ചലനങ്ങളും. അത് ആത്യന്തികമായി നമ്മളെ തന്നെയാണ് ബാധിക്കുന്നത്. നമ്മുടെ ബോധമണ്ഡലത്തെ അവരോടുള്ള വെറുപ്പോ ദേഷ്യമോ മൂലമുണ്ടാകുന്ന നമ്മുടെ സ്വാഭാവിക പ്രതികരണങ്ങൾ പ്രതികൂലമായി ബാധിക്കും. അതോടെ നമ്മൾ നമ്മളല്ലാതാവുകയും ചെയ്യും. അത് നമ്മുടെ തന്നെ സന്തോഷവും സമാധാനവും തന്നെയാണ് കുറച്ച് നേരത്തേക്കെങ്കിലും ഇല്ലാതാക്കുന്നത്.

അങ്ങനെ അധികമാരോടും വെറുപ്പിനോളം പോന്ന കടുത്ത ദേഷ്യം തോന്നിയിട്ടില്ല. ഒരാളോട് മാത്രമാണ് വെറുപ്പെന്ന് തോന്നിപ്പിച്ചത്. ഏറെക്കാലം അതങ്ങനെ തന്നെയായിരുന്നു. പലപ്പോഴും അവരുടെ സാന്നിധ്യം മാനസികമായ അലോസരം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം തന്നെ ആ വ്യക്തികൾ വളരെ ആസ്വദിച്ച് നടക്കുകയും ചെയ്തു. പക്ഷെ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞുപോയ ജീവിതത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയപ്പോഴാണ് ആ വെറുപ്പിൻറെ അർത്ഥശൂന്യത തിരിച്ചറിഞ്ഞത്.  

നാം എത്രകാലം ഉണ്ടാകുമെന്ന് ഒരുറപ്പുമില്ലാത്തപ്പോൾ എന്തിനാണ് ഒരാളോട് വെറുപ്പും വിദ്വേഷവുമൊക്കെ. സ്നേഹമായാലും സൌഹൃദമായാലും  വെറുപ്പായാലും അതൊന്നും ചിരന്തനമല്ല.  ഏതെങ്കിലും ഒരു പോയിൻറിൽ ഇതെല്ലാം അലിഞ്ഞ് അതല്ലാതായി മാറും. ഇഷ്ടത്തിൻറേയും ഇഷ്ടക്കേടിൻറേയും ഇടയിലെ അതിർവരമ്പ് വളരെ നേർത്തതാണ്. ഒരു നോ പറയുമ്പോൾ, അല്ലെങ്കിൽ പറയാതിരിക്കുമ്പോൾ ഈ വരമ്പ് മുറിഞ്ഞേക്കാം. നമ്മളാരും തന്നെ പൂർണരല്ല. അവരും. എത്രവഴക്കിട്ടാലും നമ്മളാരും മോശവുമല്ല. സ്നേഹത്തിൽ നിന്ന് വെറുപ്പിലേക്കുള്ള ദൂരം വളരെ ചെറുതാവാം ചിലർക്ക്. വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്കുള്ള ദൂരവും അത്രതന്നെ. 

I'm rude, but not bad!



Friday, 7 January 2022

'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...'

ജനുവരി ഏഴ്, 2022

മനുഷ്യന് ഓർമകളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പലതാണ്. അതൊരു പാട്ടാകാം, വഴിയാകാം, വാക്കാവാം, ഒരു പടമാകാം...അങ്ങനെ പലതുമാകാം. എന്നാൽ ഒരേ ഘടകം പലപല ഓർമകളിലേക്ക് ഒരുമാലയുടെ മണിമുത്ത്പോലെ നിങ്ങളെ നയിക്കുന്നതായാലോ. അങ്ങനേയും പലതും കാണാമല്ലേ. 

തീർച്ചയായും അത്തരത്തിൽ പല ഓർമകളിലേയും പൊതുഘടകമായി ചിലകാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഒരു ഗാനം. കുട്ടിക്കാലത്തെ ഏറ്റവും പ്രിയങ്കരമായിരുന്ന ആ സിനിമ ഗാനം വർഷങ്ങൾക്ക് ശേഷം ഏറ്റവും പ്രിയപ്പെട്ട ഒരു ആരാധികയുടെ ഓർമയുമായും ബന്ധപ്പെട്ട് കിടപ്പുണ്ട്. വളരെ യാദൃശ്ചികമായാണ് ഇത് രണ്ടും സംഭവിച്ചത്.  ഇന്നൊരു സുഹൃത്തിൻറെ വാട്സ്പ്പ് സ്റ്റാറ്റസായി ആ പാട്ട് കണ്ടപ്പോൾ ഓർമകൾ വീണ്ടും കൂടുകെട്ടി. 
'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...' എന്നഗാനം നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയ്ക്കായി ബിച്ചു തിരുമല എഴുതിയതാണ്. കാത്തിരിപ്പിൻറെ എല്ലാസൌന്ദര്യവും ആവാഹിച്ച വരികൾ. കാത്തിരിപ്പ് എന്നത് എത്രമാത്രം നൊമ്പരവും അതുപോലെ സന്തോഷവും നിറഞ്ഞതാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. 




1985 ലാണ് ഫാസിൽ സംവിധാനം ചെയ്ത, നദിയ മൊയ്തു ആദ്യമായി അഭിനയിച്ച, പത്മിനി ലീഡ് റോളിലെത്തിയ സിനിമ തിയ്യേറ്ററുകളിലെത്തിയത്. അന്ന് എനിക്ക് പ്രായം 3 വയസ്സ്. മദ്രാസ് ജീവിതം മതിയാക്കി അച്ഛനും അമ്മയും മുത്തശ്ശൻറെ തറവാട്ടിലേക്ക് മടങ്ങിയ സമയം. ഞാൻ നാട്ടിലെ നഴ്സറിയിൽ സത്യഭാമടീച്ചറുടെ കീഴിൽ പഠിക്കാൻ തുടങ്ങിയ കാലം. എരമംഗലത്തെ സീമ തിയ്യേറ്ററിൽ നിന്നോ മാറഞ്ചേരിയിലെ ജിഷാർ തിയ്യേറ്ററിൽ നിന്നോ ആകണം ആ സിനിമ കണ്ടത്. ആ കാലത്ത് പൊന്നാനിയിലോ ഗുരുവായൂരിലോ ഉള്ള വലിയ തിയ്യേറ്ററുകളിൽ പോയി സിനിമ കാണുന്ന പതിവ് ആരംഭിച്ചിരുന്നില്ല. റേഡിയോയിൽ പലകുറി കേട്ടിരിക്കണം പിന്നെയും ആ പാട്ട്. അങ്ങനെയാണ് അതിലെ ആദ്യത്തെ വരികൾ ഹൃദിസ്ഥമായത്. ആദ്യമായി പഠിച്ചത് ഈ പാട്ടിൻറെ വരികൾ ആണെന്നാണ് ഓർമ. ഇതിന് മുമ്പ് ഏതെങ്കിലും സിനിമ ഗാനം പാടി നടന്നതായി ഓർമയിലില്ല. ഹവായി ചെരുപ്പ് വെട്ടി ടയറുണ്ടാക്കി ആ വണ്ടിയും ഓടിച്ച് വീട്ടിലെ പറമ്പ് മൊത്തം ഓടി നടന്നപ്പോൾ ചുണ്ടിൽ മൂളിയിരുന്നത് ആയിരം കണ്ണുമായി എന്നപാട്ടായിരുന്നു. പാട്ടിൻറെ അർത്ഥമോ ഈണമോ ഒന്നും അന്ന് അലട്ടിയതേയില്ല. ആ ബാല്യകാല ദൃശ്യങ്ങൾ ഇന്നും മനസിൽ മായാതെയുണ്ട്. ആ ഓട്ടവും ചക്ര വണ്ടിയും വരമ്പുമെല്ലാം ഒരു ഓയിൽ പെയിൻറിങ് പോലെ അങ്ങനെ മായാതെ കിടക്കുന്നു. 
എന്നും ആ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ ആണ്. അതുപോലെ തന്നെയാണ് അച്ചുവേട്ടൻറെ വീട്ടിലെ 'ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രിക മെഴുകിയ മണിമുറ്റം' എന്ന ഗാനവും. ആദ്യത്തെ പാട്ട് അമ്മ വീടുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെങ്കിൽ രണ്ടാമത്തെ പാട്ട് അച്ചൻറെ വീടുമായി ബന്ധപ്പെട്ടാണ്. ശാസ്താംകോട്ടയിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഈ പാട്ട് മനസിൽ കയറികൂടുന്നത്. ഈ സിനിമ 1987 ൽ ആണ് റിലീസ് ആയത്. ഒന്നാം ക്ലാസ് ചേന്നാത്ത് എൽ പി സ്ക്കൂളിൽ പഠിച്ചശേഷം രണ്ടാം ക്ലാസിൽ മൈനാഗപള്ളി എൽപി സ്കക്കൂളിലേക്ക് പറിച്ച് നട്ടപ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്. അന്നൊക്കെ വൈകുന്നേരങ്ങളിൽ വീട്ടിൽ സന്ധ്യാനാമം ചൊല്ലണമെന്നത് നിർബന്ധമായിരുന്നു. വൈകുന്നേരം പഠിക്കുന്നതിന് മുമ്പ് മേലുകഴുകി ഉമ്മറത്ത് തെളിച്ചുവെച്ച നിലവിളക്കിന് മുന്നിൽ ചമ്രംപടിഞ്ഞിരുന്ന് നാമം ചൊല്ലിയില്ലേൽ നല്ല ചീത്ത കിട്ടുമായിരുന്നു. അങ്ങനെയുള്ള ഭക്തിസാന്ദ്രമായ കാലഘട്ടത്തിലാണ് ഈ പാട്ട് ചേട്ടൻമാരൊക്കൊ പാടി നടക്കുന്നത് കേൾക്കുന്നത്. പാട്ടിൽ ആദ്യത്ത നാല് വരികഴിഞ്ഞാൽ പിന്നെ 'അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ' എന്ന ഹരിനാമകീർത്തനം ഉണ്ട്. ഇത് കേട്ടതുകൊണ്ടായിരിക്കണം ഒരുപക്ഷെ ഈ പാട്ട് മനസിൽ പതിഞ്ഞത്. സന്ധ്യക്ക് പാടേണ്ട ഒരു സന്ധ്യാനാമം എന്നായിരുന്നു തെറ്റിദ്ധാരണ. ഇതിനൊപ്പം തന്നെ മനസിൽ കയറികൂടിയ ഇമേജ് എന്നത് ചാണകം മെഴുകിയ മുറ്റത്തിൻറേയായിരുന്നു. ഒരുപക്ഷെ അന്നൊക്കെ മുത്തശ്ശി മുറ്റത്ത്  ചാണകം മെഴുകുന്നത് കണ്ടതിൻറെ കൂടിയോർമയാവണം ആ ഇമേജ് അങ്ങനെ പതിഞ്ഞുകിടക്കാൻ കാരണം.  ഇന്നും ആ ഇമേജ് തന്നെയാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസിലെത്തുന്നത്.

പിന്നീട് ഓരോ തവണയും ആ പാട്ടുകൾ കേൾക്കുമ്പോൾ രണ്ടിടങ്ങളിലായുള്ള കുട്ടിക്കാലവും പാട്ടിനൊപ്പം താളമായി എത്താറുണ്ട്. പിൽക്കാലത്ത് നൂറുകണക്കിന് പാട്ടുകളും കവിതകളുമെല്ലാം ഹൃദയത്തോട് ചേർന്ന് നിന്നിട്ടുണ്ടെങ്കിലും  എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളായി ഇവ രണ്ടും തന്നെ പട്ടികയിൽ മുന്നിലുണ്ട്.  

വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസിൽ ചെയ്തിരുന്ന മണിടൈം എന്ന  വാരാന്ത്യ ബിസ്നസ് പരിപാടി കണ്ട് ആരാധികയായ മുത്തശ്ശിയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടും  ആയിരം കണ്ണുമായി ആയിരുന്നു. തലശ്ശേരി മുഴുപ്പിലങ്ങാടി സ്വദേശിനിയായ മുത്തശ്ശിയുടെ കൊച്ചുമകൾ ആ പാട്ട് പലകുറി എനിക്കും മൂത്തശ്ശിക്കും വേണ്ടി പാടി തന്നിട്ടുണ്ട്. മക്കളെല്ലാം രാജ്യത്തിന് പുറത്തുള്ള ആ മുത്തശ്ശി, വഴിക്കണ്ണുമായി മക്കളും കൊച്ചുമക്കളുമെല്ലാം അവധിക്ക് നാട്ടിൽ വരുന്നതും കാത്തിരിക്കുകയായിരുന്നു. അതായിരിക്കണം  ആ പാട്ട് അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നായിമാറിയതിന് പിന്നിൽ. കൊച്ചുമകൾ മാത്രമായിരുന്നു ആ മുത്തശ്ശിക്ക് കൂട്ട്. ഇന്നേവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയതും പ്രിയപ്പെട്ടതുമായ ആരാധികയാണ് ആ മുത്തശ്ശി. പലകുറി ആഗ്രഹിച്ചെങ്കിലും നേരിൽ കാണാൻ ഭാഗ്യമുണ്ടായില്ല.  

ആ പാട്ടിൻറെ സിനിമയിലെ കഥയുമായുള്ള ബന്ധമെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു. ഒരമ്മയുടെ മകൾക്കായുള്ള കാത്തിരിപ്പ് മാറി പ്രണയത്തിൻറെ കാത്തിരിപ്പ് മാത്രമായി പുതിയ കാലത്തിൽ ആ പാട്ട് ചുരക്കപ്പെട്ടിരിക്കുന്നു. എന്നാലും ഇമ്പമൂറുന്ന ഗൃഹാതുരത്വമാണ് എന്നുമെനിക്കാ ആ പാട്ട്. ആ പാട്ടിപ്പോൾ വീണ്ടും ചുണ്ടിൽ തത്തിക്കളിക്കുന്നു. ഓർമകളുടെ മരചില്ലകൾ വീണ്ടും കുലുക്കി, ഇലകൾ ഒന്നൊന്നായി കൊഴിച്ച്... 




Thursday, 6 January 2022

നമുക്കിടയിലെ അനിയൻ - ചേട്ടൻ ബാവമാർ

 ജനുവരി ആറ്, 2022


(സ്വന്തം കോടതിയിൽ നിന്ന് രചയിതാവ് എടുത്ത മുൻകൂർ ജാമ്യം  :  തീർച്ചയായും ഇത് നിങ്ങളെ കുറിച്ചല്ല. ഇനി നിങ്ങളെ കുറിച്ചല്ലേയെന്ന് നിങ്ങൾക്ക് സത്യസന്ധമായും തോന്നിയാൽ ഞാൻ നിരപരാധിയല്ല)

അനിയൻ ബാവയും ചേട്ടൻ ബാവയും. 

നമ്മുടെ കാബൂളിവാലയിലെ കന്നാസിനേയും കടലാസിനേയും പോലെ മലയാളത്തിലെ ഹിറ്റായ കഥാപാത്രങ്ങളാണ്. നരേന്ദ്ര പ്രസാദും രാജൻ പി ദേവും അവതരിപ്പിച്ച അനശ്വരങ്ങളായ ആ കഥാപാത്രങ്ങൾ തമാശകൊണ്ട് നമ്മെ കുറേ ചിരിപ്പിച്ചിട്ടുണ്ട്. എന്ത് കാര്യത്തിലും ഒരേ അഭിപ്രായം എന്നതായാരുന്നു ചേട്ടൻ-അനിയൻ ബാവമാരുടെ പ്രകൃതം. ചേട്ടൻ എന്ത് പറഞ്ഞാലും അതെയതെ എന്ന് പറയാൻ ഒരു അനിയൻ. ചേട്ടൻ എന്ത് പറഞ്ഞാലും ശരിയല്ലേ അനിയാ എന്ന് ചിലപ്പോ ചോദിക്കും അല്ലേൽ ഒന്നു നോക്കും. ആ സിഗ്നൽ കിട്ടേണ്ട താമസം, അതെയതെ ചേട്ടൻ പറഞ്ഞതാണ് ശരിയെന്ന് അനിയൻ ബാവ പറഞ്ഞിരിക്കും. ചേട്ടൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാത്രമാണ് ശരിയെന്ന് ഉറപ്പിക്കുന്ന അനിയൻ. ചേട്ടൻ കുറച്ച് നേരം ചൊറിഞ്ഞില്ലേ ഇനി ഞാൻ മാന്തിത്തരാം എന്ന അതേ ലൈനാണ്. തിരിച്ചും അങ്ങനെത്തന്നെ. പരസ്പരസഹകരണം എന്നത് എന്താണെന്ന് ഇവരെ കണ്ട് പഠിക്കണം. 

സിനിമയ്ക്ക് പുറത്ത് ഇത്തരത്തിലുള്ള കുറേ ചേട്ടൻ ബാവമാരേയും അനിയൻ ബാവമാരേയും നമുക്ക് കാണാൻ കഴിയും. അതിപ്പോൾ ഓഫീസുകളിലും രാഷ്ട്രീയ പാർട്ടികളുടെ സമിതികളിലും മന്ത്രിസഭകളിലുമെല്ലാം ബാവമാരുണ്ട്. വല്ല നിർണായകമായ സമിതികളും ചേരുമ്പോളാണ് ഈ ബാവമാരുടെ പ്രകടനം ഉച്ചസ്ഥായിയിലെത്തുക.  

pic courtesy Web

പരസ്പരം താങ്ങികളിക്കുന്നത് മാത്രമല്ല ഇവരുടെ സവിശേഷത. മറ്റുള്ളവർക്കിട്ട് താങ്ങുന്നതും ഇവരുടെ ഹോബിയാണ്. മറ്റാരേയും പറയാൻ അനുവദിക്കാതിരിക്കുക, ആരേലും എന്തേലും പറയാൻ തുടങ്ങിയാലുടൻ അങ്ങ് കേറി ഇടപെട്ടുകളയും. വാമനപുരം ബസ്റൂട്ടിലെ ലിവർ ജോണിയെ പോലെ മൊടകണ്ടാൽ ഇടപെടലല്ല, മറിച്ച് അഭിപ്രായമോ നിർദേശമോ പറയാൻ തുടങ്ങിയാൽ മതി. ഇവരങ്ങ് കേറി നിരങ്ങിക്കൊള്ളും. പറയാൻ വന്നവൻ പിന്നെ നാവ് ചുരുട്ടി മടക്കി പോക്കറ്റിലും വെച്ച് പോയിക്കൊള്ളണം. 

സ്വഭാവത്തിൽ 500 ഗ്രാം കുശുമ്പും 750 ഗ്രാം കുന്നായിമയും  അത്യാവശ്യത്തിലേറെ ആധിപത്യ സ്വഭാവവും കോംപ്ലക്സും ഒത്തുചേർന്നതാവും മിക്കവാറും എല്ലാ അനിയൻ ചേട്ടൻ ബാവമാരും. തങ്ങളേക്കാൾ മികച്ച അഭിപ്രായം, അല്ലേൽ നിർദേശങ്ങൾ മറ്റുള്ളവർ പറഞ്ഞുപോയാലോ എന്നതാണ് ഇത്തരക്കാരെ അലട്ടുന്നത്. മറ്റുള്ളവരുടെ പ്രായമോ അനുഭവപരിചയമോ ഒന്നും തന്നെ ഇത്തരക്കാരെ സംബന്ധിച്ച് എതിർക്കാൻ ഒരു വിഷയമേയല്ല. എന്ത് ആര് പറഞ്ഞാലും - മറ്റേ ബാവയല്ലാതെ- ആദ്യമേ കേറി നെഗറ്റീവ് അടിക്കുകയെന്നതാണ് ഇവരുടെ പ്രധാന പൊതുപരിപാടി. 'അതൊന്നും നടക്കാൻ പോകുന്നകാര്യങ്ങളല്ല' എന്നതായിരിക്കും ആദ്യമേ പറയുക. സംസാരിക്കുന്ന ആൾ സംസാരിക്കാൻ തുടങ്ങിയതേ ഉണ്ടാകു. പൂർത്തിയാക്കാനോ പകുതിയെങ്കിലും കേൾക്കാനോ ക്ഷമയില്ല. ഇല്ലാഞ്ഞിട്ടല്ല, ആ സ്വരം കേൾപ്പിക്കാതിരിക്കുക എന്നതാണ് ബാവമാരുടെ പ്രാഥമിക ലക്ഷ്യം. പറ്റില്ല, നടക്കില്ല എന്ന വാക്ക് നിഘണ്ഡുവിൽ ഇല്ലായിരുന്നെങ്കിൽ ഇവരെന്ത് ചെയ്തേനെ ആവോ. 

ഇത്തരക്കാരെ ഊട്ടി ഉറക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന്, മറ്റുള്ളവരെ ഡോമിനേറ്റ് ചെയ്യാനുള്ള ത്വര, ഒറ്റവാക്കിൽ പറഞ്ഞാൽ അധികാരം. രണ്ട്, പാട്രിയാർക്കി.   

അധികാരം എന്നത് അത്ര ചെറിയകാര്യമൊന്നുമല്ല. പ്രത്യേകിച്ച് തന്നേക്കാൾ മികച്ചതോ അല്ലെങ്കിൽ തനിക്കൊപ്പമോ നിൽക്കാൻ ശേഷിയുള്ള ഒരാൾ അവിടെ വേറെയുണ്ട് എങ്കിൽ അധികാരമുറപ്പിക്കുക എന്നത് പരമപ്രധാനമാണ്. അപ്പോൾ താൻറെയല്ലാതെ, തന്നെ താങ്ങികൊണ്ട് എന്നും നിൽക്കുന്ന സഹോദര ബാവയുടേതല്ലാതെ മറ്റാരുടേയും സ്വരം മറ്റുള്ളവർ  കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതൊരു യുദ്ധതന്ത്രമാണ്. ആദ്യമേ നടക്കാത്ത കാര്യമെന്ന് ആധികാരിക സ്വരത്തിൽ പറയുമ്പോൾ, പറയുന്ന ആൾക്ക് അത്ര ആധികാരിക സ്വരമില്ലെങ്കിൽ, പിന്തുണക്കാൻ സഹോദരബാവയും വരുമ്പോൾ ആ കർത്തവ്യം വിജയകരമായി പൂർത്തിയാവും. തനിക്ക് ഒട്ടും ജ്ഞാനമില്ലാത്ത കാര്യമാണെങ്കിൽ പോലും ആധികാരികമായി മണ്ടത്തരങ്ങൾ വിളമ്പാനും ബാവമാർക്ക് യാതൊരുവിധ നാണക്കേടും തോന്നില്ല. 

പാട്രിയാർക്കിക്ക് നാച്ച്വർ ഇത്തരക്കാരുടെ കൂടപ്പിറപ്പാണ്. പുരോഗമനവും തുല്യതയുമൊക്കെ പറയുമെങ്കിലും ഉള്ളിൻറെ ഉള്ളിലെ മേൽക്കോയിമയും ജൻഡർ വിരുദ്ധതയുമെല്ലാം തരംപോലെ പുറത്തുചാടും. വീട്ടിലെ സ്ത്രീകൾ അഭിപ്രായം പറയേണ്ടെന്ന ചേട്ടൻ അനിയൻ ബാവമാരുടെ പ്രകൃതവും ഇങ്ങനെത്തനെയാണ്. വീട് ഭരിക്കുന്നത് ആണാണെന്ന തെറ്റായ പൊതുബോധം പേറി സ്ത്രീകളുടെ അഭിപ്രായത്തെ മാനിക്കാത്തവരാണല്ലോ സിനിമയിലെ കഥാപാത്രങ്ങളും. 

നെഗറ്റിവിറ്റിയുടെ കിരണങ്ങൾ വിസർജിക്കുന്ന ഇത്തരം ചേട്ടൻ - അനിയൻ ബാവമാർ  നമുക്ക് ചുറ്റിലും  ദിനേന കാണാം. ചുമ്മാ ഒന്നു കണ്ണോടിച്ചാൽ മാത്രം മതി. അത്തരം നെഗറ്റീവുകളെ അങ്ങ് ചുമ്മാ അവഗണിച്ചേക്കണം. കാരണം അവരെ തിരുത്താൻ ചന്തുവിനാവില്ല. അതിനെങ്ങാനും തുനിഞ്ഞാൽ നമ്മൾ കുറഞ്ഞോ കൂടിയോ അന്നോളം ഉണ്ട ഓണമെല്ലാം അങ്ങ് വേസ്റ്റാവത്തെയുള്ളു. 

.........................


  


Tuesday, 4 January 2022

നമ്മളിടങ്ങളിലെ സ്വാതന്ത്ര്യം

 ജനുവരി അഞ്ച്, 2022

ബന്ധങ്ങൾക്കിടയിൽ എപ്പോഴും വേണ്ടത് സ്വാതന്ത്ര്യമാണ്. പരസ്പരം തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം. ഒരാളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുന്നത് അവർക്കിടയിൽ അവരുടേതായ സ്പേസ് രണ്ട്കൂട്ടരും പരസ്പരം നൽകുമ്പോളാണ്.  ആ സ്പേസിൽ പരസ്പര ബഹുമാനമുണ്ടാകും. സ്നേഹമുണ്ടാകും. വിമർശിക്കാനും ചീത്തവിളിക്കാനും വഴക്കിടാനുമുള്ള ധൈര്യമുണ്ടാകും. വിമർശനത്തിനും ചീത്തവിളിക്കും വഴക്കിനും ശേഷം പരസ്പരം ഇരുന്ന് ഒരു പാത്രത്തിൽ നിന്ന് തന്നെ ചിരിച്ചുകൊണ്ട് ഭക്ഷണം വാരിതിന്നാനുള്ള സ്നേഹവുമുണ്ടാകണം. അപ്പോൾ മാത്രമേ ആ ബന്ധം ആത്മാർത്ഥയുള്ളതാവുന്നുള്ളു.  

ഈ ബന്ധത്തിൽ വെറും കേൾവിക്കാരൻ മാത്രമല്ല ആരും. മറ്റെയാളെ കേട്ടിരിക്കുന്നതിനൊപ്പം തന്നെ സംസാരിക്കുന്നവനുമാണ്.  ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ കേട്ടിരിക്കണം, തിരിച്ചും അങ്ങനെതന്നെയാവണം. ഒരാൾ തന്നെ എപ്പോഴും കേൾവിക്കാരനായിരുന്നാൽ ശരിയാവില്ല. കേൾവിക്കാരനും ഉണ്ടാകും പ്രശ്നങ്ങൾ എന്ന് തിരിച്ചറിയാൻ മറ്റേയാൾക്ക് സാധിക്കണം. അങ്ങനെ സാധിക്കുമ്പോളാണ് എല്ലാം മനോഹരമാകുന്നത്. പ്രണയത്തിൽ മാത്രമല്ല, സൌഹൃദത്തിലും അങ്ങനെതന്നെ. നമ്മൾ അയക്കുന്ന ചെറിയ സന്ദേശം മതി മറ്റേ എൻഡിലുള്ള വ്യക്തിക്ക് നമ്മുടെ മൂഡ് മനസിലാക്കാൻ. 

നിങ്ങൾക്കിടയിൽ അഭിപ്രായഭിന്നത പലതിലും ഉണ്ടായേക്കാം. ഒരേ അഭിപ്രായം തന്നെ എല്ലായിപ്പോഴും രണ്ടുപേർക്കിടയിൽ, അവരെത്ര വലിയ സുഹൃത്തുക്കളായാലും കമിതാക്കളായാലും സഹോദരങ്ങളായാലും ഉണ്ടാകണമെന്നില്ല. പരസ്പരം അഭിപ്രായം പറഞ്ഞ് വഴക്കിട്ടെന്നിരിക്കാം, ഇറിറ്റേറ്റ് ചെയ്യിച്ചെന്നുമിരിക്കാം. പക്ഷെ അതുകൊണ്ടൊന്നും തന്നെ നിങ്ങൾക്കിടയിലെ സ്നേഹവും സ്വാതന്ത്ര്യവും ബഹുമാനവും റദ്ദ് ചെയ്യപ്പെടുന്നില്ല. നിങ്ങൾക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യണം. അതിനെ ചൊല്ലിയും ഒരുപക്ഷെ തർക്കിച്ചേക്കാം. അതിനർത്ഥം നിങ്ങൾ നിരന്തരം തർക്കിച്ചുകൊണ്ടേയിരിക്കുമെന്നല്ല. ഇനി അഥവാ നിങ്ങൾ തർക്കിക്കുന്നുവെങ്കിൽ തന്നെ അതിനർത്ഥം അതിനുള്ള സ്വാതന്ത്ര്യം, ഇടം നിങ്ങൾക്കിടയിൽ ഉണ്ടെന്നാണ്. ആ സ്വാതന്ത്ര്യം മറ്റേയാൾ നിങ്ങൾക്ക് നൽകുന്നുവെന്നത് തന്നെയാണ് നിങ്ങൾക്കിടയിലെ ഏറ്റവും വലിയ ബ്ലസ്സിങ്. 

വിഷമം വരുമ്പോൾ, സന്തോഷം വരുമ്പോൾ ഓടിച്ചെന്ന് പറയാൻ നമ്മൾ ആദ്യം തിരഞ്ഞെടുക്കുന്നത് ആ അയാളെയായിരിക്കും. എന്തുണ്ടെങ്കിലും മറ്റാരോടും പറയാനാവാത്തതും തന്നോട് പറയുമെന്ന് ഒരാൾ വിശ്വസിക്കുന്നത് ഈ സ്വാതന്ത്ര്യത്തിൻറെ പുറത്താണ്. അങ്ങനെ  ഒരാളില്ലാതാകുമ്പോളാണ് മനുഷ്യൻ ഒറ്റപ്പെടലിൻറെ, വിഷാദത്തിൻറെ പടിചവിട്ടാൻ തുടങ്ങുന്നത്. 

ചിലപ്പോഴെല്ലാം പെട്ടെന്ന് അത്തരത്തിലുള്ളൊരാൾ ഒന്നും പറയാതെ മൌനിയാകുമ്പോഴാണ് നമ്മൾ ഏറ്റവും അധികം വേദനിക്കുക. മറ്റുള്ളവർ നമ്മെ എത്ര മനസിലാക്കിയെന്ന സംശയം - അനാവശ്യമായ സംശയം - ഉയരുമ്പോളാണ് നമ്മുടെ സ്പെയിസ് ഇല്ലാതായി എന്ന് പലപ്പോഴും നമ്മൾക്ക് അനുഭവപ്പെടുക.  നമ്മളിടങ്ങൾ പലപ്പോഴും നഷ്ടമാകുന്നത് അപ്പോഴാണ്.   

നിങ്ങളെ മനസിലാക്കുന്നയാൾ ഒരിക്കലും നിങ്ങളുടെ സ്പെയിസ്, നിങ്ങളോടുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കില്ല, അത് നിഷേധിക്കില്ല. അങ്ങനെ ചെയ്യുന്നുവെങ്കിൽ അവർ നിങ്ങളെ മനസിലാക്കിയിട്ടില്ല എന്നർത്ഥം. 

സ്വാതന്ത്ര്യമെന്നത് ഒരാൾ നമുക്ക് നൽകുന്ന ഔദാര്യമല്ല, ദയയല്ല, സഹാനുഭൂതിയുമല്ല. അതൊരു പരസ്പരവിശ്വാസവും ബഹുമാനവുമാണ്. അത്  ഇല്ലെന്ന് ബോധ്യപ്പെടുമ്പോൾ ആ ഇടത്തിൽ നിന്ന് ബഹളങ്ങളില്ലാതെ ഇറങ്ങിപോകാനും കൂടിയുള്ളതാണ് നിങ്ങളുടെ സ്വാതന്ത്ര്യം.