ഉർവിയിൽ രാത്രിമുഴുവനും മഴ പെയ്തുകൊണ്ടേയിരുന്നു.
ടെൻറിലെ സഹമുറിയനായ അഷറഫ് ഇക്കയോട് കുറേ നേരം സംസാരിച്ചശേഷമായിരുന്നു ഉറങ്ങിയത്. സാധാരണഗതിയിൽ മറ്റൊരാളുമായി മുറി പങ്കിടുകയെന്നത് വലിയ ബുദ്ധമുട്ടുള്ള ഒന്നാണെങ്കിലും എന്തോ ഇക്കയുമായി പെട്ടെന്ന് തന്നെ ജെല്ലായി. ടെൻറിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അദ്ദേഹം സമ്മാനിച്ച പുഞ്ചിരിയായിരിക്കാം ഒരുപക്ഷെ ആശങ്കകൾ അകറ്റിയത്.
ടെൻറിന് മുകളിൽ മഴതുള്ളികൾ പതിക്കുന്ന ശബ്ദം ഉറക്കത്തെ പലപ്പോഴും തടസപ്പെടുത്തി. മഴകനക്കുന്നതിനൊപ്പം തന്നെ വെള്ളചാട്ടത്തിൻറെ ശബ്ദവും കൂടിക്കൊണ്ടിരുന്നു. സമീപത്ത് എവിടെയോ ആണ് വെള്ളച്ചാട്ടം എന്ന് തീർച്ച. രാത്രി ആയതിനാൽ വരുമ്പോൾ അത് കാണാനായില്ല.
പുലർച്ച ആറര ആയപ്പോൾ തന്നെ എഴുന്നേറ്റ് ടെൻറിൻറെ കവാടം തുറന്നു. പുറത്ത് മൊത്തം കോടമഞ്ഞാണ്. നേരെ കണ്ണുതുറന്നത് വെള്ളച്ചാട്ടത്തിൻറെ മനോഹാരിതയിലേക്ക്. ഇത്രയും അടുത്തായിരുന്നോ വെള്ളച്ചാട്ടമെന്ന് അറിഞ്ഞത് അപ്പോൾ മാത്രമായിരുന്നു. അമ്പതടിയിലേറെ പൊക്കത്തിൽ നിന്നാവണം ആ വെള്ളം താഴേക്ക് പതിക്കുന്നത്. രണ്ട് ദിവസം നിർത്താതെ പെയ്യുന്ന മഴയായതിനാൽതന്നെ വെള്ളത്തിൻറെ അളവും കൂടുതലാണ്.
പതിയെ പുറത്തിറങ്ങി.
രതിയെ വിളിച്ചുണർത്തി ബാഗിൽ നിന്ന് ബ്രഷും പേസ്റ്റുമെടുത്ത് പുറത്ത് കറങ്ങി നടന്നു. അപ്പോഴേക്കും വിനയ് ഉണർന്ന് പുറംകാഴ്ച്ചകളിൽ മുഴുകി ധ്യാനത്തിലെന്നപോലെ നിൽക്കുന്നു. ഇക്കയും കൂടെ ചേർന്നു. ഉർവിയിൽ ആരും ഉണർന്നിട്ടില്ല. ചായവല്ലതും വെക്കണമെങ്കിൽ അവർ ഉണർന്ന് അടുക്കള തുറക്കണം. രാവിലെ 7 മണിക്ക് വർക്ക് ഔട്ടും 8 മണിക്ക് മെഡിറ്റേഷനും എന്നാണ് ഉർവിയുടെ ചിട്ട. എന്നാലിന്ന് - ഞങ്ങളുകാരണമാണോ എന്തോ - അവരതിൽ മാറ്റം വരുത്തി, എല്ലാം 9 മുതലാക്കി.
വൈകാതെ രതിയും സൌമ്യയും കൂടെ ചേർന്നു. അട്ടയെ ഭയന്ന് യാത്രകൾ തന്നെ വെറുത്തുപോയെന്ന് തോന്നുന്നു കീർത്തി. 8 ഏക്കറുള്ള ഉർവിയുടെ പലഭാഗത്തും ടെൻറുകൾ കാണാം. അതിനുള്ളിലാണ് ഈ കമ്മ്യൂണിറ്റിയിലെ എല്ലാവരും രാത്രി തങ്ങുന്നത്. ഫാനോ എസിയോ സൃഷ്ടിക്കുന്ന കൃത്രിമ തണുപ്പിൽ നിന്ന് മാറി പ്രകൃതിയുടെ ശബ്ദത്തിലലിഞ്ഞ് സ്വസ്ഥമായുള്ള നിദ്ര.
മുന്നിൽ കണ്ട നനഞ്ഞ്, ചളിയിൽ പുതഞ്ഞ് കിടക്കുന്ന നടവഴികളിലൂടെയെല്ലാം നടന്നു. ഇതിനിടെ കുറുമി എന്ന് പേരിട്ട നായ ഒപ്പം കൂടി. പെൺപട്ടിയാണ്. അവൾക്കെപ്പോഴും ചൂട് വേണം. ഒന്നുകിൽ നമ്മളുടേത്, അല്ലെങ്കിൽ അടുപ്പിൻറെ ചൂട്. ഓടിവന്ന് അവൾ ചാടിമടിയിൽ കയറിയതോടെ ഉടുപ്പെല്ലാം ചളിയായി. സ്നേഹത്തിൻറെ അടയാളമാണതെല്ലാം. എപ്പോഴും വൃത്തിയോടെ, ശുഭ്രമായിരിക്കുന്ന ഒന്നല്ലല്ലോ സ്നേഹവും ഇഷ്ടവുമെല്ലാം. സ്നേഹം മൂത്ത് ശരീരത്തിലും മനസിലും നമ്മൾ ഏൽപ്പിക്കുന്ന ക്ഷതങ്ങളും മുറിവുകളുമെല്ലാം അതിൻറെ അടയാളങ്ങളല്ലേ.
നിറഞ്ഞൊഴുകുന്ന തോടിന് സമാന്തരമായി നടന്നു. അപ്പോഴേക്കും കാലിൽ നിറയെ അട്ടകൾ. അങ്ങനെ അട്ടകൾക്ക് തീറ്റകൊടുത്ത് നടന്ന് ഒരു പുൽമേടിലെത്തി. അവിടെ അൽപ്പം മുകളിലായി ഒരു ഊഞ്ഞാൽ. എല്ലായിടത്തും വഴികാട്ടിയായി കുറുമിയുണ്ട്. അവാളാണ് ഇവിടേക്കും വഴി നടത്തിയത്. പുൽമൈതാനത്ത് നിന്ന് ഉയർന്ന പ്രദേശത്താണ് ഊഞ്ഞാലുള്ളത്. അവിടേക്ക് കയറാൻ ഒരു മരത്തിൻറെ കോണിയുണ്ട്. അതിൽ വലിഞ്ഞ്കേറി ഊഞ്ഞാലിനരികിലെത്തി. പിന്നെ ഫോട്ടോയെടുപ്പായി, കളിചിരിയായി. കുറുമിയാകട്ടെ ഒരു പന്തും കടിച്ച് പിടിച്ച് അവളുടെ ലോകത്തും.
കറക്കമെല്ലാം കഴിഞ്ഞ് തിരിച്ച് ഉർവിയിലെത്തുമ്പോൾ അവിടെ സ്ട്രച്ചിങ് എക്സർസൈസുകൾ നടക്കുന്നു. ഉർവിയുടെ സ്ഥാപകനായ ബോധിയാണ് നേതൃത്വം നൽകുന്നത്. ഞങ്ങളും ചേർന്നു. വിവിധ തരം പുഷ് അപ്പുകൾ ബോധി പരിചയപ്പെടുത്തി. കഠിനമായിരുന്നെങ്കിലും വല്ലാത്ത എനർജി നൽകുന്നതായിരുന്നു. സ്ട്രച്ചിങ്ങിന് ശേഷം ഗദ ഉപയോഗിച്ചുള്ള കസർത്തുകളായി. പലഭാരത്തിലുള്ള ഗദകൾ. ശരീരം മൊത്തം വലിച്ചിളക്കി ഒരുവിധമായിപ്പോൾ തളർന്ന് ഇരിപ്പായി. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് എത്തി.
വട്ടത്തിലിരുന്ന് മൌന പ്രാർത്ഥനയ്ക്ക് ശേഷം ഭക്ഷണം വിളമ്പി. പയർ വർഗങ്ങൾ മാത്രം ഇട്ട് വേവിച്ച പ്രാതൽ. ഒപ്പം കുടിക്കാൻ റാകി കുറുക്കിയതും. പറയാതെ വയ്യ, വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഇതിനൊപ്പം തന്നെ സംഭാഷണവും ആരംഭിച്ചു.
എന്താണ് ധ്യാനം,എന്താണ് ഈഗോ, എന്തിനെയാണ് ഒരുവൻ തേടുന്നത്. രതിയും ബോധിയും തമ്മിൽ ചൂടേറിയ ചർച്ച. ഒരുവൻ എങ്ങനെ അവൻറെ ഈഗോയെ അകറ്റിനിർത്തും, ഒന്നിലും ഇടപെടാതെ ഒരുവന് എങ്ങനെ കഴിയാൻ സാധിക്കും...അങ്ങനെ ചോദ്യവും ഉത്തരവും മറുചോദ്യവുമെല്ലാം നീണ്ടു.
"ഇന്ന് ഈ നിമിഷം വരെയുള്ള തിരച്ചിലിൽ താങ്കൾ ആരാണ് ബോധി....?"
ചോദ്യത്തിന് മുന്നിൽ കുറച്ച് സമയം ആലോചിച്ചിരുന്നു, പിന്നാലെ ബോധി പറഞ്ഞു.
" ഇവിടെ കുറേ കുമിളകൾ ഉണ്ടെന്ന് കരുതുക. അതിനുമുകളിൽ വേറെയും കുമിളകൾ. അതിലെന്നിലേക്ക് വീഴുന്ന വെളിച്ചം ആ കുമിളകളെ എല്ലാം പ്രകാശിപ്പിക്കും. ആ വെളിച്ചം സ്വയം പ്രകാശിക്കുകയും ചെയ്യും. ആ വെളിച്ചമാണ് ഞാൻ..."
(ഉത്തരം വളരെ രസകരമായി തോന്നിയെങ്കിലും എനിക്ക് ദഹിച്ചിട്ടില്ല.)
പുറത്ത് അപ്പോഴും മഴപെയ്യുന്നു. പുറത്തിറങ്ങി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയെന്നത് അസാധ്യമായി. അതിനാൽ വെള്ളചാട്ടം കാണാൻ പോകാമെന്നായി. മഴയത്തെ അസഹനീയമായ തണുപ്പ് കാരണം ആദ്യം വെള്ളച്ചാട്ടത്തിൽ കുളിക്കണോയെന്ന് പലരും സംശിയിച്ചെങ്കിലും ഒടുവിൽ കുളിക്കാൻ തന്നെ തീരുമാനിച്ചു. ചെളിനിറഞ്ഞ പാതയിലൂടെ ഒരുമിച്ച് വെള്ളച്ചാട്ടത്തിലേക്ക് നടന്നു. കൂട്ടിന് ഉർവിയിലെ അന്തേവാസിയായ അനുഗ്രഹും വന്നു.
മുകളിൽ നിന്ന് പലതട്ടുകളായി വീഴുന്ന വെള്ളച്ചാട്ടം താഴയെത്തുമ്പോൾ രണ്ട് ദിശകളിലേക്ക് തിരിയുന്നു. ആദ്യം ഇടത് വശത്തെ ചെറിയ വെള്ളചാട്ടത്തിലേക്കാണ് അനുകൊണ്ടുപോയത്. കാരണം അവിടെയാണ് കൂടുതൽ സുരക്ഷിതം. അവിടെ കുത്തിവീഴുന്ന വെള്ളത്തിന് താഴെ എത്രതവണ പോയി നിന്നെന്ന് ഓർമയില്ല. ശുദ്ധമായ വെള്ളത്തിന് കീഴിൽ ശരീരവും മനസും നനച്ച് അങ്ങനെ...
പിന്നാലെ പാറകെട്ടുകൾക്കിടയിലെ ഒഴുക്കുവെള്ളവും ചാടികടന്ന് വലിയ വെള്ളചാട്ടത്തിന് കീഴേക്ക്. അവിടെയിരുന്നു കുളിച്ചു. നല്ല തണുപ്പുകാരണം വിറക്കാൻ തുടങ്ങി. ശരീരത്തിലെ ഓരോ മസിലുകളും വിറയാർന്ന് നൃത്തംവെയ്ക്കാൻ തുടങ്ങി. ഒരുമണിക്കൂറോളം നീണ്ടു നിന്നു വെള്ളച്ചാട്ടത്തിലെ കുളി.
തിരികെ ഉർവിയെത്തി വട്ടംവളഞ്ഞിരുന്നു. വെള്ളത്തിലെ കളികൾ കാരണമാവണം നല്ല വിശപ്പ്. പ്രാതൽ വൈകിയതിനാൽ തന്നെ ഉച്ചഭക്ഷണവും വൈകി. മൂന്ന് മണിയായി ഭക്ഷണം വിളമ്പുമ്പോൾ. പുലാവ് ആയിരുന്നു. കമ്മ്യൂണിറ്റിയിലെ ആളുകൾ തന്നെയാണ് ഊഴമിട്ട് ഭക്ഷണം തയ്യാറാക്കുന്നതുമെല്ലാം. കമ്മ്യൂണിറ്റിയിൽ നമ്മൾ ചെയ്യേണ്ടുന്ന ഓരോ ജോലിക്കും കൃത്യമായ അസൈനമെൻറുകൾ ഉണ്ട്. അടുത്തദിവസത്തേക്കുള്ള ചുമതലകൾ തലേന്നാൾ രാത്രി എല്ലാവരും ചേർന്ന് തീരുമാനിച്ച് ബോർഡിൽ എഴുതിയിടും. വേണമെങ്കിൽ അതിഥികൾക്കും അവർക്കൊപ്പം ചേരാം.
ഭക്ഷണത്തിന് ശേഷം ഇനി കളികളുടെ സമയമാണ്. മഴയായതിനാൽ തന്നെ അകത്തിരുന്നുള്ള കളികൾ മാത്രമേ സാധിക്കു. മാഫിയ കളിക്കാനായിരുന്നു തീരുമാനം. ആദ്യമായിട്ടാണ് ആ കളിയെകുറിച്ച് കേൾക്കുന്നത് തന്നെ. ബോധിയും തേജയും കളി വിവരിച്ചുതന്നു.
ഒരു ഗ്രാമത്തിലെ ഓരോ രാവും പുലരുന്നത് ഒരാളുടെ കൊലപാതക വാർത്തയോടെയാണ്. മാഫിയ ആളുകളെ രാത്രിയിൽ കൊല്ലുന്നു, ഡോക്ടർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു, ചിലപ്പോൾ വിജയിക്കുന്നു, ഡിറ്റക്ടീവ് മാഫിയകളെ കണ്ടെത്തുന്നു. നേരം പുലരുമ്പോൾ ഗ്രാമവാസികൾ എല്ലാവരും ചേർന്ന് വാദിച്ചും പ്രതിരോധിച്ചും വോട്ടിട്ട് മാഫിയകളെ ഒന്നൊന്നായി പുറത്താക്കുന്നു. പുറത്താക്കപ്പെടുന്നവരിൽ നിഷ്കളങ്കരും എന്തിന് ഡോക്ടറും ഡിറ്റക്ടീവുമെല്ലാം കാണും. ആരെല്ലാം എന്തെല്ലാമാണ് എന്ന് അറിയുന്നത് ദൈവത്തിന് മാത്രം.
രണ്ട് തവണ കളിച്ചു. മാഫിയ ആഞ്ഞുപിടിച്ചതിനാൽ രണ്ടാമത്തെ മത്സരത്തിൽ ഡിറ്റക്ടീവായ ഞാൻ ആദ്യമേ കളംവിടേണ്ടി വന്നു. പിന്നെ പുറത്തിരുന്ന് കളി ആസ്വദിക്കലായിരുന്നു. വൈകാതെ സൌമ്യയും പുറത്തായി വന്നതോടെ രസമായി.
ഒരുവൻറെ ഏകാഗ്രതയേയും നിരീക്ഷണപാടവത്തേയും പരീക്ഷിക്കുന്ന ഗെയിമാണ് മാഫിയ. ഒരു നേരിയ ചലനം, പതിഞ്ഞ ശബ്ദം, കണ്ണുകളിലെ മാറ്റം എന്നിവയെല്ലാം അപഗ്രഥിച്ചാണ് കള്ളനെ പിടികൂടുന്നത്.
കളി കഴിഞ്ഞപ്പോൾ ഏറെ വൈകി. അതോടെ അത്താഴമൊരുക്കലും. അത്താഴമാവുന്നതിൻറെ ഇടവേളയിൽ ടെൻറിലേക്ക് മടങ്ങി. നാളെ രാവിലെ തന്നെ മടങ്ങണം, അതിനാൽ ബാഗ് പാക്ക് ചെയ്യണം. ബാഗെല്ലാം പാക്ക് ചെയ്ത് ഒന്ന് വി ശ്രമിച്ചശേഷം വീണ്ടും ഉർവിയിലേക്ക്.
ഉർവിയിൽ നിന്ന് ഗിറ്റാറിൻറെ ശബ്ദം ഒഴുകിവരുന്നു. അവിടെ സംഗീതത്തിൻറെ സമയമായി. പലരും നന്നായി പാടുന്നു, മറ്റുള്ളവർ സംഗീതം ആസ്വദിക്കുന്നു. ഏതെല്ലാം ഭാഷകളിൽ അവർ പാടി..
തമിഴ്, ഹിന്ദി, തെലുഗു, മലയാളം, ഉറുദു,ഇംഗ്ലീഷ്...പിന്നെ ജാപ്പനീസും.
അയൂമി എന്ന ടോക്കിയോക്കാരിയാണ് ജാപ്പനീസ് സംഗീതം പരിചയപ്പെടുത്തിയത്. പഠനത്തിന് ശേഷം ലോകം ചുറ്റുന്നതിനിടെ ഇവിടെ യാദൃശ്ചികമായി എത്തിചേർന്ന അയൂമി പിന്നീട് വീണ്ടും ഇങ്ങോട്ടേക്ക് തിരികെ വരികയായിരുന്നു. ഇപ്പോൾ ഉർവിയിലെ കമ്മ്യൂണിറ്റിക്കൊപ്പം അയൂമിയും. പാട്ട് പാടുന്നതിനൊപ്പം തന്നെ ആക്ഷനും കൊണ്ട് അയൂമി ആ പാട്ടനുഭവം മനോഹരമാക്കി. പാടുക മാത്രമല്ല, നന്നായി ഓടക്കുഴൽ വായിക്കുകയും ചെയ്യും അയൂമി.
പാട്ടിനൊടുവിൽ അത്താഴമെത്തി. സൂപ്പും ബ്രഡും മുട്ടയുമായിരുന്നു അന്നത്തെ അത്താഴം. അത്താഴത്തിന് ശേഷം അൽപനേരം കൂടി സംസാരിച്ചിരുന്നു.
പുറത്ത് തണുപ്പ് ഏറുന്നു. മഴ ഏറെകുറെ മാറിക്കഴിഞ്ഞു. നാളെ മുതൽ മാനം തെളിഞ്ഞിരിക്കുമെന്ന് ബോധി പറഞ്ഞപ്പോൾ തെളിവെയിലിൽ ഉർവിയുടെ സൌന്ദര്യം ആസ്വദിക്കാനാവാത്തതിൻറെ നിരാശയായിരുന്നു പലരിലും. തെളിഞ്ഞുതുടങ്ങിയ ആകാശത്ത് ചന്ദ്രനും വ്യാഴവും വേട്ടക്കാരനുമെല്ലാം പ്രത്യക്ഷപ്പെട്ടു. അന്നത്തെ രാത്രിയിലെ (ഡിസം 14,2024) ഉൽക്കകളുടെ ആകാശദൃശ്യം കാണാനാവുമെന്ന പ്രതീക്ഷയേറി. പലരും ക്ഷീണിച്ചിരുന്നു, കഠിനമായി തുടങ്ങിയ തണുപ്പിൽ ആ ക്ഷീണം എല്ലാവരേയും വേഗത്തിൽ ഉറക്കി. ആരും ഉൽക്കയുടെ ദൃശ്യങ്ങൾ കാണാനായി രാത്രിയിൽ ഉണർന്നില്ല.
അവസാനദിവസം രാവിലെ ഉണരുമ്പോൾ ആകാശത്ത് സൂര്യവെളിച്ചം. കിഴക്കേ മലയുടെ മുകളിൽ സ്വർണനിറം . വെള്ളച്ചാട്ടവും ഗിരിപർവ്വങ്ങളും മരങ്ങളും നീലാകാശവുമെല്ലാം തെളിഞ്ഞുകാണാം. സൂര്യരശ്മികൾ നേരിട്ട് പതിക്കാൻ തുടങ്ങിയതോടെ പുല്ല് മേഞ്ഞ കുടിലുകളുടെ മുകളിൽ നിന്ന് ആവി പറക്കാൻ തുടങ്ങി.
ഇനി മടങ്ങാനുള്ള സമയമാണ്.
ബ്രേക്ക്ഫാസ്റ്റിന് മുന്നോടിയായി മെഡിറ്റേഷൻ ചെയ്തു. കഴിഞ്ഞ ദിവസം ഉർവിയിലെ മെഡിറ്റേഷൻ തന്നെ മുടങ്ങിയിരുന്നു.
(ഞങ്ങളുടെ വരവോടെ ഉർവിക്കാർ അത് പോലും മറന്നുവെന്നായിരുന്നു ഞങ്ങൾക്കിടയിലെ കളിയാക്കൽ)
അവസാനദിവസത്തെ പ്രാതൽ - പൊങ്കലും റാകി കുറുക്കിയതും പിന്നെ പാഷൻ ഫ്രൂട്ടും- കഴിച്ചശേഷം ചെറിയകുശലം പറച്ചിൽ.
ഉർവിയിലെ മഴദിനങ്ങളുടെ ഓർമയ്ക്കായി പിന്നെ എല്ലാവരും ചേർന്നൊരു പടം എടുത്തു. ഹരിയെന്ന് ആധാറിൽ പേരുള്ള ബോധി,ബോധിയുടെ അനുജൻ ജെയ്കുട്ടൻ, എംബിബിഎസ് വിദ്യാർത്ഥിനിയായ പുൽപ്പള്ളിക്കാരി സ്നേഹ, കണ്ണൂർ സ്വദേശിയായ അനു, വിശാഖപട്ടണത്ത് നിന്ന ജോലി രാജവെച്ച് ഉറുവിയിലെത്തിയ ഗാതം, ബോധിയുടെ സഹപാഠിയായ തേജസ് എന്ന തേജു, അയൂമി, തേജ, കോഴിക്കോട് നിന്ന് എത്തിയ ജാബിറും മനാഫും പിന്നെ ഞങ്ങൾ ആറ് പേരും.. അങ്ങനെ സ്നേഹത്തിൻറെ, സൌഹൃദത്തിൻറെ പങ്ക്പറ്റിയവർ എല്ലാവരും ഒറ്റ ഫ്രെയിമിൽ. ഡീപ് ലൌ സെഷന് വീണ്ടും വരണമെന്ന ക്ഷണം.
പരസ്പരം പുണർന്ന് എല്ലാവരോടും യാത്ര..
വെട്രിയോടും കുറുമിയോടും കാലിൽ നക്കുമെങ്കിലും ഒട്ടും അടുപ്പിക്കാത്ത രാജയെന്ന എട്ടുമാസം പ്രായമുള്ള ബെൽജിയം മലിനോയിസ് ഡോഗിനോടും യാത്രപറഞ്ഞു.
ഇരുവശത്തും ചെഞ്ചീരകൾ നിറഞ്ഞ, കാറ്റാടി മരംവെട്ട് അതിരുതീർത്ത മൺപടികളിലൂടെ പടിയിറക്കം. മരപ്പാലവും കടന്ന് തിരികെ കാട്ടിൽ നിന്ന് പുറം ലോകത്തേക്ക്. മനസിൽ നിറയെ ഉർവിയുടെ സൌന്ദര്യമുണ്ട്, വെള്ളച്ചാട്ടത്തിൻറെ, അരുവിയുടെ ഒഴുക്കുണ്ട്. കാലിൽ നിറയെ അട്ടപകർന്നെടുത്ത സ്നേഹത്തിൻറെ പാടുകളുണ്ട്, ചൊറിച്ചിലുണ്ട്.
അതിലേറെ, എവിടെയോ ഒരു കരട് പോലെ നിരാശയും സങ്കടവും....
🥰🥰❤️❤️ ഒരു വട്ടം കൂടി പോയതു പോലെ...
ReplyDeleteഎത്ര നന്നായി എഴുതിയിരിക്കുന്നു 👏👏👏
Nice ♥️
ReplyDelete❤️❤️
ReplyDelete