കമ്പാർട്ട്മെൻറിൽ വലിയ തിരക്കില്ല. മുന്നിലെ സീറ്റിലെ രണ്ട് പേർക്ക് പുറമെ അങ്ങിങ്ങായി നാലോ അഞ്ചോ പേർ മാത്രമുണ്ട് യാത്രചെയ്യാൻ.
നേരം രാത്രിയാകുന്നതേയുള്ളു. നല്ല തണുപ്പ്.
ഉള്ളിൽ ചെറിയ പനിയുള്ളതിനാലാവണം പുറത്തുനിന്ന് അടിക്കുന്ന ചെറിയകാറ്റിൽ പോലും വല്ലാതെ വിറയൽ അനുഭവപ്പെടുന്നത്.
ചുറ്റിലുമുള്ള ജനവാതിലുകളും അടച്ച് ബാഗിലുണ്ടിയിരുന്ന ചെറിയ ഷാൾ എടുത്ത് പുതച്ചു. എന്നിട്ടും തണുപ്പ് മാറാത്തപോലെ.
കൊവിഡ് കാലമായതിനാൽ തന്നെ ചെറിയ ആശങ്കയുണ്ട്. ജാഗ്രത പാലിക്കണമെന്ന് എത്രതന്നെ സ്വയം പറഞ്ഞാലും ശ്രമിച്ചാലും പാളിപോകുന്ന ചിലസമയങ്ങളുണ്ടാകും. അതുമതി സ്ഥിതി മാറിമറിയാൻ. മുന്നിലെ യാത്രക്കാരിൽ ഒരാൾ മാസ്ക്ക് താടിക്കാണ് ഇട്ടിരിക്കുന്നത്. മറ്റേയാളാകട്ടെ ഇട്ടിട്ടേയില്ല. പരസ്പരം പുണർന്ന് കളിയും ചിരിയുമായി ഇരിക്കുകയാണ് ഇരുവരും.
ഏറെ നേരം നെറ്റ്ഫ്ലിക്സിലും പിന്നീട് പുസ്തകത്തിലും തലപൂഴ്ത്തിയിരുന്നിട്ടും നേരം കടന്നുപോകാത്തത് പോലെ. തീവണ്ടി കൃത്യസമയം പാലിച്ചാണ് ഓടുന്നതെങ്കിലും വേഗത പോരാത്തത് പോലെ. വേഗത്തിൽ എത്തിച്ചേരാനുള്ള ഇടം മാത്രമായിരുന്നു മനസിൽ. ഇറങ്ങാനുള്ള സ്റ്റോപ്പല്ല, മറിച്ച് അവിടെ സ്വീകരിക്കാനായി എത്തുന്ന ആളിലായിരുന്നു ചിന്തകൾ മുഴുവനും. ഒരുമിച്ചൊരു ചൂടുകാപ്പി കുടിക്കാൻ, അവസാനം കണ്ട് പിരിഞ്ഞതിനു ശേഷമുള്ള ഓരോ വിശേഷവും പങ്കുവെക്കുവാൻ, വിഷമങ്ങളുടെ, വേദനകളുടെ ഭാണ്ഡകെട്ട് ഇറക്കാൻ, അനുവാദമില്ലാതെ പൊടിഞ്ഞിറങ്ങുന്ന കണ്ണീർതുള്ളികൾ തോളിൽ ചാരി തുടയ്ക്കാൻ, നമ്മെ അറിയുന്ന, പറയാതെ തന്നെ നമ്മെ മനസിലാക്കുന്ന ആ ഒരാൾ, മുൻവിധികളോ പ്രതീക്ഷകളോയില്ലാതെ നമ്മെ സ്വീകരിക്കൊനൊരുവൻ, കരയാനൊരു തോൾ എന്നതിലുപരി താങ്ങാവാനൊരു തോൾ എന്നതാണ് ഈ ബന്ധത്തിൻറെ കരുത്ത്. അതൊരുഭാഗ്യമാണ്. അത്തരമൊരാൾ കാത്ത് നിൽക്കാൻ ഉണ്ടെന്നത് തന്നെ ഏതൊരുയാത്രയ്ക്കും വേഗതപോരെന്ന് വെറുതെയെങ്കിലും തോന്നിപ്പിക്കും. അതൊരു പ്രണയം ഒന്നുമാകണമെന്നില്ല. പ്രണയത്തിനുമപ്പുറമാണ് അവ. ഒരു പേരിട്ട് അതിൻറെ അതിർവരമ്പുകളിൽ തളച്ചിടപ്പെടാനാവാത്തതാണ് അത്തരം ബന്ധങ്ങൾ.
ഇങ്ങോട്ടുള്ള യാത്ര തുടങ്ങിയത് തന്നെ തിരിച്ചുള്ള ഈ യാത്രയ്ക്ക് വേണ്ടിയായിരുന്നു എന്ന് പറഞ്ഞാലും തെറ്റല്ല. ദീർഘവും ഹ്രസ്വവുമായ ഓരോ യാത്രയ്ക്കൊടുവിലും നമ്മൾ കാലൂന്നി ഇറങ്ങുന്നത് സ്ഥലങ്ങളിലേക്കല്ല, അവിടെ നമ്മെ കാത്തിരിക്കുന്നവരുടെ ഹൃദയത്തിലേക്കാണ്.
മണിക്കൂറുകളോളം സമാന്തരപാളങ്ങളിലൂടെ കൂകി കിതച്ച് തീവണ്ടി പ്ലാറ്റ് ഫോമിൽ വന്ന് നിന്നപ്പോൾ തന്നെ കാലുകൾ ചിന്തകളേക്കാൾ വേഗത്തിൽ ചലിച്ചു. കാത്തിരുന്ന, നമ്മെ കാത്തിരിക്കുന്ന ആ ഇടത്തിലേക്ക് ഓടിയെത്താനുള്ള വ്യഗ്രത. ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ കാത്തുനിൽക്കുന്നവനിലേക്ക് അകലെ നിന്നേ കരങ്ങൾ നീട്ടി ഓടിയെത്തുമ്പോൾ മനസിനുള്ളിൽ അണതീർത്ത് തടഞ്ഞ അനേകായിരം സങ്കടങ്ങൾ ഇല്ലാതാവുന്നത് അറിയുന്നു. പനിയും ക്ഷിണവും വിശപ്പുമെല്ലാം വെറും തോന്നലായി മാറിയത് പോലെ.
വാഹനത്തിലേറി നഗരപാതയിലൂടെ നക്ഷത്രങ്ങൾ ചിതറി കിടക്കുന്ന ആകാശം നോക്കി യാത്രയാകവെ എങ്ങോ ഒളിഞ്ഞിരുന്ന സന്തോഷം പതിയേ വെളിച്ചത്തിലേക്ക് നടന്നുകയറുന്നപോലെ...
🤩🤩🤩🤩
ReplyDelete