Search This Blog

Showing posts with label ഒറ്റപ്പെടൽ. Show all posts
Showing posts with label ഒറ്റപ്പെടൽ. Show all posts

Monday, 7 March 2022

അതിജീവനത്തിൻറെ ഇരുപത്തിയൊന്നുനാൾ

അനുഭവങ്ങളാണ്, ഓർമകളാണ് വലിയ സമ്പാദ്യം. നാല് പതിറ്റാണ്ടിന്റെ ഓർമകളുണ്ട്. ചെന്നൈയിലെ വീട്ടിൽ നിന്ന് ഇറങ്ങി അടുത്തതെരുവിലെ അങ്കിളിന്റെ വീട്ടിലേക്ക് ഓടിയ മൂന്ന് വയസുകാരന്റെ ഓർമ മുതൽ ഇങ്ങോട്ട് മാറാല പിടിച്ചും പിടിക്കാതെയും കിടക്കുന്ന വളപ്പൊട്ടുകളുടെ വലിയ ശേഖരം. വളപ്പൊട്ടുകൾ എന്ന് വിശേഷണം മനപ്പൂർവ്വമാണ്. കാരണം  ബഹുവർണത്തിലുള്ള മനോഹരങ്ങളായ വളപ്പൊട്ടുകൾ കൊണ്ട് കൈമുറിയാത്തവർ വിരളമായിരിക്കും. ഓർമകളിൽ ഏറെയും മുറിവേൽപ്പിക്കുന്നതാണ്. ഒട്ടും ഉണങ്ങാത്ത, ഏറെക്കാലമായി കെട്ടിപൊതിഞ്ഞുവെച്ച മുറിവുകൾ. തിയ്യതിയും സമയവും സംഭവങ്ങളുമെല്ലാം സിനിമയിലെ റീലുകൾ പോലെ തെറ്റാതെ ഇപ്പോഴും ഓടുന്നുണ്ട് തലയ്ക്കുള്ളിൽ. ചിലതൊക്കെ ചിലപ്പോഴൊക്കെ പലയിടങ്ങളിലായി കുറിച്ചുവെച്ചിരുന്നു. ചിലത് ശബ്ദമായി രേഖപ്പെടുത്തി. അവയെല്ലാം സ്വകാര്യശേഖരത്തിൽ തന്നെ ഇരിക്കട്ടെയെന്ന് കരുതിയതാണ്. പക്ഷെ അതെല്ലാം ഇപ്പോൾ എടുത്ത് പുറത്തിട്ടാലോയെന്നാണ് ചിന്ത. പിന്നീട് പറയാനൊത്തില്ലെങ്കിലോ? എത്രകരുതലോടെ സൂക്ഷിച്ചാലും ഓർമകളും ചിതലരിക്കും. മറവിരോ​ഗമോ മസ്തിഷ്ക്കമരണമോ പ്രവചനാതീതമല്ല.    

 മറ്റുള്ളവർ കൂടിചേരുമ്പോളാണ് എല്ലാ ഓർമകളും ഉണ്ടാകുന്നത് എങ്കിൽക്കൂടിയും, എന്റെ ഓർമകളെല്ലാം എന്റെ മാത്രം ഓർമകളാണ്. അതിനാൽ തന്നെ ഇതെല്ലാം തുറന്നെഴുതുമ്പോൾ ആരെയും വേദനിപ്പിക്കാനോ നൊമ്പരപ്പെടുത്താനോ ഉദ്ദേശിക്കുന്നുമില്ല. അതിനാൽ തന്നെ പേരുകളോ ഊരുകളോ ഇല്ല. 

മുറിവുകളാണ് ഓർമകളെന്ന് പറഞ്ഞുവല്ലോ, എന്റെ മുറിവുകൾ മാത്രമല്ല, ഞാൻ ഏൽപ്പിച്ച മുറിവുകളും അനവധിയുണ്ട്. ചിലരോടെങ്കിലും പലപ്പോഴായി തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസാരിച്ചിട്ടുണ്ട്. ചിലരോട് അതുമില്ല.  ഈ​ഗോയാകാം. മനുഷ്യനല്ലേ. എഴുതിയതും എഴുതുന്നതും എഴുതാനിരിക്കുന്നവയുമെല്ലാം എന്റെ മാത്രം ബോധ്യത്തിലും ബോധത്തിലുമുള്ളവയാണ്. കടമെടുത്ത അനുഭവങ്ങൾ ഒന്നുമില്ല. 

******

ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവരാൽ റിജക്ഷൻ - നിരാകരണം - ഏറ്റുവാങ്ങാത്തവ‍ർ ഉണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ നിരന്തരം അത് നേരിടേണ്ടിവന്നവർ എത്രകാണുമായിരിക്കും? വിട്ടുപോകാതെ നിങ്ങൾ നിങ്ങളോട് ചേർത്തുപിടിച്ചവർ തഴയപ്പെടുന്നത് അനുഭവിച്ചവർക്ക് മാത്രം വായിക്കാനാണിത്. അല്ലാത്തവർക്ക് ഇതെല്ലാം വെറും കഥമാത്രമായിരിക്കും, വെറും കെട്ടുകഥ.

തിരക്കേറിയ കൊച്ചി ന​ഗരത്തിൽ ഒരു ഫ്ലാറ്റിൽ, വാതിലും ജനലുകളും ബാൽക്കെണിയുമെല്ലാം അടച്ചിട്ട്, മൊബൈലും ഓഫ് ചെയ്ത്, ടിവിയോ ഇന്റ‍ർനെറ്റോ ഉപയോ​ഗിക്കാതെ പുറം ലോകത്ത് എന്ത് സംഭവിക്കുന്നവെന്നുപോലും അറിയാതെ, അറിയാൻ ശ്രമിക്കാതെ കഴിഞ്ഞുകൂടിയ 21 ദിവസങ്ങളുണ്ട് ഓർമയിൽ. മാർച്ചിലെ കൊടുംവേനലിൽ ഓരോ ദിവസവും ഉറങ്ങാതെ, രാവും പകലുമെല്ലാം മാറിമാറി വരുന്നത് വെയിലിന്റെ ​ഗതിമാറ്റത്തിൽ നിന്ന് മാത്രമറിഞ്ഞ് കഴിഞ്ഞ മൂന്നാഴ്ച്ചകൾ. വിഷാദം അഥവാ ഡിപ്രഷൻ എന്നത്  എന്താണെന്ന് അതിന്റെ പൂർണമായ അർത്ഥത്തിൽ അറിഞ്ഞശേഷം കഴിച്ചുകൂട്ടിയ ദിനങ്ങൾ. വർഷങ്ങൾക്ക് മുമ്പൊരിക്കൽ ഈ അനുഭവിക്കുന്നതിന്റെ പേരാണ് ഡിപ്രഷൻ എന്നറിയാതെ അതിന്റെ ആഴമളന്നിട്ടുണ്ട്. എന്നും ജിവിച്ച, ജിവിച്ചുകൊണ്ടേയിരിക്കുന്ന വാർത്തയുടെ ലോകത്ത് നിന്ന് ഒരുപക്ഷെ ഇന്നോളം മാറിനിന്നത് ആ ദിവസങ്ങളിൽ മാത്രമായിരിക്കണം. സുഖമില്ലെന്ന് പറഞ്ഞ് ആദ്യമായി ജോലിയിൽ നിന്ന് അവധിയെടുത്തതും അപ്പോഴാണ്. കട്ടൻചായയും ഇടയ്ക്ക് കഞ്ഞിയും  മാത്രം ഉണ്ടാക്കി കഴിച്ച് ഒരർത്ഥവുമില്ലാതെ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി. 21 ദിവസത്തിന് ശേഷം ആദ്യമായി ഡോർ തുറന്നപ്പോൾ പൊടിപിടിച്ച് മൂന്നാഴ്ച്ചത്തെ പത്രങ്ങൾ മലപോലെ വഴിമുടക്കി കിടപ്പായിരുന്നു. 


എന്തായിരുന്നു, എന്തിനായിരുന്നു ആ ഇരുപത്തിയൊന്ന് ദിവസങ്ങൾ സ്വയം കാരാ​ഗ്രഹവാസത്തിന് വിധിച്ചത്? ഒറ്റപ്പെടൽ തന്നെയാണ് ആ ഒറ്റയ്ക്കുള്ള അടച്ചിരിപ്പിന് കാരണമായത്. ചേർത്ത് പിടിച്ച ചിലർ ഒഴിവാക്കിയപ്പോൾ, ഏറെക്കാലമായി അടക്കിവെച്ചതെല്ലാം പൊട്ടിത്തെറിക്കുമെന്ന് തോന്നിയപ്പോൾ സ്വയം വിധിച്ചതായിരുന്നു അത്. പൊതുമധ്യത്തിലെന്നല്ല, സ്വകാര്യയിടത്ത് പോലും ​സ്ഥായീഭാവം വിടാതെ പോകാൻ വേണ്ടി, അങ്ങനെ സംഭവിക്കമെന്ന് തോന്നിയപ്പോൾ എടുത്ത കടുത്ത നടപടിയായിരുന്നു അത്. സ്വതവേ ക്ഷിപ്രകോപിയാണെങ്കിലും അകാരണമായി പോലും അസ്വസ്ഥനാവാൻ തുടങ്ങിയപ്പോൾ സ്വയം തീർത്ത പ്രതിരോധമായിരുന്നു ആ ക്വാറന്റൈൻ. നിരാകരണത്തിന്റെ വേദനയെന്തെന്ന് വീണ്ടും വീണ്ടും അനുഭവിക്കേണ്ടിവരുന്നത് അത്രസുഖകരമല്ല. മമ്പും പലകുറി, കുട്ടിക്കാലം മുതൽക്കേ അറിഞ്ഞിട്ടുണ്ട് അത്. അന്നൊക്കെ അനുഭവിച്ച സങ്കടവും ദേഷ്യവും വിങ്ങലുമെല്ലാം വിഷാദമാണെന്ന് പക്ഷെ അന്നറിയില്ലായിരുന്നു. ചെറുപ്പം മുതലേയുള്ള അത്തരം അനുഭവങ്ങൾ തന്നെയാണ് ഒരാളുടെ സ്വഭാവത്തിന് രൂപം നൽകുന്നത്. അതായിരിക്കണം ഒരുപക്ഷെ ദേഷ്യമെന്നത്, കൂസലില്ലായിമ എന്നത്, സ്ഥായീഭാവമായിമാറിയതിന് പിന്നിൽ. 

നഷ്ടങ്ങളാണ് നേട്ടങ്ങളേക്കാൾ കൂടുതലായി ജിവിതത്തിലുണ്ടായിട്ടുള്ളത്. നേട്ടങ്ങളെണ്ണാൻ വിരലുകൾ മതിയെങ്കിൽ നഷ്ടങ്ങളുടെ കണക്കെടുപ്പിന് കാൽക്കുലേറ്റർ തന്നെ വേണ്ടിവരും! കൂട്ടുക്കാ‍ർ, രക്തബന്ധങ്ങൾ, പ്രണയം, ജീവിതം, ...അങ്ങനെ എത്രയെത്ര നഷ്ടങ്ങൾ. ഈ​ഗോയിസ്റ്റുകളായ, വേർപിരിഞ്ഞ മാതാപിതാക്കളുടെ മക്കളായി ജനിച്ച എല്ലാകുഞ്ഞുങ്ങളും നേരിടുന്ന എല്ലാപ്രശ്നങ്ങളും അതിന്റെ അത്രതന്നെ മനോഹാരിതയിൽ അനുഭവിച്ചിട്ടുണ്ട്. ആരോടും പറയാതെ, പറയുന്നത് വലിയ നാണക്കേടായി കരുതി എല്ലാം അടക്കിവെച്ച് ആ കുഞ്ഞുങ്ങളൊക്കെ എത്രമാത്രം സഹിച്ചിട്ടുണ്ടാവണം? എത്രരാവുകൾ തലയിണകൾ ചേ‍ർത്ത് പിടിച്ച് വിങ്ങിയിട്ടുണ്ടാകണം?‌ അതെല്ലാം പലതും നിരസിക്കപ്പെടുന്നതിന്റെ കഠിനവേദനകളാണ് സമ്മാനിച്ചത്. അതെല്ലാം താണ്ടിയവന് പിന്നെ ജീവിതത്തിൽ കാണുന്നതെല്ലാം ചേർത്ത് പിടിക്കാനുള്ള വ്യ​ഗ്രതകൂടുതലാവും. അവിടെയും പരാജയപ്പെട്ടാലെന്ത് ചെയ്യും? ചിലർ മദ്യത്തിലോ മറ്റ് ലഹരികളിലോ അഭയം കണ്ടെത്തിയേക്കാം. ചിലർ വിഷാദത്തിന്റെ താഴ്വരയിൽ തന്നെ കുടുങ്ങി ചക്രശ്വാസം വലിച്ച് സ്വയം അവസാനിപ്പിച്ചിരിക്കാം. ജീവിക്കാനുള്ള ഭയമാണ് മരിക്കാനുള്ള ഭയത്തേക്കാൾ അത്തരക്കാരെ ഭയപ്പെടുത്തുന്നത്. മറ്റുചിലരാകട്ടെ ഉള്ളിലെ സ്വത്ത്വവുമായി പോരടിച്ച് പിടിച്ചുനിൽക്കാൻ ശ്രമപ്പെട്ട് സ്വന്തം വിഷാദത്തെ താൽക്കാലികമായെങ്കിലും തോൽപ്പിച്ചവരുമുണ്ടാകും. ഇതല്ലെ, ഇതിനപ്പുറവും ചാടികടന്നവനാണീ കെകെ ജോസഫ് എന്ന സിനിമ ഡയലോ​ഗിനെ തമാശരൂപത്തിലെങ്കിലും പറഞ്ഞ് സ്വയം ആശ്വസിപ്പിക്കുന്നുണ്ടാവണം. അങ്ങനെ ചാടിക്കടന്നാണ് ഒടുവിലാ ഫ്ലാറ്റിലെ മുറിയിൽ ഒതുങ്ങിക്കൂടിയത്. 

ഇരുപത്തിയൊന്ന് ദിവസത്തിന് ശേഷം പുറത്തിറങ്ങിയത് നല്ല ചിത്രശലഭമായിട്ടൊന്നുമല്ല. സ്വയം നവീകരിച്ചുമല്ല. പക്ഷെ ആ ​ദിവസങ്ങളാണ് ജീവിതത്തിൽ കൂട്ടിനാരുമില്ലാതെ, സ്വയം അടിച്ചമർത്തി കഴിഞ്ഞ ദീർഘമായ കാലം. പിന്നെയും എത്രയോ തവണ വിഷാദത്തിന്റെ ചതിക്കുഴിയിൽ പെട്ടെങ്കിലും ആ ഇരുപത്തിയൊന്ന് നാൾ തൂങ്ങാതെ കടിച്ചുതൂങ്ങിയതിന്റെ കരുത്ത് മാത്രമായിരുന്നു ഫൈറ്റ് ചെയ്യാനുള്ള പ്രചോദനം...

Sunday, 6 March 2022

മനുഷ്യർ കളിപ്പാട്ടമാകുമ്പോൾ

കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം കാറുകളായിരുന്നു. അന്നൊക്കെ മാസത്തിലൊരിക്കൽ ​ഗുരുവായൂ‍ർ അമ്പലത്തിൽ തൊഴാൻ പോകാറുണ്ട്. ​ഗുരുവായൂരിലേക്ക് മാസത്തിലൊരിക്കൽ എന്നതാണ് കണക്ക്, കൊടുങ്ങല്ലൂരും ചോറ്റാനിക്കരയുമെല്ലാം മൂന്നോ നാലോ മാസം കൂടുമ്പോളും. ​ഗുരുവായൂരായാലും ചോറ്റാനിക്കരയായാലും ശരി എന്റെ അമ്പലദർശനത്തിലെ സന്തോഷമെന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് യാത്ര, രണ്ട് കാറ്. 

വീട്ടിൽ നിന്ന് ഏതാണ്ട്  27 കിലോമീറ്ററുണ്ട് ​ഗുരുവായൂരിലേക്ക്. യാത്ര ബസ്സിലാണ്. നി‍ർമാല്യവും ശീവേലിയും തൊഴണമെന്നാണ് അമ്മയ്ക്ക്. അതിനാൽ തലേദിവസം വൈകുന്നേരം തന്നെ ​ഗുരുവായൂരിലെത്തും. അമ്പലത്തിന്റെ തൊട്ടടുത്ത് തന്നെയുള്ള - ഇപ്പോഴുണ്ടോയെന്നറിയില്ല, വികസനത്തിന്റെ ഭാ​ഗമായി പൊളിച്ചുകളഞ്ഞിരിക്കണം- ജയ ലോഡ്ജിലാണ് സ്ഥിരം താമസം. അങ്ങനെയുള്ള ​ഗരുവായൂർ യാത്രകളിലെല്ലാം അച്ചനും അമ്മയും എന്റെ രണ്ട് വശത്ത് ചേർന്നേ നടക്കൂ. അത് അമ്പലത്തിലെ തിരക്കിനിടയിൽ എന്നെ കാണാതെപോകണ്ട എന്ന് കരുതിയുള്ള കരുതലൊന്നുമല്ല, മറിച്ച് ഞാൻ ചിലത് കാണണ്ട എന്ന് കരുതിയുള്ള മുൻകരുതൽ മാത്രമാണ്. മറ്റൊന്നുമല്ല, നടപന്തലിലെ ഇരുവശത്തുമുള്ള കടകളിലെ കളിപ്പാട്ടങ്ങൾ തന്നെ. പലവർണത്തിലുള്ള വിവിധതരം ബൊമ്മയും ചെണ്ടയും ഉരുട്ടികളിക്കുന്ന ചക്രവണ്ടിയുമെല്ലാം തൂങ്ങികിടപ്പുണ്ടാകും. രാത്രിയിൽ പോലും കണ്ണടക്കാറുണ്ടോ ആ കടകൾ എന്ന് അത്ഭുതമാണ്. രാത്രി വൈകിയും തുറന്നിരിക്കുന്ന ആ കടകൾ അതിരാവിലെയും തുറന്നിരിപ്പുണ്ടാകും. ഉറക്കം തൂങ്ങുന്ന കണ്ണുകളും മൂടിപ്പുതച്ച പുതപ്പും കയ്യിലൊരു കപ്പ് ചായയുമായി ഇരിക്കുന്ന കുറേപേർ. പലതരത്തിലുള്ള കളിപ്പാട്ടങ്ങൾ തൂങ്ങികിടപ്പുണ്ടെങ്കിലും എന്റെ നോട്ടം എപ്പോഴും താഴെ പരന്ന പെട്ടികളിൽ നിരത്തിവെച്ചിരിക്കുന്ന കാറുകളിൽ മാത്രമാണ്. ചരട് വലിച്ചുവിട്ടാൽ ഓടുന്ന കാറുകൾ, പിന്നാക്കം വലിച്ച് വിട്ടാൽ മൂന്നോട്ട് കുതിച്ചോടുന്ന കാറുകൾ, ഡോറു തുറക്കാൻ കഴിയുന്നവ, ഓടുമ്പോൾ മുകളിൽ വിളക്ക് കത്തുന്നവ, സൈറൺ മുഴക്കുന്നവ, മരത്തിൽ നി‍ർമിച്ച കെഎസ്ആർടിസി ബസ്സുകൾ, ലോറികൾ... അങ്ങനെ അനന്തമായ വാരിയെന്റുകൾ. 


വെറൈറ്റികൾ പലതുമുണ്ടായിരുന്നെങ്കിലും എല്ലാമാസവും ഞാൻ തിരഞ്ഞിരുന്ന ഒരു കാറുണ്ടായിരുന്നു. മെറ്റൽ ബോഡിയാണ്. നീലയും ചുവപ്പും പച്ചയുമെല്ലാം കളറിൽ ആ കുഞ്ഞൻ കാറ് കിട്ടും. അന്നത്തെ 5 രൂപയായിരുന്നു വില. ആ കാറിന്റെ നെറുകയിൽ ചുവപ്പ് ലൈറ്റുണ്ട്. ആഞ്ഞ് ഒന്ന് നിലത്ത് ഉരച്ചുവിട്ടാൽ മതി, പൊലീസ് വാഹനത്തിന്റെ ശബ്ദമുണ്ടാക്കി വിളക്കും തെളിച്ച് ആ കാറ് ഓടും. മെറ്റൽ ഡ്രമിൽ കറുത്ത റമ്പറിന്റെ ടയറൊക്കെയിട്ട് കണ്ടാൽ ഒറിജിനൽ കാറിന്റെ മിനിയേച്ചറാണ്.  എല്ലാതവണയും ആ കാറ് തന്നെ വാങ്ങും. വേറെ ഒന്നും വേണ്ട. അത് മാത്രം മതി. എല്ലാമാസവും വാങ്ങി വാങ്ങി നല്ല കളക്ഷൻ ഉണ്ടായി കാണുമല്ലോ എന്നൊന്നും കരുതേണ്ട. വാങ്ങി വീട്ടിലെത്തി ആദ്യത്തെ ഒരുമണിക്കൂ‍ർ മതി, ആ കാർ വർക്ക്ഷോപ്പിൽ കയറാൻ. ആവശ്യത്തിലും കൂടുതൽ അമർത്തിയുരച്ചും ഓട്ടത്തിൽ ഭിത്തിയിലോ വാതിലിലോ ഒക്കെ ചെന്നിടിച്ച് കാറിന്റെ പണി തീരും. ഇൻഷൂറൻസൊന്നുമില്ലാത്ത കാറ് പിന്നെ സ്വയം റിപ്പയ‍ചെയ്യലാണ്. സ്ക്രൂ ഇട്ടൊന്നുമല്ല കാർ ഫിറ്റ് ചെയ്തിരിക്കുന്നത്. ക്ലിപ്പുകളാണ്. കയ്യിൽ കിട്ടുന്ന എന്തും ഉപയോ​ഗിച്ച് ക്ലിപ്പ് ഇളക്കി സ്വയം മെക്കാനിക്കാവും പിന്നെ. ആരും കാണാതെയാണ് മെക്കാനിക്ക് പണി. ഇല്ലേൽ നല്ല മേട്ടം കിട്ടും. ആ കാറിനുള്ളിൽ മെറ്റൽ ലീഫ് കൊണ്ടുള്ള വല സൈസിലുള്ള ചക്രമാണ്. ഉരയ്ക്കുന്നത് അനുസരിച്ച് ആ ലീഫുകൾ ചുരുങ്ങുകയും അത് വിടരും വരെ ഓടുകയുമാണ് ചെയ്യുക. ഇതിനകത്ത് ഇതൊക്കെയാണെന്ന് അറിഞ്ഞാലും അത് കേടായാൽ നന്നാക്കാനാവില്ലെന്ന് അറിഞ്ഞാലും പിന്നെയും അതൊന്ന് വലിച്ച് പറിച്ചെടുത്ത് നന്നാക്കാനാവും പിന്നത്തെ ശ്രമം. പരിശ്രമത്തിനൊടുവിൽ ബാക്കിലെ വീലുകൾ മൊത്തം ജാമായി പിന്നെ എത്രമസിലുപിടിച്ചാലും തിരിയാത്ത അവസ്ഥയിലെത്തും. പിന്നെ കരച്ചിലായി, ബഹളമായി. എന്തിന് എന്ന് ചോദിക്കരുത്. അടുത്ത ​ഗുരുവായൂ‍ർ സന്ദർശനത്തിനുള്ള കാത്തിരിപ്പായി. 

ആ കാർ, അതൊരു വലിയ വികാരമാണ്. അത് കയ്യിൽ കിട്ടിയാൽ ഒടുക്കത്തെ എക്സൈറ്റ്മെന്റാണ്. അത് കേടാകുന്നത് വരെ ആ എക്സൈറ്റ്മെന്റ് നിലനിൽക്കുകയും ചെയ്യും. പിന്നെ അതേ എക്സൈറ്റ്മെന്റ് അടുത്ത ​ഗുരുവായൂ‍ർ സന്ദർശനസമയത്താണ് പിന്നെയും ഉയരുക. അത് വരെ ചുവപ്പ് വെളിച്ചം പരത്തി സൈറൺ മുഴക്കിയോടുന്ന ആ കാറ് മറവിയുടെ അടിത്തട്ടിലായിരിക്കും. 

എക്സൈറ്റ്മെന്റ് - ആവേശം. അത് എല്ലാക്കാലത്തും ഒരോ പോലെ ഉണ്ടാകുമോ? ചിലകാര്യങ്ങളിൽ ചിലർക്ക്  എന്നും എപ്പോഴും ഒരേ ആവേശമായിരിക്കും. അത് എന്തിനോടായാലും ശരി. ആ കളിപ്പാട്ടം കയ്യിൽ കിട്ടുന്നത് വരെ, അത് കേടാകുന്നത് വരെ മാത്രം നിലനിൽക്കുന്ന ആവേശം, അത് കേടാകുമ്പോൾ അത് നന്നാക്കാൻ നടത്തുന്ന ശ്രമങ്ങൾ ആ ആവേശത്തിന്റെ തുടർച്ചയാണ്. പിന്നെ പരാജയപ്പെടുമ്പോഴുള്ള കരച്ചിലും  ബഹളവും അതിന്റെ തുടർച്ചതന്നെ. ഇതിനിടയിൽ മറവിയുടെ ആഴത്തിലേക്ക് ആ കാർ കടന്ന് പോയത് ആവേശം തുടർച്ചയില്ല എന്നതിന്റെ സാക്ഷ്യമാണ്. ആ സൈക്കിൾ ഇങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. 

ആ കളിപ്പാട്ടം ഒരു മനുഷ്യനാണെങ്കിലോ? ആ കാറിനെ ഒരു ജീവനുള്ള മനുഷ്യനായി ചീത്രീകരിച്ചുനോക്കു. ഏറ്റവും ഇഷ്ടമുള്ള കളിപ്പാട്ടം പോലെ ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ! ആവേശം കയ്യിൽ കിട്ടുവോളം വരെയെങ്കിലോ. കിട്ടിക്കഴിഞ്ഞ് കുറച്ച് കാലത്തിന് ശേഷം ആ ആവേശം മനുഷ്യന് നഷ്ടമാകുന്നു. അല്ലെങ്കിൽ പുതുമോടി കഴിയുമ്പോൾ അതില്ലാതെ ആകുന്നു. അപ്പോൾ കളിപ്പാട്ടമായി മാറിയ മനുഷ്യന് അതെങ്ങനെയായിരിക്കും അനുഭവപ്പെടുക? വെറും കളിപ്പാട്ടമായി മാറി പ്രിയപ്പെട്ടവയുടെ പട്ടികയിലും പിന്നെ വിസ്മൃതിയിലും ആണ്ട്പോയ നിരവധി പേരുണ്ടാകും. ആ കളിപ്പാവ മനുഷ്യന് പിന്നെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമായേക്കില്ല. അകാരമായുള്ള ഒഴിവാക്കൽ, ഒറ്റപ്പെടുത്തൽ,തഴയൽ... ഒടുവിൽ മാനസികമായി അവരെത്തിപ്പെടുന്നത് കടുത്ത മാനസികസമ്മർദ്ദത്തിലാണ്. വിഷാദമെന്നത് മനോഹരമായ മലയാള പദമായി പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അനുഭവിക്കാൻ ഒട്ടും മനോഹരമല്ല അത്. അത് എത്രവലിയ നിലയില്ലാകയമാണെന്ന് ഒരിക്കലെങ്കിലും അത് അനുഭവിച്ചവ‍ർക്കേ അറിയൂ. ആ കയത്തിൽ നിന്ന് കരകയറുകയെന്നത് ശ്രമകരമാണ്. കാണുന്ന ഏതൊരു കച്ചിതുരുമ്പിലും കയറിപിടിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലും അവർ നിശബ്ധരാകും, തനിച്ചാകും. പിടിച്ചുനിൽക്കാൻ ശ്രമപ്പെട്ട്, ചേർത്ത് പിടിക്കാൻ കൈകളും മനസുമെല്ലാം തിരഞ്ഞ് നടക്കും. പലപ്പോഴും സ്വയം കൈവിട്ട് പോകാതിരിക്കാൻ സാഹസപ്പെട്ടുകൊണ്ടേയിരിക്കും. എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കരങ്ങളും കച്ചിതുരുമ്പുമെല്ലാം അകലുമ്പോളാണ് പലരും സ്വയം ഇല്ലാതാവുന്നത്. അല്ല, അവരെ ഇല്ലാതാക്കുന്നത്.  കളിപ്പാട്ടത്തെ സ്വന്തമാക്കി കൈകാര്യം ചെയ്ത മനുഷ്യന് അപ്പോഴും പക്ഷെ ഇതൊന്നും അറിയുകയോ, അതിനായി ശ്രമിക്കുകയോ ചെയ്യാതെ കാണാമറയത്ത് മൗനത്തിലായിരിക്കും. 

മറ്റൊരു കളിപ്പാട്ടമെത്തുന്നവരേയാണ് പഴയകളിപ്പാട്ടത്തിന്, കേടായാലും ഇല്ലെങ്കിലും, ആയുസ്. കേടായാലും ചിലപ്പോഴൊക്കെ അത് നന്നാക്കിയെടുക്കാൻ, അത് വെച്ച് കളിക്കാൻ കുട്ടികൾ ശ്രമിച്ചുകൊണ്ടേയിരിക്കും. പക്ഷെ കളിപ്പാട്ടം ജീവനുള്ള മനുഷ്യനായാലോ....?


Monday, 14 February 2022

കാലം തെറ്റിയ മഴപ്പെയ്ത്തുകൾ...

എന്നും  മഴയുണ്ട് അകമ്പടിയായി. 
കുന്നിറങ്ങിയും കയറിയും നീങ്ങുന്ന ആ ബന്ധത്തിൻറെ ഏതൊരു സന്ദിഗ്ധ ഘട്ടത്തിലും മഴയുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ മഴയ്ക്കൊപ്പമാണ് ആ ബന്ധം വളർന്നത്. പ്രകൃതി എപ്പോഴും അതിൻറെ ഒരു ഭാഗമാകാൻ ആഗ്രഹിക്കും പോലെ..
ആ വൈകുന്നേരത്ത് കാർമേഘങ്ങൾ സൂര്യനെ മറക്കാതെ പെയ്ത വെറും ചാറ്റലായി. പിന്നെ അത് ഇഴമുറിയാതെ പെയ്യുന്ന നൂൽ മഴയായി വളർന്ന്, കോരിച്ചൊരിയുന്ന മഴയായി. ഒടുവിൽ ഒരു തുലമഴപ്പെയ്ത്തിലാണ് എല്ലാം അവസാനിച്ചത്.  
കാലങ്ങൾക്കിപ്പുറം ഒരിക്കൽകൂടി ഒരു നനുത്ത ചാറ്റൽ മഴ കൊണ്ടു തുടങ്ങിയപ്പോഴും എടവപ്പാതിയും തുലാവർഷവുമെല്ലാം വീണ്ടും പ്രതീക്ഷിച്ചിരുന്നുവോ? അറിയില്ല. പക്ഷെ കാലം തെറ്റി പെയ്ത മഴയിലെല്ലാം ആ ഓർമകൾ നിറഞ്ഞേകിടക്കുന്നു. 
ആരും പറഞ്ഞല്ല ആരും ആരുമായും ഓർമകൾ സൃഷ്ടിക്കുന്നത്. ആരും പറഞ്ഞല്ല ആരും ആരേയും ഓർക്കുന്നത്. ആരും പറഞ്ഞല്ല ആരും ആരേയും മറക്കുന്നത്. ആരും ആരോടും ചോദിച്ചുമല്ല ഇഷ്ടങ്ങളും പെരിത്തിഷ്ടങ്ങളുമെല്ലാം ഉടലെടുക്കുന്നത്. അതെല്ലാം നിമിത്തങ്ങളാണ്. സംഭവിക്കണമെന്ന്  എവിടെയോ കുറിച്ചിടപ്പെട്ടതാണ്. 
ഒറ്റയ്ക്ക് ആകുന്നത് നാം ഒറ്റയ്ക്കാകാൻ ആഗ്രഹിക്കുമ്പോളല്ല. മറിച്ച് ആരെങ്കിലുമൊക്കെ നമ്മെ ഒറ്റപ്പെടുത്തുമ്പോളാണ്. ചുറ്റിലും ആരെല്ലാമണ്ടെങ്കിലും ഒറ്റൊരാൾ പോലുമില്ലെന്ന് തോന്നിപ്പിക്കാൻ കേവലം  ഒരാൾ മാത്രം വിചാരിച്ചാൽ മതിയാകും. ആ ഒരാളാകും ഒരുപക്ഷെ ഒരുലോകം തന്നെയും. ഒറ്റപ്പെടൽ എന്നത് ഏറ്റവും ഭയാനകമാവുന്നതും അതിനാലാണ്. 
ചുറ്റിലും നിഴൽ പോലെ പിന്തുടരുന്ന ഒരുപറ്റം പേരുണ്ട്. അകന്നിരുന്നും അടുത്തിരുന്നും സുഖത്തിൽ സന്തോഷിച്ചും  ദുഖത്തിൽ വളരെ സങ്കടപ്പെട്ടും നിഴലാകുന്നവർ. പേരിട്ട് വിളിക്കാനാവാത്ത ബന്ധങ്ങൾ. ദേഷ്യപ്പെടലുകൾ, പൊട്ടിത്തെറികൾ, പൊട്ടിച്ചിരികൾ, ചേർത്തുപിടിക്കലുകൾ എല്ലാം 'എന്നിലെ എൻറെ' സ്വഭാവസവിശേഷതകളാണെന്ന് തിരിച്ചറിയുന്നവർ. അവർ നിഴൽപോലെ പിന്തുടരുമ്പോഴും ഒറ്റപ്പെടലിൻറെ ആഴങ്ങളിലേക്ക് ഊളിയിട്ടുപോകുന്നുവെന്നതും നിമിത്തമായിരിക്കണം. 
ഹ്രസ്വവും ദീർഘവുമായ എല്ലാ ആഘോഷരാവുകൾക്കൊടുവിലും നമ്മൾ ഒറ്റയ്ക്കാവും. നൃത്തശാലകളിലെ ഫ്ലോറുകൾ ശൂന്യമാകും. മങ്ങിയ സ്ട്രീറ്റ് വെളിച്ചത്തിലും നിരത്ത് വിജനമാകും. വഴികൾ നീണ്ടുകൊണ്ടേയിരിക്കും. ഓർമയുടെ കൊടിപട വീശി നാം നമ്മിൽ നിന്നിറങ്ങി നിരാലംബരായി നടക്കും. ഓർമകളുടെ വേട്ടയാടലിൽ പെട്ട് പുളയുന്നവന് വേദനയല്ലാതെ മറ്റെന്ത് സമ്മാനം. എങ്കിലും നൊമ്പരപ്പെടുത്തുന്ന ആ നീറ്റലിൽ പോലും  സുഖം കണ്ടെത്തും.. എങ്ങോ ഒരുകോണിൽ അവരിപ്പോഴും സന്തോഷത്തോടെയിരിപ്പുണ്ടാകുമെന്ന വിശ്വാസം ചിന്തകളെ തണുപ്പിക്കും.
 
ആകാശത്ത് ഒരു കൊള്ളിയാൻ വെട്ടി. ഇടിവെട്ടിനൊപ്പം മറ്റൊരു മഴയും കാലം തെറ്റി താഴേയ്ക്ക്. എടവപ്പാതിയും തുലാവർഷവും പിന്നാലെ വരുമായിരിക്കാം,,,,

Xpect tHe unXpected 

Saturday, 8 January 2022

ദേഷ്യമെല്ലാം വെറുപ്പല്ല, ചിരന്തനവും...

 ജനുവരി എട്ട്, 2022


മനുഷ്യരോട് നമുക്കെപ്പോഴാണ് വെറുപ്പ് തോന്നിതുടങ്ങുന്നത് .?

ഒരുപക്ഷെ നമ്മെ കഠിനമായി വേദനിപ്പിക്കുമ്പോഴാകും, അല്ലെങ്കിൽ ശല്യമായി തീരുമ്പോഴായിരാക്കാം, അതുമല്ലെങ്കിൽ ക്രൂരമായ എന്തെങ്കിലും പ്രവൃത്തി ചെയ്തപ്പോഴായിരിക്കാം...അല്ലേ.?

ഒരിക്കൽ തന്നേക്കാളേറെ നാം സ്നേഹിച്ചൊരാളെ നമുക്ക് എന്നെങ്കിലും വെറുക്കാനാവുമോ. ഇനി അഥവാ വെറുത്താൽ തന്നെ ഒരിക്കൽ പ്രിയങ്കരമായിരുന്ന അയാളുമായി ബന്ധപ്പെട്ടുള്ള ഓർമകളെല്ലാം മറക്കാനാവുമോ. 

മനുഷ്യരോട് അതിഭീകരമായി ദേഷ്യപ്പെടുകയും പിണങ്ങുകയും  ഇറിറ്റേറ്റ് ചെയ്യിക്കുകയും ചെയ്യുന്ന പ്രകൃതമാണ് എൻറേത്.  ഇഷ്ടമില്ലെന്ന് കണ്ടാൽ ഇറിറ്റേഷൻ മറച്ചുവെക്കില്ല. ദേഷ്യം വന്നാൽ ഒരിക്കലും കടിച്ചമർത്തുകയുമില്ല. പറയാൻ തോന്നുന്നത് പറയും. ആനക്കാട്ടിൽ ഈപ്പച്ചനെ പോലെ ഔട്ട്സ്പോക്കൺ ആണ്, പക്ഷെ അത് ഇറവറൻസ് കൊണ്ടല്ല.  അതാണ് പണ്ടുതൊട്ടേയുള്ള പ്രകൃതം. ഇനി അതൊട്ട് നാന്നാവുമെന്ന് തോന്നുന്നില്ല, തിരുത്താനുള്ള കാലവും ഇനി അധികമുണ്ടെന്ന് തോന്നിയിട്ടുമില്ല. ഇഷ്ടം തോന്നുന്നവരോടും  ഇങ്ങനെയൊക്കെതന്നെയാണ്. പക്ഷെ അത്തരക്കാരോട് ദേഷ്യത്തിലും ചില സോഫ്റ്റ് കോർണർ  കാണിക്കാറുണ്ടെന്ന് ചിലർ ആരോപിക്കാറുണ്ട്. ( അത് വെറുമൊരു ആരോപണമല്ലെന്ന് ആത്മപരിശോധന നടത്തുമ്പോൾ തോന്നിയിട്ടുണ്ട്)

കഴിഞ്ഞദിവസം  ഒരു സുഹൃത്ത് ചോദിച്ച ഒരു ചോദ്യമാണ് വീണ്ടുമൊരിക്കൽ കൂടി വെറുപ്പിനേയും ദേഷ്യത്തേകുറിച്ചുമെല്ലാം ആലോചിക്കാൻ പ്രേരിപ്പിച്ചത്. എനിക്ക് എത്രപേരോട് വെറുപ്പ് തോന്നിയിട്ടുണ്ടെന്നതായിരുന്നു  ചോദ്യം. പലപ്പോഴും ഇത് സംബന്ധിച്ച് ഗഹനമായ ആലോചിച്ചിട്ടുണ്ട് എന്നതിനാലും അപ്പോഴെല്ലാം ഒരേ ഉത്തരം തന്നെയാണ് കിട്ടിയിട്ടുള്ളത് എന്നതിനാലും വേഗത്തിൽ മറുപടി പറയാൻ പറ്റി. ഒട്ടും അമാന്തിക്കേണ്ടി വന്നില്ല. 

വെറുപ്പ് ആരോടുമില്ല, ദേഷ്യം പലരോടും തോന്നിയിട്ടുണ്ട് താനും. 

'ആരോടുമില്ലേ...'? വിശ്വാസം വരാതെ സുഹൃത്ത്.

'ജിവിതത്തിൽ ഒറ്റക്കാക്കിയവരോട് വെറുപ്പ് തോന്നിയതേയില്ല...?' ചോദ്യം ഒന്നുകൂടി ഷാർപ്പാക്കി ഇത്തവണ.

ജീവിതത്തിൽ ഒറ്റക്കാവുകയെന്നത് വേദനയുണ്ടാക്കുന്നതാണ്. എനിക്കെന്നല്ല ആർക്കായാലും അത് അങ്ങനെയാണ്. ഒപ്പം നടന്ന് പെട്ടെന്ന് വഴിതിരിയുന്നവർ നമ്മെ തള്ളിവിടന്നത് കടുത്ത ഏകാന്തതയിലക്കാണ്. ആ ഏകാന്തതയുമായി പൊരുത്തപ്പെടുംവരെ നമ്മൾ വല്ലാതെ സ്ട്രഗിൾ ചെയ്ത്കൊണ്ടേയിരിക്കും. ചിലപ്പോൾ രക്തബന്ധങ്ങളാവാം, ചിലപ്പോൾ സുഹൃത്തുക്കളാവാം അല്ലെങ്കിൽ പാർട്ണർമാരാവാം നമ്മൾ തീർത്തും ഒറ്റക്കാണെന്ന തിരിച്ചറിവ് സമ്മാനിച്ച് തനിച്ചാക്കികളയുക. അങ്ങനെ ഒറ്റക്കാക്കി പോയവരോട് നമുക്ക് ആ സമയത്ത് ഒരുപക്ഷെ ദേഷ്യമെല്ലാം തോന്നിയിരിക്കാം. മനുഷ്യനല്ലേ. പക്ഷെ ആരോടും വെറുപ്പ് തോന്നിയിട്ടില്ല. 

അതേസമയം നമ്മളോട് മറ്റുള്ളവർ ഇങ്ങനെയാവണം എന്നില്ല. അനുഭവത്തിൽ തീർച്ചയായും അല്ല.വഴക്കിട്ട് പോയവരും പിണങ്ങിപോയവരുമായ നിരവധി പേർ പലപ്പോഴായി  I Hate You എന്ന മെസേജ് പലകുറി അയച്ചിട്ടുണ്ട്. വാട്സ്പ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെല്ലാം വർഷങ്ങളോളം ബ്ലോക്ക് ഓഫീസറാക്കി ഇരുത്തിയവരുണ്ട്. നമുക്ക് പറയാനുള്ളത് കേൾക്കാതെ ഏകപക്ഷീയമായി ബ്ലോക്കി പോയവരോടും പക്ഷെ വെറുപ്പൊന്നുമില്ല. ദേഷ്യവും തോന്നാറില്ല. പലപ്പോഴും ഒരുതരം നിർവികാരതമാത്രം. വിഷാദത്തിൻറെ ചില്ലകൾ പൂത്തത് കൊണ്ടായിരിക്കാം അങ്ങനെ. 

നമ്മൾ എന്തിനാണ് ഒരാളെ വെറുക്കുന്നത്. അതുകൊണ്ട് എന്തുപകാരം. ചിലരോട് ഇനി മേലിൽ ഒരുതരത്തിലുള്ള ബന്ധവും വേണ്ടെന്ന് വെച്ചിട്ടുണ്ട്. അത് അവരോടുള്ള വെറുപ്പ് കൊണ്ടോ ദേഷ്യം കൊണ്ടോ അല്ല. അകറ്റി നിർത്തേണ്ടതിനെ അകറ്റി നിർത്തുന്നതാണ് പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തിനും സമാധാനത്തിനും നല്ലത്. അതിനാൽ തന്നെ ആ ഭാഗത്തേക്ക് നമ്മൾ നമ്മുടെ ശ്രദ്ധ കൊടുക്കാതിരിക്കുകയെന്നതേ വേണ്ടു. വെറുപ്പ്, ദേഷ്യം പോലുള്ള വികാരങ്ങളുമായി നടന്നാൽ അവരെ ഒഴിവാക്കാൻ ബോധപൂർവ്വം നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കും. അപ്പോൾ വളരെ യാന്ത്രികമായി തീരും നമ്മുടെ ഓരോ ചലനങ്ങളും. അത് ആത്യന്തികമായി നമ്മളെ തന്നെയാണ് ബാധിക്കുന്നത്. നമ്മുടെ ബോധമണ്ഡലത്തെ അവരോടുള്ള വെറുപ്പോ ദേഷ്യമോ മൂലമുണ്ടാകുന്ന നമ്മുടെ സ്വാഭാവിക പ്രതികരണങ്ങൾ പ്രതികൂലമായി ബാധിക്കും. അതോടെ നമ്മൾ നമ്മളല്ലാതാവുകയും ചെയ്യും. അത് നമ്മുടെ തന്നെ സന്തോഷവും സമാധാനവും തന്നെയാണ് കുറച്ച് നേരത്തേക്കെങ്കിലും ഇല്ലാതാക്കുന്നത്.

അങ്ങനെ അധികമാരോടും വെറുപ്പിനോളം പോന്ന കടുത്ത ദേഷ്യം തോന്നിയിട്ടില്ല. ഒരാളോട് മാത്രമാണ് വെറുപ്പെന്ന് തോന്നിപ്പിച്ചത്. ഏറെക്കാലം അതങ്ങനെ തന്നെയായിരുന്നു. പലപ്പോഴും അവരുടെ സാന്നിധ്യം മാനസികമായ അലോസരം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം തന്നെ ആ വ്യക്തികൾ വളരെ ആസ്വദിച്ച് നടക്കുകയും ചെയ്തു. പക്ഷെ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞുപോയ ജീവിതത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയപ്പോഴാണ് ആ വെറുപ്പിൻറെ അർത്ഥശൂന്യത തിരിച്ചറിഞ്ഞത്.  

നാം എത്രകാലം ഉണ്ടാകുമെന്ന് ഒരുറപ്പുമില്ലാത്തപ്പോൾ എന്തിനാണ് ഒരാളോട് വെറുപ്പും വിദ്വേഷവുമൊക്കെ. സ്നേഹമായാലും സൌഹൃദമായാലും  വെറുപ്പായാലും അതൊന്നും ചിരന്തനമല്ല.  ഏതെങ്കിലും ഒരു പോയിൻറിൽ ഇതെല്ലാം അലിഞ്ഞ് അതല്ലാതായി മാറും. ഇഷ്ടത്തിൻറേയും ഇഷ്ടക്കേടിൻറേയും ഇടയിലെ അതിർവരമ്പ് വളരെ നേർത്തതാണ്. ഒരു നോ പറയുമ്പോൾ, അല്ലെങ്കിൽ പറയാതിരിക്കുമ്പോൾ ഈ വരമ്പ് മുറിഞ്ഞേക്കാം. നമ്മളാരും തന്നെ പൂർണരല്ല. അവരും. എത്രവഴക്കിട്ടാലും നമ്മളാരും മോശവുമല്ല. സ്നേഹത്തിൽ നിന്ന് വെറുപ്പിലേക്കുള്ള ദൂരം വളരെ ചെറുതാവാം ചിലർക്ക്. വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്കുള്ള ദൂരവും അത്രതന്നെ. 

I'm rude, but not bad!



Thursday, 31 October 2019

നമ്മെ നഷ്ടമാകാതിരിക്കാൻ നമുക്ക് നമ്മളെ കേൾക്കാം

ചിലത് എത്ര ആവർത്തി പറഞ്ഞാലും നമ്മുക്ക് മനസിലാവില്ല. കണ്ടാലും കൊണ്ടാലും അത് അങ്ങനെ തന്നെ. പക്ഷെ ഉപദേശിക്കാൻ സഹതപിക്കാൻ, പക്ഷെ നമ്മൾ മറക്കാറില്ല.
പറഞ്ഞുവരുന്നത് ഇഖ്ബാലിനെ കുറിച്ചാണ്. അതെ അകാലത്തിൽ നമ്മെ വിട്ടുപോകാൻ സ്വയം തീരുമാനിച്ച ഇക്കുവിനെ കുറിച്ച്.  വയനാട്ടുകാരനല്ലാത്ത വയനാട്ടുകാരന് എന്നായിരുന്നു ഇഖ്ബാൽ എന്നെ പലപ്പോഴും വിളിച്ചിരുന്നത്. ഇന്ത്യാവിഷന്റെ ക്യമറാമാനായിരുന്ന കാലം മുതൽ ഇഖ്ബാലിനെ അറിയാം. പല വാർത്തകളിലും അവന്റെ ഫ്രെയിമുകളുടെ കരുത്ത് കണ്ടിട്ടുണ്ട്. ആലപ്പുഴയിലെ സിപിഎം സംസ്ഥാനസമ്മേളനത്തിലാണ് ആദ്യമായി ഒരുമിച്ച് പ്രവർത്തിക്കുന്നത്. വിഎസ് പ്രതിഷേധിച്ച് സമ്മേളനത്തിനിടയിൽ നിന്ന് ഇറങ്ങിപോയ സമ്മേളനം. ഫ്രെയിമുകൾക്കൊപ്പം പതുങ്ങിയ സ്വരത്തിൽ കഥയും കളിയും പറഞ്ഞ് 5 ദിവസത്തെ ആലപ്പുഴ ജീവിതത്തിനുശേഷം പലകുറി പരസ്പരം കണ്ടു, വിശേഷങ്ങൾ പറഞ്ഞു. ഒടുവിൽ ഡൽഹിയിലേക്ക് തിരികെ വരുന്നുവെന്ന് പറഞ്ഞ് വിളിച്ചെങ്കിലും എന്തുകൊണ്ടോ വന്നില്ല. പിന്നെ മീഡിയ വണ്ണിൽ നിന്ന് രാജിവെച്ച് ഇറങ്ങുന്ന അന്നാണ് അവസാനമായികണ്ടത്. സ്റ്റുഡിയോ ഫ്ലോറിൽ വെച്ച്. മാധ്യമപ്രവർത്തനം സമ്മാനിക്കുന്ന അനശ്ചിതത്വത്തെ കുറിച്ച് തന്നെയായിരുന്നു സംസാരത്തിലുടനീളം. ഇന്ത്യവിഷനിൽ നിന്നടക്കം വളരെ മോശം അനുഭവങ്ങളുള്ള ഇഖ്ബാലിന്
പറയാനേറെയുണ്ടായിരുന്നു.
എന്തിനാണ് ഇക്കു അത്തരത്തിൽ ഒരു തീരുമാനം എടുത്തത് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് നമ്മളിലോരൊരുത്തരും ഇപ്പോൾ പരാതിപ്പെടുന്നുണ്ട്. എന്തായിരുന്നെങ്കിലും പങ്കുവെക്കാമായിരുന്നില്ലേയെന്ന് ആവലാതി പറയുന്നവരുണ്ട്. ഫെയ്സ്ബുക്കിലും വാട്സഅപ്പിലും സ്റ്റാറ്റസുകളിൽ ഈ ചോദ്യങ്ങളുമായി നിങ്ങളിലോരോരുത്തരും നിറയുന്നുണ്ട്. പഴയ ഓർമകളിലെ നഷ്ടബോധം അങ്ങനെ ഇന്നൊരുദിവസം നമുക്ക് പങ്കുവെക്കാം.
പക്ഷെ അപ്പോഴും യഥാര്ത്ഥ ചോദ്യം അവശേഷിക്കും. ആരാലും ഉത്തരം പറയാതെ. എന്തുകൊണ്ടായിരിക്കണം ഇഖ്ബാൽ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ നമ്മളാരും (അടുത്ത സുഹൃത്തുക്കളെന്ന് അവകാശപ്പെടുന്നവരടക്കം) അറിയാതെ പോകുന്നത് ? കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെ ഇഷ്ടപ്പെട്ട വ്യൂ ഫൈൻഡറും മൈക്കും പേനയുമെല്ലാം അനാഥമാക്കി സ്വയം വിടവാങ്ങിയ നിരവധിപേരുണ്ട്. അനീഷ് ചന്ദ്രൻ, രാഹുൽ വിജയ്, നിതിന്... .
ഇവരെല്ലാം എപ്പോഴെങ്കിലും നമ്മോട് പലതും പറയാൻ ശ്രമിച്ചുകാണില്ലേ? കേൾക്കാന് നമ്മൾ നിന്ന് കൊടുത്തിട്ടുണ്ടാകുമോ? ഇവരെല്ലാം ഏറിയും കുറഞ്ഞും വിഷാദത്തിന്, ഒറ്റപ്പെടലിന് വിധേയരായവരാണ്. അത് മനസിലാക്കാൻ നമുക്ക് കഴിയാതെപോകുന്നുവെന്നതാണ് നമ്മുടെ പരാജയം. അറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷെ ഇവരിൽ ചിലരുടെയെങ്കിലും കൈപടിച്ച് നമുക്ക് ഇന്നും നടക്കാനാവുമായിരുന്നു. അവരെല്ലാമനുഭവിച്ച അതേ ഒറ്റപ്പെടൽ, ആശങ്ക എന്നിവയുടെ വേദന ഏറിയും കുറഞ്ഞും അനുഭവിച്ച് ജീവിതവുമായി പോരടിക്കുന്നവർ ഇപ്പോഴും നമുക്കിടയില് കാണും.
വാട്സപ്പ് ഗ്രൂപ്പുകളിലും ഫെയ്സ്ബുക്കിലും മാത്രമൊതുങ്ങുന്ന പരിചയം പുതുക്കലുകൾക്കപ്പുറം നാം നമ്മളായി നമുക്കൊപ്പമുള്ളവരുടെ കൂടെയിരിക്കാൻ, നല്ല കേൾവിക്കാരനാവാൻ ഇനിയെങ്കിലും നമുക്ക് സാധിക്കേണ്ടതുണ്ട്.
തിരക്കുകൾ തീർന്ന് നമ്മൾ ആരെയും കേൾക്കലുണ്ടാവില്ല, നമ്മളേയും ആരും കേൾക്കലുണ്ടാവില്ല.
ജോലിയിടങ്ങളിൽ മാത്രമല്ല ഒരുവന് പ്രശ്നമുണ്ടാകുന്നത്. തൊഴിലിടത്തെ പ്രശ്നങ്ങൾ മാത്രമാണ് ഇതിനെല്ലാം കാരണമെന്ന് ലഘൂകരിക്കുന്നത് അല്ലെങ്കിൽ ചുരുക്കുന്നത് യഥാർത്ഥ പ്രശ്നത്തെ മറച്ചുവെക്കാനെ വഴിവെക്കു.

നിനക്ക് മാത്രം
കാട്ടി തരാൻ കഴിയുന്ന ഫ്രെയിമുകൾ മറച്ചുവെച്ചാണ് ഇക്കു നീ ജീവിതത്തോട് രാജി പറഞ്ഞത്.

അന്ത്യാഭിവാദ്യങ്ങൾ

(311019)

Friday, 23 October 2015

വേരില്ലാത്തമരം...

നാളെ ഞാൻ ഇല്ലാതായി
എന്നറിഞ്ഞാൽ
നീയെനിക്കായി
നിൻറ്റെ വീട്ടുപടിക്കൽ
ഒരു മരം നട്ടേക്കണം,
ഒരു തണൽ മരം...

അല്ലെങ്കിൽ വേണ്ട,
കോടാലി തലപ്പുകൊണ്ടില്ലാതാകുന്ന മരം,
അത്, നീ നടേണ്ട
പകരം
എൻറ്റെ അസ്ഥികൊണ്ട്
നീയൊരു
കോടാലി പണിഞ്ഞേക്ക്
എന്നിട്ട്
എൻറ്റെ പിഴച്ച ഓർമകളുടെ
വേരറുത്തേക്ക്.

(161015)