ഭീമൻറെ വഴിയും വികസനവും

കുട്ടിക്കാലത്ത് മാറഞ്ചേരിയിൽ താമസിച്ചിരുന്ന വാടക വീടിന് പിന്നിൽ ഒരു നടവഴിയുണ്ടായിരുന്നു. രണ്ട് വലിയ മതിലികൾക്കിടിയിൽ ഞെങ്ങിഞെരുങ്ങിയെന്നവണ്ണം ഒരു നടവഴി. ഒരുപക്ഷെ ഇപ്പോഴും അതവിടെ കാണുമായിരിക്കും. മാറഞ്ചേരി ടൗണിന് വളരെ അടുത്തായി അബൂബക്കർ മാഷുടെ (പേര് അത് തന്നെയാണെന്നാണ് ഓ‍ർമ) വീടിനോട് ചേ‍ർന്നുള്ള ആ വഴിയിലൂടെ കഷ്ടിച്ച് ഒരാൾക്ക് കടന്നുപോകാം. തൊട്ടുതാഴെയുള്ള കുറച്ച് വീട്ടുകാർക്ക് വഴിനടക്കാനായി വിട്ടുകൊടുത്തതാവണം. ആ നടവഴിയുടെ ഒരറ്റത്ത് സ്റ്റെപ്പുകളാണ്. ആ സ്റ്റെപ്പിറങ്ങിയാൽ ആദ്യമുള്ളത് പ്രസാദിന്റെ വീടാണ്. പ്രസാദും ഞാനും മാറഞ്ചേരി സ്ക്കൂളിലെ അദ്ധ്യാപികയായിരുന്ന അയിഷ ടീച്ചറുടെ മകൻ രാജേഷും എത്രയോ തവണ അബൂബക്കർ മാഷുടെ കമുകിൻ തോട്ടത്തിൽ ക്രിക്കറ്റ് കളിച്ചിരിക്കുന്നു. എത്രയോ തവണ കമുങ്ങിന്റെ മണ്ടക്ക് കുടുങ്ങിയ പന്ത് എടുക്കാൻ വേണ്ടി അടക്കാ പറിക്കാൻ ആളുവരുന്നതും നോക്കി അക്ഷമയോടെ കാത്തിരുന്നു. ചിലദിവസങ്ങളിൽ പ്രസാദിന്റെ വീടിനോട് ചേർന്നുള്ള ചെറിയ കുളത്തിൽ തോർത്ത്  വിരിച്ച് കുഞ്ഞുമീനുകളെ പിടിച്ചു കളിച്ചു. കുളത്തിലിറങ്ങി കളിക്കുന്നതിന് പലകുറി തല്ല് വാങ്ങികൂട്ടിയിട്ടുണ്ട് അന്ന്. പ്രസാദിന്റെ വീട്ടുകാരടക്കം ഏതാണ്ട് ആറേഴ് വീടുകാരുണ്ടായിരുന്നു അന്ന് ആ നടവഴിയെ ദിനംപ്രതി ആശ്രയിക്കുന്നവരായിട്ട്. ഇവർക്ക് മാറഞ്ചേരി ടൗണിലേക്ക് എളുപ്പത്തിലെത്താനുള്ളതാണ് ആ വഴി. ഏകദേശം 30-40 മീറ്ററോളം നീളം കാണണം ആ ചെറിയ ഇടവഴിക്ക്. എതിരെ ഒരാൾ വന്നാൽ പരസ്പരം മറികടന്ന് പോകാൻ പോലും ​ഗ്യാപ് ഇല്ലാത്തത്ര ഇടുങ്ങിയതാണ് ആ സെൻട്രൽ ജയിലിന്റേതിനെ അനുസ്മരിപ്പിക്കുന്ന മതിലുകൾക്കിടയിലുള്ള ആ വഴി. സാമാന്യം നല്ല തടിയുള്ള ഒരാളാണേൽ പിന്നെ മതിൽ ഭിത്തിയിൽ തടിയുരയാതെ നേരെചൊവ്വെ കടന്ന് പോകാനും കഷ്ടമാണ്.  



ഇപ്പോൾ ആ വഴിയെ കുറിച്ച് പെട്ടെന്ന് ഓ‍ർമിക്കാൻ കാരണം ഒരു സിനിമയാണ്. ഭീമന്റെ വഴി എന്ന കുഞ്ചാക്കോ ബോബൻ സിനിമ. സിനിമയിലെ പോലെ കസേരയിൽ ഇരുത്തി ആരേയും ആ ഇടവഴിയിലൂടെ കൊണ്ടുപോയതായി ഓർമയിലില്ല. പൊതുവഴിയല്ലെങ്കിൽ കൂടി നാട്ടുകാരുടെ പറമ്പുകളിലൂടെ നടന്ന് ടൗണിന് പുറത്ത് മെയിൻ റോഡിലേക്ക് എത്താമെന്നതിനാൽ ആശുപത്രി അടക്കമുള്ള അത്യാവശ്യഘട്ടങ്ങളിൽ അവർ ആ മാർ​ഗമാണ് ആശ്രയിച്ചിരുന്നത്. നാട്ടിൻപുറമായതിനാൽ തന്നെ ആളുകൾ പരസ്പരം നല്ല സഹകരണത്തോടെയാണ് അന്നൊക്കെ കഴിഞ്ഞിരുന്നത്. (പ്രദേശത്തെ ഇന്നത്തെ അവസ്ഥ അറിയില്ല). മാത്രവുമല്ല ഇന്നത്തെ പോലെ അന്നാരും തങ്ങളുടെ അതിരുകൾ മതിലുകൾ കെട്ടി വേർതിരിച്ചിരുന്നില്ല. അതിനാൽ തന്നെ ഭീമന്റെ അമ്മയെ കൊണ്ടുപോയത് പോലെ ആരെയും കഷ്ടപ്പെട്ട് ആ വഴി ആശുപത്രിക്ക് കൊണ്ടുപോയിട്ടില്ല. വഴി വലുതാക്കാൻ ആവശ്യപ്പെട്ട് ആരും ​ഗുസ്തിപിടിച്ചതുമില്ല. 

വണ്ടികൾ എത്തിപ്പെടാത്ത, കഷ്ടിച്ച് ഒരു ബൈക്കിന് മാത്രം സഞ്ചരിക്കാവുന്ന നിരവധി വഴികൾ ഇപ്പോഴും കേരളത്തിലെ പല​ ഉൾ​ഗ്രാമങ്ങളിലുമുണ്ട്. പാലക്കാടിലെ ചില ഉൾനാടൻ ​ഗ്രാമങ്ങളിലൂടെയുള്ള യാത്രകളിൽ അത്തരം വഴികൾ കണ്ടിട്ടുണ്ട്. ന​ഗരങ്ങളിലെ ആറടി പാതയേക്കാൾ മനോഹരമാണ് ​ഗ്രാമങ്ങളിലെ മൂന്നടിപാതയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ന​ഗരത്തിലെ കോൺ​ക്രീറ്റ് പാകിയ റോഡുകൾക്ക് സഞ്ചാരസുഖമുണ്ടെങ്കിലും മനോഹാരിതയും അനുഭൂതിയും കുറവാണ്. പച്ചപ്പുല്ലു നിരന്ന്, ചെറുങ്ങനെ വളഞ്ഞും നീവർന്നും നീളുന്ന മൂന്നടിപാത, ഓരങ്ങളിൽ തണൽ വിരിച്ച മരങ്ങൾ, വഴിനീളെ കൊഴിഞ്ഞു വീണ കരിയിലകൂട്ടങ്ങൾ...അവയിലൂടെ നടക്കുമ്പോൾ മണ്ണിനെ അറിഞ്ഞ് നടക്കുന്ന  അനുഭൂതിയാണ്. അത് പോലെതന്നെയാണ് പാടവരമ്പത്തുകൂടിയുള്ള യാത്രയും. ചെളിയും തവളയുമെല്ലാം നിറഞ്ഞപാടവരമ്പിലൂടെ വീഴുമോ എന്ന ഉൾഭയത്തോടെയാണ് നടക്കുന്നതെങ്കിലും മനസിനൊരു കുളി‍ർമാണ്. ന​ഗരജീവിതത്തിനിടെ നഷ്ടമാകുന്ന പലതുകൾക്കിടയിലെ ഒന്ന്.

ഈ ​നാടൻജീവിതവും പാടങ്ങളും വരമ്പുകളുമെല്ലാം ഇന്ന് അർബനൈസേഷന്റെ ഭാ​ഗമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ​ഗ്രാമങ്ങളിലേക്ക് ന​ഗരങ്ങൾ വളരാൻ തുടങ്ങിയപ്പോൾ ആദ്യം സംഭവിച്ചത് മനുഷ്യൻ അവനിലേക്ക് തന്നെ ചുരുങ്ങാൻ തുടങ്ങിയതാണ്. അതോടെ അതിരുകളില്ലാതെ തുറന്നുകിടന്നിരുന്ന അവന്റെ പറമ്പിന്റെ മൂലകളെ സിമന്റ് പാകി മിനുക്കിയ കൽക്കെട്ടുകൾ ബന്ധിപ്പിച്ച് ജയിൽ തീ‍ർത്തു. പാടങ്ങളും പുഴകളും ജലാശയങ്ങളുമെല്ലാം നികത്തി വികസനത്തിന്റേയും അന്തസിന്റേയും അടയാളങ്ങൾ ഉയ‍ർത്തി. പ്രസാദിന്റെ വീടിന് സമീപത്തെ ചെറുകുളവും ഇപ്പോഴില്ലാതായി കാണുമോ? അറിയില്ല. വികസനത്തിന്റേ പേരിൽ പക്ഷെ നാട്ടിലെ പല തണ്ണീർതടങ്ങളും തോടുകളും സ്ക്കൂളിന്റെ വിശാലമായ ​ഗ്രൗണ്ടുമെല്ലാം ഇല്ലാതായത് അറിയാം. കുന്നും പാറയും ഇടിച്ച് കല്ലും മണ്ണും ഇട്ട് നികത്തിയ തണ്ണീർത്തടങ്ങളും പുഴകളും കായലുകളും തോടുകളുമെല്ലാം നിരവധി കണ്ടിട്ടുണ്ട്. ഇനിയും ആർക്കോ വേണ്ടി വരാനിരിക്കുന്ന വല വികസന പദ്ധതികളും ഇല്ലാതാക്കാൻ പോകുന്നത് ശേഷിക്കുന്ന ഭൂമിയുടെ ഉറവകളെയാണ്, ആവാസവ്യവസ്ഥയെയാണ്. കെ റെയിലായാലും വിഴിഞ്ഞം തുറമുഖമായാലും ശരി,  ഇടിച്ചും നികത്തിയും നാം ഇല്ലാതാക്കുന്നത് ഭൂമിയുടെ യഥാർത്ഥ അവകാശികളുടെ ജീവിക്കാനുള്ള അവകാശത്തെയാണ്. 

Comments

  1. ഒരു വാഹനത്തിന് കടന്നു പോകാനുള്ള വഴി ഇല്ലാത്തത്തിനാൽ അച്ഛനെ അസുഖം വന്നപ്പോൾ മുതൽ കസേരയിൽ ഇരുത്തി കഷ്ടപ്പെട്ട് കൊണ്ട് പോകാറുണ്ട്.. വഴി പ്രത്തിന്റെ ബുദ്ധിമുട്ട്ന ന ന്നായി അനുഭവിക്കുന്നുണ്ട് ഇപ്പോഴും..

    ReplyDelete

Post a Comment