Showing posts with label cpm. Show all posts
Showing posts with label cpm. Show all posts

Friday, 13 September 2024

സമരം, സിഗരറ്റ്, സഖാവ് സീതാറാം....

സിപിഎമ്മിൽ ഒരുപക്ഷെ വിഎസ് - പിണറായി തർക്കവും വിഭാഗീയതയുമൊന്നുമുണ്ടായിരുന്നില്ല എങ്കിൽ മറ്റേതൊരു സിപിഎം പിബി അംഗത്തേയും പോലെ മാത്രമേ ഒരുപക്ഷെ സീതാറാം യെച്ചൂരിയേയും ഒരു സാധാരണ മലയാളി ഓർക്കാനിടയുള്ളു. 

കാരണം വിഭാഗീയത മൂത്തിരുന്ന  സമയത്തെല്ലാം യെച്ചൂരിയെയാണ് വിഎസ് വിളിച്ചിരുന്നത്. യെച്ചൂരി വിഎസ്സിനേയും. 

അങ്ങനെ കേരളത്തിലെ പ്രത്യേയശാസ്ത്രമോ അല്ലാത്തതോ ആയ എല്ലാ തർക്കത്തിലും യെച്ചൂരിക്ക് പങ്കുവഹിക്കാനുണ്ടായി. 

പലപ്പോഴും ഒരു കമ്മ്യൂണിക്കേറ്ററുടെ അല്ലെങ്കിൽ ഒരു ഇടനിലക്കാരൻറെ.

എനറെ ഡൽഹി കാലത്തിന് മുമ്പേ യെച്ചൂരിയുമായി ഒരു ചെറിയ സൌഹൃദം ഉണ്ടാക്കാനായിട്ടുണ്ട്. 

പലപ്പോഴും കേരളത്തിൽ പലപരിപാടിക്ക് വന്നപ്പോഴും ജോലിയുടെ ഭാഗമായി കണ്ടിട്ടുണ്ട്. 

അനൌദ്യോഗികമായും ഔദ്യോഗികമായും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. 

ഒരിക്കൽ ഒരുമിച്ച് ഒരു യാത്രയും നടത്തി.പിന്നീട് ഡൽഹിയിലെത്തിയപ്പോഴും ഔദ്യോഗികമായുള്ള ബന്ധം തുടർന്നു.

ആദ്യമായി ദീർഘനേരം സംസാരിച്ചത് കൊച്ചിയിലെ ലേ മെരിഡിയൻ ഹോട്ടലിൽ വെച്ചാണ്. 

അന്ന് ഏതോ ഒരു പാർലമെൻററി സമിതിയുടെ ഭാഗമായി എത്തിയതായിരുന്നു യെച്ചൂരി. 

വിഭാഗീയത കത്തിനിൽക്കുന്ന കാലമായതിനാൽ തന്നെ വാർത്ത ലക്ഷ്യം വെച്ചായിരുന്നു കാണാൻ പോയത്. 

എന്തോ വാർത്തയിൽ പ്രതികരണം ചോദിച്ചു. എന്നാൽ ആദ്യം ചിരിച്ച് ഒഴിഞ്ഞുമാറാൻ നോക്കി. 

പിന്നീട് വീണ്ടും ചോദിച്ചപ്പോൾ ഞാൻ സമിതിയുടെ ഭാഗമായാണ് വന്നത്. 

അതിനാൽ ഇപ്പോൾ ഒന്നും പറയാനില്ല എന്നായി. 

വീണ്ടും മൈക്ക് നീട്ടിയപ്പോൾ വേണ്ടെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.

ക്യാമറ മടക്കികൊള്ളാൻ പറഞ്ഞ് ഞാൻ മൈക്ക് പിൻവലിച്ചു. 

ഹോട്ടലിൻെറ പുറത്ത് തന്നെ നിന്ന് അപ്പോഴും എന്തോ പരതുകയായിരുന്നു യെച്ചൂരി. 

ഞാൻ സഖാവിനോടുള്ള ആദരവും സ്നേഹവും കാരണം അടുത്തേക്ക് ചെന്നു. 

പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്ത് എവിടെനിന്ന് വലിക്കാം എന്ന് ചോദിച്ചു.

ഞങ്ങൾ താഴേക്ക് പാർക്കിങിലേക്ക് നടന്നു. അപ്പോഴേക്കും സിഗരറ്റിന് തീകൊളുത്തിയിരുന്നു സഖാവ്.

എനിക്ക് നേരെയും പാക്കറ്റ് നീട്ടി. 

ഞാൻ വലിക്കില്ലെന്ന് പറഞ്ഞപ്പോൾ 'ഓ..ഡോണ്ട് യു' എന്ന് ആശ്ചര്യം നിറഞ്ഞ ചോദ്യം.

ഇല്ലെന്ന് ചിരിച്ചുകൊണ്ടുപറഞ്ഞപ്പോൾ 'ഗ്രേറ്റ്' എന്ന് ചിരിച്ചുകൊണ്ട് യെച്ചൂരിയുടെ പിരികം വളച്ചുള്ള മറുപടി.

അന്ന് വൈകുന്നേരം ചാനൽ ചർച്ചയിലെ അതിഥിയായിരുന്ന ലോറൻസ് സഖാവിനെ തിരികെ കൊണ്ടുചെന്നിറക്കിയത് ലേ മെരിഡിയനിലായിരുന്നു.

യെച്ചൂരിയെ കാണാൻ പോയതായിരുന്നു. കൂടെ ഞാനും കയറി. 

അന്ന് റൂമിൻെറ ഡോർ തുറന്ന് യെച്ചൂരി പുറത്ത് വന്നപ്പോൾ കയ്യിൽ പകുതിയൊഴിഞ്ഞ ഒരു മദ്യഗ്ലാസ്. 

അപ്പോഴും വിരലുകളുടെ ഇടയിൽ ഇരുന്ന് പുകയുന്ന മറ്റൊരു സിഗരറ്റ്...

പിന്നീട് പല പാർട്ടി പരിപാടികളിലും അദ്ദേഹത്തെ കണ്ടു, പ്രസംഗങ്ങൾ കേട്ടിരുന്നു, റിപ്പോർട്ട് ചെയ്തു.

വിശാഖപട്ടണം പാർട്ടി കോൺഗ്രസിന് മുമ്പ് ആലപ്പുഴയിൽ വിഎസ് ഇറങ്ങിപ്പോയ സംസ്ഥാനസമ്മേളനത്തിനിടെയിലും കണ്ടു.

വിശാഖപട്ടണത്ത് യെച്ചൂരിക്ക് പകരം എസ് ആർ പിയെ ജനറൽ സെക്രട്ടറിയാക്കാനുള്ള കൊണ്ടുപിടിച്ചുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുവെന്ന വാർത്തകൾ വരുമ്പോഴെല്ലാം യെച്ചൂരി സെക്രട്ടറിയാവണേ എന്ന് ആഗ്രഹിച്ച് കാത്ത് നിന്നു.

ബ്രാഹ്മണ്യമല്ല, വർഗബോധമാണ് വലുതെന്ന് പണ്ടേ തിരിച്ചറിഞ്ഞ യെച്ചൂരി ഒടുവൽ ജനറൽ സെക്രട്ടറിയായി.

അന്ന് വീണ്ടും വിശ്വാസം തോന്നി, ഇനി ഈ പാർട്ടി രക്ഷപ്പെടുമെന്ന്.

ബംഗാളിൽ മുച്ചൂടും മുടിഞ്ഞ് നിൽക്കുന്ന പാർട്ടിയെ രക്ഷിച്ചെടുക്കാൻ യെച്ചൂരിയുടെ കയ്യിൽ മാന്ത്രികവിദ്യകൾ ഉണ്ടാകുമെന്ന് കരുതി.

പാർട്ടിയുടെ ഇരുമ്പ് ചട്ടകൂടിനുമപ്പുറം പ്രായോഗികതയുടെ തന്ത്രജ്ഞതയും കൈമുതലായുള്ള യെച്ചൂരി അസാധ്യമാണെന്ന് തോന്നിയ പലതും സാധ്യമാക്കിയെടുത്ത സഖാവാണ്.

ജെ എൻ യു വിദ്യാർത്ഥിയായിരിക്കവെ ഇന്ദിരയെ മുട്ടുകുത്തിച്ച തീപ്പൊരി.

നാൽപതാം വയസിൽ പിബിയിലെത്തി കണ്ടാൽ കടിച്ചുകീറുന്ന പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ച് സഖ്യസർക്കാരുകൾ രൂപീകരിക്കാൻ തന്ത്രം മെനഞ്ഞവൻ.

അങ്ങനെയുള്ള സഖാവ് ആ മാന്ത്രികത സ്വന്തം പാർട്ടിയിലും പയറ്റാതിരിക്കില്ലെന്ന് പ്രതീക്ഷിച്ചു.

എന്നാൽ കേരളഘടകത്തിന് ശക്തിയേറെയുള്ള പാർട്ടിയെ എന്നും താൻ ആഗ്രഹിച്ചത് പോലെ നയിക്കാൻ യെച്ചൂരിക്ക് സാധിച്ചിട്ടില്ല

എന്നും എന്തെങ്കിലും തലവേദന കേരളത്തിലെ നേതാക്കൾ നൽകികൊണ്ടിരുന്നു.

മക്കളുടെ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും കൊണ്ടും കമ്മ്യൂണിസ്റ്റിന് നിരക്കാത്ത നയങ്ങളും ജീവിതചര്യകളും കൊണ്ടും എന്നും കേന്ദ്രനേതൃത്വത്തിന് കേരള സിപിഎം തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

സെക്രട്ടറി ആയതിന് ശേഷം യെച്ചൂരിയെ പിന്നീട് കാണുന്നത് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ്.

അന്ന് അദ്ദേഹത്തിൻറെ ഒരു ദിവസത്തെ പ്രചാരണത്തിനൊപ്പം മുഴുവൻ നേരവും പിന്തുടർന്നു.

അദ്ദേഹത്തിനൊപ്പം ഒരു തിരഞ്ഞെടുപ്പ് പ്രോഗ്രാം ചെയ്യാനായിരുന്നു ആ യാത്ര.

അദ്ദേഹത്തിൻറെ അഭിമുഖത്തിന് നേരത്തെ ശ്രമിച്ചെങ്കിലും തിരക്ക് കാരണം അനുമതി ആദ്യം ലഭിച്ചില്ല.

കുറേ ചോദിച്ചശേഷം യെച്ചൂരി വൈകുന്നേരം വൈപ്പിനിലെ പൊതുയോഗം കഴിഞ്ഞ ശേഷം സംസാരിക്കാമെന്ന് സമ്മതിച്ചു.

രാത്രി 7 മണിക്കായിരുന്നു വൈപ്പിനിലെ പൊതുപരിപാടി.

അത്കഴിഞ്ഞാൽ അന്നത്തെ അവസാനത്തെ പരിപാടി രാത്രി 9 ന് കാക്കനാടും.

ആ ഗ്യാപ്പിൽ പത്ത് മിനുട്ട് തരാമെന്നായി.

അങ്ങനെ വൈപ്പിനിലെ പൊതുപരിപാടി 7.30 ന് തീർത്ത് സഖാവ് കാക്കനാടേക്ക് പോകാനിറങ്ങി.

സ്റ്റേജിൽ നിന്ന് ഇറങ്ങിയ ശേഷം എന്നെ വിളിച്ചു.

"ക്യാൻ ഐ ട്രാവൽ വിത്ത് യു.."

ഞാൻ സമ്മതിച്ചു. 

അങ്ങനെ ഞാനും ക്യാമറാമാൻ മോനിഷും യെച്ചൂരിയും ഒപ്പം കെ ചന്ദ്രൻപിള്ള സഖാവും കാറിൽ കയറി.

കാറിൽ കയറിയ ശേഷമാണ് യെച്ചൂരി എന്തിനാണ് ഞങ്ങളുടെ കാറിൽ കയറിയത് എന്ന് പറഞ്ഞത്,

"ഐ വാണ്ട് ടു സ്മേക്ക്. ഐ ഡിഡിൻറ് സിൻസ് മോണിങ്.

ജസ്റ്റ് പാർക്ക് വെഹിക്കിൾ സംവേർ വീ കാൻ സ്മോക്ക്..."

കാറിൽ കേറിയ ഉടനെ ഫോൺ എടുത്ത് മിസ് കോൾ ലിസ്റ്റിലൂടെ കണ്ണോടിച്ചു.

ബംഗാളിൽ നിന്നുള്ള ബിമൻ ബസുവിൻറെ കോളിന് തിരിച്ചുവിളിച്ചു.

ബംഗാളിയിലായിരുന്നു സംസാരം.

ഫോൺ വെച്ചശേഷം ഞാൻ ബംഗാളിലെ കാര്യം ചോദിച്ചു.

"ദെ ആർ ട്രൈയിങ് ടു റീബിൽഡ് ദ പാർട്ടി. ഇറ്റ് മേ ടേക്ക് ടൈം... ആം ഹോപ്പ് ഫുൾ. ലെറ്റസ് സീ കോമറേഡ്..."

എത്ര ഭാഷയറിയാം എന്ന എൻറെ ചോദ്യത്തിന് പൊട്ടിചിരിയായിരുന്നു.

എന്നിട്ട് വിരലിലെണ്ണി പറഞ്ഞുതുടങ്ങി,

ബംഗാളി, തെലുഗു, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്.....

ഏകദേശം 9 ഓളം (അത്രയാണെന്നാണ് ഓർമ) ഭാഷകൾ കേട്ടാൽ മനസിലാകും എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു

എങ്ങനെയാണ് ഇത്രയും ഭാഷകൾ പഠിച്ചതെന്ന് ചോദിച്ചപ്പോഴാണ് അതിന് പിന്നിലെ കഥ അദ്ദേഹം പറഞ്ഞത്.

ജെ എൻ യു വിൽ പഠിക്കുന്ന കാലത്ത് അവിടെ മറ്റൊരു പാർട്ടിയിലെ നേതാവ് ഈവനിങ് ലാങ്ഗ്വേജ് ക്ലാസിന് വരുമായിരുന്നത്രേ

അങ്ങനെ വിദേശഭാഷകൾ ആ നേതാവ് പഠിക്കാന വരുന്നത് കണ്ടിട്ടാണ് വിവിധ ഭാഷപഠിക്കാൻ താൽപര്യം തോന്നിയത്.

ആ നേതാവ് മറ്റാരുമായിരുന്നില്ല, 14 ഭാഷകൾ ആനായാസേന കൈകാര്യം ചെയ്തിരുന്ന നമ്മുടെ മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു.

അദ്ദേഹമാണ് ഭാഷകളോട് യെച്ചൂരിയിൽ പ്രണയം ജനിപ്പിച്ചത്. 

സംസാരിക്കുന്നതിനിടെ അദ്ദേഹം ട്വിറ്ററിൽ വാർത്തകൾ ഓടിച്ച് നോക്കുകായിരുന്നു. 

സഖാവ് വിഎസ് സോഷ്യൽ മീഡിയയിൽ പ്രവേശിച്ച് ചുരുങ്ങിയ ദിവസം കൊണ്ട് താരമായ സമയമായിരുന്നു അത്.

വിഎസിനെ ഫോളോ ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു.

ഒരു പൊട്ടിച്ചിരി.

"ഹി ഈസ് നോട്ട് ഓൾഡ്, കോമ്രേഡ് വിഎസ് ഈസ് ആൾവെയിസ് യങ് ആൻറ് അപ്പ്ഡേറ്റഡ് ദാൻ അസ്."

വിഎസ് ഉമ്മൻ ചാണ്ടിക്കും ആൻറണിക്കുമെല്ലാം കണക്കിന് ഫെയ്സ്ബുക്ക് വഴി കൊടുക്കുന്ന മറുപടി വിവർത്തനം ചെയ്ത് കൊടുത്തപ്പോൾ യെച്ചൂരി സ്വയം മറന്ന് ചിരിച്ചു.

"ഹി ഈസ് എ സ്റ്റാൾവർട്ട്  "

അങ്ങനെ ഞങ്ങൾ വല്ലാർപാടം കണ്ടയിനർ റോഡിൽ നിർത്തി,

വണ്ടിയിൽ നിന്ന് ഇറങ്ങിയ യെച്ചൂരി ഒറ്റ നിൽപ്പിൽ വലിച്ച് തീർത്തത് 3 സിഗരറ്റ്.

സിഗരറ്റ് വലിച്ച് കഴിയും വരേയും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.

ആ തിരഞ്ഞെടുപ്പിലെ സിപിഎമ്മിൻറെ സാധ്യതകളെ കുറിച്ചും സ്ഥാനാർത്ഥികളെ കുറിച്ചുമെല്ലാം.

പിന്നീട് കാറിലിരുന്ന് തന്നെ അഭിമുഖം പകർത്തി.

കാക്കനാട് എത്തുന്നതുവരേയും സഖാവ് ദീർഘമായി സംസാരിച്ചു.

പത്ത് മിനുട്ട് സംസാരിച്ച് ഇരുപതും ഇരുപത്തിയഞ്ചും കഴിഞ്ഞു. 

കാക്കനാട് എത്തുംമുമ്പേ വീണ്ടുമൊരു പുക. 

പൊതുയോഗവേദിയിൽ എത്തുമ്പോൾ അവിടെ നിറയെ പ്രവർത്തകരും അണികളും.

അവരെ അഭിസംബോധന ചെയ്ത് ജില്ലാസെക്രട്ടറി സംസാരിക്കുന്നു.

അതിനുശേഷം ഡൽഹിയിലെത്തിയശേഷം ഇടയ്ക്കിടെ എകെജി ഭവനിലെ പടിയിലും മുന്നിലും നിന്ന് പലകുറി സംസാരിച്ചു.

പാർട്ടി ഓഫീസിലേക്ക് കാറിൽ വന്നിറങ്ങിയാൽ കാവൽ നിൽക്കുന്ന പൊലീസുകാരൻ യെച്ചൂരിയെ ഒന്ന് വണങ്ങും, തിരിച്ച് യെച്ചൂരി അദ്ദേഹത്തിന് ഒരു സല്യൂട്ട് നൽകും.

ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയനേതാവും നൽകാത്ത ഒന്നാവണം ആ സല്യൂട്ട്.

തൊഴിലാളികളെ - അത് ഭരണകൂടത്തിൻറെ മർദ്ദനോപകരണമായ പൊലീസ് ആയാലും പട്ടാളമായാലും - സമനായി കാണുന്ന കമ്മ്യൂണിസ്റ്റിൻറെ സല്യൂട്ട്.

ഹൈദരാബാദ് പാർട്ടി കോൺഗ്രസിന് മുന്നോടിയായി പിബിയിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയകാര്യ റിപ്പോർട്ട് വലിയചർച്ചയായി.

റിപ്പോർട്ട് കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി പരിഗണിച്ചു, റിപ്പോർട്ട് പിബി തള്ളി.

അങ്ങനെ പിബിയിൽ ജനറൽ സെക്രട്ടറിയുടെ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഹകരണമെന്ന നയം ന്യൂനപക്ഷമായി.

എന്നിട്ടും പക്ഷെ യെച്ചൂരിയിലെ പോരാളി വിട്ടില്ല.

സിസിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ താങ്കളുടെ റിപ്പോർട്ട് പിബി തള്ളിയില്ലേ എന്ന് ചോദിച്ചു

അതിന് സിസി അല്ലല്ലോ, പാർട്ടി കോൺഗ്രസല്ലേ പാർട്ടിയുടെ വലിയ വേദി.

അവിടെ ഈ ന്യൂനപക്ഷ രേഖ ഞാൻ അവതരിപ്പിക്കും. അപ്പോൾ അറിയാം പാർട്ടിയുടെ പിന്തുണ ഏതിനാണെന്നായിരുന്നു ആത്മവിശ്വാസം ഒട്ടും ചോർന്നിട്ടില്ലാത്ത മറുപടി.

ഹൈദരാബാദിൽ വാദപ്രതിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും ശേഷം അന്തിമവിജയം യെച്ചൂരിക്കായിരുന്നു.

നയം രഹസ്യവോട്ടിനിടാം എന്ന് ബംഗാൾ ഘടകം നിർദേശം വെച്ചതോടെ ശക്തമായി എതിർത്തിരുന്ന കേരളഘടകത്തിന് അടിതെറ്റി.

രഹസ്യവോട്ടെടുപ്പായിരുന്നെങ്കിൽ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പേരും യെച്ചൂരിയുടെ ലൈൻ അനുകൂലിച്ച് വോട്ടിടുമായിരുന്നുവെന്ന് അന്നത്തെ സമ്മേളന പ്രതിനിധികൾ വ്യക്തിപരമായി പറഞ്ഞിരുന്നു.

ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിൻറെ തൊട്ടതലേ ദിവസം തന്നെ പിബിയിലും കേന്ദ്രകമ്മിറ്റിയിലും കാരാട്ട് പക്ഷത്തിനുണ്ടായിരുന്ന ആധിപത്യം പൊളിഞ്ഞതിനറെ സൂചനകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു.

അന്ന് നേതാക്കൾ കാറിൽ കയറുന്ന ഇടത്ത് നിൽക്കുകയായിരുന്ന ഞാനും ന്യൂസ് 18 ലെ സതീഷ് കുമാറും ഒരു കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

എന്നും കാരാട്ടിനൊപ്പം പോകുന്ന പല നേതാക്കൾ അവർക്കൊപ്പം വാഹനത്തിൽ കയറാതെ മാറിനിന്നു.

സീതാറാം വരട്ടെ എന്നായിരുന്നു ചോദിച്ചപ്പോൾ മറുപടി.

പിന്നീട് യെച്ചൂരിയുടെ കാറിലാണ് ആ പിബി അംഗങ്ങളും ഹോട്ടലിലേക്ക് പോയത്.

അതൊരു സൂചനയായിരുന്നു.

യെച്ചൂരി പാർട്ടിയിൽ ശക്തനായിരിക്കുന്നു എന്നതിൻറെ സൂചന.

അടുത്തദിവസം രണ്ടാം തവണയും യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

രേഖ തള്ളിയിരുന്നുവെങ്കിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്തായേക്കാവുന്ന സഖാവ് അതാ അജയനായി മടങ്ങുന്നു.

എകെജി ഭവനിൽ വാർത്താസമ്മേളനത്തിന് വരുന്നതിനിടെ രണ്ട് സംഘപരിവാർ ഗുണ്ടകൾ യെച്ചൂരിയെ കയ്യേറ്റം ചെയ്യുന്നതിന് സാക്ഷിയായി.

അന്ന് ഗൂണ്ടകളെ പാർട്ടിപ്രവർത്തകരും മാധ്യമപ്രവർത്തകരും ചേർന്നാണ് പിടിച്ച് മാറ്റിയത്.

അതിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ യെച്ചൂരി വാർത്താസമ്മേളനമുറിയിലേക്ക് നടന്നു.

"ഡോണ്ട് ബോദർ. ദേ കാൻ ഡു നത്തിങ്" എന്നായിരുന്നു കയ്യേറ്റത്തെകുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.

നിർണായകമായ കേന്ദ്ര കമ്മിറ്റി യോഗങ്ങൾ കഴിഞ്ഞ് ഇറങ്ങിയാൽ യെച്ചൂരിയുടെ ഒരു നിൽപ്പുണ്ട് എകെജി ഭവൻറെ മൂന്നാം നിലയിലെ ജനാലയ്ക്കരികിൽ.

കയ്യിൽ പുകയുന്ന സിഗരറ്റുണ്ടാകും. 

ഒന്നെരിഞ്ഞടങ്ങുമ്പോൾ അടുത്തതിന് തീപകരും. 

അതങ്ങനെ ഊതി വലിച്ച് എന്തോ കാര്യമായി ആലോചിച്ചങ്ങനെ നിൽക്കും.

ഇനി ഡൽഹിയിലെത്തുമ്പോൾ എകെജി ഭവനിലെ ജാലകത്തിനരികിലെ ആ കാഴ്ച്ചയും ചിരിയും പോക്കറ്റിൽ കൈ ഇട്ടുള്ള നടപ്പും ഉണ്ടാകില്ല.

അത് വല്ലാതെ മിസ് ചെയ്യും.

അതിലുപരി എകെജി ഭവനിന്‍ മുന്നിൽ കാവൽ നിൽക്കുന്ന പോലീസുകാരന് സ്ഥിരം കിട്ടുന്ന ആ സല്യൂട്ടും...


Friday, 14 January 2022

K Rail or Derail? കെ റെയിലിൻറെ സാമ്പത്തികം

മനുഷ്യൻ മത്സരിക്കുന്നത് സമയത്തോടാണ് എന്ന് പൊതുവെ പറയാറുണ്ട്. ആകെയുള്ള 24 മണിക്കൂ‍‍ർ സമയത്തിനുള്ളിൽ പരമാവധി കാര്യങ്ങൾ ചെയ്യുകയെന്നതാണ് മനുഷ്യനെ അലട്ടുന്ന പ്രധാനകാര്യം. ഓടിയോടി സമ്പാദിക്കുക, ആഘോഷിക്കുക, അറിവുകൾ സമ്പാദിക്കുക, കണ്ടുപിടുത്തങ്ങൾ നടത്തുക, ശാസ്ത്രരം​ഗത്തെ പുതിയ സാങ്കേതിക വികാസം കൊണ്ട് പറ്റുമെങ്കിൽ ഈ പ്രപഞ്ചത്തെ തന്നെ കീഴ്പ്പെടുത്തുക. അതിൽ ഓരോന്നിലും ഓരോതരത്തിലുള്ള സന്തോഷവും ആവേശവും കണ്ടെത്തുന്നവനാണ് മനുഷ്യൻ. ലോകകോടീശ്വരനായ ഇലോൺ മസ്ക്കിന്റെ ഏറ്റവും പുതിയ ആ​ഗ്രഹം ചൊവ്വ ​ഗ്രഹത്തിൽ താമസമാക്കലാണ്. ചൊവ്വയിലും ഉപയോ​ഗിക്കാനാവുന്ന മൊബൈൽ ഫോൺ വികസിപ്പിച്ചെടുക്കലാണ് മസ്ക്കിന്റെ ഇപ്പോഴത്തെ പരീക്ഷണം. പൈ എന്ന് ആ മൊബൈലിന് പേരുമിട്ടുകഴിഞ്ഞുവെന്നതാണ് ശാസ്ത്രലോകത്തെ പുതിയവാ‍ർത്തകളിലൊന്ന്. തന്റെ സ്വന്തം മനുഷ്യായുസ്സ് ഒടുങ്ങുന്നതിന് മുമ്പേ ഇതെല്ലാം കണ്ടെത്തി ഉപയോ​ഗിച്ച് തൃപ്തിയടയണം മനുഷ്യന്. അതിനെ അതിമോഹമായോ ആ‍ർത്തിയായോ കാണേണ്ടതില്ല. കാരണം അവൻ വികസിപ്പിച്ചെടുക്കുന്നത് അവന് ഉപയോ​ഗിച്ച് നോക്കാനുള്ള ആ​ഗ്രഹം കൊണ്ട് തന്നെയാണല്ലോ.

കേരളത്തിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി കേൾക്കുന്നതും മനുഷ്യന്റെ സമയത്തെ കുറിച്ചുള്ള ചർച്ചകളാണ്. സമയമെന്നത് വിലയേറിയത് തന്നെ. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. ( ടൈം മെഷീൻ ഉപയോ​ഗിച്ചുളള കാലാന്തരയാത്രകളെല്ലാം സിനിമയ്ക്ക് നല്ലൊരു തീം ആണെന്നതിന് അപ്പുറം ഒന്നുമല്ല. അതിനൊരു ശാസ്ത്രീയ അടിത്തറയുമില്ല. ). കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് യാത്രചെയ്തെത്താനുള്ള സമയമാണ് ഇപ്പോഴത്തെ തർക്കം. നാലര മണിക്കൂറിലെത്തി അന്ന് തന്നെ മടങ്ങിപോകണോ അതോ പത്തും പതിനൊന്നും മണിക്കൂ‍ർ യാത്രചെയ്ത് ക്ഷീണിക്കണോ എന്നതാണ് ഒറ്റനോട്ടത്തിലെ തർക്കം. സമയം വിലപ്പെട്ടതാകുമ്പോൾ അതിനൊറ്റ സെല്യൂഷനേയുള്ളു. അത് എക്സ്പ്രസ് യാത്രയാണ്, സിൽവർ ലൈൻ എന്ന കെ റെയിലാണ് എന്നതാണ് സർക്കാരും അണികളും പറയുന്നത്. ലോകമോടുമ്പോൾ അതിനൊപ്പം ഓടണം. ലോകത്തിലെ ഏതാണ്ട് എല്ലാവികസിത രാജ്യങ്ങളിലും സ്പീഡ് ട്രെയിനുകൾ ഉണ്ട്. ഭാവി മുന്നിൽ കണ്ട് ഇപ്പോഴേ അത് കേരളത്തിലും ഉണ്ടാക്കണമെന്നാണ് സർക്കാരും സിപിഎമ്മും അവകാശപ്പെടുന്നത്. എന്നാൽ ബദലുകൾ ഏറെയുണ്ടെന്ന് എതിർക്കുന്നവർ. വേ​ഗത്തിലെത്താനുള്ള ചിലവും അതുണ്ടാക്കുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങളുമാണ് എതിർക്കുന്നവർ നിരത്തുന്ന വാദങ്ങൾ.  

സമയത്തിന് എത്തുകയെന്നത് അത്യാവശ്യമായ കാര്യം തന്നെയാണ്. അതിൽ ആർക്കും സംശയമില്ല. തീർച്ചയായും ലോകം മുന്നോട്ട് പോകുമ്പോൾ നമ്മളും സഞ്ചരിക്കേണ്ടത് മുന്നോട്ട് തന്നെയാണ്. തർക്കമില്ല. അപ്പോൾ പിന്നെ എവിടെയാണ് പ്രശ്നം? പ്രശ്നം ഈ പദ്ധതി നിലവിലെ സാഹചര്യത്തിൽ നടത്താൻ അനുയോജ്യമായ ഒന്നാണോ എന്നതാണ്. കേരളത്തിന്റെ പാരിസ്ഥിതിക സാമൂഹിക സാഹചര്യത്തിൽ ഇത് താങ്ങാവുന്ന ഒന്നാണോ എന്നതാണ്. കരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഇത് മുതൽക്കൂട്ടാണോ എന്നതാണ്. പിന്നെ ആർക്കാണ് ഈ പദ്ധതി ​ഗുണം ചെയ്യുന്നത് എന്നിടത്താണ്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ ഇതിനോടകം തന്നെ വന്നിട്ടുണ്ടെങ്കിലും ആർക്കും - പ്രത്യേകിച്ച് പിടിവാശിയോടെ പ്രവർത്തിക്കുന്ന സർക്കാരിനും സർക്കാരിന് നേതൃത്വം കൊടുക്കുന്ന പാർട്ടിക്കും - എത്രമാത്രം ദഹിക്കുന്നുണ്ട് എന്നിടത്താണ്. ഇതിനൊപ്പം തന്നെ രാഷ്ട്രീയമായി ഒന്നുകൂടിയുണ്ട്. മഹാരാഷ്ട്രയിൽ പദ്ധതിക്കെതിരെ ചുവന്ന കൊടിയെടുത്ത അതേ പാർട്ടി എങ്ങനെ കേരളത്തിൽ ഇതിനായി പച്ചക്കൊടി വീശുന്നുവെന്നത്. 

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വടക്കേയറ്റത്തെ ജില്ലയായ കാസർ​കോഡിലെത്താൻ നിലവിൽ എടുക്കുന്ന സമയത്തെ മൂന്നിലൊന്നായി ചുരുക്കുമെന്നതാണ് പദ്ധതിയുടെ വലിയ നേട്ടം. (മൊത്തം 529.450 കിലോമീറ്റർ ദൂരം 3.56 മണിക്കൂ‍ർ കൊണ്ട് ഓടിതീർക്കുമെന്നാണ് കെ റെയിലിനുവേണ്ടി സിസ്ട്ര നടത്തിയ പഠന റിപ്പോർട്ടിലുള്ളത്. വോള്യം 1, മെയിൻ റിപ്പോർട്ട്, പാർട്ട് എ, പേജ് നമ്പർ 10). തീർച്ചയായും സമയത്തിന് വലിയ വിലയുള്ളപ്പോൾ ആളുകൾക്ക് അത്തരമൊരു യാത്രാസൗകര്യം ​ഗുണകരമാണ്. അതിന് അവൻ നൽകേണ്ടുന്നത് നിലവിലെ തീവണ്ടികളിൽ സെക്കന്റ് ഏസിക്കും തേർഡ് എസിക്കും ഈടാക്കുന്ന ടിക്കറ്റ് നിരക്കിന് ഇടയിലുള്ള ഒരു തുകമാത്രമാണ്. എക്സ്പ്രസ് തീവണ്ടികൾക്കും ലോക്കൽ തീവണ്ടികൾക്കും ഉള്ള ടിക്കറ്റിന്റെ നിരക്കിലെ വ്യത്യാസം പോലെ തന്നെ അതിനെ കണ്ടാൽ മതി. പക്ഷെ എത്രപേർക്ക് എല്ലാദിവസവും കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കം തിരിച്ചും യാത്രചെയ്യാനാണ്ടാവും? പതിനൊന്ന് സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉള്ളത്. അവിടങ്ങളിൽ നിന്ന് കയറുന്നവർ അടുത്തസ്റ്റേഷനിൽ ഇറങ്ങിയാൽ നിരവധി പേ‍ർ കയറാനുണ്ടാകുമല്ലോ എന്നതാണ് മറുവാദം. ശരിയാണ്. ലോക്കലോടുന്ന ബസ്സുകളുടെ വലിയ വരുമാനമെന്നത് ഇത്തരം ചെറിയദൂരത്തേക്ക് യാത്രച്ചെയ്യുന്നവരാണല്ലോ. എന്നാൽ ചെറിയദുരത്തിന് എത്രപേരാണ് എസി ടിക്കറ്റിന്റെ ചാർജ് കൊടുത്ത് യാത്രചെയ്യാൻ തയ്യാറാവുക. കൊച്ചി മെട്രോ ആരംഭിച്ചപ്പോൾ പുതുമോടിയിൽ ആളുകൾ കയറിയതല്ലാതെ പിന്നീടിങ്ങോട്ട് എത്രപേർ ബസ് ചാർജിനേക്കാൾ ഇരട്ടി തുകകൊടുത്ത് ആലുവക്ക് മെട്രോ കയറുന്നുണ്ട് എന്ന് സർക്കാർ ഒന്ന് അന്വേഷിച്ചാൽ മാത്രം മതി. പ്രതിദിനം കോടികളാണ് കൊട്ടിഘോഷിച്ചാരംഭിച്ച കൊച്ചി മെട്രോ വരുത്തിവെക്കുന്നത്.

ഡിപിആർ പ്രകാരം 2020 സെപ്തംബർ 9 ലെ കണക്കനുസരിച്ച്  സിൽവർ ലൈൻ പദ്ധതിയുടെ ചിലവായി കേരളം കണക്കുകൂട്ടിയിരിക്കുന്നത് 63,940 കോടി രൂപയാണ്. എന്നാൽ പദ്ധതി തുടങ്ങി അത് പൂ‍ർത്തിയായി വരമ്പോൾ ഈ തുകയിൽ തന്നെ നിൽക്കുമോയെന്ന സാമാന്യമായ ചോദ്യമുണ്ട്. രണ്ട് വർഷം മുമ്പ് സിമന്റ് ചാക്കിന് 360-390 രൂപ വിലയായിരുന്നതിന് ഇന്നിപ്പോൾ വിപണി വില 560-590 രൂപവരെയാണ്. കമ്പിക്കും കല്ലിനും മറ്റ് അനുബന്ധ സാധനങ്ങൾക്കുമെല്ലാം വില ഇത്തരത്തിൽ തന്നെ കുത്തനെ ഉയർന്നിട്ടുണ്ട്. കൊവിഡ് ലോക്ഡൗൺ കാലത്ത് നിർമാണം നിലച്ചതും റോ മെറ്റീരിയൽസിന്റെ ലഭ്യതകുറവും ഇന്ധനവില വർദ്ധനയുമെല്ലാം വിലകയറ്റത്തിന് വഴിവെച്ചിട്ടുണ്ട്. നിർമാണ ചിലവ് സ്വാഭാവികമായും കുറച്ച് കൂടുമെന്ന് സാമാന്യയുക്തിയാണ് എന്നുകരുതി മാറ്റിവെക്കാം. പക്ഷെ 63,940 കോടി എന്ന സർക്കാരിന്റെ കണക്ക് തെറ്റാണെന്നാണ് കേന്ദ്ര സർക്കാരിന്റെ ആസൂത്രണ സമിതിയായ നീതി ആയോ​ഗ് തന്നെ കണ്ടെത്തിയിരിക്കുന്നത്. കേരളം സമർപ്പിച്ച ഡി പി ആർ വിശദമായി പഠിച്ച ശേഷം നീതി ആയോ​ഗം അതേ ദിവസത്തെ തന്നെ വിലകളും മറ്റും വിലയിരുത്തി പദ്ധതിക്ക് ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നത് 1,26,081 കോടിയാണ്. കിലോമീറ്ററിന് 121 കോടിയാണ് കേരളം ചിലവ് കണക്കാക്കുന്നത് എങ്കിൽ അത് കിലോമീറ്ററിന് 238 കോടിയാകുമെന്നാണ് നീതി ആയോ​ഗിന്റെ കണക്ക്. പദ്ധതി സംബന്ധിച്ച് നീതി ആയോ​ഗ് കേരളത്തിന് നൽകിയ 44 പേജുള്ള റിപ്പോർട്ടിൽ 41 ആം പേജിലാണ് ഇക്കാര്യം നീതി ആയോ​ഗ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് കേരളം പൊതുജനത്തോട് ചിലവാകുമെന്ന് അവകാശപ്പെടുന്നതിന്റെ ഇരട്ടിയാണ് യഥാർത്ഥ ചിലവ് പ്രതീക്ഷിക്കുന്നത് എന്നർത്ഥം.  

ഇനി കേരളത്തിന്റെ സാമ്പത്തിക വളർച്ച കഴിഞ്ഞകുറേ കാലമായി ഏതാണ്ട് മന്ദീഭവിച്ച നിലയിലാണ്. സംസ്ഥാനത്തിന്റെ ജി എസ് ഡി പിയിലേക്ക് വിവിധ സെക്ടറുകൾ നൽകുന്ന സംഭാവനകളെ കുറിച്ച് (പേജ് നമ്പ‍ർ 29) വിശദമായ ഒരു ടേബിൾ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനം നടത്തിയവർ പട്ടികയെ അടിസ്ഥാനപ്പെടുത്തി (2018-19 സാമ്പത്തികവർഷത്തിലെ കണക്ക് ) കേരളത്തിൽ വളർച്ചയിലുള്ളതും നഷ്ടത്തിലുള്ളതുമായ മേഖലകളെ കുറിച്ച്  പറയുന്നുണ്ട്. കേരളത്തിന്റെ വികസനത്തിന് പ്രൈമറി സെക്ടറിൽ കാർഷികമേഖല നെ​ഗറ്റീവ് വളർച്ചയാണ് സംഭാവനചെയ്യുന്നത് എന്ന് പറഞ്ഞുപോകുന്ന റിപ്പോർട്ട് പക്ഷെ വലിയ സംഭാവന ചെയ്തിരുന്ന ഖനനമേഖല 2018-19 കാലത്ത് നഷ്ടമുണ്ടാക്കിയതിന്റെ കാരണത്തെ കുറിച്ച് വാചാലമാകുന്നുണ്ട്. പ്രളയത്തെ തുടർന്ന് ഖനനമഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതാണ് അതിനുകാരണമെന്നാണ് വിലയിരുത്തൽ. അതായത് പ്രകൃതിയെ ചൂഷണം ചെയ്ത് പാറപൊട്ടിക്കാൻ വഴിയൊരുക്കിയാൽ ജി എസ് ഡി പി യിലേക്ക് കാര്യമായ വളർച്ച കിട്ടും. അതേസമയം തന്നെ, 2017-18 കാലത്ത് നേട്ടമുണ്ടാക്കിയിരുന്ന കാർഷിക മേഖല എങ്ങനെയാണ് 2018-19 ൽ നഷ്ടത്തിലായത് എന്ന് പറയാൻ റിപ്പോർട്ട് അവിടെ സമയം കളയുന്നുമില്ല. അത് പറഞ്ഞിരുന്നുവെങ്കിൽ പദ്ധതിക്ക് സ്ഥലമെടുക്കുന്നതോടെ കൃഷിസ്ഥലമില്ലാതാകുമെന്നതും അത് കൂടുതൽ പ്രതിസന്ധി ഈ മേഖലയിൽ സൃഷ്ടിക്കുമെന്നും സമ്മതിക്കേണ്ടി വന്നേനെ. പാറ പെട്ടിക്കാതെ സിൽവർ ലൈൻ സ്ഥാപിക്കാനാവില്ല എന്നതിനാൽ ഖനനത്തിലൂടെ കൂടുതൽ സംഭാവന ഖനനമേഖലയിൽ നിന്ന് ജി എസ് ഡി പി ഉയർത്താൻ സഹായകമാകുമെന്ന് പറയാതെ പറയുന്നുണ്ട് ഡി പി ആർ. റെയിൽവേ നേട്ടമുണ്ടാക്കുന്നു എന്ന ഒറ്റകാര്യം ചൂണ്ടിക്കാട്ടിയാണ് ഇവിടെ സിൽവർ ലൈൻ ആവശ്യമാണെന്ന് സിസിട്ര ചൂണ്ടിക്കാട്ടുന്നത്. കൃഷി ഭൂമി പദ്ധതിയുടെ ഭാ​ഗമായി നഷ്ടമാകുമ്പോൾ എങ്ങനെയാണ് പ്രാഥമിക സെക്ടറിൽ ഉൾപ്പെടുന്ന കാർഷിക മേഖല അഭിവൃദ്ധിപെടുക? ഉപഭോക്തൃ സംസ്ഥാനമായി തുടരുന്ന കേരളത്തിൽ കഴിഞ്ഞ വർഷം അവസാനം പച്ചക്കറി വിലകയറ്റം കൊണ്ട് കഠിനമായി കഷ്ടപ്പെട്ടത് മറക്കാറായിട്ടില്ല. കൃഷി ഭൂമികളും തണ്ണീർത്തടങ്ങളുമെല്ലാം ഇല്ലാതാകുന്നതിന്റെ പാരിസ്ഥിതിക പ്രശ്നം വേറെ.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ കുറേ കാലമായി മോശമാണെന്നത് എല്ലാവർക്കും അറിയുന്നതാണല്ലോ. കിഫ്ബി വഴി പണം മസാലബോണ്ടായും കടമെടുത്തുമൊക്കെയാണ് പലപദ്ധതികളും നടപ്പാക്കുന്നത്. നമ്മുടെ റോഡുകൾ പൊട്ടിപൊളിഞ്ഞാൽ, സ്ക്കൂളും ആശുപത്രികളുമെല്ലാം നവീകരിക്കണമെങ്കിൽ, എന്തിനും ഏതിനും വിദേശ വായ്പ ഏജൻസികളെ ആശ്രയിക്കേണ്ടുന്ന സ്ഥിതിയാണ് നമ്മുടേത്. പ്രളയകാലത്ത് പിടിച്ചുനിൽക്കാനാവാതെ ഉഴറിയ കേരളത്തെ പുനർനിർമിക്കാൻ പ്രളയസെസ് ഏർപ്പെടുത്തേണ്ടിവന്നു സംസ്ഥാനത്തിന്. പ്രളയത്തിലും കോവിഡിലുമെല്ലാം പെട്ട് നട്ടം തിരിഞ്ഞ സംസ്ഥാനത്തെ ജനം നിവർത്തികേടിനിടയിലും അതെല്ലാം നൽകിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില പിടിച്ചുനിർത്താനാണ്. സർക്കാർ സേവനമായി അതെല്ലാം തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ്. കേരളത്തിലടക്കം ഉയർന്ന പ്രതിഷേധങ്ങൾക്കൊന്നും ചെവികൊടുക്കാതെ ഇന്ധനവില നൂറുകടത്തിയ കേന്ദ്രം ഉപ തെരഞ്ഞെടുപ്പ് തിരിച്ചടികൊണ്ട് മാത്രം വില കുറച്ചപ്പോൾ കേരളം കുറയ്ക്കാതെ ഇരുന്നു. മറ്റ് സംസ്ഥാനങ്ങളെല്ലാം സംസ്ഥാന നികുതിയിൽ കാര്യമായി തന്നെ കുറവ് വരുത്തിയപ്പോഴും തങ്ങൾ കൂട്ടാത്തത് കുറയ്ക്കില്ലെന്ന് നിലപാട് കേരളം സ്വീകരിച്ചു. അന്നും പറഞ്ഞിരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു. അത്രയും മോശമായ സാമ്പത്തിക സ്ഥിതിയാണ് കേരളത്തിനെങ്കിൽ എന്തിനാണ് പിന്നെയും പതിനായിരക്കണക്കിന് കോടിയുടെ അധികബാധ്യത തലയിലേറ്റുന്നത്? ജെയ്കയിൽ നിന്നായാലും എഡിബിയിൽ നിന്നായാലും പണം വാങ്ങുന്നത് പലിശ സഹിതം തിരിച്ചടയ്ക്കേണ്ട വായ്പ ആയി തന്നെയല്ലേ? ആ വായ്പ അനുവദിക്കുന്നതിന് അവർ മുന്നോട്ട് വെക്കുന്ന ഉപാധികൾ എത്രമാത്രം കേരളത്തിന് ഉപകാരപ്രദമാവും? അവരുടെ സേവനങ്ങൾ തന്നെ വാങ്ങണം, അവർ നി‍ർദേശിക്കുന്നവരുടെ സേവനം തന്നെ ലഭ്യമാക്കണം തുടങ്ങി നിരവധി കർശന വ്യവസ്ഥകൾ കേരളം പാലിക്കേണ്ടതുണ്ട്. വെറുതെ അല്ലാലോ അവരാരും പണം മുടക്കുന്നത്. ഒരുകാലത്ത് എഡിബിക്കെതിരേയും ലോകബാങ്കിനെതിരേയുമെല്ലാം സമരം ചെയ്ത-പ്രത്യയശാസ്ത്ര വിയോജിപ്പ് ഇപ്പോഴുമുള്ള- സിപിഎമ്മിന്റെ നേതാക്കൾ തന്നെയാണ് ഇപ്പോൾ അവരിൽ നിന്ന് ലോണെടുക്കാൻ വ്യ​ഗ്രതപൂണ്ട് നടക്കുന്നത് എന്നതാണ് വിചിത്രം. 

കേരളത്തിന്റെ വരുമാനത്തിന്റെ 30 ശതമാനവും പ്രവാസികളിൽ നിന്നുള്ള റെമിറ്റൻസായിരന്നു. ​ഗൾഫ് രാജ്യങ്ങളിലെ സ്വദേശി വത്ക്കരണവും കൊവിഡ് തീർത്ത പ്രതിസന്ധിയും കാരണം അവരിൽ നല്ലൊരുശതമാനം ആളുകൾ നാട്ടിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. അതിനാൽ തന്നെ ​ഗൾഫ് മണിയുടെ ഒഴുക്ക് കാര്യമായി തന്നെ കുറഞ്ഞിട്ടുണ്ട്. നിലവിൽ തന്നെ ആയിരക്കണക്കിന് കോടികൾ പല ഏജൻസികൾക്കായി തിരിച്ചടക്കേണ്ടതുള്ള കേരളം അവ തിരിച്ചടയ്ക്കാനാണ് ശ്രദ്ധ കേന്ദ്രികരിക്കേണ്ടത്. സംസ്ഥാനത്തിന്റെ പൊതുകടം കൂട്ടുന്നത് അത്രകണ്ട് ആശാസ്യമായ കാര്യമല്ല. കടം എടുത്തപണത്തിന് പണിഞ്ഞ മണിമാളികയിൽ എത്രനാൾ നിങ്ങൾക്ക് സ്വസ്ഥമായി കിടന്നുറങ്ങാനാവും. ?

...

Friday, 31 December 2021

കപ്പിത്താനും സംഘത്തിനും സാധ്യതകളുടേയും വെല്ലുവിളികളുടേയും നാളുകൾ

രണ്ടാം പിണറായി വിജയൻ സർക്കാ‍ർ അതിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഇനി വെറും അഞ്ച് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പോയ എട്ട് മാസങ്ങൾ എന്നത് ഒരു സർക്കാരിനെ വിലയിരുത്താനുള്ള കാലാവധിയല്ല. വരാനിരിക്കുന്ന കാലത്ത് ഈ സർക്കാരിനെ നേരിടാൻ പോകുന്ന വെല്ലുവിളികൾ എന്തെല്ലാമെന്ന് ഒരു പക്ഷെ നമുക്ക്  ഒന്നു നിരീക്ഷിച്ചാൽ പറയാനാവും. കഴിഞ്ഞ അഞ്ചരവർഷവും തുടർച്ചായി ഭരിച്ച സർക്കാർ എന്ന തരത്തിലും എന്തെല്ലാമാണ് ഈ സർക്കാർ നടപ്പാക്കാൻ പോകുന്നത് എന്നതും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ പ്രത്യേകിച്ച്. വരാനിരിക്കുന്ന വർഷങ്ങൾ എന്തായാലും രാഷ്ട്രീയമായും നയപരമായുമെല്ലാം വലിയ വെല്ലുവിളി നിറഞ്ഞത് തന്നെയായിരിക്കും, പ്രത്യേകിച്ച് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റേയും സിപിഐയുടേയുമെല്ലാം പാർട്ടി കോൺ​ഗ്രസുകൾ കൂടി അടുത്തുവരുന്ന സാഹചര്യത്തിൽ. 

pic courtesy Onmanorama /PTI


പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാമത് ഇടത് സർക്കാർ അധികാരത്തിൽ ഏറിയത് തന്നെ കേരളത്തിൽ ചരിത്രമാണ്. ഓരോ തിരഞ്ഞെടുപ്പിലും ഇരു മുന്നണികളെ മാറിമാറി മാത്രം പരീക്ഷിച്ച സംസ്ഥാനത്ത് മുൻ കക്ഷിനില മെച്ചപ്പെടുത്തിയാണ് തുടർച്ചയായി രണ്ടാമതും പിണറായി സർക്കാർ അധികാരത്തിലേറിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തേത് പോലെതന്നെ നിരവധി വൻകിട പദ്ധതികളാണ് അഭിമാന പദ്ധതികൾ എന്ന നിലയിൽ ഇടത് സർക്കാർ മുന്നോട്ട് വെക്കുന്നത്. വികസനമെന്നത് ദീർഘവീക്ഷണത്തോടുകൂടിയുള്ളതാവണമെന്നതാണ് പിണറായി സർക്കാരിന്റെ നിലപാട്. അതിനാൽ തന്നെ ആ മേഖലകളിൽ വലിയ ചർച്ചകളും എതിർപ്പുകളും പിണറായി സർക്കാരിന് നേരിടേണ്ടിവരുമെന്നതിൽ സംശയമില്ല. 

വികസനം

തിരുവനന്തപുരത്തിനും കാസർകോഡിനുമിടയ്ക്കുള്ള യാത്രസമയം ​ഗണ്യമായി കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള സിൽവർ ലൈൻ എന്ന കെ റെയിൽ തന്നെയാണ് ഏറ്റവും വലിയ പദ്ധതിയായി രണ്ടാം വരവിൽ പിണറായി സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. പദ്ധതിയ്ക്കെതിരെ വൻതോതിൽ എതിർപ്പ് ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. എന്തിനാണ് സമയം കുറഞ്ഞതെങ്കിലും ചിലവേറിയയാത്ര എന്നാണ് പദ്ധതിക്കെതിരെ ഉയരുന്ന ആരോപണം. കേരളത്തെ നെടുകെ പിളർത്തി, എഴുപതിനായിരത്തോളം കോടി ചിലവിട്ട് എന്തിനാണ് അധികസാമ്പത്തിക ബാധ്യത ഉയർത്തുന്നതെന്നാണ് ചോദ്യം. ഇതിനോടകം തന്നെ ചെറുതും വലുതുമായ പ്രതിഷേധങ്ങൾ കെ റെയിലിനെതിരെ ഉയർന്നുകഴിഞ്ഞു. എന്തുവന്നാലും പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി പിണറായിയും മുന്നോട്ട് പോകുമ്പോൾ പുതുവർഷത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് തന്നെയാവും കേരളം സാക്ഷ്യം വഹിക്കുക. പ്രത്യേകിച്ച് നിലവിലെ റെയിൽ വേ ലൈനുകൾ കുറഞ്ഞ ചിലവിൽ ഇരട്ടിപ്പിച്ചും പാതയുടെ വേ​ഗം കൂട്ടിയും  കെ റയിലിന് ബദൽ സംവിധാനങ്ങൾ ഒരുക്കാമെന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ. 

ജനമൈത്രിയില്ലാതെ ആകുന്ന പൊലീസ്

കഴിഞ്ഞ എട്ട് മാസത്തിനിടെ മാത്രമല്ല, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഏറ്റവും കൂടുതൽ വിമർശനത്തിന് ഇരയായത് മുഖ്യമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പാണ്. കസ്റ്റഡി മരണങ്ങളും ഏറ്റുമുട്ടൽ കൊലപാതകങ്ങളും വാളയാ‍ർ പെൺകുട്ടികളുടെ ദുരൂഹ മരണവും യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്തതുമെല്ലാം ഒന്നാം പിണറായി സർക്കാരിന്റെ ​ഗ്ലാമ‍ർ വൻ തോതിൽ ഇടിച്ചിരുന്നു. പൊലീസിന്റെ പല നടപടികളും പരസ്യമായി സിപിഐ പോലും തള്ളിപറയുകയും ചെയ്തത് വലിയ വാർത്തയുമായിരുന്നു. അതിന്റെ ബാധ ഇപ്പോഴും പൊലീസിനെ വിട്ടുപോയിട്ടില്ലെന്നതാണ് സമീപകാല സംഭവങ്ങളും വ്യക്തമാക്കുന്നത്. വ്യാജ പുരാവസ്തു തട്ടിപ്പുകാരനായ മോൻസണിന് ഉന്നത പൊലീസ്  ഉദ്യോ​ഗസ്ഥർ നൽകിയ സഹായങ്ങളും അടുത്ത സൗഹൃദങ്ങളുമെല്ലാം പുറത്തുവന്നപ്പോൾ വെട്ടിലായത് സർക്കാരാണ്. പിന്നാലെ സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ സ്ത്രീധനപീഡന ആത്മഹത്യകളും ഇതിലെല്ലാം പൊലീസ് സ്വീകരിച്ച നിസം​ഗ നിലപാടുമെല്ലാം കൊല്ലത്തും ആലുവയിലുമെല്ലാം വലിയ പ്രതിഷേധങ്ങൾക്കാണ് തിരിതെളിച്ചത്. ആലുവയിൽ സമരം ചെയ്ത കോൺ​ഗ്രസ് നേതാക്കൾക്കെതിരെ രാജ്യ​ദ്രോഹകുറ്റം ചുമത്തുന്നതിന് പൊലീസ് നൽകിയ നിർദേശവുമെല്ലാം പൊലീസിന് മേൽ സർക്കാരിന് യാതൊരുവിധ നിയന്ത്രണവുമില്ലെന്ന് തെളിയിച്ചു. പൊലീസിനകത്ത് സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വിഭാ​ഗം ശക്തിപ്രാപിക്കുന്നുവെന്ന് വരെ ആരോപണങ്ങൾ ഭരണകക്ഷി നേതാക്കൾക്കിടയിൽ പോലും അഭിപ്രായം ശക്തമായി. തുടർച്ചയായി ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങൾ തടയുന്നതിലെ പൊലീസിന്റെ വീഴ്ച്ചയുമെല്ലാം ഒട്ടും നീതികരിക്കാനാവുന്നതല്ല. കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ ക്രിസതുമസ് രാവിൽ സൃഷ്ടിച്ച കലാപാന്തരീക്ഷവും അതിലെ തുടർനടപടികളുമെല്ലാം പൊലീസിന്റെ വീഴ്ച്ചയുടെ പട്ടങ്ങളാണ്.

ഇനിയാരു ലോക്ഡൗൺ താങ്ങാനാവുമോ?

പോയ വർഷങ്ങളിൾ പ്രളയം, കൊവിഡ് പ്രതിസന്ധികളിൽപെട്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം ഞെരുങ്ങിയാണ് പോകുന്നത്. കേരളത്തിന്റെ റവന്യൂവിന്റെ 30 ശതമാനവും പ്രവാസികളുടെ സംഭാവനയിൽ നിന്നാണ്. വിദേശത്ത് പണിയെടുത്ത് അവരയക്കുന്ന പണത്തെ ചുറ്റിപറ്റിയാണ് കേരളത്തിന്റെ ചിലവ് നടന്നുപോയിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് അവരിൽ നല്ലൊരുപങ്ക് നാട്ടിലേക്ക് ജോലി നഷ്ടപ്പെട്ടും മറ്റും മടങ്ങിയെത്തിയതോടെ കേരളത്തിലേക്കുള്ള വിദേശത്തുനിന്നുള്ള പണത്തിന്റെ വരവിലും കാര്യമായ ഇടിവാണ് സംഭവിച്ചത്. ഇത്തരത്തിൽ വന്നവരുടെ പുനരധിവാസവും മറ്റുമായി പലപദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ ലോക്ഡൗൺ കാലത്ത് സംസ്ഥാനത്തെ മറ്റ് ജനവിഭാ​ഗങ്ങൾക്കുവേണ്ടിയും പല ക്ഷേമപദ്ധതികളും പാക്കേജുമെല്ലാം സർക്കാർ നടപ്പിലാക്കി. എന്നാൽ ഒമിക്രോൺ ഭീതികൂടി കടന്നുവരുന്നതോടെ വീണ്ടുമൊരു ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നാൽ കേരളം വലിയ പ്രതിസന്ധിയാകും നേരിടേണ്ടിവരിക.

നിയന്ത്രണാധീതം ഈ വിലകയറ്റം

പെട്രോൾ വില നിലവിൽ ലിറ്ററിന് 104 രൂപയ്ക്കും മുകളിൽ ആണ് കേരളത്തിൽ. ചരിത്രത്തിലാദ്യമായാണ് പെട്രോളിനും ഡീസലിനുമെല്ലാം കേരളത്തിൽ വില നൂറടിക്കുന്നത്. ഇന്ധന വില കൂടിയതോടെ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ വിലകയറ്റവും രൂക്ഷമായി. തക്കാളി കിലോക്ക് 165 രൂപ എന്ന ചരിത്രത്തിലിന്നോളം കേട്ടിട്ടില്ലാത്ത വിലവരെ ഉയർന്നു . ഈ വിലകയറ്റം എങ്ങനെ നിയന്ത്രിക്കാനാവുമെന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ ചോദ്യമായി തന്നെ നിലനിൽക്കും. കാലാവസ്ഥയിലെ വ്യതിയാനവും ഇന്ധന വിലയ്ക്കൊപ്പം വില്ലനാകുമ്പോൾ ബദൽ മാർ​ഗങ്ങൾ കണ്ടെത്തുകയെന്ന വെല്ലുവിളിയും സർക്കാരിന് മുന്നിലുണ്ട്. വിപണിയിൽ കൃത്യമായി ഇടപെടാൻ സാധിക്കാതെ പോയാൽ രാഷ്ട്രീയമായും സർക്കിരിന് വലിയ തിരിച്ചടിയാകും ഇതേൽപ്പിക്കുക. ഇന്ധനവില വർദ്ധനയുടെ വിഷയത്തിൽ എന്തുകൊണ്ട് കേരളം നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന രാഷ്ട്രീയ ചോദ്യത്തിന് വരും വർഷവും സർക്കാർ മറുപടി പറയേണ്ടിവരും. ഇടത് സർക്കാർ കൂട്ടിയില്ല അതിനാൽ കുറയ്ക്കില്ലെന്ന വാദം എത്രകാലം വിലകയറ്റത്തിൽ പൊറുതിമുട്ടിയ ജനം കേട്ടിരിക്കുമെന്നത് ആലോചിക്കേണ്ടതുണ്ട്. മറ്റുള്ളവർ ചെയ്തത് ആവർത്തിക്കാനല്ല, മറിച്ച് അവരുടെ തെറ്റുകളിൽ നിന്ന് തിരുത്തി മുന്നോട്ട് നയിക്കാനാണ് അവരെ മാറ്റി നിങ്ങളെ ജനം തിരഞ്ഞെടുത്തതെന്ന് ഓർമിക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം നികുതി (രാഷ്ട്രീയ ലക്ഷ്യത്തോടെയും ജനത്തിന് ആശ്വാസമേകാനും) സർക്കാരുകൾ കുറച്ചപ്പോൾ എന്തുകൊണ്ട് കേരളത്തിനായികൂടയെന്ന് സാധാരണക്കാരൻ വരെ ചോദിച്ചുതുടങ്ങിക്കഴിഞ്ഞു. ബിജെപി ഇതര സർക്കാരുകൾ വരെ ( ചെറുതും വലുതുമായ സംസ്ഥാനങ്ങൾ) സംസ്ഥാന നികുതിയിൽ ഇളവുവരുത്തിയിട്ടും കേരളം ഒരു പൈസ പോലും കുറച്ചിട്ടില്ല. (കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചതിന്റെ ഭാ​ഗമായി വന്ന ചെറിയ കുറവ് മാത്രമാണ് കേരളത്തിൽ വന്നത്). ഇന്ധന നികുതിയിൽ കുറവ് വരുത്തിയാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകരുമെന്നാണ് സർക്കാരിന് നൽകാനുള്ള മറുപടി. അങ്ങനെ തകർന്ന സാമ്പത്തിക സ്ഥിതിയാണെങ്കിൽ എന്തിനാണ് പതിനായിരക്കണക്കിന് കോടി രൂപ കടമെടുത്ത് കെ റെയിൽ പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതെന്ന ചോദ്യത്തിനുകൂടി മറുപടി നൽകേണ്ട ബാധ്യതയു സർക്കാരിനുണ്ട്. 

സാധ്യതകളുടെ പുതുവർഷം

വെല്ലുവിളികൾക്കൊപ്പം തന്നെ അനന്തമായ സാധ്യതകളുടേയും വർഷമാണ് സർക്കാരിന് മുന്നിലുള്ളത്. ആ സാധ്യതകൾ പരമാവധി ഉപയോ​ഗിക്കുന്നതിലൂടെ എതിർപ്പുകൾക്കിടയിലും ജനങ്ങളുടെ പിന്തുണ ആർജ്ജിക്കാനാവും സർക്കാരിന്റെ ശ്രമം. വികസനമെന്നത് അടിസ്ഥാനസൗകര്യവികസനം ഒരുക്കൽ മാത്രമല്ല. അത്തരത്തിലുള്ള പല പദ്ധതികളും ഇടത് സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. വീട്ടിലിരിക്കുന്ന, ജോലിക്ക് പോകാൻ സാഹചര്യമില്ലാത്തതും ഇടയ്ക്ക് വെച്ച് ജോലി ഉപേക്ഷിക്കേണ്ടിയും വന്ന, വീട്ടമ്മമാരെ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ ഇതിന്റെ തെളിവാണ്. തന്റെ അവസാനത്തെ ബജറ്റിൽ (കഴിഞ്ഞ സർക്കാരിന്റെ അവസാനത്തെ ഇടക്കാല ബജറ്റ്) തോമസ് ഐസക്ക്  ഊന്നൽ നൽകിയത് ഇത്തരക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾക്കായിരുന്നു. വീടിനടുത്ത് തന്നെ തൊഴിൽ ഹബ്ബുകൾ സജ്ജമാക്കുന്നതും വീട്ടിൽ ഇരുന്ന് തന്നെ തൊഴിലെടുക്കാവുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് തന്നെയായിരിക്കും ഇടത് സർക്കാർ വരും വർഷങ്ങളിൽ ഊന്നൽ നൽകുക. കുടുംബശ്രീയെ മുന്നിൽ നിർത്തി ഇത്തരത്തിൽ അഭ്യസ്ഥവിദ്യരായ വീട്ടമമ്മാരുടേയും തൊഴിലില്ലാത്തവരുേടയും ഒരു ശൃംഖലതന്നെ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു. 

ഐടി വ്യവസായം

കൊവിഡ് കാലത്ത് കോളടിച്ച മേഖലയാണ് ഐടി വ്യവസായം. എല്ലാവരും വിർച്ച്വൽ ലോകത്തേക്കും വർക്ക് ഫ്രം ഹോമിലേക്കുമെല്ലാം ചുരുങ്ങിയപ്പോൾ വൻ തോതിൽ നിക്ഷേപവും റിസർച്ചുമെല്ലാം നടന്നത് ഐടി രം​ഗത്താണ്. അതിന്റെ പ്രതിഫലനം കേരളത്തിലും പ്രകടമാണ്. കേരളത്തിലേക്ക് നിരവധി വൻകിട മൾട്ടി നാഷണൽ കമ്പനികളാണ് കടന്നുവരുന്നത്. കേരളം ലോകത്തിന് മുന്നിൽ ഏറ്റവും വലിയ നിക്ഷേപ സൗഹൃദപ്രദേശമായി മാറിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇത് (കേരളം നിക്ഷേപസൗഹൃദമല്ലെന്ന് കിറ്റെക്സിന്റെ കരച്ചിൽ ആരും മുഖവിലയ്ക്ക്പോലും എടുത്തിട്ടില്ലെന്ന് സാരം). കേരളത്തിൽ ക്യാമ്പസുകൾ തുടങ്ങാനായി ഐബിഎം അടക്കമുള്ള വൻകിട സഥാപനങ്ങളാണ് ഈ വർഷം കടന്നുവരുന്നത്. ഉൾ ​ഗ്രാമങ്ങളിലടക്കം വേ​ഗതയേറിയ ഇന്റർനെറ്റ് സേവനം എത്തിച്ച് അവിടങ്ങളെല്ലാം ഐടി കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ഉതകുന്ന പദ്ധതികളും ഇടത് സർക്കാർ ലക്ഷ്യം വെക്കുന്നുണ്ട്. അർബൻ ന​ഗരങ്ങൾക്കുപുറമെ സെമി അർബൻ ​ന​ഗരങ്ങളിലടക്കം ഐടി പാർക്കുകൾ സ്ഥാപിച്ച് ഐടി വ്യവസായത്തിന് നേരത്തെ തന്നെ വളക്കുറുള്ള മണ്ണാക്കി നിക്ഷേപകരെ ക്ഷണിക്കുന്നുണ്ട് കേരളം. 

പാർട്ടി കോൺ​ഗ്രസിലെ സർക്കാർ

രാഷ്ട്രീയമായും ഏറെ പ്രധാനമുണ്ട് ഇടത് സർക്കാരിന് ഈ വർഷം. സിപിഎമ്മിന്റേയും സിപിഐയുടേയും പാർട്ടി കോൺ​ഗ്രസുകൾ ഈ വർഷമാണ് നടക്കുന്നത്. സിപിഎമ്മിന്റെ പാർട്ടി കോൺ​ഗ്രസ് നടക്കുന്നത് കണ്ണൂരിലും. ഇരു പാർട്ടികളേയും സംബന്ധിച്ച് അതീവപ്രാധാന്യമുണ്ട് പാർട്ടി കോൺ​ഗ്രസുകൾക്ക്. ഇരു പാർട്ടിയുടേയും അന്തിമബോഡിയെന്നത് പാർട്ടി കോൺ​ഗ്രസാണ്. രാഷ്ട്രീയമായും സാമ്പത്തിക നയപരമായും എന്ത് നിലപാടാണ് പാർട്ടിയും പാർട്ടിഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും സ്വീകരിക്കേണ്ടത് എന്ന് അന്തിമമായി തീരുമാനിക്കുന്നത് പാർട്ടികോൺ​ഗ്രസാണ്. കെ റെയിൽ എന്ന പദ്ധതി പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആക്ഷേപ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്മേളനങ്ങളിൽ കേരളത്തിലെ പാർട്ടിക്ക് ഇത് ചർച്ചയാക്കാതെ നോക്കാൻ സാധിക്കുമെങ്കിലും പക്ഷെ പാർട്ടി കോൺ​ഗ്രസിൽ ഇതിന് സാധിക്കില്ല. പ്രത്യേകിച്ച് സമാനസ്വഭാവമുള്ള അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മഹാരാഷ്ട്രയിൽ സിപിഎം സമരം ശക്തമായി നടത്തുന്ന സാഹചര്യത്തിൽ. രണ്ടിടത്ത് സമാനപദ്ധതിക്ക് എങ്ങനെ രണ്ട് നിലപാട് സ്വീകരിക്കാനാവുമെന്ന ചോദ്യത്തിന് തീർച്ചയായും മറുപടി പറയേണ്ടിവരും. കൃഷിഭൂമിയും കൃഷിയും തണ്ണീർത്തടങ്ങളുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമല്ലേ കെ റെയിൽ എന്ന ചോദ്യത്തിന് തീർച്ചയായും കേരളത്തിലെ സിപിഎമ്മിനും വിശിഷ്യ മഖ്യമന്ത്രിക്കും മറുപടി പറഞ്ഞേപറ്റു. ഡൽഹിയിലെ കർഷക സമരത്തിന്റേയും അതിന് മുമ്പ് മഹാരാഷട്രയിലെ കർഷകരുടെ ലോങ്മാർച്ചിന്റേയും വിജയങ്ങൾക്ക് ശേഷം വർ​ഗരാഷ്ട്രീയം തന്നെയാണ് ഉയർത്തിപിടിക്കേണ്ടത് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കർഷക സമരത്തിന് മുന്നിൽ നിന്ന് നയിച്ച കിസാൻസഭ നേതൃത്വവും അടക്കമുള്ളവർ ചൂണ്ടിക്കാട്ടുമ്പോൾ പ്രത്യേകിച്ചും. ബം​ഗാളിലേയും തൃപുരയിലേയും രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതിനാൽ തന്നെ കേരളത്തിലെ പാർട്ടിക്ക് വീഴ്ച്ചവവരാതെ  നോക്കാൻ പാർട്ടി പ്രത്യേകശ്രദ്ധവെക്കുമെന്നുറപ്പാണ്. അതിനാൽ തന്നെ പാർട്ടികോൺ​ഗ്രസിനുമുണ്ടാകും ചരിത്രം വിജയം നേടിയെങ്കിലും പിണറായി സർക്കാരിനോട് ചോദിക്കാൻ ചോദ്യങ്ങൾ.



Saturday, 30 May 2020

আনন্দ শহর ... (ആനന്ദനഗരം) - തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 4)


കൊല്‍ക്കത്തയിലെ അവസാന ദിനം. 
സരസ്വതി പൂജയാണ് ബംഗാളില്‍ അന്ന്. അവധി ദിവസം.
രാവിലെ തന്നെ സുഹൃത്തായ സന്ദീപ സര്‍ക്കാര്‍ എത്തി. കൊല്‍ക്കത്തയിലെ 24 ഘണ്ട ടിവി റിപ്പോര്‍ട്ടര്‍ ആണ് സന്ദീപ് ദാ. നഗരം കാണിക്കാനുള്ള വരവാണ്. ഓഫീസ് കാറില്‍ ഷൂട്ടിനിടെയാണ്  ഞങ്ങളെ കൊല്‍ക്കത്ത ചുറ്റിക്കാണിക്കാന്‍ സന്ദീപ് ദാ എത്തിയത്. നേരെ വിക്ടോറിയ മെമ്മോറിയലിലേക്ക്‌. നിറയെ ആളുകള്‍. എല്ലാവരും കോളേജ് വിദ്യാര്‍ത്ഥികള്‍. കമിതാക്കളാണ്. സരസ്വതി പൂജക്ക് ഇറങ്ങിയതാണ് എല്ലാവരുമെന്ന് സന്ദീപ് ദായുടെ നോട്ടി കമന്റ്.
Sketch Sanub Sasidharan

ഞങ്ങളെ അകത്ത് കയറ്റിയശേഷം സന്ദീപ് ദാ ഷൂട്ടിന് പോയി. തിരിച്ചുവരുമ്പോഴേക്കും ചുറ്റിക്കാണണം. വിക്ടോറിയ മെമ്മോറിയല്‍. 1900 ത്തിന്റെ തുടക്കത്തില്‍ വിക്ടോറിയ രാജ്ഞിയുടെ ഓര്‍മയ്ക്കായി പണിത കൊല്‍ക്കത്തിയിലെ ഏറ്റവും വലിയ മാര്ബിള്‍ സമുച്ചയം. ഹൂഗ്ലി നദിയുടെ തീരത്തെ ഈ കൊട്ടാരസദൃശ്യമായ സമുച്ചയമിന്ന് ഒരു മ്യൂസിയമാണ്. വിക്ടോറിയയുടെ പ്രതിമയും മാതൃത്വത്തിന്റെ ശില്‍പവുമെല്ലാം ഈ വെണ്ണക്കല്‍ കൊട്ടാരത്തിന് അഴക് പകരുന്നു. മണിക്കൂറുകളോളം കെട്ടിടത്തിന് ചുറ്റുമുള്ള പൂന്തോട്ടത്തില്‍ കറങ്ങി നടന്നു. സനോജ് ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. ഫ്രെയിം എങ്ങോട്ട് വെച്ചാലും പക്ഷെ പ്രശ്‌നമാണ്. എല്ലായിടത്തും തങ്ങളുടെ സ്വന്തം ലോകം സൃഷ്ടിച്ച് അതില്‍ ഉല്ലസിക്കുന്ന പ്രണയിതാക്കള്‍. കൊല്‍ക്കത്ത സിറ്റി ഓഫ് ജോയ് ആണ് എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. ആരെയും ശല്യം ചെയ്യാതെ എല്ലാവരും സ്വന്തം കാര്യം നോക്കി നടന്നുപോകുന്നു.
കുറേ നേരം മരത്തണലിലും ജലാശയത്തിന്റെ തീരത്തുമെല്ലാം കറങ്ങി നടന്നു. അതിനിടെ വേഗത്തില്‍ ഷൂട്ട് തീര്‍ത്ത് സന്ദീപ് ദാ തിരിച്ചെത്തി. പിന്നെ കാറില്‍ കൊല്‍ക്കത്തയുടെ തിരക്കേറിയ പാതയിലൂടെ മുന്നോട്ട്. കാറില്‍ രബീന്ദ്രസംഗീതം ഉച്ചത്തില്‍ മുഴങ്ങുന്നു. രബീന്ദ്രസംഗീതം ഏതാണ്ട് ജീവവായുപോലെയാണ് ഇന്നും ബംഗാളികള്‍ക്ക്.  സെക്രട്ടേറിയറ്റ് കണ്ടശേഷം നേരെ പഴയ സെക്രട്ടേറിയറ്റ് മന്ദിരമായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലേക്ക്. 

നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ് റൈറ്റേഴ്‌സ് ബില്‍ഡിങ്. ചുവപ്പ് നിറമുള്ള റൈറ്റേഴ്‌സ് ബില്‍ഡിങ് പഴയകാല പ്രൗഡി വിളിച്ചോതി തലയുയര്‍ത്തി നില്‍ക്കുന്നു. ചുറ്റും അറ്റകുറ്റപണികളുടെ ഭാഗമായി നാട്ടിയ കമ്പുകളുടെ  വേലിക്കെട്ട്‌. പുറത്ത് പൊലീസും സുരക്ഷാഗാര്‍ഡുകളുമാണ്ട്. സന്ദീപ് ദാ തന്റെ ഓഫീസ് ഐഡി കാര്‍ഡ് കാണിച്ചു. ഞങ്ങളേയും പരിചയപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരാണെന്ന് അറിഞ്ഞപ്പോള്‍ അകത്ത് കയറിക്കൊള്ളാന്‍ അനുമതി തന്നു. അങ്ങനെ ബംഗാളിന്റെ ഭരണസിരാകേന്ദ്രമായിരുന്ന, ചരിത്രത്തിലെ പലമുഹൂര്‍ത്തങ്ങള്‍ക്കും സാക്്ഷ്യം വഹിച്ച റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലെ ഗോവണികള് കയറി മുകളിലേക്ക്. ആദ്യം സന്ദീപ് ദാ ഞങ്ങളെ കൊണ്ടുപോയത് വലിയ ഒരു ഹാളിലേക്കാണ്. അവിടെ വലതുവശത്തെ വലിയ വിസ്താരമുള്ള മുറിയിലേക്ക് കയറിയ സന്ദീപ് ദാ ഇരുകൈകളും നിവര്‍ത്തി പിടിച്ച്‌പറഞ്ഞു.

"ദാ ഇവിടെ ഇരുന്നാണ് നിങ്ങളുടെ പ്രിയ നേതാവ് ജ്യോതിബസു ബംഗാളിനെ ദീര്‍ഘകാലം നയിച്ചത്."

ആശ്ചര്യവും അത്ഭൂതവും സന്തോഷവുമെല്ലാം ഒരുമിച്ച് അനുഭവപ്പെട്ടു. ചരിത്രമെഴുതിയ നാലുചുവരുകള്‍ക്കുള്ളിലാണ് ആ നിമഷമെന്ന ചിന്ത. സനോജിന്റെ ക്യാമറ നിര്‍ത്താതെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു.

ആദ്യത്തെ അത്ഭുതത്തിന് പിന്നാലെ യാഥാര്‍ത്ഥ്യവും മനസിലേക്കോടിയെത്തി.

"അതെ ,ഇവിടെ ഇരുന്ന് തന്നെ സഖാവിന്റെ പിന്‍ഗാമി എടുത്ത തീരുമാനങ്ങളാണ് സിംഗൂരും നന്ദിഗ്രാമിനും വഴിവെച്ചത്. ഇടത്പക്ഷത്തിന്റെ പരാജയം കുറിച്ചിട്ടത്. ഈ മുറിയിലെ ഒപ്പുകളാണ അവയെന്നതും ചരിത്രത്തിന്റെ ഭാഗമല്ലേ"

തിരിച്ചുള്ള എന്റെ മറുപടികേട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലിയായ സന്ദീപ് ദാക്ക് ചിരിക്കാതിരിക്കാനായില്ല.

മുഖ്യമന്ത്രിമാരുടെ പേരുകള്‍ ആലേഖനം ചെയ്ത വലിയ മരത്തിന്റെ ബോര്‍ഡ് ആ ഭിത്തിയില്‍ ഇപ്പോഴും തുങ്ങിക്കിടക്കുന്നുണ്ട്. ബോര്‍ഡിലെ പൊടി തട്ടിമാറ്റിയപ്പോള്‍ ആ ചരിത്രപുരുഷന്റെ പേര് തെളിഞ്ഞുവന്നു. ബംഗാളിയിലെഴുതിയ സഖാവ് ജ്യോതി ബസുവിന്റെ നാമം. ചരിത്രപരമായ വിഢിത്തമെന്ന് ബസുതന്നെ വിശേഷിപ്പിച്ച പാര്‍ട്ടിയുടെ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെ അലങ്കരിച്ചവരുടെ പട്ടികയില്‍ ഇടം പിടിക്കേണ്ടിയിരുന്ന പേര്.

കുറച്ചുനേരം ബില്‍ഡിങ്ങില്‍ കറങ്ങി നടന്നു. ഇനി കൊല്‍ക്കത്തയുടെ ഭരണസിരാകേന്ദ്രമായി റൈറ്റേഴ്‌സ് ബില്‍ഡിങ് മടങ്ങിവരുമോയെന്നത് സംശയമാണ്. കമ്മ്യൂണിസ്റ്റുകളുടെ ഓര്‍മപേറുന്ന ആ കെട്ടിടത്തോട് മമതയ്ക്ക് വലിയ മമതയൊന്നുമില്ല. അതിനാല്‍ തന്നെ നവീകരണത്തിന് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രമായേക്കും റൈറ്റേഴ്‌സ് ബില്‍ഡിങ് ഇനി മേല്‍വിലാസമാവുക.

ഇന്ത്യയുടെ കായിക ഭൂപടത്തിലും കൊല്‍ക്കത്തയ്ക്ക് വലിയ സ്ഥാനമുണ്ട്. കടുത്ത ഫുട്‌ബോള്‍ ആരാധകനാണ് സന്ദീപ് ദാ. കേരളവും ബംഗാളും കായികരംഗത്തും ഒരുപോലെ കൊണ്ടും കൊടുത്തും വളര്‍ന്ന കഥകള്‍, സന്തോഷ്് ട്രോഫിയിലെ എണ്ണമറ്റ ഫൈനലുകള്‍, ബംഗാളിന് കേരളം സമ്മാനിച്ച കാല്‍പന്തിന്റെ രാജകുമാരന്‍മാര്‍....അങ്ങനെ എല്ലാം പലകുറി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഫുട്‌ബോളിന്റെ രാജാക്കന്‍മാരെ സൃഷ്ടിച്ചെടുത്ത ആ ക്ലബുകള്‍ കാണാതെ പോകരുതെന്ന് ദാദക്ക് നിര്‍ബന്ധമാണ്. 

ഈഡന്‍ ഗാര്‍ഡന്‍സിലേക്ക്. സ്റ്റേഡിയത്തിന് പുറത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിചൂടാമന്നന്‍മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തുവെച്ചിരിക്കുന്നു. സച്ചിനും കൊല്‍ക്കത്തയുടെ സ്വന്തം ദാദയും എല്ലാം..പക്ഷെ ഈഡന്‍ ഗാര്‍ഡന്‍സെന്നാല്‍ എന്റെ മനസിലെ മായാത്ത ഏകകാഴ്ച്ച ഗ്രൗണ്ടില്‍ നിന്ന് കളിപൂര്‍ത്തിയാക്കാതെ കയറിപോയ ഒരു താരത്തിന്റെ കണ്ണീരില്‍ കുതിര്‍ന്നതാണ്...1996 ലെ ലോകകപ്പ് സെമിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം നിര്‍ത്തിവെക്കുമ്പോള്‍ നിസഹായനായി കരഞ്ഞ്‌കൊണ്ട് മടങ്ങിയ വിനോദ് ഗണപത് കാംബ്ലിയെന്ന എന്റെ ഇഷ്ടതാരത്തിന്റേത്...
അകത്ത് കയറാമെന്ന സന്ദീപ് ദായുടെ ക്ഷണം എന്തോ സ്വീകരിക്കാന്‍ തോന്നിയില്ല. 

നേരെ ബംഗാളികളുടെ സ്വന്തം ഫുട്‌ബോള്‍ ടീമുകളുടെ മൈതാനികളിലേക്ക്. മുഹമ്മദന്‍സിന്റെ ആസ്ഥാനവും മോഹന്‍ ബഗാനിന്റെ ആസ്ഥാനവുമെല്ലാം കാറിലിരുന്നു കണ്ടു. ഇറങ്ങേണ്ട ഗ്രൗണ്ട് ഇതല്ലെന്നാണ് സന്ദീപ് ദായുടെ നിശ്ചയം. അത് ഏതാണെന്ന് എനിക്കുമറിയാം. അതിനാല്‍ തന്നെ ചോദിച്ചില്ല. ബംഗാളിന്റെ ഫുട്‌ബോള്‍ പൈതൃകവും തകര്‍ന്ന് പോയ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങിന്റെ നഷ്ടപ്രതാപവുമെല്ലാം നിരാശയോടെ പങ്കുവെച്ച് ഒടുവില്‍ അവിടെയെത്തി. ബംഗാളിന്റെ സ്വന്തം ക്ലബ് എന്ന് സന്ദീപ് ദാ അവകാശപ്പെടുന്ന ഈസ്റ്റ് ബംഗാളിന്റെ ആസ്ഥാനത്ത്. ഐം എം വിജയനും ജോപോളുമെല്ലാം ചടുല നീക്കങ്ങളിലൂടെ പുളകംകൊള്ളിച്ച ആ പച്ചപ്പുല്ലുകള്‍... കേരളത്തില്‍ നിന്നെത്തി ബംഗാളിന്റെ മനം കവര്‍ന്ന താരങ്ങളെ കുറിച്ച് പറയുമ്പോള്‍ സന്ദീപ് ദായുടെ ശബ്ദത്തില്‍ ആവേശം നിറയുന്നു. മഞ്ഞയും ചുവപ്പും വര്‍ണങ്ങളിലുള്ള ആ ഗ്യാലറിയില്‍ കുറച്ചുനേരം ഇരുന്നു. ഫോട്ടോ പകര്‍ത്തി. 

പിന്നെ തൊട്ടടുത്തുള്ള കടയില്‍ കയറി വിഭവസമൃദ്ധമായ ഭക്ഷണം. മത്സ്യങ്ങള്‍ ഇല്ലാതെ കൊല്‍ക്കത്തക്കാര്‍ക്ക് ഭക്ഷണമിറങ്ങില്ല. വിവിധങ്ങളായ മത്സ്യവിഭവങ്ങള്‍ സന്ദീപ് ദാ ഓര്‍ഡര്‍ ചെയ്തുകൊണ്ടേയിരുന്നു. ചപ്പാത്തിയും ചാവലും റൊട്ടിയുമെല്ലാം ചൂടോടെ എത്തി. പിന്നെ മധുരവും. രസഗുളയും ഐസ്‌ക്രീമുമെല്ലാം കഴിച്ച് കൊല്‍ക്കത്തയുടെ സ്‌നേഹം ആവോളം ആസ്വദിച്ചു.

തിരികെ ഹോട്ടലിലെത്തിച്ച് യാത്രപറയുമ്പോള്‍ അടുത്ത് കാളി പൂജക്ക് കൊല്‍ക്കത്തിയില്‍ എത്തിയേപറ്റൂവെന്ന് സന്ദീപ് ദായുടെ സ്‌നേഹക്ഷണം. ഏതെങ്കിലും ഒരിക്കല്‍ കാളീപൂജയ്ക്കിടെ ആ തിരക്കില്‍ അലിഞ്ഞ് ഇല്ലാതാകാന്‍ വരാമെന്ന് വാക്ക് നല്‍കി. അത് പക്ഷെ എന്നെന്ന് മാത്രം ചേദിക്കരുതെന്ന ഉപാധിയും വെച്ചു.

ഇനി മടക്കമാണ്. ബന്ദോപാധ്യയമാരും ചതോപാധ്യയമാരും മുഖോപാധ്യായമാരും സര്‍ക്കാരുകളും ചക്രവര്‍ത്തിമാരും ഖാന്‍മാരും ബോസുമാരുമെല്ലാം വാഴുന്ന കൊല്‍ക്കത്തയുടെ നഗരത്തില്‍ നിന്ന് ഒരുപിടി നനുത്ത ഓര്‍മകളുമായി. മടക്ക തീവണ്ടി അധികം ലേറ്റായല്ല ഓടുന്നത്. ഒരു കാപ്പിയും വാങ്ങി മെല്ലെ ട്രെയീനില്‍ കയറി. തീവണ്ടി മെല്ലെ ചൂളം വിളിച്ച് പോക്കറിയിച്ചു.

ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടയില്‍ എങ്ങോ നിന്നുപോയതാണ് കൊല്‍ക്കത്തയുടെ ശാപമെന്ന് തോന്നിപോകും ചിലപ്പോള്‍.  വൈദേശികാധിപത്യത്തിന്റെ തിരുശേഷിപ്പുകളില്‍ ഊറ്റം കൊള്ളുമ്പോളും മുന്നോട്ട് പോവുകയെന്നത് അധികം ഉണ്ടായിട്ടില്ല. രാജ്യത്തെ ആദ്യത്തെ മെട്രോയൊക്കെ അവതരിപ്പിച്ച നഗരമാണെങ്കിലും വികസനം അത്രകണ്ട് വന്നിട്ടില്ല. ആധുനികവത്ക്കരണം നടന്നിട്ടില്ല. ശ്രദ്ധാപൂര്‍വ്വമുള്ള ഒരു അശ്രദ്ധ കൊല്‍ക്കത്തയുടെ മുഖമുദ്രയായി മാറിയതും അതിനാലാവാം. ഒരുപക്ഷെ അതുകൊണ്ട് തന്നെയല്ലെ നാമോരോരുത്തര്‍ക്കും കൊല്‍ക്കത്ത പ്രിയങ്കരിയാകുന്നതും...

ഇനി എന്ന് അക്ഷരങ്ങളുടെ, കാല്‍പനികതയുടെ, ചിന്തകളുടെ, ആഘോഷങ്ങളുടെ ഈ നഗരത്തിലേക്ക് ഒരിക്കല്‍കൂടിയെന്ന് സ്വയം ചോദിച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഇതെഴുതിത്തുടങ്ങുമ്പോഴും അതേ ചോദ്യം മനസില്‍. 

തുടക്കത്തിലെ പറഞ്ഞത് പോലെ ഒറ്റക്ക് അലഞ്ഞില്ലാതാകാന്‍ ഈ നഗരം അനുവദിക്കില്ല. രബീന്ദ്രസംഗീതവും കാളീപൂജയും ഹൂഗ്ലീയുടെ തീരവുമെല്ലാം ഇനിയും ആസ്വദിക്കണം, അനുഭവിക്കണം. ഇത്തവണ കയറാനാവാതെ പോയ ട്രാമില്‍ കയറി സഞ്ചരിക്കണം. മഞ്ഞ നിറമുള്ള ടാക്‌സി കാറുകളില്‍ കയറി നഗരപ്രദക്ഷിണം നടത്തണം. 
ഒറ്റതിരിഞ്ഞുള്ള യാത്രകള്‍ അവസാനിക്കുന്നിടത്ത് കൊല്‍ക്കത്തയുണ്ടാകും.
.
വരണം, വീണ്ടും.  
തിരികെ മാടിവിളിക്കുന്ന നഗരമേ നന്ദി,...
നിന്റെ രാവുകള്‍ക്ക്, നിന്റെ വഴിത്താരകള്‍ക്ക്, നിന്റെ നനുത്ത ചേര്‍ത്തുനിര്‍ത്തലുകള്‍ക്ക്‌....
.....................

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം




 

Friday, 29 May 2020

എന്തുകൊണ്ട് ഇടത്പക്ഷം തളര്‍ന്നു? - തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 3)

അടുത്തദിവസം അത്രസുഖകരമായ ഒന്നായിരുന്നില്ല പാര്‍ട്ടിക്ക്. ത്രിപുരയില്‍ നിന്നുള്ള
 കേന്ദ്രകമ്മിറ്റി അംഗമായ ഖഗന്‍ 
ദാസ്‌ ഹൃദയസ്തംഭനം മൂലം അതിരാവിലെ അന്തരിച്ചു. യോഗത്തിനിടെ അസുഖബാധിതനായ സഖാവ് ഖഗന്‍ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ട്ടി ഓഫീസിലെത്തിച്ച സഖാവിന്റെ മൃതദേഹത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അന്തിമോപടാരമര്‍പ്പിച്ചു. വൈകിയാണ് അന്നത്തെ യോഗം ആരംഭിച്ചത്.

ഭക്ഷണപ്രിയരാണ് കൊല്‍ക്കത്തക്കാര്‍. പ്രത്യേകിച്ചും മധുരത്തിനോട് ഒടുങ്ങാത്ത അഭിനിവേശമാണ് ബംഗാളികള്‍ക്ക്. ഭക്ഷണശേഷം മധുരം കഴിക്കുകയെന്നത് ശീലമാണ്. രണ്ടാം ദിവസം ഉച്ചക്ക് ജെസി ബോസ് റോഡിലെ ചെറിയ ഹോട്ടലില്‍ കയറി ബിരിയാണി കഴിച്ചു. നമ്മുടെ തലശ്ശേരി ദം ബിരിയാണി കഴിക്കുന്ന മലയാളിക്ക് ഒരുപക്ഷെ
കൊല്‍ക്കത്തയിലെ ബിരിയാണി ഒക്കെ എന്ത് എന്ന് തോന്നിപോകും. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന മൊറാദാബാദി ബിരിയാണിയുടെ രൂചി തന്നെയാണ് ഏറെക്കുറെ കൊല്‍ക്കത്ത ബിരിയാണിക്കും.  കൊല്‍ക്കത്ത ബിരിയാണിയുടെ രുചിയല്ല ആ ബിരിയാണിയുടെ ആകര്‍ഷണം ആയിട്ട് എനിക്ക് തോന്നിയത്. മറിച്ച് ബിരിയാണിയിലെ ഒരു വിഭവത്തോടാണ്. നമ്മുടെ നാട്ടില് ചിക്കന്‍ ബിരായാണിക്കൊപ്പം പുഴുങ്ങിയ കോഴിമുട്ടതരുന്നത് പോലെ കൊല്‍ക്കത്തയിലെ ബിരിയാണിയിലും ഉണ്ട് ഒരു പുഴുങ്ങിയ വസ്തു. കോഴിമുട്ടയല്ല. വലിയ ഉരുളക്കിഴങ്ങ്.!!!

ഉച്ചയോടെ കേന്ദ്രകമ്മിറ്റി കഴിഞ്ഞു. സീതാറാം യെച്ചൂരിയുടെ വാര്‍ത്താസമ്മേളനവും കഴിഞ്ഞു. തന്റെ ഒപ്പമുള്ള പാര്‍ട്ടിയിലെ ബംഗാളി ഘടകമോ അതോ എതിര്‍ക്കുന്ന കേരളഘടകമോ ചൂടേറിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ചിരിച്ചത് എന്ന് വ്യക്തമായി പറയാതെ താന്‍ തോറ്റിട്ടില്ല, അന്തിമതീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണ് എന്നാവര്‍ത്തിച്ചു പിബിയില്‍ ന്യൂനപക്ഷമായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി.

യോഗം കഴിഞ്ഞതോടെ വാര്‍ത്താറിപ്പോര്‍ട്ടിങ്ങും സ്‌റ്റോറിയുമെല്ലാം സമര്‍പ്പിച്ചശേഷം എല്ലാവരും ഒന്ന് റിലാക്‌സ് മൂഡിലായി. ലൈവ് ഉള്ളവര്‍ ലൈവ് നല്‍കിയും മറ്റുള്ളവര്‍ ഹോട്ടല്‍ മുറിയിലേക്കും മടങ്ങി.വാര്‍ത്താസമ്മേളനത്തിന്റെ വാര്‍ത്തകൊടുത്ത് ചില നേതാക്കളുമായി പാര്‍ട്ടി ഓഫീസിലെ മീറ്റിങ് ഹാളില്‍ കുശലം പറഞ്ഞിരുന്നപ്പോഴേക്കും ചായസമയമായി. പാര്‍ട്ടി ഓഫീസിലെ ഓരോ നേതാക്കള്‍ക്കും സ്റ്റാഫിനുമെല്ലാം ചായയെത്തി. കൂട്ടത്തില്‍ ഞങ്ങള്‍ക്കും തന്നു ഓരോ ചായ. ഒപ്പം കഴിക്കാനായി ഒരു പേപ്പറിന്റെ കവറില്‍ പൊരിയും. ചായക്ക് ഇവിടെ ഇതാണ് പലഹാരം. ഞാന്‍ നമ്മുടെയെല്ലാം പാര്‍ട്ടി ഓഫീസുകളിലെ ചായകളേയും നാല് മണി പലഹാരത്തേയും കുറിച്ചോര്‍ത്തു. കട്ടന്‍ ചായയും പരിപ്പുവടയുമെന്നാണ് നമ്മള്‍ കളിയാക്കാറ് പോലും. ഇത് തമാശയായി ചൂണ്ടിക്കാട്ടിയപ്പോള്‍ ഓഫീസിലെ അസിസ്റ്റന്റമാരിലൊരാളായ സഖാവ് ചിരിച്ചു. ഞങ്ങള്‍ ഇപ്പോഴും സാധാരണക്കാരല്ലേ എന്ന് മറുപടി. എന്നിട്ടെന്തേ പാര്‍ട്ടിക്ക് ബംഗാളില്‍ പറ്റിയത് എന്ന ചോദ്യം പക്ഷെ നാവില്‍ വന്നെങ്കിലും ചോദിച്ചില്ല. പക്ഷെ രാത്രിയില്‍ അന്ന് നഗരം കാണിക്കാനെത്തിയ നേതാവ്‌ ഇതിനുള്ള മറുപടി തന്നു
Sketch Sanub Sasidharan

സഖാവ് മൊയിനുള്ള. പാര്‍ട്ടി സംസ്ഥാനസമിതി ഓഫീസ് നില്‍ക്കുന്ന സ്ഥലത്തെ ഏരിയസെക്രട്ടറിയാണ് . ആ രാത്രിയില്‍ ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെ പറ്റി, തളര്‍ച്ചയെ പറ്റി, ഭാവിയെ പറ്റി മൊയിനുള്ള പറഞ്ഞു. അല്‍പ്പം വേദനയോടെ.
അഹങ്കാരം, അധികാരം ഇതെല്ലാം തലക്ക് പിടിച്ചാല്‍ ഏതൊരു കമ്മ്യൂണിസ്റ്റും കമ്മ്യൂണിസ്റ്റല്ലാതാകും എന്നായിരുന്നു ചുരുക്കി പാര്‍ട്ടിയടെ അവസ്ഥയെകുറിച്ച് മൊയിനുള്ള പറഞ്ഞത്. അധികാരം ജനങ്ങളിലേക്ക് എന്നത് അധികാരം എന്നിലേക്ക് എന്ന് ചുരുങ്ങിയതിന്റെ പരിണിതഫലം.

മുസഫര്‍ അഹമ്മദ് ഭവന്‍ നില്‍ക്കുന്ന പ്രദേശത്ത് 63 കുടുംബങ്ങളുണ്ട്. അവരെല്ലാം പാര്‍ട്ടി കുടുംബങ്ങളായിരുന്നു. പക്ഷെ ഇപ്പോള്‍ അവരില്‍ 3 കുടുംബങ്ങള് മാത്രമാണ് പാര്‍ട്ടിക്കൊപ്പമുള്ളത്. ശേഷിക്കുന്നവരെല്ലാം തൃണമൂലിനൊപ്പം പോയി. അല്ലെങ്കില്‍ അതിന് നിര്‍ബന്ധിതരായി. പാതിരാത്രിയിലും മൊയിനുള്ളയ്‌ക്കൊപ്പം കുറച്ച് ചെറുപ്പക്കാരുണ്ട്. അവരാരും സിപിഎമ്മുകാരല്ല. തൃണമൂലിന്റെ യുവജനവിഭാഗത്തില്‍ പെട്ടവരാണ്. സിപിഎമ്മുകാര്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോള്‍ അത്തരമൊന്ന് മൊയിനുള്ളയ്ക്ക നേരെയും ഉണ്ടാവാതിരിക്കാനാണ്‌  അവര്‍ നിഴലായി ഇപ്പോഴും കൂടെ നില്‍ക്കുന്നത്. എന്നെങ്കിലും പാര്‍ട്ടി വീണ്ടും ശക്തി പ്രാപിക്കുകയാണെങ്കില്‍ ഇവരും അവിടുത്തെ 63 കുടുംബങ്ങളും തിരികെ പാര്‍ട്ടിക്കൊപ്പം വരുമെന്ന് മൊയിനുള്ള ആണയിടുന്നു. അതിന് കുറച്ചധികം സമയമെടുക്കും. എന്നെന്ന് ഇപ്പോള്‍ പറയാനാവില്ല. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ഭഗീരഥപ്രയത്‌നത്തിലാണ് തങ്ങളെന്ന് ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളില്‍ മൊയിനുള്ള പറയുമ്പോള്‍ വിരലുകള്‍ക്കിടയിലിരുന്ന് സിഗരറ്റ് എരിഞ്ഞ് തീരുന്നുണ്ടായിരുന്നു.

ഈ മനുഷ്യനോട് സംസാരിക്കുമ്പോള്‍ ഓര്‍മവന്നത് ഹോട്ടലിലെ റൂം ബോയി പറഞ്ഞതായിരുന്നു. പാര്‍ട്ടി തിരിച്ചുവരും. അത് പക്ഷെ പെട്ടെന്ന് വേണ്ട. തൃണമൂലിന്റെ നശിച്ചഭരണത്തെ ജനം മടുക്കുമ്പോള്‍ പിന്നെ ബിജെപി അധികാരം പിടിച്ചേക്കാം. പക്ഷെ അതിനെല്ലാം ഒടുവില്‍ ഇടത്പക്ഷമായിരുന്നു ശരിയെന്ന് ജനം തിരിച്ചറിയും. അത് എത്ര വര്‍ഷം കഴിഞ്ഞായാലും വേണ്ടില്ല. അന്ന് മതി പാര്‍ട്ടിയുടെ തിരിച്ചുവരവ് എന്ന് പാര്‍ട്ടി മെംബര്‍കൂടിയായ ആ മനുഷ്യന്‍ പറഞ്ഞുവെച്ചപ്പോള്‍ മനസില്‍ ഉയര്‍ന്ന സന്തോഷം ചില്ലറയല്ല. ആ ഹോട്ടല്‍ ബോയിയും മൊയിനുള്ളയേയും പോലുള്ള നിരവധി സഖാക്കള്‍ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയുമ്പോള്‍ നമ്മള്‍ എങ്ങനെ തോല്‍ക്കാണ് .

രാവ് പുലരുവോളം മൊയിനുള്ളയുമായി സംസാരിച്ച് കൊല്‍ക്കത്തയിലെ ചെറിയ നിരത്തുകളിലൂടെ ഞങ്ങള്‍ കറങ്ങി നടന്നു. അപ്പോഴും തെരുവിലെ ചിലകടകള്‍ തുറന്നിരിക്കുന്നു. ചായയും പാനും സിഗരറ്റുമെല്ലാം വാങ്ങാനായി ആരെല്ലാമോ വരുന്നു. രാത്രി സവാരിക്കിറങ്ങുന്ന ഓട്ടോറിക്ഷക്കാരും കൊല്‍ക്കത്ത നഗരത്തിലെ രാവ് ആസ്വദിക്കാനായി പോയി മടങ്ങുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. നിരത്തുകളിലൂടെ കറങ്ങിയും സ്ട്രീറ്റ് ലൈറ്റിന് താഴെ നിന്ന് രാഷ്ട്രീയം പറഞ്ഞും സമയം പുലര്‍ച്ചെ 4 കഴിഞ്ഞു. കേരളത്തില്‍ പലകുറി വന്നതിന്റെ വിശേഷങ്ങള്‍ പറഞ്ഞു. ആലപ്പുഴയിലെ ഹൗസ് ബോട്ടില്‍ കയറാന്‍ ഇനിയും വരുന്നുണ്ടെന്നും അന്ന് വീണ്ടും കാണാമെന്നും പറഞ്ഞ് യാത്രപറയുമ്പോള്‍ മുഷ്ടിചുരുട്ടി ഒരു ലാല്‍സലാം പറയാതിരിക്കാന്‍ ആയില്ല.

തണുപ്പില്‍ നിന്ന് രക്ഷതേടി കൈകള്‍ ജാക്കറ്റിന്റെ പോക്കറ്റില്‍ തിരുകി തിരിച്ച് തനിയെ ഹോട്ടലിലേക്ക് നടന്നു. അപ്പോഴേക്കും നഗരത്തിലെ മാലിന്യങ്ങള്‍ പറക്കാനായി കോര്‍പറേഷന്റെ വാഹനം നിരത്തിലിറങ്ങിക്കഴിഞ്ഞിരുന്നു. സ്ട്രീറ്റ് വെളിച്ചത്തില്‍ മൂടല്‍ മഞ്ഞില്‍ മഞ്ഞ നിറമണിഞ്ഞ കൊല്‍ക്കത്ത നഗരത്തിലപ്പോഴും തണുത്തുറഞ്ഞ നടപ്പാതകളിലും കടവരാന്തയിലുമെല്ലാം നിരവധിപേര്‍ മഫ്‌ലറും മങ്കിക്യാപും അണിഞ്ഞ് കറുത്ത കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കിടപ്പുണ്ട്...


മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം






Thursday, 28 May 2020

തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 2)

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയാണ് കേന്ദ്രകമ്മിറ്റിയില്‍ നടക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി പിബി അംഗീകരിച്ച റിപ്പോര്‍ട്ട്, ഇതിനൊപ്പം ജനറല്‍ സെക്രട്ടറിയുടെ ബദല്‍ നിര്‍ദേശങ്ങള്‍ എല്ലാം ചേര്‍ന്ന് വാര്‍ത്താപ്രാധാന്യം ഏറെയുണ്ടായിരുന്നു കൊല്‍ക്കത്തയിലെ യോഗത്തിന്. അതിനാല്‍ തന്നെ പകല്‍ മുഴുവന്‍ ബംഗാള്‍ സിപിഎം സംസ്്ഥാന സമിതി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവന്റെ പോര്‍ച്ചിലും പുറത്തെ സ്്ട്രീറ്റിലും നിന്ന് ലൈവ് റിപ്പോര്‍ട്ടിങ് തന്നെ. ഇടയില്‍ കിട്ടുന്ന ചെറിയ ഇടവേളകളില്‍ മാര്‍ക്റ്റിലെ ലെതര്‍ ഷോപ്പുകളിലും മറ്റും ജാക്കറ്റും ബാഗും വാലറ്റുമെല്ലാം നോക്കിയും വിലപറഞ്ഞുമെല്ലാം കറങ്ങി നടന്നു.
Sketch Sanub Sasidharan

രാത്രിയില്‍ പക്ഷെ നഗരത്തിലെ അലിമുദ്ദീന്‍ സ്ട്രീറ്റിലും ജെസി ബോസ് റോഡിലും പരിസരപ്രദേശത്തും കറങ്ങിനടന്നു.  അലിമുദ്ദീന്‍ സ്ട്രീറ്റിന് തൊട്ടപ്പുറത്ത് തന്നെയാണ് വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനവും. തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ നഗരം ഉറങ്ങുകയാണ്. കല്ലുപാകിയ ഫുട്പാത്തില്‍ കാര്‍ഡ്‌ബോര്‍ഡിന്റെ ഷീറ്റ് വിരിച്ചും കീറത്തുണി വിരിച്ചുമെല്ലാം കിടക്കുന്ന നൂറുകണക്കിന് പേര്‍. കൊതുകുകടിയില്‍ നിന്ന് രക്ഷപ്പെടാനാവാതെ ശപിച്ച് പിറുപിറുത്ത് എഴുനേറ്റിരുന്ന് ദേഷ്യം തീര്‍ക്കുന്ന ചിലര്‍. ഇവരെല്ലാം പകലുമുഴുവന്‍ റിക്ഷവലിച്ചും തെരുവില്‍ ആക്രിപറക്കിയുമെല്ലാം കഴിയുന്നവരാണ്. രാത്രിയില്‍ ഹോട്ടലടച്ച് ശേഷം അന്നത്തെ മാലിന്യങ്ങള്‍ വലിയ കവറുകളിലാക്കി കളക്റ്റിങ് പോയന്റുകളിലേക്ക് റിക്ഷയില്‍ കൊണ്ടുപോകുന്നവര്‍, യാത്രക്കാരെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍, മഞ്ഞ ടാക്‌സി കാറുകള്‍, അന്നത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി ഗ്യാരേജിലേക്ക് മടങ്ങിയെത്തുന്ന ട്രാമുകള്‍, ചുറ്റിലും പഴക്കം ചെന്ന ചെറിയ ചെറിയ കെട്ടിടങ്ങള്‍. ചെറിയ ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍, വീടുകള്‍. അവയിലെല്ലാം തങ്ങളുടെ ചെറിയ ചെറിയ ദുഖകളും വലിയ സന്തോഷങ്ങളുമായി കഴിയുന്ന ബംഗാളികള്‍....

വൃത്തിഹീനമാണ് കൊല്‍ക്കത്തയുടെ പാതകള്‍. ചളിയും മാലിന്യങ്ങളുമെല്ലാം നിറഞ്ഞ്. ഒരുകാലത്ത് ഇന്ത്യയുടെ തന്നെ തലസ്ഥാനമായിരുന്നു ഈ നഗരമെന്നത് ആശ്ചര്യപ്പെടുത്തും. പൈതൃകനഗരമെന്ന് , ഇന്നും പഴമയുടെ പ്രൗഡി തനിമചോരാതെ നിലനിര്‍ത്തുന്നുവെന്നെല്ലാം പലരും വാഴ്ത്താറുണ്ട് ഈ നഗരസൗന്ദര്യത്തെ. ഈ നഗരത്തിന്റെ സൗന്ദര്യം ഇത് തന്നെയാണ് എന്ന് വേണമെങ്കില്‍ നമുക്ക്് സ്വയമാശ്വസിക്കാനായി പറയാം. പക്ഷെ മനസാക്ഷി അതിന് പൂര്‍ണമായും അനുവദിക്കില്ല. മുപ്പത്തഞ്ച് വര്‍ഷത്തോളം കാലം ഇടത്പക്ഷവും പിന്നെ ഇപ്പോള്‍ തൃണമൂലും മുമ്പ് കോണ്‍ഗ്രസും ഭരിച്ച ബംഗാളിലെവിടെയാണ് മാറ്റമെന്ന് പലവുരു മനസില്‍ ചോദിച്ചു.

കൊല്‍ക്കത്തയുടെ നിരത്ത് പൂര്‍ണമായും വിജനമാകുന്നില്ല. മാതൃഭൂമിയിലെ ക്യാമറാമേന്‍ മുകേഷ് തന്റെ ഗോപ്രോയില്‍ കൊല്‍ക്കത്തയുടെ രാത്രിക്കാഴ്ച്ചകള്‍ ഒന്നൊന്നായി പകര്‍ത്തിക്കൊണ്ടിരുന്നു. എത്രനേരം കൊല്‍ക്കത്തയുടെ തെരുവിലൂടെ ആ രാത്രി പാതിരാ പിന്നിട്ടിട്ടും എത്രനടന്നുവെന്നറിയില്ല.

കഴിഞ്ഞദിവസത്തെ ഉറക്കമില്ലായിമ, പകല്‍ മുഴുവനും ലൈവ് നിന്നതിന്റെ ക്ഷീണം, അടുത്തദിവസം പുലര്‍ച്ചെ വീണ്ടും അതെല്ലാം ആവര്‍ത്തിക്കേണ്ടതിന്റെ ഓര്‍മ...എല്ലാം കൂടി ചേര്‍ന്നപ്പോള്‍ തിരിച്ച് റൂമിലേക്ക് പോകാന്‍ പലരും തിരക്ക് കൂട്ടി. കണ്ട് നടന്ന് മതിയാവാതെ, കൊല്‍ക്കത്തയുടെ രാത്രിവിശേഷങ്ങള്‍ അടുത്തരാത്രിയിലേക്ക് ബാക്കിവെച്ച് തിരികെ ഹോട്ടല്‍ മുറിയിലേക്ക്..
.
...
തെരുവുറങ്ങാത്ത കൊല്‍ക്കത്ത  (ഭാഗം 1) ഇവിടെ വായിക്കാം


Sunday, 16 August 2015

വിപ്ലവഭൂമികയിലെ പാര്‍ട്ടി സമ്മേളനം

സിപിഎം സമ്മേളനം ആലപ്പുഴയിൽ അവസാനിച്ചപ്പോൾ ചില കാര്യങ്ങൾ.....
1.വി.എസ് അവസാനമായി സെക്രട്ടറിയായത് 88ലെ ആലപ്പുഴ സമ്മേളനത്തിൽ
അന്ന് അത് ബദൽ രേഖയ്ക്കുശേഷമുള്ള സമ്മേളനം
ആലപ്പുഴ 2015ൽ സമ്മേളനമെത്തിയപ്പോൾ സംസ്ഥാനസമിതി അംഗമായി വി.എസ് പങ്കെടുത്ത അവസാനസമ്മേളനമായി.
88 ലേത് ബദൽ രേഖയ്ക്ക് ശേഷമുള്ളതെങ്കിൽ ആലപ്പുഴയിലേത് "പ്രമേയ"ത്തിനുശേഷമുള്ളതായി,
2. 1991 ൽ കോഴിക്കോട് നടന്നസമ്മേളനത്തിൽ ഇ.കെ നായനാർ പാർട്ടി അമരക്കാരനായി.
ആശയഭിന്നത വിഭാഗീയതയിലേക്ക്..
കർകശകാരനായ സെക്രട്ടറിയിൽ നിന്ന് തമാശക്കാരനായ സെക്രട്ടറിയിലേക്ക്
3. 96 ൽ നായനാരിനെ മുഖ്യമന്ത്രിയാക്കി പകരം ചടയൻ ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക്.
(വി.എസിനെ മാരാരികുളത്ത് വിഭാഗീയത കളിച്ച് തോൽപിച്ചില്ലായിരുന്നേൽ വി.എസ് അന്നേ മുഖ്യമന്ത്രിയായേനെ.)
വെട്ടിനിരത്തൽ വിട്ട് വി.എസ് ജനകീയ വിഷയങ്ങളിലേക്ക്.
4. 1998 ൽ ചടയൻ അന്തരിച്ചപ്പോൾ പിണറായിയെ സെക്രട്ടറിയാക്കി.
ഇതിന് നേതൃത്വം കൊടുത്തത് വി.എസ്.
പിന്നെ പിണറായി യുഗം.
വി.എസ്-പിണറായി പോര് വൈകാതെതുടങ്ങി.
വിഭാഗീയത എവറസ്റ്റ് കൊടുമുടി കയറി.
കാർക്കശ്യവും ധാർഷ്ട്യവും കൊമ്പ് കോർക്കുന്നു.
സൗമ്യനായ പിണറായി കർക്കശക്കാരനായപ്പോൾ വി.എസ് ജനകീയനായി മാറി.
5. വീണ്ടും സമ്മേളനം പുന്നപ്രയുടെ മണ്ണിലെത്തിയപ്പോൾ പിണറായിക്ക് പകരം കോടിയേരി സെക്രട്ടറിയാകുന്നു.
ചിരിക്കാത്ത പിണറായിയിൽ നിന്ന് ചിരിക്കുന്ന കോടിയേരിയിലേക്ക്.
ചുരുക്കത്തിൽ പാർട്ടി കണ്ണൂരിൽ തന്നെ.
വി.എസ് പുറത്തേക്കുള്ള വഴിയിലും.
വി.എസിനെ പാർട്ടിവിരുദ്ധനെന്ന് മുദ്രകുത്തി പുകയ്ക്കുന്നതിന് നേതൃത്വം പിണറായി വക.


വി.എസ് ഇറങ്ങിപോയ സമ്മേളനം.
സ്ഥാപകരിലൊരാളായ വി.എസ് ഇല്ലാത്ത cpm ൻറ്റെ ആദ്യത്തെ സമാപനസമ്മേളനം.
വിഭാഗീയത ഇല്ലാതാക്കി (അടിച്ചമർത്തി) എന്ന് ടീം കണ്ണൂരിൻറ്റെ അവകാശവാദവും....
1991 മുതൽ പാർട്ടി "കണ്ണൂരിൽ" തന്നെ എന്ന് ചുരുക്കം.
So called കണ്ണൂർ ലോബിയുടെ കയ്യിൽ എന്നും പറയാം....

(nb: സമ്മേളനം കഴിഞ്ഞദിവസം ഫെയ്സ് ബുക്ക് പേജില്‍ എഴുതിയത്)