ജനുവരി രണ്ട്, 2022
ഓരോ ദിവസവും എവിടെയെങ്കിലുമെല്ലാം ഒരു ബന്ധം തുടങ്ങുകയോ ഒടുങ്ങുകയോ ചെയ്യുന്നുണ്ട്. പലകാരണങ്ങളാൽ വഴിയിൽ ഉപേക്ഷിക്കപ്പെടുന്ന ബന്ധങ്ങൾ, കാരണമൊന്നുമില്ലാതെ തുടങ്ങുന്ന ബന്ധങ്ങൾ, ഇഷ്ടമില്ലാഞ്ഞിട്ടും പിൻമാറാനോ തുടരാനോ വിധിക്കപ്പെട്ട ബന്ധങ്ങൾ.... അങ്ങനെ പലതരം.
പ്രണയങ്ങളുടേയോ വിവാഹബന്ധങ്ങളുടേയോ കുടുംബബന്ധങ്ങളുടേയോ കാര്യംമാത്രമല്ല, സൗഹൃദങ്ങളിലും ഇതെല്ലാം ആവർത്തിക്കപ്പെടുന്നുണ്ട്. പലപ്പോഴും സ്വന്തം തിരക്കുകളാവും സൗഹൃദങ്ങൾ, അല്ലെങ്കിൽ ബന്ധങ്ങൾ തുടരാനാവാത്തതിന്റെ കാരണമായി പലരും പറയാറ്. തന്റെ തിരക്ക് മറ്റൊരാൾ മനസിലാക്കുന്നില്ലെന്ന പരാതികൾ നിരന്തരം. തിരക്കുകൾക്കിടയിലും വല്ലപ്പോഴെങ്കിലും അന്വേഷിക്കാമല്ലോയെന്നാവും മറ്റേയാളുടെ വേവലാതി. അതൊരു ആശയവിനിമയത്തിലെ പ്രശ്നം മാത്രമായി വേണമെങ്കിൽ കരുതാം. പക്ഷെ കൂട്ടത്തിലൊരാൾക്ക് വലിയ പ്രതിസന്ധിയുണ്ടാകുമ്പോൾ അത് ശ്രദ്ധയിൽ പെടുത്തിയിട്ടും അനങ്ങാതെ ഇരിക്കുന്ന തിരക്കുള്ളവരെ ഏത് ഗണത്തിൽ പെടുത്തണം? അതും ജീവിതം തന്നെ പ്രതിസന്ധിയിലാവുന്ന സാഹചര്യം കൂടിയാകുമ്പോൾ? അത്തരം സുഹൃത്തുക്കളെ സുഹൃത്തുക്കളെന്ന് എങ്ങനെ വിളിക്കാനാവും? പൂർണമായും ഒരുപക്ഷെ താങ്ങാവാൻ കഴിഞ്ഞെന്നുവരില്ല. പക്ഷെ കഴിയാവുന്നത്ര താങ്ങായും തണലായും ഇരുന്നുകൂടെ? അത് ചെയ്യാതെ എല്ലാം കഴിഞ്ഞ് പരിതപിക്കാനാണ് ആളുകൾക്ക് താൽപര്യം. അത്തരക്കാരെ എങ്ങനെ സുഹൃത്തുക്കളായി കാണാനാകും? അതിനാൽ അത്തരം സുഹൃത്തുക്കളെ വേണ്ടെന്ന് വെക്കുന്നതാണ് നല്ലത്. അതുപോലെതന്നെയാണ് സ്വന്തം ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുന്ന സുഹൃത്തുക്കളേയും ബന്ധുക്കളേയും. വിഷലിപ്തമല്ലാത്ത, സ്വാർത്ഥതയില്ലാത്ത, മാനവികതയുള്ള ബന്ധങ്ങൾ മാത്രമാണ് നമ്മുടെ മാനസികാരോഗ്യത്തിനും നല്ലത്.
മധുരം പോലെയാവണം ബന്ധങ്ങൾ.
No doubt!
ReplyDelete