ജനുവരി എട്ട്, 2022
മനുഷ്യരോട് നമുക്കെപ്പോഴാണ് വെറുപ്പ് തോന്നിതുടങ്ങുന്നത് .?
ഒരുപക്ഷെ നമ്മെ കഠിനമായി വേദനിപ്പിക്കുമ്പോഴാകും, അല്ലെങ്കിൽ ശല്യമായി തീരുമ്പോഴായിരാക്കാം, അതുമല്ലെങ്കിൽ ക്രൂരമായ എന്തെങ്കിലും പ്രവൃത്തി ചെയ്തപ്പോഴായിരിക്കാം...അല്ലേ.?
ഒരിക്കൽ തന്നേക്കാളേറെ നാം സ്നേഹിച്ചൊരാളെ നമുക്ക് എന്നെങ്കിലും വെറുക്കാനാവുമോ. ഇനി അഥവാ വെറുത്താൽ തന്നെ ഒരിക്കൽ പ്രിയങ്കരമായിരുന്ന അയാളുമായി ബന്ധപ്പെട്ടുള്ള ഓർമകളെല്ലാം മറക്കാനാവുമോ.
മനുഷ്യരോട് അതിഭീകരമായി ദേഷ്യപ്പെടുകയും പിണങ്ങുകയും ഇറിറ്റേറ്റ് ചെയ്യിക്കുകയും ചെയ്യുന്ന പ്രകൃതമാണ് എൻറേത്. ഇഷ്ടമില്ലെന്ന് കണ്ടാൽ ഇറിറ്റേഷൻ മറച്ചുവെക്കില്ല. ദേഷ്യം വന്നാൽ ഒരിക്കലും കടിച്ചമർത്തുകയുമില്ല. പറയാൻ തോന്നുന്നത് പറയും. ആനക്കാട്ടിൽ ഈപ്പച്ചനെ പോലെ ഔട്ട്സ്പോക്കൺ ആണ്, പക്ഷെ അത് ഇറവറൻസ് കൊണ്ടല്ല. അതാണ് പണ്ടുതൊട്ടേയുള്ള പ്രകൃതം. ഇനി അതൊട്ട് നാന്നാവുമെന്ന് തോന്നുന്നില്ല, തിരുത്താനുള്ള കാലവും ഇനി അധികമുണ്ടെന്ന് തോന്നിയിട്ടുമില്ല. ഇഷ്ടം തോന്നുന്നവരോടും ഇങ്ങനെയൊക്കെതന്നെയാണ്. പക്ഷെ അത്തരക്കാരോട് ദേഷ്യത്തിലും ചില സോഫ്റ്റ് കോർണർ കാണിക്കാറുണ്ടെന്ന് ചിലർ ആരോപിക്കാറുണ്ട്. ( അത് വെറുമൊരു ആരോപണമല്ലെന്ന് ആത്മപരിശോധന നടത്തുമ്പോൾ തോന്നിയിട്ടുണ്ട്)
കഴിഞ്ഞദിവസം ഒരു സുഹൃത്ത് ചോദിച്ച ഒരു ചോദ്യമാണ് വീണ്ടുമൊരിക്കൽ കൂടി വെറുപ്പിനേയും ദേഷ്യത്തേകുറിച്ചുമെല്ലാം ആലോചിക്കാൻ പ്രേരിപ്പിച്ചത്. എനിക്ക് എത്രപേരോട് വെറുപ്പ് തോന്നിയിട്ടുണ്ടെന്നതായിരുന്നു ചോദ്യം. പലപ്പോഴും ഇത് സംബന്ധിച്ച് ഗഹനമായ ആലോചിച്ചിട്ടുണ്ട് എന്നതിനാലും അപ്പോഴെല്ലാം ഒരേ ഉത്തരം തന്നെയാണ് കിട്ടിയിട്ടുള്ളത് എന്നതിനാലും വേഗത്തിൽ മറുപടി പറയാൻ പറ്റി. ഒട്ടും അമാന്തിക്കേണ്ടി വന്നില്ല.
വെറുപ്പ് ആരോടുമില്ല, ദേഷ്യം പലരോടും തോന്നിയിട്ടുണ്ട് താനും.
'ആരോടുമില്ലേ...'? വിശ്വാസം വരാതെ സുഹൃത്ത്.
'ജിവിതത്തിൽ ഒറ്റക്കാക്കിയവരോട് വെറുപ്പ് തോന്നിയതേയില്ല...?' ചോദ്യം ഒന്നുകൂടി ഷാർപ്പാക്കി ഇത്തവണ.
ജീവിതത്തിൽ ഒറ്റക്കാവുകയെന്നത് വേദനയുണ്ടാക്കുന്നതാണ്. എനിക്കെന്നല്ല ആർക്കായാലും അത് അങ്ങനെയാണ്. ഒപ്പം നടന്ന് പെട്ടെന്ന് വഴിതിരിയുന്നവർ നമ്മെ തള്ളിവിടന്നത് കടുത്ത ഏകാന്തതയിലക്കാണ്. ആ ഏകാന്തതയുമായി പൊരുത്തപ്പെടുംവരെ നമ്മൾ വല്ലാതെ സ്ട്രഗിൾ ചെയ്ത്കൊണ്ടേയിരിക്കും. ചിലപ്പോൾ രക്തബന്ധങ്ങളാവാം, ചിലപ്പോൾ സുഹൃത്തുക്കളാവാം അല്ലെങ്കിൽ പാർട്ണർമാരാവാം നമ്മൾ തീർത്തും ഒറ്റക്കാണെന്ന തിരിച്ചറിവ് സമ്മാനിച്ച് തനിച്ചാക്കികളയുക. അങ്ങനെ ഒറ്റക്കാക്കി പോയവരോട് നമുക്ക് ആ സമയത്ത് ഒരുപക്ഷെ ദേഷ്യമെല്ലാം തോന്നിയിരിക്കാം. മനുഷ്യനല്ലേ. പക്ഷെ ആരോടും വെറുപ്പ് തോന്നിയിട്ടില്ല.
അതേസമയം നമ്മളോട് മറ്റുള്ളവർ ഇങ്ങനെയാവണം എന്നില്ല. അനുഭവത്തിൽ തീർച്ചയായും അല്ല.വഴക്കിട്ട് പോയവരും പിണങ്ങിപോയവരുമായ നിരവധി പേർ പലപ്പോഴായി I Hate You എന്ന മെസേജ് പലകുറി അയച്ചിട്ടുണ്ട്. വാട്സ്പ്പ് അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെല്ലാം വർഷങ്ങളോളം ബ്ലോക്ക് ഓഫീസറാക്കി ഇരുത്തിയവരുണ്ട്. നമുക്ക് പറയാനുള്ളത് കേൾക്കാതെ ഏകപക്ഷീയമായി ബ്ലോക്കി പോയവരോടും പക്ഷെ വെറുപ്പൊന്നുമില്ല. ദേഷ്യവും തോന്നാറില്ല. പലപ്പോഴും ഒരുതരം നിർവികാരതമാത്രം. വിഷാദത്തിൻറെ ചില്ലകൾ പൂത്തത് കൊണ്ടായിരിക്കാം അങ്ങനെ.
നമ്മൾ എന്തിനാണ് ഒരാളെ വെറുക്കുന്നത്. അതുകൊണ്ട് എന്തുപകാരം. ചിലരോട് ഇനി മേലിൽ ഒരുതരത്തിലുള്ള ബന്ധവും വേണ്ടെന്ന് വെച്ചിട്ടുണ്ട്. അത് അവരോടുള്ള വെറുപ്പ് കൊണ്ടോ ദേഷ്യം കൊണ്ടോ അല്ല. അകറ്റി നിർത്തേണ്ടതിനെ അകറ്റി നിർത്തുന്നതാണ് പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തിനും സമാധാനത്തിനും നല്ലത്. അതിനാൽ തന്നെ ആ ഭാഗത്തേക്ക് നമ്മൾ നമ്മുടെ ശ്രദ്ധ കൊടുക്കാതിരിക്കുകയെന്നതേ വേണ്ടു. വെറുപ്പ്, ദേഷ്യം പോലുള്ള വികാരങ്ങളുമായി നടന്നാൽ അവരെ ഒഴിവാക്കാൻ ബോധപൂർവ്വം നമ്മൾ ശ്രമിച്ചുകൊണ്ടേയിരിക്കും. അപ്പോൾ വളരെ യാന്ത്രികമായി തീരും നമ്മുടെ ഓരോ ചലനങ്ങളും. അത് ആത്യന്തികമായി നമ്മളെ തന്നെയാണ് ബാധിക്കുന്നത്. നമ്മുടെ ബോധമണ്ഡലത്തെ അവരോടുള്ള വെറുപ്പോ ദേഷ്യമോ മൂലമുണ്ടാകുന്ന നമ്മുടെ സ്വാഭാവിക പ്രതികരണങ്ങൾ പ്രതികൂലമായി ബാധിക്കും. അതോടെ നമ്മൾ നമ്മളല്ലാതാവുകയും ചെയ്യും. അത് നമ്മുടെ തന്നെ സന്തോഷവും സമാധാനവും തന്നെയാണ് കുറച്ച് നേരത്തേക്കെങ്കിലും ഇല്ലാതാക്കുന്നത്.
അങ്ങനെ അധികമാരോടും വെറുപ്പിനോളം പോന്ന കടുത്ത ദേഷ്യം തോന്നിയിട്ടില്ല. ഒരാളോട് മാത്രമാണ് വെറുപ്പെന്ന് തോന്നിപ്പിച്ചത്. ഏറെക്കാലം അതങ്ങനെ തന്നെയായിരുന്നു. പലപ്പോഴും അവരുടെ സാന്നിധ്യം മാനസികമായ അലോസരം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. അതേ സമയം തന്നെ ആ വ്യക്തികൾ വളരെ ആസ്വദിച്ച് നടക്കുകയും ചെയ്തു. പക്ഷെ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞുപോയ ജീവിതത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയപ്പോഴാണ് ആ വെറുപ്പിൻറെ അർത്ഥശൂന്യത തിരിച്ചറിഞ്ഞത്.
നാം എത്രകാലം ഉണ്ടാകുമെന്ന് ഒരുറപ്പുമില്ലാത്തപ്പോൾ എന്തിനാണ് ഒരാളോട് വെറുപ്പും വിദ്വേഷവുമൊക്കെ. സ്നേഹമായാലും സൌഹൃദമായാലും വെറുപ്പായാലും അതൊന്നും ചിരന്തനമല്ല. ഏതെങ്കിലും ഒരു പോയിൻറിൽ ഇതെല്ലാം അലിഞ്ഞ് അതല്ലാതായി മാറും. ഇഷ്ടത്തിൻറേയും ഇഷ്ടക്കേടിൻറേയും ഇടയിലെ അതിർവരമ്പ് വളരെ നേർത്തതാണ്. ഒരു നോ പറയുമ്പോൾ, അല്ലെങ്കിൽ പറയാതിരിക്കുമ്പോൾ ഈ വരമ്പ് മുറിഞ്ഞേക്കാം. നമ്മളാരും തന്നെ പൂർണരല്ല. അവരും. എത്രവഴക്കിട്ടാലും നമ്മളാരും മോശവുമല്ല. സ്നേഹത്തിൽ നിന്ന് വെറുപ്പിലേക്കുള്ള ദൂരം വളരെ ചെറുതാവാം ചിലർക്ക്. വെറുപ്പിൽ നിന്ന് സ്നേഹത്തിലേക്കുള്ള ദൂരവും അത്രതന്നെ.
I'm rude, but not bad!
And u r the best😘
ReplyDelete