'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...'

ജനുവരി ഏഴ്, 2022

മനുഷ്യന് ഓർമകളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പലതാണ്. അതൊരു പാട്ടാകാം, വഴിയാകാം, വാക്കാവാം, ഒരു പടമാകാം...അങ്ങനെ പലതുമാകാം. എന്നാൽ ഒരേ ഘടകം പലപല ഓർമകളിലേക്ക് ഒരുമാലയുടെ മണിമുത്ത്പോലെ നിങ്ങളെ നയിക്കുന്നതായാലോ. അങ്ങനേയും പലതും കാണാമല്ലേ. 

തീർച്ചയായും അത്തരത്തിൽ പല ഓർമകളിലേയും പൊതുഘടകമായി ചിലകാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഒരു ഗാനം. കുട്ടിക്കാലത്തെ ഏറ്റവും പ്രിയങ്കരമായിരുന്ന ആ സിനിമ ഗാനം വർഷങ്ങൾക്ക് ശേഷം ഏറ്റവും പ്രിയപ്പെട്ട ഒരു ആരാധികയുടെ ഓർമയുമായും ബന്ധപ്പെട്ട് കിടപ്പുണ്ട്. വളരെ യാദൃശ്ചികമായാണ് ഇത് രണ്ടും സംഭവിച്ചത്.  ഇന്നൊരു സുഹൃത്തിൻറെ വാട്സ്പ്പ് സ്റ്റാറ്റസായി ആ പാട്ട് കണ്ടപ്പോൾ ഓർമകൾ വീണ്ടും കൂടുകെട്ടി. 
'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...' എന്നഗാനം നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയ്ക്കായി ബിച്ചു തിരുമല എഴുതിയതാണ്. കാത്തിരിപ്പിൻറെ എല്ലാസൌന്ദര്യവും ആവാഹിച്ച വരികൾ. കാത്തിരിപ്പ് എന്നത് എത്രമാത്രം നൊമ്പരവും അതുപോലെ സന്തോഷവും നിറഞ്ഞതാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. 




1985 ലാണ് ഫാസിൽ സംവിധാനം ചെയ്ത, നദിയ മൊയ്തു ആദ്യമായി അഭിനയിച്ച, പത്മിനി ലീഡ് റോളിലെത്തിയ സിനിമ തിയ്യേറ്ററുകളിലെത്തിയത്. അന്ന് എനിക്ക് പ്രായം 3 വയസ്സ്. മദ്രാസ് ജീവിതം മതിയാക്കി അച്ഛനും അമ്മയും മുത്തശ്ശൻറെ തറവാട്ടിലേക്ക് മടങ്ങിയ സമയം. ഞാൻ നാട്ടിലെ നഴ്സറിയിൽ സത്യഭാമടീച്ചറുടെ കീഴിൽ പഠിക്കാൻ തുടങ്ങിയ കാലം. എരമംഗലത്തെ സീമ തിയ്യേറ്ററിൽ നിന്നോ മാറഞ്ചേരിയിലെ ജിഷാർ തിയ്യേറ്ററിൽ നിന്നോ ആകണം ആ സിനിമ കണ്ടത്. ആ കാലത്ത് പൊന്നാനിയിലോ ഗുരുവായൂരിലോ ഉള്ള വലിയ തിയ്യേറ്ററുകളിൽ പോയി സിനിമ കാണുന്ന പതിവ് ആരംഭിച്ചിരുന്നില്ല. റേഡിയോയിൽ പലകുറി കേട്ടിരിക്കണം പിന്നെയും ആ പാട്ട്. അങ്ങനെയാണ് അതിലെ ആദ്യത്തെ വരികൾ ഹൃദിസ്ഥമായത്. ആദ്യമായി പഠിച്ചത് ഈ പാട്ടിൻറെ വരികൾ ആണെന്നാണ് ഓർമ. ഇതിന് മുമ്പ് ഏതെങ്കിലും സിനിമ ഗാനം പാടി നടന്നതായി ഓർമയിലില്ല. ഹവായി ചെരുപ്പ് വെട്ടി ടയറുണ്ടാക്കി ആ വണ്ടിയും ഓടിച്ച് വീട്ടിലെ പറമ്പ് മൊത്തം ഓടി നടന്നപ്പോൾ ചുണ്ടിൽ മൂളിയിരുന്നത് ആയിരം കണ്ണുമായി എന്നപാട്ടായിരുന്നു. പാട്ടിൻറെ അർത്ഥമോ ഈണമോ ഒന്നും അന്ന് അലട്ടിയതേയില്ല. ആ ബാല്യകാല ദൃശ്യങ്ങൾ ഇന്നും മനസിൽ മായാതെയുണ്ട്. ആ ഓട്ടവും ചക്ര വണ്ടിയും വരമ്പുമെല്ലാം ഒരു ഓയിൽ പെയിൻറിങ് പോലെ അങ്ങനെ മായാതെ കിടക്കുന്നു. 
എന്നും ആ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ ആണ്. അതുപോലെ തന്നെയാണ് അച്ചുവേട്ടൻറെ വീട്ടിലെ 'ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രിക മെഴുകിയ മണിമുറ്റം' എന്ന ഗാനവും. ആദ്യത്തെ പാട്ട് അമ്മ വീടുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെങ്കിൽ രണ്ടാമത്തെ പാട്ട് അച്ചൻറെ വീടുമായി ബന്ധപ്പെട്ടാണ്. ശാസ്താംകോട്ടയിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഈ പാട്ട് മനസിൽ കയറികൂടുന്നത്. ഈ സിനിമ 1987 ൽ ആണ് റിലീസ് ആയത്. ഒന്നാം ക്ലാസ് ചേന്നാത്ത് എൽ പി സ്ക്കൂളിൽ പഠിച്ചശേഷം രണ്ടാം ക്ലാസിൽ മൈനാഗപള്ളി എൽപി സ്കക്കൂളിലേക്ക് പറിച്ച് നട്ടപ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്. അന്നൊക്കെ വൈകുന്നേരങ്ങളിൽ വീട്ടിൽ സന്ധ്യാനാമം ചൊല്ലണമെന്നത് നിർബന്ധമായിരുന്നു. വൈകുന്നേരം പഠിക്കുന്നതിന് മുമ്പ് മേലുകഴുകി ഉമ്മറത്ത് തെളിച്ചുവെച്ച നിലവിളക്കിന് മുന്നിൽ ചമ്രംപടിഞ്ഞിരുന്ന് നാമം ചൊല്ലിയില്ലേൽ നല്ല ചീത്ത കിട്ടുമായിരുന്നു. അങ്ങനെയുള്ള ഭക്തിസാന്ദ്രമായ കാലഘട്ടത്തിലാണ് ഈ പാട്ട് ചേട്ടൻമാരൊക്കൊ പാടി നടക്കുന്നത് കേൾക്കുന്നത്. പാട്ടിൽ ആദ്യത്ത നാല് വരികഴിഞ്ഞാൽ പിന്നെ 'അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ' എന്ന ഹരിനാമകീർത്തനം ഉണ്ട്. ഇത് കേട്ടതുകൊണ്ടായിരിക്കണം ഒരുപക്ഷെ ഈ പാട്ട് മനസിൽ പതിഞ്ഞത്. സന്ധ്യക്ക് പാടേണ്ട ഒരു സന്ധ്യാനാമം എന്നായിരുന്നു തെറ്റിദ്ധാരണ. ഇതിനൊപ്പം തന്നെ മനസിൽ കയറികൂടിയ ഇമേജ് എന്നത് ചാണകം മെഴുകിയ മുറ്റത്തിൻറേയായിരുന്നു. ഒരുപക്ഷെ അന്നൊക്കെ മുത്തശ്ശി മുറ്റത്ത്  ചാണകം മെഴുകുന്നത് കണ്ടതിൻറെ കൂടിയോർമയാവണം ആ ഇമേജ് അങ്ങനെ പതിഞ്ഞുകിടക്കാൻ കാരണം.  ഇന്നും ആ ഇമേജ് തന്നെയാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസിലെത്തുന്നത്.

പിന്നീട് ഓരോ തവണയും ആ പാട്ടുകൾ കേൾക്കുമ്പോൾ രണ്ടിടങ്ങളിലായുള്ള കുട്ടിക്കാലവും പാട്ടിനൊപ്പം താളമായി എത്താറുണ്ട്. പിൽക്കാലത്ത് നൂറുകണക്കിന് പാട്ടുകളും കവിതകളുമെല്ലാം ഹൃദയത്തോട് ചേർന്ന് നിന്നിട്ടുണ്ടെങ്കിലും  എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളായി ഇവ രണ്ടും തന്നെ പട്ടികയിൽ മുന്നിലുണ്ട്.  

വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസിൽ ചെയ്തിരുന്ന മണിടൈം എന്ന  വാരാന്ത്യ ബിസ്നസ് പരിപാടി കണ്ട് ആരാധികയായ മുത്തശ്ശിയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടും  ആയിരം കണ്ണുമായി ആയിരുന്നു. തലശ്ശേരി മുഴുപ്പിലങ്ങാടി സ്വദേശിനിയായ മുത്തശ്ശിയുടെ കൊച്ചുമകൾ ആ പാട്ട് പലകുറി എനിക്കും മൂത്തശ്ശിക്കും വേണ്ടി പാടി തന്നിട്ടുണ്ട്. മക്കളെല്ലാം രാജ്യത്തിന് പുറത്തുള്ള ആ മുത്തശ്ശി, വഴിക്കണ്ണുമായി മക്കളും കൊച്ചുമക്കളുമെല്ലാം അവധിക്ക് നാട്ടിൽ വരുന്നതും കാത്തിരിക്കുകയായിരുന്നു. അതായിരിക്കണം  ആ പാട്ട് അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നായിമാറിയതിന് പിന്നിൽ. കൊച്ചുമകൾ മാത്രമായിരുന്നു ആ മുത്തശ്ശിക്ക് കൂട്ട്. ഇന്നേവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയതും പ്രിയപ്പെട്ടതുമായ ആരാധികയാണ് ആ മുത്തശ്ശി. പലകുറി ആഗ്രഹിച്ചെങ്കിലും നേരിൽ കാണാൻ ഭാഗ്യമുണ്ടായില്ല.  

ആ പാട്ടിൻറെ സിനിമയിലെ കഥയുമായുള്ള ബന്ധമെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു. ഒരമ്മയുടെ മകൾക്കായുള്ള കാത്തിരിപ്പ് മാറി പ്രണയത്തിൻറെ കാത്തിരിപ്പ് മാത്രമായി പുതിയ കാലത്തിൽ ആ പാട്ട് ചുരക്കപ്പെട്ടിരിക്കുന്നു. എന്നാലും ഇമ്പമൂറുന്ന ഗൃഹാതുരത്വമാണ് എന്നുമെനിക്കാ ആ പാട്ട്. ആ പാട്ടിപ്പോൾ വീണ്ടും ചുണ്ടിൽ തത്തിക്കളിക്കുന്നു. ഓർമകളുടെ മരചില്ലകൾ വീണ്ടും കുലുക്കി, ഇലകൾ ഒന്നൊന്നായി കൊഴിച്ച്... 




Comments

Post a Comment