പ്രൊഫസർ എംകെ പ്രസാദ്.
ആ പേര് ആദ്യം ശ്രദ്ധയിൽപ്പെടുന്നത് സൈലൻറ് വാലി സമരത്തെ കുറിച്ചുള്ള ലേഖനങ്ങളിലാണ്. പിന്നെ പലപ്പോഴും പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്നത് വാർത്തകളിൽ കണ്ടു. ആതെല്ലാം വാർത്തകളിൽ മാത്രം ഒതുങ്ങി നിന്ന പരിചയം. പക്ഷെ പിന്നീട് 2003 ഓടെ ശാസ്ത്ര സാഹിത്യ പരിഷത്തിൻറെ പ്രവർത്തനങ്ങളിൽ സജീവമായതോടെയാണ് പ്രസാദ് മാഷെ കുറിച്ച് കൂടുതലായി കേൾക്കാൻ തുടങ്ങിയത്. പരിഷത്ത് ഇറക്കുന്ന പരിസ്ഥിതി സംബന്ധിയായ പുതിയ പുസ്തകത്തിൻറെ എഡിറ്റർ പ്രസാദ് മാഷാണ് എന്ന് പരിഷത്ത് അംഗങ്ങൾ ആവേശത്തോടെ പറയുന്നത് പലകുറി കേട്ടു. ഒപ്പം പരിഷത്തിൻറെ മുൻ പ്രസിഡൻറ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളെ കുറിച്ച്, മാഷ് എഴുതിയ പുസ്തകങ്ങളെ കുറിച്ചെല്ലാം സ്ഥിരമായി കേൾക്കാൻ തുടങ്ങി. അതോടെ പ്രസാദ് മാഷിനെ നേരിൽ കാണണമെന്ന ആഗ്രഹം തോന്നിതുടങ്ങി. ആർ വി ജി മേനോൻ പലകുറി നേരിൽ കണ്ടിട്ടും പക്ഷെ പ്രസാദ് മാഷെ കാണാൻ പിന്നെയുംകാത്തിരിക്കേണ്ടിവന്നു.
പരിഷത്തിൻറെ മലപ്പുറം ജില്ലാ സമ്മേളനത്തിൽ വെച്ചാണ് എന്ന് തോന്നുന്നു പ്രസാദ് മാഷെ ആദ്യമായി കാണുന്നത്. പരിസ്ഥിതിയെ കുറിച്ച് മാഷ് നടത്തിയ പ്രസംഗം വളരെ ആവേശത്തോടെയാണ് അന്ന് കേട്ടിരുന്നത്. പിന്നെ ഇടവേളയിൽ മാഷുമായി സംസാരിച്ചു. ഈ ഭൂമി നമ്മുടേതല്ല, വരും തലമുറയിൽ നിന്ന് നാം കടം കൊണ്ടതാണെന്ന് മാഷ് അന്ന് പറഞ്ഞത് പിന്നീട് മനസിൽ പതിഞ്ഞുകിടന്നു. പരിസ്ഥിതിയെ കൂടുതൽ അറിയാൻ, ഭൂമിയെ സ്നേഹിക്കാൻ പഠിപ്പിച്ചത് പരിഷത്താണ്. പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് പഠിപ്പിച്ചതിൽ മുന്നിൽ പ്രസാദ് മാഷുണ്ട്.
മാധ്യമപ്രവർത്തനത്തിനിടെ പലപ്പോഴും പരിസ്ഥിതി സംബന്ധിയായ വാർത്തകൾക്ക് വേണ്ടി മാഷെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ആദ്യകൂടിക്കാഴ്ച്ചയ്ക്ക് ശേഷം വർഷങ്ങൾ ഏറെ കഴിഞ്ഞാണ് പ്രസാദ് മാഷെ വീണ്ടും നേരിൽ കാണുന്നത്. കൊച്ചിയിൽ കായൽ കയ്യേറ്റമടക്കമുള്ളവയ്ക്കെതിരെ വാർത്തകൾ ചെയ്യുമ്പോൾ വിവരങ്ങൾക്കായും പ്രതികരണങ്ങൾക്കായും പലകുറി മാഷെ പോയി കണ്ടു. പരിഷത്ത് പ്രവർത്തകനെന്ന സ്നേഹം എപ്പോഴും മാഷിന് ഉണ്ടായിരുന്നു. കൂടിക്കാഴ്ച്ചകൾക്കിടെ സൈലൻറ് വാലി സമരകാലത്തെ കുറിച്ചും പരിഷത്ത് കാലത്തെ കുറിച്ചുമെല്ലാം മാഷ് സംസാരിക്കും. പുതിയ പുസ്തകങ്ങളെ കുറിച്ചും പരിസ്ഥിതിയെ കുറിച്ച് പുറത്തുവന്ന പുതിയ പഠനങ്ങളെ കുറിച്ച് എല്ലാം ദീർഘമായി സംസാരിക്കും. പുതിയ വാർത്തകളിലേക്കുള്ള വാതായനങ്ങളായിരുന്നു മാഷുമായുള്ള ഓരോ സംസാരവും. കൊച്ചിയിലെ മാഷുടെ വീട് നിൽക്കുന്ന ഗിരി നഗറിൻറെ കഥയും തൊട്ടരികിലൂടെ കറുത്ത് ഒഴുകുന്ന കോച്ചാപ്പിള്ളി തോടിൻറെ പഴയ സ്ഥിതിയും ഇപ്പോഴത്തെ ശോചനീയാവസ്ഥയുമെല്ലാം സംസാരവിഷയമാകും.
ചെന്നൈയിലെ വെള്ളപ്പൊക്കത്തിൻറെ പശ്ചാത്തലത്തിൽ കൊച്ചിയുടെ അവസ്ഥയെന്തായിരിക്കുമെന്നത് സംബന്ധിച്ച് മീഡിയ വണ്ണിൽ ഒരു പരമ്പര ചെയ്യുമ്പോളാണ് മാഷെ അവസാനമായി ഔദ്യോഗികമായി കണ്ടത്. അന്ന് കൊച്ചിയെന്ന പഴയ ചതുപ്പ് നിലം എങ്ങനെയാണ് ഇന്നത്തെ നഗരമായി മാറിയതെന്ന് വളരെ വിശദമായി തന്നെ മാഷ് സംസാരിച്ചു. എന്തുകൊണ്ടാണ് നമ്മുടെ നഗരങ്ങളുടെ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പരിഷത്തടക്കമുള്ള ആരും തയ്യാറാക്കാതിരുന്നത് എന്ന് ഞാൻ സംശയമുന്നയിച്ചു. എന്നാൽ പതിറ്റാണ്ടുകൾ മുമ്പ് തന്നെ മാഷിൻറെ നേതൃത്വത്തിൽ അത്തരമൊരു പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചതാണെന്ന വസ്തുത മാഷ് പറഞ്ഞുതന്നു. അതിൻറെ ഒരു കോപ്പി അധികൃതർക്ക് സമർപ്പിച്ചതിൻ മേൽ പതിവുപോലെ നടപടിയുണ്ടായില്ലെന്നും ഉണ്ടായിരുന്നെങ്കിൽ കൊച്ചിയിൽ കയ്യേറ്റമൊന്നും ഉണ്ടാകില്ലായിരുന്നുവെന്നും മാഷ് നിരാശയോടെ പറഞ്ഞു. ആ റിപ്പോർട്ടിൻറെ കോപ്പി കിട്ടാൻ വഴിയുണ്ടോയെന്ന ചോദ്യത്തിന് പരിഷത്തിൻറെ ഓഫീസിൽ അതുണ്ടെന്നും വേണമെങ്കിൽ നിനക്ക് അത് എടുത്തുതരാമെന്നും മാഷേറ്റു. അതിൽ വാർത്തയുടെ വലിയഖനിയാകുമെന്ന് എനിക്കുറപ്പായിരുന്നു. അപ്പോൾ തന്നെ പരിഷത്തിൻറെ എറണാകുളം സെക്രട്ടറിയെ വിളിച്ച് കാര്യം മാഷ് സംസാരിക്കുകയും ചെയ്തു. എന്നിട്ട് സൌകര്യംപോലെ നമുക്ക് ഒരു ദിവസം പോയി എടുക്കാമെന്ന് മാഷ് സമ്മതിക്കുകയും ചെയ്തു. കൊച്ചിയിലെ ശേഷിക്കുന്ന തണ്ണീർ തടങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ വലിയ പ്രളയത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന മാഷുടെ മുന്നറിയിപ്പോടെയാണ് അന്ന് ആ വാർത്താ പരമ്പര അവസാനിപ്പിച്ചത്. രണ്ട് വർഷങ്ങൾക്ക് ശേഷം കേരളത്തെ മഹാപ്രളയം വിഴുങ്ങിയപ്പോൾ മാഷ് അന്ന് നൽകിയ മുന്നറിയിപ്പ് ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുകയായിരുന്നു. അധികം വൈകാതെ ഞാൻ ഡൽഹിക്ക് സ്ഥലംമാറ്റമായതോടെ മാഷുമായി പോയി കൊച്ചിയുടെ മാസ്റ്റർപ്ലാൻ പോയി എടുക്കാൻ സാധിച്ചില്ല. പിന്നീട് തിരികെ വന്നശേഷം ഒന്നുരണ്ട് തവണ മാഷെ വീട്ടിൽ പോയി കണ്ടിരുന്നു. രണ്ടാഴ്ച്ച മുമ്പ് ഗിരിനഗർ വഴി പോയപ്പോൾ മാഷെ കയറി കാണണമെന്ന് വിചിരിച്ചിരുന്നുവെങ്കിലും നടന്നില്ല.
മരങ്ങളേയും പുഴകളേയും നീർച്ചാലുകളേയും തണ്ണീർത്തടങ്ങളേയുമെല്ലാം സ്നേഹിച്ച മാഷ്, ഭൂമിയെ സ്നേഹിക്കാൻ, പ്രകൃതിയെ സംരക്ഷിക്കാൻ ഏവരേയും പ്രേരിപ്പിച്ച മാഷ് അവസാനനിമിഷം വരേയും നിലകൊണ്ടതും പരിസ്ഥിതിയെ സംരക്ഷിക്കാനാണ്. രാഷ്ട്രീയമോ മറ്റ് പ്രതിസന്ധികളോ പരിസ്ഥിതിക്കായുള്ള നിലപാടിൽ നിന്ന് മാഷെ പിൻതിരിപ്പിച്ചിട്ടില്ല. കെ റെയിലിനെതിരെയുള്ള നിവേദനത്തിൽ ഒപ്പിട്ടശേഷമാണ് മാഷ് വിടവാങ്ങിയത്.
പരിസ്ഥിതിയെ, ജിവജാലങ്ങളെ, കുടിനീരിനെ, മണ്ണിനെ എന്നും അളവറ്റ് സ്നേഹിച്ച ആ പഴയ ബോട്ടണി അധ്യാപകന് പ്രണാമം. വരാനിരിക്കുന്ന തലമുറകളിൽ നിന്ന് നാം കടംകൊണ്ട ഈ ഭൂമിയെ സംരക്ഷിക്കാൻ ഈ തലമുറയ്ക്കും വരും തലമുറയ്ക്കും മാഷ് ഇവിടെ അക്ഷരങ്ങളായും ശബ്ദമായും അവശേഷിപ്പിച്ച് പോയ പാഠങ്ങൾ കരുത്താകട്ടെ..
No comments:
Post a Comment