Search This Blog

Showing posts with label പട്ടിണി. Show all posts
Showing posts with label പട്ടിണി. Show all posts

Tuesday, 1 February 2022

ഡിജിറ്റൽ ബജറ്റ്

ചെംപട്ടിനുള്ളിൽ
പദ്ധതികളുണ്ട്
പാലങ്ങൾക്ക്,
പാതകൾക്ക്,
പണക്കാർക്ക്.

വിഹിതമുണ്ട്
തോക്കിന്,
വിമാനത്തിന്,
നികുതിയിളവിന്.

പക്ഷെ,
അറിവില്ല,
ആരോഗ്യമില്ല,
അന്നമില്ല,
തൊഴിലില്ല.

ആരോഗ്യമില്ലെങ്കിൽ
എങ്ങനെ 
പാലത്തിലും 
പാതയിലും 
സഞ്ചരിക്കാനാളുണ്ടാവും?
തൊഴിലില്ലാതെ
എങ്ങനെ 
പെട്രോളടിക്കും?
നികുതിയടക്കും?

'കോരന് കുമ്പിളിലെങ്കിലും...'
എന്ന് ചോദിക്കേണ്ടതില്ല
കാരണം,
കോരന് 
അഭിമാനിക്കാനുള്ളതുമുണ്ട്. 
വരാനിരിക്കുന്നത്
ക്രിപ്റ്റോയുടെ നാളുകളാണ്.
ഡ്രോണുകൾ പറന്ന് പറന്ന്
വിലയില്ലാത്ത വിളകൾ  കൊയ്യും.
വന്ദേമാതരം
തീവണ്ടികൾ 
കൂകിയാർത്ത് ഓടും...!

മെൻറൽ ഹെൽത്ത് ക്ലിനിക്ക് 
വരുന്നതാണ് 
വലിയ ആശ്വാസം !!! 

Monday, 31 January 2022

വളർച്ച

ഒന്നാമൻ:

വളർച്ചയിലാണ്

ബില്ല്യണിൽ നിന്ന്

ട്രില്ല്യണിലേക്ക്.

ലക്ഷ്യം

ട്രില്ല്യണുമപ്പുറത്ത്

എന്തെങ്കിലുമുണ്ടെങ്കിലത്.


രണ്ടാമൻ:

വിളർച്ചയിലാണ്

ഗാന്ധിനോട്ടിൽ നിന്ന് 

നാണയതുട്ടുകളിലേക്ക്.

പോക്കറ്റ് മാത്രമല്ല

ആരോഗ്യവും.

ലക്ഷ്യം

പണിയെടുത്ത്

പട്ടിണിമാറ്റലും

തലചായ്ക്കാനിടവും.


മൂന്നാമൻ:

വളരുന്നുണ്ട്

തൊലിക്കട്ടിയും

നാക്കും.

കീറിയ ഖദർ

വിദേശ ബ്രാൻറിലേക്കും 

ലക്ഷ്യം

അധികാരം,

കസേര,

പണം,

പ്രശസ്തി


ഒന്നാമന് വേണ്ടത്

മൂന്നാമനെ.

മൂന്നാമന്

ഒന്നാമനേയും

രണ്ടാമനേയും  വേണം.

ഒന്നാമൻ

പണം കറക്കും,

രണ്ടാമൻ വോട്ടും.

രണ്ടാമന് 

അപ്പോഴും വേണ്ടത്

ഒന്നുതന്നെ

പട്ടിണികിടക്കാതിരിക്കാൻ

തൊഴിലും

അന്തിയുറങ്ങാൻ

ഒരുതുണ്ട് ഭൂമിയും.


വിപണിയിൽ

അപ്പോഴും

കാളയും കരടിയും

ചുവപ്പും പച്ചയും

കളി തുടരുന്നു.






Monday, 19 October 2020

ഇന്ത്യക്ക് വിശക്കുന്നു, ലോകത്തിനും...

ലോകത്ത് പട്ടിണിയുള്ള രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അയർലൻറ് ആസ്ഥാനമായ കൺസേൺ വേൾഡ് വൈഡും ജർമനിയിലെ വെൽത്തങ്കർ ലൈഫും ചേർന്നാണ് ലോകരാജ്യങ്ങളിലെ ഹങ്കർ ഇൻഡക്സ് 2020 ( പട്ടിണി സൂചിക ) പുറത്തിറക്കിയത്. ഇത്തവണ 107 രാജ്യങ്ങളാണ് പഠനവിധേയമാക്കിയത്. ഇവയിൽ 94 ാം സ്ഥനത്താണ് ഏഷ്യയിലെ വൻസാമ്പത്തികശക്തികളിലൊന്നായ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം. 

പ്രധാനമായും നാല് കാര്യങ്ങളാണ് ലോക പട്ടിണി സൂചിക തയ്യാറാക്കാൻ പരിഗണിക്കുന്നത്. 

1. ജനസംഖ്യയിലെ എത്രപേർക്ക് ആവശ്യത്തിനുള്ള കലോറിയിലുള്ള ഭക്ഷണം ലഭിക്കുന്നു

2. 5 വയസിൽ താഴെയുള്ള കുട്ടികളിൽ പോഷകാഹാരകുറവ് മൂലമുള്ള ഭാരകുറവ്

3. 5 വയസിനുതാഴെയുള്ള കുട്ടികളിൽ പോഷകാഹാരകുറവ് മൂലമുള്ള വളർച്ചമുരടിപ്പ്.  

4. പോഷകാഹാരകുറവും അനാരോഗ്യകരമായ പരിസ്ഥിതിയും മൂലം 5 വയസിന് താഴെയുള്ള കുട്ടികളിലെ മരണനിരക്ക്


ഇവയെ അടിസ്ഥാനപ്പെടുത്തി 100 പോയന്റിന്റെ സ്കെയിലിൽ മൂല്യം നിർണയിച്ചാണ് ലോകത്തെ പട്ടിണിരാഷ്ട്രങ്ങളെ കണ്ടെത്തുന്നത്. അതായത് ആ രാജ്യത്തെ കുട്ടികളുടെ ആരോഗ്യസ്ഥിതിതന്നെയാണ് രാജ്യത്തിന്റെ ആരോഗ്യവും നിർണയിക്കുന്നതെന്നർത്ഥം. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇത് നാലാമത്തെ തവണയാണ് പട്ടിണി സൂചിക തയ്യാറാക്കുന്നത്. ഇതിനുമുമ്പ് 2000, 2006,2012 എന്നീവർഷങ്ങളിലാണ് സൂചിക പ്രസിദ്ധീകരിച്ചത്. 

2020 ലെ കണ്ടത്തലുകൾ ഇപ്രകാരമാണ്. 


ലോകമാകെ 690 ദശലക്ഷം പേരാണ് പോഷകാഹാരകുറവ് മൂലം ദുരിതമനുഭവിക്കുന്നത്. 144 ദശലക്ഷം കുഞ്ഞുങ്ങൾ വളർച്ചാമുരടിപ്പിനും 470 ലക്ഷം കുട്ടികൾ പോഷകാഹാരം ലഭിക്കാത്തതിനാല് ഭാരകുറവുമൂലവും ദുരിതം അനുഭവിക്കുന്നവരാണ്. 2018 ൽ മാത്രം പോഷകാഹാരം ലഭിക്കാത്തതിനെ തുടർന്ന് ലോകത്ത് മരിച്ച 5 വയസില് താഴെയുള്ള കുട്ടികളുടെ എണ്ണം 53 ലക്ഷം ആണ്.

2030 ഓടെ ലോകത്തെ പട്ടിണിഏറ്റവും കുറഞ്ഞ അളവിലെത്തിക്കാനാണ് ഐക്യരാഷ്ട്രസഭയടക്കമുള്ളവരുടെ ശ്രമങ്ങൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ലക്ഷ്യം കൈവരിക്കാനാവില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2030 എത്തുമ്പോളും രാജ്യത്തെ 37 രാജ്യങ്ങൾക്ക് കുറഞ്ഞപട്ടിണി നിരക്കുള്ള രാജ്യമെന്ന മാനദണ്ഡം പോലും കൈവരിക്കാനാവില്ലെന്നാണ് വിലയിരുത്തൽ 

തെക്കൻ ആഫ്രിക്കൻ രാഷ്ട്രങ്ങളിലും തെക്കനേഷ്യൻ രാജ്യങ്ങളിലുമാണ് പട്ടിണി ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഏറ്റവും അപകടകരമായ രീതിയിൽ പട്ടിണി നിലനില്ക്കുന്ന 11 രാഷ്ട്രങ്ങളാണ് സൂചികയിലുള്ളത്. ഛാദ്, ടിമോർ ലെസ്റ്റെ, മഡഗാസ്ഗർ, കോങ്കോ, സൊമാലിയ എന്നിവയ്ക്കൊപ്പം ആഭ്യന്തരയുദ്ധം നാശം

Countries having hunger at alarming level

വിതച്ച സൌത്ത് സുഡാനിലും യെമനിലും പട്ടിണി ഏറ്റവും മോശം അവസ്ഥയിലാണ്. ആഭ്യന്തരകലാപവും അനശ്ഛിതത്വവും സർക്കാരിന്റെ കെടുകാര്യസ്ഥതയുമെല്ലാം പട്ടിണിക്ക് വഴിവെക്കുന്നുണ്ട്. 

ലോകത്തെ ഗ്രസിച്ച കൊവിഡ് എന്നമഹാമാരി വിതച്ച ദുരിതം കണക്ക് കൂട്ടാതെയാണ് ഇത്തവണത്തെ പട്ടിണി സൂചിക തയ്യാറാക്കിയിരിക്കുന്നത്. കൊവിഡിന്റ ആഘാതം കൂടിചേരുമ്പോൾ ലോകത്തെ പട്ടിണിയുടെ തോത് ഇതിന്റെ പലമടങ്ങാകുമെന്നത് തീർച്ച. 

ഇന്ത്യയുടെ കാര്യമെടുത്താൽ കഴിഞ്ഞ മൂന്ന് സൂചികകളേയും താരതമ്യപ്പെടുത്തുമ്പോൾ നിലമെച്ചപ്പെട്ടതായി കാണാം. എന്നിരുന്നാലും ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തികളിലൊന്നായ ഇന്ത്യക്ക് ഒട്ടും അഭിമാനിക്കാവുന്നതല്ല സ്ഥിതി. കാരണം ഇന്ത്യയുടെ അയൽ

രാജ്യങ്ങളായ, സാമ്പത്തിക നിലയിൽ ഇന്ത്യയുടെ ഏഴര അയലത്ത് പോലും എത്താത്ത എല്ലാരാജ്യങ്ങളും സൂചികയിൽ ഇന്ത്യയേക്കാൾ എത്രയോ മുന്നിലാണ്. അഫ്ഗാനിസ്ഥാൻ മാത്രമാണ് സൂചികയിൽ ഇന്ത്യക്ക് പിന്നിലുള്ളത്. ( അഫ്ഗാനിസ്ഥാനെ പിറകോട്ട് വലിക്കുന്ന ഘടകം അവിടെ താലിബാന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകലാപം തന്നെയാണ് ) . ഇന്ത്യയുടെ ഏറ്റവും അടുത്ത് കിടക്കുന്ന, വികസനപരമായി വലിയ സാധ്യതകളില്ലാത്ത നേപ്പാളിന്റെ സ്ഥാനം സൂചികയിൽ 73 ഉം

ശ്രീലങ്കയുടേത് 64 ഉം ആണ്. ബംഗ്ലാദേശാകട്ടെ 75 ആം സ്ഥാനത്തുമാണ്. ഇന്ത്യയുടെ ബദ്ധശ്രത്രുവായ, എന്തിനും ഏതിനും നാം കളിയാക്കുന്ന പാക്കിസ്ഥാൻ പോലും ഇന്ത്യയേക്കാൾ പട്ടിണി സൂചികയിൽ ഏറെ മുന്നിലാണ്. 88 ആമതാണ് പാക്കിസ്ഥാന്റെ സ്ഥാനം. 

ഇന്ത്യ വികസനത്തിന്റെ പാതയിലാണ് എന്നതിൽ തർക്കമില്ല. മികച്ച അടിസ്ഥാന സൌകര്യവികസനം, സൈനികായുദ്ധങ്ങൾ വാങ്ങുന്നതിലും വിദേശനിക്ഷേപം എല്ലാമേഖയിലേക്കും ആകർഷിക്കുന്നതിലുമെല്ലാം അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത് എന്നകാര്യത്തിൽ സംശയമില്ല. അമേരിക്കയും ഇസ്രയേലും ഫ്രാൻസും റഷ്യയും പോലുള്ള ശക്തരായ വികസിത രാഷ്ട്രങ്ങളുമായാണ് ഇന്ത്യയുടെ വാണീജ്യബന്ധങ്ങളും. എന്നാൽ രാജ്യത്തിന്റെ ഈ വികസനങ്ങളുടെ ഫലം എല്ലാവരിലേക്കും എത്തുന്നില്ല എന്നതാണ് പട്ടിണി സൂചികയിലെ അവസാന സ്ഥാനക്കാരാവുമ്പോൾ തെളിയിക്കപ്പെടുന്നത്. രാജ്യത്തെ പട്ടിണികോലങ്ങളുടെ എണ്ണം അനുദിനം വർദ്ധിക്കുകയും പണക്കാരുടെ കീശ അനുദിനം വലുതാവുകയും ചെയ്യുന്നുവെന്നത് തന്നെയാണ് രാജ്യത്തിന്റെ വികസനത്തിലെ പാളിച്ച. 5 ട്രില്ല്യൺ സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ഓട്ടത്തിലാണ് ഇന്ത്യൻ സർക്കാർ. അത് പ്രതിരോധമേഖലയിലടക്കം വിദേശ നിക്ഷേപം ആകർഷിച്ചും കൃഷിയടക്കം സ്വകാര്യവത്ക്കരിച്ചും പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചും രാജ്യത്തിന്റെ ജിഡിപി കൂട്ടുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് സാധാരണക്കാരന് എന്ത് ഗുണം എന്നവിമർശനം ഒരുവശത്ത് നിൽക്കുന്നുമുണ്ട് . അതേസമയം ഇന്ത്യയുടെ അത്രതന്നെ വളർച്ച കൈവരിച്ചിട്ടില്ലാത്ത, അടുത്ത 5 ദശകത്തിൽ പോലും ഇന്ത്യയുടെ പകുതി വളർച്ച കൈവരിക്കാനിടയില്ലാത്ത മ്യാന്മറും നേപ്പാളും ബംഗ്ലാദേശുമെല്ലാം പട്ടിണിയില്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് വികസന

The countries with less hunger index

പദ്ധതികളിൽ ഉൾപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹ്യസുരക്ഷ, എന്നീ അടിസ്ഥാനമേഖലകളിലാണ് ഈ രാജ്യങ്ങളെല്ലാം കൂടുതലായി നിക്ഷേപം ഇറക്കുന്നത്. അതായത്, സർക്കാർ നേരിട്ട് തന്നെ അവിടത്തെ ജനങ്ങൾക്ക് സാമൂഹികവും ആരോഗ്യകരവുമായ ഒരു ജിവിതം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് പട്ടിണി സൂചികയിൽ കാണുന്നത്. ആ രാജ്യങ്ങളിൽ പോഷകാഹാരകുറവ് മൂലം പട്ടിണിയോ മരണമോ ഇല്ലാതാക്കാനോ ഗണ്യമായി കുറയ്ക്കാനോ ആ ചെറുരാജ്യങ്ങൾക്കെല്ലാം സാധിച്ചുവെന്നത് തന്നെയാണ് അടിസ്ഥാനപരമായി ഒരു സർക്കാരിന്റെ വിജയമായി കാണേണ്ടത്. 2000 ത്തിലെ സൂചിക പ്രകാരം നേപ്പാളിലെ പട്ടിണിയെന്നത് അതിഭീകരമായിരുന്നു. പട്ടികയിൽ ഏറ്റവും പിന്നിലായിരുന്ന നേപ്പാൾ രണ്ട് പതിറ്റാണ്ടിനിപ്പുറം തൊട്ടടുത്തുള്ള വലിയ രാജ്യത്തേക്കാൾ ഏറെമുന്നിലെത്തിയത് കുട്ടികളിലെ പോഷകാഹാരകുറവും മറ്റും ഇല്ലാതാക്കാനായി പദ്ധതികൾ ആസൂത്രണം ചെയ്ത് ആത്മാർത്ഥമായി പ്രവർത്തിക്കുകയും അത് വിജയകരമായി നടപ്പാക്കുകയും ചെയ്തത് കൊണ്ടാണ്. 

പട്ടിണി നിർമാർജനമെന്നത് വെറും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിപോകുന്നുവെന്നതാണ് നമ്മുടെ വലിയ പ്രതിസന്ധി. നയങ്ങളും പദ്ധതികളും വെറും പ്രഖ്യാപനത്തിലും പ്രവർത്തി അതിന് ഘടകവിരുദ്ധവുമാകുന്നുവെന്നതാണ് വസ്തുത. രാജ്യത്ത് തൊഴിലെടുക്കുന്നവര്ക്ക് മിനിമം കൂലി എന്ന നിയമം 2019 ഓഗസ്റ്റിലാണ് കേന്ദ്രം പാസാക്കിയത്. എന്നാലിന്നും നമ്മുടെ രാജ്യത്തെ തൊഴിലാളിക്ക് മിനിമം കൂലിയെന്നത് വിദൂരസ്പനമായി തന്നെ അവശേഷിക്കുകയാണ്. അതിനിടെ രാജ്യത്ത് നടപ്പാക്കിയ പുതിയ തെഴിൽ നിയമങ്ങളും കാർഷിക നിയമങ്ങളുമെല്ലാം തൊഴിൽ സുരക്ഷ എന്നത് ഇല്ലാതാക്കി മാറ്റുകയും ചെയ്തു. ഇതിലൂടെ രാജ്യത്തെ ഒരുവിഭാഗം സമ്പന്നർക്ക് മാത്രമാണ് ഗുണം ലഭിക്കുക. അതിനാൽ തന്നെ താഴെകിടയിലെ പട്ടിണിയും പോഷാകഹാരകുറവ് മൂലമുള്ള ദുരിതങ്ങളും മാറ്റമില്ലാതെ തുടരുകയും ചെയ്യും. 

അപ്പോൾ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ, അവ നടപ്പിലാക്കുമ്പോൾ സമൂഹത്തിലെ ഏറ്റവും താഴെകിടയിലെ ദരിദ്രനെപോലും മനസിൽ ഓർത്താൽ നമുക്കും പട്ടിണിയെന്നതും പട്ടിണിമരണവുമെല്ലാം ഇല്ലാതാക്കാനാവും. നേപ്പാളിന് കഴിയുമെങ്കിൽ തീർച്ചയായും ഇന്ത്യക്കും സാധിക്കും.


Friday, 9 October 2020

ഭക്ഷണം സമാധാനത്തിന്, നോബല് ഭക്ഷണത്തിന്

ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ദാരിദ്ര്യമാണ്. പട്ടിണിമൂലം മരണമടയുന്നവര്, പോഷകാഹാരം ലഭിക്കാതെ അസുഖങ്ങള് ബാധിച്ച് മരിച്ച് ജീവിക്കുന്നവര്, കിടക്കാന് റോഡരികിലെ കടത്തിണ്ണകളും മേല്പാലങ്ങളുടെ ചുവടുമെല്ലാം തിരഞ്ഞെടുക്കാന് വിധിക്കപ്പെട്ടവര്...


ഇവരില് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ കരഞ്ഞുകഴിയുന്നവരുടെ അവസ്ഥയാണ് അതിദയനീയം. ലോകം 21 ആം നൂറ്റാണ്ടിലെത്തിയിട്ടും സര്ക്കാരുകള് മാറിമാറി ഭരിച്ചിട്ടും പലരാജ്യങ്ങളിലും പട്ടിണി മാത്രം മാറിയില്ല. ആഗോളവത്ക്കരണത്തിന്റെ കാലത്ത് മാറിയ ലോകക്രമത്തില് സമ്പന്നര് അതിസമ്പന്നരായി വളര്ന്നപ്പോഴും താഴേതട്ടിലെ ദാരിദ്ര്യം കൂടുതല് വര്ദ്ധിക്കുകയായിരുന്നു.

കൊവിഡ് കാലത്ത് ലോക്ഡൌണുകള് വന്നപ്പോള് ഭക്ഷണത്തിന് എന്തുചെയ്യുമെന്നോര്ത്ത് വലഞ്ഞ ആയിരങ്ങളുടെ കഥ നമ്മുടെ സ്വന്തം രാജ്യത്ത് നിന്നും നമ്മള് കേട്ടതാണ്. ഇതിനുപുറമെയാണ് പട്ടിണി മൂലം മരിച്ച ഝാര്ഖണ്ഡിലെ സന്തോഷ്കുമാരിയുടേയും പോഷകാഹാരങ്ങള് ലഭിക്കാതെ മരിച്ച അട്ടപാടിയിലെ കുഞ്ഞുങ്ങളുടേയുമെല്ലാം വാര്ത്തകള്.

അതിനാല് തന്നെ പട്ടിണിയെന്നത് ഇന്നും നമുക്ക് ചുറ്റിലും യാഥാര്ത്ഥ്യമായി തന്നെ അവശേഷിക്കുന്ന ഒന്നാണ്.

പട്ടിണിയെന്നത് വെറും വ്യക്തിപരമായ സാമ്പത്തിക പ്രശ്നം അല്ല. സാമൂഹികവുമായ പ്രശ്നമാണ്. പലരാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്കും ജനം പട്ടിണിയിലേക്കും വീണതിന് പിന്നില് ആ രാജ്യത്തെ സര്ക്കാരുകളുടെ വികലമായ നയങ്ങള് മാത്രമല്ല കാരണം. മറിച്ച് അവിടങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളും ആഭ്യന്തരകലാപങ്ങളും  അധികാരവും കുത്തകവത്ക്കരണവും ലക്ഷ്യമിട്ട് ലോക സാമ്പത്തിക ശക്തികള് നടപ്പാക്കിയ ഇടപെടലുകളും കാരണമാണ്. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള് വിളകള് നശിപ്പിച്ചതും വരള്ച്ചയും പ്രളയവുമെല്ലാം വന്നതും ഉത്പാദനത്തേയും അതിലൂടെ ദാരിദ്ര്യത്തിനും വഴിവെച്ചു.  

അതിനാല് തന്നെ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഇത് ഇല്ലാതാക്കുക എന്നത് തന്നെയാണ്. അതുകൊണ്ടാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല് സമ്മാനത്തിന്റെ പ്രഖ്യാപനം ലോകം സന്തോഷത്തോടെ നെഞ്ചേറ്റുന്നതും.

പട്ടിണിയെ ഇല്ലാതാക്കുക എന്നതും വലിയ സമാധാനശ്രമം ആണെന്ന നോബല് സമ്മാനദാതാക്കളുടെ കണ്ടെത്തലിനെ എത്ര പ്രകീര്ത്തിച്ചാലും മതിവരില്ല. ലോകത്തെ പട്ടിണിയില് കഴിയുന്നവരുടെ എണ്ണം ഈ


മഹാമാരിക്കാലത്ത് വളരെയധികം വര്ദ്ധിച്ചു. അവരെ പട്ടിണിയുടെ വക്കില് നിന്ന് കരകയറ്റാന് വേള്ഡ് ഫുഡ് പ്രോഗ്രാം നടത്തിയ പ്രവര്ത്തനത്തേക്കാള് വലിയ സമാധാനശ്രമം ലോകത്ത് വേറെ ഇപ്പോള് ഇല്ലെന്നാണ് സമ്മാനം നിര്ണയിക്കുന്ന നോര്വീജിയന് ഏജന്സി നിരീക്ഷിച്ചത്.  

ആഭ്യന്തരകലാപവും യുദ്ധവും കെടുതിവിരിച്ച രാഷ്ട്രങ്ങളില് പട്ടിണിക്കാരുടെ എണ്ണം കൊവിഡ് കൂടി ആയതോടെ വലിയതോതിലാണ്കൂടിയത്. ലോക്ഡൌണ് കാലത്ത് ഉണ്ടായിരുന്ന ചെറിയ ജോലി കൂടി ഇല്ലാതായതോടെ പലരും ഒരു നേരത്തെ അന്നത്തിനുപോലും ഗതിയില്ലാതെ വലഞ്ഞു. കൊവിഡ് വന്നശേഷം ലോകവ്യാപകമായി പട്ടിണിയുടെ വക്കിലെത്തിയവരുടെ എണ്ണം 265 ദശലക്ഷമായി ഉയര്ന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേള്ഡ് ഫുഡ് പ്രോഗ്രാമിന്റെ തന്നെ കണക്കുകള് വ്യക്തമാക്കുന്നത്. പോഷകാഹാരകുറവിനെ തുടര്ന്ന് ജീവന് തന്നെ നഷ്ടപ്പെടാവുന്ന തരത്തില് ശരീരം ശോഷിച്ച് കഴിയുന്ന 5 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം 14 ശതമാനം വര്ദ്ധിച്ച് ഈ വര്ഷത്തോടെ 70 ലക്ഷമായി ഉയരുമെന്നാണ് മെഡിക്കല് ജേണലായ ദ ലാന്സെറ്റ് റിപ്പോര്ട്ട് ചെയ്തത്. ലോകത്തെ പട്ടിണികോലങ്ങളില് ഭൂരിഭാഗവും ആഫ്രിക്കയിലും തെക്കന് ഏഷ്യന് രാജ്യങ്ങളിലുമാണ്. കഴിഞ്ഞവര്ഷം 88 രാജ്യങ്ങളിലായി 100 ദശലക്ഷത്തിലേറെ പേര്ക്കാണ് WFP ഭക്ഷണമെത്തിച്ചത്.

1961 ലാണ് വേള്ഡ് ഫുഡ് പ്രോഗ്രാമിന് യു എന് രൂപം നല്കിയത്. ലോകത്ത് പട്ടിണിമൂലം ദശലക്ഷക്കണക്കിന് പേര് മരിക്കുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ അമേരിക്കന് പ്രസിഡന്റായിരുന്ന ഡി ഡി ഐസന്ഹോവര് WFP എന്ന ആശയം മുന്നോട്ടുവെച്ചത്.80 കളിലെ എത്യോപ്യന് പട്ടിണിക്കാലത്തും 90 കളിലെ യുഗോസ്ലോവ്യന് യുദ്ധകാലത്തും 2004 ലെ സുനാമി കാലത്തുമെല്ലാം WFP നടത്തിയ പ്രവര്ത്തനങ്ങള് ശ്രദ്ധേയമായിരുന്നു. സന്നദ്ധ സംഘടനകളും മറ്റും നല്കുന്ന ഫണ്ട് മാത്രമാണ് WFP ന്റെ മൂലധനം. പലപ്പോഴും നിരാലംബര്ക്ക് ഭക്ഷണമെത്തിക്കാന് പണം അഭ്യര്ത്ഥിച്ചുള്ള WFP ന്റെ വളികള്ക്ക് പലരും ചെവികൊടുക്കാതെയും ഇരുന്നിട്ടുണ്ട്. ഏറ്റവും ഒടുവില് ഈ കൊറോണക്കാലത്ത് ഐക്യരാഷ്ട്ര സഭയ്ക്കും യുഎന്റെ കീഴിലുള്ള മറ്റ് ഏജന്സികള്ക്കും ഫണ്ട് നല്കുന്നത് നിര്ത്തിവെച്ച അമേരിക്കന് പ്രസിഡനറ് ഡൊണാല്ഡ് ട്രംപിന്റെ നടപടിയും WFP നെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നിട്ടും തളരാതെ, തങ്ങളുടെ ഉദ്യമത്തില് നിന്ന് പിന്മാറാതെ ലോകത്തിലെ ദരിദ്രരുടെ പട്ടിണി മാറ്റാനായി ഇറങ്ങിതിരിച്ച WFP നെ സമാധാനത്തിനുള്ള നോബല് സമ്മാനം ലഭിക്കുമ്പോള് അത് മുതലാളിത്തവര്ഗത്തിനറെ കരണത്തേറ്റ അടികൂടിയായി മാറുന്നു.


സംഘര്ഷഭരിതമായ പ്രദേശത്ത് ജിവന് പണയം വെച്ചാണ് പലപ്പോളും WFP ന്റെ വളണ്ടിയര്മാര് ഭക്ഷണമെത്തിക്കുന്നത്. നരവധി വളണ്ടിയര്മാര്ക്ക് ഈ സേവനത്തിനിടെ ജിവന് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. അവരുടെയെല്ലാം ജിവത്യാഗത്തിനുകൂടി ലഭിച്ച അംഗീകാരമാണ് ഈ സമാധാനത്തിനുള്ള നോബല് സമ്മാനം.

സമാധാനത്തിനുള്ള നോബല് WFP ന് ലഭിച്ചതില് അഹ്ലാദിക്കുമ്പോള് തന്നെ മറ്റ് ചിലത് കൂടി നാം ഓര്ക്കേണ്ടതുണ്ട്. അത് WFP നെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളാണ്. ഭക്ഷണത്തിനായി ഉത്പന്നങ്ങള് വാങ്ങാനായി സംഘടന ആശ്രയിക്കുന്നത് ഗ്ലോബല് മാര്ക്കറ്റുകളയാണ്. അതായത് കുത്തകകളെ തന്നെയെന്ന്. അമേരിക്കയില് നിന്നുള്ള കുത്തക സ്ഥാപനങ്ങള്ക്കാണ് ഉത്പന്നങ്ങള് ലഭ്യമാക്കാനുള്ള കരാര് WFPനല്കിയിരിക്കുന്നത്. ഇത് പലപ്പോഴും തട്ടിപ്പിനും വെട്ടിപ്പിനും


വഴിവെക്കുന്നുണ്ടെന്ന ആക്ഷേപം കുറേക്കാലമായി WFP കേള്ക്കുന്നുണ്ട്. മാത്രവുമല്ല, പലപ്പോഴും ഇത്തരത്തില് ലഭിക്കുന്ന ഭക്ഷണസാധനങ്ങള് ജിവനക്കാര് മറിച്ച് വില്ക്കുകയോ സൌജന്യമായി നല്കേണ്ട ഭക്ഷണം പണം വാങ്ങി വില്ക്കുന്നതായുമെല്ലാം വിവിധ അന്വേഷണ ഏജന്സികളും മാധ്യമപ്രവര്ത്തകരും സാമൂഹിക പ്രവര്ത്തകരും വിവിധ മനനുഷ്യാവകാശ സംഘടനകളുമെല്ലാം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കുത്തകസ്ഥാപനങ്ങളുമായി ഉത്പന്നങ്ങള്ക്ക് കാരറാലേര്പ്പെടാതെ പ്രാദേശിക കര്ഷകരുമായും ചെറുകിട കച്ചവടക്കാരുമായുമെല്ലാം ധാരണയും കരാറുമുണ്ടാക്കുകയാണ് എങ്കില് ആ പ്രദേശത്തെ പട്ടിണിയും സാമ്പത്തിക പിന്നാക്കവസ്ഥയും മാറ്റിയെടുക്കാനാവും. ഇത് WFP ചെയ്യാത്തത് വലിയ വിമര്ശനങ്ങള്ക്കും ഇടയാക്കുന്നുണ്ട്. ഇത്തരം വിമര്ശനങ്ങള്കൂടി ഉള്ക്കൊണ്ട് ക്രായ്ത്മകമായ നടപടികള് കൂടി കൈക്കൊണ്ടിരുന്നേല് ഈ നോബല് സമ്മാനത്തിന് മാറ്റ് ഇനിയും കൂടിയേനെ.

ഏറെ സന്തോഷിപ്പിക്കുമ്പോള് തന്നെ ലോകത്തിന്റെ പട്ടിണി മാറാത്തത് കൊണ്ടാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല് സമ്മാനം WFP ക്ക് ലഭിച്ചതെന്ന് കൂടി ഓര്ക്കുക. അപ്പോള് അത് നമ്മുടെയെല്ലാം ശിരസ് നാണക്കേടില് കുനിയുകയും ചെയ്യും.

Tuesday, 10 April 2012

ആഘോഷങ്ങള്ക്കിടയിലെ ചില പരമ്പരാഗത ദൈന്യതകള്


മലയാളിക്ക് ഇത് വിഷുക്കാലം.
പൂത്തുനില്ക്കുന്ന കൊന്നയും വിളഞ്ഞുനില്ക്കുന്ന വെള്ളരിയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വരവറിയിക്കുന്നകാലം.   
വിഷുകൈനീട്ടവും പുതിയ വസ്ത്രങ്ങളും പടക്കങ്ങളുമെല്ലാമായി മലയാളി വിഷുആഘോഷിക്കുന്ന തിരക്കിലാണ്.
വിഷുകാലം എല്ലാവര്ക്കും പക്ഷെ അത്രസുന്ദരമായ ഒന്നല്ല. പ്രത്യേകിച്ച് പരമ്പരാഗത തൊഴില് മേഖലയില് പണിയെടുക്കുന്നവര്ക്ക്. ആഘോഷത്തിന് പോയിട്ട് വിഷുദിനത്തില് സദ്യയൊരുക്കാനുള്ള വരായിയെങ്കിലും കിട്ടിയെങ്കിലെന്ന പ്രാര്ത്ഥനയിലാണ് ഈ രംഗത്തെ പാവങ്ങള്.

കണ്ണൂരില് നിന്നുള്ള ചില വിഷമകാഴ്ച്ചകളിലേക്ക്.

കണ്ണൂര് – കണ്ണന്റെ ഊര് മാത്രമല്ല, നെയ്ത്തുകാരുടേയും ബീഡിതെറുപ്പുകാരുടേയും സ്വന്തം ഊരുകൂടിയാണ്. രാഷ്ട്രീയ –തൊഴിലാളി സംഘടനകളുടെ ഈറ്റില്ലവും ശക്തികേന്ദ്രവും കൂടിയാണ് ഇരുമേഖലകളും. എന്നാല് അറുതിയുടേയും വറുതിയുടേയും വലിയ കഥകളാണ് ഇവിടങ്ങളിലുള്ളവര്ക്ക് പങ്കുവെക്കാനുള്ളത്.   

കൈത്തറി മേഖലയിലെ ആയിരക്കണക്കിന് വരുന്ന തൊഴിലാളികള്‍ ഓണക്കാലത്തെ വിപണിയെ മാത്രം മുന്നില്‍ കണ്ടാണ്  കാലങ്ങളായി തൊഴിലെടുക്കുന്നത്. അല്ലാത്ത സമയത്ത് കാര്യമായ തൊഴിലൊന്നും ഇവര്‍ക്കില്ല. ഖദര്‍ വസ്ത്രങ്ങള്‍ക്കെല്ലാം വര്‍ഷം മുഴുവനും സര്‍ക്കാര്‍ 30 ശതമാനം വരെ റിബേറ്റ് നല്‍കുമ്പോള്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് ഓണവും വിഷുവും കൃസ്മസുംപോലുള്ള ആഘോഷവേളകളില്‍  മാത്രമാണ്  സര്‍ക്കാര്‍ റിബേറ്റ് നല്‍കുന്നത്. ഇതിലും ഓണക്കാലത്ത് മാത്രമാണ് കൈത്തറി വിപണി സജീവമാകുന്നത്. ബാക്കിയുള്ള 11 മാസവും ഓണക്കാലത്തെ വിപണിയെ മുന്നില്‍കണ്ട് വസ്ത്രങ്ങള്‍ നെയ്യുകയാണ് ഇവര്‍. സര്‍ക്കാര്‍ റിബേറ്റ് എല്ലാകാലവും നല്‍കുകയാണെങ്കില്‍ കൈത്തറിക്കും വലിയസ്വീകാര്യതതന്നെ സംസ്ഥാനത്ത് ലഭിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

ആഘോഷകാലങ്ങളില് സംസ്ഥാനത്ത് തുറക്കുന്ന പ്രദര്‍ശന വിപണനമേളകള്‍ മാത്രമാണ് ഇവര്‍ക്ക് ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മുഖ്യമാര്‍ഗവും. ബാക്കിയുള്ള മാസങ്ങളിലെല്ലാം കയറ്റുമതിചെയ്യുന്നതിനുള്ള തുണിത്തരങ്ങള്‍ തയ്യാറാക്കുക എന്നത് മാത്രമാണ് ഇവര്ക്ക് ചെയ്യാനുള്ളത്. കോപറേറ്റീവ് സൊസൈറ്റികളുടെ കീഴില് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ഇതും ഉള്ളു. ഒറ്റക്ക് സ്വന്തം വീട്ടിലെ തറിയില്‍ നൂല്‍നൂല്‍ക്കുന്ന നെയ്ത്തുകാരന് ഈ കാലയളവില്‍ പട്ടിണിമാത്രം ബാക്കി. കോപറേറ്റീവ് സൊസൈറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാത്രമാണ് ഓണക്കാല വിപണിയിലും കാര്യമായ നേട്ടം ലഭിക്കുന്നത്. കാര്യമായ വേതനമോ ഒന്നും തന്നെ ഇവര്‍ക്ക് ലഭിക്കുന്നില്ലയെന്നത് തൊഴിലാളികളുടെ കാലങ്ങളായുള്ള പരാതിയാണ്. ഈ മേഖലയെ സംരക്ഷിക്കാന് ബാധ്യസ്ഥരായ സര്ക്കാരുകളും ഈ പരമ്പരാഗത തൊഴിലിനെ സംരക്ഷിക്കാന് വേണ്ടുന്നത് ചെയ്യുന്നുമില്ല. ബജറ്റുകളില് വല്ലപ്പോഴും പിച്ചകാശ്മാത്രമാണ് ഈ മേഖലയെ സംരക്ഷിക്കാന് മാറ്റിവെക്കപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ വേതനമാണ് പലര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ഏറെ ശ്രമകരവും അധ്വാനവും വേണ്ടുന്ന ഈ തൊഴിലിനു ഇത് മതിയാകില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

കൈത്തറിരംഗത്ത് ഇടക്കാലത്ത് യന്ത്രവത്കരണം വന്നത് പരമ്പരാഗത നെയ്ത്തുകാരുടെ അന്നം മുട്ടിച്ചിരുന്നു. പക്ഷെ യന്ത്രവത്കരണം മെല്ലെ ഈ മേഖലയില് നിന്ന് പിന്മാറുന്നതായാണ് കാണുന്നത്. ആവശ്യക്കാര് അധികമില്ലെങ്കിലും ഉള്ള ചെറിയവിഭാഗത്തിന് തറിയില് കയ്യുകൊണ്ട് നെയ്തെടുത്ത വസ്ത്രങ്ങള് മതിയെന്നതും യന്ത്രങ്ങളുടെ പ്രവര്ത്തനചെലവ് വര്ദ്ധിച്ചതും പവര് ലൂമിനെ പിന്നോട്ടടിച്ചു.  
 
മറ്റൊരു വിഷുവിപണി കൂടി സംസ്ഥാനത്ത് സജീവമായിരിക്കുകയാണ്. കാര്യമായ തിരക്കൊന്നും തന്നെ വിപണനകേന്ദ്രങ്ങളില് അനുഭവപ്പെടുന്നില്ല എന്നതാണ് വസ്തുത. വഴിതെറ്റിയെത്തുന്ന യാത്രക്കാരെപോലെയാണ് ചിലര്. വെറുതെ സമയംകൊല്ലാന് കയറി വിപണനമേളകളിലെ സ്റ്റാളുകളില് കയറിയിറങ്ങി മടങ്ങുന്നവര്. മേള അവസാനിക്കാന് ഏതാനും ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ നൂലിന് ചിലവിട്ട പൈസയെങ്കിലും തിരികെകിട്ടിയെങ്കില് എന്ന് പ്രാര്ത്ഥിക്കുന്ന ചില പരമ്പരാഗത നെയ്ത്തുകാരേയും കണ്ടു മേളയില്.   


പുത്തന് തലമുറ വില്സിനും 555 നും പിന്നാലെ പോയപ്പോള് പട്ടിണിയുടെ സ്വാദറിഞ്ഞവരാണ് ബീഡി തെറുപ്പുകാര്. ബീഡിക്ക് ആവശ്യക്കാര് കുറഞ്ഞതോടെ പണിയും കുറഞ്ഞു. പുകയിലയുടെ ലഭ്യതകുറവുകൂടിയായപ്പോള് പതനം പൂര്ത്തിയായി. സഹകരണസംഘത്തിന് കീഴില് നിലകൊണ്ടചിലര്ക്ക് മാത്രമാണ് പതനത്തിനിടയിലും അല്പമെങ്കിലും പിടിച്ചുനില്ക്കാനായത്. കൈത്തറിമേഖലയോടെന്നപോലെ ഈ മേഖലയിലെ തൊഴിലാളികളേയും സര്ക്കാരുകള് മറവിയുടെ പിന്നാംപുറത്തേക്ക് ആട്ടിപായിച്ചിരിക്കുകയാണ്.

ഓരോ ഓണക്കാലം എത്തുമ്പോളും സര്ക്കാര് ഏതെങ്കിലും തരത്തില് എന്തെങ്കിലും ബത്തയായി നല്കുമെന്ന പ്രതീക്ഷയില് കഴിയുന്നവരായി മാറിയിരിക്കുകയാണ് ഇവര്. വേണമെങ്കില്, ജീവിക്കാനായി ആത്മാഭിമാനം നഷ്ടപ്പെട്ട് സര്ക്കാരുകള് നല്കുന്ന പിച്ചകാശിന് കൈനീട്ടിയിരിക്കുന്നവരായി നമ്മുടെ പരമ്പരാഗതതൊഴിലാളികള് മാറിയിരിക്കുന്നു, അഥവാ മാറ്റപ്പെട്ടിരിക്കുന്നുവെന്ന് പറയാം. ജനിച്ചുപോയില്ലേ, ഇനി ജീവിച്ചുപോയല്ലേ പറ്റൂ...