ജനുവരി നാല്, 2022
'ബിരിയാണി കഴിക്കാനും ആരെങ്കിലുമൊക്കെ അങ്ങനെ സ്നേഹിക്കാനുമുണ്ടായിരുന്നെങ്കിൽ എന്നൊക്കെ തോന്നിക്കുന്ന മൂവി...💗'
രാവിലെ കണ്ണുതുറന്നപ്പോൾ ആദ്യം കണ്ട വാട്സപ്പിലെ സന്ദേശമാണ്. ഉറങ്ങുന്നതിന് മുമ്പാണ് പുതിയ മലയാളം റിലീസ് സിനിമകളെ കുറിച്ച് സുഹൃത്ത് കുറച്ചുനേരം ചാറ്റ് ചെയ്തത്. എന്നിട്ട് അതിലൊരു സിനിമ കാണാൻ പോവുകയാണെന്ന് പറഞ്ഞായിരുന്നു ചാറ്റിങ് അവസാനിപ്പിച്ചത്.
ആ സിനിമ കണ്ടശേഷം അയച്ച മെസേജാണ്. ശരിയാണ്, ആ സിനിമ കണ്ടപ്പോൾ അങ്ങനെ തോന്നാത്തവർ വിരളമായിരിക്കണം.
പറഞ്ഞുവന്നത് മധുരം എന്ന സിനിമയെ കുറിച്ചാണ്.
പുതുവത്സരദിനത്തിലാണ് മധുരം കണ്ടത്. പേര് പോലെ തന്നെ സിനിമയിലുടനീളം മധുരം നിറഞ്ഞുനിൽപ്പുണ്ട്. ജിലേബിയായയും കേസരിയായും മാത്രമല്ല, ബിരിയാണിയിൽ നിറയ്ക്കുന്ന സ്നേഹം വരെ മധുരമാകുന്നു. മനംമടുപ്പിക്കുന്ന മരുന്നിൻറെ മണം നിറയുന്ന ആശുപത്രിയിലെ കൂട്ടിരിപ്പ് മുറിയിലും വസ്ത്രങ്ങൾ ഉണക്കാനിടത്തും കാഷ്വാലിറ്റിയിലും ഫാർമസിയിലുമെല്ലാം ആ മധുരം നിറയുന്നു.
കണ്ണടച്ചുതുറക്കും മുമ്പേ തുടങ്ങി അവസാനിക്കുന്ന നിരവധി ബന്ധങ്ങളാണ് ഇന്ന് നമുക്ക് ചുറ്റിലും. ബന്ധങ്ങൾ ആരംഭിക്കാനും അവസാനിപ്പിക്കാനും അത്രകണ്ട് കാരണങ്ങൾ ഒന്നും ഇപ്പോൾ ആർക്കും ആവശ്യമില്ലാതായിരിക്കുന്നു. എന്നാൽ അതിലേറെ ആഴത്തിലുള്ളതാണ് സ്നേഹബന്ധമെന്നത് ചിത്രം മിഴിവോടെ പറഞ്ഞുതരുന്നു. അകന്നിരിക്കുന്നതാണ്, പരസ്പരം സംസാരിക്കാതിരിക്കുന്നതാണ്, വേദന. ഉള്ളിടത്തോളം കാലം കൂട്ടായിരിക്കാൻ, പരസ്പരം മിണ്ടിയും പറഞ്ഞുമിരിക്കാൻ സാധിച്ചാൽ അതിൽപരം സന്തോഷം വേറെയെന്താണുള്ളത്.
ചിത്രത്തിലെ പല സീനുകളും സംഭാഷണങ്ങളും ജീവിതത്തിൽ എപ്പോഴൊക്കെയോ നേരിട്ടതോ കേട്ടതോ ആയ സന്ദർഭങ്ങളായി അനുഭവപ്പെട്ടത് എനിക്ക് മാത്രമായിരിക്കില്ല. കണ്ണുകൾ പലപ്പോഴും ഈറനണിഞ്ഞത് അതിനാലാവണം.
പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് എന്ന് പറയുമ്പോഴും അതിനൊപ്പമോ അതിനേക്കാൾ കൂടുതലായോ താങ്ങായും തണലായും സ്നേഹിക്കുന്ന ഒരാൾ ഒപ്പം വേണമെന്ന് നമ്മെ വെറുതെ മോഹിപ്പിക്കുന്നതും മധുരമാണ്.
അങ്ങനൊയൊരാൾ ഉണ്ടെങ്കിൽ, ആ സ്നേഹം, ആ പ്രണയം എത്രമധുരമായിരിക്കും. !!!
അങ്ങനെയുള്ളവർ ഭാഗ്യവാൻമാരായിരിക്കും. ബിരിയാണിയിലെ മാന്ത്രിക രസക്കൂട്ട് അവർക്കുള്ളതാണ്....
❤️
ReplyDelete