Search This Blog

Showing posts with label LIFE. Show all posts
Showing posts with label LIFE. Show all posts

Thursday, 10 March 2022

ഒരുവൻ

ഒരിടത്ത്  ഒരുവനുണ്ടായിരുന്നു.
ഭൂതകാലത്തിൻറ്റെ പത്തായത്തിലെങ്ങോ
അടച്ചിടപ്പെട്ടവൻ. 
ക്ലാവെടുത്ത ഓർമകൾ കുത്തിനിറച്ച
ഇരുണ്ട പത്തായപ്പെട്ടിയിലിരുന്ന്
വർത്തമാനകാലത്തും
ഭൂതകാലത്തിൽ മാത്രം
ജീവിക്കാൻ വിധിക്കപ്പെട്ടവൻ.
ആർക്കും വേണ്ടാത്ത
ഓർമകൾ തേച്ചുമിനുക്കി
ആയുസ്സെണ്ണിയവൻ.
ചിതപോലെ ഓർമകളും
ഒരുന്നാൾ കത്തി എരിഞ്ഞിരുന്നെങ്കിലെന്ന്
സ്വയം പ്രാകി നടന്നൊരുവൻ.
ഒരിടത്ത് ഒരുവനുണ്ടായിരുന്നു
ഓർമകളിൽ മുങ്ങി  ആത്മഹത്യചെയ്തവൻ..

....

(100322)

Monday, 7 March 2022

അതിജീവനത്തിൻറെ ഇരുപത്തിയൊന്നുനാൾ

അനുഭവങ്ങളാണ്, ഓർമകളാണ് വലിയ സമ്പാദ്യം. നാല് പതിറ്റാണ്ടിന്റെ ഓർമകളുണ്ട്. ചെന്നൈയിലെ വീട്ടിൽ നിന്ന് ഇറങ്ങി അടുത്തതെരുവിലെ അങ്കിളിന്റെ വീട്ടിലേക്ക് ഓടിയ മൂന്ന് വയസുകാരന്റെ ഓർമ മുതൽ ഇങ്ങോട്ട് മാറാല പിടിച്ചും പിടിക്കാതെയും കിടക്കുന്ന വളപ്പൊട്ടുകളുടെ വലിയ ശേഖരം. വളപ്പൊട്ടുകൾ എന്ന് വിശേഷണം മനപ്പൂർവ്വമാണ്. കാരണം  ബഹുവർണത്തിലുള്ള മനോഹരങ്ങളായ വളപ്പൊട്ടുകൾ കൊണ്ട് കൈമുറിയാത്തവർ വിരളമായിരിക്കും. ഓർമകളിൽ ഏറെയും മുറിവേൽപ്പിക്കുന്നതാണ്. ഒട്ടും ഉണങ്ങാത്ത, ഏറെക്കാലമായി കെട്ടിപൊതിഞ്ഞുവെച്ച മുറിവുകൾ. തിയ്യതിയും സമയവും സംഭവങ്ങളുമെല്ലാം സിനിമയിലെ റീലുകൾ പോലെ തെറ്റാതെ ഇപ്പോഴും ഓടുന്നുണ്ട് തലയ്ക്കുള്ളിൽ. ചിലതൊക്കെ ചിലപ്പോഴൊക്കെ പലയിടങ്ങളിലായി കുറിച്ചുവെച്ചിരുന്നു. ചിലത് ശബ്ദമായി രേഖപ്പെടുത്തി. അവയെല്ലാം സ്വകാര്യശേഖരത്തിൽ തന്നെ ഇരിക്കട്ടെയെന്ന് കരുതിയതാണ്. പക്ഷെ അതെല്ലാം ഇപ്പോൾ എടുത്ത് പുറത്തിട്ടാലോയെന്നാണ് ചിന്ത. പിന്നീട് പറയാനൊത്തില്ലെങ്കിലോ? എത്രകരുതലോടെ സൂക്ഷിച്ചാലും ഓർമകളും ചിതലരിക്കും. മറവിരോ​ഗമോ മസ്തിഷ്ക്കമരണമോ പ്രവചനാതീതമല്ല.    

 മറ്റുള്ളവർ കൂടിചേരുമ്പോളാണ് എല്ലാ ഓർമകളും ഉണ്ടാകുന്നത് എങ്കിൽക്കൂടിയും, എന്റെ ഓർമകളെല്ലാം എന്റെ മാത്രം ഓർമകളാണ്. അതിനാൽ തന്നെ ഇതെല്ലാം തുറന്നെഴുതുമ്പോൾ ആരെയും വേദനിപ്പിക്കാനോ നൊമ്പരപ്പെടുത്താനോ ഉദ്ദേശിക്കുന്നുമില്ല. അതിനാൽ തന്നെ പേരുകളോ ഊരുകളോ ഇല്ല. 

മുറിവുകളാണ് ഓർമകളെന്ന് പറഞ്ഞുവല്ലോ, എന്റെ മുറിവുകൾ മാത്രമല്ല, ഞാൻ ഏൽപ്പിച്ച മുറിവുകളും അനവധിയുണ്ട്. ചിലരോടെങ്കിലും പലപ്പോഴായി തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസാരിച്ചിട്ടുണ്ട്. ചിലരോട് അതുമില്ല.  ഈ​ഗോയാകാം. മനുഷ്യനല്ലേ. എഴുതിയതും എഴുതുന്നതും എഴുതാനിരിക്കുന്നവയുമെല്ലാം എന്റെ മാത്രം ബോധ്യത്തിലും ബോധത്തിലുമുള്ളവയാണ്. കടമെടുത്ത അനുഭവങ്ങൾ ഒന്നുമില്ല. 

******

ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവരാൽ റിജക്ഷൻ - നിരാകരണം - ഏറ്റുവാങ്ങാത്തവ‍ർ ഉണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ നിരന്തരം അത് നേരിടേണ്ടിവന്നവർ എത്രകാണുമായിരിക്കും? വിട്ടുപോകാതെ നിങ്ങൾ നിങ്ങളോട് ചേർത്തുപിടിച്ചവർ തഴയപ്പെടുന്നത് അനുഭവിച്ചവർക്ക് മാത്രം വായിക്കാനാണിത്. അല്ലാത്തവർക്ക് ഇതെല്ലാം വെറും കഥമാത്രമായിരിക്കും, വെറും കെട്ടുകഥ.

തിരക്കേറിയ കൊച്ചി ന​ഗരത്തിൽ ഒരു ഫ്ലാറ്റിൽ, വാതിലും ജനലുകളും ബാൽക്കെണിയുമെല്ലാം അടച്ചിട്ട്, മൊബൈലും ഓഫ് ചെയ്ത്, ടിവിയോ ഇന്റ‍ർനെറ്റോ ഉപയോ​ഗിക്കാതെ പുറം ലോകത്ത് എന്ത് സംഭവിക്കുന്നവെന്നുപോലും അറിയാതെ, അറിയാൻ ശ്രമിക്കാതെ കഴിഞ്ഞുകൂടിയ 21 ദിവസങ്ങളുണ്ട് ഓർമയിൽ. മാർച്ചിലെ കൊടുംവേനലിൽ ഓരോ ദിവസവും ഉറങ്ങാതെ, രാവും പകലുമെല്ലാം മാറിമാറി വരുന്നത് വെയിലിന്റെ ​ഗതിമാറ്റത്തിൽ നിന്ന് മാത്രമറിഞ്ഞ് കഴിഞ്ഞ മൂന്നാഴ്ച്ചകൾ. വിഷാദം അഥവാ ഡിപ്രഷൻ എന്നത്  എന്താണെന്ന് അതിന്റെ പൂർണമായ അർത്ഥത്തിൽ അറിഞ്ഞശേഷം കഴിച്ചുകൂട്ടിയ ദിനങ്ങൾ. വർഷങ്ങൾക്ക് മുമ്പൊരിക്കൽ ഈ അനുഭവിക്കുന്നതിന്റെ പേരാണ് ഡിപ്രഷൻ എന്നറിയാതെ അതിന്റെ ആഴമളന്നിട്ടുണ്ട്. എന്നും ജിവിച്ച, ജിവിച്ചുകൊണ്ടേയിരിക്കുന്ന വാർത്തയുടെ ലോകത്ത് നിന്ന് ഒരുപക്ഷെ ഇന്നോളം മാറിനിന്നത് ആ ദിവസങ്ങളിൽ മാത്രമായിരിക്കണം. സുഖമില്ലെന്ന് പറഞ്ഞ് ആദ്യമായി ജോലിയിൽ നിന്ന് അവധിയെടുത്തതും അപ്പോഴാണ്. കട്ടൻചായയും ഇടയ്ക്ക് കഞ്ഞിയും  മാത്രം ഉണ്ടാക്കി കഴിച്ച് ഒരർത്ഥവുമില്ലാതെ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി. 21 ദിവസത്തിന് ശേഷം ആദ്യമായി ഡോർ തുറന്നപ്പോൾ പൊടിപിടിച്ച് മൂന്നാഴ്ച്ചത്തെ പത്രങ്ങൾ മലപോലെ വഴിമുടക്കി കിടപ്പായിരുന്നു. 


എന്തായിരുന്നു, എന്തിനായിരുന്നു ആ ഇരുപത്തിയൊന്ന് ദിവസങ്ങൾ സ്വയം കാരാ​ഗ്രഹവാസത്തിന് വിധിച്ചത്? ഒറ്റപ്പെടൽ തന്നെയാണ് ആ ഒറ്റയ്ക്കുള്ള അടച്ചിരിപ്പിന് കാരണമായത്. ചേർത്ത് പിടിച്ച ചിലർ ഒഴിവാക്കിയപ്പോൾ, ഏറെക്കാലമായി അടക്കിവെച്ചതെല്ലാം പൊട്ടിത്തെറിക്കുമെന്ന് തോന്നിയപ്പോൾ സ്വയം വിധിച്ചതായിരുന്നു അത്. പൊതുമധ്യത്തിലെന്നല്ല, സ്വകാര്യയിടത്ത് പോലും ​സ്ഥായീഭാവം വിടാതെ പോകാൻ വേണ്ടി, അങ്ങനെ സംഭവിക്കമെന്ന് തോന്നിയപ്പോൾ എടുത്ത കടുത്ത നടപടിയായിരുന്നു അത്. സ്വതവേ ക്ഷിപ്രകോപിയാണെങ്കിലും അകാരണമായി പോലും അസ്വസ്ഥനാവാൻ തുടങ്ങിയപ്പോൾ സ്വയം തീർത്ത പ്രതിരോധമായിരുന്നു ആ ക്വാറന്റൈൻ. നിരാകരണത്തിന്റെ വേദനയെന്തെന്ന് വീണ്ടും വീണ്ടും അനുഭവിക്കേണ്ടിവരുന്നത് അത്രസുഖകരമല്ല. മമ്പും പലകുറി, കുട്ടിക്കാലം മുതൽക്കേ അറിഞ്ഞിട്ടുണ്ട് അത്. അന്നൊക്കെ അനുഭവിച്ച സങ്കടവും ദേഷ്യവും വിങ്ങലുമെല്ലാം വിഷാദമാണെന്ന് പക്ഷെ അന്നറിയില്ലായിരുന്നു. ചെറുപ്പം മുതലേയുള്ള അത്തരം അനുഭവങ്ങൾ തന്നെയാണ് ഒരാളുടെ സ്വഭാവത്തിന് രൂപം നൽകുന്നത്. അതായിരിക്കണം ഒരുപക്ഷെ ദേഷ്യമെന്നത്, കൂസലില്ലായിമ എന്നത്, സ്ഥായീഭാവമായിമാറിയതിന് പിന്നിൽ. 

നഷ്ടങ്ങളാണ് നേട്ടങ്ങളേക്കാൾ കൂടുതലായി ജിവിതത്തിലുണ്ടായിട്ടുള്ളത്. നേട്ടങ്ങളെണ്ണാൻ വിരലുകൾ മതിയെങ്കിൽ നഷ്ടങ്ങളുടെ കണക്കെടുപ്പിന് കാൽക്കുലേറ്റർ തന്നെ വേണ്ടിവരും! കൂട്ടുക്കാ‍ർ, രക്തബന്ധങ്ങൾ, പ്രണയം, ജീവിതം, ...അങ്ങനെ എത്രയെത്ര നഷ്ടങ്ങൾ. ഈ​ഗോയിസ്റ്റുകളായ, വേർപിരിഞ്ഞ മാതാപിതാക്കളുടെ മക്കളായി ജനിച്ച എല്ലാകുഞ്ഞുങ്ങളും നേരിടുന്ന എല്ലാപ്രശ്നങ്ങളും അതിന്റെ അത്രതന്നെ മനോഹാരിതയിൽ അനുഭവിച്ചിട്ടുണ്ട്. ആരോടും പറയാതെ, പറയുന്നത് വലിയ നാണക്കേടായി കരുതി എല്ലാം അടക്കിവെച്ച് ആ കുഞ്ഞുങ്ങളൊക്കെ എത്രമാത്രം സഹിച്ചിട്ടുണ്ടാവണം? എത്രരാവുകൾ തലയിണകൾ ചേ‍ർത്ത് പിടിച്ച് വിങ്ങിയിട്ടുണ്ടാകണം?‌ അതെല്ലാം പലതും നിരസിക്കപ്പെടുന്നതിന്റെ കഠിനവേദനകളാണ് സമ്മാനിച്ചത്. അതെല്ലാം താണ്ടിയവന് പിന്നെ ജീവിതത്തിൽ കാണുന്നതെല്ലാം ചേർത്ത് പിടിക്കാനുള്ള വ്യ​ഗ്രതകൂടുതലാവും. അവിടെയും പരാജയപ്പെട്ടാലെന്ത് ചെയ്യും? ചിലർ മദ്യത്തിലോ മറ്റ് ലഹരികളിലോ അഭയം കണ്ടെത്തിയേക്കാം. ചിലർ വിഷാദത്തിന്റെ താഴ്വരയിൽ തന്നെ കുടുങ്ങി ചക്രശ്വാസം വലിച്ച് സ്വയം അവസാനിപ്പിച്ചിരിക്കാം. ജീവിക്കാനുള്ള ഭയമാണ് മരിക്കാനുള്ള ഭയത്തേക്കാൾ അത്തരക്കാരെ ഭയപ്പെടുത്തുന്നത്. മറ്റുചിലരാകട്ടെ ഉള്ളിലെ സ്വത്ത്വവുമായി പോരടിച്ച് പിടിച്ചുനിൽക്കാൻ ശ്രമപ്പെട്ട് സ്വന്തം വിഷാദത്തെ താൽക്കാലികമായെങ്കിലും തോൽപ്പിച്ചവരുമുണ്ടാകും. ഇതല്ലെ, ഇതിനപ്പുറവും ചാടികടന്നവനാണീ കെകെ ജോസഫ് എന്ന സിനിമ ഡയലോ​ഗിനെ തമാശരൂപത്തിലെങ്കിലും പറഞ്ഞ് സ്വയം ആശ്വസിപ്പിക്കുന്നുണ്ടാവണം. അങ്ങനെ ചാടിക്കടന്നാണ് ഒടുവിലാ ഫ്ലാറ്റിലെ മുറിയിൽ ഒതുങ്ങിക്കൂടിയത്. 

ഇരുപത്തിയൊന്ന് ദിവസത്തിന് ശേഷം പുറത്തിറങ്ങിയത് നല്ല ചിത്രശലഭമായിട്ടൊന്നുമല്ല. സ്വയം നവീകരിച്ചുമല്ല. പക്ഷെ ആ ​ദിവസങ്ങളാണ് ജീവിതത്തിൽ കൂട്ടിനാരുമില്ലാതെ, സ്വയം അടിച്ചമർത്തി കഴിഞ്ഞ ദീർഘമായ കാലം. പിന്നെയും എത്രയോ തവണ വിഷാദത്തിന്റെ ചതിക്കുഴിയിൽ പെട്ടെങ്കിലും ആ ഇരുപത്തിയൊന്ന് നാൾ തൂങ്ങാതെ കടിച്ചുതൂങ്ങിയതിന്റെ കരുത്ത് മാത്രമായിരുന്നു ഫൈറ്റ് ചെയ്യാനുള്ള പ്രചോദനം...

Sunday, 6 March 2022

മനുഷ്യർ കളിപ്പാട്ടമാകുമ്പോൾ

കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം കാറുകളായിരുന്നു. അന്നൊക്കെ മാസത്തിലൊരിക്കൽ ​ഗുരുവായൂ‍ർ അമ്പലത്തിൽ തൊഴാൻ പോകാറുണ്ട്. ​ഗുരുവായൂരിലേക്ക് മാസത്തിലൊരിക്കൽ എന്നതാണ് കണക്ക്, കൊടുങ്ങല്ലൂരും ചോറ്റാനിക്കരയുമെല്ലാം മൂന്നോ നാലോ മാസം കൂടുമ്പോളും. ​ഗുരുവായൂരായാലും ചോറ്റാനിക്കരയായാലും ശരി എന്റെ അമ്പലദർശനത്തിലെ സന്തോഷമെന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് യാത്ര, രണ്ട് കാറ്. 

വീട്ടിൽ നിന്ന് ഏതാണ്ട്  27 കിലോമീറ്ററുണ്ട് ​ഗുരുവായൂരിലേക്ക്. യാത്ര ബസ്സിലാണ്. നി‍ർമാല്യവും ശീവേലിയും തൊഴണമെന്നാണ് അമ്മയ്ക്ക്. അതിനാൽ തലേദിവസം വൈകുന്നേരം തന്നെ ​ഗുരുവായൂരിലെത്തും. അമ്പലത്തിന്റെ തൊട്ടടുത്ത് തന്നെയുള്ള - ഇപ്പോഴുണ്ടോയെന്നറിയില്ല, വികസനത്തിന്റെ ഭാ​ഗമായി പൊളിച്ചുകളഞ്ഞിരിക്കണം- ജയ ലോഡ്ജിലാണ് സ്ഥിരം താമസം. അങ്ങനെയുള്ള ​ഗരുവായൂർ യാത്രകളിലെല്ലാം അച്ചനും അമ്മയും എന്റെ രണ്ട് വശത്ത് ചേർന്നേ നടക്കൂ. അത് അമ്പലത്തിലെ തിരക്കിനിടയിൽ എന്നെ കാണാതെപോകണ്ട എന്ന് കരുതിയുള്ള കരുതലൊന്നുമല്ല, മറിച്ച് ഞാൻ ചിലത് കാണണ്ട എന്ന് കരുതിയുള്ള മുൻകരുതൽ മാത്രമാണ്. മറ്റൊന്നുമല്ല, നടപന്തലിലെ ഇരുവശത്തുമുള്ള കടകളിലെ കളിപ്പാട്ടങ്ങൾ തന്നെ. പലവർണത്തിലുള്ള വിവിധതരം ബൊമ്മയും ചെണ്ടയും ഉരുട്ടികളിക്കുന്ന ചക്രവണ്ടിയുമെല്ലാം തൂങ്ങികിടപ്പുണ്ടാകും. രാത്രിയിൽ പോലും കണ്ണടക്കാറുണ്ടോ ആ കടകൾ എന്ന് അത്ഭുതമാണ്. രാത്രി വൈകിയും തുറന്നിരിക്കുന്ന ആ കടകൾ അതിരാവിലെയും തുറന്നിരിപ്പുണ്ടാകും. ഉറക്കം തൂങ്ങുന്ന കണ്ണുകളും മൂടിപ്പുതച്ച പുതപ്പും കയ്യിലൊരു കപ്പ് ചായയുമായി ഇരിക്കുന്ന കുറേപേർ. പലതരത്തിലുള്ള കളിപ്പാട്ടങ്ങൾ തൂങ്ങികിടപ്പുണ്ടെങ്കിലും എന്റെ നോട്ടം എപ്പോഴും താഴെ പരന്ന പെട്ടികളിൽ നിരത്തിവെച്ചിരിക്കുന്ന കാറുകളിൽ മാത്രമാണ്. ചരട് വലിച്ചുവിട്ടാൽ ഓടുന്ന കാറുകൾ, പിന്നാക്കം വലിച്ച് വിട്ടാൽ മൂന്നോട്ട് കുതിച്ചോടുന്ന കാറുകൾ, ഡോറു തുറക്കാൻ കഴിയുന്നവ, ഓടുമ്പോൾ മുകളിൽ വിളക്ക് കത്തുന്നവ, സൈറൺ മുഴക്കുന്നവ, മരത്തിൽ നി‍ർമിച്ച കെഎസ്ആർടിസി ബസ്സുകൾ, ലോറികൾ... അങ്ങനെ അനന്തമായ വാരിയെന്റുകൾ. 


വെറൈറ്റികൾ പലതുമുണ്ടായിരുന്നെങ്കിലും എല്ലാമാസവും ഞാൻ തിരഞ്ഞിരുന്ന ഒരു കാറുണ്ടായിരുന്നു. മെറ്റൽ ബോഡിയാണ്. നീലയും ചുവപ്പും പച്ചയുമെല്ലാം കളറിൽ ആ കുഞ്ഞൻ കാറ് കിട്ടും. അന്നത്തെ 5 രൂപയായിരുന്നു വില. ആ കാറിന്റെ നെറുകയിൽ ചുവപ്പ് ലൈറ്റുണ്ട്. ആഞ്ഞ് ഒന്ന് നിലത്ത് ഉരച്ചുവിട്ടാൽ മതി, പൊലീസ് വാഹനത്തിന്റെ ശബ്ദമുണ്ടാക്കി വിളക്കും തെളിച്ച് ആ കാറ് ഓടും. മെറ്റൽ ഡ്രമിൽ കറുത്ത റമ്പറിന്റെ ടയറൊക്കെയിട്ട് കണ്ടാൽ ഒറിജിനൽ കാറിന്റെ മിനിയേച്ചറാണ്.  എല്ലാതവണയും ആ കാറ് തന്നെ വാങ്ങും. വേറെ ഒന്നും വേണ്ട. അത് മാത്രം മതി. എല്ലാമാസവും വാങ്ങി വാങ്ങി നല്ല കളക്ഷൻ ഉണ്ടായി കാണുമല്ലോ എന്നൊന്നും കരുതേണ്ട. വാങ്ങി വീട്ടിലെത്തി ആദ്യത്തെ ഒരുമണിക്കൂ‍ർ മതി, ആ കാർ വർക്ക്ഷോപ്പിൽ കയറാൻ. ആവശ്യത്തിലും കൂടുതൽ അമർത്തിയുരച്ചും ഓട്ടത്തിൽ ഭിത്തിയിലോ വാതിലിലോ ഒക്കെ ചെന്നിടിച്ച് കാറിന്റെ പണി തീരും. ഇൻഷൂറൻസൊന്നുമില്ലാത്ത കാറ് പിന്നെ സ്വയം റിപ്പയ‍ചെയ്യലാണ്. സ്ക്രൂ ഇട്ടൊന്നുമല്ല കാർ ഫിറ്റ് ചെയ്തിരിക്കുന്നത്. ക്ലിപ്പുകളാണ്. കയ്യിൽ കിട്ടുന്ന എന്തും ഉപയോ​ഗിച്ച് ക്ലിപ്പ് ഇളക്കി സ്വയം മെക്കാനിക്കാവും പിന്നെ. ആരും കാണാതെയാണ് മെക്കാനിക്ക് പണി. ഇല്ലേൽ നല്ല മേട്ടം കിട്ടും. ആ കാറിനുള്ളിൽ മെറ്റൽ ലീഫ് കൊണ്ടുള്ള വല സൈസിലുള്ള ചക്രമാണ്. ഉരയ്ക്കുന്നത് അനുസരിച്ച് ആ ലീഫുകൾ ചുരുങ്ങുകയും അത് വിടരും വരെ ഓടുകയുമാണ് ചെയ്യുക. ഇതിനകത്ത് ഇതൊക്കെയാണെന്ന് അറിഞ്ഞാലും അത് കേടായാൽ നന്നാക്കാനാവില്ലെന്ന് അറിഞ്ഞാലും പിന്നെയും അതൊന്ന് വലിച്ച് പറിച്ചെടുത്ത് നന്നാക്കാനാവും പിന്നത്തെ ശ്രമം. പരിശ്രമത്തിനൊടുവിൽ ബാക്കിലെ വീലുകൾ മൊത്തം ജാമായി പിന്നെ എത്രമസിലുപിടിച്ചാലും തിരിയാത്ത അവസ്ഥയിലെത്തും. പിന്നെ കരച്ചിലായി, ബഹളമായി. എന്തിന് എന്ന് ചോദിക്കരുത്. അടുത്ത ​ഗുരുവായൂ‍ർ സന്ദർശനത്തിനുള്ള കാത്തിരിപ്പായി. 

ആ കാർ, അതൊരു വലിയ വികാരമാണ്. അത് കയ്യിൽ കിട്ടിയാൽ ഒടുക്കത്തെ എക്സൈറ്റ്മെന്റാണ്. അത് കേടാകുന്നത് വരെ ആ എക്സൈറ്റ്മെന്റ് നിലനിൽക്കുകയും ചെയ്യും. പിന്നെ അതേ എക്സൈറ്റ്മെന്റ് അടുത്ത ​ഗുരുവായൂ‍ർ സന്ദർശനസമയത്താണ് പിന്നെയും ഉയരുക. അത് വരെ ചുവപ്പ് വെളിച്ചം പരത്തി സൈറൺ മുഴക്കിയോടുന്ന ആ കാറ് മറവിയുടെ അടിത്തട്ടിലായിരിക്കും. 

എക്സൈറ്റ്മെന്റ് - ആവേശം. അത് എല്ലാക്കാലത്തും ഒരോ പോലെ ഉണ്ടാകുമോ? ചിലകാര്യങ്ങളിൽ ചിലർക്ക്  എന്നും എപ്പോഴും ഒരേ ആവേശമായിരിക്കും. അത് എന്തിനോടായാലും ശരി. ആ കളിപ്പാട്ടം കയ്യിൽ കിട്ടുന്നത് വരെ, അത് കേടാകുന്നത് വരെ മാത്രം നിലനിൽക്കുന്ന ആവേശം, അത് കേടാകുമ്പോൾ അത് നന്നാക്കാൻ നടത്തുന്ന ശ്രമങ്ങൾ ആ ആവേശത്തിന്റെ തുടർച്ചയാണ്. പിന്നെ പരാജയപ്പെടുമ്പോഴുള്ള കരച്ചിലും  ബഹളവും അതിന്റെ തുടർച്ചതന്നെ. ഇതിനിടയിൽ മറവിയുടെ ആഴത്തിലേക്ക് ആ കാർ കടന്ന് പോയത് ആവേശം തുടർച്ചയില്ല എന്നതിന്റെ സാക്ഷ്യമാണ്. ആ സൈക്കിൾ ഇങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. 

ആ കളിപ്പാട്ടം ഒരു മനുഷ്യനാണെങ്കിലോ? ആ കാറിനെ ഒരു ജീവനുള്ള മനുഷ്യനായി ചീത്രീകരിച്ചുനോക്കു. ഏറ്റവും ഇഷ്ടമുള്ള കളിപ്പാട്ടം പോലെ ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ! ആവേശം കയ്യിൽ കിട്ടുവോളം വരെയെങ്കിലോ. കിട്ടിക്കഴിഞ്ഞ് കുറച്ച് കാലത്തിന് ശേഷം ആ ആവേശം മനുഷ്യന് നഷ്ടമാകുന്നു. അല്ലെങ്കിൽ പുതുമോടി കഴിയുമ്പോൾ അതില്ലാതെ ആകുന്നു. അപ്പോൾ കളിപ്പാട്ടമായി മാറിയ മനുഷ്യന് അതെങ്ങനെയായിരിക്കും അനുഭവപ്പെടുക? വെറും കളിപ്പാട്ടമായി മാറി പ്രിയപ്പെട്ടവയുടെ പട്ടികയിലും പിന്നെ വിസ്മൃതിയിലും ആണ്ട്പോയ നിരവധി പേരുണ്ടാകും. ആ കളിപ്പാവ മനുഷ്യന് പിന്നെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമായേക്കില്ല. അകാരമായുള്ള ഒഴിവാക്കൽ, ഒറ്റപ്പെടുത്തൽ,തഴയൽ... ഒടുവിൽ മാനസികമായി അവരെത്തിപ്പെടുന്നത് കടുത്ത മാനസികസമ്മർദ്ദത്തിലാണ്. വിഷാദമെന്നത് മനോഹരമായ മലയാള പദമായി പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അനുഭവിക്കാൻ ഒട്ടും മനോഹരമല്ല അത്. അത് എത്രവലിയ നിലയില്ലാകയമാണെന്ന് ഒരിക്കലെങ്കിലും അത് അനുഭവിച്ചവ‍ർക്കേ അറിയൂ. ആ കയത്തിൽ നിന്ന് കരകയറുകയെന്നത് ശ്രമകരമാണ്. കാണുന്ന ഏതൊരു കച്ചിതുരുമ്പിലും കയറിപിടിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലും അവർ നിശബ്ധരാകും, തനിച്ചാകും. പിടിച്ചുനിൽക്കാൻ ശ്രമപ്പെട്ട്, ചേർത്ത് പിടിക്കാൻ കൈകളും മനസുമെല്ലാം തിരഞ്ഞ് നടക്കും. പലപ്പോഴും സ്വയം കൈവിട്ട് പോകാതിരിക്കാൻ സാഹസപ്പെട്ടുകൊണ്ടേയിരിക്കും. എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കരങ്ങളും കച്ചിതുരുമ്പുമെല്ലാം അകലുമ്പോളാണ് പലരും സ്വയം ഇല്ലാതാവുന്നത്. അല്ല, അവരെ ഇല്ലാതാക്കുന്നത്.  കളിപ്പാട്ടത്തെ സ്വന്തമാക്കി കൈകാര്യം ചെയ്ത മനുഷ്യന് അപ്പോഴും പക്ഷെ ഇതൊന്നും അറിയുകയോ, അതിനായി ശ്രമിക്കുകയോ ചെയ്യാതെ കാണാമറയത്ത് മൗനത്തിലായിരിക്കും. 

മറ്റൊരു കളിപ്പാട്ടമെത്തുന്നവരേയാണ് പഴയകളിപ്പാട്ടത്തിന്, കേടായാലും ഇല്ലെങ്കിലും, ആയുസ്. കേടായാലും ചിലപ്പോഴൊക്കെ അത് നന്നാക്കിയെടുക്കാൻ, അത് വെച്ച് കളിക്കാൻ കുട്ടികൾ ശ്രമിച്ചുകൊണ്ടേയിരിക്കും. പക്ഷെ കളിപ്പാട്ടം ജീവനുള്ള മനുഷ്യനായാലോ....?


Sunday, 27 February 2022

ഓർമകളുടെ ശവക്കോട്ടകാവൽക്കാർ

കഴിഞ്ഞദിവസങ്ങളിൽ ഒരുപാട് അലോചിച്ച ഒരു കാര്യമുണ്ട്. ഒരാളുടെ ചോദ്യത്തെ തുട‍ർന്നുണ്ടായ ചിന്ത. നിങ്ങളെ എല്ലാദിവസവും ഓർത്ത് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്നതായിരുന്നു ആ ചോദ്യം. ആലോചിച്ചുനോക്കി. ആരേയും ഓ‍ർത്തെടുക്കാനായില്ല. പോയ രണ്ട് മൂന്ന് ദിവസങ്ങൾ നിരീക്ഷിച്ചു. കഴിഞ്ഞ കുറേ മാസങ്ങളിലെ വാട്സ്അപ്പ് സന്ദേശങ്ങളും കോൾ റെക്കോ‍ർഡുമെല്ലാം കുത്തിയിരുന്ന് പരിശോധിച്ചു. ഇല്ല. അങ്ങനെ ആരും എന്നെ ദിവസവും അന്വേഷിച്ചിട്ടില്ല. ദിവസവും ഓർക്കുന്നവരുണ്ടാകുമോയെന്ന് കൃത്യമായി പറയാനാവില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ ദിവസേന അന്വേഷിക്കുന്നവ‍ർ ആരും ഇല്ല. അവരുടെ എല്ലാം കണക്കെടുത്തുനോക്കി. ഡി​ഗ്രി ക്ലാസ് മുറിയിലെ മൂന്ന് നാല് പേരുൾപ്പടെ ആറ് ഏഴ് പേരെ അല്ലാതെ മറ്റാരേയും ആ കണക്ക് പുസ്തകത്തിൽ കണ്ടില്ല. എന്നും എപ്പോഴും ചേർത്ത് പിടിച്ച് ഒപ്പം നിർത്തിയവരുടെ പേര് പോലും ആ പട്ടികയിൽ ഉണ്ടായില്ല. അതിനർത്ഥം ആരും ഓർക്കാറുണ്ടാവില്ല എന്നതല്ല. ഓർ‌ക്കുന്നുവരുണ്ട്. തിരക്കുകൾ കൊണ്ട്  മാത്രം അന്വേഷിക്കാൻ സാധിക്കുന്നില്ലെന്ന് മാത്രം.    

ആ ചോദ്യം പക്ഷെ ഒന്നുതിരിച്ചിട്ട് നോക്കി. ഞാൻ ദിവസേന ഓർക്കുന്ന, മുടങ്ങാതെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്ന ആരെങ്കിലും ഉണ്ടോയെന്ന്. വളരെ കോംപ്ലിക്കേറ്റഡായി തോന്നി. ഞാൻ ദിവസേന മെസേജ് അയക്കുന്ന, വിളിക്കുന്നവരുടെ കോളത്തിൽ ഒറ്റപ്പേരുപോലും അവസാനദിവസം കണ്ടില്ല. ഒരിക്കൽ നിരന്തരം അയച്ചുകൊണ്ടിരുന്ന, എന്നാൽ പിന്നീട് മറുപടികളില്ലാത്ത, ഒരുവശത്തേക്ക് മാത്രമുള്ള സന്ദേശങ്ങളായി മാറി, മെല്ലെമെല്ലെ അസ്ഥമിക്കപ്പെട്ട സന്ദേശങ്ങൾ കണ്ടു.  അങ്ങോട്ടും ഇങ്ങോട്ടും. വിളികൾ വെറും മിസ്ഡ് കോളുകളായി മാറിയ കുറേ നമ്പറുകൾ കണ്ടു. മാസങ്ങളായിട്ടും മറുപടി കാത്ത് കെട്ടികിടക്കുന്ന കുറെ സന്ദേശങ്ങൾ, ഒടുവിൽ ആളനക്കമില്ലാതെ മാറാലകെട്ടിയ ഇൻബോക്സുകളായി മാറിയിരിക്കുന്നു.  

ചില ഇൻബോക്സുകൾ ശൂന്യമായതിന് ഉത്തരവാദി അവ‍ർമാത്രമായിരിക്കില്ല, എന്റേയും പിഴയാവും. പക്ഷെ, അവയ്ക്കിടയിലും അകാരണമായി ഏകപക്ഷീയമായി അടച്ചിടപ്പെട്ട കുറേ മുറികൾ കണ്ടു. അവയ്ക്കുള്ളിലെ മൗനം വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എല്ലാവരുടേയും ഇൻബോക്സുകളിൽ കയറിയിറങ്ങി. പലമുറികളും ഓർമകളുടെ ശവപറമ്പാണ്. പറഞ്ഞതും പങ്കിട്ടതുമായ പലകാലത്തിന്റെ ഓർമകൾ.  ഓർമകൾ ഒരുമിച്ച് നെയ്തതാണെങ്കിലും പക്ഷെ ഇപ്പോഴത് ഒരാളിന്റേത് മാത്രമായി അറിഞ്ഞോ അറിയാതെയോ ചുരുങ്ങിയിരിക്കുന്നു. 

ഏറെക്കാലം അടച്ചിടപ്പെട്ട് പിന്നീട് പൊടുന്നനെ ഒരു സന്ദേശമായോ വിളിയായോ വന്ന് പഴയ ഓർമകളെ വിളിച്ചുണർത്തി പിന്നെയും മൗനത്തിലേക്ക് നടന്നുപോയവരേയും കണ്ടു. ഓർമകളുടെ ഭാരം ചുമന്ന് ജീവിക്കുന്നവർക്ക്, അവയുടെ മുറിവുകൾ ഉണങ്ങാതെ നീറി കഴിയുന്നവർക്ക്, അത് അസഹനീയമാണ്. ഓർമകളുടെ ഭാരമൊന്നുമില്ലാതെ, ഒരു അപ്പൂപ്പൻ താടിപോലെ പാറിനടക്കുന്നവർക്ക് കാറ്റിന്റെ ​ഗതിയെ കുറിച്ച് മാത്രമാണ് ആവലാതി. കാറ്റിൽ ഒരിടത്ത് പാറിയെത്തി പിന്നെയും അടുത്ത കാറ്റ് പിടിച്ച് അടുത്തിടത്തേക്ക് ഓർമകളും ജീവിതവും അവർക്ക് പറിച്ച് നടാനാവും. അപ്പോഴും ഓർമകളുടെ ചിലന്തി വലയിൽ കുരുങ്ങിയവൻ ജീവന് വേണ്ടി കൈകാലിട്ടടിക്കുകയാവും...

ഇന്ന് ഒരു സുഹൃത്ത് അയച്ച മെസേജ് ഇങ്ങനെയായിരുന്നു

'നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ഒരാളുടെ മനസ്സിൽ നമ്മൾ മരിച്ചുകഴിഞ്ഞിരിക്കുന്നു എന്ന അറിവാണ് മരണത്തേക്കാൾ വേദനാജനകം' 

ശരിയാണ്. യഥാർത്ഥ മരണത്തിനപ്പുറം ഓർമകളും കാഴ്ച്ചകളും ഉണ്ടാകുമോയെന്നറിയില്ല, പക്ഷെ ഈ മരണത്തിനപ്പുറവും ഒരാൾക്ക് ഓർമ്മകളും കാഴ്ച്ചകളും പേറി പിന്നെയും മരിച്ച് ജീവിക്കേണ്ടിവരും...തീർച്ച!

Tuesday, 22 February 2022

അപൂർണമെങ്കിലും....

ഫെബ്രുവരി
ആദ്യമായി ഇഷ്ടം തോന്നിയ പെൺകുട്ടിയെ ആദ്യമായി കണ്ടത്,
ആദ്യമായൊരു പെൺകുട്ടി ഇഷ്ടം തുറന്നുപറഞ്ഞത്,
പരസ്പരം പ്രണയമാണെന്ന്  തിരിച്ചറിഞ്ഞത് ,
ഭൂമിയിലൊരിടത്ത് ഉറങ്ങാൻ
ഒരുപിടി മണ്ണ് വാങ്ങിയത്,
ഒപ്പിട്ട് ഒരാളെ കൂടെകൂട്ടിയത് ,
എല്ലാം ഫെബ്രുവരിയിൽ തന്നെ.
പക്ഷെ, എല്ലാം  വിശുദ്ധ മാസത്തിലെ
ചന്ദ്രനെ പോൽ
പൂർണമാകാതെ
പാതിയിൽ ഉപേക്ഷിക്കപ്പെട്ട യാത്രകളായി.
നോവിക്കുന്ന നിനവുകളുടെ ഭാരമേറെയെങ്കിലും
ഫെബ്രുവരി,
നീ പ്രിയങ്കരി തന്നെ...

(22022022)

Wednesday, 16 February 2022

വീണ്ടും മഴ...

നല്ല മഴയുള്ള ദിവസമായിരിക്കണം
മരിക്കേണ്ടത് .
ഇഴമുറിയാത്ത മഴയത്ത്
ചിത കത്താൻ മടിക്കണം. 
മഴവീണ കണ്ണുകളിൽ
നിറയുന്നത് കണ്ണുനീരാണെന്ന്
ചുറ്റിലുമുള്ളവരെ മഴ പറ്റിക്കണം .
നല്ല മഴയത്ത് വേണം
മരിക്കാൻ....

Tuesday, 8 February 2022

മടക്കയാത്ര

മടക്കയാത്രകൾ
എപ്പോഴും വേദനയാണ്.
മനുഷ്യരിൽ നിന്നായാലും 
ഭൂപ്രദേശങ്ങളിൽ നിന്നായാലും ശരി.
ജീവിതങ്ങളായാലും
പ്രദേശങ്ങളായാലും
ഓർമകളുടെ അടയാളങ്ങൾ
നമ്മിൽ അവശേഷിപ്പിക്കും.
ഓരോന്നും നമ്മെ 
തിരികെ വിളിച്ചുകൊണ്ടേയിരിക്കും.
പ്രദേശങ്ങളിലേക്കുള്ള
മടങ്ങിപ്പോക്ക് പോലെ
പക്ഷെ അത്രയെളുപ്പമാവില്ല
ചില ജീവിതങ്ങളിലേക്കെങ്കിലുമുള്ള
തിരിച്ചൊഴുക്ക്.
നമ്മൾ എത്രയാഗ്രഹിച്ചാലും
ആ വഴികളിൽ കല്ലുകൾ
നിറഞ്ഞേകിടക്കും... 

Saturday, 5 February 2022

മതിൽ

 'താൻ ഉണ്ട് 'എന്ന് പറയുന്നവരേക്കാൾ

'ഉണ്ടായിരുന്നു' എന്ന് പറയാൻ ആഗ്രഹിക്കുന്നവരാണ്
ഇപ്പോൾ ചുറ്റിൽ.
സൗഹൃദം, ബന്ധം, സ്നേഹം എന്നതൊക്കെ ഏതെങ്കിലുമൊരു ബിന്ദുവിൽ വെച്ച് മാഞ്ഞ് ഇല്ലാതാകും.
ഒരു ഔപചാരികതയും ഇല്ലാത്തതാവണം ബന്ധങ്ങൾ.  
എന്ന് ഒരു ബന്ധത്തിലേക്ക്, അത് സൗഹൃദമാവട്ടെ, പ്രണയമാവട്ടെ, രക്തബന്ധമാകട്ടെ, ഔപചാരികത എത്തിനോക്കാൻ തുടങ്ങുന്നുവോ അപ്പോൾ മുതൽ ബന്ധങ്ങൾക്കിടയിൽ അദൃശ്യമായ മതിലുകൾ ഉയരാൻ തുടങ്ങും. 
ഒരാൾ എത്രതന്നെ എത്തിനോക്കാൻ ശ്രമിച്ചാലും കാണാൻ പറ്റാത്തത്ര ഉയരത്തിലേക്ക് മറ്റേയാൾ മതിൽ കെട്ടിക്കൊണ്ടേയിരിക്കും. 
ഒരു ചെറുദ്വാരം പോലും അവശേഷിക്കാതെ. മതിലുകൾ ഉയരുന്നുണ്ട്, 
ഓർമയുടെ പ്രളയജലത്തെ എൻറ്റെ കഴുത്തറ്റം  കെട്ടിനിർത്തി. 
വൈകാതെ മുങ്ങിചാവും...  

Wednesday, 2 February 2022

പരേതാത്മാക്കൾ

ചിലരുണ്ട്,
ഒരാളുടെ
ഹൃദയത്തിൽ
ജീവിക്കും മുമ്പേ
മരിച്ച്  പോയവർ.
അല്ലെങ്കിൽ
മരിച്ചുവീണതറിയാതെ
ഇപ്പോഴും
ജീവിക്കുന്നുണ്ടെന്ന്
സ്വയം
തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ.
ഒരുപക്ഷെ
അത്തരം
പരേതാത്മാക്കളാണ്
അധികവും,
എന്നെപ്പോലെ...!!!


Sunday, 30 January 2022

ഞാൻ മരിച്ചാൽ

ഞാ മരിച്ചാൽ
താൻ കുറിപ്പെഴുതി
ഓർമകളെ അപമാനിക്കരുത്.
അറിയാത്ത, ഇല്ലാത്ത 
ഗുണങ്ങൾ എന്നിലാരോപിക്കരുത്.
തനിക്കായ് വരച്ച ചിത്രം,
എഴുതിയ വരികൾ,
പങ്കുവെച്ച വാക്കുകൾ,
ഒക്കെയും സ്വകാര്യമാണെന്നോർക്കുക. 
അതിനാൽ 
ഓർമകളുടെ സ്വകാര്യത മാനിക്കണം
അവസാനമായി 
കാണാൻ വരാത്തതിന്,
വിളിക്കാത്തതിന്,
കേൾക്കാത്തതിന്
തൊടുന്യായങ്ങൾ 
നിരത്തരുത്.
ശവത്തിനും 
ദേഷ്യമൊക്കെ വരും.

ഞാൻ മരിച്ചാൽ
പിന്നെ താനെന്ത് ചെയ്യും ?
.......
........
('വേണ്ട, മരിക്കണ്ട'
എന്ന ഭേദഗതി
വോട്ടിനിടാതെ തന്നെ
തള്ളിയിരിക്കുന്നു.)





Monday, 24 January 2022

നമുക്ക് പങ്കുവെക്കാൻ സമയം മാത്രമാണുള്ളത്

 'ഭൂതകാലം' എന്ന സിനിമ കണ്ടു കഴിഞ്ഞദിവസം. ഷെയിൻ നിഗം നിർമിച്ച് അഭിനയിച്ച ഹൊറർ ത്രില്ലർ പടം. രേവതിയും ഷെയിനും നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. മലയാളസിനിമ അത്രയൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയമാണ് ഭൂതകാലം പറയുന്നത്. ഡിപ്രഷൻ എന്നത്. (സിനിമയിലെ ഹൊറർ പാർട്ട് പലസിനിമകളും പലകുറി ഉപയോഗിച്ച് കരിമ്പിൻ ചണ്ടിയായത് തന്നെ). അതിൽ ഷെയിൻ അമ്മയായ രേവതിയോടും കാമുകി പ്രിയയോടും സംസാരിക്കാൻ ശ്രമിക്കുന്ന, അതിനായി സ്ട്രഗിൾ ചെയ്യുന്ന സീനുകളുണ്ട്. താൻ അനുഭവിക്കുന്നത് കൃത്യമായി പറയാനാവാതെ, പറയുന്നത് മറ്റുള്ളവർ വിശ്വസിക്കാതെ തനിക്കെന്തോ പ്രശ്നമുണ്ടെന്ന് എല്ലാവരും കരുതുകയാണെന്ന് പരാതിപ്പെടുന്ന സീനുകൾ. കൌൺസിലിങ്ങിനെത്തുന്ന സൈക്കോളജിസ്റ്റിനോടും ഇത് തന്നെയാണ് വിനു എന്ന നായകൻ ശ്രമിച്ച് പരാജയപ്പെടുന്നത്. വിനുമാത്രമല്ല, വിനുവിൻറെ അമ്മയും മുത്തശ്ശിയുമെല്ലാം ഇത്തരത്തിൽ മാനസികമായ പ്രതിസന്ധികൾ നേരിടുന്നവരോ നേരിട്ടവരോ ആണ്. ക്ലൈമാക്സിന് മുമ്പായി അമ്മയോട് വിനു തൻറെ പ്രശ്നമെന്താണെന്ന് പറയുന്ന ആ ഡയലോഗ് മാത്രം മതി ഓരോ മനുഷ്യനും തെളിഞ്ഞും മറഞ്ഞും അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ, സംഘർഷത്തിൻറെ കാരണം അറിയാൻ.

നമ്മളെ കേൾക്കാൻ, സ്നേഹിക്കാൻ ഒരാളുണ്ടാവണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നാം സ്നേഹിക്കുന്നയാൾ നമ്മളെ മനസിലാക്കണമെന്നും തിരിച്ച് അതേപോലെ സ്നേഹിക്കണമെന്നും ആരും ആഗ്രഹിക്കും. ആ സമയത്ത് ഒരാൾ കേൾക്കാൻ ഇല്ലെങ്കിൽ ദേഷ്യവും വിഷമമവും തോന്നും. അത് മാത്രം മതി ആ വ്യക്തിയുമായി നമുക്ക് ദേഷ്യം തോന്നാനും പിന്നീട് പിണങ്ങാനും. ഒരുപക്ഷെ ഒരാളെ വിഷാദത്തിലേക്ക് തളളിയിടാനും അത് മാത്രം മതി.

പക്ഷെ അതേസമയം തന്നെ നമ്മളെ കേൾക്കുന്നയാൾക്ക് സമാനമായ ഒരു ആവശ്യം വരുമ്പോൾ കേൾക്കാൻ നമ്മളും തയ്യാറാകേണ്ടതുണ്ട്. പക്ഷെ പലപ്പോഴും നമുക്ക് അതിന് സാധിക്കാതെ വരുകയോ ആ സമയത്ത് നമ്മൾ മറ്റുവല്ല കാര്യത്തിലും മുഴുകിയിരിക്കുകയോ ആയേക്കാം. നമ്മളെ അവർ കേൾക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നത് പോലെ തന്നെ അവരും അവരെ കേൾക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവില്ലേ. അതിനെ പ്രതീക്ഷയെന്നോ സാമാന്യമര്യാദയെന്നോ വിളിച്ചാലും തെറ്റല്ല.


ഒരു മനുഷ്യനായാലും മറ്റ് ജീവജാലങ്ങൾക്കായാലും നമുക്ക് നൽകാനുള്ളത് നമ്മുടെ സമയം മാത്രമാണ്. ഒരാളെ കേൾക്കുമ്പോൾ അയാളുടെ പ്രശ്നത്തിന് നമ്മൾ പരിഹാരം കണ്ടെത്തി നൽകുന്നുവെന്നല്ല അർത്ഥം. അയാൾക്ക് ഒരു ആശ്വാസം പകരുന്നുവെന്ന് മാത്രമാണ്. ഒരു വ്യക്തിയുടെ പ്രശ്നങ്ങൾ മുഴുവനും കോംപ്ലക്സായോ ഈഗോയായോ അഹങ്കാരമായോ അതുമല്ലെങ്കിൽ അയാളുടെ തോന്നലുകൾ മാത്രമായോ വിശേഷിപ്പിച്ച് നമ്മൾ തള്ളികളയാറുണ്ട്. അങ്ങനെയാണ് പലപ്പോഴും സംഭവിക്കാറ്. പക്ഷെ അതൊന്നും അയാളുടെ വെറും തോന്നലുകളോ ഈഗോയോ ഒന്നും ആയിരിക്കണമെന്നില്ല. ഓരോ തോന്നലുകൾക്കും – തോന്നലുകൾ ആണെങ്കിൽ തന്നെ – ഓരോ കാരണങ്ങൾ അയാൾക്കും പറയാൻ കാണില്ലേ. അയാള കേട്ടാലല്ലെ അത് എന്താണെന്ന് തിരിച്ചറിയാനാവു. അയാളെ കേൾക്കാതെ എങ്ങനെ നിങ്ങൾ അയാളുടെ പ്രശ്നം വെറും തോന്നലായി അടയാളപ്പെടുത്തും. അങ്ങനെ നമ്മൾ ഒരാളുടെ വെറും തോന്നലായി അടയാളപ്പെടുത്തിയതെല്ലാം പലപ്പോഴും നമ്മുടെ മാത്രം വെറും തോന്നലുകളായിരുന്നുവെന്നതിനാലാണ് അവരിൽ പലരും വിഷാദത്തിൻറെ കൊടുമുടി കയറിയത്, ചിലരെങ്കിലും ആരും കാണാത്ത, കേൾക്കാത്ത ദൂരത്തേക്ക് സ്വയം ഊർന്നിറങ്ങിപ്പോയത്. അവരെ അന്ന് ഒന്ന് കേട്ടിരുന്നുവെങ്കിലെന്ന് പിന്നീട് പലപ്പോഴും നമ്മൾ സ്വയം സങ്കടപ്പെട്ടിട്ടില്ലേ. പലപ്പോഴും നമ്മൾ സ്വാർത്ഥരാകുന്നുവെന്നതാണ് വസ്തുത. നമ്മെ അന്വേഷിച്ചില്ലെങ്കിൽ, നമ്മളെ കേൾക്കാൻ മറ്റുള്ളവർക്ക് സാധിക്കാതെ പോയാൽ, വിശേഷദിവസങ്ങളിൽ നമ്മളെ ആശംസിച്ചില്ലെങ്കിൽ നമുക്ക് ദേഷ്യവും വിഷമവും നമ്മെ മൈൻഡ് ചെയ്യുന്നില്ലെന്നുമുള്ള പരാതികളും ഉയരുന്നത്. പക്ഷെ ഇതെല്ലാം നമ്മൾ തിരിച്ചുചെയ്യാറുണ്ടോയെന്ന് നമ്മൾ  പലപ്പോഴും ഒരിക്കലും സ്വയം വിശകലനം ചെയ്യാറുമില്ല. പരസ്പരം ബഹുമാനിക്കൽ തന്നെയാണ് ഏതൊരു ബന്ധത്തിലും വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ തിരക്കുകളുമായി ജിവിക്കുമ്പോൾ ഇല്ലാതാകുന്നത് ഈ പരസ്പര ബഹുമാനമാണ്. അതില്ലാതാകുന്നതോടെ ഇരുവർക്കുമിടയിലുള്ള ഇടം ഇല്ലാതാകും. അവൻ/അവൾ അവിടെ തന്നെ ഉണ്ടാകുല്ലോ, എപ്പോൾ വേണമെങ്കിലും സൌകര്യം പോലെ പരിഗണിക്കാമല്ലോ എന്ന് കരുതുന്നിടത്ത് കൊട്ടിയടക്കപ്പെടുന്നത് ആ ഇടത്തിലേക്കുള്ള ചെറുവാതിലുമാത്രമല്ല, സ്നേഹവും പ്രതീക്ഷകളുമാണ്. കാലം ഒന്നിനും ആർക്കും വേണ്ടിയും കാത്തിരിക്കില്ല. നിങ്ങൾക്ക് അനുവദിക്കപ്പെട്ട അതേ സമയം മാത്രമേ നിങ്ങളുടെ തിരക്കിനും ബന്ധങ്ങൾക്കും ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമെല്ലാം ഉള്ളു. അതിനായി വേറെ സമയം കണ്ടെത്താനാവില്ല, സൃഷ്ടിക്കാനുമാവില്ല. സമയം വിലപ്പെട്ടതാണ്, നല്ലൊരു ബന്ധം പോലെ തന്നെ.   

Saturday, 22 January 2022

നിറയെ സ്നേഹം

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട
രണ്ടുകാര്യങ്ങൾ
അറിവും സമയവും. 
കൊഴിഞ്ഞുപോകുന്ന കാലത്തെ
ഇതിനേക്കാൾ നന്നായി ഓർമിപ്പിക്കതെങ്ങനെ!

 
സ്നേഹത്തെ
അക്ഷരമായും സമയമായും 
മധുരമായും
അടയാളപ്പെടുത്തിയവരേ
ഒരു നൂറുനൂറായിരം 
ഇഷ്ടം

വയസ്

പ്രായം

കൂടിയിട്ടൊന്നുമില്ല.

കാരണം,

മരിച്ചവന്

പ്രായം

ഏറുന്നില്ലല്ലോ !

Friday, 21 January 2022

പറ്റ് പുസ്തകം

യുസ്സിനൊരു കണക്കുപുസ്തകമുണ്ടത്രേ.

കൂട്ടിയും കിഴിച്ചും ഒരുവൻ

ജീവിച്ച് മരിച്ചതിൻറെ 

പറ്റ് പുസ്തകം. 

സുഖങ്ങൾ നാളേക്ക് കൂട്ടിവെച്ച്

ഇന്ന് ജീവിക്കാൻ മറന്നതിൻറെ 

ബാക്കിപത്രം.

എന്നാൽ ദു:ഖമാവട്ടെ 

നാളേക്ക് മാറ്റിവെക്കാതെ

അന്ന് തന്നെ കിഴിച്ചും തീർത്തു.

ഒടുവിൽ,

ഹരിച്ചും ഗുണിച്ചും

കണക്കൊക്കാതെ 

ജീവിതമവസാനിപ്പിച്ചവൻ

അവശേഷിപ്പിച്ച

കീറിപ്പറിഞ്ഞ് 

പലകുറി

കുത്തിക്കെട്ടിയ 

കണക്ക്പുസ്തകത്തിനായി

മാവിൻതടിയിലെ ചിത

അക്ഷമയോടെ

കാത്തുനിന്നു.. 




Thursday, 20 January 2022

ഒരു പേരിനാൽ അതിരിടാത്ത ഇടങ്ങൾ

മ്പാർട്ട്മെൻറിൽ വലിയ തിരക്കില്ല. മുന്നിലെ സീറ്റിലെ രണ്ട് പേർക്ക് പുറമെ അങ്ങിങ്ങായി നാലോ അഞ്ചോ പേർ മാത്രമുണ്ട് യാത്രചെയ്യാൻ.
നേരം രാത്രിയാകുന്നതേയുള്ളു. നല്ല തണുപ്പ്.
ഉള്ളിൽ ചെറിയ പനിയുള്ളതിനാലാവണം പുറത്തുനിന്ന് അടിക്കുന്ന ചെറിയകാറ്റിൽ പോലും വല്ലാതെ വിറയൽ അനുഭവപ്പെടുന്നത്. 
ചുറ്റിലുമുള്ള ജനവാതിലുകളും അടച്ച് ബാഗിലുണ്ടിയിരുന്ന ചെറിയ ഷാൾ എടുത്ത് പുതച്ചു. എന്നിട്ടും തണുപ്പ് മാറാത്തപോലെ. 
കൊവിഡ് കാലമായതിനാൽ തന്നെ ചെറിയ ആശങ്കയുണ്ട്. ജാഗ്രത പാലിക്കണമെന്ന് എത്രതന്നെ സ്വയം പറഞ്ഞാലും ശ്രമിച്ചാലും പാളിപോകുന്ന ചിലസമയങ്ങളുണ്ടാകും. അതുമതി സ്ഥിതി മാറിമറിയാൻ. മുന്നിലെ യാത്രക്കാരിൽ ഒരാൾ മാസ്ക്ക് താടിക്കാണ് ഇട്ടിരിക്കുന്നത്. മറ്റേയാളാകട്ടെ ഇട്ടിട്ടേയില്ല. പരസ്പരം പുണർന്ന് കളിയും ചിരിയുമായി ഇരിക്കുകയാണ് ഇരുവരും. 

ഏറെ നേരം നെറ്റ്ഫ്ലിക്സിലും പിന്നീട് പുസ്തകത്തിലും തലപൂഴ്ത്തിയിരുന്നിട്ടും നേരം കടന്നുപോകാത്തത് പോലെ. തീവണ്ടി കൃത്യസമയം പാലിച്ചാണ് ഓടുന്നതെങ്കിലും വേഗത പോരാത്തത് പോലെ. വേഗത്തിൽ എത്തിച്ചേരാനുള്ള ഇടം മാത്രമായിരുന്നു മനസിൽ. ഇറങ്ങാനുള്ള സ്റ്റോപ്പല്ല, മറിച്ച് അവിടെ സ്വീകരിക്കാനായി എത്തുന്ന ആളിലായിരുന്നു ചിന്തകൾ മുഴുവനും. ഒരുമിച്ചൊരു ചൂടുകാപ്പി കുടിക്കാൻ,  അവസാനം കണ്ട് പിരിഞ്ഞതിനു ശേഷമുള്ള ഓരോ വിശേഷവും പങ്കുവെക്കുവാൻ, വിഷമങ്ങളുടെ, വേദനകളുടെ ഭാണ്ഡകെട്ട് ഇറക്കാൻ, അനുവാദമില്ലാതെ പൊടിഞ്ഞിറങ്ങുന്ന കണ്ണീർതുള്ളികൾ തോളിൽ ചാരി തുടയ്ക്കാൻ, നമ്മെ അറിയുന്ന, പറയാതെ തന്നെ നമ്മെ മനസിലാക്കുന്ന ആ ഒരാൾ,  മുൻവിധികളോ പ്രതീക്ഷകളോയില്ലാതെ നമ്മെ സ്വീകരിക്കൊനൊരുവൻ, കരയാനൊരു തോൾ എന്നതിലുപരി താങ്ങാവാനൊരു തോൾ എന്നതാണ് ഈ ബന്ധത്തിൻറെ കരുത്ത്.  അതൊരുഭാഗ്യമാണ്. അത്തരമൊരാൾ കാത്ത് നിൽക്കാൻ  ഉണ്ടെന്നത് തന്നെ ഏതൊരുയാത്രയ്ക്കും വേഗതപോരെന്ന് വെറുതെയെങ്കിലും തോന്നിപ്പിക്കും. അതൊരു പ്രണയം ഒന്നുമാകണമെന്നില്ല. പ്രണയത്തിനുമപ്പുറമാണ് അവ. ഒരു പേരിട്ട് അതിൻറെ അതിർവരമ്പുകളിൽ തളച്ചിടപ്പെടാനാവാത്തതാണ് അത്തരം ബന്ധങ്ങൾ. 

ഇങ്ങോട്ടുള്ള യാത്ര തുടങ്ങിയത് തന്നെ തിരിച്ചുള്ള ഈ യാത്രയ്ക്ക് വേണ്ടിയായിരുന്നു എന്ന് പറഞ്ഞാലും തെറ്റല്ല. ദീർഘവും ഹ്രസ്വവുമായ ഓരോ യാത്രയ്ക്കൊടുവിലും നമ്മൾ കാലൂന്നി ഇറങ്ങുന്നത് സ്ഥലങ്ങളിലേക്കല്ല, അവിടെ നമ്മെ കാത്തിരിക്കുന്നവരുടെ ഹൃദയത്തിലേക്കാണ്.

മണിക്കൂറുകളോളം സമാന്തരപാളങ്ങളിലൂടെ കൂകി കിതച്ച് തീവണ്ടി പ്ലാറ്റ് ഫോമിൽ വന്ന് നിന്നപ്പോൾ തന്നെ കാലുകൾ ചിന്തകളേക്കാൾ വേഗത്തിൽ ചലിച്ചു. കാത്തിരുന്ന, നമ്മെ കാത്തിരിക്കുന്ന ആ ഇടത്തിലേക്ക് ഓടിയെത്താനുള്ള വ്യഗ്രത. ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ കാത്തുനിൽക്കുന്നവനിലേക്ക് അകലെ നിന്നേ കരങ്ങൾ നീട്ടി ഓടിയെത്തുമ്പോൾ മനസിനുള്ളിൽ അണതീർത്ത് തടഞ്ഞ അനേകായിരം സങ്കടങ്ങൾ ഇല്ലാതാവുന്നത് അറിയുന്നു. പനിയും ക്ഷിണവും വിശപ്പുമെല്ലാം വെറും തോന്നലായി മാറിയത് പോലെ.

വാഹനത്തിലേറി നഗരപാതയിലൂടെ നക്ഷത്രങ്ങൾ ചിതറി കിടക്കുന്ന ആകാശം നോക്കി യാത്രയാകവെ  എങ്ങോ ഒളിഞ്ഞിരുന്ന സന്തോഷം പതിയേ വെളിച്ചത്തിലേക്ക് നടന്നുകയറുന്നപോലെ...

Sunday, 16 January 2022

ഓർമകളുടെ കൂമ്പാരത്തിൽ വേരാഴ്ത്തിയവർ...

 ഓഫീസിലെ ചായസമയത്തിനിടെ ഒരിക്കൽ സംഭാഷണമധ്യേ കഴിഞ്ഞുപോയകാലത്തിന്റെ ഓർമകൾ ഉണ്ടായിരിക്കണമെന്ന വാദത്തെ രണ്ട് സുഹൃത്തുക്കൾ അതിശക്തമായി എതിർത്തു. ഭൂതകാലത്തിലെ ഓർമകളല്ല, വർത്തമാന യാഥാർത്ഥ്യം മാത്രം മതിയെന്നായിരുന്നു അവരുടെ മറുവാദം. അതായത് ഈ നിമിഷത്തിൽ ജീവിക്കുക. അതിനപ്പുറവും ഇപ്പുറവും ഇല്ല. അതേകുറിച്ചാലോചിക്കുന്നത് പോലും ഈ നിമിഷത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കുമെന്ന്. വർത്തമാനകാലത്തിലെ ഈ നിമിഷത്തിൽ ജീവിക്കുമ്പോഴും കഴിഞ്ഞതിനെ കുറിച്ച് മറക്കാനാവില്ലെന്ന് തന്നെ ഞാൻ ആവർത്തിക്കുന്നു. കാരണം നാം ഇന്ന് ഈ നിമഷത്തിൽ എവിടെ നിൽക്കുന്നുവെന്നതിൽ പോലും പോയകാലത്ത് നമുക്ക് പറ്റിയ അബദ്ധങ്ങൾ, ശരികൾ, തെറ്റുകൾ, എടുത്ത തീരുമാനങ്ങൾ, എടുക്കാതെ പോയ തീരുമാനങ്ങൾ....അങ്ങനെ എല്ലാത്തിനും അതിന്റേതായ പങ്കുവഹിക്കാനുണ്ട്. പിന്നിട്ട വഴികളിൽ നാം ചവിട്ടിയ കല്ലും മുള്ളുമായിരിക്കാം ഒരുപക്ഷെ ഒരാളെ കഠിനനോ ദുഖിതനോ ആകിയത്. വിഷാദത്തിലേക്കും അന്തർമുഖത്വത്തിലേക്കും ഒരുവനെ തള്ളിയിട്ടതും അതേ അനുഭവങ്ങളായിരിക്കാം. പിന്നിട്ട വഴി നിറയെ പൂക്കളും വർണങ്ങളും മാത്രം നിറഞ്ഞുനിന്ന ഒരുവന്റെ ഓർമയം അനുഭവവുമായിരിക്കില്ല അവന്റേത്. വർണശബളമായിരുന്ന ഓർമകൾ‌ പേറുന്നവൻ കണ്ട ജീവിതമായിരിക്കില്ല മറ്റേയാളുടേത്. ഇരുവരും ഈ നിമിഷത്തിൽ എത്തിനിൽക്കുന്നത് രണ്ട് വ്യത്യസ്ഥ ധ്രുവത്തിലായിരിക്കാം. അതിനാലാണ് പോയകാലത്തിന്റെ ഓർമകൾ, നടന്ന വഴികൾ, നാം മറക്കരുതെന്ന് ഞാൻ കരുതുന്നത്. അത് പക്ഷെ അവയോർത്ത് വിലപിക്കാനോ പരിതപിക്കാനോ അല്ല, മറിച്ച് നാം എങ്ങനെ ഇവിടെയെത്തി എന്ന് സ്വയം ബോധ്യപ്പെടുത്താൻ വേണ്ടി മാത്രം. 

ഓർമകൾ എന്തുകൊണ്ടാണ് നമുക്ക് പ്രിയങ്കരമാകുന്നതെന്ന് ഓർത്തിട്ടുണ്ടോ? ഓർമകളെ നാം ഓർക്കുന്ന വിധമാണ് അവയെ നമുക്ക് പ്രിയങ്കരമാക്കുന്നത്. എഴുതിവെച്ച ഡയറിയുടെ പേജുകളോ സോഷ്യൽ മീഡിയയിലെ ടൈംലോനോ അല്ലാതെ നാം നമ്മുടെ സ്വന്തം തലച്ചോറിൽ ശേഖരിച്ചുവെച്ചിരിക്കുന്ന ഓർമകളാണ് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട ഓർമകൾ. അവ ചിലപ്പോൾ കുട്ടിക്കാലത്തെ കുറിച്ചള്ളതാവാം, സ്ക്കൂളിലെ ആദ്യദിനത്തെ കുറിച്ചാവാം, അതുമല്ലെങ്കിൽ സഹോദരങ്ങളുമായി ചേർന്ന തിയ്യേറ്ററിൽ പോയി കണ്ട ചിത്രങ്ങളായിരിക്കാം. കാലപ്രയാണത്തിൽ അവരെല്ലാം പലവഴിക്കായിട്ടുണ്ടാകാം. കാണുന്നതും സംസാരിക്കുന്നതുമെല്ലാം വല്ലപ്പോഴമെന്ന നിലയിലായിരിക്കാം. എന്നിരുന്നാലും അവരിപ്പോഴും നമുക്ക് ഏറെ പ്രിയപ്പെട്ടവരായിതന്നെ തുടരുന്നുണ്ടാവും. അത് അവർക്കൊപ്പം പങ്കുവെച്ച ഓരോ നിമിഷങ്ങളുടെ ഓർമകളാലാണ്. സന്തോഷം മാത്രമല്ല, ചില സങ്കടങ്ങളേയും ഓർമകൾ മധുരംപുരട്ടിതരും. പരാജയപ്പെട്ട ആദ്യപ്രണയത്തെ ഇപ്പോഴും ഉള്ളിലൊരു ചെറു നീറ്റലായി അവശേഷിപ്പിക്കുന്നത് അതിനെ കുറിച്ചുള്ള നൊമ്പരപ്പെടുത്തുന്ന ഓർമകൾ ആണ്. നമ്മെ വിഷമിപ്പിച്ച, വേദനിപ്പിച്ച കൂട്ടുകെട്ടുകളെ നാം അകറ്റിനിർത്തുന്നതും ഇതേ ഓർമകൾ നമ്മിൽ നിറയുന്നതുകൊണ്ടാണ്. അതിനാലാണ് ഓർമകളെ ഓർക്കാതെ മനുഷ്യന് ഈ നിമിഷത്തിൽ വാഴാനാവില്ലെന്ന് ഞാൻ കരുതുന്നത്.

കരുത്ത് ഓർമകളാണ്. സന്തോഷിപ്പിക്കുന്ന, വേദനിപ്പിക്കുന്ന, വെറുപ്പേറ്റുന്ന, അരിശം പിടിപ്പിക്കുന്ന, നിരാശ തോന്നിപ്പിക്കുന്ന, കണ്ണുനനയിപ്പിക്കുന്ന, വിതുമ്പിക്കുന്ന ഓർമകളുടെ വലിയ കൂമ്പാരമാണ് കരുത്ത്. ആ കൂമ്പാരത്തിലാണ് ഞാനെന്റെ വേരുകൾ ആഴ്ത്തിയിരിക്കുന്നത്. ഊർജ്ജം വലിക്കുന്നത്. 


Saturday, 15 January 2022

ഭീമൻറെ വഴിയും വികസനവും

കുട്ടിക്കാലത്ത് മാറഞ്ചേരിയിൽ താമസിച്ചിരുന്ന വാടക വീടിന് പിന്നിൽ ഒരു നടവഴിയുണ്ടായിരുന്നു. രണ്ട് വലിയ മതിലികൾക്കിടിയിൽ ഞെങ്ങിഞെരുങ്ങിയെന്നവണ്ണം ഒരു നടവഴി. ഒരുപക്ഷെ ഇപ്പോഴും അതവിടെ കാണുമായിരിക്കും. മാറഞ്ചേരി ടൗണിന് വളരെ അടുത്തായി അബൂബക്കർ മാഷുടെ (പേര് അത് തന്നെയാണെന്നാണ് ഓ‍ർമ) വീടിനോട് ചേ‍ർന്നുള്ള ആ വഴിയിലൂടെ കഷ്ടിച്ച് ഒരാൾക്ക് കടന്നുപോകാം. തൊട്ടുതാഴെയുള്ള കുറച്ച് വീട്ടുകാർക്ക് വഴിനടക്കാനായി വിട്ടുകൊടുത്തതാവണം. ആ നടവഴിയുടെ ഒരറ്റത്ത് സ്റ്റെപ്പുകളാണ്. ആ സ്റ്റെപ്പിറങ്ങിയാൽ ആദ്യമുള്ളത് പ്രസാദിന്റെ വീടാണ്. പ്രസാദും ഞാനും മാറഞ്ചേരി സ്ക്കൂളിലെ അദ്ധ്യാപികയായിരുന്ന അയിഷ ടീച്ചറുടെ മകൻ രാജേഷും എത്രയോ തവണ അബൂബക്കർ മാഷുടെ കമുകിൻ തോട്ടത്തിൽ ക്രിക്കറ്റ് കളിച്ചിരിക്കുന്നു. എത്രയോ തവണ കമുങ്ങിന്റെ മണ്ടക്ക് കുടുങ്ങിയ പന്ത് എടുക്കാൻ വേണ്ടി അടക്കാ പറിക്കാൻ ആളുവരുന്നതും നോക്കി അക്ഷമയോടെ കാത്തിരുന്നു. ചിലദിവസങ്ങളിൽ പ്രസാദിന്റെ വീടിനോട് ചേർന്നുള്ള ചെറിയ കുളത്തിൽ തോർത്ത്  വിരിച്ച് കുഞ്ഞുമീനുകളെ പിടിച്ചു കളിച്ചു. കുളത്തിലിറങ്ങി കളിക്കുന്നതിന് പലകുറി തല്ല് വാങ്ങികൂട്ടിയിട്ടുണ്ട് അന്ന്. പ്രസാദിന്റെ വീട്ടുകാരടക്കം ഏതാണ്ട് ആറേഴ് വീടുകാരുണ്ടായിരുന്നു അന്ന് ആ നടവഴിയെ ദിനംപ്രതി ആശ്രയിക്കുന്നവരായിട്ട്. ഇവർക്ക് മാറഞ്ചേരി ടൗണിലേക്ക് എളുപ്പത്തിലെത്താനുള്ളതാണ് ആ വഴി. ഏകദേശം 30-40 മീറ്ററോളം നീളം കാണണം ആ ചെറിയ ഇടവഴിക്ക്. എതിരെ ഒരാൾ വന്നാൽ പരസ്പരം മറികടന്ന് പോകാൻ പോലും ​ഗ്യാപ് ഇല്ലാത്തത്ര ഇടുങ്ങിയതാണ് ആ സെൻട്രൽ ജയിലിന്റേതിനെ അനുസ്മരിപ്പിക്കുന്ന മതിലുകൾക്കിടയിലുള്ള ആ വഴി. സാമാന്യം നല്ല തടിയുള്ള ഒരാളാണേൽ പിന്നെ മതിൽ ഭിത്തിയിൽ തടിയുരയാതെ നേരെചൊവ്വെ കടന്ന് പോകാനും കഷ്ടമാണ്.  



ഇപ്പോൾ ആ വഴിയെ കുറിച്ച് പെട്ടെന്ന് ഓ‍ർമിക്കാൻ കാരണം ഒരു സിനിമയാണ്. ഭീമന്റെ വഴി എന്ന കുഞ്ചാക്കോ ബോബൻ സിനിമ. സിനിമയിലെ പോലെ കസേരയിൽ ഇരുത്തി ആരേയും ആ ഇടവഴിയിലൂടെ കൊണ്ടുപോയതായി ഓർമയിലില്ല. പൊതുവഴിയല്ലെങ്കിൽ കൂടി നാട്ടുകാരുടെ പറമ്പുകളിലൂടെ നടന്ന് ടൗണിന് പുറത്ത് മെയിൻ റോഡിലേക്ക് എത്താമെന്നതിനാൽ ആശുപത്രി അടക്കമുള്ള അത്യാവശ്യഘട്ടങ്ങളിൽ അവർ ആ മാർ​ഗമാണ് ആശ്രയിച്ചിരുന്നത്. നാട്ടിൻപുറമായതിനാൽ തന്നെ ആളുകൾ പരസ്പരം നല്ല സഹകരണത്തോടെയാണ് അന്നൊക്കെ കഴിഞ്ഞിരുന്നത്. (പ്രദേശത്തെ ഇന്നത്തെ അവസ്ഥ അറിയില്ല). മാത്രവുമല്ല ഇന്നത്തെ പോലെ അന്നാരും തങ്ങളുടെ അതിരുകൾ മതിലുകൾ കെട്ടി വേർതിരിച്ചിരുന്നില്ല. അതിനാൽ തന്നെ ഭീമന്റെ അമ്മയെ കൊണ്ടുപോയത് പോലെ ആരെയും കഷ്ടപ്പെട്ട് ആ വഴി ആശുപത്രിക്ക് കൊണ്ടുപോയിട്ടില്ല. വഴി വലുതാക്കാൻ ആവശ്യപ്പെട്ട് ആരും ​ഗുസ്തിപിടിച്ചതുമില്ല. 

വണ്ടികൾ എത്തിപ്പെടാത്ത, കഷ്ടിച്ച് ഒരു ബൈക്കിന് മാത്രം സഞ്ചരിക്കാവുന്ന നിരവധി വഴികൾ ഇപ്പോഴും കേരളത്തിലെ പല​ ഉൾ​ഗ്രാമങ്ങളിലുമുണ്ട്. പാലക്കാടിലെ ചില ഉൾനാടൻ ​ഗ്രാമങ്ങളിലൂടെയുള്ള യാത്രകളിൽ അത്തരം വഴികൾ കണ്ടിട്ടുണ്ട്. ന​ഗരങ്ങളിലെ ആറടി പാതയേക്കാൾ മനോഹരമാണ് ​ഗ്രാമങ്ങളിലെ മൂന്നടിപാതയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ന​ഗരത്തിലെ കോൺ​ക്രീറ്റ് പാകിയ റോഡുകൾക്ക് സഞ്ചാരസുഖമുണ്ടെങ്കിലും മനോഹാരിതയും അനുഭൂതിയും കുറവാണ്. പച്ചപ്പുല്ലു നിരന്ന്, ചെറുങ്ങനെ വളഞ്ഞും നീവർന്നും നീളുന്ന മൂന്നടിപാത, ഓരങ്ങളിൽ തണൽ വിരിച്ച മരങ്ങൾ, വഴിനീളെ കൊഴിഞ്ഞു വീണ കരിയിലകൂട്ടങ്ങൾ...അവയിലൂടെ നടക്കുമ്പോൾ മണ്ണിനെ അറിഞ്ഞ് നടക്കുന്ന  അനുഭൂതിയാണ്. അത് പോലെതന്നെയാണ് പാടവരമ്പത്തുകൂടിയുള്ള യാത്രയും. ചെളിയും തവളയുമെല്ലാം നിറഞ്ഞപാടവരമ്പിലൂടെ വീഴുമോ എന്ന ഉൾഭയത്തോടെയാണ് നടക്കുന്നതെങ്കിലും മനസിനൊരു കുളി‍ർമാണ്. ന​ഗരജീവിതത്തിനിടെ നഷ്ടമാകുന്ന പലതുകൾക്കിടയിലെ ഒന്ന്.

ഈ ​നാടൻജീവിതവും പാടങ്ങളും വരമ്പുകളുമെല്ലാം ഇന്ന് അർബനൈസേഷന്റെ ഭാ​ഗമായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ​ഗ്രാമങ്ങളിലേക്ക് ന​ഗരങ്ങൾ വളരാൻ തുടങ്ങിയപ്പോൾ ആദ്യം സംഭവിച്ചത് മനുഷ്യൻ അവനിലേക്ക് തന്നെ ചുരുങ്ങാൻ തുടങ്ങിയതാണ്. അതോടെ അതിരുകളില്ലാതെ തുറന്നുകിടന്നിരുന്ന അവന്റെ പറമ്പിന്റെ മൂലകളെ സിമന്റ് പാകി മിനുക്കിയ കൽക്കെട്ടുകൾ ബന്ധിപ്പിച്ച് ജയിൽ തീ‍ർത്തു. പാടങ്ങളും പുഴകളും ജലാശയങ്ങളുമെല്ലാം നികത്തി വികസനത്തിന്റേയും അന്തസിന്റേയും അടയാളങ്ങൾ ഉയ‍ർത്തി. പ്രസാദിന്റെ വീടിന് സമീപത്തെ ചെറുകുളവും ഇപ്പോഴില്ലാതായി കാണുമോ? അറിയില്ല. വികസനത്തിന്റേ പേരിൽ പക്ഷെ നാട്ടിലെ പല തണ്ണീർതടങ്ങളും തോടുകളും സ്ക്കൂളിന്റെ വിശാലമായ ​ഗ്രൗണ്ടുമെല്ലാം ഇല്ലാതായത് അറിയാം. കുന്നും പാറയും ഇടിച്ച് കല്ലും മണ്ണും ഇട്ട് നികത്തിയ തണ്ണീർത്തടങ്ങളും പുഴകളും കായലുകളും തോടുകളുമെല്ലാം നിരവധി കണ്ടിട്ടുണ്ട്. ഇനിയും ആർക്കോ വേണ്ടി വരാനിരിക്കുന്ന വല വികസന പദ്ധതികളും ഇല്ലാതാക്കാൻ പോകുന്നത് ശേഷിക്കുന്ന ഭൂമിയുടെ ഉറവകളെയാണ്, ആവാസവ്യവസ്ഥയെയാണ്. കെ റെയിലായാലും വിഴിഞ്ഞം തുറമുഖമായാലും ശരി,  ഇടിച്ചും നികത്തിയും നാം ഇല്ലാതാക്കുന്നത് ഭൂമിയുടെ യഥാർത്ഥ അവകാശികളുടെ ജീവിക്കാനുള്ള അവകാശത്തെയാണ്. 

Tuesday, 11 January 2022

നിങ്ങൾ വാഴ്ക, വേദനയില്ലാത്ത ലോകത്തെ കാഴ്ച്ചകളുമായി...

കൊച്ചി.

കൊച്ചി നഗരത്തിനോട് ഇത്രമാത്രം എന്തുകൊണ്ടാണ് പ്രിയമെന്നത് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. പൂച്ച എങ്ങനെ വീണാലും നാല് കാലിൽ എന്ന് പറയുന്നത് പോലെയാണ് കൊച്ചിയുമായി ഇപ്പോഴുള്ള ബന്ധം.  ഏത് നഗരത്തിലേക്ക് പറിച്ചുനടപ്പെട്ടാലും ഉറക്കാതെ അവസാനം തിരികെ കൊച്ചിയിൽ തന്നെ എത്തിപ്പെടും. ഇങ്ങനെ ഏതെല്ലാമോ ഊരുകളിൽ കറങ്ങിയും ജീവിച്ചും കൊച്ചിയുടെ മടിയിൽ തന്നെ എത്തിച്ചേർന്നത് ഇപ്പോൾ ഏതാണ്ട് നാലാം തവണയാണ്. 

2009 ജനുവരി 31 നാണ് ആദ്യമായി കൊച്ചിയിൽ ഔദ്യോഗികമായി എത്തിച്ചേർന്നത്. ഉത്തരേന്ത്യയിലേക്ക് പോകുന്ന  ഏതോ തീവണ്ടിയിലേറി രാത്രി പത്ത് മണിയോടെ നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. അന്ന് സ്റ്റേഷനിൽ സ്വീകരിക്കാനെത്തിയത് റോബിൻ ചേട്ടനായിരുന്നു. എൻറെ ട്രോളി ബാഗും വലിച്ച് നടന്ന ആറടിയിലേറെ ഉയരമുള്ള ആ മനുഷ്യൻറെ പിന്നാലെ നടന്നാണ് കൊച്ചിയിലെ ഇന്നും തുടരുന്ന യാത്രകൾ ആരംഭിച്ചത്. 

കൊച്ചിയിൽ എത്തുമ്പോൾ ആശങ്കകൾ ഏറെയായിരുന്നു. വ്യക്തിപരമായും ഔദ്യോഗികപരമായുമുള്ള ആശങ്കകൾ. എപ്പോഴും വാർത്തകൾ നിറഞ്ഞേനിൽക്കുന്ന കൊച്ചി പോലൊരു ഇടത്തെ  ബ്യൂറോയിലേക്ക് വരുന്നതിൻറെ ആശങ്ക, അവിടെ വലിയ റിപ്പോർട്ടർമാരുള്ളിടത് എത്രമാത്രം നമ്മൾ പരാജയമാകുമോ എന്ന ഉൾഭയം, പുതിയ ആളുകൾ, പുതിയ നഗരം, അങ്ങനെ ഔദ്യോഗികമായ കാരണങ്ങൾ പലത്. എങ്കിലും പരാജയപ്പെടുന്നതിൻറെ അവസാനനിമിഷം വരേയും ആത്മവിശ്വാസം വെടിയാതെ, അപ്രതീക്ഷിതമായത് മാത്രം പ്രതീക്ഷിക്കുക എന്ന് സ്വയം പറഞ്ഞ് തുടങ്ങി. ഓഫീസ് വണ്ടിയുമായി എന്നെ പിക്ക് ചെയ്യാൻ റോബിൻ ചേട്ടൻറെ ഒപ്പം വന്നത് അശോകേട്ടനായാരുന്നു. മറ്റൊരു അജാനുബാഹു. കണ്ടാൽ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ശരീരവും നോട്ടവും ഭാവവുമെല്ലാം. ഫോഴ്സ് വിക്ടർ വാഹനത്തിൽ കൊച്ചിയിലെ ആദ്യയാത്ര. റോബിൻ ചേട്ടൻറെ കൂടെ നേരെ പോയത് ബ്യൂറോയിലേക്കാണ്. തട്ടുകടയിൽ നിന്ന് ഭക്ഷണവും വാങ്ങി തന്ന് എന്നെ വണ്ടിയിൽ ഇരുത്തി എംജി റോഡിലെ ഓയാസിസ് (പേര് ഇത് തന്നെയാണെന്നാണ് ഓർമ) ബാറിൽ പോയി രണ്ട് എണ്ണം അടിച്ചാണ് അന്ന് റോബിൻ ചേട്ടൻ എന്നെ റൂമിലാക്കിയത്. താമസവും റോബിൻ ചേട്ടൻറെ കൂടെ തന്നെയായിരുന്നു. 

പിറ്റേന്ന് മുതൽ കൊച്ചിയിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഇന്ന് വരെ പണിയെടുത്തതിൻറെ പകുതിയോളം കാലയളവും ചിലവഴിച്ചത് കൊച്ചിയിൽ തന്നെ. എത്രകാലം എന്നറിയാതെ ഇപ്പോഴും തുടരുന്നു കൊച്ചിയിലെ ഔദ്യോഗിക ജീവിതം. ആദ്യത്തെ വരവിൽ വെറും ഒരു വർഷമായിരുന്നു കൊച്ചിയിൽ ഉണ്ടായിരുന്നത്. പിന്നീട് പലകുറി ട്രാൻസ്ഫറായി കൊച്ചിയിലെത്തി. 



പ്രസ് ക്ലബും സമരംനടക്കുന്ന കണയ്യന്നൂർ താലൂക്ക് പരിസരങ്ങളുമായിരുന്നു ആദ്യകാലത്തെ ഒട്ടുമിക്ക അസൈൻമെൻറുകളും. കൊച്ചിയിലെ സൌഹൃദങ്ങൾ മിക്കതും പൂത്തത് കണയന്നൂർ താലൂക്ക് ഓഫീസിനുമുന്നിലെ ആ മരച്ചുവട്ടിലാണ്. അന്ന് മുതൽ പിന്നീടിങ്ങോട്ടുള്ള കാലങ്ങളിലെല്ലാം കണ്ട ചിരിക്കുന്നതും പുച്ഛിക്കുന്നതുമായ മാധ്യമപ്രവർത്തകരുടെ മുഖങ്ങൾ നിരവധിയാണ്. (ചാനൽ പ്രവർത്തകരെ അംഗീകരിക്കാൻ മടിക്കുന്ന നിരവധി പത്രറിപ്പോർട്ടർമാരുണ്ടായിരുന്നു കേരളത്തിൽ ആ കാലത്ത്.  പുച്ഛിച്ചവരെല്ലാം പിന്നീട് നല്ല സുഹൃത്തുക്കളായി എന്നത് വേറെ കാര്യം. ) അവിടെ വെച്ച് പരിചയപ്പെട്ടവരിൽ ഹൃദയത്തോട് ചേർത്ത് പിടിച്ചവരിൽ ഏറെയും ഫോട്ടോഗ്രാഫർമാരായിരുന്നു. സുനോജ്, പ്രകാശൻ എളമക്കര, അഭിലാഷ് വാര്യർ, സുമേഷ്, രവിയേട്ടൻ, ഡൊമനിക്കേട്ടൻ, ജയറാമേട്ടൻ, കൃഷ്ണപ്രകാശ്, സുധർമദാസ്, ബ്രില്ല്യൺ, മെൽട്ടൺ, കുട്ടൻ ബത്തേരി, ജിപ്സൺ, യേശുദാസേട്ടൻ, സിദ്ദിഖ്.... അങ്ങനെ അസംഖ്യം പേർ. വാർത്തക്കായുള്ള യാത്രയിലും വാർത്തകൾക്കിടയിലും കൊച്ചിയിലെ പുതിയ ആളെന്ന തോന്നലുണ്ടാക്കാതെ ചേർത്തുപിടിച്ചവർ. വാർത്തകൾ എവിടെയുണ്ടെങ്കിലും ആദ്യം അറിയന്നതും ആദ്യം അവിടെ ഓടിയെത്തുന്നവരും അവരായിരുന്നു. ഫോട്ടോഗ്രാഫർമാരുമായി കൊച്ചിയിൽ നിന്നു തുടങ്ങിയ സൌഹൃദം കേരളത്തിൻറെ മറ്റിടങ്ങളിലേക്ക് ട്രാൻസ്ഫർ ആയപ്പോഴും ഗുണം ചെയ്തിട്ടുണ്ട്. മാത്രവുമല്ല, കൊച്ചിയിൽ വെച്ചുള്ള അനുഭവം കൊണ്ടുതന്നെ എവിടെ ചെന്നാലും  സുഹൃദ് വലയത്തിൽ കൂടുതലും ഫോട്ടോഗ്രാഫർമാരായി. 

കൊച്ചിയിൽ വന്നിറങ്ങിയ കാലം മുതൽ കാണുന്നതാണ് ഭൂപതിയെ. വീക്ഷണത്തിൻറെ ഫോട്ടോഗ്രാഫറായിരുന്നു എക്കാലവും ഭൂപതി. ഭൂപതി ചേട്ടൻ. കട്ടമീശയും എപ്പോഴും ഭംഗിയായി ചീകിയൊതുക്കിയ കറുത്ത തലമുടിയും. കണ്ടാൽ തന്നെ മൊത്തത്തിൽ ഒരു സുമുഖൻ. തോമസ് മാഷുടെ വിശേഷങ്ങളും തമാശകളുമായി എന്നും ഏത് കൂട്ടായ്മയുടേയും ഭാഗമാണ് മൂപ്പർ. കൊച്ചി വിട്ടശേഷവും തിരികെ കൊച്ചിക്ക് വരാൻ കാണുമ്പോഴെല്ലാം നിരന്തരം  വിളിക്കുമായിരുന്നു ഭൂപതി. ഒരിക്കലും ദേഷ്യം തോന്നിപ്പിച്ചിട്ടില്ല, മുഷിപ്പിച്ചിട്ടുമില്ല. ഇടയിൽ ഒരിക്കലാണ് ഭൂപതിയേട്ടൻ രാത്രിവിളിച്ച് ഒരു വിഷമം പറഞ്ഞത്. ഒരു സമ്മേളനത്തിനിടെ കൂട്ടുകാരിൽ ആരോ ഒരാൾ ചീത്തവിളിച്ചെന്നും പറഞ്ഞ്. മദ്യപാന സദസിനിടെയാരോ പറഞ്ഞ ചീത്തയിൽപോലും വല്ലാതെ വിഷമിപ്പിക്കുന്ന ഒരു പാവം. ആരോഗ്യപരമായ പ്രശ്നത്തെ തുടർന്ന് ജോലിയെല്ലാം വിടേണ്ടി വന്ന സമയത്ത് അധികം ഗ്യാപ്പ് ഇടാതെ വേഗം ഫീൽഡിൽ തിരികെ വരണമെന്ന് നിരന്തരം മൂപ്പർ ഓർമിപ്പിച്ചിരുന്നു. ഫീൽഡിൽ നിന്ന് നമ്മളൊന്ന് മാറിനിന്നപ്പോൾ നമ്മളെ മറന്നുപോയ നൂറുകണക്കിന് സഹപ്രവർത്തകരിൽ വ്യത്യസ്ഥനായിരുന്നു ഭൂപതി.  

പലപ്പോഴും നിർബന്ധിച്ച് പിടിച്ചുനിർത്തി ഫോട്ടോ എടുക്കും. ആംഗിളുകൾ നോക്കിയും ബാക്ക്ഗ്രൌണ്ട് നോക്കിയുമെല്ലാം പലതരത്തിൽ. എത്രഎതിർത്താലും ഫോട്ടോ ഒരെണ്ണമെങ്കിലും എടുക്കാതെ ഭൂപതി ചേട്ടൻ വിടില്ല. പക്ഷെ എടുത്ത അപൂർവ്വം ചില ഫോട്ടോകൾ മാത്രമാണ് അയച്ചുതന്നുള്ളു. പടമെവിടെയെന്ന് ചോദിച്ചാൽ എല്ലാം ഓഫീസിലെ സിസ്റ്റത്തിൽ കോപി ചെയ്തിട്ടുണ്ട്.  നോക്കി നല്ലത് എല്ലാംകൂടി ഒരുമിച്ച് അയച്ചുതരാമെന്നാവും എപ്പോഴും മറുപടി. അവസാനം വരേയും ഭൂപതി ചേട്ടൻ ആ പടങ്ങൾ അയച്ചുതന്നില്ല. ഇന്നും ഭൂപതിചേട്ടൻറെ സിസ്റ്റത്തിൽ ആ പടങ്ങളെല്ലാം കാണുമായിരിക്കും...

കരിമാട്ടേ എന്ന് ഒന്നു നീട്ടിവിളിച്ചാൽ വിടർന്ന ഒരു ചിരിയുമായി എന്നും വരവേൽക്കുന്ന വിനോദ് കരിമാട്ട്. ഒരിക്കൽ പോലും ആരോടെങ്കിലും മുഷിയുന്നതായി കണ്ടിട്ടില്ല. ഏത് സമരമുഖത്തും ചിരിച്ചുകൊണ്ട്, ചുറ്റും നടക്കുന്ന അക്രമമായാലും ആഘോഷമായാലും പ്രസന്നവദനനായി മാത്രമേ കരിമാട്ടിലിനെ കണ്ടിട്ടുള്ളു. എന്തും എപ്പോഴും ചെയ്യാൻ റെഡി. പരാതികളോ പരിഭവങ്ങളോയില്ല. എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ടുപോകാൻ കരിമാട്ടിലിനാവും. കൊച്ചിയിലെ മാധ്യമസ്ഥാപനങ്ങളെ എല്ലാം അണിനിരത്തി ഒരു ക്രിക്കറ്റ് ടൂർണമെൻറ് നടത്താൻ, അതിന് പിച്ചൊരുക്കാനായാലും വെള്ളമെത്തിക്കാനായാലും ആദ്യമുണ്ടാവുക കരിമാട്ടിലാണ്. അതിന് ശേഷമേ ആരും എത്തു. ആരുമെത്തിയില്ലെങ്കിലും കരിമാട്ടിൽ എല്ലാം ചെയ്തിരിക്കും. അത്രമാത്രം ആത്മാർത്ഥയാണ്  കരിമാട്ടിലിന്. കരിമാട്ടിലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവരാരും പിന്നീടൊരിക്കലും അയാളെ മറക്കില്ല. കരിമാട്ടിൽ അവരിലേക്ക് പകരുന്ന പുഞ്ചിരി, അത് വല്ലാതൊരുഊർജ്ജമാണ്, സ്നേഹമാണ്. 

കരിമാട്ടിലിൻറെ ക്യാമറയുടെ അതിർവരമ്പുകളിൽ ഞാൻ പെട്ടിട്ടില്ല. പക്ഷെ കരിമാട്ടിലടക്കമുള്ള കേരളത്തിലെ ഒട്ടുമിക്ക ഫോട്ടോഗ്രാഫറേയും ഒറ്റ ക്ലിക്കിൽ, ഒറ്റഫ്രെയിമിൽ ഞാൻ പകർത്തിയിട്ടുണ്ട്. കൊച്ചിയിൽ വെച്ച് 2013 ൽ നടന്ന സംസ്ഥാന സ്ക്കൂൾ കായികമേളയ്ക്കിടെ. ഫോട്ടോയെടുക്കാൻ അറിയാത്ത എന്നെ എല്ലാ ഫോട്ടോഗ്രാഫറേയും ചേർത്ത് പടമെടുത്തുതരാൻ പറഞ്ഞ് ക്യാമറ തന്നത് ദീപികയിലെ ബ്രില്യണോ ചന്ദ്രികയിലെ ശശിയേട്ടനോ ആണ് ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ ചിലപാടങ്ങളും പറഞ്ഞുതന്ന് നീയങ്ങ് ക്ലിക്ക് ചെയ്താൽ മതി, അത് പെർഫെക്ടായിരിക്കുമെന്ന് ആത്മവിശ്വാസം പകർന്നവരിൽ അന്ന് കരിമാട്ടിലുണ്ടായിരുന്നു. 

കൊച്ചിയിലെ പ്രിയമുഖങ്ങളിൽ ചിലതെല്ലാം കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനിടെ ഓർമകളായി മാറി. സീനിയർമാരേയും ഇൻറൺഷിപ്പുകാരേയും ഒരുപോലെ കണ്ട് വേണ്ട ഉപദേശങ്ങൾ നൽകി ഒപ്പം നടത്തിച്ച ജയ്ഹിന്ദിലെ ശങ്കരേട്ടൻ, അന്ന്  ഇന്ത്യാവിഷനിലും പിന്നീട് മാതൃഭൂമിയിലുമെത്തിയ വിപിൻ ചന്ദ്, പാട്ടിലൂടെയും വാർത്തകളിലൂടെയും വിസമയിപ്പിച്ച അയഞ്ഞ ഷർട്ടണിഞ്ഞ് അലസമായി കടന്നുവന്ന ഷെഫീക്ക് അമരാവതി, ശാസിച്ചും സ്നേഹിച്ചും വല്യേട്ടനായി അവസാനം വരേയും കൂടെ നിന്ന റോബിൻ ചേട്ടൻ, ഭൂപതി, കൊച്ചിയുടെ സ്നേഹം ഭക്ഷണം കൂടിയാണെന്ന് ഓർമിപ്പിച്ച് എപ്പോഴും ഞങ്ങളെയെല്ലാം ഊട്ടുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന  മീഡിയ വണ്ണിലെ രാജാക്ക, ഒടുവിൽ ഇപ്പോൾ കരിമാട്ടിലും.... 

അസുഖങ്ങളെ തുടർന്ന് സ്വയം വേദനിക്കുമ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിച്ച് മാത്രം കടന്നുപോയവരാണ് ഇവരെല്ലാം. കൊച്ചിയെ അത്രമാത്രം സ്നേഹിക്കാൻ പഠിപ്പിച്ച, കൊച്ചിക്കപ്പുറവും ഇപ്പുറവും കൊച്ചിമാത്രമേയുള്ളുവെന്ന്  തെളിയിച്ചുതന്നവരാണ് ഇവരെല്ലാം. ഒന്നും ചിരന്തനമല്ലാത്ത ലോകത്ത് ഇവർ പകർന്ന സ്നേഹം ഇപ്പോഴും കൊടാതെ ഒരു വിളക്കായി ഉള്ളിലുണ്ട്. വേദനകളില്ലാത്ത, സങ്കടങ്ങളില്ലാത്ത ലോകത്തെ പടങ്ങൾ എടുത്തും കഥകൾ എഴുതിയും ഊട്ടിയും പുതിയവരെ വഴിനടത്തിയുമെല്ലാം നിങ്ങൾ വാഴ്ക. ഒരിക്കൽ നിങ്ങളുടെ പടങ്ങൾ കാണാനും ഒപ്പം നടക്കാനും കഴിക്കാനുമെല്ലാം ഞാനും വരും. അന്നും നമുക്ക്, സമരങ്ങളില്ലാത്ത ആ ലോകത്ത്, കണയന്നൂരിലെ ആ മരച്ചുവട്ടിൽ എന്നപോലെ കഥകളുമായി കൂടണം...

Friday, 7 January 2022

'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...'

ജനുവരി ഏഴ്, 2022

മനുഷ്യന് ഓർമകളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ പലതാണ്. അതൊരു പാട്ടാകാം, വഴിയാകാം, വാക്കാവാം, ഒരു പടമാകാം...അങ്ങനെ പലതുമാകാം. എന്നാൽ ഒരേ ഘടകം പലപല ഓർമകളിലേക്ക് ഒരുമാലയുടെ മണിമുത്ത്പോലെ നിങ്ങളെ നയിക്കുന്നതായാലോ. അങ്ങനേയും പലതും കാണാമല്ലേ. 

തീർച്ചയായും അത്തരത്തിൽ പല ഓർമകളിലേയും പൊതുഘടകമായി ചിലകാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഒരു ഗാനം. കുട്ടിക്കാലത്തെ ഏറ്റവും പ്രിയങ്കരമായിരുന്ന ആ സിനിമ ഗാനം വർഷങ്ങൾക്ക് ശേഷം ഏറ്റവും പ്രിയപ്പെട്ട ഒരു ആരാധികയുടെ ഓർമയുമായും ബന്ധപ്പെട്ട് കിടപ്പുണ്ട്. വളരെ യാദൃശ്ചികമായാണ് ഇത് രണ്ടും സംഭവിച്ചത്.  ഇന്നൊരു സുഹൃത്തിൻറെ വാട്സ്പ്പ് സ്റ്റാറ്റസായി ആ പാട്ട് കണ്ടപ്പോൾ ഓർമകൾ വീണ്ടും കൂടുകെട്ടി. 
'ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...' എന്നഗാനം നോക്കത്താദൂരത്ത് കണ്ണും നട്ട് എന്ന സിനിമയ്ക്കായി ബിച്ചു തിരുമല എഴുതിയതാണ്. കാത്തിരിപ്പിൻറെ എല്ലാസൌന്ദര്യവും ആവാഹിച്ച വരികൾ. കാത്തിരിപ്പ് എന്നത് എത്രമാത്രം നൊമ്പരവും അതുപോലെ സന്തോഷവും നിറഞ്ഞതാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. 




1985 ലാണ് ഫാസിൽ സംവിധാനം ചെയ്ത, നദിയ മൊയ്തു ആദ്യമായി അഭിനയിച്ച, പത്മിനി ലീഡ് റോളിലെത്തിയ സിനിമ തിയ്യേറ്ററുകളിലെത്തിയത്. അന്ന് എനിക്ക് പ്രായം 3 വയസ്സ്. മദ്രാസ് ജീവിതം മതിയാക്കി അച്ഛനും അമ്മയും മുത്തശ്ശൻറെ തറവാട്ടിലേക്ക് മടങ്ങിയ സമയം. ഞാൻ നാട്ടിലെ നഴ്സറിയിൽ സത്യഭാമടീച്ചറുടെ കീഴിൽ പഠിക്കാൻ തുടങ്ങിയ കാലം. എരമംഗലത്തെ സീമ തിയ്യേറ്ററിൽ നിന്നോ മാറഞ്ചേരിയിലെ ജിഷാർ തിയ്യേറ്ററിൽ നിന്നോ ആകണം ആ സിനിമ കണ്ടത്. ആ കാലത്ത് പൊന്നാനിയിലോ ഗുരുവായൂരിലോ ഉള്ള വലിയ തിയ്യേറ്ററുകളിൽ പോയി സിനിമ കാണുന്ന പതിവ് ആരംഭിച്ചിരുന്നില്ല. റേഡിയോയിൽ പലകുറി കേട്ടിരിക്കണം പിന്നെയും ആ പാട്ട്. അങ്ങനെയാണ് അതിലെ ആദ്യത്തെ വരികൾ ഹൃദിസ്ഥമായത്. ആദ്യമായി പഠിച്ചത് ഈ പാട്ടിൻറെ വരികൾ ആണെന്നാണ് ഓർമ. ഇതിന് മുമ്പ് ഏതെങ്കിലും സിനിമ ഗാനം പാടി നടന്നതായി ഓർമയിലില്ല. ഹവായി ചെരുപ്പ് വെട്ടി ടയറുണ്ടാക്കി ആ വണ്ടിയും ഓടിച്ച് വീട്ടിലെ പറമ്പ് മൊത്തം ഓടി നടന്നപ്പോൾ ചുണ്ടിൽ മൂളിയിരുന്നത് ആയിരം കണ്ണുമായി എന്നപാട്ടായിരുന്നു. പാട്ടിൻറെ അർത്ഥമോ ഈണമോ ഒന്നും അന്ന് അലട്ടിയതേയില്ല. ആ ബാല്യകാല ദൃശ്യങ്ങൾ ഇന്നും മനസിൽ മായാതെയുണ്ട്. ആ ഓട്ടവും ചക്ര വണ്ടിയും വരമ്പുമെല്ലാം ഒരു ഓയിൽ പെയിൻറിങ് പോലെ അങ്ങനെ മായാതെ കിടക്കുന്നു. 
എന്നും ആ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയ ആണ്. അതുപോലെ തന്നെയാണ് അച്ചുവേട്ടൻറെ വീട്ടിലെ 'ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രിക മെഴുകിയ മണിമുറ്റം' എന്ന ഗാനവും. ആദ്യത്തെ പാട്ട് അമ്മ വീടുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെങ്കിൽ രണ്ടാമത്തെ പാട്ട് അച്ചൻറെ വീടുമായി ബന്ധപ്പെട്ടാണ്. ശാസ്താംകോട്ടയിൽ രണ്ടാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് ഈ പാട്ട് മനസിൽ കയറികൂടുന്നത്. ഈ സിനിമ 1987 ൽ ആണ് റിലീസ് ആയത്. ഒന്നാം ക്ലാസ് ചേന്നാത്ത് എൽ പി സ്ക്കൂളിൽ പഠിച്ചശേഷം രണ്ടാം ക്ലാസിൽ മൈനാഗപള്ളി എൽപി സ്കക്കൂളിലേക്ക് പറിച്ച് നട്ടപ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്. അന്നൊക്കെ വൈകുന്നേരങ്ങളിൽ വീട്ടിൽ സന്ധ്യാനാമം ചൊല്ലണമെന്നത് നിർബന്ധമായിരുന്നു. വൈകുന്നേരം പഠിക്കുന്നതിന് മുമ്പ് മേലുകഴുകി ഉമ്മറത്ത് തെളിച്ചുവെച്ച നിലവിളക്കിന് മുന്നിൽ ചമ്രംപടിഞ്ഞിരുന്ന് നാമം ചൊല്ലിയില്ലേൽ നല്ല ചീത്ത കിട്ടുമായിരുന്നു. അങ്ങനെയുള്ള ഭക്തിസാന്ദ്രമായ കാലഘട്ടത്തിലാണ് ഈ പാട്ട് ചേട്ടൻമാരൊക്കൊ പാടി നടക്കുന്നത് കേൾക്കുന്നത്. പാട്ടിൽ ആദ്യത്ത നാല് വരികഴിഞ്ഞാൽ പിന്നെ 'അച്യുതം കേശവം രാമനാരായണം കൃഷ്ണ ദാമോദരം വാസുദേവം ഭജേ' എന്ന ഹരിനാമകീർത്തനം ഉണ്ട്. ഇത് കേട്ടതുകൊണ്ടായിരിക്കണം ഒരുപക്ഷെ ഈ പാട്ട് മനസിൽ പതിഞ്ഞത്. സന്ധ്യക്ക് പാടേണ്ട ഒരു സന്ധ്യാനാമം എന്നായിരുന്നു തെറ്റിദ്ധാരണ. ഇതിനൊപ്പം തന്നെ മനസിൽ കയറികൂടിയ ഇമേജ് എന്നത് ചാണകം മെഴുകിയ മുറ്റത്തിൻറേയായിരുന്നു. ഒരുപക്ഷെ അന്നൊക്കെ മുത്തശ്ശി മുറ്റത്ത്  ചാണകം മെഴുകുന്നത് കണ്ടതിൻറെ കൂടിയോർമയാവണം ആ ഇമേജ് അങ്ങനെ പതിഞ്ഞുകിടക്കാൻ കാരണം.  ഇന്നും ആ ഇമേജ് തന്നെയാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസിലെത്തുന്നത്.

പിന്നീട് ഓരോ തവണയും ആ പാട്ടുകൾ കേൾക്കുമ്പോൾ രണ്ടിടങ്ങളിലായുള്ള കുട്ടിക്കാലവും പാട്ടിനൊപ്പം താളമായി എത്താറുണ്ട്. പിൽക്കാലത്ത് നൂറുകണക്കിന് പാട്ടുകളും കവിതകളുമെല്ലാം ഹൃദയത്തോട് ചേർന്ന് നിന്നിട്ടുണ്ടെങ്കിലും  എക്കാലത്തേയും പ്രിയപ്പെട്ട പാട്ടുകളായി ഇവ രണ്ടും തന്നെ പട്ടികയിൽ മുന്നിലുണ്ട്.  

വർഷങ്ങൾക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസിൽ ചെയ്തിരുന്ന മണിടൈം എന്ന  വാരാന്ത്യ ബിസ്നസ് പരിപാടി കണ്ട് ആരാധികയായ മുത്തശ്ശിയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടും  ആയിരം കണ്ണുമായി ആയിരുന്നു. തലശ്ശേരി മുഴുപ്പിലങ്ങാടി സ്വദേശിനിയായ മുത്തശ്ശിയുടെ കൊച്ചുമകൾ ആ പാട്ട് പലകുറി എനിക്കും മൂത്തശ്ശിക്കും വേണ്ടി പാടി തന്നിട്ടുണ്ട്. മക്കളെല്ലാം രാജ്യത്തിന് പുറത്തുള്ള ആ മുത്തശ്ശി, വഴിക്കണ്ണുമായി മക്കളും കൊച്ചുമക്കളുമെല്ലാം അവധിക്ക് നാട്ടിൽ വരുന്നതും കാത്തിരിക്കുകയായിരുന്നു. അതായിരിക്കണം  ആ പാട്ട് അവരുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നായിമാറിയതിന് പിന്നിൽ. കൊച്ചുമകൾ മാത്രമായിരുന്നു ആ മുത്തശ്ശിക്ക് കൂട്ട്. ഇന്നേവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയതും പ്രിയപ്പെട്ടതുമായ ആരാധികയാണ് ആ മുത്തശ്ശി. പലകുറി ആഗ്രഹിച്ചെങ്കിലും നേരിൽ കാണാൻ ഭാഗ്യമുണ്ടായില്ല.  

ആ പാട്ടിൻറെ സിനിമയിലെ കഥയുമായുള്ള ബന്ധമെല്ലാം ഇപ്പോൾ മാറിയിരിക്കുന്നു. ഒരമ്മയുടെ മകൾക്കായുള്ള കാത്തിരിപ്പ് മാറി പ്രണയത്തിൻറെ കാത്തിരിപ്പ് മാത്രമായി പുതിയ കാലത്തിൽ ആ പാട്ട് ചുരക്കപ്പെട്ടിരിക്കുന്നു. എന്നാലും ഇമ്പമൂറുന്ന ഗൃഹാതുരത്വമാണ് എന്നുമെനിക്കാ ആ പാട്ട്. ആ പാട്ടിപ്പോൾ വീണ്ടും ചുണ്ടിൽ തത്തിക്കളിക്കുന്നു. ഓർമകളുടെ മരചില്ലകൾ വീണ്ടും കുലുക്കി, ഇലകൾ ഒന്നൊന്നായി കൊഴിച്ച്... 




Tuesday, 4 January 2022

നമ്മളിടങ്ങളിലെ സ്വാതന്ത്ര്യം

 ജനുവരി അഞ്ച്, 2022

ബന്ധങ്ങൾക്കിടയിൽ എപ്പോഴും വേണ്ടത് സ്വാതന്ത്ര്യമാണ്. പരസ്പരം തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം. ഒരാളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുന്നത് അവർക്കിടയിൽ അവരുടേതായ സ്പേസ് രണ്ട്കൂട്ടരും പരസ്പരം നൽകുമ്പോളാണ്.  ആ സ്പേസിൽ പരസ്പര ബഹുമാനമുണ്ടാകും. സ്നേഹമുണ്ടാകും. വിമർശിക്കാനും ചീത്തവിളിക്കാനും വഴക്കിടാനുമുള്ള ധൈര്യമുണ്ടാകും. വിമർശനത്തിനും ചീത്തവിളിക്കും വഴക്കിനും ശേഷം പരസ്പരം ഇരുന്ന് ഒരു പാത്രത്തിൽ നിന്ന് തന്നെ ചിരിച്ചുകൊണ്ട് ഭക്ഷണം വാരിതിന്നാനുള്ള സ്നേഹവുമുണ്ടാകണം. അപ്പോൾ മാത്രമേ ആ ബന്ധം ആത്മാർത്ഥയുള്ളതാവുന്നുള്ളു.  

ഈ ബന്ധത്തിൽ വെറും കേൾവിക്കാരൻ മാത്രമല്ല ആരും. മറ്റെയാളെ കേട്ടിരിക്കുന്നതിനൊപ്പം തന്നെ സംസാരിക്കുന്നവനുമാണ്.  ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ കേട്ടിരിക്കണം, തിരിച്ചും അങ്ങനെതന്നെയാവണം. ഒരാൾ തന്നെ എപ്പോഴും കേൾവിക്കാരനായിരുന്നാൽ ശരിയാവില്ല. കേൾവിക്കാരനും ഉണ്ടാകും പ്രശ്നങ്ങൾ എന്ന് തിരിച്ചറിയാൻ മറ്റേയാൾക്ക് സാധിക്കണം. അങ്ങനെ സാധിക്കുമ്പോളാണ് എല്ലാം മനോഹരമാകുന്നത്. പ്രണയത്തിൽ മാത്രമല്ല, സൌഹൃദത്തിലും അങ്ങനെതന്നെ. നമ്മൾ അയക്കുന്ന ചെറിയ സന്ദേശം മതി മറ്റേ എൻഡിലുള്ള വ്യക്തിക്ക് നമ്മുടെ മൂഡ് മനസിലാക്കാൻ. 

നിങ്ങൾക്കിടയിൽ അഭിപ്രായഭിന്നത പലതിലും ഉണ്ടായേക്കാം. ഒരേ അഭിപ്രായം തന്നെ എല്ലായിപ്പോഴും രണ്ടുപേർക്കിടയിൽ, അവരെത്ര വലിയ സുഹൃത്തുക്കളായാലും കമിതാക്കളായാലും സഹോദരങ്ങളായാലും ഉണ്ടാകണമെന്നില്ല. പരസ്പരം അഭിപ്രായം പറഞ്ഞ് വഴക്കിട്ടെന്നിരിക്കാം, ഇറിറ്റേറ്റ് ചെയ്യിച്ചെന്നുമിരിക്കാം. പക്ഷെ അതുകൊണ്ടൊന്നും തന്നെ നിങ്ങൾക്കിടയിലെ സ്നേഹവും സ്വാതന്ത്ര്യവും ബഹുമാനവും റദ്ദ് ചെയ്യപ്പെടുന്നില്ല. നിങ്ങൾക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യണം. അതിനെ ചൊല്ലിയും ഒരുപക്ഷെ തർക്കിച്ചേക്കാം. അതിനർത്ഥം നിങ്ങൾ നിരന്തരം തർക്കിച്ചുകൊണ്ടേയിരിക്കുമെന്നല്ല. ഇനി അഥവാ നിങ്ങൾ തർക്കിക്കുന്നുവെങ്കിൽ തന്നെ അതിനർത്ഥം അതിനുള്ള സ്വാതന്ത്ര്യം, ഇടം നിങ്ങൾക്കിടയിൽ ഉണ്ടെന്നാണ്. ആ സ്വാതന്ത്ര്യം മറ്റേയാൾ നിങ്ങൾക്ക് നൽകുന്നുവെന്നത് തന്നെയാണ് നിങ്ങൾക്കിടയിലെ ഏറ്റവും വലിയ ബ്ലസ്സിങ്. 

വിഷമം വരുമ്പോൾ, സന്തോഷം വരുമ്പോൾ ഓടിച്ചെന്ന് പറയാൻ നമ്മൾ ആദ്യം തിരഞ്ഞെടുക്കുന്നത് ആ അയാളെയായിരിക്കും. എന്തുണ്ടെങ്കിലും മറ്റാരോടും പറയാനാവാത്തതും തന്നോട് പറയുമെന്ന് ഒരാൾ വിശ്വസിക്കുന്നത് ഈ സ്വാതന്ത്ര്യത്തിൻറെ പുറത്താണ്. അങ്ങനെ  ഒരാളില്ലാതാകുമ്പോളാണ് മനുഷ്യൻ ഒറ്റപ്പെടലിൻറെ, വിഷാദത്തിൻറെ പടിചവിട്ടാൻ തുടങ്ങുന്നത്. 

ചിലപ്പോഴെല്ലാം പെട്ടെന്ന് അത്തരത്തിലുള്ളൊരാൾ ഒന്നും പറയാതെ മൌനിയാകുമ്പോഴാണ് നമ്മൾ ഏറ്റവും അധികം വേദനിക്കുക. മറ്റുള്ളവർ നമ്മെ എത്ര മനസിലാക്കിയെന്ന സംശയം - അനാവശ്യമായ സംശയം - ഉയരുമ്പോളാണ് നമ്മുടെ സ്പെയിസ് ഇല്ലാതായി എന്ന് പലപ്പോഴും നമ്മൾക്ക് അനുഭവപ്പെടുക.  നമ്മളിടങ്ങൾ പലപ്പോഴും നഷ്ടമാകുന്നത് അപ്പോഴാണ്.   

നിങ്ങളെ മനസിലാക്കുന്നയാൾ ഒരിക്കലും നിങ്ങളുടെ സ്പെയിസ്, നിങ്ങളോടുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കില്ല, അത് നിഷേധിക്കില്ല. അങ്ങനെ ചെയ്യുന്നുവെങ്കിൽ അവർ നിങ്ങളെ മനസിലാക്കിയിട്ടില്ല എന്നർത്ഥം. 

സ്വാതന്ത്ര്യമെന്നത് ഒരാൾ നമുക്ക് നൽകുന്ന ഔദാര്യമല്ല, ദയയല്ല, സഹാനുഭൂതിയുമല്ല. അതൊരു പരസ്പരവിശ്വാസവും ബഹുമാനവുമാണ്. അത്  ഇല്ലെന്ന് ബോധ്യപ്പെടുമ്പോൾ ആ ഇടത്തിൽ നിന്ന് ബഹളങ്ങളില്ലാതെ ഇറങ്ങിപോകാനും കൂടിയുള്ളതാണ് നിങ്ങളുടെ സ്വാതന്ത്ര്യം.