Search This Blog

Showing posts with label friendship. Show all posts
Showing posts with label friendship. Show all posts

Friday, 20 December 2024

ഉർവി - കളി,ചിരി, പ്രകൃതി

ഉർവിയിൽ രാത്രിമുഴുവനും മഴ പെയ്തുകൊണ്ടേയിരുന്നു. 

ടെൻറിലെ സഹമുറിയനായ അഷറഫ് ഇക്കയോട് കുറേ നേരം സംസാരിച്ചശേഷമായിരുന്നു ഉറങ്ങിയത്. സാധാരണഗതിയിൽ മറ്റൊരാളുമായി  മുറി പങ്കിടുകയെന്നത് വലിയ ബുദ്ധമുട്ടുള്ള ഒന്നാണെങ്കിലും എന്തോ ഇക്കയുമായി പെട്ടെന്ന് തന്നെ ജെല്ലായി. ടെൻറിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ അദ്ദേഹം സമ്മാനിച്ച പുഞ്ചിരിയായിരിക്കാം ഒരുപക്ഷെ ആശങ്കകൾ അകറ്റിയത്.

ടെൻറിന് മുകളിൽ മഴതുള്ളികൾ പതിക്കുന്ന ശബ്ദം ഉറക്കത്തെ പലപ്പോഴും തടസപ്പെടുത്തി. മഴകനക്കുന്നതിനൊപ്പം തന്നെ വെള്ളചാട്ടത്തിൻറെ ശബ്ദവും കൂടിക്കൊണ്ടിരുന്നു. സമീപത്ത് എവിടെയോ ആണ് വെള്ളച്ചാട്ടം എന്ന് തീർച്ച. രാത്രി ആയതിനാൽ വരുമ്പോൾ അത് കാണാനായില്ല.

പുലർച്ച ആറര ആയപ്പോൾ തന്നെ എഴുന്നേറ്റ് ടെൻറിൻറെ കവാടം തുറന്നു. പുറത്ത് മൊത്തം കോടമഞ്ഞാണ്. നേരെ കണ്ണുതുറന്നത് വെള്ളച്ചാട്ടത്തിൻറെ മനോഹാരിതയിലേക്ക്. ഇത്രയും അടുത്തായിരുന്നോ വെള്ളച്ചാട്ടമെന്ന് അറിഞ്ഞത് അപ്പോൾ മാത്രമായിരുന്നു. അമ്പതടിയിലേറെ പൊക്കത്തിൽ നിന്നാവണം ആ വെള്ളം താഴേക്ക് പതിക്കുന്നത്. രണ്ട് ദിവസം നിർത്താതെ പെയ്യുന്ന മഴയായതിനാൽതന്നെ വെള്ളത്തിൻറെ അളവും കൂടുതലാണ്.

പതിയെ പുറത്തിറങ്ങി.

രതിയെ വിളിച്ചുണർത്തി ബാഗിൽ നിന്ന് ബ്രഷും പേസ്റ്റുമെടുത്ത് പുറത്ത് കറങ്ങി നടന്നു. അപ്പോഴേക്കും വിനയ് ഉണർന്ന് പുറംകാഴ്ച്ചകളിൽ മുഴുകി ധ്യാനത്തിലെന്നപോലെ നിൽക്കുന്നു. ഇക്കയും കൂടെ ചേർന്നു. ഉർവിയിൽ ആരും ഉണർന്നിട്ടില്ല. ചായവല്ലതും വെക്കണമെങ്കിൽ അവർ ഉണർന്ന് അടുക്കള തുറക്കണം. രാവിലെ 7 മണിക്ക് വർക്ക് ഔട്ടും 8 മണിക്ക് മെഡിറ്റേഷനും എന്നാണ് ഉർവിയുടെ ചിട്ട. എന്നാലിന്ന് - ഞങ്ങളുകാരണമാണോ എന്തോ - അവരതിൽ മാറ്റം വരുത്തി, എല്ലാം 9 മുതലാക്കി.

വൈകാതെ രതിയും സൌമ്യയും കൂടെ ചേർന്നു. അട്ടയെ ഭയന്ന് യാത്രകൾ തന്നെ വെറുത്തുപോയെന്ന് തോന്നുന്നു കീർത്തി. 8 ഏക്കറുള്ള ഉർവിയുടെ പലഭാഗത്തും ടെൻറുകൾ കാണാം. അതിനുള്ളിലാണ് ഈ കമ്മ്യൂണിറ്റിയിലെ എല്ലാവരും രാത്രി തങ്ങുന്നത്. ഫാനോ എസിയോ സൃഷ്ടിക്കുന്ന കൃത്രിമ തണുപ്പിൽ നിന്ന് മാറി  പ്രകൃതിയുടെ ശബ്ദത്തിലലിഞ്ഞ് സ്വസ്ഥമായുള്ള നിദ്ര.


മുന്നിൽ കണ്ട നനഞ്ഞ്, ചളിയിൽ പുതഞ്ഞ് കിടക്കുന്ന നടവഴികളിലൂടെയെല്ലാം നടന്നു. ഇതിനിടെ കുറുമി എന്ന് പേരിട്ട നായ ഒപ്പം കൂടി. പെൺപട്ടിയാണ്. അവൾക്കെപ്പോഴും ചൂട് വേണം. ഒന്നുകിൽ നമ്മളുടേത്, അല്ലെങ്കിൽ അടുപ്പിൻറെ ചൂട്. ഓടിവന്ന് അവൾ ചാടിമടിയിൽ കയറിയതോടെ ഉടുപ്പെല്ലാം ചളിയായി. സ്നേഹത്തിൻറെ അടയാളമാണതെല്ലാം. എപ്പോഴും വൃത്തിയോടെ, ശുഭ്രമായിരിക്കുന്ന ഒന്നല്ലല്ലോ സ്നേഹവും ഇഷ്ടവുമെല്ലാം. സ്നേഹം മൂത്ത് ശരീരത്തിലും മനസിലും നമ്മൾ ഏൽപ്പിക്കുന്ന ക്ഷതങ്ങളും മുറിവുകളുമെല്ലാം അതിൻറെ അടയാളങ്ങളല്ലേ.

നിറഞ്ഞൊഴുകുന്ന തോടിന് സമാന്തരമായി നടന്നു.  അപ്പോഴേക്കും കാലിൽ നിറയെ അട്ടകൾ. അങ്ങനെ അട്ടകൾക്ക് തീറ്റകൊടുത്ത് നടന്ന് ഒരു പുൽമേടിലെത്തി. അവിടെ അൽപ്പം മുകളിലായി ഒരു ഊഞ്ഞാൽ. എല്ലായിടത്തും വഴികാട്ടിയായി കുറുമിയുണ്ട്. അവാളാണ് ഇവിടേക്കും വഴി നടത്തിയത്. പുൽമൈതാനത്ത് നിന്ന് ഉയർന്ന പ്രദേശത്താണ് ഊഞ്ഞാലുള്ളത്. അവിടേക്ക് കയറാൻ ഒരു മരത്തിൻറെ കോണിയുണ്ട്. അതിൽ വലിഞ്ഞ്കേറി ഊഞ്ഞാലിനരികിലെത്തി. പിന്നെ ഫോട്ടോയെടുപ്പായി, കളിചിരിയായി. കുറുമിയാകട്ടെ ഒരു പന്തും കടിച്ച് പിടിച്ച് അവളുടെ ലോകത്തും.

കറക്കമെല്ലാം കഴിഞ്ഞ് തിരിച്ച് ഉർവിയിലെത്തുമ്പോൾ അവിടെ സ്ട്രച്ചിങ് എക്സർസൈസുകൾ നടക്കുന്നു. ഉർവിയുടെ സ്ഥാപകനായ ബോധിയാണ് നേതൃത്വം നൽകുന്നത്. ഞങ്ങളും ചേർന്നു. വിവിധ തരം പുഷ് അപ്പുകൾ ബോധി പരിചയപ്പെടുത്തി. കഠിനമായിരുന്നെങ്കിലും വല്ലാത്ത എനർജി നൽകുന്നതായിരുന്നു. സ്ട്രച്ചിങ്ങിന് ശേഷം ഗദ ഉപയോഗിച്ചുള്ള കസർത്തുകളായി. പലഭാരത്തിലുള്ള ഗദകൾ. ശരീരം മൊത്തം വലിച്ചിളക്കി ഒരുവിധമായിപ്പോൾ തളർന്ന് ഇരിപ്പായി. അപ്പോഴേക്കും ബ്രേക്ക് ഫാസ്റ്റ് എത്തി. 

വട്ടത്തിലിരുന്ന് മൌന പ്രാർത്ഥനയ്ക്ക് ശേഷം ഭക്ഷണം വിളമ്പി. പയർ വർഗങ്ങൾ മാത്രം ഇട്ട് വേവിച്ച പ്രാതൽ. ഒപ്പം കുടിക്കാൻ റാകി കുറുക്കിയതും. പറയാതെ വയ്യ, വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു. ഇതിനൊപ്പം തന്നെ സംഭാഷണവും ആരംഭിച്ചു.

എന്താണ് ധ്യാനം,എന്താണ് ഈഗോ, എന്തിനെയാണ് ഒരുവൻ തേടുന്നത്. രതിയും ബോധിയും തമ്മിൽ ചൂടേറിയ ചർച്ച. ഒരുവൻ എങ്ങനെ അവൻറെ ഈഗോയെ അകറ്റിനിർത്തും, ഒന്നിലും ഇടപെടാതെ ഒരുവന് എങ്ങനെ കഴിയാൻ സാധിക്കും...അങ്ങനെ ചോദ്യവും ഉത്തരവും മറുചോദ്യവുമെല്ലാം നീണ്ടു.

"ഇന്ന് ഈ നിമിഷം വരെയുള്ള തിരച്ചിലിൽ താങ്കൾ ആരാണ് ബോധി....?"

ചോദ്യത്തിന് മുന്നിൽ കുറച്ച് സമയം ആലോചിച്ചിരുന്നു, പിന്നാലെ ബോധി പറഞ്ഞു.

" ഇവിടെ കുറേ കുമിളകൾ ഉണ്ടെന്ന് കരുതുക. അതിനുമുകളിൽ വേറെയും കുമിളകൾ. അതിലെന്നിലേക്ക് വീഴുന്ന വെളിച്ചം ആ കുമിളകളെ എല്ലാം പ്രകാശിപ്പിക്കും. ആ വെളിച്ചം സ്വയം പ്രകാശിക്കുകയും ചെയ്യും. ആ വെളിച്ചമാണ് ഞാൻ..."

(ഉത്തരം വളരെ രസകരമായി തോന്നിയെങ്കിലും എനിക്ക് ദഹിച്ചിട്ടില്ല.)

പുറത്ത് അപ്പോഴും മഴപെയ്യുന്നു. പുറത്തിറങ്ങി കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയെന്നത് അസാധ്യമായി. അതിനാൽ വെള്ളചാട്ടം കാണാൻ പോകാമെന്നായി. മഴയത്തെ അസഹനീയമായ തണുപ്പ് കാരണം ആദ്യം വെള്ളച്ചാട്ടത്തിൽ കുളിക്കണോയെന്ന് പലരും സംശിയിച്ചെങ്കിലും ഒടുവിൽ കുളിക്കാൻ തന്നെ തീരുമാനിച്ചു. ചെളിനിറഞ്ഞ പാതയിലൂടെ ഒരുമിച്ച് വെള്ളച്ചാട്ടത്തിലേക്ക് നടന്നു. കൂട്ടിന് ഉർവിയിലെ അന്തേവാസിയായ അനുഗ്രഹും വന്നു. 

മുകളിൽ നിന്ന് പലതട്ടുകളായി വീഴുന്ന വെള്ളച്ചാട്ടം താഴയെത്തുമ്പോൾ രണ്ട് ദിശകളിലേക്ക് തിരിയുന്നു. ആദ്യം ഇടത് വശത്തെ ചെറിയ വെള്ളചാട്ടത്തിലേക്കാണ് അനുകൊണ്ടുപോയത്.  കാരണം അവിടെയാണ് കൂടുതൽ സുരക്ഷിതം. അവിടെ കുത്തിവീഴുന്ന വെള്ളത്തിന് താഴെ എത്രതവണ പോയി നിന്നെന്ന് ഓർമയില്ല. ശുദ്ധമായ വെള്ളത്തിന് കീഴിൽ ശരീരവും മനസും നനച്ച് അങ്ങനെ...

പിന്നാലെ പാറകെട്ടുകൾക്കിടയിലെ ഒഴുക്കുവെള്ളവും ചാടികടന്ന് വലിയ വെള്ളചാട്ടത്തിന് കീഴേക്ക്. അവിടെയിരുന്നു കുളിച്ചു. നല്ല തണുപ്പുകാരണം വിറക്കാൻ തുടങ്ങി. ശരീരത്തിലെ ഓരോ മസിലുകളും  വിറയാർന്ന് നൃത്തംവെയ്ക്കാൻ തുടങ്ങി. ഒരുമണിക്കൂറോളം നീണ്ടു നിന്നു വെള്ളച്ചാട്ടത്തിലെ കുളി.

തിരികെ ഉർവിയെത്തി വട്ടംവളഞ്ഞിരുന്നു. വെള്ളത്തിലെ കളികൾ കാരണമാവണം നല്ല  വിശപ്പ്. പ്രാതൽ വൈകിയതിനാൽ തന്നെ ഉച്ചഭക്ഷണവും വൈകി. മൂന്ന് മണിയായി ഭക്ഷണം വിളമ്പുമ്പോൾ. പുലാവ് ആയിരുന്നു. കമ്മ്യൂണിറ്റിയിലെ ആളുകൾ തന്നെയാണ് ഊഴമിട്ട് ഭക്ഷണം തയ്യാറാക്കുന്നതുമെല്ലാം. കമ്മ്യൂണിറ്റിയിൽ നമ്മൾ ചെയ്യേണ്ടുന്ന ഓരോ ജോലിക്കും കൃത്യമായ അസൈനമെൻറുകൾ ഉണ്ട്. അടുത്തദിവസത്തേക്കുള്ള ചുമതലകൾ തലേന്നാൾ രാത്രി എല്ലാവരും ചേർന്ന് തീരുമാനിച്ച് ബോർഡിൽ എഴുതിയിടും. വേണമെങ്കിൽ അതിഥികൾക്കും അവർക്കൊപ്പം ചേരാം. 

ഭക്ഷണത്തിന് ശേഷം ഇനി കളികളുടെ സമയമാണ്. മഴയായതിനാൽ തന്നെ അകത്തിരുന്നുള്ള കളികൾ മാത്രമേ സാധിക്കു. മാഫിയ കളിക്കാനായിരുന്നു തീരുമാനം. ആദ്യമായിട്ടാണ് ആ കളിയെകുറിച്ച് കേൾക്കുന്നത് തന്നെ. ബോധിയും തേജയും കളി വിവരിച്ചുതന്നു. 

ഒരു ഗ്രാമത്തിലെ ഓരോ രാവും പുലരുന്നത് ഒരാളുടെ കൊലപാതക വാർത്തയോടെയാണ്. മാഫിയ ആളുകളെ രാത്രിയിൽ കൊല്ലുന്നു, ഡോക്ടർ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു, ചിലപ്പോൾ വിജയിക്കുന്നു, ഡിറ്റക്ടീവ് മാഫിയകളെ കണ്ടെത്തുന്നു. നേരം പുലരുമ്പോൾ ഗ്രാമവാസികൾ എല്ലാവരും ചേർന്ന് വാദിച്ചും പ്രതിരോധിച്ചും വോട്ടിട്ട് മാഫിയകളെ ഒന്നൊന്നായി പുറത്താക്കുന്നു. പുറത്താക്കപ്പെടുന്നവരിൽ നിഷ്കളങ്കരും എന്തിന് ഡോക്ടറും ഡിറ്റക്ടീവുമെല്ലാം കാണും. ആരെല്ലാം എന്തെല്ലാമാണ് എന്ന് അറിയുന്നത് ദൈവത്തിന് മാത്രം. 

രണ്ട് തവണ കളിച്ചു. മാഫിയ ആഞ്ഞുപിടിച്ചതിനാൽ രണ്ടാമത്തെ മത്സരത്തിൽ ഡിറ്റക്ടീവായ ഞാൻ ആദ്യമേ കളംവിടേണ്ടി വന്നു. പിന്നെ പുറത്തിരുന്ന് കളി ആസ്വദിക്കലായിരുന്നു. വൈകാതെ സൌമ്യയും പുറത്തായി വന്നതോടെ രസമായി.

ഒരുവൻറെ ഏകാഗ്രതയേയും നിരീക്ഷണപാടവത്തേയും പരീക്ഷിക്കുന്ന ഗെയിമാണ് മാഫിയ. ഒരു നേരിയ ചലനം, പതിഞ്ഞ ശബ്ദം, കണ്ണുകളിലെ മാറ്റം എന്നിവയെല്ലാം അപഗ്രഥിച്ചാണ് കള്ളനെ പിടികൂടുന്നത്. 

കളി കഴിഞ്ഞപ്പോൾ ഏറെ വൈകി. അതോടെ അത്താഴമൊരുക്കലും. അത്താഴമാവുന്നതിൻറെ ഇടവേളയിൽ ടെൻറിലേക്ക് മടങ്ങി. നാളെ രാവിലെ തന്നെ മടങ്ങണം, അതിനാൽ ബാഗ് പാക്ക് ചെയ്യണം. ബാഗെല്ലാം പാക്ക് ചെയ്ത് ഒന്ന് വി ശ്രമിച്ചശേഷം വീണ്ടും ഉർവിയിലേക്ക്. 

ഉർവിയിൽ നിന്ന് ഗിറ്റാറിൻറെ ശബ്ദം ഒഴുകിവരുന്നു. അവിടെ സംഗീതത്തിൻറെ സമയമായി. പലരും നന്നായി പാടുന്നു, മറ്റുള്ളവർ സംഗീതം ആസ്വദിക്കുന്നു. ഏതെല്ലാം ഭാഷകളിൽ അവർ പാടി..

തമിഴ്, ഹിന്ദി, തെലുഗു, മലയാളം, ഉറുദു,ഇംഗ്ലീഷ്...പിന്നെ ജാപ്പനീസും.

അയൂമി എന്ന ടോക്കിയോക്കാരിയാണ് ജാപ്പനീസ് സംഗീതം പരിചയപ്പെടുത്തിയത്. പഠനത്തിന് ശേഷം ലോകം ചുറ്റുന്നതിനിടെ ഇവിടെ യാദൃശ്ചികമായി എത്തിചേർന്ന അയൂമി പിന്നീട് വീണ്ടും ഇങ്ങോട്ടേക്ക് തിരികെ വരികയായിരുന്നു. ഇപ്പോൾ ഉർവിയിലെ കമ്മ്യൂണിറ്റിക്കൊപ്പം അയൂമിയും. പാട്ട് പാടുന്നതിനൊപ്പം തന്നെ ആക്ഷനും കൊണ്ട് അയൂമി ആ പാട്ടനുഭവം മനോഹരമാക്കി. പാടുക മാത്രമല്ല, നന്നായി ഓടക്കുഴൽ വായിക്കുകയും ചെയ്യും അയൂമി.

പാട്ടിനൊടുവിൽ അത്താഴമെത്തി. സൂപ്പും ബ്രഡും മുട്ടയുമായിരുന്നു അന്നത്തെ അത്താഴം. അത്താഴത്തിന് ശേഷം അൽപനേരം കൂടി സംസാരിച്ചിരുന്നു. 

പുറത്ത് തണുപ്പ് ഏറുന്നു. മഴ ഏറെകുറെ മാറിക്കഴിഞ്ഞു. നാളെ മുതൽ മാനം തെളിഞ്ഞിരിക്കുമെന്ന് ബോധി പറഞ്ഞപ്പോൾ തെളിവെയിലിൽ ഉർവിയുടെ സൌന്ദര്യം ആസ്വദിക്കാനാവാത്തതിൻറെ നിരാശയായിരുന്നു പലരിലും. തെളിഞ്ഞുതുടങ്ങിയ ആകാശത്ത് ചന്ദ്രനും വ്യാഴവും വേട്ടക്കാരനുമെല്ലാം പ്രത്യക്ഷപ്പെട്ടു. അന്നത്തെ രാത്രിയിലെ  (ഡിസം 14,2024) ഉൽക്കകളുടെ ആകാശദൃശ്യം കാണാനാവുമെന്ന പ്രതീക്ഷയേറി. പലരും ക്ഷീണിച്ചിരുന്നു, കഠിനമായി തുടങ്ങിയ തണുപ്പിൽ ആ ക്ഷീണം എല്ലാവരേയും വേഗത്തിൽ ഉറക്കി. ആരും ഉൽക്കയുടെ ദൃശ്യങ്ങൾ കാണാനായി രാത്രിയിൽ ഉണർന്നില്ല.

അവസാനദിവസം രാവിലെ ഉണരുമ്പോൾ ആകാശത്ത് സൂര്യവെളിച്ചം. കിഴക്കേ മലയുടെ മുകളിൽ സ്വർണനിറം . വെള്ളച്ചാട്ടവും ഗിരിപർവ്വങ്ങളും മരങ്ങളും നീലാകാശവുമെല്ലാം തെളിഞ്ഞുകാണാം. സൂര്യരശ്മികൾ നേരിട്ട് പതിക്കാൻ തുടങ്ങിയതോടെ പുല്ല് മേഞ്ഞ കുടിലുകളുടെ മുകളിൽ നിന്ന് ആവി പറക്കാൻ തുടങ്ങി.

ഇനി മടങ്ങാനുള്ള സമയമാണ്. 

ബ്രേക്ക്ഫാസ്റ്റിന് മുന്നോടിയായി മെഡിറ്റേഷൻ ചെയ്തു. കഴിഞ്ഞ ദിവസം ഉർവിയിലെ മെഡിറ്റേഷൻ തന്നെ മുടങ്ങിയിരുന്നു. 

(ഞങ്ങളുടെ വരവോടെ ഉർവിക്കാർ അത് പോലും മറന്നുവെന്നായിരുന്നു ഞങ്ങൾക്കിടയിലെ കളിയാക്കൽ)

അവസാനദിവസത്തെ പ്രാതൽ - പൊങ്കലും റാകി കുറുക്കിയതും പിന്നെ പാഷൻ ഫ്രൂട്ടും- കഴിച്ചശേഷം ചെറിയകുശലം പറച്ചിൽ. 

ഉർവിയിലെ മഴദിനങ്ങളുടെ ഓർമയ്ക്കായി പിന്നെ എല്ലാവരും ചേർന്നൊരു പടം എടുത്തു. ഹരിയെന്ന് ആധാറിൽ പേരുള്ള ബോധി,ബോധിയുടെ അനുജൻ ജെയ്കുട്ടൻ, എംബിബിഎസ് വിദ്യാർത്ഥിനിയായ പുൽപ്പള്ളിക്കാരി സ്നേഹ, കണ്ണൂർ സ്വദേശിയായ അനു, വിശാഖപട്ടണത്ത് നിന്ന ജോലി രാജവെച്ച് ഉറുവിയിലെത്തിയ ഗാതം, ബോധിയുടെ സഹപാഠിയായ തേജസ് എന്ന തേജു, അയൂമി, തേജ, കോഴിക്കോട് നിന്ന് എത്തിയ ജാബിറും മനാഫും പിന്നെ ഞങ്ങൾ ആറ് പേരും.. അങ്ങനെ സ്നേഹത്തിൻറെ, സൌഹൃദത്തിൻറെ പങ്ക്പറ്റിയവർ എല്ലാവരും ഒറ്റ ഫ്രെയിമിൽ. ഡീപ് ലൌ സെഷന് വീണ്ടും വരണമെന്ന ക്ഷണം.

പരസ്പരം പുണർന്ന് എല്ലാവരോടും യാത്ര..

വെട്രിയോടും കുറുമിയോടും കാലിൽ നക്കുമെങ്കിലും ഒട്ടും അടുപ്പിക്കാത്ത രാജയെന്ന എട്ടുമാസം പ്രായമുള്ള ബെൽജിയം മലിനോയിസ് ഡോഗിനോടും യാത്രപറഞ്ഞു. 

ഇരുവശത്തും ചെഞ്ചീരകൾ നിറഞ്ഞ, കാറ്റാടി മരംവെട്ട് അതിരുതീർത്ത മൺപടികളിലൂടെ പടിയിറക്കം. മരപ്പാലവും കടന്ന് തിരികെ കാട്ടിൽ നിന്ന് പുറം ലോകത്തേക്ക്. മനസിൽ നിറയെ ഉർവിയുടെ സൌന്ദര്യമുണ്ട്, വെള്ളച്ചാട്ടത്തിൻറെ, അരുവിയുടെ ഒഴുക്കുണ്ട്. കാലിൽ നിറയെ അട്ടപകർന്നെടുത്ത സ്നേഹത്തിൻറെ പാടുകളുണ്ട്, ചൊറിച്ചിലുണ്ട്. 

അതിലേറെ, എവിടെയോ ഒരു കരട് പോലെ നിരാശയും സങ്കടവും....


Tuesday, 4 January 2022

നമ്മളിടങ്ങളിലെ സ്വാതന്ത്ര്യം

 ജനുവരി അഞ്ച്, 2022

ബന്ധങ്ങൾക്കിടയിൽ എപ്പോഴും വേണ്ടത് സ്വാതന്ത്ര്യമാണ്. പരസ്പരം തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം. ഒരാളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുന്നത് അവർക്കിടയിൽ അവരുടേതായ സ്പേസ് രണ്ട്കൂട്ടരും പരസ്പരം നൽകുമ്പോളാണ്.  ആ സ്പേസിൽ പരസ്പര ബഹുമാനമുണ്ടാകും. സ്നേഹമുണ്ടാകും. വിമർശിക്കാനും ചീത്തവിളിക്കാനും വഴക്കിടാനുമുള്ള ധൈര്യമുണ്ടാകും. വിമർശനത്തിനും ചീത്തവിളിക്കും വഴക്കിനും ശേഷം പരസ്പരം ഇരുന്ന് ഒരു പാത്രത്തിൽ നിന്ന് തന്നെ ചിരിച്ചുകൊണ്ട് ഭക്ഷണം വാരിതിന്നാനുള്ള സ്നേഹവുമുണ്ടാകണം. അപ്പോൾ മാത്രമേ ആ ബന്ധം ആത്മാർത്ഥയുള്ളതാവുന്നുള്ളു.  

ഈ ബന്ധത്തിൽ വെറും കേൾവിക്കാരൻ മാത്രമല്ല ആരും. മറ്റെയാളെ കേട്ടിരിക്കുന്നതിനൊപ്പം തന്നെ സംസാരിക്കുന്നവനുമാണ്.  ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ കേട്ടിരിക്കണം, തിരിച്ചും അങ്ങനെതന്നെയാവണം. ഒരാൾ തന്നെ എപ്പോഴും കേൾവിക്കാരനായിരുന്നാൽ ശരിയാവില്ല. കേൾവിക്കാരനും ഉണ്ടാകും പ്രശ്നങ്ങൾ എന്ന് തിരിച്ചറിയാൻ മറ്റേയാൾക്ക് സാധിക്കണം. അങ്ങനെ സാധിക്കുമ്പോളാണ് എല്ലാം മനോഹരമാകുന്നത്. പ്രണയത്തിൽ മാത്രമല്ല, സൌഹൃദത്തിലും അങ്ങനെതന്നെ. നമ്മൾ അയക്കുന്ന ചെറിയ സന്ദേശം മതി മറ്റേ എൻഡിലുള്ള വ്യക്തിക്ക് നമ്മുടെ മൂഡ് മനസിലാക്കാൻ. 

നിങ്ങൾക്കിടയിൽ അഭിപ്രായഭിന്നത പലതിലും ഉണ്ടായേക്കാം. ഒരേ അഭിപ്രായം തന്നെ എല്ലായിപ്പോഴും രണ്ടുപേർക്കിടയിൽ, അവരെത്ര വലിയ സുഹൃത്തുക്കളായാലും കമിതാക്കളായാലും സഹോദരങ്ങളായാലും ഉണ്ടാകണമെന്നില്ല. പരസ്പരം അഭിപ്രായം പറഞ്ഞ് വഴക്കിട്ടെന്നിരിക്കാം, ഇറിറ്റേറ്റ് ചെയ്യിച്ചെന്നുമിരിക്കാം. പക്ഷെ അതുകൊണ്ടൊന്നും തന്നെ നിങ്ങൾക്കിടയിലെ സ്നേഹവും സ്വാതന്ത്ര്യവും ബഹുമാനവും റദ്ദ് ചെയ്യപ്പെടുന്നില്ല. നിങ്ങൾക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യണം. അതിനെ ചൊല്ലിയും ഒരുപക്ഷെ തർക്കിച്ചേക്കാം. അതിനർത്ഥം നിങ്ങൾ നിരന്തരം തർക്കിച്ചുകൊണ്ടേയിരിക്കുമെന്നല്ല. ഇനി അഥവാ നിങ്ങൾ തർക്കിക്കുന്നുവെങ്കിൽ തന്നെ അതിനർത്ഥം അതിനുള്ള സ്വാതന്ത്ര്യം, ഇടം നിങ്ങൾക്കിടയിൽ ഉണ്ടെന്നാണ്. ആ സ്വാതന്ത്ര്യം മറ്റേയാൾ നിങ്ങൾക്ക് നൽകുന്നുവെന്നത് തന്നെയാണ് നിങ്ങൾക്കിടയിലെ ഏറ്റവും വലിയ ബ്ലസ്സിങ്. 

വിഷമം വരുമ്പോൾ, സന്തോഷം വരുമ്പോൾ ഓടിച്ചെന്ന് പറയാൻ നമ്മൾ ആദ്യം തിരഞ്ഞെടുക്കുന്നത് ആ അയാളെയായിരിക്കും. എന്തുണ്ടെങ്കിലും മറ്റാരോടും പറയാനാവാത്തതും തന്നോട് പറയുമെന്ന് ഒരാൾ വിശ്വസിക്കുന്നത് ഈ സ്വാതന്ത്ര്യത്തിൻറെ പുറത്താണ്. അങ്ങനെ  ഒരാളില്ലാതാകുമ്പോളാണ് മനുഷ്യൻ ഒറ്റപ്പെടലിൻറെ, വിഷാദത്തിൻറെ പടിചവിട്ടാൻ തുടങ്ങുന്നത്. 

ചിലപ്പോഴെല്ലാം പെട്ടെന്ന് അത്തരത്തിലുള്ളൊരാൾ ഒന്നും പറയാതെ മൌനിയാകുമ്പോഴാണ് നമ്മൾ ഏറ്റവും അധികം വേദനിക്കുക. മറ്റുള്ളവർ നമ്മെ എത്ര മനസിലാക്കിയെന്ന സംശയം - അനാവശ്യമായ സംശയം - ഉയരുമ്പോളാണ് നമ്മുടെ സ്പെയിസ് ഇല്ലാതായി എന്ന് പലപ്പോഴും നമ്മൾക്ക് അനുഭവപ്പെടുക.  നമ്മളിടങ്ങൾ പലപ്പോഴും നഷ്ടമാകുന്നത് അപ്പോഴാണ്.   

നിങ്ങളെ മനസിലാക്കുന്നയാൾ ഒരിക്കലും നിങ്ങളുടെ സ്പെയിസ്, നിങ്ങളോടുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കില്ല, അത് നിഷേധിക്കില്ല. അങ്ങനെ ചെയ്യുന്നുവെങ്കിൽ അവർ നിങ്ങളെ മനസിലാക്കിയിട്ടില്ല എന്നർത്ഥം. 

സ്വാതന്ത്ര്യമെന്നത് ഒരാൾ നമുക്ക് നൽകുന്ന ഔദാര്യമല്ല, ദയയല്ല, സഹാനുഭൂതിയുമല്ല. അതൊരു പരസ്പരവിശ്വാസവും ബഹുമാനവുമാണ്. അത്  ഇല്ലെന്ന് ബോധ്യപ്പെടുമ്പോൾ ആ ഇടത്തിൽ നിന്ന് ബഹളങ്ങളില്ലാതെ ഇറങ്ങിപോകാനും കൂടിയുള്ളതാണ് നിങ്ങളുടെ സ്വാതന്ത്ര്യം.

Thursday, 24 December 2020

അവളിപ്പോഴും ഐസിയുവിന് മുന്നിലിരുന്ന് കരയുകയാവണം....

സമീപ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലുമെല്ലാം കര്‍ഷകര്‍ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ കറ്റയ്ക്ക് തീയിട്ടതിന്റെ പുകയും ഇന്ദ്രപ്രസ്ഥത്തെ പൊതിഞ്ഞിരിക്കുന്ന ഓക്ടോബര്‍ മാസം. ഡല്‍ഹി പതിയെ തണപ്പിന്റെ മേലങ്കി അണിയാന്‍ തുടങ്ങിയിരിക്കുന്നു. രാത്രിയില്‍ വഴിതെറ്റിയെന്നപോലെ പെയ്ത മഴ അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ ചെറുതായി ഒന്നു ഒതുക്കിയെങ്കിലും വിഷപുക ശ്വാസകോശങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. 

ടിവി ഓഫ് ചെയ്തു. അരിച്ചിറങ്ങുന്ന തണുപ്പില്‍ നിന്ന് രക്ഷതേടി മെല്ലെ പുതപ്പിനടിയിലേക്ക് ഒതുങ്ങി. മൊബൈല്‍ ഹെഡ്‌സെറ്റ് ചെവിയില്‍ തിരുകി. ഓഎന്‍വിയും മധുസൂദനന്‍ നായരും മുരുകന്‍ കാട്ടാക്കടയുമെല്ലാം കവിത ചൊല്ലുന്നു. ഉറക്കം ഇനിയും അകലെയാണ്. പതിവ് പോലെ നേരമേറും വരെ കവിത കേള്‍ക്കുക തന്നെ ശരണം. വാട്‌സ് അപ്പ് തുറന്നു എല്ലാവരുടേയും ഗുഡ് നൈറ്റ് മെസേജിന് മറുപടി പറഞ്ഞില്ലേ എന്ന് നോക്കി. ഇല്ല, ആര്‍ക്കും റിപ്ലൈ കൊടുക്കാന്‍ ഇനി ബാക്കിയില്ല. ചില ഗ്രൂപ്പുകളില്‍ എന്തോക്കെയോ ആരെല്ലാമോ പറയുന്നു. ചിലത് ചൊറിയല്‍ മാത്രമാണ്. ഒട്ടും താല്‍പര്യമില്ലാത്ത വിഷയങ്ങള്‍. രാത്രിയില്‍ മദ്യപിച്ച് കഴിഞ്ഞാല്‍ ചിലര്‍ അങ്ങനെയാണ്. വെറുതെ ആരെയെങ്കിലും തെറിപറഞ്ഞ് ചൊറിഞ്ഞുകൊണ്ടേയിരിക്കും. വാട്‌സ് അപ്പ് അടച്ച് മൊബൈല്‍ മാറ്റി വെച്ചു.

ഡല്‍ഹിയിലെത്തിയിട്ട് 6 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഡല്‍ഹിയുടെ ചൂടും ചൂരും ഇപ്പോള്‍ തണുപ്പും അടുത്തറിയുന്നു. നിരത്തില്‍, മെട്രോയുടെ താഴെ ഈ തണുപ്പത്തും ആയിരങ്ങള്‍ ഉണ്ട്. ചവറും കമ്പുമെല്ലാം കൂട്ടിയിട്ടിച്ച് തണുപ്പകറ്റാന്‍ ശ്രമിക്കുന്നവര്‍. സെക്കിള്‍ റിക്ഷയില്‍ ചുരുണ്ട് കിടന്ന് ഉറങ്ങുന്നവര്‍. പലയിടത്ത് നിന്നായി ജീവിക്കാന്‍ എത്തിയവര്‍.  രാജ്യതലസ്ഥാനവും കേരളത്തിലെ ഒരു നഗരവും തമ്മിലെന്താണ് വ്യത്യാസം. എല്ലായിടത്തും ജീവിക്കാനായി മറ്റിടങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്നവരെകൊണ്ട് നിറയുന്നു. പക്ഷെ കേരളത്തില്‍ ഇങ്ങനെ നിരത്തിലുറങ്ങുന്നവര്‍ വളരെ കുറവാണ്, ഒരുപക്ഷെ ഇല്ലെന്നതാണ് വ്യത്യാസം. മറ്റ് നഗരങ്ങളില്‍ എങ്ങനെയായിരിക്കും മറ്റ് രാജ്യ തലസ്ഥാനങ്ങള്‍ ഇതുപോലെയായിരിക്കുമോ... ചിന്തകളില്‍ ഡല്‍ഹിയും കേരളവുമെല്ലാം നിറയുന്നത് ഈ രാത്രിയുടെ മാത്രം പ്രത്യേകതയല്ല. വന്നിറങ്ങിയ നാള്‍ മുതല്‍ അതങ്ങനെയാണ്. മറ്റൊന്നും ചിന്തിക്കാനോ പറയാനോ ഇല്ലെന്നതിലാകാണം.

 ചിന്തകളുടെ നൂല് പൊട്ടിച്ചാണ് ആ ഫോണ്‍ വിളിയെത്തിയത്. കേരളത്തിലെ വടക്കേയറ്റത്ത് നിന്ന്. വിളികളും സന്ദേശങ്ങളുമെല്ലാ അപൂര്‍വ്വം മാത്രമായ ആ നമ്പറില്‍ നിന്ന് ഈ നേരത്ത് എന്താണ് ഒരു കോള്‍ എന്ന് ചിന്തിച്ചു.
 'എന്താണ് പതിവില്ലാതെ ഒരു വിളി.' 
'വിളിക്കണം എന്ന് തോന്നി. എന്തേ വിളിക്കാന്‍ പാടില്ലേ.' പതിവ് മറുപടി. 
പക്ഷെ മുമ്പത്തെ പോലെയല്ല, ശബ്ദത്തിന് അല്‍പം ഇടര്‍ച്ചപോലെ. 
 'എന്ത് പറ്റി. ശബ്ദം വല്ലാതെയുണ്ടല്ലോ.'
 'ആശുപത്രിയിലാ. അച്ചന് പെട്ടെന്ന് വയ്യാതായി. ഐ സി യുവിലാണ്. അത് പറയാന്‍ വിളിച്ചതാ.' 
 അച്ചനെ കുറിച്ചായി പിന്നെ സംസാരം. അച്ചനെ കുറിച്ച് പറയുമ്പോള്‍ അവള്‍ക്ക് നൂറു നാവാണ്. ആവേശം കയറും. എന്നും അച്ചന്റെ ഉമ്മ കിട്ടാതെ, അച്ചന്‍ ഊണ് വാരിക്കൊടുക്കാതെ അവളുറങ്ങാറില്ല. എപ്പോഴും അതിനവളെ കളിയാക്കാറുണ്ട്. കുറേ നേരം സംസാരിച്ചു. എപ്പോഴത്തേയും പോലെ സിനിമയെ കുറിച്ചോ പുസ്തകങ്ങളെ കുറിച്ചോ ഒന്നും പറഞ്ഞില്ല. അച്ചന്‍ മാത്രമായിരുന്നു വിഷയം.
 'നാളെ കുട്ടിക്ക് ഓഫീസ് പോകണ്ടേ...പോയി കിടന്ന് ഉറങ്ങിക്കോ'യെന്ന് പറഞ്ഞ് അവള്‍തന്നെ ഫോണ്‍ കട്ട് ചെയ്തു. സാരമില്ലെന്ന് പറഞ്ഞെങ്കിലും അവള്‍ കൂട്ടാക്കിയില്ല. അല്ലെങ്കില്‍ രാവ് പുലരുവേളം മൂളിക്കൊണ്ട്, ഒന്നും തിരിച്ച് പറയാതെ ഒരു കള്‍വിക്കാരനായി ഞാന്‍ ഇരിക്കുമെന്ന് അവള്‍ക്ക് തോന്നിക്കാണണം. 
google image

പിന്നെയും കുറേ നേരം ഉറങ്ങാതെ അവളെ കുറിച്ചും അച്ചനെകുറിച്ചുമെല്ലാം ഓര്‍ത്തു. അച്ചനും മകളും തമ്മിലുള്ള സ്‌നേഹബന്ധമെന്നത് എത്രമാത്രം അന്‍പാര്‍ന്നതാണെന്ന്, ഏത് സ്‌നേഹബന്ധത്തേക്കാളും വലുതാണ് അതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളെ ആശ്വസിപ്പിക്കാന്‍ എന്തൊക്കെയോ മെസേജ് അയച്ചു. പിന്നെ എപ്പോഴോ ഉറങ്ങി. 
 രാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ അവള്‍ക്ക് മെസേജ് അയച്ചു. അച്ചന് വലിയ മാറ്റമൊന്നുമില്ല. ഇടക്ക് വിളിക്കാമെന്ന് പറഞ്ഞ് വേഗത്തില്‍ റെഡിയായി ഓഫീസിലേക്ക്. ഇടയ്ക്കിടയ്ക്ക് മെസേജ് അയച്ചു രോഗവിവരം അന്വേഷിച്ചുകൊണ്ടേയിരുന്നു. 
പതിവുപോലെ രാത്രിയേറെ വൈകിയാണ് ഓഫീസില്‍ നിന്നിറങ്ങിയത്. നേരത്തെയിറങ്ങിയിട്ട് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. അതിനാല്‍ തന്നെ ദിവസത്തിലെ ഭൂരിഭാഗം മണിക്കൂറും ഓഫീസിനത്ത് തന്നെയാണ്. വീട്ടിലെത്തി ദോശയുണ്ടാക്കി കഴിച്ചശേഷം അവള്‍ക്ക് മെസേജ് അയച്ചു. കുറവില്ലെന്ന ഒറ്റവരി സന്ദേശം. 
കഴിച്ചശേഷം മുമ്പ് പകുതി വായിച്ച് നിര്‍ത്തിയ പുസ്തകമെടുത്തു. കര്‍ഫ്യൂഡ് നൈറ്റ് എന്ന കശ്മീരിനെ കുറിച്ചുള്ള പുസ്തകം. കശ്മീരിലെ സുഹൃത്ത് ഫിര്‍ദൗസ് ഹസനാണ് ഈ പുസ്തകം നിര്‍ദേശിച്ചത്. കശ്മീരിലെ സാധാരണക്കാരന്റെ ജീവിതമെന്താണെന്ന്, സര്‍ക്കാരുകള്‍ എങ്ങനെ അവരെ നേരിടുന്നുവെന്നതിന്റെ നേര്‍ചിത്രമാണ് പുസ്തകം വിവരിക്കുന്നത്. പെട്ടെന്നാണ് ഫോണ്‍ ചിലച്ചത്. അവളാണ്. 
 'എന്നോട് എന്തെങ്കിലും പറഞ്ഞോണ്ടിരിക്കാമോ ....' കരഞ്ഞുകൊണ്ടാണ് ഇത്തവണ അവളുടെ ഒറ്റചോദ്യം. 
ആദ്യം അമ്പരന്നു. ഇനി അച്ചനെന്തെങ്കിലും... മനസില്‍ എക്‌സ്‌പെക്റ്റ് ദ അണ്‍ എക്‌സപ്ക്റ്റഡ് എന്ന് പറഞ്ഞു മെല്ലെ ചോദിച്ചു. 
'എന്തുപറ്റിയെഡാ..' 
കരച്ചിലായിരുന്നു മറുപടി. 
'അച്ചന്‍ ക്രിട്ടിക്കലാണ്. ഏത് നിമിഷവും അത് സംഭവിക്കും...' 
അവള്‍ ഐസിയുവിന് പുറത്തിരുന്നാണ് വിളിക്കുന്നത്. 
 'അച്ചന്‍ പോകുന്ന സമയത്ത് എനിക്ക് ആ ചിന്തമാറ്റാന്‍ വേറെ വഴിയില്ല. വേറെ ആരെയും വിളിക്കാനും തോന്നിയില്ല....' 
എന്ത് പറയണമെന്നറിയാതെ തരിച്ചിരുന്നു. അവളെ ആശ്വസിപ്പിക്കാന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളൊന്നിനോടും പ്രതികരിച്ചില്ല. അവളുടെ കരച്ചില്‍ മാത്രം കേള്‍ക്കാം. ചേച്ചിയെ കുറിച്ചും അമ്മയെ കുറിച്ചുമെല്ലാമുള്ള ചോദ്യത്തിനും കരച്ചില് മാത്രമായിരുന്നു മറുപടി... കുറച്ചുനേരം വ്യര്‍ത്ഥമായി എന്തെല്ലാമോ പറഞ്ഞു. 
 പത്ത് മിനുട്ട് പോലും തികച്ചില്ല... 
അവ്യക്തമായി ആരോ വന്ന് എന്തോ പറയുന്നത് കേട്ടു. 
നേഴ്‌സായിരുന്നു. എല്ലാം കഴിഞ്ഞു... 
'പോയി....' അതുംപറഞ്ഞ് അവള്‍ പൊട്ടികരഞ്ഞു. 
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനുമിരുന്നു. 
ബാക്കി കാര്യങ്ങള്‍ നോക്കട്ടെയെന്ന് പറഞ്ഞ് കുറച്ചുകഴിഞ്ഞ് കോള്‍ അവള്‍ തന്നെ കട്ട് ചെയ്തു. 
പിന്നെയും മണിക്കൂറുകള്‍ ഭിത്തിയില്‍ ചാരി ഞാനിരുന്നു. തേങ്ങിതേങ്ങിയുള്ള അവളുടെ കരച്ചിലപ്പോഴും കാതില്‍ നിറഞ്ഞുകൊണ്ടേയിരുന്നു. 

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അച്ചനെ കുറിച്ച് അവള്‍ പറയും. അച്ചനോട് മടങ്ങിവരാന്‍ പറഞ്ഞ്  സ്റ്റാറ്റസ് ഇടും. അച്ചന് പകരം ഇപ്പോള്‍ അമ്മ ചോറ് വാരി നല്‍കും. അപ്പോഴും അച്ചന്‍ വാരിതന്നിരുന്നെങ്കിലെന്നവള്‍ സങ്കടപ്പെടും... 

വേദനകളുടെ പലരാത്രികളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും ആ രാത്രി പോലൊന്ന് പിന്നെയുണ്ടായിട്ടില്ല. പലപ്പോഴും തോന്നാറുണ്ട്, ആ രാത്രി അവസാനിച്ചിട്ടില്ലെന്ന്, അവളിപ്പോഴും ആ ഐസിയുവിന് മുന്നിലെ സ്റ്റീല്‍ കസേരയിലിരുന്ന്  കരഞ്ഞുകൊണ്ടേയിരിക്കയാണെന്ന്....

(241220)