Search This Blog

Showing posts with label സിനിമ. Show all posts
Showing posts with label സിനിമ. Show all posts

Monday, 24 January 2022

നമുക്ക് പങ്കുവെക്കാൻ സമയം മാത്രമാണുള്ളത്

 'ഭൂതകാലം' എന്ന സിനിമ കണ്ടു കഴിഞ്ഞദിവസം. ഷെയിൻ നിഗം നിർമിച്ച് അഭിനയിച്ച ഹൊറർ ത്രില്ലർ പടം. രേവതിയും ഷെയിനും നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. മലയാളസിനിമ അത്രയൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയമാണ് ഭൂതകാലം പറയുന്നത്. ഡിപ്രഷൻ എന്നത്. (സിനിമയിലെ ഹൊറർ പാർട്ട് പലസിനിമകളും പലകുറി ഉപയോഗിച്ച് കരിമ്പിൻ ചണ്ടിയായത് തന്നെ). അതിൽ ഷെയിൻ അമ്മയായ രേവതിയോടും കാമുകി പ്രിയയോടും സംസാരിക്കാൻ ശ്രമിക്കുന്ന, അതിനായി സ്ട്രഗിൾ ചെയ്യുന്ന സീനുകളുണ്ട്. താൻ അനുഭവിക്കുന്നത് കൃത്യമായി പറയാനാവാതെ, പറയുന്നത് മറ്റുള്ളവർ വിശ്വസിക്കാതെ തനിക്കെന്തോ പ്രശ്നമുണ്ടെന്ന് എല്ലാവരും കരുതുകയാണെന്ന് പരാതിപ്പെടുന്ന സീനുകൾ. കൌൺസിലിങ്ങിനെത്തുന്ന സൈക്കോളജിസ്റ്റിനോടും ഇത് തന്നെയാണ് വിനു എന്ന നായകൻ ശ്രമിച്ച് പരാജയപ്പെടുന്നത്. വിനുമാത്രമല്ല, വിനുവിൻറെ അമ്മയും മുത്തശ്ശിയുമെല്ലാം ഇത്തരത്തിൽ മാനസികമായ പ്രതിസന്ധികൾ നേരിടുന്നവരോ നേരിട്ടവരോ ആണ്. ക്ലൈമാക്സിന് മുമ്പായി അമ്മയോട് വിനു തൻറെ പ്രശ്നമെന്താണെന്ന് പറയുന്ന ആ ഡയലോഗ് മാത്രം മതി ഓരോ മനുഷ്യനും തെളിഞ്ഞും മറഞ്ഞും അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ, സംഘർഷത്തിൻറെ കാരണം അറിയാൻ.

നമ്മളെ കേൾക്കാൻ, സ്നേഹിക്കാൻ ഒരാളുണ്ടാവണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നാം സ്നേഹിക്കുന്നയാൾ നമ്മളെ മനസിലാക്കണമെന്നും തിരിച്ച് അതേപോലെ സ്നേഹിക്കണമെന്നും ആരും ആഗ്രഹിക്കും. ആ സമയത്ത് ഒരാൾ കേൾക്കാൻ ഇല്ലെങ്കിൽ ദേഷ്യവും വിഷമമവും തോന്നും. അത് മാത്രം മതി ആ വ്യക്തിയുമായി നമുക്ക് ദേഷ്യം തോന്നാനും പിന്നീട് പിണങ്ങാനും. ഒരുപക്ഷെ ഒരാളെ വിഷാദത്തിലേക്ക് തളളിയിടാനും അത് മാത്രം മതി.

പക്ഷെ അതേസമയം തന്നെ നമ്മളെ കേൾക്കുന്നയാൾക്ക് സമാനമായ ഒരു ആവശ്യം വരുമ്പോൾ കേൾക്കാൻ നമ്മളും തയ്യാറാകേണ്ടതുണ്ട്. പക്ഷെ പലപ്പോഴും നമുക്ക് അതിന് സാധിക്കാതെ വരുകയോ ആ സമയത്ത് നമ്മൾ മറ്റുവല്ല കാര്യത്തിലും മുഴുകിയിരിക്കുകയോ ആയേക്കാം. നമ്മളെ അവർ കേൾക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നത് പോലെ തന്നെ അവരും അവരെ കേൾക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവില്ലേ. അതിനെ പ്രതീക്ഷയെന്നോ സാമാന്യമര്യാദയെന്നോ വിളിച്ചാലും തെറ്റല്ല.


ഒരു മനുഷ്യനായാലും മറ്റ് ജീവജാലങ്ങൾക്കായാലും നമുക്ക് നൽകാനുള്ളത് നമ്മുടെ സമയം മാത്രമാണ്. ഒരാളെ കേൾക്കുമ്പോൾ അയാളുടെ പ്രശ്നത്തിന് നമ്മൾ പരിഹാരം കണ്ടെത്തി നൽകുന്നുവെന്നല്ല അർത്ഥം. അയാൾക്ക് ഒരു ആശ്വാസം പകരുന്നുവെന്ന് മാത്രമാണ്. ഒരു വ്യക്തിയുടെ പ്രശ്നങ്ങൾ മുഴുവനും കോംപ്ലക്സായോ ഈഗോയായോ അഹങ്കാരമായോ അതുമല്ലെങ്കിൽ അയാളുടെ തോന്നലുകൾ മാത്രമായോ വിശേഷിപ്പിച്ച് നമ്മൾ തള്ളികളയാറുണ്ട്. അങ്ങനെയാണ് പലപ്പോഴും സംഭവിക്കാറ്. പക്ഷെ അതൊന്നും അയാളുടെ വെറും തോന്നലുകളോ ഈഗോയോ ഒന്നും ആയിരിക്കണമെന്നില്ല. ഓരോ തോന്നലുകൾക്കും – തോന്നലുകൾ ആണെങ്കിൽ തന്നെ – ഓരോ കാരണങ്ങൾ അയാൾക്കും പറയാൻ കാണില്ലേ. അയാള കേട്ടാലല്ലെ അത് എന്താണെന്ന് തിരിച്ചറിയാനാവു. അയാളെ കേൾക്കാതെ എങ്ങനെ നിങ്ങൾ അയാളുടെ പ്രശ്നം വെറും തോന്നലായി അടയാളപ്പെടുത്തും. അങ്ങനെ നമ്മൾ ഒരാളുടെ വെറും തോന്നലായി അടയാളപ്പെടുത്തിയതെല്ലാം പലപ്പോഴും നമ്മുടെ മാത്രം വെറും തോന്നലുകളായിരുന്നുവെന്നതിനാലാണ് അവരിൽ പലരും വിഷാദത്തിൻറെ കൊടുമുടി കയറിയത്, ചിലരെങ്കിലും ആരും കാണാത്ത, കേൾക്കാത്ത ദൂരത്തേക്ക് സ്വയം ഊർന്നിറങ്ങിപ്പോയത്. അവരെ അന്ന് ഒന്ന് കേട്ടിരുന്നുവെങ്കിലെന്ന് പിന്നീട് പലപ്പോഴും നമ്മൾ സ്വയം സങ്കടപ്പെട്ടിട്ടില്ലേ. പലപ്പോഴും നമ്മൾ സ്വാർത്ഥരാകുന്നുവെന്നതാണ് വസ്തുത. നമ്മെ അന്വേഷിച്ചില്ലെങ്കിൽ, നമ്മളെ കേൾക്കാൻ മറ്റുള്ളവർക്ക് സാധിക്കാതെ പോയാൽ, വിശേഷദിവസങ്ങളിൽ നമ്മളെ ആശംസിച്ചില്ലെങ്കിൽ നമുക്ക് ദേഷ്യവും വിഷമവും നമ്മെ മൈൻഡ് ചെയ്യുന്നില്ലെന്നുമുള്ള പരാതികളും ഉയരുന്നത്. പക്ഷെ ഇതെല്ലാം നമ്മൾ തിരിച്ചുചെയ്യാറുണ്ടോയെന്ന് നമ്മൾ  പലപ്പോഴും ഒരിക്കലും സ്വയം വിശകലനം ചെയ്യാറുമില്ല. പരസ്പരം ബഹുമാനിക്കൽ തന്നെയാണ് ഏതൊരു ബന്ധത്തിലും വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ തിരക്കുകളുമായി ജിവിക്കുമ്പോൾ ഇല്ലാതാകുന്നത് ഈ പരസ്പര ബഹുമാനമാണ്. അതില്ലാതാകുന്നതോടെ ഇരുവർക്കുമിടയിലുള്ള ഇടം ഇല്ലാതാകും. അവൻ/അവൾ അവിടെ തന്നെ ഉണ്ടാകുല്ലോ, എപ്പോൾ വേണമെങ്കിലും സൌകര്യം പോലെ പരിഗണിക്കാമല്ലോ എന്ന് കരുതുന്നിടത്ത് കൊട്ടിയടക്കപ്പെടുന്നത് ആ ഇടത്തിലേക്കുള്ള ചെറുവാതിലുമാത്രമല്ല, സ്നേഹവും പ്രതീക്ഷകളുമാണ്. കാലം ഒന്നിനും ആർക്കും വേണ്ടിയും കാത്തിരിക്കില്ല. നിങ്ങൾക്ക് അനുവദിക്കപ്പെട്ട അതേ സമയം മാത്രമേ നിങ്ങളുടെ തിരക്കിനും ബന്ധങ്ങൾക്കും ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമെല്ലാം ഉള്ളു. അതിനായി വേറെ സമയം കണ്ടെത്താനാവില്ല, സൃഷ്ടിക്കാനുമാവില്ല. സമയം വിലപ്പെട്ടതാണ്, നല്ലൊരു ബന്ധം പോലെ തന്നെ.   

Tuesday, 4 January 2022

ബിരിയാണിയിലെ രസക്കൂട്ട് അവർക്കുള്ളതാണ്...

 ജനുവരി നാല്, 2022


'ബിരിയാണി കഴിക്കാനും ആരെങ്കിലുമൊക്കെ അങ്ങനെ സ്നേഹിക്കാനുമുണ്ടായിരുന്നെങ്കിൽ എന്നൊക്കെ തോന്നിക്കുന്ന മൂവി...💗' 

രാവിലെ കണ്ണുതുറന്നപ്പോൾ ആദ്യം കണ്ട വാട്സപ്പിലെ സന്ദേശമാണ്. ഉറങ്ങുന്നതിന് മുമ്പാണ് പുതിയ മലയാളം റിലീസ് സിനിമകളെ കുറിച്ച് സുഹൃത്ത് കുറച്ചുനേരം ചാറ്റ് ചെയ്തത്. എന്നിട്ട് അതിലൊരു സിനിമ കാണാൻ പോവുകയാണെന്ന് പറഞ്ഞായിരുന്നു ചാറ്റിങ് അവസാനിപ്പിച്ചത്. 

ആ സിനിമ കണ്ടശേഷം അയച്ച മെസേജാണ്. ശരിയാണ്, ആ സിനിമ കണ്ടപ്പോൾ അങ്ങനെ തോന്നാത്തവർ വിരളമായിരിക്കണം.

പറഞ്ഞുവന്നത് മധുരം എന്ന സിനിമയെ കുറിച്ചാണ്. 


പുതുവത്സരദിനത്തിലാണ് മധുരം കണ്ടത്. പേര് പോലെ തന്നെ സിനിമയിലുടനീളം മധുരം നിറഞ്ഞുനിൽപ്പുണ്ട്. ജിലേബിയായയും കേസരിയായും മാത്രമല്ല, ബിരിയാണിയിൽ നിറയ്ക്കുന്ന സ്നേഹം വരെ മധുരമാകുന്നു.  മനംമടുപ്പിക്കുന്ന മരുന്നിൻറെ മണം നിറയുന്ന ആശുപത്രിയിലെ കൂട്ടിരിപ്പ് മുറിയിലും വസ്ത്രങ്ങൾ ഉണക്കാനിടത്തും കാഷ്വാലിറ്റിയിലും ഫാർമസിയിലുമെല്ലാം ആ മധുരം നിറയുന്നു. 

കണ്ണടച്ചുതുറക്കും മുമ്പേ തുടങ്ങി അവസാനിക്കുന്ന  നിരവധി ബന്ധങ്ങളാണ് ഇന്ന് നമുക്ക് ചുറ്റിലും. ബന്ധങ്ങൾ ആരംഭിക്കാനും അവസാനിപ്പിക്കാനും അത്രകണ്ട് കാരണങ്ങൾ ഒന്നും ഇപ്പോൾ ആർക്കും ആവശ്യമില്ലാതായിരിക്കുന്നു. എന്നാൽ അതിലേറെ ആഴത്തിലുള്ളതാണ് സ്നേഹബന്ധമെന്നത് ചിത്രം മിഴിവോടെ പറഞ്ഞുതരുന്നു. അകന്നിരിക്കുന്നതാണ്, പരസ്പരം സംസാരിക്കാതിരിക്കുന്നതാണ്, വേദന. ഉള്ളിടത്തോളം കാലം കൂട്ടായിരിക്കാൻ, പരസ്പരം മിണ്ടിയും പറഞ്ഞുമിരിക്കാൻ സാധിച്ചാൽ അതിൽപരം സന്തോഷം വേറെയെന്താണുള്ളത്. 

ചിത്രത്തിലെ പല സീനുകളും സംഭാഷണങ്ങളും ജീവിതത്തിൽ എപ്പോഴൊക്കെയോ നേരിട്ടതോ കേട്ടതോ ആയ സന്ദർഭങ്ങളായി അനുഭവപ്പെട്ടത് എനിക്ക് മാത്രമായിരിക്കില്ല. കണ്ണുകൾ പലപ്പോഴും  ഈറനണിഞ്ഞത് അതിനാലാവണം.   

പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് എന്ന് പറയുമ്പോഴും അതിനൊപ്പമോ അതിനേക്കാൾ കൂടുതലായോ താങ്ങായും തണലായും സ്നേഹിക്കുന്ന ഒരാൾ ഒപ്പം വേണമെന്ന് നമ്മെ വെറുതെ മോഹിപ്പിക്കുന്നതും മധുരമാണ്. 

അങ്ങനൊയൊരാൾ ഉണ്ടെങ്കിൽ, ആ സ്നേഹം, ആ പ്രണയം എത്രമധുരമായിരിക്കും. !!! 

അങ്ങനെയുള്ളവർ ഭാഗ്യവാൻമാരായിരിക്കും. ബിരിയാണിയിലെ മാന്ത്രിക രസക്കൂട്ട് അവർക്കുള്ളതാണ്....

Monday, 3 January 2022

സ്നേഹത്തിൻറെ (ഒറിജിനൽ) മിന്നൽ വേഗം

ജനുവരി മൂന്ന്, 2022


ഫാൻറസിയേക്കാൾ റിയാലിറ്റിയോടാണ് താൽപര്യം. അതിനാൽ തന്നെ മാർവൽ സീരീസ് സിനിമകൾ അങ്ങനെ കാണാനൊന്നും വലിയ താൽപര്യമില്ല. കണ്ടിട്ടില്ല എന്നല്ല. തിയ്യേറ്ററിൽ പോയി ഫാൻറസി മൂവീസ് കണ്ടത് ഒറ്റക്കൈയിലെ വിരലിൽ എണ്ണാവുന്നതിലും താഴെ ചിത്രങ്ങൾ മാത്രമാണ്. കണ്ടിരിക്കാൻ രസമൊക്കെയുണ്ട്. അതിമാനുഷക ശക്തിയൊക്കെ - ആറാം തമ്പുരാനിലേയും പ്രജയിലേയും ഉസ്താദിലേയും പോലുള്ള ലാലേട്ടൻറെ ഒറ്റക്ക് നാലുംപത്തും പേരെ തല്ലിതാഴെയിടുന്ന അതിമാനുഷക ശക്തിയല്ല-  ഹോളിവുഡിൽ രസമാകുന്നത് അതിൻറെ  മേക്കിങ്, വിഷ്വൽ ഗ്രാഫിക്സ് എഫക്ട് ഒക്കൊക്കൊണ്ടാണ്. ഒപ്പം ശാസ്ത്രത്തിൻറെ അടുത്ത ജെനറേഷൻ കണ്ടെത്തലെന്ന് നമ്മെ തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്പേസ് ഷിപ്പും ഭൂമിക്ക് പുറത്തുള്ള മറ്റൊരു ഗ്രഹവും അവിടത്തെ പ്രജകളുമെല്ലാം ശരിക്കും ബോറടിപ്പിക്കാതെ പിടിച്ചിരുത്തിക്കളയും. സത്യായിട്ടും കുട്ടികളെ മാത്രമല്ല, മുതിർന്ന തലനരച്ച എന്നേയും  

അപ്പൊ പറഞ്ഞുവന്നത് മിന്നലിടച്ച രണ്ട് കൂട്ടരെ കുറിച്ചാണ്. ഒന്ന് മിന്നലടിച്ച മുരളി ഡ്യൂപ്ളിക്കേറ്റിനേയും ഒറിജിനലിനേയും കുറിച്ചല്ല. മറിച്ച് മിന്നൽ മുരളി എന്ന അതിമാനുഷക സിനിമ പൊളിയെന്നും പ്രിഫിക്സ് കൂടി ചേർത്ത് തല്ലിപ്പൊളിയെന്നും വിശേഷിപ്പിച്ച രണ്ട് കൂട്ടരെ കുറിച്ച്. ആലുവ മണപ്പുറത്തെ സെറ്റ് തീയിട്ടപ്പോൾ ഓങ്ങിവെച്ചതാണ്  ബേസിലിൻറെ ഈ പടം വെറുതെയെങ്കിലും കണ്ടിരിക്കുമെന്ന്. കലാസൃഷ്ടിയുടെ വിലയറിയാത്തവരോടുള്ള പ്രതിഷേധം മാത്രം, അല്ലാതെ ബേസിലെൻറെ മച്ചാനായിട്ടൊന്നുമല്ല.



അപ്പൊ കഴിഞ്ഞദിവസം ആ മിന്നലടി ഞാനും അങ്ങ് കണ്ടു. പണ്ട് കുട്ടിക്കാലത്ത് ഇടിമിന്നലുള്ള ദിവസം വീട്ടിലെ പഴക്കം ചെന്ന ഇലക്ട്രിക്ക് വയറിൽ നിന്ന് ചേട്ടനും എനിക്കും കൂടി ഒരു ഷോക്ക് കിട്ടിയശേഷം ഇപ്പോഴാ വേറൊരു മിന്നലടിച്ചത്. മിന്നലിന് ഭയങ്കര വേഗമാണെന്നാണ് ടീച്ചറ് പണ്ട് പഠിപ്പിച്ചിട്ടുള്ളത്. പക്ഷെ ബേസിലിൻറെ മിന്നലിന് വേഗം ഒച്ചിൻറെയാണെന്നായിരുന്നു കൊറെ പേര് പറഞ്ഞത്. എന്നാൽ ശക്തിയുള്ള ഇംഗ്ലീഷ് മിന്നലിനെ മാത്രമേ മലയാളിക്ക് ഇഷ്ടമാകൂ, കാരണം ലോക്കലിനോട് മലയാളിക്ക് പണ്ടേ പുച്ഛമാണെന്നായിരുന്നു വേറെ കൊറേ പേരുടെ ദേഷ്യം.  ലോക്കല്  സലസ മാത്രം അടിക്കുന്ന മലയാളിക്ക് ലോക്കലിനോട് പുച്ഛമാണെന്ന്, ഏത് 

ആ ഏതായാലും ഇരുന്ന് മിന്നല് കണ്ട്, അല്ല കൊണ്ട്.  നല്ലൊരൊന്നൊന്നര കൊള്ളല്. മിന്നല് അടിക്കാൻ കുറച്ച് വൈകി എന്നതല്ലാതെ മിന്നലിന് പവറ് കുറവൊന്നുമായിരുന്നില്ലാട്ടാ... ഇമ്മള് മലയാളിക്കും മിന്നലടിക്കാൻ, അതും നല്ല സൈറ്റാലായിട്ട് ചറപറ ഓടിച്ചിട്ട് അടിക്കാനും പറ്റുംന്നേ. യാത്രയ്ക്ക് സ്പേസ് ഷിപ്പോ അഭ്യാസം കാട്ടാൻ വേറെ രാജ്യമോയൊന്നും വേണ്ട..  രണ്ട് കാലും കുറുക്കൻ മൂലയായാലും മതി ഓടാനും കത്തിക്കാനുമൊക്കെ. 

സസ്പെൻസൊന്നോ മിന്നുന്ന അടിയൊ ഒന്നുമല്ല മിന്നലിൻറെ ഹൈലൈറ്റ്. സ്നേഹം തന്നെയാണ്. സെൽഫിഷാണേലും നാടിനോടും നാട്ടാരോടും സ്നേഹമില്ലാത്തവരുണ്ടാകുമോ. പക്ഷെ നൊമ്പരപ്പെടുത്തിയത് 27 വർഷത്തോളം ഹൃദയത്തിൽ സൂക്ഷിച്ചുവെച്ച ആ സ്നേഹം തന്നെയാണ്. സൂപ്പർ ഹീറോ സിനിമകളിലെല്ലാം വില്ലനോട് പടം തീരുംവരേയും തീർന്നാലും ഒടുങ്ങാത്ത വെറുപ്പും ദേഷ്യവും മാത്രമാണ് അവശേഷിക്കാറ് പതിവ്. പക്ഷെ ഇവിടെ ഒറിജിനൽ മിന്നൽ മുരളിയേക്കാൾ മനം നിറച്ചത്, മനസിൽ നിറഞ്ഞുനിൽക്കുന്നത് ഡ്യൂപ്ലിക്കേറ്റ് തന്നെയാണ്. ഒരു മനുഷ്യന് എത്ര മനോഹരമായി സ്നേഹിക്കാൻ സാധിക്കുമെന്ന് കാണിച്ചു തന്ന ഷിബു. ആ മനുഷ്യൻറെ ഒറ്റ സീനാണ് സിനിമയെ ഫാൻറസിയുടെ ലോകത്ത് നിന്ന് റിയാലിറ്റിയുടെ ലോകത്തിലേക്ക് പറിച്ചുനട്ടത്ത്. പടം ഫാൻറസി പടമായി തന്നെ അറിയപ്പെടണമെന്ന് ബേസിൽ എത്ര ആഗ്രഹിച്ചാലും അത് അസാധ്യമാക്കിയത് ഉഷയോട് 27 വർഷത്തെ കാത്തിരിപ്പിനെ കുറിച്ച് ഷിബു പറയുന്ന ഒറ്റ സീനാണ്. ആ സീനിൽ വരച്ചിട്ടുണ്ട് ഓരോ മനുഷ്യനും എത്രമാത്രം പ്രണയത്താൽ നീറുന്നവനാണെന്നതിൻറെ, അതിനായുള്ള കാത്തിരിപ്പിൻറെ, വിരഹത്തിൻറെ എല്ലാ നൊമ്പരവും. വർഷങ്ങളോളം മനസിൽ പറയാതെയും പറഞ്ഞും സ്നേഹിച്ച ഏതൊരാൾക്കും ആ വേദനയും സുഖമുള്ള നൊമ്പരവുമെല്ലാം ആ കണ്ണുകളിൽ വേഗത്തിൽ കണ്ടെത്താനാവും.  സ്വയം നീറുന്ന വേദന തിരിച്ചറിയാനാവും. 


ആ ഒറ്റ സീനുകൊണ്ട് ഷിബു പ്രേക്ഷകൻറെ മനസിൽ നിന്ന് കഴുകികളയുന്നത് ഒരു ക്രൂരമായ കൊലപാതകം തന്നെയാണ്. 



ആ സീനിൽ ഷിബുവിൻറെ കണ്ണിൽ തെളിയുന്ന സ്നേഹത്തിൻറെ മിന്നലിനോളം വേഗവും വെളിച്ചവുമൊന്നും മറ്റൊരു മിന്നലിനും നൽകാനാവില്ലന്നേ.

അമേരിക്കക്കാർക്ക് സൂപ്പർമാനും സ്പൈഡർമാനുമൊക്കെ ആകാമെങ്കിൽ  നമുക്കും ആകാം ഒരു മിന്നൽ മുരളി... !!! 


സംശയം (ഒറിജിനൽ) :  അല്ലപ്പാ, എന്നാലും എന്തിനായിരിക്കും മണപ്പുറത്തെ സെറ്റ് ലവൻമാര് പൊളിച്ചേ...?

Friday, 31 December 2021

പരീക്ഷണങ്ങൾക്കൊപ്പം മലയാളത്തിൽ ഇരുണ്ടകാലത്തിന്റെ സിനിമകളും വരണം



ശക്തമായകഥകളും സിനിമയും മലയാളത്തിന് സമ്മാനിച്ച സച്ചിയും ഷാനവാസ് നരണിപ്പുഴയും പി ബാലചന്ദ്രനുമൊന്നുമില്ലാതെയാണ് പുതുവ‍ർഷത്തെ വരവേൽക്കുമ്പോൾ മലയാള സിനിമ ഒരുങ്ങുന്നത്. ഇവരുടെ നഷ്ടം മലയാളത്തിന് ഒരിക്കലും നികത്താനാവുന്നതുമല്ല. മികച്ച കഥകൾ ഒരുക്കിയെന്നതിനൊപ്പം തന്നെ ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുവെന്നതും ബാലചന്ദ്രന്റേയും മൺമറഞ്ഞുപോയ നെടുമുടി വേണുവിന്റെയുമെല്ലാം നേട്ടമാണ്. ഇവരല്ലാം പകർന്നുനൽകിയ ഊർജ്ജം ഉൾക്കൊണ്ടുതന്നെയാകും മലയാള സിനിമ മുന്നോട്ടുള്ള യാത്ര തുടരുക.ലോക്ഡൗണിൽ ലോകമെല്ലാം പകച്ച് നിന്നപ്പോഴും പരീക്ഷണങ്ങളിലൂടെ പ്രതിസന്ധിയെ മറികടന്ന് ലോകസിനിമയ്ക്ക് തന്നെ അത്ഭുതമായിരുന്നു നമ്മുടെ കൊച്ചു മലയാളം ഇൻഡസ്ട്രി. പൂ‍ർണമായും അടച്ചിട്ട മുറിയിലിരുന്ന്, വെറും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച സി യു സൂൺ എന്ന സിനിമമാത്രം മതി നമ്മുടെ സിനിമ സാങ്കേതികവിദ്യയിൽ എത്രമാത്രം പരീക്ഷണങ്ങളും പ്രമേയത്തിൽ വ്യത്യസ്ഥതയും കൊണ്ടുവരുന്നുവെന്നത് മനസിലാക്കാൻ.





പോയവർഷം പ്രമേയംകൊണ്ടും ട്രീറ്റ്മെന്റ് കൊണ്ടും വ്യത്യസ്ഥങ്ങളായ നിരവധി സിനിമകളാണ് പിറന്നത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക്ക്, ജോജി, കുരുതി, നായാട്ട്, ഓപറേഷൻ ജാവ, നിഴൽ, ഭീമന്റെ വഴി, ആണും പെണ്ണും, സാറ തുടങ്ങി രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്ത ഒരുപിടി സിനിമകളാണ് പ്രേക്ഷകരിലേക്കെത്തിയത്. മലയാളിക്ക് കണ്ടുപരിചിതമല്ലാത്ത കഥപറയൽ ശൈലിയും അവതരണവുമെല്ലാം തികഞ്ഞ അച്ചടക്കത്തോടെ തന്നെ അവതരിപ്പിച്ചുവെന്നതാണ് ഈ സിനിമകളുടെയെല്ലാം വിജയം. ഇവയിൽ പലതും വലിയ അവകാശവാദങ്ങളില്ലാതെ എത്തി വിജയക്കൊടിപാറിച്ചതാണ് എങ്കിൽ വലിയ ഓളമുണ്ടാക്കിയെത്തി തിയ്യറ്ററുകളെ നിറച്ച സിനിമകളും വർഷാവസാനം എത്തി. ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ റിലീസായ കുഞ്ഞാലി മരക്കാർ അറബികടലിന്റെ സിഹം, കുറുപ്പ്, മിന്നൽ മുരളി തുടങ്ങിയവയെല്ലാം ആ ഗണത്തിൽ പെടുന്നതാണ്. സുകുമാരകുറുപ്പ് എന്ന പിടികിട്ടാപുള്ളിയുടെ കഥ പറഞ്ഞ കുറുപ്പും അതിമാനുഷിക കഥാപാത്രങ്ങളെ ഹോളിവുഡ് സിനിമകളിലൂടെ ആരാധിക്കുന്ന മലയാളിക്ക് ലോക്കലായിട്ട് ഒരു അതിമാനുഷികനെ സമ്മാനിച്ച മിന്നൽ മുരളിയുമെല്ലാം മലയാള സിനിമ ആസ്വാദനത്തിൽ വേറിട്ടതായി. ഗ്രാഫിക്സിന്റെ സാധ്യതകളെ ഉപയോഗിച്ചുള്ള കുഞ്ഞാലിമരക്കാറും സാങ്കേതികവിദ്യയുടെ പേരിൽ തിയ്യേറ്ററുകളിൽ വേറിട്ട അനുഭവമായി.

കലാമൂല്യങ്ങളുള്ള ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ മലയാളം നന്നായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് പറയുമ്പോഴും ജാതിയത, കീഴാള വ്യവസ്ഥിതി എന്നിവയെ എത്രമാത്രം മലയാള സിനിമ ഇപ്പോഴും അഡ്രസ് ചെയ്യുന്നുണ്ട് എന്നത് വിമർശനപരമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച് നമ്മുടെ തൊട്ടയൽപകത്തെ തമിഴ് സിനിമകൾ കീഴാളരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന സിനിമകളുമായി മുന്നോട്ട് വരുമ്പോൾ. (മലയാളത്തിൽ ഒട്ടും ഉണ്ടായിട്ടില്ല എന്നതല്ല, സമീപകാലത്ത് കുറവാണ്. വിധേയൻ, പാപ്പിലിയോ ബുദ്ധ പോലുള്ള സിനിമകൾ ഇത്തരം വിഷയങ്ങൾ മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ട്). ജയ് ഭീം, രാമൻ ആണ്ടാലും രാവണൻ ആണ്ടാലും, കർണൻ പോലുള്ള സിനിമകൾ ജാതിവ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ഭരണകൂടത്തെ തന്നെ മുൾമുനയിൽ നിർത്തുമ്പോൾ. രാഷ്ട്രീയമായി വലിയ മുന്നേറ്റങ്ങളും പുരോഗമനവാദങ്ങളും മുന്നോട്ട് വെക്കുന്ന കേരളത്തിൽ നിന്ന് അത്തരമൊരു സിനിമ ഇപ്പോൾ ഉണ്ടാകുന്നില്ലയെന്നത് അത്ഭുതകരമാണ്. അത്തരം സിനിമകൾ കൂടി വരും വർഷങ്ങളിൽ മലയാളത്തിൽ നിന്ന് വരേണ്ടതുണ്ട്. ഇതിനിടയിലും പ്രതിഷേധങ്ങളെ ഭയന്ന് സിനിമകൾ തന്നെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ മലയാളത്തിലും ഉണ്ടാകുന്നുവെന്നത് സങ്കടകരമാണ്. വിവിധ വിഭാഗങ്ങളുടെ ഭീഷണിക്ക് മുന്നിൽ പുരോഗമനവാദികളായ സിനിമാക്കാർക്ക് പോലും മുട്ടിടിക്കുന്നുവെന്ന ആക്ഷേപത്തിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുന്നത്. ചില വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് വാരിയംകുന്നത്ത് പോലുള്ള ചരിത്ര സിനിമകൾ ഉപേക്ഷിക്കുന്ന സാഹചര്യമെല്ലാം ഈ സന്ധിചെയ്യലിന്റെ ഭാഗമാണ്. തമിഴൻ ആരാധകരുടെ കയ്യടികൾക്ക് വേണ്ടി മാത്രമായി സിനിമചെയ്യുന്നവരാണെന്ന പഴി പണ്ടേക്കും പണ്ടേ ഉയർത്തിയിരുന്നവരാണ് നമ്മൾ. അതേ നമ്മൾ ആരാധകർക്ക് വേണ്ടി മാത്രമാണ് ചരിത്രസിനിമ പോലും ചെയ്യുന്നതെന്ന് തുറന്നുപറയുന്ന കാലത്തേക്ക് തിരിഞ്ഞുനടന്നുവെന്നത് വെറും യാദൃശ്ചികമല്ല. ജാതീയതയും ഫാസിസവും മതാന്ധതയും വേരുറപ്പിക്കുന്ന കാലത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ ഇരുണ്ടകാലത്ത് ആ ഇരുളിനെ തുറന്നുകാട്ടുന്ന സിനിമകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പോയവർഷം എത്തിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നമ്മുടെ അടുക്കളകളിൽ സ്ത്രീകൾ തളച്ചിടപ്പെടുന്നതിനേയും അന്ധവിശ്വാസത്തേയും ആൺ മേൽക്കോയിമയേയും ചോദ്യം ചെയ്യുന്നതായി. കുരുതി എന്ന സിനിമ തീവ്രവാദത്തെ വിഷയമാക്കിയെങ്കിലും ഏകപക്ഷീയമായിപോയി എന്ന ആരോപണം നേരിട്ടു. അവയൊന്നും തന്നെ ജീർണിച്ച ജാതിവ്യവസ്ഥിതിയേയോ ദളിത് രാഷ്ട്രീയത്തേയോ ചർച്ച ചെയ്തതുമില്ല. മാലിക്ക് എന്നത് വലിയതുറ വെടിവെപ്പ് പശ്ചാത്തലമാക്കി തയ്യാറാക്കിയ സിനിമയായിരുന്നുവെങ്കിലും വെടിവെപ്പിലെ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുകയോ അത്തരം വസ്തുതകളിൽ നിന്ന് കൃത്യമായ അകലം ബോധപൂർവ്വം പാലിക്കുകയോ ചെയ്തു. അതേസമയം ജയ് ഭീം ആയാലും കർണൻ ആയാലും ഭരണകൂട ഭീകരതയെ ഒരുമറയുമില്ലാതെ തുറന്നുകാട്ടുന്നതായി. നമ്മുടെ നാട്ടിലും ജാതീയതയും ഊരുവിലക്കുമെല്ലാം പലയിടത്തായി ഇപ്പോഴും നിലവിലുണ്ട്. ഇത്തരം വിഷയങ്ങൾ പക്ഷെഎന്തുകൊണ്ടോ നമ്മുടെ സിനിമകൾ-മുഖ്യധാരയിൽ- വിഷയമാക്കാൻ മടിക്കുന്നുവെന്നതാണ് ഖേദകരം. വരും നാളുകളിൽ അത്തരം സിനിമകൾ മലയാളത്തിലുമുണ്ടാകുക തന്നെ വേണം. സാങ്കേതിക വിദ്യയിലും കഥകൾ പറയുന്ന ശൈലിയിലും മാത്രമല്ല, പറയുന്ന കഥയിലും ജീവിതങ്ങൾ ഉണ്ടാകണം, വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ വേണം. എങ്കിലെ സിനിമ അതിന്റെ ധർമം പുലർത്തിയെന്ന് പറയാനാവു. തമിഴിൽ വെട്രിമാരനും പാ രഞ്ജിത്തുമെല്ലാം വെട്ടിയിട്ട പാതകൾ മലയാളത്തിലേക്കും നീളേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.


ഒ ടി ടി, തിയ്യേറ്റ‍ർ എന്ന ദ്വയത്തിനുള്ളിൽ കിടന്ന് മലയാള സിനിമ കറങ്ങിയ വർഷം കൂടിയാണ് കടന്നുപോകുന്നത്. രണ്ടാം ലോക്ഡൗണിനെ തുടർന്ന് വീണ്ടും അടച്ചിട്ട തിയ്യേറ്റർ ഒരുപാട്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് തുറന്നുകൊടുക്കപ്പെട്ടത്. അതുപോലും വലിയ വാർത്തയായത് കുഞ്ഞാലിമാരക്കാറിന്റെ റിലീസ് തിയ്യേറ്റർ ആയിരിക്കുമോ ഒ ടി ടി ആയിരിക്കുമോയെന്ന തർക്കത്തിലാണ്. മലയാളം പോലുള്ള ചെറിയ ഇൻഡസ്ട്രിക്ക് ഒ ടി ടി റിലീസ് പ്രതിസന്ധിയാണെന്ന് വാദിക്കുന്നവരും ഒടിടിയെ മാറ്റിനി‍ർത്താനാവില്ലെന്ന് വാദിക്കുന്നവരും തമ്മിലുള്ള തർക്കം വരും വർഷത്തിലും തുടരുമെന്നുറപ്പ്. വലിയ സിനിമകളുടെ റിലീസിനായി ചെറിയ സിനിമകൾ തിയ്യേറ്റുകൾ മാറ്റുന്നകാലത്ത് ഒ ടി ടി യെ നവാഗതരടക്കമുള്ള, ചെറു സിനിമകൾ ചെയ്യുന്നവർ പിന്തുണയ്ക്കുകതന്നെ ചെയ്യും. ഒ ടി ടി റിലീസിനെ തടയാൻ തിയ്യേറ്ററുടമകൾ മുന്നോട്ട് വെക്കുന്ന പലനിബന്ധനങ്ങളും പ്രമുഖതാരങ്ങൾ അടക്കമുള്ളവർ തന്നെ തള്ളികളയുന്നുമുണ്ട്. ഒ ടി ടി റിലീസിനെ പ്രോത്സാഹിപ്പിക്കുന്ന നടൻമാരുടെ സിനിമകൾ ഇനി തിയ്യേറ്ററിൽ കളിപ്പിക്കില്ലെന്നതുൾപ്പടെയുള്ള ഉടമകളുടെ പിടിവാശിയെല്ലാം ഈ വ്യവസായത്തെ തകർക്കാൻ മാത്രമേ സാധിക്കുവെന്നതാണ് വസ്തുത. സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് വാശിപിടിച്ചാൽ ജനം ഒ ടി ടി യിൽ ആ പടം കാണുന്നതിലൂടെ നഷ്ടം സംഭവിക്കുന്നത് തിയ്യേറ്റർ ഉടമകൾക്ക് തന്നെയാകും. വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിൽ പ്രതിസന്ധി നേരിട്ടപ്പോൾ പല തിയ്യേറ്ററുകളും അടച്ചുപൂട്ടേണ്ടി വരികയും അവയെല്ലാം ഓഡിറ്റോറിയങ്ങൾ ആയി മാറിയതും മറക്കാറായിട്ടില്ല. ഒ ടി ടി യെ മാറ്റി നി‍ർത്തി മുന്നോട്ടുപോകാൻ മലയാളത്തിനും അധികമാവില്ല. ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ പിന്നീട് തിയ്യേറ്ററിൽ പ്രദർശിപ്പിക്കാതിരിക്കുകയും തിയ്യേറ്ററിൽ പ്രദർശിപ്പിച്ച സിനിമകൾ ഇത്രകാലത്തിന് ശേഷം മാത്രം ഒ ടി ടി യിൽ പ്രദർശിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ ധാരണ. ആ ധാരണയും സിനിമയ്ക്ക് എത്രമാത്രം ഗുണകരമാണെന്ന് ഒരുപക്ഷെ വൈകാതെ പരിശോധിക്കപ്പെടേണ്ടിവരും. നാടോടുമ്പോൾ നടുവെ ഓടണമെന്നാണല്ലോ.

ടോളിവുഡിന്റേയോ കോളിവുഡിന്റോയോ അത്രവലിപ്പം ഈ ഇൻഡസ്ട്രിക്കില്ല എന്നത് ശരിയാണ്. പക്ഷെ ഇവരെയെല്ലാം വെല്ലുന്ന ചിലത് തങ്ങൾക്കുണ്ടെന്ന് മോളിവുഡ് തെളിയിച്ചിട്ടുണ്ട്. നല്ല കഥയ്ക്കോ സാങ്കേതികവിദ്യയ്ക്കോ മലയാളത്തിൽ ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. കഴിവുള്ള നിരവധി നടൻമാരും സാങ്കേതികവിദഗ്ധരും മലയാളത്തിലുണ്ട്. പരീക്ഷണം നടത്താൻ ഹോളിവുഡിനോളമോ അതിനപ്പുറമോ ചങ്കൂറ്റവും ഇപ്പോൾ മലയാളത്തിനുണ്ട്. അത് തന്നെയാണ് മലയാളത്തിന്റെ കരുത്ത്. പുതുവർഷത്തിൽ പുതിയ സിനിമകളൊരുങ്ങുമ്പോൾ സമൂഹത്തിന്റെ എല്ലാമേഖലയിലേയും ചൂഷണത്തെ ചൂണ്ടിക്കാട്ടുന്ന സിനിമകൾ തന്നെ പിറക്കുമെന്ന് പ്രതീക്ഷിക്കാം.

Tuesday, 30 July 2013

വെള്ളിത്തിരിയ്ക്കുപുറത്തെ വെള്ളിനക്ഷത്രങ്ങൾ

കഴിഞ്ഞ കുറച്ച് നാളുകളായി സിനിമാതാരങ്ങള്‍ വാർത്തകളി  ഇടംപിടിക്കുന്നത് സ്ക്രീനിനുപുറത്തെ വിശേഷങ്ങള്‍ കൊണ്ടാണ്,
അല്ലെങ്കില്‍ അഭിനയം കൊണ്ടാണ്
ആദ്യം താരരാജാവ് മമ്മൂട്ടിയാണ് വാർത്തയിലെത്തിയത്
ഒന്നല്ല രണ്ട് തവണ താരമെത്തി
ആദ്യം കർഷകനായി
കോട്ടയത്ത് അപ്പർ കുട്ടനാടിൽപെടുന്ന ചീപ്പുങ്കലിൽ വാങ്ങിയ 16 ഏക്കർ പാടത്ത് ഉഴുത് മറിച്ചാണ് താരം സിനിമയ്ക്ക് പുറത്തെ വാർത്തിയിലെത്തിത്
കറുത്ത കണ്ണടധരിച്ച്, വെള്ളമുണ്ടുമുടുത്ത് താരം ട്രാക്ടറില് നിലമുഴുതുമറിച്ചു
ഇനി വിതയ്ക്കണം, പിന്നെ കൊയ്യണം
ഉഴുതുമറിച്ച് നിലത്തില് നിന്ന് കരയക്കടിഞ്ഞ താരത്തിന്റെ പാദങ്ങൾ മറ്റൊരു കര്ഷകതൊഴിലാളി കഴുകിവൃത്തിയാക്കികൊടുത്തു
ദോഷൈകദൃക്കുകളായ സോഷ്യല് നെറ്റ് വര്ക്ക് സൈറ്റുകളിലെ കർഷർക്ക് അതൊട്ടും പിടിച്ചില്ല
ർഷകനെകൊണ്ട് താരം കാലുകഴുകിപ്പിച്ചുവെന്നായി രോദനം
പിന്നെ താരത്തിനെ താറടിക്കല്, കരിഓയിലെറിയൽ
ഹൊ..എന്തൊക്കെയായിരുന്നു പുകില്
താരം പ്രതികരിച്ചില്ലെങ്കിലും താരത്തിനുവേണ്ടി ചിലമാധ്യമസിണ്ടിക്കേറ്റുകാർ വേദി ഏറ്റെടുത്തു
കാലുകഴുകിയത് താരത്തിന്റെ അടുത്തസുഹൃത്താണെന്നും അതിലെന്ത് തെറ്റെന്നും കാര്യകാരണസഹിതമല്ലെങ്കിലും സ്ഥാപിച്ചെടുത്തു
ഉഴുത കഴിഞ്ഞ് ചേറി കുളിച്ച ട്രാക്ടറി നിന്ന് കരയിലെ ആഢംബരകാറിലേക്ക് കയറുമ്പോകൈമണപ്പിച്ച്
ഹൊ..എന്തൊരുന നാറ്റം എന്ന്താരം സത്യസന്ധമായി പറഞ്ഞെന്നാണ് കേട്ടുകേൾവി...
സത്യമാണോ എന്തോ
?
കൃഷി പണി പകർത്താനായി താരത്തിന്റെ ഏജന്റുമാ വിളിച്ചുവരുത്തിയ ചാനലുകള്‍ അത് പകർത്തിയിട്ടുണ്ടോ എന്തോ....
താരത്തിന്റെ ജൈവകൃഷിപാടം വൈകാതെ ഫാം ടൂറിസത്തിന്റെ രൂപത്തിലേക്ക് മാറുമെന്നും താരത്തിന്റെ ശത്രുപക്ഷത്തെ ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്.
ലക്ഷ്യം ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കലായാലും പണം വാരാതെ പറ്റില്ലല്ലോ...
(തൊട്ടുപിന്നാലെ സോളാര്‍ കേസിൽ വേണ്ടിവന്നാ മൊഴികൊടുക്കേണ്ട അവസ്ഥയിലുമായി താരം...)

റോഡ് നന്നാക്കല്‍ ആരുടെ പണിയാണ്?
നടന്മാരുടേയോ അതിന് ചുമതലപ്പെട്ട അധികൃതരുടേയോ ?
ചെറിയസംശയമാണ്
ചോറ്റാനിക്കരയില്‍ റോഡിലെ കുഴിയിൽ വീണ് രണ്ട് ബൈക്ക് യാത്രക്കാരായ ചെറുപ്പക്കാ മരിച്ചു
തീർത്തും ദാരുണം.
ആരെയും കണ്ടില്ല കൊടിപിടിക്കാനും ഹർത്താൽ നടത്താനും
പക്ഷെ അത് നട ജയസൂര്യയുടെ ഹൃദയത്തിലാണ് തറച്ചത്
റോഡുകളിലെ കുഴി മൂടിക്കളയാമെന്ന് താരം തീരുമാനിച്ചു
രാത്രിയിൽ ഗതാഗതം കുറഞ്ഞശേഷം പുലരുവോളം പണിയെടുക്കാമെന്ന താരം തീരുമാനിച്ചു
ഒപ്പം കുറച്ച് സഹായികളേയും കൂട്ടി
ചാനലുകളേയും പത്രക്കാരേയും വിളിച്ച് എല്ലാം കവർചെയ്യാർപ്പാടാക്കി
രത്രി 9 കഴിഞ്ഞപ്പോൾ ടിപ്പറിൽ കല്ലും മണ്ണും സിമന്റുമായി താരം എത്തി
മേനകയിലെത്തിയ നട ടിപ്പറി കയറി കല്ലിറക്കി, റോഡിലിറങ്ങി കല്ലിട്ടു, സിമന്റ് കുഴച്ചു പിന്നെ കുഴിയടച്ചു.
ഇതിന് മുമ്പേ ചാനലുകാർക്ക് അഭിമുഖം നൽകികഴിഞ്ഞിരുന്നു
പരിപാടി തീരുന്നതുവരെ നിന്നാ പിറ്റേന്നത്തെ പത്രത്തി ഇടം പിടിക്കില്ലല്ലോ..
പരിപടി ഗംഭീരമാക്കാ നടനെ അടുത്തുകണ്ട ആവേശത്തി നാട്ടുകാരും ഒപ്പം കൂടി
കല്ലും മണ്ണും സിമന്റും കുഴിയി നിറച്ച് നടനും സംഘവും
കാലത്തേ സ്ഥലം കാലിയാക്കി.
ഗതാഗതകുരുക്ക് പാടില്ലല്ലോ.
രണ്ട് ദിവസം കഴിഞ്ഞപ്പോ കൊച്ചി നഗരം കാക്കുന്ന പിതാവ് സടകുടഞ്ഞ് ഉറക്കത്തി നിന്ന് ഉണർന്നു
ആരോട് ചോദിച്ചിട്ടാ താരം സാമൂഹ്യസേവനത്തിനിറങ്ങിയത് ?
കുഴികളില് താരം ഇട്ട വലിയ കല്ലുകള് ഇളകി അപകടസാധ്യത കൂട്ടുകയല്ലേ ചെയ്തത്?
അനുമതി ചോദിച്ച് വല്ല കോൺട്രാക്ടർമാരേയും ചുമതലെപ്പെടുത്തി ചുമ്മാതെ നോക്കിയികുന്നാൽ പോരായിരുന്നോ താരത്തിന് ?
അറിയാത്തപണിയെടുത്ത് എന്തിനാവെറുതെ മേലുളുക്കിച്ചേ?  
കോർപറേഷന് റോഡിലായിരുന്നേനിയമനടപടി സ്വീകരിച്ചേനെയെന്നും നഗരപിതാവ് അലറി കരഞ്ഞു.
തൊട്ടുപിന്നാലെ പൊതുമരാമത്ത് മന്ത്രിയും താരത്തിന്റെ ചെവിക്ക് പിടിച്ചു, തന്റെ റോഡില്‍ തോന്ന്യാസം കളിക്കാൻ താനാരാ താരമേയെന്നായി കൊച്ചിക്കാരനായ മന്ത്രി
നഗരപിതാവും മന്ത്രിയും സ്വഭാവം കാണിച്ചു.
പട്ടിയൊട്ട് തിന്നത്തുമില്ല എന്നാ പശുവിനെകൊണ്ട് തിന്നിക്കത്തുമില്ല എന്നലൈനിലായി കാര്യങ്ങള്‍
തക്കം പാർത്ത് നിന്ന ഇടതന്മാരും താമരക്കാരും എല്ലാം താരത്തിന്റെ ഫാൻസ് അസോസിയേഷനിൽ അംഗത്വമെടുത്ത് അണിനിരന്നു
താരത്തിന് സാമൂഹികസേവനമാകാം, തെറ്റല്ല
മന്ത്രിയും നഗരപിതാവും പോയി പണിനോക്ക്.
എല്ലാവരും നിലപാട് വ്യക്തമാക്കി
സാമൂഹികപ്രതിബദ്ധതയേറിയ ചില നടീനടൻമാരും ഒപ്പം ചേർന്നു

ചിലകാര്യങ്ങള്‍ പണിയെടുക്കാത്തവനായാലും പണിയെടുക്കുന്നവനായാലും
പറഞ്ഞാല്‍ സത്യമാണോയെന്ന് പരിശോധിച്ചേ പറ്റു
തൃപ്പൂണിത്തുറക്കാരനായ ജയസൂര്യയെ കുഴിയടക്കാന്‍ പ്രേരിപ്പിച്ചത്
ചോറ്റാനിക്കരയിലെ ബൈക്കപകടം.
ചോറ്റാനിക്കരയിലെ കുഴിയില്‍ വീണ അപകടത്തിന് എവിടുത്തെ കുഴിയാ അടയ്ക്കേണ്ടേ?
ചോറ്റാനിക്കരിയിലെയോ കൊച്ചിയിലേയോ?
ഇനി കേരളത്തില്‍ റോഡിന്റെ ശോച്യാവസ്ഥകാരണം ഇത്തവണ ഹർത്താൽ നടന്ന ഏക സ്ഥലം ഏതാണെന്ന് ചോദിച്ചാൽ താരം ചിലപ്പോള്‍ ബ്ബ..ബ്ബ..ബ്ബ...അടിക്കും
കാരണം ഉത്തരം അറിയാഞ്ഞിട്ടല്ല
പറഞ്ഞാല്‍ താരം നാറിപോകും
ർത്താൽ നടന്നത് താരത്തിന്റെ സ്വന്തം നാടായ തൃപ്പൂണിത്തുറയിലാ
താരത്തിന്റെ വീട്ടില്‍ നിന്ന് പുറത്ത് നഗരത്തിലേക്കെത്തണമെങ്കിൽ വേണം മണിക്കൂറുകള്‍ യാത്രചെയ്യാൻ
ശ്രമിക്കുവാണേല്‍ കാക്കതൊള്ളായിരം കുഴികളും റോഡിലെണ്ണാൻ കഴിയും
അപ്പൊ അതൊന്നും കാണാതെ താരമെന്തിനാ കൊച്ചിയിലേക്ക് എഴുനെള്ളിയേ?
അതും മണിക്കൂറുകള്‍ കുഴികളിലൂടെ ചാടിചാടി വണ്ടിയും ഉരുട്ടി.
ചാനലുകൾക്ക് സൌകര്യം കൊച്ചി നഗരമായതോണ്ടല്ലേ..?
തൃപ്പൂണിത്തുറയിലും ചോറ്റാനിക്കരയിലുമെല്ലാം ചാനലുകൾക്ക് രാത്രിയിലെത്താ സമയം വേണ്ടെ, പേരാത്തതിന് കൊച്ചിയാകുമ്പോൾ മൈലേജും കൂടും...എന്താ ബുദ്ധി

കേരളത്തിലെ റോഡുകളുടെ ഏറ്റവും ശോചനീയാവസ്ഥ കഴിഞ്ഞ ഇടത് സർക്കാരിന്റെ അവസാനകാലങ്ങളിലായിരുന്നു
റോഡേയില്ലാത്ത അവസ്ഥ
അന്നൊന്നും ഈ സിനിമാ-സീരിയല്‍ താരങ്ങളെയൊന്നും പൊടിയിട്ട് നേക്കട്ട് കാണാനുണ്ടായിരുന്നില്ല
അന്നൊക്കെ മാളത്തിലായിരുന്ന താരങ്ങള്‍ ചുമ്മാ ഒരു ജാഢക്കിറങ്ങിയതല്ലേ ഇപ്പോളെന്ന് സംശയിച്ചാൽ അതിൽ ഒരുതെറ്റുമില്ല
ഇപ്പെ ആരാ താരമായേ?

ഹെല്മറ്റില്ലാതെ വാഹനമോടിച്ചതിന് പിഴയടക്കാത്ത എത്രപേരുണ്ടാകും നമ്മുടെ നാട്ടില്‍?
പാവങ്ങളെ വളഞ്ഞിട്ട് പിടിക്കാന് കണ്ടവളവിലും ജങ്ഷനിലുമെല്ലാം വലവിരിച്ചിരിക്കുന്ന മോട്ടോര്‍ വാഹന വകുപ്പുകാരും പൊലീസും സ്ഥിരം കാഴ്ചയാണ് നമ്മുടെ നാട്ടിൽ
അവന്മാരെ പ്രാകാത്ത ഒരുദിനംപോലും കേരളീയർക്ക് ഉണ്ടാവത്തുമില്ല
എന്നാല് താരങ്ങളായാ കേസെടുക്കലോ പിഴയിടലോ ഒന്നുമില്ല
പുതിയസിനിമയുടെ പ്രൊമോഷനുവേണ്ടി ഹെൽമിറ്റിടാതെ ബുള്ളറ്റോടിച്ചാണ് യുവതാരം ദുൽഖർൽമാൻ ശ്രദ്ധേയനായത്
130 ബുള്ളറ്റുകളെ നയിച്ച് ബുള്ളറ്റോടിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന എല്ലാവരും ഹെൽമറ്റ് ധരിച്ചിരിക്കുന്നത് താരം കാണാതെ പോയതാണോ അതോ താരത്തിന് ഹെൽമറ്റ് വേണ്ട എന്നതോന്നലോ എന്നറിയില്ല
എന്തായാലും കറുത്ത കൂളിങ് ഗ്ലാസ് വെക്കാ താരം മറന്നിരുന്നില്ല
അക്കാര്യത്തി അച്ചന്റെ മക തന്നെ
മാതൃകയാവേണ്ടതാരങ്ങൾ ഇത്തരത്തിൽ ചെയ്യുന്നത് നീതികരിക്കാനാവുന്നതാണോ?
ആദ്യമൊന്നും ശ്രദ്ധയിൽപെടാതെ പോയ ബുള്ളറ്റ് സവാരി
ശ്രദ്ധയിൽ പെടുത്തിയപ്പോൾ ട്രാഫിക്ക് പൊലീസും പെട്ടു
ഒടുവി ട്രാഫിക്ക് പൊലീസ് നടപടിയെടുത്തു
പെറ്റികേസ് ചുമത്തി താരത്തിന് പിഴയിട്ടു
പിഴ വെറും 100 രൂപയുടേയാണ്
അത് ദുൽഖറി മിഠായി വാങ്ങാൻപോലും തികയത്തില്ല എന്നുറപ്പ്
എന്നാല്‍ അതങ്ങ് അടച്ച് മാതൃകയാവണം താരം

(കേസെടുക്കുമെന്ന് പറഞ്ഞെങ്കിലും എടുത്തില്ലെന്നാണ് സംസാരം. ഒതുക്കിതീർത്തോ ആവോ???)

വിവാദങ്ങളും ഗോസിപ്പുകളും സിനിമാതാരങ്ങളുടെ കുത്തകയാണ്
അതുകൊണ്ട് ഇനിയും പ്രീതക്ഷിക്കാം

കൂടുതൽ വിശേഷങ്ങൾക്കായി