ജനുവരി അഞ്ച്, 2022
ബന്ധങ്ങൾക്കിടയിൽ എപ്പോഴും വേണ്ടത് സ്വാതന്ത്ര്യമാണ്. പരസ്പരം തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം. ഒരാളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുന്നത് അവർക്കിടയിൽ അവരുടേതായ സ്പേസ് രണ്ട്കൂട്ടരും പരസ്പരം നൽകുമ്പോളാണ്. ആ സ്പേസിൽ പരസ്പര ബഹുമാനമുണ്ടാകും. സ്നേഹമുണ്ടാകും. വിമർശിക്കാനും ചീത്തവിളിക്കാനും വഴക്കിടാനുമുള്ള ധൈര്യമുണ്ടാകും. വിമർശനത്തിനും ചീത്തവിളിക്കും വഴക്കിനും ശേഷം പരസ്പരം ഇരുന്ന് ഒരു പാത്രത്തിൽ നിന്ന് തന്നെ ചിരിച്ചുകൊണ്ട് ഭക്ഷണം വാരിതിന്നാനുള്ള സ്നേഹവുമുണ്ടാകണം. അപ്പോൾ മാത്രമേ ആ ബന്ധം ആത്മാർത്ഥയുള്ളതാവുന്നുള്ളു.
ഈ ബന്ധത്തിൽ വെറും കേൾവിക്കാരൻ മാത്രമല്ല ആരും. മറ്റെയാളെ കേട്ടിരിക്കുന്നതിനൊപ്പം തന്നെ സംസാരിക്കുന്നവനുമാണ്. ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ കേട്ടിരിക്കണം, തിരിച്ചും അങ്ങനെതന്നെയാവണം. ഒരാൾ തന്നെ എപ്പോഴും കേൾവിക്കാരനായിരുന്നാൽ ശരിയാവില്ല. കേൾവിക്കാരനും ഉണ്ടാകും പ്രശ്നങ്ങൾ എന്ന് തിരിച്ചറിയാൻ മറ്റേയാൾക്ക് സാധിക്കണം. അങ്ങനെ സാധിക്കുമ്പോളാണ് എല്ലാം മനോഹരമാകുന്നത്. പ്രണയത്തിൽ മാത്രമല്ല, സൌഹൃദത്തിലും അങ്ങനെതന്നെ. നമ്മൾ അയക്കുന്ന ചെറിയ സന്ദേശം മതി മറ്റേ എൻഡിലുള്ള വ്യക്തിക്ക് നമ്മുടെ മൂഡ് മനസിലാക്കാൻ.
നിങ്ങൾക്കിടയിൽ അഭിപ്രായഭിന്നത പലതിലും ഉണ്ടായേക്കാം. ഒരേ അഭിപ്രായം തന്നെ എല്ലായിപ്പോഴും രണ്ടുപേർക്കിടയിൽ, അവരെത്ര വലിയ സുഹൃത്തുക്കളായാലും കമിതാക്കളായാലും സഹോദരങ്ങളായാലും ഉണ്ടാകണമെന്നില്ല. പരസ്പരം അഭിപ്രായം പറഞ്ഞ് വഴക്കിട്ടെന്നിരിക്കാം, ഇറിറ്റേറ്റ് ചെയ്യിച്ചെന്നുമിരിക്കാം. പക്ഷെ അതുകൊണ്ടൊന്നും തന്നെ നിങ്ങൾക്കിടയിലെ സ്നേഹവും സ്വാതന്ത്ര്യവും ബഹുമാനവും റദ്ദ് ചെയ്യപ്പെടുന്നില്ല. നിങ്ങൾക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യണം. അതിനെ ചൊല്ലിയും ഒരുപക്ഷെ തർക്കിച്ചേക്കാം. അതിനർത്ഥം നിങ്ങൾ നിരന്തരം തർക്കിച്ചുകൊണ്ടേയിരിക്കുമെന്നല്ല. ഇനി അഥവാ നിങ്ങൾ തർക്കിക്കുന്നുവെങ്കിൽ തന്നെ അതിനർത്ഥം അതിനുള്ള സ്വാതന്ത്ര്യം, ഇടം നിങ്ങൾക്കിടയിൽ ഉണ്ടെന്നാണ്. ആ സ്വാതന്ത്ര്യം മറ്റേയാൾ നിങ്ങൾക്ക് നൽകുന്നുവെന്നത് തന്നെയാണ് നിങ്ങൾക്കിടയിലെ ഏറ്റവും വലിയ ബ്ലസ്സിങ്.
വിഷമം വരുമ്പോൾ, സന്തോഷം വരുമ്പോൾ ഓടിച്ചെന്ന് പറയാൻ നമ്മൾ ആദ്യം തിരഞ്ഞെടുക്കുന്നത് ആ അയാളെയായിരിക്കും. എന്തുണ്ടെങ്കിലും മറ്റാരോടും പറയാനാവാത്തതും തന്നോട് പറയുമെന്ന് ഒരാൾ വിശ്വസിക്കുന്നത് ഈ സ്വാതന്ത്ര്യത്തിൻറെ പുറത്താണ്. അങ്ങനെ ഒരാളില്ലാതാകുമ്പോളാണ് മനുഷ്യൻ ഒറ്റപ്പെടലിൻറെ, വിഷാദത്തിൻറെ പടിചവിട്ടാൻ തുടങ്ങുന്നത്.
ചിലപ്പോഴെല്ലാം പെട്ടെന്ന് അത്തരത്തിലുള്ളൊരാൾ ഒന്നും പറയാതെ മൌനിയാകുമ്പോഴാണ് നമ്മൾ ഏറ്റവും അധികം വേദനിക്കുക. മറ്റുള്ളവർ നമ്മെ എത്ര മനസിലാക്കിയെന്ന സംശയം - അനാവശ്യമായ സംശയം - ഉയരുമ്പോളാണ് നമ്മുടെ സ്പെയിസ് ഇല്ലാതായി എന്ന് പലപ്പോഴും നമ്മൾക്ക് അനുഭവപ്പെടുക. നമ്മളിടങ്ങൾ പലപ്പോഴും നഷ്ടമാകുന്നത് അപ്പോഴാണ്.
നിങ്ങളെ മനസിലാക്കുന്നയാൾ ഒരിക്കലും നിങ്ങളുടെ സ്പെയിസ്, നിങ്ങളോടുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കില്ല, അത് നിഷേധിക്കില്ല. അങ്ങനെ ചെയ്യുന്നുവെങ്കിൽ അവർ നിങ്ങളെ മനസിലാക്കിയിട്ടില്ല എന്നർത്ഥം.
സ്വാതന്ത്ര്യമെന്നത് ഒരാൾ നമുക്ക് നൽകുന്ന ഔദാര്യമല്ല, ദയയല്ല, സഹാനുഭൂതിയുമല്ല. അതൊരു പരസ്പരവിശ്വാസവും ബഹുമാനവുമാണ്. അത് ഇല്ലെന്ന് ബോധ്യപ്പെടുമ്പോൾ ആ ഇടത്തിൽ നിന്ന് ബഹളങ്ങളില്ലാതെ ഇറങ്ങിപോകാനും കൂടിയുള്ളതാണ് നിങ്ങളുടെ സ്വാതന്ത്ര്യം.
No comments:
Post a Comment