കൊച്ചി.
കൊച്ചി നഗരത്തിനോട് ഇത്രമാത്രം എന്തുകൊണ്ടാണ് പ്രിയമെന്നത് പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. പൂച്ച എങ്ങനെ വീണാലും നാല് കാലിൽ എന്ന് പറയുന്നത് പോലെയാണ് കൊച്ചിയുമായി ഇപ്പോഴുള്ള ബന്ധം. ഏത് നഗരത്തിലേക്ക് പറിച്ചുനടപ്പെട്ടാലും ഉറക്കാതെ അവസാനം തിരികെ കൊച്ചിയിൽ തന്നെ എത്തിപ്പെടും. ഇങ്ങനെ ഏതെല്ലാമോ ഊരുകളിൽ കറങ്ങിയും ജീവിച്ചും കൊച്ചിയുടെ മടിയിൽ തന്നെ എത്തിച്ചേർന്നത് ഇപ്പോൾ ഏതാണ്ട് നാലാം തവണയാണ്.
2009 ജനുവരി 31 നാണ് ആദ്യമായി കൊച്ചിയിൽ ഔദ്യോഗികമായി എത്തിച്ചേർന്നത്. ഉത്തരേന്ത്യയിലേക്ക് പോകുന്ന ഏതോ തീവണ്ടിയിലേറി രാത്രി പത്ത് മണിയോടെ നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. അന്ന് സ്റ്റേഷനിൽ സ്വീകരിക്കാനെത്തിയത് റോബിൻ ചേട്ടനായിരുന്നു. എൻറെ ട്രോളി ബാഗും വലിച്ച് നടന്ന ആറടിയിലേറെ ഉയരമുള്ള ആ മനുഷ്യൻറെ പിന്നാലെ നടന്നാണ് കൊച്ചിയിലെ ഇന്നും തുടരുന്ന യാത്രകൾ ആരംഭിച്ചത്.
കൊച്ചിയിൽ എത്തുമ്പോൾ ആശങ്കകൾ ഏറെയായിരുന്നു. വ്യക്തിപരമായും ഔദ്യോഗികപരമായുമുള്ള ആശങ്കകൾ. എപ്പോഴും വാർത്തകൾ നിറഞ്ഞേനിൽക്കുന്ന കൊച്ചി പോലൊരു ഇടത്തെ ബ്യൂറോയിലേക്ക് വരുന്നതിൻറെ ആശങ്ക, അവിടെ വലിയ റിപ്പോർട്ടർമാരുള്ളിടത് എത്രമാത്രം നമ്മൾ പരാജയമാകുമോ എന്ന ഉൾഭയം, പുതിയ ആളുകൾ, പുതിയ നഗരം, അങ്ങനെ ഔദ്യോഗികമായ കാരണങ്ങൾ പലത്. എങ്കിലും പരാജയപ്പെടുന്നതിൻറെ അവസാനനിമിഷം വരേയും ആത്മവിശ്വാസം വെടിയാതെ, അപ്രതീക്ഷിതമായത് മാത്രം പ്രതീക്ഷിക്കുക എന്ന് സ്വയം പറഞ്ഞ് തുടങ്ങി. ഓഫീസ് വണ്ടിയുമായി എന്നെ പിക്ക് ചെയ്യാൻ റോബിൻ ചേട്ടൻറെ ഒപ്പം വന്നത് അശോകേട്ടനായാരുന്നു. മറ്റൊരു അജാനുബാഹു. കണ്ടാൽ പൊലീസാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ശരീരവും നോട്ടവും ഭാവവുമെല്ലാം. ഫോഴ്സ് വിക്ടർ വാഹനത്തിൽ കൊച്ചിയിലെ ആദ്യയാത്ര. റോബിൻ ചേട്ടൻറെ കൂടെ നേരെ പോയത് ബ്യൂറോയിലേക്കാണ്. തട്ടുകടയിൽ നിന്ന് ഭക്ഷണവും വാങ്ങി തന്ന് എന്നെ വണ്ടിയിൽ ഇരുത്തി എംജി റോഡിലെ ഓയാസിസ് (പേര് ഇത് തന്നെയാണെന്നാണ് ഓർമ) ബാറിൽ പോയി രണ്ട് എണ്ണം അടിച്ചാണ് അന്ന് റോബിൻ ചേട്ടൻ എന്നെ റൂമിലാക്കിയത്. താമസവും റോബിൻ ചേട്ടൻറെ കൂടെ തന്നെയായിരുന്നു.
പിറ്റേന്ന് മുതൽ കൊച്ചിയിലെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഇന്ന് വരെ പണിയെടുത്തതിൻറെ പകുതിയോളം കാലയളവും ചിലവഴിച്ചത് കൊച്ചിയിൽ തന്നെ. എത്രകാലം എന്നറിയാതെ ഇപ്പോഴും തുടരുന്നു കൊച്ചിയിലെ ഔദ്യോഗിക ജീവിതം. ആദ്യത്തെ വരവിൽ വെറും ഒരു വർഷമായിരുന്നു കൊച്ചിയിൽ ഉണ്ടായിരുന്നത്. പിന്നീട് പലകുറി ട്രാൻസ്ഫറായി കൊച്ചിയിലെത്തി.
പ്രസ് ക്ലബും സമരംനടക്കുന്ന കണയ്യന്നൂർ താലൂക്ക് പരിസരങ്ങളുമായിരുന്നു ആദ്യകാലത്തെ ഒട്ടുമിക്ക അസൈൻമെൻറുകളും. കൊച്ചിയിലെ സൌഹൃദങ്ങൾ മിക്കതും പൂത്തത് കണയന്നൂർ താലൂക്ക് ഓഫീസിനുമുന്നിലെ ആ മരച്ചുവട്ടിലാണ്. അന്ന് മുതൽ പിന്നീടിങ്ങോട്ടുള്ള കാലങ്ങളിലെല്ലാം കണ്ട ചിരിക്കുന്നതും പുച്ഛിക്കുന്നതുമായ മാധ്യമപ്രവർത്തകരുടെ മുഖങ്ങൾ നിരവധിയാണ്. (ചാനൽ പ്രവർത്തകരെ അംഗീകരിക്കാൻ മടിക്കുന്ന നിരവധി പത്രറിപ്പോർട്ടർമാരുണ്ടായിരുന്നു കേരളത്തിൽ ആ കാലത്ത്. പുച്ഛിച്ചവരെല്ലാം പിന്നീട് നല്ല സുഹൃത്തുക്കളായി എന്നത് വേറെ കാര്യം. ) അവിടെ വെച്ച് പരിചയപ്പെട്ടവരിൽ ഹൃദയത്തോട് ചേർത്ത് പിടിച്ചവരിൽ ഏറെയും ഫോട്ടോഗ്രാഫർമാരായിരുന്നു. സുനോജ്, പ്രകാശൻ എളമക്കര, അഭിലാഷ് വാര്യർ, സുമേഷ്, രവിയേട്ടൻ, ഡൊമനിക്കേട്ടൻ, ജയറാമേട്ടൻ, കൃഷ്ണപ്രകാശ്, സുധർമദാസ്, ബ്രില്ല്യൺ, മെൽട്ടൺ, കുട്ടൻ ബത്തേരി, ജിപ്സൺ, യേശുദാസേട്ടൻ, സിദ്ദിഖ്.... അങ്ങനെ അസംഖ്യം പേർ. വാർത്തക്കായുള്ള യാത്രയിലും വാർത്തകൾക്കിടയിലും കൊച്ചിയിലെ പുതിയ ആളെന്ന തോന്നലുണ്ടാക്കാതെ ചേർത്തുപിടിച്ചവർ. വാർത്തകൾ എവിടെയുണ്ടെങ്കിലും ആദ്യം അറിയന്നതും ആദ്യം അവിടെ ഓടിയെത്തുന്നവരും അവരായിരുന്നു. ഫോട്ടോഗ്രാഫർമാരുമായി കൊച്ചിയിൽ നിന്നു തുടങ്ങിയ സൌഹൃദം കേരളത്തിൻറെ മറ്റിടങ്ങളിലേക്ക് ട്രാൻസ്ഫർ ആയപ്പോഴും ഗുണം ചെയ്തിട്ടുണ്ട്. മാത്രവുമല്ല, കൊച്ചിയിൽ വെച്ചുള്ള അനുഭവം കൊണ്ടുതന്നെ എവിടെ ചെന്നാലും സുഹൃദ് വലയത്തിൽ കൂടുതലും ഫോട്ടോഗ്രാഫർമാരായി.
കൊച്ചിയിൽ വന്നിറങ്ങിയ കാലം മുതൽ കാണുന്നതാണ് ഭൂപതിയെ. വീക്ഷണത്തിൻറെ ഫോട്ടോഗ്രാഫറായിരുന്നു എക്കാലവും ഭൂപതി. ഭൂപതി ചേട്ടൻ. കട്ടമീശയും എപ്പോഴും ഭംഗിയായി ചീകിയൊതുക്കിയ കറുത്ത തലമുടിയും. കണ്ടാൽ തന്നെ മൊത്തത്തിൽ ഒരു സുമുഖൻ. തോമസ് മാഷുടെ വിശേഷങ്ങളും തമാശകളുമായി എന്നും ഏത് കൂട്ടായ്മയുടേയും ഭാഗമാണ് മൂപ്പർ. കൊച്ചി വിട്ടശേഷവും തിരികെ കൊച്ചിക്ക് വരാൻ കാണുമ്പോഴെല്ലാം നിരന്തരം വിളിക്കുമായിരുന്നു ഭൂപതി. ഒരിക്കലും ദേഷ്യം തോന്നിപ്പിച്ചിട്ടില്ല, മുഷിപ്പിച്ചിട്ടുമില്ല. ഇടയിൽ ഒരിക്കലാണ് ഭൂപതിയേട്ടൻ രാത്രിവിളിച്ച് ഒരു വിഷമം പറഞ്ഞത്. ഒരു സമ്മേളനത്തിനിടെ കൂട്ടുകാരിൽ ആരോ ഒരാൾ ചീത്തവിളിച്ചെന്നും പറഞ്ഞ്. മദ്യപാന സദസിനിടെയാരോ പറഞ്ഞ ചീത്തയിൽപോലും വല്ലാതെ വിഷമിപ്പിക്കുന്ന ഒരു പാവം. ആരോഗ്യപരമായ പ്രശ്നത്തെ തുടർന്ന് ജോലിയെല്ലാം വിടേണ്ടി വന്ന സമയത്ത് അധികം ഗ്യാപ്പ് ഇടാതെ വേഗം ഫീൽഡിൽ തിരികെ വരണമെന്ന് നിരന്തരം മൂപ്പർ ഓർമിപ്പിച്ചിരുന്നു. ഫീൽഡിൽ നിന്ന് നമ്മളൊന്ന് മാറിനിന്നപ്പോൾ നമ്മളെ മറന്നുപോയ നൂറുകണക്കിന് സഹപ്രവർത്തകരിൽ വ്യത്യസ്ഥനായിരുന്നു ഭൂപതി.
പലപ്പോഴും നിർബന്ധിച്ച് പിടിച്ചുനിർത്തി ഫോട്ടോ എടുക്കും. ആംഗിളുകൾ നോക്കിയും ബാക്ക്ഗ്രൌണ്ട് നോക്കിയുമെല്ലാം പലതരത്തിൽ. എത്രഎതിർത്താലും ഫോട്ടോ ഒരെണ്ണമെങ്കിലും എടുക്കാതെ ഭൂപതി ചേട്ടൻ വിടില്ല. പക്ഷെ എടുത്ത അപൂർവ്വം ചില ഫോട്ടോകൾ മാത്രമാണ് അയച്ചുതന്നുള്ളു. പടമെവിടെയെന്ന് ചോദിച്ചാൽ എല്ലാം ഓഫീസിലെ സിസ്റ്റത്തിൽ കോപി ചെയ്തിട്ടുണ്ട്. നോക്കി നല്ലത് എല്ലാംകൂടി ഒരുമിച്ച് അയച്ചുതരാമെന്നാവും എപ്പോഴും മറുപടി. അവസാനം വരേയും ഭൂപതി ചേട്ടൻ ആ പടങ്ങൾ അയച്ചുതന്നില്ല. ഇന്നും ഭൂപതിചേട്ടൻറെ സിസ്റ്റത്തിൽ ആ പടങ്ങളെല്ലാം കാണുമായിരിക്കും...
കരിമാട്ടേ എന്ന് ഒന്നു നീട്ടിവിളിച്ചാൽ വിടർന്ന ഒരു ചിരിയുമായി എന്നും വരവേൽക്കുന്ന വിനോദ് കരിമാട്ട്. ഒരിക്കൽ പോലും ആരോടെങ്കിലും മുഷിയുന്നതായി കണ്ടിട്ടില്ല. ഏത് സമരമുഖത്തും ചിരിച്ചുകൊണ്ട്, ചുറ്റും നടക്കുന്ന അക്രമമായാലും ആഘോഷമായാലും പ്രസന്നവദനനായി മാത്രമേ കരിമാട്ടിലിനെ കണ്ടിട്ടുള്ളു. എന്തും എപ്പോഴും ചെയ്യാൻ റെഡി. പരാതികളോ പരിഭവങ്ങളോയില്ല. എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ടുപോകാൻ കരിമാട്ടിലിനാവും. കൊച്ചിയിലെ മാധ്യമസ്ഥാപനങ്ങളെ എല്ലാം അണിനിരത്തി ഒരു ക്രിക്കറ്റ് ടൂർണമെൻറ് നടത്താൻ, അതിന് പിച്ചൊരുക്കാനായാലും വെള്ളമെത്തിക്കാനായാലും ആദ്യമുണ്ടാവുക കരിമാട്ടിലാണ്. അതിന് ശേഷമേ ആരും എത്തു. ആരുമെത്തിയില്ലെങ്കിലും കരിമാട്ടിൽ എല്ലാം ചെയ്തിരിക്കും. അത്രമാത്രം ആത്മാർത്ഥയാണ് കരിമാട്ടിലിന്. കരിമാട്ടിലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവരാരും പിന്നീടൊരിക്കലും അയാളെ മറക്കില്ല. കരിമാട്ടിൽ അവരിലേക്ക് പകരുന്ന പുഞ്ചിരി, അത് വല്ലാതൊരുഊർജ്ജമാണ്, സ്നേഹമാണ്.
കരിമാട്ടിലിൻറെ ക്യാമറയുടെ അതിർവരമ്പുകളിൽ ഞാൻ പെട്ടിട്ടില്ല. പക്ഷെ കരിമാട്ടിലടക്കമുള്ള കേരളത്തിലെ ഒട്ടുമിക്ക ഫോട്ടോഗ്രാഫറേയും ഒറ്റ ക്ലിക്കിൽ, ഒറ്റഫ്രെയിമിൽ ഞാൻ പകർത്തിയിട്ടുണ്ട്. കൊച്ചിയിൽ വെച്ച് 2013 ൽ നടന്ന സംസ്ഥാന സ്ക്കൂൾ കായികമേളയ്ക്കിടെ. ഫോട്ടോയെടുക്കാൻ അറിയാത്ത എന്നെ എല്ലാ ഫോട്ടോഗ്രാഫറേയും ചേർത്ത് പടമെടുത്തുതരാൻ പറഞ്ഞ് ക്യാമറ തന്നത് ദീപികയിലെ ബ്രില്യണോ ചന്ദ്രികയിലെ ശശിയേട്ടനോ ആണ് ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ ചിലപാടങ്ങളും പറഞ്ഞുതന്ന് നീയങ്ങ് ക്ലിക്ക് ചെയ്താൽ മതി, അത് പെർഫെക്ടായിരിക്കുമെന്ന് ആത്മവിശ്വാസം പകർന്നവരിൽ അന്ന് കരിമാട്ടിലുണ്ടായിരുന്നു.
കൊച്ചിയിലെ പ്രിയമുഖങ്ങളിൽ ചിലതെല്ലാം കഴിഞ്ഞ ഒന്ന് രണ്ട് വർഷത്തിനിടെ ഓർമകളായി മാറി. സീനിയർമാരേയും ഇൻറൺഷിപ്പുകാരേയും ഒരുപോലെ കണ്ട് വേണ്ട ഉപദേശങ്ങൾ നൽകി ഒപ്പം നടത്തിച്ച ജയ്ഹിന്ദിലെ ശങ്കരേട്ടൻ, അന്ന് ഇന്ത്യാവിഷനിലും പിന്നീട് മാതൃഭൂമിയിലുമെത്തിയ വിപിൻ ചന്ദ്, പാട്ടിലൂടെയും വാർത്തകളിലൂടെയും വിസമയിപ്പിച്ച അയഞ്ഞ ഷർട്ടണിഞ്ഞ് അലസമായി കടന്നുവന്ന ഷെഫീക്ക് അമരാവതി, ശാസിച്ചും സ്നേഹിച്ചും വല്യേട്ടനായി അവസാനം വരേയും കൂടെ നിന്ന റോബിൻ ചേട്ടൻ, ഭൂപതി, കൊച്ചിയുടെ സ്നേഹം ഭക്ഷണം കൂടിയാണെന്ന് ഓർമിപ്പിച്ച് എപ്പോഴും ഞങ്ങളെയെല്ലാം ഊട്ടുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന മീഡിയ വണ്ണിലെ രാജാക്ക, ഒടുവിൽ ഇപ്പോൾ കരിമാട്ടിലും....
അസുഖങ്ങളെ തുടർന്ന് സ്വയം വേദനിക്കുമ്പോഴും മറ്റുള്ളവരെ സന്തോഷിപ്പിച്ച് മാത്രം കടന്നുപോയവരാണ് ഇവരെല്ലാം. കൊച്ചിയെ അത്രമാത്രം സ്നേഹിക്കാൻ പഠിപ്പിച്ച, കൊച്ചിക്കപ്പുറവും ഇപ്പുറവും കൊച്ചിമാത്രമേയുള്ളുവെന്ന് തെളിയിച്ചുതന്നവരാണ് ഇവരെല്ലാം. ഒന്നും ചിരന്തനമല്ലാത്ത ലോകത്ത് ഇവർ പകർന്ന സ്നേഹം ഇപ്പോഴും കൊടാതെ ഒരു വിളക്കായി ഉള്ളിലുണ്ട്. വേദനകളില്ലാത്ത, സങ്കടങ്ങളില്ലാത്ത ലോകത്തെ പടങ്ങൾ എടുത്തും കഥകൾ എഴുതിയും ഊട്ടിയും പുതിയവരെ വഴിനടത്തിയുമെല്ലാം നിങ്ങൾ വാഴ്ക. ഒരിക്കൽ നിങ്ങളുടെ പടങ്ങൾ കാണാനും ഒപ്പം നടക്കാനും കഴിക്കാനുമെല്ലാം ഞാനും വരും. അന്നും നമുക്ക്, സമരങ്ങളില്ലാത്ത ആ ലോകത്ത്, കണയന്നൂരിലെ ആ മരച്ചുവട്ടിൽ എന്നപോലെ കഥകളുമായി കൂടണം...
ജീവിതത്തിന് ശേഷം ഓർമ്മകൾ തുടരുന്നു...
ReplyDeleteഓർമകൾക്ക് എന്തു സുഗന്ധം.....
ReplyDeleteഓർമ്മകൾ..
ReplyDelete