നമുക്കിടയിലെ അനിയൻ - ചേട്ടൻ ബാവമാർ

 ജനുവരി ആറ്, 2022


(സ്വന്തം കോടതിയിൽ നിന്ന് രചയിതാവ് എടുത്ത മുൻകൂർ ജാമ്യം  :  തീർച്ചയായും ഇത് നിങ്ങളെ കുറിച്ചല്ല. ഇനി നിങ്ങളെ കുറിച്ചല്ലേയെന്ന് നിങ്ങൾക്ക് സത്യസന്ധമായും തോന്നിയാൽ ഞാൻ നിരപരാധിയല്ല)

അനിയൻ ബാവയും ചേട്ടൻ ബാവയും. 

നമ്മുടെ കാബൂളിവാലയിലെ കന്നാസിനേയും കടലാസിനേയും പോലെ മലയാളത്തിലെ ഹിറ്റായ കഥാപാത്രങ്ങളാണ്. നരേന്ദ്ര പ്രസാദും രാജൻ പി ദേവും അവതരിപ്പിച്ച അനശ്വരങ്ങളായ ആ കഥാപാത്രങ്ങൾ തമാശകൊണ്ട് നമ്മെ കുറേ ചിരിപ്പിച്ചിട്ടുണ്ട്. എന്ത് കാര്യത്തിലും ഒരേ അഭിപ്രായം എന്നതായാരുന്നു ചേട്ടൻ-അനിയൻ ബാവമാരുടെ പ്രകൃതം. ചേട്ടൻ എന്ത് പറഞ്ഞാലും അതെയതെ എന്ന് പറയാൻ ഒരു അനിയൻ. ചേട്ടൻ എന്ത് പറഞ്ഞാലും ശരിയല്ലേ അനിയാ എന്ന് ചിലപ്പോ ചോദിക്കും അല്ലേൽ ഒന്നു നോക്കും. ആ സിഗ്നൽ കിട്ടേണ്ട താമസം, അതെയതെ ചേട്ടൻ പറഞ്ഞതാണ് ശരിയെന്ന് അനിയൻ ബാവ പറഞ്ഞിരിക്കും. ചേട്ടൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാത്രമാണ് ശരിയെന്ന് ഉറപ്പിക്കുന്ന അനിയൻ. ചേട്ടൻ കുറച്ച് നേരം ചൊറിഞ്ഞില്ലേ ഇനി ഞാൻ മാന്തിത്തരാം എന്ന അതേ ലൈനാണ്. തിരിച്ചും അങ്ങനെത്തന്നെ. പരസ്പരസഹകരണം എന്നത് എന്താണെന്ന് ഇവരെ കണ്ട് പഠിക്കണം. 

സിനിമയ്ക്ക് പുറത്ത് ഇത്തരത്തിലുള്ള കുറേ ചേട്ടൻ ബാവമാരേയും അനിയൻ ബാവമാരേയും നമുക്ക് കാണാൻ കഴിയും. അതിപ്പോൾ ഓഫീസുകളിലും രാഷ്ട്രീയ പാർട്ടികളുടെ സമിതികളിലും മന്ത്രിസഭകളിലുമെല്ലാം ബാവമാരുണ്ട്. വല്ല നിർണായകമായ സമിതികളും ചേരുമ്പോളാണ് ഈ ബാവമാരുടെ പ്രകടനം ഉച്ചസ്ഥായിയിലെത്തുക.  

pic courtesy Web

പരസ്പരം താങ്ങികളിക്കുന്നത് മാത്രമല്ല ഇവരുടെ സവിശേഷത. മറ്റുള്ളവർക്കിട്ട് താങ്ങുന്നതും ഇവരുടെ ഹോബിയാണ്. മറ്റാരേയും പറയാൻ അനുവദിക്കാതിരിക്കുക, ആരേലും എന്തേലും പറയാൻ തുടങ്ങിയാലുടൻ അങ്ങ് കേറി ഇടപെട്ടുകളയും. വാമനപുരം ബസ്റൂട്ടിലെ ലിവർ ജോണിയെ പോലെ മൊടകണ്ടാൽ ഇടപെടലല്ല, മറിച്ച് അഭിപ്രായമോ നിർദേശമോ പറയാൻ തുടങ്ങിയാൽ മതി. ഇവരങ്ങ് കേറി നിരങ്ങിക്കൊള്ളും. പറയാൻ വന്നവൻ പിന്നെ നാവ് ചുരുട്ടി മടക്കി പോക്കറ്റിലും വെച്ച് പോയിക്കൊള്ളണം. 

സ്വഭാവത്തിൽ 500 ഗ്രാം കുശുമ്പും 750 ഗ്രാം കുന്നായിമയും  അത്യാവശ്യത്തിലേറെ ആധിപത്യ സ്വഭാവവും കോംപ്ലക്സും ഒത്തുചേർന്നതാവും മിക്കവാറും എല്ലാ അനിയൻ ചേട്ടൻ ബാവമാരും. തങ്ങളേക്കാൾ മികച്ച അഭിപ്രായം, അല്ലേൽ നിർദേശങ്ങൾ മറ്റുള്ളവർ പറഞ്ഞുപോയാലോ എന്നതാണ് ഇത്തരക്കാരെ അലട്ടുന്നത്. മറ്റുള്ളവരുടെ പ്രായമോ അനുഭവപരിചയമോ ഒന്നും തന്നെ ഇത്തരക്കാരെ സംബന്ധിച്ച് എതിർക്കാൻ ഒരു വിഷയമേയല്ല. എന്ത് ആര് പറഞ്ഞാലും - മറ്റേ ബാവയല്ലാതെ- ആദ്യമേ കേറി നെഗറ്റീവ് അടിക്കുകയെന്നതാണ് ഇവരുടെ പ്രധാന പൊതുപരിപാടി. 'അതൊന്നും നടക്കാൻ പോകുന്നകാര്യങ്ങളല്ല' എന്നതായിരിക്കും ആദ്യമേ പറയുക. സംസാരിക്കുന്ന ആൾ സംസാരിക്കാൻ തുടങ്ങിയതേ ഉണ്ടാകു. പൂർത്തിയാക്കാനോ പകുതിയെങ്കിലും കേൾക്കാനോ ക്ഷമയില്ല. ഇല്ലാഞ്ഞിട്ടല്ല, ആ സ്വരം കേൾപ്പിക്കാതിരിക്കുക എന്നതാണ് ബാവമാരുടെ പ്രാഥമിക ലക്ഷ്യം. പറ്റില്ല, നടക്കില്ല എന്ന വാക്ക് നിഘണ്ഡുവിൽ ഇല്ലായിരുന്നെങ്കിൽ ഇവരെന്ത് ചെയ്തേനെ ആവോ. 

ഇത്തരക്കാരെ ഊട്ടി ഉറക്കുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. ഒന്ന്, മറ്റുള്ളവരെ ഡോമിനേറ്റ് ചെയ്യാനുള്ള ത്വര, ഒറ്റവാക്കിൽ പറഞ്ഞാൽ അധികാരം. രണ്ട്, പാട്രിയാർക്കി.   

അധികാരം എന്നത് അത്ര ചെറിയകാര്യമൊന്നുമല്ല. പ്രത്യേകിച്ച് തന്നേക്കാൾ മികച്ചതോ അല്ലെങ്കിൽ തനിക്കൊപ്പമോ നിൽക്കാൻ ശേഷിയുള്ള ഒരാൾ അവിടെ വേറെയുണ്ട് എങ്കിൽ അധികാരമുറപ്പിക്കുക എന്നത് പരമപ്രധാനമാണ്. അപ്പോൾ താൻറെയല്ലാതെ, തന്നെ താങ്ങികൊണ്ട് എന്നും നിൽക്കുന്ന സഹോദര ബാവയുടേതല്ലാതെ മറ്റാരുടേയും സ്വരം മറ്റുള്ളവർ  കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതൊരു യുദ്ധതന്ത്രമാണ്. ആദ്യമേ നടക്കാത്ത കാര്യമെന്ന് ആധികാരിക സ്വരത്തിൽ പറയുമ്പോൾ, പറയുന്ന ആൾക്ക് അത്ര ആധികാരിക സ്വരമില്ലെങ്കിൽ, പിന്തുണക്കാൻ സഹോദരബാവയും വരുമ്പോൾ ആ കർത്തവ്യം വിജയകരമായി പൂർത്തിയാവും. തനിക്ക് ഒട്ടും ജ്ഞാനമില്ലാത്ത കാര്യമാണെങ്കിൽ പോലും ആധികാരികമായി മണ്ടത്തരങ്ങൾ വിളമ്പാനും ബാവമാർക്ക് യാതൊരുവിധ നാണക്കേടും തോന്നില്ല. 

പാട്രിയാർക്കിക്ക് നാച്ച്വർ ഇത്തരക്കാരുടെ കൂടപ്പിറപ്പാണ്. പുരോഗമനവും തുല്യതയുമൊക്കെ പറയുമെങ്കിലും ഉള്ളിൻറെ ഉള്ളിലെ മേൽക്കോയിമയും ജൻഡർ വിരുദ്ധതയുമെല്ലാം തരംപോലെ പുറത്തുചാടും. വീട്ടിലെ സ്ത്രീകൾ അഭിപ്രായം പറയേണ്ടെന്ന ചേട്ടൻ അനിയൻ ബാവമാരുടെ പ്രകൃതവും ഇങ്ങനെത്തനെയാണ്. വീട് ഭരിക്കുന്നത് ആണാണെന്ന തെറ്റായ പൊതുബോധം പേറി സ്ത്രീകളുടെ അഭിപ്രായത്തെ മാനിക്കാത്തവരാണല്ലോ സിനിമയിലെ കഥാപാത്രങ്ങളും. 

നെഗറ്റിവിറ്റിയുടെ കിരണങ്ങൾ വിസർജിക്കുന്ന ഇത്തരം ചേട്ടൻ - അനിയൻ ബാവമാർ  നമുക്ക് ചുറ്റിലും  ദിനേന കാണാം. ചുമ്മാ ഒന്നു കണ്ണോടിച്ചാൽ മാത്രം മതി. അത്തരം നെഗറ്റീവുകളെ അങ്ങ് ചുമ്മാ അവഗണിച്ചേക്കണം. കാരണം അവരെ തിരുത്താൻ ചന്തുവിനാവില്ല. അതിനെങ്ങാനും തുനിഞ്ഞാൽ നമ്മൾ കുറഞ്ഞോ കൂടിയോ അന്നോളം ഉണ്ട ഓണമെല്ലാം അങ്ങ് വേസ്റ്റാവത്തെയുള്ളു. 

.........................


  


Comments