Wednesday, 18 December 2024

ഉർവി - തന്നിലേക്ക് ഒരു യാത്ര

ഓരോ യാത്രയും ഒരുതരത്തിൽ ഭാരം ഇറക്കി വെക്കലാണ്. നമ്മളെ തന്നെയുള്ള ഇറക്കിവെക്കൽ. നമ്മുടെ സമ്മർദ്ദങ്ങൾ, സങ്കടങ്ങൾ, ഉത്കണ്ഠകൾ, അങ്ങനെയങ്ങനെ എല്ലാം ഒന്ന് താൽക്കാലികമായി എങ്കിലുമുള്ള ഇറക്കിവെക്കൽ. ആ യാത്ര ദൂരങ്ങളിലേക്ക് തന്നെ ആകണം എന്നില്ല.ചുറ്റുമുള്ള എന്തിലേക്കും എവിടേക്കുമാവാം. അവനവനിലേക്ക് തന്നെയുള്ള യാത്രയുമാവാം അത് എന്ന് ബോധ്യപ്പെടുത്തിയ ഒരു യാത്രയെ കുറിച്ചാണ് ഇത്തവണ.

മണ്ണിലേക്ക് മടങ്ങുക, പ്രകൃതിയിലേക്ക് മടങ്ങുക എന്നാൽ അവനവനിലേക്ക് തന്നെ തിരിച്ചു പോവുക എന്നതുകൂടിയാണ്. ഭൂമിയുടെ , പ്രകൃതിയുടെ, മനുഷ്യന്റെ തന്നെ ആത്മാവ് തേടിയുള്ള യാത്ര. 

ഉർവി എന്നാൽ ഭൂമി എന്നാണ്. അവിടേക്കുള്ള യാത്രയും അഹംഭാവത്തിൻ്റെ ആടയാഭരണങ്ങൾ അഴിച്ചുവെച്ച് അവനവനിലേക്ക് തന്നെയുള്ള തിരിച്ചിറക്കമാവുന്നത് അതുകൊണ്ട് തന്നെയാണ്.

മലകളുടെ താഴ്‌വരയിലെ ചെറിയ അരുവിയുടെ ഓരം പറ്റിയുള്ള ഒരു ചെറിയ കുടിൽ. അവിടെ കുറച്ച് മനുഷ്യർ, മൃഗങ്ങൾ, സസ്യജാലങ്ങൾ.അത്രയുമാണ് ഉർവി. എന്നാൽ അത്ര മാത്രമാണോ ഉർവി? അല്ല. 

ഒരുവൻ്റെ ഉള്ളിൽ അങ്കുരിച്ച അഹങ്കാരത്തെ, അവൻ അണിഞ്ഞിരിക്കുന്ന അധികാരത്തിൻ്റേയും ഡിഗ്രികളുടേയും മേലങ്കികളെ നിശബ്ദമായി അഴിച്ച് വെപ്പിച്ച് അവൻ്റെ യഥാർത്ഥ സ്വത്വത്തിലേക്ക് വഴിനടത്തുന്ന ഇടം. 

ഏതൊരു യാത്രയും ഏതെങ്കിലും തരത്തിൽ 'അപകടം' പിടിച്ചതാണ്. പ്രതീക്ഷകളുടെ അപകടം പേറുന്നവ. എന്നാൽ കൊട്ടക്കമ്പൂരിലെ ഉർവിയിലേക്കുള്ള യാത്ര വഴി നീളെ അപകടം ഒളിപ്പിച്ചിരുന്നു. മലയിറങ്ങിയ കോടമഞ്ഞിൽ പുതഞ്ഞ് പാത രാത്രിയിൽ ഒട്ടും കാണാതെ ആയി. ഊഹങ്ങളും പ്രതീക്ഷയും മാത്രം പേറി ആയിരുന്നു അങ്ങോടുള്ള യാത്ര.രണ്ടു മീറ്ററിൽ താഴെ മാത്രം വരുന്ന റോഡിലെ കാഴ്ച്ച പരിധി. മുന്നിൽ റോഡാണോ അതോ ഗർത്തമാണോ എന്നുറപ്പില്ലാതെയായിരുന്നു മൂന്നാറിൽ നിന്ന് മുന്നോട്ടുള്ള ഡ്രൈവ്. തേയില തോട്ടങ്ങൾക്ക് നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് കയറിയും ഇറങ്ങിയും പോകുന്ന റോഡ് റിസർവ്വ് ഫോറസ്റ്റും കടന്ന് ചെറിയ ചെറിയ തമിഴ് ഗ്രാമങ്ങളും കടന്ന് നേരിയ പാതകൾ കടന്ന് കാർ മെല്ലെ നിരങ്ങി നീങ്ങി. വഴിയിൽ കാട്ടുപോത്തുകൾ പുല്ല് തിന്നുന്നു. അവരെ ശല്യം ചെയ്യാതെ, ശബ്ദമുണ്ടാക്കാതെ ഇലക്ട്രിക്ക് കാർ മുന്നോട്ട്.

കാർത്തിക വിളക്ക് ദിവസമായതിനാൽ തന്നെ ഗ്രാമങ്ങളിലെ വീടുകളുടെ മുന്നിലെല്ലാം മൺചിരാതുകൾ തെളിഞ്ഞ് വെളിച്ചത്തിൻ്റെ, ഭക്തിയുടെ കാഴ്ച്ചവിരുന്ന് ഒരുക്കിയിരിക്കുന്നു. ഗ്രാമങ്ങളിൽ ഉത്സവപ്രതീതിയാണ്. അമ്പലങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ, പൂജകൾ നടക്കുന്നു. പാട്ടും വളകച്ചവടക്കാരനും എല്ലാം.

വട്ടവടയും കടന്ന് കൊട്ടക്കമ്പൂരിലെ ഉർവിയുടെ പാർക്കിങ്ങ് ഏരിയയിൽ എത്തുമ്പോൾ സമയം 7 കഴിഞ്ഞിരുന്നു. നേരം ഒരുപാട് വൈകിയില്ലെങ്കിലും കടുത്ത കോടമഞ്ഞിൻ്റെ പുതപ്പ് പുതച്ച ഇരുട്ടിൽ രാത്രി ഏറെ വൈകിയ പ്രതീതിയായിരുന്നു. അങ്കമാലിയിൽ നിന്ന് ഒരുമിച്ച് പുറപ്പെട്ട 6 പേർ - ഞാൻ, രതി, അഷറഫ്, സൗമ്യ, കീർത്തി, വിനയ്. ഇവരിൽ നേരത്തെ എത്തിയ അഷറഫ്, സൗമ്യ, കീർത്തി, വിനയ് പാർക്കിക്കിൽ ഞങ്ങൾക്കായി കാത്തുനിൽപ്പുണ്ട്. ഒപ്പം വഴി കാണിക്കാൻ ഉർവി ചുമതലപ്പെടുത്തിയ ഒരാളും. 

കാർ പാർക്കിങ്ങിൽ നിന്ന് ഇനി ഒരു മലയിറങ്ങണം ഉർവിയിലെത്താൻ. കാടിനോട് ചേർന്നുള്ള അടിപാത മഴയും മഞ്ഞും പെയ്ത് ചെളി പിടിച്ചു കിടക്കുകയാണ്. അതിനാൽ തന്നെ നല്ല വഴുക്കലും. വെറും 1.77 കിലോമീറ്റർ മാത്രമാണ് ദൂരം. എന്നാൽ നടന്ന് തീർക്കാൻ എടുത്തത് ഒരു മണിക്കൂർ സമയം !

മഴയും ഇരുട്ടും അട്ടയും യാത്ര അത്രയേറെ വൈകിപ്പിച്ചു. കയറ്റവും ഇറക്കവും രണ്ട് ചെറു നീർചാലുകളും ഇതിനിടെ താണ്ടി. അപ്പോൾ മാത്രമാണ് 6 മണിക്ക് മുമ്പ് പാർക്കിങ്ങിൽ എത്തിയില്ല എങ്കിൽ വഴിയിൽ എവിടേലും തങ്ങി രാവിലെ 7 മണിക്ക് മാത്രം വന്നാൽ മതി എന്ന ഉർവിക്കാരുടെ മുന്നറിയിപ്പിൻ്റെ അർത്ഥം മനസിലായത്. 

അതിവിദൂരത്തിലല്ലാത്ത ഒരു വെള്ള ചാട്ടത്തിൻ്റെ ആർത്തിരമ്പുന്ന ശബ്ദം ചെവിയിൽ കേൾക്കാം.

"ദാ ആ കാണുന്ന വെളിച്ചമുണ്ടല്ലോ അതാണ് ഉറുവി."

വഴി കാണിക്കാൻ വന്ന ഓട്ടോ ഡ്രൈവർ കൂടിയായ ശ്രീനി ഇരുട്ടിലേക്ക് വിരൽ ചൂണ്ടി. അങ്ങ് ദൂരെ കാടിന് നടുവിലായി, കോടയുടെ മറവിൽ മഞ്ഞ പൊട്ടുപോലെ കാണുന്ന ചെറു വെളിച്ചം. 

"അയ്യോ ഇനിയും കുറേ നടക്കണോ"?

കൂട്ടത്തിലെ മലയാളി അല്ലാത്ത, മലയാളികൾക്കിടയിൽ എപ്പോഴും പെട്ട് പോകുന്ന, കീർത്തിയുടെ സങ്കടം. നടത്തം തുടങ്ങിയപ്പോഴെ ഒഴുക്കുവെള്ളത്തിൽ തൻ്റെ സ്ലിപ്പർ ഒഴുക്കികളഞ്ഞ് ഷൂ ധരിച്ച് കഷ്ടപെട്ടാണ് വഴുക്കുന്ന പാതയിലൂടെ കീർത്തിയുടെ സഞ്ചാരം .

നടന്ന് നടന്ന് വെള്ള ചാട്ടത്തിന് സമീപമെത്തി. അവിടെ നിന്ന് ഇടത്തോട്ട് ഇറങ്ങി ഒരു മരപ്പാലം. അത് കടന്ന് ഉർവിയിലേക്ക്. 

ചെറിയ കുടിലുകൾ, വരിവരിയായി തന്നെ തിരഞ്ഞെത്തുന്ന മനുഷ്യരെ കാത്തിരിക്കുന്ന ടെൻ്റുകൾ. കാറ്റാടി മരം വെട്ടി വരികെട്ടിയ നടപ്പാതയിലുടെ ഉർവി എന്ന മരവും ചളിയും ഗ്ലാസും പുല്ലും കൊണ്ട് പണിത ചെറുകൂട്ടിലേക്ക്.

അകത്ത്, ശരീരം തണുപ്പിക്കാൻ കമ്പിളി പുതപ്പിനടിയിൽ ചുരുണ്ടു കൂടിയ അഞ്ചാറു പേർ. അവർക്കൊപ്പം ഇരുന്നും കിടന്നും നടന്നും ചൂടുപറ്റുന്ന വെട്രിയെന്നും കുറുമി എന്നും പേരുള്ള രണ്ട് നായ്ക്കൾ. പിന്നെ പേരറിയാത്ത രണ്ട് പൂച്ചകളും.

"സ്വാഗതം ഉർവിയിലേക്ക്!"

തേജയും തേജും ചേർന്ന് അതിഥികളെ ചൂടുവെള്ളം തന്ന് സ്വീകരിച്ചു. അട്ടകടിച്ച് ചോരയൊലിച്ച കാലുകളിലേക്ക് സാനിറ്റൈസർ അടിക്കുന്ന തിരക്കിലായി എല്ലാവരും. 

ഉപ്പുമാവായിരുന്നു ഡിന്നർ. എത്തിയ ഉടനെ കഴിച്ചു. ഓരോരുത്തരും അവരുടെ സൗകര്യത്തിന് കഴിക്കൽ അല്ല. ഒരു പാത്രത്തിന് ചുറ്റും വട്ടത്തിലിരുന്ന് ഒരുമിച്ച് പങ്കുവെക്കലാണ്. സ്നേഹവും സൗഹൃദവും പങ്കിടുന്നത് പോലെ തന്നെ പരസ്പരമുള്ള പങ്കുവെപ്പ്. 

പിന്നാലെ എല്ലാവരും പരിചയപ്പെടുത്തി. എന്താണ്, എന്തിന് ഉർവിയിൽ വന്നുവെന്നചോദ്യം തേജ എന്ന തേജസ്വിയുടേതാണ്. ഹൈദരാബാദ് സ്വദേശിയായ തേജ തന്നെ തിരഞ്ഞുള്ള യാത്രയ്ക്കൊടുവിൽ എത്തിചേർന്നതാണ് ഇവിടെ. പിന്നെ ഈ കമ്മ്യൂണിറ്റിയുടെ ഭാഗമായി.

എന്തിന് ഉർവിയിൽ വന്നു എന്നതിന് കൃത്യമായി എന്തെങ്കിലും മറുപടി ആർക്കും ഉണ്ടായിരുന്നില്ല. ഉർവിയിൽ നിന്ന് എന്ത് പ്രതീക്ഷിക്കുന്നുവെന്നതിനും കൃത്യമായ ഉത്തരമില്ല. നഗരജീവിതത്തിൻ്റെ അസ്വസ്ഥകളിൽ നിന്ന് ഒന്നകന്ന് സ്വസ്ഥമാവുക. അതു മാത്രം.

സംസാരങ്ങൾക്ക് ശേഷം വിശ്രമത്തിനായി ടെൻ്റിലേക്ക്. മഴ അപ്പോഴും ചാറി കൊണ്ടേയിരിക്കുന്നു. കോടയിൽ പുതഞ്ഞ മലനിരകളും മരങ്ങളുമെല്ലാം മനോഹരമായ ഒരു പെയിൻ്റിങ് പോലെ തോന്നിച്ചു. എന്തായാലും കാട്ടിൽ ആകാശം നോക്കി കിടക്കാനുള്ള ആഗ്രഹം മഴ കൊണ്ടുപോയി. 

കുറച്ചു നേരം സംസാരിച്ചിരുന്ന് പിന്നെ ഉറങ്ങാനുള്ള ശ്രമത്തിലേക്ക്. ആകാശം മൊത്തം മഞ്ഞ് മൂടിയതിനാൽ ഒറ്റ നക്ഷത്രത്തേയും കാണാനില്ല. അങ്ങനെ വെള്ള ചാട്ടത്തിൻ്റെയും മഴയുടേയും താരാട്ട് കേട്ട് ഉറക്കത്തിലേക്ക്. കാട്ടിൽ പാറ പുറത്ത് ഉറങ്ങിയിട്ടുണ്ടെങ്കിലും ടെൻ്റിനകത്ത് കിടന്ന് ഉറങ്ങുന്നത് ഇത് ആദ്യാനുഭവം. 

....

(തീരുന്നില്ല)

രണ്ടാം ഭാഗം വായിക്കു

3 comments: