Search This Blog

Showing posts with label സിപിഎം. Show all posts
Showing posts with label സിപിഎം. Show all posts

Friday, 13 September 2024

സമരം, സിഗരറ്റ്, സഖാവ് സീതാറാം....

സിപിഎമ്മിൽ ഒരുപക്ഷെ വിഎസ് - പിണറായി തർക്കവും വിഭാഗീയതയുമൊന്നുമുണ്ടായിരുന്നില്ല എങ്കിൽ മറ്റേതൊരു സിപിഎം പിബി അംഗത്തേയും പോലെ മാത്രമേ ഒരുപക്ഷെ സീതാറാം യെച്ചൂരിയേയും ഒരു സാധാരണ മലയാളി ഓർക്കാനിടയുള്ളു. 

കാരണം വിഭാഗീയത മൂത്തിരുന്ന  സമയത്തെല്ലാം യെച്ചൂരിയെയാണ് വിഎസ് വിളിച്ചിരുന്നത്. യെച്ചൂരി വിഎസ്സിനേയും. 

അങ്ങനെ കേരളത്തിലെ പ്രത്യേയശാസ്ത്രമോ അല്ലാത്തതോ ആയ എല്ലാ തർക്കത്തിലും യെച്ചൂരിക്ക് പങ്കുവഹിക്കാനുണ്ടായി. 

പലപ്പോഴും ഒരു കമ്മ്യൂണിക്കേറ്ററുടെ അല്ലെങ്കിൽ ഒരു ഇടനിലക്കാരൻറെ.

എനറെ ഡൽഹി കാലത്തിന് മുമ്പേ യെച്ചൂരിയുമായി ഒരു ചെറിയ സൌഹൃദം ഉണ്ടാക്കാനായിട്ടുണ്ട്. 

പലപ്പോഴും കേരളത്തിൽ പലപരിപാടിക്ക് വന്നപ്പോഴും ജോലിയുടെ ഭാഗമായി കണ്ടിട്ടുണ്ട്. 

അനൌദ്യോഗികമായും ഔദ്യോഗികമായും അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. 

ഒരിക്കൽ ഒരുമിച്ച് ഒരു യാത്രയും നടത്തി.പിന്നീട് ഡൽഹിയിലെത്തിയപ്പോഴും ഔദ്യോഗികമായുള്ള ബന്ധം തുടർന്നു.

ആദ്യമായി ദീർഘനേരം സംസാരിച്ചത് കൊച്ചിയിലെ ലേ മെരിഡിയൻ ഹോട്ടലിൽ വെച്ചാണ്. 

അന്ന് ഏതോ ഒരു പാർലമെൻററി സമിതിയുടെ ഭാഗമായി എത്തിയതായിരുന്നു യെച്ചൂരി. 

വിഭാഗീയത കത്തിനിൽക്കുന്ന കാലമായതിനാൽ തന്നെ വാർത്ത ലക്ഷ്യം വെച്ചായിരുന്നു കാണാൻ പോയത്. 

എന്തോ വാർത്തയിൽ പ്രതികരണം ചോദിച്ചു. എന്നാൽ ആദ്യം ചിരിച്ച് ഒഴിഞ്ഞുമാറാൻ നോക്കി. 

പിന്നീട് വീണ്ടും ചോദിച്ചപ്പോൾ ഞാൻ സമിതിയുടെ ഭാഗമായാണ് വന്നത്. 

അതിനാൽ ഇപ്പോൾ ഒന്നും പറയാനില്ല എന്നായി. 

വീണ്ടും മൈക്ക് നീട്ടിയപ്പോൾ വേണ്ടെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു.

ക്യാമറ മടക്കികൊള്ളാൻ പറഞ്ഞ് ഞാൻ മൈക്ക് പിൻവലിച്ചു. 

ഹോട്ടലിൻെറ പുറത്ത് തന്നെ നിന്ന് അപ്പോഴും എന്തോ പരതുകയായിരുന്നു യെച്ചൂരി. 

ഞാൻ സഖാവിനോടുള്ള ആദരവും സ്നേഹവും കാരണം അടുത്തേക്ക് ചെന്നു. 

പോക്കറ്റിൽ നിന്ന് സിഗരറ്റ് പാക്കറ്റ് എടുത്ത് എവിടെനിന്ന് വലിക്കാം എന്ന് ചോദിച്ചു.

ഞങ്ങൾ താഴേക്ക് പാർക്കിങിലേക്ക് നടന്നു. അപ്പോഴേക്കും സിഗരറ്റിന് തീകൊളുത്തിയിരുന്നു സഖാവ്.

എനിക്ക് നേരെയും പാക്കറ്റ് നീട്ടി. 

ഞാൻ വലിക്കില്ലെന്ന് പറഞ്ഞപ്പോൾ 'ഓ..ഡോണ്ട് യു' എന്ന് ആശ്ചര്യം നിറഞ്ഞ ചോദ്യം.

ഇല്ലെന്ന് ചിരിച്ചുകൊണ്ടുപറഞ്ഞപ്പോൾ 'ഗ്രേറ്റ്' എന്ന് ചിരിച്ചുകൊണ്ട് യെച്ചൂരിയുടെ പിരികം വളച്ചുള്ള മറുപടി.

അന്ന് വൈകുന്നേരം ചാനൽ ചർച്ചയിലെ അതിഥിയായിരുന്ന ലോറൻസ് സഖാവിനെ തിരികെ കൊണ്ടുചെന്നിറക്കിയത് ലേ മെരിഡിയനിലായിരുന്നു.

യെച്ചൂരിയെ കാണാൻ പോയതായിരുന്നു. കൂടെ ഞാനും കയറി. 

അന്ന് റൂമിൻെറ ഡോർ തുറന്ന് യെച്ചൂരി പുറത്ത് വന്നപ്പോൾ കയ്യിൽ പകുതിയൊഴിഞ്ഞ ഒരു മദ്യഗ്ലാസ്. 

അപ്പോഴും വിരലുകളുടെ ഇടയിൽ ഇരുന്ന് പുകയുന്ന മറ്റൊരു സിഗരറ്റ്...

പിന്നീട് പല പാർട്ടി പരിപാടികളിലും അദ്ദേഹത്തെ കണ്ടു, പ്രസംഗങ്ങൾ കേട്ടിരുന്നു, റിപ്പോർട്ട് ചെയ്തു.

വിശാഖപട്ടണം പാർട്ടി കോൺഗ്രസിന് മുമ്പ് ആലപ്പുഴയിൽ വിഎസ് ഇറങ്ങിപ്പോയ സംസ്ഥാനസമ്മേളനത്തിനിടെയിലും കണ്ടു.

വിശാഖപട്ടണത്ത് യെച്ചൂരിക്ക് പകരം എസ് ആർ പിയെ ജനറൽ സെക്രട്ടറിയാക്കാനുള്ള കൊണ്ടുപിടിച്ചുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുവെന്ന വാർത്തകൾ വരുമ്പോഴെല്ലാം യെച്ചൂരി സെക്രട്ടറിയാവണേ എന്ന് ആഗ്രഹിച്ച് കാത്ത് നിന്നു.

ബ്രാഹ്മണ്യമല്ല, വർഗബോധമാണ് വലുതെന്ന് പണ്ടേ തിരിച്ചറിഞ്ഞ യെച്ചൂരി ഒടുവൽ ജനറൽ സെക്രട്ടറിയായി.

അന്ന് വീണ്ടും വിശ്വാസം തോന്നി, ഇനി ഈ പാർട്ടി രക്ഷപ്പെടുമെന്ന്.

ബംഗാളിൽ മുച്ചൂടും മുടിഞ്ഞ് നിൽക്കുന്ന പാർട്ടിയെ രക്ഷിച്ചെടുക്കാൻ യെച്ചൂരിയുടെ കയ്യിൽ മാന്ത്രികവിദ്യകൾ ഉണ്ടാകുമെന്ന് കരുതി.

പാർട്ടിയുടെ ഇരുമ്പ് ചട്ടകൂടിനുമപ്പുറം പ്രായോഗികതയുടെ തന്ത്രജ്ഞതയും കൈമുതലായുള്ള യെച്ചൂരി അസാധ്യമാണെന്ന് തോന്നിയ പലതും സാധ്യമാക്കിയെടുത്ത സഖാവാണ്.

ജെ എൻ യു വിദ്യാർത്ഥിയായിരിക്കവെ ഇന്ദിരയെ മുട്ടുകുത്തിച്ച തീപ്പൊരി.

നാൽപതാം വയസിൽ പിബിയിലെത്തി കണ്ടാൽ കടിച്ചുകീറുന്ന പ്രാദേശിക പാർട്ടികളെ ഒരുമിപ്പിച്ച് സഖ്യസർക്കാരുകൾ രൂപീകരിക്കാൻ തന്ത്രം മെനഞ്ഞവൻ.

അങ്ങനെയുള്ള സഖാവ് ആ മാന്ത്രികത സ്വന്തം പാർട്ടിയിലും പയറ്റാതിരിക്കില്ലെന്ന് പ്രതീക്ഷിച്ചു.

എന്നാൽ കേരളഘടകത്തിന് ശക്തിയേറെയുള്ള പാർട്ടിയെ എന്നും താൻ ആഗ്രഹിച്ചത് പോലെ നയിക്കാൻ യെച്ചൂരിക്ക് സാധിച്ചിട്ടില്ല

എന്നും എന്തെങ്കിലും തലവേദന കേരളത്തിലെ നേതാക്കൾ നൽകികൊണ്ടിരുന്നു.

മക്കളുടെ വഴിവിട്ട ബന്ധങ്ങളും ഇടപാടുകളും കൊണ്ടും കമ്മ്യൂണിസ്റ്റിന് നിരക്കാത്ത നയങ്ങളും ജീവിതചര്യകളും കൊണ്ടും എന്നും കേന്ദ്രനേതൃത്വത്തിന് കേരള സിപിഎം തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു.

സെക്രട്ടറി ആയതിന് ശേഷം യെച്ചൂരിയെ പിന്നീട് കാണുന്നത് 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ്.

അന്ന് അദ്ദേഹത്തിൻറെ ഒരു ദിവസത്തെ പ്രചാരണത്തിനൊപ്പം മുഴുവൻ നേരവും പിന്തുടർന്നു.

അദ്ദേഹത്തിനൊപ്പം ഒരു തിരഞ്ഞെടുപ്പ് പ്രോഗ്രാം ചെയ്യാനായിരുന്നു ആ യാത്ര.

അദ്ദേഹത്തിൻറെ അഭിമുഖത്തിന് നേരത്തെ ശ്രമിച്ചെങ്കിലും തിരക്ക് കാരണം അനുമതി ആദ്യം ലഭിച്ചില്ല.

കുറേ ചോദിച്ചശേഷം യെച്ചൂരി വൈകുന്നേരം വൈപ്പിനിലെ പൊതുയോഗം കഴിഞ്ഞ ശേഷം സംസാരിക്കാമെന്ന് സമ്മതിച്ചു.

രാത്രി 7 മണിക്കായിരുന്നു വൈപ്പിനിലെ പൊതുപരിപാടി.

അത്കഴിഞ്ഞാൽ അന്നത്തെ അവസാനത്തെ പരിപാടി രാത്രി 9 ന് കാക്കനാടും.

ആ ഗ്യാപ്പിൽ പത്ത് മിനുട്ട് തരാമെന്നായി.

അങ്ങനെ വൈപ്പിനിലെ പൊതുപരിപാടി 7.30 ന് തീർത്ത് സഖാവ് കാക്കനാടേക്ക് പോകാനിറങ്ങി.

സ്റ്റേജിൽ നിന്ന് ഇറങ്ങിയ ശേഷം എന്നെ വിളിച്ചു.

"ക്യാൻ ഐ ട്രാവൽ വിത്ത് യു.."

ഞാൻ സമ്മതിച്ചു. 

അങ്ങനെ ഞാനും ക്യാമറാമാൻ മോനിഷും യെച്ചൂരിയും ഒപ്പം കെ ചന്ദ്രൻപിള്ള സഖാവും കാറിൽ കയറി.

കാറിൽ കയറിയ ശേഷമാണ് യെച്ചൂരി എന്തിനാണ് ഞങ്ങളുടെ കാറിൽ കയറിയത് എന്ന് പറഞ്ഞത്,

"ഐ വാണ്ട് ടു സ്മേക്ക്. ഐ ഡിഡിൻറ് സിൻസ് മോണിങ്.

ജസ്റ്റ് പാർക്ക് വെഹിക്കിൾ സംവേർ വീ കാൻ സ്മോക്ക്..."

കാറിൽ കേറിയ ഉടനെ ഫോൺ എടുത്ത് മിസ് കോൾ ലിസ്റ്റിലൂടെ കണ്ണോടിച്ചു.

ബംഗാളിൽ നിന്നുള്ള ബിമൻ ബസുവിൻറെ കോളിന് തിരിച്ചുവിളിച്ചു.

ബംഗാളിയിലായിരുന്നു സംസാരം.

ഫോൺ വെച്ചശേഷം ഞാൻ ബംഗാളിലെ കാര്യം ചോദിച്ചു.

"ദെ ആർ ട്രൈയിങ് ടു റീബിൽഡ് ദ പാർട്ടി. ഇറ്റ് മേ ടേക്ക് ടൈം... ആം ഹോപ്പ് ഫുൾ. ലെറ്റസ് സീ കോമറേഡ്..."

എത്ര ഭാഷയറിയാം എന്ന എൻറെ ചോദ്യത്തിന് പൊട്ടിചിരിയായിരുന്നു.

എന്നിട്ട് വിരലിലെണ്ണി പറഞ്ഞുതുടങ്ങി,

ബംഗാളി, തെലുഗു, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്.....

ഏകദേശം 9 ഓളം (അത്രയാണെന്നാണ് ഓർമ) ഭാഷകൾ കേട്ടാൽ മനസിലാകും എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ടു

എങ്ങനെയാണ് ഇത്രയും ഭാഷകൾ പഠിച്ചതെന്ന് ചോദിച്ചപ്പോഴാണ് അതിന് പിന്നിലെ കഥ അദ്ദേഹം പറഞ്ഞത്.

ജെ എൻ യു വിൽ പഠിക്കുന്ന കാലത്ത് അവിടെ മറ്റൊരു പാർട്ടിയിലെ നേതാവ് ഈവനിങ് ലാങ്ഗ്വേജ് ക്ലാസിന് വരുമായിരുന്നത്രേ

അങ്ങനെ വിദേശഭാഷകൾ ആ നേതാവ് പഠിക്കാന വരുന്നത് കണ്ടിട്ടാണ് വിവിധ ഭാഷപഠിക്കാൻ താൽപര്യം തോന്നിയത്.

ആ നേതാവ് മറ്റാരുമായിരുന്നില്ല, 14 ഭാഷകൾ ആനായാസേന കൈകാര്യം ചെയ്തിരുന്ന നമ്മുടെ മുൻ പ്രധാനമന്ത്രി പിവി നരസിംഹ റാവു.

അദ്ദേഹമാണ് ഭാഷകളോട് യെച്ചൂരിയിൽ പ്രണയം ജനിപ്പിച്ചത്. 

സംസാരിക്കുന്നതിനിടെ അദ്ദേഹം ട്വിറ്ററിൽ വാർത്തകൾ ഓടിച്ച് നോക്കുകായിരുന്നു. 

സഖാവ് വിഎസ് സോഷ്യൽ മീഡിയയിൽ പ്രവേശിച്ച് ചുരുങ്ങിയ ദിവസം കൊണ്ട് താരമായ സമയമായിരുന്നു അത്.

വിഎസിനെ ഫോളോ ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു.

ഒരു പൊട്ടിച്ചിരി.

"ഹി ഈസ് നോട്ട് ഓൾഡ്, കോമ്രേഡ് വിഎസ് ഈസ് ആൾവെയിസ് യങ് ആൻറ് അപ്പ്ഡേറ്റഡ് ദാൻ അസ്."

വിഎസ് ഉമ്മൻ ചാണ്ടിക്കും ആൻറണിക്കുമെല്ലാം കണക്കിന് ഫെയ്സ്ബുക്ക് വഴി കൊടുക്കുന്ന മറുപടി വിവർത്തനം ചെയ്ത് കൊടുത്തപ്പോൾ യെച്ചൂരി സ്വയം മറന്ന് ചിരിച്ചു.

"ഹി ഈസ് എ സ്റ്റാൾവർട്ട്  "

അങ്ങനെ ഞങ്ങൾ വല്ലാർപാടം കണ്ടയിനർ റോഡിൽ നിർത്തി,

വണ്ടിയിൽ നിന്ന് ഇറങ്ങിയ യെച്ചൂരി ഒറ്റ നിൽപ്പിൽ വലിച്ച് തീർത്തത് 3 സിഗരറ്റ്.

സിഗരറ്റ് വലിച്ച് കഴിയും വരേയും ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.

ആ തിരഞ്ഞെടുപ്പിലെ സിപിഎമ്മിൻറെ സാധ്യതകളെ കുറിച്ചും സ്ഥാനാർത്ഥികളെ കുറിച്ചുമെല്ലാം.

പിന്നീട് കാറിലിരുന്ന് തന്നെ അഭിമുഖം പകർത്തി.

കാക്കനാട് എത്തുന്നതുവരേയും സഖാവ് ദീർഘമായി സംസാരിച്ചു.

പത്ത് മിനുട്ട് സംസാരിച്ച് ഇരുപതും ഇരുപത്തിയഞ്ചും കഴിഞ്ഞു. 

കാക്കനാട് എത്തുംമുമ്പേ വീണ്ടുമൊരു പുക. 

പൊതുയോഗവേദിയിൽ എത്തുമ്പോൾ അവിടെ നിറയെ പ്രവർത്തകരും അണികളും.

അവരെ അഭിസംബോധന ചെയ്ത് ജില്ലാസെക്രട്ടറി സംസാരിക്കുന്നു.

അതിനുശേഷം ഡൽഹിയിലെത്തിയശേഷം ഇടയ്ക്കിടെ എകെജി ഭവനിലെ പടിയിലും മുന്നിലും നിന്ന് പലകുറി സംസാരിച്ചു.

പാർട്ടി ഓഫീസിലേക്ക് കാറിൽ വന്നിറങ്ങിയാൽ കാവൽ നിൽക്കുന്ന പൊലീസുകാരൻ യെച്ചൂരിയെ ഒന്ന് വണങ്ങും, തിരിച്ച് യെച്ചൂരി അദ്ദേഹത്തിന് ഒരു സല്യൂട്ട് നൽകും.

ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയനേതാവും നൽകാത്ത ഒന്നാവണം ആ സല്യൂട്ട്.

തൊഴിലാളികളെ - അത് ഭരണകൂടത്തിൻറെ മർദ്ദനോപകരണമായ പൊലീസ് ആയാലും പട്ടാളമായാലും - സമനായി കാണുന്ന കമ്മ്യൂണിസ്റ്റിൻറെ സല്യൂട്ട്.

ഹൈദരാബാദ് പാർട്ടി കോൺഗ്രസിന് മുന്നോടിയായി പിബിയിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച രാഷ്ട്രീയകാര്യ റിപ്പോർട്ട് വലിയചർച്ചയായി.

റിപ്പോർട്ട് കൊൽക്കത്തയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി പരിഗണിച്ചു, റിപ്പോർട്ട് പിബി തള്ളി.

അങ്ങനെ പിബിയിൽ ജനറൽ സെക്രട്ടറിയുടെ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഹകരണമെന്ന നയം ന്യൂനപക്ഷമായി.

എന്നിട്ടും പക്ഷെ യെച്ചൂരിയിലെ പോരാളി വിട്ടില്ല.

സിസിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ താങ്കളുടെ റിപ്പോർട്ട് പിബി തള്ളിയില്ലേ എന്ന് ചോദിച്ചു

അതിന് സിസി അല്ലല്ലോ, പാർട്ടി കോൺഗ്രസല്ലേ പാർട്ടിയുടെ വലിയ വേദി.

അവിടെ ഈ ന്യൂനപക്ഷ രേഖ ഞാൻ അവതരിപ്പിക്കും. അപ്പോൾ അറിയാം പാർട്ടിയുടെ പിന്തുണ ഏതിനാണെന്നായിരുന്നു ആത്മവിശ്വാസം ഒട്ടും ചോർന്നിട്ടില്ലാത്ത മറുപടി.

ഹൈദരാബാദിൽ വാദപ്രതിവാദങ്ങൾക്കും നീണ്ട ചർച്ചകൾക്കും ശേഷം അന്തിമവിജയം യെച്ചൂരിക്കായിരുന്നു.

നയം രഹസ്യവോട്ടിനിടാം എന്ന് ബംഗാൾ ഘടകം നിർദേശം വെച്ചതോടെ ശക്തമായി എതിർത്തിരുന്ന കേരളഘടകത്തിന് അടിതെറ്റി.

രഹസ്യവോട്ടെടുപ്പായിരുന്നെങ്കിൽ കേരളത്തിൽ നിന്നുള്ള ഭൂരിഭാഗം പേരും യെച്ചൂരിയുടെ ലൈൻ അനുകൂലിച്ച് വോട്ടിടുമായിരുന്നുവെന്ന് അന്നത്തെ സമ്മേളന പ്രതിനിധികൾ വ്യക്തിപരമായി പറഞ്ഞിരുന്നു.

ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പിൻറെ തൊട്ടതലേ ദിവസം തന്നെ പിബിയിലും കേന്ദ്രകമ്മിറ്റിയിലും കാരാട്ട് പക്ഷത്തിനുണ്ടായിരുന്ന ആധിപത്യം പൊളിഞ്ഞതിനറെ സൂചനകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നു.

അന്ന് നേതാക്കൾ കാറിൽ കയറുന്ന ഇടത്ത് നിൽക്കുകയായിരുന്ന ഞാനും ന്യൂസ് 18 ലെ സതീഷ് കുമാറും ഒരു കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

എന്നും കാരാട്ടിനൊപ്പം പോകുന്ന പല നേതാക്കൾ അവർക്കൊപ്പം വാഹനത്തിൽ കയറാതെ മാറിനിന്നു.

സീതാറാം വരട്ടെ എന്നായിരുന്നു ചോദിച്ചപ്പോൾ മറുപടി.

പിന്നീട് യെച്ചൂരിയുടെ കാറിലാണ് ആ പിബി അംഗങ്ങളും ഹോട്ടലിലേക്ക് പോയത്.

അതൊരു സൂചനയായിരുന്നു.

യെച്ചൂരി പാർട്ടിയിൽ ശക്തനായിരിക്കുന്നു എന്നതിൻറെ സൂചന.

അടുത്തദിവസം രണ്ടാം തവണയും യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

രേഖ തള്ളിയിരുന്നുവെങ്കിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്തായേക്കാവുന്ന സഖാവ് അതാ അജയനായി മടങ്ങുന്നു.

എകെജി ഭവനിൽ വാർത്താസമ്മേളനത്തിന് വരുന്നതിനിടെ രണ്ട് സംഘപരിവാർ ഗുണ്ടകൾ യെച്ചൂരിയെ കയ്യേറ്റം ചെയ്യുന്നതിന് സാക്ഷിയായി.

അന്ന് ഗൂണ്ടകളെ പാർട്ടിപ്രവർത്തകരും മാധ്യമപ്രവർത്തകരും ചേർന്നാണ് പിടിച്ച് മാറ്റിയത്.

അതിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ യെച്ചൂരി വാർത്താസമ്മേളനമുറിയിലേക്ക് നടന്നു.

"ഡോണ്ട് ബോദർ. ദേ കാൻ ഡു നത്തിങ്" എന്നായിരുന്നു കയ്യേറ്റത്തെകുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത്.

നിർണായകമായ കേന്ദ്ര കമ്മിറ്റി യോഗങ്ങൾ കഴിഞ്ഞ് ഇറങ്ങിയാൽ യെച്ചൂരിയുടെ ഒരു നിൽപ്പുണ്ട് എകെജി ഭവൻറെ മൂന്നാം നിലയിലെ ജനാലയ്ക്കരികിൽ.

കയ്യിൽ പുകയുന്ന സിഗരറ്റുണ്ടാകും. 

ഒന്നെരിഞ്ഞടങ്ങുമ്പോൾ അടുത്തതിന് തീപകരും. 

അതങ്ങനെ ഊതി വലിച്ച് എന്തോ കാര്യമായി ആലോചിച്ചങ്ങനെ നിൽക്കും.

ഇനി ഡൽഹിയിലെത്തുമ്പോൾ എകെജി ഭവനിലെ ജാലകത്തിനരികിലെ ആ കാഴ്ച്ചയും ചിരിയും പോക്കറ്റിൽ കൈ ഇട്ടുള്ള നടപ്പും ഉണ്ടാകില്ല.

അത് വല്ലാതെ മിസ് ചെയ്യും.

അതിലുപരി എകെജി ഭവനിന്‍ മുന്നിൽ കാവൽ നിൽക്കുന്ന പോലീസുകാരന് സ്ഥിരം കിട്ടുന്ന ആ സല്യൂട്ടും...


Friday, 14 January 2022

K Rail or Derail? കെ റെയിലിൻറെ സാമ്പത്തികം

മനുഷ്യൻ മത്സരിക്കുന്നത് സമയത്തോടാണ് എന്ന് പൊതുവെ പറയാറുണ്ട്. ആകെയുള്ള 24 മണിക്കൂ‍‍ർ സമയത്തിനുള്ളിൽ പരമാവധി കാര്യങ്ങൾ ചെയ്യുകയെന്നതാണ് മനുഷ്യനെ അലട്ടുന്ന പ്രധാനകാര്യം. ഓടിയോടി സമ്പാദിക്കുക, ആഘോഷിക്കുക, അറിവുകൾ സമ്പാദിക്കുക, കണ്ടുപിടുത്തങ്ങൾ നടത്തുക, ശാസ്ത്രരം​ഗത്തെ പുതിയ സാങ്കേതിക വികാസം കൊണ്ട് പറ്റുമെങ്കിൽ ഈ പ്രപഞ്ചത്തെ തന്നെ കീഴ്പ്പെടുത്തുക. അതിൽ ഓരോന്നിലും ഓരോതരത്തിലുള്ള സന്തോഷവും ആവേശവും കണ്ടെത്തുന്നവനാണ് മനുഷ്യൻ. ലോകകോടീശ്വരനായ ഇലോൺ മസ്ക്കിന്റെ ഏറ്റവും പുതിയ ആ​ഗ്രഹം ചൊവ്വ ​ഗ്രഹത്തിൽ താമസമാക്കലാണ്. ചൊവ്വയിലും ഉപയോ​ഗിക്കാനാവുന്ന മൊബൈൽ ഫോൺ വികസിപ്പിച്ചെടുക്കലാണ് മസ്ക്കിന്റെ ഇപ്പോഴത്തെ പരീക്ഷണം. പൈ എന്ന് ആ മൊബൈലിന് പേരുമിട്ടുകഴിഞ്ഞുവെന്നതാണ് ശാസ്ത്രലോകത്തെ പുതിയവാ‍ർത്തകളിലൊന്ന്. തന്റെ സ്വന്തം മനുഷ്യായുസ്സ് ഒടുങ്ങുന്നതിന് മുമ്പേ ഇതെല്ലാം കണ്ടെത്തി ഉപയോ​ഗിച്ച് തൃപ്തിയടയണം മനുഷ്യന്. അതിനെ അതിമോഹമായോ ആ‍ർത്തിയായോ കാണേണ്ടതില്ല. കാരണം അവൻ വികസിപ്പിച്ചെടുക്കുന്നത് അവന് ഉപയോ​ഗിച്ച് നോക്കാനുള്ള ആ​ഗ്രഹം കൊണ്ട് തന്നെയാണല്ലോ.

കേരളത്തിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി കേൾക്കുന്നതും മനുഷ്യന്റെ സമയത്തെ കുറിച്ചുള്ള ചർച്ചകളാണ്. സമയമെന്നത് വിലയേറിയത് തന്നെ. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല. ( ടൈം മെഷീൻ ഉപയോ​ഗിച്ചുളള കാലാന്തരയാത്രകളെല്ലാം സിനിമയ്ക്ക് നല്ലൊരു തീം ആണെന്നതിന് അപ്പുറം ഒന്നുമല്ല. അതിനൊരു ശാസ്ത്രീയ അടിത്തറയുമില്ല. ). കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് യാത്രചെയ്തെത്താനുള്ള സമയമാണ് ഇപ്പോഴത്തെ തർക്കം. നാലര മണിക്കൂറിലെത്തി അന്ന് തന്നെ മടങ്ങിപോകണോ അതോ പത്തും പതിനൊന്നും മണിക്കൂ‍ർ യാത്രചെയ്ത് ക്ഷീണിക്കണോ എന്നതാണ് ഒറ്റനോട്ടത്തിലെ തർക്കം. സമയം വിലപ്പെട്ടതാകുമ്പോൾ അതിനൊറ്റ സെല്യൂഷനേയുള്ളു. അത് എക്സ്പ്രസ് യാത്രയാണ്, സിൽവർ ലൈൻ എന്ന കെ റെയിലാണ് എന്നതാണ് സർക്കാരും അണികളും പറയുന്നത്. ലോകമോടുമ്പോൾ അതിനൊപ്പം ഓടണം. ലോകത്തിലെ ഏതാണ്ട് എല്ലാവികസിത രാജ്യങ്ങളിലും സ്പീഡ് ട്രെയിനുകൾ ഉണ്ട്. ഭാവി മുന്നിൽ കണ്ട് ഇപ്പോഴേ അത് കേരളത്തിലും ഉണ്ടാക്കണമെന്നാണ് സർക്കാരും സിപിഎമ്മും അവകാശപ്പെടുന്നത്. എന്നാൽ ബദലുകൾ ഏറെയുണ്ടെന്ന് എതിർക്കുന്നവർ. വേ​ഗത്തിലെത്താനുള്ള ചിലവും അതുണ്ടാക്കുന്ന പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങളുമാണ് എതിർക്കുന്നവർ നിരത്തുന്ന വാദങ്ങൾ.  

സമയത്തിന് എത്തുകയെന്നത് അത്യാവശ്യമായ കാര്യം തന്നെയാണ്. അതിൽ ആർക്കും സംശയമില്ല. തീർച്ചയായും ലോകം മുന്നോട്ട് പോകുമ്പോൾ നമ്മളും സഞ്ചരിക്കേണ്ടത് മുന്നോട്ട് തന്നെയാണ്. തർക്കമില്ല. അപ്പോൾ പിന്നെ എവിടെയാണ് പ്രശ്നം? പ്രശ്നം ഈ പദ്ധതി നിലവിലെ സാഹചര്യത്തിൽ നടത്താൻ അനുയോജ്യമായ ഒന്നാണോ എന്നതാണ്. കേരളത്തിന്റെ പാരിസ്ഥിതിക സാമൂഹിക സാഹചര്യത്തിൽ ഇത് താങ്ങാവുന്ന ഒന്നാണോ എന്നതാണ്. കരളത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് ഇത് മുതൽക്കൂട്ടാണോ എന്നതാണ്. പിന്നെ ആർക്കാണ് ഈ പദ്ധതി ​ഗുണം ചെയ്യുന്നത് എന്നിടത്താണ്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ ഇതിനോടകം തന്നെ വന്നിട്ടുണ്ടെങ്കിലും ആർക്കും - പ്രത്യേകിച്ച് പിടിവാശിയോടെ പ്രവർത്തിക്കുന്ന സർക്കാരിനും സർക്കാരിന് നേതൃത്വം കൊടുക്കുന്ന പാർട്ടിക്കും - എത്രമാത്രം ദഹിക്കുന്നുണ്ട് എന്നിടത്താണ്. ഇതിനൊപ്പം തന്നെ രാഷ്ട്രീയമായി ഒന്നുകൂടിയുണ്ട്. മഹാരാഷ്ട്രയിൽ പദ്ധതിക്കെതിരെ ചുവന്ന കൊടിയെടുത്ത അതേ പാർട്ടി എങ്ങനെ കേരളത്തിൽ ഇതിനായി പച്ചക്കൊടി വീശുന്നുവെന്നത്. 

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വടക്കേയറ്റത്തെ ജില്ലയായ കാസർ​കോഡിലെത്താൻ നിലവിൽ എടുക്കുന്ന സമയത്തെ മൂന്നിലൊന്നായി ചുരുക്കുമെന്നതാണ് പദ്ധതിയുടെ വലിയ നേട്ടം. (മൊത്തം 529.450 കിലോമീറ്റർ ദൂരം 3.56 മണിക്കൂ‍ർ കൊണ്ട് ഓടിതീർക്കുമെന്നാണ് കെ റെയിലിനുവേണ്ടി സിസ്ട്ര നടത്തിയ പഠന റിപ്പോർട്ടിലുള്ളത്. വോള്യം 1, മെയിൻ റിപ്പോർട്ട്, പാർട്ട് എ, പേജ് നമ്പർ 10). തീർച്ചയായും സമയത്തിന് വലിയ വിലയുള്ളപ്പോൾ ആളുകൾക്ക് അത്തരമൊരു യാത്രാസൗകര്യം ​ഗുണകരമാണ്. അതിന് അവൻ നൽകേണ്ടുന്നത് നിലവിലെ തീവണ്ടികളിൽ സെക്കന്റ് ഏസിക്കും തേർഡ് എസിക്കും ഈടാക്കുന്ന ടിക്കറ്റ് നിരക്കിന് ഇടയിലുള്ള ഒരു തുകമാത്രമാണ്. എക്സ്പ്രസ് തീവണ്ടികൾക്കും ലോക്കൽ തീവണ്ടികൾക്കും ഉള്ള ടിക്കറ്റിന്റെ നിരക്കിലെ വ്യത്യാസം പോലെ തന്നെ അതിനെ കണ്ടാൽ മതി. പക്ഷെ എത്രപേർക്ക് എല്ലാദിവസവും കാസർകോഡ് നിന്ന് തിരുവനന്തപുരത്തേക്കം തിരിച്ചും യാത്രചെയ്യാനാണ്ടാവും? പതിനൊന്ന് സ്റ്റേഷനുകളാണ് പദ്ധതിയിൽ ഉള്ളത്. അവിടങ്ങളിൽ നിന്ന് കയറുന്നവർ അടുത്തസ്റ്റേഷനിൽ ഇറങ്ങിയാൽ നിരവധി പേ‍ർ കയറാനുണ്ടാകുമല്ലോ എന്നതാണ് മറുവാദം. ശരിയാണ്. ലോക്കലോടുന്ന ബസ്സുകളുടെ വലിയ വരുമാനമെന്നത് ഇത്തരം ചെറിയദൂരത്തേക്ക് യാത്രച്ചെയ്യുന്നവരാണല്ലോ. എന്നാൽ ചെറിയദുരത്തിന് എത്രപേരാണ് എസി ടിക്കറ്റിന്റെ ചാർജ് കൊടുത്ത് യാത്രചെയ്യാൻ തയ്യാറാവുക. കൊച്ചി മെട്രോ ആരംഭിച്ചപ്പോൾ പുതുമോടിയിൽ ആളുകൾ കയറിയതല്ലാതെ പിന്നീടിങ്ങോട്ട് എത്രപേർ ബസ് ചാർജിനേക്കാൾ ഇരട്ടി തുകകൊടുത്ത് ആലുവക്ക് മെട്രോ കയറുന്നുണ്ട് എന്ന് സർക്കാർ ഒന്ന് അന്വേഷിച്ചാൽ മാത്രം മതി. പ്രതിദിനം കോടികളാണ് കൊട്ടിഘോഷിച്ചാരംഭിച്ച കൊച്ചി മെട്രോ വരുത്തിവെക്കുന്നത്.

ഡിപിആർ പ്രകാരം 2020 സെപ്തംബർ 9 ലെ കണക്കനുസരിച്ച്  സിൽവർ ലൈൻ പദ്ധതിയുടെ ചിലവായി കേരളം കണക്കുകൂട്ടിയിരിക്കുന്നത് 63,940 കോടി രൂപയാണ്. എന്നാൽ പദ്ധതി തുടങ്ങി അത് പൂ‍ർത്തിയായി വരമ്പോൾ ഈ തുകയിൽ തന്നെ നിൽക്കുമോയെന്ന സാമാന്യമായ ചോദ്യമുണ്ട്. രണ്ട് വർഷം മുമ്പ് സിമന്റ് ചാക്കിന് 360-390 രൂപ വിലയായിരുന്നതിന് ഇന്നിപ്പോൾ വിപണി വില 560-590 രൂപവരെയാണ്. കമ്പിക്കും കല്ലിനും മറ്റ് അനുബന്ധ സാധനങ്ങൾക്കുമെല്ലാം വില ഇത്തരത്തിൽ തന്നെ കുത്തനെ ഉയർന്നിട്ടുണ്ട്. കൊവിഡ് ലോക്ഡൗൺ കാലത്ത് നിർമാണം നിലച്ചതും റോ മെറ്റീരിയൽസിന്റെ ലഭ്യതകുറവും ഇന്ധനവില വർദ്ധനയുമെല്ലാം വിലകയറ്റത്തിന് വഴിവെച്ചിട്ടുണ്ട്. നിർമാണ ചിലവ് സ്വാഭാവികമായും കുറച്ച് കൂടുമെന്ന് സാമാന്യയുക്തിയാണ് എന്നുകരുതി മാറ്റിവെക്കാം. പക്ഷെ 63,940 കോടി എന്ന സർക്കാരിന്റെ കണക്ക് തെറ്റാണെന്നാണ് കേന്ദ്ര സർക്കാരിന്റെ ആസൂത്രണ സമിതിയായ നീതി ആയോ​ഗ് തന്നെ കണ്ടെത്തിയിരിക്കുന്നത്. കേരളം സമർപ്പിച്ച ഡി പി ആർ വിശദമായി പഠിച്ച ശേഷം നീതി ആയോ​ഗം അതേ ദിവസത്തെ തന്നെ വിലകളും മറ്റും വിലയിരുത്തി പദ്ധതിക്ക് ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നത് 1,26,081 കോടിയാണ്. കിലോമീറ്ററിന് 121 കോടിയാണ് കേരളം ചിലവ് കണക്കാക്കുന്നത് എങ്കിൽ അത് കിലോമീറ്ററിന് 238 കോടിയാകുമെന്നാണ് നീതി ആയോ​ഗിന്റെ കണക്ക്. പദ്ധതി സംബന്ധിച്ച് നീതി ആയോ​ഗ് കേരളത്തിന് നൽകിയ 44 പേജുള്ള റിപ്പോർട്ടിൽ 41 ആം പേജിലാണ് ഇക്കാര്യം നീതി ആയോ​ഗ് വ്യക്തമാക്കിയിരിക്കുന്നത്. അതായത് കേരളം പൊതുജനത്തോട് ചിലവാകുമെന്ന് അവകാശപ്പെടുന്നതിന്റെ ഇരട്ടിയാണ് യഥാർത്ഥ ചിലവ് പ്രതീക്ഷിക്കുന്നത് എന്നർത്ഥം.  

ഇനി കേരളത്തിന്റെ സാമ്പത്തിക വളർച്ച കഴിഞ്ഞകുറേ കാലമായി ഏതാണ്ട് മന്ദീഭവിച്ച നിലയിലാണ്. സംസ്ഥാനത്തിന്റെ ജി എസ് ഡി പിയിലേക്ക് വിവിധ സെക്ടറുകൾ നൽകുന്ന സംഭാവനകളെ കുറിച്ച് (പേജ് നമ്പ‍ർ 29) വിശദമായ ഒരു ടേബിൾ തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠനം നടത്തിയവർ പട്ടികയെ അടിസ്ഥാനപ്പെടുത്തി (2018-19 സാമ്പത്തികവർഷത്തിലെ കണക്ക് ) കേരളത്തിൽ വളർച്ചയിലുള്ളതും നഷ്ടത്തിലുള്ളതുമായ മേഖലകളെ കുറിച്ച്  പറയുന്നുണ്ട്. കേരളത്തിന്റെ വികസനത്തിന് പ്രൈമറി സെക്ടറിൽ കാർഷികമേഖല നെ​ഗറ്റീവ് വളർച്ചയാണ് സംഭാവനചെയ്യുന്നത് എന്ന് പറഞ്ഞുപോകുന്ന റിപ്പോർട്ട് പക്ഷെ വലിയ സംഭാവന ചെയ്തിരുന്ന ഖനനമേഖല 2018-19 കാലത്ത് നഷ്ടമുണ്ടാക്കിയതിന്റെ കാരണത്തെ കുറിച്ച് വാചാലമാകുന്നുണ്ട്. പ്രളയത്തെ തുടർന്ന് ഖനനമഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതാണ് അതിനുകാരണമെന്നാണ് വിലയിരുത്തൽ. അതായത് പ്രകൃതിയെ ചൂഷണം ചെയ്ത് പാറപൊട്ടിക്കാൻ വഴിയൊരുക്കിയാൽ ജി എസ് ഡി പി യിലേക്ക് കാര്യമായ വളർച്ച കിട്ടും. അതേസമയം തന്നെ, 2017-18 കാലത്ത് നേട്ടമുണ്ടാക്കിയിരുന്ന കാർഷിക മേഖല എങ്ങനെയാണ് 2018-19 ൽ നഷ്ടത്തിലായത് എന്ന് പറയാൻ റിപ്പോർട്ട് അവിടെ സമയം കളയുന്നുമില്ല. അത് പറഞ്ഞിരുന്നുവെങ്കിൽ പദ്ധതിക്ക് സ്ഥലമെടുക്കുന്നതോടെ കൃഷിസ്ഥലമില്ലാതാകുമെന്നതും അത് കൂടുതൽ പ്രതിസന്ധി ഈ മേഖലയിൽ സൃഷ്ടിക്കുമെന്നും സമ്മതിക്കേണ്ടി വന്നേനെ. പാറ പെട്ടിക്കാതെ സിൽവർ ലൈൻ സ്ഥാപിക്കാനാവില്ല എന്നതിനാൽ ഖനനത്തിലൂടെ കൂടുതൽ സംഭാവന ഖനനമേഖലയിൽ നിന്ന് ജി എസ് ഡി പി ഉയർത്താൻ സഹായകമാകുമെന്ന് പറയാതെ പറയുന്നുണ്ട് ഡി പി ആർ. റെയിൽവേ നേട്ടമുണ്ടാക്കുന്നു എന്ന ഒറ്റകാര്യം ചൂണ്ടിക്കാട്ടിയാണ് ഇവിടെ സിൽവർ ലൈൻ ആവശ്യമാണെന്ന് സിസിട്ര ചൂണ്ടിക്കാട്ടുന്നത്. കൃഷി ഭൂമി പദ്ധതിയുടെ ഭാ​ഗമായി നഷ്ടമാകുമ്പോൾ എങ്ങനെയാണ് പ്രാഥമിക സെക്ടറിൽ ഉൾപ്പെടുന്ന കാർഷിക മേഖല അഭിവൃദ്ധിപെടുക? ഉപഭോക്തൃ സംസ്ഥാനമായി തുടരുന്ന കേരളത്തിൽ കഴിഞ്ഞ വർഷം അവസാനം പച്ചക്കറി വിലകയറ്റം കൊണ്ട് കഠിനമായി കഷ്ടപ്പെട്ടത് മറക്കാറായിട്ടില്ല. കൃഷി ഭൂമികളും തണ്ണീർത്തടങ്ങളുമെല്ലാം ഇല്ലാതാകുന്നതിന്റെ പാരിസ്ഥിതിക പ്രശ്നം വേറെ.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കഴിഞ്ഞ കുറേ കാലമായി മോശമാണെന്നത് എല്ലാവർക്കും അറിയുന്നതാണല്ലോ. കിഫ്ബി വഴി പണം മസാലബോണ്ടായും കടമെടുത്തുമൊക്കെയാണ് പലപദ്ധതികളും നടപ്പാക്കുന്നത്. നമ്മുടെ റോഡുകൾ പൊട്ടിപൊളിഞ്ഞാൽ, സ്ക്കൂളും ആശുപത്രികളുമെല്ലാം നവീകരിക്കണമെങ്കിൽ, എന്തിനും ഏതിനും വിദേശ വായ്പ ഏജൻസികളെ ആശ്രയിക്കേണ്ടുന്ന സ്ഥിതിയാണ് നമ്മുടേത്. പ്രളയകാലത്ത് പിടിച്ചുനിൽക്കാനാവാതെ ഉഴറിയ കേരളത്തെ പുനർനിർമിക്കാൻ പ്രളയസെസ് ഏർപ്പെടുത്തേണ്ടിവന്നു സംസ്ഥാനത്തിന്. പ്രളയത്തിലും കോവിഡിലുമെല്ലാം പെട്ട് നട്ടം തിരിഞ്ഞ സംസ്ഥാനത്തെ ജനം നിവർത്തികേടിനിടയിലും അതെല്ലാം നൽകിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക നില പിടിച്ചുനിർത്താനാണ്. സർക്കാർ സേവനമായി അതെല്ലാം തിരികെ നൽകുമെന്ന പ്രതീക്ഷയിലാണ്. കേരളത്തിലടക്കം ഉയർന്ന പ്രതിഷേധങ്ങൾക്കൊന്നും ചെവികൊടുക്കാതെ ഇന്ധനവില നൂറുകടത്തിയ കേന്ദ്രം ഉപ തെരഞ്ഞെടുപ്പ് തിരിച്ചടികൊണ്ട് മാത്രം വില കുറച്ചപ്പോൾ കേരളം കുറയ്ക്കാതെ ഇരുന്നു. മറ്റ് സംസ്ഥാനങ്ങളെല്ലാം സംസ്ഥാന നികുതിയിൽ കാര്യമായി തന്നെ കുറവ് വരുത്തിയപ്പോഴും തങ്ങൾ കൂട്ടാത്തത് കുറയ്ക്കില്ലെന്ന് നിലപാട് കേരളം സ്വീകരിച്ചു. അന്നും പറഞ്ഞിരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു. അത്രയും മോശമായ സാമ്പത്തിക സ്ഥിതിയാണ് കേരളത്തിനെങ്കിൽ എന്തിനാണ് പിന്നെയും പതിനായിരക്കണക്കിന് കോടിയുടെ അധികബാധ്യത തലയിലേറ്റുന്നത്? ജെയ്കയിൽ നിന്നായാലും എഡിബിയിൽ നിന്നായാലും പണം വാങ്ങുന്നത് പലിശ സഹിതം തിരിച്ചടയ്ക്കേണ്ട വായ്പ ആയി തന്നെയല്ലേ? ആ വായ്പ അനുവദിക്കുന്നതിന് അവർ മുന്നോട്ട് വെക്കുന്ന ഉപാധികൾ എത്രമാത്രം കേരളത്തിന് ഉപകാരപ്രദമാവും? അവരുടെ സേവനങ്ങൾ തന്നെ വാങ്ങണം, അവർ നി‍ർദേശിക്കുന്നവരുടെ സേവനം തന്നെ ലഭ്യമാക്കണം തുടങ്ങി നിരവധി കർശന വ്യവസ്ഥകൾ കേരളം പാലിക്കേണ്ടതുണ്ട്. വെറുതെ അല്ലാലോ അവരാരും പണം മുടക്കുന്നത്. ഒരുകാലത്ത് എഡിബിക്കെതിരേയും ലോകബാങ്കിനെതിരേയുമെല്ലാം സമരം ചെയ്ത-പ്രത്യയശാസ്ത്ര വിയോജിപ്പ് ഇപ്പോഴുമുള്ള- സിപിഎമ്മിന്റെ നേതാക്കൾ തന്നെയാണ് ഇപ്പോൾ അവരിൽ നിന്ന് ലോണെടുക്കാൻ വ്യ​ഗ്രതപൂണ്ട് നടക്കുന്നത് എന്നതാണ് വിചിത്രം. 

കേരളത്തിന്റെ വരുമാനത്തിന്റെ 30 ശതമാനവും പ്രവാസികളിൽ നിന്നുള്ള റെമിറ്റൻസായിരന്നു. ​ഗൾഫ് രാജ്യങ്ങളിലെ സ്വദേശി വത്ക്കരണവും കൊവിഡ് തീർത്ത പ്രതിസന്ധിയും കാരണം അവരിൽ നല്ലൊരുശതമാനം ആളുകൾ നാട്ടിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു. അതിനാൽ തന്നെ ​ഗൾഫ് മണിയുടെ ഒഴുക്ക് കാര്യമായി തന്നെ കുറഞ്ഞിട്ടുണ്ട്. നിലവിൽ തന്നെ ആയിരക്കണക്കിന് കോടികൾ പല ഏജൻസികൾക്കായി തിരിച്ചടക്കേണ്ടതുള്ള കേരളം അവ തിരിച്ചടയ്ക്കാനാണ് ശ്രദ്ധ കേന്ദ്രികരിക്കേണ്ടത്. സംസ്ഥാനത്തിന്റെ പൊതുകടം കൂട്ടുന്നത് അത്രകണ്ട് ആശാസ്യമായ കാര്യമല്ല. കടം എടുത്തപണത്തിന് പണിഞ്ഞ മണിമാളികയിൽ എത്രനാൾ നിങ്ങൾക്ക് സ്വസ്ഥമായി കിടന്നുറങ്ങാനാവും. ?

...

Wednesday, 27 May 2020

തെരുവുറങ്ങാത്ത കൊല്‍ക്കത്തയിൽ (ഭാഗം- 1 )


ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല്‍ പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്‍, തിരക്കൊഴിഞ്ഞ പാര്‍ക്കിലെ ബെഞ്ചില്‍, ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന മാര്‍ക്കറ്റുകളില്‍ എല്ലാം ഒറ്റക്ക് നടന്നാല്‍ പൊരെന്ന് തോന്നിപ്പിക്കുന്ന ചില നഗരങ്ങള്‍.
കൊല്‍ക്കത്ത അത്തരത്തിലൊന്നാണ്.
ട്രാമുകളില്‍, ചവിട്ടിവലിക്കുന്ന റിക്ഷകളില്‍, വിക്ടോറിയ മെമ്മോറിയലിന്റെ മുന്നിലെ പാര്‍ക്കില്‍ കൂടെയിരിക്കാന്‍, കൂടെ സഞ്ചരിക്കാന്‍ ഒരാള്‍ കൂടെ വേണമെന്ന് തോന്നിപ്പിക്കുന്ന നഗരം.
Sketch : Sanub Sasidharan

കൊല്‍ക്കത്ത.
പണ്ട് മുതലേ ഫാസിനേറ്റിങ് നഗരമെന്ന് തോന്നിയിട്ടുണ്ട്. കൂട്ടുകാരിയുമൊത്ത് ഒരിക്കല്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്ന നഗരം. പക്ഷെ ആഗ്രഹിച്ചപോലെയല്ല കൊല്‍ക്കത്ത നഗരത്തിലെത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഔദ്യോഗികആവശ്യത്തിനാണ് കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയത്. കടുത്ത മൂടല്‍ മഞ്ഞ് വടക്കേ ഇന്ത്യയെ വിഴുങ്ങിയ ഒരു ജനുവരിയില്‍.
സിപിഎമ്മിന്റെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള അവസാനത്തെ, ഏറ്റവും നിര്‍ണായകമായ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആ യാത്ര. ക്യമറമാന്‍ സനോജ് കുമാര്‍ ബേപ്പൂരിനൊപ്പം.
വൈകുന്നേരം നാല് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹി ഹൗറ രാജധാനി മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യാത്ര പുറപ്പെട്ടത് രാത്രി പത്ത് കഴിഞ്ഞശേഷം.
പിറ്റേന്ന് രാവിലെ 10 മണിക്കാണ് തീവണ്ടി കൊല്‍ക്കത്തയിലെത്തേണ്ടത്. എന്നാല്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വൈകിയതിനാല്‍ ഉച്ചകഴിയുമെന്ന് ഏതാണ്ട് ഉറപ്പ്. രാത്രിയില്‍ തീവണ്ടി ഭക്ഷണവും കഥപറയലുമെല്ലാം കഴിഞ്ഞ കിടന്നുറങ്ങി. രാവിലെ ചായയുമായെത്തിയ അറ്റന്റര്‍മാരുടെ വിളി കേട്ടാണ് ഉണര്‍ന്നത്. സമയം 7 മണി ആയിരിക്കുന്നു. തീവണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. പുറത്തെ കാഴ്ച്ചകള്‍ ഒന്നും വ്യക്തമല്ല. വിസിബിലിറ്റി എന്നത് അത്രമാത്രം കുറവാണ്. ഏറിയാല്‍ ഒരു രണ്ട് മീറ്റര്‍ എന്ന അവസ്ഥ. ജാക്കറ്റ് ധരിച്ച് മെല്ലെ വാതിലിന്റെ അരികിലെത്തി. ആളുകള്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയാണ്. ഏതോ കടുക് പാടത്തിന് നടുവിലാണ് തീവണ്ടി. മുന്നില്‍ നില്‍ക്കുന്ന ആള്‍രൂപങ്ങള്‍ പോലും വെറും മിന്നായം പോലെ തോന്നിക്കുന്നു. തീവണ്ടി എവിടെയത്തി ഒന്ന് ഒരു രൂപവുമില്ല. രാത്രിയില്‍ കൂറേ ദൂരം പിന്നിട്ടിട്ടുണ്ടാകുമെന്ന് ആശ്വസിച്ചു. വൈകിയാലും വൈകുന്നേരത്തോടെ കൊല്‍ക്കത്തയില്‍ എത്തുമെന്ന് ആശ്വസിച്ചു. അരമണിക്കൂറിനുശേഷം ചൂളം വിളിച്ച് തീവണ്ടി മഞ്ഞിനെ വകഞ്ഞ്മാറ്റി മെല്ലെ മുന്നോട്ട് യാത്രയായി. വളരെ പതുക്കെയാണ് യാത്ര. നേരം 9.30 പിന്നിട്ടപ്പോളാണ് അടുത്ത സ്‌റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയത്. വായിച്ചിരുന്ന പുസ്തകത്തില്‍ നിന്ന് തലയെടുത്ത് സ്റ്റേഷന്റെ പേര് വായിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന എല്ലാ വിശ്വാസവും ആശ്വാസവുമെല്ലാം ആവിയായി. അലഹബാദ് സ്‌റ്റേഷനിലാണ് തീവണ്ടി എത്തിയിരിക്കുന്നത്. ഡല്‍ഹി വിട്ടാല്‍ ആ തീവണ്ടിയുടെ അടുത്ത സ്‌റ്റോപ്പ് അലഹബാദിലാണ്. കഴിഞ്ഞ 12 മണിക്കൂര്‍കൊണ്ടാണ് ഡല്‍ഹിക്ക് ശേഷമുള്ള ആദ്യ സ്റ്റോപ്പില്‍ തീവണ്ടിയെത്തിയത്. അതും അവസാനസ്റ്റേഷനായ ഹൗറയിലെത്തേണ്ട സമയത്ത് !
ഇനിയെപ്പോള്‍ ബാക്കിസ്‌റ്റേഷനുകള്‍ ഓടി തീര്‍ക്കുമെന്ന ചിന്ത, കേന്ദ്ര കമ്മിറ്റിക്ക് മുമ്പ് കൊല്‍ക്കത്തിയിലെത്തുമോയെന്ന ആശങ്ക, എല്ലാംകൂടി ഞങ്ങളെ അസ്വസ്ഥമാക്കി. നമുക്ക് എന്തുചെയ്യാനാവും എന്ന് സനോജിന്റെ സ്വയം ആശ്വസിക്കല്‍.
നേരം പോകും തോറും കാഴ്ച്ചയും മെല്ലെ തെളിഞ്ഞുതുടങ്ങി. തീവണ്ടിയുടെ വേഗതയും കൂടിവന്നു. വൈകുന്നേരത്തോടെ നേതാക്കള്‍ എല്ലാം സമ്മേളനത്തിനെത്തി തുടങ്ങി. കൊല്‍ക്കത്തയില്‍ നിന്ന് വാര്‍ത്തകളും വന്നുതുടങ്ങി. നേരത്തെ അവിടെയെത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വാര്‍ത്തകള്‍ ശേഖരിച്ചു. മുറിഞ്ഞുപോകുന്ന നെറ്റ് വര്‍ക്ക് ഉപയോഗിച്ച് തീവണ്ടിയിലിരുന്ന് വാര്‍ത്ത കൈമാറി. തീവണ്ടി അപ്പോഴും എപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്ന യാതൊരുവിധ ധാരണയുമില്ലാതെ ഇന്ത്യയുടെ കാര്‍ഷിക ഗ്രാമങ്ങളുടെ വശ്യത കാണിച്ച് അനശ്ചിതമായി വൈകിയോടുന്നു.
മനോഹരമാണ് ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങള്‍. പച്ചപ്പ് നിറഞ്ഞതും വരണ്ട് തരിശ്ശിട്ടതുമായ നിരവധി പ്രദേശങ്ങള്‍. പാടത്ത് ചാണകവറളികൊണ്ടും പുല്ലുമേഞ്ഞുമെല്ലാം നിര്‍മിച്ച കുടിലുകള്‍. അനന്തമായി നീളുന്ന നടവഴികള്‍. പൊട്ടിപൊളിഞ്ഞ് റോഡുകള്‍. സൈക്കളിലും ഉന്തുവണ്ടികളിലുമെല്ലാം കയറി യാത്രചെയ്യുന്ന മനുഷ്യര്‍. പാടത്തും റോഡിലും പറമ്പിലുമെല്ലാം ലകഷ്യമില്ലാതെ ലഞ്ഞ്‌നടക്കുന്ന പശുക്കള്‍, കാളകള്‍. ഒറ്റ്ക്ക് നില്‍ക്കുന്ന മരങ്ങള്‍, ഇലകൊഴിഞ്ഞ് മരച്ചില്ലകള്‍.... മേനോഹരമായ പെയിന്റിങ് പോലയൊണ് പലയിടങ്ങളുമെന്ന് തോന്നിപോകും. ഇരുട്ട് വീഴാന്‍ തുടങ്ങിയതോടെ തീവണ്ടിയുടെ വേഗവും കുറഞ്ഞ് തുടങ്ങി, മഞ്ഞ് വീഴാനും തുടങ്ങി. അപ്പോഴും ഇനിയുമെത്രദൂരമെന്ന് മൊബൈല്‍ ആപ്പില്‍ നോക്കി ഇരിക്കുകയാണ് സനോജ്.
18 മണിക്കൂര്‍ വൈകി, പുലര്‍ച്ചെ നാല് മണി കഴിഞ്ഞു ഹൗറ സ്റ്റേഷനിലെ 5 ആം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക 30 മണിക്കൂര്‍ നീണ്ടയാത്രയ്‌ക്കൊടുവില്‍ രാജധാനി ഓടിത്തളര്‍ന്ന് വന്ന് നിന്നപ്പോള്‍....

നീണ്ടയാത്രയുടെ ക്ഷീണത്തില്‍ ലൈവ് യുവും ക്യാമറയും ട്രൈപ്പോഡും ബാഗുമെല്ലാം തൂക്കി പുറത്തിറങ്ങി ടാക്‌സിക്കായി ഉള്ള കാത്ത് നില്‍പ്പ്. ഇനി വെറും രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മോണിങ് ഷോയില്‍ ലൈവിന് കയറി നില്‍ക്കണ്ടെയെന്ന ചിന്തയും ഉറക്കക്ഷീണവുമായി ഞങ്ങള്‍ പാര്‍ക്ക് സ്ട്രീറ്റിന് സമീപത്തെ ഹാട്ടലിലേക്ക് യാത്രയായി. രാത്രിയുടെ കൊല്‍ക്കത്ത അത്രമനോഹരിയല്ലെന്ന് മനസിലാക്കി തന്ന കാഴ്ച്ചകള്‍. റോഡരികലും പാലത്തിന്റെ ചുവട്ടിലും അരിക് ചേര്‍ത്ത് നിര്‍ത്തിയ സൈക്കിള്‍ റിക്ഷകളിലുമെല്ലാം ചുരുണ്ട് കൂടിയുറങ്ങുന്ന ആളുകള്‍....

Sunday, 16 August 2015

വിപ്ലവഭൂമികയിലെ പാര്‍ട്ടി സമ്മേളനം

സിപിഎം സമ്മേളനം ആലപ്പുഴയിൽ അവസാനിച്ചപ്പോൾ ചില കാര്യങ്ങൾ.....
1.വി.എസ് അവസാനമായി സെക്രട്ടറിയായത് 88ലെ ആലപ്പുഴ സമ്മേളനത്തിൽ
അന്ന് അത് ബദൽ രേഖയ്ക്കുശേഷമുള്ള സമ്മേളനം
ആലപ്പുഴ 2015ൽ സമ്മേളനമെത്തിയപ്പോൾ സംസ്ഥാനസമിതി അംഗമായി വി.എസ് പങ്കെടുത്ത അവസാനസമ്മേളനമായി.
88 ലേത് ബദൽ രേഖയ്ക്ക് ശേഷമുള്ളതെങ്കിൽ ആലപ്പുഴയിലേത് "പ്രമേയ"ത്തിനുശേഷമുള്ളതായി,
2. 1991 ൽ കോഴിക്കോട് നടന്നസമ്മേളനത്തിൽ ഇ.കെ നായനാർ പാർട്ടി അമരക്കാരനായി.
ആശയഭിന്നത വിഭാഗീയതയിലേക്ക്..
കർകശകാരനായ സെക്രട്ടറിയിൽ നിന്ന് തമാശക്കാരനായ സെക്രട്ടറിയിലേക്ക്
3. 96 ൽ നായനാരിനെ മുഖ്യമന്ത്രിയാക്കി പകരം ചടയൻ ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക്.
(വി.എസിനെ മാരാരികുളത്ത് വിഭാഗീയത കളിച്ച് തോൽപിച്ചില്ലായിരുന്നേൽ വി.എസ് അന്നേ മുഖ്യമന്ത്രിയായേനെ.)
വെട്ടിനിരത്തൽ വിട്ട് വി.എസ് ജനകീയ വിഷയങ്ങളിലേക്ക്.
4. 1998 ൽ ചടയൻ അന്തരിച്ചപ്പോൾ പിണറായിയെ സെക്രട്ടറിയാക്കി.
ഇതിന് നേതൃത്വം കൊടുത്തത് വി.എസ്.
പിന്നെ പിണറായി യുഗം.
വി.എസ്-പിണറായി പോര് വൈകാതെതുടങ്ങി.
വിഭാഗീയത എവറസ്റ്റ് കൊടുമുടി കയറി.
കാർക്കശ്യവും ധാർഷ്ട്യവും കൊമ്പ് കോർക്കുന്നു.
സൗമ്യനായ പിണറായി കർക്കശക്കാരനായപ്പോൾ വി.എസ് ജനകീയനായി മാറി.
5. വീണ്ടും സമ്മേളനം പുന്നപ്രയുടെ മണ്ണിലെത്തിയപ്പോൾ പിണറായിക്ക് പകരം കോടിയേരി സെക്രട്ടറിയാകുന്നു.
ചിരിക്കാത്ത പിണറായിയിൽ നിന്ന് ചിരിക്കുന്ന കോടിയേരിയിലേക്ക്.
ചുരുക്കത്തിൽ പാർട്ടി കണ്ണൂരിൽ തന്നെ.
വി.എസ് പുറത്തേക്കുള്ള വഴിയിലും.
വി.എസിനെ പാർട്ടിവിരുദ്ധനെന്ന് മുദ്രകുത്തി പുകയ്ക്കുന്നതിന് നേതൃത്വം പിണറായി വക.


വി.എസ് ഇറങ്ങിപോയ സമ്മേളനം.
സ്ഥാപകരിലൊരാളായ വി.എസ് ഇല്ലാത്ത cpm ൻറ്റെ ആദ്യത്തെ സമാപനസമ്മേളനം.
വിഭാഗീയത ഇല്ലാതാക്കി (അടിച്ചമർത്തി) എന്ന് ടീം കണ്ണൂരിൻറ്റെ അവകാശവാദവും....
1991 മുതൽ പാർട്ടി "കണ്ണൂരിൽ" തന്നെ എന്ന് ചുരുക്കം.
So called കണ്ണൂർ ലോബിയുടെ കയ്യിൽ എന്നും പറയാം....

(nb: സമ്മേളനം കഴിഞ്ഞദിവസം ഫെയ്സ് ബുക്ക് പേജില്‍ എഴുതിയത്)

Saturday, 22 November 2014

സിപിഎമ്മിന്റെ ലോഗോയും വിമർശനങ്ങളും....

സിപിഎമ്മിന്റെ വിശാഖപട്ടണം പാർട്ടി സമ്മേളന ലോഗോയെ ചൊല്ലി നിരവധി പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ  കണ്ടു. കപ്പലിനെ ആസ്പദമാക്കിയുള്ള ലോഗോ സിപിഎം മുങ്ങുന്ന കപ്പലിന്റെ സിമ്പലാണെന്നാണ് കണ്ടെത്തൽ. വിമർശിക്കുന്നവരിൽ കടുത്ത സിപിഎം വിരോധികളുണ്ട്. ചിലരാകട്ടെ സ്വന്തം വായിലെ  നാറ്റം മറച്ചുവെക്കാനായി സിപിഎമ്മിന്റെ നെഞ്ചത്തോട് കയറുന്നവർ. കാര്യമാക്കേണ്ട.
കാരണം വിവരക്കേട്, അജ്ഞത അതൊരുതെറ്റല്ലല്ലോ.

ഒരു പരിപാടിയുടെ ലോഗൊ സൃഷ്ടിക്കുമ്പോൾ പലഘടകങ്ങളും പരിഗണിക്കാറുണ്ട്. പരിപാടിയുടെ സ്വഭാവ, സംഘടിപ്പിക്കുന്നവരുടെ ആശയം, നയം, പിന്നെ പരിപാടി നടക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത. ഏതൊരു ലോഗോയെടുത്തുനോക്കിയാലും അത് പ്രത്യക്ഷത്തിൽതന്നെ കാണാം. പക്ഷെ പരിശോധിക്കണം, എന്നാലെ കാണു..
സിപിഎമ്മിന്റെ ലോഗോയിലേക്ക് വരാം.

വിശാഖപട്ടണത്താണ് ഇത്തവണ പാർട്ടിയുടെ സമ്മേളനം. അതിനാൽതന്നെ വിശാഖപട്ടണത്തിന്റെ പ്രത്യേകതകൂടി മനസിലാക്കണം ആദ്യം.
കൊച്ചി കഴിഞ്ഞാൽ കപ്പൽ നിർമാണശാലയുള്ള സ്ഥലമാണ് വിശാഖപട്ടണം.
ആ പ്രത്യേകത തന്നെയാണ് ലോഗോയിൽ ചിത്രകാരൻ ഉപയോഗിച്ചിരിക്കുന്നത്.
പിന്നെ ഒരു കപ്പലിനെ മുന്നിൽ നിന്ന് നോക്കുമ്പോൾ അത് കാണുന്നവിധമാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻ ഭാഗം ഉയർന്ന് നിൽകുന്നതാണ് കപ്പലിന്റേത്. ചില ചിത്രങ്ങൾ (ഞാൻ വരച്ച് ബോധ്യപ്പെടുത്തുന്നതല്ല, ഗൂഗിളിൽ നിന്ന് തിരഞ്ഞെടുത്തത്) കൂടെ ചേർക്കുന്നു. കണ്ടു നോക്കുക.
പിന്നെ ഇതൊന്നും അറിയാതെയല്ല പോസ്റ്റുകളിട്ടതെന്ന് അരിയാഹാരവും കുബ്ബൂസും ഗോതമ്പാഹാരവുമൊക്കെ തിന്നുന്നവനു മനസിലാകും. സിപിഎമ്മിനെ ആക്രമിക്കുക. അത്രതന്നെ.

നേരത്തെ IFFK യുടെ സിഗ്നേച്ചർ ചിത്രങ്ങളെ െചൊല്ലി വിമർശിക്കുന്നതും വിഴുപ്പലക്കുന്നതും കണ്ടിട്ടുണ്ട്. പക്ഷെ സിപിഎമ്മിന്റെ സമ്മേളന ലോഗൊ സംബന്ധിച്ച് ചർച്ചാവിഷയമാകുന്നത് ഇതാദ്യമായാണ് കാണുന്നത്. സിപിഎമ്മിന്റെ സമ്മേളനത്തിന് ഒരു ലോഗോയുണ്ടായിരുന്നുവെന്നത് ആരെങ്കിലും ശ്രദ്ധിച്ചിരുന്നുവോയെന്ന് പോലും സംശയം. പിന്നെ ലോഗൊ കൊണ്ടല്ല ഒരു പരിപാടിയും ശ്രദ്ധേയമായിട്ടുള്ളത്. പ്രത്യേകിച്ച് സിപിഎമ്മിന്റെ സമ്മേളനങ്ങൾ. ഇത്തവണ സമ്മേളനത്തിലെ വിഭാഗീയതയുണ്ടാകുമോ കാരാട്ടിന് പകരമാരെന്നതോ സംബന്ധിച്ച് നടക്കുന്ന ചർച്ചയേക്കാൾ ഏറെ പ്രധാന്യം ലോഗോയ്ക്ക് ലഭിക്കുന്നുവെന്നതും രസകരം തന്നെ. സിപിഎമ്മിനെ വിമർശിക്കാൻ മൈന്യൂട്ടായിട്ടുള്ള കാരണങ്ങൾപോലും തേടിയോടുന്നവർക്ക് എന്തും ആയുധമാകും. ലോഗോയും അങ്ങനെതന്നെ.  എന്തായാലും സമ്മേളനത്തിനും മാസങ്ങൾക്ക് മുമ്പേ സിപിഎമ്മിന്റെ സമ്മേളന ലോഗോയ്ക്ക് ഇത്രമേൽ പബ്ലിസിറ്റി നൽകിയത് നന്നായി.

സിപിഎമ്മിനെതിരെ പോസ്റ്റിട്ടാൽ ലൈക്കുകളും കമന്റുകളും വളരെയേറെ ലഭിക്കുമെന്നത് "മൂഞ്ചികിത്താബ്" നിരീക്ഷിക്കുന്നവർക്ക് അറിയുന്നതാണ്.
ചിലർ ലൈക്കിനും കമന്റിനുംവേണ്ടി പോസ്റ്റുമ്പോൾ ചിലരാകട്ടെ ചൊറിച്ചില് തീർക്കാനും. താൻ പ്രതിനിധാനം ചെയ്യുന്ന (അങ്ങനെയൊന്ന് ഇല്ലെന്നതാണ് വസ്തുത) സംഘടന. ആശയം ആമാശയവികസനം മാത്രമായുളള ഇവൻമാർ പറയുന്നചിലകാര്യങ്ങളുണ്ട്.
പണ്ട് എസ്എഫ്ഐക്കെതിരെ, ഡിവൈഎഫ്ഐക്കെതിരെ, സിപിഎമ്മിനെതിരെ  ഇങ്ക്വിലാബ് വിളിച്ചിട്ടുണ്ട്. എന്നാൽ ഏതെങ്കിലും സമരത്തിന് തെരുവിലിറങ്ങി പോലീസിന്റെ അടിവാങ്ങിയിട്ടുണ്ടോ? മറ്റുള്ളവന് ഗുണം ഉള്ളവല്ലതും ഇങ്കിലാബ് വിളിച്ച് നേടികൊടുത്തിട്ടുണ്ടോ? ഇല്ല, അത് ഞമ്മന്റെ പണിയല്ല, അത്തരം ചീപ്പ് പരിപാടികളൊക്കെ  എസ്എഫ്ഐക്കൊക്കെ പറഞ്ഞിട്ടുള്ളതല്ലേ? അവര് അടിമേടിച്ചോ രക്തസാക്ഷിയായോ സമരം നടത്തി നേടിതരട്ടെ..ഞമ്മ ബസ്സിന് കൺസഷനും കൊടുത്ത് സിനിമവരെ കാണാൻപോകും. ഈ ലൈനിലുള്ള മക്കളാണ് വര ചെരിഞ്ഞു. താഴെ വളഞ്ഞവരയില്ല, വരക്ക് കട്ടികൂടിയെന്നൊക്കെ പറഞ്ഞോണ്ട് വരുന്നത്.

മക്കളെ ഒന്നുപറഞ്ഞേക്കാം...ലോഗോ വരച്ചൊന്നുമല്ല സിപിഎമ്മും ഡിവൈഎഫ്ഐയൊന്നും ഇവിടെ വളർന്നതും സമരം നടത്തിയതും. അത് മനസിലാകണമെങ്കിൽ  ചരിത്രം പഠിക്കണം. കുറഞ്ഞപക്ഷം വായിച്ചെങ്കിലും നോക്കണം.
വിമർശിക്കാം. അത് ഞങ്ങൾ അംഗീകരിക്കും. കാതലുള്ള വിമർശനങ്ങളാകണം അത്. പാർട്ടിയുടെ നയങ്ങളിലും പ്രവർത്തനങ്ങളിലും അപാകതകൾ വന്നിട്ടുണ്ടാകാം, വന്നേക്കാം. അത് തിരുത്താനുതകുന്നതാകണം വിമർശനങ്ങൾ.
പിന്നെ വിമർശിക്കുമ്പോൾ സിപിഎമ്മിനെമാത്രം തിരഞ്ഞ്പിടിച്ചാകരുത്, കോൺഗ്രസിനേയും ബിജെപിയെയും സിപിഐയേയുമെല്ലാം വിമർശിക്കണം. അവർക്കുമുണ്ട് പരിപാടികൾ. കെപിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപക്ഷ യാത്ര നടക്കുകയാണല്ലോ ഇപ്പോൾ. അതിന്റെ ലോഗോ വിമർശിക്കുന്നവരിൽ എത്രപേർ കണ്ടിട്ടുണ്ട്? വളഞ്ഞ് തെങ്ങ് പോലെ രണ്ട് വ്യക്തികളെയാണ് ലോഗോയിൽ ച്രതീകരിച്ചിരിക്കുന്നത്. അതെന്തെ നട്ടെല്ലില്ലാത്ത ജനമെന്നോ അണികളെന്നോ വ്യാഖ്യാനിക്കെതപോയത്?
അറിയാതെപോയതാണോ? എന്നാൽ സാരമില്ല, കാരണം നേരത്തെ പറഞ്ഞത് പോലെ അജ്ഞത ഒരു കുറ്റമല്ല.

 ഇനി അവരെ വിമർശിച്ചാൽ ലൈക്കും കമന്റും വാർത്താപ്രാധാന്യവും ലഭിക്കാത്തത് കൊണ്ടാണ് സിപിഎമ്മിന്റെ നെഞ്ചത്ത് പൊങ്കാലയിടുന്നതെങ്കിൽ നിങ്ങൾ കുരച്ചോളു.
ആ കുരകേട്ടൊന്നും തീയിൽകുരുത്ത ഈ സംഘടന വീഴില്ല.
മതേതരത്ത്വത്തിനായി മത-വർഗീയ-ജാതീയ കോമരങ്ങളുടെ മുന്നിൽ ചെങ്കൊടി പാറിപറക്കുകതന്നെ ചെയ്യും....





Thursday, 20 November 2014

കേരളരാഷ്ട്രീയത്തിലെ മാടമ്പിക്ക് വിട...

ഇന്ന് (Nov 9th 2014)
കാലത്ത് ഉറക്കമുണർന്നതേ ഒരു വാട്സ് അപ്പ് മെസേജ് കണ്ടുകൊണ്ടാണ്. പിന്നാലെ കോളും
എംവിആർ ഈസ് ക്രിട്ടിക്കൽ...പൾസ് കിട്ടുന്നില്ല
സമയം കളയാതെ ഡെസ്ക്കിലും കോർഡിനേറ്റിങ് എഡിറ്ററേയും വിളിച്ച് വാർത്തനൽകി. കരുതിയിരിക്കണം..ഇന്ന് എന്തും സംഭവിക്കാമെന്ന്...

നിരവധിതവണ ഇങ്ങനെ കരുതിയിരുന്നിട്ടുണ്ട്. അപ്പോഴെല്ലാം ആ പോരാളി ജീവിതത്തിലേക്ക് പൊരുതികയറിയിരുന്നു. പക്ഷെ ഇത്തവണ...

കണ്ണൂരിൽ ഔദ്യോഗികജീവിതം ആരംഭിച്ചആദ്യനാൾ മുതൽ തിരഞ്ഞുനടന്ന പുസ്തകമായിരുന്നു എംവിആറിന്റെ ഒരു ജൻമം എന്നആത്മകഥ. കണ്ണൂർ രാഷ്ട്രീയചരിത്രത്തെ ഇത്രമേൽ മനസിലാക്കിതരുന്നപുസത്കം വേറെയുണ്ടോയെന്നത് സംശയമാണ്. നിർഭാഗ്യവശാൽ കണ്ണൂരിലേയും തൃശ്ശൂരിലേയും കൊച്ചിയിലേയുമെല്ലാം ഡിസിയുടെ പുസ്തകശാലകളിൽ ആ പുസ്തകം ലഭ്യമായിരുന്നില്ല. പിന്നീട് സംഘടിപ്പിച്ചു.

വെളരെ ചെറുപ്പം മുതലെ അത്രആവേശമൊന്നുമല്ല എംവിആർ എന്നിലുണ്ടാക്കിയിട്ടുള്ളത്. സ്ക്കൂൾ വിദ്യാഭ്യാസകാലത്താണ് എംവിആറിനെ ആദ്യമായി നേരിൽ കാണുന്നത്. (കൂത്തുപറമ്പ് വെടിവെപ്പിന് മുമ്പാണെന്നാണ് ഓർമ) കുന്ദംകുളത്ത് ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു എംവിആർ എന്ന കേരളരാഷ്ട്രീയത്തിലെ അതികായൻ. എംവിആർ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഡിവൈഎഫ്ഐ - സിപിഎം പ്രവർത്തകർ നിർത്താതെ കൂവാൻ തുടങ്ങി...കുറച്ചുനേരം എംവിആർ അവരെതന്നെ നോക്കിനിന്നു. പ്രസംഗം ആരംഭിച്ചു. വീണ്ടും കൂവൽ ശക്തമായപ്പോൾ എംവിആർ ഡിവൈഎഫ്ഐക്കാരെ നോക്കി പറഞ്ഞു..
"കൂവടാ..കൂവ്..അന്നെയൊക്കെ കൂവാൻ പഠിപ്പിച്ചതും ഞാൻതന്നെയാണല്ലോ...."
അതോടെ കൂവൽ നിന്നു... ചെറുപ്പംമുതലേ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ അടിയുറച്ച് വിശ്വസിക്കുന്ന എനിക്ക് എംവിആർ പാർട്ടിശത്രുവായിരുന്നു. മലപ്പുറത്തെ സിപിഎമ്മുകാരന് ഒരിക്കലും അംഗീകരിക്കാനാവാത്ത ബദൽ രേഖയുടെ വക്താവിനെ മലപ്പുറം ജില്ലക്കാരനായ എനിക്ക് എങ്ങനെ മറിച്ച് കാണാനാവും?
പക്ഷെ ആദ്യപ്രസംഗംകൊണ്ട് തന്നെ എംവിആർ മനം കവർന്നു.
പ്രത്യേകശൈലിയാണ് എംവിആറിന്റെ പ്രസംഗം.
ചോദ്യം ചോദിക്കുകയും അതിന് മറുപടി സ്വയം ശബ്ദം താഴ്ത്തി പറയുകയുംചെയ്ത് കത്തികയറുന്ന ശൈലി.
പിന്നീട് പന്ന്യൻ രവീന്ദ്രനും ഈ ശൈലി പിന്തുടർന്നു.
കണ്ണൂരിൽ സിപിഎമ്മിനെ പടുത്തുയർത്തിയ നേതാവാണെങ്കിൽകൂടി കൂത്തുപറമ്പ് വെടിവെപ്പോടെ പൂർണമായും എംവിആറിനെ വെറുത്തു.

പാർട്ടിയെ വെല്ലുവിളിച്ച് കണ്ണൂരിൽ നിന്ന് വളർന്ന എംവിആറിന്റെ രക്തത്തിൽ അലിഞ്ഞതാണ് കമ്മ്യൂണിസം. പർട്ടിവിട്ടിട്ടും മണ്ഡലങ്ങളിൽ നിന്ന് മണ്ഡലങ്ങളിലേക്ക് മാറി മത്സരിച്ച് വിജയിച്ച എംവിആർ സേഫ് മണ്ഡലം തിരഞ്ഞോടുന്ന ഇന്നത്തെ ജനകീയ നേതാക്കൾക്ക് തന്നെ നല്ലൊരുമറുപടിയാണ്.

എംവിആറിന്റെ വാർത്താസമ്മേളനത്തിൽ ഇരിക്കുമ്പോൾ പലപ്പോഴും മനസിലേക്ക് ഓടിവരാറ് കൂത്തിപറമ്പിലെ വെടിവെപ്പ് രംഗം തന്നെയാണ്. അതിനാൽതന്നെ വിമർശിക്കുന്നതരത്തിൽ ചോദ്യം ഉന്നയിക്കാൻ താൽപര്യവും കാണിച്ചിരുന്നു. പക്ഷെ ആരോഗ്യസ്ഥിതിയും ഓർമയിലും മങ്ങൽ വീണുതുടങ്ങിയ എംവിആറിൽ നിന്ന് പക്ഷെ അത്രയക്ക് വീര്യേമേറിയ മറുപടികൾ ലഭിച്ചിരുന്നില്ല.  എംവിആറിനെ ഒരിക്കൽ ഇന്റവ്യൂചെയ്യാനുള്ള അവസരവു കിട്ടി. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്റെ ചിലവെളിപ്പെടുത്തലിന്റെ സാഹചര്യത്തിലായിരുന്നു അത്. പക്ഷെ അപ്പോഴേക്കും എംവിആറിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.
പി ആറിന്റെ ആരോപണങ്ങൾ നിഷേധിച്ച എംവിആർ അന്നത്തെ വെടിവെയ്പ്പ് മനപൂർവം സംഭവിച്ചതല്ലെന്നും ആവർത്തിച്ചു.
86 ൽ ബദൽരേഖയുടെ പേരിൽ പാർട്ടിക്ക് പുറത്തേക്ക് പോയെങ്കിലും എംവിആറിന്റെ ബദൽ വഴിയെ പാർട്ടി പോകുന്നത് പിന്നീട് കണ്ടു.
എംവിആറിന്റെ കണ്ടെത്തലും വിയർപ്പുമായ പരിയാരം ഉൾപ്പടെയുള്ള സഹകരണസ്ഥാപനങ്ങൾക്കെതിരെ സമരം നടത്തിയ സിപിഎം പിന്നീട് അവയുടെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തത് ഈ ബദൽ മനുഷ്യന്റെ വിജയം തന്നെയാണ്.
പാർട്ടിയക്കകത്ത് തന്നെയായിരുന്നവെങ്കിൽ ഒരുപക്ഷെ പിണറായി വിജയനേക്കാൾ കർക്കശക്കാരനായ സെക്രട്ടറിയായേനെ എംവിആർ.

കമ്മ്യൂണിസ്റ്റുകൾക്കിടയിലെ ബദൽമനുഷ്യൻമാത്രമല്ല, ഒരർത്ഥത്തിൽ രാഷ്ട്രീയത്തിലെ  മാടമ്പി തന്നെയാണ് മേലേത്ത് വീട്ടിൽ രാഘവൻ നമ്പ്യാർ....

ലാൽസലാം സഖാവെ....