നമുക്ക് പങ്കുവെക്കാൻ സമയം മാത്രമാണുള്ളത്

 'ഭൂതകാലം' എന്ന സിനിമ കണ്ടു കഴിഞ്ഞദിവസം. ഷെയിൻ നിഗം നിർമിച്ച് അഭിനയിച്ച ഹൊറർ ത്രില്ലർ പടം. രേവതിയും ഷെയിനും നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. മലയാളസിനിമ അത്രയൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയമാണ് ഭൂതകാലം പറയുന്നത്. ഡിപ്രഷൻ എന്നത്. (സിനിമയിലെ ഹൊറർ പാർട്ട് പലസിനിമകളും പലകുറി ഉപയോഗിച്ച് കരിമ്പിൻ ചണ്ടിയായത് തന്നെ). അതിൽ ഷെയിൻ അമ്മയായ രേവതിയോടും കാമുകി പ്രിയയോടും സംസാരിക്കാൻ ശ്രമിക്കുന്ന, അതിനായി സ്ട്രഗിൾ ചെയ്യുന്ന സീനുകളുണ്ട്. താൻ അനുഭവിക്കുന്നത് കൃത്യമായി പറയാനാവാതെ, പറയുന്നത് മറ്റുള്ളവർ വിശ്വസിക്കാതെ തനിക്കെന്തോ പ്രശ്നമുണ്ടെന്ന് എല്ലാവരും കരുതുകയാണെന്ന് പരാതിപ്പെടുന്ന സീനുകൾ. കൌൺസിലിങ്ങിനെത്തുന്ന സൈക്കോളജിസ്റ്റിനോടും ഇത് തന്നെയാണ് വിനു എന്ന നായകൻ ശ്രമിച്ച് പരാജയപ്പെടുന്നത്. വിനുമാത്രമല്ല, വിനുവിൻറെ അമ്മയും മുത്തശ്ശിയുമെല്ലാം ഇത്തരത്തിൽ മാനസികമായ പ്രതിസന്ധികൾ നേരിടുന്നവരോ നേരിട്ടവരോ ആണ്. ക്ലൈമാക്സിന് മുമ്പായി അമ്മയോട് വിനു തൻറെ പ്രശ്നമെന്താണെന്ന് പറയുന്ന ആ ഡയലോഗ് മാത്രം മതി ഓരോ മനുഷ്യനും തെളിഞ്ഞും മറഞ്ഞും അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ, സംഘർഷത്തിൻറെ കാരണം അറിയാൻ.

നമ്മളെ കേൾക്കാൻ, സ്നേഹിക്കാൻ ഒരാളുണ്ടാവണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നാം സ്നേഹിക്കുന്നയാൾ നമ്മളെ മനസിലാക്കണമെന്നും തിരിച്ച് അതേപോലെ സ്നേഹിക്കണമെന്നും ആരും ആഗ്രഹിക്കും. ആ സമയത്ത് ഒരാൾ കേൾക്കാൻ ഇല്ലെങ്കിൽ ദേഷ്യവും വിഷമമവും തോന്നും. അത് മാത്രം മതി ആ വ്യക്തിയുമായി നമുക്ക് ദേഷ്യം തോന്നാനും പിന്നീട് പിണങ്ങാനും. ഒരുപക്ഷെ ഒരാളെ വിഷാദത്തിലേക്ക് തളളിയിടാനും അത് മാത്രം മതി.

പക്ഷെ അതേസമയം തന്നെ നമ്മളെ കേൾക്കുന്നയാൾക്ക് സമാനമായ ഒരു ആവശ്യം വരുമ്പോൾ കേൾക്കാൻ നമ്മളും തയ്യാറാകേണ്ടതുണ്ട്. പക്ഷെ പലപ്പോഴും നമുക്ക് അതിന് സാധിക്കാതെ വരുകയോ ആ സമയത്ത് നമ്മൾ മറ്റുവല്ല കാര്യത്തിലും മുഴുകിയിരിക്കുകയോ ആയേക്കാം. നമ്മളെ അവർ കേൾക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നത് പോലെ തന്നെ അവരും അവരെ കേൾക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവില്ലേ. അതിനെ പ്രതീക്ഷയെന്നോ സാമാന്യമര്യാദയെന്നോ വിളിച്ചാലും തെറ്റല്ല.


ഒരു മനുഷ്യനായാലും മറ്റ് ജീവജാലങ്ങൾക്കായാലും നമുക്ക് നൽകാനുള്ളത് നമ്മുടെ സമയം മാത്രമാണ്. ഒരാളെ കേൾക്കുമ്പോൾ അയാളുടെ പ്രശ്നത്തിന് നമ്മൾ പരിഹാരം കണ്ടെത്തി നൽകുന്നുവെന്നല്ല അർത്ഥം. അയാൾക്ക് ഒരു ആശ്വാസം പകരുന്നുവെന്ന് മാത്രമാണ്. ഒരു വ്യക്തിയുടെ പ്രശ്നങ്ങൾ മുഴുവനും കോംപ്ലക്സായോ ഈഗോയായോ അഹങ്കാരമായോ അതുമല്ലെങ്കിൽ അയാളുടെ തോന്നലുകൾ മാത്രമായോ വിശേഷിപ്പിച്ച് നമ്മൾ തള്ളികളയാറുണ്ട്. അങ്ങനെയാണ് പലപ്പോഴും സംഭവിക്കാറ്. പക്ഷെ അതൊന്നും അയാളുടെ വെറും തോന്നലുകളോ ഈഗോയോ ഒന്നും ആയിരിക്കണമെന്നില്ല. ഓരോ തോന്നലുകൾക്കും – തോന്നലുകൾ ആണെങ്കിൽ തന്നെ – ഓരോ കാരണങ്ങൾ അയാൾക്കും പറയാൻ കാണില്ലേ. അയാള കേട്ടാലല്ലെ അത് എന്താണെന്ന് തിരിച്ചറിയാനാവു. അയാളെ കേൾക്കാതെ എങ്ങനെ നിങ്ങൾ അയാളുടെ പ്രശ്നം വെറും തോന്നലായി അടയാളപ്പെടുത്തും. അങ്ങനെ നമ്മൾ ഒരാളുടെ വെറും തോന്നലായി അടയാളപ്പെടുത്തിയതെല്ലാം പലപ്പോഴും നമ്മുടെ മാത്രം വെറും തോന്നലുകളായിരുന്നുവെന്നതിനാലാണ് അവരിൽ പലരും വിഷാദത്തിൻറെ കൊടുമുടി കയറിയത്, ചിലരെങ്കിലും ആരും കാണാത്ത, കേൾക്കാത്ത ദൂരത്തേക്ക് സ്വയം ഊർന്നിറങ്ങിപ്പോയത്. അവരെ അന്ന് ഒന്ന് കേട്ടിരുന്നുവെങ്കിലെന്ന് പിന്നീട് പലപ്പോഴും നമ്മൾ സ്വയം സങ്കടപ്പെട്ടിട്ടില്ലേ. പലപ്പോഴും നമ്മൾ സ്വാർത്ഥരാകുന്നുവെന്നതാണ് വസ്തുത. നമ്മെ അന്വേഷിച്ചില്ലെങ്കിൽ, നമ്മളെ കേൾക്കാൻ മറ്റുള്ളവർക്ക് സാധിക്കാതെ പോയാൽ, വിശേഷദിവസങ്ങളിൽ നമ്മളെ ആശംസിച്ചില്ലെങ്കിൽ നമുക്ക് ദേഷ്യവും വിഷമവും നമ്മെ മൈൻഡ് ചെയ്യുന്നില്ലെന്നുമുള്ള പരാതികളും ഉയരുന്നത്. പക്ഷെ ഇതെല്ലാം നമ്മൾ തിരിച്ചുചെയ്യാറുണ്ടോയെന്ന് നമ്മൾ  പലപ്പോഴും ഒരിക്കലും സ്വയം വിശകലനം ചെയ്യാറുമില്ല. പരസ്പരം ബഹുമാനിക്കൽ തന്നെയാണ് ഏതൊരു ബന്ധത്തിലും വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ തിരക്കുകളുമായി ജിവിക്കുമ്പോൾ ഇല്ലാതാകുന്നത് ഈ പരസ്പര ബഹുമാനമാണ്. അതില്ലാതാകുന്നതോടെ ഇരുവർക്കുമിടയിലുള്ള ഇടം ഇല്ലാതാകും. അവൻ/അവൾ അവിടെ തന്നെ ഉണ്ടാകുല്ലോ, എപ്പോൾ വേണമെങ്കിലും സൌകര്യം പോലെ പരിഗണിക്കാമല്ലോ എന്ന് കരുതുന്നിടത്ത് കൊട്ടിയടക്കപ്പെടുന്നത് ആ ഇടത്തിലേക്കുള്ള ചെറുവാതിലുമാത്രമല്ല, സ്നേഹവും പ്രതീക്ഷകളുമാണ്. കാലം ഒന്നിനും ആർക്കും വേണ്ടിയും കാത്തിരിക്കില്ല. നിങ്ങൾക്ക് അനുവദിക്കപ്പെട്ട അതേ സമയം മാത്രമേ നിങ്ങളുടെ തിരക്കിനും ബന്ധങ്ങൾക്കും ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമെല്ലാം ഉള്ളു. അതിനായി വേറെ സമയം കണ്ടെത്താനാവില്ല, സൃഷ്ടിക്കാനുമാവില്ല. സമയം വിലപ്പെട്ടതാണ്, നല്ലൊരു ബന്ധം പോലെ തന്നെ.   

Comments

  1. ആർക്കു വേണ്ടിയും കാത്തിരിക്കാത്ത സമയം😊

    ReplyDelete

Post a Comment