ബിജെപിയും അഖിലേഷും, പിന്നെ ചിത്രത്തിൽ നിന്ന് മായുന്ന കോൺ​ഗ്രസും ബിഎസ്പിയും


ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ 403 നിയമസഭ സീറ്റുകളിലേക്കുള്ള ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പോര്. കൊവിഡ് കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ മാറ്റിവെച്ചേക്കുമോയെന്ന് സംശയിച്ചിരുന്ന നിയമസഭ തിരഞ്ഞെടുപ്പ് കർശന മാനദണ്ഡങ്ങളോടെ നടത്താൻ പലതലത്തിലുള്ള ചർച്ചകൾക്കൊടുവിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.  

ബിജെപിയും ചിതറികിടക്കുന്ന പ്രതിപക്ഷപാർട്ടികളും തമ്മിലാണ് പോര്. ആരാണ് ബിജെപിയുടെ മുഖ്യഎതിരാളി ഇവരിൽ എന്ന് ചോദിച്ചാൽ അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാർട്ടി എന്ന് പറയാം. കോൺ​ഗ്രസും മായാവതിയുടെ ബിഎസ്പിയും രം​ഗത്തുണ്ടെങ്കിലും സമാജ് വാദി പാർട്ടിയോളം വരില്ല വേരുകൾ. ഒരിക്കൽ സംസ്ഥാനത്തിന്റെ ഭരണം കയ്യാളിയിരുന്ന കോൺ​ഗ്രസും ബിഎസ്പിയും ഇപ്പോൾ പേരിന് മത്സരിക്കുന്നുവെന്ന തരത്തിലേക്ക് സംസ്ഥാനത്ത് ശോഷിച്ചുകഴിഞ്ഞു. അതിനാൽ തന്നെ ബിജെപിയെ നേരിടാൻ അഖിലേഷിന്റെ പാ‍ർട്ടിക്കാണ് പിന്നെയും കരുത്ത്. അംബേദ്ക്കർ അനുകൂലികളായ ചന്ദ്രശേഖ‍ർ ആസാദിന്റെ ഭീം ആർമി അടക്കമുള്ളവ‍ർക്കും പലയിടത്തും നിർണായക ശക്തിയാകാൻ കഴിയുന്ന സംസ്ഥാനമാണ് യു പി. 

2017 ലെ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും കനത്ത തിരിച്ചടിയാണ് എസ് പിക്ക് നേരിടേണ്ടിവന്നത്. 47 ഇടത്ത് മാത്രമാണ് എസ് പിക്ക് വിജയിക്കാനായത്. കോൺ​ഗ്രസ് 7 ഇടത്തും മായാവതിയുടെ ബി എസ് പി 19 ഇടത്തും വിജയിച്ചു. 9 ഇടത്ത് മറ്റുള്ളവരും 9 സീറ്റുകളിൽ അപ്നാ ദൽ സെക്യുലറുമാണ് വിജയിച്ചത്. മത്സരിച്ച 384 ൽ 312 ഇടത്തും വിജയിച്ച ബിജെപി 42.6 ശതമാനം വോട്ട് ഷെയറോടെ ഭരണം പിടിച്ചെടുത്തു. 

കഴിഞ്ഞതവണത്തെ പോലെ നരേന്ദ്ര മോദിയുടെ കരിസ്മ തന്നെയാണ് ഇത്തവണയും ബിജെപി ഉയർത്തിക്കാണിക്കാൻ പോകുന്നതെന്ന് തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പേ ആരംഭിച്ച മോദിയുടെ ഉത്തർപ്രദേശ് സന്ദർശങ്ങളും പദ്ധതി പ്രഖ്യാപന- ഉദ്ഘാടനചടങ്ങുകളം വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാണിക്കാതിരുന്ന ബിജെപിക്ക് പക്ഷെ ഇത്തവണ നിലവിലെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ ആ സ്ഥാനത്തേക്ക് ഉയർത്താക്കാട്ടുന്നുണ്ട്. 2017 ൽ നിന്ന് വ്യത്യസ്ഥമായി മോദി - യോ​ഗി എന്നീ രണ്ട് എഞ്ചിനുകളെ മുന്നിൽ നി‍ർത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി കോപ്പുകൂട്ടുന്നതെങ്കിലും പ്രധാന പരി​ഗണന മോദിക്ക് തന്നെയാണ്. കേന്ദ്രത്തിലെ അധികാരത്തിന്റെ സർവ്വ സൗകര്യങ്ങളും ഉപയോ​ഗിച്ച് ഭരണം നിലനിർത്താൻ തന്നെയാണ് ബിജെപി ശ്രമിക്കുന്നത്. 

2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതലിങ്ങോട്ട് നടന്ന തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ യുപിയിലെ വോട്ട‍ർമാരുടെ വോട്ടിങിനെ സ്വാധീനിക്കുന്ന ഘടകത്തിൽ മാറ്റങ്ങൾ കാണാം. നേരത്തെ ജാതിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു വോട്ട‍ിട്ടിരുന്നത് എങ്കിൽ 2014 മുതലത് നേതാവിന്റെ കരിസ്മയേയും വികസന വാ​ഗ്ദാനങ്ങളേയും ചുറ്റിപറ്റിയാണെന്ന് കാണാം. 2014 ൽ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി വാരണാസി മണ്ഡലം തിരഞ്ഞെടുത്തത് ഏറ്റവും കൂടുതൽ ലോക്സഭ സീറ്റുകളുള്ള യുപിയിൽ ചലനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. 80 ൽ 71 സീറ്റിലും ബിജെപി വിജയിച്ചത് ​ഗുജറാത്ത് വികസനത്തിന്റെ നായകനെന്ന മോദിയെ കുറിച്ചുള്ള വിശേഷണങ്ങളിൽ ആകൃഷ്ടരായാണ്. ​ഗുജറാത്ത് മോഡൽ വികസനം യുപിയിലും നടപ്പാക്കുമെന്ന് വോട്ട‍ർമാരെ വിശ്വസിച്ചാണ് മോദിയിൽ ജനം വിശ്വാസമർപ്പിച്ചത്. പിന്നീട് നോട്ടുനിരോധനത്തിൽ വലിയ പ്രതിഷേധങ്ങൾക്ക്  യുപി സാക്ഷ്യം വഹിച്ചെങ്കിലും മാസങ്ങൾക്കകം നടന്ന തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് യുപി ബിജെപിക്ക് സമ്മാനിച്ചത്. മോദി യെന്ന വികസന ബ്രാന്റ് തന്നെയായിരുന്നു ബിജെപിയുടെ നേട്ടത്തിന് പിന്നിൽ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും പകുതിയിലേറെ വോട്ട് നേടിയാണ് ബിജെപി വിജയിച്ചത്. 

യുപിയിലെ മഹാഭൂരിപക്ഷത്തെ ഇളക്കുന്ന ഹിന്ദുത്വ, വികസനം എന്നീ വികാരങ്ങൾ ക്രമം ചേ‍ർത്തുള്ള മോദിയുടെ രാഷ്ട്രീയ പ്രകടനങ്ങൾ തന്നൊണ് സംസ്ഥാനത്ത് ബിജെപിക്ക് ഹാട്രിക്ക് വിജയം സമ്മാനിച്ചത്. ഹിന്ദുത്വ, രാമക്ഷേത്രം, എന്നിവതന്നെയാണ് ഇത്തവണയും ബിജെപി ആശ്രയിക്കാൻ പോകുന്ന തൂണുകൾ. രാമക്ഷേത്രത്തിന്റെ നി‍ർമാണം വേ​ഗത്തിൽ പൂർത്തിയാക്കുമെന്ന ഒറ്റ വാ​ഗ്ദാനം മാത്രം മതിയാകും ഉത്തർപ്രദേശിൽ വോട്ട് പെട്ടിയിലാക്കാൻ ബിജെപിക്ക്. എക്കാലവും ബിജെപിക്കൊപ്പം നിൽക്കുന്ന അപ്പർ കാസ്റ്റുകൾക്കൊപ്പം ഈ ഒരു വാ​ഗ്ദാനം കൊണ്ട് ബിഎസ്പിക്കും എസ് പിക്കും വോട്ട് ചെയ്യുന്ന പിന്നാക്ക- ദളിത് വിഭാ​ഗങ്ങളിലെ വലിയൊരുവിഭാ​ഗത്തേയും ആകർഷിക്കാൻ തന്നെയാകും ലക്ഷ്യം. കഴിഞ്ഞതവണ പരമ്പരാ​ഗതമായി സമാജ് വാദിക്ക് വോട്ട് ചെയ്യുന്ന പിന്നാക്ക വിഭാ​ഗത്തിന്റെ വോട്ടുകൾ മാത്രമാണ് കാര്യമായി ബിജെപിക്ക് സ്വന്തമാക്കാൻ സാധിക്കാതെ പോയത്. ബിഎസ്പിയുടെ കോട്ടകളിൽ വിള്ളൽ വീഴ്ത്തിയ ബിജെപിക്ക് ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാൻ കഴിഞ്ഞു. 

ഭരണവിരുദ്ധ വികാരമാണ് എക്കാലത്തും ഉത്തർപ്രദേശിൽ സർക്കാരുകളെ താഴെയിറക്കിയിട്ടുള്ളത്. ഇത്തവണയും ഭരണവിരുദ്ധ വികാരം ശക്തമാണ്. എന്നാൽ അതിനെയെല്ലാം മത-ജാതി രാഷ്ട്രീയം കൊണ്ട് മറികടക്കാമെന്ന് ബിജെപി ക്യാമ്പ് വിശ്വസിക്കുന്നു. മോദിയെ മുന്നിൽ നിർത്തിയുള്ള പ്രചാരണത്തിനൊപ്പം തന്നെ സംസ്ഥാനത്തിന്റെ വികസനനായകനെന്ന തരത്തിൽ യോ​ഗിയെ ഉയർത്തി നടത്തുന്ന കാടടച്ചുള്ള പ്രചാരണവും വോട്ടാക്കി മാറ്റാമെന്നാണ് പ്രതീക്ഷ. എന്നാൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ യോ​ഗി അധികാരമേറ്റശേഷം നടന്ന വർ​​​ഗീയ കലാപങ്ങൾ, ദളിതർക്ക് നേരെ നടന്ന അതിക്രമങ്ങൾ,  ഹത്രാസ് പോലുള്ള മൃ​ഗീയമായ ലൈം​ഗിക പീഢന കൊലപാതകങ്ങൾ, ലഘിംപൂരിലെ കർഷക കൊല, കൊവിഡ് നേരിടുന്നതിൽ സർക്കാർ വൻ പരാജയമായത്, ​തുടങ്ങി വിവധങ്ങളായി വിഷയങ്ങൾ സർക്കാരിന് വെല്ലുവിളിയാണ്. 

വികസനമെന്ന മന്ത്രം കൊണ്ട് ഇതിനെ മറികടക്കാനാണ് ബിജെപിയുടെ ശ്രമം. നവംബറിലും ഡിസംബറിലുമായി പന്ത്രണ്ട് തവണ സംസ്ഥാനത്ത് സന്ദർശനം നടത്തിയ മോദി നിരവധി വൻകിട പദ്ധതികളാണ് പ്രഖ്യാപിച്ചതും തുടക്കം കുറിച്ചതും. 

പ്രതിപക്ഷത്തെ ഐക്യമില്ലായിമ തന്നെയാണ് ബിജെപിയെ യുപിയിൽ പ്രതീക്ഷ നൽകുന്ന മറ്റൊരുഘടകം. കഴിഞ്ഞതവണ കോൺ​ഗ്രസുമായി സഹകരിച്ചാണ് സമാജ് വാദി പാർട്ടി മത്സരിച്ചത്. എന്നാലിത്തവണ കോൺ​ഗ്രസിനേയും ബി എസ് പിയേയും കൂട്ടത്തിൽ ചേർക്കാൻ അഖിലേഷ് തയ്യാറായിയിട്ടില്ല. കോൺ​ഗ്രസും ബി എസ് പിയും ഒറ്റക്ക് ജനവിധി തേടുമ്പോൾ എസ് പി ആകട്ടെ ചരൺസിങിന്റെ രാഷ്ട്രീയ ലോക് ദള്ളുമായി സഖ്യമായാണ് ഇത്തവണ മത്സരിക്കുന്നത്. കർഷക സമരത്തിൽ സജീവമായി പങ്കെടുത്ത കർഷകർക്ക് വലിയ സ്വാധീനമുള്ള പടിഞ്ഞാറൻ യുപിയിൽ ഇത്തവണ ആർ എൽ ഡിയുമായുള്ള സഖ്യം എസ്പിക്ക് ​ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.  ശരത് പവാറിന്റെ എൻ സി പി അടക്കമുള്ള പാർട്ടികളും സമാജ് വാദിയുമായി ചേ‍ർന്ന് ബിജെപിയെ നേരിടാനാണ് തയ്യാറെടുക്കുന്നത്. ബിജെപിയെ പോലെ നേരത്തെ തന്നെ പ്രചാരണരം​ഗത്ത് സജിവമായ അഖിലേഷ് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ബിജെപി ക്യാമ്പ് സമ്മതിക്കുന്നുണ്ട്. ജാതിരാഷ്ട്രീയം അഖിലേഷും വിട്ടിട്ടില്ല. ചെറിയ ചെറിയ ജാതിപാർട്ടികളുമായും ഇത്തവണ അഖിലേഷ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. പല വർണത്തിലുള്ള കൊടികൾ ചേർത്തുകെട്ടി കാവിക്കൊടിയെ തോൽപ്പിക്കാമെന്നാണ് അഖിലേഷ് ഉന്നം വെക്കുന്നത്. യാദവ ഇതര പിന്നാക്ക വിഭാ​ഗത്തോട് അഖിലേഷിന് വിമുഖതയുണ്ടെന്ന ആരോപണത്തെ ഇതിലൂടെ ചെറുക്കാമെന്നും അഖിലേഷ് കണക്കുകൂട്ടുന്നുണ്ട്. 

പ്രിയങ്കയും രാഹുലും ക്രൗഡ് പുള്ളർമാരാണെങ്കിലും പക്ഷെ ആൾകൂട്ടത്തെ വോട്ടാക്കിമാറ്റുന്നതിൽ വൻ പരാജയമാണെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ തെളിയിച്ചിട്ടുണ്ട്. സ്ത്രീവോട്ട‍ർമാരെ സ്വാധീനിക്കാൻ ഇത്തവണ 40 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് നൽകുമെന്ന് പ്രിയങ്ക ​ഗാന്ധി പ്രഖ്യാപിച്ചിട്ടുണ്ട്. കർഷക സമരം ഉയർത്തിക്കാട്ടി വോട്ട് ചോദിക്കാനാണ് കോൺ​ഗ്രസിന്റെ തിരഞ്ഞെടുപ്പ് അജണ്ട. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എസ് പിയുമായി ചേർന്ന് മത്സരിച്ച് കോൺ​ഗ്രസ് പിന്നീടങ്ങോട്ട് നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പുകളിലും 2019 ലെ പൊതുതിരഞ്ഞെടപ്പിലുമെല്ലാം തനിച്ചാണ് മത്സരിച്ചത്. ബിജെപി വിരുദ്ധവോട്ടുകൾ വിഘടിക്കാനല്ലാതെ പലമണ്ഡലത്തിലും കെട്ടിവെച്ച സീറ്റുപോലും നഷ്ടമാക്കുന്നതായിരുന്നു കോൺ​ഗ്രസിന്റെ പ്രകടനം. പൊതുതിരഞ്ഞെടുപ്പിൽ രാഹുൽ ​ഗാന്ധിക്ക് തന്നെ വലിയ തോൽവി അമേഠിയിൽ ഏറ്റുവാങ്ങേണ്ടിയും വന്നു. 

മുലായം സിങ് സമാജ് വാദിക്ക് നേതൃത്വം നൽകിയിരുന്ന കാലത്ത് ശക്തയായ എതിരാളി ആയിരുന്നത് മായാവതിയാണ്. ബിഎസ്പി എന്ന ദളിത് പിന്നാക്കവിഭാ​ഗ പാർട്ടിയിൽ സമർത്ഥമായി ബ്രാഹ്മണർ അടക്കമുള്ള ഉന്നതജാതിക്കാരെയും ചേർത്ത് ഭരണം തന്നെ പിടിച്ചെടുത്ത രാഷ്ട്രീയക്കാരിയാണ് മായാവതി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അഖിലേഷുമായി കൈകോർത്ത മായാവതി ചിരവൈര്യമെന്നത് മാറ്റി ബിജെപി എന്ന പൊതുശത്രുവിനെ നേരിടാനിറങ്ങിയത്. പക്ഷെ സഖ്യം ​ഗുണം കണ്ടില്ലെന്നുമാത്രം.  ബിഎസ്പിയുടെ പരമ്പരാ​ഗത വോട്ട് ബാങ്കുകൾ പാർട്ടിയെ കൈവിട്ടതോടെ ബിഎസ്പിയും മായാവതിയും ചിത്രത്തിലേ ഇല്ലെന്ന അവസ്ഥയിലായി. ഇത്തവണ അതിനാൽ തന്നെ ആരുമായും ബിഎസ്പി സഖ്യമുണ്ടാക്കിയിട്ടില്ല.

ഒരോ മണ്ഡലത്തിലും ഓരോ വിഷയങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർ‌ച്ചയാവുന്നത്. പടിഞ്ഞാറൻ യുപിയിൽ കർഷകസമരം തന്നെയാവും മുഖ്യവിഷയം. അതേസമയം കിഴക്കൻ യു പിയിൽ മോദിയും യോ​ഗിയും തന്നെയാണ് പ്രധാനഘടകം. ബുന്ധൽഘണ്ടിൽ വെള്ളവും വികസനവുമാണ് ഇത്തവണ വോട്ട് നിശ്ചയിക്കുക. അതേസമയം യാദവർക്ക് മുൻതൂക്കമുള്ള അവാദിൽ എസ്പിയുടെ രാഷ്ട്രീയം തന്നെയാണ് എക്കാലത്തും ചർച്ചയാവാറ്. ഉത്തർപ്രദേശിലെ പലമണ്ഡലങ്ങളിലും മുസ്ലീം വോട്ടുകളും നിർണായകമാണ്. അസദ്ദുദ്ദീൻ ഒവൈസിയുടെ എഐഎംഎം ഇവിടെ വോട്ടുകളിൽ വിള്ളൽ വീഴ്ത്താനുള്ള സാധ്യതയേറെയാണ്. അങ്ങനെ വന്നാൽ അത് ബിജെപിക്ക് ​ഗുണവും പ്രതിപക്ഷത്തിന് ദോഷവും ചെയ്യും. 

രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിലും രാജ്യസഭയിൽ ഭൂരിപക്ഷം നേടുന്നതിലും എല്ലാപാർട്ടികൾക്കും ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് നിർണായകമാണ്. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനായാൽ അത് അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മോദി സർക്കാരിന്റെ ഭാവി പ്രവചിക്കുന്നതിലേക്കുള്ള ദിശാസൂചകവുമായി പ്രവർത്തിക്കും. അതിനാൽ തന്നെ മാർച്ച് പത്തിലെ ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം പലചോദ്യങ്ങൾക്കുമുള്ള ഉത്തരവുമാണ്. 

....

     

Comments