ബോബ് ഹണ്ടർ, അത്രയൊന്നും ഒരുപക്ഷെ നമ്മളിൽ പലർക്കും പരിചയമുള്ള പേരല്ല ഇത്. ബ്രിട്ടീഷ് കൊളംബിയയിലെ അയോകോ നിവാസി. കനേഡിയൻ മാധ്യമപ്രവർത്തകൻ. തീരുന്നില്ല പരിസ്ഥിതി സംരക്ഷണയജ്ഞങ്ങളുടെ കനേഡിയൻ ഹീറോ കൂടിയാണ് അദ്ദേഹം. ലോകപ്രശസ്ത പരിസ്ഥിതി സംഘടനയായ ഗ്രീൻ പീസ് മൂവ്മെൻറിൻറെ സ്ഥാപകനും ആദ്യ പ്രസിഡൻറായിരുന്നു റോബർട്ട് ലോൺ ഹണ്ടർ എന്ന ബോബ് ഹണ്ടർ. വാരിയേഴ്സ് ഓഫ് റെയിൻബോ എന്നതടക്കമുള്ള പല പുസ്തകങ്ങളുടേയും രചയിതാവ്. തൻറെ ഇരുപതാം വയസിൽ എറിബസ് എന്ന നോവൽ രചിച്ച് എഴുത്തിൻറെ ലോകത്തേക്ക് കടന്ന എഴുത്തുകാരൻ.
ഇന്ന് യാദൃശ്ചികമായി ഒരു മാഗസിനിൽ അദ്ദേഹത്തിൻറെ ഒരു ആർട്ടിക്കിൾ കണ്ടു. 1985 ഓഗസ്റ്റിൽ ഇറങ്ങിയ ഡിസ്കവറി (VOLUME 13, NO 8) എന്ന ഇംഗ്ലീഷ് മാഗസിനിൽ അദ്ദേഹം എഴുതിയ COPING WITH COMMUNICATION BREAKDOWN, TELEPORTS, THE SPACE AGE ANSWER TO COMMUNICATION PROBLEMS എന്ന ലേഖനം ഇപ്പോൾ വായിക്കുമ്പോൾ വലിയ അത്ഭുതവും വിജ്ഞാനപ്രദവുമാണ്. പ്രത്യേകിച്ചും ഒരു മാധ്യമപ്രവർത്തകനെന്ന നിലയിൽ.
ലോകത്ത് മാറിവരുന്ന ആശയസംവേദന സാങ്കേതികമേഖലയെ കുറിച്ചായിരുന്നു ആ ലേഖനം.
ടെലിപോർട്ടുകൾ ന്യൂയോർക്ക് നഗരത്തിൽ ആദ്യഘട്ട സ്ട്രീം ചെയ്യുന്നതിന് ഏകദേശം ഒരു വർഷം മുമ്പായാണ് ബോബ് ഈ ലേഖനം എഴുതിയത്. തല്സമയ ആശയസംവേദനത്തിനുള്ള മാർഗമായി വരുന്ന ടെലിപോർട്ടുകൾ ഈ രംഗത്തിന് വേഗത പകരുമെന്ന് ബോബ് അന്നേ പറഞ്ഞു. ഇതിലെന്താണ് ഇത്ര അത്ഭുതപ്പെടാൻ എന്നാവും ചിന്ത.
ഇതിലെ ഒരു പരാമർശവും അതിനെന്ത് ഭാവിയിൽ സംഭവിച്ചുവെന്നതുമാണ് പറയാൻ വരുന്നത്. ലേഖനത്തിൽ ന്യൂയോർക്ക് ഡെപ്യൂട്ടി മേയറായിരുന്ന കെന്നത് ലിപ്പറിൻറെ പരാമർശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്.
"നാളെ ലോകത്തിലെ എല്ലാ നഗരത്തിലും ടെലിപോർട്ടർ എത്തും. എയർപോർട്ടില്ലാത്ത എല്ലാ ഒരു നഗരവും ഇല്ലാത്തത്പോലെ. എന്നാൽ ഇത് ഭാവിയിൽ വ്യവസായാനന്തര ഇലക്ട്രോണിക്ക് കുടിൽ (POST INDUSTRIAL ELECTRONIC AGE) കാലത്തേക്ക് മനുഷ്യനെ കൊണ്ടുപോകില്ല. മനുഷ്യൻ അപ്പോഴും പണിസ്ഥലത്തെത്തിതന്നെ പണിയെടുക്കും. അല്ലാതെ കംപ്യൂട്ടർ ഓഫീസുമായി ബന്ധപ്പെടുത്തി വീട്ടിലിരുന്ന് അവരുടെ ജോലിചെയ്യുക എന്നത് സംഭവിക്കില്ല."
ഈ അഭിപ്രായത്തോട് ഹണ്ടർ അനുകൂലിച്ചിരുന്നില്ല. ബോബ് ഹണ്ടർ ലേഖനം അവസാനിപ്പിച്ചത് ഇപ്രകാരമാണ്.
'ഭാവിയുടെ വ്യാപാരരീതി ഇത് തന്നെയായിരിക്കും എന്നുറപ്പാണ്. കാത്തിരുന്നുകണ്ടോളു. '

അന്നേ ഹണ്ടർ മുൻകൂട്ടി കണ്ടിരുന്നു ലോകം എങ്ങോട്ടാണ് സഞ്ചരിക്കുന്നതെന്ന്. ദീർഘവീക്ഷണത്തോടെയുള്ള ആ ലേഖനം ഇന്ന് യാഥാർത്ഥ്യമായി എനിക്ക് മുന്നിൽ തുറന്നിരിക്കുന്നു.
നോക്കു, നാല് പതിറ്റാണ്ടിനിപ്പുറം മനുഷ്യൻ വീട്ടിലിരുന്ന വർക്ക് ഫ്രം ഹോമായും ഹൈബ്രിഡ് മോഡലിലുമെല്ലാം പണിയെടുക്കുന്നു. ടെലിപോർട്ടറിൽ നിന്ന് ഇൻറർനെറ്റിലേക്കും വിപിഎന്നിലേക്കുമെല്ലാം വളർന്ന ആശയസാങ്കേതിക വിദ്യ മനുഷ്യരെ എവിടെയെത്തിച്ചുവെന്ന് നോക്കുക.
അന്ന് പ്രവചിച്ചത് യാഥാർത്ഥ്യമാവുന്നത് കാണാൻ അദ്ദേഹം പക്ഷെ ഉണ്ടായില്ല. 2005 ൽ അദ്ദേഹം നിരന്തരമായ പാരിസ്ഥിതിക പോരാട്ടങ്ങളുടെ ഭൂമികയിൽ നിന്ന് വിടവാങ്ങി. അതിനും പതിനഞ്ച് വർഷങ്ങൾക്കിപ്പുറം 2020 ൽ മഹാമാരിയുടെ കാലത്ത് , അദ്ദേഹം പ്രവചിച്ചത് പോലെ, ലോകം വീട്ടിലിരുന്നു പണിയെടുത്തു.
No comments:
Post a Comment