സ്നേഹത്തിൻറെ (ഒറിജിനൽ) മിന്നൽ വേഗം

ജനുവരി മൂന്ന്, 2022


ഫാൻറസിയേക്കാൾ റിയാലിറ്റിയോടാണ് താൽപര്യം. അതിനാൽ തന്നെ മാർവൽ സീരീസ് സിനിമകൾ അങ്ങനെ കാണാനൊന്നും വലിയ താൽപര്യമില്ല. കണ്ടിട്ടില്ല എന്നല്ല. തിയ്യേറ്ററിൽ പോയി ഫാൻറസി മൂവീസ് കണ്ടത് ഒറ്റക്കൈയിലെ വിരലിൽ എണ്ണാവുന്നതിലും താഴെ ചിത്രങ്ങൾ മാത്രമാണ്. കണ്ടിരിക്കാൻ രസമൊക്കെയുണ്ട്. അതിമാനുഷക ശക്തിയൊക്കെ - ആറാം തമ്പുരാനിലേയും പ്രജയിലേയും ഉസ്താദിലേയും പോലുള്ള ലാലേട്ടൻറെ ഒറ്റക്ക് നാലുംപത്തും പേരെ തല്ലിതാഴെയിടുന്ന അതിമാനുഷക ശക്തിയല്ല-  ഹോളിവുഡിൽ രസമാകുന്നത് അതിൻറെ  മേക്കിങ്, വിഷ്വൽ ഗ്രാഫിക്സ് എഫക്ട് ഒക്കൊക്കൊണ്ടാണ്. ഒപ്പം ശാസ്ത്രത്തിൻറെ അടുത്ത ജെനറേഷൻ കണ്ടെത്തലെന്ന് നമ്മെ തോന്നിപ്പിക്കുന്ന തരത്തിലുള്ള സ്പേസ് ഷിപ്പും ഭൂമിക്ക് പുറത്തുള്ള മറ്റൊരു ഗ്രഹവും അവിടത്തെ പ്രജകളുമെല്ലാം ശരിക്കും ബോറടിപ്പിക്കാതെ പിടിച്ചിരുത്തിക്കളയും. സത്യായിട്ടും കുട്ടികളെ മാത്രമല്ല, മുതിർന്ന തലനരച്ച എന്നേയും  

അപ്പൊ പറഞ്ഞുവന്നത് മിന്നലിടച്ച രണ്ട് കൂട്ടരെ കുറിച്ചാണ്. ഒന്ന് മിന്നലടിച്ച മുരളി ഡ്യൂപ്ളിക്കേറ്റിനേയും ഒറിജിനലിനേയും കുറിച്ചല്ല. മറിച്ച് മിന്നൽ മുരളി എന്ന അതിമാനുഷക സിനിമ പൊളിയെന്നും പ്രിഫിക്സ് കൂടി ചേർത്ത് തല്ലിപ്പൊളിയെന്നും വിശേഷിപ്പിച്ച രണ്ട് കൂട്ടരെ കുറിച്ച്. ആലുവ മണപ്പുറത്തെ സെറ്റ് തീയിട്ടപ്പോൾ ഓങ്ങിവെച്ചതാണ്  ബേസിലിൻറെ ഈ പടം വെറുതെയെങ്കിലും കണ്ടിരിക്കുമെന്ന്. കലാസൃഷ്ടിയുടെ വിലയറിയാത്തവരോടുള്ള പ്രതിഷേധം മാത്രം, അല്ലാതെ ബേസിലെൻറെ മച്ചാനായിട്ടൊന്നുമല്ല.



അപ്പൊ കഴിഞ്ഞദിവസം ആ മിന്നലടി ഞാനും അങ്ങ് കണ്ടു. പണ്ട് കുട്ടിക്കാലത്ത് ഇടിമിന്നലുള്ള ദിവസം വീട്ടിലെ പഴക്കം ചെന്ന ഇലക്ട്രിക്ക് വയറിൽ നിന്ന് ചേട്ടനും എനിക്കും കൂടി ഒരു ഷോക്ക് കിട്ടിയശേഷം ഇപ്പോഴാ വേറൊരു മിന്നലടിച്ചത്. മിന്നലിന് ഭയങ്കര വേഗമാണെന്നാണ് ടീച്ചറ് പണ്ട് പഠിപ്പിച്ചിട്ടുള്ളത്. പക്ഷെ ബേസിലിൻറെ മിന്നലിന് വേഗം ഒച്ചിൻറെയാണെന്നായിരുന്നു കൊറെ പേര് പറഞ്ഞത്. എന്നാൽ ശക്തിയുള്ള ഇംഗ്ലീഷ് മിന്നലിനെ മാത്രമേ മലയാളിക്ക് ഇഷ്ടമാകൂ, കാരണം ലോക്കലിനോട് മലയാളിക്ക് പണ്ടേ പുച്ഛമാണെന്നായിരുന്നു വേറെ കൊറേ പേരുടെ ദേഷ്യം.  ലോക്കല്  സലസ മാത്രം അടിക്കുന്ന മലയാളിക്ക് ലോക്കലിനോട് പുച്ഛമാണെന്ന്, ഏത് 

ആ ഏതായാലും ഇരുന്ന് മിന്നല് കണ്ട്, അല്ല കൊണ്ട്.  നല്ലൊരൊന്നൊന്നര കൊള്ളല്. മിന്നല് അടിക്കാൻ കുറച്ച് വൈകി എന്നതല്ലാതെ മിന്നലിന് പവറ് കുറവൊന്നുമായിരുന്നില്ലാട്ടാ... ഇമ്മള് മലയാളിക്കും മിന്നലടിക്കാൻ, അതും നല്ല സൈറ്റാലായിട്ട് ചറപറ ഓടിച്ചിട്ട് അടിക്കാനും പറ്റുംന്നേ. യാത്രയ്ക്ക് സ്പേസ് ഷിപ്പോ അഭ്യാസം കാട്ടാൻ വേറെ രാജ്യമോയൊന്നും വേണ്ട..  രണ്ട് കാലും കുറുക്കൻ മൂലയായാലും മതി ഓടാനും കത്തിക്കാനുമൊക്കെ. 

സസ്പെൻസൊന്നോ മിന്നുന്ന അടിയൊ ഒന്നുമല്ല മിന്നലിൻറെ ഹൈലൈറ്റ്. സ്നേഹം തന്നെയാണ്. സെൽഫിഷാണേലും നാടിനോടും നാട്ടാരോടും സ്നേഹമില്ലാത്തവരുണ്ടാകുമോ. പക്ഷെ നൊമ്പരപ്പെടുത്തിയത് 27 വർഷത്തോളം ഹൃദയത്തിൽ സൂക്ഷിച്ചുവെച്ച ആ സ്നേഹം തന്നെയാണ്. സൂപ്പർ ഹീറോ സിനിമകളിലെല്ലാം വില്ലനോട് പടം തീരുംവരേയും തീർന്നാലും ഒടുങ്ങാത്ത വെറുപ്പും ദേഷ്യവും മാത്രമാണ് അവശേഷിക്കാറ് പതിവ്. പക്ഷെ ഇവിടെ ഒറിജിനൽ മിന്നൽ മുരളിയേക്കാൾ മനം നിറച്ചത്, മനസിൽ നിറഞ്ഞുനിൽക്കുന്നത് ഡ്യൂപ്ലിക്കേറ്റ് തന്നെയാണ്. ഒരു മനുഷ്യന് എത്ര മനോഹരമായി സ്നേഹിക്കാൻ സാധിക്കുമെന്ന് കാണിച്ചു തന്ന ഷിബു. ആ മനുഷ്യൻറെ ഒറ്റ സീനാണ് സിനിമയെ ഫാൻറസിയുടെ ലോകത്ത് നിന്ന് റിയാലിറ്റിയുടെ ലോകത്തിലേക്ക് പറിച്ചുനട്ടത്ത്. പടം ഫാൻറസി പടമായി തന്നെ അറിയപ്പെടണമെന്ന് ബേസിൽ എത്ര ആഗ്രഹിച്ചാലും അത് അസാധ്യമാക്കിയത് ഉഷയോട് 27 വർഷത്തെ കാത്തിരിപ്പിനെ കുറിച്ച് ഷിബു പറയുന്ന ഒറ്റ സീനാണ്. ആ സീനിൽ വരച്ചിട്ടുണ്ട് ഓരോ മനുഷ്യനും എത്രമാത്രം പ്രണയത്താൽ നീറുന്നവനാണെന്നതിൻറെ, അതിനായുള്ള കാത്തിരിപ്പിൻറെ, വിരഹത്തിൻറെ എല്ലാ നൊമ്പരവും. വർഷങ്ങളോളം മനസിൽ പറയാതെയും പറഞ്ഞും സ്നേഹിച്ച ഏതൊരാൾക്കും ആ വേദനയും സുഖമുള്ള നൊമ്പരവുമെല്ലാം ആ കണ്ണുകളിൽ വേഗത്തിൽ കണ്ടെത്താനാവും.  സ്വയം നീറുന്ന വേദന തിരിച്ചറിയാനാവും. 


ആ ഒറ്റ സീനുകൊണ്ട് ഷിബു പ്രേക്ഷകൻറെ മനസിൽ നിന്ന് കഴുകികളയുന്നത് ഒരു ക്രൂരമായ കൊലപാതകം തന്നെയാണ്. 



ആ സീനിൽ ഷിബുവിൻറെ കണ്ണിൽ തെളിയുന്ന സ്നേഹത്തിൻറെ മിന്നലിനോളം വേഗവും വെളിച്ചവുമൊന്നും മറ്റൊരു മിന്നലിനും നൽകാനാവില്ലന്നേ.

അമേരിക്കക്കാർക്ക് സൂപ്പർമാനും സ്പൈഡർമാനുമൊക്കെ ആകാമെങ്കിൽ  നമുക്കും ആകാം ഒരു മിന്നൽ മുരളി... !!! 


സംശയം (ഒറിജിനൽ) :  അല്ലപ്പാ, എന്നാലും എന്തിനായിരിക്കും മണപ്പുറത്തെ സെറ്റ് ലവൻമാര് പൊളിച്ചേ...?

Comments