Search This Blog

Showing posts with label story. love. ജീവിതം. Show all posts
Showing posts with label story. love. ജീവിതം. Show all posts

Monday, 7 March 2022

അതിജീവനത്തിൻറെ ഇരുപത്തിയൊന്നുനാൾ

അനുഭവങ്ങളാണ്, ഓർമകളാണ് വലിയ സമ്പാദ്യം. നാല് പതിറ്റാണ്ടിന്റെ ഓർമകളുണ്ട്. ചെന്നൈയിലെ വീട്ടിൽ നിന്ന് ഇറങ്ങി അടുത്തതെരുവിലെ അങ്കിളിന്റെ വീട്ടിലേക്ക് ഓടിയ മൂന്ന് വയസുകാരന്റെ ഓർമ മുതൽ ഇങ്ങോട്ട് മാറാല പിടിച്ചും പിടിക്കാതെയും കിടക്കുന്ന വളപ്പൊട്ടുകളുടെ വലിയ ശേഖരം. വളപ്പൊട്ടുകൾ എന്ന് വിശേഷണം മനപ്പൂർവ്വമാണ്. കാരണം  ബഹുവർണത്തിലുള്ള മനോഹരങ്ങളായ വളപ്പൊട്ടുകൾ കൊണ്ട് കൈമുറിയാത്തവർ വിരളമായിരിക്കും. ഓർമകളിൽ ഏറെയും മുറിവേൽപ്പിക്കുന്നതാണ്. ഒട്ടും ഉണങ്ങാത്ത, ഏറെക്കാലമായി കെട്ടിപൊതിഞ്ഞുവെച്ച മുറിവുകൾ. തിയ്യതിയും സമയവും സംഭവങ്ങളുമെല്ലാം സിനിമയിലെ റീലുകൾ പോലെ തെറ്റാതെ ഇപ്പോഴും ഓടുന്നുണ്ട് തലയ്ക്കുള്ളിൽ. ചിലതൊക്കെ ചിലപ്പോഴൊക്കെ പലയിടങ്ങളിലായി കുറിച്ചുവെച്ചിരുന്നു. ചിലത് ശബ്ദമായി രേഖപ്പെടുത്തി. അവയെല്ലാം സ്വകാര്യശേഖരത്തിൽ തന്നെ ഇരിക്കട്ടെയെന്ന് കരുതിയതാണ്. പക്ഷെ അതെല്ലാം ഇപ്പോൾ എടുത്ത് പുറത്തിട്ടാലോയെന്നാണ് ചിന്ത. പിന്നീട് പറയാനൊത്തില്ലെങ്കിലോ? എത്രകരുതലോടെ സൂക്ഷിച്ചാലും ഓർമകളും ചിതലരിക്കും. മറവിരോ​ഗമോ മസ്തിഷ്ക്കമരണമോ പ്രവചനാതീതമല്ല.    

 മറ്റുള്ളവർ കൂടിചേരുമ്പോളാണ് എല്ലാ ഓർമകളും ഉണ്ടാകുന്നത് എങ്കിൽക്കൂടിയും, എന്റെ ഓർമകളെല്ലാം എന്റെ മാത്രം ഓർമകളാണ്. അതിനാൽ തന്നെ ഇതെല്ലാം തുറന്നെഴുതുമ്പോൾ ആരെയും വേദനിപ്പിക്കാനോ നൊമ്പരപ്പെടുത്താനോ ഉദ്ദേശിക്കുന്നുമില്ല. അതിനാൽ തന്നെ പേരുകളോ ഊരുകളോ ഇല്ല. 

മുറിവുകളാണ് ഓർമകളെന്ന് പറഞ്ഞുവല്ലോ, എന്റെ മുറിവുകൾ മാത്രമല്ല, ഞാൻ ഏൽപ്പിച്ച മുറിവുകളും അനവധിയുണ്ട്. ചിലരോടെങ്കിലും പലപ്പോഴായി തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസാരിച്ചിട്ടുണ്ട്. ചിലരോട് അതുമില്ല.  ഈ​ഗോയാകാം. മനുഷ്യനല്ലേ. എഴുതിയതും എഴുതുന്നതും എഴുതാനിരിക്കുന്നവയുമെല്ലാം എന്റെ മാത്രം ബോധ്യത്തിലും ബോധത്തിലുമുള്ളവയാണ്. കടമെടുത്ത അനുഭവങ്ങൾ ഒന്നുമില്ല. 

******

ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവരാൽ റിജക്ഷൻ - നിരാകരണം - ഏറ്റുവാങ്ങാത്തവ‍ർ ഉണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ നിരന്തരം അത് നേരിടേണ്ടിവന്നവർ എത്രകാണുമായിരിക്കും? വിട്ടുപോകാതെ നിങ്ങൾ നിങ്ങളോട് ചേർത്തുപിടിച്ചവർ തഴയപ്പെടുന്നത് അനുഭവിച്ചവർക്ക് മാത്രം വായിക്കാനാണിത്. അല്ലാത്തവർക്ക് ഇതെല്ലാം വെറും കഥമാത്രമായിരിക്കും, വെറും കെട്ടുകഥ.

തിരക്കേറിയ കൊച്ചി ന​ഗരത്തിൽ ഒരു ഫ്ലാറ്റിൽ, വാതിലും ജനലുകളും ബാൽക്കെണിയുമെല്ലാം അടച്ചിട്ട്, മൊബൈലും ഓഫ് ചെയ്ത്, ടിവിയോ ഇന്റ‍ർനെറ്റോ ഉപയോ​ഗിക്കാതെ പുറം ലോകത്ത് എന്ത് സംഭവിക്കുന്നവെന്നുപോലും അറിയാതെ, അറിയാൻ ശ്രമിക്കാതെ കഴിഞ്ഞുകൂടിയ 21 ദിവസങ്ങളുണ്ട് ഓർമയിൽ. മാർച്ചിലെ കൊടുംവേനലിൽ ഓരോ ദിവസവും ഉറങ്ങാതെ, രാവും പകലുമെല്ലാം മാറിമാറി വരുന്നത് വെയിലിന്റെ ​ഗതിമാറ്റത്തിൽ നിന്ന് മാത്രമറിഞ്ഞ് കഴിഞ്ഞ മൂന്നാഴ്ച്ചകൾ. വിഷാദം അഥവാ ഡിപ്രഷൻ എന്നത്  എന്താണെന്ന് അതിന്റെ പൂർണമായ അർത്ഥത്തിൽ അറിഞ്ഞശേഷം കഴിച്ചുകൂട്ടിയ ദിനങ്ങൾ. വർഷങ്ങൾക്ക് മുമ്പൊരിക്കൽ ഈ അനുഭവിക്കുന്നതിന്റെ പേരാണ് ഡിപ്രഷൻ എന്നറിയാതെ അതിന്റെ ആഴമളന്നിട്ടുണ്ട്. എന്നും ജിവിച്ച, ജിവിച്ചുകൊണ്ടേയിരിക്കുന്ന വാർത്തയുടെ ലോകത്ത് നിന്ന് ഒരുപക്ഷെ ഇന്നോളം മാറിനിന്നത് ആ ദിവസങ്ങളിൽ മാത്രമായിരിക്കണം. സുഖമില്ലെന്ന് പറഞ്ഞ് ആദ്യമായി ജോലിയിൽ നിന്ന് അവധിയെടുത്തതും അപ്പോഴാണ്. കട്ടൻചായയും ഇടയ്ക്ക് കഞ്ഞിയും  മാത്രം ഉണ്ടാക്കി കഴിച്ച് ഒരർത്ഥവുമില്ലാതെ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി. 21 ദിവസത്തിന് ശേഷം ആദ്യമായി ഡോർ തുറന്നപ്പോൾ പൊടിപിടിച്ച് മൂന്നാഴ്ച്ചത്തെ പത്രങ്ങൾ മലപോലെ വഴിമുടക്കി കിടപ്പായിരുന്നു. 


എന്തായിരുന്നു, എന്തിനായിരുന്നു ആ ഇരുപത്തിയൊന്ന് ദിവസങ്ങൾ സ്വയം കാരാ​ഗ്രഹവാസത്തിന് വിധിച്ചത്? ഒറ്റപ്പെടൽ തന്നെയാണ് ആ ഒറ്റയ്ക്കുള്ള അടച്ചിരിപ്പിന് കാരണമായത്. ചേർത്ത് പിടിച്ച ചിലർ ഒഴിവാക്കിയപ്പോൾ, ഏറെക്കാലമായി അടക്കിവെച്ചതെല്ലാം പൊട്ടിത്തെറിക്കുമെന്ന് തോന്നിയപ്പോൾ സ്വയം വിധിച്ചതായിരുന്നു അത്. പൊതുമധ്യത്തിലെന്നല്ല, സ്വകാര്യയിടത്ത് പോലും ​സ്ഥായീഭാവം വിടാതെ പോകാൻ വേണ്ടി, അങ്ങനെ സംഭവിക്കമെന്ന് തോന്നിയപ്പോൾ എടുത്ത കടുത്ത നടപടിയായിരുന്നു അത്. സ്വതവേ ക്ഷിപ്രകോപിയാണെങ്കിലും അകാരണമായി പോലും അസ്വസ്ഥനാവാൻ തുടങ്ങിയപ്പോൾ സ്വയം തീർത്ത പ്രതിരോധമായിരുന്നു ആ ക്വാറന്റൈൻ. നിരാകരണത്തിന്റെ വേദനയെന്തെന്ന് വീണ്ടും വീണ്ടും അനുഭവിക്കേണ്ടിവരുന്നത് അത്രസുഖകരമല്ല. മമ്പും പലകുറി, കുട്ടിക്കാലം മുതൽക്കേ അറിഞ്ഞിട്ടുണ്ട് അത്. അന്നൊക്കെ അനുഭവിച്ച സങ്കടവും ദേഷ്യവും വിങ്ങലുമെല്ലാം വിഷാദമാണെന്ന് പക്ഷെ അന്നറിയില്ലായിരുന്നു. ചെറുപ്പം മുതലേയുള്ള അത്തരം അനുഭവങ്ങൾ തന്നെയാണ് ഒരാളുടെ സ്വഭാവത്തിന് രൂപം നൽകുന്നത്. അതായിരിക്കണം ഒരുപക്ഷെ ദേഷ്യമെന്നത്, കൂസലില്ലായിമ എന്നത്, സ്ഥായീഭാവമായിമാറിയതിന് പിന്നിൽ. 

നഷ്ടങ്ങളാണ് നേട്ടങ്ങളേക്കാൾ കൂടുതലായി ജിവിതത്തിലുണ്ടായിട്ടുള്ളത്. നേട്ടങ്ങളെണ്ണാൻ വിരലുകൾ മതിയെങ്കിൽ നഷ്ടങ്ങളുടെ കണക്കെടുപ്പിന് കാൽക്കുലേറ്റർ തന്നെ വേണ്ടിവരും! കൂട്ടുക്കാ‍ർ, രക്തബന്ധങ്ങൾ, പ്രണയം, ജീവിതം, ...അങ്ങനെ എത്രയെത്ര നഷ്ടങ്ങൾ. ഈ​ഗോയിസ്റ്റുകളായ, വേർപിരിഞ്ഞ മാതാപിതാക്കളുടെ മക്കളായി ജനിച്ച എല്ലാകുഞ്ഞുങ്ങളും നേരിടുന്ന എല്ലാപ്രശ്നങ്ങളും അതിന്റെ അത്രതന്നെ മനോഹാരിതയിൽ അനുഭവിച്ചിട്ടുണ്ട്. ആരോടും പറയാതെ, പറയുന്നത് വലിയ നാണക്കേടായി കരുതി എല്ലാം അടക്കിവെച്ച് ആ കുഞ്ഞുങ്ങളൊക്കെ എത്രമാത്രം സഹിച്ചിട്ടുണ്ടാവണം? എത്രരാവുകൾ തലയിണകൾ ചേ‍ർത്ത് പിടിച്ച് വിങ്ങിയിട്ടുണ്ടാകണം?‌ അതെല്ലാം പലതും നിരസിക്കപ്പെടുന്നതിന്റെ കഠിനവേദനകളാണ് സമ്മാനിച്ചത്. അതെല്ലാം താണ്ടിയവന് പിന്നെ ജീവിതത്തിൽ കാണുന്നതെല്ലാം ചേർത്ത് പിടിക്കാനുള്ള വ്യ​ഗ്രതകൂടുതലാവും. അവിടെയും പരാജയപ്പെട്ടാലെന്ത് ചെയ്യും? ചിലർ മദ്യത്തിലോ മറ്റ് ലഹരികളിലോ അഭയം കണ്ടെത്തിയേക്കാം. ചിലർ വിഷാദത്തിന്റെ താഴ്വരയിൽ തന്നെ കുടുങ്ങി ചക്രശ്വാസം വലിച്ച് സ്വയം അവസാനിപ്പിച്ചിരിക്കാം. ജീവിക്കാനുള്ള ഭയമാണ് മരിക്കാനുള്ള ഭയത്തേക്കാൾ അത്തരക്കാരെ ഭയപ്പെടുത്തുന്നത്. മറ്റുചിലരാകട്ടെ ഉള്ളിലെ സ്വത്ത്വവുമായി പോരടിച്ച് പിടിച്ചുനിൽക്കാൻ ശ്രമപ്പെട്ട് സ്വന്തം വിഷാദത്തെ താൽക്കാലികമായെങ്കിലും തോൽപ്പിച്ചവരുമുണ്ടാകും. ഇതല്ലെ, ഇതിനപ്പുറവും ചാടികടന്നവനാണീ കെകെ ജോസഫ് എന്ന സിനിമ ഡയലോ​ഗിനെ തമാശരൂപത്തിലെങ്കിലും പറഞ്ഞ് സ്വയം ആശ്വസിപ്പിക്കുന്നുണ്ടാവണം. അങ്ങനെ ചാടിക്കടന്നാണ് ഒടുവിലാ ഫ്ലാറ്റിലെ മുറിയിൽ ഒതുങ്ങിക്കൂടിയത്. 

ഇരുപത്തിയൊന്ന് ദിവസത്തിന് ശേഷം പുറത്തിറങ്ങിയത് നല്ല ചിത്രശലഭമായിട്ടൊന്നുമല്ല. സ്വയം നവീകരിച്ചുമല്ല. പക്ഷെ ആ ​ദിവസങ്ങളാണ് ജീവിതത്തിൽ കൂട്ടിനാരുമില്ലാതെ, സ്വയം അടിച്ചമർത്തി കഴിഞ്ഞ ദീർഘമായ കാലം. പിന്നെയും എത്രയോ തവണ വിഷാദത്തിന്റെ ചതിക്കുഴിയിൽ പെട്ടെങ്കിലും ആ ഇരുപത്തിയൊന്ന് നാൾ തൂങ്ങാതെ കടിച്ചുതൂങ്ങിയതിന്റെ കരുത്ത് മാത്രമായിരുന്നു ഫൈറ്റ് ചെയ്യാനുള്ള പ്രചോദനം...

Friday, 4 March 2022

ഓർമകൾ

കാലങ്ങളായി

പൊതിഞ്ഞുകെട്ടിവെച്ച

മുറിവുകളാണ്

ഓർമകൾ.

ചെറുതായാലും

മുറിപാടുകൾ 

മായില്ല,

നീറ്റലും.... 


(040322)

Thursday, 3 March 2022

പ്രിയ എലിയറ്റ്, ഏപ്രിലല്ല,മറിച്ച് മാർച്ചാണ് ക്രൂരൻ...

April is the cruelest month, breeding 

lilacs out of the dead land, mixing 

memory and desire, stirring 

dull roots with spring rain....

 - (THE WASTE LAND - TS ELIOT)


ഏപ്രിലാണ് ഏറ്റവും ക്രൂരമായ മാസമെന്നാണ് അമേരിക്കൻ കവിയായ ടി എസ് എലിയറ്റിന്റെ പക്ഷം. തരിശ്ശുഭൂമിയിൽ വൈലറ്റ് പൂവിടുന്ന  ലൈലാക്കുകൾ വിതയിടുന്ന, ഓ‍ർമകളും ആ​ഗ്രഹങ്ങളുമെല്ലാം ഇഴചേർത്ത്, ചത്തവേരുകൾ ജനിക്കുന്ന വസന്തമഴയുടെ ഏപ്രിൽ...

ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ആത്മീയവും അരാചകത്വവും നിറഞ്ഞ യൂറോപ്പിനെ തരിശ്ശുഭൂമിയായി അഥവാ ഒരു ശവപറമ്പായി ചിത്രീകരിച്ചാണ് എലിയറ്റ് വേസ്റ്റ് ലാന്റ് എന്ന കവിതയെഴുതിയത്. 5 ഭാ​ഗങ്ങളായി 400 ലേറെ വരികളുണ്ട് എലിയറ്റിന്റെ കവിതയിൽ. നിരവധി കഥാപാത്രങ്ങൾ സംഭാഷണശൈലിയിൽ പല ഭാഷകൾ - ​ഗ്രീക്കും ഇം​ഗ്ലീഷും സംസ്കൃതവുമെല്ലാം - ഉപയോ​ഗിച്ച് എഴുതിയ കവിത ഇം​ഗ്ലീഷിലെ എക്കാലത്തേയും മികച്ച എപ്പി​ഗ്രാഫാണ്. 

ഏപ്രിൽ ഏറ്റവും മനോഹരിയെന്ന ജെഫ്രി ചോസറിന്റെ ദ കണ്ടംപ്രററി ടെയിൽസിലെ വാദത്തെ തള്ളിയാണ് ടി എസ് എലിയറ്റ് തുടങ്ങിയത്. വെറുതെ ഏപ്രിലിനെ കുറ്റപ്പെടുത്തിയതല്ല എലിയറ്റ്.  ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏപ്രിലിൽ യൂറോപ്പ് ശവപറമ്പായി മാറിയതും കൃസ്തുവിന്റെ കുരിശുമരണം ഏപ്രിലിലായതും മാത്രമല്ല എലിയറ്റിനെകൊണ്ട് ഏപ്രിലിനെ ചീത്ത വിളിപ്പിച്ചത്. മറിച്ച് സ്വന്തം ജീവിതത്തിലെ ദാമ്പത്തിക പരാജയ ദുഖവും അതിന് ഒപ്പമുണ്ട്. എലിയറ്റ് വിവാഹമോചിതനായത് ഏപ്രിലിലാണ്. സ്വന്തം അനുഭവം കൂടിച്ചേർന്നപ്പോഴാണ് ഏപ്രിൽ ക്രൂരമാണെന്ന് എലിയറ്റ് പറയുന്നത്. 

സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ മാർച്ചല്ലേ ഏറ്റവും ക്രൂരൻ? മാ‍ർച്ചല്ലേ വേർപ്പാടിന്റെ വേദന കൂടുതൽ സമ്മാനിക്കുന്നത്?  വിദ്യാലയങ്ങളും കലാലയങ്ങളുമെല്ലാം മധ്യവേനലവധിക്കായി അടയ്ക്കുന്നതും കോഴ്സുകൾ കഴിഞ്ഞ് എല്ലാവരും പിരിയുന്നതുമെല്ലാം മാർച്ചിലാണ്. പ്രണയിച്ച് കൊതിതീരാത്തവർ വേദനയോടെ കോളേജിലെ മരത്തണലുകളോട് വിടപറയുന്നത് മാർച്ചിലാണ്. ക്യാമ്പസുകളിലെ വരാന്തകൾ ചിരിതമാശകൾ അകന്ന് പരീക്ഷയുടെ ചൂടിലേക്ക് വഴിതുറക്കുന്നതും മാർച്ചിലാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനമെന്നത് മാത്രമല്ല, യാത്രയയപ്പുകളുടെ മാസം കൂടിയാണ് മാർച്ച്. കലാലയങ്ങളിൽ മാത്രമല്ല, ഔദ്യോ​ഗികജീവിതത്തിൽ നിന്ന് പലരും പടിയിറങ്ങുന്നതും മാർച്ചിലാണ്. ഓർമകളും ​ഗൃഹാതുരതയും കൂട്ടുചേരലുമെല്ലാം അവശേഷിപ്പിച്ചാണ് ഓരോരുത്തർ‌ക്കും മാർച്ച് പടിയിറങ്ങുന്നത്. 

മാർ‌ച്ച്, അനുഭവങ്ങളാൽ സമിശ്രമാണ്. കൂടിച്ചേരലും വേർപിരിയലുമെല്ലാം ചേർന്ന് സന്തോഷത്തിന്റേയും സങ്കടത്തിന്റേയും കണ്ണീ‍ർ പടർന്ന മാർച്ച്. കാത്തുനിന്നുള്ള കണ്ടുമുട്ടലുകളും തിരക്കേറിയ ന​ഗരപാതകളിലൂടെയുള്ള യാത്രയും നിറഞ്ഞചിരിയും നിറച്ച മാസമാണ് ഒരുവശത്ത് മാർച്ച്. മറുവശത്താകട്ടെ, വഴിതെറ്റി പെയ്ത മഴയുടെ നിറവിൽ നിന്ന് രക്ഷ തേടി പാതിനനഞ്ഞ് കടത്തിണ്ണയിൽ കയറി നിന്നവന്റെ നിരാശയുടെ അടരാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അവസാനം വിടരുമുമ്പേ കൊഴിഞ്ഞ പ്രണയത്തിന്റെ ചിതയെരിഞ്ഞ മാസം... ഉള്ളുകൊരുത്ത് വലിക്കുന്ന മഹാമൗനിയായി മാ‍ർച്ച് പിന്നെയും മുന്നിൽ കണ്ണുരുട്ടി നിൽക്കുമ്പോൾ എന്തിനെന്നറിയാത്ത ആധി നിറയുന്നു.

എല്ലാം അപൂർണമായ ഫെബ്രുവരിയുടെ ചുവടുപിടിച്ചെത്തിയ മാർച്ച് പക്ഷെ വിരാമം ചാ‍ർത്തുന്നുണ്ട് പലതിനും, ഒരിറ്റ് വേദനയോടെയെങ്കിലും..  

താഴ്വാരങ്ങളിൽ നിറയെ ഏതൊക്കെയോ പൂക്കൾ വിരിയാൻ തുടങ്ങവേ വെറുതെയെങ്കിലും എലിയറ്റിനെ ഒറ്റവാക്കിൽ തിരുത്തിപോവുകയാണ്..

ഏപ്രിലല്ല, മറിച്ച്, മാർച്ചാണ് ക്രൂരൻ....


Tuesday, 1 March 2022

താഴ്‌വരയിലെ പൂക്കൾ

പരാജയപ്പെട്ടവൻറ്റെ പ്രണയമാണ്
വിഷാദത്തിന്റെ താഴ് വാരങ്ങളിൽ
നിറയെ കവിതയായി പൂവിട്ടത് .
നിറം മങ്ങി, ഗന്ധമറ്റ് 
കണ്ണുനീരിൻറ്റെ
ഉപ്പുരസം പേറുന്ന പൂക്കൾ.
ഒറ്റപ്പെടലിന്റെ കയത്തിൽ
വീണതിനാലാവണം
ഒറ്റയ്ക്ക് നിൽക്കാനാവാതെ
ഒരൊറ്റ ഞെട്ടിൽ നിരവധി പൂക്കൾ
ഒരുമിച്ച് വിരിഞ്ഞത്.

(010322)

Sunday, 27 February 2022

ഓർമകളുടെ ശവക്കോട്ടകാവൽക്കാർ

കഴിഞ്ഞദിവസങ്ങളിൽ ഒരുപാട് അലോചിച്ച ഒരു കാര്യമുണ്ട്. ഒരാളുടെ ചോദ്യത്തെ തുട‍ർന്നുണ്ടായ ചിന്ത. നിങ്ങളെ എല്ലാദിവസവും ഓർത്ത് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്നതായിരുന്നു ആ ചോദ്യം. ആലോചിച്ചുനോക്കി. ആരേയും ഓ‍ർത്തെടുക്കാനായില്ല. പോയ രണ്ട് മൂന്ന് ദിവസങ്ങൾ നിരീക്ഷിച്ചു. കഴിഞ്ഞ കുറേ മാസങ്ങളിലെ വാട്സ്അപ്പ് സന്ദേശങ്ങളും കോൾ റെക്കോ‍ർഡുമെല്ലാം കുത്തിയിരുന്ന് പരിശോധിച്ചു. ഇല്ല. അങ്ങനെ ആരും എന്നെ ദിവസവും അന്വേഷിച്ചിട്ടില്ല. ദിവസവും ഓർക്കുന്നവരുണ്ടാകുമോയെന്ന് കൃത്യമായി പറയാനാവില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ ദിവസേന അന്വേഷിക്കുന്നവ‍ർ ആരും ഇല്ല. അവരുടെ എല്ലാം കണക്കെടുത്തുനോക്കി. ഡി​ഗ്രി ക്ലാസ് മുറിയിലെ മൂന്ന് നാല് പേരുൾപ്പടെ ആറ് ഏഴ് പേരെ അല്ലാതെ മറ്റാരേയും ആ കണക്ക് പുസ്തകത്തിൽ കണ്ടില്ല. എന്നും എപ്പോഴും ചേർത്ത് പിടിച്ച് ഒപ്പം നിർത്തിയവരുടെ പേര് പോലും ആ പട്ടികയിൽ ഉണ്ടായില്ല. അതിനർത്ഥം ആരും ഓർക്കാറുണ്ടാവില്ല എന്നതല്ല. ഓർ‌ക്കുന്നുവരുണ്ട്. തിരക്കുകൾ കൊണ്ട്  മാത്രം അന്വേഷിക്കാൻ സാധിക്കുന്നില്ലെന്ന് മാത്രം.    

ആ ചോദ്യം പക്ഷെ ഒന്നുതിരിച്ചിട്ട് നോക്കി. ഞാൻ ദിവസേന ഓർക്കുന്ന, മുടങ്ങാതെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്ന ആരെങ്കിലും ഉണ്ടോയെന്ന്. വളരെ കോംപ്ലിക്കേറ്റഡായി തോന്നി. ഞാൻ ദിവസേന മെസേജ് അയക്കുന്ന, വിളിക്കുന്നവരുടെ കോളത്തിൽ ഒറ്റപ്പേരുപോലും അവസാനദിവസം കണ്ടില്ല. ഒരിക്കൽ നിരന്തരം അയച്ചുകൊണ്ടിരുന്ന, എന്നാൽ പിന്നീട് മറുപടികളില്ലാത്ത, ഒരുവശത്തേക്ക് മാത്രമുള്ള സന്ദേശങ്ങളായി മാറി, മെല്ലെമെല്ലെ അസ്ഥമിക്കപ്പെട്ട സന്ദേശങ്ങൾ കണ്ടു.  അങ്ങോട്ടും ഇങ്ങോട്ടും. വിളികൾ വെറും മിസ്ഡ് കോളുകളായി മാറിയ കുറേ നമ്പറുകൾ കണ്ടു. മാസങ്ങളായിട്ടും മറുപടി കാത്ത് കെട്ടികിടക്കുന്ന കുറെ സന്ദേശങ്ങൾ, ഒടുവിൽ ആളനക്കമില്ലാതെ മാറാലകെട്ടിയ ഇൻബോക്സുകളായി മാറിയിരിക്കുന്നു.  

ചില ഇൻബോക്സുകൾ ശൂന്യമായതിന് ഉത്തരവാദി അവ‍ർമാത്രമായിരിക്കില്ല, എന്റേയും പിഴയാവും. പക്ഷെ, അവയ്ക്കിടയിലും അകാരണമായി ഏകപക്ഷീയമായി അടച്ചിടപ്പെട്ട കുറേ മുറികൾ കണ്ടു. അവയ്ക്കുള്ളിലെ മൗനം വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എല്ലാവരുടേയും ഇൻബോക്സുകളിൽ കയറിയിറങ്ങി. പലമുറികളും ഓർമകളുടെ ശവപറമ്പാണ്. പറഞ്ഞതും പങ്കിട്ടതുമായ പലകാലത്തിന്റെ ഓർമകൾ.  ഓർമകൾ ഒരുമിച്ച് നെയ്തതാണെങ്കിലും പക്ഷെ ഇപ്പോഴത് ഒരാളിന്റേത് മാത്രമായി അറിഞ്ഞോ അറിയാതെയോ ചുരുങ്ങിയിരിക്കുന്നു. 

ഏറെക്കാലം അടച്ചിടപ്പെട്ട് പിന്നീട് പൊടുന്നനെ ഒരു സന്ദേശമായോ വിളിയായോ വന്ന് പഴയ ഓർമകളെ വിളിച്ചുണർത്തി പിന്നെയും മൗനത്തിലേക്ക് നടന്നുപോയവരേയും കണ്ടു. ഓർമകളുടെ ഭാരം ചുമന്ന് ജീവിക്കുന്നവർക്ക്, അവയുടെ മുറിവുകൾ ഉണങ്ങാതെ നീറി കഴിയുന്നവർക്ക്, അത് അസഹനീയമാണ്. ഓർമകളുടെ ഭാരമൊന്നുമില്ലാതെ, ഒരു അപ്പൂപ്പൻ താടിപോലെ പാറിനടക്കുന്നവർക്ക് കാറ്റിന്റെ ​ഗതിയെ കുറിച്ച് മാത്രമാണ് ആവലാതി. കാറ്റിൽ ഒരിടത്ത് പാറിയെത്തി പിന്നെയും അടുത്ത കാറ്റ് പിടിച്ച് അടുത്തിടത്തേക്ക് ഓർമകളും ജീവിതവും അവർക്ക് പറിച്ച് നടാനാവും. അപ്പോഴും ഓർമകളുടെ ചിലന്തി വലയിൽ കുരുങ്ങിയവൻ ജീവന് വേണ്ടി കൈകാലിട്ടടിക്കുകയാവും...

ഇന്ന് ഒരു സുഹൃത്ത് അയച്ച മെസേജ് ഇങ്ങനെയായിരുന്നു

'നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ഒരാളുടെ മനസ്സിൽ നമ്മൾ മരിച്ചുകഴിഞ്ഞിരിക്കുന്നു എന്ന അറിവാണ് മരണത്തേക്കാൾ വേദനാജനകം' 

ശരിയാണ്. യഥാർത്ഥ മരണത്തിനപ്പുറം ഓർമകളും കാഴ്ച്ചകളും ഉണ്ടാകുമോയെന്നറിയില്ല, പക്ഷെ ഈ മരണത്തിനപ്പുറവും ഒരാൾക്ക് ഓർമ്മകളും കാഴ്ച്ചകളും പേറി പിന്നെയും മരിച്ച് ജീവിക്കേണ്ടിവരും...തീർച്ച!

Saturday, 26 February 2022

അന്നുവരേയുള്ള ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫോൺ കോൾ

ഫെബ്രുവരി 26

17 വ‍ർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം. രണ്ടാമത്തെ പിജി കാലം. 

സമയം വൈകുന്നേരം 5 മണികഴിഞ്ഞിരിക്കുന്നു. നാ​ഗ്വാരയിൽ നിന്ന് ജെപി ന​ഗറിലേക്കുള്ള ബസ് യാത്ര. വൈകുന്നേരം 6 മണിക്ക് കോളേജ് ആന്വൽ ഡേ സെലിബ്രേഷനുവേണ്ടിയുള്ള യാത്രയാണ്. കോളേജിലെ ആ വർഷത്തെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് വാങ്ങേണ്ടതിനാൽ മാത്രം ഇറങ്ങിയതാണ്. അല്ലെങ്കിൽ ബാം​ഗ്ലൂരുവിലെ രാത്രി തണുപ്പിൽ ചുരുണ്ടുമൂടി കിടന്നേനെ. സാധാരണനിലയിൽ 100 ഫീറ്റ് ഔട്ടർ റിങ് റോഡിലൂടെ ഒരുമണിക്കൂ‍ർ യാത്രയുണ്ട്. പക്ഷെ ഇത് വൈകുന്നേരമായതിനാൽ തന്നെ റോഡിൽ നല്ല തിരക്കുണ്ട്. ഓഫീസ് വിട്ടും സ്ക്കൂൾ വിട്ടുമെല്ലാം വരുന്ന വാഹനങ്ങൾ നിരത്ത് നിറയെ. ബസ്സിൽ പക്ഷെ വലിയ തിരക്കില്ല. ബിഎംടിസിയുടെ 500 എ നമ്പ‍ർ ബസ്സിലെ സൈഡ് സീറ്റിൽ ചാരിയിരുന്നു ചെറുങ്ങനെ ഒന്നു മയങ്ങി. 

ഫോൺ റിങ് ചെയ്തപ്പോഴാണ് ഉണ‍ർന്നത്. കോൾ എടുക്കുന്നതിന് മുമ്പായി ഉറക്കചടവുള്ള കണ്ണ് പാതി തുറന്ന് പുറത്തേക്ക് നോക്കി.  മാർത്തഹള്ളിയിലെ അണ്ടർ പാസ് കഴിഞ്ഞതേയുള്ളു. പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തുനോക്കി. മോട്ടറോളയുടെ ലിമിറ്റഡ് എഡിഷൻ ഫോണായ വി7 ന്റെ നീല ഘടികാരാകൃതിയുള്ള മൊബൈൽ ഫോൺ. അതിന്റെ വട്ടത്തിലുള്ള ഡയലിൽ നീലവെളിച്ചത്തിൽ തെളിഞ്ഞപേര് കണ്ട് ആദ്യം സന്തോഷവും അത്ഭൂതവും തോന്നി. കോൾ എന്നത് വിരളവും എസ് എം എസ് എന്നത് ആയിരങ്ങളും വരുന്ന നമ്പറിൽ നിന്നാണ്. പെട്ടെന്ന് ഉറക്കം വെടിഞ്ഞ് എക്സൈറ്റ്മെന്റ് പോകാതെ തന്നെ കോൾ എടുത്തു. പക്ഷെ മറുവശത്തെ ശബ്ദം അത്ര സുഖമുള്ളതായി തോന്നിയില്ല. സങ്കടം നിറഞ്ഞ ശബ്ദം. എക്സൈറ്റ്മെന്റ് പെട്ടെന്ന് മാറിതുടങ്ങി. കഷ്ടിച്ച് ഒരു മിനുട്ടിൽ താഴെമാത്രം സംസാരിച്ച് കോൾ വെച്ചു. അത്രസന്തോഷം നൽകുന്നതായിരുന്നില്ല പങ്കുവെച്ച വിശേഷം. പിന്നാലെ തുരുതുരാ മെസേജുകൾ വന്നുതുടങ്ങി. അധികകാലമായില്ലെങ്കിലും വളരെവേ​ഗത്തിൽ സ്പെഷ്യൽ ആയ സുഹൃത്തുമായി പക്ഷെ വെറും സൗഹൃദം മാത്രമല്ല ഉള്ളതെന്ന് തിരിച്ചറിയുകയായിരുന്നു തുടർന്നുള്ള നിമിഷങ്ങളിൽ. കോളേജിലേക്കുള്ള പിന്നീടുള്ള യാത്ര പക്ഷെ മണിക്കുറുകളുടെ ദൈ‍ർഘ്യം പോലെ തോന്നി. 

അന്ന് ഹച്ചായിരുന്നു മൊബൈൽ കണക്ഷൻ. 360 രൂപയ്ക്ക് റീചാർജ് ചെയ്താൽ 180 രൂപയാണ് ടോക്ക് ടൈം ലഭിക്കുക, ഒരുമാസത്തെ കാലാവധി. കോളിന് മിനുട്ടിന് ഒന്നര രൂപ. സ്പെഷ്യൽ റീചാർജ് ചെയ്താൽ എത്രവേണമെങ്കിലും എസ് എം എസ് അയക്കാം. ഇന്നത്തെ പോലെ വാട്സ് അപ്പോ മൊബൈൽ നെറ്റ് സൗകര്യമോ അന്നില്ലായിരുന്നു എന്നതിനാൽ ലോകം ​ആ​ഗോള​ഗ്രാമമായി (​ഗ്ലോബൽ വില്ലേജ്) മാറി എന്ന കനേഡിയൻ ചിന്തകനായ മാർഷൽ മക്ലൂഹന്റെ തിയറി പഠിക്കുമ്പോഴും മറിച്ചായിരുന്നു സ്വന്തം അനുഭവം.  കമ്മ്യൂണിക്കേഷൻ എന്നത് കാശ് ചെലവുള്ള പണിയായിരുന്നുവെന്ന് സാരം. പഠിക്കുന്ന കാലമായതിനാൽ തന്നെ കയ്യിൽ വലിയ കാശൊന്നുമില്ല. വീട്ടിൽ നിന്ന് കിട്ടുന്ന കാശ് തന്നെ തികയില്ല. അതിനാൽ തന്നെ വിളിക്കുകയെന്നത് ആഢംബരമാണ്.  എസ് എം എസ് അൺലിമിറ്റഡ് ഫ്രീ ആയതിനാൽ പുല‍ർച്ചെ 3 മണിക്കൊക്കെ അയക്കാൻ തുടങ്ങും. അത് അവസാനിക്കൽ പലപ്പോഴും അടുത്ത ദിവസം പുലർച്ചെ ആയിരിക്കും. ഉറക്കമെല്ലാം എസ് എം എസ് അപഹരിച്ചകാലം. 

പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിന് പക്ഷെ നല്ല ഓഫറുകൾ ഒക്കെ കമ്പനി നൽകാറുണ്ട്. മാസം ഇത്രമണിക്കൂ‍ർ ഫ്രീ കോൾ എന്നതോ അൺലിമിറ്റഡ് ഫ്രീ കോൾ എന്നൊക്കെ എടുക്കുന്ന പ്ലാനനുസരിച്ച് കിട്ടും. അന്ന് മെസെജ് അയച്ചാൽ പോര, വിളിച്ചാലേ മതിയാകൂവെന്ന അവസ്ഥയായി. പരിഹാരം അഭിയുടെ വകയായിരുന്നു. അഭിഷേക് മത്തായി ചാക്കോയെന്ന മലയാളിയായ നാ​ഗ്പൂരുകാരന്റെ വക. അവന്റെ പിജിയിൽ അന്ന് തങ്ങാം. ഫ്രണ്ട് ഷിബുവിന് പോസ്റ്റ് പെയ്ഡ് കണക്ഷനുണ്ട്. അൺലിമിറ്റഡ് കോൾ ഫ്രീ! അത് മാത്രമല്ല, നേരത്തെ ഫോണിൽ വിളിച്ച് പറഞ്ഞ സങ്കടത്തിന് പരിഹാരം കാണാനും അവന് സാധിക്കും. അങ്ങനെ രാത്രിയിൽ  അവരുടെ മുറിയിൽ താമസിച്ച് ഫോൺ വിളിയായിരുന്നു. രാത്രി എത്രനേരം വരെയെന്ന് ഓ‍ർമയില്ല. അക്കാലം വരേയുമുള്ള ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫോൺ വിളി അതായിരുന്നു. 

പിറ്റേന്ന് ഉച്ചയ്ക്ക് മടങ്ങുംവരേയും അവന്റെ ഫോൺ എന്റെ കയ്യിൽ തന്നെയായിരുന്നു. പാവം ഷിബു. അവനിന്ന് ഒപ്പമില്ല. നാ​ഗർകോവിലിലെ ഒരു പള്ളിയുടെ പിന്നാംപുറത്ത് അവനുറങ്ങുന്നുണ്ട്. ഫോൺ എത്രവേണമെങ്കിലും വിളിക്ക് മച്ചാ എന്ന് പറഞ്ഞ് നോക്കിയ 1100 മൊബൈൽ എനിക്ക് നേരെ നീട്ടി ചിരിച്ചുകൊണ്ട് നിന്ന ആ നിളം കൂടിയ അവന്റെ ചിത്രം ഇപ്പോഴും കൺമുന്നിലുണ്ട്. എന്നെങ്കിലും ഒരിക്കൽ ഷിബുവിന്റെ കുഴിമാടത്തിൽ പോയി ഒരു തിരിതെളിക്കണമെന്ന് അഭിയുടെ ആ​ഗ്രഹമായിരുന്നു.  അവൻ ലണ്ടനിലേക്ക് ചേക്കേറും മുമ്പ് ഒരിക്കൽ പോകാൻ പ്ലാനിട്ടെങ്കിലും സാധിച്ചില്ല... (ഇന്നലെ ആയിരുന്നു ഷിബുവിൻറ്റെ ചരമവാർഷികം). 

ബാംഗ്ലൂരിന്റെ ഫ്രെബ്രുവരി രാവുകളിലിപ്പോഴും തണുപ്പ് നിറയുന്നുണ്ടാകാം. എസ് എം എസുകൾ ആളുകൾ എന്നേ മറന്നിരിക്കുന്നു. ഫോൺ വിളികൾ ഇപ്പോൾ അന്നത്തേത് പോലെയല്ല, കണ്ടുസംസാരിക്കാനുള്ള സംവിധാനങ്ങൾ വരെ എത്തി. മെറ്റവേഴ്സിന്റെ കാലത്തേക്ക് നാം നടന്നുകയറിക്കഴിഞ്ഞു. മാർഷൽ മക്ലൂഹൻ പറഞ്ഞ ആ​ഗോള​ഗ്രാമം ഇന്ന് കടുകുമണിയോളം ചുരുങ്ങിക്കഴിഞ്ഞു. എന്നിരുന്നാലും അന്നത്തെ പ്രണയത്തിന്റേയും വിരഹത്തിന്റേയും നഷ്ടപ്പെടലിന്റേയും സുഖത്തിനും ദുഖത്തിനും നൊമ്പരത്തിനുമെല്ലാം ഇന്നും അതേതീവ്രത തന്നെ....

Monday, 14 February 2022

കാലം തെറ്റിയ മഴപ്പെയ്ത്തുകൾ...

എന്നും  മഴയുണ്ട് അകമ്പടിയായി. 
കുന്നിറങ്ങിയും കയറിയും നീങ്ങുന്ന ആ ബന്ധത്തിൻറെ ഏതൊരു സന്ദിഗ്ധ ഘട്ടത്തിലും മഴയുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഒരു തരത്തിൽ പറഞ്ഞാൽ മഴയ്ക്കൊപ്പമാണ് ആ ബന്ധം വളർന്നത്. പ്രകൃതി എപ്പോഴും അതിൻറെ ഒരു ഭാഗമാകാൻ ആഗ്രഹിക്കും പോലെ..
ആ വൈകുന്നേരത്ത് കാർമേഘങ്ങൾ സൂര്യനെ മറക്കാതെ പെയ്ത വെറും ചാറ്റലായി. പിന്നെ അത് ഇഴമുറിയാതെ പെയ്യുന്ന നൂൽ മഴയായി വളർന്ന്, കോരിച്ചൊരിയുന്ന മഴയായി. ഒടുവിൽ ഒരു തുലമഴപ്പെയ്ത്തിലാണ് എല്ലാം അവസാനിച്ചത്.  
കാലങ്ങൾക്കിപ്പുറം ഒരിക്കൽകൂടി ഒരു നനുത്ത ചാറ്റൽ മഴ കൊണ്ടു തുടങ്ങിയപ്പോഴും എടവപ്പാതിയും തുലാവർഷവുമെല്ലാം വീണ്ടും പ്രതീക്ഷിച്ചിരുന്നുവോ? അറിയില്ല. പക്ഷെ കാലം തെറ്റി പെയ്ത മഴയിലെല്ലാം ആ ഓർമകൾ നിറഞ്ഞേകിടക്കുന്നു. 
ആരും പറഞ്ഞല്ല ആരും ആരുമായും ഓർമകൾ സൃഷ്ടിക്കുന്നത്. ആരും പറഞ്ഞല്ല ആരും ആരേയും ഓർക്കുന്നത്. ആരും പറഞ്ഞല്ല ആരും ആരേയും മറക്കുന്നത്. ആരും ആരോടും ചോദിച്ചുമല്ല ഇഷ്ടങ്ങളും പെരിത്തിഷ്ടങ്ങളുമെല്ലാം ഉടലെടുക്കുന്നത്. അതെല്ലാം നിമിത്തങ്ങളാണ്. സംഭവിക്കണമെന്ന്  എവിടെയോ കുറിച്ചിടപ്പെട്ടതാണ്. 
ഒറ്റയ്ക്ക് ആകുന്നത് നാം ഒറ്റയ്ക്കാകാൻ ആഗ്രഹിക്കുമ്പോളല്ല. മറിച്ച് ആരെങ്കിലുമൊക്കെ നമ്മെ ഒറ്റപ്പെടുത്തുമ്പോളാണ്. ചുറ്റിലും ആരെല്ലാമണ്ടെങ്കിലും ഒറ്റൊരാൾ പോലുമില്ലെന്ന് തോന്നിപ്പിക്കാൻ കേവലം  ഒരാൾ മാത്രം വിചാരിച്ചാൽ മതിയാകും. ആ ഒരാളാകും ഒരുപക്ഷെ ഒരുലോകം തന്നെയും. ഒറ്റപ്പെടൽ എന്നത് ഏറ്റവും ഭയാനകമാവുന്നതും അതിനാലാണ്. 
ചുറ്റിലും നിഴൽ പോലെ പിന്തുടരുന്ന ഒരുപറ്റം പേരുണ്ട്. അകന്നിരുന്നും അടുത്തിരുന്നും സുഖത്തിൽ സന്തോഷിച്ചും  ദുഖത്തിൽ വളരെ സങ്കടപ്പെട്ടും നിഴലാകുന്നവർ. പേരിട്ട് വിളിക്കാനാവാത്ത ബന്ധങ്ങൾ. ദേഷ്യപ്പെടലുകൾ, പൊട്ടിത്തെറികൾ, പൊട്ടിച്ചിരികൾ, ചേർത്തുപിടിക്കലുകൾ എല്ലാം 'എന്നിലെ എൻറെ' സ്വഭാവസവിശേഷതകളാണെന്ന് തിരിച്ചറിയുന്നവർ. അവർ നിഴൽപോലെ പിന്തുടരുമ്പോഴും ഒറ്റപ്പെടലിൻറെ ആഴങ്ങളിലേക്ക് ഊളിയിട്ടുപോകുന്നുവെന്നതും നിമിത്തമായിരിക്കണം. 
ഹ്രസ്വവും ദീർഘവുമായ എല്ലാ ആഘോഷരാവുകൾക്കൊടുവിലും നമ്മൾ ഒറ്റയ്ക്കാവും. നൃത്തശാലകളിലെ ഫ്ലോറുകൾ ശൂന്യമാകും. മങ്ങിയ സ്ട്രീറ്റ് വെളിച്ചത്തിലും നിരത്ത് വിജനമാകും. വഴികൾ നീണ്ടുകൊണ്ടേയിരിക്കും. ഓർമയുടെ കൊടിപട വീശി നാം നമ്മിൽ നിന്നിറങ്ങി നിരാലംബരായി നടക്കും. ഓർമകളുടെ വേട്ടയാടലിൽ പെട്ട് പുളയുന്നവന് വേദനയല്ലാതെ മറ്റെന്ത് സമ്മാനം. എങ്കിലും നൊമ്പരപ്പെടുത്തുന്ന ആ നീറ്റലിൽ പോലും  സുഖം കണ്ടെത്തും.. എങ്ങോ ഒരുകോണിൽ അവരിപ്പോഴും സന്തോഷത്തോടെയിരിപ്പുണ്ടാകുമെന്ന വിശ്വാസം ചിന്തകളെ തണുപ്പിക്കും.
 
ആകാശത്ത് ഒരു കൊള്ളിയാൻ വെട്ടി. ഇടിവെട്ടിനൊപ്പം മറ്റൊരു മഴയും കാലം തെറ്റി താഴേയ്ക്ക്. എടവപ്പാതിയും തുലാവർഷവും പിന്നാലെ വരുമായിരിക്കാം,,,,

Xpect tHe unXpected 

Tuesday, 8 February 2022

മടക്കയാത്ര

മടക്കയാത്രകൾ
എപ്പോഴും വേദനയാണ്.
മനുഷ്യരിൽ നിന്നായാലും 
ഭൂപ്രദേശങ്ങളിൽ നിന്നായാലും ശരി.
ജീവിതങ്ങളായാലും
പ്രദേശങ്ങളായാലും
ഓർമകളുടെ അടയാളങ്ങൾ
നമ്മിൽ അവശേഷിപ്പിക്കും.
ഓരോന്നും നമ്മെ 
തിരികെ വിളിച്ചുകൊണ്ടേയിരിക്കും.
പ്രദേശങ്ങളിലേക്കുള്ള
മടങ്ങിപ്പോക്ക് പോലെ
പക്ഷെ അത്രയെളുപ്പമാവില്ല
ചില ജീവിതങ്ങളിലേക്കെങ്കിലുമുള്ള
തിരിച്ചൊഴുക്ക്.
നമ്മൾ എത്രയാഗ്രഹിച്ചാലും
ആ വഴികളിൽ കല്ലുകൾ
നിറഞ്ഞേകിടക്കും... 

Sunday, 6 February 2022

എൻറ്റെ പിഴ!

എൻറ്റെ പിഴ !
ഇപ്പോഴും
ഹ്രസ്വമെങ്കിലും
നീ സമ്മാനിച്ച
ഓർമകളിൽ,
പങ്കിട്ട
വിശേഷങ്ങളിൽ,
നീട്ടിയ
വിരൽതുമ്പിൽ
പറ്റിപിടിച്ച്
ജീവിച്ചത്,
ജീവിക്കുന്നത്
എൻറ്റെ പിഴ!
എൻറ്റെ മാത്രം
വലിയ പിഴ !!! 

Wednesday, 2 February 2022

പരേതാത്മാക്കൾ

ചിലരുണ്ട്,
ഒരാളുടെ
ഹൃദയത്തിൽ
ജീവിക്കും മുമ്പേ
മരിച്ച്  പോയവർ.
അല്ലെങ്കിൽ
മരിച്ചുവീണതറിയാതെ
ഇപ്പോഴും
ജീവിക്കുന്നുണ്ടെന്ന്
സ്വയം
തെറ്റിദ്ധരിപ്പിക്കപ്പെട്ടവർ.
ഒരുപക്ഷെ
അത്തരം
പരേതാത്മാക്കളാണ്
അധികവും,
എന്നെപ്പോലെ...!!!


Tuesday, 25 January 2022

റദ്ദ് ചെയ്യപ്പെടുന്നവർ

രിക്കൽ 

ഒപ്പം നടന്നവർ, 

ഒപ്പം ഇരുന്നവർ

പെടുന്നനെ ഒരുനാൾ

മാഞ്ഞുപോകുമ്പോൾ

എന്താകും അവശേഷിക്കുക !

വേദനയോ അതോ ഓർമകളോ ?

നടന്ന വഴികൾ,

ഇരുന്ന ബെഞ്ചുകൾ,

പങ്കിട്ട പുസ്തകങ്ങൾ,

നനഞ്ഞ മഴകൾ,

ചേർത്തുപിടിച്ച കരങ്ങൾ

എല്ലാം നൊമ്പരമായി നിറഞ്ഞിട്ടും

ഏറെ വേദനിപ്പിച്ചിട്ടും

ആ ഓർമകളെ 

നിധിപോലെ

ചേർത്തുവെച്ചതല്ലേ നിങ്ങൾ ?

എന്നിട്ടും

അവരെന്തേ

ഓർമകളെ

ഒറ്റവാക്കിനാൽ

റദ്ദ് ചെയ്തു !

ഓർമകൾക്കൊപ്പം

നിങ്ങളും

റദ്ദാക്കപ്പെട്ടിരിക്കുന്നുവെന്നത്

അവർ പറയുന്നില്ലെന്ന് മാത്രം. 

Monday, 24 January 2022

നമുക്ക് പങ്കുവെക്കാൻ സമയം മാത്രമാണുള്ളത്

 'ഭൂതകാലം' എന്ന സിനിമ കണ്ടു കഴിഞ്ഞദിവസം. ഷെയിൻ നിഗം നിർമിച്ച് അഭിനയിച്ച ഹൊറർ ത്രില്ലർ പടം. രേവതിയും ഷെയിനും നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. മലയാളസിനിമ അത്രയൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത പ്രമേയമാണ് ഭൂതകാലം പറയുന്നത്. ഡിപ്രഷൻ എന്നത്. (സിനിമയിലെ ഹൊറർ പാർട്ട് പലസിനിമകളും പലകുറി ഉപയോഗിച്ച് കരിമ്പിൻ ചണ്ടിയായത് തന്നെ). അതിൽ ഷെയിൻ അമ്മയായ രേവതിയോടും കാമുകി പ്രിയയോടും സംസാരിക്കാൻ ശ്രമിക്കുന്ന, അതിനായി സ്ട്രഗിൾ ചെയ്യുന്ന സീനുകളുണ്ട്. താൻ അനുഭവിക്കുന്നത് കൃത്യമായി പറയാനാവാതെ, പറയുന്നത് മറ്റുള്ളവർ വിശ്വസിക്കാതെ തനിക്കെന്തോ പ്രശ്നമുണ്ടെന്ന് എല്ലാവരും കരുതുകയാണെന്ന് പരാതിപ്പെടുന്ന സീനുകൾ. കൌൺസിലിങ്ങിനെത്തുന്ന സൈക്കോളജിസ്റ്റിനോടും ഇത് തന്നെയാണ് വിനു എന്ന നായകൻ ശ്രമിച്ച് പരാജയപ്പെടുന്നത്. വിനുമാത്രമല്ല, വിനുവിൻറെ അമ്മയും മുത്തശ്ശിയുമെല്ലാം ഇത്തരത്തിൽ മാനസികമായ പ്രതിസന്ധികൾ നേരിടുന്നവരോ നേരിട്ടവരോ ആണ്. ക്ലൈമാക്സിന് മുമ്പായി അമ്മയോട് വിനു തൻറെ പ്രശ്നമെന്താണെന്ന് പറയുന്ന ആ ഡയലോഗ് മാത്രം മതി ഓരോ മനുഷ്യനും തെളിഞ്ഞും മറഞ്ഞും അനുഭവിക്കുന്ന ഒറ്റപ്പെടലിൻറെ, സംഘർഷത്തിൻറെ കാരണം അറിയാൻ.

നമ്മളെ കേൾക്കാൻ, സ്നേഹിക്കാൻ ഒരാളുണ്ടാവണം എന്നതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നാം സ്നേഹിക്കുന്നയാൾ നമ്മളെ മനസിലാക്കണമെന്നും തിരിച്ച് അതേപോലെ സ്നേഹിക്കണമെന്നും ആരും ആഗ്രഹിക്കും. ആ സമയത്ത് ഒരാൾ കേൾക്കാൻ ഇല്ലെങ്കിൽ ദേഷ്യവും വിഷമമവും തോന്നും. അത് മാത്രം മതി ആ വ്യക്തിയുമായി നമുക്ക് ദേഷ്യം തോന്നാനും പിന്നീട് പിണങ്ങാനും. ഒരുപക്ഷെ ഒരാളെ വിഷാദത്തിലേക്ക് തളളിയിടാനും അത് മാത്രം മതി.

പക്ഷെ അതേസമയം തന്നെ നമ്മളെ കേൾക്കുന്നയാൾക്ക് സമാനമായ ഒരു ആവശ്യം വരുമ്പോൾ കേൾക്കാൻ നമ്മളും തയ്യാറാകേണ്ടതുണ്ട്. പക്ഷെ പലപ്പോഴും നമുക്ക് അതിന് സാധിക്കാതെ വരുകയോ ആ സമയത്ത് നമ്മൾ മറ്റുവല്ല കാര്യത്തിലും മുഴുകിയിരിക്കുകയോ ആയേക്കാം. നമ്മളെ അവർ കേൾക്കണം എന്ന് നമ്മൾ ആഗ്രഹിക്കുന്നത് പോലെ തന്നെ അവരും അവരെ കേൾക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവില്ലേ. അതിനെ പ്രതീക്ഷയെന്നോ സാമാന്യമര്യാദയെന്നോ വിളിച്ചാലും തെറ്റല്ല.


ഒരു മനുഷ്യനായാലും മറ്റ് ജീവജാലങ്ങൾക്കായാലും നമുക്ക് നൽകാനുള്ളത് നമ്മുടെ സമയം മാത്രമാണ്. ഒരാളെ കേൾക്കുമ്പോൾ അയാളുടെ പ്രശ്നത്തിന് നമ്മൾ പരിഹാരം കണ്ടെത്തി നൽകുന്നുവെന്നല്ല അർത്ഥം. അയാൾക്ക് ഒരു ആശ്വാസം പകരുന്നുവെന്ന് മാത്രമാണ്. ഒരു വ്യക്തിയുടെ പ്രശ്നങ്ങൾ മുഴുവനും കോംപ്ലക്സായോ ഈഗോയായോ അഹങ്കാരമായോ അതുമല്ലെങ്കിൽ അയാളുടെ തോന്നലുകൾ മാത്രമായോ വിശേഷിപ്പിച്ച് നമ്മൾ തള്ളികളയാറുണ്ട്. അങ്ങനെയാണ് പലപ്പോഴും സംഭവിക്കാറ്. പക്ഷെ അതൊന്നും അയാളുടെ വെറും തോന്നലുകളോ ഈഗോയോ ഒന്നും ആയിരിക്കണമെന്നില്ല. ഓരോ തോന്നലുകൾക്കും – തോന്നലുകൾ ആണെങ്കിൽ തന്നെ – ഓരോ കാരണങ്ങൾ അയാൾക്കും പറയാൻ കാണില്ലേ. അയാള കേട്ടാലല്ലെ അത് എന്താണെന്ന് തിരിച്ചറിയാനാവു. അയാളെ കേൾക്കാതെ എങ്ങനെ നിങ്ങൾ അയാളുടെ പ്രശ്നം വെറും തോന്നലായി അടയാളപ്പെടുത്തും. അങ്ങനെ നമ്മൾ ഒരാളുടെ വെറും തോന്നലായി അടയാളപ്പെടുത്തിയതെല്ലാം പലപ്പോഴും നമ്മുടെ മാത്രം വെറും തോന്നലുകളായിരുന്നുവെന്നതിനാലാണ് അവരിൽ പലരും വിഷാദത്തിൻറെ കൊടുമുടി കയറിയത്, ചിലരെങ്കിലും ആരും കാണാത്ത, കേൾക്കാത്ത ദൂരത്തേക്ക് സ്വയം ഊർന്നിറങ്ങിപ്പോയത്. അവരെ അന്ന് ഒന്ന് കേട്ടിരുന്നുവെങ്കിലെന്ന് പിന്നീട് പലപ്പോഴും നമ്മൾ സ്വയം സങ്കടപ്പെട്ടിട്ടില്ലേ. പലപ്പോഴും നമ്മൾ സ്വാർത്ഥരാകുന്നുവെന്നതാണ് വസ്തുത. നമ്മെ അന്വേഷിച്ചില്ലെങ്കിൽ, നമ്മളെ കേൾക്കാൻ മറ്റുള്ളവർക്ക് സാധിക്കാതെ പോയാൽ, വിശേഷദിവസങ്ങളിൽ നമ്മളെ ആശംസിച്ചില്ലെങ്കിൽ നമുക്ക് ദേഷ്യവും വിഷമവും നമ്മെ മൈൻഡ് ചെയ്യുന്നില്ലെന്നുമുള്ള പരാതികളും ഉയരുന്നത്. പക്ഷെ ഇതെല്ലാം നമ്മൾ തിരിച്ചുചെയ്യാറുണ്ടോയെന്ന് നമ്മൾ  പലപ്പോഴും ഒരിക്കലും സ്വയം വിശകലനം ചെയ്യാറുമില്ല. പരസ്പരം ബഹുമാനിക്കൽ തന്നെയാണ് ഏതൊരു ബന്ധത്തിലും വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ തിരക്കുകളുമായി ജിവിക്കുമ്പോൾ ഇല്ലാതാകുന്നത് ഈ പരസ്പര ബഹുമാനമാണ്. അതില്ലാതാകുന്നതോടെ ഇരുവർക്കുമിടയിലുള്ള ഇടം ഇല്ലാതാകും. അവൻ/അവൾ അവിടെ തന്നെ ഉണ്ടാകുല്ലോ, എപ്പോൾ വേണമെങ്കിലും സൌകര്യം പോലെ പരിഗണിക്കാമല്ലോ എന്ന് കരുതുന്നിടത്ത് കൊട്ടിയടക്കപ്പെടുന്നത് ആ ഇടത്തിലേക്കുള്ള ചെറുവാതിലുമാത്രമല്ല, സ്നേഹവും പ്രതീക്ഷകളുമാണ്. കാലം ഒന്നിനും ആർക്കും വേണ്ടിയും കാത്തിരിക്കില്ല. നിങ്ങൾക്ക് അനുവദിക്കപ്പെട്ട അതേ സമയം മാത്രമേ നിങ്ങളുടെ തിരക്കിനും ബന്ധങ്ങൾക്കും ആഘോഷങ്ങൾക്കും ആചാരങ്ങൾക്കുമെല്ലാം ഉള്ളു. അതിനായി വേറെ സമയം കണ്ടെത്താനാവില്ല, സൃഷ്ടിക്കാനുമാവില്ല. സമയം വിലപ്പെട്ടതാണ്, നല്ലൊരു ബന്ധം പോലെ തന്നെ.   

Saturday, 22 January 2022

നിറയെ സ്നേഹം

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട
രണ്ടുകാര്യങ്ങൾ
അറിവും സമയവും. 
കൊഴിഞ്ഞുപോകുന്ന കാലത്തെ
ഇതിനേക്കാൾ നന്നായി ഓർമിപ്പിക്കതെങ്ങനെ!

 
സ്നേഹത്തെ
അക്ഷരമായും സമയമായും 
മധുരമായും
അടയാളപ്പെടുത്തിയവരേ
ഒരു നൂറുനൂറായിരം 
ഇഷ്ടം

വയസ്

പ്രായം

കൂടിയിട്ടൊന്നുമില്ല.

കാരണം,

മരിച്ചവന്

പ്രായം

ഏറുന്നില്ലല്ലോ !

Friday, 21 January 2022

പറ്റ് പുസ്തകം

യുസ്സിനൊരു കണക്കുപുസ്തകമുണ്ടത്രേ.

കൂട്ടിയും കിഴിച്ചും ഒരുവൻ

ജീവിച്ച് മരിച്ചതിൻറെ 

പറ്റ് പുസ്തകം. 

സുഖങ്ങൾ നാളേക്ക് കൂട്ടിവെച്ച്

ഇന്ന് ജീവിക്കാൻ മറന്നതിൻറെ 

ബാക്കിപത്രം.

എന്നാൽ ദു:ഖമാവട്ടെ 

നാളേക്ക് മാറ്റിവെക്കാതെ

അന്ന് തന്നെ കിഴിച്ചും തീർത്തു.

ഒടുവിൽ,

ഹരിച്ചും ഗുണിച്ചും

കണക്കൊക്കാതെ 

ജീവിതമവസാനിപ്പിച്ചവൻ

അവശേഷിപ്പിച്ച

കീറിപ്പറിഞ്ഞ് 

പലകുറി

കുത്തിക്കെട്ടിയ 

കണക്ക്പുസ്തകത്തിനായി

മാവിൻതടിയിലെ ചിത

അക്ഷമയോടെ

കാത്തുനിന്നു.. 




Thursday, 20 January 2022

ഒരു പേരിനാൽ അതിരിടാത്ത ഇടങ്ങൾ

മ്പാർട്ട്മെൻറിൽ വലിയ തിരക്കില്ല. മുന്നിലെ സീറ്റിലെ രണ്ട് പേർക്ക് പുറമെ അങ്ങിങ്ങായി നാലോ അഞ്ചോ പേർ മാത്രമുണ്ട് യാത്രചെയ്യാൻ.
നേരം രാത്രിയാകുന്നതേയുള്ളു. നല്ല തണുപ്പ്.
ഉള്ളിൽ ചെറിയ പനിയുള്ളതിനാലാവണം പുറത്തുനിന്ന് അടിക്കുന്ന ചെറിയകാറ്റിൽ പോലും വല്ലാതെ വിറയൽ അനുഭവപ്പെടുന്നത്. 
ചുറ്റിലുമുള്ള ജനവാതിലുകളും അടച്ച് ബാഗിലുണ്ടിയിരുന്ന ചെറിയ ഷാൾ എടുത്ത് പുതച്ചു. എന്നിട്ടും തണുപ്പ് മാറാത്തപോലെ. 
കൊവിഡ് കാലമായതിനാൽ തന്നെ ചെറിയ ആശങ്കയുണ്ട്. ജാഗ്രത പാലിക്കണമെന്ന് എത്രതന്നെ സ്വയം പറഞ്ഞാലും ശ്രമിച്ചാലും പാളിപോകുന്ന ചിലസമയങ്ങളുണ്ടാകും. അതുമതി സ്ഥിതി മാറിമറിയാൻ. മുന്നിലെ യാത്രക്കാരിൽ ഒരാൾ മാസ്ക്ക് താടിക്കാണ് ഇട്ടിരിക്കുന്നത്. മറ്റേയാളാകട്ടെ ഇട്ടിട്ടേയില്ല. പരസ്പരം പുണർന്ന് കളിയും ചിരിയുമായി ഇരിക്കുകയാണ് ഇരുവരും. 

ഏറെ നേരം നെറ്റ്ഫ്ലിക്സിലും പിന്നീട് പുസ്തകത്തിലും തലപൂഴ്ത്തിയിരുന്നിട്ടും നേരം കടന്നുപോകാത്തത് പോലെ. തീവണ്ടി കൃത്യസമയം പാലിച്ചാണ് ഓടുന്നതെങ്കിലും വേഗത പോരാത്തത് പോലെ. വേഗത്തിൽ എത്തിച്ചേരാനുള്ള ഇടം മാത്രമായിരുന്നു മനസിൽ. ഇറങ്ങാനുള്ള സ്റ്റോപ്പല്ല, മറിച്ച് അവിടെ സ്വീകരിക്കാനായി എത്തുന്ന ആളിലായിരുന്നു ചിന്തകൾ മുഴുവനും. ഒരുമിച്ചൊരു ചൂടുകാപ്പി കുടിക്കാൻ,  അവസാനം കണ്ട് പിരിഞ്ഞതിനു ശേഷമുള്ള ഓരോ വിശേഷവും പങ്കുവെക്കുവാൻ, വിഷമങ്ങളുടെ, വേദനകളുടെ ഭാണ്ഡകെട്ട് ഇറക്കാൻ, അനുവാദമില്ലാതെ പൊടിഞ്ഞിറങ്ങുന്ന കണ്ണീർതുള്ളികൾ തോളിൽ ചാരി തുടയ്ക്കാൻ, നമ്മെ അറിയുന്ന, പറയാതെ തന്നെ നമ്മെ മനസിലാക്കുന്ന ആ ഒരാൾ,  മുൻവിധികളോ പ്രതീക്ഷകളോയില്ലാതെ നമ്മെ സ്വീകരിക്കൊനൊരുവൻ, കരയാനൊരു തോൾ എന്നതിലുപരി താങ്ങാവാനൊരു തോൾ എന്നതാണ് ഈ ബന്ധത്തിൻറെ കരുത്ത്.  അതൊരുഭാഗ്യമാണ്. അത്തരമൊരാൾ കാത്ത് നിൽക്കാൻ  ഉണ്ടെന്നത് തന്നെ ഏതൊരുയാത്രയ്ക്കും വേഗതപോരെന്ന് വെറുതെയെങ്കിലും തോന്നിപ്പിക്കും. അതൊരു പ്രണയം ഒന്നുമാകണമെന്നില്ല. പ്രണയത്തിനുമപ്പുറമാണ് അവ. ഒരു പേരിട്ട് അതിൻറെ അതിർവരമ്പുകളിൽ തളച്ചിടപ്പെടാനാവാത്തതാണ് അത്തരം ബന്ധങ്ങൾ. 

ഇങ്ങോട്ടുള്ള യാത്ര തുടങ്ങിയത് തന്നെ തിരിച്ചുള്ള ഈ യാത്രയ്ക്ക് വേണ്ടിയായിരുന്നു എന്ന് പറഞ്ഞാലും തെറ്റല്ല. ദീർഘവും ഹ്രസ്വവുമായ ഓരോ യാത്രയ്ക്കൊടുവിലും നമ്മൾ കാലൂന്നി ഇറങ്ങുന്നത് സ്ഥലങ്ങളിലേക്കല്ല, അവിടെ നമ്മെ കാത്തിരിക്കുന്നവരുടെ ഹൃദയത്തിലേക്കാണ്.

മണിക്കൂറുകളോളം സമാന്തരപാളങ്ങളിലൂടെ കൂകി കിതച്ച് തീവണ്ടി പ്ലാറ്റ് ഫോമിൽ വന്ന് നിന്നപ്പോൾ തന്നെ കാലുകൾ ചിന്തകളേക്കാൾ വേഗത്തിൽ ചലിച്ചു. കാത്തിരുന്ന, നമ്മെ കാത്തിരിക്കുന്ന ആ ഇടത്തിലേക്ക് ഓടിയെത്താനുള്ള വ്യഗ്രത. ചിരിച്ചുകൊണ്ട് സ്വീകരിക്കാൻ കാത്തുനിൽക്കുന്നവനിലേക്ക് അകലെ നിന്നേ കരങ്ങൾ നീട്ടി ഓടിയെത്തുമ്പോൾ മനസിനുള്ളിൽ അണതീർത്ത് തടഞ്ഞ അനേകായിരം സങ്കടങ്ങൾ ഇല്ലാതാവുന്നത് അറിയുന്നു. പനിയും ക്ഷിണവും വിശപ്പുമെല്ലാം വെറും തോന്നലായി മാറിയത് പോലെ.

വാഹനത്തിലേറി നഗരപാതയിലൂടെ നക്ഷത്രങ്ങൾ ചിതറി കിടക്കുന്ന ആകാശം നോക്കി യാത്രയാകവെ  എങ്ങോ ഒളിഞ്ഞിരുന്ന സന്തോഷം പതിയേ വെളിച്ചത്തിലേക്ക് നടന്നുകയറുന്നപോലെ...

Wednesday, 12 January 2022

നഷ്ടപ്രദേശങ്ങൾ

ചിലപ്പോൾ അത് അങ്ങനെയാണ്

നാം നമ്മുടേതെന്ന് കരുതുന്ന ഭൂമി 

പെട്ടെന്നൊരുദിനം 

മറ്റാരുടേതോ ആകും.

പേപ്പറിലല്ല, 

മനസിലാണ് ചില ഭൂമിയുടെ 

അതിരുകൾ

നാം എഴുതിവെച്ചിരിക്കുന്നത്.

ആ ഭൂമിയിൽ 

നാല് കാല് താഴ്ത്തി 

നാം പണിഞ്ഞ കുടിൽ

പെടുന്നനെ നമ്മുടേതല്ലാതാകും.

മണ്ണിലാഴ്ത്തിയ മരത്തൂണുകൾ

ചിതലരിച്ച് തുടങ്ങിയിരുന്നത് പോലും

അപ്പോഴേ നാമറിയുകയുള്ളു. 

ആ മണ്ണിൽ നാം നട്ട

മുല്ലവള്ളികൾ 

ഒരുനാൾ പൂക്കാതെയാകും

സുഗന്ധം പൊഴിക്കാതെയാകും

തുമ്പികൾ പറക്കാതെയാകും

അപ്പോഴും 

നാമറിയില്ല, 

ആ ഭൂമി നമ്മുടേതല്ലെന്ന്.

ചില

സൌഹൃദങ്ങളും 

നഷ്ടപ്രദേശങ്ങളും

ഒരുപോലെയാണ്.

നഷ്ടമാകുംവരെ

നമ്മളറിയില്ല 

അത് നമ്മളിടങ്ങളല്ലെന്ന്... 


(120122)








Tuesday, 4 January 2022

നമ്മളിടങ്ങളിലെ സ്വാതന്ത്ര്യം

 ജനുവരി അഞ്ച്, 2022

ബന്ധങ്ങൾക്കിടയിൽ എപ്പോഴും വേണ്ടത് സ്വാതന്ത്ര്യമാണ്. പരസ്പരം തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം. ഒരാളോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകുന്നത് അവർക്കിടയിൽ അവരുടേതായ സ്പേസ് രണ്ട്കൂട്ടരും പരസ്പരം നൽകുമ്പോളാണ്.  ആ സ്പേസിൽ പരസ്പര ബഹുമാനമുണ്ടാകും. സ്നേഹമുണ്ടാകും. വിമർശിക്കാനും ചീത്തവിളിക്കാനും വഴക്കിടാനുമുള്ള ധൈര്യമുണ്ടാകും. വിമർശനത്തിനും ചീത്തവിളിക്കും വഴക്കിനും ശേഷം പരസ്പരം ഇരുന്ന് ഒരു പാത്രത്തിൽ നിന്ന് തന്നെ ചിരിച്ചുകൊണ്ട് ഭക്ഷണം വാരിതിന്നാനുള്ള സ്നേഹവുമുണ്ടാകണം. അപ്പോൾ മാത്രമേ ആ ബന്ധം ആത്മാർത്ഥയുള്ളതാവുന്നുള്ളു.  

ഈ ബന്ധത്തിൽ വെറും കേൾവിക്കാരൻ മാത്രമല്ല ആരും. മറ്റെയാളെ കേട്ടിരിക്കുന്നതിനൊപ്പം തന്നെ സംസാരിക്കുന്നവനുമാണ്.  ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ കേട്ടിരിക്കണം, തിരിച്ചും അങ്ങനെതന്നെയാവണം. ഒരാൾ തന്നെ എപ്പോഴും കേൾവിക്കാരനായിരുന്നാൽ ശരിയാവില്ല. കേൾവിക്കാരനും ഉണ്ടാകും പ്രശ്നങ്ങൾ എന്ന് തിരിച്ചറിയാൻ മറ്റേയാൾക്ക് സാധിക്കണം. അങ്ങനെ സാധിക്കുമ്പോളാണ് എല്ലാം മനോഹരമാകുന്നത്. പ്രണയത്തിൽ മാത്രമല്ല, സൌഹൃദത്തിലും അങ്ങനെതന്നെ. നമ്മൾ അയക്കുന്ന ചെറിയ സന്ദേശം മതി മറ്റേ എൻഡിലുള്ള വ്യക്തിക്ക് നമ്മുടെ മൂഡ് മനസിലാക്കാൻ. 

നിങ്ങൾക്കിടയിൽ അഭിപ്രായഭിന്നത പലതിലും ഉണ്ടായേക്കാം. ഒരേ അഭിപ്രായം തന്നെ എല്ലായിപ്പോഴും രണ്ടുപേർക്കിടയിൽ, അവരെത്ര വലിയ സുഹൃത്തുക്കളായാലും കമിതാക്കളായാലും സഹോദരങ്ങളായാലും ഉണ്ടാകണമെന്നില്ല. പരസ്പരം അഭിപ്രായം പറഞ്ഞ് വഴക്കിട്ടെന്നിരിക്കാം, ഇറിറ്റേറ്റ് ചെയ്യിച്ചെന്നുമിരിക്കാം. പക്ഷെ അതുകൊണ്ടൊന്നും തന്നെ നിങ്ങൾക്കിടയിലെ സ്നേഹവും സ്വാതന്ത്ര്യവും ബഹുമാനവും റദ്ദ് ചെയ്യപ്പെടുന്നില്ല. നിങ്ങൾക്ക് പറയാനുള്ളത് പറയുക തന്നെ ചെയ്യണം. അതിനെ ചൊല്ലിയും ഒരുപക്ഷെ തർക്കിച്ചേക്കാം. അതിനർത്ഥം നിങ്ങൾ നിരന്തരം തർക്കിച്ചുകൊണ്ടേയിരിക്കുമെന്നല്ല. ഇനി അഥവാ നിങ്ങൾ തർക്കിക്കുന്നുവെങ്കിൽ തന്നെ അതിനർത്ഥം അതിനുള്ള സ്വാതന്ത്ര്യം, ഇടം നിങ്ങൾക്കിടയിൽ ഉണ്ടെന്നാണ്. ആ സ്വാതന്ത്ര്യം മറ്റേയാൾ നിങ്ങൾക്ക് നൽകുന്നുവെന്നത് തന്നെയാണ് നിങ്ങൾക്കിടയിലെ ഏറ്റവും വലിയ ബ്ലസ്സിങ്. 

വിഷമം വരുമ്പോൾ, സന്തോഷം വരുമ്പോൾ ഓടിച്ചെന്ന് പറയാൻ നമ്മൾ ആദ്യം തിരഞ്ഞെടുക്കുന്നത് ആ അയാളെയായിരിക്കും. എന്തുണ്ടെങ്കിലും മറ്റാരോടും പറയാനാവാത്തതും തന്നോട് പറയുമെന്ന് ഒരാൾ വിശ്വസിക്കുന്നത് ഈ സ്വാതന്ത്ര്യത്തിൻറെ പുറത്താണ്. അങ്ങനെ  ഒരാളില്ലാതാകുമ്പോളാണ് മനുഷ്യൻ ഒറ്റപ്പെടലിൻറെ, വിഷാദത്തിൻറെ പടിചവിട്ടാൻ തുടങ്ങുന്നത്. 

ചിലപ്പോഴെല്ലാം പെട്ടെന്ന് അത്തരത്തിലുള്ളൊരാൾ ഒന്നും പറയാതെ മൌനിയാകുമ്പോഴാണ് നമ്മൾ ഏറ്റവും അധികം വേദനിക്കുക. മറ്റുള്ളവർ നമ്മെ എത്ര മനസിലാക്കിയെന്ന സംശയം - അനാവശ്യമായ സംശയം - ഉയരുമ്പോളാണ് നമ്മുടെ സ്പെയിസ് ഇല്ലാതായി എന്ന് പലപ്പോഴും നമ്മൾക്ക് അനുഭവപ്പെടുക.  നമ്മളിടങ്ങൾ പലപ്പോഴും നഷ്ടമാകുന്നത് അപ്പോഴാണ്.   

നിങ്ങളെ മനസിലാക്കുന്നയാൾ ഒരിക്കലും നിങ്ങളുടെ സ്പെയിസ്, നിങ്ങളോടുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കില്ല, അത് നിഷേധിക്കില്ല. അങ്ങനെ ചെയ്യുന്നുവെങ്കിൽ അവർ നിങ്ങളെ മനസിലാക്കിയിട്ടില്ല എന്നർത്ഥം. 

സ്വാതന്ത്ര്യമെന്നത് ഒരാൾ നമുക്ക് നൽകുന്ന ഔദാര്യമല്ല, ദയയല്ല, സഹാനുഭൂതിയുമല്ല. അതൊരു പരസ്പരവിശ്വാസവും ബഹുമാനവുമാണ്. അത്  ഇല്ലെന്ന് ബോധ്യപ്പെടുമ്പോൾ ആ ഇടത്തിൽ നിന്ന് ബഹളങ്ങളില്ലാതെ ഇറങ്ങിപോകാനും കൂടിയുള്ളതാണ് നിങ്ങളുടെ സ്വാതന്ത്ര്യം.

Saturday, 1 January 2022

സ്നേഹത്തിൻറെ നെരിപ്പോടിൽ എരിയുന്നവർ...

ജനുവരി ഒന്ന്,2022

സമയം : വൈകുന്നരം ആറ് മണി


നെറ്റ് വർക്ക് മോശമായതിനെ തുടർന്ന്, ഒരു പ്രധാനകാര്യം പറയാനുണ്ടെന്ന് മാത്രം പറഞ്ഞ് കട്ടായ കോൾ വീണ്ടും വന്നു

'എന്താണ് കല്ല്യാണമായോ....' എന്ന തമാശയ്ക്ക് ചോദിക്കുന്നു

'ഇല്ല..അത് പൊട്ടി...ഞങ്ങൾ ബ്രേക്കപ്പായി..രണ്ടാഴ്ച്ചയിലേറെയായി....'

ശബ്ദം ഇടറാതിരിക്കാൻ വേണ്ടിമാത്രം വളരെ വേ​ഗത്തിൽ, ഒറ്റശ്വാസത്തിൽ പറഞ്ഞുതീർത്തു

പക്ഷെ, ആ വേ​ഗത്തിനിടയിലും അങ്ങേത്തലക്കലെ ഹൃദയം എവിടെയോ ഒന്നു നിലതെറ്റി മിടിച്ചു.

ഒറ്റയ്ക്കിരുന്നാൽ സങ്കടം വരുമെന്നതിനാൽ അവധിയെടുത്ത് വീട്ടിലിരിക്കുന്നുവത്രേ. ആരെങ്കിലും കളിയാക്കിയാലോ എന്ന് ഭയന്ന് ആരോടും പറയാതെ, ഉള്ളിലൊരു കുഴിയെടുത്ത് അതിൽ മറച്ചുവെക്കാൻ തത്രപ്പെടുന്നു...


ഒറ്റയ്ക്കാകുമ്പോൾ ഓർമകൾ പൊള്ളിക്കുമെന്നുറപ്പ്.

പൊള്ളിച്ചിട്ടുണ്ട്...വർഷങ്ങൾക്കപ്പുറം, ഇപ്പോഴും പൊള്ളിക്കാറുണ്ട്...

ഇതുപോലെ എത്രപ്പേർ ഓർമകളുടെ, സ്നേഹത്തിൻറെ നെരിപ്പോടിനുള്ളിൽ നീറിനീറി കഴിയുന്നുണ്ടാകണം. 

സ്നേഹിച്ചതിന്, പ്രണയിച്ചതിന്, ഒപ്പം നടന്നതിന് .... ഐ പി സിയുടെ പരിധിക്കുപ്പുറത്തുള്ള ക്രിമിനൽ കുറ്റത്തിന് ശിക്ഷയേറ്റ് വാങ്ങി ഓരോ ഓർമയിലും മരിച്ച് ജീവിക്കുന്നവർ... 

എന്തിനായിരിക്കും ഇവരെല്ലാം സ്നേഹിച്ചതും ഒരുമിച്ച് സ്വപ്നങ്ങൾ നെയ്തതും. ഇതുപോലെ മറുവശത്തെയാളും ഓർമകളെ താലോലിച്ച് ഇരിപ്പുണ്ടാകുമോ..  ഉണ്ടായേക്കാം....  

'സകലതും എവിടെയെങ്കിലും അവസാനിക്കാറുണ്ട്, പുഴ ഒഴുകി കടലിൽ ചേരുന്നത് പോലെ...' സി ജെ തോമസിൻറെ നാടകത്തിലെ സംഭാഷണമാണ്. ഇത്തരം സന്ദർഭങ്ങളിൽ പെട്ടെന്ന് നാവിൻ തുമ്പിലെത്താറുളളത്. അത് പറഞ്ഞ് ഫോൺ വെക്കുമ്പോൾ പെടുന്നനെ ഒരു മഴച്ചാർത്ത്, പലതും ഓർമ്മിപ്പിക്കാനെന്നപ്പോലെ...


അല്ലെങ്കിലും മഴയാണല്ലോ ഓർമകൾക്ക്  അകമ്പടി !

അന്നും ഇന്നും...

(010122)


Friday, 31 December 2021

കൊഴിഞ്ഞ ഇതളുകൾ

ഇതൾ 
കൊഴിയുന്നത് പോലെയാണ് 
ചിലർ 
ബന്ധങ്ങളിൽ നിന്ന് 
നിശബ്ദമായി 
ഊർന്നിറങ്ങുന്നത്. 
പലപ്പോഴും 
പൂവുപോലും 
അറിയില്ല. 

പാതയോരത്ത് 
എത്രയെത്ര ഇതളുകൾ!

 (231221)