പഞ്ചാബില്‍ ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. ഒരുപക്ഷെ തിരഞ്ഞെടുപ്പ് നടക്കുന്ന 5 ഇടങ്ങളില്‍ കോണ്‍ഗ്രസ് വാശിയോടെ പോരാടുന്ന വലിയ സംസ്ഥാനങ്ങളില്‍ ഒന്ന് പഞ്ചാബാണ്. കോണ്‍ഗ്രസിനകത്തെ ചക്കളത്തിപോര് കൊണ്ട് തന്നെ മാസങ്ങള്‍ക്ക് മുമ്പേ പഞ്ചാബ് തിരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പാര്‍ട്ടി നേതൃത്വവും ഇപ്പോഴത്തെ പിസിസി പ്രസിഡന്റുമായ നവജ്യോത് സിങ് സിദ്ദുവുമായുള്ള ഭിന്നതയെ തുടര്‍ന്ന് ആദ്യം മുഖ്യമന്ത്രിപദവും പിന്നീട് പാര്‍ട്ടിയും വിട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ തന്നെയാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തലവേദന. ക്യാപ്റ്റന്‍ ഇല്ലാതെ പഞ്ചാബില്‍ ആദ്യമായി തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസിന് അത് അഗ്നി പരീക്ഷയാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രി പദത്തിന് സിദ്ദുവും ക്യാപ്റ്റന് പകരം മുഖ്യമന്ത്രിയായ ചരണ്‍ജിത്ത് സിങ് ചന്നിയും കച്ചമുറുക്കുമ്പോള്‍.
ക്യാപ്റ്റന്‍ പാര്‍ട്ടി വിട്ടതിനപ്പുറം ബിജെപിയുമായി ചേര്‍ന്ന് മത്സരിക്കുന്നത് കേണ്‍ഗ്രസിന് പ്രതിസന്ധിയാണ്. ബിജെപി സഖ്യത്തിലെ രണ്ടാമനായാണ് അമരീന്ദറിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത്. 1999 നുശേഷം മുഖ്യസഖ്യകക്ഷിയായ ശിരോമണി അകാലിദള്ളിനെ ഒഴിവാക്കി അമരീന്ദറിനെ ഒപ്പം കൂട്ടുമ്പോള്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് എന്നാല്‍ ക്യാപ്റ്റനായിരുന്നു. ക്യാപറ്റനായിരുന്നു പഞ്ചാബില്‍ കഴിഞ്ഞ കുറേകാലമായി കോണ്‍ഗ്രസിനെ നയിച്ചിരുന്നത്. പഞ്ചാബിലെ പാര്‍ട്ടിയുടെ അവസാനവാക്കായി അമരീന്ദര്‍ നിലകൊണ്ടിരുന്നു എന്ന യാഥാര്‍ത്ഥ്യം തന്നെയാണ് കോണ്‍ഗ്രസിനെ അസ്വസ്ഥമാക്കുന്നതും ബിജെപിയെ ആവേശം കൊള്ളിക്കുന്നതും. തന്നോട് നീതകേട് കാട്ടി കോണ്‍ഗ്രസ് നേതൃത്വമെന്നാരോപിച്ചാണ് അമരീന്ദര്‍ കോണ്‍ഗ്രസ് വിട്ടത്. വിടുന്നതിന് മുമ്പേ തന്റെ ഭാവിപരിപാടി കോണ്‍ഗ്രസിന് മറുപടി നല്‍കല്‍ തന്നെയാണെന്ന് അമരീന്ദര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. അമരീന്ദറിന്റെ പുതിയ പാര്‍ട്ടി എത്രമാത്രം കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കിയെന്ന് തെളിയിക്കുന്നതാവും ഫെബ്രുവരി 20 ലെ വോട്ടെടുപ്പ്.
കര്‍ഷകസമരത്തിന് മുമ്പന്തിയില്‍ തന്നെ ഉണ്ടായിരുന്ന കര്‍ഷകര്‍ക്ക് വലിയ പിന്തുണയാണ് മുഖ്യമന്ത്രിയായിരിക്കെ അമരീന്ദര്‍ സിങ് നല്‍കിയത്. സ്ഥാനമൊഴിഞ്ഞശേഷവും കര്‍ഷകസമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമിത് ഷാ അടക്കമുള്ളവരുമായി അമരീന്ദര്‍ സിങ് ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. കര്‍ഷക വിരുദ്ധ ബില്ലുകള്‍ കേന്ദ്രം പിന്‍വലിക്കാന്‍ തയ്യാറായതില്‍ തന്റെ ഇടപെടലുകള്‍ക്കും വലിയ പങ്കുണ്ടെന്നാണ് ക്യാപ്റ്റന്റെ വാദം. പഞ്ചാബില്‍ കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ മുഖവും അടിത്തറയും നഷ്ടപ്പെട്ട ബിജെപിക്ക് അമരീന്ദറുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കര്‍ഷകരെ ഒപ്പം നിര്‍ത്താന്‍, അവരുടെ പ്രതിഷേധം ഒരു പരിധിവരെയെങ്കിലും തടയിടാന്‍ ക്യാപ്റ്റന് സാധിക്കുമെന്നാണ് ബിജെപി ദേശിയ നേതൃത്വത്തി്‌ന്റെ വിശ്വാസം. ശിരോമണി അകാലി ദള്‍ കര്‍ഷസമരത്തിന് പിന്തിണപ്രഖ്യാപിച്ച് മുന്നണി വിട്ടത് പഞ്ചാബില്‍ ചില്ലറയൊന്നുമല്ല ബിജെപിക്ക് ക്ഷീണം ചെയ്തത്.
ആം ആദ്മി പാര്‍ട്ടി ശ്കതി പ്രാപിക്കുന്ന പഞ്ചാബില്‍ ക്യാപ്റ്റന്‍ വരുത്തിവെക്കുന്ന തിരിച്ചടിയും കോണ്‍ഗ്രസിന്റെ സാധ്യതകളെ ഇല്ലാതാക്കും. ഇതിനോടകം തന്നെ ആം ആദ്മി പാര്‍ട്ടി ജനഹിതപ്രകാരമുള്ള നേതാവിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടി കഴിഞ്ഞു. എന്നാല്‍ കേണ്‍ഗ്രസിന് ഇപ്പോഴും അതിനായിട്ടില്ല. ചന്നിയോ സിദ്ദുവോ ആയിരിക്കും അതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇവരില്‍ ആരെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്താകാണിച്ചാലും മറ്റേയാള്‍ പാലം വലിക്കുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി മുഖം ആരായിരിക്കുമെന്ന ചോദ്യത്തിന് തന്റെ മുഖം എല്ലായിടത്തുമുണ്ടല്ലോയെന്ന മറുപടി പറഞ്ഞ് പ്രിയങ്ക ഗാന്ധി തടിയൂരിയത്.
പഞ്ചാബില്‍ പാര്‍ട്ടിയ്ക്കകത്തെ പ്രശ്‌നങ്ങള്‍ അടുത്തൊന്നും തീരില്ലെന്നതിന്റെ സൂചനയാണ് പ്രചാരണരംഗത്ത് നിന്ന് കോണ്‍ഗ്രസിന് ലഭിക്കുന്നത്. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പ്രധാനയോഗങ്ങളില്‍ പോലും സംസ്ഥാനത്തുനിന്നുള്ള എംപിമാരും എംഎല്‍എമാരുമെല്ലാം കാര്യമായിതന്നെ വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം അമൃത്സറില്‍ നടന്ന ചടങ്ങിലും സ്ഥലത്തുണ്ടായിട്ടുപോലും എംപിമാര്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് മാറിനിന്നത് ചര്‍ച്ചാവിഷയമായിരുന്നു. സ്വന്തക്കാര്‍ക്കും അനുയായികള്‍ക്കും സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധം മുതല്‍ ചന്നിയോടും സിദ്ദുവിനോടുമുള്ള എതിര്‍പ്പും ഇതിന് കാരണമായി. തിരഞ്ഞെടുപ്പിന് ശേഷം ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ശക്തി തെളിയിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് അങ്ങോട്ട് നേതാക്കളുടേയും അണികളുടേയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമോ എന്ന ആശങ്കയും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. അതിനാല്‍ തന്നെ വളരെ കരുതലോടെയാണ് നേതൃത്വത്തിന്റെ നീക്കം. അമരീന്ദർ വിഷയം കൈകാര്യം ചെയ്തതില്‍ ദേശിയ നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് ഒളിഞ്ഞും തെളിഞ്ഞും നേതാക്കള്‍ സമ്മതിക്കുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും.
കര്‍ഷസമരത്തിന് പുറമെ അതിര്‍ത്തി സംരക്ഷണം ബിഎസ്എഫ്് നെ എല്‍പ്പിച്ചതും അതിര്‍ത്തി ഗ്രാമങ്ങളിലെ മയക്കുമരുന്ന് ആയുധകച്ചവടവുമെല്ലാം പഞ്ചാബിന്റെ തിരഞ്ഞെടുപ്പിനെ ചൂടാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ സിദ്ദുവിനും ചന്നിയ്ക്കുമെതിരായി വ്യക്തിഗത ആരോപണങ്ങളും ചേരുന്നുണ്ട്. ഹോക്കി സ്റ്റിക്കും ബോളും ചിഹ്നത്തില്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ കളത്തിലിറങ്ങുമ്പോള്‍ അതിനെ സിദ്ദുവിന്റെ ക്രീസിലെ മിന്നുന്ന വെടിക്കെട്ടും കമന്ററി ബോക്‌സിലെ വാക്ചാതുരിയും കൊണ്ട് നേരിടാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. പക്ഷെ അന്തിമ വിജയം ആര്‍ക്കായിരിക്കുമെന്നത് അകാലിദള്ളിന്റേയും ആം ആദ്മിയുടേയും പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് മാത്രം.
No comments:
Post a Comment