ഭക്ഷണം സമാധാനത്തിന്, നോബല് ഭക്ഷണത്തിന്

ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ദാരിദ്ര്യമാണ്. പട്ടിണിമൂലം മരണമടയുന്നവര്, പോഷകാഹാരം ലഭിക്കാതെ അസുഖങ്ങള് ബാധിച്ച് മരിച്ച് ജീവിക്കുന്നവര്, കിടക്കാന് റോഡരികിലെ കടത്തിണ്ണകളും മേല്പാലങ്ങളുടെ ചുവടുമെല്ലാം തിരഞ്ഞെടുക്കാന് വിധിക്കപ്പെട്ടവര്...


ഇവരില് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ കരഞ്ഞുകഴിയുന്നവരുടെ അവസ്ഥയാണ് അതിദയനീയം. ലോകം 21 ആം നൂറ്റാണ്ടിലെത്തിയിട്ടും സര്ക്കാരുകള് മാറിമാറി ഭരിച്ചിട്ടും പലരാജ്യങ്ങളിലും പട്ടിണി മാത്രം മാറിയില്ല. ആഗോളവത്ക്കരണത്തിന്റെ കാലത്ത് മാറിയ ലോകക്രമത്തില് സമ്പന്നര് അതിസമ്പന്നരായി വളര്ന്നപ്പോഴും താഴേതട്ടിലെ ദാരിദ്ര്യം കൂടുതല് വര്ദ്ധിക്കുകയായിരുന്നു.

കൊവിഡ് കാലത്ത് ലോക്ഡൌണുകള് വന്നപ്പോള് ഭക്ഷണത്തിന് എന്തുചെയ്യുമെന്നോര്ത്ത് വലഞ്ഞ ആയിരങ്ങളുടെ കഥ നമ്മുടെ സ്വന്തം രാജ്യത്ത് നിന്നും നമ്മള് കേട്ടതാണ്. ഇതിനുപുറമെയാണ് പട്ടിണി മൂലം മരിച്ച ഝാര്ഖണ്ഡിലെ സന്തോഷ്കുമാരിയുടേയും പോഷകാഹാരങ്ങള് ലഭിക്കാതെ മരിച്ച അട്ടപാടിയിലെ കുഞ്ഞുങ്ങളുടേയുമെല്ലാം വാര്ത്തകള്.

അതിനാല് തന്നെ പട്ടിണിയെന്നത് ഇന്നും നമുക്ക് ചുറ്റിലും യാഥാര്ത്ഥ്യമായി തന്നെ അവശേഷിക്കുന്ന ഒന്നാണ്.

പട്ടിണിയെന്നത് വെറും വ്യക്തിപരമായ സാമ്പത്തിക പ്രശ്നം അല്ല. സാമൂഹികവുമായ പ്രശ്നമാണ്. പലരാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്കും ജനം പട്ടിണിയിലേക്കും വീണതിന് പിന്നില് ആ രാജ്യത്തെ സര്ക്കാരുകളുടെ വികലമായ നയങ്ങള് മാത്രമല്ല കാരണം. മറിച്ച് അവിടങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളും ആഭ്യന്തരകലാപങ്ങളും  അധികാരവും കുത്തകവത്ക്കരണവും ലക്ഷ്യമിട്ട് ലോക സാമ്പത്തിക ശക്തികള് നടപ്പാക്കിയ ഇടപെടലുകളും കാരണമാണ്. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള് വിളകള് നശിപ്പിച്ചതും വരള്ച്ചയും പ്രളയവുമെല്ലാം വന്നതും ഉത്പാദനത്തേയും അതിലൂടെ ദാരിദ്ര്യത്തിനും വഴിവെച്ചു.  

അതിനാല് തന്നെ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഇത് ഇല്ലാതാക്കുക എന്നത് തന്നെയാണ്. അതുകൊണ്ടാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല് സമ്മാനത്തിന്റെ പ്രഖ്യാപനം ലോകം സന്തോഷത്തോടെ നെഞ്ചേറ്റുന്നതും.

പട്ടിണിയെ ഇല്ലാതാക്കുക എന്നതും വലിയ സമാധാനശ്രമം ആണെന്ന നോബല് സമ്മാനദാതാക്കളുടെ കണ്ടെത്തലിനെ എത്ര പ്രകീര്ത്തിച്ചാലും മതിവരില്ല. ലോകത്തെ പട്ടിണിയില് കഴിയുന്നവരുടെ എണ്ണം ഈ


മഹാമാരിക്കാലത്ത് വളരെയധികം വര്ദ്ധിച്ചു. അവരെ പട്ടിണിയുടെ വക്കില് നിന്ന് കരകയറ്റാന് വേള്ഡ് ഫുഡ് പ്രോഗ്രാം നടത്തിയ പ്രവര്ത്തനത്തേക്കാള് വലിയ സമാധാനശ്രമം ലോകത്ത് വേറെ ഇപ്പോള് ഇല്ലെന്നാണ് സമ്മാനം നിര്ണയിക്കുന്ന നോര്വീജിയന് ഏജന്സി നിരീക്ഷിച്ചത്.  

ആഭ്യന്തരകലാപവും യുദ്ധവും കെടുതിവിരിച്ച രാഷ്ട്രങ്ങളില് പട്ടിണിക്കാരുടെ എണ്ണം കൊവിഡ് കൂടി ആയതോടെ വലിയതോതിലാണ്കൂടിയത്. ലോക്ഡൌണ് കാലത്ത് ഉണ്ടായിരുന്ന ചെറിയ ജോലി കൂടി ഇല്ലാതായതോടെ പലരും ഒരു നേരത്തെ അന്നത്തിനുപോലും ഗതിയില്ലാതെ വലഞ്ഞു. കൊവിഡ് വന്നശേഷം ലോകവ്യാപകമായി പട്ടിണിയുടെ വക്കിലെത്തിയവരുടെ എണ്ണം 265 ദശലക്ഷമായി ഉയര്ന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേള്ഡ് ഫുഡ് പ്രോഗ്രാമിന്റെ തന്നെ കണക്കുകള് വ്യക്തമാക്കുന്നത്. പോഷകാഹാരകുറവിനെ തുടര്ന്ന് ജീവന് തന്നെ നഷ്ടപ്പെടാവുന്ന തരത്തില് ശരീരം ശോഷിച്ച് കഴിയുന്ന 5 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം 14 ശതമാനം വര്ദ്ധിച്ച് ഈ വര്ഷത്തോടെ 70 ലക്ഷമായി ഉയരുമെന്നാണ് മെഡിക്കല് ജേണലായ ദ ലാന്സെറ്റ് റിപ്പോര്ട്ട് ചെയ്തത്. ലോകത്തെ പട്ടിണികോലങ്ങളില് ഭൂരിഭാഗവും ആഫ്രിക്കയിലും തെക്കന് ഏഷ്യന് രാജ്യങ്ങളിലുമാണ്. കഴിഞ്ഞവര്ഷം 88 രാജ്യങ്ങളിലായി 100 ദശലക്ഷത്തിലേറെ പേര്ക്കാണ് WFP ഭക്ഷണമെത്തിച്ചത്.

1961 ലാണ് വേള്ഡ് ഫുഡ് പ്രോഗ്രാമിന് യു എന് രൂപം നല്കിയത്. ലോകത്ത് പട്ടിണിമൂലം ദശലക്ഷക്കണക്കിന് പേര് മരിക്കുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ അമേരിക്കന് പ്രസിഡന്റായിരുന്ന ഡി ഡി ഐസന്ഹോവര് WFP എന്ന ആശയം മുന്നോട്ടുവെച്ചത്.80 കളിലെ എത്യോപ്യന് പട്ടിണിക്കാലത്തും 90 കളിലെ യുഗോസ്ലോവ്യന് യുദ്ധകാലത്തും 2004 ലെ സുനാമി കാലത്തുമെല്ലാം WFP നടത്തിയ പ്രവര്ത്തനങ്ങള് ശ്രദ്ധേയമായിരുന്നു. സന്നദ്ധ സംഘടനകളും മറ്റും നല്കുന്ന ഫണ്ട് മാത്രമാണ് WFP ന്റെ മൂലധനം. പലപ്പോഴും നിരാലംബര്ക്ക് ഭക്ഷണമെത്തിക്കാന് പണം അഭ്യര്ത്ഥിച്ചുള്ള WFP ന്റെ വളികള്ക്ക് പലരും ചെവികൊടുക്കാതെയും ഇരുന്നിട്ടുണ്ട്. ഏറ്റവും ഒടുവില് ഈ കൊറോണക്കാലത്ത് ഐക്യരാഷ്ട്ര സഭയ്ക്കും യുഎന്റെ കീഴിലുള്ള മറ്റ് ഏജന്സികള്ക്കും ഫണ്ട് നല്കുന്നത് നിര്ത്തിവെച്ച അമേരിക്കന് പ്രസിഡനറ് ഡൊണാല്ഡ് ട്രംപിന്റെ നടപടിയും WFP നെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നിട്ടും തളരാതെ, തങ്ങളുടെ ഉദ്യമത്തില് നിന്ന് പിന്മാറാതെ ലോകത്തിലെ ദരിദ്രരുടെ പട്ടിണി മാറ്റാനായി ഇറങ്ങിതിരിച്ച WFP നെ സമാധാനത്തിനുള്ള നോബല് സമ്മാനം ലഭിക്കുമ്പോള് അത് മുതലാളിത്തവര്ഗത്തിനറെ കരണത്തേറ്റ അടികൂടിയായി മാറുന്നു.


സംഘര്ഷഭരിതമായ പ്രദേശത്ത് ജിവന് പണയം വെച്ചാണ് പലപ്പോളും WFP ന്റെ വളണ്ടിയര്മാര് ഭക്ഷണമെത്തിക്കുന്നത്. നരവധി വളണ്ടിയര്മാര്ക്ക് ഈ സേവനത്തിനിടെ ജിവന് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. അവരുടെയെല്ലാം ജിവത്യാഗത്തിനുകൂടി ലഭിച്ച അംഗീകാരമാണ് ഈ സമാധാനത്തിനുള്ള നോബല് സമ്മാനം.

സമാധാനത്തിനുള്ള നോബല് WFP ന് ലഭിച്ചതില് അഹ്ലാദിക്കുമ്പോള് തന്നെ മറ്റ് ചിലത് കൂടി നാം ഓര്ക്കേണ്ടതുണ്ട്. അത് WFP നെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളാണ്. ഭക്ഷണത്തിനായി ഉത്പന്നങ്ങള് വാങ്ങാനായി സംഘടന ആശ്രയിക്കുന്നത് ഗ്ലോബല് മാര്ക്കറ്റുകളയാണ്. അതായത് കുത്തകകളെ തന്നെയെന്ന്. അമേരിക്കയില് നിന്നുള്ള കുത്തക സ്ഥാപനങ്ങള്ക്കാണ് ഉത്പന്നങ്ങള് ലഭ്യമാക്കാനുള്ള കരാര് WFPനല്കിയിരിക്കുന്നത്. ഇത് പലപ്പോഴും തട്ടിപ്പിനും വെട്ടിപ്പിനും


വഴിവെക്കുന്നുണ്ടെന്ന ആക്ഷേപം കുറേക്കാലമായി WFP കേള്ക്കുന്നുണ്ട്. മാത്രവുമല്ല, പലപ്പോഴും ഇത്തരത്തില് ലഭിക്കുന്ന ഭക്ഷണസാധനങ്ങള് ജിവനക്കാര് മറിച്ച് വില്ക്കുകയോ സൌജന്യമായി നല്കേണ്ട ഭക്ഷണം പണം വാങ്ങി വില്ക്കുന്നതായുമെല്ലാം വിവിധ അന്വേഷണ ഏജന്സികളും മാധ്യമപ്രവര്ത്തകരും സാമൂഹിക പ്രവര്ത്തകരും വിവിധ മനനുഷ്യാവകാശ സംഘടനകളുമെല്ലാം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കുത്തകസ്ഥാപനങ്ങളുമായി ഉത്പന്നങ്ങള്ക്ക് കാരറാലേര്പ്പെടാതെ പ്രാദേശിക കര്ഷകരുമായും ചെറുകിട കച്ചവടക്കാരുമായുമെല്ലാം ധാരണയും കരാറുമുണ്ടാക്കുകയാണ് എങ്കില് ആ പ്രദേശത്തെ പട്ടിണിയും സാമ്പത്തിക പിന്നാക്കവസ്ഥയും മാറ്റിയെടുക്കാനാവും. ഇത് WFP ചെയ്യാത്തത് വലിയ വിമര്ശനങ്ങള്ക്കും ഇടയാക്കുന്നുണ്ട്. ഇത്തരം വിമര്ശനങ്ങള്കൂടി ഉള്ക്കൊണ്ട് ക്രായ്ത്മകമായ നടപടികള് കൂടി കൈക്കൊണ്ടിരുന്നേല് ഈ നോബല് സമ്മാനത്തിന് മാറ്റ് ഇനിയും കൂടിയേനെ.

ഏറെ സന്തോഷിപ്പിക്കുമ്പോള് തന്നെ ലോകത്തിന്റെ പട്ടിണി മാറാത്തത് കൊണ്ടാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല് സമ്മാനം WFP ക്ക് ലഭിച്ചതെന്ന് കൂടി ഓര്ക്കുക. അപ്പോള് അത് നമ്മുടെയെല്ലാം ശിരസ് നാണക്കേടില് കുനിയുകയും ചെയ്യും.

Comments