മനുഷ്യർ കളിപ്പാട്ടമാകുമ്പോൾ

കുട്ടിക്കാലത്തെ ഏറ്റവും പ്രിയപ്പെട്ട കളിപ്പാട്ടം കാറുകളായിരുന്നു. അന്നൊക്കെ മാസത്തിലൊരിക്കൽ ​ഗുരുവായൂ‍ർ അമ്പലത്തിൽ തൊഴാൻ പോകാറുണ്ട്. ​ഗുരുവായൂരിലേക്ക് മാസത്തിലൊരിക്കൽ എന്നതാണ് കണക്ക്, കൊടുങ്ങല്ലൂരും ചോറ്റാനിക്കരയുമെല്ലാം മൂന്നോ നാലോ മാസം കൂടുമ്പോളും. ​ഗുരുവായൂരായാലും ചോറ്റാനിക്കരയായാലും ശരി എന്റെ അമ്പലദർശനത്തിലെ സന്തോഷമെന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് യാത്ര, രണ്ട് കാറ്. 

വീട്ടിൽ നിന്ന് ഏതാണ്ട്  27 കിലോമീറ്ററുണ്ട് ​ഗുരുവായൂരിലേക്ക്. യാത്ര ബസ്സിലാണ്. നി‍ർമാല്യവും ശീവേലിയും തൊഴണമെന്നാണ് അമ്മയ്ക്ക്. അതിനാൽ തലേദിവസം വൈകുന്നേരം തന്നെ ​ഗുരുവായൂരിലെത്തും. അമ്പലത്തിന്റെ തൊട്ടടുത്ത് തന്നെയുള്ള - ഇപ്പോഴുണ്ടോയെന്നറിയില്ല, വികസനത്തിന്റെ ഭാ​ഗമായി പൊളിച്ചുകളഞ്ഞിരിക്കണം- ജയ ലോഡ്ജിലാണ് സ്ഥിരം താമസം. അങ്ങനെയുള്ള ​ഗരുവായൂർ യാത്രകളിലെല്ലാം അച്ചനും അമ്മയും എന്റെ രണ്ട് വശത്ത് ചേർന്നേ നടക്കൂ. അത് അമ്പലത്തിലെ തിരക്കിനിടയിൽ എന്നെ കാണാതെപോകണ്ട എന്ന് കരുതിയുള്ള കരുതലൊന്നുമല്ല, മറിച്ച് ഞാൻ ചിലത് കാണണ്ട എന്ന് കരുതിയുള്ള മുൻകരുതൽ മാത്രമാണ്. മറ്റൊന്നുമല്ല, നടപന്തലിലെ ഇരുവശത്തുമുള്ള കടകളിലെ കളിപ്പാട്ടങ്ങൾ തന്നെ. പലവർണത്തിലുള്ള വിവിധതരം ബൊമ്മയും ചെണ്ടയും ഉരുട്ടികളിക്കുന്ന ചക്രവണ്ടിയുമെല്ലാം തൂങ്ങികിടപ്പുണ്ടാകും. രാത്രിയിൽ പോലും കണ്ണടക്കാറുണ്ടോ ആ കടകൾ എന്ന് അത്ഭുതമാണ്. രാത്രി വൈകിയും തുറന്നിരിക്കുന്ന ആ കടകൾ അതിരാവിലെയും തുറന്നിരിപ്പുണ്ടാകും. ഉറക്കം തൂങ്ങുന്ന കണ്ണുകളും മൂടിപ്പുതച്ച പുതപ്പും കയ്യിലൊരു കപ്പ് ചായയുമായി ഇരിക്കുന്ന കുറേപേർ. പലതരത്തിലുള്ള കളിപ്പാട്ടങ്ങൾ തൂങ്ങികിടപ്പുണ്ടെങ്കിലും എന്റെ നോട്ടം എപ്പോഴും താഴെ പരന്ന പെട്ടികളിൽ നിരത്തിവെച്ചിരിക്കുന്ന കാറുകളിൽ മാത്രമാണ്. ചരട് വലിച്ചുവിട്ടാൽ ഓടുന്ന കാറുകൾ, പിന്നാക്കം വലിച്ച് വിട്ടാൽ മൂന്നോട്ട് കുതിച്ചോടുന്ന കാറുകൾ, ഡോറു തുറക്കാൻ കഴിയുന്നവ, ഓടുമ്പോൾ മുകളിൽ വിളക്ക് കത്തുന്നവ, സൈറൺ മുഴക്കുന്നവ, മരത്തിൽ നി‍ർമിച്ച കെഎസ്ആർടിസി ബസ്സുകൾ, ലോറികൾ... അങ്ങനെ അനന്തമായ വാരിയെന്റുകൾ. 


വെറൈറ്റികൾ പലതുമുണ്ടായിരുന്നെങ്കിലും എല്ലാമാസവും ഞാൻ തിരഞ്ഞിരുന്ന ഒരു കാറുണ്ടായിരുന്നു. മെറ്റൽ ബോഡിയാണ്. നീലയും ചുവപ്പും പച്ചയുമെല്ലാം കളറിൽ ആ കുഞ്ഞൻ കാറ് കിട്ടും. അന്നത്തെ 5 രൂപയായിരുന്നു വില. ആ കാറിന്റെ നെറുകയിൽ ചുവപ്പ് ലൈറ്റുണ്ട്. ആഞ്ഞ് ഒന്ന് നിലത്ത് ഉരച്ചുവിട്ടാൽ മതി, പൊലീസ് വാഹനത്തിന്റെ ശബ്ദമുണ്ടാക്കി വിളക്കും തെളിച്ച് ആ കാറ് ഓടും. മെറ്റൽ ഡ്രമിൽ കറുത്ത റമ്പറിന്റെ ടയറൊക്കെയിട്ട് കണ്ടാൽ ഒറിജിനൽ കാറിന്റെ മിനിയേച്ചറാണ്.  എല്ലാതവണയും ആ കാറ് തന്നെ വാങ്ങും. വേറെ ഒന്നും വേണ്ട. അത് മാത്രം മതി. എല്ലാമാസവും വാങ്ങി വാങ്ങി നല്ല കളക്ഷൻ ഉണ്ടായി കാണുമല്ലോ എന്നൊന്നും കരുതേണ്ട. വാങ്ങി വീട്ടിലെത്തി ആദ്യത്തെ ഒരുമണിക്കൂ‍ർ മതി, ആ കാർ വർക്ക്ഷോപ്പിൽ കയറാൻ. ആവശ്യത്തിലും കൂടുതൽ അമർത്തിയുരച്ചും ഓട്ടത്തിൽ ഭിത്തിയിലോ വാതിലിലോ ഒക്കെ ചെന്നിടിച്ച് കാറിന്റെ പണി തീരും. ഇൻഷൂറൻസൊന്നുമില്ലാത്ത കാറ് പിന്നെ സ്വയം റിപ്പയ‍ചെയ്യലാണ്. സ്ക്രൂ ഇട്ടൊന്നുമല്ല കാർ ഫിറ്റ് ചെയ്തിരിക്കുന്നത്. ക്ലിപ്പുകളാണ്. കയ്യിൽ കിട്ടുന്ന എന്തും ഉപയോ​ഗിച്ച് ക്ലിപ്പ് ഇളക്കി സ്വയം മെക്കാനിക്കാവും പിന്നെ. ആരും കാണാതെയാണ് മെക്കാനിക്ക് പണി. ഇല്ലേൽ നല്ല മേട്ടം കിട്ടും. ആ കാറിനുള്ളിൽ മെറ്റൽ ലീഫ് കൊണ്ടുള്ള വല സൈസിലുള്ള ചക്രമാണ്. ഉരയ്ക്കുന്നത് അനുസരിച്ച് ആ ലീഫുകൾ ചുരുങ്ങുകയും അത് വിടരും വരെ ഓടുകയുമാണ് ചെയ്യുക. ഇതിനകത്ത് ഇതൊക്കെയാണെന്ന് അറിഞ്ഞാലും അത് കേടായാൽ നന്നാക്കാനാവില്ലെന്ന് അറിഞ്ഞാലും പിന്നെയും അതൊന്ന് വലിച്ച് പറിച്ചെടുത്ത് നന്നാക്കാനാവും പിന്നത്തെ ശ്രമം. പരിശ്രമത്തിനൊടുവിൽ ബാക്കിലെ വീലുകൾ മൊത്തം ജാമായി പിന്നെ എത്രമസിലുപിടിച്ചാലും തിരിയാത്ത അവസ്ഥയിലെത്തും. പിന്നെ കരച്ചിലായി, ബഹളമായി. എന്തിന് എന്ന് ചോദിക്കരുത്. അടുത്ത ​ഗുരുവായൂ‍ർ സന്ദർശനത്തിനുള്ള കാത്തിരിപ്പായി. 

ആ കാർ, അതൊരു വലിയ വികാരമാണ്. അത് കയ്യിൽ കിട്ടിയാൽ ഒടുക്കത്തെ എക്സൈറ്റ്മെന്റാണ്. അത് കേടാകുന്നത് വരെ ആ എക്സൈറ്റ്മെന്റ് നിലനിൽക്കുകയും ചെയ്യും. പിന്നെ അതേ എക്സൈറ്റ്മെന്റ് അടുത്ത ​ഗുരുവായൂ‍ർ സന്ദർശനസമയത്താണ് പിന്നെയും ഉയരുക. അത് വരെ ചുവപ്പ് വെളിച്ചം പരത്തി സൈറൺ മുഴക്കിയോടുന്ന ആ കാറ് മറവിയുടെ അടിത്തട്ടിലായിരിക്കും. 

എക്സൈറ്റ്മെന്റ് - ആവേശം. അത് എല്ലാക്കാലത്തും ഒരോ പോലെ ഉണ്ടാകുമോ? ചിലകാര്യങ്ങളിൽ ചിലർക്ക്  എന്നും എപ്പോഴും ഒരേ ആവേശമായിരിക്കും. അത് എന്തിനോടായാലും ശരി. ആ കളിപ്പാട്ടം കയ്യിൽ കിട്ടുന്നത് വരെ, അത് കേടാകുന്നത് വരെ മാത്രം നിലനിൽക്കുന്ന ആവേശം, അത് കേടാകുമ്പോൾ അത് നന്നാക്കാൻ നടത്തുന്ന ശ്രമങ്ങൾ ആ ആവേശത്തിന്റെ തുടർച്ചയാണ്. പിന്നെ പരാജയപ്പെടുമ്പോഴുള്ള കരച്ചിലും  ബഹളവും അതിന്റെ തുടർച്ചതന്നെ. ഇതിനിടയിൽ മറവിയുടെ ആഴത്തിലേക്ക് ആ കാർ കടന്ന് പോയത് ആവേശം തുടർച്ചയില്ല എന്നതിന്റെ സാക്ഷ്യമാണ്. ആ സൈക്കിൾ ഇങ്ങനെ തുടർന്നുകൊണ്ടേയിരുന്നു. 

ആ കളിപ്പാട്ടം ഒരു മനുഷ്യനാണെങ്കിലോ? ആ കാറിനെ ഒരു ജീവനുള്ള മനുഷ്യനായി ചീത്രീകരിച്ചുനോക്കു. ഏറ്റവും ഇഷ്ടമുള്ള കളിപ്പാട്ടം പോലെ ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ! ആവേശം കയ്യിൽ കിട്ടുവോളം വരെയെങ്കിലോ. കിട്ടിക്കഴിഞ്ഞ് കുറച്ച് കാലത്തിന് ശേഷം ആ ആവേശം മനുഷ്യന് നഷ്ടമാകുന്നു. അല്ലെങ്കിൽ പുതുമോടി കഴിയുമ്പോൾ അതില്ലാതെ ആകുന്നു. അപ്പോൾ കളിപ്പാട്ടമായി മാറിയ മനുഷ്യന് അതെങ്ങനെയായിരിക്കും അനുഭവപ്പെടുക? വെറും കളിപ്പാട്ടമായി മാറി പ്രിയപ്പെട്ടവയുടെ പട്ടികയിലും പിന്നെ വിസ്മൃതിയിലും ആണ്ട്പോയ നിരവധി പേരുണ്ടാകും. ആ കളിപ്പാവ മനുഷ്യന് പിന്നെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ ചില്ലറയൊന്നുമായേക്കില്ല. അകാരമായുള്ള ഒഴിവാക്കൽ, ഒറ്റപ്പെടുത്തൽ,തഴയൽ... ഒടുവിൽ മാനസികമായി അവരെത്തിപ്പെടുന്നത് കടുത്ത മാനസികസമ്മർദ്ദത്തിലാണ്. വിഷാദമെന്നത് മനോഹരമായ മലയാള പദമായി പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അനുഭവിക്കാൻ ഒട്ടും മനോഹരമല്ല അത്. അത് എത്രവലിയ നിലയില്ലാകയമാണെന്ന് ഒരിക്കലെങ്കിലും അത് അനുഭവിച്ചവ‍ർക്കേ അറിയൂ. ആ കയത്തിൽ നിന്ന് കരകയറുകയെന്നത് ശ്രമകരമാണ്. കാണുന്ന ഏതൊരു കച്ചിതുരുമ്പിലും കയറിപിടിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിലും അവർ നിശബ്ധരാകും, തനിച്ചാകും. പിടിച്ചുനിൽക്കാൻ ശ്രമപ്പെട്ട്, ചേർത്ത് പിടിക്കാൻ കൈകളും മനസുമെല്ലാം തിരഞ്ഞ് നടക്കും. പലപ്പോഴും സ്വയം കൈവിട്ട് പോകാതിരിക്കാൻ സാഹസപ്പെട്ടുകൊണ്ടേയിരിക്കും. എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന കരങ്ങളും കച്ചിതുരുമ്പുമെല്ലാം അകലുമ്പോളാണ് പലരും സ്വയം ഇല്ലാതാവുന്നത്. അല്ല, അവരെ ഇല്ലാതാക്കുന്നത്.  കളിപ്പാട്ടത്തെ സ്വന്തമാക്കി കൈകാര്യം ചെയ്ത മനുഷ്യന് അപ്പോഴും പക്ഷെ ഇതൊന്നും അറിയുകയോ, അതിനായി ശ്രമിക്കുകയോ ചെയ്യാതെ കാണാമറയത്ത് മൗനത്തിലായിരിക്കും. 

മറ്റൊരു കളിപ്പാട്ടമെത്തുന്നവരേയാണ് പഴയകളിപ്പാട്ടത്തിന്, കേടായാലും ഇല്ലെങ്കിലും, ആയുസ്. കേടായാലും ചിലപ്പോഴൊക്കെ അത് നന്നാക്കിയെടുക്കാൻ, അത് വെച്ച് കളിക്കാൻ കുട്ടികൾ ശ്രമിച്ചുകൊണ്ടേയിരിക്കും. പക്ഷെ കളിപ്പാട്ടം ജീവനുള്ള മനുഷ്യനായാലോ....?


Comments

  1. പക്ഷെ കളിപ്പാട്ടം ജീവനുള്ള മനുഷ്യനായാലോ....?😞

    ReplyDelete
  2. beautifully written, didn't expect that ending :(

    ReplyDelete

Post a Comment