അനുഭവങ്ങളാണ്, ഓർമകളാണ് വലിയ സമ്പാദ്യം. നാല് പതിറ്റാണ്ടിന്റെ ഓർമകളുണ്ട്. ചെന്നൈയിലെ വീട്ടിൽ നിന്ന് ഇറങ്ങി അടുത്തതെരുവിലെ അങ്കിളിന്റെ വീട്ടിലേക്ക് ഓടിയ മൂന്ന് വയസുകാരന്റെ ഓർമ മുതൽ ഇങ്ങോട്ട് മാറാല പിടിച്ചും പിടിക്കാതെയും കിടക്കുന്ന വളപ്പൊട്ടുകളുടെ വലിയ ശേഖരം. വളപ്പൊട്ടുകൾ എന്ന് വിശേഷണം മനപ്പൂർവ്വമാണ്. കാരണം ബഹുവർണത്തിലുള്ള മനോഹരങ്ങളായ വളപ്പൊട്ടുകൾ കൊണ്ട് കൈമുറിയാത്തവർ വിരളമായിരിക്കും. ഓർമകളിൽ ഏറെയും മുറിവേൽപ്പിക്കുന്നതാണ്. ഒട്ടും ഉണങ്ങാത്ത, ഏറെക്കാലമായി കെട്ടിപൊതിഞ്ഞുവെച്ച മുറിവുകൾ. തിയ്യതിയും സമയവും സംഭവങ്ങളുമെല്ലാം സിനിമയിലെ റീലുകൾ പോലെ തെറ്റാതെ ഇപ്പോഴും ഓടുന്നുണ്ട് തലയ്ക്കുള്ളിൽ. ചിലതൊക്കെ ചിലപ്പോഴൊക്കെ പലയിടങ്ങളിലായി കുറിച്ചുവെച്ചിരുന്നു. ചിലത് ശബ്ദമായി രേഖപ്പെടുത്തി. അവയെല്ലാം സ്വകാര്യശേഖരത്തിൽ തന്നെ ഇരിക്കട്ടെയെന്ന് കരുതിയതാണ്. പക്ഷെ അതെല്ലാം ഇപ്പോൾ എടുത്ത് പുറത്തിട്ടാലോയെന്നാണ് ചിന്ത. പിന്നീട് പറയാനൊത്തില്ലെങ്കിലോ? എത്രകരുതലോടെ സൂക്ഷിച്ചാലും ഓർമകളും ചിതലരിക്കും. മറവിരോഗമോ മസ്തിഷ്ക്കമരണമോ പ്രവചനാതീതമല്ല.
മറ്റുള്ളവർ കൂടിചേരുമ്പോളാണ് എല്ലാ ഓർമകളും ഉണ്ടാകുന്നത് എങ്കിൽക്കൂടിയും, എന്റെ ഓർമകളെല്ലാം എന്റെ മാത്രം ഓർമകളാണ്. അതിനാൽ തന്നെ ഇതെല്ലാം തുറന്നെഴുതുമ്പോൾ ആരെയും വേദനിപ്പിക്കാനോ നൊമ്പരപ്പെടുത്താനോ ഉദ്ദേശിക്കുന്നുമില്ല. അതിനാൽ തന്നെ പേരുകളോ ഊരുകളോ ഇല്ല.
മുറിവുകളാണ് ഓർമകളെന്ന് പറഞ്ഞുവല്ലോ, എന്റെ മുറിവുകൾ മാത്രമല്ല, ഞാൻ ഏൽപ്പിച്ച മുറിവുകളും അനവധിയുണ്ട്. ചിലരോടെങ്കിലും പലപ്പോഴായി തെറ്റ് ഏറ്റുപറഞ്ഞ് കുമ്പസാരിച്ചിട്ടുണ്ട്. ചിലരോട് അതുമില്ല. ഈഗോയാകാം. മനുഷ്യനല്ലേ. എഴുതിയതും എഴുതുന്നതും എഴുതാനിരിക്കുന്നവയുമെല്ലാം എന്റെ മാത്രം ബോധ്യത്തിലും ബോധത്തിലുമുള്ളവയാണ്. കടമെടുത്ത അനുഭവങ്ങൾ ഒന്നുമില്ല.
******
ജീവിതത്തിൽ ഒരിക്കലെങ്കിലും മറ്റുള്ളവരാൽ റിജക്ഷൻ - നിരാകരണം - ഏറ്റുവാങ്ങാത്തവർ ഉണ്ടാകുമോ? ഉണ്ടെങ്കിൽ തന്നെ നിരന്തരം അത് നേരിടേണ്ടിവന്നവർ എത്രകാണുമായിരിക്കും? വിട്ടുപോകാതെ നിങ്ങൾ നിങ്ങളോട് ചേർത്തുപിടിച്ചവർ തഴയപ്പെടുന്നത് അനുഭവിച്ചവർക്ക് മാത്രം വായിക്കാനാണിത്. അല്ലാത്തവർക്ക് ഇതെല്ലാം വെറും കഥമാത്രമായിരിക്കും, വെറും കെട്ടുകഥ.
തിരക്കേറിയ കൊച്ചി നഗരത്തിൽ ഒരു ഫ്ലാറ്റിൽ, വാതിലും ജനലുകളും ബാൽക്കെണിയുമെല്ലാം അടച്ചിട്ട്, മൊബൈലും ഓഫ് ചെയ്ത്, ടിവിയോ ഇന്റർനെറ്റോ ഉപയോഗിക്കാതെ പുറം ലോകത്ത് എന്ത് സംഭവിക്കുന്നവെന്നുപോലും അറിയാതെ, അറിയാൻ ശ്രമിക്കാതെ കഴിഞ്ഞുകൂടിയ 21 ദിവസങ്ങളുണ്ട് ഓർമയിൽ. മാർച്ചിലെ കൊടുംവേനലിൽ ഓരോ ദിവസവും ഉറങ്ങാതെ, രാവും പകലുമെല്ലാം മാറിമാറി വരുന്നത് വെയിലിന്റെ ഗതിമാറ്റത്തിൽ നിന്ന് മാത്രമറിഞ്ഞ് കഴിഞ്ഞ മൂന്നാഴ്ച്ചകൾ. വിഷാദം അഥവാ ഡിപ്രഷൻ എന്നത് എന്താണെന്ന് അതിന്റെ പൂർണമായ അർത്ഥത്തിൽ അറിഞ്ഞശേഷം കഴിച്ചുകൂട്ടിയ ദിനങ്ങൾ. വർഷങ്ങൾക്ക് മുമ്പൊരിക്കൽ ഈ അനുഭവിക്കുന്നതിന്റെ പേരാണ് ഡിപ്രഷൻ എന്നറിയാതെ അതിന്റെ ആഴമളന്നിട്ടുണ്ട്. എന്നും ജിവിച്ച, ജിവിച്ചുകൊണ്ടേയിരിക്കുന്ന വാർത്തയുടെ ലോകത്ത് നിന്ന് ഒരുപക്ഷെ ഇന്നോളം മാറിനിന്നത് ആ ദിവസങ്ങളിൽ മാത്രമായിരിക്കണം. സുഖമില്ലെന്ന് പറഞ്ഞ് ആദ്യമായി ജോലിയിൽ നിന്ന് അവധിയെടുത്തതും അപ്പോഴാണ്. കട്ടൻചായയും ഇടയ്ക്ക് കഞ്ഞിയും മാത്രം ഉണ്ടാക്കി കഴിച്ച് ഒരർത്ഥവുമില്ലാതെ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി. 21 ദിവസത്തിന് ശേഷം ആദ്യമായി ഡോർ തുറന്നപ്പോൾ പൊടിപിടിച്ച് മൂന്നാഴ്ച്ചത്തെ പത്രങ്ങൾ മലപോലെ വഴിമുടക്കി കിടപ്പായിരുന്നു.
എന്തായിരുന്നു, എന്തിനായിരുന്നു ആ ഇരുപത്തിയൊന്ന് ദിവസങ്ങൾ സ്വയം കാരാഗ്രഹവാസത്തിന് വിധിച്ചത്? ഒറ്റപ്പെടൽ തന്നെയാണ് ആ ഒറ്റയ്ക്കുള്ള അടച്ചിരിപ്പിന് കാരണമായത്. ചേർത്ത് പിടിച്ച ചിലർ ഒഴിവാക്കിയപ്പോൾ, ഏറെക്കാലമായി അടക്കിവെച്ചതെല്ലാം പൊട്ടിത്തെറിക്കുമെന്ന് തോന്നിയപ്പോൾ സ്വയം വിധിച്ചതായിരുന്നു അത്. പൊതുമധ്യത്തിലെന്നല്ല, സ്വകാര്യയിടത്ത് പോലും സ്ഥായീഭാവം വിടാതെ പോകാൻ വേണ്ടി, അങ്ങനെ സംഭവിക്കമെന്ന് തോന്നിയപ്പോൾ എടുത്ത കടുത്ത നടപടിയായിരുന്നു അത്. സ്വതവേ ക്ഷിപ്രകോപിയാണെങ്കിലും അകാരണമായി പോലും അസ്വസ്ഥനാവാൻ തുടങ്ങിയപ്പോൾ സ്വയം തീർത്ത പ്രതിരോധമായിരുന്നു ആ ക്വാറന്റൈൻ. നിരാകരണത്തിന്റെ വേദനയെന്തെന്ന് വീണ്ടും വീണ്ടും അനുഭവിക്കേണ്ടിവരുന്നത് അത്രസുഖകരമല്ല. മമ്പും പലകുറി, കുട്ടിക്കാലം മുതൽക്കേ അറിഞ്ഞിട്ടുണ്ട് അത്. അന്നൊക്കെ അനുഭവിച്ച സങ്കടവും ദേഷ്യവും വിങ്ങലുമെല്ലാം വിഷാദമാണെന്ന് പക്ഷെ അന്നറിയില്ലായിരുന്നു. ചെറുപ്പം മുതലേയുള്ള അത്തരം അനുഭവങ്ങൾ തന്നെയാണ് ഒരാളുടെ സ്വഭാവത്തിന് രൂപം നൽകുന്നത്. അതായിരിക്കണം ഒരുപക്ഷെ ദേഷ്യമെന്നത്, കൂസലില്ലായിമ എന്നത്, സ്ഥായീഭാവമായിമാറിയതിന് പിന്നിൽ.
നഷ്ടങ്ങളാണ് നേട്ടങ്ങളേക്കാൾ കൂടുതലായി ജിവിതത്തിലുണ്ടായിട്ടുള്ളത്. നേട്ടങ്ങളെണ്ണാൻ വിരലുകൾ മതിയെങ്കിൽ നഷ്ടങ്ങളുടെ കണക്കെടുപ്പിന് കാൽക്കുലേറ്റർ തന്നെ വേണ്ടിവരും! കൂട്ടുക്കാർ, രക്തബന്ധങ്ങൾ, പ്രണയം, ജീവിതം, ...അങ്ങനെ എത്രയെത്ര നഷ്ടങ്ങൾ. ഈഗോയിസ്റ്റുകളായ, വേർപിരിഞ്ഞ മാതാപിതാക്കളുടെ മക്കളായി ജനിച്ച എല്ലാകുഞ്ഞുങ്ങളും നേരിടുന്ന എല്ലാപ്രശ്നങ്ങളും അതിന്റെ അത്രതന്നെ മനോഹാരിതയിൽ അനുഭവിച്ചിട്ടുണ്ട്. ആരോടും പറയാതെ, പറയുന്നത് വലിയ നാണക്കേടായി കരുതി എല്ലാം അടക്കിവെച്ച് ആ കുഞ്ഞുങ്ങളൊക്കെ എത്രമാത്രം സഹിച്ചിട്ടുണ്ടാവണം? എത്രരാവുകൾ തലയിണകൾ ചേർത്ത് പിടിച്ച് വിങ്ങിയിട്ടുണ്ടാകണം? അതെല്ലാം പലതും നിരസിക്കപ്പെടുന്നതിന്റെ കഠിനവേദനകളാണ് സമ്മാനിച്ചത്. അതെല്ലാം താണ്ടിയവന് പിന്നെ ജീവിതത്തിൽ കാണുന്നതെല്ലാം ചേർത്ത് പിടിക്കാനുള്ള വ്യഗ്രതകൂടുതലാവും. അവിടെയും പരാജയപ്പെട്ടാലെന്ത് ചെയ്യും? ചിലർ മദ്യത്തിലോ മറ്റ് ലഹരികളിലോ അഭയം കണ്ടെത്തിയേക്കാം. ചിലർ വിഷാദത്തിന്റെ താഴ്വരയിൽ തന്നെ കുടുങ്ങി ചക്രശ്വാസം വലിച്ച് സ്വയം അവസാനിപ്പിച്ചിരിക്കാം. ജീവിക്കാനുള്ള ഭയമാണ് മരിക്കാനുള്ള ഭയത്തേക്കാൾ അത്തരക്കാരെ ഭയപ്പെടുത്തുന്നത്. മറ്റുചിലരാകട്ടെ ഉള്ളിലെ സ്വത്ത്വവുമായി പോരടിച്ച് പിടിച്ചുനിൽക്കാൻ ശ്രമപ്പെട്ട് സ്വന്തം വിഷാദത്തെ താൽക്കാലികമായെങ്കിലും തോൽപ്പിച്ചവരുമുണ്ടാകും. ഇതല്ലെ, ഇതിനപ്പുറവും ചാടികടന്നവനാണീ കെകെ ജോസഫ് എന്ന സിനിമ ഡയലോഗിനെ തമാശരൂപത്തിലെങ്കിലും പറഞ്ഞ് സ്വയം ആശ്വസിപ്പിക്കുന്നുണ്ടാവണം. അങ്ങനെ ചാടിക്കടന്നാണ് ഒടുവിലാ ഫ്ലാറ്റിലെ മുറിയിൽ ഒതുങ്ങിക്കൂടിയത്.
ഇരുപത്തിയൊന്ന് ദിവസത്തിന് ശേഷം പുറത്തിറങ്ങിയത് നല്ല ചിത്രശലഭമായിട്ടൊന്നുമല്ല. സ്വയം നവീകരിച്ചുമല്ല. പക്ഷെ ആ ദിവസങ്ങളാണ് ജീവിതത്തിൽ കൂട്ടിനാരുമില്ലാതെ, സ്വയം അടിച്ചമർത്തി കഴിഞ്ഞ ദീർഘമായ കാലം. പിന്നെയും എത്രയോ തവണ വിഷാദത്തിന്റെ ചതിക്കുഴിയിൽ പെട്ടെങ്കിലും ആ ഇരുപത്തിയൊന്ന് നാൾ തൂങ്ങാതെ കടിച്ചുതൂങ്ങിയതിന്റെ കരുത്ത് മാത്രമായിരുന്നു ഫൈറ്റ് ചെയ്യാനുള്ള പ്രചോദനം...
❤️
ReplyDelete❤️
ReplyDelete