സ്വന്തം പ്രയത്നത്തിനാൽ വളരുന്ന മകളെ കണ്ട് അഭിമാനിക്കുന്നവരാണ് മാതാപിതാക്കൾ എന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ എല്ലായിപ്പോഴും അത് അങ്ങനെയല്ലെന്ന് തെളിയിച്ച സംഭവം കൂടിയാണ് രാധിക യാദവിൻറെ കൊലപാതകം. ഹരിയാനയിലെ ഗുരുഗ്രാമിലെ ആ 25 കാരിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ടായിരുന്നു. നല്ലൊരു ടെന്നിസ് താരമാകാനുള്ള ആഗ്രഹം പരിക്കിൻറെ പേരിൽ തകർന്നപ്പോൾ അവൾ തളർന്നില്ല. മറിച്ച് പരിശീലനകേന്ദ്രം തുടങ്ങി വിധിയെ തോൽപിച്ച് കരുത്തുകാട്ടി. അതിലൂടെ പ്രശസ്തിയും സമ്പാദ്യവും ഉണ്ടാക്കി, വീടും വീട്ടുകാരേയും നോക്കി. അത് നാട്ടിലെ ചിലരുടെ - പാട്രിയാർക്കിയുടെ - കണ്ണിന് പിടിച്ചില്ല. അവർ പിതാവിനെ പരിഹസിച്ചു, മകളുടെ ചിലവിൽ കഴിയുന്നവനെന്ന്. നാട്ടുകാരുടെ പരിഹാസം കേട്ട് ആ പിതാവിലെ ആണധികാരം ഉണർന്നു, പരിശീലിപ്പിക്കുന്നത് നിർത്താൻ പലകുറി രാധികയോട് ആവശ്യപ്പെട്ടു, രാധിക അനുസരിച്ചില്ല, പിതാവ് ദീപക് യാദവ് രാധികയെ വെടിവെച്ചുകൊന്നു. ഇത് വരെ നടന്നത് ക്രൈം, പിതാവ് അറസ്റ്റിലായി, ജയിലിലായി. എന്നാൽ ഈ കാരണത്തിന് തന്നെയാണോ രാധികയെ പിതാവ് കൊന്നത്. അറിയില്ല, ഇത് പൊലീസിൻറെ ഭാഷ്യമാണ്, അഭ്യൂഹങ്ങളാണ്
രാധിക യാദവ്, കൊല്ലപ്പെട്ട വെറുമൊരു പെൺകുട്ടി മാത്രമല്ല. നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പാട്രിയാർക്കിയുടെ ഇരയാണ്.
പക്ഷെ കൊല്ലപ്പെട്ടശേഷവും രാധിക തിളച്ചുപൊള്ളുന്ന വെയിലത്ത് നിൽക്കുകയാണ്, അല്ലെങ്കിൽ നിർത്തിയിരിക്കുകയാണ് നമ്മൾ. മരണശേഷം സോഷ്യൽ മീഡിയകളിൽ നിറയുന്ന കമൻറുകൾ അതാണ് കാണിക്കുന്നത്. കൊന്ന് തിന്നിട്ടും തീരാത്ത ആണധികാരത്തിൻറെ ധാർഷ്ട്യം.
ഒരു പെൺകുട്ടി അധ്വാനിച്ച് അവളുടെ വീട് നോക്കുന്നതിൽ എന്താണ് തെറ്റ്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അത് തെറ്റായി കാണുന്ന വലിയ വിഭാഗം നമ്മുടെ രാജ്യത്ത് ഉണ്ട് എന്നതിൻറെ ഇരയാണ് രാധിക. ഗ്രാമങ്ങളിലേക്കാണ് പുരോഗമന ചിന്തകൾ ഇനിയും വെളിച്ചം വീശിയിട്ടില്ലാത്തത് എന്ന് പറയുന്നവർക്ക് തെറ്റി. കാരണം രാധിക കൊല്ലപ്പെട്ടത് ഗുരുഗ്രാമിലാണ്, നഗരപ്രദേശത്ത് തന്നെ. ഇത് ഒരു കുടുംബത്തിലേയോ സമുദായത്തിലെയോ മാത്രം പ്രശ്നമായി കാണാനാവില്ല. നമ്മുടെ സമൂഹത്തെ ആഴത്തിൽ ബാധിച്ചിരിക്കുന്ന ഒന്നായി തന്നെ വേണം കാണാൻ.
ഭൂരിഭാഗം ഇന്ത്യക്കാരും ഇപ്പോഴും തങ്ങളുടെ മക്കളെ സ്വതന്ത്രവ്യക്തികളായി കാണുന്നില്ല എന്നത് ഒരു നഗ്ന സത്യമാണ്. അവരുടെ, കുടുംബത്തിൻറെ, ഒരു ഭാഗമായി മാത്രമേ കുട്ടികളെ കാണുന്നുള്ളു. അതിനാൽ തന്നെ അവർക്ക് പ്രത്യേകം അവകാശങ്ങളുണ്ട് എന്നോ തീരുമാനങ്ങളുണ്ട് എന്നോ അവർ അംഗീകരിക്കുന്നില്ല. മറിച്ച് തങ്ങളുടെ കണിശമായ തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള, അനുസരിക്കാനുള്ളവരായി മാത്രമേ കാണുന്നുള്ളു. ഇത് കുട്ടികളിൽ എത്രമാത്രം മാനസികമായ മുറിവുകൾ ഉണ്ടാക്കുന്നുവെന്ന് മനസിലാക്കാൻ അവർ ശ്രമിക്കാറില്ല. ഇനി മനസിലാക്കിയാൽ പോലും അത് സമ്മതിക്കാൻ അവർ തയ്യാറാകാറുമില്ല.
"എൻറെ മുന്നിലെത്തുന്ന ഭൂരിഭാഗം കേസുകളും ചൈൽഡ്ഹുഡ് ട്രോമകളുമായി എത്തുന്നവരാണ്. കുട്ടിക്കാലത്ത് ഇഷ്ചടമുള്ളത് പഠിക്കാനോ ചെയ്യാനോ മാതാപിതാക്കൾ സമ്മതിക്കാതെ കൂട്ടിലിട്ടത് വരുത്തിവെച്ച ട്രോമകൾ പലരിലും ചില്ലറയല്ല", ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കീർത്തന പറയുന്നു.
"എന്തിന് ഇഷ്ടമുള്ള പാർട്ണറെ തിരഞ്ഞെടുക്കുന്നതിലടക്കം അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവരാണ് മിക്ക പാരൻറ്സും. അതിനാൽ തന്നെ ജിവിതം മടുത്ത് അവസാനിപ്പിക്കാൻ പോലും ശ്രമിക്കുന്നവരുടെ എണ്ണം പെരുകുന്നുണ്ട്". കീർത്തന കൂട്ടിച്ചേർത്തു.
രാധികയുടെ കേസിലേക്ക് തന്നെ തിരികെ വരാം.
മരണശേഷം സോഷ്യൽ മീഡിയകളിൽ നിറഞ്ഞ പ്രതികരണങ്ങൾ പലതും മനസ് മരവിപ്പിക്കുന്നതായിരുന്നു. മരണത്തെ ന്യായീകരിക്കുന്ന നിരവധി കമൻറുകൾക്കൊപ്പം തന്നെ വർഗീയത പടർത്തുന്നവയും നിറഞ്ഞു. രാധികയ്ക്ക് ഒരു മുസ്ലീം പയ്യനുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിനാലാണ് കൊന്നത് എന്നുമായിരുന്നും അവയിൽ ചിലത്. രാധികയ്ക്ക് മുസ്ലീം പയ്യനുമായി ബന്ധമുണ്ടെങ്കിൽ തന്നെ അത് കൊലചെയ്യാനുള്ള കാരണമാകുന്നത് എങ്ങനെയാണ്. പിതാവിനായാലും അതിന് അധികാരവും അവകാശവും ആരാണ് നൽകുന്നത്. ?
പാട്രിയാർക്കിയുടെ അലിഖിതങ്ങളായ നിയമങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്നും നമ്മുടെ സമൂഹം സ്ത്രീയെ വിലയിരുത്തുന്നത്. അനുസരിക്കുന്നവളാണെങ്കിൽ 'അച്ചടക്കത്തോടെ' വളർത്തേണ്ടവളും അല്ലാത്തവളാണെങ്കിൽ അവൾ കൊല്ലപ്പെടേണ്ടവളുമാണ് എന്ന കാട്ടുനീതിയിൽ.
രാധികയുടേത് ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല. നമ്മുടെ രാജ്യത്ത് അരങ്ങേറുന്ന ദുരഭിമാന കൊലപാതകളിലെ ഒന്നുമാത്രമാണ് രാധികയുടേത്.
സ്ത്രികൾക്ക് സ്വന്തമായ ഐഡൻറിറ്റിയുണ്ടെന്ന് നമ്മൾ - സമൂഹം - അംഗീകരിക്കുംവരെ ഇതെല്ലാം ഇങ്ങനെ തന്നെ തുടരും. എന്നിട്ട് നമ്മൾ സ്വയം വാഴ്ത്തിപാടും - പരിഷ്കൃതസമൂഹമാണ് നമ്മുടേതെന്ന്..!!!
No comments:
Post a Comment