അന്നുവരേയുള്ള ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫോൺ കോൾ

ഫെബ്രുവരി 26

17 വ‍ർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസം. രണ്ടാമത്തെ പിജി കാലം. 

സമയം വൈകുന്നേരം 5 മണികഴിഞ്ഞിരിക്കുന്നു. നാ​ഗ്വാരയിൽ നിന്ന് ജെപി ന​ഗറിലേക്കുള്ള ബസ് യാത്ര. വൈകുന്നേരം 6 മണിക്ക് കോളേജ് ആന്വൽ ഡേ സെലിബ്രേഷനുവേണ്ടിയുള്ള യാത്രയാണ്. കോളേജിലെ ആ വർഷത്തെ ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ് വാങ്ങേണ്ടതിനാൽ മാത്രം ഇറങ്ങിയതാണ്. അല്ലെങ്കിൽ ബാം​ഗ്ലൂരുവിലെ രാത്രി തണുപ്പിൽ ചുരുണ്ടുമൂടി കിടന്നേനെ. സാധാരണനിലയിൽ 100 ഫീറ്റ് ഔട്ടർ റിങ് റോഡിലൂടെ ഒരുമണിക്കൂ‍ർ യാത്രയുണ്ട്. പക്ഷെ ഇത് വൈകുന്നേരമായതിനാൽ തന്നെ റോഡിൽ നല്ല തിരക്കുണ്ട്. ഓഫീസ് വിട്ടും സ്ക്കൂൾ വിട്ടുമെല്ലാം വരുന്ന വാഹനങ്ങൾ നിരത്ത് നിറയെ. ബസ്സിൽ പക്ഷെ വലിയ തിരക്കില്ല. ബിഎംടിസിയുടെ 500 എ നമ്പ‍ർ ബസ്സിലെ സൈഡ് സീറ്റിൽ ചാരിയിരുന്നു ചെറുങ്ങനെ ഒന്നു മയങ്ങി. 

ഫോൺ റിങ് ചെയ്തപ്പോഴാണ് ഉണ‍ർന്നത്. കോൾ എടുക്കുന്നതിന് മുമ്പായി ഉറക്കചടവുള്ള കണ്ണ് പാതി തുറന്ന് പുറത്തേക്ക് നോക്കി.  മാർത്തഹള്ളിയിലെ അണ്ടർ പാസ് കഴിഞ്ഞതേയുള്ളു. പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തുനോക്കി. മോട്ടറോളയുടെ ലിമിറ്റഡ് എഡിഷൻ ഫോണായ വി7 ന്റെ നീല ഘടികാരാകൃതിയുള്ള മൊബൈൽ ഫോൺ. അതിന്റെ വട്ടത്തിലുള്ള ഡയലിൽ നീലവെളിച്ചത്തിൽ തെളിഞ്ഞപേര് കണ്ട് ആദ്യം സന്തോഷവും അത്ഭൂതവും തോന്നി. കോൾ എന്നത് വിരളവും എസ് എം എസ് എന്നത് ആയിരങ്ങളും വരുന്ന നമ്പറിൽ നിന്നാണ്. പെട്ടെന്ന് ഉറക്കം വെടിഞ്ഞ് എക്സൈറ്റ്മെന്റ് പോകാതെ തന്നെ കോൾ എടുത്തു. പക്ഷെ മറുവശത്തെ ശബ്ദം അത്ര സുഖമുള്ളതായി തോന്നിയില്ല. സങ്കടം നിറഞ്ഞ ശബ്ദം. എക്സൈറ്റ്മെന്റ് പെട്ടെന്ന് മാറിതുടങ്ങി. കഷ്ടിച്ച് ഒരു മിനുട്ടിൽ താഴെമാത്രം സംസാരിച്ച് കോൾ വെച്ചു. അത്രസന്തോഷം നൽകുന്നതായിരുന്നില്ല പങ്കുവെച്ച വിശേഷം. പിന്നാലെ തുരുതുരാ മെസേജുകൾ വന്നുതുടങ്ങി. അധികകാലമായില്ലെങ്കിലും വളരെവേ​ഗത്തിൽ സ്പെഷ്യൽ ആയ സുഹൃത്തുമായി പക്ഷെ വെറും സൗഹൃദം മാത്രമല്ല ഉള്ളതെന്ന് തിരിച്ചറിയുകയായിരുന്നു തുടർന്നുള്ള നിമിഷങ്ങളിൽ. കോളേജിലേക്കുള്ള പിന്നീടുള്ള യാത്ര പക്ഷെ മണിക്കുറുകളുടെ ദൈ‍ർഘ്യം പോലെ തോന്നി. 

അന്ന് ഹച്ചായിരുന്നു മൊബൈൽ കണക്ഷൻ. 360 രൂപയ്ക്ക് റീചാർജ് ചെയ്താൽ 180 രൂപയാണ് ടോക്ക് ടൈം ലഭിക്കുക, ഒരുമാസത്തെ കാലാവധി. കോളിന് മിനുട്ടിന് ഒന്നര രൂപ. സ്പെഷ്യൽ റീചാർജ് ചെയ്താൽ എത്രവേണമെങ്കിലും എസ് എം എസ് അയക്കാം. ഇന്നത്തെ പോലെ വാട്സ് അപ്പോ മൊബൈൽ നെറ്റ് സൗകര്യമോ അന്നില്ലായിരുന്നു എന്നതിനാൽ ലോകം ​ആ​ഗോള​ഗ്രാമമായി (​ഗ്ലോബൽ വില്ലേജ്) മാറി എന്ന കനേഡിയൻ ചിന്തകനായ മാർഷൽ മക്ലൂഹന്റെ തിയറി പഠിക്കുമ്പോഴും മറിച്ചായിരുന്നു സ്വന്തം അനുഭവം.  കമ്മ്യൂണിക്കേഷൻ എന്നത് കാശ് ചെലവുള്ള പണിയായിരുന്നുവെന്ന് സാരം. പഠിക്കുന്ന കാലമായതിനാൽ തന്നെ കയ്യിൽ വലിയ കാശൊന്നുമില്ല. വീട്ടിൽ നിന്ന് കിട്ടുന്ന കാശ് തന്നെ തികയില്ല. അതിനാൽ തന്നെ വിളിക്കുകയെന്നത് ആഢംബരമാണ്.  എസ് എം എസ് അൺലിമിറ്റഡ് ഫ്രീ ആയതിനാൽ പുല‍ർച്ചെ 3 മണിക്കൊക്കെ അയക്കാൻ തുടങ്ങും. അത് അവസാനിക്കൽ പലപ്പോഴും അടുത്ത ദിവസം പുലർച്ചെ ആയിരിക്കും. ഉറക്കമെല്ലാം എസ് എം എസ് അപഹരിച്ചകാലം. 

പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിന് പക്ഷെ നല്ല ഓഫറുകൾ ഒക്കെ കമ്പനി നൽകാറുണ്ട്. മാസം ഇത്രമണിക്കൂ‍ർ ഫ്രീ കോൾ എന്നതോ അൺലിമിറ്റഡ് ഫ്രീ കോൾ എന്നൊക്കെ എടുക്കുന്ന പ്ലാനനുസരിച്ച് കിട്ടും. അന്ന് മെസെജ് അയച്ചാൽ പോര, വിളിച്ചാലേ മതിയാകൂവെന്ന അവസ്ഥയായി. പരിഹാരം അഭിയുടെ വകയായിരുന്നു. അഭിഷേക് മത്തായി ചാക്കോയെന്ന മലയാളിയായ നാ​ഗ്പൂരുകാരന്റെ വക. അവന്റെ പിജിയിൽ അന്ന് തങ്ങാം. ഫ്രണ്ട് ഷിബുവിന് പോസ്റ്റ് പെയ്ഡ് കണക്ഷനുണ്ട്. അൺലിമിറ്റഡ് കോൾ ഫ്രീ! അത് മാത്രമല്ല, നേരത്തെ ഫോണിൽ വിളിച്ച് പറഞ്ഞ സങ്കടത്തിന് പരിഹാരം കാണാനും അവന് സാധിക്കും. അങ്ങനെ രാത്രിയിൽ  അവരുടെ മുറിയിൽ താമസിച്ച് ഫോൺ വിളിയായിരുന്നു. രാത്രി എത്രനേരം വരെയെന്ന് ഓ‍ർമയില്ല. അക്കാലം വരേയുമുള്ള ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫോൺ വിളി അതായിരുന്നു. 

പിറ്റേന്ന് ഉച്ചയ്ക്ക് മടങ്ങുംവരേയും അവന്റെ ഫോൺ എന്റെ കയ്യിൽ തന്നെയായിരുന്നു. പാവം ഷിബു. അവനിന്ന് ഒപ്പമില്ല. നാ​ഗർകോവിലിലെ ഒരു പള്ളിയുടെ പിന്നാംപുറത്ത് അവനുറങ്ങുന്നുണ്ട്. ഫോൺ എത്രവേണമെങ്കിലും വിളിക്ക് മച്ചാ എന്ന് പറഞ്ഞ് നോക്കിയ 1100 മൊബൈൽ എനിക്ക് നേരെ നീട്ടി ചിരിച്ചുകൊണ്ട് നിന്ന ആ നിളം കൂടിയ അവന്റെ ചിത്രം ഇപ്പോഴും കൺമുന്നിലുണ്ട്. എന്നെങ്കിലും ഒരിക്കൽ ഷിബുവിന്റെ കുഴിമാടത്തിൽ പോയി ഒരു തിരിതെളിക്കണമെന്ന് അഭിയുടെ ആ​ഗ്രഹമായിരുന്നു.  അവൻ ലണ്ടനിലേക്ക് ചേക്കേറും മുമ്പ് ഒരിക്കൽ പോകാൻ പ്ലാനിട്ടെങ്കിലും സാധിച്ചില്ല... (ഇന്നലെ ആയിരുന്നു ഷിബുവിൻറ്റെ ചരമവാർഷികം). 

ബാംഗ്ലൂരിന്റെ ഫ്രെബ്രുവരി രാവുകളിലിപ്പോഴും തണുപ്പ് നിറയുന്നുണ്ടാകാം. എസ് എം എസുകൾ ആളുകൾ എന്നേ മറന്നിരിക്കുന്നു. ഫോൺ വിളികൾ ഇപ്പോൾ അന്നത്തേത് പോലെയല്ല, കണ്ടുസംസാരിക്കാനുള്ള സംവിധാനങ്ങൾ വരെ എത്തി. മെറ്റവേഴ്സിന്റെ കാലത്തേക്ക് നാം നടന്നുകയറിക്കഴിഞ്ഞു. മാർഷൽ മക്ലൂഹൻ പറഞ്ഞ ആ​ഗോള​ഗ്രാമം ഇന്ന് കടുകുമണിയോളം ചുരുങ്ങിക്കഴിഞ്ഞു. എന്നിരുന്നാലും അന്നത്തെ പ്രണയത്തിന്റേയും വിരഹത്തിന്റേയും നഷ്ടപ്പെടലിന്റേയും സുഖത്തിനും ദുഖത്തിനും നൊമ്പരത്തിനുമെല്ലാം ഇന്നും അതേതീവ്രത തന്നെ....

Comments

  1. This comment has been removed by the author.

    ReplyDelete
  2. കാലത്തിന് വികാരങ്ങളെ മയപ്പെടുത്താമെന്നത് വെറും തോനലുകളാണ്!!

    ReplyDelete

Post a Comment