April is the cruelest month, breeding
lilacs out of the dead land, mixing
memory and desire, stirring
dull roots with spring rain....
- (THE WASTE LAND - TS ELIOT)
ഏപ്രിലാണ് ഏറ്റവും ക്രൂരമായ മാസമെന്നാണ് അമേരിക്കൻ കവിയായ ടി എസ് എലിയറ്റിന്റെ പക്ഷം. തരിശ്ശുഭൂമിയിൽ വൈലറ്റ് പൂവിടുന്ന ലൈലാക്കുകൾ വിതയിടുന്ന, ഓർമകളും ആഗ്രഹങ്ങളുമെല്ലാം ഇഴചേർത്ത്, ചത്തവേരുകൾ ജനിക്കുന്ന വസന്തമഴയുടെ ഏപ്രിൽ...
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ആത്മീയവും അരാചകത്വവും നിറഞ്ഞ യൂറോപ്പിനെ തരിശ്ശുഭൂമിയായി അഥവാ ഒരു ശവപറമ്പായി ചിത്രീകരിച്ചാണ് എലിയറ്റ് വേസ്റ്റ് ലാന്റ് എന്ന കവിതയെഴുതിയത്. 5 ഭാഗങ്ങളായി 400 ലേറെ വരികളുണ്ട് എലിയറ്റിന്റെ കവിതയിൽ. നിരവധി കഥാപാത്രങ്ങൾ സംഭാഷണശൈലിയിൽ പല ഭാഷകൾ - ഗ്രീക്കും ഇംഗ്ലീഷും സംസ്കൃതവുമെല്ലാം - ഉപയോഗിച്ച് എഴുതിയ കവിത ഇംഗ്ലീഷിലെ എക്കാലത്തേയും മികച്ച എപ്പിഗ്രാഫാണ്.
ഏപ്രിൽ ഏറ്റവും മനോഹരിയെന്ന ജെഫ്രി ചോസറിന്റെ ദ കണ്ടംപ്രററി ടെയിൽസിലെ വാദത്തെ തള്ളിയാണ് ടി എസ് എലിയറ്റ് തുടങ്ങിയത്. വെറുതെ ഏപ്രിലിനെ കുറ്റപ്പെടുത്തിയതല്ല എലിയറ്റ്. ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏപ്രിലിൽ യൂറോപ്പ് ശവപറമ്പായി മാറിയതും കൃസ്തുവിന്റെ കുരിശുമരണം ഏപ്രിലിലായതും മാത്രമല്ല എലിയറ്റിനെകൊണ്ട് ഏപ്രിലിനെ ചീത്ത വിളിപ്പിച്ചത്. മറിച്ച് സ്വന്തം ജീവിതത്തിലെ ദാമ്പത്തിക പരാജയ ദുഖവും അതിന് ഒപ്പമുണ്ട്. എലിയറ്റ് വിവാഹമോചിതനായത് ഏപ്രിലിലാണ്. സ്വന്തം അനുഭവം കൂടിച്ചേർന്നപ്പോഴാണ് ഏപ്രിൽ ക്രൂരമാണെന്ന് എലിയറ്റ് പറയുന്നത്.
സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പറഞ്ഞാൽ മാർച്ചല്ലേ ഏറ്റവും ക്രൂരൻ? മാർച്ചല്ലേ വേർപ്പാടിന്റെ വേദന കൂടുതൽ സമ്മാനിക്കുന്നത്? വിദ്യാലയങ്ങളും കലാലയങ്ങളുമെല്ലാം മധ്യവേനലവധിക്കായി അടയ്ക്കുന്നതും കോഴ്സുകൾ കഴിഞ്ഞ് എല്ലാവരും പിരിയുന്നതുമെല്ലാം മാർച്ചിലാണ്. പ്രണയിച്ച് കൊതിതീരാത്തവർ വേദനയോടെ കോളേജിലെ മരത്തണലുകളോട് വിടപറയുന്നത് മാർച്ചിലാണ്. ക്യാമ്പസുകളിലെ വരാന്തകൾ ചിരിതമാശകൾ അകന്ന് പരീക്ഷയുടെ ചൂടിലേക്ക് വഴിതുറക്കുന്നതും മാർച്ചിലാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനമെന്നത് മാത്രമല്ല, യാത്രയയപ്പുകളുടെ മാസം കൂടിയാണ് മാർച്ച്. കലാലയങ്ങളിൽ മാത്രമല്ല, ഔദ്യോഗികജീവിതത്തിൽ നിന്ന് പലരും പടിയിറങ്ങുന്നതും മാർച്ചിലാണ്. ഓർമകളും ഗൃഹാതുരതയും കൂട്ടുചേരലുമെല്ലാം അവശേഷിപ്പിച്ചാണ് ഓരോരുത്തർക്കും മാർച്ച് പടിയിറങ്ങുന്നത്.
മാർച്ച്, അനുഭവങ്ങളാൽ സമിശ്രമാണ്. കൂടിച്ചേരലും വേർപിരിയലുമെല്ലാം ചേർന്ന് സന്തോഷത്തിന്റേയും സങ്കടത്തിന്റേയും കണ്ണീർ പടർന്ന മാർച്ച്. കാത്തുനിന്നുള്ള കണ്ടുമുട്ടലുകളും തിരക്കേറിയ നഗരപാതകളിലൂടെയുള്ള യാത്രയും നിറഞ്ഞചിരിയും നിറച്ച മാസമാണ് ഒരുവശത്ത് മാർച്ച്. മറുവശത്താകട്ടെ, വഴിതെറ്റി പെയ്ത മഴയുടെ നിറവിൽ നിന്ന് രക്ഷ തേടി പാതിനനഞ്ഞ് കടത്തിണ്ണയിൽ കയറി നിന്നവന്റെ നിരാശയുടെ അടരാണ്. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ അവസാനം വിടരുമുമ്പേ കൊഴിഞ്ഞ പ്രണയത്തിന്റെ ചിതയെരിഞ്ഞ മാസം... ഉള്ളുകൊരുത്ത് വലിക്കുന്ന മഹാമൗനിയായി മാർച്ച് പിന്നെയും മുന്നിൽ കണ്ണുരുട്ടി നിൽക്കുമ്പോൾ എന്തിനെന്നറിയാത്ത ആധി നിറയുന്നു.
എല്ലാം അപൂർണമായ ഫെബ്രുവരിയുടെ ചുവടുപിടിച്ചെത്തിയ മാർച്ച് പക്ഷെ വിരാമം ചാർത്തുന്നുണ്ട് പലതിനും, ഒരിറ്റ് വേദനയോടെയെങ്കിലും..
താഴ്വാരങ്ങളിൽ നിറയെ ഏതൊക്കെയോ പൂക്കൾ വിരിയാൻ തുടങ്ങവേ വെറുതെയെങ്കിലും എലിയറ്റിനെ ഒറ്റവാക്കിൽ തിരുത്തിപോവുകയാണ്..
ഏപ്രിലല്ല, മറിച്ച്, മാർച്ചാണ് ക്രൂരൻ....
No comments:
Post a Comment