Friday, 31 December 2021
ഒബിച്ച്വറികൾ പറയുന്നത്
നിങ്ങൾ ചാരമാകുമ്പോൾ ഇതോർക്കുക (WHEN YOU ARE ASHES, REMEMBER THIS)
കഠിനസ്നേഹം (TOUGH LOVE)
ഇനി,..
കൊഴിഞ്ഞ ഇതളുകൾ
കാലദേശാന്തരബന്ധം
പരീക്ഷണങ്ങൾക്കൊപ്പം മലയാളത്തിൽ ഇരുണ്ടകാലത്തിന്റെ സിനിമകളും വരണം
ശക്തമായകഥകളും സിനിമയും മലയാളത്തിന് സമ്മാനിച്ച സച്ചിയും ഷാനവാസ് നരണിപ്പുഴയും പി ബാലചന്ദ്രനുമൊന്നുമില്ലാതെയാണ് പുതുവർഷത്തെ വരവേൽക്കുമ്പോൾ മലയാള സിനിമ ഒരുങ്ങുന്നത്. ഇവരുടെ നഷ്ടം മലയാളത്തിന് ഒരിക്കലും നികത്താനാവുന്നതുമല്ല. മികച്ച കഥകൾ ഒരുക്കിയെന്നതിനൊപ്പം തന്നെ ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുവെന്നതും ബാലചന്ദ്രന്റേയും മൺമറഞ്ഞുപോയ നെടുമുടി വേണുവിന്റെയുമെല്ലാം നേട്ടമാണ്. ഇവരല്ലാം പകർന്നുനൽകിയ ഊർജ്ജം ഉൾക്കൊണ്ടുതന്നെയാകും മലയാള സിനിമ മുന്നോട്ടുള്ള യാത്ര തുടരുക.ലോക്ഡൗണിൽ ലോകമെല്ലാം പകച്ച് നിന്നപ്പോഴും പരീക്ഷണങ്ങളിലൂടെ പ്രതിസന്ധിയെ മറികടന്ന് ലോകസിനിമയ്ക്ക് തന്നെ അത്ഭുതമായിരുന്നു നമ്മുടെ കൊച്ചു മലയാളം ഇൻഡസ്ട്രി. പൂർണമായും അടച്ചിട്ട മുറിയിലിരുന്ന്, വെറും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച സി യു സൂൺ എന്ന സിനിമമാത്രം മതി നമ്മുടെ സിനിമ സാങ്കേതികവിദ്യയിൽ എത്രമാത്രം പരീക്ഷണങ്ങളും പ്രമേയത്തിൽ വ്യത്യസ്ഥതയും കൊണ്ടുവരുന്നുവെന്നത് മനസിലാക്കാൻ.
പോയവർഷം പ്രമേയംകൊണ്ടും ട്രീറ്റ്മെന്റ് കൊണ്ടും വ്യത്യസ്ഥങ്ങളായ നിരവധി സിനിമകളാണ് പിറന്നത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക്ക്, ജോജി, കുരുതി, നായാട്ട്, ഓപറേഷൻ ജാവ, നിഴൽ, ഭീമന്റെ വഴി, ആണും പെണ്ണും, സാറ തുടങ്ങി രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്ത ഒരുപിടി സിനിമകളാണ് പ്രേക്ഷകരിലേക്കെത്തിയത്. മലയാളിക്ക് കണ്ടുപരിചിതമല്ലാത്ത കഥപറയൽ ശൈലിയും അവതരണവുമെല്ലാം തികഞ്ഞ അച്ചടക്കത്തോടെ തന്നെ അവതരിപ്പിച്ചുവെന്നതാണ് ഈ സിനിമകളുടെയെല്ലാം വിജയം. ഇവയിൽ പലതും വലിയ അവകാശവാദങ്ങളില്ലാതെ എത്തി വിജയക്കൊടിപാറിച്ചതാണ് എങ്കിൽ വലിയ ഓളമുണ്ടാക്കിയെത്തി തിയ്യറ്ററുകളെ നിറച്ച സിനിമകളും വർഷാവസാനം എത്തി. ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ റിലീസായ കുഞ്ഞാലി മരക്കാർ അറബികടലിന്റെ സിഹം, കുറുപ്പ്, മിന്നൽ മുരളി തുടങ്ങിയവയെല്ലാം ആ ഗണത്തിൽ പെടുന്നതാണ്. സുകുമാരകുറുപ്പ് എന്ന പിടികിട്ടാപുള്ളിയുടെ കഥ പറഞ്ഞ കുറുപ്പും അതിമാനുഷിക കഥാപാത്രങ്ങളെ ഹോളിവുഡ് സിനിമകളിലൂടെ ആരാധിക്കുന്ന മലയാളിക്ക് ലോക്കലായിട്ട് ഒരു അതിമാനുഷികനെ സമ്മാനിച്ച മിന്നൽ മുരളിയുമെല്ലാം മലയാള സിനിമ ആസ്വാദനത്തിൽ വേറിട്ടതായി. ഗ്രാഫിക്സിന്റെ സാധ്യതകളെ ഉപയോഗിച്ചുള്ള കുഞ്ഞാലിമരക്കാറും സാങ്കേതികവിദ്യയുടെ പേരിൽ തിയ്യേറ്ററുകളിൽ വേറിട്ട അനുഭവമായി.
കലാമൂല്യങ്ങളുള്ള ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ മലയാളം നന്നായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് പറയുമ്പോഴും ജാതിയത, കീഴാള വ്യവസ്ഥിതി എന്നിവയെ എത്രമാത്രം മലയാള സിനിമ ഇപ്പോഴും അഡ്രസ് ചെയ്യുന്നുണ്ട് എന്നത് വിമർശനപരമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച് നമ്മുടെ തൊട്ടയൽപകത്തെ തമിഴ് സിനിമകൾ കീഴാളരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന സിനിമകളുമായി മുന്നോട്ട് വരുമ്പോൾ. (മലയാളത്തിൽ ഒട്ടും ഉണ്ടായിട്ടില്ല എന്നതല്ല, സമീപകാലത്ത് കുറവാണ്. വിധേയൻ, പാപ്പിലിയോ ബുദ്ധ പോലുള്ള സിനിമകൾ ഇത്തരം വിഷയങ്ങൾ മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ട്). ജയ് ഭീം, രാമൻ ആണ്ടാലും രാവണൻ ആണ്ടാലും, കർണൻ പോലുള്ള സിനിമകൾ ജാതിവ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ഭരണകൂടത്തെ തന്നെ മുൾമുനയിൽ നിർത്തുമ്പോൾ. രാഷ്ട്രീയമായി വലിയ മുന്നേറ്റങ്ങളും പുരോഗമനവാദങ്ങളും മുന്നോട്ട് വെക്കുന്ന കേരളത്തിൽ നിന്ന് അത്തരമൊരു സിനിമ ഇപ്പോൾ ഉണ്ടാകുന്നില്ലയെന്നത് അത്ഭുതകരമാണ്. അത്തരം സിനിമകൾ കൂടി വരും വർഷങ്ങളിൽ മലയാളത്തിൽ നിന്ന് വരേണ്ടതുണ്ട്. ഇതിനിടയിലും പ്രതിഷേധങ്ങളെ ഭയന്ന് സിനിമകൾ തന്നെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ മലയാളത്തിലും ഉണ്ടാകുന്നുവെന്നത് സങ്കടകരമാണ്. വിവിധ വിഭാഗങ്ങളുടെ ഭീഷണിക്ക് മുന്നിൽ പുരോഗമനവാദികളായ സിനിമാക്കാർക്ക് പോലും മുട്ടിടിക്കുന്നുവെന്ന ആക്ഷേപത്തിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുന്നത്. ചില വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് വാരിയംകുന്നത്ത് പോലുള്ള ചരിത്ര സിനിമകൾ ഉപേക്ഷിക്കുന്ന സാഹചര്യമെല്ലാം ഈ സന്ധിചെയ്യലിന്റെ ഭാഗമാണ്. തമിഴൻ ആരാധകരുടെ കയ്യടികൾക്ക് വേണ്ടി മാത്രമായി സിനിമചെയ്യുന്നവരാണെന്ന പഴി പണ്ടേക്കും പണ്ടേ ഉയർത്തിയിരുന്നവരാണ് നമ്മൾ. അതേ നമ്മൾ ആരാധകർക്ക് വേണ്ടി മാത്രമാണ് ചരിത്രസിനിമ പോലും ചെയ്യുന്നതെന്ന് തുറന്നുപറയുന്ന കാലത്തേക്ക് തിരിഞ്ഞുനടന്നുവെന്നത് വെറും യാദൃശ്ചികമല്ല. ജാതീയതയും ഫാസിസവും മതാന്ധതയും വേരുറപ്പിക്കുന്ന കാലത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ ഇരുണ്ടകാലത്ത് ആ ഇരുളിനെ തുറന്നുകാട്ടുന്ന സിനിമകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പോയവർഷം എത്തിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നമ്മുടെ അടുക്കളകളിൽ സ്ത്രീകൾ തളച്ചിടപ്പെടുന്നതിനേയും അന്ധവിശ്വാസത്തേയും ആൺ മേൽക്കോയിമയേയും ചോദ്യം ചെയ്യുന്നതായി. കുരുതി എന്ന സിനിമ തീവ്രവാദത്തെ വിഷയമാക്കിയെങ്കിലും ഏകപക്ഷീയമായിപോയി എന്ന ആരോപണം നേരിട്ടു. അവയൊന്നും തന്നെ ജീർണിച്ച ജാതിവ്യവസ്ഥിതിയേയോ ദളിത് രാഷ്ട്രീയത്തേയോ ചർച്ച ചെയ്തതുമില്ല. മാലിക്ക് എന്നത് വലിയതുറ വെടിവെപ്പ് പശ്ചാത്തലമാക്കി തയ്യാറാക്കിയ സിനിമയായിരുന്നുവെങ്കിലും വെടിവെപ്പിലെ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുകയോ അത്തരം വസ്തുതകളിൽ നിന്ന് കൃത്യമായ അകലം ബോധപൂർവ്വം പാലിക്കുകയോ ചെയ്തു. അതേസമയം ജയ് ഭീം ആയാലും കർണൻ ആയാലും ഭരണകൂട ഭീകരതയെ ഒരുമറയുമില്ലാതെ തുറന്നുകാട്ടുന്നതായി. നമ്മുടെ നാട്ടിലും ജാതീയതയും ഊരുവിലക്കുമെല്ലാം പലയിടത്തായി ഇപ്പോഴും നിലവിലുണ്ട്. ഇത്തരം വിഷയങ്ങൾ പക്ഷെഎന്തുകൊണ്ടോ നമ്മുടെ സിനിമകൾ-മുഖ്യധാരയിൽ- വിഷയമാക്കാൻ മടിക്കുന്നുവെന്നതാണ് ഖേദകരം. വരും നാളുകളിൽ അത്തരം സിനിമകൾ മലയാളത്തിലുമുണ്ടാകുക തന്നെ വേണം. സാങ്കേതിക വിദ്യയിലും കഥകൾ പറയുന്ന ശൈലിയിലും മാത്രമല്ല, പറയുന്ന കഥയിലും ജീവിതങ്ങൾ ഉണ്ടാകണം, വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ വേണം. എങ്കിലെ സിനിമ അതിന്റെ ധർമം പുലർത്തിയെന്ന് പറയാനാവു. തമിഴിൽ വെട്രിമാരനും പാ രഞ്ജിത്തുമെല്ലാം വെട്ടിയിട്ട പാതകൾ മലയാളത്തിലേക്കും നീളേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ഒ ടി ടി, തിയ്യേറ്റർ എന്ന ദ്വയത്തിനുള്ളിൽ കിടന്ന് മലയാള സിനിമ കറങ്ങിയ വർഷം കൂടിയാണ് കടന്നുപോകുന്നത്. രണ്ടാം ലോക്ഡൗണിനെ തുടർന്ന് വീണ്ടും അടച്ചിട്ട തിയ്യേറ്റർ ഒരുപാട്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് തുറന്നുകൊടുക്കപ്പെട്ടത്. അതുപോലും വലിയ വാർത്തയായത് കുഞ്ഞാലിമാരക്കാറിന്റെ റിലീസ് തിയ്യേറ്റർ ആയിരിക്കുമോ ഒ ടി ടി ആയിരിക്കുമോയെന്ന തർക്കത്തിലാണ്. മലയാളം പോലുള്ള ചെറിയ ഇൻഡസ്ട്രിക്ക് ഒ ടി ടി റിലീസ് പ്രതിസന്ധിയാണെന്ന് വാദിക്കുന്നവരും ഒടിടിയെ മാറ്റിനിർത്താനാവില്ലെന്ന് വാദിക്കുന്നവരും തമ്മിലുള്ള തർക്കം വരും വർഷത്തിലും തുടരുമെന്നുറപ്പ്. വലിയ സിനിമകളുടെ റിലീസിനായി ചെറിയ സിനിമകൾ തിയ്യേറ്റുകൾ മാറ്റുന്നകാലത്ത് ഒ ടി ടി യെ നവാഗതരടക്കമുള്ള, ചെറു സിനിമകൾ ചെയ്യുന്നവർ പിന്തുണയ്ക്കുകതന്നെ ചെയ്യും. ഒ ടി ടി റിലീസിനെ തടയാൻ തിയ്യേറ്ററുടമകൾ മുന്നോട്ട് വെക്കുന്ന പലനിബന്ധനങ്ങളും പ്രമുഖതാരങ്ങൾ അടക്കമുള്ളവർ തന്നെ തള്ളികളയുന്നുമുണ്ട്. ഒ ടി ടി റിലീസിനെ പ്രോത്സാഹിപ്പിക്കുന്ന നടൻമാരുടെ സിനിമകൾ ഇനി തിയ്യേറ്ററിൽ കളിപ്പിക്കില്ലെന്നതുൾപ്പടെയുള്ള ഉടമകളുടെ പിടിവാശിയെല്ലാം ഈ വ്യവസായത്തെ തകർക്കാൻ മാത്രമേ സാധിക്കുവെന്നതാണ് വസ്തുത. സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് വാശിപിടിച്ചാൽ ജനം ഒ ടി ടി യിൽ ആ പടം കാണുന്നതിലൂടെ നഷ്ടം സംഭവിക്കുന്നത് തിയ്യേറ്റർ ഉടമകൾക്ക് തന്നെയാകും. വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിൽ പ്രതിസന്ധി നേരിട്ടപ്പോൾ പല തിയ്യേറ്ററുകളും അടച്ചുപൂട്ടേണ്ടി വരികയും അവയെല്ലാം ഓഡിറ്റോറിയങ്ങൾ ആയി മാറിയതും മറക്കാറായിട്ടില്ല. ഒ ടി ടി യെ മാറ്റി നിർത്തി മുന്നോട്ടുപോകാൻ മലയാളത്തിനും അധികമാവില്ല. ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ പിന്നീട് തിയ്യേറ്ററിൽ പ്രദർശിപ്പിക്കാതിരിക്കുകയും തിയ്യേറ്ററിൽ പ്രദർശിപ്പിച്ച സിനിമകൾ ഇത്രകാലത്തിന് ശേഷം മാത്രം ഒ ടി ടി യിൽ പ്രദർശിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ ധാരണ. ആ ധാരണയും സിനിമയ്ക്ക് എത്രമാത്രം ഗുണകരമാണെന്ന് ഒരുപക്ഷെ വൈകാതെ പരിശോധിക്കപ്പെടേണ്ടിവരും. നാടോടുമ്പോൾ നടുവെ ഓടണമെന്നാണല്ലോ.
ടോളിവുഡിന്റേയോ കോളിവുഡിന്റോയോ അത്രവലിപ്പം ഈ ഇൻഡസ്ട്രിക്കില്ല എന്നത് ശരിയാണ്. പക്ഷെ ഇവരെയെല്ലാം വെല്ലുന്ന ചിലത് തങ്ങൾക്കുണ്ടെന്ന് മോളിവുഡ് തെളിയിച്ചിട്ടുണ്ട്. നല്ല കഥയ്ക്കോ സാങ്കേതികവിദ്യയ്ക്കോ മലയാളത്തിൽ ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. കഴിവുള്ള നിരവധി നടൻമാരും സാങ്കേതികവിദഗ്ധരും മലയാളത്തിലുണ്ട്. പരീക്ഷണം നടത്താൻ ഹോളിവുഡിനോളമോ അതിനപ്പുറമോ ചങ്കൂറ്റവും ഇപ്പോൾ മലയാളത്തിനുണ്ട്. അത് തന്നെയാണ് മലയാളത്തിന്റെ കരുത്ത്. പുതുവർഷത്തിൽ പുതിയ സിനിമകളൊരുങ്ങുമ്പോൾ സമൂഹത്തിന്റെ എല്ലാമേഖലയിലേയും ചൂഷണത്തെ ചൂണ്ടിക്കാട്ടുന്ന സിനിമകൾ തന്നെ പിറക്കുമെന്ന് പ്രതീക്ഷിക്കാം.
കപ്പിത്താനും സംഘത്തിനും സാധ്യതകളുടേയും വെല്ലുവിളികളുടേയും നാളുകൾ
രണ്ടാം പിണറായി വിജയൻ സർക്കാർ അതിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഇനി വെറും അഞ്ച് മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. പോയ എട്ട് മാസങ്ങൾ എന്നത് ഒരു സർക്കാരിനെ വിലയിരുത്താനുള്ള കാലാവധിയല്ല. വരാനിരിക്കുന്ന കാലത്ത് ഈ സർക്കാരിനെ നേരിടാൻ പോകുന്ന വെല്ലുവിളികൾ എന്തെല്ലാമെന്ന് ഒരു പക്ഷെ നമുക്ക് ഒന്നു നിരീക്ഷിച്ചാൽ പറയാനാവും. കഴിഞ്ഞ അഞ്ചരവർഷവും തുടർച്ചായി ഭരിച്ച സർക്കാർ എന്ന തരത്തിലും എന്തെല്ലാമാണ് ഈ സർക്കാർ നടപ്പാക്കാൻ പോകുന്നത് എന്നതും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തിൽ പ്രത്യേകിച്ച്. വരാനിരിക്കുന്ന വർഷങ്ങൾ എന്തായാലും രാഷ്ട്രീയമായും നയപരമായുമെല്ലാം വലിയ വെല്ലുവിളി നിറഞ്ഞത് തന്നെയായിരിക്കും, പ്രത്യേകിച്ച് മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റേയും സിപിഐയുടേയുമെല്ലാം പാർട്ടി കോൺഗ്രസുകൾ കൂടി അടുത്തുവരുന്ന സാഹചര്യത്തിൽ.
pic courtesy Onmanorama /PTI |
പിണറായി വിജയന്റെ നേതൃത്വത്തിൽ രണ്ടാമത് ഇടത് സർക്കാർ അധികാരത്തിൽ ഏറിയത് തന്നെ കേരളത്തിൽ ചരിത്രമാണ്. ഓരോ തിരഞ്ഞെടുപ്പിലും ഇരു മുന്നണികളെ മാറിമാറി മാത്രം പരീക്ഷിച്ച സംസ്ഥാനത്ത് മുൻ കക്ഷിനില മെച്ചപ്പെടുത്തിയാണ് തുടർച്ചയായി രണ്ടാമതും പിണറായി സർക്കാർ അധികാരത്തിലേറിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തേത് പോലെതന്നെ നിരവധി വൻകിട പദ്ധതികളാണ് അഭിമാന പദ്ധതികൾ എന്ന നിലയിൽ ഇടത് സർക്കാർ മുന്നോട്ട് വെക്കുന്നത്. വികസനമെന്നത് ദീർഘവീക്ഷണത്തോടുകൂടിയുള്ളതാവണമെന്നതാണ് പിണറായി സർക്കാരിന്റെ നിലപാട്. അതിനാൽ തന്നെ ആ മേഖലകളിൽ വലിയ ചർച്ചകളും എതിർപ്പുകളും പിണറായി സർക്കാരിന് നേരിടേണ്ടിവരുമെന്നതിൽ സംശയമില്ല.
വികസനം
തിരുവനന്തപുരത്തിനും കാസർകോഡിനുമിടയ്ക്കുള്ള യാത്രസമയം ഗണ്യമായി കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള സിൽവർ ലൈൻ എന്ന കെ റെയിൽ തന്നെയാണ് ഏറ്റവും വലിയ പദ്ധതിയായി രണ്ടാം വരവിൽ പിണറായി സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ളത്. പദ്ധതിയ്ക്കെതിരെ വൻതോതിൽ എതിർപ്പ് ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. എന്തിനാണ് സമയം കുറഞ്ഞതെങ്കിലും ചിലവേറിയയാത്ര എന്നാണ് പദ്ധതിക്കെതിരെ ഉയരുന്ന ആരോപണം. കേരളത്തെ നെടുകെ പിളർത്തി, എഴുപതിനായിരത്തോളം കോടി ചിലവിട്ട് എന്തിനാണ് അധികസാമ്പത്തിക ബാധ്യത ഉയർത്തുന്നതെന്നാണ് ചോദ്യം. ഇതിനോടകം തന്നെ ചെറുതും വലുതുമായ പ്രതിഷേധങ്ങൾ കെ റെയിലിനെതിരെ ഉയർന്നുകഴിഞ്ഞു. എന്തുവന്നാലും പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനവുമായി പിണറായിയും മുന്നോട്ട് പോകുമ്പോൾ പുതുവർഷത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് തന്നെയാവും കേരളം സാക്ഷ്യം വഹിക്കുക. പ്രത്യേകിച്ച് നിലവിലെ റെയിൽ വേ ലൈനുകൾ കുറഞ്ഞ ചിലവിൽ ഇരട്ടിപ്പിച്ചും പാതയുടെ വേഗം കൂട്ടിയും കെ റയിലിന് ബദൽ സംവിധാനങ്ങൾ ഒരുക്കാമെന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ.
ജനമൈത്രിയില്ലാതെ ആകുന്ന പൊലീസ്
കഴിഞ്ഞ എട്ട് മാസത്തിനിടെ മാത്രമല്ല, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഏറ്റവും കൂടുതൽ വിമർശനത്തിന് ഇരയായത് മുഖ്യമന്ത്രി തന്നെ നേതൃത്വം കൊടുക്കുന്ന ആഭ്യന്തരവകുപ്പാണ്. കസ്റ്റഡി മരണങ്ങളും ഏറ്റുമുട്ടൽ കൊലപാതകങ്ങളും വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണവും യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്തതുമെല്ലാം ഒന്നാം പിണറായി സർക്കാരിന്റെ ഗ്ലാമർ വൻ തോതിൽ ഇടിച്ചിരുന്നു. പൊലീസിന്റെ പല നടപടികളും പരസ്യമായി സിപിഐ പോലും തള്ളിപറയുകയും ചെയ്തത് വലിയ വാർത്തയുമായിരുന്നു. അതിന്റെ ബാധ ഇപ്പോഴും പൊലീസിനെ വിട്ടുപോയിട്ടില്ലെന്നതാണ് സമീപകാല സംഭവങ്ങളും വ്യക്തമാക്കുന്നത്. വ്യാജ പുരാവസ്തു തട്ടിപ്പുകാരനായ മോൻസണിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകിയ സഹായങ്ങളും അടുത്ത സൗഹൃദങ്ങളുമെല്ലാം പുറത്തുവന്നപ്പോൾ വെട്ടിലായത് സർക്കാരാണ്. പിന്നാലെ സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടായ സ്ത്രീധനപീഡന ആത്മഹത്യകളും ഇതിലെല്ലാം പൊലീസ് സ്വീകരിച്ച നിസംഗ നിലപാടുമെല്ലാം കൊല്ലത്തും ആലുവയിലുമെല്ലാം വലിയ പ്രതിഷേധങ്ങൾക്കാണ് തിരിതെളിച്ചത്. ആലുവയിൽ സമരം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുന്നതിന് പൊലീസ് നൽകിയ നിർദേശവുമെല്ലാം പൊലീസിന് മേൽ സർക്കാരിന് യാതൊരുവിധ നിയന്ത്രണവുമില്ലെന്ന് തെളിയിച്ചു. പൊലീസിനകത്ത് സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന വിഭാഗം ശക്തിപ്രാപിക്കുന്നുവെന്ന് വരെ ആരോപണങ്ങൾ ഭരണകക്ഷി നേതാക്കൾക്കിടയിൽ പോലും അഭിപ്രായം ശക്തമായി. തുടർച്ചയായി ഉണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങൾ തടയുന്നതിലെ പൊലീസിന്റെ വീഴ്ച്ചയുമെല്ലാം ഒട്ടും നീതികരിക്കാനാവുന്നതല്ല. കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾ ക്രിസതുമസ് രാവിൽ സൃഷ്ടിച്ച കലാപാന്തരീക്ഷവും അതിലെ തുടർനടപടികളുമെല്ലാം പൊലീസിന്റെ വീഴ്ച്ചയുടെ പട്ടങ്ങളാണ്.
ഇനിയാരു ലോക്ഡൗൺ താങ്ങാനാവുമോ?
പോയ വർഷങ്ങളിൾ പ്രളയം, കൊവിഡ് പ്രതിസന്ധികളിൽപെട്ട് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വളരെയധികം ഞെരുങ്ങിയാണ് പോകുന്നത്. കേരളത്തിന്റെ റവന്യൂവിന്റെ 30 ശതമാനവും പ്രവാസികളുടെ സംഭാവനയിൽ നിന്നാണ്. വിദേശത്ത് പണിയെടുത്ത് അവരയക്കുന്ന പണത്തെ ചുറ്റിപറ്റിയാണ് കേരളത്തിന്റെ ചിലവ് നടന്നുപോയിരുന്നത്. എന്നാൽ കൊവിഡിനെ തുടർന്ന് അവരിൽ നല്ലൊരുപങ്ക് നാട്ടിലേക്ക് ജോലി നഷ്ടപ്പെട്ടും മറ്റും മടങ്ങിയെത്തിയതോടെ കേരളത്തിലേക്കുള്ള വിദേശത്തുനിന്നുള്ള പണത്തിന്റെ വരവിലും കാര്യമായ ഇടിവാണ് സംഭവിച്ചത്. ഇത്തരത്തിൽ വന്നവരുടെ പുനരധിവാസവും മറ്റുമായി പലപദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം തന്നെ ലോക്ഡൗൺ കാലത്ത് സംസ്ഥാനത്തെ മറ്റ് ജനവിഭാഗങ്ങൾക്കുവേണ്ടിയും പല ക്ഷേമപദ്ധതികളും പാക്കേജുമെല്ലാം സർക്കാർ നടപ്പിലാക്കി. എന്നാൽ ഒമിക്രോൺ ഭീതികൂടി കടന്നുവരുന്നതോടെ വീണ്ടുമൊരു ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വന്നാൽ കേരളം വലിയ പ്രതിസന്ധിയാകും നേരിടേണ്ടിവരിക.
നിയന്ത്രണാധീതം ഈ വിലകയറ്റം
പെട്രോൾ വില നിലവിൽ ലിറ്ററിന് 104 രൂപയ്ക്കും മുകളിൽ ആണ് കേരളത്തിൽ. ചരിത്രത്തിലാദ്യമായാണ് പെട്രോളിനും ഡീസലിനുമെല്ലാം കേരളത്തിൽ വില നൂറടിക്കുന്നത്. ഇന്ധന വില കൂടിയതോടെ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിൽ വിലകയറ്റവും രൂക്ഷമായി. തക്കാളി കിലോക്ക് 165 രൂപ എന്ന ചരിത്രത്തിലിന്നോളം കേട്ടിട്ടില്ലാത്ത വിലവരെ ഉയർന്നു . ഈ വിലകയറ്റം എങ്ങനെ നിയന്ത്രിക്കാനാവുമെന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ ചോദ്യമായി തന്നെ നിലനിൽക്കും. കാലാവസ്ഥയിലെ വ്യതിയാനവും ഇന്ധന വിലയ്ക്കൊപ്പം വില്ലനാകുമ്പോൾ ബദൽ മാർഗങ്ങൾ കണ്ടെത്തുകയെന്ന വെല്ലുവിളിയും സർക്കാരിന് മുന്നിലുണ്ട്. വിപണിയിൽ കൃത്യമായി ഇടപെടാൻ സാധിക്കാതെ പോയാൽ രാഷ്ട്രീയമായും സർക്കിരിന് വലിയ തിരിച്ചടിയാകും ഇതേൽപ്പിക്കുക. ഇന്ധനവില വർദ്ധനയുടെ വിഷയത്തിൽ എന്തുകൊണ്ട് കേരളം നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്ന രാഷ്ട്രീയ ചോദ്യത്തിന് വരും വർഷവും സർക്കാർ മറുപടി പറയേണ്ടിവരും. ഇടത് സർക്കാർ കൂട്ടിയില്ല അതിനാൽ കുറയ്ക്കില്ലെന്ന വാദം എത്രകാലം വിലകയറ്റത്തിൽ പൊറുതിമുട്ടിയ ജനം കേട്ടിരിക്കുമെന്നത് ആലോചിക്കേണ്ടതുണ്ട്. മറ്റുള്ളവർ ചെയ്തത് ആവർത്തിക്കാനല്ല, മറിച്ച് അവരുടെ തെറ്റുകളിൽ നിന്ന് തിരുത്തി മുന്നോട്ട് നയിക്കാനാണ് അവരെ മാറ്റി നിങ്ങളെ ജനം തിരഞ്ഞെടുത്തതെന്ന് ഓർമിക്കേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം നികുതി (രാഷ്ട്രീയ ലക്ഷ്യത്തോടെയും ജനത്തിന് ആശ്വാസമേകാനും) സർക്കാരുകൾ കുറച്ചപ്പോൾ എന്തുകൊണ്ട് കേരളത്തിനായികൂടയെന്ന് സാധാരണക്കാരൻ വരെ ചോദിച്ചുതുടങ്ങിക്കഴിഞ്ഞു. ബിജെപി ഇതര സർക്കാരുകൾ വരെ ( ചെറുതും വലുതുമായ സംസ്ഥാനങ്ങൾ) സംസ്ഥാന നികുതിയിൽ ഇളവുവരുത്തിയിട്ടും കേരളം ഒരു പൈസ പോലും കുറച്ചിട്ടില്ല. (കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചതിന്റെ ഭാഗമായി വന്ന ചെറിയ കുറവ് മാത്രമാണ് കേരളത്തിൽ വന്നത്). ഇന്ധന നികുതിയിൽ കുറവ് വരുത്തിയാൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകരുമെന്നാണ് സർക്കാരിന് നൽകാനുള്ള മറുപടി. അങ്ങനെ തകർന്ന സാമ്പത്തിക സ്ഥിതിയാണെങ്കിൽ എന്തിനാണ് പതിനായിരക്കണക്കിന് കോടി രൂപ കടമെടുത്ത് കെ റെയിൽ പോലുള്ള പദ്ധതികൾ നടപ്പിലാക്കുന്നതെന്ന ചോദ്യത്തിനുകൂടി മറുപടി നൽകേണ്ട ബാധ്യതയു സർക്കാരിനുണ്ട്.
സാധ്യതകളുടെ പുതുവർഷം
വെല്ലുവിളികൾക്കൊപ്പം തന്നെ അനന്തമായ സാധ്യതകളുടേയും വർഷമാണ് സർക്കാരിന് മുന്നിലുള്ളത്. ആ സാധ്യതകൾ പരമാവധി ഉപയോഗിക്കുന്നതിലൂടെ എതിർപ്പുകൾക്കിടയിലും ജനങ്ങളുടെ പിന്തുണ ആർജ്ജിക്കാനാവും സർക്കാരിന്റെ ശ്രമം. വികസനമെന്നത് അടിസ്ഥാനസൗകര്യവികസനം ഒരുക്കൽ മാത്രമല്ല. അത്തരത്തിലുള്ള പല പദ്ധതികളും ഇടത് സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. വീട്ടിലിരിക്കുന്ന, ജോലിക്ക് പോകാൻ സാഹചര്യമില്ലാത്തതും ഇടയ്ക്ക് വെച്ച് ജോലി ഉപേക്ഷിക്കേണ്ടിയും വന്ന, വീട്ടമ്മമാരെ ലക്ഷ്യം വെച്ചുള്ള പദ്ധതികൾ ഇതിന്റെ തെളിവാണ്. തന്റെ അവസാനത്തെ ബജറ്റിൽ (കഴിഞ്ഞ സർക്കാരിന്റെ അവസാനത്തെ ഇടക്കാല ബജറ്റ്) തോമസ് ഐസക്ക് ഊന്നൽ നൽകിയത് ഇത്തരക്കാർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾക്കായിരുന്നു. വീടിനടുത്ത് തന്നെ തൊഴിൽ ഹബ്ബുകൾ സജ്ജമാക്കുന്നതും വീട്ടിൽ ഇരുന്ന് തന്നെ തൊഴിലെടുക്കാവുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കുന്നതിന് തന്നെയായിരിക്കും ഇടത് സർക്കാർ വരും വർഷങ്ങളിൽ ഊന്നൽ നൽകുക. കുടുംബശ്രീയെ മുന്നിൽ നിർത്തി ഇത്തരത്തിൽ അഭ്യസ്ഥവിദ്യരായ വീട്ടമമ്മാരുടേയും തൊഴിലില്ലാത്തവരുേടയും ഒരു ശൃംഖലതന്നെ ഇതിനോടകം തന്നെ തയ്യാറാക്കി കഴിഞ്ഞു.
ഐടി വ്യവസായം
കൊവിഡ് കാലത്ത് കോളടിച്ച മേഖലയാണ് ഐടി വ്യവസായം. എല്ലാവരും വിർച്ച്വൽ ലോകത്തേക്കും വർക്ക് ഫ്രം ഹോമിലേക്കുമെല്ലാം ചുരുങ്ങിയപ്പോൾ വൻ തോതിൽ നിക്ഷേപവും റിസർച്ചുമെല്ലാം നടന്നത് ഐടി രംഗത്താണ്. അതിന്റെ പ്രതിഫലനം കേരളത്തിലും പ്രകടമാണ്. കേരളത്തിലേക്ക് നിരവധി വൻകിട മൾട്ടി നാഷണൽ കമ്പനികളാണ് കടന്നുവരുന്നത്. കേരളം ലോകത്തിന് മുന്നിൽ ഏറ്റവും വലിയ നിക്ഷേപ സൗഹൃദപ്രദേശമായി മാറിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇത് (കേരളം നിക്ഷേപസൗഹൃദമല്ലെന്ന് കിറ്റെക്സിന്റെ കരച്ചിൽ ആരും മുഖവിലയ്ക്ക്പോലും എടുത്തിട്ടില്ലെന്ന് സാരം). കേരളത്തിൽ ക്യാമ്പസുകൾ തുടങ്ങാനായി ഐബിഎം അടക്കമുള്ള വൻകിട സഥാപനങ്ങളാണ് ഈ വർഷം കടന്നുവരുന്നത്. ഉൾ ഗ്രാമങ്ങളിലടക്കം വേഗതയേറിയ ഇന്റർനെറ്റ് സേവനം എത്തിച്ച് അവിടങ്ങളെല്ലാം ഐടി കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ഉതകുന്ന പദ്ധതികളും ഇടത് സർക്കാർ ലക്ഷ്യം വെക്കുന്നുണ്ട്. അർബൻ നഗരങ്ങൾക്കുപുറമെ സെമി അർബൻ നഗരങ്ങളിലടക്കം ഐടി പാർക്കുകൾ സ്ഥാപിച്ച് ഐടി വ്യവസായത്തിന് നേരത്തെ തന്നെ വളക്കുറുള്ള മണ്ണാക്കി നിക്ഷേപകരെ ക്ഷണിക്കുന്നുണ്ട് കേരളം.
പാർട്ടി കോൺഗ്രസിലെ സർക്കാർ
രാഷ്ട്രീയമായും ഏറെ പ്രധാനമുണ്ട് ഇടത് സർക്കാരിന് ഈ വർഷം. സിപിഎമ്മിന്റേയും സിപിഐയുടേയും പാർട്ടി കോൺഗ്രസുകൾ ഈ വർഷമാണ് നടക്കുന്നത്. സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ് നടക്കുന്നത് കണ്ണൂരിലും. ഇരു പാർട്ടികളേയും സംബന്ധിച്ച് അതീവപ്രാധാന്യമുണ്ട് പാർട്ടി കോൺഗ്രസുകൾക്ക്. ഇരു പാർട്ടിയുടേയും അന്തിമബോഡിയെന്നത് പാർട്ടി കോൺഗ്രസാണ്. രാഷ്ട്രീയമായും സാമ്പത്തിക നയപരമായും എന്ത് നിലപാടാണ് പാർട്ടിയും പാർട്ടിഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളും സ്വീകരിക്കേണ്ടത് എന്ന് അന്തിമമായി തീരുമാനിക്കുന്നത് പാർട്ടികോൺഗ്രസാണ്. കെ റെയിൽ എന്ന പദ്ധതി പാരിസ്ഥിതികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആക്ഷേപ ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്മേളനങ്ങളിൽ കേരളത്തിലെ പാർട്ടിക്ക് ഇത് ചർച്ചയാക്കാതെ നോക്കാൻ സാധിക്കുമെങ്കിലും പക്ഷെ പാർട്ടി കോൺഗ്രസിൽ ഇതിന് സാധിക്കില്ല. പ്രത്യേകിച്ച് സമാനസ്വഭാവമുള്ള അഹമ്മദാബാദ് മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മഹാരാഷ്ട്രയിൽ സിപിഎം സമരം ശക്തമായി നടത്തുന്ന സാഹചര്യത്തിൽ. രണ്ടിടത്ത് സമാനപദ്ധതിക്ക് എങ്ങനെ രണ്ട് നിലപാട് സ്വീകരിക്കാനാവുമെന്ന ചോദ്യത്തിന് തീർച്ചയായും മറുപടി പറയേണ്ടിവരും. കൃഷിഭൂമിയും കൃഷിയും തണ്ണീർത്തടങ്ങളുമെല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമല്ലേ കെ റെയിൽ എന്ന ചോദ്യത്തിന് തീർച്ചയായും കേരളത്തിലെ സിപിഎമ്മിനും വിശിഷ്യ മഖ്യമന്ത്രിക്കും മറുപടി പറഞ്ഞേപറ്റു. ഡൽഹിയിലെ കർഷക സമരത്തിന്റേയും അതിന് മുമ്പ് മഹാരാഷട്രയിലെ കർഷകരുടെ ലോങ്മാർച്ചിന്റേയും വിജയങ്ങൾക്ക് ശേഷം വർഗരാഷ്ട്രീയം തന്നെയാണ് ഉയർത്തിപിടിക്കേണ്ടത് എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കർഷക സമരത്തിന് മുന്നിൽ നിന്ന് നയിച്ച കിസാൻസഭ നേതൃത്വവും അടക്കമുള്ളവർ ചൂണ്ടിക്കാട്ടുമ്പോൾ പ്രത്യേകിച്ചും. ബംഗാളിലേയും തൃപുരയിലേയും രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയതിനാൽ തന്നെ കേരളത്തിലെ പാർട്ടിക്ക് വീഴ്ച്ചവവരാതെ നോക്കാൻ പാർട്ടി പ്രത്യേകശ്രദ്ധവെക്കുമെന്നുറപ്പാണ്. അതിനാൽ തന്നെ പാർട്ടികോൺഗ്രസിനുമുണ്ടാകും ചരിത്രം വിജയം നേടിയെങ്കിലും പിണറായി സർക്കാരിനോട് ചോദിക്കാൻ ചോദ്യങ്ങൾ.
Thursday, 4 November 2021
പബ്ബുകളോട് ആര്‍ക്കാണ് വിരോധം ?
പബ്ബുകള്‍ ഇല്ലെന്ന കാരണത്താല്‍ കേരളത്തിലേക്ക് ഐടി സ്ഥാപനങ്ങള്‍ വരാന്‍ കമ്പനികള്‍ മടിക്കുന്നുവെന്ന സര്‍ക്കാരിനെ അറിയിച്ചതായി മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയെ അറിയിച്ചത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്നും കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് ഇക്കാര്യം പരിശോധിക്കുമെന്നുമാണ് മുഖ്യമന്ത്രി സഭയെ അറിയിച്ചത്. എന്നാല്‍ കേരളത്തിന്റെ സംസ്‌ക്കാരത്തിന് എതിരാണ് പബ്ബ് സംസ്‌ക്കാരമെന്നും മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കുമെന്നുമാണ് പലരും വിമര്‍ശനമുന്നയിച്ചത്. ഇടതുപക്ഷത്തിന്റെ മദ്യവര്‍ജ്ജനമെന്ന നയത്തിന് വിരുദ്ധമാണ് പബ്ബുകള്‍ക്ക് അനുമതി നല്‍കുന്നതെന്ന രാഷ്ട്രീയവാദവും പ്രതിപക്ഷത്തെ ചില നേതാക്കളും മദ്യവിരുദ്ധസമിതി അടക്കമുള്ളവരും ആരോപിക്കുന്നു. അതേസമയം വിഷയത്തില്‍ നയപരമായി തീരുമാനം എടുക്കേണ്ടതിനാല്‍ മുന്നണിയില്‍ ചര്‍ച്ച നടത്തിയശേഷം പ്രതികരിക്കാമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്.
Friday, 15 October 2021
സമാധാനത്തിനുള്ള നോബലും കശ്മീരിലെ മാധ്യമപ്രവര്‍ത്തകരും
Maria Ressa and Dmitry Muratov |
സമാധാനത്തിനുള്ള ഇത്തവണത്തെ നോബല്‍ സമ്മാനം അഭിപ്രായസ്വാതന്ത്ര്യത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ലഭിച്ചത്. ഫിലിപൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയ റെസക്കും റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി മുറാടോവിനും. സ്വന്തം രാജ്യത്തെ ഭരണകൂടത്തിന്റെ വലിയ ഭീഷണികളേയും അടിച്ചമര്‍ത്തലുകളേയും അതിജീവിച്ച് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ശക്തിതെളിയിച്ചിവരാണ് ഇരുവരും. മരിയ റെസയുടെ റാപ്ലര്‍ എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനമാധ്യമം ഇതിനോടകം ഫിലിപൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെര്‍ട്ടെയുടെ അഴിമതികളും സ്വന്തം ജനതയ്ക്ക് നേരെയുള്ള അതിക്രമങ്ങളുടേയും നീണ്ടകഥകളാണ് പുറത്തെത്തിച്ചത്. പലകുറി വധഭീഷണിയും കേസുകള്‍ ചുമത്തിയുമെല്ലാം മരിയയെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. പരസ്യമായി തന്നെ പ്രസിഡന്റ് റോഡ്രിഗോ റെസയ്ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. എന്നിട്ടും തളരാതെ പോരാടിയ റെസയെ പോലെതന്നെയാണ് റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി മുറടോവും. രണ്ടരപതിറ്റാണ്ടിലേറെയായി മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുകയാണ് മുറടോവിന്റെ നവേജ ഗസറ്റ എന്ന പത്രം. ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് മുറടോവിന്റെ മാധ്യമപ്രവര്‍ത്തനം. പ്രസിഡന്റ് പുട്ടിന്റേയും അനുയായികളുടേയും കണ്ണിലെ കരടായ മുറടോവിന് സത്യസന്ധമായ മാധ്യമസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ നഷ്ടമായത് 6 സഹപ്രവര്‍ത്തകരെയാണ്. കൊലപാതകങ്ങളും ആക്രമണങ്ങളുംകൊണ്ട് ഇതുവരേയും പക്ഷെ എതിരാളികള്‍ക്ക് മുറടോവിനെ നിശ്ബധനാക്കാനായിട്ടില്ല.
ലോകത്ത് ജനാധിപത്യമെന്നത് വാക്കില്‍ മാത്രമാവുകയും അഭിപ്രായസ്വാതന്ത്ര്യമെന്നത് ഭരണകൂടത്തിന്റേയും കോര്‍പറേറ്റുകളുടേയും താല്‍പര്യത്തിനനുസരിച്ച് മാത്രമാവുകയും ചെയ്യുന്നകാലത്ത് സമാധാനത്തിനുള്ള നോബല്‍ സമ്മാനം മാധ്യമപ്രവര്‍ത്തകരെ തേടിയെത്തുക എന്നത് ചില്ലറസമാധാനമല്ല നല്‍കുന്നത്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടത്താനും ഭയക്കാതെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഇല്ലെങ്കില്‍ ജനാധിപത്യമെന്നത് വെറും ഒരു ഭംഗി വാക്കായി മാത്രം അവശേഷിക്കും. ഇന്ത്യയില്‍ നിന്നടക്കം നോബല്‍ സമ്മാനജേതാക്കളേയും ജൂറിയേയും പ്രശംസിച്ചുകൊണ്ട് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. ഈ വേളയില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും എത്രമാത്രം ഇടമുണ്ടെന്ന് വിമര്‍ശനാത്മകമായി തന്നെ നാം പരിശോധിക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് മാത്രം സ്വീകാര്യമായ 'പൊതുബോധ'നിര്‍മിതിയും അധികാരകേന്ദ്രങ്ങളും സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ചതിക്കുഴിയിലാണ് ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം.
ലോകസമാധാനത്തിനുള്ള നോബല്‍ സമ്മാനം ഡച്ച് ഏജന്‍സി ഇത്തവണ അഭിപ്രായ സ്വാതന്ത്ര്യപോരാട്ടത്തില്‍ ഏര്‍പ്പെട്ട രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെന്ന് പ്രഖ്യാപിച്ചപ്പോള്‍ കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും അത് പകര്‍ന്നു നല്‍കിയത് വലിയ ഊര്‍ജമാണ്. ഭരണകൂടത്തിന്റ വേട്ടയാടലുകള്‍ക്കും നിരോധനങ്ങള്‍ക്കും സെന്‍സര്‍ഷിപ്പിനുമെല്ലാം എതിരെ പോരാടാനുള്ള, ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരാനുള്ള ഊര്‍ജ്ജം. ഇന്ത്യയുടെ ഭൂപ്പടത്തിലെ തലയെന്ന് വിശേഷിപ്പിക്കാവുന്ന കശ്മിരിലെ മാധ്യമപ്രവര്‍ത്തകരിപ്പോള്‍ പൊലീസിന്റേയും സൈന്യത്തിന്റേയുമെല്ലാം റഡാറിലാണ്.
കഴിഞ്ഞ 2 വര്‍ഷത്തിനിടെ 40 മാധ്യമപ്രവര്‍ത്തകരാണ് കശ്മീരില്‍ പൊലീസിന്റേയും മറ്റ് ഭരണകൂടസ്ഥാപനങ്ങളുടേയും റെയിഡുകള്‍ക്കും വീട്ടുതടങ്കലിനും നിരന്തരവേട്ടയാടലുകള്‍ക്കും ഇരയായത്.ഏറ്റവും ഒടുവില്‍ കഴിഞ്ഞ സെപ്തംബര്‍ 9 ന് പുലര്‍ച്ചെ 4 മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലാണ് റെയ്ഡ് എന്ന പ്രഹസനം നടന്നത്. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ 2019 ലെ ഓഗസ്ത് 5 നുശേഷം ഇതാണ് താഴ്‌വരയിലെ മാധ്യമപ്രവര്‍ത്തകരുടെ 'പുതിയ നോര്‍മല്‍'. സര്‍ക്കാരിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളേയോ വിമര്‍ശിക്കുന്നതിന് അപ്രഖ്യാപിത വിലക്കാണ് കശ്മീരിലുള്ളത്. ഓരോ മാധ്യമപ്രവര്‍ത്തകനേയും പശ്ചാത്തല പരിശോധനയെന്ന പേരില്‍ നിത്യേന വിളിച്ചുവരുത്തുകയും സോഷ്യല്‍ മാധ്യമങ്ങളുടെ അടക്കം രേഖകളും വാര്‍ത്തകളുടെ സോഴ്‌സുകളുമെല്ലാം വെളിപ്പെടുത്താനാവശ്യപ്പെടുകയും വിവിധതരത്തിലുള്ള ചോദ്യംചെയ്യലുമെല്ലാം ഇപ്പോള്‍ സാധാരണമായിരിക്കുന്നു. പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ദേശിയ അന്തര്‍ദേശിയ മാധ്യമപ്രവര്‍ത്തകരാണ് സിഐഡി വിഭാഗത്തിന്റെ സ്ഥിരം ഇരകള്‍. ഹിന്ദു പത്രത്തിന്റെ പീര്‍സാദ ആഷിഖ്, ഇക്കണോമിക് ടൈംസിന്റെ ഹക്കീം, ഔട്ട് ലുക്ക് മാഗസിന്റെ നസീര്‍ ഗനായ് എന്നിവര്‍ പലപ്പോഴായി സിഐഡിയുടെ ചോദ്യംചെയ്യലിന് ഇരയായവരാണ്. ഇത്തരം പശ്ചാത്തല പരിശോധനയുടെ ഭാഗമായി 22 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യാതിരിക്കാനായി ലുക്ക് ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിട്ടുണ്ട് എന്നറിയുമ്പോളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള കശ്മീരിലെ ഭരണകൂടഭീകരത എത്ര ആഴത്തിലാണെന്ന് മനസിലാവുക. ഇതെല്ലാം എത്ര മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി, അല്ലെങ്കില്‍ വാര്‍ത്തയാക്കി എന്ന് അന്വേഷിക്കുമ്പോള്‍ നിരാശയാകും ഫലം.
റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്്സ് പ്രസിദ്ധീകരിക്കുന്ന ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ 142 ആം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പലപ്പോഴും അവസാനസ്ഥാനങ്ങളിലാണ്. 180 രാജ്യങ്ങളുടെ പട്ടികയില്‍ യെമന്‍, അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളാണ് ഇന്ത്യക്ക് പിന്നിലുള്ളത്. നേപ്പാള്‍, ശ്രീലങ്കപോലുള്ള അയല്‍രാജ്യങ്ങള്‍ ഇന്ത്യക്ക് എത്രയോ മുകളിലാണ്. മോദി സര്‍ക്കാരിന് കീഴില്‍ ഹിന്ദുത്വ അജണ്ടയ്ക്ക് വിഘാതമായി പ്രവര്‍ത്തിക്കുന്ന ഏതൊരുമാധ്യമപ്രവര്‍ത്തകനേയും സ്ഥാപനത്തേയും ഓഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് ഉള്‍പ്പടെയുള്ള കിരാത നിയമം ഉപയോഗിച്ച് ജയിലിലടയ്ക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ഏറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കശ്മീരിലടക്കം ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയ കേന്ദ്രം അഭിപ്രായം രേഖപ്പെടുത്താനും അറിയാനുമുള്ള മനുഷ്യന്റെ മൗലികാവകാശം തന്നെ നിഷേധിച്ചു. ഈ വര്‍ഷം ലോകത്ത് ഇതുവരെ 24 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അവരില്‍ 4 പേരും ഇന്ത്യയിലാണ് എന്നത് ഇന്ത്യ ലോകത്ത് മാധ്യമപ്രവര്‍ത്തനത്തിന് ഭീഷണിനേരിടുന്ന രാജ്യമാണെന്നതിന് തെളിവാണ്.
ഇതിനെല്ലാം പുറമെയാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ പൂട്ടുകയോ പരസ്യം നിഷേധിച്ച് പ്രതിസന്ധിയിലാക്കുകയോ ചെയ്യുന്ന പ്രവണത. പിടിച്ചുനില്‍ക്കാനാവാതെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായി പൂര്‍ണമായോ ഭാഗികമായോ അടച്ചുപൂട്ടപ്പെട്ട നിരവധി സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായത്. ഇവിടങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടത് ആയിരങ്ങള്‍ക്കാണ്. കൂടാതെ രാജ്യത്തെ ഒട്ടുമിക്ക വന്‍കിട മാധ്യമസ്ഥാപനങ്ങളും സര്‍ക്കാര്‍ അനുകൂല കോര്‍പറേറ്റുകള്‍ വാങ്ങുകയും 'ഗോദി മീഡിയ'വത്ക്കരണം നടത്തുകയും ചെയ്യുന്നു. ഇതോടെ വസ്തുതാപരമായ കാര്യങ്ങള്‍ അറിയാനുള്ള ജനത്തിന്റെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. സര്‍ക്കാരിനെതിരെ ജനരോക്ഷമുയരാനിടയുള്ള വാര്ത്തകളെല്ലാം സൗകര്യപൂര്‍വ്വം തമസ്‌ക്കരിച്ച് താരങ്ങളുടേയും താരപുത്രന്‍മാരുടേയുമെല്ലാം ലഹരിഉപയോഗവും നൈറ്റ്പാര്‍ട്ടികളുമെല്ലാം പ്രൈംടൈം ചര്‍ച്ചയാകുന്നത് ഇതിനാലാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വിമര്‍ശനത്തെ ട്വിറ്റര്‍ പോലുള്ള സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സമൂഹമാധ്യമങ്ങളുടെ വലിയ മാര്‍ക്കറ്റായ ഇന്ത്യയെ നഷ്ടപ്പെടാന്‍ ആഗ്രഹമില്ലാത്തതിനാല്‍ പലപ്പോഴും ഇത്തരം സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നില്‍ മുട്ടുടക്കുകയും സര്‍ക്കാര്‍ വിരുദ്ധപോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയും അക്കൗണ്ടുകള്‍ പൂട്ടുകയോ ചെയ്യുന്നു.
മാധ്യമങ്ങള്‍ എന്നത് ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ശേഷിക്കുന്ന 3 തൂണുകളും ചിതലരിക്കുമ്പോള്‍ തൂണുകള്‍ക്ക് ചിതലരിക്കുന്നുവെന്ന് തുറന്നുപറയാന്‍ ശക്തമായിരിക്കണം ആ നാലാം തൂണ്. പക്ഷെ അമിതമായ ഭരണകൂട വിധേയത്വവും അടിച്ചമര്‍ത്തലുകളും നാലാം തൂണിനെ നിഷ്‌ക്രിയമാക്കുകയാണ്. രാജാവ് നഗ്നനാണ് എന്ന് തുറന്നുപറയാന്‍ ഭയമുള്ള, നട്ടെല്ലില്ലാത്ത വലിയ വിഭാഗമായി മാധ്യമങ്ങളും വലിയ വിഭാഗം മാധ്യമപ്രവര്‍ത്തകരും മാറുന്നുവെന്നതാണ് സമാകാലിക ഇന്ത്യയിലെ നേര്‍ക്കാഴ്ച്ച. ഭൂരിപക്ഷം മാധ്യമങ്ങളും ഇഴയുന്നിടത്ത് ചിലരെങ്കിലും എഴുന്നേറ്റ് നില്‍ക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. വിവിധ അന്വേഷണ ഏജന്‍സികളെ വിട്ട് ഇവയുടെ വായമൂടിക്കെട്ടാനും കേസുകളില്‍ പെടുത്തി വേട്ടായാടാനുമുള്ള ശ്രമങ്ങളെയെല്ലാം ചെറുത്തുനില്‍ക്കുന്ന ടെലിഗ്രാഫ്, എന്‍ഡിടിവി പോലുള്ള ചുരുക്കം ചിലമാധ്യമങ്ങള്‍. മുറടോവിന്റെ നവേജ ഗസറ്റയും റെസയുടെ റാപ്ലറുമെല്ലാം ഇവര്‍ക്കാണ് പ്രതീക്ഷയുടെ തിരിനാളമാകുന്നത്.
Wednesday, 6 October 2021
രാജ്യസഭയില്‍ 100 ശതമാനം ഹാജര്‍ ഒരംഗത്തിന് മാത്രം!
ഉത്തരവാദിത്തപ്പെട്ട നിയമനിര്‍മാണ സഭകളിലേക്ക് അയക്കുന്ന നമ്മുടെ ജനപ്രതിനിധികള്‍ അവരുടെ കര്‍ത്തവ്യം കൃത്യമായി നിറവേറ്റാറുണ്ടോ എന്നത് പലപ്പോഴും വിമര്‍ശനവിധേയമാണ്. പലരും പലപ്പോഴും സഭ ചേരുമ്പോള്‍ അതില്‍ പങ്കെടുക്കാറില്ല എന്നതിന് പുറമെ സുപ്രധാനമായ നിയമനിര്‍മാണം നടക്കുമ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴുമെല്ലാം അംഗങ്ങള്‍ സഭയില്‍ ഇല്ലാതെ പോകുന്നതും വിവാദമാകാറുമുണ്ട്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള ലീഗ് എംപിമാരായ പികെ കുഞ്ഞാലികുട്ടിയും അബ്ദുള്‍ വഹാബും സഭയില്‍ എത്തിയില്ല എന്നത് കേരളത്തില്‍ വലിയ ചര്‍ച്ചയായിട്ട് കാലമധികമായിട്ടില്ല. അംഗങ്ങളെ സോഷ്യല്‍ ഓഡിറ്റിങിന് വിധേയമാക്കണമെന്നും തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ കാലാവധി പൂര്‍ത്തിയാക്കുന്നതുവരെ ഇവരുടെ പ്രവര്‍ത്തനം ഓഡിറ്റ് ചെയ്യപ്പെടണമെന്നുമുള്ള ആവശ്യമാണ് വിസില്‍ ബ്ലോഗേഴ്‌സ് അടക്കമുള്ളവര്‍ മുന്നോട്ടുവെക്കുന്നത്.
കഴിഞ്ഞദിവസം രാജ്യസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ അംഗങ്ങളുടെ ഹാജര്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പരിശോധിക്കുന്ന ഏതൊരാളും ഈ ആവശ്യം വീണ്ടും ഉന്നയിച്ചാല്‍ അത്ഭുതപ്പെടാനാവില്ല. 12 നോമിനേറ്റഡ് അംഗങ്ങളടക്കം 237 സിറ്റിങ് അംഗങ്ങളാണ് രാജ്യസഭയില്‍ നിലവിലുള്ളത്. ഇവരില്‍ മന്ത്രിമാര്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, ഭരണകക്ഷിനേതാവ്, പ്രതിപക്ഷനേതാവ് എന്നിവര്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടതില്ല. ശേഷിക്കുന്ന 225 അംഗങ്ങളുടെ ഹാജര്‍ നില പരിശോധിച്ചാണ് രാജ്യസഭ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ 7 സെഷനുകളിലായി നടന്ന 138 സിറ്റിങ്ങുകളില്‍ എല്ലാത്തിലും ഹാജരായത് വെറും ഒരു അംഗം മാത്രമാണ്. 82 കാരനായ എസ് ആര്‍ ബാലസുബ്രമണ്യന്‍ എന്ന എഐഎഡിഎംകെയുടെ എംപി. 2016 ല്‍ രാജ്യസഭയിലെത്തിയ ബാലസുബ്രമണ്യന്‍ സഭയിലെ എഐഎഡിഎംകെയുടെ ഉപനേതാവ് കൂടിയാണ്.
കഴിഞ്ഞ 7 സെഷനുകളുടെ ശരാശരി ഹാജര്‍നില 78 ശതമാനം ആണ്. 30 ശതമാനം അംഗങ്ങള്‍ എല്ലാ സെഷനുകള്‍ക്കും എത്തിയപ്പോള്‍ 2 ശതമാനത്തില്‍ താഴെ അംഗങ്ങള്‍ ഒറ്റസെഷനിലും പങ്കെടുത്തിട്ടില്ലെന്നും രാജ്യസഭ സെക്രട്ടേറിയറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. കഴിഞ്ഞ വാര്‍ഷിക സമ്മേളനത്തിലാണ് ഏറ്റവും ഉയര്‍ന്ന ഹാജര്‍നില രേഖപ്പെടുത്തിയത്. 82.57 ശതമാനം. ഏറ്റവും കുറഞ്ഞ ഹാജര്‍നിലയായ 72.88 ശതമാനമാണ്. 2 ശതമാനത്തില്‍ താഴെ അംഗങ്ങള്‍മാത്രമാണ്.
കോവിഡ് കാലത്ത് മാനദണ്ഡങ്ങള്‍ പാലിച്ച നടത്തിയ രണ്ട് സെഷനിലും 50 ശതമാനത്തില്‍ താഴെയായിരുന്നു അംഗങ്ങളുടെ ഹാജര്‍നില. 2020 സെപ്തംബറില്‍ നടന്ന സെഷനില്‍ 44.19 ശതമാനവും ഒടുവിലത്തെ സെഷനില്‍ 46 ശതമാനം അംഗങ്ങളും ഹാജരായി.
എല്ലാ സെഷനിലും പൂര്‍ണമായും പങ്കെടുത്തത് ഒരാള്‍ മാത്രമാണെങ്കില്‍ 5 പേര്‍ 6 സെഷനിലും 7 പേര്‍ 5 സെഷനുകളിലും 100 ശതമാനം ഹാജര്‍ നില പുലര്‍ത്തി.
കേരളത്തില്‍ നിന്നുള്ള കെ സോമപ്രസാദ് 4 സെഷനുകളിലെ എല്ലാ സിറ്റിങ്ങുകളിലും പങ്കെടുത്തു. മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനവും സിനിമ താരം ജയബച്ചനും 4 സെഷനുകളില്‍ പൂര്‍ണമായും പങ്കെടുത്തിട്ടുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയ സിപിഎമ്മിന്റെ എംപിയായിരുന്ന കെ കെ രാഗേഷ് 3 സെഷനുകളിലും പൂര്‍ണമായും പങ്കെടുത്തു. അതേസമയം മുതിര്‍ന്ന നേതാക്കളായ മന്‍മോഹന്‍സിങ്, എകെ ആന്റണി, വയലാര്‍ രവി തുടങ്ങിയവര്‍ 2 സെഷനുകളില്‍ മുഴുവനായും സഭയില്‍ ഹാജരായിട്ടുണ്ട്.
എംപിമാരുടെ ശമ്പളനിയമപ്രകാരം ഹാജര്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ അംഗത്തിന് 2000 രൂപ പ്രതിദിന അലവന്‍സ് ലഭിക്കു. ഇതാദ്യമായാണ് അംഗങ്ങളുടെ ഹാജര്‍ നില സംബന്ധിച്ച് രാജ്യസഭ സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.
'നിങ്ങള്‍ ഗുരുവിന്റേയും കൃസ്തുവിന്റേയും സന്ദേശങ്ങള്‍ മറക്കരുത്..'
Bishop Joseph Kallarangattil (google image) |
എന്നാല്‍ അക്കാലത്തൊന്നും തന്നെ കേരളത്തില്‍ പരസ്യമായി വര്‍ഗ്ഗീയത പറയാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. മാത്രവുമല്ല പരസ്യമായി തള്ളിപറയാന്‍ രാഷ്ട്രീയ മതനേതൃത്വം തയ്യാറുമായിരുന്നു. ഇന്നിപ്പോള്‍ അതല്ല സ്ഥിതി. മത-സാമുദായിക രാഷ്ട്രീയ നേതൃത്വമെല്ലാം തന്നെ ഇപ്പോള്‍ പച്ചക്ക് വര്‍ഗീയത പരസ്യമായി പറയാന്‍ ആരംഭിച്ചിരിക്കുന്നു. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിലും ഫാദര്‍ റോയി കണ്ണഞ്ചിറയുമെല്ലാം നടത്തിയ പ്രസ്താവനകള്‍ അതിന്റെ നേര്‍ സാക്ഷ്യമാണ്. കൃസ്തുവിന്റെ ഭാഷയായ സ്‌നേഹത്തെ കുറിച്ച് സംസാരിക്കുന്ന പുരോഹിതര്‍ തന്നെ മറ്റ് മതവിഭാഗങ്ങളെ ലക്ഷ്യംവെച്ച് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സമുദായങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്ന സ്പര്‍ദ്ദ ചില്ലറയാവില്ല. പ്രത്യേകിച്ച് സംഘപരിവാര്‍ ഈ പ്രസ്താവനകളെല്ലാം ആയുധമാക്കുന്ന പശ്ചാത്തലത്തില്‍. പാലാ ബിഷപ്പിന്റെ കണ്ടെത്തലായ നര്‍ക്കോട്ടിക്ക് ജിഹാദ് ഇതിനോടകം തന്നെ സംഘപരിവാര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഒട്ടും അടിസ്ഥാനമില്ലാത്തതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നും മയക്കുമരുന്നിന് ജാതിയോ മതമോയില്ലെന്നും മുഖ്യമന്ത്രി കണക്കുസഹിതം വിശദീകരിച്ചുവെങ്കിലും അത്ര നിസാരമല്ല കാര്യങ്ങള്‍.
Sunday, 1 August 2021
വേരുകള്‍ തേടിയുള്ള മടക്കയാത്രകള്‍
മുംബൈയില്‍ ഫാഷന്‍ ഡിസൈനറാണ് അവൾ. വ്യക്തികളെ ആകൃഷ്ടരാക്കുന്ന അവളുടെ ട്രെന്‍ഡിങ് മോഡേണ്‍ ഡിസൈനുകള്‍ക്ക് ആ നഗരത്തിൽ വലിയ ഡിമാന്റ് ആണ്. നാഗരികത വല്ലാതെ ശ്വാസംമുട്ടിക്കുമ്പോളെല്ലാം അവൾ മകനെ ഭർത്താവിനെ ഏല്പിച്ച് നാട്ടിലേക്ക് വണ്ടി കയറും. വീടിനും ജോലിക്കുമെല്ലാം അവധി നല്‍കി അവൾ അവളിലേക്ക് സ്വതന്ത്രയായി പരന്നൊഴുകുന്നതും അപ്പോൾ മാത്രമാണ്.
നാട്ടിലെത്തുമ്പോഴെല്ലാം അവള്‍ നഗരത്തിലെ ആ ബാറിലെ സന്ദർശകയാണ്. മണിക്കൂറുകളോളം അരണ്ടവെളിച്ചത്തിലിരുന്ന് പാട്ടും ആസ്വദിച്ച് മാജിക്ക് മൊമെന്റ്‌സ് സിപ്പ് ചെയ്തിരിക്കും. സ്റ്റാര്‍ ഹോട്ടൽ ആയതിനാല്‍ തന്നെ അധികം തിരക്കും ശല്യവും ഉണ്ടാകാറില്ല. എന്നിരുന്നാലും ബാറിലേക്ക് ഒരു സ്ത്രീ തനിയെ മദ്യപിക്കാന്‍ വരുന്നതിനെ ആശ്ചര്യത്തോടെയും സംശയത്തോടെയും നോക്കുന്നവരാകും മിക്കപ്പോഴും ചുറ്റിലും. ആ നോട്ടങ്ങള്‍ അസഹ്യമാണെങ്കിലും സഹിക്കാതെ വയ്യ.
ബാറിന്റെ വാതില്‍ തള്ളി തുറന്ന് കയറുമ്പോള്‍ ചിരിയുമായി വെയിറ്റര്‍ സ്വാഗതം ചെയ്തു. അടിക്കടി വരുന്നതുകൊണ്ടുതന്നെ വെയിറ്റര്‍മാര്‍ക്കെല്ലാം അവള്‍ പരിചിതയാണ്. തിരക്ക് തീരെയില്ല. അങ്ങിങ് ഒഴിഞ്ഞ ടേബിളുകളും കസേരകളും. ചുറ്റുമൊന്ന് കണ്ണോടിച്ച അവളുടെ കണ്ണുകള്‍ ഒറ്റക്കിരുന്ന് മദ്യപിക്കുന്ന മധ്യവയസ്‌ക്കനിലവസാനിച്ചു. പകുതി നിറഞ്ഞ ഗ്ലാസിലെ ഐസ് ക്യൂബുകള്‍ ബാറിലെ അരണ്ടവെളിച്ചം പ്രതിഫലിക്കുന്നുണ്ട്. അയഞ്ഞ വസ്ത്രം ധരിച്ച അയാളുടെ കാലന്‍ കുട കസേരയുടെ പിന്‍ഭാഗത്ത് ഞാത്തിയിട്ടിരിക്കുന്നു. കണ്ണുകളടച്ച് ഏതോ ലോകത്തെന്നപോലെ ലഹരി ആസ്വദിക്കുകയാണ് അയാള്‍.
'ബുദ്ധിമുട്ടില്ലെങ്കില്‍ ഞാനിവിടെ ഇരുന്നോട്ടെ...'
മെല്ലെ കണ്ണുതുറന്ന് അയാള്‍ അവളെ നോക്കി. ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം തന്നോടാണോയെന്ന ഭാവത്തിൽ അയാള്‍ നെറ്റി ചുളിച്ചു
'ബുദ്ധിമുട്ടില്ലെങ്കില്‍....' അവള്‍ വീണ്ടും
'യെസ...വൈ നോട്ട്...'
തൊട്ടടുത്ത കസേരയിലുരുന്ന തന്റെ ബാഗ് എടുത്ത് മാറ്റി അയാള്‍ സൗകര്യമൊരുക്കി.
പരസ്പരം നോക്കി ഇരുവരും ഒന്നു ചിരിച്ചു. അയാള്‍ പിന്നെയും തന്റെ ഗ്ലാസിലെ പാതി വിസ്‌ക്കിയുടെ ലഹരിയിലേക്ക് മടങ്ങി. വീണ്ടുമൊരു സിപ്പെടുത്ത് കണ്ണുകളടച്ച് കസേരയില്‍ പിന്നിലേക്ക് ചാഞ്ഞിരുന്നു. വലതുകയ്യിലെ വിരലുകള്‍ക്കിടയില്‍ ഒരു സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്നു. അവള്‍ അയാളെ തന്നെ നോക്കിയിരുന്നു.
ബാറിലെ സംഗീതത്തില്‍ ലയിച്ച് തലയാട്ടിയിരിക്കുകയാണ് അയാള്‍. കസേരകയ്യിലിരുന്ന് വിരലുകള്‍ താളം പിടിക്കുന്നു. പാനപാത്രത്തിലെ വിസ്‌ക്കിയേക്കാള്‍ കാതിലേക്കൊഴുകിയത്തുന്ന സംഗീതത്തിന്റെ ലഹരിയാണ് അയാളെ കൂടുതല്‍ ഉന്‍മത്തനാക്കുന്നതെന്ന് അവള്‍ക്ക് തോന്നി. പ്രായം 60 നോട് അടുത്തെത്തിയിരിക്കണം. അലസമായി മുഖത്തേക്ക് പാറികിടക്കുന്ന നരകയറിയ മുടിയിഴകള്‍. വെള്ളകയറിയ മീശയും താടിയുമെല്ലാം ഭംഗിയായി തന്നെ വെട്ടിയൊതുക്കിയിരിക്കുന്നു. മുഖത്ത് പ്രായത്തിന്റെ അടയാളപ്പെടുത്തലുണ്ടെങ്കിലും സൗന്ദര്യത്തിന് കുറവൊന്നുമില്ല. ഷര്‍ട്ടിന്റെ നീല നിറത്തിനനുസരിച്ച് കരയുള്ള വെളുത്തമുണ്ട്.
'യെസ് മേം...'
പെട്ടെന്ന് വെയിറ്ററുടെ ശബ്ദം കേട്ട് അവള്‍ അയാളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു.
ഓർഡര്‍ എടുക്കാന്‍ വന്ന വെയിറ്ററാണ്. പതിവ് പോലെ മാജിക്ക് മൊമെന്റ് ഓർഡര്‍ ചെയ്തു. ഓറഞ്ച് ഫ്ലേവര്‍.
വെയിറ്റര്‍ പോയ ഉടനെ അവള്‍ വീണ്ടും ചുറ്റുമൊന്ന് നോക്കി. ആരെങ്കിലും കണ്ടുകാണുമോ താന്‍ അയാളെ തന്നെ നോക്കിയിരുന്നത് എന്നായി അവളുടെ ചിന്ത.
'എന്താണ് പേര്...' സിഗരറ്റ് പുകയെടുത്ത് വശത്തേക്ക് നീട്ടിയുതി അയാള്‍ ചോദിച്ചു.
'ങേ..ആ...'
പെട്ടെന്നുള്ള ചോദ്യത്തില്‍ അവള്‍ ഒന്നു പകച്ചു.
ചിരിച്ചുകൊണ്ട് അയാള്‍ അവളെ തന്നെ നോക്കിയിരിക്കുന്നു.
മുഖത്ത് ഒരു ചിരിവരുത്തിക്കൊണ്ട് അവള്‍ പേര് പറഞ്ഞു.
'ഇവിടെ ഒറ്റക്ക് സ്ത്രീകള്‍ വന്നുകണ്ടിട്ടില്ല. അതാണ് എല്ലാവരും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് നോക്കുന്നത്. പരിഭ്രമിക്കേണ്ട. മദ്യപാനികള്‍ എല്ലാവരും മോശമൊന്നുമല്ലാട്ടോ...' അയാള്‍ പൊട്ടിച്ചിരിച്ചു.
'ഇടയ്ക്ക് വരാറുണ്ട്, ഒറ്റക്ക് തന്നെ'
അവള്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കി
'അതുശരി. ഗുഡ്. സമൂഹത്തില്‍ പുരുഷന്‍മാർക്ക് മാത്രമല്ല ഒറ്റക്ക് ബാറില്‍ വരാന്‍ സാധിക്കേണ്ടത്. എല്ലാവര്‍ക്കും സാധിക്കണം. അതും തുല്യതയാണ്.'
അയാൾ തുടരുന്നതിനിടെ വെയിറ്റര്‍ അവള്‍ക്കുള്ള വോഡ്ക്കയുമായെത്തി.
ചിരിച്ചുകൊണ്ട് അവള്‍ അയാള്‍ക്കുനേരെ ഗ്ലാസ് നീട്ടി ചിയേഴ്സ്സ് പറഞ്ഞു.
ഒരു സിപ്പ് എടുത്തശേഷം അവള്‍ സംസാരമാരംഭിച്ചു.
അയാള്‍ സ്വയം പരിചയപ്പെടുത്തി.
ചെന്നൈയിലാണ് താമസം. അവിടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ നാട്ടില്‍ സഹോദരിയേയും മക്കളേയും കാണാന്‍ വരും. വരുമ്പോള്‍ ഒരിക്കലെങ്കിലും ഇവിടെ വന്ന് മദ്യപിക്കുന്നത് ഒരു ശീലമാണ്. വീട്ടില്‍ നിന്ന് മാറി, പരിചയക്കാരുടെ ശല്യമില്ലാതെ സ്വസ്ഥമായി ഇരിക്കാമെന്നത് കൊണ്ടാണ് നഗരത്തിലെ ബാറിലേക്ക് വരുന്നത്. ഇന്ന് തിരികെ മടങ്ങുകയാണ്.
വീണ്ടുമയാള്‍ സംഗീതത്തില്‍ ലയിച്ചെന്നപോലെ കസേരിയിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചിരുന്നു.
ഓരോ തവണയും അസുഖബാധിതയായ സഹോദരിയെ കണ്ട് മടങ്ങുന്നത് അയാള്‍ക്ക് വേദനയാണ്. പ്രായമാകുന്നുവെന്നതിനൊപ്പം സഹോദരിയുടെ ആരോഗ്യനിലയും മോശമായികൊണ്ടിരിക്കുകയാണ്. വിവാഹമോചിതനായ ശേഷം ഒറ്റക്ക് ദൂരെ നാട്ടില്‍ കഴിയുന്ന അയാളെ കുറിച്ചോര്‍ത്ത് സഹോദരിക്കും സങ്കടമാണ്.
'എന്തിനാ ഇനിയും മദിരാശിയില്‍ ഇങ്ങനെ ഒറ്റക്ക് കഴിയുന്നത്...ഇവിടെ വന്ന് നിന്നൂടെ നിനക്ക്...' പതിവ് പരിഭവം പറഞ്ഞാണ് ഇത്തവണയും സഹോദരി യാത്രയാക്കിയത്.
വിവാഹമോചിതനായതോടെയാണ് അയാള്‍ മദ്രാസിലേക്ക് തീവണ്ടികയറിയത്. എഗ്മോറിലെ ഒറ്റമുറി വാടകവീട്ടില്‍ ഒതുങ്ങിക്കൂടി. ഏകാന്തയില്‍ പുസ്തകങ്ങളും സംഗീതവുമായി തന്നിലേക്ക് മാത്രമായി ഒതുങ്ങി കഴിയുന്നതിനേക്കാള്‍ നല്ല ജീവിതം വേറെയില്ല. തെരുവിലെ ലക്ഷ്മി അക്കായുടെ ഇഡ്ഡലികടയില്‍ നിന്നുള്ള ഇഡ്ഡലിയും ദോശയും സബ് അര്‍ബന്‍ ട്രെയിനിലെ യാത്രയുമെല്ലാം അയാളുടെ ജീവിതത്തെ ഏറെക്കുറെ യാന്ത്രികമായി ചലിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ആല്‍ബര്‍ട്ട് തിയ്യേറ്ററില്‍ നിന്നും സിനിമ കാണുന്നത് മാത്രമായി എൻറ്റര്‍ടെയിന്‍മെന്റ്. 30 വര്‍ഷത്തോളമായി ഈ യാന്ത്രികജീവിതം. എന്തിനായിരുന്നു വിവാഹമോചനം.. അവളിപ്പോള്‍ എവിടെയായിരിക്കും. സുഖമായിരിക്കുന്നുണ്ടാവില്ലേ.. പുനര്‍വിവാഹിതയായ അവളുടെ മറ്റ് മക്കള്‍ക്കൊപ്പം തന്റെ പ്രിയപ്പെട്ട അമ്മാളുവും വളര്‍ന്ന് വലുതായിരിക്കും. അമ്മാളു ഒരുപക്ഷ വിവാഹിതയായിരിക്കുമോ... തൊട്ടരികില്‍ ഓരാള്‍ ഇരിക്കുന്നത് മറന്നെന്നപ്പോലെ അയാള്‍ സ്വയം തന്നിലേക്ക് ചുരുങ്ങി.
അയാളുടെ കണ്ണില്‍ നനവ് പടരുന്നത് ഇരുണ്ട വെളിച്ചത്തിലും അവള്‍ തെളിഞ്ഞു കണ്ടു.
കയ്യിലിരുന്ന സിഗരറ്റ് എരിഞ്ഞുതീര്‍ന്ന് വിരലുകള്‍ പൊള്ളിയപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.
അയാള്‍ അവളെ നോക്കി ചിരിച്ചു. ഓര്‍മകളിലേക്ക് പോയതിന് ക്ഷമ ചോദിക്കുന്നതുപോലെ. എന്തിനാണ് താനിപ്പോള്‍ ഇതെല്ലാം ഓര്‍ത്തതെന്ന് അയാള്‍ക്ക് മനസിലായില്ല.
മുംബൈയിലെ തിരക്കില്‍ നിന്ന് ഇടയ്ക്കിടെ വീട്ടിലെ കിണറ്റിലെ ശുദ്ധവെള്ളം കുടിക്കാനാണ് അവളെത്താറ് എന്ന് കേട്ടപ്പോള് അയാള്‍ക്ക് ചിരിക്കാതിരിക്കാനായില്ല. ശുദ്ധവെള്ളം ഈ ചില്ലുകുപ്പിയിലാണോയെന്ന് കളിയാക്കി ചോദിച്ചെങ്കിലും വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ തണുപ്പും രുചിയുമെല്ലാം അയാളുടെ ഓര്‍മകളേയും കുളിരണിയിക്കുന്നതായിരുന്നു. ഇപ്പോഴും നാട്ടിലെത്തുമ്പോള്‍ തറവാട്ട് മുറ്റത്തെ കിണറ്റില്‍ നിന്ന് വെള്ളം കോരി ബക്കറ്റോടെ തലവഴി ഒഴിച്ചുകുളിക്കുമ്പോള്‍ കിട്ടുന്ന സുഖം. അതൊരിക്കലും മറ്റെവിടെനിന്നും അനുഭവിച്ചിട്ടില്ലെന്ന് അയാള്‍ ഓര്‍ത്തു. മദ്രാസിലെ വെള്ളത്തിലെ കുളി ശരീരത്തെ മാത്രമല്ല മനസിനേയും വരണ്ടുണക്കിയതോര്‍ത്താവണം അയാള്‍ കൈകളില്‍ തലോടി.
കിണറ്റിലെ വെളളത്തിൻറ്റെ തെളിമയ്ക്കപ്പുറം അടിക്കടിക്കുള്ള നാട്ടിലേക്കുള്ള പറക്കലുകള്‍ക്ക് പിന്നില്‍ ആരോടും അധികം പങ്കുവെച്ചിട്ടില്ലാത്ത കാരണവും അവള്‍ക്കുണ്ട്. എന്നോ മുറിഞ്ഞുപോയ വേരുകള്‍ തേടിയുള്ളതുകൂടിയാണ് പലപ്പോഴും ആ മടക്കയാത്രകള്‍.
വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളുമെല്ലാം കടന്ന് സംസാരം സംഗീതത്തിലും പുസ്തകങ്ങളിലും സിനിമയിലുമെല്ലാം എത്തിനിന്നു. ഇടയ്ക്ക് ഉച്ചത്തിലായ അവരുടെ ചിരികേട്ട് മറ്റുള്ളവര്‍ അവരെ തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നതൊന്നും അവരറിഞ്ഞില്ല. അവളുടെ മൊബൈൽ ചിലച്ചപ്പോളാണ് സമയം ഏറെ ആയത് അവർ ശ്രദ്ധിച്ചത്.
അയാള്‍ തിരിഞ്ഞ് വെയിറ്ററിന് നേരെ കൈവീശി.
വാഷ് റൂമില്‍ പോയി വരാമെന്ന് പറഞ്ഞ് അയാള്‍ എണീറ്റപ്പോള്‍ അവള്‍ തിടുക്കത്തില്‍ കയ്യിലിരുന്ന ഡ്രിങ്ക്‌സ് തീര്‍ത്തു. വെയിറ്റര്‍ ഇരുവരുടേയും ബില്ലുമായെത്തി. അവള്‍ പേഴ്‌സില്‍ നിന്ന് പൈസയെടുത്ത് നല്‍കി.
''ചെയ്ഞ്ച് വെച്ചുകൊള്ളു..''
വെയിറ്ററോട് അവള്‍ പറഞ്ഞു.
വെയിറ്റര്‍ അവളെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു.
വെയിറ്റർ കൗണ്ടറിൽ ബിൽ സെറ്റിൽ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ അവൾ ബാഗുമെടുത്ത് എണീറ്റു.
''ഇത് അയാള്‍ വരുമ്പോള്‍ കൊടുക്കണം.''
മടക്കിയ ഒരു പേപ്പര്‍ വെയിറ്ററിന് നേരെ നീട്ടി അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി.
വാഷ് റൂമില്‍ നിന്ന് മടങ്ങിയെത്തിയ അയാള്‍ക്ക് നേരെ വെയിറ്റര്‍ പേപ്പര്‍ നീട്ടി.
''മാഡം തരാന്‍ ഏല്‍പ്പിച്ചതാണ്''
നെറ്റി ചുളിച്ച് പേപ്പര്‍ വാങ്ങിയ അയാള്‍ അവളെ തിരഞ്ഞു
ബില്‍ അടയ്ക്കാന്‍ പഴ്‌സ് എടുത്ത അയാളോട് ബില്‍ പേ ചെയ്‌തെന്നും പറഞ്ഞ് വെയിറ്റര്‍ മടങ്ങി
അയാള്‍ ബാറിന്റെ വാതില്‍ തുറന്ന് പുറത്ത് വന്ന് നോക്കിയെങ്കിലും അവൾ പോയിക്കഴിഞ്ഞിരുന്നു. തിരികെ ടേബിളിലേക്ക് നടക്കുന്നതിനിടെ അയാള്‍ കയ്യിലെ പേപ്പര്‍ തുറന്നുനോക്കി.
മനോഹരമായ കൈപ്പടയില്‍ നാലുവരി മാത്രം.
'ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ ഒടുവില്‍ ഞാന്‍ അച്ചനെ കണ്ടു, സംസാരിച്ചു. ഇനിയും മുറിഞ്ഞുപോയ വേരു തേടി വരില്ല.
എന്ന് അച്ചന്റെ സ്വന്തം അമ്മാളു..'
അയാളുടെ കയ്യിലിരുന്ന് ആ പേപ്പര്‍ വിറച്ചു. കണ്ണീര്‍ ആ പേപ്പറിലെ അക്ഷരങ്ങളെ നനച്ചു.
പുറത്തിറങ്ങിയ അവള്‍ ആദ്യം കണ്ട ഓട്ടോയില്‍ കയറി യാത്രയായി. കണ്ണുകള്‍ ഇറുക്കനെ അടച്ച് സീറ്റില്‍ ചാരിക്കിടന്നു.....
Wednesday, 28 July 2021
ചാരനിറങ്ങൾ
ആവശ്യങ്ങൾക്കനുസരിച്ചാണ്
അവർ എന്നെ തിരഞ്ഞത്താറ്
അവരുടെ ചിത്രങ്ങൾക്ക് നിറം പകരേണ്ടിവരുമ്പോൾ,
അവരുടെ പൂക്കളുടെ വർണങ്ങൾ മങ്ങിതുടങ്ങുമ്പോൾ,
മഴവില്ലിന് നിറം പോരാതെ വരുമ്പോൾ
അവർ എന്നെ തേടിയെത്തും
എന്നിൽ നിന്ന് വർണങ്ങൾ വാങ്ങി പോകും.
സ്വപനങ്ങൾക്ക് അവർ ചായം പൂശും.
പിന്നെ ചാരനിറമാർന്ന
എന്റെ പകലുകൾക്ക് നിറം പകരാൻ
ഒഴിഞ്ഞ മഷി കുപ്പികളുമായി ഞാൻ അലയും
ഒറ്റയ്ക്ക്, നിശബ്ദനായി,
നിരാശനായി…
…...
(110818)
Thursday, 24 June 2021
മനുഷ്യർ
മനുഷ്യർ
നക്ഷത്രങ്ങളെ പോലെ ആണ്
വളരെ അടുത്ത്
മിന്നികൊണ്ടിരിക്കുന്നുണ്ട് എന്ന് തോന്നും
പക്ഷേ പലപ്പോഴും
അവർ അകലെയായിരിക്കും
അവരുടേതായ ലോകത്ത്
അപ്പോള്‍
വിരൽ തുമ്പിലെ
പത്തക്കങ്ങൾ പോലും
വിരൽ തട്ടിമാറ്റി
മാറി നിൽക്കും
…..
(010321)
Saturday, 10 April 2021
Sunday, 14 March 2021
പിണക്കങ്ങൾ
ഏത്ര നാളത്തെ
അടിപിടിയാണ്
ഒരു ചിരിയിൽ,
ഒന്നിച്ചിരിക്കലിൽ,
മാഞ്ഞ് ഇല്ലാതാവുന്നത് !
ഇത്രയേ ഉള്ളൂ.
ഒന്ന്
നേരിൽ കണ്ടാൽ,
കൈ
ഒന്ന് അമർത്തിപ്പിടിച്ചാൽ
തീരാത്തത്ര
പിണക്കങ്ങൾ
ഒന്നും
ഒരിഷ്ടത്തിലും
ഇല്ലന്നെയ്…!!!
………...
(140321)
-
കാട്ടിലേക്കുള്ള ഓരോ യാത്രയ്ക്കും അതിൻറേതായ ഭംഗിയുണ്ട്. വേരുകൊണ്ടും ശിഖരങ്ങൾകൊണ്ടും പരസ്പരം പുണർന്ന് നിൽക്കുന്ന മരങ്ങൾ. പലവർണത്തിൽ, പലരൂപത്...
-
വിഷാദത്തിൻ്റെ ചില്ലകൾ ഇനിയും തളിരിട്ടേക്കാം. പൂക്കൾ ഏകാന്തതയുടെ ചാരനിറമണിഞ്ഞേക്കാം, മരണത്തിൻ്റെ ഗന്ധം പടർത്തിയേക്കാം ഉറക്കമില്ലായ്മയു...
-
നാലേക്കാൽ പതിറ്റാണ്ട് ഒരു ചെറിയകാലയളവല്ല പതിനയ്യായിരത്തിലേറെ ദിനങ്ങൾ നീണ്ട ജീവിതയാത്രയിൽ എത്രയെത്ര നഗരങ്ങളിൽ കാൽപതിപ്പിച്ചു, കാലുറപ്പിക്കാൻ ...