സമാധാനത്തിനുള്ള നോബലും കശ്മീരിലെ മാധ്യമപ്രവര്‍ത്തകരും


Maria Ressa and Dmitry Muratov 

 സമാധാനത്തിനുള്ള ഇത്തവണത്തെ നോബല്‍ സമ്മാനം അഭിപ്രായസ്വാതന്ത്ര്യത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ലഭിച്ചത്. ഫിലിപൈന്‍സ് മാധ്യമപ്രവര്‍ത്തക മരിയ റെസക്കും റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി മുറാടോവിനും. സ്വന്തം രാജ്യത്തെ ഭരണകൂടത്തിന്റെ വലിയ ഭീഷണികളേയും അടിച്ചമര്‍ത്തലുകളേയും അതിജീവിച്ച് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ ശക്തിതെളിയിച്ചിവരാണ് ഇരുവരും. മരിയ റെസയുടെ റാപ്ലര്‍ എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തനമാധ്യമം ഇതിനോടകം ഫിലിപൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റെര്‍ട്ടെയുടെ അഴിമതികളും സ്വന്തം ജനതയ്ക്ക് നേരെയുള്ള അതിക്രമങ്ങളുടേയും നീണ്ടകഥകളാണ് പുറത്തെത്തിച്ചത്. പലകുറി വധഭീഷണിയും കേസുകള്‍ ചുമത്തിയുമെല്ലാം മരിയയെ വരുതിയിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. പരസ്യമായി തന്നെ പ്രസിഡന്റ് റോഡ്രിഗോ റെസയ്ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തു. എന്നിട്ടും തളരാതെ പോരാടിയ റെസയെ പോലെതന്നെയാണ് റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി മുറടോവും. രണ്ടരപതിറ്റാണ്ടിലേറെയായി മാധ്യമസ്വാതന്ത്ര്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതുകയാണ് മുറടോവിന്റെ നവേജ ഗസറ്റ എന്ന പത്രം. ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് മുറടോവിന്റെ മാധ്യമപ്രവര്‍ത്തനം. പ്രസിഡന്റ് പുട്ടിന്റേയും അനുയായികളുടേയും കണ്ണിലെ കരടായ മുറടോവിന് സത്യസന്ധമായ മാധ്യമസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ നഷ്ടമായത് 6 സഹപ്രവര്‍ത്തകരെയാണ്. കൊലപാതകങ്ങളും ആക്രമണങ്ങളുംകൊണ്ട് ഇതുവരേയും പക്ഷെ എതിരാളികള്‍ക്ക് മുറടോവിനെ നിശ്ബധനാക്കാനായിട്ടില്ല. 

ലോകത്ത് ജനാധിപത്യമെന്നത് വാക്കില്‍ മാത്രമാവുകയും അഭിപ്രായസ്വാതന്ത്ര്യമെന്നത് ഭരണകൂടത്തിന്റേയും കോര്‍പറേറ്റുകളുടേയും താല്‍പര്യത്തിനനുസരിച്ച് മാത്രമാവുകയും ചെയ്യുന്നകാലത്ത് സമാധാനത്തിനുള്ള നോബല്‍  സമ്മാനം മാധ്യമപ്രവര്‍ത്തകരെ തേടിയെത്തുക എന്നത് ചില്ലറസമാധാനമല്ല നല്‍കുന്നത്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടത്താനും ഭയക്കാതെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും ഇല്ലെങ്കില്‍ ജനാധിപത്യമെന്നത് വെറും ഒരു ഭംഗി വാക്കായി മാത്രം അവശേഷിക്കും. ഇന്ത്യയില്‍ നിന്നടക്കം നോബല്‍ സമ്മാനജേതാക്കളേയും ജൂറിയേയും പ്രശംസിച്ചുകൊണ്ട് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. ഈ വേളയില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും എത്രമാത്രം ഇടമുണ്ടെന്ന് വിമര്‍ശനാത്മകമായി തന്നെ നാം പരിശോധിക്കേണ്ടതുണ്ട്. തങ്ങള്‍ക്ക് മാത്രം സ്വീകാര്യമായ 'പൊതുബോധ'നിര്‍മിതിയും അധികാരകേന്ദ്രങ്ങളും സൃഷ്ടിക്കുന്ന ഫാസിസ്റ്റ് ചതിക്കുഴിയിലാണ് ഇന്ത്യയിലെ അഭിപ്രായസ്വാതന്ത്ര്യം.

ലോകസമാധാനത്തിനുള്ള നോബല്‍ സമ്മാനം ഡച്ച് ഏജന്‍സി ഇത്തവണ അഭിപ്രായ സ്വാതന്ത്ര്യപോരാട്ടത്തില്‍ ഏര്‍പ്പെട്ട രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെന്ന് പ്രഖ്യാപിച്ചപ്പോള്‍ കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും അത് പകര്‍ന്നു നല്‍കിയത് വലിയ ഊര്‍ജമാണ്. ഭരണകൂടത്തിന്റ വേട്ടയാടലുകള്‍ക്കും നിരോധനങ്ങള്‍ക്കും സെന്‍സര്‍ഷിപ്പിനുമെല്ലാം എതിരെ പോരാടാനുള്ള, ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരാനുള്ള ഊര്‍ജ്ജം. ഇന്ത്യയുടെ ഭൂപ്പടത്തിലെ തലയെന്ന് വിശേഷിപ്പിക്കാവുന്ന കശ്മിരിലെ മാധ്യമപ്രവര്‍ത്തകരിപ്പോള്‍ പൊലീസിന്റേയും സൈന്യത്തിന്റേയുമെല്ലാം റഡാറിലാണ്.  

കഴിഞ്ഞ 2 വര്‍ഷത്തിനിടെ 40 മാധ്യമപ്രവര്‍ത്തകരാണ് കശ്മീരില്‍ പൊലീസിന്റേയും മറ്റ് ഭരണകൂടസ്ഥാപനങ്ങളുടേയും റെയിഡുകള്‍ക്കും വീട്ടുതടങ്കലിനും നിരന്തരവേട്ടയാടലുകള്‍ക്കും ഇരയായത്.ഏറ്റവും ഒടുവില്‍ കഴിഞ്ഞ സെപ്തംബര്‍ 9 ന് പുലര്‍ച്ചെ 4 മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലാണ് റെയ്ഡ് എന്ന പ്രഹസനം നടന്നത്. കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ 2019 ലെ ഓഗസ്ത് 5 നുശേഷം ഇതാണ് താഴ്‌വരയിലെ മാധ്യമപ്രവര്‍ത്തകരുടെ 'പുതിയ നോര്‍മല്‍'. സര്‍ക്കാരിനെയോ സര്‍ക്കാര്‍ സ്ഥാപനങ്ങളേയോ വിമര്‍ശിക്കുന്നതിന് അപ്രഖ്യാപിത വിലക്കാണ് കശ്മീരിലുള്ളത്. ഓരോ മാധ്യമപ്രവര്‍ത്തകനേയും പശ്ചാത്തല പരിശോധനയെന്ന പേരില്‍ നിത്യേന വിളിച്ചുവരുത്തുകയും സോഷ്യല്‍ മാധ്യമങ്ങളുടെ അടക്കം രേഖകളും വാര്‍ത്തകളുടെ സോഴ്‌സുകളുമെല്ലാം വെളിപ്പെടുത്താനാവശ്യപ്പെടുകയും വിവിധതരത്തിലുള്ള ചോദ്യംചെയ്യലുമെല്ലാം ഇപ്പോള്‍ സാധാരണമായിരിക്കുന്നു. പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് ഇതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ദേശിയ അന്തര്‍ദേശിയ മാധ്യമപ്രവര്‍ത്തകരാണ് സിഐഡി വിഭാഗത്തിന്റെ സ്ഥിരം ഇരകള്‍. ഹിന്ദു പത്രത്തിന്റെ പീര്‍സാദ ആഷിഖ്, ഇക്കണോമിക് ടൈംസിന്റെ ഹക്കീം, ഔട്ട് ലുക്ക് മാഗസിന്റെ നസീര്‍ ഗനായ് എന്നിവര്‍ പലപ്പോഴായി സിഐഡിയുടെ ചോദ്യംചെയ്യലിന് ഇരയായവരാണ്. ഇത്തരം പശ്ചാത്തല പരിശോധനയുടെ ഭാഗമായി 22 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്തിന് പുറത്തേക്ക് യാത്രചെയ്യാതിരിക്കാനായി ലുക്ക് ഔട്ട് നോട്ടീസ് വരെ പുറപ്പെടുവിച്ചിട്ടുണ്ട് എന്നറിയുമ്പോളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള കശ്മീരിലെ ഭരണകൂടഭീകരത എത്ര ആഴത്തിലാണെന്ന് മനസിലാവുക. ഇതെല്ലാം എത്ര മാധ്യമങ്ങള്‍ ചര്‍ച്ചയാക്കി, അല്ലെങ്കില്‍ വാര്‍ത്തയാക്കി എന്ന് അന്വേഷിക്കുമ്പോള്‍ നിരാശയാകും ഫലം.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്്സ് പ്രസിദ്ധീകരിക്കുന്ന ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ 142 ആം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പലപ്പോഴും അവസാനസ്ഥാനങ്ങളിലാണ്. 180 രാജ്യങ്ങളുടെ പട്ടികയില്‍ യെമന്‍, അഫ്ഗാനിസ്ഥാന്‍ പോലുള്ള രാജ്യങ്ങളാണ്  ഇന്ത്യക്ക് പിന്നിലുള്ളത്. നേപ്പാള്‍, ശ്രീലങ്കപോലുള്ള അയല്‍രാജ്യങ്ങള്‍ ഇന്ത്യക്ക് എത്രയോ മുകളിലാണ്.  മോദി സര്‍ക്കാരിന് കീഴില്‍ ഹിന്ദുത്വ അജണ്ടയ്ക്ക് വിഘാതമായി പ്രവര്‍ത്തിക്കുന്ന ഏതൊരുമാധ്യമപ്രവര്‍ത്തകനേയും സ്ഥാപനത്തേയും ഓഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് ഉള്‍പ്പടെയുള്ള കിരാത നിയമം ഉപയോഗിച്ച് ജയിലിലടയ്ക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ഏറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കശ്മീരിലടക്കം ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയ കേന്ദ്രം അഭിപ്രായം രേഖപ്പെടുത്താനും അറിയാനുമുള്ള മനുഷ്യന്റെ മൗലികാവകാശം തന്നെ നിഷേധിച്ചു. ഈ വര്‍ഷം ലോകത്ത് ഇതുവരെ 24 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. അവരില്‍ 4 പേരും ഇന്ത്യയിലാണ് എന്നത് ഇന്ത്യ ലോകത്ത് മാധ്യമപ്രവര്‍ത്തനത്തിന് ഭീഷണിനേരിടുന്ന രാജ്യമാണെന്നതിന് തെളിവാണ്. 


ഇതിനെല്ലാം പുറമെയാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമസ്ഥാപനങ്ങളെ പൂട്ടുകയോ പരസ്യം നിഷേധിച്ച് പ്രതിസന്ധിയിലാക്കുകയോ ചെയ്യുന്ന പ്രവണത. പിടിച്ചുനില്‍ക്കാനാവാതെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായി പൂര്‍ണമായോ ഭാഗികമായോ അടച്ചുപൂട്ടപ്പെട്ട നിരവധി സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ കഴിഞ്ഞകാലങ്ങളില്‍ ഉണ്ടായത്. ഇവിടങ്ങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ടത് ആയിരങ്ങള്‍ക്കാണ്. കൂടാതെ രാജ്യത്തെ ഒട്ടുമിക്ക വന്‍കിട മാധ്യമസ്ഥാപനങ്ങളും സര്‍ക്കാര്‍ അനുകൂല കോര്‍പറേറ്റുകള്‍ വാങ്ങുകയും 'ഗോദി മീഡിയ'വത്ക്കരണം നടത്തുകയും ചെയ്യുന്നു. ഇതോടെ വസ്തുതാപരമായ കാര്യങ്ങള്‍ അറിയാനുള്ള ജനത്തിന്റെ അവകാശമാണ് നിഷേധിക്കപ്പെട്ടത്. സര്‍ക്കാരിനെതിരെ ജനരോക്ഷമുയരാനിടയുള്ള വാര്ത്തകളെല്ലാം സൗകര്യപൂര്‍വ്വം തമസ്‌ക്കരിച്ച് താരങ്ങളുടേയും താരപുത്രന്‍മാരുടേയുമെല്ലാം ലഹരിഉപയോഗവും നൈറ്റ്പാര്‍ട്ടികളുമെല്ലാം പ്രൈംടൈം ചര്‍ച്ചയാകുന്നത് ഇതിനാലാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള വിമര്‍ശനത്തെ ട്വിറ്റര്‍ പോലുള്ള സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സമൂഹമാധ്യമങ്ങളുടെ വലിയ മാര്‍ക്കറ്റായ ഇന്ത്യയെ നഷ്ടപ്പെടാന്‍ ആഗ്രഹമില്ലാത്തതിനാല്‍ പലപ്പോഴും ഇത്തരം സ്ഥാപനങ്ങള്‍ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നില്‍ മുട്ടുടക്കുകയും സര്‍ക്കാര്‍ വിരുദ്ധപോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയും അക്കൗണ്ടുകള്‍ പൂട്ടുകയോ ചെയ്യുന്നു. 

മാധ്യമങ്ങള്‍ എന്നത് ജനാധിപത്യത്തിന്റെ നാലാം തൂണാണ്. ശേഷിക്കുന്ന 3 തൂണുകളും ചിതലരിക്കുമ്പോള്‍ തൂണുകള്‍ക്ക് ചിതലരിക്കുന്നുവെന്ന് തുറന്നുപറയാന്‍ ശക്തമായിരിക്കണം ആ നാലാം തൂണ്. പക്ഷെ അമിതമായ ഭരണകൂട വിധേയത്വവും അടിച്ചമര്‍ത്തലുകളും നാലാം തൂണിനെ നിഷ്‌ക്രിയമാക്കുകയാണ്. രാജാവ് നഗ്നനാണ് എന്ന് തുറന്നുപറയാന്‍ ഭയമുള്ള, നട്ടെല്ലില്ലാത്ത വലിയ വിഭാഗമായി മാധ്യമങ്ങളും വലിയ വിഭാഗം മാധ്യമപ്രവര്‍ത്തകരും മാറുന്നുവെന്നതാണ് സമാകാലിക ഇന്ത്യയിലെ നേര്‍ക്കാഴ്ച്ച. ഭൂരിപക്ഷം മാധ്യമങ്ങളും ഇഴയുന്നിടത്ത് ചിലരെങ്കിലും എഴുന്നേറ്റ് നില്‍ക്കുന്നുണ്ട് എന്നത് ആശ്വാസകരമാണ്. വിവിധ അന്വേഷണ ഏജന്‍സികളെ വിട്ട് ഇവയുടെ വായമൂടിക്കെട്ടാനും കേസുകളില്‍ പെടുത്തി വേട്ടായാടാനുമുള്ള ശ്രമങ്ങളെയെല്ലാം ചെറുത്തുനില്‍ക്കുന്ന ടെലിഗ്രാഫ്, എന്‍ഡിടിവി പോലുള്ള ചുരുക്കം ചിലമാധ്യമങ്ങള്‍. മുറടോവിന്റെ നവേജ ഗസറ്റയും റെസയുടെ റാപ്ലറുമെല്ലാം ഇവര്‍ക്കാണ് പ്രതീക്ഷയുടെ തിരിനാളമാകുന്നത്. 



Comments