Friday, 31 December 2021

പരീക്ഷണങ്ങൾക്കൊപ്പം മലയാളത്തിൽ ഇരുണ്ടകാലത്തിന്റെ സിനിമകളും വരണം



ശക്തമായകഥകളും സിനിമയും മലയാളത്തിന് സമ്മാനിച്ച സച്ചിയും ഷാനവാസ് നരണിപ്പുഴയും പി ബാലചന്ദ്രനുമൊന്നുമില്ലാതെയാണ് പുതുവ‍ർഷത്തെ വരവേൽക്കുമ്പോൾ മലയാള സിനിമ ഒരുങ്ങുന്നത്. ഇവരുടെ നഷ്ടം മലയാളത്തിന് ഒരിക്കലും നികത്താനാവുന്നതുമല്ല. മികച്ച കഥകൾ ഒരുക്കിയെന്നതിനൊപ്പം തന്നെ ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ചുവെന്നതും ബാലചന്ദ്രന്റേയും മൺമറഞ്ഞുപോയ നെടുമുടി വേണുവിന്റെയുമെല്ലാം നേട്ടമാണ്. ഇവരല്ലാം പകർന്നുനൽകിയ ഊർജ്ജം ഉൾക്കൊണ്ടുതന്നെയാകും മലയാള സിനിമ മുന്നോട്ടുള്ള യാത്ര തുടരുക.ലോക്ഡൗണിൽ ലോകമെല്ലാം പകച്ച് നിന്നപ്പോഴും പരീക്ഷണങ്ങളിലൂടെ പ്രതിസന്ധിയെ മറികടന്ന് ലോകസിനിമയ്ക്ക് തന്നെ അത്ഭുതമായിരുന്നു നമ്മുടെ കൊച്ചു മലയാളം ഇൻഡസ്ട്രി. പൂ‍ർണമായും അടച്ചിട്ട മുറിയിലിരുന്ന്, വെറും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ചിത്രീകരിച്ച സി യു സൂൺ എന്ന സിനിമമാത്രം മതി നമ്മുടെ സിനിമ സാങ്കേതികവിദ്യയിൽ എത്രമാത്രം പരീക്ഷണങ്ങളും പ്രമേയത്തിൽ വ്യത്യസ്ഥതയും കൊണ്ടുവരുന്നുവെന്നത് മനസിലാക്കാൻ.





പോയവർഷം പ്രമേയംകൊണ്ടും ട്രീറ്റ്മെന്റ് കൊണ്ടും വ്യത്യസ്ഥങ്ങളായ നിരവധി സിനിമകളാണ് പിറന്നത്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, മാലിക്ക്, ജോജി, കുരുതി, നായാട്ട്, ഓപറേഷൻ ജാവ, നിഴൽ, ഭീമന്റെ വഴി, ആണും പെണ്ണും, സാറ തുടങ്ങി രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്ത ഒരുപിടി സിനിമകളാണ് പ്രേക്ഷകരിലേക്കെത്തിയത്. മലയാളിക്ക് കണ്ടുപരിചിതമല്ലാത്ത കഥപറയൽ ശൈലിയും അവതരണവുമെല്ലാം തികഞ്ഞ അച്ചടക്കത്തോടെ തന്നെ അവതരിപ്പിച്ചുവെന്നതാണ് ഈ സിനിമകളുടെയെല്ലാം വിജയം. ഇവയിൽ പലതും വലിയ അവകാശവാദങ്ങളില്ലാതെ എത്തി വിജയക്കൊടിപാറിച്ചതാണ് എങ്കിൽ വലിയ ഓളമുണ്ടാക്കിയെത്തി തിയ്യറ്ററുകളെ നിറച്ച സിനിമകളും വർഷാവസാനം എത്തി. ഏറെകാലത്തെ കാത്തിരിപ്പിനൊടുവിൽ റിലീസായ കുഞ്ഞാലി മരക്കാർ അറബികടലിന്റെ സിഹം, കുറുപ്പ്, മിന്നൽ മുരളി തുടങ്ങിയവയെല്ലാം ആ ഗണത്തിൽ പെടുന്നതാണ്. സുകുമാരകുറുപ്പ് എന്ന പിടികിട്ടാപുള്ളിയുടെ കഥ പറഞ്ഞ കുറുപ്പും അതിമാനുഷിക കഥാപാത്രങ്ങളെ ഹോളിവുഡ് സിനിമകളിലൂടെ ആരാധിക്കുന്ന മലയാളിക്ക് ലോക്കലായിട്ട് ഒരു അതിമാനുഷികനെ സമ്മാനിച്ച മിന്നൽ മുരളിയുമെല്ലാം മലയാള സിനിമ ആസ്വാദനത്തിൽ വേറിട്ടതായി. ഗ്രാഫിക്സിന്റെ സാധ്യതകളെ ഉപയോഗിച്ചുള്ള കുഞ്ഞാലിമരക്കാറും സാങ്കേതികവിദ്യയുടെ പേരിൽ തിയ്യേറ്ററുകളിൽ വേറിട്ട അനുഭവമായി.

കലാമൂല്യങ്ങളുള്ള ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടാകുന്നുണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നുവല്ലോ. രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങൾ മലയാളം നന്നായി തന്നെ കൈകാര്യം ചെയ്യുന്നുണ്ട് എന്ന് പറയുമ്പോഴും ജാതിയത, കീഴാള വ്യവസ്ഥിതി എന്നിവയെ എത്രമാത്രം മലയാള സിനിമ ഇപ്പോഴും അഡ്രസ് ചെയ്യുന്നുണ്ട് എന്നത് വിമർശനപരമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ച് നമ്മുടെ തൊട്ടയൽപകത്തെ തമിഴ് സിനിമകൾ കീഴാളരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന സിനിമകളുമായി മുന്നോട്ട് വരുമ്പോൾ. (മലയാളത്തിൽ ഒട്ടും ഉണ്ടായിട്ടില്ല എന്നതല്ല, സമീപകാലത്ത് കുറവാണ്. വിധേയൻ, പാപ്പിലിയോ ബുദ്ധ പോലുള്ള സിനിമകൾ ഇത്തരം വിഷയങ്ങൾ മുമ്പ് കൈകാര്യം ചെയ്തിട്ടുണ്ട്). ജയ് ഭീം, രാമൻ ആണ്ടാലും രാവണൻ ആണ്ടാലും, കർണൻ പോലുള്ള സിനിമകൾ ജാതിവ്യവസ്ഥിതിയെ ചോദ്യം ചെയ്ത് ഭരണകൂടത്തെ തന്നെ മുൾമുനയിൽ നിർത്തുമ്പോൾ. രാഷ്ട്രീയമായി വലിയ മുന്നേറ്റങ്ങളും പുരോഗമനവാദങ്ങളും മുന്നോട്ട് വെക്കുന്ന കേരളത്തിൽ നിന്ന് അത്തരമൊരു സിനിമ ഇപ്പോൾ ഉണ്ടാകുന്നില്ലയെന്നത് അത്ഭുതകരമാണ്. അത്തരം സിനിമകൾ കൂടി വരും വർഷങ്ങളിൽ മലയാളത്തിൽ നിന്ന് വരേണ്ടതുണ്ട്. ഇതിനിടയിലും പ്രതിഷേധങ്ങളെ ഭയന്ന് സിനിമകൾ തന്നെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ മലയാളത്തിലും ഉണ്ടാകുന്നുവെന്നത് സങ്കടകരമാണ്. വിവിധ വിഭാഗങ്ങളുടെ ഭീഷണിക്ക് മുന്നിൽ പുരോഗമനവാദികളായ സിനിമാക്കാർക്ക് പോലും മുട്ടിടിക്കുന്നുവെന്ന ആക്ഷേപത്തിലേക്കാണ് ഇത് കൊണ്ടുചെന്നെത്തിക്കുന്നത്. ചില വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് വാരിയംകുന്നത്ത് പോലുള്ള ചരിത്ര സിനിമകൾ ഉപേക്ഷിക്കുന്ന സാഹചര്യമെല്ലാം ഈ സന്ധിചെയ്യലിന്റെ ഭാഗമാണ്. തമിഴൻ ആരാധകരുടെ കയ്യടികൾക്ക് വേണ്ടി മാത്രമായി സിനിമചെയ്യുന്നവരാണെന്ന പഴി പണ്ടേക്കും പണ്ടേ ഉയർത്തിയിരുന്നവരാണ് നമ്മൾ. അതേ നമ്മൾ ആരാധകർക്ക് വേണ്ടി മാത്രമാണ് ചരിത്രസിനിമ പോലും ചെയ്യുന്നതെന്ന് തുറന്നുപറയുന്ന കാലത്തേക്ക് തിരിഞ്ഞുനടന്നുവെന്നത് വെറും യാദൃശ്ചികമല്ല. ജാതീയതയും ഫാസിസവും മതാന്ധതയും വേരുറപ്പിക്കുന്ന കാലത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. ഈ ഇരുണ്ടകാലത്ത് ആ ഇരുളിനെ തുറന്നുകാട്ടുന്ന സിനിമകൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. പോയവർഷം എത്തിയ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നമ്മുടെ അടുക്കളകളിൽ സ്ത്രീകൾ തളച്ചിടപ്പെടുന്നതിനേയും അന്ധവിശ്വാസത്തേയും ആൺ മേൽക്കോയിമയേയും ചോദ്യം ചെയ്യുന്നതായി. കുരുതി എന്ന സിനിമ തീവ്രവാദത്തെ വിഷയമാക്കിയെങ്കിലും ഏകപക്ഷീയമായിപോയി എന്ന ആരോപണം നേരിട്ടു. അവയൊന്നും തന്നെ ജീർണിച്ച ജാതിവ്യവസ്ഥിതിയേയോ ദളിത് രാഷ്ട്രീയത്തേയോ ചർച്ച ചെയ്തതുമില്ല. മാലിക്ക് എന്നത് വലിയതുറ വെടിവെപ്പ് പശ്ചാത്തലമാക്കി തയ്യാറാക്കിയ സിനിമയായിരുന്നുവെങ്കിലും വെടിവെപ്പിലെ സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാതിരിക്കുകയോ അത്തരം വസ്തുതകളിൽ നിന്ന് കൃത്യമായ അകലം ബോധപൂർവ്വം പാലിക്കുകയോ ചെയ്തു. അതേസമയം ജയ് ഭീം ആയാലും കർണൻ ആയാലും ഭരണകൂട ഭീകരതയെ ഒരുമറയുമില്ലാതെ തുറന്നുകാട്ടുന്നതായി. നമ്മുടെ നാട്ടിലും ജാതീയതയും ഊരുവിലക്കുമെല്ലാം പലയിടത്തായി ഇപ്പോഴും നിലവിലുണ്ട്. ഇത്തരം വിഷയങ്ങൾ പക്ഷെഎന്തുകൊണ്ടോ നമ്മുടെ സിനിമകൾ-മുഖ്യധാരയിൽ- വിഷയമാക്കാൻ മടിക്കുന്നുവെന്നതാണ് ഖേദകരം. വരും നാളുകളിൽ അത്തരം സിനിമകൾ മലയാളത്തിലുമുണ്ടാകുക തന്നെ വേണം. സാങ്കേതിക വിദ്യയിലും കഥകൾ പറയുന്ന ശൈലിയിലും മാത്രമല്ല, പറയുന്ന കഥയിലും ജീവിതങ്ങൾ ഉണ്ടാകണം, വേദനിപ്പിക്കുന്ന യാഥാർത്ഥ്യങ്ങൾ വേണം. എങ്കിലെ സിനിമ അതിന്റെ ധർമം പുലർത്തിയെന്ന് പറയാനാവു. തമിഴിൽ വെട്രിമാരനും പാ രഞ്ജിത്തുമെല്ലാം വെട്ടിയിട്ട പാതകൾ മലയാളത്തിലേക്കും നീളേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്.


ഒ ടി ടി, തിയ്യേറ്റ‍ർ എന്ന ദ്വയത്തിനുള്ളിൽ കിടന്ന് മലയാള സിനിമ കറങ്ങിയ വർഷം കൂടിയാണ് കടന്നുപോകുന്നത്. രണ്ടാം ലോക്ഡൗണിനെ തുടർന്ന് വീണ്ടും അടച്ചിട്ട തിയ്യേറ്റർ ഒരുപാട്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് തുറന്നുകൊടുക്കപ്പെട്ടത്. അതുപോലും വലിയ വാർത്തയായത് കുഞ്ഞാലിമാരക്കാറിന്റെ റിലീസ് തിയ്യേറ്റർ ആയിരിക്കുമോ ഒ ടി ടി ആയിരിക്കുമോയെന്ന തർക്കത്തിലാണ്. മലയാളം പോലുള്ള ചെറിയ ഇൻഡസ്ട്രിക്ക് ഒ ടി ടി റിലീസ് പ്രതിസന്ധിയാണെന്ന് വാദിക്കുന്നവരും ഒടിടിയെ മാറ്റിനി‍ർത്താനാവില്ലെന്ന് വാദിക്കുന്നവരും തമ്മിലുള്ള തർക്കം വരും വർഷത്തിലും തുടരുമെന്നുറപ്പ്. വലിയ സിനിമകളുടെ റിലീസിനായി ചെറിയ സിനിമകൾ തിയ്യേറ്റുകൾ മാറ്റുന്നകാലത്ത് ഒ ടി ടി യെ നവാഗതരടക്കമുള്ള, ചെറു സിനിമകൾ ചെയ്യുന്നവർ പിന്തുണയ്ക്കുകതന്നെ ചെയ്യും. ഒ ടി ടി റിലീസിനെ തടയാൻ തിയ്യേറ്ററുടമകൾ മുന്നോട്ട് വെക്കുന്ന പലനിബന്ധനങ്ങളും പ്രമുഖതാരങ്ങൾ അടക്കമുള്ളവർ തന്നെ തള്ളികളയുന്നുമുണ്ട്. ഒ ടി ടി റിലീസിനെ പ്രോത്സാഹിപ്പിക്കുന്ന നടൻമാരുടെ സിനിമകൾ ഇനി തിയ്യേറ്ററിൽ കളിപ്പിക്കില്ലെന്നതുൾപ്പടെയുള്ള ഉടമകളുടെ പിടിവാശിയെല്ലാം ഈ വ്യവസായത്തെ തകർക്കാൻ മാത്രമേ സാധിക്കുവെന്നതാണ് വസ്തുത. സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് വാശിപിടിച്ചാൽ ജനം ഒ ടി ടി യിൽ ആ പടം കാണുന്നതിലൂടെ നഷ്ടം സംഭവിക്കുന്നത് തിയ്യേറ്റർ ഉടമകൾക്ക് തന്നെയാകും. വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിൽ പ്രതിസന്ധി നേരിട്ടപ്പോൾ പല തിയ്യേറ്ററുകളും അടച്ചുപൂട്ടേണ്ടി വരികയും അവയെല്ലാം ഓഡിറ്റോറിയങ്ങൾ ആയി മാറിയതും മറക്കാറായിട്ടില്ല. ഒ ടി ടി യെ മാറ്റി നി‍ർത്തി മുന്നോട്ടുപോകാൻ മലയാളത്തിനും അധികമാവില്ല. ഒ ടി ടി യിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ പിന്നീട് തിയ്യേറ്ററിൽ പ്രദർശിപ്പിക്കാതിരിക്കുകയും തിയ്യേറ്ററിൽ പ്രദർശിപ്പിച്ച സിനിമകൾ ഇത്രകാലത്തിന് ശേഷം മാത്രം ഒ ടി ടി യിൽ പ്രദർശിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ ധാരണ. ആ ധാരണയും സിനിമയ്ക്ക് എത്രമാത്രം ഗുണകരമാണെന്ന് ഒരുപക്ഷെ വൈകാതെ പരിശോധിക്കപ്പെടേണ്ടിവരും. നാടോടുമ്പോൾ നടുവെ ഓടണമെന്നാണല്ലോ.

ടോളിവുഡിന്റേയോ കോളിവുഡിന്റോയോ അത്രവലിപ്പം ഈ ഇൻഡസ്ട്രിക്കില്ല എന്നത് ശരിയാണ്. പക്ഷെ ഇവരെയെല്ലാം വെല്ലുന്ന ചിലത് തങ്ങൾക്കുണ്ടെന്ന് മോളിവുഡ് തെളിയിച്ചിട്ടുണ്ട്. നല്ല കഥയ്ക്കോ സാങ്കേതികവിദ്യയ്ക്കോ മലയാളത്തിൽ ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. കഴിവുള്ള നിരവധി നടൻമാരും സാങ്കേതികവിദഗ്ധരും മലയാളത്തിലുണ്ട്. പരീക്ഷണം നടത്താൻ ഹോളിവുഡിനോളമോ അതിനപ്പുറമോ ചങ്കൂറ്റവും ഇപ്പോൾ മലയാളത്തിനുണ്ട്. അത് തന്നെയാണ് മലയാളത്തിന്റെ കരുത്ത്. പുതുവർഷത്തിൽ പുതിയ സിനിമകളൊരുങ്ങുമ്പോൾ സമൂഹത്തിന്റെ എല്ലാമേഖലയിലേയും ചൂഷണത്തെ ചൂണ്ടിക്കാട്ടുന്ന സിനിമകൾ തന്നെ പിറക്കുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment