മുംബൈയില്‍ ഫാഷന്‍ ഡിസൈനറാണ് അവൾ. വ്യക്തികളെ ആകൃഷ്ടരാക്കുന്ന അവളുടെ ട്രെന്‍ഡിങ് മോഡേണ്‍ ഡിസൈനുകള്‍ക്ക് ആ നഗരത്തിൽ വലിയ ഡിമാന്റ് ആണ്. നാഗരികത വല്ലാതെ ശ്വാസംമുട്ടിക്കുമ്പോളെല്ലാം അവൾ മകനെ ഭർത്താവിനെ ഏല്പിച്ച് നാട്ടിലേക്ക് വണ്ടി കയറും. വീടിനും ജോലിക്കുമെല്ലാം അവധി നല്‍കി അവൾ അവളിലേക്ക് സ്വതന്ത്രയായി പരന്നൊഴുകുന്നതും അപ്പോൾ മാത്രമാണ്.
നാട്ടിലെത്തുമ്പോഴെല്ലാം അവള്‍ നഗരത്തിലെ ആ ബാറിലെ സന്ദർശകയാണ്. മണിക്കൂറുകളോളം അരണ്ടവെളിച്ചത്തിലിരുന്ന് പാട്ടും ആസ്വദിച്ച് മാജിക്ക് മൊമെന്റ്‌സ് സിപ്പ് ചെയ്തിരിക്കും. സ്റ്റാര്‍ ഹോട്ടൽ ആയതിനാല്‍ തന്നെ അധികം തിരക്കും ശല്യവും ഉണ്ടാകാറില്ല. എന്നിരുന്നാലും ബാറിലേക്ക് ഒരു സ്ത്രീ തനിയെ മദ്യപിക്കാന്‍ വരുന്നതിനെ ആശ്ചര്യത്തോടെയും സംശയത്തോടെയും നോക്കുന്നവരാകും മിക്കപ്പോഴും ചുറ്റിലും. ആ നോട്ടങ്ങള്‍ അസഹ്യമാണെങ്കിലും സഹിക്കാതെ വയ്യ.
ബാറിന്റെ വാതില്‍ തള്ളി തുറന്ന് കയറുമ്പോള്‍ ചിരിയുമായി വെയിറ്റര്‍ സ്വാഗതം ചെയ്തു. അടിക്കടി വരുന്നതുകൊണ്ടുതന്നെ വെയിറ്റര്‍മാര്‍ക്കെല്ലാം അവള്‍ പരിചിതയാണ്. തിരക്ക് തീരെയില്ല. അങ്ങിങ് ഒഴിഞ്ഞ ടേബിളുകളും കസേരകളും. ചുറ്റുമൊന്ന് കണ്ണോടിച്ച അവളുടെ കണ്ണുകള്‍ ഒറ്റക്കിരുന്ന് മദ്യപിക്കുന്ന മധ്യവയസ്‌ക്കനിലവസാനിച്ചു. പകുതി നിറഞ്ഞ ഗ്ലാസിലെ ഐസ് ക്യൂബുകള്‍ ബാറിലെ അരണ്ടവെളിച്ചം പ്രതിഫലിക്കുന്നുണ്ട്. അയഞ്ഞ വസ്ത്രം ധരിച്ച അയാളുടെ കാലന്‍ കുട കസേരയുടെ പിന്‍ഭാഗത്ത് ഞാത്തിയിട്ടിരിക്കുന്നു. കണ്ണുകളടച്ച് ഏതോ ലോകത്തെന്നപോലെ ലഹരി ആസ്വദിക്കുകയാണ് അയാള്‍.
'ബുദ്ധിമുട്ടില്ലെങ്കില്‍ ഞാനിവിടെ ഇരുന്നോട്ടെ...'
മെല്ലെ കണ്ണുതുറന്ന് അയാള്‍ അവളെ നോക്കി. ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം തന്നോടാണോയെന്ന ഭാവത്തിൽ അയാള്‍ നെറ്റി ചുളിച്ചു
'ബുദ്ധിമുട്ടില്ലെങ്കില്‍....' അവള്‍ വീണ്ടും
'യെസ...വൈ നോട്ട്...'
തൊട്ടടുത്ത കസേരയിലുരുന്ന തന്റെ ബാഗ് എടുത്ത് മാറ്റി അയാള്‍ സൗകര്യമൊരുക്കി.
പരസ്പരം നോക്കി ഇരുവരും ഒന്നു ചിരിച്ചു. അയാള്‍ പിന്നെയും തന്റെ ഗ്ലാസിലെ പാതി വിസ്‌ക്കിയുടെ ലഹരിയിലേക്ക് മടങ്ങി. വീണ്ടുമൊരു സിപ്പെടുത്ത് കണ്ണുകളടച്ച് കസേരയില്‍ പിന്നിലേക്ക് ചാഞ്ഞിരുന്നു. വലതുകയ്യിലെ വിരലുകള്‍ക്കിടയില്‍ ഒരു സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്നു. അവള്‍ അയാളെ തന്നെ നോക്കിയിരുന്നു.
ബാറിലെ സംഗീതത്തില്‍ ലയിച്ച് തലയാട്ടിയിരിക്കുകയാണ് അയാള്‍. കസേരകയ്യിലിരുന്ന് വിരലുകള്‍ താളം പിടിക്കുന്നു. പാനപാത്രത്തിലെ വിസ്‌ക്കിയേക്കാള്‍ കാതിലേക്കൊഴുകിയത്തുന്ന സംഗീതത്തിന്റെ ലഹരിയാണ് അയാളെ കൂടുതല്‍ ഉന്‍മത്തനാക്കുന്നതെന്ന് അവള്‍ക്ക് തോന്നി. പ്രായം 60 നോട് അടുത്തെത്തിയിരിക്കണം. അലസമായി മുഖത്തേക്ക് പാറികിടക്കുന്ന നരകയറിയ മുടിയിഴകള്‍. വെള്ളകയറിയ മീശയും താടിയുമെല്ലാം ഭംഗിയായി തന്നെ വെട്ടിയൊതുക്കിയിരിക്കുന്നു. മുഖത്ത് പ്രായത്തിന്റെ അടയാളപ്പെടുത്തലുണ്ടെങ്കിലും സൗന്ദര്യത്തിന് കുറവൊന്നുമില്ല. ഷര്‍ട്ടിന്റെ നീല നിറത്തിനനുസരിച്ച് കരയുള്ള വെളുത്തമുണ്ട്.
'യെസ് മേം...'
പെട്ടെന്ന് വെയിറ്ററുടെ ശബ്ദം കേട്ട് അവള്‍ അയാളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു.
ഓർഡര്‍ എടുക്കാന്‍ വന്ന വെയിറ്ററാണ്. പതിവ് പോലെ മാജിക്ക് മൊമെന്റ് ഓർഡര്‍ ചെയ്തു. ഓറഞ്ച് ഫ്ലേവര്‍.
വെയിറ്റര്‍ പോയ ഉടനെ അവള്‍ വീണ്ടും ചുറ്റുമൊന്ന് നോക്കി. ആരെങ്കിലും കണ്ടുകാണുമോ താന്‍ അയാളെ തന്നെ നോക്കിയിരുന്നത് എന്നായി അവളുടെ ചിന്ത.
'എന്താണ് പേര്...' സിഗരറ്റ് പുകയെടുത്ത് വശത്തേക്ക് നീട്ടിയുതി അയാള്‍ ചോദിച്ചു.
'ങേ..ആ...'
പെട്ടെന്നുള്ള ചോദ്യത്തില്‍ അവള്‍ ഒന്നു പകച്ചു.
ചിരിച്ചുകൊണ്ട് അയാള്‍ അവളെ തന്നെ നോക്കിയിരിക്കുന്നു.
മുഖത്ത് ഒരു ചിരിവരുത്തിക്കൊണ്ട് അവള്‍ പേര് പറഞ്ഞു.
'ഇവിടെ ഒറ്റക്ക് സ്ത്രീകള്‍ വന്നുകണ്ടിട്ടില്ല. അതാണ് എല്ലാവരും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് നോക്കുന്നത്. പരിഭ്രമിക്കേണ്ട. മദ്യപാനികള്‍ എല്ലാവരും മോശമൊന്നുമല്ലാട്ടോ...' അയാള്‍ പൊട്ടിച്ചിരിച്ചു.
'ഇടയ്ക്ക് വരാറുണ്ട്, ഒറ്റക്ക് തന്നെ'
അവള്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കി
'അതുശരി. ഗുഡ്. സമൂഹത്തില്‍ പുരുഷന്‍മാർക്ക് മാത്രമല്ല ഒറ്റക്ക് ബാറില്‍ വരാന്‍ സാധിക്കേണ്ടത്. എല്ലാവര്‍ക്കും സാധിക്കണം. അതും തുല്യതയാണ്.'
അയാൾ തുടരുന്നതിനിടെ വെയിറ്റര്‍ അവള്‍ക്കുള്ള വോഡ്ക്കയുമായെത്തി.
ചിരിച്ചുകൊണ്ട് അവള്‍ അയാള്‍ക്കുനേരെ ഗ്ലാസ് നീട്ടി ചിയേഴ്സ്സ് പറഞ്ഞു.
ഒരു സിപ്പ് എടുത്തശേഷം അവള്‍ സംസാരമാരംഭിച്ചു.
അയാള്‍ സ്വയം പരിചയപ്പെടുത്തി.
ചെന്നൈയിലാണ് താമസം. അവിടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ നാട്ടില്‍ സഹോദരിയേയും മക്കളേയും കാണാന്‍ വരും. വരുമ്പോള്‍ ഒരിക്കലെങ്കിലും ഇവിടെ വന്ന് മദ്യപിക്കുന്നത് ഒരു ശീലമാണ്. വീട്ടില്‍ നിന്ന് മാറി, പരിചയക്കാരുടെ ശല്യമില്ലാതെ സ്വസ്ഥമായി ഇരിക്കാമെന്നത് കൊണ്ടാണ് നഗരത്തിലെ ബാറിലേക്ക് വരുന്നത്. ഇന്ന് തിരികെ മടങ്ങുകയാണ്.
വീണ്ടുമയാള്‍ സംഗീതത്തില്‍ ലയിച്ചെന്നപോലെ കസേരിയിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചിരുന്നു.
ഓരോ തവണയും അസുഖബാധിതയായ സഹോദരിയെ കണ്ട് മടങ്ങുന്നത് അയാള്‍ക്ക് വേദനയാണ്. പ്രായമാകുന്നുവെന്നതിനൊപ്പം സഹോദരിയുടെ ആരോഗ്യനിലയും മോശമായികൊണ്ടിരിക്കുകയാണ്. വിവാഹമോചിതനായ ശേഷം ഒറ്റക്ക് ദൂരെ നാട്ടില്‍ കഴിയുന്ന അയാളെ കുറിച്ചോര്‍ത്ത് സഹോദരിക്കും സങ്കടമാണ്.
'എന്തിനാ ഇനിയും മദിരാശിയില്‍ ഇങ്ങനെ ഒറ്റക്ക് കഴിയുന്നത്...ഇവിടെ വന്ന് നിന്നൂടെ നിനക്ക്...' പതിവ് പരിഭവം പറഞ്ഞാണ് ഇത്തവണയും സഹോദരി യാത്രയാക്കിയത്.
വിവാഹമോചിതനായതോടെയാണ് അയാള്‍ മദ്രാസിലേക്ക് തീവണ്ടികയറിയത്. എഗ്മോറിലെ ഒറ്റമുറി വാടകവീട്ടില്‍ ഒതുങ്ങിക്കൂടി. ഏകാന്തയില്‍ പുസ്തകങ്ങളും സംഗീതവുമായി തന്നിലേക്ക് മാത്രമായി ഒതുങ്ങി കഴിയുന്നതിനേക്കാള്‍ നല്ല ജീവിതം വേറെയില്ല. തെരുവിലെ ലക്ഷ്മി അക്കായുടെ ഇഡ്ഡലികടയില്‍ നിന്നുള്ള ഇഡ്ഡലിയും ദോശയും സബ് അര്‍ബന്‍ ട്രെയിനിലെ യാത്രയുമെല്ലാം അയാളുടെ ജീവിതത്തെ ഏറെക്കുറെ യാന്ത്രികമായി ചലിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ആല്‍ബര്‍ട്ട് തിയ്യേറ്ററില്‍ നിന്നും സിനിമ കാണുന്നത് മാത്രമായി എൻറ്റര്‍ടെയിന്‍മെന്റ്. 30 വര്‍ഷത്തോളമായി ഈ യാന്ത്രികജീവിതം. എന്തിനായിരുന്നു വിവാഹമോചനം.. അവളിപ്പോള്‍ എവിടെയായിരിക്കും. സുഖമായിരിക്കുന്നുണ്ടാവില്ലേ.. പുനര്‍വിവാഹിതയായ അവളുടെ മറ്റ് മക്കള്‍ക്കൊപ്പം തന്റെ പ്രിയപ്പെട്ട അമ്മാളുവും വളര്‍ന്ന് വലുതായിരിക്കും. അമ്മാളു ഒരുപക്ഷ വിവാഹിതയായിരിക്കുമോ... തൊട്ടരികില്‍ ഓരാള്‍ ഇരിക്കുന്നത് മറന്നെന്നപ്പോലെ അയാള്‍ സ്വയം തന്നിലേക്ക് ചുരുങ്ങി.
അയാളുടെ കണ്ണില്‍ നനവ് പടരുന്നത് ഇരുണ്ട വെളിച്ചത്തിലും അവള്‍ തെളിഞ്ഞു കണ്ടു.
കയ്യിലിരുന്ന സിഗരറ്റ് എരിഞ്ഞുതീര്‍ന്ന് വിരലുകള്‍ പൊള്ളിയപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.
അയാള്‍ അവളെ നോക്കി ചിരിച്ചു. ഓര്‍മകളിലേക്ക് പോയതിന് ക്ഷമ ചോദിക്കുന്നതുപോലെ. എന്തിനാണ് താനിപ്പോള്‍ ഇതെല്ലാം ഓര്‍ത്തതെന്ന് അയാള്‍ക്ക് മനസിലായില്ല.
മുംബൈയിലെ തിരക്കില്‍ നിന്ന് ഇടയ്ക്കിടെ വീട്ടിലെ കിണറ്റിലെ ശുദ്ധവെള്ളം കുടിക്കാനാണ് അവളെത്താറ് എന്ന് കേട്ടപ്പോള് അയാള്‍ക്ക് ചിരിക്കാതിരിക്കാനായില്ല. ശുദ്ധവെള്ളം ഈ ചില്ലുകുപ്പിയിലാണോയെന്ന് കളിയാക്കി ചോദിച്ചെങ്കിലും വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ തണുപ്പും രുചിയുമെല്ലാം അയാളുടെ ഓര്‍മകളേയും കുളിരണിയിക്കുന്നതായിരുന്നു. ഇപ്പോഴും നാട്ടിലെത്തുമ്പോള്‍ തറവാട്ട് മുറ്റത്തെ കിണറ്റില്‍ നിന്ന് വെള്ളം കോരി ബക്കറ്റോടെ തലവഴി ഒഴിച്ചുകുളിക്കുമ്പോള്‍ കിട്ടുന്ന സുഖം. അതൊരിക്കലും മറ്റെവിടെനിന്നും അനുഭവിച്ചിട്ടില്ലെന്ന് അയാള്‍ ഓര്‍ത്തു. മദ്രാസിലെ വെള്ളത്തിലെ കുളി ശരീരത്തെ മാത്രമല്ല മനസിനേയും വരണ്ടുണക്കിയതോര്‍ത്താവണം അയാള്‍ കൈകളില്‍ തലോടി.
കിണറ്റിലെ വെളളത്തിൻറ്റെ തെളിമയ്ക്കപ്പുറം അടിക്കടിക്കുള്ള നാട്ടിലേക്കുള്ള പറക്കലുകള്‍ക്ക് പിന്നില്‍ ആരോടും അധികം പങ്കുവെച്ചിട്ടില്ലാത്ത കാരണവും അവള്‍ക്കുണ്ട്. എന്നോ മുറിഞ്ഞുപോയ വേരുകള്‍ തേടിയുള്ളതുകൂടിയാണ് പലപ്പോഴും ആ മടക്കയാത്രകള്‍.
വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളുമെല്ലാം കടന്ന് സംസാരം സംഗീതത്തിലും പുസ്തകങ്ങളിലും സിനിമയിലുമെല്ലാം എത്തിനിന്നു. ഇടയ്ക്ക് ഉച്ചത്തിലായ അവരുടെ ചിരികേട്ട് മറ്റുള്ളവര്‍ അവരെ തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നതൊന്നും അവരറിഞ്ഞില്ല. അവളുടെ മൊബൈൽ ചിലച്ചപ്പോളാണ് സമയം ഏറെ ആയത് അവർ ശ്രദ്ധിച്ചത്.
അയാള്‍ തിരിഞ്ഞ് വെയിറ്ററിന് നേരെ കൈവീശി.
വാഷ് റൂമില്‍ പോയി വരാമെന്ന് പറഞ്ഞ് അയാള്‍ എണീറ്റപ്പോള്‍ അവള്‍ തിടുക്കത്തില്‍ കയ്യിലിരുന്ന ഡ്രിങ്ക്‌സ് തീര്‍ത്തു. വെയിറ്റര്‍ ഇരുവരുടേയും ബില്ലുമായെത്തി. അവള്‍ പേഴ്‌സില്‍ നിന്ന് പൈസയെടുത്ത് നല്‍കി.
''ചെയ്ഞ്ച് വെച്ചുകൊള്ളു..''
വെയിറ്ററോട് അവള്‍ പറഞ്ഞു.
വെയിറ്റര്‍ അവളെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു.
വെയിറ്റർ കൗണ്ടറിൽ ബിൽ സെറ്റിൽ ചെയ്തുകൊണ്ടിരിക്കുന്നതിനിടെ അവൾ ബാഗുമെടുത്ത് എണീറ്റു.
''ഇത് അയാള്‍ വരുമ്പോള്‍ കൊടുക്കണം.''
മടക്കിയ ഒരു പേപ്പര്‍ വെയിറ്ററിന് നേരെ നീട്ടി അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി.
വാഷ് റൂമില്‍ നിന്ന് മടങ്ങിയെത്തിയ അയാള്‍ക്ക് നേരെ വെയിറ്റര്‍ പേപ്പര്‍ നീട്ടി.
''മാഡം തരാന്‍ ഏല്‍പ്പിച്ചതാണ്''
നെറ്റി ചുളിച്ച് പേപ്പര്‍ വാങ്ങിയ അയാള്‍ അവളെ തിരഞ്ഞു
ബില്‍ അടയ്ക്കാന്‍ പഴ്‌സ് എടുത്ത അയാളോട് ബില്‍ പേ ചെയ്‌തെന്നും പറഞ്ഞ് വെയിറ്റര്‍ മടങ്ങി
അയാള്‍ ബാറിന്റെ വാതില്‍ തുറന്ന് പുറത്ത് വന്ന് നോക്കിയെങ്കിലും അവൾ പോയിക്കഴിഞ്ഞിരുന്നു. തിരികെ ടേബിളിലേക്ക് നടക്കുന്നതിനിടെ അയാള്‍ കയ്യിലെ പേപ്പര്‍ തുറന്നുനോക്കി.
മനോഹരമായ കൈപ്പടയില്‍ നാലുവരി മാത്രം.
'ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ ഒടുവില്‍ ഞാന്‍ അച്ചനെ കണ്ടു, സംസാരിച്ചു. ഇനിയും മുറിഞ്ഞുപോയ വേരു തേടി വരില്ല.
എന്ന് അച്ചന്റെ സ്വന്തം അമ്മാളു..'
അയാളുടെ കയ്യിലിരുന്ന് ആ പേപ്പര്‍ വിറച്ചു. കണ്ണീര്‍ ആ പേപ്പറിലെ അക്ഷരങ്ങളെ നനച്ചു.
പുറത്തിറങ്ങിയ അവള്‍ ആദ്യം കണ്ട ഓട്ടോയില്‍ കയറി യാത്രയായി. കണ്ണുകള്‍ ഇറുക്കനെ അടച്ച് സീറ്റില്‍ ചാരിക്കിടന്നു.....
Enthu konda sanu murinja verukal thedi ini varillenu ayalodu aval paranjathu? Athum Oru paper iloode ...??
ReplyDeleteകോട മഞ്ഞിൻ അവ്യക്ത മണ്ടലത്തിൽ സ്വത്വം തേടുന്ന ജീവനുകൾ.. മഞ്ഞിനോടൊപ്പം അലിഞ്ഞലിഞ്ഞങ്ങിനെ...
ReplyDelete