Sunday, 31 May 2020

സി എല്‍ എന്ന ഞങ്ങളുടെ തോമസേട്ടന്‍...

2006 നവംബര്‍ 8. 
പുളിയറക്കോണത്തെ ഏഷ്യാനെറ്റ് ന്യൂസ് ഡസ്‌ക്ക്്.  
പുതിയ ട്രെയിനി ബാച്ച് ജോയിന്‍ചെയ്ത ശേഷം എക്‌സിക്യൂട്ടീവ് എഡിറ്ററെ പരിചയപ്പെടുത്താന്‍ എച്ച് ആര്‍ കൊണ്ടുപോയി. 
എല്ലാവരേയും ചിരിച്ചുകൊണ്ട് വരവേറ്റു.
എന്തുതോന്നി ടെസ്റ്റും ഇന്റര്‍വ്യൂവുമൊക്കെ കഴിഞ്ഞപ്പോള്‍. കിട്ടും എന്ന് കരുതിയോ എന്ന് ചോദ്യം.
എല്ലാവരും ചിരിക്കുന്നു.
കിട്ടിയതിന്‍രെ ആശ്വാസത്തിലെ ചിരി
നഷ്ടപ്പെടുന്നതിന്റെ അവസാന നിമിഷം വരെ പ്രതീക്ഷിക്കാമല്ലോ എന്ന് ഒരാള്‍ 
പൊട്ടിചിരിച്ച എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഓരോരുത്തരുടേയും പേരു ചോദിച്ച് പരിചയപ്പെട്ടു. എല്ലാവര്‍ക്കും ചായവരുത്തിച്ചു. 
....

ആഴ്ച്ചകള്‍ക്ക് മുമ്പ് മാത്രം ജോലിക്ക് ജോയിന്‍ ചെയ്ത ഒരു ട്രെയിനി. ഒരു വാര്‍ത്തയുടെ ബൈറ്റുകള്‍ (പ്രസംഗത്തിന്റെ ചെറിയ ഭാഗം) കട്ട്‌ചെയ്യാന്‍ സീനിയറിനൊപ്പം അസിസ്റ്റന്റായി നിയോഗിക്കപ്പെടുന്നു. കാര്യങ്ങള്‍ പഠിക്കാനാണ് ഇങ്ങനെ അസിസ്റ്റന്റായി ഡ്യൂട്ടി അസൈന്‍ ചെയ്യുന്നത്. 
ഏഷ്യാനെറ്റ് അവാര്‍ഡ് പ്രഖ്യാപനത്തിന്റെ വാര്‍ത്തയാണ് കട്ട് ചെയ്ത് വാര്‍ത്തയിലേക്ക് നല്‍കേണ്ടത്. സാധാരണഗതിയില്‍ ബൈറ്റ് എന്നതിന്റെ ദൈര്‍ഘ്യം 30 മുതല്‍ അത്രയും പ്രാധാന്യമേറിയതാണെങ്കിള്‍ 45 സെക്കന്റ് വരെ. ഏഷ്യാനെറ്റില്‍ അന്നും ഇന്നും സ്റ്റോറിയുടെ ലെങ്ത്തിന് കൃത്യമായ കണക്കുണ്ട്. ഒരു മിനുട്ടില്‍ കൂടരുത് വാര്‍ത്തകള്‍. ആ അറിവില്‍ ബൈറ്റ് കട്ട് ചെയ്തുവെച്ചു. മികച്ച നടന്‍, മികച്ച നടി, സിനിമ, സംവിധായകന്‍.... അങ്ങനെയങ്ങനെ പ്രധാനപ്പെട്ട അവാര്‍ഡുകളെല്ലാം .....
വാര്‍ത്തയുടെ സമയവും അതിലെ മറ്റ് വാര്‍ത്തകളുമെല്ലാം കണക്കുകൂട്ടിയായിരുന്നു ബൈറ്റ് കട്ട് ചെയ്ത് വെച്ചത്. എഡിറ്റിങ് പഠിച്ച ആവേശത്തില്‍ ട്രെയിനി തന്നെയായിരുന്നു ബൈറ്റ് ഒക്കെ കട്ട് ചെയ്തത്. 30 സെക്കന്‍്‌റ് വരെ ടൈമറ് വെച്ച് മുറിച്ചത് പോലെ ബൈറ്റ് കട്ട് ചെയ്ത് വെച്ചപ്പോള്‍ പലതും വിട്ടുപോയി. അപ്രധാനഅവാര്ഡുകള്‍ അല്ലെയെന്ന ധാരണയില്‍ എന്നുവേണമെങ്കില്‍ പറയാം. 
അടുത്ത വാര്‍ത്താബുള്ളറ്റിനില്‍ ബൈറ്റുകള്‍ പോയി. ആദ്യമായി സ്വതന്ത്ര എഡിറ്ററായി പ്രവര്‍ത്തിച്ച സന്തോഷത്തിലും അഭിമാനത്തിലും ഇങ്ങനെ ഇരിക്കുമ്പോളാണ് സീനിയറിനേയും സഹായിയേയും അന്വേഷിച്ച് ക്‌സിക്യൂട്ടീവ് എഡിറ്ററുടെ ഫോണ്‍ കോള്‍ ഡസ്‌ക്കിലേക്ക് വരുന്നത്. പണി പാളിയതാണോയെന്ന് സീനിയറുടെ മുഖത്ത് ആശങ്ക. ട്രെയിനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. 
നേരെ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ മുറിയിലെത്തി. 
"ആ വാര്‍ത്ത പോയല്ലോ അല്ലേ."
 തന്റെ ഇടത് വശത്തിരിക്കുന്ന കംപ്യൂട്ടറില്‍ നിന്ന് കണ്ണെടുക്കാതെ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ ചോദ്യം.
"പോയി സാര്‍"
"എങ്ങനെയാ പോയെ"
"ബൈറ്റായിട്ട്"
"ഉം.... "നീട്ടിയൊരുമൂളല്‍... പിന്നാലെ കംപ്യൂട്ടറില്‍ നിന്ന് കണ്ണെടുത്ത് നേരെ നോക്കിയപ്പോള്‍ അതിരൂക്ഷമായ ഭാവമായിരുന്നു ആ മുഖത്ത്
നൈസായിട്ട് പണി പാളി എന്ന് ട്രെയിനിക്കും മനസിലായി
ഇ"ങ്ങനെയാണോടാ ബൈറ്റ് കട്ട് ചെയ്യുന്നത്? ആരാടാ നിന്നെ ഒക്കെ വാര്‍ത്ത കൊടുക്കാന്‍ പഠിപ്പിച്ചത്?"
പിന്നെ ശബ്ദം ഉച്ചത്തിലായിതുടങ്ങി. 
"ആരാ ബൈറ്റ് കട്ട് ചെയ്‌തേ" 
"ഞാനാണ് സാര്‍..."ട്രൈയിനി
"അപ്പൊ നീയെവിടായിരുന്നു.." സീനിയറിനോടാണ്
"ഞാന്‍  പ്രൊഡക്ഷന്‍ ഉണ്ടായിരുന്നത്‌കൊണ്ട് പിസിആറിലേക്ക് പോയിരുന്നു" 
"ബെറ്റില്‍ മുഴുവന്‍ വിവരമില്ലല്ലോ അതില്ലാതെയാണോ വാര്‍ത്ത കൊടുക്കുന്നത്. എന്തിനാ നീയൊക്കെ ഇങ്ങോട്ട് വരുന്നത് ഇത്രയും നാളായിട്ടും ഇതൊന്നും പഠിച്ചില്ലെ", എന്ന് തുടങ്ങി നിരവധി ചീത്ത. ചെവിപൊട്ടുന്ന ചീത്ത തന്നെ.
ശീതികരിച്ച ആ മുറിയിലിരുന്ന് ട്രെയിനി നന്നായി വിയര്‍ത്തൊഴുകി. 
ബൈറ്റിന്റെ ഡ്യൂറേഷന്‍...വാര്‍ത്തയുടെ സമയം എന്നൊക്കെ പറഞ്ഞ് മറുപടി നല്‍കാന്‍ ശ്രമിച്ചതോടെ ചീത്തയുടെ തോതും കൂടി. ശബ്ദവും ഉയര്‍ന്നു. 
മുറിക്ക് പുറത്ത് വേഗത്തില്‍ നടന്നടുക്കുന്ന കാല്‍പാടുകള്‍ നിശബ്ദമാകുന്നത് അറിയുന്നുണ്ടായിരുന്നു. 15 മിനിട്ടുകൊണ്ട് പൊരിച്ചെടുത്തു എക്‌സിക്യൂട്ടീവ് എഡിറ്റര്‍. 

ആ മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വിയര്‍ത്ത അത്രയുമൊന്നും പിന്നീടൊരിക്കലും ആ ട്രയിനി വിയര്‍ത്തുകാണില്ല.കരച്ചിലിന്റെ വക്കോളമെത്തിയ മുഖവുമായി ഡെസ്‌ക്കിലേക്ക് തിരിച്ചെത്തുമ്പോള്‍ ദയനീയമായി കയ്യില്‍ പാതി തുറന്ന വെള്ളകുപ്പിയുമായി നില്‍ക്കുന്ന സഹപ്രവര്‍ത്തക ആശ്വസിപ്പിക്കാനായി അടുത്തുകൂടി. 
ഫീഡ് റൂമില്‍ മുഖംവീര്‍പ്പിച്ചിരുന്ന ആഴ്ച്ചകള്‍ മാത്രം പരിചയമുള്ള ട്രെയിനിയെ ആശ്വസിപ്പിക്കാന്‍ പലരും വന്നു. അത്രമാത്രം ഉണ്ടായിരുന്നു അന്ന് ആ ന്യൂസ് റൂമിലെ ബന്ധങ്ങള്‍. 

10 മിനുട്ട് കഴിഞ്ഞപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡസ്‌ക്കിലേക്ക് വന്നു. എല്ലാവരും എഴുന്നേറ്റ് ഇനി ആര്‍ക്കാണാവോ അടുത്തത് എന്ന ആശങ്കയോടെ നോക്കി. 
അടുത്തബുള്ളറ്റിന് എല്ലാം റെഡിയല്ലേ എന്ന് ഗൗരവം വിടാതെ ചോദിച്ചു. അവാര്‍ഡിന്റെ വാര്‍ത്ത കുറച്ചുകൂടി പ്രാധാന്യത്തോടെ നല്‍കാന്‍ നിര്‍ദേശിച്ചു. 
'"നീ ഭക്ഷണം കഴിച്ച"
ചോദ്യം ട്രെയിനിയോടാണ്
'"ഉവ്വ്''
"'ആ...നീ വന്നേ... '" 
അതും പറഞ്ഞ് എഡിറ്റര്‍ തിരിഞ്ഞുനടന്നു
ഈശ്വരാ വീണ്ടും തെറിവിളിക്കാനാണോ... എല്ലാവരുടെ മുഖത്തും വീണ്ടും ആശങ്ക. 
മിണ്ടാതെ പിന്നാലെ നടന്നു. മുറിയിലേക്കാണോ...അല്ല പുറത്തേക്കാണ്.
ഓഫീസിന്റെ മതില്‍കെട്ടും കടന്ന് ക്യാന്റീന്റെ ഭാാഗത്തേക്കാണ്. അവിടത്തെ പെട്ടികടയിലേക്ക്. 
നീ സിഗരറ്റ് വലിക്കുമോ
ഇല്ല് പേടിമാറാതെ മറുപടി
തീരെ വലിക്കില്ല എന്നാണോ അതോ എന്റെ കൂടെ വലിക്കില്ല എന്നാണോ
അല്ല സാര്‍ ഞാന്‍ തീരെ വലിക്കാറില്ല
വീണ്ടും നീട്ടി ഒരു മൂളല്‍
എന്നിട്ട് രണ്ട് കടലമിഠായി എടുത്ത് തന്നു.
"മദ്യപിക്കുമോ"
"ഇല്ല"
"അതും ഇല്ലേ...?" 
ആശ്ചര്യത്തോടെ കണ്ണ് തള്ളിയുള്ള നോട്ടം 
"അപ്പൊ നല്ല ശീലങ്ങളൊന്നുമില്ല അല്ലേ...നീന്നെയീപണിക്ക് കൊള്ളില്ല...."

പിന്നെ സിഗരറ്റിന്റെ കറ വീണ പല്ലുകള്‍ കാണിച്ച് ഒരു പൊട്ടിച്ചിരിയായിരുന്നു
അതുവരെ മനസില്‍കെട്ടികിടന്ന പേടിയും ദേഷ്യവും സങ്കടവുമെല്ലാം ആ പൊട്ടിച്ചിരിയില്ലാതാക്കി
 

"ചീത്ത പറഞ്ഞതൊന്നും കാര്യമാക്കണ്ട. അതൊക്കെ ഈ ജോലിയുടെ ഭാഗമാണ്. ഇനിയും കുറേ കേള്‍ക്കും. പിന്നെ നമ്മുടെ അവാര്‍ഡിന്റെ വാര്‍ത്ത
നമ്മളല്ലാതെ മറ്റ് ചാനലുകാര്‍ കൊടുക്കില്ലല്ലോ.."
 
പിന്നെ പുകച്ചുകൊണ്ട് കുറേ സംസാരിച്ചു. വെറും ഒരു സിഗരറ്റല്ല, ആതൊരു മാലപോലെ കൊരുത്തു വലിക്കുന്ന ആ എക്‌സിക്യൂട്ടീവ് എഡിറ്റര്‍. 

സാര്‍ എന്ന അഭിസംബോധന അധികം കഴിയുമ്പോഴേക്കും ഏട്ടാ എന്ന വിളിയിലേക്ക് അതിവേഗത്തില്‍ ഓടിയെത്തി. 

അങ്ങനെയായിരുന്നു തോമസേട്ടന്‍. വാര്‍ത്തയില്‍ തെറ്റുവരുത്തിയാല്‍ നന്നായി ചീത്തപറഞ്ഞും അതുകഴിഞ്ഞാല്‍ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചും.

വര്‍ഷം 14 കഴിഞ്ഞിരിക്കുന്നു. ഇതിനിടെ എക്‌സിക്യൂട്ടീവ് എഡിറ്ററിനെ സാറേ എന്ന് വിളിച്ചിട്ടുള്ളത് അപൂര്‍വ്വസന്ദര്‍ഭങ്ങളില്‍ മാത്രമാണ്. ആ സന്ദര്‍ഭങ്ങള്‍ എന്നുപറയുന്നത് ചീത്തപറഞ്ഞതിലെ പിണക്കമോ പരിഭവമോ ഉണ്ടെന്ന് കാണിക്കാന്‍മാത്രമാണ്. അത് മൂപ്പര്‍ക്കും അറിയാം.

സി എല്‍ തോമസ് എന്നാണ് ആ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ പേര്. ട്രെയിനി ഞാനും. പിന്നീട് മീഡിയ വണില്‍ എന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്നു തോമസേട്ടന്‍. 

വയനാട് ബ്യൂറോയില്‍ നിന്നും സ്ഥിരം ഭൂപ്രശ്‌നങ്ങള്‍ക്കപ്പുറം കേരളത്തെ ഞെട്ടിപ്പിക്കാവുന്ന വാര്‍ത്തകള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു എന്നെ അങ്ങോട്ട് അയച്ചത്. പിഎസ് സിയിലെ വ്യാജ നിയമനം സംബന്ധിച്ച വാര്‍ത്ത ഒരു മാസത്തിലേറെക്കാലം ചാനലുകളിലെ തലക്കെട്ടായപ്പോള്‍ അഭിനന്ദമറിയിക്കാന്‍ പാതിരാത്രിയില്‍ വരെ വിളിച്ചിട്ടുണ്ട് തോമസേട്ടന്‍. പിന്നെ വയനാട്ടിലെ ഒരു മലതുരന്ന് മട്ടിമണലെടുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി ചെയ്ത് അയച്ചപ്പോള്‍ അത് നീ ഇനിയും നന്നാക്കാനുണ്ട് എന്ന് പറഞ്ഞ് മടക്കിയയച്ചു. പിന്നെ ഓരോ ആഴ്ച്ചയും അതെന്തായി എന്ന് നിരന്തരം ചോദിച്ചു വിളിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ആഴ്ച്ചകള്‍ എടുത്ത് ഞാനാ വാര്‍ത്ത പലകുറി തിരുത്തിചെയ്തപ്പോളാണ് തോമസേട്ടന് തൃപ്തിയായത്. ലോക്ഡൗണിന് മുമ്പ് കണ്ടപ്പോഴും തോമസേട്ടന്‍ എന്റെ ഏറ്റവും നല്ല വാര്‍ത്തയായി ചൂണ്ടിക്കാണിച്ചതും അതാണ്. പക്ഷെ  എന്റെ കണ്‍മുന്നില്‍ ഒരു മലയില്ലാതായി എന്ന് പരാതി അപ്പോഴും ഇരുവര്‍ക്കും ബാക്കി

ഇന്നലെ നാല് പതിറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിന് വിരമാമമിട്ട് വിരമിച്ചു. വിശ്വസിക്കാനാവുന്നില്ല. തോമസേട്ടനില്ലാത്ത ന്യൂസ് റൂമുകളെ കുറിച്ച് ചിന്തിക്കാനാവുന്നില്ല. മാറുന്നകാലത്ത് മാറ്റമില്ലാത്ത നിലപാടുകളുള്ള എഡിറ്റര്‍മാര് വേണം. 
വിശ്രമിജീവിതം ആശംസിക്കുമ്പോളും ചെറിയ സങ്കടം. എത്രനാള്‍ തോമസേട്ടാ വാര്‍ത്താമുറിയില്‍ നിന്ന് നിങ്ങള്‍ക്ക് മാറിനില്‍ക്കാനാവും

"വാര്‍ത്തയുടെ കാര്യത്തില്‍ ഒരുതരത്തിലും വിട്ടുവീഴ്ച്ചയും വരുത്തരുത്. ഏറ്റവും പ്രിയപ്പെട്ടവരായാലും വീഴ്ച്ചവരുത്തിയാല്‍ ഭീകരമായി തന്നെ പ്രതികരിക്കണം. കാരണം വാര്‍ത്തയെന്നത് നിമിഷനേരം കൊണ്ട് മാറുന്ന ഒന്നാണ്. മാറുന്നതിന് മുമ്പേ അത് ജനത്തെ അറിയിക്കണം. അത് നന്നായി തന്നെ അവതരിപ്പിക്കുകയും വേണം. അതാണ് നമ്മുടെ ഉത്തരവാദിത്വം. "

തോമസേട്ടന്‍ അന്ന് പുളിയറക്കോണത്തെ പെട്ടികടയുടെ അരികില്‍ മാറ്റിനിര്‍ത്ത് നല്‍കിയ ഉപദേശം ഇന്നും സൂക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും ഒരുപക്ഷെ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ സ്വയം നവീകരിക്കാന്‍ എന്നെ സഹായിക്കുന്നതും ഈ വാക്കുകളാണ്.

എന്നെ നന്നായറിഞ്ഞ, മനസിലാക്കിയിട്ടുള്ള, ഒപ്പം നിര്‍ത്തിയിട്ടുള്ള മറ്റൊരാള്‍  മാധ്യമപ്രവര്‍ത്തനരംഗത്ത് ഉണ്ടെന്ന് തോന്നുന്നില്ല.
ബോസ് ആയിരുന്നില്ല, മേധാവിയുമായിരുന്നില്ല, ഗുരുവും വഴികാട്ടിയുമായിരുന്നു തോമസേട്ടന്‍. 
താമസേട്ടന്‍ സ്‌ക്കൂള്‍ ഓഫ് ജേണലിസത്തിലെ വിദ്യാര്‍ത്ഥികള്‍ ആണെന്ന് പറയാന്‍ ആണ് ഏറെയിഷ്ടം. 



Saturday, 30 May 2020

আনন্দ শহর ... (ആനന്ദനഗരം) - തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 4)


കൊല്‍ക്കത്തയിലെ അവസാന ദിനം. 
സരസ്വതി പൂജയാണ് ബംഗാളില്‍ അന്ന്. അവധി ദിവസം.
രാവിലെ തന്നെ സുഹൃത്തായ സന്ദീപ സര്‍ക്കാര്‍ എത്തി. കൊല്‍ക്കത്തയിലെ 24 ഘണ്ട ടിവി റിപ്പോര്‍ട്ടര്‍ ആണ് സന്ദീപ് ദാ. നഗരം കാണിക്കാനുള്ള വരവാണ്. ഓഫീസ് കാറില്‍ ഷൂട്ടിനിടെയാണ്  ഞങ്ങളെ കൊല്‍ക്കത്ത ചുറ്റിക്കാണിക്കാന്‍ സന്ദീപ് ദാ എത്തിയത്. നേരെ വിക്ടോറിയ മെമ്മോറിയലിലേക്ക്‌. നിറയെ ആളുകള്‍. എല്ലാവരും കോളേജ് വിദ്യാര്‍ത്ഥികള്‍. കമിതാക്കളാണ്. സരസ്വതി പൂജക്ക് ഇറങ്ങിയതാണ് എല്ലാവരുമെന്ന് സന്ദീപ് ദായുടെ നോട്ടി കമന്റ്.
Sketch Sanub Sasidharan

ഞങ്ങളെ അകത്ത് കയറ്റിയശേഷം സന്ദീപ് ദാ ഷൂട്ടിന് പോയി. തിരിച്ചുവരുമ്പോഴേക്കും ചുറ്റിക്കാണണം. വിക്ടോറിയ മെമ്മോറിയല്‍. 1900 ത്തിന്റെ തുടക്കത്തില്‍ വിക്ടോറിയ രാജ്ഞിയുടെ ഓര്‍മയ്ക്കായി പണിത കൊല്‍ക്കത്തിയിലെ ഏറ്റവും വലിയ മാര്ബിള്‍ സമുച്ചയം. ഹൂഗ്ലി നദിയുടെ തീരത്തെ ഈ കൊട്ടാരസദൃശ്യമായ സമുച്ചയമിന്ന് ഒരു മ്യൂസിയമാണ്. വിക്ടോറിയയുടെ പ്രതിമയും മാതൃത്വത്തിന്റെ ശില്‍പവുമെല്ലാം ഈ വെണ്ണക്കല്‍ കൊട്ടാരത്തിന് അഴക് പകരുന്നു. മണിക്കൂറുകളോളം കെട്ടിടത്തിന് ചുറ്റുമുള്ള പൂന്തോട്ടത്തില്‍ കറങ്ങി നടന്നു. സനോജ് ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. ഫ്രെയിം എങ്ങോട്ട് വെച്ചാലും പക്ഷെ പ്രശ്‌നമാണ്. എല്ലായിടത്തും തങ്ങളുടെ സ്വന്തം ലോകം സൃഷ്ടിച്ച് അതില്‍ ഉല്ലസിക്കുന്ന പ്രണയിതാക്കള്‍. കൊല്‍ക്കത്ത സിറ്റി ഓഫ് ജോയ് ആണ് എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. ആരെയും ശല്യം ചെയ്യാതെ എല്ലാവരും സ്വന്തം കാര്യം നോക്കി നടന്നുപോകുന്നു.
കുറേ നേരം മരത്തണലിലും ജലാശയത്തിന്റെ തീരത്തുമെല്ലാം കറങ്ങി നടന്നു. അതിനിടെ വേഗത്തില്‍ ഷൂട്ട് തീര്‍ത്ത് സന്ദീപ് ദാ തിരിച്ചെത്തി. പിന്നെ കാറില്‍ കൊല്‍ക്കത്തയുടെ തിരക്കേറിയ പാതയിലൂടെ മുന്നോട്ട്. കാറില്‍ രബീന്ദ്രസംഗീതം ഉച്ചത്തില്‍ മുഴങ്ങുന്നു. രബീന്ദ്രസംഗീതം ഏതാണ്ട് ജീവവായുപോലെയാണ് ഇന്നും ബംഗാളികള്‍ക്ക്.  സെക്രട്ടേറിയറ്റ് കണ്ടശേഷം നേരെ പഴയ സെക്രട്ടേറിയറ്റ് മന്ദിരമായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലേക്ക്. 

നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ് റൈറ്റേഴ്‌സ് ബില്‍ഡിങ്. ചുവപ്പ് നിറമുള്ള റൈറ്റേഴ്‌സ് ബില്‍ഡിങ് പഴയകാല പ്രൗഡി വിളിച്ചോതി തലയുയര്‍ത്തി നില്‍ക്കുന്നു. ചുറ്റും അറ്റകുറ്റപണികളുടെ ഭാഗമായി നാട്ടിയ കമ്പുകളുടെ  വേലിക്കെട്ട്‌. പുറത്ത് പൊലീസും സുരക്ഷാഗാര്‍ഡുകളുമാണ്ട്. സന്ദീപ് ദാ തന്റെ ഓഫീസ് ഐഡി കാര്‍ഡ് കാണിച്ചു. ഞങ്ങളേയും പരിചയപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരാണെന്ന് അറിഞ്ഞപ്പോള്‍ അകത്ത് കയറിക്കൊള്ളാന്‍ അനുമതി തന്നു. അങ്ങനെ ബംഗാളിന്റെ ഭരണസിരാകേന്ദ്രമായിരുന്ന, ചരിത്രത്തിലെ പലമുഹൂര്‍ത്തങ്ങള്‍ക്കും സാക്്ഷ്യം വഹിച്ച റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലെ ഗോവണികള് കയറി മുകളിലേക്ക്. ആദ്യം സന്ദീപ് ദാ ഞങ്ങളെ കൊണ്ടുപോയത് വലിയ ഒരു ഹാളിലേക്കാണ്. അവിടെ വലതുവശത്തെ വലിയ വിസ്താരമുള്ള മുറിയിലേക്ക് കയറിയ സന്ദീപ് ദാ ഇരുകൈകളും നിവര്‍ത്തി പിടിച്ച്‌പറഞ്ഞു.

"ദാ ഇവിടെ ഇരുന്നാണ് നിങ്ങളുടെ പ്രിയ നേതാവ് ജ്യോതിബസു ബംഗാളിനെ ദീര്‍ഘകാലം നയിച്ചത്."

ആശ്ചര്യവും അത്ഭൂതവും സന്തോഷവുമെല്ലാം ഒരുമിച്ച് അനുഭവപ്പെട്ടു. ചരിത്രമെഴുതിയ നാലുചുവരുകള്‍ക്കുള്ളിലാണ് ആ നിമഷമെന്ന ചിന്ത. സനോജിന്റെ ക്യാമറ നിര്‍ത്താതെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു.

ആദ്യത്തെ അത്ഭുതത്തിന് പിന്നാലെ യാഥാര്‍ത്ഥ്യവും മനസിലേക്കോടിയെത്തി.

"അതെ ,ഇവിടെ ഇരുന്ന് തന്നെ സഖാവിന്റെ പിന്‍ഗാമി എടുത്ത തീരുമാനങ്ങളാണ് സിംഗൂരും നന്ദിഗ്രാമിനും വഴിവെച്ചത്. ഇടത്പക്ഷത്തിന്റെ പരാജയം കുറിച്ചിട്ടത്. ഈ മുറിയിലെ ഒപ്പുകളാണ അവയെന്നതും ചരിത്രത്തിന്റെ ഭാഗമല്ലേ"

തിരിച്ചുള്ള എന്റെ മറുപടികേട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലിയായ സന്ദീപ് ദാക്ക് ചിരിക്കാതിരിക്കാനായില്ല.

മുഖ്യമന്ത്രിമാരുടെ പേരുകള്‍ ആലേഖനം ചെയ്ത വലിയ മരത്തിന്റെ ബോര്‍ഡ് ആ ഭിത്തിയില്‍ ഇപ്പോഴും തുങ്ങിക്കിടക്കുന്നുണ്ട്. ബോര്‍ഡിലെ പൊടി തട്ടിമാറ്റിയപ്പോള്‍ ആ ചരിത്രപുരുഷന്റെ പേര് തെളിഞ്ഞുവന്നു. ബംഗാളിയിലെഴുതിയ സഖാവ് ജ്യോതി ബസുവിന്റെ നാമം. ചരിത്രപരമായ വിഢിത്തമെന്ന് ബസുതന്നെ വിശേഷിപ്പിച്ച പാര്‍ട്ടിയുടെ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെ അലങ്കരിച്ചവരുടെ പട്ടികയില്‍ ഇടം പിടിക്കേണ്ടിയിരുന്ന പേര്.

കുറച്ചുനേരം ബില്‍ഡിങ്ങില്‍ കറങ്ങി നടന്നു. ഇനി കൊല്‍ക്കത്തയുടെ ഭരണസിരാകേന്ദ്രമായി റൈറ്റേഴ്‌സ് ബില്‍ഡിങ് മടങ്ങിവരുമോയെന്നത് സംശയമാണ്. കമ്മ്യൂണിസ്റ്റുകളുടെ ഓര്‍മപേറുന്ന ആ കെട്ടിടത്തോട് മമതയ്ക്ക് വലിയ മമതയൊന്നുമില്ല. അതിനാല്‍ തന്നെ നവീകരണത്തിന് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രമായേക്കും റൈറ്റേഴ്‌സ് ബില്‍ഡിങ് ഇനി മേല്‍വിലാസമാവുക.

ഇന്ത്യയുടെ കായിക ഭൂപടത്തിലും കൊല്‍ക്കത്തയ്ക്ക് വലിയ സ്ഥാനമുണ്ട്. കടുത്ത ഫുട്‌ബോള്‍ ആരാധകനാണ് സന്ദീപ് ദാ. കേരളവും ബംഗാളും കായികരംഗത്തും ഒരുപോലെ കൊണ്ടും കൊടുത്തും വളര്‍ന്ന കഥകള്‍, സന്തോഷ്് ട്രോഫിയിലെ എണ്ണമറ്റ ഫൈനലുകള്‍, ബംഗാളിന് കേരളം സമ്മാനിച്ച കാല്‍പന്തിന്റെ രാജകുമാരന്‍മാര്‍....അങ്ങനെ എല്ലാം പലകുറി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഫുട്‌ബോളിന്റെ രാജാക്കന്‍മാരെ സൃഷ്ടിച്ചെടുത്ത ആ ക്ലബുകള്‍ കാണാതെ പോകരുതെന്ന് ദാദക്ക് നിര്‍ബന്ധമാണ്. 

ഈഡന്‍ ഗാര്‍ഡന്‍സിലേക്ക്. സ്റ്റേഡിയത്തിന് പുറത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിചൂടാമന്നന്‍മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തുവെച്ചിരിക്കുന്നു. സച്ചിനും കൊല്‍ക്കത്തയുടെ സ്വന്തം ദാദയും എല്ലാം..പക്ഷെ ഈഡന്‍ ഗാര്‍ഡന്‍സെന്നാല്‍ എന്റെ മനസിലെ മായാത്ത ഏകകാഴ്ച്ച ഗ്രൗണ്ടില്‍ നിന്ന് കളിപൂര്‍ത്തിയാക്കാതെ കയറിപോയ ഒരു താരത്തിന്റെ കണ്ണീരില്‍ കുതിര്‍ന്നതാണ്...1996 ലെ ലോകകപ്പ് സെമിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം നിര്‍ത്തിവെക്കുമ്പോള്‍ നിസഹായനായി കരഞ്ഞ്‌കൊണ്ട് മടങ്ങിയ വിനോദ് ഗണപത് കാംബ്ലിയെന്ന എന്റെ ഇഷ്ടതാരത്തിന്റേത്...
അകത്ത് കയറാമെന്ന സന്ദീപ് ദായുടെ ക്ഷണം എന്തോ സ്വീകരിക്കാന്‍ തോന്നിയില്ല. 

നേരെ ബംഗാളികളുടെ സ്വന്തം ഫുട്‌ബോള്‍ ടീമുകളുടെ മൈതാനികളിലേക്ക്. മുഹമ്മദന്‍സിന്റെ ആസ്ഥാനവും മോഹന്‍ ബഗാനിന്റെ ആസ്ഥാനവുമെല്ലാം കാറിലിരുന്നു കണ്ടു. ഇറങ്ങേണ്ട ഗ്രൗണ്ട് ഇതല്ലെന്നാണ് സന്ദീപ് ദായുടെ നിശ്ചയം. അത് ഏതാണെന്ന് എനിക്കുമറിയാം. അതിനാല്‍ തന്നെ ചോദിച്ചില്ല. ബംഗാളിന്റെ ഫുട്‌ബോള്‍ പൈതൃകവും തകര്‍ന്ന് പോയ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങിന്റെ നഷ്ടപ്രതാപവുമെല്ലാം നിരാശയോടെ പങ്കുവെച്ച് ഒടുവില്‍ അവിടെയെത്തി. ബംഗാളിന്റെ സ്വന്തം ക്ലബ് എന്ന് സന്ദീപ് ദാ അവകാശപ്പെടുന്ന ഈസ്റ്റ് ബംഗാളിന്റെ ആസ്ഥാനത്ത്. ഐം എം വിജയനും ജോപോളുമെല്ലാം ചടുല നീക്കങ്ങളിലൂടെ പുളകംകൊള്ളിച്ച ആ പച്ചപ്പുല്ലുകള്‍... കേരളത്തില്‍ നിന്നെത്തി ബംഗാളിന്റെ മനം കവര്‍ന്ന താരങ്ങളെ കുറിച്ച് പറയുമ്പോള്‍ സന്ദീപ് ദായുടെ ശബ്ദത്തില്‍ ആവേശം നിറയുന്നു. മഞ്ഞയും ചുവപ്പും വര്‍ണങ്ങളിലുള്ള ആ ഗ്യാലറിയില്‍ കുറച്ചുനേരം ഇരുന്നു. ഫോട്ടോ പകര്‍ത്തി. 

പിന്നെ തൊട്ടടുത്തുള്ള കടയില്‍ കയറി വിഭവസമൃദ്ധമായ ഭക്ഷണം. മത്സ്യങ്ങള്‍ ഇല്ലാതെ കൊല്‍ക്കത്തക്കാര്‍ക്ക് ഭക്ഷണമിറങ്ങില്ല. വിവിധങ്ങളായ മത്സ്യവിഭവങ്ങള്‍ സന്ദീപ് ദാ ഓര്‍ഡര്‍ ചെയ്തുകൊണ്ടേയിരുന്നു. ചപ്പാത്തിയും ചാവലും റൊട്ടിയുമെല്ലാം ചൂടോടെ എത്തി. പിന്നെ മധുരവും. രസഗുളയും ഐസ്‌ക്രീമുമെല്ലാം കഴിച്ച് കൊല്‍ക്കത്തയുടെ സ്‌നേഹം ആവോളം ആസ്വദിച്ചു.

തിരികെ ഹോട്ടലിലെത്തിച്ച് യാത്രപറയുമ്പോള്‍ അടുത്ത് കാളി പൂജക്ക് കൊല്‍ക്കത്തിയില്‍ എത്തിയേപറ്റൂവെന്ന് സന്ദീപ് ദായുടെ സ്‌നേഹക്ഷണം. ഏതെങ്കിലും ഒരിക്കല്‍ കാളീപൂജയ്ക്കിടെ ആ തിരക്കില്‍ അലിഞ്ഞ് ഇല്ലാതാകാന്‍ വരാമെന്ന് വാക്ക് നല്‍കി. അത് പക്ഷെ എന്നെന്ന് മാത്രം ചേദിക്കരുതെന്ന ഉപാധിയും വെച്ചു.

ഇനി മടക്കമാണ്. ബന്ദോപാധ്യയമാരും ചതോപാധ്യയമാരും മുഖോപാധ്യായമാരും സര്‍ക്കാരുകളും ചക്രവര്‍ത്തിമാരും ഖാന്‍മാരും ബോസുമാരുമെല്ലാം വാഴുന്ന കൊല്‍ക്കത്തയുടെ നഗരത്തില്‍ നിന്ന് ഒരുപിടി നനുത്ത ഓര്‍മകളുമായി. മടക്ക തീവണ്ടി അധികം ലേറ്റായല്ല ഓടുന്നത്. ഒരു കാപ്പിയും വാങ്ങി മെല്ലെ ട്രെയീനില്‍ കയറി. തീവണ്ടി മെല്ലെ ചൂളം വിളിച്ച് പോക്കറിയിച്ചു.

ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടയില്‍ എങ്ങോ നിന്നുപോയതാണ് കൊല്‍ക്കത്തയുടെ ശാപമെന്ന് തോന്നിപോകും ചിലപ്പോള്‍.  വൈദേശികാധിപത്യത്തിന്റെ തിരുശേഷിപ്പുകളില്‍ ഊറ്റം കൊള്ളുമ്പോളും മുന്നോട്ട് പോവുകയെന്നത് അധികം ഉണ്ടായിട്ടില്ല. രാജ്യത്തെ ആദ്യത്തെ മെട്രോയൊക്കെ അവതരിപ്പിച്ച നഗരമാണെങ്കിലും വികസനം അത്രകണ്ട് വന്നിട്ടില്ല. ആധുനികവത്ക്കരണം നടന്നിട്ടില്ല. ശ്രദ്ധാപൂര്‍വ്വമുള്ള ഒരു അശ്രദ്ധ കൊല്‍ക്കത്തയുടെ മുഖമുദ്രയായി മാറിയതും അതിനാലാവാം. ഒരുപക്ഷെ അതുകൊണ്ട് തന്നെയല്ലെ നാമോരോരുത്തര്‍ക്കും കൊല്‍ക്കത്ത പ്രിയങ്കരിയാകുന്നതും...

ഇനി എന്ന് അക്ഷരങ്ങളുടെ, കാല്‍പനികതയുടെ, ചിന്തകളുടെ, ആഘോഷങ്ങളുടെ ഈ നഗരത്തിലേക്ക് ഒരിക്കല്‍കൂടിയെന്ന് സ്വയം ചോദിച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഇതെഴുതിത്തുടങ്ങുമ്പോഴും അതേ ചോദ്യം മനസില്‍. 

തുടക്കത്തിലെ പറഞ്ഞത് പോലെ ഒറ്റക്ക് അലഞ്ഞില്ലാതാകാന്‍ ഈ നഗരം അനുവദിക്കില്ല. രബീന്ദ്രസംഗീതവും കാളീപൂജയും ഹൂഗ്ലീയുടെ തീരവുമെല്ലാം ഇനിയും ആസ്വദിക്കണം, അനുഭവിക്കണം. ഇത്തവണ കയറാനാവാതെ പോയ ട്രാമില്‍ കയറി സഞ്ചരിക്കണം. മഞ്ഞ നിറമുള്ള ടാക്‌സി കാറുകളില്‍ കയറി നഗരപ്രദക്ഷിണം നടത്തണം. 
ഒറ്റതിരിഞ്ഞുള്ള യാത്രകള്‍ അവസാനിക്കുന്നിടത്ത് കൊല്‍ക്കത്തയുണ്ടാകും.
.
വരണം, വീണ്ടും.  
തിരികെ മാടിവിളിക്കുന്ന നഗരമേ നന്ദി,...
നിന്റെ രാവുകള്‍ക്ക്, നിന്റെ വഴിത്താരകള്‍ക്ക്, നിന്റെ നനുത്ത ചേര്‍ത്തുനിര്‍ത്തലുകള്‍ക്ക്‌....
.....................

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം




 

Friday, 29 May 2020

വീരന്‍, വീരേന്ദ്രകുമാര്‍, വിട....


പ്ലാച്ചിമടപോലുള്ള പരിസ്ഥിതി ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍, നിലപാടുകള്‍ ഇവയൊക്കെ തന്നെയാണ് എംപി വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയ നേതാവിനെ പ്രിയങ്കരനാക്കിയത്. വയനാട്ടിലെ ഔദ്യോഗിക ജീവിതത്തിനിടെ പലകുറി കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. വയനാട്ടിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച്, ആദിവാസി ക്ഷേമസമിതിയുടെ ഭൂസമരങ്ങളുടെ കാലത്ത്, പലകുറി വാര്‍ത്താസമ്മേളനത്തിലും അല്ലാതെയും ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അന്ന് യുഡിഎഫിനൊപ്പമായിരുന്നുവെന്നതിനാല്‍ തന്നെ ആശയപരമായി കടുത്ത വിയോജിപ്പ് തോന്നിയിട്ടുമുണ്ട്. അപ്പോഴും ഇപ്പോഴും മുന്നണി വിടാനുണ്ടായ ആ കാരണത്തോടുള്ള വിയോജിപ്പ് തുടരുന്നു. 
2012 ജനുവരി 12 ന്, കോഴിക്കോട്ടെ താജ് ഹോട്ടലിലെ മുറിയില്‍ വെച്ചായിരുന്നു മാതൃഭൂമി ചാനലിലേക്കുള്ള അഭിമുഖം നടന്നത്. സിപിഎം കണ്ണൂര്‍ ജില്ലാസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു ഓടി കോഴിക്കോട്ട് എത്തിയത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററും ഡയറക്ടര്‍മാരും മറ്റ് മേധാവികള്‍ക്കുമൊപ്പം നടുവില്‍ വീരേന്ദ്രകുമാറുമുണ്ടായിരുന്നു. എല്ലാവരും ചോദ്യങ്ങള്‍ മാറി മാറി ചോദിച്ചു. കോളേജ് രാഷ്ട്രീയം മുതല്‍ മാധ്യമസിണ്ടിക്കറ്റെന്ന പ്രയോഗത്തെ കുറിച്ച് വരെ. അപ്പോഴെല്ലാം ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ മുഖത്ത് മാത്രം നോക്കിയിരുന്നു അദ്ദേഹം. ഇടയ്ക്ക് ഡയറക്ടര്‍ ഒരു തിരമണ്ടന്‍ ചോദ്യം ചോദിച്ചപ്പോള്‍ അസ്വസ്ഥമായത് അദ്ദേഹം ശ്രദ്ധിക്കുകയും തലമെല്ലെയാട്ടി ഒന്നു പുഞ്ചിരിച്ചതും നല്ല ഓര്‍മയുണ്ട്. എല്ലാവരുടേയും ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ എച്ച് ആര്‍ മാനേജര്‍ ആനന്ദ് ഇനി സാറിന് വല്ലതും എന്ന് ചോദിച്ചു.
"ഇല്ല എനിക്കറിയാം ആളെ, വയനാട്ടില്‍ ഉണ്ടായിരുന്നല്ലോ" 
എന്നിട്ട് ഒരു ചോദ്യം ചോദിച്ചു. 
"ഇപ്പോഴും ഉണ്ടോ രാഷ്ട്രീയം?"  
ഉത്തരം പറയാന്‍ ഒട്ടും അമാന്തിച്ചില്ല. 
"ഇടത് രാഷ്ട്രീയം ഇപ്പോഴും ഉണ്ട്. സിപിഎമ്മിനോട് തന്നെയാണ് അഭിമുഖ്യം. അത് തുടരുകതന്നെ ചെയ്യും". 
"ഗുഡ്".
ഒന്നുകൂടെ വിരിഞ്ഞ ചിരി. 
സിപിഎമ്മിനേയും പിണറായി വിജയനേയും മാതൃഭൂമി കടന്നാക്രമിക്കുന്ന സമയത്ത് അത്തരമൊരു മറുപടി സാധാരണഗതിയില്‍ ഏതൊരു പ്രതിപക്ഷ പാര്‍ട്ടിക്കാരേയും ചൊടിപ്പിക്കേണ്ടതാണ്. അതില്‍ വീരേന്ദ്രകുമാര്‍ തീര്‍്ത്തും വ്യത്യസ്ഥനാണ്. 
പിന്നെ ഏതൊരു ചിത്രകാരനേയും അമ്പരപ്പിക്കുന്ന തരത്തിലുള്ള നീണ്ട, നിരവധി വളവുകളും ചുറ്റിക്കെട്ടുകളുമുള്ള കയ്യൊപ്പ് ചാര്‍ത്തിയ അപ്പൊയിന്റ്‌മെന്റ് ലെറ്റര്‍ കയ്യില്‍ കിട്ടി. അപ്പൊയിന്റ്‌മെന്റ് ലെറ്ററിനേക്കാള്‍ ആ ഒപ്പില്‍ എത്ര വട്ടങ്ങളും വളവുകളുമെന്നതാണ് എന്നെ ആകര്‍ഷിച്ചതും അത്ഭുതം കൊള്ളിച്ചതും.
രാജ്യം കറുത്തകാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സഭയിലും പുറത്തും മുഴങ്ങേണ്ട ശബ്ദങ്ങളിലൊന്നുകൂടിയാണ് ഇല്ലാതാകുന്നത്. എം പി വീരേന്ദ്രകുമാര്‍ കാലഘട്ടത്തിന്റെ നഷ്ടം ആകുന്നതും അങ്ങനെതന്നെ. 

ആദരാഞ്ജലികള്‍

എന്തുകൊണ്ട് ഇടത്പക്ഷം തളര്‍ന്നു? - തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 3)

അടുത്തദിവസം അത്രസുഖകരമായ ഒന്നായിരുന്നില്ല പാര്‍ട്ടിക്ക്. ത്രിപുരയില്‍ നിന്നുള്ള
 കേന്ദ്രകമ്മിറ്റി അംഗമായ ഖഗന്‍ 
ദാസ്‌ ഹൃദയസ്തംഭനം മൂലം അതിരാവിലെ അന്തരിച്ചു. യോഗത്തിനിടെ അസുഖബാധിതനായ സഖാവ് ഖഗന്‍ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ട്ടി ഓഫീസിലെത്തിച്ച സഖാവിന്റെ മൃതദേഹത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അന്തിമോപടാരമര്‍പ്പിച്ചു. വൈകിയാണ് അന്നത്തെ യോഗം ആരംഭിച്ചത്.

ഭക്ഷണപ്രിയരാണ് കൊല്‍ക്കത്തക്കാര്‍. പ്രത്യേകിച്ചും മധുരത്തിനോട് ഒടുങ്ങാത്ത അഭിനിവേശമാണ് ബംഗാളികള്‍ക്ക്. ഭക്ഷണശേഷം മധുരം കഴിക്കുകയെന്നത് ശീലമാണ്. രണ്ടാം ദിവസം ഉച്ചക്ക് ജെസി ബോസ് റോഡിലെ ചെറിയ ഹോട്ടലില്‍ കയറി ബിരിയാണി കഴിച്ചു. നമ്മുടെ തലശ്ശേരി ദം ബിരിയാണി കഴിക്കുന്ന മലയാളിക്ക് ഒരുപക്ഷെ
കൊല്‍ക്കത്തയിലെ ബിരിയാണി ഒക്കെ എന്ത് എന്ന് തോന്നിപോകും. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന മൊറാദാബാദി ബിരിയാണിയുടെ രൂചി തന്നെയാണ് ഏറെക്കുറെ കൊല്‍ക്കത്ത ബിരിയാണിക്കും.  കൊല്‍ക്കത്ത ബിരിയാണിയുടെ രുചിയല്ല ആ ബിരിയാണിയുടെ ആകര്‍ഷണം ആയിട്ട് എനിക്ക് തോന്നിയത്. മറിച്ച് ബിരിയാണിയിലെ ഒരു വിഭവത്തോടാണ്. നമ്മുടെ നാട്ടില് ചിക്കന്‍ ബിരായാണിക്കൊപ്പം പുഴുങ്ങിയ കോഴിമുട്ടതരുന്നത് പോലെ കൊല്‍ക്കത്തയിലെ ബിരിയാണിയിലും ഉണ്ട് ഒരു പുഴുങ്ങിയ വസ്തു. കോഴിമുട്ടയല്ല. വലിയ ഉരുളക്കിഴങ്ങ്.!!!

ഉച്ചയോടെ കേന്ദ്രകമ്മിറ്റി കഴിഞ്ഞു. സീതാറാം യെച്ചൂരിയുടെ വാര്‍ത്താസമ്മേളനവും കഴിഞ്ഞു. തന്റെ ഒപ്പമുള്ള പാര്‍ട്ടിയിലെ ബംഗാളി ഘടകമോ അതോ എതിര്‍ക്കുന്ന കേരളഘടകമോ ചൂടേറിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ചിരിച്ചത് എന്ന് വ്യക്തമായി പറയാതെ താന്‍ തോറ്റിട്ടില്ല, അന്തിമതീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണ് എന്നാവര്‍ത്തിച്ചു പിബിയില്‍ ന്യൂനപക്ഷമായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി.

യോഗം കഴിഞ്ഞതോടെ വാര്‍ത്താറിപ്പോര്‍ട്ടിങ്ങും സ്‌റ്റോറിയുമെല്ലാം സമര്‍പ്പിച്ചശേഷം എല്ലാവരും ഒന്ന് റിലാക്‌സ് മൂഡിലായി. ലൈവ് ഉള്ളവര്‍ ലൈവ് നല്‍കിയും മറ്റുള്ളവര്‍ ഹോട്ടല്‍ മുറിയിലേക്കും മടങ്ങി.വാര്‍ത്താസമ്മേളനത്തിന്റെ വാര്‍ത്തകൊടുത്ത് ചില നേതാക്കളുമായി പാര്‍ട്ടി ഓഫീസിലെ മീറ്റിങ് ഹാളില്‍ കുശലം പറഞ്ഞിരുന്നപ്പോഴേക്കും ചായസമയമായി. പാര്‍ട്ടി ഓഫീസിലെ ഓരോ നേതാക്കള്‍ക്കും സ്റ്റാഫിനുമെല്ലാം ചായയെത്തി. കൂട്ടത്തില്‍ ഞങ്ങള്‍ക്കും തന്നു ഓരോ ചായ. ഒപ്പം കഴിക്കാനായി ഒരു പേപ്പറിന്റെ കവറില്‍ പൊരിയും. ചായക്ക് ഇവിടെ ഇതാണ് പലഹാരം. ഞാന്‍ നമ്മുടെയെല്ലാം പാര്‍ട്ടി ഓഫീസുകളിലെ ചായകളേയും നാല് മണി പലഹാരത്തേയും കുറിച്ചോര്‍ത്തു. കട്ടന്‍ ചായയും പരിപ്പുവടയുമെന്നാണ് നമ്മള്‍ കളിയാക്കാറ് പോലും. ഇത് തമാശയായി ചൂണ്ടിക്കാട്ടിയപ്പോള്‍ ഓഫീസിലെ അസിസ്റ്റന്റമാരിലൊരാളായ സഖാവ് ചിരിച്ചു. ഞങ്ങള്‍ ഇപ്പോഴും സാധാരണക്കാരല്ലേ എന്ന് മറുപടി. എന്നിട്ടെന്തേ പാര്‍ട്ടിക്ക് ബംഗാളില്‍ പറ്റിയത് എന്ന ചോദ്യം പക്ഷെ നാവില്‍ വന്നെങ്കിലും ചോദിച്ചില്ല. പക്ഷെ രാത്രിയില്‍ അന്ന് നഗരം കാണിക്കാനെത്തിയ നേതാവ്‌ ഇതിനുള്ള മറുപടി തന്നു
Sketch Sanub Sasidharan

സഖാവ് മൊയിനുള്ള. പാര്‍ട്ടി സംസ്ഥാനസമിതി ഓഫീസ് നില്‍ക്കുന്ന സ്ഥലത്തെ ഏരിയസെക്രട്ടറിയാണ് . ആ രാത്രിയില്‍ ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെ പറ്റി, തളര്‍ച്ചയെ പറ്റി, ഭാവിയെ പറ്റി മൊയിനുള്ള പറഞ്ഞു. അല്‍പ്പം വേദനയോടെ.
അഹങ്കാരം, അധികാരം ഇതെല്ലാം തലക്ക് പിടിച്ചാല്‍ ഏതൊരു കമ്മ്യൂണിസ്റ്റും കമ്മ്യൂണിസ്റ്റല്ലാതാകും എന്നായിരുന്നു ചുരുക്കി പാര്‍ട്ടിയടെ അവസ്ഥയെകുറിച്ച് മൊയിനുള്ള പറഞ്ഞത്. അധികാരം ജനങ്ങളിലേക്ക് എന്നത് അധികാരം എന്നിലേക്ക് എന്ന് ചുരുങ്ങിയതിന്റെ പരിണിതഫലം.

മുസഫര്‍ അഹമ്മദ് ഭവന്‍ നില്‍ക്കുന്ന പ്രദേശത്ത് 63 കുടുംബങ്ങളുണ്ട്. അവരെല്ലാം പാര്‍ട്ടി കുടുംബങ്ങളായിരുന്നു. പക്ഷെ ഇപ്പോള്‍ അവരില്‍ 3 കുടുംബങ്ങള് മാത്രമാണ് പാര്‍ട്ടിക്കൊപ്പമുള്ളത്. ശേഷിക്കുന്നവരെല്ലാം തൃണമൂലിനൊപ്പം പോയി. അല്ലെങ്കില്‍ അതിന് നിര്‍ബന്ധിതരായി. പാതിരാത്രിയിലും മൊയിനുള്ളയ്‌ക്കൊപ്പം കുറച്ച് ചെറുപ്പക്കാരുണ്ട്. അവരാരും സിപിഎമ്മുകാരല്ല. തൃണമൂലിന്റെ യുവജനവിഭാഗത്തില്‍ പെട്ടവരാണ്. സിപിഎമ്മുകാര്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോള്‍ അത്തരമൊന്ന് മൊയിനുള്ളയ്ക്ക നേരെയും ഉണ്ടാവാതിരിക്കാനാണ്‌  അവര്‍ നിഴലായി ഇപ്പോഴും കൂടെ നില്‍ക്കുന്നത്. എന്നെങ്കിലും പാര്‍ട്ടി വീണ്ടും ശക്തി പ്രാപിക്കുകയാണെങ്കില്‍ ഇവരും അവിടുത്തെ 63 കുടുംബങ്ങളും തിരികെ പാര്‍ട്ടിക്കൊപ്പം വരുമെന്ന് മൊയിനുള്ള ആണയിടുന്നു. അതിന് കുറച്ചധികം സമയമെടുക്കും. എന്നെന്ന് ഇപ്പോള്‍ പറയാനാവില്ല. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ഭഗീരഥപ്രയത്‌നത്തിലാണ് തങ്ങളെന്ന് ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളില്‍ മൊയിനുള്ള പറയുമ്പോള്‍ വിരലുകള്‍ക്കിടയിലിരുന്ന് സിഗരറ്റ് എരിഞ്ഞ് തീരുന്നുണ്ടായിരുന്നു.

ഈ മനുഷ്യനോട് സംസാരിക്കുമ്പോള്‍ ഓര്‍മവന്നത് ഹോട്ടലിലെ റൂം ബോയി പറഞ്ഞതായിരുന്നു. പാര്‍ട്ടി തിരിച്ചുവരും. അത് പക്ഷെ പെട്ടെന്ന് വേണ്ട. തൃണമൂലിന്റെ നശിച്ചഭരണത്തെ ജനം മടുക്കുമ്പോള്‍ പിന്നെ ബിജെപി അധികാരം പിടിച്ചേക്കാം. പക്ഷെ അതിനെല്ലാം ഒടുവില്‍ ഇടത്പക്ഷമായിരുന്നു ശരിയെന്ന് ജനം തിരിച്ചറിയും. അത് എത്ര വര്‍ഷം കഴിഞ്ഞായാലും വേണ്ടില്ല. അന്ന് മതി പാര്‍ട്ടിയുടെ തിരിച്ചുവരവ് എന്ന് പാര്‍ട്ടി മെംബര്‍കൂടിയായ ആ മനുഷ്യന്‍ പറഞ്ഞുവെച്ചപ്പോള്‍ മനസില്‍ ഉയര്‍ന്ന സന്തോഷം ചില്ലറയല്ല. ആ ഹോട്ടല്‍ ബോയിയും മൊയിനുള്ളയേയും പോലുള്ള നിരവധി സഖാക്കള്‍ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയുമ്പോള്‍ നമ്മള്‍ എങ്ങനെ തോല്‍ക്കാണ് .

രാവ് പുലരുവോളം മൊയിനുള്ളയുമായി സംസാരിച്ച് കൊല്‍ക്കത്തയിലെ ചെറിയ നിരത്തുകളിലൂടെ ഞങ്ങള്‍ കറങ്ങി നടന്നു. അപ്പോഴും തെരുവിലെ ചിലകടകള്‍ തുറന്നിരിക്കുന്നു. ചായയും പാനും സിഗരറ്റുമെല്ലാം വാങ്ങാനായി ആരെല്ലാമോ വരുന്നു. രാത്രി സവാരിക്കിറങ്ങുന്ന ഓട്ടോറിക്ഷക്കാരും കൊല്‍ക്കത്ത നഗരത്തിലെ രാവ് ആസ്വദിക്കാനായി പോയി മടങ്ങുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. നിരത്തുകളിലൂടെ കറങ്ങിയും സ്ട്രീറ്റ് ലൈറ്റിന് താഴെ നിന്ന് രാഷ്ട്രീയം പറഞ്ഞും സമയം പുലര്‍ച്ചെ 4 കഴിഞ്ഞു. കേരളത്തില്‍ പലകുറി വന്നതിന്റെ വിശേഷങ്ങള്‍ പറഞ്ഞു. ആലപ്പുഴയിലെ ഹൗസ് ബോട്ടില്‍ കയറാന്‍ ഇനിയും വരുന്നുണ്ടെന്നും അന്ന് വീണ്ടും കാണാമെന്നും പറഞ്ഞ് യാത്രപറയുമ്പോള്‍ മുഷ്ടിചുരുട്ടി ഒരു ലാല്‍സലാം പറയാതിരിക്കാന്‍ ആയില്ല.

തണുപ്പില്‍ നിന്ന് രക്ഷതേടി കൈകള്‍ ജാക്കറ്റിന്റെ പോക്കറ്റില്‍ തിരുകി തിരിച്ച് തനിയെ ഹോട്ടലിലേക്ക് നടന്നു. അപ്പോഴേക്കും നഗരത്തിലെ മാലിന്യങ്ങള്‍ പറക്കാനായി കോര്‍പറേഷന്റെ വാഹനം നിരത്തിലിറങ്ങിക്കഴിഞ്ഞിരുന്നു. സ്ട്രീറ്റ് വെളിച്ചത്തില്‍ മൂടല്‍ മഞ്ഞില്‍ മഞ്ഞ നിറമണിഞ്ഞ കൊല്‍ക്കത്ത നഗരത്തിലപ്പോഴും തണുത്തുറഞ്ഞ നടപ്പാതകളിലും കടവരാന്തയിലുമെല്ലാം നിരവധിപേര്‍ മഫ്‌ലറും മങ്കിക്യാപും അണിഞ്ഞ് കറുത്ത കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കിടപ്പുണ്ട്...


മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം






Thursday, 28 May 2020

തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 2)

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയാണ് കേന്ദ്രകമ്മിറ്റിയില്‍ നടക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി പിബി അംഗീകരിച്ച റിപ്പോര്‍ട്ട്, ഇതിനൊപ്പം ജനറല്‍ സെക്രട്ടറിയുടെ ബദല്‍ നിര്‍ദേശങ്ങള്‍ എല്ലാം ചേര്‍ന്ന് വാര്‍ത്താപ്രാധാന്യം ഏറെയുണ്ടായിരുന്നു കൊല്‍ക്കത്തയിലെ യോഗത്തിന്. അതിനാല്‍ തന്നെ പകല്‍ മുഴുവന്‍ ബംഗാള്‍ സിപിഎം സംസ്്ഥാന സമിതി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവന്റെ പോര്‍ച്ചിലും പുറത്തെ സ്്ട്രീറ്റിലും നിന്ന് ലൈവ് റിപ്പോര്‍ട്ടിങ് തന്നെ. ഇടയില്‍ കിട്ടുന്ന ചെറിയ ഇടവേളകളില്‍ മാര്‍ക്റ്റിലെ ലെതര്‍ ഷോപ്പുകളിലും മറ്റും ജാക്കറ്റും ബാഗും വാലറ്റുമെല്ലാം നോക്കിയും വിലപറഞ്ഞുമെല്ലാം കറങ്ങി നടന്നു.
Sketch Sanub Sasidharan

രാത്രിയില്‍ പക്ഷെ നഗരത്തിലെ അലിമുദ്ദീന്‍ സ്ട്രീറ്റിലും ജെസി ബോസ് റോഡിലും പരിസരപ്രദേശത്തും കറങ്ങിനടന്നു.  അലിമുദ്ദീന്‍ സ്ട്രീറ്റിന് തൊട്ടപ്പുറത്ത് തന്നെയാണ് വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനവും. തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ നഗരം ഉറങ്ങുകയാണ്. കല്ലുപാകിയ ഫുട്പാത്തില്‍ കാര്‍ഡ്‌ബോര്‍ഡിന്റെ ഷീറ്റ് വിരിച്ചും കീറത്തുണി വിരിച്ചുമെല്ലാം കിടക്കുന്ന നൂറുകണക്കിന് പേര്‍. കൊതുകുകടിയില്‍ നിന്ന് രക്ഷപ്പെടാനാവാതെ ശപിച്ച് പിറുപിറുത്ത് എഴുനേറ്റിരുന്ന് ദേഷ്യം തീര്‍ക്കുന്ന ചിലര്‍. ഇവരെല്ലാം പകലുമുഴുവന്‍ റിക്ഷവലിച്ചും തെരുവില്‍ ആക്രിപറക്കിയുമെല്ലാം കഴിയുന്നവരാണ്. രാത്രിയില്‍ ഹോട്ടലടച്ച് ശേഷം അന്നത്തെ മാലിന്യങ്ങള്‍ വലിയ കവറുകളിലാക്കി കളക്റ്റിങ് പോയന്റുകളിലേക്ക് റിക്ഷയില്‍ കൊണ്ടുപോകുന്നവര്‍, യാത്രക്കാരെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍, മഞ്ഞ ടാക്‌സി കാറുകള്‍, അന്നത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി ഗ്യാരേജിലേക്ക് മടങ്ങിയെത്തുന്ന ട്രാമുകള്‍, ചുറ്റിലും പഴക്കം ചെന്ന ചെറിയ ചെറിയ കെട്ടിടങ്ങള്‍. ചെറിയ ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍, വീടുകള്‍. അവയിലെല്ലാം തങ്ങളുടെ ചെറിയ ചെറിയ ദുഖകളും വലിയ സന്തോഷങ്ങളുമായി കഴിയുന്ന ബംഗാളികള്‍....

വൃത്തിഹീനമാണ് കൊല്‍ക്കത്തയുടെ പാതകള്‍. ചളിയും മാലിന്യങ്ങളുമെല്ലാം നിറഞ്ഞ്. ഒരുകാലത്ത് ഇന്ത്യയുടെ തന്നെ തലസ്ഥാനമായിരുന്നു ഈ നഗരമെന്നത് ആശ്ചര്യപ്പെടുത്തും. പൈതൃകനഗരമെന്ന് , ഇന്നും പഴമയുടെ പ്രൗഡി തനിമചോരാതെ നിലനിര്‍ത്തുന്നുവെന്നെല്ലാം പലരും വാഴ്ത്താറുണ്ട് ഈ നഗരസൗന്ദര്യത്തെ. ഈ നഗരത്തിന്റെ സൗന്ദര്യം ഇത് തന്നെയാണ് എന്ന് വേണമെങ്കില്‍ നമുക്ക്് സ്വയമാശ്വസിക്കാനായി പറയാം. പക്ഷെ മനസാക്ഷി അതിന് പൂര്‍ണമായും അനുവദിക്കില്ല. മുപ്പത്തഞ്ച് വര്‍ഷത്തോളം കാലം ഇടത്പക്ഷവും പിന്നെ ഇപ്പോള്‍ തൃണമൂലും മുമ്പ് കോണ്‍ഗ്രസും ഭരിച്ച ബംഗാളിലെവിടെയാണ് മാറ്റമെന്ന് പലവുരു മനസില്‍ ചോദിച്ചു.

കൊല്‍ക്കത്തയുടെ നിരത്ത് പൂര്‍ണമായും വിജനമാകുന്നില്ല. മാതൃഭൂമിയിലെ ക്യാമറാമേന്‍ മുകേഷ് തന്റെ ഗോപ്രോയില്‍ കൊല്‍ക്കത്തയുടെ രാത്രിക്കാഴ്ച്ചകള്‍ ഒന്നൊന്നായി പകര്‍ത്തിക്കൊണ്ടിരുന്നു. എത്രനേരം കൊല്‍ക്കത്തയുടെ തെരുവിലൂടെ ആ രാത്രി പാതിരാ പിന്നിട്ടിട്ടും എത്രനടന്നുവെന്നറിയില്ല.

കഴിഞ്ഞദിവസത്തെ ഉറക്കമില്ലായിമ, പകല്‍ മുഴുവനും ലൈവ് നിന്നതിന്റെ ക്ഷീണം, അടുത്തദിവസം പുലര്‍ച്ചെ വീണ്ടും അതെല്ലാം ആവര്‍ത്തിക്കേണ്ടതിന്റെ ഓര്‍മ...എല്ലാം കൂടി ചേര്‍ന്നപ്പോള്‍ തിരിച്ച് റൂമിലേക്ക് പോകാന്‍ പലരും തിരക്ക് കൂട്ടി. കണ്ട് നടന്ന് മതിയാവാതെ, കൊല്‍ക്കത്തയുടെ രാത്രിവിശേഷങ്ങള്‍ അടുത്തരാത്രിയിലേക്ക് ബാക്കിവെച്ച് തിരികെ ഹോട്ടല്‍ മുറിയിലേക്ക്..
.
...
തെരുവുറങ്ങാത്ത കൊല്‍ക്കത്ത  (ഭാഗം 1) ഇവിടെ വായിക്കാം


Wednesday, 27 May 2020

തെരുവുറങ്ങാത്ത കൊല്‍ക്കത്തയിൽ (ഭാഗം- 1 )


ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല്‍ പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്‍, തിരക്കൊഴിഞ്ഞ പാര്‍ക്കിലെ ബെഞ്ചില്‍, ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന മാര്‍ക്കറ്റുകളില്‍ എല്ലാം ഒറ്റക്ക് നടന്നാല്‍ പൊരെന്ന് തോന്നിപ്പിക്കുന്ന ചില നഗരങ്ങള്‍.
കൊല്‍ക്കത്ത അത്തരത്തിലൊന്നാണ്.
ട്രാമുകളില്‍, ചവിട്ടിവലിക്കുന്ന റിക്ഷകളില്‍, വിക്ടോറിയ മെമ്മോറിയലിന്റെ മുന്നിലെ പാര്‍ക്കില്‍ കൂടെയിരിക്കാന്‍, കൂടെ സഞ്ചരിക്കാന്‍ ഒരാള്‍ കൂടെ വേണമെന്ന് തോന്നിപ്പിക്കുന്ന നഗരം.
Sketch : Sanub Sasidharan

കൊല്‍ക്കത്ത.
പണ്ട് മുതലേ ഫാസിനേറ്റിങ് നഗരമെന്ന് തോന്നിയിട്ടുണ്ട്. കൂട്ടുകാരിയുമൊത്ത് ഒരിക്കല്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്ന നഗരം. പക്ഷെ ആഗ്രഹിച്ചപോലെയല്ല കൊല്‍ക്കത്ത നഗരത്തിലെത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഔദ്യോഗികആവശ്യത്തിനാണ് കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയത്. കടുത്ത മൂടല്‍ മഞ്ഞ് വടക്കേ ഇന്ത്യയെ വിഴുങ്ങിയ ഒരു ജനുവരിയില്‍.
സിപിഎമ്മിന്റെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള അവസാനത്തെ, ഏറ്റവും നിര്‍ണായകമായ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആ യാത്ര. ക്യമറമാന്‍ സനോജ് കുമാര്‍ ബേപ്പൂരിനൊപ്പം.
വൈകുന്നേരം നാല് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹി ഹൗറ രാജധാനി മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യാത്ര പുറപ്പെട്ടത് രാത്രി പത്ത് കഴിഞ്ഞശേഷം.
പിറ്റേന്ന് രാവിലെ 10 മണിക്കാണ് തീവണ്ടി കൊല്‍ക്കത്തയിലെത്തേണ്ടത്. എന്നാല്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വൈകിയതിനാല്‍ ഉച്ചകഴിയുമെന്ന് ഏതാണ്ട് ഉറപ്പ്. രാത്രിയില്‍ തീവണ്ടി ഭക്ഷണവും കഥപറയലുമെല്ലാം കഴിഞ്ഞ കിടന്നുറങ്ങി. രാവിലെ ചായയുമായെത്തിയ അറ്റന്റര്‍മാരുടെ വിളി കേട്ടാണ് ഉണര്‍ന്നത്. സമയം 7 മണി ആയിരിക്കുന്നു. തീവണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. പുറത്തെ കാഴ്ച്ചകള്‍ ഒന്നും വ്യക്തമല്ല. വിസിബിലിറ്റി എന്നത് അത്രമാത്രം കുറവാണ്. ഏറിയാല്‍ ഒരു രണ്ട് മീറ്റര്‍ എന്ന അവസ്ഥ. ജാക്കറ്റ് ധരിച്ച് മെല്ലെ വാതിലിന്റെ അരികിലെത്തി. ആളുകള്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയാണ്. ഏതോ കടുക് പാടത്തിന് നടുവിലാണ് തീവണ്ടി. മുന്നില്‍ നില്‍ക്കുന്ന ആള്‍രൂപങ്ങള്‍ പോലും വെറും മിന്നായം പോലെ തോന്നിക്കുന്നു. തീവണ്ടി എവിടെയത്തി ഒന്ന് ഒരു രൂപവുമില്ല. രാത്രിയില്‍ കൂറേ ദൂരം പിന്നിട്ടിട്ടുണ്ടാകുമെന്ന് ആശ്വസിച്ചു. വൈകിയാലും വൈകുന്നേരത്തോടെ കൊല്‍ക്കത്തയില്‍ എത്തുമെന്ന് ആശ്വസിച്ചു. അരമണിക്കൂറിനുശേഷം ചൂളം വിളിച്ച് തീവണ്ടി മഞ്ഞിനെ വകഞ്ഞ്മാറ്റി മെല്ലെ മുന്നോട്ട് യാത്രയായി. വളരെ പതുക്കെയാണ് യാത്ര. നേരം 9.30 പിന്നിട്ടപ്പോളാണ് അടുത്ത സ്‌റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയത്. വായിച്ചിരുന്ന പുസ്തകത്തില്‍ നിന്ന് തലയെടുത്ത് സ്റ്റേഷന്റെ പേര് വായിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന എല്ലാ വിശ്വാസവും ആശ്വാസവുമെല്ലാം ആവിയായി. അലഹബാദ് സ്‌റ്റേഷനിലാണ് തീവണ്ടി എത്തിയിരിക്കുന്നത്. ഡല്‍ഹി വിട്ടാല്‍ ആ തീവണ്ടിയുടെ അടുത്ത സ്‌റ്റോപ്പ് അലഹബാദിലാണ്. കഴിഞ്ഞ 12 മണിക്കൂര്‍കൊണ്ടാണ് ഡല്‍ഹിക്ക് ശേഷമുള്ള ആദ്യ സ്റ്റോപ്പില്‍ തീവണ്ടിയെത്തിയത്. അതും അവസാനസ്റ്റേഷനായ ഹൗറയിലെത്തേണ്ട സമയത്ത് !
ഇനിയെപ്പോള്‍ ബാക്കിസ്‌റ്റേഷനുകള്‍ ഓടി തീര്‍ക്കുമെന്ന ചിന്ത, കേന്ദ്ര കമ്മിറ്റിക്ക് മുമ്പ് കൊല്‍ക്കത്തിയിലെത്തുമോയെന്ന ആശങ്ക, എല്ലാംകൂടി ഞങ്ങളെ അസ്വസ്ഥമാക്കി. നമുക്ക് എന്തുചെയ്യാനാവും എന്ന് സനോജിന്റെ സ്വയം ആശ്വസിക്കല്‍.
നേരം പോകും തോറും കാഴ്ച്ചയും മെല്ലെ തെളിഞ്ഞുതുടങ്ങി. തീവണ്ടിയുടെ വേഗതയും കൂടിവന്നു. വൈകുന്നേരത്തോടെ നേതാക്കള്‍ എല്ലാം സമ്മേളനത്തിനെത്തി തുടങ്ങി. കൊല്‍ക്കത്തയില്‍ നിന്ന് വാര്‍ത്തകളും വന്നുതുടങ്ങി. നേരത്തെ അവിടെയെത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വാര്‍ത്തകള്‍ ശേഖരിച്ചു. മുറിഞ്ഞുപോകുന്ന നെറ്റ് വര്‍ക്ക് ഉപയോഗിച്ച് തീവണ്ടിയിലിരുന്ന് വാര്‍ത്ത കൈമാറി. തീവണ്ടി അപ്പോഴും എപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്ന യാതൊരുവിധ ധാരണയുമില്ലാതെ ഇന്ത്യയുടെ കാര്‍ഷിക ഗ്രാമങ്ങളുടെ വശ്യത കാണിച്ച് അനശ്ചിതമായി വൈകിയോടുന്നു.
മനോഹരമാണ് ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങള്‍. പച്ചപ്പ് നിറഞ്ഞതും വരണ്ട് തരിശ്ശിട്ടതുമായ നിരവധി പ്രദേശങ്ങള്‍. പാടത്ത് ചാണകവറളികൊണ്ടും പുല്ലുമേഞ്ഞുമെല്ലാം നിര്‍മിച്ച കുടിലുകള്‍. അനന്തമായി നീളുന്ന നടവഴികള്‍. പൊട്ടിപൊളിഞ്ഞ് റോഡുകള്‍. സൈക്കളിലും ഉന്തുവണ്ടികളിലുമെല്ലാം കയറി യാത്രചെയ്യുന്ന മനുഷ്യര്‍. പാടത്തും റോഡിലും പറമ്പിലുമെല്ലാം ലകഷ്യമില്ലാതെ ലഞ്ഞ്‌നടക്കുന്ന പശുക്കള്‍, കാളകള്‍. ഒറ്റ്ക്ക് നില്‍ക്കുന്ന മരങ്ങള്‍, ഇലകൊഴിഞ്ഞ് മരച്ചില്ലകള്‍.... മേനോഹരമായ പെയിന്റിങ് പോലയൊണ് പലയിടങ്ങളുമെന്ന് തോന്നിപോകും. ഇരുട്ട് വീഴാന്‍ തുടങ്ങിയതോടെ തീവണ്ടിയുടെ വേഗവും കുറഞ്ഞ് തുടങ്ങി, മഞ്ഞ് വീഴാനും തുടങ്ങി. അപ്പോഴും ഇനിയുമെത്രദൂരമെന്ന് മൊബൈല്‍ ആപ്പില്‍ നോക്കി ഇരിക്കുകയാണ് സനോജ്.
18 മണിക്കൂര്‍ വൈകി, പുലര്‍ച്ചെ നാല് മണി കഴിഞ്ഞു ഹൗറ സ്റ്റേഷനിലെ 5 ആം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക 30 മണിക്കൂര്‍ നീണ്ടയാത്രയ്‌ക്കൊടുവില്‍ രാജധാനി ഓടിത്തളര്‍ന്ന് വന്ന് നിന്നപ്പോള്‍....

നീണ്ടയാത്രയുടെ ക്ഷീണത്തില്‍ ലൈവ് യുവും ക്യാമറയും ട്രൈപ്പോഡും ബാഗുമെല്ലാം തൂക്കി പുറത്തിറങ്ങി ടാക്‌സിക്കായി ഉള്ള കാത്ത് നില്‍പ്പ്. ഇനി വെറും രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മോണിങ് ഷോയില്‍ ലൈവിന് കയറി നില്‍ക്കണ്ടെയെന്ന ചിന്തയും ഉറക്കക്ഷീണവുമായി ഞങ്ങള്‍ പാര്‍ക്ക് സ്ട്രീറ്റിന് സമീപത്തെ ഹാട്ടലിലേക്ക് യാത്രയായി. രാത്രിയുടെ കൊല്‍ക്കത്ത അത്രമനോഹരിയല്ലെന്ന് മനസിലാക്കി തന്ന കാഴ്ച്ചകള്‍. റോഡരികലും പാലത്തിന്റെ ചുവട്ടിലും അരിക് ചേര്‍ത്ത് നിര്‍ത്തിയ സൈക്കിള്‍ റിക്ഷകളിലുമെല്ലാം ചുരുണ്ട് കൂടിയുറങ്ങുന്ന ആളുകള്‍....

Friday, 15 May 2020

ഞാൻ എന്ന ' ഞാൻ ' 💙



uNIQUE mE 💙


Recently Iv been told about many versions of mine! I wondered am I like that? I repeatedly raised that question to me.

I asked to those who know me for years wether I'm like that, they were clueless about that 'me' ! 

Ha...what a 'me' !!!

Of course it's weird!

Dont judge me from others words, and 

Don't compare me with others, not even others.

I'm not he and He is not me 

Everyone is unique, like me !!! 

I prefer an abrupt end than a perfect start. 


ഞാൻ അവനല്ല.

ഞാൻ ' ഞാൻ ' ആണ്,

അവൻ അവനും. 

നിങ്ങള് നിങ്ങളും 💙


(150520)

aBANDONED🖤

ഒരു ചിരി,വല്ലാതെ കൗതുകം ഉണർത്തിയ ഒരു ചിരി. 

കൗതുകം എന്നത് ആ വ്യക്തിയോടല്ല, അയാളുടെ ചിരിയോട് മാത്രം ആയിരുന്നു എന്നതിനാൽ തന്നെ ഒരിക്കലും പരിചയപ്പെടാൻ ശ്രമിച്ചിട്ടില്ല.

ഇനി അതിനൊട്ടും ആവുകയും ഇല്ല. 

കാരണം ഇന്ന് അയാൾ ആ ചിരി സ്വയം അവസാനിപ്പിച്ചു. ഇനി ഒരിക്കലും ആരുടെ മുന്നിലും  ചിരിക്കേണ്ടെന്ന് സ്വയം ഒരാൾ തീരുമാനിച്ചാൽ എന്ത് ചെയ്യാനാകും ? 

എന്തിനാണ് ആ തീരുമാനം എന്ന് ചോദിച്ചാൽ അറിയില്ല. 

സ്വതന്ത്രം എന്നത് നിഷേധിക്കപ്പെട്ട്, പറയാൻ വാക്കുകൾ പോലും നഷ്ടപെട്ടു ഒറ്റപ്പെട്ടുപോയവർ , പതിയെ വിഷാദത്തിന്റെ കയത്തിലേക്ക്‌ നിർബന്ധിച്ച് വലിച്ചെറിയപ്പെട്ട ആരും പിന്നെ സ്വയം പുഞ്ചിരിച്ചിട്ടില്ല. നിങ്ങൾക്ക് മുന്നിൽ പൊട്ടിച്ചിരിയുടെ മുഖമൂടി അണിഞ്ഞ് നടന്നതെയുള്ളു അവർ .. 

പതിയെ അങ്ങനെ പലരാലും തിരസ്ക്കരിക്കപ്പെട്ട്  നടന്നകലുന്ന നിരവധി പേരുണ്ട് ഇപ്പൊഴും നമ്മുടെ ചുറ്റിലും...


RIP Anjana Hareesh 🖤

ePITAPH ❣️

ഈ അരങ്ങിൽ നിന്ന് 

അഭിനയം നിർത്തി 

പടിയിറങ്ങാൻ

എനിക്കാരെയും

കാത്തിരിക്കേണ്ടതില്ല. 

നിങ്ങളുടെ 

കണ്ണുവെട്ടിച്ച്

എനിക്കൂർന്നിറങ്ങാൻ 

വഴികൾ ഏറെയുണ്ട്

ഇരുളിന്റെ ഓരം പറ്റി

ഞാനങ്ങ് നടക്കും.. ! 


(150520)


Thursday, 14 May 2020

ചിരി..

എവിടെ ഒക്കെയോ 

അഴിഞ്ഞു പോകുന്ന പോലെ..

തണുത്ത ചുണ്ടുകൾ

എന്റെ ഹൃദയത്തെ 

കൊത്തിവലിക്കാൻ 

ഒരുങ്ങും പോലെ..

കണ്ണുകൾ ഇറുക്കി

അടക്കില്ല.

പുഞ്ചിരിക്കണം

അവസാനമായി

ഒരിക്കൽ കൂടി

മനസറിഞ്ഞ് ചിരിക്കണം! 

ഭയം ഇല്ല, 

കൗതുകം മാത്രം 


(140520)

Wednesday, 13 May 2020

ശ്രീകൃഷ്ണയിലെ ആ അരമതിൽ ❣️

  • Sree Krishna College,  Guruvayur
കഥകൾ ഏറെ പറയാനുണ്ട് ഈ വഴിക്ക് 
അരമതിലിൽ ഇരുന്നും ചാരി നിന്നും
എത്രയെത്ര പ്രണയസല്ലാപങ്ങൾ, 
സൗഹൃദങ്ങൾ,രാഷ്ട്രീയ ചർച്ചകൾ!
പിറവിയെടുത്ത മുദ്രാവാക്യങ്ങൾ, 
പ്രകടനങ്ങൾ, സംഘട്ടനങ്ങൾ..
അരമതിലിൽ ഇരുന്നാൽ ഓടിച്ച് പിടിക്കുന്ന പ്രിൻസിപ്പൽ ശങ്കരനാരായണൻ മാഷ്. 
കോളേജ് ഇലക്ഷനിൽ ജയിച്ചപ്പോൾ
മാഷെ സാക്ഷിയാക്കി അരമതിലിൽ കയറി നിന്ന് 
'ഞങ്ങളിരിക്കും ഇവിടെയിരിക്കും
ഈ അരമതിലിൻമേൽ ഞങ്ങളിരിക്കും,
എന്നുറക്കെ മുഴങ്ങിയ സ്വാതന്ത്ര്യ പ്രഖ്യാപനം.
പെൺകുട്ടികളുടെ കോളേജ് ബസ് പുറപ്പെട്ടുമ്പോൾ അന്നത്തെ അവസാനനോട്ടത്തിനായി നേരത്തേ നിരന്നിരിക്കുന്ന കാമുകപട..
അരിയന്നൂരിലെ കുന്ന് കയറിയെത്തുന്ന
ഈ വഴി തന്നെയാണ് ക്യാമ്പസിലേക്കുള്ള
വഴികളിൽ മനോഹരി.
ചുവന്ന പട്ട് വിരിച്ച പോലെ 
വഴി നീളെ വീണു കിടക്കുന്ന വാകപ്പൂക്കൾ.
ചുവപ്പിൻ്റെ കലാലയം!
എണ്ണമറ്റ പ്രണയങ്ങൾക്ക്, കുറുകലുകൾക്ക്, പ്രണയനഷ്ടങ്ങൾക്ക്, കരച്ചിലുകൾക്ക്
ഇന്നും ഇഴ മുറിഞ്ഞിട്ടില്ലാത്ത സൗഹൃദങ്ങൾക്ക് തണലായിരുന്നു ആ വാകമരവും മഴമരവുമെല്ലാം.

പ്രണയ ചൂടേറ്റ കാമുകിയെ പോലെ ആ വാകയും ഒരു പക്ഷെ നാണിച്ച് ചുവന്നതാകണം..! ❤️❤️❤️



Friday, 8 May 2020

ചന്ദൻജീ..

ചന്ദൻ ജി
ചന്ദന്ജി
ഡല്ഹി കാലത്ത് ഒരിക്കലും മറക്കാനാവാത്ത പേര്, മുഖം ഓഫീസിലെ അസിസ്റ്റന്റായിരുന്നു ചന്ദന് സിങ് റാവത്ത് എന്ന ആ  ഉത്തരാഖണ്ഡ്കാരന്.
ഓഫീസിലെ സീറ്റില് വന്നിരുന്നാലുടനെ ചന്ദന്ജി ചായയുമായെത്തും.  ചായ വേണോ എന്നൊന്നും ചന്ദന്ജി ചോദിക്കില്ല. നിങ്ങളെ കണ്ടാല്  
നിങ്ങള്ക്ക് ചായ തന്ന് സ്വീകരിക്കുകയെന്നത് ചന്ദന്ജിയുടെ കടമയാണ്.  അതില് കൈകടത്തരുത്.
ചന്ദന്ജിയുടെ ചായക്കുമുണ്ട് പ്രത്യേകത. സാധാരണ ചായതിളപ്പിക്കുന്ന  താപനിലയൊന്നുമല്ല ചന്ദന്ജിയുടേതെന്ന് മിജി എപ്പോഴും കളിയാക്കും.  
ഇടക്ക് പുറത്ത് പോയി വരുമ്പോള് ചന്ദന്ജിയെ നോക്കി ഒന്ന്  കണ്ണുകാണിച്ചാല് മതി, ചന്ദന്ജി ചായയുമായെത്തും. ഇടക്ക് നമ്മള്  ചോദിക്കാതെ തന്നെ കട്ടനുമായും ചന്ദന്ജി എത്തും. ചിലപ്പോഴൊക്കെ  
നടോടിക്കാറ്റില് തിലകന് ചോദിച്ചപോലെ നിന്നോട് ഞാനിപ്പോ ചായ  ചോദിച്ചോ എന്ന ഡയലോഗ് ഒക്കെ മനസിലേക്ക് കടന്നുവരും. അത്  മനസിലായാലും ചിരിയല്ലാതെ മറ്റൊന്നും ചന്ദന്ജിയുടെ മുഖത്ത്  
കാണില്ല. 

ഓഫീസിലെത്തിയാലുടനെ രണ്ട് ബോട്ടിലില് വെള്ളം കൊണ്ടുവന്ന്  മേശപ്പുറത്ത് വെക്കും ചന്ദന്ജി. ഒരെണ്ണത്തില് ചൂടുവെള്ളം. മറ്റൊന്നില്  
പച്ചവെള്ളവും. ചന്ദന്ജിയുടെ ചൂടുവെള്ളം ഓര്ക്കാതെ എടുത്ത്  കുടിച്ചാല് പണിപാളും. അത്രക്ക് ചൂടായിരിക്കും അത്. 
ഓഫീസിലെ പത്രങ്ങള് ( മിക്കപ്പോഴും ചുളിവ് വീഴാത്ത) കൃത്യമായി  എടുത്ത് മടക്കിവെക്കും ചന്ദനജി. പിന്നെ ഒരത്യാവശ്യത്തിന് നമ്മള്  തിരഞ്ഞാലൊന്നും അത് കണ്ടെത്താനാവില്ല. അതിന് ചന്ദന്ജി തന്നെ  
വരണം. ചന്ദന്ജിക്ക് മാത്രം അറിയുന്ന രഹസ്യമാണ് ആ പത്രങ്ങള്  എങ്ങിനെ എവിടെയാണ് എടുത്ത് ഭദ്രമായി വെച്ചിരിക്കുന്നത് എന്നത്.
ഓഫീസിലെ എലിക്കെണിയില് പെടുന്ന എലിയെ ഭദ്രമായി  പെട്ടിയിലാക്കി ദൂരെ കെണ്ടുവിടുന്ന ചന്ദന്ജി തിരിച്ച്  ഓഫീസിലെത്തുമുമ്പേ എലി തിരിച്ച് ഓഫീസിലെത്തുമെന്ന് ഇരിമ്പനം  കളിയാക്കുമ്പോഴും ചന്ദന്ജി അതാസ്വദിക്കും. 

ഓഫീസ് ടൈം കഴിഞ്ഞാലും നമ്മുടെ ഒരു സമ്മതം ലഭിക്കാതെ മടങ്ങില്ല  ചന്ദന്ജി. മടിച്ച് മടിച്ച് ബാഗുമായി ചിരിച്ചുകൊണ്ട് ക്യുബിക്കിളിൻ്റെ  വാതില്ക്കല് വന്ന് നില്ക്കും. കണ്ണുകാണ്ടോ വാക്കുകൊണ്ടോ സമ്മതം  
പറയാതെ പോകില്ല. നമ്മല് തിരക്കിനടിയില് ആണെങ്കില് ചന്ദന്ജി  കാത്ത് നില്ക്കും. ഒരു ശബ്ദം പോലുമില്ലാതെ. 

ആ മനുഷ്യന് ഒരു സമ്മതവും ചോദിക്കാതെ ഇന്ന് രാവിലെ  യാത്രപറഞ്ഞുപോയി എന്നത് വിശ്വസിക്കാനാവുന്നില്ല.  രണ്ട് മാസം മുമ്പാണ് ചന്ദനജിക്ക് സുഖമില്ലെന്ന് മിജി അറിയിച്ചത്. ഇന്നലെ  ചന്ദന്ജിക്ക് എങ്ങനെയുണ്ടെന്ന് മിജിക്ക് അയച്ച സന്ദേശത്തിന് ഇന്ന്  രാവിലെ ലഭിച്ച മറുപടി വിശ്വസിക്കാതിരിക്കാനുമാവുന്നില്ല. എപ്പോഴും
ചിരിക്കുന്ന ആ മനുഷ്യന് ഒരുപാട് കരഞ്ഞുകാണണം കഴിഞ്ഞ കുറേ  ദിവസങ്ങളില്.... 

നന്ദി ചന്ദന്ജി, ചൂടുള്ള ചായകള്ക്ക്, പറഞ്ഞുതന്ന ഹിന്ദിക്ക്, നിറഞ്ഞ  പുഞ്ചിരികള്ക്ക്....

Wednesday, 6 May 2020

bROKEN dREAMS 🤍


Dreams are naughty.
They will wake you up
When you are at its peak!


ഇന്ന്
ക്ലൈമാക്സിന്റെ
പാതിയിൽ മുറിഞ്ഞ 
രണ്ടു സ്വപ്നങ്ങൾ

ഒന്നാമത്തേത് :
പ്രതീക്ഷിക്കാൻ
ഒന്നും ശേഷിക്കാതെയുള്ള
ഒരു യാത്രപറച്ചിലിൻ്റേത്.

രണ്ടാമത്തേത്:
പ്രതീക്ഷ മാത്രം 
ബാക്കിവെച്ച 
ഒരു വാഗ്ദാനത്തിൻ്റേത്.

നോക്കൂ,
ഒരേ ദിനത്തിലെ
സ്വപനങ്ങൾ പോലും
രണ്ടു ധ്രുവങ്ങളിലാണ്. !!!

(060520)

Monday, 4 May 2020

FUGITIVE ME !

Time is fugitive, 
Happiness and sadness too!

നമുക്ക്
നിൽക്കാൻപോലും
ഒരിടം ഇല്ലാതാക്കുന്നത്
ദുരന്തങ്ങൾ മാത്രമല്ല,
ചില മനുഷ്യരും കൂടിചേർന്നാണ് !

Sunday, 3 May 2020

RESPLENDENT


Emotions are resplendent in nature.
Bright as twilight, shady as dark moon !

ശബ്ദം
ഇല്ലയിമ മാത്രമല്ല
നിശ്ശബ്ദത.
വികാരങ്ങളുടെ
കൂട്ടിരിപ്പ്‌
കൂടിയാണ്.
ചിലപ്പോൾ
ഭയം,
മറ്റുചിലപ്പോൾ
ശാന്തത,
സന്തോഷം..
നിശ്ശബ്ദത
അത്ര നിസാരം
അല്ല,
മനോഹരവും !

(030520)

Saturday, 2 May 2020

ആ പ്രഭാതം എങ്ങനെ ആയിരിക്കും ... ?

മരണത്തിന് ശേഷം ഉള്ള അടുത്ത പ്രഭാതം എങ്ങനെ ആയിരിക്കും ?
വലിച്ച് കെട്ടിയ ടാർ പായക്ക്‌ താഴെ നിരക്കുന്ന കസേരകളിൽ ആരെല്ലാം മൗനമായി ഇരുന്നേക്കാം?
ആരെല്ലാം ശബ്ദം താഴ്ത്തി മരച്ചുവട്ടിൽ കൂടി നിന്ന് അർത്ഥം ഇല്ലാത്ത പഴം കഥകൾ ആശ്ചര്യം കലർത്തി പങ്കുവച്ചേക്കാം? 
ഒടുവിൽ മണ്ണിരക്കോ അഗ്നിക്കോ നിങ്ങള് ഭക്ഷണം ആയ്‌ മാറുമ്പോൾ ആരെല്ലാം അടക്കി പിടിച്ച് തേങ്ങിയിരിക്കാം? 
നീളുന്ന അനുശോചന പോസ്റ്റുകൾക്ക് അപ്പുറം ചുവരിലെ അനേകം പടങ്ങളിലെ ഒരു പടം മാത്രമായി നിങ്ങള് മാറുമ്പോൾ ആ പ്രഭാതം എങ്ങനെ ആയിരുന്നിരിക്കണം... !

(010520)

fORGOTTEN mEMORIES



ചിലരെ ഓർക്കാതിരിക്കാൻ 
വേണ്ടി മാത്രം 
മറക്കാൻ ശ്രമിക്കുന്ന
മനോഹരമായ കുറെ ഓർമകൾ 
നമുകില്ലെ? 
എനിക്കുണ്ട്. 
മനോഹരമായ കുറെ ഓർമകൾ
ബാല്യം മുതൽ നീണ്ട 
ഓർമപൊട്ടുകൾ. 
ഓർമകളിൽ നിന്ന് 
അവരെ മാറ്റിനിർത്താൻ 
വേണ്ടിമാത്രം 
ഞാൻ ഇറക്കിവിട്ട
എന്റെ മാത്രം ഓർമകൾ… 

(290420)