Wednesday, 27 May 2020

തെരുവുറങ്ങാത്ത കൊല്‍ക്കത്തയിൽ (ഭാഗം- 1 )


ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല്‍ പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്‍, തിരക്കൊഴിഞ്ഞ പാര്‍ക്കിലെ ബെഞ്ചില്‍, ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന മാര്‍ക്കറ്റുകളില്‍ എല്ലാം ഒറ്റക്ക് നടന്നാല്‍ പൊരെന്ന് തോന്നിപ്പിക്കുന്ന ചില നഗരങ്ങള്‍.
കൊല്‍ക്കത്ത അത്തരത്തിലൊന്നാണ്.
ട്രാമുകളില്‍, ചവിട്ടിവലിക്കുന്ന റിക്ഷകളില്‍, വിക്ടോറിയ മെമ്മോറിയലിന്റെ മുന്നിലെ പാര്‍ക്കില്‍ കൂടെയിരിക്കാന്‍, കൂടെ സഞ്ചരിക്കാന്‍ ഒരാള്‍ കൂടെ വേണമെന്ന് തോന്നിപ്പിക്കുന്ന നഗരം.
Sketch : Sanub Sasidharan

കൊല്‍ക്കത്ത.
പണ്ട് മുതലേ ഫാസിനേറ്റിങ് നഗരമെന്ന് തോന്നിയിട്ടുണ്ട്. കൂട്ടുകാരിയുമൊത്ത് ഒരിക്കല്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്ന നഗരം. പക്ഷെ ആഗ്രഹിച്ചപോലെയല്ല കൊല്‍ക്കത്ത നഗരത്തിലെത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഔദ്യോഗികആവശ്യത്തിനാണ് കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയത്. കടുത്ത മൂടല്‍ മഞ്ഞ് വടക്കേ ഇന്ത്യയെ വിഴുങ്ങിയ ഒരു ജനുവരിയില്‍.
സിപിഎമ്മിന്റെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള അവസാനത്തെ, ഏറ്റവും നിര്‍ണായകമായ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആ യാത്ര. ക്യമറമാന്‍ സനോജ് കുമാര്‍ ബേപ്പൂരിനൊപ്പം.
വൈകുന്നേരം നാല് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹി ഹൗറ രാജധാനി മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യാത്ര പുറപ്പെട്ടത് രാത്രി പത്ത് കഴിഞ്ഞശേഷം.
പിറ്റേന്ന് രാവിലെ 10 മണിക്കാണ് തീവണ്ടി കൊല്‍ക്കത്തയിലെത്തേണ്ടത്. എന്നാല്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വൈകിയതിനാല്‍ ഉച്ചകഴിയുമെന്ന് ഏതാണ്ട് ഉറപ്പ്. രാത്രിയില്‍ തീവണ്ടി ഭക്ഷണവും കഥപറയലുമെല്ലാം കഴിഞ്ഞ കിടന്നുറങ്ങി. രാവിലെ ചായയുമായെത്തിയ അറ്റന്റര്‍മാരുടെ വിളി കേട്ടാണ് ഉണര്‍ന്നത്. സമയം 7 മണി ആയിരിക്കുന്നു. തീവണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. പുറത്തെ കാഴ്ച്ചകള്‍ ഒന്നും വ്യക്തമല്ല. വിസിബിലിറ്റി എന്നത് അത്രമാത്രം കുറവാണ്. ഏറിയാല്‍ ഒരു രണ്ട് മീറ്റര്‍ എന്ന അവസ്ഥ. ജാക്കറ്റ് ധരിച്ച് മെല്ലെ വാതിലിന്റെ അരികിലെത്തി. ആളുകള്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയാണ്. ഏതോ കടുക് പാടത്തിന് നടുവിലാണ് തീവണ്ടി. മുന്നില്‍ നില്‍ക്കുന്ന ആള്‍രൂപങ്ങള്‍ പോലും വെറും മിന്നായം പോലെ തോന്നിക്കുന്നു. തീവണ്ടി എവിടെയത്തി ഒന്ന് ഒരു രൂപവുമില്ല. രാത്രിയില്‍ കൂറേ ദൂരം പിന്നിട്ടിട്ടുണ്ടാകുമെന്ന് ആശ്വസിച്ചു. വൈകിയാലും വൈകുന്നേരത്തോടെ കൊല്‍ക്കത്തയില്‍ എത്തുമെന്ന് ആശ്വസിച്ചു. അരമണിക്കൂറിനുശേഷം ചൂളം വിളിച്ച് തീവണ്ടി മഞ്ഞിനെ വകഞ്ഞ്മാറ്റി മെല്ലെ മുന്നോട്ട് യാത്രയായി. വളരെ പതുക്കെയാണ് യാത്ര. നേരം 9.30 പിന്നിട്ടപ്പോളാണ് അടുത്ത സ്‌റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയത്. വായിച്ചിരുന്ന പുസ്തകത്തില്‍ നിന്ന് തലയെടുത്ത് സ്റ്റേഷന്റെ പേര് വായിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന എല്ലാ വിശ്വാസവും ആശ്വാസവുമെല്ലാം ആവിയായി. അലഹബാദ് സ്‌റ്റേഷനിലാണ് തീവണ്ടി എത്തിയിരിക്കുന്നത്. ഡല്‍ഹി വിട്ടാല്‍ ആ തീവണ്ടിയുടെ അടുത്ത സ്‌റ്റോപ്പ് അലഹബാദിലാണ്. കഴിഞ്ഞ 12 മണിക്കൂര്‍കൊണ്ടാണ് ഡല്‍ഹിക്ക് ശേഷമുള്ള ആദ്യ സ്റ്റോപ്പില്‍ തീവണ്ടിയെത്തിയത്. അതും അവസാനസ്റ്റേഷനായ ഹൗറയിലെത്തേണ്ട സമയത്ത് !
ഇനിയെപ്പോള്‍ ബാക്കിസ്‌റ്റേഷനുകള്‍ ഓടി തീര്‍ക്കുമെന്ന ചിന്ത, കേന്ദ്ര കമ്മിറ്റിക്ക് മുമ്പ് കൊല്‍ക്കത്തിയിലെത്തുമോയെന്ന ആശങ്ക, എല്ലാംകൂടി ഞങ്ങളെ അസ്വസ്ഥമാക്കി. നമുക്ക് എന്തുചെയ്യാനാവും എന്ന് സനോജിന്റെ സ്വയം ആശ്വസിക്കല്‍.
നേരം പോകും തോറും കാഴ്ച്ചയും മെല്ലെ തെളിഞ്ഞുതുടങ്ങി. തീവണ്ടിയുടെ വേഗതയും കൂടിവന്നു. വൈകുന്നേരത്തോടെ നേതാക്കള്‍ എല്ലാം സമ്മേളനത്തിനെത്തി തുടങ്ങി. കൊല്‍ക്കത്തയില്‍ നിന്ന് വാര്‍ത്തകളും വന്നുതുടങ്ങി. നേരത്തെ അവിടെയെത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വാര്‍ത്തകള്‍ ശേഖരിച്ചു. മുറിഞ്ഞുപോകുന്ന നെറ്റ് വര്‍ക്ക് ഉപയോഗിച്ച് തീവണ്ടിയിലിരുന്ന് വാര്‍ത്ത കൈമാറി. തീവണ്ടി അപ്പോഴും എപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്ന യാതൊരുവിധ ധാരണയുമില്ലാതെ ഇന്ത്യയുടെ കാര്‍ഷിക ഗ്രാമങ്ങളുടെ വശ്യത കാണിച്ച് അനശ്ചിതമായി വൈകിയോടുന്നു.
മനോഹരമാണ് ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങള്‍. പച്ചപ്പ് നിറഞ്ഞതും വരണ്ട് തരിശ്ശിട്ടതുമായ നിരവധി പ്രദേശങ്ങള്‍. പാടത്ത് ചാണകവറളികൊണ്ടും പുല്ലുമേഞ്ഞുമെല്ലാം നിര്‍മിച്ച കുടിലുകള്‍. അനന്തമായി നീളുന്ന നടവഴികള്‍. പൊട്ടിപൊളിഞ്ഞ് റോഡുകള്‍. സൈക്കളിലും ഉന്തുവണ്ടികളിലുമെല്ലാം കയറി യാത്രചെയ്യുന്ന മനുഷ്യര്‍. പാടത്തും റോഡിലും പറമ്പിലുമെല്ലാം ലകഷ്യമില്ലാതെ ലഞ്ഞ്‌നടക്കുന്ന പശുക്കള്‍, കാളകള്‍. ഒറ്റ്ക്ക് നില്‍ക്കുന്ന മരങ്ങള്‍, ഇലകൊഴിഞ്ഞ് മരച്ചില്ലകള്‍.... മേനോഹരമായ പെയിന്റിങ് പോലയൊണ് പലയിടങ്ങളുമെന്ന് തോന്നിപോകും. ഇരുട്ട് വീഴാന്‍ തുടങ്ങിയതോടെ തീവണ്ടിയുടെ വേഗവും കുറഞ്ഞ് തുടങ്ങി, മഞ്ഞ് വീഴാനും തുടങ്ങി. അപ്പോഴും ഇനിയുമെത്രദൂരമെന്ന് മൊബൈല്‍ ആപ്പില്‍ നോക്കി ഇരിക്കുകയാണ് സനോജ്.
18 മണിക്കൂര്‍ വൈകി, പുലര്‍ച്ചെ നാല് മണി കഴിഞ്ഞു ഹൗറ സ്റ്റേഷനിലെ 5 ആം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക 30 മണിക്കൂര്‍ നീണ്ടയാത്രയ്‌ക്കൊടുവില്‍ രാജധാനി ഓടിത്തളര്‍ന്ന് വന്ന് നിന്നപ്പോള്‍....

നീണ്ടയാത്രയുടെ ക്ഷീണത്തില്‍ ലൈവ് യുവും ക്യാമറയും ട്രൈപ്പോഡും ബാഗുമെല്ലാം തൂക്കി പുറത്തിറങ്ങി ടാക്‌സിക്കായി ഉള്ള കാത്ത് നില്‍പ്പ്. ഇനി വെറും രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മോണിങ് ഷോയില്‍ ലൈവിന് കയറി നില്‍ക്കണ്ടെയെന്ന ചിന്തയും ഉറക്കക്ഷീണവുമായി ഞങ്ങള്‍ പാര്‍ക്ക് സ്ട്രീറ്റിന് സമീപത്തെ ഹാട്ടലിലേക്ക് യാത്രയായി. രാത്രിയുടെ കൊല്‍ക്കത്ത അത്രമനോഹരിയല്ലെന്ന് മനസിലാക്കി തന്ന കാഴ്ച്ചകള്‍. റോഡരികലും പാലത്തിന്റെ ചുവട്ടിലും അരിക് ചേര്‍ത്ത് നിര്‍ത്തിയ സൈക്കിള്‍ റിക്ഷകളിലുമെല്ലാം ചുരുണ്ട് കൂടിയുറങ്ങുന്ന ആളുകള്‍....

10 comments:

  1. Very nice.. Kolkata is dear to me also

    ReplyDelete
  2. സ്വപ്ന നഗരം ❤️
    ചിലനിരങ്ങളിൽ വല്ലാണ്ട് കൊതിപ്പിക്കാറുണ്ട് കേട്ടറിവുകളിൽ മാത്രമുള്ള കൽക്കത്ത

    ReplyDelete
  3. Its awesome, വയ്ക്കുന്ന ഓരോരുത്തർക്കും ആ യാത്രയിൽ ഒപ്പം ചേരാൻ സാധിക്കും, not everyone can do that.

    ReplyDelete
  4. ഓരോ വരികൾ വായിക്കുമ്പോഴും അത് മുന്നിൽ കാണുന്നൊരു feel🖤

    ReplyDelete