Search This Blog

Showing posts with label travelogue. Show all posts
Showing posts with label travelogue. Show all posts

Friday, 29 May 2020

എന്തുകൊണ്ട് ഇടത്പക്ഷം തളര്‍ന്നു? - തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 3)

അടുത്തദിവസം അത്രസുഖകരമായ ഒന്നായിരുന്നില്ല പാര്‍ട്ടിക്ക്. ത്രിപുരയില്‍ നിന്നുള്ള
 കേന്ദ്രകമ്മിറ്റി അംഗമായ ഖഗന്‍ 
ദാസ്‌ ഹൃദയസ്തംഭനം മൂലം അതിരാവിലെ അന്തരിച്ചു. യോഗത്തിനിടെ അസുഖബാധിതനായ സഖാവ് ഖഗന്‍ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ട്ടി ഓഫീസിലെത്തിച്ച സഖാവിന്റെ മൃതദേഹത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അന്തിമോപടാരമര്‍പ്പിച്ചു. വൈകിയാണ് അന്നത്തെ യോഗം ആരംഭിച്ചത്.

ഭക്ഷണപ്രിയരാണ് കൊല്‍ക്കത്തക്കാര്‍. പ്രത്യേകിച്ചും മധുരത്തിനോട് ഒടുങ്ങാത്ത അഭിനിവേശമാണ് ബംഗാളികള്‍ക്ക്. ഭക്ഷണശേഷം മധുരം കഴിക്കുകയെന്നത് ശീലമാണ്. രണ്ടാം ദിവസം ഉച്ചക്ക് ജെസി ബോസ് റോഡിലെ ചെറിയ ഹോട്ടലില്‍ കയറി ബിരിയാണി കഴിച്ചു. നമ്മുടെ തലശ്ശേരി ദം ബിരിയാണി കഴിക്കുന്ന മലയാളിക്ക് ഒരുപക്ഷെ
കൊല്‍ക്കത്തയിലെ ബിരിയാണി ഒക്കെ എന്ത് എന്ന് തോന്നിപോകും. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന മൊറാദാബാദി ബിരിയാണിയുടെ രൂചി തന്നെയാണ് ഏറെക്കുറെ കൊല്‍ക്കത്ത ബിരിയാണിക്കും.  കൊല്‍ക്കത്ത ബിരിയാണിയുടെ രുചിയല്ല ആ ബിരിയാണിയുടെ ആകര്‍ഷണം ആയിട്ട് എനിക്ക് തോന്നിയത്. മറിച്ച് ബിരിയാണിയിലെ ഒരു വിഭവത്തോടാണ്. നമ്മുടെ നാട്ടില് ചിക്കന്‍ ബിരായാണിക്കൊപ്പം പുഴുങ്ങിയ കോഴിമുട്ടതരുന്നത് പോലെ കൊല്‍ക്കത്തയിലെ ബിരിയാണിയിലും ഉണ്ട് ഒരു പുഴുങ്ങിയ വസ്തു. കോഴിമുട്ടയല്ല. വലിയ ഉരുളക്കിഴങ്ങ്.!!!

ഉച്ചയോടെ കേന്ദ്രകമ്മിറ്റി കഴിഞ്ഞു. സീതാറാം യെച്ചൂരിയുടെ വാര്‍ത്താസമ്മേളനവും കഴിഞ്ഞു. തന്റെ ഒപ്പമുള്ള പാര്‍ട്ടിയിലെ ബംഗാളി ഘടകമോ അതോ എതിര്‍ക്കുന്ന കേരളഘടകമോ ചൂടേറിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ചിരിച്ചത് എന്ന് വ്യക്തമായി പറയാതെ താന്‍ തോറ്റിട്ടില്ല, അന്തിമതീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണ് എന്നാവര്‍ത്തിച്ചു പിബിയില്‍ ന്യൂനപക്ഷമായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി.

യോഗം കഴിഞ്ഞതോടെ വാര്‍ത്താറിപ്പോര്‍ട്ടിങ്ങും സ്‌റ്റോറിയുമെല്ലാം സമര്‍പ്പിച്ചശേഷം എല്ലാവരും ഒന്ന് റിലാക്‌സ് മൂഡിലായി. ലൈവ് ഉള്ളവര്‍ ലൈവ് നല്‍കിയും മറ്റുള്ളവര്‍ ഹോട്ടല്‍ മുറിയിലേക്കും മടങ്ങി.വാര്‍ത്താസമ്മേളനത്തിന്റെ വാര്‍ത്തകൊടുത്ത് ചില നേതാക്കളുമായി പാര്‍ട്ടി ഓഫീസിലെ മീറ്റിങ് ഹാളില്‍ കുശലം പറഞ്ഞിരുന്നപ്പോഴേക്കും ചായസമയമായി. പാര്‍ട്ടി ഓഫീസിലെ ഓരോ നേതാക്കള്‍ക്കും സ്റ്റാഫിനുമെല്ലാം ചായയെത്തി. കൂട്ടത്തില്‍ ഞങ്ങള്‍ക്കും തന്നു ഓരോ ചായ. ഒപ്പം കഴിക്കാനായി ഒരു പേപ്പറിന്റെ കവറില്‍ പൊരിയും. ചായക്ക് ഇവിടെ ഇതാണ് പലഹാരം. ഞാന്‍ നമ്മുടെയെല്ലാം പാര്‍ട്ടി ഓഫീസുകളിലെ ചായകളേയും നാല് മണി പലഹാരത്തേയും കുറിച്ചോര്‍ത്തു. കട്ടന്‍ ചായയും പരിപ്പുവടയുമെന്നാണ് നമ്മള്‍ കളിയാക്കാറ് പോലും. ഇത് തമാശയായി ചൂണ്ടിക്കാട്ടിയപ്പോള്‍ ഓഫീസിലെ അസിസ്റ്റന്റമാരിലൊരാളായ സഖാവ് ചിരിച്ചു. ഞങ്ങള്‍ ഇപ്പോഴും സാധാരണക്കാരല്ലേ എന്ന് മറുപടി. എന്നിട്ടെന്തേ പാര്‍ട്ടിക്ക് ബംഗാളില്‍ പറ്റിയത് എന്ന ചോദ്യം പക്ഷെ നാവില്‍ വന്നെങ്കിലും ചോദിച്ചില്ല. പക്ഷെ രാത്രിയില്‍ അന്ന് നഗരം കാണിക്കാനെത്തിയ നേതാവ്‌ ഇതിനുള്ള മറുപടി തന്നു
Sketch Sanub Sasidharan

സഖാവ് മൊയിനുള്ള. പാര്‍ട്ടി സംസ്ഥാനസമിതി ഓഫീസ് നില്‍ക്കുന്ന സ്ഥലത്തെ ഏരിയസെക്രട്ടറിയാണ് . ആ രാത്രിയില്‍ ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെ പറ്റി, തളര്‍ച്ചയെ പറ്റി, ഭാവിയെ പറ്റി മൊയിനുള്ള പറഞ്ഞു. അല്‍പ്പം വേദനയോടെ.
അഹങ്കാരം, അധികാരം ഇതെല്ലാം തലക്ക് പിടിച്ചാല്‍ ഏതൊരു കമ്മ്യൂണിസ്റ്റും കമ്മ്യൂണിസ്റ്റല്ലാതാകും എന്നായിരുന്നു ചുരുക്കി പാര്‍ട്ടിയടെ അവസ്ഥയെകുറിച്ച് മൊയിനുള്ള പറഞ്ഞത്. അധികാരം ജനങ്ങളിലേക്ക് എന്നത് അധികാരം എന്നിലേക്ക് എന്ന് ചുരുങ്ങിയതിന്റെ പരിണിതഫലം.

മുസഫര്‍ അഹമ്മദ് ഭവന്‍ നില്‍ക്കുന്ന പ്രദേശത്ത് 63 കുടുംബങ്ങളുണ്ട്. അവരെല്ലാം പാര്‍ട്ടി കുടുംബങ്ങളായിരുന്നു. പക്ഷെ ഇപ്പോള്‍ അവരില്‍ 3 കുടുംബങ്ങള് മാത്രമാണ് പാര്‍ട്ടിക്കൊപ്പമുള്ളത്. ശേഷിക്കുന്നവരെല്ലാം തൃണമൂലിനൊപ്പം പോയി. അല്ലെങ്കില്‍ അതിന് നിര്‍ബന്ധിതരായി. പാതിരാത്രിയിലും മൊയിനുള്ളയ്‌ക്കൊപ്പം കുറച്ച് ചെറുപ്പക്കാരുണ്ട്. അവരാരും സിപിഎമ്മുകാരല്ല. തൃണമൂലിന്റെ യുവജനവിഭാഗത്തില്‍ പെട്ടവരാണ്. സിപിഎമ്മുകാര്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോള്‍ അത്തരമൊന്ന് മൊയിനുള്ളയ്ക്ക നേരെയും ഉണ്ടാവാതിരിക്കാനാണ്‌  അവര്‍ നിഴലായി ഇപ്പോഴും കൂടെ നില്‍ക്കുന്നത്. എന്നെങ്കിലും പാര്‍ട്ടി വീണ്ടും ശക്തി പ്രാപിക്കുകയാണെങ്കില്‍ ഇവരും അവിടുത്തെ 63 കുടുംബങ്ങളും തിരികെ പാര്‍ട്ടിക്കൊപ്പം വരുമെന്ന് മൊയിനുള്ള ആണയിടുന്നു. അതിന് കുറച്ചധികം സമയമെടുക്കും. എന്നെന്ന് ഇപ്പോള്‍ പറയാനാവില്ല. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ഭഗീരഥപ്രയത്‌നത്തിലാണ് തങ്ങളെന്ന് ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളില്‍ മൊയിനുള്ള പറയുമ്പോള്‍ വിരലുകള്‍ക്കിടയിലിരുന്ന് സിഗരറ്റ് എരിഞ്ഞ് തീരുന്നുണ്ടായിരുന്നു.

ഈ മനുഷ്യനോട് സംസാരിക്കുമ്പോള്‍ ഓര്‍മവന്നത് ഹോട്ടലിലെ റൂം ബോയി പറഞ്ഞതായിരുന്നു. പാര്‍ട്ടി തിരിച്ചുവരും. അത് പക്ഷെ പെട്ടെന്ന് വേണ്ട. തൃണമൂലിന്റെ നശിച്ചഭരണത്തെ ജനം മടുക്കുമ്പോള്‍ പിന്നെ ബിജെപി അധികാരം പിടിച്ചേക്കാം. പക്ഷെ അതിനെല്ലാം ഒടുവില്‍ ഇടത്പക്ഷമായിരുന്നു ശരിയെന്ന് ജനം തിരിച്ചറിയും. അത് എത്ര വര്‍ഷം കഴിഞ്ഞായാലും വേണ്ടില്ല. അന്ന് മതി പാര്‍ട്ടിയുടെ തിരിച്ചുവരവ് എന്ന് പാര്‍ട്ടി മെംബര്‍കൂടിയായ ആ മനുഷ്യന്‍ പറഞ്ഞുവെച്ചപ്പോള്‍ മനസില്‍ ഉയര്‍ന്ന സന്തോഷം ചില്ലറയല്ല. ആ ഹോട്ടല്‍ ബോയിയും മൊയിനുള്ളയേയും പോലുള്ള നിരവധി സഖാക്കള്‍ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയുമ്പോള്‍ നമ്മള്‍ എങ്ങനെ തോല്‍ക്കാണ് .

രാവ് പുലരുവോളം മൊയിനുള്ളയുമായി സംസാരിച്ച് കൊല്‍ക്കത്തയിലെ ചെറിയ നിരത്തുകളിലൂടെ ഞങ്ങള്‍ കറങ്ങി നടന്നു. അപ്പോഴും തെരുവിലെ ചിലകടകള്‍ തുറന്നിരിക്കുന്നു. ചായയും പാനും സിഗരറ്റുമെല്ലാം വാങ്ങാനായി ആരെല്ലാമോ വരുന്നു. രാത്രി സവാരിക്കിറങ്ങുന്ന ഓട്ടോറിക്ഷക്കാരും കൊല്‍ക്കത്ത നഗരത്തിലെ രാവ് ആസ്വദിക്കാനായി പോയി മടങ്ങുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. നിരത്തുകളിലൂടെ കറങ്ങിയും സ്ട്രീറ്റ് ലൈറ്റിന് താഴെ നിന്ന് രാഷ്ട്രീയം പറഞ്ഞും സമയം പുലര്‍ച്ചെ 4 കഴിഞ്ഞു. കേരളത്തില്‍ പലകുറി വന്നതിന്റെ വിശേഷങ്ങള്‍ പറഞ്ഞു. ആലപ്പുഴയിലെ ഹൗസ് ബോട്ടില്‍ കയറാന്‍ ഇനിയും വരുന്നുണ്ടെന്നും അന്ന് വീണ്ടും കാണാമെന്നും പറഞ്ഞ് യാത്രപറയുമ്പോള്‍ മുഷ്ടിചുരുട്ടി ഒരു ലാല്‍സലാം പറയാതിരിക്കാന്‍ ആയില്ല.

തണുപ്പില്‍ നിന്ന് രക്ഷതേടി കൈകള്‍ ജാക്കറ്റിന്റെ പോക്കറ്റില്‍ തിരുകി തിരിച്ച് തനിയെ ഹോട്ടലിലേക്ക് നടന്നു. അപ്പോഴേക്കും നഗരത്തിലെ മാലിന്യങ്ങള്‍ പറക്കാനായി കോര്‍പറേഷന്റെ വാഹനം നിരത്തിലിറങ്ങിക്കഴിഞ്ഞിരുന്നു. സ്ട്രീറ്റ് വെളിച്ചത്തില്‍ മൂടല്‍ മഞ്ഞില്‍ മഞ്ഞ നിറമണിഞ്ഞ കൊല്‍ക്കത്ത നഗരത്തിലപ്പോഴും തണുത്തുറഞ്ഞ നടപ്പാതകളിലും കടവരാന്തയിലുമെല്ലാം നിരവധിപേര്‍ മഫ്‌ലറും മങ്കിക്യാപും അണിഞ്ഞ് കറുത്ത കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കിടപ്പുണ്ട്...


മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം






Thursday, 28 May 2020

തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 2)

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയാണ് കേന്ദ്രകമ്മിറ്റിയില്‍ നടക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി പിബി അംഗീകരിച്ച റിപ്പോര്‍ട്ട്, ഇതിനൊപ്പം ജനറല്‍ സെക്രട്ടറിയുടെ ബദല്‍ നിര്‍ദേശങ്ങള്‍ എല്ലാം ചേര്‍ന്ന് വാര്‍ത്താപ്രാധാന്യം ഏറെയുണ്ടായിരുന്നു കൊല്‍ക്കത്തയിലെ യോഗത്തിന്. അതിനാല്‍ തന്നെ പകല്‍ മുഴുവന്‍ ബംഗാള്‍ സിപിഎം സംസ്്ഥാന സമിതി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവന്റെ പോര്‍ച്ചിലും പുറത്തെ സ്്ട്രീറ്റിലും നിന്ന് ലൈവ് റിപ്പോര്‍ട്ടിങ് തന്നെ. ഇടയില്‍ കിട്ടുന്ന ചെറിയ ഇടവേളകളില്‍ മാര്‍ക്റ്റിലെ ലെതര്‍ ഷോപ്പുകളിലും മറ്റും ജാക്കറ്റും ബാഗും വാലറ്റുമെല്ലാം നോക്കിയും വിലപറഞ്ഞുമെല്ലാം കറങ്ങി നടന്നു.
Sketch Sanub Sasidharan

രാത്രിയില്‍ പക്ഷെ നഗരത്തിലെ അലിമുദ്ദീന്‍ സ്ട്രീറ്റിലും ജെസി ബോസ് റോഡിലും പരിസരപ്രദേശത്തും കറങ്ങിനടന്നു.  അലിമുദ്ദീന്‍ സ്ട്രീറ്റിന് തൊട്ടപ്പുറത്ത് തന്നെയാണ് വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനവും. തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ നഗരം ഉറങ്ങുകയാണ്. കല്ലുപാകിയ ഫുട്പാത്തില്‍ കാര്‍ഡ്‌ബോര്‍ഡിന്റെ ഷീറ്റ് വിരിച്ചും കീറത്തുണി വിരിച്ചുമെല്ലാം കിടക്കുന്ന നൂറുകണക്കിന് പേര്‍. കൊതുകുകടിയില്‍ നിന്ന് രക്ഷപ്പെടാനാവാതെ ശപിച്ച് പിറുപിറുത്ത് എഴുനേറ്റിരുന്ന് ദേഷ്യം തീര്‍ക്കുന്ന ചിലര്‍. ഇവരെല്ലാം പകലുമുഴുവന്‍ റിക്ഷവലിച്ചും തെരുവില്‍ ആക്രിപറക്കിയുമെല്ലാം കഴിയുന്നവരാണ്. രാത്രിയില്‍ ഹോട്ടലടച്ച് ശേഷം അന്നത്തെ മാലിന്യങ്ങള്‍ വലിയ കവറുകളിലാക്കി കളക്റ്റിങ് പോയന്റുകളിലേക്ക് റിക്ഷയില്‍ കൊണ്ടുപോകുന്നവര്‍, യാത്രക്കാരെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍, മഞ്ഞ ടാക്‌സി കാറുകള്‍, അന്നത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി ഗ്യാരേജിലേക്ക് മടങ്ങിയെത്തുന്ന ട്രാമുകള്‍, ചുറ്റിലും പഴക്കം ചെന്ന ചെറിയ ചെറിയ കെട്ടിടങ്ങള്‍. ചെറിയ ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍, വീടുകള്‍. അവയിലെല്ലാം തങ്ങളുടെ ചെറിയ ചെറിയ ദുഖകളും വലിയ സന്തോഷങ്ങളുമായി കഴിയുന്ന ബംഗാളികള്‍....

വൃത്തിഹീനമാണ് കൊല്‍ക്കത്തയുടെ പാതകള്‍. ചളിയും മാലിന്യങ്ങളുമെല്ലാം നിറഞ്ഞ്. ഒരുകാലത്ത് ഇന്ത്യയുടെ തന്നെ തലസ്ഥാനമായിരുന്നു ഈ നഗരമെന്നത് ആശ്ചര്യപ്പെടുത്തും. പൈതൃകനഗരമെന്ന് , ഇന്നും പഴമയുടെ പ്രൗഡി തനിമചോരാതെ നിലനിര്‍ത്തുന്നുവെന്നെല്ലാം പലരും വാഴ്ത്താറുണ്ട് ഈ നഗരസൗന്ദര്യത്തെ. ഈ നഗരത്തിന്റെ സൗന്ദര്യം ഇത് തന്നെയാണ് എന്ന് വേണമെങ്കില്‍ നമുക്ക്് സ്വയമാശ്വസിക്കാനായി പറയാം. പക്ഷെ മനസാക്ഷി അതിന് പൂര്‍ണമായും അനുവദിക്കില്ല. മുപ്പത്തഞ്ച് വര്‍ഷത്തോളം കാലം ഇടത്പക്ഷവും പിന്നെ ഇപ്പോള്‍ തൃണമൂലും മുമ്പ് കോണ്‍ഗ്രസും ഭരിച്ച ബംഗാളിലെവിടെയാണ് മാറ്റമെന്ന് പലവുരു മനസില്‍ ചോദിച്ചു.

കൊല്‍ക്കത്തയുടെ നിരത്ത് പൂര്‍ണമായും വിജനമാകുന്നില്ല. മാതൃഭൂമിയിലെ ക്യാമറാമേന്‍ മുകേഷ് തന്റെ ഗോപ്രോയില്‍ കൊല്‍ക്കത്തയുടെ രാത്രിക്കാഴ്ച്ചകള്‍ ഒന്നൊന്നായി പകര്‍ത്തിക്കൊണ്ടിരുന്നു. എത്രനേരം കൊല്‍ക്കത്തയുടെ തെരുവിലൂടെ ആ രാത്രി പാതിരാ പിന്നിട്ടിട്ടും എത്രനടന്നുവെന്നറിയില്ല.

കഴിഞ്ഞദിവസത്തെ ഉറക്കമില്ലായിമ, പകല്‍ മുഴുവനും ലൈവ് നിന്നതിന്റെ ക്ഷീണം, അടുത്തദിവസം പുലര്‍ച്ചെ വീണ്ടും അതെല്ലാം ആവര്‍ത്തിക്കേണ്ടതിന്റെ ഓര്‍മ...എല്ലാം കൂടി ചേര്‍ന്നപ്പോള്‍ തിരിച്ച് റൂമിലേക്ക് പോകാന്‍ പലരും തിരക്ക് കൂട്ടി. കണ്ട് നടന്ന് മതിയാവാതെ, കൊല്‍ക്കത്തയുടെ രാത്രിവിശേഷങ്ങള്‍ അടുത്തരാത്രിയിലേക്ക് ബാക്കിവെച്ച് തിരികെ ഹോട്ടല്‍ മുറിയിലേക്ക്..
.
...
തെരുവുറങ്ങാത്ത കൊല്‍ക്കത്ത  (ഭാഗം 1) ഇവിടെ വായിക്കാം


Wednesday, 27 May 2020

തെരുവുറങ്ങാത്ത കൊല്‍ക്കത്തയിൽ (ഭാഗം- 1 )


ചില ഇടങ്ങളുണ്ട്. നമുക്ക് ഒറ്റക്ക് പോയാല്‍ പോരെന്ന് ചിന്തിപ്പിക്കുന്നവ. അവിടത്തെ തിരക്കുകളില്‍, തിരക്കൊഴിഞ്ഞ പാര്‍ക്കിലെ ബെഞ്ചില്‍, ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന മാര്‍ക്കറ്റുകളില്‍ എല്ലാം ഒറ്റക്ക് നടന്നാല്‍ പൊരെന്ന് തോന്നിപ്പിക്കുന്ന ചില നഗരങ്ങള്‍.
കൊല്‍ക്കത്ത അത്തരത്തിലൊന്നാണ്.
ട്രാമുകളില്‍, ചവിട്ടിവലിക്കുന്ന റിക്ഷകളില്‍, വിക്ടോറിയ മെമ്മോറിയലിന്റെ മുന്നിലെ പാര്‍ക്കില്‍ കൂടെയിരിക്കാന്‍, കൂടെ സഞ്ചരിക്കാന്‍ ഒരാള്‍ കൂടെ വേണമെന്ന് തോന്നിപ്പിക്കുന്ന നഗരം.
Sketch : Sanub Sasidharan

കൊല്‍ക്കത്ത.
പണ്ട് മുതലേ ഫാസിനേറ്റിങ് നഗരമെന്ന് തോന്നിയിട്ടുണ്ട്. കൂട്ടുകാരിയുമൊത്ത് ഒരിക്കല്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്ന നഗരം. പക്ഷെ ആഗ്രഹിച്ചപോലെയല്ല കൊല്‍ക്കത്ത നഗരത്തിലെത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഔദ്യോഗികആവശ്യത്തിനാണ് കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയത്. കടുത്ത മൂടല്‍ മഞ്ഞ് വടക്കേ ഇന്ത്യയെ വിഴുങ്ങിയ ഒരു ജനുവരിയില്‍.
സിപിഎമ്മിന്റെ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള അവസാനത്തെ, ഏറ്റവും നിര്‍ണായകമായ കേന്ദ്രകമ്മറ്റി റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആ യാത്ര. ക്യമറമാന്‍ സനോജ് കുമാര്‍ ബേപ്പൂരിനൊപ്പം.
വൈകുന്നേരം നാല് മണിക്ക് പുറപ്പെടേണ്ടിയിരുന്ന ഡല്‍ഹി ഹൗറ രാജധാനി മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യാത്ര പുറപ്പെട്ടത് രാത്രി പത്ത് കഴിഞ്ഞശേഷം.
പിറ്റേന്ന് രാവിലെ 10 മണിക്കാണ് തീവണ്ടി കൊല്‍ക്കത്തയിലെത്തേണ്ടത്. എന്നാല്‍ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വൈകിയതിനാല്‍ ഉച്ചകഴിയുമെന്ന് ഏതാണ്ട് ഉറപ്പ്. രാത്രിയില്‍ തീവണ്ടി ഭക്ഷണവും കഥപറയലുമെല്ലാം കഴിഞ്ഞ കിടന്നുറങ്ങി. രാവിലെ ചായയുമായെത്തിയ അറ്റന്റര്‍മാരുടെ വിളി കേട്ടാണ് ഉണര്‍ന്നത്. സമയം 7 മണി ആയിരിക്കുന്നു. തീവണ്ടി നിര്‍ത്തിയിട്ടിരിക്കുകയാണ്. പുറത്തെ കാഴ്ച്ചകള്‍ ഒന്നും വ്യക്തമല്ല. വിസിബിലിറ്റി എന്നത് അത്രമാത്രം കുറവാണ്. ഏറിയാല്‍ ഒരു രണ്ട് മീറ്റര്‍ എന്ന അവസ്ഥ. ജാക്കറ്റ് ധരിച്ച് മെല്ലെ വാതിലിന്റെ അരികിലെത്തി. ആളുകള്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയാണ്. ഏതോ കടുക് പാടത്തിന് നടുവിലാണ് തീവണ്ടി. മുന്നില്‍ നില്‍ക്കുന്ന ആള്‍രൂപങ്ങള്‍ പോലും വെറും മിന്നായം പോലെ തോന്നിക്കുന്നു. തീവണ്ടി എവിടെയത്തി ഒന്ന് ഒരു രൂപവുമില്ല. രാത്രിയില്‍ കൂറേ ദൂരം പിന്നിട്ടിട്ടുണ്ടാകുമെന്ന് ആശ്വസിച്ചു. വൈകിയാലും വൈകുന്നേരത്തോടെ കൊല്‍ക്കത്തയില്‍ എത്തുമെന്ന് ആശ്വസിച്ചു. അരമണിക്കൂറിനുശേഷം ചൂളം വിളിച്ച് തീവണ്ടി മഞ്ഞിനെ വകഞ്ഞ്മാറ്റി മെല്ലെ മുന്നോട്ട് യാത്രയായി. വളരെ പതുക്കെയാണ് യാത്ര. നേരം 9.30 പിന്നിട്ടപ്പോളാണ് അടുത്ത സ്‌റ്റേഷനില്‍ തീവണ്ടി നിര്‍ത്തിയത്. വായിച്ചിരുന്ന പുസ്തകത്തില്‍ നിന്ന് തലയെടുത്ത് സ്റ്റേഷന്റെ പേര് വായിച്ചപ്പോള്‍ അതുവരെയുണ്ടായിരുന്ന എല്ലാ വിശ്വാസവും ആശ്വാസവുമെല്ലാം ആവിയായി. അലഹബാദ് സ്‌റ്റേഷനിലാണ് തീവണ്ടി എത്തിയിരിക്കുന്നത്. ഡല്‍ഹി വിട്ടാല്‍ ആ തീവണ്ടിയുടെ അടുത്ത സ്‌റ്റോപ്പ് അലഹബാദിലാണ്. കഴിഞ്ഞ 12 മണിക്കൂര്‍കൊണ്ടാണ് ഡല്‍ഹിക്ക് ശേഷമുള്ള ആദ്യ സ്റ്റോപ്പില്‍ തീവണ്ടിയെത്തിയത്. അതും അവസാനസ്റ്റേഷനായ ഹൗറയിലെത്തേണ്ട സമയത്ത് !
ഇനിയെപ്പോള്‍ ബാക്കിസ്‌റ്റേഷനുകള്‍ ഓടി തീര്‍ക്കുമെന്ന ചിന്ത, കേന്ദ്ര കമ്മിറ്റിക്ക് മുമ്പ് കൊല്‍ക്കത്തിയിലെത്തുമോയെന്ന ആശങ്ക, എല്ലാംകൂടി ഞങ്ങളെ അസ്വസ്ഥമാക്കി. നമുക്ക് എന്തുചെയ്യാനാവും എന്ന് സനോജിന്റെ സ്വയം ആശ്വസിക്കല്‍.
നേരം പോകും തോറും കാഴ്ച്ചയും മെല്ലെ തെളിഞ്ഞുതുടങ്ങി. തീവണ്ടിയുടെ വേഗതയും കൂടിവന്നു. വൈകുന്നേരത്തോടെ നേതാക്കള്‍ എല്ലാം സമ്മേളനത്തിനെത്തി തുടങ്ങി. കൊല്‍ക്കത്തയില്‍ നിന്ന് വാര്‍ത്തകളും വന്നുതുടങ്ങി. നേരത്തെ അവിടെയെത്തിയ മറ്റ് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് വാര്‍ത്തകള്‍ ശേഖരിച്ചു. മുറിഞ്ഞുപോകുന്ന നെറ്റ് വര്‍ക്ക് ഉപയോഗിച്ച് തീവണ്ടിയിലിരുന്ന് വാര്‍ത്ത കൈമാറി. തീവണ്ടി അപ്പോഴും എപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്ന യാതൊരുവിധ ധാരണയുമില്ലാതെ ഇന്ത്യയുടെ കാര്‍ഷിക ഗ്രാമങ്ങളുടെ വശ്യത കാണിച്ച് അനശ്ചിതമായി വൈകിയോടുന്നു.
മനോഹരമാണ് ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങള്‍. പച്ചപ്പ് നിറഞ്ഞതും വരണ്ട് തരിശ്ശിട്ടതുമായ നിരവധി പ്രദേശങ്ങള്‍. പാടത്ത് ചാണകവറളികൊണ്ടും പുല്ലുമേഞ്ഞുമെല്ലാം നിര്‍മിച്ച കുടിലുകള്‍. അനന്തമായി നീളുന്ന നടവഴികള്‍. പൊട്ടിപൊളിഞ്ഞ് റോഡുകള്‍. സൈക്കളിലും ഉന്തുവണ്ടികളിലുമെല്ലാം കയറി യാത്രചെയ്യുന്ന മനുഷ്യര്‍. പാടത്തും റോഡിലും പറമ്പിലുമെല്ലാം ലകഷ്യമില്ലാതെ ലഞ്ഞ്‌നടക്കുന്ന പശുക്കള്‍, കാളകള്‍. ഒറ്റ്ക്ക് നില്‍ക്കുന്ന മരങ്ങള്‍, ഇലകൊഴിഞ്ഞ് മരച്ചില്ലകള്‍.... മേനോഹരമായ പെയിന്റിങ് പോലയൊണ് പലയിടങ്ങളുമെന്ന് തോന്നിപോകും. ഇരുട്ട് വീഴാന്‍ തുടങ്ങിയതോടെ തീവണ്ടിയുടെ വേഗവും കുറഞ്ഞ് തുടങ്ങി, മഞ്ഞ് വീഴാനും തുടങ്ങി. അപ്പോഴും ഇനിയുമെത്രദൂരമെന്ന് മൊബൈല്‍ ആപ്പില്‍ നോക്കി ഇരിക്കുകയാണ് സനോജ്.
18 മണിക്കൂര്‍ വൈകി, പുലര്‍ച്ചെ നാല് മണി കഴിഞ്ഞു ഹൗറ സ്റ്റേഷനിലെ 5 ആം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക 30 മണിക്കൂര്‍ നീണ്ടയാത്രയ്‌ക്കൊടുവില്‍ രാജധാനി ഓടിത്തളര്‍ന്ന് വന്ന് നിന്നപ്പോള്‍....

നീണ്ടയാത്രയുടെ ക്ഷീണത്തില്‍ ലൈവ് യുവും ക്യാമറയും ട്രൈപ്പോഡും ബാഗുമെല്ലാം തൂക്കി പുറത്തിറങ്ങി ടാക്‌സിക്കായി ഉള്ള കാത്ത് നില്‍പ്പ്. ഇനി വെറും രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ മോണിങ് ഷോയില്‍ ലൈവിന് കയറി നില്‍ക്കണ്ടെയെന്ന ചിന്തയും ഉറക്കക്ഷീണവുമായി ഞങ്ങള്‍ പാര്‍ക്ക് സ്ട്രീറ്റിന് സമീപത്തെ ഹാട്ടലിലേക്ക് യാത്രയായി. രാത്രിയുടെ കൊല്‍ക്കത്ത അത്രമനോഹരിയല്ലെന്ന് മനസിലാക്കി തന്ന കാഴ്ച്ചകള്‍. റോഡരികലും പാലത്തിന്റെ ചുവട്ടിലും അരിക് ചേര്‍ത്ത് നിര്‍ത്തിയ സൈക്കിള്‍ റിക്ഷകളിലുമെല്ലാം ചുരുണ്ട് കൂടിയുറങ്ങുന്ന ആളുകള്‍....

Wednesday, 23 January 2019

വയലട - സഞ്ചാരികളുടെ കേന്ദ്രം

വയലട, കോഴിക്കോട് നിന്ന്  38 കിലോമീറ്റര് അകലെ, അധികം ആരും എത്തിപ്പെട്ടിട്ടില്ലാത്ത വിനോദസഞ്ചാരകേന്ദ്രം.
ബാലുശ്ശേരി, താമരശ്ശേരി എന്നീറൂട്ടുകളിലൂടെ വയലടയിലെത്താം.
വയലടയിലെ പാറമുകളില് കയറി നിന്നാല് അകലെ കക്കയം ഡാമുംidhara റിസര് വോയറും കാണാം.

https://sanubsasidharan.blogspot.com/2019/01/vayalada-less-explored-destination.html

കാണു ദൃശ്യങ്ങള്



#sanubsasidharan #travelogue 

Friday, 17 November 2017

പ്രഭാതകിരണമേറ്റ് ഝലം നദി.... (കശ്മീർ പാർട് 4)


ഒരു നഗരത്തെ അറിയണമെങ്കിൽ തിരക്കൊഴിഞ്ഞ ആ നഗരത്തിലൂടെ ഇറങ്ങി നടക്കണം. പ്രഭാത നടത്തമായോ അത്താഴത്തിനുശേഷമുള്ള നടത്തത്തിലൂടെയോ  നഗരത്തിൻറെ ഭാഗമാകണം. എന്നാലെ ആ നഗരത്തെ അടുത്തറിയൂ. അപ്പോഴെ യഥാർത്ഥ നഗരത്തെ കാണാനാവൂ. തിരക്കിലേക്ക് നഗരമിറങ്ങുമുമ്പ് തന്നെ. സഞ്ചാരിയായും മറ്റും പലയിടത്ത് ചെന്നപ്പോഴും അതിരാവിലെയോ രാത്രിയിലോ നഗരത്തെ കാണാൻ നടക്കാനിറങ്ങിയിരുന്നു. ശ്രീനഗറിനെ അറിയണമെങ്കിലും ഇറങ്ങി നടക്കണം. സൂര്യനുണരുമുമ്പേ നഗരത്തെ കാണണം. തലേന്നാളത്തെ അവശിഷ്ടങ്ങൾ പേറിയുള്ള നഗരത്തെ അറിയണം. ചെറിയചായക്കടയിലിരുന്ന ചൂടാറാത്ത ചായ ഊതി ഊതി കുടിക്കണം. ചുറ്റുമുള്ള നഗരത്തെ, മനുഷ്യരെ അടുത്തുകാണണം. 

രാംബാഗിലെ ഹോട്ടലിലേക്ക് പോകുമ്പോൾ തന്നെ കാഴ്ച്ചയിലുടക്കിയതാണ് ഝലത്തിന് കുറുകെയുള്ള മരപ്പാലം. സീറോ ബ്രിഡ്ജ് എന്നാണ് ആ പാലത്തിൻറെ പേര്. കാലത്ത് നടക്കാനിറങ്ങാൻ പറ്റിയസ്ഥലമെന്ന് കണ്ടമാത്രയിലേ മനസിൽ കുറിച്ചിട്ടു.
 
സീറോ ബ്രിഡ്ജ്. 
ഝലം നദിക്ക് കുറുകെ മരത്തിൽ തീർത്ത അതിമനോഹരമായ പാലം. ഇരുകരകളേയും ബന്ധിപ്പിക്കുന്ന വെറുമൊരുപാലം മാത്രമല്ല സീറോ ബ്രിഡ്ജ്. മറിച്ച് സായാഹ്നങ്ങൾ ചെലവിടാനുള്ള ഒരു പാർക്ക് തന്നെയാണ് സീറോ ബ്രിഡ്ജ്. ഇരിപ്പിടങ്ങളും ചെറിയകടകളുമെല്ലാം സീറോ ബ്രിഡ്ജിലുണ്ട്. മാത്രവുമല്ല, പാലത്തിലെ വിളക്കുകാലുകളിലെല്ലാം  തൂങ്ങികിടക്കുന്ന ചെടിചട്ടികൾ...

ശ്രീനഗറിലെ രാജ്ബാഗ് ടൌണിൽ തന്നെയാണ് സീറോ ബ്രിഡ്ജ് സ്ഥിതിചെയ്യുന്നത്. രാവിലേയും വൈകുന്നേരവും നിരവധി പേരാണ് സീറോ ബ്രിഡ്ജിൽ നടക്കാനായും കൂട്ടുകാർക്കൊപ്പം സമയം ചിലവഴിക്കാനുമായും എത്തുന്നത്.

കശ്മീർ സന്ദർശനത്തിൻറെ രണ്ടാം ദിവസം അതിരാവിലെ തന്നെ നോബിളും ഞാനും നടക്കാനിറങ്ങി. ലക്ഷ്യം സീറോ ബ്രിഡ്ജ് തന്നെ. ഹോട്ടലിൽ നിന്ന് നടക്കാനുള്ള ദൂരമേയുള്ളു. ഏകദേശം 400 മീറ്റർമാത്രം. സൂര്യൻ ഉദിക്കാനൊരുങ്ങുന്നതേയുള്ളു. ചെറിയ പുലർകാല തണുപ്പുണ്ട്, ചെറിയ മഞ്ഞും. നഗരത്തിലെ പാതകൾ സജീവമായി തുടങ്ങിയിട്ടില്ല. പക്ഷെ അതിരാവിലെ തന്നെ നഗരം വൃത്തിയാക്കാനായി കോർപറേഷൻ ജീവനക്കാർ സജീവമായിക്കഴിഞ്ഞു. റോഡുകൾ അടിച്ചുവൃത്തിയാക്കുന്നവർ, മാലിന്യം വാരുന്നവർ... നീണ്ട ചൂലും കൊണ്ട് റോഡിലെ മാലിന്യങ്ങളും പൊടികളുമെല്ലാം അടിച്ചുമാറ്റുന്നു. തള്ളിക്കൊണ്ടുവരുന്ന വണ്ടിയിലേക്ക് കോരിയിടുന്നു. ഹോട്ടൽ മാലിന്യങ്ങളും ആശുപത്രിമാലിന്യങ്ങളുമെല്ലാം വാരിക്കൂട്ടി ലോറിയിലാക്കുന്നു മറ്റുചിലർ. ഒരു നഗരത്തെ മനോഹരിയാക്കുന്നവർ ശരിക്കും ഇവരല്ലേ. നമ്മൾ വൃത്തിക്കേടാക്കി സ്ഥലം വിടുമ്പോൾ പിന്നെയും നമുക്ക് വൃത്തിക്കേടാക്കാനായി, വിരുന്നെത്തുന്നവർക്ക് മനം മടുപ്പിക്കാതെ കണ്ടാസ്വദിക്കാൻ നഗരത്തെ സുന്ദരിയാക്കുന്ന ഇവരല്ലെ ശരിക്കും നഗരത്തിൻറെ കാവലാൾ.

സമീപത്ത് കൂടി കടന്നുപോയപ്പോൾ അടിച്ചുവാരൽ തൽക്കാലം നിർത്തി. പൊടിയടിച്ച് നമുക്ക് അസ്വസ്ഥതയുണ്ടാക്കാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. തൊട്ടടുത്തെത്തിയപ്പോൾ ഷാളുകൊണ്ട് പാതിമറച്ച മുഖമുയർത്തി അവർ ചിരിച്ചു. ഖുദാഫിസ് പറഞ്ഞ് നടന്നു. നന്ദിയും വീണ്ടുകാണാമെന്നാണ് ഖുദാഫിസ് എന്ന കശ്മീരിവാക്കിൻറെ അർത്ഥം. ബാംഗ്ലൂരിലെ പഠനകാലത്ത് കശ്മീരിയായ പഴയ സീനിയർ പഠിപ്പിച്ചു തന്ന വാക്കാണ്. കേൾക്കുമ്പോഴും പറയുമ്പോഴും ഒരു ഭംഗിയും കൌതുകവും തോന്നുന്ന ഒരു വാക്ക്. ഫിർദൌസിനോടും ലിയാഖത്തിനോടും അവസരം കിട്ടുമ്പോഴൊക്കെ എടുത്തുപയോഗിച്ചിട്ടുണ്ട് ഖുദാഫിസ് എന്നപദം.

നടന്ന് സീറോ ബ്രിഡിജിൻറെ ഗെയ്റ്റിലെത്തി. ബ്രിഡ്ജിൻറെ വലിയ കവാടം തുറന്നിട്ടില്ല. ഞങ്ങളെ കടന്നുപോയ ചേട്ടൻ സൈഡിലെ ചെറിയ ഗെയിറ്റ് തള്ളിതുറന്നു. സ്ഥിരം പ്രഭാതസവാരിക്കാരനാണ് ചേട്ടനെന്നുതോന്നുന്നു. അകത്തുകയറിയ ചേട്ടൻ വലിയ ഗെയിറ്റും തുറന്നിട്ട് വ്യായാമം ആരംഭിച്ചു. അകത്തുകയറിയ ഞങ്ങൾക്ക് നല്ല ആശ്ചര്യം പകരുന്നതായിരുന്നു പാലത്തിലെ കാഴ്ച്ചകൾ. അകലെ നിന്ന് കണ്ടതുപോലെയല്ല. നല്ലകൊത്തുപണികൾ കൊണ്ട് അതിമനോഹരിയാണ് സീറോ ബ്രിഡ്ജ്. പതിറ്റാണ്ടിൻറെ പഴക്കമുണ്ട് സീറോ ബ്രിഡിജിന്. പക്ഷെ ഇപ്പോഴത്തേത് പുതിയതാണ്. പഴയപാലം കേടുവന്നുപോയതോടെ ഒരു വർഷം മുമ്പാണ് ഇപ്പോൾ കാണുന്നപാലം പണിതത്. മുൻ മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയ്യീദിൻറെ ഓർമയ്ക്കായാണ് ഈ പുതിയ പാലം സമർപ്പിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലാണെന്ന് തോന്നുന്നു പഴയ സീറോ ബ്രിഡ്ജ് തകർന്ന് പോയത്. നല്ല വീതിയുണ്ട് പാലത്തിന്. അങ്ങിങ്ങായി നിറയെ മരത്തിൻറെ ബെഞ്ചുകൾ. കൂടാരം പോലെ കെട്ടിയ വിശ്രമകേന്ദ്രങ്ങൾ, ചെറിയ റെസ്റ്റോറൻറുകൾ...
റെസ്റ്റോറൻറുകളും ചായക്കടകളും പക്ഷെ അടഞ്ഞ് കിടക്കുകയാണ്. പാലത്തിലൂടെ ഒരു റൌണ്ട് നടന്നു. പിന്നെ പാലത്തിൻറെ നടുവിലായി നദിയിലേക്ക് കണ്ണും നട്ട് ഒരു ബെഞ്ചിലിരുന്നു. പാലത്തിനുതാഴെ ശാന്തമായി ഝലം നദിയൊഴുകുന്നു. വശങ്ങളിൽ വലിച്ചുകെട്ടിയ ഹൌസ് ബോട്ടുകളും ചെറുവഞ്ചികളും. ഓരോ ഹൌസ് ബോട്ടുകളിലേക്കും ഇറങ്ങിചെല്ലാൻ തീരത്ത് സ്റ്റെപ്പുകളുണ്ട്. നിരവധി കയറുകൾകൊണ്ടാണ്
ഹൌസ് ബോട്ട് തീരത്തെ മരകുറ്റികളോട് വലിച്ചുകെട്ടിയിരിക്കുന്നത്. ഇവ പക്ഷെ സഞ്ചാരികളെ കാത്ത് കിടക്കുന്ന ഹൌസ് ബോട്ടുകളല്ല, മറിച്ച് വീടുകളാണ്. മക്കളും പേരമക്കളുമായി നിരവധി പേർ കഴിയുന്ന വീടുകൾ, ഓളപരപ്പിൽ ആടിക്കളിക്കുന്ന കായൽ വീടുകൾ. കറൻറും ടിവിയും വാഷിങ്മെഷിനുമെല്ലാമുണ്ട് ഈ കായൽ വീടുകളിൽ. ഇത്തരം വീടുകൾ വെക്കാൻ സ്ഥലത്തിൻറെ ആവശ്യമില്ലയെന്നൊരു ഗുണമുണ്ട്. ഹൌസ് ബോട്ട് വാങി വീടാക്കിമാറ്റാൻ പക്ഷെ വലിയചിലവുണ്ട്. ലക്ഷങ്ങൾ വിലയുണ്ട് ഹൌസ് ബോട്ടിന്. ചിലർ പഴയത് വാങ്ങുമ്പോൾ മറ്റ് ചിലർ പുതിയ ഹൌസ്  ബോട്ട് നിർമിക്കുന്നു. എന്നിട്ട് അതിൻറെ ഒരു ഭാഗം താമസിക്കാനുള്ള വീടായും ഒരുഭാഗം സഞ്ചാരികൾക്കായും മാറ്റിവെക്കുന്നു. താമസത്തിനൊപ്പം വരുമാനമാർഗവുമാകുമത്. രാവിലെതന്നെ ഹൌസ് ബോട്ടിലെ അന്തേവാസികൾ ഉണർന്നിരിക്കുന്നു.  ഉണർന്നെണീറ്റശേഷം പുറത്തുവന്ന് കയറുകൾ ഒന്നുകൂടെ വലിച്ച് മുറുക്കികെട്ടും. വെള്ളത്തിൻറെ അളവ് കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് കയറിൻറെ കെട്ടിലും മറ്റം വരുത്തും.
ഹൌസ് ബോട്ടിൻറെ കൌതുകകാഴ്ച്ചയിലേക്ക് പടിയിറങ്ങി രണ്ട് വിദേശികൾ ക്യമറയും തൂക്കിയിറങ്ങി. അവരെ സന്തോഷത്തോടെ സ്വീകരിച്ചു ബോട്ടിൻറെ കയറുകെട്ടികൊണ്ടിരുന്ന മധ്യവയസ്ക്കൻ. അതിഥികളെ ചായകൊടുത്തു സ്വീകരിച്ച് നല്ല ആതിഥേയയായി വീട്ടമ്മ. ബോട്ടിനകത്ത് കയറി പുറത്തെ തുറന്ന ജാലകത്തിനരികൽ വന്ന് ചായയും കുടിച്ച് കായലും കണ്ട് ഫോട്ടോയുമെടുത്താണ് ഇരുവരും മടങ്ങിയത്.

ഹൌസ് ബോട്ടിൻറെ വക്കത്തിരുന്ന് ചൂണ്ടയിടുന്നുണ്ട് ചിലർ. മറ്റുചിലർ ചെറുവഞ്ചിയിൽ എന്തെല്ലാമോ അടുക്കിവെക്കുന്നു. കച്ചവടത്തിനുള്ള സാധനങ്ങളാകണം. ഇതിനിടയിൽ നദിയിൽ നിന്ന് വാരിയ മണലുമായി ഒരു വലിയ വള്ളവും പാലത്തിനടിയിലൂടെ തുഴഞ്ഞുപോയി. ഇവിടെ സർക്കാർ തന്നെയാണ് നദിയിലെ മണൽ വാരുന്നത്. നമ്മുടെ നാട്ടിലെ പോലെ നദികളെ കൊല്ലാകൊലചെയ്യുന്ന മണൽ വാരലിവിടെയില്ല. ആവശ്യത്തിനുള്ളത് മാത്രം വാരും. നദികൾ സംരക്ഷിക്കപെടേണ്ടവയാണ്, അവ ജീവൻറെ നിലനിൽപ്പിന് അത്യാവശ്യമാണെന്ന ഉത്തമബോധ്യം കശ്മീരികൾക്കുണ്ട്. ഝലം നദിയുടെ സംരക്ഷണത്തിലൂടെയും ദാൽ തടാകത്തിൻറെ സംരക്ഷണത്തിലൂടെയും അവരത് നമ്മുക്ക് കാട്ടിതരുന്നുണ്ട്.

അൽപനേരം ഝലനദിയുടെ കാഴ്ച്ചകൾ ആസ്വദിച്ച് മെല്ലെ എഴുന്നേറ്റു. അപ്പോഴേക്കും നിരവധി പേർ നടക്കാനായി എത്തിയിരുന്നു. സ്ക്കൂൾ വിദ്യാർത്ഥികളടക്കമുള്ള നിരവധി പേർ പാലത്തിലൂടെ മറുകരയിലേക്ക് കൂട്ടമായി നടന്നുനീങ്ങുന്നു. നദിയുടെ മറുകരയിൽ ഒരു ഇറിഗേഷൻ
പദ്ധതിയുടെ ഭാഗമായുള്ള ഷട്ടറുകൾ ഉണ്ട്. പാലം കടന്ന് മറുകരയിലേക്ക് എത്തി. വീതിയേറിയ റോഡ്. റോഡരികിലാണ് കശ്മീരിലെ പ്രബലപാർട്ടിയായ നാഷണൽ കോൺഫറൻസിൻറെ ശ്രീനഗറിലെ പ്രധാന ആസ്ഥാനം. കനത്തസുരക്ഷയാണ് സംസ്ഥാനം ഭരിച്ചിരുന്ന, ഇപ്പോൾ പ്രതിപക്ഷത്തിലുള്ള നാഷണൽ കോൺഫറൻസിൻറെ സംസ്ഥാനസമിതി ഓഫീസ്. അകത്തേക്ക് കടക്കണമെങ്കിൽ നമ്മുടെ നാട്ടിലെ തിയ്യേറ്ററുകളിലെ ടിക്കറ്റ് കൌണ്ടറുപോലെ ഒരു ചെറിയ ഇടനാഴിയിലൂടെ കടന്നുപോകണം. കമ്പിവേലിയും മറ്റും കൊണ്ട് കനത്തസുരക്ഷയാണ് ഈ ഇടനാഴിക്ക് പോലും. സധാജാഗരൂകരായി പട്ടാളക്കാർ നിറതോക്കുമായി കാവൽ നിൽക്കുന്നു. കനത്തസുരക്ഷയിൽ നാഷണൽ കോൺഫറൻസിൻറെ പാർട്ടി പതാക ഉയരത്തിൽ പാറി പറക്കുന്നു. ജമ്മു ആൻറ് കശ്മീരിൻറെ രാഷ്ട്രീയചിത്രത്തിൽ നാഷണൽ കോൺഫറൻസിനുള്ള പങ്ക് ഏറെവലുതാണ്. കശ്മീരിൻറെ ഗർജിക്കുന്ന സിംഹമെന്നറിയപ്പെടുന്ന ഷെയ്ഖ് അബ്ദുള്ള രൂപം നൽകിയ ഈ പാർട്ടി രൂപമെടുത്തത് സ്വാതന്ത്ര്യത്തിനും പതിറ്റാണ്ട് മുമ്പാണ്. പ്രത്യേക ഭരണഘടനാപദവിയുള്ള കശ്മീരിൻറെ ആദ്യ പ്രധാനമന്ത്രിയായിരുന്നു ഷെയ്ഖ് അബ്ദുള്ള. (സ്വാതന്ത്ര്യത്തിനുശേഷം പ്രത്യേക ധാരണപ്രകാരം ഇന്ത്യയുടെ ഭാഗമായ കശ്മീരിന് ആദ്യം മുഖ്യമന്ത്രി പദമായിരുന്നില്ല, മറിച്ച് പ്രധാനമന്ത്രി പദവിയായിരുന്നു. 75 മുതലാണ് പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി സ്ഥാനം കശ്മീരിൽ വന്നത്. അന്നും ഷെയ്ഖ് അബ്ദുള്ള മുഖ്യമന്ത്രി പദവിയിലെത്തി, മരണം വരേയും ആ പദവിയിൽ അദ്ദേഹം തുടർന്നു) അദ്ദേഹത്തിൻറെ കാലശേഷം മകനായ ഫാറൂഖ് അബ്ദുള്ളയും കൊച്ചുമകൻ ഒമർ അബ്ദുള്ളയുമാണ് പാർട്ടിയെ നയിക്കുന്നത്. ഫാറൂഖ് അബ്ദുള്ള നിലവിൽ ലോക് സഭ അംഗവും ഒമർ നിമസഭാ അംഗവുമാണ്. ഇരുവരും കശ്മീരിൻറെ മുഖ്യമന്ത്രിപദവിയും അലങ്കിരിച്ചിരുന്നു.

വീതിയേറിയ റോഡിൻറെ മറ്റേ അറ്റത്ത് പട്ടാളത്തിൻറെ ചെക്ക് പോസ്റ്റാണ്. സിആർപിഎഫ് ജവാൻമാർ കടന്നുപോകുന്ന മുഴുവൻ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. ചെക്ക് പോസ്റ്റ് കടന്നുപോകുന്നവരേയും സസൂക്ഷ്മം നിരീക്ഷിക്കുന്നു. ചെക്ക് പോസ്റ്റിന് സമീപത്ത് തന്നെ പട്ടാളക്കാർക്ക് താമസിക്കാനുള്ള ചെറിയ മുറിയും ഉണ്ട്. ഞങ്ങൾ കടന്നുപോകുമ്പോഴും എകെ 47 മായി കാവൽ നിൽക്കുന്ന പട്ടാളക്കാർ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെങ്കിലും ചോദ്യം ചെയ്യലോ പരിശോധനയോ ഉണ്ടായില്ല. കുറച്ചുനേരം അവിടെ ചുറ്റിതിരിഞ്ഞ് നിന്നശേഷം മടങ്ങി.
സീറോ ബ്രിഡ്ജിൻറെ സമീപത്തെ തൻവീറിൻറെ ചെറിയ ചായക്കട സജീവമായി കഴിഞ്ഞു. രാവിലത്തെ നടത്തത്തിനും വ്യായമത്തിനും ശേഷം ചായക്കുടിക്കാനെത്തിയവരും ജോലിക്കായി പോകുന്നവരുമെല്ലാം കാലത്തെ ചായക്കായി കാത്ത് നിൽക്കുന്നു. ചെറിയ സ്വെറ്ററിട്ടിട്ടുണ്ട് തൻവീർ. തണുപ്പ് കാലമെത്തിയിട്ടില്ലെങ്കിലും ജീവിതത്തിൻറെ ഭാഗമായിരിക്കുന്നു ഇവർക്ക് സ്വെറ്റർ.

ഇഞ്ചിയിട്ട നല്ല രണ്ട് ചായ തന്നു തൻവീർ. മെല്ലെ തിരക്ക് ഒഴിഞ്ഞുതുടങ്ങി. എത്രതിരക്കാണെങ്കിലും ഓരോരുത്തരുക്കും പ്രത്യേകം പ്രത്യേകം ചായവെച്ചുകൊടുക്കും തൻവീർ. അധികം സംസാരിക്കില്ല തൻവീർ. ചോദിക്കുന്നതിന് മാത്രം മറുപടി പറയുന്ന ഒരു പ്രകൃതം. പരിചയമില്ലാത്തവരോട് പൊതുവെ കശ്മീരികൾ ഇങ്ങനെയാണ്. ജീവിതം അവരെ പഠിപ്പിച്ച പാഠങ്ങളിലൊന്നാണിത്. ആരെ വിശ്വസിക്കണമെന്ന്, ആരെ അവിശ്വസിക്കണമെന്ന് യാതൊരുവിധ രൂപവുമില്ലാതാക്കിയ ഇവരുടെ കഴിഞ്ഞകാല ജീവിതം പകർന്നുനൽകിയ വലിയ പാഠം.

തൻവീറിൻറെ കടയിൽ ചായയും ബിസ്ക്റ്റും പിന്നെ സിഗരറ്റും മാത്രമാണ് വിൽപനയ്ക്കുള്ളത്. ഫോർ സ്ക്വയർ എന്ന ബ്രാൻറ് സിഗരറ്റ് മാത്രം. പണ്ട് നയൻ മോംഗിയയും വിനോദ് കാംബ്ലിയുമെല്ലാം ബാറ്റിൽ ഒട്ടിച്ചിരുന്ന പരസ്യത്തിലൂടെ മാത്രം പരിചിതമായ പേര്. അതൊരു സിഗരറ്റിൻറെ പേരാണെന്ന് പക്ഷെ നോബിൾ അറിഞ്ഞത് ഇപ്പോൾ മാത്രമായിരുന്നുവത്രേ, ബാറ്റ് നിർമാതാക്കളുടെ കമ്പനിപേരാണ് ഫോർ സ്ക്വയറെന്നായിരുന്നു അവൻറെ തെറ്റിദ്ധാരണ.
കടയിൽ ഞങ്ങൾക്ക് പുറമെ ഇപ്പോൾ മറ്റ് രണ്ട് പേർകൂടി ഉണ്ട്. അവരുടെ കയ്യിൽ ഒരു പ്രത്യേകതരം മരത്തിൻറെ യന്ത്രം. കൈക്കൊണ്ട് കോട്ടൺ നെയ്യുന്നതിനുള്ള യന്ത്രമാണത്രേ. ആദ്യമായാണ് അത്തരമൊരുയന്ത്രം ഞാൻ കാണുന്നത്. കശ്മീരി വശമില്ലാത്തത്കൊണ്ട് അതിൻറെ പ്രവർത്തനം ചോദിച്ച് മനസിലാക്കാനായില്ല. (പിന്നീടൊരിക്കൽ ആ യന്ത്രം ഉപയോഗിച്ച് കോട്ടൺ നെയ്യുന്ന വീഡിയോ നോബിൾ അയച്ചുതന്നു.) ഇപ്പോഴും ഇത്തരം യന്ത്രങ്ങളുമായി പണിയെടുക്കുന്നവർ ഉണ്ടെന്നത് കൌതുകത്തിനപ്പുറം അവരുടെ ജീവിതത്തെ കുറിച്ചും ഓർമിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ നെയ്ത്തുകാർ സഹകരണസംഘങ്ങളായുമെല്ലാം പ്രവർത്തിച്ചിട്ടും ദുരിതകയത്തിൽ തുടരുമ്പോൾ ഇങ്ങനെ അസംഘടിതരായ ഇവരുടെ ജീവിതം എങ്ങനെയായിരിക്കുമെന്നചിന്ത ശേഷിക്കുന്നു. പ്രത്യേകിച്ച് ബ്രാൻറഡ് വസ്ത്രങ്ങൾക്കുപിന്നാലെ ഞാനും നിങ്ങളുമെല്ലാം സഞ്ചരിക്കുമ്പോൾ ഇത്തരം തൊഴിലാളികളുടെ കാര്യം എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേ?  

അതിനിടെ ഞങ്ങൾക്കുള്ള ചായ തയ്യാറാക്കി രണ്ടുചെറിയ ഗ്ലാസിലാക്കി ഞങ്ങൾക്കുനേരെ നീട്ടി തൻവീർ. ഒപ്പം രണ്ട് ബിസ്കറ്റുകളും.
തൻവീർ ചായയിൽ ഇഞ്ചിമാത്രമല്ല കറുകപട്ടയും ഇടുന്നുണ്ട്. ഒരു പ്രത്യേകരുചിയാണ് ആ ചായക്ക്. കണ്ടാൽ നല്ല കടുപ്പം തോന്നും. പക്ഷെ കുടിക്കുമ്പോൾ അത്ര കടുപ്പമല്ല. ലൈറ്റ് ചായ മാത്രം കുടിക്കുന്ന എനിക്ക് പക്ഷെ കടും വർണത്തിലുള്ള ചായകണ്ടപ്പോൾ ചെറിയ ആശങ്കതോന്നിയെങ്കിലും കുടിച്ചപ്പോൾ ആ ആശങ്കയെല്ലാം മാറി. നല്ല ചായ നൽകിയ തൻവീറിനോട് നന്ദി പറഞ്ഞ് അന്നത്തെ പ്രഭാത നടത്തം അവസാനിപ്പിച്ച് ഹോട്ടലിലേക്ക് നടന്നു.

സീറോ ബ്രിഡ്ജിലപ്പോഴും തിരക്ക് ഏറികൊണ്ടിരുന്നു. കലപിലകൂട്ടി കടന്നുപോകുന്ന വിദ്യാർത്ഥികൾ, ജോലിക്ക് തിരക്കിട്ടോടുന്ന ജോലിക്കാർ, വ്യായമം തുടരുന്ന സൈനികരടക്കമുള്ളവർ....
പാലത്തിനപ്പുറത്ത് വൃത്തിയാക്കിയിട്ട നഗരത്തിൽ കച്ചവടക്കാരും സാധാരണക്കാരമെല്ലാം സജീവമായി. കടകൾ തുറന്നുവരുന്നു.   സൈനികവാഹനങ്ങളും നിറതോക്കുകളേന്തിയ സുരക്ഷാജിവനക്കാരും നിരത്ത് കീഴടക്കിക്കഴിഞ്ഞു. സുരക്ഷയുടെ അരക്ഷിതാവസ്ഥയിൽ ശ്രീനഗർ തിരക്കേറിയ മറ്റൊരുദിവസത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങി...



Saturday, 30 September 2017

മുഗളൻറെ തോട്ടങ്ങളും ചിനാറിൻറെ തണലും... (കശ്മീർ - പാർട്ട് 2)


ശ്രീനഗറിലെ കാഴ്ച്ചകളിലേക്കാണ് ആദ്യം.
മുഗളൻറെ പൂന്തോട്ടങ്ങളും ദാൽ തടാകവും ഝലം നദിയും അതിരിടുന്ന ശ്രീനഗർ. വാർത്തകളിൽ ടൂറിസത്തേക്കാൾ തീവ്രവാദി ആക്രമണങ്ങളാൽ ഇടം നേടിയ സ്ഥലനാമം.
ജമ്മു കശ്മീരിൻറെ വേനൽക്കാല തലസ്ഥാനഗരമാണ് ഇത്. ഝലം നദിയുടെ അരികുചേർന്ന് ഒട്ടും സ്വച്ഛമല്ലാതെ കിടക്കുന്ന നഗരം. മറ്റ് സംസ്ഥാനതലസ്ഥാനങ്ങളെപോലെ അത്ര തിരക്കേറിയതല്ല ശ്രീനഗർ. സാധാരണക്കാരേക്കാൾ കൂടുതൽ സൈനികയൂണിഫോമിലുള്ളവർ വാഴുന്ന നഗരം. തെരിവുകളിലെല്ലാം തലങ്ങും വിലങ്ങും ഓടുന്ന സൈനികവാഹനങ്ങൾ. നീട്ടിപിടിച്ച തോക്കുകളുമായി സധാജാഗരൂകരായി നിലയുറപ്പിച്ചിരിക്കുന്ന സൈനികരും അർദ്ധസൈനികരും പൊലീസും. വന്നിറങ്ങുന്ന ആരിലും ഭയം വിടർത്താൻ ഉതകുന്ന കാഴ്ച്ചകൾ.  ഭയപാടില്ലാതെ ശ്രീനഗറിൽ വന്നെത്തുന്നവർ വിരളമാണെന്ന് മെഹ്റാജ് പറഞ്ഞു. കൂട്ടത്തിൽ ഒരു ചോദ്യവും
നിങ്ങളുടെ മനസിൽ കശ്മീരിലേക്ക് വരുമ്പോൾ എന്തായിരുന്നു വികാരം?
ഒട്ടും ശങ്കിക്കാതെ പേടിയെന്ന് നോബിൾ.
ശരിയാണ് വാർത്തകൾ കാണുന്ന ഏതൊരു ആളുടേയും വികാരം മറിച്ചാകില്ല.
90 കളുടെ അവസാനം മുതൽ കശ്മീർ അശാന്തിയുടെ താഴ്വരയാണ്. ഒരിക്കലും നിലച്ചിട്ടില്ലാത്ത വെടിയൊച്ചകൾ, സ്ഫോടനങ്ങൾ,കൊലപാതകങ്ങൾ, മനുഷ്യാവകാശലംഘനങ്ങൾ....
47 ലെ വിഭജനവും അതിനുശേഷം ഇന്ത്യയുടെ ഭാഗമായി നിന്നതിൻറേയും ബാക്കിപത്രമാണ് ഈ അശാന്തി.

ഓരോദിവസവും കശ്മീരിൻറെ പുലരി പിറന്നിരുന്നത് പല വീടുകളിൽ നിന്നുള്ള പൊട്ടിക്കരച്ചിലുകളോടെയായിരുന്നു. എന്നും ആരെങ്കിലുമൊക്കെ കശ്മീരിൽ കൊല്ലപ്പെട്ടുകൊണ്ടിരുന്നു. ചിലപ്പോൾ സൈന്യത്തിൻറെ വെടിയേറ്റ്, അല്ലെങ്കിൽ തീവ്രവാദികളുടെ വെടിയേറ്റ്... ഝലം നദിയുടെ ഏതെങ്കിലും തീരത്ത് വെടിയുണ്ടയേറ്റ് തുളഞ്ഞ്, രക്തത്തിൽ കുളിച്ച ശവശരീരങ്ങൾ നിത്യകാഴ്ച്ചകളായിരുന്നു. മരിച്ചവരുടെ പേരുകൾക്ക് മാത്രമായിരുന്നു മാറ്റം, മരണകാരണങ്ങൾക്കില്ലായിരുന്നു.

ദിവസങ്ങൾ പഴക്കമുള്ള അജ്ഞാതയുവാക്കളുടെ ജഡങ്ങൾ ഝലത്തിൻറേയും ദാലിൻറേയും തീരത്ത് അടിഞ്ഞുകൂടുന്നത് ഇപ്പോൾ പഴയത്പോലെ നിത്യകാഴ്ച്ചയല്ല. പക്ഷെ കശ്മീരിലെ പ്രശ്നങ്ങൾ മാത്രം അവസാനിച്ചില്ല. ഝലത്തിലൂടെ ഒഴുകിപോയ വെള്ളത്തിനൊപ്പം കശ്മീർ ജനതയുടെ മനസ് ഒഴുകിപോയില്ല, മറിച്ച് ഇന്ത്യൻ സർക്കാരിൻറെ നിലപാടുകൾക്കെതിരെ അവർ കൂടുതൽ മുഖം കടുപ്പിച്ചു. അല്ലെങ്കിൽ രാജ്യം അവരോട് സ്വീകരിച്ച രാഷ്ട്രീയനിലപാടുകൾ അവരെ അകറ്റിക്കളഞ്ഞു. അതിനാൽ തന്നെ സൈനികരെ കാണുമ്പോൾ പലപ്പോഴും കശ്മീരികൾ മുഖം തിരിക്കും, പ്രതിഷേധിക്കും. അനന്ത്നാഗിലും ബന്ദിപ്പോരിലും അവർ സൈന്യത്തിന് നേരെ കല്ലെറിയും.
ഈ ചിത്രങ്ങളൊക്കെ മതി ശരാശരി മനുഷ്യനെ കശ്മീരിനെ ഭയത്തോടെ കാണാൻ. കശ്മീരിലേക്ക് തിരിക്കുംമുമ്പ് ആയിരംവട്ടം ചിന്തിപ്പിക്കാൻ.

നോബിളിൻറെ മറുപടിയിൽ മെഹ്റാജിന് അത്ഭുതം തോന്നിയില്ല. എന്നാൽ ഇതൊന്നുമല്ല കശ്മീരും കശ്മീരികളുമെന്ന് എല്ലാകശ്മീരികളെ പോലെ മെഹ്റാജും പറഞ്ഞു, ഒരുപക്ഷെ അത് കേൾക്കുന്നവൻ ഉൾക്കെള്ളാനിടയില്ലെന്ന തോന്നലോടെതന്നെയാകാം മെഹ്റാജ് ഇതെല്ലാം പറയുന്നത്. കശ്മീരെന്തെന്ന് മടങ്ങും മുമ്പ് നിങ്ങൾ മനസിലാക്കുമെന്ന് പറയുമ്പോൾ മെഹ്റാജിൻറെ കണ്ണിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു.
 
തെക്കേയിന്ത്യക്കാരെ, പ്രത്യേകിച്ച് കേരളീയരെ, കശ്മീരികൾക്ക് വലിയ കാര്യമാണ്. മെഹ്റാജ് ആവർത്തിച്ചുകൊണ്ടിരുന്നു. അതേസമയം ഹിന്ദിക്കാരെ – ഉത്തരേന്ത്യക്കാരെ – തീരെ ഇഷ്ടമല്ല. കാരണമുണ്ട്. തെക്കേയിന്ത്യയിൽ നിന്നെത്തുന്നവർ, പ്രത്യേകിച്ച് കേരളത്തിൽ നിന്നുള്ളവർക്ക് വിവരമുണ്ട്, വിദ്യാഭ്യാസമുണ്ട്. അതിനാൽ തന്നെ പ്രശ്നവും കാര്യങ്ങളും മനസിലാക്കാൻ, ഉൾക്കൊള്ളാൻ അവർ തയ്യാറാകും. എന്നാൽ ഉത്തരേന്ത്യക്കാരങ്ങനെയല്ല. ദേശിയതയുടെ പേരിൽ എന്ത് കള്ളവും പ്രചരിപ്പിക്കുന്നവരാണ് അവർ. ദേശിയചാനലുകളാണ് കശ്മീർ പ്രശ്നത്തെ വളച്ചൊടിച്ച് കശ്മീരികളെ ദേശദ്രോഹികളാക്കി മുദ്രകുത്തുന്നതെന്നാണ് മെഹ്റാജ് പറയുന്നത്. മെഹ്റാജിന് മാത്രമല്ല ഈ അഭിപ്രായമെന്ന് പിന്നീടുള്ള ദിവസങ്ങളിൽ മനസിലായി. ഒരളവ് വരെ ശരിയാണ്. കശ്മീരിലെ ചെറിയ പ്രതിഷേധങ്ങൾ പോലും വലിയ വാർത്തയാക്കുന്ന ദേശിയമാധ്യമങ്ങൾ പക്ഷെ ഇവരുടെ യഥാർത്ഥ വിഷയത്തെ ഉയർത്തിക്കാട്ടുന്നില്ല. എന്തുകൊണ്ട് ഇവർക്ക് ഇത്തരത്തിൽ പ്രതികരിക്കേണ്ടിവരുന്നു, അല്ലെങ്കിൽ എന്തുകൊണ്ട് ഇവരിൽ നഷ്ടമായ വിശ്വാസം തിരികെ കൊണ്ടുവരാൻ ആകുന്നില്ലയെന്നത് ചർച്ചയാകേണ്ടതാണ്.


വണ്ടി മെല്ലെ ശ്രീനഗറിൻറെ പ്രധാനടൌണായ ലാൽ ചൌക്ക് പിന്നിട്ട് മുന്നോട്ട് നീങ്ങുകയാണ്. പ്രതാപ് പാർക്കിനരികിലേക്കാണ് യാത്ര. അവിടെ ഫിർദൌസ് കാത്ത് നിൽപ്പുണ്ട്. പ്രതാപ് പാർക്കിൻറെ ഒരുവശത്താണ് കശ്മീരിലെ ഒട്ടുമിക്ക പത്രങ്ങളുടേയും ഓഫീസുകൾ. ഉറുദുവിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പത്രങ്ങൾ.
പ്രതാപ് പാർക്കിന് മുന്നിലെ ഒരു ചിനാർ മരത്തിൻറെ തണലിൽ കാർ നിർത്തി കാത്തുനിന്നു. ഫിർദോസിന് നൽകാനായി ഒരു സമ്മാനം കയ്യിൽ കരുതിയിട്ടുണ്ട്. ചകിരിനാരുകൊണ്ടുണ്ടാക്കിയ ഒരു ആന. ഒരു ചിനാർ ഇലകൂടി കയ്യിൽ കരുതി. കേരളത്തിൻറേയും കശ്മീരിൻറേയും ചിന്നങ്ങളാകട്ടെ ഈ ഫിർദൌസിനുള്ള ജൻമദിനസമ്മാനം.

ഫിർദൌസിൻറെ വരവും കാത്ത് കുറച്ച് നേരം കാത്ത് നിൽക്കേണ്ടിവന്നു. എത്തിയ ഉ    ടനെ പതിവ് ആലിംഗനം, ഹാപ്പി ബർത്തിഡെ ആശംസകൾ നേർന്ന് ഞങ്ങൾ സ്വീകരിച്ചപ്പോൾ സന്തോഷം. സമ്മാനം വാങ്ങി പിറന്നാൾ ഒരിക്കലും ആഘോഷിച്ചിട്ടില്ലെന്നകാര്യം ഫിർദൌസ് പങ്കുവെച്ചു.

വടക്കൻ കശ്മീരിലെ ബാരമുള്ളയിലാണ് ഫിർദൌസിൻറെ വീട്. ബാരാമുള്ള പ്രശ്നബാധിത പ്രദേശമാണ്. തെക്കൻ കശ്മീരിനെ അപേക്ഷിച്ച് വിദേശ തീവ്രവാദികളാണ് വടക്കൻ കശ്മീരിലേറെയുള്ളത്. വടക്കൻ കശ്മീർ അതിർത്തിക്കപ്പുറത്ത് നിന്ന് പാക്കിസ്ഥാനിൽ നിന്നെത്തുന്ന തീവ്രവാദികളുടെ കേന്ദ്രമാണ്. അതേസമയം പ്രദേശവാസികളുടെ പിന്തുണയേറെയുണ്ട് തെക്കൻ കശ്മീരിലെ തീവ്രവാദപ്രവർത്തനങ്ങൾക്ക്. തെക്കൻ കശ്മീർ ഇതിനെ വിഘടനവാദമെന്നോ തീവ്രവാദമെന്നോ അല്ല വിളിക്കുക. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമാണെന്നാണ്. അവർക്കിത് ആസാദിയാണ്. ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള വിടുതൽ.

വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് ചിനാറിൻറെ തണലിൽ അൽപനേരം.
പ്രതിരോധമന്ത്രാലയം മാധ്യമപ്രവർത്തകർക്കായി പ്രതിവർഷം നടത്തുന്ന ഡിഫൻസ് കറസ്പോൻറ്സ് കോഴ്സിൽ വെച്ചാണ് ഫിർദൌസുമായുള്ള സൌഹൃദം ആരംഭിച്ചത്. അന്നുമുതൽ നല്ല സുഹൃത്താണ് ഫിർദൌസ്. നന്നായി മലയാള സിനിമകളും തമിഴ് സിനിമകളും ആസ്വദിക്കുന്ന ഫിർദൌസ് മലയാള പാട്ടുകളും തമിഴ് പാട്ടുകളും പാടും. ദുൽഖറിൻറേയും പാർവതിയുടേയും കടുത്ത ആരാധകനുമാണ് കക്ഷി. ചാർളി സിനിമ കണ്ട് ഇരുവരുടേയും നമ്പർ വാങ്ങി മെസേജ് അയച്ചിട്ട് ഇരുവരും മറുപടി നൽകിയില്ലെന്ന ചെറിയസങ്കടമുണ്ട് ഫിർദൌസിന്. ചാർലിയിലെ പാട്ടും പാടിയാണ് മിക്കപ്പോഴും നടപ്പ്.  

അകലെ ഒരു മലചൂണ്ടികാട്ടി ആദ്യം നഗരത്തിൻറെ വിദൂരകാഴ്ച്ച കണ്ടാവാം തുടക്കമെന്ന് ഫിർദൌസിൻറെ ക്ഷണം. വലിയ മലയുടെ മുകളിൽ ഒരു കോട്ട. അവിടെ നിന്നാൽ ശ്രീനഗർ ടൌണിൻറെ ആകാശക്കാഴ്ച്ച കാണാമത്രേ.

പോകുന്നവഴിക്കാണ് ദാൽ തടാകം. ദാൽ തടാകത്തെ ചുറ്റി വണ്ടി നീങ്ങി. ദാലിലേക്ക് വരണം. വെയിൽകാഞ്ഞ് ദാലിലെ ഷിക്കാരയിൽ മയങ്ങണം. ദാലിൻറെ കാഴ്ച്ചകളിലേക്ക് പിന്നീട് വരാം.

കാഴ്ച്ചകൾക്കൊപ്പം ദേശത്തിൻറെ രൂചികളുംകൂടി ആസ്വദിക്കാനുള്ളതാണ് ഓരോ യാത്രയും. ഒരു പ്രദേശത്തിൻറെ കാഴ്ച്ചകൾക്കൊപ്പം സംസ്ക്കാരവും രുചിയും അറിയുമ്പോളേ യാത്രകൾ പൂർണമാകൂ. കശ്മീരിൻറെ സ്പെഷ്യൽ വിഭവങ്ങൾ രുചിച്ചേമടങ്ങാവൂവെന്ന് എന്നെപോലെ ഫിർദൌസിനും നിർബന്ധമാണ്. റാണി ജ്യൂസ് മുതൽ കശ്മീർ വസ്വാൻവരെ നീണ്ടനിരതന്നെയുണ്ട് നാവിൽ വെള്ളമൂറിക്കാനായി.

പോകുന്നവഴിയിൽ വണ്ടിനിർത്തി റാണി ജ്യൂസ് വാങ്ങി ഫിർദൌസ്. ടിന്നിലടച്ച ഒരു ജ്യൂസ്. കശ്മീരിന് പുറമെ ദുബൈയിൽ മാത്രമേ ഈ ജ്യൂസ് ലഭിക്കൂവത്രേ. സാധാരണ ശീതളപാനിയങ്ങൾ പോലെ വെറും ജ്യൂസ് മാത്രമല്ല, പഴത്തിൻറെ കഷ്ണങ്ങളും ജ്യൂസിലതുപോലെയുണ്ട്. നല്ലമധുരം. റാണി ജ്യൂസ് എന്ന് കേട്ടപ്പോൾ ആദ്യം കരുതിയത് റാണി എന്നുപേരുള്ള ഏതെങ്കിലും പ്രത്യേക പഴത്തിൻറെ ജ്യൂസ് ആകുമെന്നായിരുന്നു. പക്ഷെ റാണി എന്നത് ജ്യൂസിൻറെ പേരാണ്. ഫ്രിഡ്ജ് എന്ന ബ്രാൻറ് നെയിം റഫ്രിജറേറ്ററിൻറെ പര്യായമയത്പോലെ ഒരു ബ്രാൻറ്  നെയിം ആ ഉത്പന്നത്തിൻറെ തന്നെ പേരായിമാറുന്നതിൻറെ മറ്റൊരുദാഹരണം.



പാരിമഹലിലേക്കാണ് യാത്ര. മലമുകളിൽ അകെല നിന്ന് കണ്ട ആ കോട്ട. അതൊരു സൈനികകോട്ടയൊന്നുമല്ല, മറിച്ച് പൂന്തോട്ടമാണ്. പലതട്ടുകളിലായി നിർമിച്ച മുഗളൻറെ പൂന്തോട്ടം. ഷാജഹാൻറെ മൂത്തപുത്രനായ ദാര ഷിക്ക പതിനേഴാം നൂറ്റാണ്ടിൻറെ പകുതിയിലാണ് പാരി മഹൽ എന്ന ഈ പൂന്തോട്ടം നിർമിച്ചത്. 4 തട്ടുകളായാണ് പൂന്തോട്ടം. ചിന്നാർ മരങ്ങളും പനിനീർപ്പുക്കളുമെല്ലാം നിറഞ്ഞുനിൽക്കുന്ന കെട്ടിടത്തിൻറെ ഏറ്റവും മുകളിൽ ഒരു ചെറിയ ജലസംഭരണിയുടെ അവശിഷ്ടങ്ങളും കാണാം. ഞായറാഴ്ച്ചയായിതിനാൽ നിരവധി കശ്മീരികളാണ് പാരി മഹലിൽ സമയം ചിലവിടാനായി എത്തിയിരിക്കുന്നത്. ചിലർ കൂട്ടുകാരുമായും മറ്റുചിലർ കുടുംബമായും. ചിനാർ മരത്തണലിലെ ബെഞ്ചിൽ വിശ്രമിക്കുന്ന യുവാക്കളും യുവതികളും.
 
പാരി മഹലിന് മുകളിൽ നിന്ന് നോക്കിയാൽ ദൂരെ ദാൽ തടാകവും ശ്രീനഗർ നഗരവും കാണാം. ചെറുപൊട്ടുകൾ പോലെ ഷിക്കാരകൾ, ചെറിയ തുരുത്തുകൾ. ദൂരെ ഝലം നദി ഒരു നേർത്തരേഖപോലെ ഒഴുകുന്നു. അകലെ കശ്മീരിന് അതിരിട്ട് മലനിരകൾ....
നല്ലവെയിലുണ്ടായിരുന്നെങ്കിലും കുറേനേരം കാഴ്ച്ചകൾ കണ്ട് പൊളിഞ്ഞ കൊട്ടയുടെ മുകളിൽ ഇരുന്നു.

ഇനി ജഹാംഗീറിൻറെ തൂങ്ങികിടക്കുന്നതോട്ടത്തിലേക്ക്. തട്ടുതട്ടായി നിർമിച്ചിരിക്കുന്ന പൂന്തോട്ടം. തട്ടുതട്ടായി നിർമിച്ചതിനാലാണ് ദൂരേ നിന്ന് നോക്കുമ്പോൾ തൂങ്ങികിടക്കുന്നപൂന്തോട്ടമായി അനുഭവപ്പെടുന്നത്. മുഗുളൻറെ നിർമാണത്തിൻറെ ഭംഗിയും വൈദഗ്ധ്യവുമാണ് കശ്മീരിലെ ഓരോ പൂന്തോട്ടവും. മലമുകളിൽ നിന്ന് ഒഴുകിവരുന്ന നീരുറവകളുടെ ഗതിമാറ്റാതെ, ആ നീരുറവകൾ പൂന്തോട്ടത്തിന് മനോഹാരിത പകരുന്നരീതിയിൽ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. ആ
നീരുറവയിലെ തെളിനീരിൽ മുഖവും കാലുമെല്ലാം കഴുകുന്ന സഞ്ചാരികൾ. ആദ്യം അതൊരുആചാരമാണെന്ന് തെറ്റിദ്ധരിച്ചു. അങ്ങനെ തെറ്റിദ്ധരിച്ച് ‘ആചാരം അനുഷ്ടിക്കുന്ന സഞ്ചാരികളും കൂട്ടത്തിൽ ഉണ്ടാകാം. ഞങ്ങളും കയ്യും കാലും മുഖവും കഴുകി. നല്ല തണുപ്പ്. മലമുകളിൽ നിന്ന് ഒഴുകിവരുന്ന തെളിനീര്, ഭൂമിയിലെ ഏറ്റവും ശുദ്ധമായ വെള്ളമാണിത്. ഒരു മിനറൽ വെള്ളത്തിനും അവകാശപ്പെടാനാകാത്ത പരിശുദ്ധി.

പൂന്തോട്ടങ്ങളുടെ നഗരമായ ബാംഗ്ലൂരിൽ പോലും ഇത്രയും മനോഹരങ്ങളായ തോട്ടങ്ങളുണ്ടാകില്ല, അത്രകണ്ട് മനോഹരമാണ്. വിവിധതരം പൂക്കളുടെ സാന്നിധ്യം മാത്രമല്ല, കശ്മീരിലെ തോട്ടങ്ങളെ ആകർഷകമാക്കുന്നത്. മറിച്ച് വൃത്തിയാണ്. ആ തോട്ടങ്ങൾ പരിചരിക്കുന്നരീതി മാതൃകയാക്കണം. എവിടെയും പ്ലാസ്റ്റിക്കുകളോ ചപ്പുചവറുകളോ വലിച്ചെറിഞ്ഞതായി കാണാനാവില്ല. കാണാൻ വരുന്ന സഞ്ചാരിയും മലിനമാക്കുന്നില്ലെന്നതും ശുചിയായി സൂക്ഷിക്കാൻ സഹായിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടേയും അവസ്ഥ വെറുതെയെങ്കിലും മനസിലേക്ക് വന്നു.

പൂന്തോട്ടത്തിലെ ചിന്നാർ മരങ്ങൾക്കുതാഴെ നീട്ടിവിരിച്ച പായയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്ന കശ്മീരികൾ. മരത്തണലിൽ കിടന്നുറങ്ങുന്നവർ, പ്രണയം പങ്കിടുന്നവർ, വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ, മൊബൈലിലെ സെൽഫി ഫ്രെയിമിലേക്ക് ഒത്തുചേരുന്ന കൂട്ടുകാർ, പേരമരത്തിലും പിയേഴ്സ് മരത്തിലും കല്ലെറിയുന്നവർ.... ജഹാംഗീറിനറെ പൂന്തോട്ടത്തിന് ചുറ്റും നിറപ്പകിട്ടാർന്ന കാഴ്ച്ചകളാണ്.


കുറച്ചുസമയം ചിനാർ മരത്തിൻറെ തണലേറ്റ് കിടന്നു. നല്ല വെയിലത്തും ചിനാറിൻറെ താഴെ നല്ല തണുപ്പാണ്. ഉച്ചമയക്കത്തിന് ഏറ്റവും അനുയോജ്യമായയിടം. കാഴ്ച്ചകൾ ആസ്വദിച്ചും ഫോട്ടോയെടുത്തും ഞങ്ങൾ മടങ്ങിവരുമ്പോളേക്കും ദൂരെ ഒരു ചിനാറിൻറെ കീഴിൽ കിടന്ന് മെഹ്റാജ് മയക്കമായിരുന്നു... 

(തുടരും)

ആദ്യഭാഗം ഇവിടെ വായിക്കാം

https://neelambarikku.blogspot.in/2017/09/blog-post.html?m=1

Sunday, 12 June 2016

പൊക്കാളിപാടവരമ്പിലൂടെ, വീരംപുഴയുടെ തീരത്തേക്ക്


 വരാപ്പുഴ പാലം  കടന്ന് കടമക്കുടിയിലേക്ക് തിരിയുമ്പോൾ മഴ ചിണുങ്ങി പെയ്തുകൊണ്ടേയിരുന്നു. 
പൊക്കാളിപാടത്തിനും വേമ്പനാട്ട് കായലിൻറെ കൈവഴിയായ വീരംപുഴയും അതിര് കാക്കുന്ന കടമക്കുടിയുടെ ഭംഗി മഴയിലാണ് കൂടുതൽ വശ്യമാവുക
തലേന്നാൾ കടമക്കുടിയിലേക്ക് നടത്തിയ ഔദ്യോഗികയാത്രക്കിടെയാണ് മഴയത്ത് ഒരു റൈഡ് എന്ന ആശയം മനസിലേക്ക് വന്നത്
വരാപ്പുഴയിൽ നിന്ന് ഏകദേശം നാല് കിലേമീറ്റർ ദുരമുണ്ട് കടമക്കുടിയിലേക്ക്
ചാറ്റൽ മഴയത്ത് കടമക്കുടിയിലേക്ക് പ്രവേശിക്കുമ്പോളേ കാണാം പരന്നുകിടക്കുന്ന പൊക്കാളി പാടങ്ങളിൽ കൊക്കുകളും കിളികളും പാറി നടക്കുന്നകാഴ്ച്ച.
ആറുമാസക്കാലം ചെമ്മീൻകെട്ടായി പ്രവർത്തിക്കുന്ന പൊക്കാളിപാടങ്ങളിൽ പലതും പക്ഷെ പൊക്കാളി കൃഷിയിറക്കേണ്ടകാലമെത്തിയിട്ടും ഇപ്പോഴും വെള്ളം വറ്റിച്ച് കൃഷിക്ക് സജ്ജമാക്കിയിട്ടില്ല.

 മഴ കനത്തുതുടങ്ങി.

കടമക്കുടിയിലേക്ക് കയറുന്നതിന് മുമ്പായി പാടവരമ്പത്ത് ചെറിയ ചായക്കട. മീൻ പിടിക്കാനെത്തുന്നവരെ മാത്രം കാത്തുള്ളതാണ് ആളൊഴിഞ്ഞ പ്രദേശത്തെ ആ ചായക്കട.
കട്ടൻ ചായയും ഓംലെറ്റും മാത്രമല്ല, കപ്പബിരിയാണിയും ഉണ്ട് കടമക്കുടിക്കാരനായ തോമസേട്ടൻറെ ഈ ചെറിയ കടയിൽ.
മഴയത്ത് ഇരുന്നുകഴിക്കാൻ ചെറിയ ഒരു ഷെഡ്ഡും കടയോട് ചേർന്ന് ഒരുക്കിയിരിക്കുന്നു.
നല്ല ചൂടൻ കാപ്പി മൊത്തികുടിച്ച് കുറച്ചുനേരം കടയിലിരുന്നു,
പാലത്തിന് മുകളിൽ ചില യുവാക്കൾ ചൂണ്ടയിടുന്നു.
മിക്കവരും കടമക്കുടിക്ക് പുറത്തുനിന്നു വന്നവർ. 
ആധുനിക ചൂണ്ടയാണ് മിക്കവരുടേയും കൈകളിൽ.
പണ്ട് സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് പാടത്ത് കളികഴിഞ്ഞ് മടങ്ങുമ്പോൾ തോർത്തുപയോഗിച്ചും ടങ്കീസ് നൂലുപയോഗിച്ചുമെല്ലാം മീൻ പിടിച്ചത് ഓർത്തുപോയി.
തൊട്ടപ്പുറത്ത് വെള്ളം കെട്ടികിടകുന്ന പാടങ്ങളിലെ ചീനവല ഒരുക്കുന്ന തിരക്കിലായിരുന്നു പരമ്പരാഗതമീൻപിടുത്തക്കാർ.
ചിലർ കായലിൽ വലവലിച്ചുകെട്ടുന്നു. മറ്റ് ചിലർ വരമ്പിലെ ഓലകെട്ടിയമാടങ്ങളിൽ വലവിരിച്ചശേഷം ചൂടകറ്റാൻ സിഗരറ്റും വലിച്ച് വിശ്രമിക്കുന്നു.

നല്ല മഴയത്ത് ചൂട് ചായ മൊത്തി ശരീരത്തിൻറെ തണുപ്പകറ്റി പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണെറിഞ്ഞിങ്ങനെയിരിക്കുന്നത് ഒരു വല്ലാത്ത അനുഭൂതിയാണ്.
കുട്ടിക്കാലവും നാട്ടിൻപുറവും ഗൃഹാതുരതയുമെല്ലാം ഇങ്ങനെ മനസിലേക്ക് മെല്ലെ ക്ഷണിക്കപ്പെടാത്ത അതിഥികളായി കടന്നുവരും...
കാപ്പി കുടിച്ചശേഷം മെല്ലെ പാടവരമ്പിലൂടെ കാഴ്ച്ചകൾ തേടിയിറങ്ങി.
കുട്ടികളും മുതിർന്നവരുമെല്ലാമുണ്ട് പൊക്കാളിപാടത്തിൻറ ഓരോ വരമ്പിലും ചൂണ്ടയും വലയുമെല്ലാമായി.

പാലം കയറി കുറച്ചുകൂടി മൂന്നോട്ടുപോകുമ്പോൾ ഇടത്തോട്ട് ചരിയംതുരുത്തിലേക്കുള്ള വഴി കാണാം.
ക്രിക്കറ്റർ കപിൽ ദേവിൻറെ നേതൃത്വത്തിലുള്ള കോർപറേറ്റുകൾ ചരിയംതുരുത്തിൽ പാടം നികത്തി മെഡിക്കൽ ടൂറിസം പദ്ധതി നടപ്പാകാകാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.  
ഇതിനെതിരെ 2013 ൽ സിപിഎമ്മിൻറെ നേതൃത്വത്തിൽ ഭൂസമരവും അരങ്ങേറി. പിന്നീട് 47 ഏക്കർ വരുന്ന ചരിയംതുരുത്തിലെ പൊക്കാളിപാടം നികത്താൻ ഉമ്മൻചാണ്ടി സർക്കാർ ഉത്തരവിറക്കിയത് ഭരണത്തിൻറെ അവസാനനാളുകളിലെ കടുംവെട്ടായിമാറി. പ്രതിഷേധം ശക്തമായതോടെ എല്ലാം പിൻവലിച്ചെങ്കിലും പരിസ്ഥിതിയെനശിപ്പിക്കാനുള്ള നീക്കങ്ങൾക്കെതിരെ ഇനിയും ജാഗ്രതപുലർത്തിയേപറ്റു.

കടമക്കുടിയിലേക്ക് അടുക്കുംതോറും പ്രകൃതി കൂടുതൽ സുന്ദരിയാകും.  തണ്ണീർതടങ്ങൾക്കും പാടത്തിനും നടുവിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന പെരുമ്പാമ്പായി ടാറിട്ട റോഡ്.
റോഡരികിലെ കനാലിൽ വട്ടകൊട്ടയിറക്കി മീൻ പിടിക്കുന്ന 3 കുടുംബങ്ങളെ കണ്ടു. മൈസൂരിൽ നിന്നെത്തിയവരാണ് സ്ത്രീകളടങ്ങിയ ഈ കുടംബങ്ങൾ. എല്ലാവർഷവും മീൻപിടിക്കാനായി കൊച്ചിയിലെത്താറുണ്ടത്രേ ഇവർ. കുറച്ചുപേർ കടമക്കുടിയിലും ശേഷിക്കുന്നവർ മുളവുകാടിലെ കണ്ടെയിനർ റോഡിലുമാണ് സ്ഥിരമായി മീൻ പിടിക്കുന്നത്. അതിരാവിലേയും വൈകുന്നേരവുമാണ് മീൻപിടുത്തം. പിടിച്ചുകിട്ടുന്ന മീൻ വരാപ്പുഴ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ഒരുമാസം നാട്ടിലും 2 മാസം കേരളത്തിലുമെന്നതാണത്രേ ഇവരുടെ ജീവിരീതി. അതിനാൽ തന്നെ മലയാളം നല്ലവശം. മീൻപിടിച്ചതിനറെ ക്ഷീണത്തിൽ വട്ടകൊട്ടയ്ക്കടിയിൽ കിടന്ന് ചെറുമയക്കത്തിലായിരുന്നു ഞാനെത്തുമ്പോൾ ചിലർ. മറ്റുചിലരാകട്ടെ മാർക്കറ്റിൽ നിന്ന് വാങ്ങിയ മാങ കഴിച്ചിരിക്കുന്നു. മഴയായാലും വെയിലായാലും താമസം റോഡരികിൽ വട്ടകൊട്ടചെരിച്ച് പങ്കായത്തിൽ കുത്തിനിർത്തി അതിനടിയിൽ. രാത്രി ഉറക്കവും ഇങ്ങനെതന്നെയെന്ന് സംഘത്തിലുള്ള കുമാർ പറഞ്ഞപ്പോൾ തെല്ല് ആശങ്കതോന്നാതിരുന്നില്ല. തെരുവിൽ താമസിക്കുന്ന നാടോടികൾക്കും വീട്ടിൽ കഴിയുന്ന വൃദ്ധകൾക്കും നമ്മുടെ നാട് ഒട്ടുംസുരക്ഷിതമല്ലാത്തപ്പോൾ ഇവരെങ്ങനെ റോഡരികിൽ വെറും

വട്ടകൊട്ടയ്ക്കടിയിൽ സുരക്ഷിതരാവും, അതും ഈ മഴയത്ത് എന്ന് ഓർത്തുപോയി. ഇവിടെ നിന്ന് ഇനി രണ്ട് മാസം കഴിഞ്ഞേ വട്ടകൊട്ടയെല്ലാം ലോറിയിലാക്കി അടുത്തസ്ഥലത്തേക്ക് ഇവർ പോകൂ.
കുമാറിനോട് യാത്രപറഞ്ഞ് വണ്ടി വീണ്ടും മുന്നോട്ട്.
കാർമേഘം മൂടിയആകാശത്തിന് താഴെ പാടത്തിന് നടുവിൽ ഒറ്റപ്പെട്ട് ഒരു പച്ചമരം. മത്സ്യങ്ങളുടേയും മറ്റ് സൂക്ഷ്മജീവികളുടേയുമെല്ലാം ആവാസവ്യവസ്ഥ നിലനിർത്തികൊണ്ട് അങ്ങിങ്ങായി കണ്ടലുകൾ മുളച്ചുനിൽക്കുന്നു.
കാഴ്ച്ചകൾ പിടിച്ചുനിർത്തുകയാണ്.
ചിലയിടങ്ങളിൽ പൊക്കാളി വിതയ്ക്കാനായി പാടങ്ങൾ തയ്യാറായി കഴിഞ്ഞു.

കടമക്കുടിയുടെ ജനവാസകേന്ദ്രത്തിലേക്ക് എത്തുമ്പോൾ ചെറിയ കടകൾ കാണാം. നഗരത്തിൽ നിന്നുള്ള ബസ്സുകളെല്ലാം ഇവിടെവരെയാണ് സർവ്വീസ് നടത്തുക.
നീളത്തിൽ കിടക്കുന്ന ഒരു ബെൽറ്റാണ് ജനവാസമുള്ള കടമക്കുടി എന്നുപറയാം. കിഴക്കും പടിഞ്ഞാറുമായി രണ്ട് അറ്റങ്ങളുണ്ട് കടമക്കുടിക്ക്. രണ്ടറ്റത്തും ചെറിയ ബോട്ട് ജെട്ടികളും. സമീപത്തെ ദ്വീപുകളിലേക്ക് ഇവിടെനിന്ന് കടത്ത് ഉണ്ട്. രണ്ടറ്റത്തും ഓരോ പള്ളികളുമുണ്ട്. മറ്റ് ദ്വീപുകളെ ബന്ധിപ്പിച്ച് നഗരത്തിലേക്ക് വേഗത്തിലെത്തിചേരാൻ ഒരു പാലമെന്ന കടമക്കുടിക്കാരുടെ സ്വപ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഭാഗികമായെങ്കിലും ഇപ്പോൾ അത് യാഥാർത്ഥ്യമാകുന്നുണ്ട്.

പടിഞ്ഞാറേകരയിൽ നിന്ന് മറുകരയിലേക്ക് പോകുന്നതിനിടെയാണ് വീരപുഴയുടെ തീരത്ത് മത്സ്യം പിടിക്കാനായി പോകാനൊരുങ്ങുന്ന തൊഴിലാളികളെ കണ്ടത്. വലനീട്ടിയശേഷം സമയമാകുന്നതും കാത്തിരിക്കുകയാണ് രാജേഷ്. നേരം ഇരുട്ടിതുടങ്ങിയിരുന്നു. ദൃശ്യങ്ങൾക്ക് നീലവർണം. വീരം പുഴയുടെ ആഴം വർദ്ധിപ്പിക്കാനായി ഡ്രഡ്ജ് ചെയ്തെടുത്ത മണ്ണ് നിക്ഷേപിച്ചതോടെ കായൽ നികന്നതിൻറെ ആശങ്ക പങ്കുവെച്ചു രാജേഷ്. കായൽ നികത്തപ്പെട്ടതോടെ മത്സ്യത്തിൻറെ ലഭ്യതകുറഞ്ഞു. നികന്നതോടെ വലകെട്ടാൻ പറ്റാതായി. പലരും ഒരു മാസമായി മീൻ പിടിച്ചിട്ട്. പോരാത്തതിന് ചെമ്മീൻകെട്ടിലേക്ക് വെള്ളം കയറാതായതോടെ ചെമ്മിൻ കെട്ടുകളുടെ പ്രവർത്തനവും അവതാളത്തിലായി. പരാതികൾ അവസാനിക്കുന്നില്ല. രാജേഷ് വള്ളവുമെടുത്ത് വലവലിക്കാനായി കായലിലേക്ക്. അൽപനേരം രാജേഷിനെ നോക്കിനിന്നശേഷം മെല്ലെ തിരിഞ്ഞുനടന്നു.


രാജേഷിൻറേത് പരാതിയല്ല, ജീവിതം നേരിടുന്ന പ്രതിസന്ധിയെകുറിച്ചുള്ള ആശങ്കയാണ്. മത്സ്യതൊഴിലാളിയെ സംരക്ഷിക്കാനായി നമ്മുടെ അധികൃതർ നടത്തുന്ന അശാസ്ത്രീയമായ വികസനമാതൃക മത്സ്യതൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതിനറെ സാക്ഷ്യമാണ് രാജേഷിൻറെ വാക്കുകൾ.
കഴിഞ്ഞദിവസത്ത യാത്രയിലും കേട്ടിരുന്നു ഷിബുവിൻറേയും ചിദംബരത്തിൻറേയും ജോസഫിൻറേയുമെല്ലാം സമാന സ്വരങ്ങൾ.
കായലും പ്രകൃതിയും ഇവരുടെയെല്ലാം ജീവിതവുമെല്ലാം നശിപ്പിച്ച ഇത്തരം വികസനങ്ങൾ ആർക്കുവേണ്ടിയാണെന്ന് നാമെന്നാണ് ഇനി ചിന്തിച്ചുതുടങ്ങുക...

കിഴക്ക് കരയിലെ ബോട്ടജെട്ടിയിലേക്ക് പോകുന്നതിന് മുമ്പായി വീരപുഴയുടെ മാറ് തുരന്നെടുത്ത് പുഴയെതന്നെ ഇല്ലാതാക്കിയ ഡ്രഡ്ജിങ് യന്ത്രം ഒരിക്കൽ കൂടി പോയി കണ്ടു. ഇരുട്ടായെങ്കിലും അകലത്തിലല്ലാതെ ഡ്രഡ്ജറെന്ന കടമക്കുടികാരൻറെ ജീവിതത്തിലെ വില്ലനെകണ്ടു. അവൻ തുപ്പിയ ചെളിയും മണ്ണും നികത്തിയ വീരപുഴയുടെ തീരത്ത് അപ്പോളും ചിലമുക്കുവരുണ്ട് നൊമ്പരം പങ്കുവെച്ച് ഇരിക്കുന്നു.
 
കിഴക്കേ ജെട്ടിയിൽ ജംങ്കാർ യാത്രക്കാരെ കാത്ത് നിൽക്കുന്നുണ്ട്. കടമക്കുടിയിലെ അവസാനത്തെ ജംങ്കാറാണ്. ഇനി ആവശ്യമുണ്ടെങ്കിൽ അധികം ചാർജ് കൊടുക്കണം. വികസനം എത്തിനോക്കിയിട്ടില്ലാത്ത കടമക്കുടിക്ക് സമീപത്തായി സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയുണ്ടെങ്കിലും അത്യാഹിതമുണ്ടായാൽ അവിടെയെത്തുകയെന്നത് വലിയ ബുദ്ധിമുട്ടാണ് കടമക്കുടിക്കാർക്ക്. കടമക്കുടിക്കാർക്ക് മാത്രമല്ല, വികസനം പോസ്റ്ററുകളിലും ഫ്ലക്സുകളിലും മാത്രം കണ്ട് ശീലിച്ച കൊച്ചി നഗരത്തിന് ചുറ്റുമുള്ള പലദ്വീപുകാരുടേയും വിധിയാണിത്.

നേരം നന്നായി ഇരുട്ടി. ഇനി മെല്ലെ മടക്കയാത്ര.
മഴചെറുതായി തോർന്നിരിക്കുന്നു.
കനാലിനടുത്തെത്തിയപ്പോൾ ചെറിയ മണ്ണെണ്ണ വിളക്കിൻറെ വെളിച്ചത്തിൽ ഭക്ഷണം തയ്യാറാക്കുന്ന വട്ടകൊട്ടയിലെ മീൻപിടുത്തക്കാർ. വട്ടകൊട്ടക്കടിയിലെ നനവുപറ്റിയ പുതപ്പിനുള്ളിലേക്ക് കുട്ടികൾ ചുരുണ്ടുകൂടിയിരിക്കുന്നു.
ദൂരത്ത് പാടവരമ്പത്തെ ചെറിയ മാടങ്ങളിൽ നിന്ന് റാന്തൽ വിളക്കുകളുടെ മങ്ങിയവെളിച്ചം കാണാം.
പാടങ്ങളിലപ്പോഴും അവർ വലവലിച്ചുകൊണ്ടേയിരിക്കുകയാണ്, നാളത്തെ അന്നത്തിനുള്ള വഴി തേടി....