Friday, 29 May 2020

എന്തുകൊണ്ട് ഇടത്പക്ഷം തളര്‍ന്നു? - തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 3)

അടുത്തദിവസം അത്രസുഖകരമായ ഒന്നായിരുന്നില്ല പാര്‍ട്ടിക്ക്. ത്രിപുരയില്‍ നിന്നുള്ള
 കേന്ദ്രകമ്മിറ്റി അംഗമായ ഖഗന്‍ 
ദാസ്‌ ഹൃദയസ്തംഭനം മൂലം അതിരാവിലെ അന്തരിച്ചു. യോഗത്തിനിടെ അസുഖബാധിതനായ സഖാവ് ഖഗന്‍ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പാര്‍ട്ടി ഓഫീസിലെത്തിച്ച സഖാവിന്റെ മൃതദേഹത്തില്‍ കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ അന്തിമോപടാരമര്‍പ്പിച്ചു. വൈകിയാണ് അന്നത്തെ യോഗം ആരംഭിച്ചത്.

ഭക്ഷണപ്രിയരാണ് കൊല്‍ക്കത്തക്കാര്‍. പ്രത്യേകിച്ചും മധുരത്തിനോട് ഒടുങ്ങാത്ത അഭിനിവേശമാണ് ബംഗാളികള്‍ക്ക്. ഭക്ഷണശേഷം മധുരം കഴിക്കുകയെന്നത് ശീലമാണ്. രണ്ടാം ദിവസം ഉച്ചക്ക് ജെസി ബോസ് റോഡിലെ ചെറിയ ഹോട്ടലില്‍ കയറി ബിരിയാണി കഴിച്ചു. നമ്മുടെ തലശ്ശേരി ദം ബിരിയാണി കഴിക്കുന്ന മലയാളിക്ക് ഒരുപക്ഷെ
കൊല്‍ക്കത്തയിലെ ബിരിയാണി ഒക്കെ എന്ത് എന്ന് തോന്നിപോകും. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന മൊറാദാബാദി ബിരിയാണിയുടെ രൂചി തന്നെയാണ് ഏറെക്കുറെ കൊല്‍ക്കത്ത ബിരിയാണിക്കും.  കൊല്‍ക്കത്ത ബിരിയാണിയുടെ രുചിയല്ല ആ ബിരിയാണിയുടെ ആകര്‍ഷണം ആയിട്ട് എനിക്ക് തോന്നിയത്. മറിച്ച് ബിരിയാണിയിലെ ഒരു വിഭവത്തോടാണ്. നമ്മുടെ നാട്ടില് ചിക്കന്‍ ബിരായാണിക്കൊപ്പം പുഴുങ്ങിയ കോഴിമുട്ടതരുന്നത് പോലെ കൊല്‍ക്കത്തയിലെ ബിരിയാണിയിലും ഉണ്ട് ഒരു പുഴുങ്ങിയ വസ്തു. കോഴിമുട്ടയല്ല. വലിയ ഉരുളക്കിഴങ്ങ്.!!!

ഉച്ചയോടെ കേന്ദ്രകമ്മിറ്റി കഴിഞ്ഞു. സീതാറാം യെച്ചൂരിയുടെ വാര്‍ത്താസമ്മേളനവും കഴിഞ്ഞു. തന്റെ ഒപ്പമുള്ള പാര്‍ട്ടിയിലെ ബംഗാളി ഘടകമോ അതോ എതിര്‍ക്കുന്ന കേരളഘടകമോ ചൂടേറിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ചിരിച്ചത് എന്ന് വ്യക്തമായി പറയാതെ താന്‍ തോറ്റിട്ടില്ല, അന്തിമതീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിന്റേതാണ് എന്നാവര്‍ത്തിച്ചു പിബിയില്‍ ന്യൂനപക്ഷമായ പാര്‍ട്ടി ജനറല്‍ സെക്രട്ടറി.

യോഗം കഴിഞ്ഞതോടെ വാര്‍ത്താറിപ്പോര്‍ട്ടിങ്ങും സ്‌റ്റോറിയുമെല്ലാം സമര്‍പ്പിച്ചശേഷം എല്ലാവരും ഒന്ന് റിലാക്‌സ് മൂഡിലായി. ലൈവ് ഉള്ളവര്‍ ലൈവ് നല്‍കിയും മറ്റുള്ളവര്‍ ഹോട്ടല്‍ മുറിയിലേക്കും മടങ്ങി.വാര്‍ത്താസമ്മേളനത്തിന്റെ വാര്‍ത്തകൊടുത്ത് ചില നേതാക്കളുമായി പാര്‍ട്ടി ഓഫീസിലെ മീറ്റിങ് ഹാളില്‍ കുശലം പറഞ്ഞിരുന്നപ്പോഴേക്കും ചായസമയമായി. പാര്‍ട്ടി ഓഫീസിലെ ഓരോ നേതാക്കള്‍ക്കും സ്റ്റാഫിനുമെല്ലാം ചായയെത്തി. കൂട്ടത്തില്‍ ഞങ്ങള്‍ക്കും തന്നു ഓരോ ചായ. ഒപ്പം കഴിക്കാനായി ഒരു പേപ്പറിന്റെ കവറില്‍ പൊരിയും. ചായക്ക് ഇവിടെ ഇതാണ് പലഹാരം. ഞാന്‍ നമ്മുടെയെല്ലാം പാര്‍ട്ടി ഓഫീസുകളിലെ ചായകളേയും നാല് മണി പലഹാരത്തേയും കുറിച്ചോര്‍ത്തു. കട്ടന്‍ ചായയും പരിപ്പുവടയുമെന്നാണ് നമ്മള്‍ കളിയാക്കാറ് പോലും. ഇത് തമാശയായി ചൂണ്ടിക്കാട്ടിയപ്പോള്‍ ഓഫീസിലെ അസിസ്റ്റന്റമാരിലൊരാളായ സഖാവ് ചിരിച്ചു. ഞങ്ങള്‍ ഇപ്പോഴും സാധാരണക്കാരല്ലേ എന്ന് മറുപടി. എന്നിട്ടെന്തേ പാര്‍ട്ടിക്ക് ബംഗാളില്‍ പറ്റിയത് എന്ന ചോദ്യം പക്ഷെ നാവില്‍ വന്നെങ്കിലും ചോദിച്ചില്ല. പക്ഷെ രാത്രിയില്‍ അന്ന് നഗരം കാണിക്കാനെത്തിയ നേതാവ്‌ ഇതിനുള്ള മറുപടി തന്നു
Sketch Sanub Sasidharan

സഖാവ് മൊയിനുള്ള. പാര്‍ട്ടി സംസ്ഥാനസമിതി ഓഫീസ് നില്‍ക്കുന്ന സ്ഥലത്തെ ഏരിയസെക്രട്ടറിയാണ് . ആ രാത്രിയില്‍ ബംഗാളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയെ പറ്റി, തളര്‍ച്ചയെ പറ്റി, ഭാവിയെ പറ്റി മൊയിനുള്ള പറഞ്ഞു. അല്‍പ്പം വേദനയോടെ.
അഹങ്കാരം, അധികാരം ഇതെല്ലാം തലക്ക് പിടിച്ചാല്‍ ഏതൊരു കമ്മ്യൂണിസ്റ്റും കമ്മ്യൂണിസ്റ്റല്ലാതാകും എന്നായിരുന്നു ചുരുക്കി പാര്‍ട്ടിയടെ അവസ്ഥയെകുറിച്ച് മൊയിനുള്ള പറഞ്ഞത്. അധികാരം ജനങ്ങളിലേക്ക് എന്നത് അധികാരം എന്നിലേക്ക് എന്ന് ചുരുങ്ങിയതിന്റെ പരിണിതഫലം.

മുസഫര്‍ അഹമ്മദ് ഭവന്‍ നില്‍ക്കുന്ന പ്രദേശത്ത് 63 കുടുംബങ്ങളുണ്ട്. അവരെല്ലാം പാര്‍ട്ടി കുടുംബങ്ങളായിരുന്നു. പക്ഷെ ഇപ്പോള്‍ അവരില്‍ 3 കുടുംബങ്ങള് മാത്രമാണ് പാര്‍ട്ടിക്കൊപ്പമുള്ളത്. ശേഷിക്കുന്നവരെല്ലാം തൃണമൂലിനൊപ്പം പോയി. അല്ലെങ്കില്‍ അതിന് നിര്‍ബന്ധിതരായി. പാതിരാത്രിയിലും മൊയിനുള്ളയ്‌ക്കൊപ്പം കുറച്ച് ചെറുപ്പക്കാരുണ്ട്. അവരാരും സിപിഎമ്മുകാരല്ല. തൃണമൂലിന്റെ യുവജനവിഭാഗത്തില്‍ പെട്ടവരാണ്. സിപിഎമ്മുകാര്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോള്‍ അത്തരമൊന്ന് മൊയിനുള്ളയ്ക്ക നേരെയും ഉണ്ടാവാതിരിക്കാനാണ്‌  അവര്‍ നിഴലായി ഇപ്പോഴും കൂടെ നില്‍ക്കുന്നത്. എന്നെങ്കിലും പാര്‍ട്ടി വീണ്ടും ശക്തി പ്രാപിക്കുകയാണെങ്കില്‍ ഇവരും അവിടുത്തെ 63 കുടുംബങ്ങളും തിരികെ പാര്‍ട്ടിക്കൊപ്പം വരുമെന്ന് മൊയിനുള്ള ആണയിടുന്നു. അതിന് കുറച്ചധികം സമയമെടുക്കും. എന്നെന്ന് ഇപ്പോള്‍ പറയാനാവില്ല. പാര്‍ട്ടിയെ തിരികെ കൊണ്ടുവരാനുള്ള ഭഗീരഥപ്രയത്‌നത്തിലാണ് തങ്ങളെന്ന് ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളില്‍ മൊയിനുള്ള പറയുമ്പോള്‍ വിരലുകള്‍ക്കിടയിലിരുന്ന് സിഗരറ്റ് എരിഞ്ഞ് തീരുന്നുണ്ടായിരുന്നു.

ഈ മനുഷ്യനോട് സംസാരിക്കുമ്പോള്‍ ഓര്‍മവന്നത് ഹോട്ടലിലെ റൂം ബോയി പറഞ്ഞതായിരുന്നു. പാര്‍ട്ടി തിരിച്ചുവരും. അത് പക്ഷെ പെട്ടെന്ന് വേണ്ട. തൃണമൂലിന്റെ നശിച്ചഭരണത്തെ ജനം മടുക്കുമ്പോള്‍ പിന്നെ ബിജെപി അധികാരം പിടിച്ചേക്കാം. പക്ഷെ അതിനെല്ലാം ഒടുവില്‍ ഇടത്പക്ഷമായിരുന്നു ശരിയെന്ന് ജനം തിരിച്ചറിയും. അത് എത്ര വര്‍ഷം കഴിഞ്ഞായാലും വേണ്ടില്ല. അന്ന് മതി പാര്‍ട്ടിയുടെ തിരിച്ചുവരവ് എന്ന് പാര്‍ട്ടി മെംബര്‍കൂടിയായ ആ മനുഷ്യന്‍ പറഞ്ഞുവെച്ചപ്പോള്‍ മനസില്‍ ഉയര്‍ന്ന സന്തോഷം ചില്ലറയല്ല. ആ ഹോട്ടല്‍ ബോയിയും മൊയിനുള്ളയേയും പോലുള്ള നിരവധി സഖാക്കള്‍ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയുമ്പോള്‍ നമ്മള്‍ എങ്ങനെ തോല്‍ക്കാണ് .

രാവ് പുലരുവോളം മൊയിനുള്ളയുമായി സംസാരിച്ച് കൊല്‍ക്കത്തയിലെ ചെറിയ നിരത്തുകളിലൂടെ ഞങ്ങള്‍ കറങ്ങി നടന്നു. അപ്പോഴും തെരുവിലെ ചിലകടകള്‍ തുറന്നിരിക്കുന്നു. ചായയും പാനും സിഗരറ്റുമെല്ലാം വാങ്ങാനായി ആരെല്ലാമോ വരുന്നു. രാത്രി സവാരിക്കിറങ്ങുന്ന ഓട്ടോറിക്ഷക്കാരും കൊല്‍ക്കത്ത നഗരത്തിലെ രാവ് ആസ്വദിക്കാനായി പോയി മടങ്ങുന്നവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. നിരത്തുകളിലൂടെ കറങ്ങിയും സ്ട്രീറ്റ് ലൈറ്റിന് താഴെ നിന്ന് രാഷ്ട്രീയം പറഞ്ഞും സമയം പുലര്‍ച്ചെ 4 കഴിഞ്ഞു. കേരളത്തില്‍ പലകുറി വന്നതിന്റെ വിശേഷങ്ങള്‍ പറഞ്ഞു. ആലപ്പുഴയിലെ ഹൗസ് ബോട്ടില്‍ കയറാന്‍ ഇനിയും വരുന്നുണ്ടെന്നും അന്ന് വീണ്ടും കാണാമെന്നും പറഞ്ഞ് യാത്രപറയുമ്പോള്‍ മുഷ്ടിചുരുട്ടി ഒരു ലാല്‍സലാം പറയാതിരിക്കാന്‍ ആയില്ല.

തണുപ്പില്‍ നിന്ന് രക്ഷതേടി കൈകള്‍ ജാക്കറ്റിന്റെ പോക്കറ്റില്‍ തിരുകി തിരിച്ച് തനിയെ ഹോട്ടലിലേക്ക് നടന്നു. അപ്പോഴേക്കും നഗരത്തിലെ മാലിന്യങ്ങള്‍ പറക്കാനായി കോര്‍പറേഷന്റെ വാഹനം നിരത്തിലിറങ്ങിക്കഴിഞ്ഞിരുന്നു. സ്ട്രീറ്റ് വെളിച്ചത്തില്‍ മൂടല്‍ മഞ്ഞില്‍ മഞ്ഞ നിറമണിഞ്ഞ കൊല്‍ക്കത്ത നഗരത്തിലപ്പോഴും തണുത്തുറഞ്ഞ നടപ്പാതകളിലും കടവരാന്തയിലുമെല്ലാം നിരവധിപേര്‍ മഫ്‌ലറും മങ്കിക്യാപും അണിഞ്ഞ് കറുത്ത കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കിടപ്പുണ്ട്...


മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം






4 comments:

  1. ഒരിക്കൽ പോകണം എന്നു പണ്ടു മുതലേ ആഗ്രഹിച്ച ഒരു നഗരം..Thank You sanuuu

    ReplyDelete