തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 2)

പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയാണ് കേന്ദ്രകമ്മിറ്റിയില്‍ നടക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി പിബി അംഗീകരിച്ച റിപ്പോര്‍ട്ട്, ഇതിനൊപ്പം ജനറല്‍ സെക്രട്ടറിയുടെ ബദല്‍ നിര്‍ദേശങ്ങള്‍ എല്ലാം ചേര്‍ന്ന് വാര്‍ത്താപ്രാധാന്യം ഏറെയുണ്ടായിരുന്നു കൊല്‍ക്കത്തയിലെ യോഗത്തിന്. അതിനാല്‍ തന്നെ പകല്‍ മുഴുവന്‍ ബംഗാള്‍ സിപിഎം സംസ്്ഥാന സമിതി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവന്റെ പോര്‍ച്ചിലും പുറത്തെ സ്്ട്രീറ്റിലും നിന്ന് ലൈവ് റിപ്പോര്‍ട്ടിങ് തന്നെ. ഇടയില്‍ കിട്ടുന്ന ചെറിയ ഇടവേളകളില്‍ മാര്‍ക്റ്റിലെ ലെതര്‍ ഷോപ്പുകളിലും മറ്റും ജാക്കറ്റും ബാഗും വാലറ്റുമെല്ലാം നോക്കിയും വിലപറഞ്ഞുമെല്ലാം കറങ്ങി നടന്നു.
Sketch Sanub Sasidharan

രാത്രിയില്‍ പക്ഷെ നഗരത്തിലെ അലിമുദ്ദീന്‍ സ്ട്രീറ്റിലും ജെസി ബോസ് റോഡിലും പരിസരപ്രദേശത്തും കറങ്ങിനടന്നു.  അലിമുദ്ദീന്‍ സ്ട്രീറ്റിന് തൊട്ടപ്പുറത്ത് തന്നെയാണ് വിശുദ്ധ മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനവും. തെരുവുവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ നഗരം ഉറങ്ങുകയാണ്. കല്ലുപാകിയ ഫുട്പാത്തില്‍ കാര്‍ഡ്‌ബോര്‍ഡിന്റെ ഷീറ്റ് വിരിച്ചും കീറത്തുണി വിരിച്ചുമെല്ലാം കിടക്കുന്ന നൂറുകണക്കിന് പേര്‍. കൊതുകുകടിയില്‍ നിന്ന് രക്ഷപ്പെടാനാവാതെ ശപിച്ച് പിറുപിറുത്ത് എഴുനേറ്റിരുന്ന് ദേഷ്യം തീര്‍ക്കുന്ന ചിലര്‍. ഇവരെല്ലാം പകലുമുഴുവന്‍ റിക്ഷവലിച്ചും തെരുവില്‍ ആക്രിപറക്കിയുമെല്ലാം കഴിയുന്നവരാണ്. രാത്രിയില്‍ ഹോട്ടലടച്ച് ശേഷം അന്നത്തെ മാലിന്യങ്ങള്‍ വലിയ കവറുകളിലാക്കി കളക്റ്റിങ് പോയന്റുകളിലേക്ക് റിക്ഷയില്‍ കൊണ്ടുപോകുന്നവര്‍, യാത്രക്കാരെ കിട്ടുമെന്ന് പ്രതീക്ഷിച്ച് ഓടുന്ന ഓട്ടോറിക്ഷകള്‍, മഞ്ഞ ടാക്‌സി കാറുകള്‍, അന്നത്തെ സര്‍വ്വീസ് പൂര്‍ത്തിയാക്കി ഗ്യാരേജിലേക്ക് മടങ്ങിയെത്തുന്ന ട്രാമുകള്‍, ചുറ്റിലും പഴക്കം ചെന്ന ചെറിയ ചെറിയ കെട്ടിടങ്ങള്‍. ചെറിയ ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍, വീടുകള്‍. അവയിലെല്ലാം തങ്ങളുടെ ചെറിയ ചെറിയ ദുഖകളും വലിയ സന്തോഷങ്ങളുമായി കഴിയുന്ന ബംഗാളികള്‍....

വൃത്തിഹീനമാണ് കൊല്‍ക്കത്തയുടെ പാതകള്‍. ചളിയും മാലിന്യങ്ങളുമെല്ലാം നിറഞ്ഞ്. ഒരുകാലത്ത് ഇന്ത്യയുടെ തന്നെ തലസ്ഥാനമായിരുന്നു ഈ നഗരമെന്നത് ആശ്ചര്യപ്പെടുത്തും. പൈതൃകനഗരമെന്ന് , ഇന്നും പഴമയുടെ പ്രൗഡി തനിമചോരാതെ നിലനിര്‍ത്തുന്നുവെന്നെല്ലാം പലരും വാഴ്ത്താറുണ്ട് ഈ നഗരസൗന്ദര്യത്തെ. ഈ നഗരത്തിന്റെ സൗന്ദര്യം ഇത് തന്നെയാണ് എന്ന് വേണമെങ്കില്‍ നമുക്ക്് സ്വയമാശ്വസിക്കാനായി പറയാം. പക്ഷെ മനസാക്ഷി അതിന് പൂര്‍ണമായും അനുവദിക്കില്ല. മുപ്പത്തഞ്ച് വര്‍ഷത്തോളം കാലം ഇടത്പക്ഷവും പിന്നെ ഇപ്പോള്‍ തൃണമൂലും മുമ്പ് കോണ്‍ഗ്രസും ഭരിച്ച ബംഗാളിലെവിടെയാണ് മാറ്റമെന്ന് പലവുരു മനസില്‍ ചോദിച്ചു.

കൊല്‍ക്കത്തയുടെ നിരത്ത് പൂര്‍ണമായും വിജനമാകുന്നില്ല. മാതൃഭൂമിയിലെ ക്യാമറാമേന്‍ മുകേഷ് തന്റെ ഗോപ്രോയില്‍ കൊല്‍ക്കത്തയുടെ രാത്രിക്കാഴ്ച്ചകള്‍ ഒന്നൊന്നായി പകര്‍ത്തിക്കൊണ്ടിരുന്നു. എത്രനേരം കൊല്‍ക്കത്തയുടെ തെരുവിലൂടെ ആ രാത്രി പാതിരാ പിന്നിട്ടിട്ടും എത്രനടന്നുവെന്നറിയില്ല.

കഴിഞ്ഞദിവസത്തെ ഉറക്കമില്ലായിമ, പകല്‍ മുഴുവനും ലൈവ് നിന്നതിന്റെ ക്ഷീണം, അടുത്തദിവസം പുലര്‍ച്ചെ വീണ്ടും അതെല്ലാം ആവര്‍ത്തിക്കേണ്ടതിന്റെ ഓര്‍മ...എല്ലാം കൂടി ചേര്‍ന്നപ്പോള്‍ തിരിച്ച് റൂമിലേക്ക് പോകാന്‍ പലരും തിരക്ക് കൂട്ടി. കണ്ട് നടന്ന് മതിയാവാതെ, കൊല്‍ക്കത്തയുടെ രാത്രിവിശേഷങ്ങള്‍ അടുത്തരാത്രിയിലേക്ക് ബാക്കിവെച്ച് തിരികെ ഹോട്ടല്‍ മുറിയിലേക്ക്..
.
...
തെരുവുറങ്ങാത്ത കൊല്‍ക്കത്ത  (ഭാഗം 1) ഇവിടെ വായിക്കാം


Comments

Post a Comment