2006 നവംബര്‍ 8.
പുളിയറക്കോണത്തെ ഏഷ്യാനെറ്റ് ന്യൂസ് ഡസ്‌ക്ക്്.
പുതിയ ട്രെയിനി ബാച്ച് ജോയിന്‍ചെയ്ത ശേഷം എക്‌സിക്യൂട്ടീവ് എഡിറ്ററെ പരിചയപ്പെടുത്താന്‍ എച്ച് ആര്‍ കൊണ്ടുപോയി.
എല്ലാവരേയും ചിരിച്ചുകൊണ്ട് വരവേറ്റു.
എന്തുതോന്നി ടെസ്റ്റും ഇന്റര്‍വ്യൂവുമൊക്കെ കഴിഞ്ഞപ്പോള്‍. കിട്ടും എന്ന് കരുതിയോ എന്ന് ചോദ്യം.
എല്ലാവരും ചിരിക്കുന്നു.
കിട്ടിയതിന്‍രെ ആശ്വാസത്തിലെ ചിരി
നഷ്ടപ്പെടുന്നതിന്റെ അവസാന നിമിഷം വരെ പ്രതീക്ഷിക്കാമല്ലോ എന്ന് ഒരാള്‍
പൊട്ടിചിരിച്ച എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഓരോരുത്തരുടേയും പേരു ചോദിച്ച് പരിചയപ്പെട്ടു. എല്ലാവര്‍ക്കും ചായവരുത്തിച്ചു.
....
ആഴ്ച്ചകള്‍ക്ക് മുമ്പ് മാത്രം ജോലിക്ക് ജോയിന്‍ ചെയ്ത ഒരു ട്രെയിനി. ഒരു വാര്‍ത്തയുടെ ബൈറ്റുകള്‍ (പ്രസംഗത്തിന്റെ ചെറിയ ഭാഗം) കട്ട്‌ചെയ്യാന്‍ സീനിയറിനൊപ്പം അസിസ്റ്റന്റായി നിയോഗിക്കപ്പെടുന്നു. കാര്യങ്ങള്‍ പഠിക്കാനാണ് ഇങ്ങനെ അസിസ്റ്റന്റായി ഡ്യൂട്ടി അസൈന്‍ ചെയ്യുന്നത്.
ഏഷ്യാനെറ്റ് അവാര്‍ഡ് പ്രഖ്യാപനത്തിന്റെ വാര്‍ത്തയാണ് കട്ട് ചെയ്ത് വാര്‍ത്തയിലേക്ക് നല്‍കേണ്ടത്. സാധാരണഗതിയില്‍ ബൈറ്റ് എന്നതിന്റെ ദൈര്‍ഘ്യം 30 മുതല്‍ അത്രയും പ്രാധാന്യമേറിയതാണെങ്കിള്‍ 45 സെക്കന്റ് വരെ. ഏഷ്യാനെറ്റില്‍ അന്നും ഇന്നും സ്റ്റോറിയുടെ ലെങ്ത്തിന് കൃത്യമായ കണക്കുണ്ട്. ഒരു മിനുട്ടില്‍ കൂടരുത് വാര്‍ത്തകള്‍. ആ അറിവില്‍ ബൈറ്റ് കട്ട് ചെയ്തുവെച്ചു. മികച്ച നടന്‍, മികച്ച നടി, സിനിമ, സംവിധായകന്‍.... അങ്ങനെയങ്ങനെ പ്രധാനപ്പെട്ട അവാര്‍ഡുകളെല്ലാം .....
വാര്‍ത്തയുടെ സമയവും അതിലെ മറ്റ് വാര്‍ത്തകളുമെല്ലാം കണക്കുകൂട്ടിയായിരുന്നു ബൈറ്റ് കട്ട് ചെയ്ത് വെച്ചത്. എഡിറ്റിങ് പഠിച്ച ആവേശത്തില്‍ ട്രെയിനി തന്നെയായിരുന്നു ബൈറ്റ് ഒക്കെ കട്ട് ചെയ്തത്. 30 സെക്കന്‍്‌റ് വരെ ടൈമറ് വെച്ച് മുറിച്ചത് പോലെ ബൈറ്റ് കട്ട് ചെയ്ത് വെച്ചപ്പോള്‍ പലതും വിട്ടുപോയി. അപ്രധാനഅവാര്ഡുകള്‍ അല്ലെയെന്ന ധാരണയില്‍ എന്നുവേണമെങ്കില്‍ പറയാം.
അടുത്ത വാര്‍ത്താബുള്ളറ്റിനില്‍ ബൈറ്റുകള്‍ പോയി. ആദ്യമായി സ്വതന്ത്ര എഡിറ്ററായി പ്രവര്‍ത്തിച്ച സന്തോഷത്തിലും അഭിമാനത്തിലും ഇങ്ങനെ ഇരിക്കുമ്പോളാണ് സീനിയറിനേയും സഹായിയേയും അന്വേഷിച്ച് ക്‌സിക്യൂട്ടീവ് എഡിറ്ററുടെ ഫോണ്‍ കോള്‍ ഡസ്‌ക്കിലേക്ക് വരുന്നത്. പണി പാളിയതാണോയെന്ന് സീനിയറുടെ മുഖത്ത് ആശങ്ക. ട്രെയിനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
നേരെ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ മുറിയിലെത്തി.
"ആ വാര്‍ത്ത പോയല്ലോ അല്ലേ."
തന്റെ ഇടത് വശത്തിരിക്കുന്ന കംപ്യൂട്ടറില്‍ നിന്ന് കണ്ണെടുക്കാതെ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ ചോദ്യം.
"പോയി സാര്‍"
"എങ്ങനെയാ പോയെ"
"ബൈറ്റായിട്ട്"
"ഉം.... "നീട്ടിയൊരുമൂളല്‍... പിന്നാലെ കംപ്യൂട്ടറില്‍ നിന്ന് കണ്ണെടുത്ത് നേരെ നോക്കിയപ്പോള്‍ അതിരൂക്ഷമായ ഭാവമായിരുന്നു ആ മുഖത്ത്
നൈസായിട്ട് പണി പാളി എന്ന് ട്രെയിനിക്കും മനസിലായി
ഇ"ങ്ങനെയാണോടാ ബൈറ്റ് കട്ട് ചെയ്യുന്നത്? ആരാടാ നിന്നെ ഒക്കെ വാര്‍ത്ത കൊടുക്കാന്‍ പഠിപ്പിച്ചത്?"
പിന്നെ ശബ്ദം ഉച്ചത്തിലായിതുടങ്ങി.
"ആരാ ബൈറ്റ് കട്ട് ചെയ്‌തേ"
"ഞാനാണ് സാര്‍..."ട്രൈയിനി
"അപ്പൊ നീയെവിടായിരുന്നു.." സീനിയറിനോടാണ്
"ഞാന്‍ പ്രൊഡക്ഷന്‍ ഉണ്ടായിരുന്നത്‌കൊണ്ട് പിസിആറിലേക്ക് പോയിരുന്നു"
"ബെറ്റില്‍ മുഴുവന്‍ വിവരമില്ലല്ലോ അതില്ലാതെയാണോ വാര്‍ത്ത കൊടുക്കുന്നത്. എന്തിനാ നീയൊക്കെ ഇങ്ങോട്ട് വരുന്നത് ഇത്രയും നാളായിട്ടും ഇതൊന്നും പഠിച്ചില്ലെ", എന്ന് തുടങ്ങി നിരവധി ചീത്ത. ചെവിപൊട്ടുന്ന ചീത്ത തന്നെ.
ശീതികരിച്ച ആ മുറിയിലിരുന്ന് ട്രെയിനി നന്നായി വിയര്‍ത്തൊഴുകി.
ബൈറ്റിന്റെ ഡ്യൂറേഷന്‍...വാര്‍ത്തയുടെ സമയം എന്നൊക്കെ പറഞ്ഞ് മറുപടി നല്‍കാന്‍ ശ്രമിച്ചതോടെ ചീത്തയുടെ തോതും കൂടി. ശബ്ദവും ഉയര്‍ന്നു.
മുറിക്ക് പുറത്ത് വേഗത്തില്‍ നടന്നടുക്കുന്ന കാല്‍പാടുകള്‍ നിശബ്ദമാകുന്നത് അറിയുന്നുണ്ടായിരുന്നു. 15 മിനിട്ടുകൊണ്ട് പൊരിച്ചെടുത്തു എക്‌സിക്യൂട്ടീവ് എഡിറ്റര്‍.
ആ മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വിയര്‍ത്ത അത്രയുമൊന്നും പിന്നീടൊരിക്കലും ആ ട്രയിനി വിയര്‍ത്തുകാണില്ല.കരച്ചിലിന്റെ വക്കോളമെത്തിയ മുഖവുമായി ഡെസ്‌ക്കിലേക്ക് തിരിച്ചെത്തുമ്പോള്‍ ദയനീയമായി കയ്യില്‍ പാതി തുറന്ന വെള്ളകുപ്പിയുമായി നില്‍ക്കുന്ന സഹപ്രവര്‍ത്തക ആശ്വസിപ്പിക്കാനായി അടുത്തുകൂടി.
ഫീഡ് റൂമില്‍ മുഖംവീര്‍പ്പിച്ചിരുന്ന ആഴ്ച്ചകള്‍ മാത്രം പരിചയമുള്ള ട്രെയിനിയെ ആശ്വസിപ്പിക്കാന്‍ പലരും വന്നു. അത്രമാത്രം ഉണ്ടായിരുന്നു അന്ന് ആ ന്യൂസ് റൂമിലെ ബന്ധങ്ങള്‍.
10 മിനുട്ട് കഴിഞ്ഞപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഡസ്‌ക്കിലേക്ക് വന്നു. എല്ലാവരും എഴുന്നേറ്റ് ഇനി ആര്‍ക്കാണാവോ അടുത്തത് എന്ന ആശങ്കയോടെ നോക്കി.
അടുത്തബുള്ളറ്റിന് എല്ലാം റെഡിയല്ലേ എന്ന് ഗൗരവം വിടാതെ ചോദിച്ചു. അവാര്‍ഡിന്റെ വാര്‍ത്ത കുറച്ചുകൂടി പ്രാധാന്യത്തോടെ നല്‍കാന്‍ നിര്‍ദേശിച്ചു.
'"നീ ഭക്ഷണം കഴിച്ച"
ചോദ്യം ട്രെയിനിയോടാണ്
'"ഉവ്വ്''
"'ആ...നീ വന്നേ... '"
അതും പറഞ്ഞ് എഡിറ്റര്‍ തിരിഞ്ഞുനടന്നു
ഈശ്വരാ വീണ്ടും തെറിവിളിക്കാനാണോ... എല്ലാവരുടെ മുഖത്തും വീണ്ടും ആശങ്ക.
മിണ്ടാതെ പിന്നാലെ നടന്നു. മുറിയിലേക്കാണോ...അല്ല പുറത്തേക്കാണ്.
ഓഫീസിന്റെ മതില്‍കെട്ടും കടന്ന് ക്യാന്റീന്റെ ഭാാഗത്തേക്കാണ്. അവിടത്തെ പെട്ടികടയിലേക്ക്.
നീ സിഗരറ്റ് വലിക്കുമോ
ഇല്ല് പേടിമാറാതെ മറുപടി
തീരെ വലിക്കില്ല എന്നാണോ അതോ എന്റെ കൂടെ വലിക്കില്ല എന്നാണോ
അല്ല സാര്‍ ഞാന്‍ തീരെ വലിക്കാറില്ല
വീണ്ടും നീട്ടി ഒരു മൂളല്‍
എന്നിട്ട് രണ്ട് കടലമിഠായി എടുത്ത് തന്നു.
"മദ്യപിക്കുമോ"
"ഇല്ല"
"അതും ഇല്ലേ...?"
ആശ്ചര്യത്തോടെ കണ്ണ് തള്ളിയുള്ള നോട്ടം
"അപ്പൊ നല്ല ശീലങ്ങളൊന്നുമില്ല അല്ലേ...നീന്നെയീപണിക്ക് കൊള്ളില്ല...."
പിന്നെ സിഗരറ്റിന്റെ കറ വീണ പല്ലുകള്‍ കാണിച്ച് ഒരു പൊട്ടിച്ചിരിയായിരുന്നു
അതുവരെ മനസില്‍കെട്ടികിടന്ന പേടിയും ദേഷ്യവും സങ്കടവുമെല്ലാം ആ പൊട്ടിച്ചിരിയില്ലാതാക്കി
"ചീത്ത പറഞ്ഞതൊന്നും കാര്യമാക്കണ്ട. അതൊക്കെ ഈ ജോലിയുടെ ഭാഗമാണ്. ഇനിയും കുറേ കേള്‍ക്കും. പിന്നെ നമ്മുടെ അവാര്‍ഡിന്റെ വാര്‍ത്ത
നമ്മളല്ലാതെ മറ്റ് ചാനലുകാര്‍ കൊടുക്കില്ലല്ലോ.."
നമ്മളല്ലാതെ മറ്റ് ചാനലുകാര്‍ കൊടുക്കില്ലല്ലോ.."
പിന്നെ പുകച്ചുകൊണ്ട് കുറേ സംസാരിച്ചു. വെറും ഒരു സിഗരറ്റല്ല, ആതൊരു മാലപോലെ കൊരുത്തു വലിക്കുന്ന ആ എക്‌സിക്യൂട്ടീവ് എഡിറ്റര്‍.
സാര്‍ എന്ന അഭിസംബോധന അധികം കഴിയുമ്പോഴേക്കും ഏട്ടാ എന്ന വിളിയിലേക്ക് അതിവേഗത്തില്‍ ഓടിയെത്തി.
അങ്ങനെയായിരുന്നു തോമസേട്ടന്‍. വാര്‍ത്തയില്‍ തെറ്റുവരുത്തിയാല്‍ നന്നായി ചീത്തപറഞ്ഞും അതുകഴിഞ്ഞാല്‍ സ്‌നേഹത്തോടെ ചേര്‍ത്ത് പിടിച്ചും.
വര്‍ഷം 14 കഴിഞ്ഞിരിക്കുന്നു. ഇതിനിടെ എക്‌സിക്യൂട്ടീവ് എഡിറ്ററിനെ സാറേ എന്ന് വിളിച്ചിട്ടുള്ളത് അപൂര്‍വ്വസന്ദര്‍ഭങ്ങളില്‍ മാത്രമാണ്. ആ സന്ദര്‍ഭങ്ങള്‍ എന്നുപറയുന്നത് ചീത്തപറഞ്ഞതിലെ പിണക്കമോ പരിഭവമോ ഉണ്ടെന്ന് കാണിക്കാന്‍മാത്രമാണ്. അത് മൂപ്പര്‍ക്കും അറിയാം.
സി എല്‍ തോമസ് എന്നാണ് ആ എക്‌സിക്യൂട്ടീവ് എഡിറ്ററുടെ പേര്. ട്രെയിനി ഞാനും. പിന്നീട് മീഡിയ വണില്‍ എന്റെ എഡിറ്റര്‍ ഇന്‍ ചീഫുമായിരുന്നു തോമസേട്ടന്‍.
വയനാട് ബ്യൂറോയില്‍ നിന്നും സ്ഥിരം ഭൂപ്രശ്‌നങ്ങള്‍ക്കപ്പുറം കേരളത്തെ ഞെട്ടിപ്പിക്കാവുന്ന വാര്‍ത്തകള്‍ ഉണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു എന്നെ അങ്ങോട്ട് അയച്ചത്. പിഎസ് സിയിലെ വ്യാജ നിയമനം സംബന്ധിച്ച വാര്‍ത്ത ഒരു മാസത്തിലേറെക്കാലം ചാനലുകളിലെ തലക്കെട്ടായപ്പോള്‍ അഭിനന്ദമറിയിക്കാന്‍ പാതിരാത്രിയില്‍ വരെ വിളിച്ചിട്ടുണ്ട് തോമസേട്ടന്‍. പിന്നെ വയനാട്ടിലെ ഒരു മലതുരന്ന് മട്ടിമണലെടുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് സ്‌റ്റോറി ചെയ്ത് അയച്ചപ്പോള്‍ അത് നീ ഇനിയും നന്നാക്കാനുണ്ട് എന്ന് പറഞ്ഞ് മടക്കിയയച്ചു. പിന്നെ ഓരോ ആഴ്ച്ചയും അതെന്തായി എന്ന് നിരന്തരം ചോദിച്ചു വിളിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ആഴ്ച്ചകള്‍ എടുത്ത് ഞാനാ വാര്‍ത്ത പലകുറി തിരുത്തിചെയ്തപ്പോളാണ് തോമസേട്ടന് തൃപ്തിയായത്. ലോക്ഡൗണിന് മുമ്പ് കണ്ടപ്പോഴും തോമസേട്ടന്‍ എന്റെ ഏറ്റവും നല്ല വാര്‍ത്തയായി ചൂണ്ടിക്കാണിച്ചതും അതാണ്. പക്ഷെ എന്റെ കണ്‍മുന്നില്‍ ഒരു മലയില്ലാതായി എന്ന് പരാതി അപ്പോഴും ഇരുവര്‍ക്കും ബാക്കി
ഇന്നലെ നാല് പതിറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന ഔദ്യോഗിക ജീവിതത്തിന് വിരമാമമിട്ട് വിരമിച്ചു. വിശ്വസിക്കാനാവുന്നില്ല. തോമസേട്ടനില്ലാത്ത ന്യൂസ് റൂമുകളെ കുറിച്ച് ചിന്തിക്കാനാവുന്നില്ല. മാറുന്നകാലത്ത് മാറ്റമില്ലാത്ത നിലപാടുകളുള്ള എഡിറ്റര്‍മാര് വേണം.
വിശ്രമിജീവിതം ആശംസിക്കുമ്പോളും ചെറിയ സങ്കടം. എത്രനാള്‍ തോമസേട്ടാ വാര്‍ത്താമുറിയില്‍ നിന്ന് നിങ്ങള്‍ക്ക് മാറിനില്‍ക്കാനാവും
"വാര്‍ത്തയുടെ കാര്യത്തില്‍ ഒരുതരത്തിലും വിട്ടുവീഴ്ച്ചയും വരുത്തരുത്. ഏറ്റവും പ്രിയപ്പെട്ടവരായാലും വീഴ്ച്ചവരുത്തിയാല്‍ ഭീകരമായി തന്നെ പ്രതികരിക്കണം. കാരണം വാര്‍ത്തയെന്നത് നിമിഷനേരം കൊണ്ട് മാറുന്ന ഒന്നാണ്. മാറുന്നതിന് മുമ്പേ അത് ജനത്തെ അറിയിക്കണം. അത് നന്നായി തന്നെ അവതരിപ്പിക്കുകയും വേണം. അതാണ് നമ്മുടെ ഉത്തരവാദിത്വം. "
തോമസേട്ടന്‍ അന്ന് പുളിയറക്കോണത്തെ പെട്ടികടയുടെ അരികില്‍ മാറ്റിനിര്‍ത്ത് നല്‍കിയ ഉപദേശം ഇന്നും സൂക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും ഒരുപക്ഷെ മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ സ്വയം നവീകരിക്കാന്‍ എന്നെ സഹായിക്കുന്നതും ഈ വാക്കുകളാണ്.
എന്നെ നന്നായറിഞ്ഞ, മനസിലാക്കിയിട്ടുള്ള, ഒപ്പം നിര്‍ത്തിയിട്ടുള്ള മറ്റൊരാള്‍ മാധ്യമപ്രവര്‍ത്തനരംഗത്ത് ഉണ്ടെന്ന് തോന്നുന്നില്ല.
ബോസ് ആയിരുന്നില്ല, മേധാവിയുമായിരുന്നില്ല, ഗുരുവും വഴികാട്ടിയുമായിരുന്നു തോമസേട്ടന്‍.
താമസേട്ടന്‍ സ്‌ക്കൂള്‍ ഓഫ് ജേണലിസത്തിലെ വിദ്യാര്‍ത്ഥികള്‍ ആണെന്ന് പറയാന്‍ ആണ് ഏറെയിഷ്ടം.
❤️❤️❤️❤️
ReplyDeleteഅളിയാ... ആ പെട്ടിക്കട കാലഘട്ടം ഒന്നൂടെ ഓർമിപ്പിച്ചു... ❤
ReplyDeleteആരാണെന്ന് മനസ്സിലായില്ല. എന്നാലും ആ പെട്ടിക്ടയുടെ ഒരത്ത് പൂത്ത ഏത്ര നല്ല സൗഹൃദങ്ങൾ ഉണ്ട്. അതൊക്കെ ഇപ്പോളും ഉണ്ട്. വേറെ ഒരിടത്ത് നിന്നും അങ്ങനെ ഒന്ന് കിട്ടിയിട്ടും ഇല്ല..
Deleteഉമ്മകൾ..
Delete