വീരന്‍, വീരേന്ദ്രകുമാര്‍, വിട....


പ്ലാച്ചിമടപോലുള്ള പരിസ്ഥിതി ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍, നിലപാടുകള്‍ ഇവയൊക്കെ തന്നെയാണ് എംപി വീരേന്ദ്രകുമാര്‍ എന്ന രാഷ്ട്രീയ നേതാവിനെ പ്രിയങ്കരനാക്കിയത്. വയനാട്ടിലെ ഔദ്യോഗിക ജീവിതത്തിനിടെ പലകുറി കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്. വയനാട്ടിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച്, ആദിവാസി ക്ഷേമസമിതിയുടെ ഭൂസമരങ്ങളുടെ കാലത്ത്, പലകുറി വാര്‍ത്താസമ്മേളനത്തിലും അല്ലാതെയും ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അന്ന് യുഡിഎഫിനൊപ്പമായിരുന്നുവെന്നതിനാല്‍ തന്നെ ആശയപരമായി കടുത്ത വിയോജിപ്പ് തോന്നിയിട്ടുമുണ്ട്. അപ്പോഴും ഇപ്പോഴും മുന്നണി വിടാനുണ്ടായ ആ കാരണത്തോടുള്ള വിയോജിപ്പ് തുടരുന്നു. 
2012 ജനുവരി 12 ന്, കോഴിക്കോട്ടെ താജ് ഹോട്ടലിലെ മുറിയില്‍ വെച്ചായിരുന്നു മാതൃഭൂമി ചാനലിലേക്കുള്ള അഭിമുഖം നടന്നത്. സിപിഎം കണ്ണൂര്‍ ജില്ലാസമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയായിരുന്നു ഓടി കോഴിക്കോട്ട് എത്തിയത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ മാതൃഭൂമിയുടെ മാനേജിങ് എഡിറ്ററും ഡയറക്ടര്‍മാരും മറ്റ് മേധാവികള്‍ക്കുമൊപ്പം നടുവില്‍ വീരേന്ദ്രകുമാറുമുണ്ടായിരുന്നു. എല്ലാവരും ചോദ്യങ്ങള്‍ മാറി മാറി ചോദിച്ചു. കോളേജ് രാഷ്ട്രീയം മുതല്‍ മാധ്യമസിണ്ടിക്കറ്റെന്ന പ്രയോഗത്തെ കുറിച്ച് വരെ. അപ്പോഴെല്ലാം ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ മുഖത്ത് മാത്രം നോക്കിയിരുന്നു അദ്ദേഹം. ഇടയ്ക്ക് ഡയറക്ടര്‍ ഒരു തിരമണ്ടന്‍ ചോദ്യം ചോദിച്ചപ്പോള്‍ അസ്വസ്ഥമായത് അദ്ദേഹം ശ്രദ്ധിക്കുകയും തലമെല്ലെയാട്ടി ഒന്നു പുഞ്ചിരിച്ചതും നല്ല ഓര്‍മയുണ്ട്. എല്ലാവരുടേയും ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ എച്ച് ആര്‍ മാനേജര്‍ ആനന്ദ് ഇനി സാറിന് വല്ലതും എന്ന് ചോദിച്ചു.
"ഇല്ല എനിക്കറിയാം ആളെ, വയനാട്ടില്‍ ഉണ്ടായിരുന്നല്ലോ" 
എന്നിട്ട് ഒരു ചോദ്യം ചോദിച്ചു. 
"ഇപ്പോഴും ഉണ്ടോ രാഷ്ട്രീയം?"  
ഉത്തരം പറയാന്‍ ഒട്ടും അമാന്തിച്ചില്ല. 
"ഇടത് രാഷ്ട്രീയം ഇപ്പോഴും ഉണ്ട്. സിപിഎമ്മിനോട് തന്നെയാണ് അഭിമുഖ്യം. അത് തുടരുകതന്നെ ചെയ്യും". 
"ഗുഡ്".
ഒന്നുകൂടെ വിരിഞ്ഞ ചിരി. 
സിപിഎമ്മിനേയും പിണറായി വിജയനേയും മാതൃഭൂമി കടന്നാക്രമിക്കുന്ന സമയത്ത് അത്തരമൊരു മറുപടി സാധാരണഗതിയില്‍ ഏതൊരു പ്രതിപക്ഷ പാര്‍ട്ടിക്കാരേയും ചൊടിപ്പിക്കേണ്ടതാണ്. അതില്‍ വീരേന്ദ്രകുമാര്‍ തീര്‍്ത്തും വ്യത്യസ്ഥനാണ്. 
പിന്നെ ഏതൊരു ചിത്രകാരനേയും അമ്പരപ്പിക്കുന്ന തരത്തിലുള്ള നീണ്ട, നിരവധി വളവുകളും ചുറ്റിക്കെട്ടുകളുമുള്ള കയ്യൊപ്പ് ചാര്‍ത്തിയ അപ്പൊയിന്റ്‌മെന്റ് ലെറ്റര്‍ കയ്യില്‍ കിട്ടി. അപ്പൊയിന്റ്‌മെന്റ് ലെറ്ററിനേക്കാള്‍ ആ ഒപ്പില്‍ എത്ര വട്ടങ്ങളും വളവുകളുമെന്നതാണ് എന്നെ ആകര്‍ഷിച്ചതും അത്ഭുതം കൊള്ളിച്ചതും.
രാജ്യം കറുത്തകാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ സഭയിലും പുറത്തും മുഴങ്ങേണ്ട ശബ്ദങ്ങളിലൊന്നുകൂടിയാണ് ഇല്ലാതാകുന്നത്. എം പി വീരേന്ദ്രകുമാര്‍ കാലഘട്ടത്തിന്റെ നഷ്ടം ആകുന്നതും അങ്ങനെതന്നെ. 

ആദരാഞ്ജലികള്‍

Comments