Saturday, 30 May 2020

আনন্দ শহর ... (ആനന്ദനഗരം) - തെരുവുറങ്ങാത്ത കൊല്‍ക്കത്ത (ഭാഗം 4)


കൊല്‍ക്കത്തയിലെ അവസാന ദിനം. 
സരസ്വതി പൂജയാണ് ബംഗാളില്‍ അന്ന്. അവധി ദിവസം.
രാവിലെ തന്നെ സുഹൃത്തായ സന്ദീപ സര്‍ക്കാര്‍ എത്തി. കൊല്‍ക്കത്തയിലെ 24 ഘണ്ട ടിവി റിപ്പോര്‍ട്ടര്‍ ആണ് സന്ദീപ് ദാ. നഗരം കാണിക്കാനുള്ള വരവാണ്. ഓഫീസ് കാറില്‍ ഷൂട്ടിനിടെയാണ്  ഞങ്ങളെ കൊല്‍ക്കത്ത ചുറ്റിക്കാണിക്കാന്‍ സന്ദീപ് ദാ എത്തിയത്. നേരെ വിക്ടോറിയ മെമ്മോറിയലിലേക്ക്‌. നിറയെ ആളുകള്‍. എല്ലാവരും കോളേജ് വിദ്യാര്‍ത്ഥികള്‍. കമിതാക്കളാണ്. സരസ്വതി പൂജക്ക് ഇറങ്ങിയതാണ് എല്ലാവരുമെന്ന് സന്ദീപ് ദായുടെ നോട്ടി കമന്റ്.
Sketch Sanub Sasidharan

ഞങ്ങളെ അകത്ത് കയറ്റിയശേഷം സന്ദീപ് ദാ ഷൂട്ടിന് പോയി. തിരിച്ചുവരുമ്പോഴേക്കും ചുറ്റിക്കാണണം. വിക്ടോറിയ മെമ്മോറിയല്‍. 1900 ത്തിന്റെ തുടക്കത്തില്‍ വിക്ടോറിയ രാജ്ഞിയുടെ ഓര്‍മയ്ക്കായി പണിത കൊല്‍ക്കത്തിയിലെ ഏറ്റവും വലിയ മാര്ബിള്‍ സമുച്ചയം. ഹൂഗ്ലി നദിയുടെ തീരത്തെ ഈ കൊട്ടാരസദൃശ്യമായ സമുച്ചയമിന്ന് ഒരു മ്യൂസിയമാണ്. വിക്ടോറിയയുടെ പ്രതിമയും മാതൃത്വത്തിന്റെ ശില്‍പവുമെല്ലാം ഈ വെണ്ണക്കല്‍ കൊട്ടാരത്തിന് അഴക് പകരുന്നു. മണിക്കൂറുകളോളം കെട്ടിടത്തിന് ചുറ്റുമുള്ള പൂന്തോട്ടത്തില്‍ കറങ്ങി നടന്നു. സനോജ് ഫോട്ടോയെടുക്കുന്ന തിരക്കിലാണ്. ഫ്രെയിം എങ്ങോട്ട് വെച്ചാലും പക്ഷെ പ്രശ്‌നമാണ്. എല്ലായിടത്തും തങ്ങളുടെ സ്വന്തം ലോകം സൃഷ്ടിച്ച് അതില്‍ ഉല്ലസിക്കുന്ന പ്രണയിതാക്കള്‍. കൊല്‍ക്കത്ത സിറ്റി ഓഫ് ജോയ് ആണ് എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല. ആരെയും ശല്യം ചെയ്യാതെ എല്ലാവരും സ്വന്തം കാര്യം നോക്കി നടന്നുപോകുന്നു.
കുറേ നേരം മരത്തണലിലും ജലാശയത്തിന്റെ തീരത്തുമെല്ലാം കറങ്ങി നടന്നു. അതിനിടെ വേഗത്തില്‍ ഷൂട്ട് തീര്‍ത്ത് സന്ദീപ് ദാ തിരിച്ചെത്തി. പിന്നെ കാറില്‍ കൊല്‍ക്കത്തയുടെ തിരക്കേറിയ പാതയിലൂടെ മുന്നോട്ട്. കാറില്‍ രബീന്ദ്രസംഗീതം ഉച്ചത്തില്‍ മുഴങ്ങുന്നു. രബീന്ദ്രസംഗീതം ഏതാണ്ട് ജീവവായുപോലെയാണ് ഇന്നും ബംഗാളികള്‍ക്ക്.  സെക്രട്ടേറിയറ്റ് കണ്ടശേഷം നേരെ പഴയ സെക്രട്ടേറിയറ്റ് മന്ദിരമായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലേക്ക്. 

നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരിക്കുകയാണ് റൈറ്റേഴ്‌സ് ബില്‍ഡിങ്. ചുവപ്പ് നിറമുള്ള റൈറ്റേഴ്‌സ് ബില്‍ഡിങ് പഴയകാല പ്രൗഡി വിളിച്ചോതി തലയുയര്‍ത്തി നില്‍ക്കുന്നു. ചുറ്റും അറ്റകുറ്റപണികളുടെ ഭാഗമായി നാട്ടിയ കമ്പുകളുടെ  വേലിക്കെട്ട്‌. പുറത്ത് പൊലീസും സുരക്ഷാഗാര്‍ഡുകളുമാണ്ട്. സന്ദീപ് ദാ തന്റെ ഓഫീസ് ഐഡി കാര്‍ഡ് കാണിച്ചു. ഞങ്ങളേയും പരിചയപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരാണെന്ന് അറിഞ്ഞപ്പോള്‍ അകത്ത് കയറിക്കൊള്ളാന്‍ അനുമതി തന്നു. അങ്ങനെ ബംഗാളിന്റെ ഭരണസിരാകേന്ദ്രമായിരുന്ന, ചരിത്രത്തിലെ പലമുഹൂര്‍ത്തങ്ങള്‍ക്കും സാക്്ഷ്യം വഹിച്ച റൈറ്റേഴ്‌സ് ബില്‍ഡിങ്ങിലെ ഗോവണികള് കയറി മുകളിലേക്ക്. ആദ്യം സന്ദീപ് ദാ ഞങ്ങളെ കൊണ്ടുപോയത് വലിയ ഒരു ഹാളിലേക്കാണ്. അവിടെ വലതുവശത്തെ വലിയ വിസ്താരമുള്ള മുറിയിലേക്ക് കയറിയ സന്ദീപ് ദാ ഇരുകൈകളും നിവര്‍ത്തി പിടിച്ച്‌പറഞ്ഞു.

"ദാ ഇവിടെ ഇരുന്നാണ് നിങ്ങളുടെ പ്രിയ നേതാവ് ജ്യോതിബസു ബംഗാളിനെ ദീര്‍ഘകാലം നയിച്ചത്."

ആശ്ചര്യവും അത്ഭൂതവും സന്തോഷവുമെല്ലാം ഒരുമിച്ച് അനുഭവപ്പെട്ടു. ചരിത്രമെഴുതിയ നാലുചുവരുകള്‍ക്കുള്ളിലാണ് ആ നിമഷമെന്ന ചിന്ത. സനോജിന്റെ ക്യാമറ നിര്‍ത്താതെ ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടേയിരുന്നു.

ആദ്യത്തെ അത്ഭുതത്തിന് പിന്നാലെ യാഥാര്‍ത്ഥ്യവും മനസിലേക്കോടിയെത്തി.

"അതെ ,ഇവിടെ ഇരുന്ന് തന്നെ സഖാവിന്റെ പിന്‍ഗാമി എടുത്ത തീരുമാനങ്ങളാണ് സിംഗൂരും നന്ദിഗ്രാമിനും വഴിവെച്ചത്. ഇടത്പക്ഷത്തിന്റെ പരാജയം കുറിച്ചിട്ടത്. ഈ മുറിയിലെ ഒപ്പുകളാണ അവയെന്നതും ചരിത്രത്തിന്റെ ഭാഗമല്ലേ"

തിരിച്ചുള്ള എന്റെ മറുപടികേട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലിയായ സന്ദീപ് ദാക്ക് ചിരിക്കാതിരിക്കാനായില്ല.

മുഖ്യമന്ത്രിമാരുടെ പേരുകള്‍ ആലേഖനം ചെയ്ത വലിയ മരത്തിന്റെ ബോര്‍ഡ് ആ ഭിത്തിയില്‍ ഇപ്പോഴും തുങ്ങിക്കിടക്കുന്നുണ്ട്. ബോര്‍ഡിലെ പൊടി തട്ടിമാറ്റിയപ്പോള്‍ ആ ചരിത്രപുരുഷന്റെ പേര് തെളിഞ്ഞുവന്നു. ബംഗാളിയിലെഴുതിയ സഖാവ് ജ്യോതി ബസുവിന്റെ നാമം. ചരിത്രപരമായ വിഢിത്തമെന്ന് ബസുതന്നെ വിശേഷിപ്പിച്ച പാര്‍ട്ടിയുടെ തീരുമാനം ഉണ്ടായില്ലെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെ അലങ്കരിച്ചവരുടെ പട്ടികയില്‍ ഇടം പിടിക്കേണ്ടിയിരുന്ന പേര്.

കുറച്ചുനേരം ബില്‍ഡിങ്ങില്‍ കറങ്ങി നടന്നു. ഇനി കൊല്‍ക്കത്തയുടെ ഭരണസിരാകേന്ദ്രമായി റൈറ്റേഴ്‌സ് ബില്‍ഡിങ് മടങ്ങിവരുമോയെന്നത് സംശയമാണ്. കമ്മ്യൂണിസ്റ്റുകളുടെ ഓര്‍മപേറുന്ന ആ കെട്ടിടത്തോട് മമതയ്ക്ക് വലിയ മമതയൊന്നുമില്ല. അതിനാല്‍ തന്നെ നവീകരണത്തിന് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മാത്രമായേക്കും റൈറ്റേഴ്‌സ് ബില്‍ഡിങ് ഇനി മേല്‍വിലാസമാവുക.

ഇന്ത്യയുടെ കായിക ഭൂപടത്തിലും കൊല്‍ക്കത്തയ്ക്ക് വലിയ സ്ഥാനമുണ്ട്. കടുത്ത ഫുട്‌ബോള്‍ ആരാധകനാണ് സന്ദീപ് ദാ. കേരളവും ബംഗാളും കായികരംഗത്തും ഒരുപോലെ കൊണ്ടും കൊടുത്തും വളര്‍ന്ന കഥകള്‍, സന്തോഷ്് ട്രോഫിയിലെ എണ്ണമറ്റ ഫൈനലുകള്‍, ബംഗാളിന് കേരളം സമ്മാനിച്ച കാല്‍പന്തിന്റെ രാജകുമാരന്‍മാര്‍....അങ്ങനെ എല്ലാം പലകുറി ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഫുട്‌ബോളിന്റെ രാജാക്കന്‍മാരെ സൃഷ്ടിച്ചെടുത്ത ആ ക്ലബുകള്‍ കാണാതെ പോകരുതെന്ന് ദാദക്ക് നിര്‍ബന്ധമാണ്. 

ഈഡന്‍ ഗാര്‍ഡന്‍സിലേക്ക്. സ്റ്റേഡിയത്തിന് പുറത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ മുടിചൂടാമന്നന്‍മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തുവെച്ചിരിക്കുന്നു. സച്ചിനും കൊല്‍ക്കത്തയുടെ സ്വന്തം ദാദയും എല്ലാം..പക്ഷെ ഈഡന്‍ ഗാര്‍ഡന്‍സെന്നാല്‍ എന്റെ മനസിലെ മായാത്ത ഏകകാഴ്ച്ച ഗ്രൗണ്ടില്‍ നിന്ന് കളിപൂര്‍ത്തിയാക്കാതെ കയറിപോയ ഒരു താരത്തിന്റെ കണ്ണീരില്‍ കുതിര്‍ന്നതാണ്...1996 ലെ ലോകകപ്പ് സെമിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരം നിര്‍ത്തിവെക്കുമ്പോള്‍ നിസഹായനായി കരഞ്ഞ്‌കൊണ്ട് മടങ്ങിയ വിനോദ് ഗണപത് കാംബ്ലിയെന്ന എന്റെ ഇഷ്ടതാരത്തിന്റേത്...
അകത്ത് കയറാമെന്ന സന്ദീപ് ദായുടെ ക്ഷണം എന്തോ സ്വീകരിക്കാന്‍ തോന്നിയില്ല. 

നേരെ ബംഗാളികളുടെ സ്വന്തം ഫുട്‌ബോള്‍ ടീമുകളുടെ മൈതാനികളിലേക്ക്. മുഹമ്മദന്‍സിന്റെ ആസ്ഥാനവും മോഹന്‍ ബഗാനിന്റെ ആസ്ഥാനവുമെല്ലാം കാറിലിരുന്നു കണ്ടു. ഇറങ്ങേണ്ട ഗ്രൗണ്ട് ഇതല്ലെന്നാണ് സന്ദീപ് ദായുടെ നിശ്ചയം. അത് ഏതാണെന്ന് എനിക്കുമറിയാം. അതിനാല്‍ തന്നെ ചോദിച്ചില്ല. ബംഗാളിന്റെ ഫുട്‌ബോള്‍ പൈതൃകവും തകര്‍ന്ന് പോയ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങിന്റെ നഷ്ടപ്രതാപവുമെല്ലാം നിരാശയോടെ പങ്കുവെച്ച് ഒടുവില്‍ അവിടെയെത്തി. ബംഗാളിന്റെ സ്വന്തം ക്ലബ് എന്ന് സന്ദീപ് ദാ അവകാശപ്പെടുന്ന ഈസ്റ്റ് ബംഗാളിന്റെ ആസ്ഥാനത്ത്. ഐം എം വിജയനും ജോപോളുമെല്ലാം ചടുല നീക്കങ്ങളിലൂടെ പുളകംകൊള്ളിച്ച ആ പച്ചപ്പുല്ലുകള്‍... കേരളത്തില്‍ നിന്നെത്തി ബംഗാളിന്റെ മനം കവര്‍ന്ന താരങ്ങളെ കുറിച്ച് പറയുമ്പോള്‍ സന്ദീപ് ദായുടെ ശബ്ദത്തില്‍ ആവേശം നിറയുന്നു. മഞ്ഞയും ചുവപ്പും വര്‍ണങ്ങളിലുള്ള ആ ഗ്യാലറിയില്‍ കുറച്ചുനേരം ഇരുന്നു. ഫോട്ടോ പകര്‍ത്തി. 

പിന്നെ തൊട്ടടുത്തുള്ള കടയില്‍ കയറി വിഭവസമൃദ്ധമായ ഭക്ഷണം. മത്സ്യങ്ങള്‍ ഇല്ലാതെ കൊല്‍ക്കത്തക്കാര്‍ക്ക് ഭക്ഷണമിറങ്ങില്ല. വിവിധങ്ങളായ മത്സ്യവിഭവങ്ങള്‍ സന്ദീപ് ദാ ഓര്‍ഡര്‍ ചെയ്തുകൊണ്ടേയിരുന്നു. ചപ്പാത്തിയും ചാവലും റൊട്ടിയുമെല്ലാം ചൂടോടെ എത്തി. പിന്നെ മധുരവും. രസഗുളയും ഐസ്‌ക്രീമുമെല്ലാം കഴിച്ച് കൊല്‍ക്കത്തയുടെ സ്‌നേഹം ആവോളം ആസ്വദിച്ചു.

തിരികെ ഹോട്ടലിലെത്തിച്ച് യാത്രപറയുമ്പോള്‍ അടുത്ത് കാളി പൂജക്ക് കൊല്‍ക്കത്തിയില്‍ എത്തിയേപറ്റൂവെന്ന് സന്ദീപ് ദായുടെ സ്‌നേഹക്ഷണം. ഏതെങ്കിലും ഒരിക്കല്‍ കാളീപൂജയ്ക്കിടെ ആ തിരക്കില്‍ അലിഞ്ഞ് ഇല്ലാതാകാന്‍ വരാമെന്ന് വാക്ക് നല്‍കി. അത് പക്ഷെ എന്നെന്ന് മാത്രം ചേദിക്കരുതെന്ന ഉപാധിയും വെച്ചു.

ഇനി മടക്കമാണ്. ബന്ദോപാധ്യയമാരും ചതോപാധ്യയമാരും മുഖോപാധ്യായമാരും സര്‍ക്കാരുകളും ചക്രവര്‍ത്തിമാരും ഖാന്‍മാരും ബോസുമാരുമെല്ലാം വാഴുന്ന കൊല്‍ക്കത്തയുടെ നഗരത്തില്‍ നിന്ന് ഒരുപിടി നനുത്ത ഓര്‍മകളുമായി. മടക്ക തീവണ്ടി അധികം ലേറ്റായല്ല ഓടുന്നത്. ഒരു കാപ്പിയും വാങ്ങി മെല്ലെ ട്രെയീനില്‍ കയറി. തീവണ്ടി മെല്ലെ ചൂളം വിളിച്ച് പോക്കറിയിച്ചു.

ചരിത്രത്തിനും വര്‍ത്തമാനത്തിനുമിടയില്‍ എങ്ങോ നിന്നുപോയതാണ് കൊല്‍ക്കത്തയുടെ ശാപമെന്ന് തോന്നിപോകും ചിലപ്പോള്‍.  വൈദേശികാധിപത്യത്തിന്റെ തിരുശേഷിപ്പുകളില്‍ ഊറ്റം കൊള്ളുമ്പോളും മുന്നോട്ട് പോവുകയെന്നത് അധികം ഉണ്ടായിട്ടില്ല. രാജ്യത്തെ ആദ്യത്തെ മെട്രോയൊക്കെ അവതരിപ്പിച്ച നഗരമാണെങ്കിലും വികസനം അത്രകണ്ട് വന്നിട്ടില്ല. ആധുനികവത്ക്കരണം നടന്നിട്ടില്ല. ശ്രദ്ധാപൂര്‍വ്വമുള്ള ഒരു അശ്രദ്ധ കൊല്‍ക്കത്തയുടെ മുഖമുദ്രയായി മാറിയതും അതിനാലാവാം. ഒരുപക്ഷെ അതുകൊണ്ട് തന്നെയല്ലെ നാമോരോരുത്തര്‍ക്കും കൊല്‍ക്കത്ത പ്രിയങ്കരിയാകുന്നതും...

ഇനി എന്ന് അക്ഷരങ്ങളുടെ, കാല്‍പനികതയുടെ, ചിന്തകളുടെ, ആഘോഷങ്ങളുടെ ഈ നഗരത്തിലേക്ക് ഒരിക്കല്‍കൂടിയെന്ന് സ്വയം ചോദിച്ചു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഇതെഴുതിത്തുടങ്ങുമ്പോഴും അതേ ചോദ്യം മനസില്‍. 

തുടക്കത്തിലെ പറഞ്ഞത് പോലെ ഒറ്റക്ക് അലഞ്ഞില്ലാതാകാന്‍ ഈ നഗരം അനുവദിക്കില്ല. രബീന്ദ്രസംഗീതവും കാളീപൂജയും ഹൂഗ്ലീയുടെ തീരവുമെല്ലാം ഇനിയും ആസ്വദിക്കണം, അനുഭവിക്കണം. ഇത്തവണ കയറാനാവാതെ പോയ ട്രാമില്‍ കയറി സഞ്ചരിക്കണം. മഞ്ഞ നിറമുള്ള ടാക്‌സി കാറുകളില്‍ കയറി നഗരപ്രദക്ഷിണം നടത്തണം. 
ഒറ്റതിരിഞ്ഞുള്ള യാത്രകള്‍ അവസാനിക്കുന്നിടത്ത് കൊല്‍ക്കത്തയുണ്ടാകും.
.
വരണം, വീണ്ടും.  
തിരികെ മാടിവിളിക്കുന്ന നഗരമേ നന്ദി,...
നിന്റെ രാവുകള്‍ക്ക്, നിന്റെ വഴിത്താരകള്‍ക്ക്, നിന്റെ നനുത്ത ചേര്‍ത്തുനിര്‍ത്തലുകള്‍ക്ക്‌....
.....................

മുന്‍ ഭാഗങ്ങള്‍ ഇവിടെ വായിക്കാം




 

5 comments:

  1. വീണ്ടും കൊൽക്കത്തയെ കൊതിപ്പിച്ചതിനു നിനക്കു നന്ദി സനൂ., വരയും, അവതരണവും അതിമനോഹരം..Keep going

    ReplyDelete
  2. ഒരുകാലത്തു ബ്രിട്ടീഷ്  ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കൊൽക്കത്ത. . ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങളുടെയും , ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും, തൊഴിലാളി യൂണിയൻ പ്രസ്ഥാനകളുടെയും ഈറ്റില്ലമെന്നു വായിച്ചും കേട്ടും അറിഞ്ഞ കൊൽക്കത്ത..
    എന്നെങ്കിലും ഒരിക്കൽ പോവണമെന്ന് ആഗ്രഹിക്കുന്ന നഗരം...
    സനൂബേട്ടാ ഈ ഓർമ്മക്കുറിപ്പിലൂടെ വർണ്ണങ്ങൾ ചേർത്ത് നിങ്ങളീ നഗരത്തെ മനോഹരമായി വരച്ചു ചേർത്തിരിക്കുന്നു..

    ReplyDelete
  3. ❤️നഗരം വീണ്ടും വീണ്ടും കൊതിപ്പിക്കുന്നു❤️

    ReplyDelete
  4. മെട്രോയിൽ കയറി ഒരു യാത്രകൂടി നടത്തണമായിരുന്നു. കൊൽക്കത്തയിലെ കാൽപ്പന്തു മൈതാനങ്ങളിലൂടെ അലയണമായിരുന്നു. രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മഗ്രഹത്തിൽ എത്തണമായിരുന്നു... ഉപ്പു തടാക കരയിലെ ആധുനിക കൊൽക്കത്തയുടെ മുഖവും കാണമായിരുന്നു... കൊൽക്കത്ത ഇനിയുമേറെ ബാക്കി വെച്ചിരിക്കുന്നു...

    ReplyDelete