കഴിഞ്ഞദിവസങ്ങളിൽ ഒരുപാട് അലോചിച്ച ഒരു കാര്യമുണ്ട്. ഒരാളുടെ ചോദ്യത്തെ തുടർന്നുണ്ടായ ചിന്ത. നിങ്ങളെ എല്ലാദിവസവും ഓർത്ത് മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുന്ന ആരെങ്കിലുമുണ്ടോ എന്നതായിരുന്നു ആ ചോദ്യം. ആലോചിച്ചുനോക്കി. ആരേയും ഓർത്തെടുക്കാനായില്ല. പോയ രണ്ട് മൂന്ന് ദിവസങ്ങൾ നിരീക്ഷിച്ചു. കഴിഞ്ഞ കുറേ മാസങ്ങളിലെ വാട്സ്അപ്പ് സന്ദേശങ്ങളും കോൾ റെക്കോർഡുമെല്ലാം കുത്തിയിരുന്ന് പരിശോധിച്ചു. ഇല്ല. അങ്ങനെ ആരും എന്നെ ദിവസവും അന്വേഷിച്ചിട്ടില്ല. ദിവസവും ഓർക്കുന്നവരുണ്ടാകുമോയെന്ന് കൃത്യമായി പറയാനാവില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ ദിവസേന അന്വേഷിക്കുന്നവർ ആരും ഇല്ല. അവരുടെ എല്ലാം കണക്കെടുത്തുനോക്കി. ഡിഗ്രി ക്ലാസ് മുറിയിലെ മൂന്ന് നാല് പേരുൾപ്പടെ ആറ് ഏഴ് പേരെ അല്ലാതെ മറ്റാരേയും ആ കണക്ക് പുസ്തകത്തിൽ കണ്ടില്ല. എന്നും എപ്പോഴും ചേർത്ത് പിടിച്ച് ഒപ്പം നിർത്തിയവരുടെ പേര് പോലും ആ പട്ടികയിൽ ഉണ്ടായില്ല. അതിനർത്ഥം ആരും ഓർക്കാറുണ്ടാവില്ല എന്നതല്ല. ഓർക്കുന്നുവരുണ്ട്. തിരക്കുകൾ കൊണ്ട് മാത്രം അന്വേഷിക്കാൻ സാധിക്കുന്നില്ലെന്ന് മാത്രം.
ആ ചോദ്യം പക്ഷെ ഒന്നുതിരിച്ചിട്ട് നോക്കി. ഞാൻ ദിവസേന ഓർക്കുന്ന, മുടങ്ങാതെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യുന്ന ആരെങ്കിലും ഉണ്ടോയെന്ന്. വളരെ കോംപ്ലിക്കേറ്റഡായി തോന്നി. ഞാൻ ദിവസേന മെസേജ് അയക്കുന്ന, വിളിക്കുന്നവരുടെ കോളത്തിൽ ഒറ്റപ്പേരുപോലും അവസാനദിവസം കണ്ടില്ല. ഒരിക്കൽ നിരന്തരം അയച്ചുകൊണ്ടിരുന്ന, എന്നാൽ പിന്നീട് മറുപടികളില്ലാത്ത, ഒരുവശത്തേക്ക് മാത്രമുള്ള സന്ദേശങ്ങളായി മാറി, മെല്ലെമെല്ലെ അസ്ഥമിക്കപ്പെട്ട സന്ദേശങ്ങൾ കണ്ടു. അങ്ങോട്ടും ഇങ്ങോട്ടും. വിളികൾ വെറും മിസ്ഡ് കോളുകളായി മാറിയ കുറേ നമ്പറുകൾ കണ്ടു. മാസങ്ങളായിട്ടും മറുപടി കാത്ത് കെട്ടികിടക്കുന്ന കുറെ സന്ദേശങ്ങൾ, ഒടുവിൽ ആളനക്കമില്ലാതെ മാറാലകെട്ടിയ ഇൻബോക്സുകളായി മാറിയിരിക്കുന്നു.
ചില ഇൻബോക്സുകൾ ശൂന്യമായതിന് ഉത്തരവാദി അവർമാത്രമായിരിക്കില്ല, എന്റേയും പിഴയാവും. പക്ഷെ, അവയ്ക്കിടയിലും അകാരണമായി ഏകപക്ഷീയമായി അടച്ചിടപ്പെട്ട കുറേ മുറികൾ കണ്ടു. അവയ്ക്കുള്ളിലെ മൗനം വല്ലാതെ നൊമ്പരപ്പെടുത്തുന്നു. എല്ലാവരുടേയും ഇൻബോക്സുകളിൽ കയറിയിറങ്ങി. പലമുറികളും ഓർമകളുടെ ശവപറമ്പാണ്. പറഞ്ഞതും പങ്കിട്ടതുമായ പലകാലത്തിന്റെ ഓർമകൾ. ഓർമകൾ ഒരുമിച്ച് നെയ്തതാണെങ്കിലും പക്ഷെ ഇപ്പോഴത് ഒരാളിന്റേത് മാത്രമായി അറിഞ്ഞോ അറിയാതെയോ ചുരുങ്ങിയിരിക്കുന്നു.
ഏറെക്കാലം അടച്ചിടപ്പെട്ട് പിന്നീട് പൊടുന്നനെ ഒരു സന്ദേശമായോ വിളിയായോ വന്ന് പഴയ ഓർമകളെ വിളിച്ചുണർത്തി പിന്നെയും മൗനത്തിലേക്ക് നടന്നുപോയവരേയും കണ്ടു. ഓർമകളുടെ ഭാരം ചുമന്ന് ജീവിക്കുന്നവർക്ക്, അവയുടെ മുറിവുകൾ ഉണങ്ങാതെ നീറി കഴിയുന്നവർക്ക്, അത് അസഹനീയമാണ്. ഓർമകളുടെ ഭാരമൊന്നുമില്ലാതെ, ഒരു അപ്പൂപ്പൻ താടിപോലെ പാറിനടക്കുന്നവർക്ക് കാറ്റിന്റെ ഗതിയെ കുറിച്ച് മാത്രമാണ് ആവലാതി. കാറ്റിൽ ഒരിടത്ത് പാറിയെത്തി പിന്നെയും അടുത്ത കാറ്റ് പിടിച്ച് അടുത്തിടത്തേക്ക് ഓർമകളും ജീവിതവും അവർക്ക് പറിച്ച് നടാനാവും. അപ്പോഴും ഓർമകളുടെ ചിലന്തി വലയിൽ കുരുങ്ങിയവൻ ജീവന് വേണ്ടി കൈകാലിട്ടടിക്കുകയാവും...
ഇന്ന് ഒരു സുഹൃത്ത് അയച്ച മെസേജ് ഇങ്ങനെയായിരുന്നു
'നമ്മൾ ഏറ്റവും സ്നേഹിക്കുന്ന ഒരാളുടെ മനസ്സിൽ നമ്മൾ മരിച്ചുകഴിഞ്ഞിരിക്കുന്നു എന്ന അറിവാണ് മരണത്തേക്കാൾ വേദനാജനകം'
ശരിയാണ്. യഥാർത്ഥ മരണത്തിനപ്പുറം ഓർമകളും കാഴ്ച്ചകളും ഉണ്ടാകുമോയെന്നറിയില്ല, പക്ഷെ ഈ മരണത്തിനപ്പുറവും ഒരാൾക്ക് ഓർമ്മകളും കാഴ്ച്ചകളും പേറി പിന്നെയും മരിച്ച് ജീവിക്കേണ്ടിവരും...തീർച്ച!