Thursday, 24 December 2020

അവളിപ്പോഴും ഐസിയുവിന് മുന്നിലിരുന്ന് കരയുകയാവണം....

സമീപ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലുമെല്ലാം കര്‍ഷകര്‍ കൊയ്‌ത്തൊഴിഞ്ഞ പാടങ്ങളില്‍ കറ്റയ്ക്ക് തീയിട്ടതിന്റെ പുകയും ഇന്ദ്രപ്രസ്ഥത്തെ പൊതിഞ്ഞിരിക്കുന്ന ഓക്ടോബര്‍ മാസം. ഡല്‍ഹി പതിയെ തണപ്പിന്റെ മേലങ്കി അണിയാന്‍ തുടങ്ങിയിരിക്കുന്നു. രാത്രിയില്‍ വഴിതെറ്റിയെന്നപോലെ പെയ്ത മഴ അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ ചെറുതായി ഒന്നു ഒതുക്കിയെങ്കിലും വിഷപുക ശ്വാസകോശങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. 

ടിവി ഓഫ് ചെയ്തു. അരിച്ചിറങ്ങുന്ന തണുപ്പില്‍ നിന്ന് രക്ഷതേടി മെല്ലെ പുതപ്പിനടിയിലേക്ക് ഒതുങ്ങി. മൊബൈല്‍ ഹെഡ്‌സെറ്റ് ചെവിയില്‍ തിരുകി. ഓഎന്‍വിയും മധുസൂദനന്‍ നായരും മുരുകന്‍ കാട്ടാക്കടയുമെല്ലാം കവിത ചൊല്ലുന്നു. ഉറക്കം ഇനിയും അകലെയാണ്. പതിവ് പോലെ നേരമേറും വരെ കവിത കേള്‍ക്കുക തന്നെ ശരണം. വാട്‌സ് അപ്പ് തുറന്നു എല്ലാവരുടേയും ഗുഡ് നൈറ്റ് മെസേജിന് മറുപടി പറഞ്ഞില്ലേ എന്ന് നോക്കി. ഇല്ല, ആര്‍ക്കും റിപ്ലൈ കൊടുക്കാന്‍ ഇനി ബാക്കിയില്ല. ചില ഗ്രൂപ്പുകളില്‍ എന്തോക്കെയോ ആരെല്ലാമോ പറയുന്നു. ചിലത് ചൊറിയല്‍ മാത്രമാണ്. ഒട്ടും താല്‍പര്യമില്ലാത്ത വിഷയങ്ങള്‍. രാത്രിയില്‍ മദ്യപിച്ച് കഴിഞ്ഞാല്‍ ചിലര്‍ അങ്ങനെയാണ്. വെറുതെ ആരെയെങ്കിലും തെറിപറഞ്ഞ് ചൊറിഞ്ഞുകൊണ്ടേയിരിക്കും. വാട്‌സ് അപ്പ് അടച്ച് മൊബൈല്‍ മാറ്റി വെച്ചു.

ഡല്‍ഹിയിലെത്തിയിട്ട് 6 മാസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഡല്‍ഹിയുടെ ചൂടും ചൂരും ഇപ്പോള്‍ തണുപ്പും അടുത്തറിയുന്നു. നിരത്തില്‍, മെട്രോയുടെ താഴെ ഈ തണുപ്പത്തും ആയിരങ്ങള്‍ ഉണ്ട്. ചവറും കമ്പുമെല്ലാം കൂട്ടിയിട്ടിച്ച് തണുപ്പകറ്റാന്‍ ശ്രമിക്കുന്നവര്‍. സെക്കിള്‍ റിക്ഷയില്‍ ചുരുണ്ട് കിടന്ന് ഉറങ്ങുന്നവര്‍. പലയിടത്ത് നിന്നായി ജീവിക്കാന്‍ എത്തിയവര്‍.  രാജ്യതലസ്ഥാനവും കേരളത്തിലെ ഒരു നഗരവും തമ്മിലെന്താണ് വ്യത്യാസം. എല്ലായിടത്തും ജീവിക്കാനായി മറ്റിടങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്നവരെകൊണ്ട് നിറയുന്നു. പക്ഷെ കേരളത്തില്‍ ഇങ്ങനെ നിരത്തിലുറങ്ങുന്നവര്‍ വളരെ കുറവാണ്, ഒരുപക്ഷെ ഇല്ലെന്നതാണ് വ്യത്യാസം. മറ്റ് നഗരങ്ങളില്‍ എങ്ങനെയായിരിക്കും മറ്റ് രാജ്യ തലസ്ഥാനങ്ങള്‍ ഇതുപോലെയായിരിക്കുമോ... ചിന്തകളില്‍ ഡല്‍ഹിയും കേരളവുമെല്ലാം നിറയുന്നത് ഈ രാത്രിയുടെ മാത്രം പ്രത്യേകതയല്ല. വന്നിറങ്ങിയ നാള്‍ മുതല്‍ അതങ്ങനെയാണ്. മറ്റൊന്നും ചിന്തിക്കാനോ പറയാനോ ഇല്ലെന്നതിലാകാണം.

 ചിന്തകളുടെ നൂല് പൊട്ടിച്ചാണ് ആ ഫോണ്‍ വിളിയെത്തിയത്. കേരളത്തിലെ വടക്കേയറ്റത്ത് നിന്ന്. വിളികളും സന്ദേശങ്ങളുമെല്ലാ അപൂര്‍വ്വം മാത്രമായ ആ നമ്പറില്‍ നിന്ന് ഈ നേരത്ത് എന്താണ് ഒരു കോള്‍ എന്ന് ചിന്തിച്ചു.
 'എന്താണ് പതിവില്ലാതെ ഒരു വിളി.' 
'വിളിക്കണം എന്ന് തോന്നി. എന്തേ വിളിക്കാന്‍ പാടില്ലേ.' പതിവ് മറുപടി. 
പക്ഷെ മുമ്പത്തെ പോലെയല്ല, ശബ്ദത്തിന് അല്‍പം ഇടര്‍ച്ചപോലെ. 
 'എന്ത് പറ്റി. ശബ്ദം വല്ലാതെയുണ്ടല്ലോ.'
 'ആശുപത്രിയിലാ. അച്ചന് പെട്ടെന്ന് വയ്യാതായി. ഐ സി യുവിലാണ്. അത് പറയാന്‍ വിളിച്ചതാ.' 
 അച്ചനെ കുറിച്ചായി പിന്നെ സംസാരം. അച്ചനെ കുറിച്ച് പറയുമ്പോള്‍ അവള്‍ക്ക് നൂറു നാവാണ്. ആവേശം കയറും. എന്നും അച്ചന്റെ ഉമ്മ കിട്ടാതെ, അച്ചന്‍ ഊണ് വാരിക്കൊടുക്കാതെ അവളുറങ്ങാറില്ല. എപ്പോഴും അതിനവളെ കളിയാക്കാറുണ്ട്. കുറേ നേരം സംസാരിച്ചു. എപ്പോഴത്തേയും പോലെ സിനിമയെ കുറിച്ചോ പുസ്തകങ്ങളെ കുറിച്ചോ ഒന്നും പറഞ്ഞില്ല. അച്ചന്‍ മാത്രമായിരുന്നു വിഷയം.
 'നാളെ കുട്ടിക്ക് ഓഫീസ് പോകണ്ടേ...പോയി കിടന്ന് ഉറങ്ങിക്കോ'യെന്ന് പറഞ്ഞ് അവള്‍തന്നെ ഫോണ്‍ കട്ട് ചെയ്തു. സാരമില്ലെന്ന് പറഞ്ഞെങ്കിലും അവള്‍ കൂട്ടാക്കിയില്ല. അല്ലെങ്കില്‍ രാവ് പുലരുവേളം മൂളിക്കൊണ്ട്, ഒന്നും തിരിച്ച് പറയാതെ ഒരു കള്‍വിക്കാരനായി ഞാന്‍ ഇരിക്കുമെന്ന് അവള്‍ക്ക് തോന്നിക്കാണണം. 
google image

പിന്നെയും കുറേ നേരം ഉറങ്ങാതെ അവളെ കുറിച്ചും അച്ചനെകുറിച്ചുമെല്ലാം ഓര്‍ത്തു. അച്ചനും മകളും തമ്മിലുള്ള സ്‌നേഹബന്ധമെന്നത് എത്രമാത്രം അന്‍പാര്‍ന്നതാണെന്ന്, ഏത് സ്‌നേഹബന്ധത്തേക്കാളും വലുതാണ് അതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവളെ ആശ്വസിപ്പിക്കാന്‍ എന്തൊക്കെയോ മെസേജ് അയച്ചു. പിന്നെ എപ്പോഴോ ഉറങ്ങി. 
 രാവിലെ ഉണര്‍ന്നപ്പോള്‍ തന്നെ അവള്‍ക്ക് മെസേജ് അയച്ചു. അച്ചന് വലിയ മാറ്റമൊന്നുമില്ല. ഇടക്ക് വിളിക്കാമെന്ന് പറഞ്ഞ് വേഗത്തില്‍ റെഡിയായി ഓഫീസിലേക്ക്. ഇടയ്ക്കിടയ്ക്ക് മെസേജ് അയച്ചു രോഗവിവരം അന്വേഷിച്ചുകൊണ്ടേയിരുന്നു. 
പതിവുപോലെ രാത്രിയേറെ വൈകിയാണ് ഓഫീസില്‍ നിന്നിറങ്ങിയത്. നേരത്തെയിറങ്ങിയിട്ട് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. അതിനാല്‍ തന്നെ ദിവസത്തിലെ ഭൂരിഭാഗം മണിക്കൂറും ഓഫീസിനത്ത് തന്നെയാണ്. വീട്ടിലെത്തി ദോശയുണ്ടാക്കി കഴിച്ചശേഷം അവള്‍ക്ക് മെസേജ് അയച്ചു. കുറവില്ലെന്ന ഒറ്റവരി സന്ദേശം. 
കഴിച്ചശേഷം മുമ്പ് പകുതി വായിച്ച് നിര്‍ത്തിയ പുസ്തകമെടുത്തു. കര്‍ഫ്യൂഡ് നൈറ്റ് എന്ന കശ്മീരിനെ കുറിച്ചുള്ള പുസ്തകം. കശ്മീരിലെ സുഹൃത്ത് ഫിര്‍ദൗസ് ഹസനാണ് ഈ പുസ്തകം നിര്‍ദേശിച്ചത്. കശ്മീരിലെ സാധാരണക്കാരന്റെ ജീവിതമെന്താണെന്ന്, സര്‍ക്കാരുകള്‍ എങ്ങനെ അവരെ നേരിടുന്നുവെന്നതിന്റെ നേര്‍ചിത്രമാണ് പുസ്തകം വിവരിക്കുന്നത്. പെട്ടെന്നാണ് ഫോണ്‍ ചിലച്ചത്. അവളാണ്. 
 'എന്നോട് എന്തെങ്കിലും പറഞ്ഞോണ്ടിരിക്കാമോ ....' കരഞ്ഞുകൊണ്ടാണ് ഇത്തവണ അവളുടെ ഒറ്റചോദ്യം. 
ആദ്യം അമ്പരന്നു. ഇനി അച്ചനെന്തെങ്കിലും... മനസില്‍ എക്‌സ്‌പെക്റ്റ് ദ അണ്‍ എക്‌സപ്ക്റ്റഡ് എന്ന് പറഞ്ഞു മെല്ലെ ചോദിച്ചു. 
'എന്തുപറ്റിയെഡാ..' 
കരച്ചിലായിരുന്നു മറുപടി. 
'അച്ചന്‍ ക്രിട്ടിക്കലാണ്. ഏത് നിമിഷവും അത് സംഭവിക്കും...' 
അവള്‍ ഐസിയുവിന് പുറത്തിരുന്നാണ് വിളിക്കുന്നത്. 
 'അച്ചന്‍ പോകുന്ന സമയത്ത് എനിക്ക് ആ ചിന്തമാറ്റാന്‍ വേറെ വഴിയില്ല. വേറെ ആരെയും വിളിക്കാനും തോന്നിയില്ല....' 
എന്ത് പറയണമെന്നറിയാതെ തരിച്ചിരുന്നു. അവളെ ആശ്വസിപ്പിക്കാന്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളൊന്നിനോടും പ്രതികരിച്ചില്ല. അവളുടെ കരച്ചില്‍ മാത്രം കേള്‍ക്കാം. ചേച്ചിയെ കുറിച്ചും അമ്മയെ കുറിച്ചുമെല്ലാമുള്ള ചോദ്യത്തിനും കരച്ചില് മാത്രമായിരുന്നു മറുപടി... കുറച്ചുനേരം വ്യര്‍ത്ഥമായി എന്തെല്ലാമോ പറഞ്ഞു. 
 പത്ത് മിനുട്ട് പോലും തികച്ചില്ല... 
അവ്യക്തമായി ആരോ വന്ന് എന്തോ പറയുന്നത് കേട്ടു. 
നേഴ്‌സായിരുന്നു. എല്ലാം കഴിഞ്ഞു... 
'പോയി....' അതുംപറഞ്ഞ് അവള്‍ പൊട്ടികരഞ്ഞു. 
എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ഞാനുമിരുന്നു. 
ബാക്കി കാര്യങ്ങള്‍ നോക്കട്ടെയെന്ന് പറഞ്ഞ് കുറച്ചുകഴിഞ്ഞ് കോള്‍ അവള്‍ തന്നെ കട്ട് ചെയ്തു. 
പിന്നെയും മണിക്കൂറുകള്‍ ഭിത്തിയില്‍ ചാരി ഞാനിരുന്നു. തേങ്ങിതേങ്ങിയുള്ള അവളുടെ കരച്ചിലപ്പോഴും കാതില്‍ നിറഞ്ഞുകൊണ്ടേയിരുന്നു. 

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അച്ചനെ കുറിച്ച് അവള്‍ പറയും. അച്ചനോട് മടങ്ങിവരാന്‍ പറഞ്ഞ്  സ്റ്റാറ്റസ് ഇടും. അച്ചന് പകരം ഇപ്പോള്‍ അമ്മ ചോറ് വാരി നല്‍കും. അപ്പോഴും അച്ചന്‍ വാരിതന്നിരുന്നെങ്കിലെന്നവള്‍ സങ്കടപ്പെടും... 

വേദനകളുടെ പലരാത്രികളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും ആ രാത്രി പോലൊന്ന് പിന്നെയുണ്ടായിട്ടില്ല. പലപ്പോഴും തോന്നാറുണ്ട്, ആ രാത്രി അവസാനിച്ചിട്ടില്ലെന്ന്, അവളിപ്പോഴും ആ ഐസിയുവിന് മുന്നിലെ സ്റ്റീല്‍ കസേരയിലിരുന്ന്  കരഞ്ഞുകൊണ്ടേയിരിക്കയാണെന്ന്....

(241220)

Monday, 19 October 2020

ഇന്ത്യക്ക് വിശക്കുന്നു, ലോകത്തിനും...

ലോകത്ത് പട്ടിണിയുള്ള രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അയർലൻറ് ആസ്ഥാനമായ കൺസേൺ വേൾഡ് വൈഡും ജർമനിയിലെ വെൽത്തങ്കർ ലൈഫും ചേർന്നാണ് ലോകരാജ്യങ്ങളിലെ ഹങ്കർ ഇൻഡക്സ് 2020 ( പട്ടിണി സൂചിക ) പുറത്തിറക്കിയത്. ഇത്തവണ 107 രാജ്യങ്ങളാണ് പഠനവിധേയമാക്കിയത്. ഇവയിൽ 94 ാം സ്ഥനത്താണ് ഏഷ്യയിലെ വൻസാമ്പത്തികശക്തികളിലൊന്നായ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം. 

പ്രധാനമായും നാല് കാര്യങ്ങളാണ് ലോക പട്ടിണി സൂചിക തയ്യാറാക്കാൻ പരിഗണിക്കുന്നത്. 

1. ജനസംഖ്യയിലെ എത്രപേർക്ക് ആവശ്യത്തിനുള്ള കലോറിയിലുള്ള ഭക്ഷണം ലഭിക്കുന്നു

2. 5 വയസിൽ താഴെയുള്ള കുട്ടികളിൽ പോഷകാഹാരകുറവ് മൂലമുള്ള ഭാരകുറവ്

3. 5 വയസിനുതാഴെയുള്ള കുട്ടികളിൽ പോഷകാഹാരകുറവ് മൂലമുള്ള വളർച്ചമുരടിപ്പ്.  

4. പോഷകാഹാരകുറവും അനാരോഗ്യകരമായ പരിസ്ഥിതിയും മൂലം 5 വയസിന് താഴെയുള്ള കുട്ടികളിലെ മരണനിരക്ക്


ഇവയെ അടിസ്ഥാനപ്പെടുത്തി 100 പോയന്റിന്റെ സ്കെയിലിൽ മൂല്യം നിർണയിച്ചാണ് ലോകത്തെ പട്ടിണിരാഷ്ട്രങ്ങളെ കണ്ടെത്തുന്നത്. അതായത് ആ രാജ്യത്തെ കുട്ടികളുടെ ആരോഗ്യസ്ഥിതിതന്നെയാണ് രാജ്യത്തിന്റെ ആരോഗ്യവും നിർണയിക്കുന്നതെന്നർത്ഥം. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇത് നാലാമത്തെ തവണയാണ് പട്ടിണി സൂചിക തയ്യാറാക്കുന്നത്. ഇതിനുമുമ്പ് 2000, 2006,2012 എന്നീവർഷങ്ങളിലാണ് സൂചിക പ്രസിദ്ധീകരിച്ചത്. 

2020 ലെ കണ്ടത്തലുകൾ ഇപ്രകാരമാണ്. 


ലോകമാകെ 690 ദശലക്ഷം പേരാണ് പോഷകാഹാരകുറവ് മൂലം ദുരിതമനുഭവിക്കുന്നത്. 144 ദശലക്ഷം കുഞ്ഞുങ്ങൾ വളർച്ചാമുരടിപ്പിനും 470 ലക്ഷം കുട്ടികൾ പോഷകാഹാരം ലഭിക്കാത്തതിനാല് ഭാരകുറവുമൂലവും ദുരിതം അനുഭവിക്കുന്നവരാണ്. 2018 ൽ മാത്രം പോഷകാഹാരം ലഭിക്കാത്തതിനെ തുടർന്ന് ലോകത്ത് മരിച്ച 5 വയസില് താഴെയുള്ള കുട്ടികളുടെ എണ്ണം 53 ലക്ഷം ആണ്.

2030 ഓടെ ലോകത്തെ പട്ടിണിഏറ്റവും കുറഞ്ഞ അളവിലെത്തിക്കാനാണ് ഐക്യരാഷ്ട്രസഭയടക്കമുള്ളവരുടെ ശ്രമങ്ങൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ലക്ഷ്യം കൈവരിക്കാനാവില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2030 എത്തുമ്പോളും രാജ്യത്തെ 37 രാജ്യങ്ങൾക്ക് കുറഞ്ഞപട്ടിണി നിരക്കുള്ള രാജ്യമെന്ന മാനദണ്ഡം പോലും കൈവരിക്കാനാവില്ലെന്നാണ് വിലയിരുത്തൽ 

തെക്കൻ ആഫ്രിക്കൻ രാഷ്ട്രങ്ങളിലും തെക്കനേഷ്യൻ രാജ്യങ്ങളിലുമാണ് പട്ടിണി ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഏറ്റവും അപകടകരമായ രീതിയിൽ പട്ടിണി നിലനില്ക്കുന്ന 11 രാഷ്ട്രങ്ങളാണ് സൂചികയിലുള്ളത്. ഛാദ്, ടിമോർ ലെസ്റ്റെ, മഡഗാസ്ഗർ, കോങ്കോ, സൊമാലിയ എന്നിവയ്ക്കൊപ്പം ആഭ്യന്തരയുദ്ധം നാശം

Countries having hunger at alarming level

വിതച്ച സൌത്ത് സുഡാനിലും യെമനിലും പട്ടിണി ഏറ്റവും മോശം അവസ്ഥയിലാണ്. ആഭ്യന്തരകലാപവും അനശ്ഛിതത്വവും സർക്കാരിന്റെ കെടുകാര്യസ്ഥതയുമെല്ലാം പട്ടിണിക്ക് വഴിവെക്കുന്നുണ്ട്. 

ലോകത്തെ ഗ്രസിച്ച കൊവിഡ് എന്നമഹാമാരി വിതച്ച ദുരിതം കണക്ക് കൂട്ടാതെയാണ് ഇത്തവണത്തെ പട്ടിണി സൂചിക തയ്യാറാക്കിയിരിക്കുന്നത്. കൊവിഡിന്റ ആഘാതം കൂടിചേരുമ്പോൾ ലോകത്തെ പട്ടിണിയുടെ തോത് ഇതിന്റെ പലമടങ്ങാകുമെന്നത് തീർച്ച. 

ഇന്ത്യയുടെ കാര്യമെടുത്താൽ കഴിഞ്ഞ മൂന്ന് സൂചികകളേയും താരതമ്യപ്പെടുത്തുമ്പോൾ നിലമെച്ചപ്പെട്ടതായി കാണാം. എന്നിരുന്നാലും ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തികളിലൊന്നായ ഇന്ത്യക്ക് ഒട്ടും അഭിമാനിക്കാവുന്നതല്ല സ്ഥിതി. കാരണം ഇന്ത്യയുടെ അയൽ

രാജ്യങ്ങളായ, സാമ്പത്തിക നിലയിൽ ഇന്ത്യയുടെ ഏഴര അയലത്ത് പോലും എത്താത്ത എല്ലാരാജ്യങ്ങളും സൂചികയിൽ ഇന്ത്യയേക്കാൾ എത്രയോ മുന്നിലാണ്. അഫ്ഗാനിസ്ഥാൻ മാത്രമാണ് സൂചികയിൽ ഇന്ത്യക്ക് പിന്നിലുള്ളത്. ( അഫ്ഗാനിസ്ഥാനെ പിറകോട്ട് വലിക്കുന്ന ഘടകം അവിടെ താലിബാന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകലാപം തന്നെയാണ് ) . ഇന്ത്യയുടെ ഏറ്റവും അടുത്ത് കിടക്കുന്ന, വികസനപരമായി വലിയ സാധ്യതകളില്ലാത്ത നേപ്പാളിന്റെ സ്ഥാനം സൂചികയിൽ 73 ഉം

ശ്രീലങ്കയുടേത് 64 ഉം ആണ്. ബംഗ്ലാദേശാകട്ടെ 75 ആം സ്ഥാനത്തുമാണ്. ഇന്ത്യയുടെ ബദ്ധശ്രത്രുവായ, എന്തിനും ഏതിനും നാം കളിയാക്കുന്ന പാക്കിസ്ഥാൻ പോലും ഇന്ത്യയേക്കാൾ പട്ടിണി സൂചികയിൽ ഏറെ മുന്നിലാണ്. 88 ആമതാണ് പാക്കിസ്ഥാന്റെ സ്ഥാനം. 

ഇന്ത്യ വികസനത്തിന്റെ പാതയിലാണ് എന്നതിൽ തർക്കമില്ല. മികച്ച അടിസ്ഥാന സൌകര്യവികസനം, സൈനികായുദ്ധങ്ങൾ വാങ്ങുന്നതിലും വിദേശനിക്ഷേപം എല്ലാമേഖയിലേക്കും ആകർഷിക്കുന്നതിലുമെല്ലാം അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത് എന്നകാര്യത്തിൽ സംശയമില്ല. അമേരിക്കയും ഇസ്രയേലും ഫ്രാൻസും റഷ്യയും പോലുള്ള ശക്തരായ വികസിത രാഷ്ട്രങ്ങളുമായാണ് ഇന്ത്യയുടെ വാണീജ്യബന്ധങ്ങളും. എന്നാൽ രാജ്യത്തിന്റെ ഈ വികസനങ്ങളുടെ ഫലം എല്ലാവരിലേക്കും എത്തുന്നില്ല എന്നതാണ് പട്ടിണി സൂചികയിലെ അവസാന സ്ഥാനക്കാരാവുമ്പോൾ തെളിയിക്കപ്പെടുന്നത്. രാജ്യത്തെ പട്ടിണികോലങ്ങളുടെ എണ്ണം അനുദിനം വർദ്ധിക്കുകയും പണക്കാരുടെ കീശ അനുദിനം വലുതാവുകയും ചെയ്യുന്നുവെന്നത് തന്നെയാണ് രാജ്യത്തിന്റെ വികസനത്തിലെ പാളിച്ച. 5 ട്രില്ല്യൺ സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ഓട്ടത്തിലാണ് ഇന്ത്യൻ സർക്കാർ. അത് പ്രതിരോധമേഖലയിലടക്കം വിദേശ നിക്ഷേപം ആകർഷിച്ചും കൃഷിയടക്കം സ്വകാര്യവത്ക്കരിച്ചും പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചും രാജ്യത്തിന്റെ ജിഡിപി കൂട്ടുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് സാധാരണക്കാരന് എന്ത് ഗുണം എന്നവിമർശനം ഒരുവശത്ത് നിൽക്കുന്നുമുണ്ട് . അതേസമയം ഇന്ത്യയുടെ അത്രതന്നെ വളർച്ച കൈവരിച്ചിട്ടില്ലാത്ത, അടുത്ത 5 ദശകത്തിൽ പോലും ഇന്ത്യയുടെ പകുതി വളർച്ച കൈവരിക്കാനിടയില്ലാത്ത മ്യാന്മറും നേപ്പാളും ബംഗ്ലാദേശുമെല്ലാം പട്ടിണിയില്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് വികസന

The countries with less hunger index

പദ്ധതികളിൽ ഉൾപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹ്യസുരക്ഷ, എന്നീ അടിസ്ഥാനമേഖലകളിലാണ് ഈ രാജ്യങ്ങളെല്ലാം കൂടുതലായി നിക്ഷേപം ഇറക്കുന്നത്. അതായത്, സർക്കാർ നേരിട്ട് തന്നെ അവിടത്തെ ജനങ്ങൾക്ക് സാമൂഹികവും ആരോഗ്യകരവുമായ ഒരു ജിവിതം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് പട്ടിണി സൂചികയിൽ കാണുന്നത്. ആ രാജ്യങ്ങളിൽ പോഷകാഹാരകുറവ് മൂലം പട്ടിണിയോ മരണമോ ഇല്ലാതാക്കാനോ ഗണ്യമായി കുറയ്ക്കാനോ ആ ചെറുരാജ്യങ്ങൾക്കെല്ലാം സാധിച്ചുവെന്നത് തന്നെയാണ് അടിസ്ഥാനപരമായി ഒരു സർക്കാരിന്റെ വിജയമായി കാണേണ്ടത്. 2000 ത്തിലെ സൂചിക പ്രകാരം നേപ്പാളിലെ പട്ടിണിയെന്നത് അതിഭീകരമായിരുന്നു. പട്ടികയിൽ ഏറ്റവും പിന്നിലായിരുന്ന നേപ്പാൾ രണ്ട് പതിറ്റാണ്ടിനിപ്പുറം തൊട്ടടുത്തുള്ള വലിയ രാജ്യത്തേക്കാൾ ഏറെമുന്നിലെത്തിയത് കുട്ടികളിലെ പോഷകാഹാരകുറവും മറ്റും ഇല്ലാതാക്കാനായി പദ്ധതികൾ ആസൂത്രണം ചെയ്ത് ആത്മാർത്ഥമായി പ്രവർത്തിക്കുകയും അത് വിജയകരമായി നടപ്പാക്കുകയും ചെയ്തത് കൊണ്ടാണ്. 

പട്ടിണി നിർമാർജനമെന്നത് വെറും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിപോകുന്നുവെന്നതാണ് നമ്മുടെ വലിയ പ്രതിസന്ധി. നയങ്ങളും പദ്ധതികളും വെറും പ്രഖ്യാപനത്തിലും പ്രവർത്തി അതിന് ഘടകവിരുദ്ധവുമാകുന്നുവെന്നതാണ് വസ്തുത. രാജ്യത്ത് തൊഴിലെടുക്കുന്നവര്ക്ക് മിനിമം കൂലി എന്ന നിയമം 2019 ഓഗസ്റ്റിലാണ് കേന്ദ്രം പാസാക്കിയത്. എന്നാലിന്നും നമ്മുടെ രാജ്യത്തെ തൊഴിലാളിക്ക് മിനിമം കൂലിയെന്നത് വിദൂരസ്പനമായി തന്നെ അവശേഷിക്കുകയാണ്. അതിനിടെ രാജ്യത്ത് നടപ്പാക്കിയ പുതിയ തെഴിൽ നിയമങ്ങളും കാർഷിക നിയമങ്ങളുമെല്ലാം തൊഴിൽ സുരക്ഷ എന്നത് ഇല്ലാതാക്കി മാറ്റുകയും ചെയ്തു. ഇതിലൂടെ രാജ്യത്തെ ഒരുവിഭാഗം സമ്പന്നർക്ക് മാത്രമാണ് ഗുണം ലഭിക്കുക. അതിനാൽ തന്നെ താഴെകിടയിലെ പട്ടിണിയും പോഷാകഹാരകുറവ് മൂലമുള്ള ദുരിതങ്ങളും മാറ്റമില്ലാതെ തുടരുകയും ചെയ്യും. 

അപ്പോൾ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ, അവ നടപ്പിലാക്കുമ്പോൾ സമൂഹത്തിലെ ഏറ്റവും താഴെകിടയിലെ ദരിദ്രനെപോലും മനസിൽ ഓർത്താൽ നമുക്കും പട്ടിണിയെന്നതും പട്ടിണിമരണവുമെല്ലാം ഇല്ലാതാക്കാനാവും. നേപ്പാളിന് കഴിയുമെങ്കിൽ തീർച്ചയായും ഇന്ത്യക്കും സാധിക്കും.


Wednesday, 14 October 2020

രണ്ടിലക്കും ജോസിനും ഇനി അഗ്നിപരീക്ഷാകാലം

 കേരള രാഷ്ട്രീയത്തില് സാധ്യതകള് തേടിയുള്ള പാര്ട്ടികളുടേയും വിഭാഗങ്ങളുടേയും മുന്നണിമാറ്റം അത്രപുതുമ ഉള്ളതൊന്നുമല്ല. ഇപ്പോള് കഴിഞ്ഞ കുറേകാലമായി എന്തേ വൈകുന്നുവെന്ന് എല്ലാവരെകൊണ്ടും ചോദിപ്പിച്ചശേഷം ജോസ് കെ മാണിയും തന്റെ പാര്ട്ടിയുംകൊണ്ട് മുന്നണി മാറുകയാണ്. അതും ഇടത്പക്ഷത്തേക്ക്. നാല് പതിറ്റാണ്ടോളം അച്ഛനും കേരള കോണ്ഗ്രസിന്റെ ചങ്കും ഹൃദയവും തലച്ചോറുമെല്ലാമായിരുന്ന കെ എം മാണി അടക്കം പറഞ്ഞിരുന്ന, അല്ലെങ്കില് ആരോപിച്ചിരുന്നതെല്ലാം വിഴുങ്ങിക്കൊണ്ട്.


1964 ല് പിറവിയെടുത്ത കേരള കോണ്ഗ്രസ് പലകുറി ചെറുതും വലുതുമായ കഷ്ണങ്ങളായി പലമുന്നണികളില് ചേര്ന്ന് ജനത്തെ സേവിച്ചുകൊണ്ടിരുന്നു. വലതും ഇടതും ഇരിക്കാത്ത ഒരുവിഭാഗവും കേരള കോണ്ഗ്രസിലില്ല. ജേക്കബ് മാത്രമാണ് അതിനൊരപവാദം. കേരള കോണ്ഗ്രസ് ജേക്കബായിട്ട് ഒരിക്കല്പോലും അദ്ദേഹം ഇടത് ബെഞ്ചിലിരുന്നില്ല. പാര്ട്ടി പിന്നീട് ഡിഐസിയില് ലയിച്ചപ്പോള് മാത്രമാണ് ജേക്കബ് ഇടത്മുന്നണിയോട് സഹകരിച്ചത്. അതും പഞ്ചായത്തി തിരഞ്ഞെടുപ്പില്മാത്രം. ശേഷിക്കുന്ന ബാലകൃഷ്ണപിള്ളയും ജോസഫും ജോര്ജും ഫ്രാന്സിസ് ജോര്ജും സ്ക്കറിയാ തോമസുമെല്ലാം പലഘട്ടത്തില് ഇടത്പക്ഷത്തിരുന്നവരാണ്. എന്തിന് കെ എം മാണിപോലും 1980 ല് 20 മാസക്കാലം ഇടത്പക്ഷത്തിനൊപ്പം നില്ക്കുകയും മന്ത്രിയാവുകയും ചെയ്തതാണ്. അതിനുശേഷം എല്ഡിഎഫിന്റെ ഏറ്റവും വലിയ വിമര്ശകനും സിപിഎമ്മിന്റ ഏറ്റവും വലിയ ശത്രുവുമായിരുന്നു കെ എം മാണി. എല്ഡിഎഫിനൊപ്പം നിന്ന  പി ജെ ജോസഫിനേയും പിസി ജോര്ജിനേയും അടര്ത്തിയെടുത്ത് കേരള കോണ്ഗ്രസ് മാണിയില് ലയിപ്പിക്കുന്നതിലും ഒരുഘട്ടത്തില് കെ എം മാണി വിജയിച്ചു. ആ ശ്രമം ഇല്ലാതാക്കിയത് ഭരണതുടര്ച്ചയെന്ന ഇടത് സ്വപ്നത്തെയാണ്. 2016 ല് വെറും രണ്ട് സീറ്റിന്റെ വ്യത്യാസത്തില് യുഡിഎഫ് ഭരണം പിടിച്ചപ്പോള് ഇടത് മുന്നണി വിട്ട് മാണി കോണ്ഗ്രസിലെത്തിയ 5 ലേറെ എംഎല്എമാരാണ് സഭയിലെത്തിയത്. അതായത് മാണിയുടെ ശ്രമം പാളിയെങ്കില് ചരിത്രത്തിലാദ്യമായി ഒരുമുന്നണിയുടെ സര്ക്കാരിന് ഭരണതുടര്ച്ച ലഭിച്ചേനെ. മാണിയെ തളക്കാന്, കേരള കോണ്ഗ്രസിനെ തളര്ത്താന് പലവഴികളും ഇടത്പക്ഷവും സിപിഎമ്മും പതിറ്റാണ്ടുകളായി പയറ്റിയിട്ടുണ്ട്. ഏറെക്കാലം വെറുത്തുവെറുത്ത് ഒടുവില് മാണിയോട് സിപിഎമ്മിന് പ്രേമവും തുടങ്ങി. കെ എം മാണിയെ ഇടത് പാളയത്തിലെത്തിച്ച് യുഡിഎഫിനെ ക്ഷീണിപ്പിക്കാനുള്ള ശ്രമങ്ങള്ക്കും സിപിഎം ചരട് വലിച്ചു. പാലക്കാട്ടെ പാര്ട്ടി പ്ലീനം വേദിയില് വിശിഷ്ടാഥിതിയാക്കിയും ഉമ്മന് ചാണ്ടിയുടെ ജനസമ്പര്ക്കത്തേക്കാള് മികച്ചത് മാണിയുടെ കാരുണ്യ ലോട്ടറിയാണെന്നും വരെ പാര്ട്ടിസെക്രട്ടറി പറഞ്ഞത് മാണിയെ വലയിലാക്കാനായിരുന്നു. മാണിക്കും ഇടതിനൊപ്പം ചേര്ന്ന് മുഖ്യമന്ത്രി പദവി കയ്യാളണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നാണ് കരകമ്പി. പക്ഷെ പിന്നാലെ വന്ന ബാര് കോഴക്കേസ് പദ്ധതികള് തകിടം മറിച്ചു. മാണിക്കെതിരെ അതിരൂക്ഷമായ സമരത്തിനാണ് സിപിഎം പിന്നെ രൂപമിട്ടത്. സഭയ്ക്കകത്ത് ബജറ്റവതരിപ്പിക്കുന്നതില് നിന്ന് മാണിയെ തടയാനായി നടത്തിയ അഭ്യാസങ്ങളെല്ലാം കേരളം ലൈവായി കണ്ടതാണ്. മാണിക്ക് എന്റെ വക 500 രൂപ അയച്ചുകൊടുത്ത് കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരനാണ് മാണിയെന്ന് വരെ ഇടതുപക്ഷത്തെ പാര്ട്ടികളും അവരുടെ യുവജനസംഘടനകളും പ്രചാരണം നടത്തി. നാട് മുഴുവനും കരിങ്കൊടിയും പ്രതിഷേധങ്ങളും സംഘര്ഷങ്ങളുമരങ്ങേറി. സ്വഭാവികമായും ഇടത് മുന്നണിയോട് മാണിക്ക് ശത്രുതകൂടേണ്ടതാണ്. പക്ഷെ ഇടത് മുന്നണിയേക്കാളേറെ കോണ്ഗ്രസിലെ ഉമ്മന് ചാണ്ടിയോടാണ് മാണിസാറിനും പിള്ളേര്ക്കും പക്ഷെ ദേഷ്യവും വൈരാഗ്യവും ഏറിയത്. ഉമ്മന്ചാണ്ടിയാണ് മാണിയെ ബാര്കോഴ ക്കേസില് കുരുക്കിയതെന്നാണ് അവരുടെ അന്നത്തേയും ഇന്നത്തേയും അടിയുറച്ച വശ്വാസം. മാണിയെ പിണക്കാന് യുഡിഎഫിന് അന്ന് അത്രവേഗം സാധിക്കില്ലെന്നതിനാല് തന്നെ മാണിയെ അനുനയിപ്പിച്ച് കൂടെ നടത്താനായിരുന്നു യുഡിഎഫിന്റെ ശ്രമം. ചരല്കുന്ന് സമ്മേളനത്തോടെ യുഡിഎഫില് നിന്ന് അകലം പാലിക്കാന് മാണി സാറ് തീരുമാനിച്ചെങ്കിലും പ്രത്യക്ഷത്തില് യുഡിഎഫിനെ കടന്നാക്രമിക്കാതിരിക്കാന് മാണിസാര് പ്രത്യേകം ശ്രദ്ധവെക്കുകയും ചെയ്തിരുന്നു. ഒടുവില് മാണി കോണ്ഗ്രസിനെ അനുനയിപ്പിച്ച് യുഡിഎഫിലെത്തിക്കാന് മുന്നണിയിലെ മുഖ്യകക്ഷിയായ മുസ്ലീംലീഗ്  മുന്നിട്ടിറങ്ങി. രാജ്യസഭ സീറ്റ് വിട്ട് നല്കി കോണ്ഗ്രസിനും മനസില്ലാമനസോടെ മാണിസാറിനുമുന്നില് കീഴടങ്ങേണ്ടിവന്നു. പിന്നീട് മുന്നണിയും മാണിയും തമ്മിലുള്ള ബന്ധം മാണിയുടെ മരണംവരേയും വലിയ കുഴപ്പമില്ലാതെ പോയി. പക്ഷെ മാണിയുടെ മരണശേഷം പാര്ട്ടിയില് ഉടലെടുത്ത അധികാരതര്ക്കം കേരള കോണ്ഗ്രസ് മാണിയുടെ ആഭ്യന്തരപ്രശ്നമെന്നതില് നിന്ന് മുന്നണിയിലെ പ്രശ്നമായി മാറാന് അധികസമയം വേണ്ടിവന്നില്ല. പലപ്പോഴും യുഡിഎഫ് നേതാക്കളും കോണ്ഗ്രസ് നേതൃത്വവുമെല്ലാം പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പക്ഷെ മാണിയുടെ അത്രശക്തി ജോസ് കെ മാണിക്കില്ലെന്നും അതേസമയം പിജെ ജോസഫിന് നേതാവെന്നതരത്തില് കരിസ്മയുണ്ടെന്നും കോണഗ്രസിന് അറിയാമായിരുന്നു. അതിനാല് തന്നെ പലപ്പോഴും കോണ്ഗ്രസിന് ജോസഫിനോടായിരുന്നു പ്രിയം എന്നത് വ്യക്തവുമായിരുന്നു. കോട്ടയത്ത് നിന്ന് കോണ്ഗ്രസിന് പ്രഗല്ഭരായ നേതാക്കള് പലരുമുണ്ടായിട്ടും  മാണിപ്രഭാവം ജില്ലയില് അവരേക്കാള് മുകളിലായിരുന്നു. ജില്ലയില് രണ്ടാമതാവുന്നതിന്റെ ചൊരുക്ക് അവസാനിപ്പിക്കാന് കേരള കോണ്ഗ്രസ് മാണിയെ ഇല്ലാതാക്കണമെന്ന് കോണ്ഗ്രസിന് നന്നായറിയാമായിരുന്നു.  അതിനുള്ള സുവര്ണാവസരമായും കോണ്ഗ്രസ് നേതൃത്വം ഇപ്പോഴത്തെ സാഹചര്യത്തെ കണ്ടു. രാഷ്ട്രീയമായി തന്നെ അത് വിനിയോഗിക്കാനുള്ള സന്ദര്ഭം വന്നപ്പോള് അതെടുത്ത് പ്രയോഗിക്കുകയും ചെയ്തു. മാണിയുടെ കാലത്തേത് പോലെ മുസ്ലീംലീഗ് അടക്കമുള്ള പാര്ട്ടികളും മകന് മാണിയോട് വലിയ താല്പര്യം കാണിച്ചതുമില്ല. അതേസമയം തന്നെ പാല ഉപതിരഞ്ഞെടുപ്പ് സമയത്ത് ചിഹ്നത്തെ ചൊല്ലി തര്ക്കമുണ്ടായപ്പോളും പ്രശ്നപരിഹാരത്തിന് യുഡിഎഫ് നേതൃത്വം കാര്മയായി ഇടപെട്ടില്ലെന്നതും ശ്രദ്ധേയമാണ്. പലപ്പോഴും പ്രശ്നങ്ങള്ക്ക് വഴിവെച്ചത് തങ്ങളുടെ ഉപാധി ജോസ് കെ മാണി തെറ്റിച്ചതാണെന്നും പ്രശ്നം പരിഹരിക്കാതെ ജോസ് കെ മാണി വിഭാഗം യുഡിഎഫ് യോഗത്തിന് വരേണ്ടെന്നും കോണ്ഗ്രസ് നിലപാട് കടുപ്പിച്ചു. പാലയിലെ തോല് വിയോടെ തീര്ത്തും അപ്രസക്തമായി മാറിയ ജോസ് കെ മാണി കുട്ടനാട് ഉപതിരഞ്ഞെടുപ്പിലും പ്രതിസന്ധിയാകുമെന്ന് യുഡിഎഫിന് അറിയായമായിരുന്നു. ഒടുവില് ജോസ് കെ മാണിയെ യുഡിഎഫില് നിന്ന് പുറത്താക്കി.

ഇതോടെ മറ്റ് വഴികളില്ലാതെയാണ് ഇടത്പക്ഷത്തേക്ക് പോകാനുള്ള നീക്കങ്ങള് ജോസ് മോനും സംഘവും ആരംഭിച്ചത്. നേരത്തെ തന്നെ ജോസ് മോനെ വരവേല്ക്കാന് സിപിഎമ്മും ചുവന്നപരവതാനി വിരിച്ച് കാത്ത് നിന്നതോടെ കാര്യങ്ങളെല്ലാം വേഗത്തിലായി. എതിര്ത്ത് നില്ക്കുന്ന സിപിഐയുടെ പ്രതിഷേധത്തെ എന്നത്തേയും പോലെ വലിയതോതില് മുഖവിലയ്ക്ക് സിപിഎം എടുത്തിട്ടില്ല.

മാണിസാര് ഇടത് വിരുദ്ധനായിരുന്നില്ലെന്നാണ് ജോസ് കെ മാണി അവകാശപ്പെടുന്നത്. വര്ഗീയതയെചെറുക്കുന്നതിലും കര്ഷകരുടെ ഉന്നമനകാര്യത്തിലും ഇടത്പക്ഷമാണ് മികച്ചതെന്ന പ്രസ്താവനകളുമെല്ലാം നടത്തികഴിഞ്ഞു. ധാര്മികതയുടെ പേരില് ജോസ് കെ മാണി യുഡിഎഫ് പിന്തുണയില് ജയിച്ച രാജ്യസഭ സീറ്റ് തന്നെ രാജിവെക്കുകയാണ്. പക്ഷെ യുഡിഎഫിന്റെ ടിക്കറ്റില് അവരുടോ വോട്ട് നേടി വിജയിച്ച എംഎല്എ പദവികളും കോട്ടയം ലോക് സഭയിലെ എംപി പദവിയും രാജിവെക്കില്ല. രാജ്യസഭയിലേക്ക് ജോസ് കെ മാണി രാജിവെച്ചാല് അവിടേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നാല് അത് എല്ഡിഎഫിന്റെ പിന്തുണകൊണ്ട് ജോസ് വിഭാഗത്തിന് പുഷ്പം പോലെ വിജയിക്കാം. അതേസമയം നിയമസഭയും ലോക്സഭയും അങ്ങനെ ആകില്ലെന്ന് ജോസ് വിഭാഗത്തിനറിയാം. അതിനാലാണ് അവിടെ ധാര്മികത കാണിക്കേണ്ട ആവശ്യം ഇപ്പോഴില്ലാത്തത്. ധാര്മികതയിലും ഇരട്ടതാപ്പാണെന്ന് ആരെങ്കിലും ആരോപിച്ചാല് അവരെ കുറ്റം പറയാനാവില്ല.


ഇപ്പോള് ഇടത് പക്ഷം ഹൃദയപക്ഷമെന്ന് പ്രഖ്യാപിച്ച് രണ്ടിലയുമായി ഇടത് പാളയത്തിലേക്ക് എത്തുമ്പോള് വലിയ വെല്ലുവിളിതന്നെയാണ് ജോസ് കെ മാണിക്കും സംഘത്തിനും മുന്നിലുള്ളത്. വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില് തങ്ങളുടെ ശക്തിഎത്രയുണ്ടെന്ന് വലതുമുന്നണിയെ മാത്രമല്ല ഇടത് മുന്നണിയേയും ബോധ്യപ്പെടുത്തണം. എങ്കില്മാത്രമേ അടുത്തവര്ഷം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പില് ജോസ് മാണി അവകാശപ്പെടുന്ന സീറ്റുകളില് എത്രയെണ്ണത്തിന് യഥാര്ത്ഥത്തില് മാണി കോണ്ഗ്രസ് ജോസ് വിഭാഗത്തിന് അര്ഹതയുണ്ടെന്ന് വ്യക്തമാകു.

അതിനാല് തന്നെ വരാനിരിക്കുന്ന ദിവസങ്ങള് ജോസ് മാണിക്ക് വെല്ലുവിളികളുടേതാണ്. പരീക്ഷണഘട്ടം വിജയകരമായി പൂര്ത്തിയാക്കിയാല് പിതാവിനേക്കാള് വലിയ രാഷ്ട്രീയതന്ത്രജ്ഞനായി കേരളം ഒരുപക്ഷെ ജോസ് കെ മാണിയെ വിലയിരുത്തിയേക്കും.

 

Tuesday, 13 October 2020

ഒട്ടും 'തിരുത്താത്ത' അമ്മ

ശാരീരികമായി പീഢിപ്പിക്കപ്പെട്ട ഒരുവളെ പിന്നീട് മാനസികമായും പീഢിപ്പിച്ച് അതില് സംതൃപ്തി കണ്ടെത്തുന്നവരെ എന്ത് പേരിട്ട് വിളിക്കണം. അതും ഒരു തവണയല്ല, പലതവണ. അതും കൂട്ടത്തിലുള്ളൊരുവളെ ആണെങ്കിലോ.

പറഞ്ഞുവരുന്നത് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ ഏറ്റവും പുതിയ പ്രസ്താവനയെകുറിച്ചാണ്. പീഢിപ്പിക്കപ്പെട്ട യുവനടിയെ അവളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ദിനങ്ങളില് പോലും അര്ഹിക്കുന്ന തരത്തില് ഇടവേള ബാബു പന്തുണച്ചതായി തോന്നുന്നില്ല. മാത്രവുമല്ല പലപ്പോഴും സിനിമയിലെ ആണ്കോയിമയുടെ സ്വഭാവം പ്രകടിപ്പിക്കുന്നതായിരുന്നു ഇടവേള ബാബുവിന്റെ നടപടികളും.

നടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചാനല് അഭിമുഖത്തില് ഇടവേള ബാബു നടത്തിയ പരാമര്ശമാണ് ഇതില് ഏറ്റവും ഒടുവിലത്തേത്. ട്വന്റി ട്വന്റി എന്ന അമ്മയുടെ ചിത്രത്തിന് ശേഷം വീണ്ടുമൊരു സിനിമചെയ്താല് പീഢനത്തിനിരയായ നടി അതിലുണ്ടാകുമോ എന്നതായിരുന്നു ചോദ്യം. നടി ഇപ്പോള് അമ്മയിലെ അംഗമല്ലാത്തതിനാല് ചിത്രത്തിലുണ്ടാകില്ലെന്നും മരിച്ച്പോയവര് തിരിച്ച് വരാത്തത് പോലെയാണ് അതെന്നുമായിരുന്നു ബാബുവിന്റെ മറുപടി.



എത്രമാത്രം സാംസ്ക്കാരിക സമ്പന്നതയാണ് നമ്മുടെ സിനിമമേഖലയെ നിയന്ത്രിക്കുന്നവര്ക്ക് ഉള്ളതെന്ന് വെളിവാക്കുന്നതാണ് ഈ സംഭവം. ബാബുവിന്റെ പരാമര്ശത്തില് പ്രതിഷേധിച്ച് നടി പാര്വ്വതി തിരുവോത്ത് സംഘടനയില് നിന്ന് രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് അതിനെ തിരുത്താന് പ്രവര്ത്തിക്കണമെന്ന് കരുതിയാണ് നേരത്തെ രാജിവെക്കാതിരുന്നതെന്നും എന്നാല് സംഘടന തിരുത്തുന്ന ലക്ഷണമില്ലെന്നും രാജികത്തില് പാര്വ്വതി പറയുന്നു. ബാബുവിന്റെ രാജിയും താരം ആവശ്യപ്പെട്ടു. മനസാക്ഷിയുള്ള എത്ര അംഗങ്ങള് ഇക്കാര്യമുന്നയിച്ച് മുന്നോട്ട് വരുമെന്ന് അറിയാന് ആകാക്ഷയോടെ കാത്തിരിക്കുകയാണെന്നും സോഷ്യല് മീഡിയയിലൂടെ പുറത്തുവിട്ട രാജികത്തില് ചോദിക്കുന്നുണ്ട്.

അറപ്പുളവാക്കുന്നതും ലജ്ജാകരവുമാണ് ഇടവേള ബാബുവിന്റെ വാക്കുകള് എന്നതില് സംശയമില്ല. ചോദ്യം ചെയ്യപ്പെടേണ്ടതും തിരുത്തിക്കേണ്ടതുമാണ് അവ. പക്ഷെ വെറുമൊരു മാപ്പപേക്ഷയിലോ വിശദീകരണത്തിലോ തീരുന്നതല്ല കാര്യങ്ങള്. കാരണം പീഢനത്തിന് ഇരയായ ആ യുവനടിയെ അമ്മ എന്ന താരസംഘടന ഒരിക്കലും അവരര്ഹിക്കുന്ന നീതി ലഭ്യമാക്കാന് കൂടെ നിന്നിട്ടില്ല.

കേസിലെ പ്രതിസ്ഥാനത്തുള്ള തന്റെ സുഹൃത്തിനേയും മലയാള സിനിമയിലെ ശക്തനുമായ ദിലീപിനെ സഹായിക്കാനാണ് ഇടവേള ബാബുവും സംഘവും തുടക്കം മുതലെ ഇടവേളകളില്ലാതെ പ്രയത്നിച്ചുകൊണ്ടിരുന്നത്. സിനിമലോകത്തെ വനിത പ്രവര്ത്തകര് ചേര്ന്ന് വുമണ് ഇന് സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്കി പ്രവര്ത്തിച്ചുതുടങ്ങിയപ്പോഴും ആ പുച്ഛഭാവം ബാബുവും സംഘവും പ്രകടിപ്പിക്കികയും ചെയ്തിരുന്നു. യുവനടിക്കുണ്ടായ പ്രശ്നം സംഘടനയില് ചര്ച്ചചെയ്ത് കുറ്റക്കാരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങളായ നടിമാര് നല്കിയ പരാതിക്ക് എന്ത് സംഭവിച്ചുവെന്നതും ചരിത്രമാണ്. ആദ്യം നടനെതിരെ നടപടിയെടുക്കാന് വിമുഖതകാണിച്ച സംഘടന പിന്നീട് ആ നടന് സ്വയം രാജിവെച്ചപ്പോഴും ഇരയ്ക്കൊപ്പം നിന്ന് പ്രതിക്ക് വേണ്ടി പ്രാര്ത്ഥിക്കുന്ന സമീപനം തന്നെ തുടര്ന്നു. പിന്നീട് ദിലീപിനെ തിരിച്ചെടുക്കാന് കാണിച്ച അമിതതാല്പര്യം പക്ഷെ അമ്മയില് നിന്ന് പ്രശ്നത്തിന്റെ പേരില് രാജിവെച്ചവരെയോ അംഗത്വം പുതുക്കാത പ്രതിഷേധിച്ച യുവനടി അടക്കമുള്ളവരേയെ തിരികെ കൊണ്ടുവരാന് കണിച്ചതുമില്ല. അവരെല്ലാം സംഘടനയില് നിന്ന് പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും തിരിച്ചെടുക്കാന് പല നടപടി ക്രമങ്ങളുമുണ്ടെന്നായിരുന്നു ഇക്കാര്യത്തിലെ വാദം.

കേസിന്റെ പലഘട്ടങ്ങളിലും ദിലീപിന് അനുകൂലമായ നിലപാടാണ് ഇടവേള ബാബു അടക്കമുള്ളവര് സ്വീകരിച്ചിരുന്നത്. പീഡിപ്പിക്കപ്പെട്ട യുവനടി പിന്നീട് പലകുറി സൈബര് ബുള്ളിയിങ്ങിന് വിധേയമായപ്പോഴും അതിനെതിരെ ഒരു ചെറുവിരലനക്കാനോ പ്രതികരിക്കാനോ ഇവരാരും തയ്യാറായില്ല. ഈ യുവനടിക്കെതിരെ മാത്രമല്ല, ഇവര്ക്കൊപ്പം നിന്ന മറ്റ് നടിമാരും നടന്മാരുടെ ഫാന്സിന്റെ വെര്ബല് അബ്യൂസിന് പലകുറി വിധേയമായപ്പോഴും മൌനം മാത്രമായിരുന്നു അമ്മയുടെ സെക്രട്ടറി അടക്കമുള്ളവരുടെ പ്രതികരണം.

കേസിന്റെ വിചാരണവേളയില് കൂറുമാറി മൊഴിമാറ്റി, പ്രതിയോടുള്ള കൂറ് ഇടവേള ബാബു വീണ്ടും തെളിയിച്ച അധികനാളായിട്ടില്ല. ഏറ്റവും ഒടുവില് ഇപ്പോഴിതാ ചാനല് അഭിമുഖവും നടിയെ  ആക്ഷേപിക്കാനുള്ള വേദിയായാണ് ഇടവേള ബാബു ഉപയോഗിച്ചത്.  

സിനിമയില് സ്ത്രീകളെ ആക്ഷേപിക്കുന്നവരേയും അപമാനിക്കുന്നവരേയും ഇടിച്ച് നിരത്തുന്ന നായകന്മാരാരും തന്നെ ഇതുവരേയും പരസ്യമായി പ്രതികരിച്ചിട്ടില്ല. ഏതാനും കുറച്ച് നായികമാരല്ലാതെ മറ്റാരും തന്നെ ഇതുവരേയും യുവനടി പീഡിപ്പിക്കപ്പെട്ട കേസില് പരസ്യമായി പ്രതികരിക്കാന് തയ്യാറായിട്ടുമില്ല. പേരിനുപോലും പ്രതികരണം നടത്താത്ത വനിതസൂപ്പര്സ്റ്റാറുകള് കൂടി അടങ്ങിയതാണ് നമ്മുടെ മലയാള സിനിമ എന്നതാണ് വസ്തുത. പലരും പ്രതികരിച്ചാല് തങ്ങളുടെ അവസരങ്ങള് നഷ്ടപ്പെടുമോയെന്ന് ഭയക്കുന്നവരാണ്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന നടിമാരുടെ മനോഭാവത്തിന് പിന്നിലും ഇത് തന്നെയാണ്. പീഡിപ്പിക്കപ്പെട്ട നടി സംഘടനയ്ക്ക് മുമ്പാകെ തനിക്ക് മലയാളത്തില് അവസരങ്ങള് ഇല്ലാതാക്കിയത് ദിലീപ് ആണെന്ന് പരാതിപ്പെട്ടിരുന്നു. തനിക്ക് വരുന്ന അവസരങ്ങളെല്ലാം സ്വാധീനം ഉപയോഗിച്ച് ദിലീപ് ഇല്ലാതാക്കിയെന്ന് ഒരു നടി രേഖാമൂലം അറിയിച്ചിട്ടും അതൊന്നു പരിശോധിക്കാന് പോലും തയ്യാറാകാതിരുന്ന സംഘടനയാണ് അമ്മ.

ആണധികാരത്തില് ഭ്രമിക്കുന്ന സിനിമ പ്രമാണിമാരില് നിന്ന് മറിച്ചൊന്നും ലഭിക്കില്ലെന്ന തിരിച്ചറിവാണോ അതോ തന്റെ അവസരമെന്ന സ്വാര്ത്ഥചിന്തയാണോ ഇവരെയല്ലാം പ്രതികരണശേഷിയില്ലാത്തവരാക്കുന്നത്?  പക്ഷെ കൂട്ടത്തിലൊരുവളെ മനസിലാക്കാന്പോലും കഴിയാതെ സമൂഹത്തെ ബോധവത്ക്കരിക്കുന്ന ഒരു മാധ്യമത്തില് എങ്ങനെയാണ് ഇവര്ക്ക് പ്രവര്ത്തിക്കാനാവുക എന്നചോദ്യം ഉയര്ന്നുകൊണ്ടേയിരുക്കും.  

 

Monday, 12 October 2020

അവകാശം നിഷേധിക്കുന്ന സവര്ണമേധാവിത്വം


കഴിഞ്ഞ ദിവസങ്ങളില് നിരവധി രാഷ്ട്രീയദൃശ്യങ്ങള്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. മൃഗീയ പീഢനത്തിനിരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ ഹാഥ്രാസിലെ വീട് തന്നെയായിരുന്നു പ്രധാനമായും വാര്ത്താകേന്ദ്രം. ആ .ഗ്രാമത്തിലേക്ക് ആരെയും കടത്തിവിടാതെ യോഗി ആദിത്യനാഥ് സര്ക്കാര് വീട്ടുകാരെ തടവിലിട്ടു. ജില്ലാ മജിസ്ട്രേറ്റടക്കമുള്ളവര് നേരിട്ട് വന്ന് പെണ്കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി. അവരെ ആശ്വസിപ്പിക്കാനായി അവരുടെ വീട്ടിലേക്ക് പോകാനിറങ്ങിയ മറ്റ് രാഷ്ട്രീയപാര്ട്ടിയിലെ ദേശിയ നേതാക്കളെയെല്ലാം പൊലീസിനെ വിട്ട് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. എന്താണ് ആ ദളിത് കുടുംബം ചെയ്ത തെറ്റ്. അവരുടെ മകള് മൃഗിയമായി പീഢിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ടത് അവരുടെ തെറ്റാണോ. മകളുടെ മൃതശരീരം അവസാനമായി ഒന്നുകണ്ട് അന്ത്യകര്മങ്ങള് ചെയ്യാന് പോലും അവസരം നിഷേധിക്കപ്പെട്ടത് അവരുടെ തെറ്റാണോ. കീഴ്ജാതിയായ വാത്മീകിയില് പിറന്നതുകൊണ്ട് മാത്രമാണ് അവര്ക്ക് നീതി നിഷേധിക്കപ്പെട്ടത്. കാരണം അവരുടെ മകളെ പീഢിപ്പിച്ച് കൊന്നത് മേല്ജാതിക്കാരായ താക്കൂറുമാരാണ്.

ഇന്ത്യയില്, പ്രത്യേകിച്ചും ഉത്തര്പ്രദേശില് സ്ത്രീകള്ക്കെതിരെയുള്ള പീഡനവും കൊലപാതകവുമെല്ലാം പെരുകുന്നുവെന്നത് വസ്തുതയാണ്. കേന്ദ്രസര്ക്കാരിന് കീഴിലുള്ള ദേശിയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോ തന്നെ ഇക്കാര്യം കണക്കുകള് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്പ്രദേശിലെ ക്രമസമാധാനനില എത്രമാത്രം തകര്ന്നതാണെന്ന് കണക്കുകള് ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷെ ഇവിടെ ക്രമസമാധാനനില തകര്ന്നത് എങ്ങനെയാണെന്ന പ്രധാനചോദ്യം അവശേഷിക്കുകയാണ്. യോഗി ആദിത്യനാഥ് അധികാരത്തിലേറിയതുമുതല് പൊലീസിന് തോന്നും പടി എന്തുചെയ്യാനുള്ള അധികാരം നല്കിയിട്ടുണ്ട് യോഗി. യോഗി ആദ്യം തന്നെ ചെയ്തത് തന്റെ പേരിലുള്ള ക്രിമിനല് കേസുകളെല്ലാം പിന്വലിക്കുക എന്നതായിരുന്നു. മറ്റെവിടെയും കേട്ട് കേള് വിയില്ലാത്ത സംഭവം. യോഗി ഭരണത്തിന് കീഴില് മേല്ജാതിക്കാര് കീഴ്ജാതിക്കാരെ ആക്രമിക്കുന്ന സംഭവങ്ങള് പെരുകി. മേല്ജാതിക്കാരാണ് പ്രതികളെങ്കില് ഇരകള്ക്ക് നീതി ലഭിക്കില്ലെന്ന സാഹചര്യം ഉടലെടുത്തു. ഹാഥ്രാസിലെ പെണ്കുട്ടിക്കും നീതി ലഭിക്കില്ലെന്ന സ്ഥിതിവിശേഷം തന്നെയാണ് യുപിയിലേത്. പീഢനത്തിനിരയായ പെണ്കുട്ടിയെ കൃത്യമായ ഫോറന്സിക്ക് പരിശോധനയ്ക്ക് വിധേയമാക്കിയത് 96 മണിക്കൂറുകള് കഴിഞ്ഞശേഷമാണ്. എന്നിട്ട് ബലാത്സംഗം നടന്നതിന് തെളിവായി ബീജം കണ്ടെത്താനായിട്ടില്ലെന്ന് ഫോറന്സിക്ക് റിപ്പോര്ട്ട് ഉണ്ടെന്ന് പരസ്യമായി പറഞ്ഞത് സംസ്ഥാന പൊലീസ് മേധാവിയാണ്. ഇന്ത്യയിലെ നിലവിലെ നിയമമനുസരിച്ച് പീഢനകേസില് പെണ്കുട്ടികൊടുക്കുന്ന മൊഴിയേക്കാള് വലുതായി മറ്റൊന്നില്ല. പെണ്കുട്ടി മജിസ്ട്രേറ്റിന് കൊടുത്ത അവസാന മൊഴിയില്  പോലും താന് പീഡിപ്പിക്കപ്പെട്ടതായി വ്യക്തമക്കിയിട്ടുണ്ട്. പൊലീസിന് പീഡനം സംബന്ധിച്ച് പരാതി നല്കിയപ്പോള് അത് സ്വീകരിക്കാന് ഹാഥ്രാസിലെ പൊലീസ് തയ്യാറായില്ല. ഇതെല്ലാം മറച്ച് വെച്ചാണ് ഏറെ നാള് കഴിഞ്ഞ് നടത്തിയ പരിശോധനയില് ബീജം കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞ് കേസ് നിസാരവത്ക്കരിക്കാനുള്ള ശ്രമം ഉത്തര്പ്രദേശ് പൊലിസ് കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയും രാഹുലുമെല്ലാം ഹാഥ്രാസിലെക്ക് പുറപ്പെടുന്നത്. ആദ്യ ദിവസം ഡല്ഹി യുപി അതിര്ത്തിയില് എക്സ്പ്രസ് ഹൈവേയില് വെച്ച് തന്നെ നേതാക്കളെ പൊലീസ് തടയുന്നു. പൊലീസ് കയ്യേറ്റം ചെയ്യുന്നു. രാഹുല് മറിഞ്ഞുവീഴുന്നു. ഇതെല്ലാം ലോകം തത്സമയം കാണുകയും ചെയ്യുന്നു. ലോക്സഭ എംപി ഡെറക്ക് ഒബ്രയാന് അടക്കമുള്ളവരും സമാനമായ രീതിയില് പലയിടങ്ങളിലായി കയ്യേറ്റം ചെയ്യപ്പെടുന്നു. പിറ്റേദിവസം വീണ്ടും പ്രിയങ്കയും രാഹുലും അടക്കം 5 പേര്ക്ക് ഹാഥ്രാസിലെക്ക് പോകാന് അനുമതി ലഭിക്കുകയും അവര് പോവുകയും ചെയ്യുന്നു. പോകും വഴിയിലും പൊലീസ് പ്രവര്ത്തകരെ കയ്യേറ്റം ചെയ്യുകയും തടയാന് ശ്രമിക്കുന്ന പ്രിയങ്ക ഗാന്ധിയെ കയറി പിടിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്നു. രാജ്യത്ത് ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തികളിലൊരാളാണ് പ്രിയങ്ക ഗാന്ധിയെന്നോര്ക്കുക. ഹാഥ്രാസിലെത്തിയ പ്രിയങ്കയും രാഹുലും ഇരയുടെ മാതാപിതാക്കളെ കാണുന്നു, സംസാരിക്കുന്നു. അവരെ ആശ്വസിപ്പിക്കുന്നു. ആ ചിത്രങ്ങള് വരും ദിവസങ്ങളില് യോഗിയേയും ബിജെപിയേയും കൂടുതല് കൂടുതല് മുറിവേല്പ്പിച്ചുകൊണ്ടേയിരിക്കുമെന്നുറപ്പ്. ആ മുറിവിന്റെ നീറ്റല് ആരംഭിച്ചിരിക്കുന്നുവെന്നത് തന്നെയാണ് യോഗിയുടെ പിന്നാലെ വരുന്ന പ്രസ്താവനകളെല്ലാം തെളിയിക്കുന്നത്. പുറമേ നിന്ന് വന്നവര് സംസ്ഥാനത്ത് ജാതി കലാപം ഉണ്ടാക്കാന് ശ്രമിക്കുന്നുവെന്നാണ് യോഗിയുടെ ആക്ഷേപം. എന്നാലെന്താണ് വാസ്തവമെന്ന് ജനത്തിന് ഇപ്പോള് അറിയാം. ഇരയുടെ ശരീരം ബന്ധുക്കളെ ബന്ദികളാക്കിയശേഷം മണ്ണെണ്ണയൊഴിച്ച് പെലീസ് തന്നെ കത്തിക്കുക, മാധ്യമങ്ങളെ ഹാഥ്രാസ് ഗ്രാമത്തില് തന്നെ പ്രവേശിക്കുന്നതില് നിന്ന് വിലക്കുക, ഇതിനായി ആയിരത്തിലേറെ പൊലീസിനെ വിന്ന്യസിക്കുക, രാഷ്ട്രീയക്കാരെ കയ്യേറ്റം ചെയ്ത് തടയുക. ഇരയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുക, അവരുടെ ഫോണുകള് ടാപ്പ് ചെയ്യുക, ഇര പീഢനത്തിനിരയായില്ലെന്ന് വിളിച്ച് പറയുക, നിയമവിരുദ്ധമായി ഇരയുടെ ദൃശ്യങ്ങളും ഐഡന്റിറ്റിയും പരസ്യപ്പെടുത്തുക, പ്രതികളായ താക്കൂറുമാരെ പ്രതിരോധിക്കുന്ന തരത്തില് പ്രസ്താവനകള് നടത്തുക... ഇതെല്ലാം യോഗി സര്ക്കാരില് നിന്ന് ഉണ്ടായനടപടികളാണ്.


എല്ലാകാലത്തും ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കാണ് താക്കൂറുമാര്. ദളിതുകളുടെ പിന്തുണ അത്രകണ്ട് ബിജെപിക്ക് ഒപ്പമായിരുന്നില്ല. പക്ഷെ കഴിഞ്ഞതിരഞ്ഞെടുപ്പില് ദളിതുകള് ഏറെക്കുറെ ബിജെപി അനുകൂല നിലപാടാണ് എടുത്തത്. പക്ഷെ ഇതൊന്നും ജാതിവ്യവസ്ഥയെ പിന്തുണക്കുന്ന ബിജെപിക്ക് ദളിതര്ക്കെതിരെ മേല്ജാതിക്കാര് നടത്തുന്ന അതിക്രമങ്ങളെ തടയാന് പ്രേരിപ്പിക്കുന്നതല്ല.   ചാതുര് വര്ണ്യവ്യവസ്ഥയെ പിന്തുണയ്ക്കുന്ന ബിജെപിയും ആര്എസ്എസും സ്വാഭാവികമായും ദളിതര്ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനും കുറ്റവാളികളെ സംരക്ഷിക്കാന് സ്റ്റേറ്റ് മിഷിനറികള് ഉപയോഗിക്കുകയും ചെയ്യും. അത് തന്നെയാണ് ഉത്തര്പ്രദേശിലുള്പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് അരങ്ങേറുന്നത്. മേല്ജാതിക്കാരുടെ സംഘടിത ശക്തിക്കെതിരെ പേരാടാന് കീഴ്ജാതിക്കാര്ക്ക് ധൈര്യമില്ലെന്നതും അവര് അസംഘടിതരാണെന്നതും സാമ്പത്തികമായി പിന്നാക്കമാണെന്നതും ഇത്തരം നടപടികള്ക്ക് പിന്ബലം നല്കുന്നുമുണ്ട്. ഗുജറാത്തില് ഉനയില് കന്നുകാലികളുടെ തോല് ഉരിഞ്ഞ് തുകലുണ്ടാക്കുന്നവരെ കെട്ടിയിട്ട് മര്ദ്ദിച്ചപ്പോഴുമെല്ലാം ഭൂരിപക്ഷ സമുദായത്തിനൊപ്പം ആയിരുന്നു ബിജെപി. ഉത്തര്പ്രദേശിലെ ഷഹരാന്പൂരില് കീഴജാതിക്കാരന് കല്ല്യാണത്തിന് കുതിരയെ ഉപയോഗിച്ചതിനെ തുടര്ന്ന് ഉണ്ടായ കാലപത്തിലും യോഗി സര്ക്കാര് താക്കൂറുമാര്ക്കൊപ്പമായിരുന്നു. ദളിതരെന്നാല് തീണ്ടാപാടകലെ നില്ക്കേണ്ടവരാണെന്ന സവര്ണചിന്താഗതിയുടെ സംരക്ഷകരാവുകയാണ് ബിജെപി സര്ക്കാര്. അതിന്റെ തുടര്ച്ച തന്നെയാണ് ഹാഥ്രാസിലെതും. ഉനയിലെ ദളിതര്ക്ക് നേരെ നേരിട്ട അതിക്രമത്തിനെതിരെ ദളിതരെ സംഘടിപ്പിച്ച പ്രതിഷേധം ശക്തമാക്കിയ ജിഗ്നേഷ് മേവാനിയും ഉത്തര്പ്രദേശില് ദളിതരെ സംഘടിപ്പിച്ച് സവര്ണാധിപത്യത്തിനുനേരെ സമരം നടത്തുന്ന രാവണനെന്ന ചന്ദ്രശേഖര് ആസാദും ബിജെപിയുടെ കണ്ണിലെ കരടാകുന്നതും അതിനാലാണ്. സംഘടിത സ്വഭാവവും ചോദ്യം ചെയ്യാനുള്ള ധൈര്യവും ദളിതര്ക്ക് ഉണ്ടായാല് അത് തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ വലിയതോതില് ബാധിക്കുമെന്ന് ബിജെപിക്ക് അറിയാം. അതിനാലാണ് ചന്ദ്രശേഖര് ആസാദിനെ പലകുറി ദേശ സുരക്ഷ നിയമം അനധികൃതമായി ചമുത്തി നീണ്ടകാലം യോഗി ജയിലിലടച്ചത്. ജിഗ്നേഷ് മേവാനിയെ നിരന്തരം ഗുജറാത്ത് സര്ക്കാര് വേട്ടയാടികൊണ്ടിരിക്കുന്നത്. ദളിതരുടെ അവകാശങ്ങള്ക്ക് വേണ്ടി സംസാരിക്കുന്ന വരവരറാവു അടക്കകമുള്ള എഴുത്തുകാരേയും സാമൂഹ്യപ്രവര്ത്തകരേയുമെല്ലാം അര്ബന് നക്സലുകളാക്കി മുദ്രകുത്തി യുഎപിഎ പോലുള്ള കുറ്റങ്ങള് ചാര്ത്തി ജാമ്യം നിഷേധിച്ച് ജയിലിലടക്കുന്നത്. എതിര് ശബ്ദങ്ങളെ അടിച്ചമര്ത്തി പക്ഷെ എത്രകാലം മുന്നോട്ട് പോകാനാവും.

സ്ത്രീകള്ക്കും ദളിതര്ക്കും ന്യൂനപക്ഷങ്ങള്ക്കുമെല്ലാം ഒരുപോലെ തുല്യത വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടനയാണ് ഇന്ത്യയുടേത്. ആ തുല്യത ഉറപ്പുവരുത്തേണ്ട ബാധ്യതയുള്ള സര്ക്കാരുകള് തന്നെ അതില്ലാതാക്കുന്നുവെന്നതാണ് വര്ത്തമാനകാലഇന്ത്യയുടെ ചരിത്രം. ദുരന്തവും.

 (121020)

Sunday, 11 October 2020

ബിഹാര് : തെരഞ്ഞെടുപ്പിന് മുമ്പേ അണിയറയില് ലിറ്റ്മസ് ടെസ്റ്റ്

കോവിഡ് കാലത്ത് ഇന്ത്യ ഒരു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ബിഹാറ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് 3 ഘട്ടങ്ങളായി നടക്കും. ഈ മാസം 28 മുതല് നവംബര് 7 വരെ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം നവം 10 ന് പുറത്തുവരും.

കോവിഡിനെ കേന്ദ്രവും സംസ്ഥാനവുമെല്ലാം നേരിട്ട വിധം, കുടിയേറ്റ തൊഴിലാളികളുടെ കോവിഡ് കാലത്തെ ദുരിതം, മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം, കാര്ഷിക ബില്ലിനെതിരെ നടക്കുന്ന കര്ഷകരുടെ പ്രതിഷേധം...അങ്ങനെ ജനവിധിയെ സ്വാധീനിക്കുന്ന നിരവധി വിഷയങ്ങളുണ്ട് ബിഹാറിലെ ഫലത്തെ നിര്ണയിക്കാന്.

ഇതിനപ്പുറം രാഷ്ട്രീയമായി ഏറെ പ്രാധാന്യവും ബിഹാറിലെ ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. 5 വര്ഷം മുമ്പ് കോണ്ഗ്രസും ആര്ജെഡിയേയും കൂട്ടി മഹാഗഡ്ബന്ധന് രൂപീകരിച്ച് ബിജെപിയെ അധികാരത്തില് നിന്ന് അകറ്റിനിര്ത്തിയാണ് നിതീഷ് വീണ്ടും മുഖ്യമന്ത്രിയായത്. എന്നാല് ആര്ജെഡിയുമായി നിരന്തരമായുണ്ടായ അഭിപ്രായവ്യത്യാസത്തിനൊടുവില് മഹാഗഡ്ബന്ധന് പിളര്ത്തി പഴയ സഖ്യകക്ഷിയായ ബിജെപിക്കൊപ്പം പോയതാണ് നിതീഷ്. അന്ന് മുതല് നിതീഷിന്റെ ജെഡിയു വിന് പുറകില് രണ്ടാമതാണ് ബിജെപിയുടെ സ്ഥാനം. ഇത്തവണ നിതീഷിന്റെ നിഴലില് നിന്ന് പുറത്ത് കടക്കാനാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. ഇത്തവണ ബിജെപി അതിനുള്ള ചരട് വലികള് അണിയറയില് തുടങ്ങിക്കഴിഞ്ഞു.

മോദിയുടെ കടുത്ത വിമര്ശകനായിട്ടും നിതീഷുമായി ചേര്ന്ന് വീണ്ടും അധികാരം പങ്കിടാന് ബിജെപിക്ക് ഒട്ടും ചിന്തിക്കേണ്ടി വരാതിരുന്നതും ഈ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് തന്നെയാണ്. ബിഹറില് ഒരു ബിജെപി മുഖ്യമന്ത്രി എന്നത് താമര പാര്ട്ടിയുടെ എക്കാലത്തേയും വലിയ സ്വപ്നങ്ങളിലൊന്നാണ്. 2014 ല് ഇന്ത്യമുഴുവന് മോദി തരംഗത്തിലൂടെ ലോക്സഭയില് ബിജെപി അധികാരത്തിലേറിയിട്ടും, ഒട്ടുമിക്ക സംസ്ഥാനങ്ങളിലും താമര വിരിയിച്ചിട്ടും തൊട്ടടുത്ത വര്ഷം ബിഹാര് തിരഞ്ഞെടുപ്പിലെ തിരിച്ചടി ബിജെപിക്ക് വലിയ ക്ഷീണമായിരുന്നു. അതിനെ മറികടക്കാനുള്ള തന്ത്രങ്ങള് വാര് റൂമില് ബിജെപി ഒരുക്കുകയും ചെയ്യുകയായിരുന്നു. അതിന് പ്രായോഗികമുഖം കൊടുക്കുകയാണ് നഡ്ഡയും സംഘവുമിപ്പോള്.



ബിഹാറില് എന്ഡിഎ സഖ്യത്തിലെ വിള്ളല് ബിജെപി പയറ്റുന്ന ചാണക്യതന്ത്രത്തിന്റെ ഭാഗം തന്നെയാണ് എന്ന് നിസംശയം പറയാം. സഖ്യകക്ഷിയിലെ പ്രധാനപാര്ട്ടികളിലൊന്നായ രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്ട്ടിയെ മുന് നിര്ത്തിയാണ് ബിജെപി യുദ്ധതന്ത്രമൊരുക്കുന്നത്. ബിഹാറില് ബിജെപിയുടെ നേതൃത്വത്തിലുള്ള സര്ക്കാര് അധികാരത്തില് വരണമെന്ന് എല് ജെ പിയുടെ നിലവിലെ നായകന് ചിരാഗ് പസ്വാന് പര്സ്യമായി പ്രതികരിച്ചത്. മാത്രലവുമല്ല ജെഡിയു വിന് വോട്ട് ചെയ്യരുതെന്ന് വോട്ടര്മാരോട് അഭ്യര്ത്ഥിച്ചുകൊണ്ട് ചിരാഗ് തുറന്ന് കത്തെഴുതുകയും ചെയ്തു. സഖ്യകക്ഷിയായ ജെഡിയു വിനെതിരേയും ജിതിന് റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന് അവാം മോര്ച്ചയ്ക്കുമെതിരെ എല്ലാ മണ്ഡലത്തിലും സ്ഥാനാര്ത്ഥിയെ നിര്ത്തുമെന്നും ചിരാഗ് പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം ബിജെപി മത്സരിക്കുന്നിടത്തെല്ലാം പിന്തുണ ബിജെപിക്കും. ജെഡിയു മായി സീറ്റ് വിഭജനമെല്ലാം പൂര്ത്തിയാക്കിയ ബിജെപി എല് ജെ പിയുടെ നിലപാടില് തുടരുന്ന മൌനം അര്ത്ഥവത്താണ്. എല് ജെ പിയുടെ ഈ കളിയില് നേട്ടം ബിജെപിക്ക് മാത്രമാണ് എന്നത് തന്നെ കാരണം.

എല്ജെപിയുടെ ബിഹാറിലെ സ്ഥിതി എന്താണെന്ന് പരിശോധിക്കുമ്പേഴേ ഈ നേട്ടമെങ്ങനെയെന്ന് വ്യക്തമാകു. ദുശാദ് അഥവാ പസ്വാന് ദളിത് കമ്മ്യൂണിറ്റിയാണ് എല് ജെ പിയുടെ ശക്തി. ബിഹാറിലെ ജനസംഖ്യയുടെ 6 ശതമാനമാണ് ദുശാദുകള്. മാത്രവുമല്ല  ദളിത് ജനസംഖ്യയുടെ 30 മു്തല് 40 ശതമാനവും  ഇവരാണ്. സംസ്ഥാനത്തെ ദളിത് വിഭാഗങ്ങല്ക്കിടയില് ഏറ്റവും കൂടുതല് രാഷ്ട്രീയമായ ചായ്വ് കൃത്യമായി പ്രകടിപ്പിക്കുകയും രാഷ്ട്രീയ ഇടപെടല് നടത്തുകയും ചെയ്യുന്നതും ഊ വിഭാഗമാണ്. മധ്യബിഹാറിലും തെക്കന് ബിഹാറിലും കൂടുതല് നിര്ണായക ശക്തികളാണ് ഇവരെങ്കിലും സംസ്ഥാന വ്യാപകമായി ചെറുതല്ലാതെ മറ്റ് പാര്ട്ടികളുടെ സാധ്യതകള് തല്ലിക്കെടുത്താനും ഇവര്ക്കാകും. ബിജെപിയുമായുള്ള ബന്ധം മുസ്ലീം വോട്ടര്മാര്ക്കിടയിലെ സ്വാധീനം എല്ജെപിക്ക് നഷ്ടമായെങ്കിലും മേല് ജാതിക്കാരുടെ പിന്തുണ കാര്യമായി വര്ദ്ധിപ്പിക്കാനും എല്ജെപിക്ക് സാധിച്ചിട്ടുണ്ട്. ഇത് തന്നെയാണ് ജെഡിയു വിനെതിരെ എല്ലായിടത്തും മത്സരിക്കാന് എല്ജെപി തീരുമാനിക്കുമ്പോള് ബിജെപിയുടെ സാധ്യതയും. ഇവിടങ്ങളില് ജെഡിയു വിനെതിരെ എല്ജെപി മത്സരിച്ച് ജയിച്ചില്ലെങ്കിലും ജെഡിയുവിനെ ക്ഷീണിപ്പിക്കാനും തോല്പ്പിക്കാനും വഴിവെക്കും. ഇവിടങ്ങളില് ആര് ജെ ഡി കോണ്ഗ്രസ് ഇടത് സഖ്യത്തിന് ഇതുവഴി നേട്ടമുണ്ടാക്കാനാവും. ഇതിലൂടെ നിയമസഭയില് നിതീഷിന്റെ പാര്ട്ടിയുടെ സീറ്റുകള് കുറയ്ക്കുകയും എല്ജെപിയുടെ പിന്തുണയോടെ ബിജെപിക്ക് വലിയ കക്ഷിയായി മാറാനാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഇതിനൊപ്പം ജെഡിയു സ്ഥാനാര്ത്ഥികള്ക്കെതിരെ ബിജെപിയും പാലം വലിച്ചാല് കാര്യങ്ങള് എളുപ്പമാവുകയും ചെയ്യും. ഇനി അഥവാ കാര്യമായി പരിക്കേല്ഡക്കാതെ ജെഡിയു വിജയിച്ച് കയറിയാലും മുഖ്യമന്ത്രി പദവിയോ പ്രധാനവകുപ്പുകള്ക്കോ വേണ്ടി വിലപേശാനുള്ള ശക്തിയും ബിജെപിക്ക് ലഭിക്കും. ഒരുപക്ഷെ നിതീഷിനെ ബിഹാര് രാഷ്ട്രീയ്ത്തില് നിന്ന് തന്നെ അപ്രസ്ക്തനാക്കാമെന്നും ബിജെപി വാര് റൂമിന്റെ കണക്കുകൂട്ടലാണ്.

അതേസമയം തന്നെ മറുവശത്ത് നിതീഷും കണക്കുകൂട്ടലുകള് ആരംഭിച്ചുകഴിഞ്ഞുകാണും. ബിഹാറില് ലാലുവിനൊപ്പം ഒരുപക്ഷെ അതിനുമുകളിലോ ചാണക്യതന്ത്രം പയറ്റുന്നതില് കേമനാണ് നിതീഷ്. തന്റെ അധികാരകസേര നിലനിര്ത്താന് എന്ത് രാഷ്ട്രീയ തന്ത്രവും പയറ്റുന്ന രാഷ്ട്രതന്ത്രജ്ഞനാണ്. ബിജെപി എല്ജെപിയുടെ നിലപാടില് പുലര്ത്തുന്ന മൌനം എന്തിന്റെ സൂചനയാണെന്ന് കൃത്യമായി മനസിലാക്കി അതിനുള്ള മറുതന്ത്രങ്ങള് നിതീഷും തയ്യാറാക്കുന്നുണ്ടാവും. ബിഹാറിന്റെ പള്സ് അത്രമേല് അറിഞ്ഞ മറ്റൊരു നേതാവും ഈ തിരഞ്ഞെടുപ്പില് ബിഹാറിലെ തിരഞ്ഞെടുപ്പ് ഗോദയിലില്ല. കാര്യങ്ങള് തനിക്ക് അനുകൂലമല്ലെന്ന് കണ്ടാല് എന്ഡിഎ യെ തിരഞ്ഞെടുപ്പില് തന്നെ ക്ഷീണിപ്പിച്ച് വോട്ടെണ്ണലിനുശേഷം കാര്യങ്ങള് നോക്കി മറുകണ്ടം ചാടി പഴയ ലാവണത്തിലേക്ക് പോകാനും നിതീഷ് മടിച്ചേക്കില്ല.

എന്തായാലും ബിഹാര് തിരഞ്ഞെടുപ്പ് ഒരു ലിറ്റ്മസ് ടെസ്റ്റാണ്, നിതീഷ് കുമാറിന് മാത്രമല്ല. ചിരാഗ് പസ്വന് എന്ന യുവനേതാവിനും ബിജെപിക്കും.

 

ഹത്രാസ് വെറുമൊരു സ്ഥലനാമമല്ല


ഹത്റാസ്... ഇപ്പോള് വെറുമൊരു സ്ഥലനാമമല്ല. നമ്മുടെ സഹോദരിമാരുടെ, ജീവിതസുരക്ഷയുടെ, ജാതീയതയുടെ, അധികാരപ്രമത്തതയുടെ അടയാളപ്പെടുത്തലാണ്.

പെണ്ണായി പിറന്നാല്, പ്രത്യേകിച്ചും കീഴ്ജാതിയാണെങ്കില്, ജീവിക്കാന് കൊള്ളാത്ത ഇടമായി മാറുകയാണ് ഒരുകാലത്ത് നാനാത്വത്തില് ഏകത്വം എന്ന് ഊറ്റം കൊണ്ട നമ്മുടെ രാജ്യമിന്ന്.

നിര്ഭയ, സൌമ്യ ഉന്നാവോ, ഹൈദരാബാദ്,.. സ്ഥലനാമങ്ങളായും പ്രതീകങ്ങളായും മാറിയ നീണ്ടനിരയുണ്ട്. ഇവയൊക്കെ ഇതുപോലെ സ്ത്രീകള് പീഢിപ്പിക്കപ്പെടാനും അതിനൊടുവില് ക്രൂരമായി കൊല്ലപ്പെടാനുമുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച സംഭവങ്ങളാണ്. അപ്പോള് ഉയരുന്ന പ്രതിഷേധങ്ങള് പതിയെ തണുക്കും. പിന്നെയും സ്ത്രീസുരക്ഷ എന്നത് വെറും വാക്കായും പദ്ധതിപ്രഖ്യാപനങ്ങളായും മാറും. നമ്മുടെ പെണ്ണുങ്ങള് വെറും വില്പനചരക്കായോ മാംസളമായ ശരീരമായോ അവശേഷിക്കും.


ഉത്തര്പ്രദേശില് സമീപകാലത്ത് ദളിത് പെണ്കുട്ടികള് മൃഗീയമായി പീഢിപ്പിച്ച് കൊലചെയ്യപ്പെടുന്നത് നിത്യസംഭവമായിമാറിയിരിക്കുന്നു. ഉന്നാവോയില് മാത്രം  സമാനമായ രണ്ട് സംഭവങ്ങളാണ് അരങ്ങേറിയത്. ഒന്നിലെ പ്രതി ഭരണകക്ഷി എംഎലഎയും. പീഢിപ്പിച്ചതിനെതിരെ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി പരാതി നല്കിയതിനെ തുടര്ന്ന് പിതാവിനെ കള്ളക്കേസില് പെടുത്തി പീഢിപ്പിച്ച് കൊല്ലുകയും ബന്ധുക്കളെ പിന്നീട് വാഹനമിടിപ്പിച്ച് കൊല്ലുകയും ചെയ്തു. ആ അപകടത്തില് നിന്ന് ഇരയായ പെണ്കുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അതിന് തെട്ടുപിന്നാലെയാണ് ഹൈദരാബാദില് വെറ്ററിനറി ഡോക്ടര് കൂട്ടബലാത്സംഗത്തിന് ഇരയായശേഷം മൃഗീയമായി കൊലചെയ്യപ്പെട്ടത്. പ്രതികളെന്ന് സംശയിക്കുന്നവരെ ഇരുട്ടിന്റെ മറവില് ഹൈദരാബാദ് പൊലീസ് വ്യാജ ഏറ്റുമുട്ടലില് കൊലചെയ്യുകയും ചെയ്തു. അതോടെ ആ സംഭവത്തിലെ പ്രതിഷേധം കെട്ടടങ്ങി.

2012 ല് രാജ്യതലസ്ഥാനത്ത് പാരാമെഡിക്കല് വിദ്യാര്ത്ഥിനി ഓടിക്കൊണ്ടിരിക്കുന്ന ബസില് വെച്ച് പീഢനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്ന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങള് അരങ്ങേറി. അന്നത്തെ യുപിഎ സര്ക്കാരിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്ക്ക് ഇത് വഴിവെച്ചു. നിര്ഭയ എന്ന് പ്രതീകാത്മായി ആ പെണ്കുട്ടിയെ രാജ്യം വിളിച്ചു. നിര്ഭയയുടെ പേരില് നിരവധി സ്ത്രീസുരക്ഷ പദ്ധതികള് കേന്ദ്രം പ്രഖ്യാപിച്ചു. കോടികള് ഇതിനായി സംസ്ഥാനങ്ങള്ക്ക് അനുവദിച്ചു. അന്ന് നിര്ഭയ സംഭവം രാഷ്ട്രീയമായി ഉപയോഗിച്ച പാര്ട്ടി പിന്നീട് കേന്ദ്രത്തില് അധികാരത്തിലെത്തി. പിന്നീട് അതേ പാര്ട്ടി തന്നെ ഉത്തര്പ്രദേശടക്കം രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലേറി. അന്ന് രക്തം തിളക്കുന്നെന്ന് പറഞ്ഞ് നിര്ഭയക്ക് വേണ്ടി, രാജ്യത്തെ സ്ത്രീകള്ക്ക് വേണ്ടി മെഴുകുതിരിതെളിച്ച് ഇന്ത്യാഗേറ്റില് അണിനിരന്ന ബിജെപിയുടെ വനിത മുഖങ്ങളില് പലരുമിന്ന് കേന്ദ്രമന്ത്രിമാരാണ്. പക്ഷെ ആരും ഇപ്പോള് ഉന്നാവോയിലെ പെണ്കുട്ടികള്ക്ക് വേണ്ടിയോ ഹത്റാസിലെ പെണ്കുട്ടിക്ക് വേണ്ടിയോ നാവ് അനക്കുന്നില്ലെന്ന് മാത്രം.

രാജ്യത്ത് സ്ത്രീകള്ക്കെതിരിയുള്ള അതിക്രമങ്ങള് ദിനം പ്രതി പെരുകുകയാണെന്നാണ് ദേശിയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ കണക്കുകള് വ്യക്തമാക്കുന്നത്. പോയവര്ഷം 405861 കേസുകളാണ് സ്ത്രീകള്ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരില് രജിസ്റ്റര് ചെയ്തത്. 2018 ല് ഇത് 378236 ആയിരുന്നു. അതായത് 2018 ല് 58.8 ശതമാനമായിരുന്നു സ്ത്രീകള്ക്കെതിരെയുള്ള ക്രൈം റേറ്റ് എങ്കിലത് 2019 ല് 62.4 ശതമാനമായി വര്ദ്ധിച്ചു. 2019 ല് രജിസ്റ്റര് ചെയ്ത മൊത്തം കേസുകളില് കൂടുതലും അരങ്ങേറിയത് യുപിയില് ആണ്. 60000 ത്തോളം കേസുകളാണ് ഉത്തര്പ്രദേശില് രജിസ്റ്റര് ചെയ്യപ്പെട്ടത്. 2018 നെ അപേക്ഷിച്ച് 2019 ല് സ്ത്രീകള്ക്കെതിരെയുള്ള കുറ്റകൃത്യം 7.3 ശതമാനമാണ് ഉയര്ന്ന?ത്. 2019 ല് രാജ്യത്ത് പ്രതിദിനം ശരാശരി 87 ബലാത്സംഗം നടക്കുന്നുവെന്ന് കണക്കുകള് പരിശോധിക്കുമ്പോള് മനിസാലാക്കാം. പ്രായപൂര്ത്തിയാകാത്ത പെണ്ടകുട്ടികള്ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളും രാജ്യത്ത് പോയവര്ഷം പെരുകി.  ലൈംഗികാതിക്രമത്തിന് രാജ്യത്ത് പോയവര്ഷം ഇരയായ പണ്കുട്ടികളുടെ എണ്ണം 25934 ആണ്. ഇതില് ഭൂരിഭാഗവും ഉത്തര്പ്രദേശില് തന്നെ. 7444 കേസുകളാണ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഢിപ്പിച്ചകുറ്റത്തിന് ഉത്തര്പ്രദേശില് രജിസ്റ്റര് ചെയ്തത്. 6402 കേസ് രജിസ്റ്റര് ചെയ്ത മഹാരാഷ്ട്രയും 6053 കേസുകള് രജിസ്റ്റര് ചെയ്ത മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ഇവയെല്ലാം പൊലീസ് സ്റ്റേഷനുകളില് രജിസ്റ്റര് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം മാത്രമാണ്. രജിസ്റ്റര് ചെയ്യപ്പെടാതെ പോകുന്ന കേസുകള് ഇതിന്റെ പലമടങ്ങുണ്ടാകും. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് പലയിടത്തും ഭീഷണിപ്പെടുത്തി കേസ് പിന്വലിപ്പിക്കുന്നതും കേസ് കൊടുപ്പിക്കാതിരിക്കുന്നതും നിത്യസംഭവങ്ങളാണ്. ഉന്നാവോയിലും മറ്റും ഇത് നാം കണ്ടതാണ്.  

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്ക്യം സ്ത്രീസുരക്ഷയ്ക്കായി ഉയര്ത്തിയ സര്ക്കാരിന്റെ കാലത്ത് തന്നെയാണ് സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങളും പൊരുകുന്നത്. അതിക്രമങ്ങള് തടയാനാവുന്നില്ല എന്നതിലും ക്രൂരമാണ് കേസ് ഒതുക്കാനും പ്രതിഷേധസ്വരം ഉയര്ത്താതിരിക്കാനും വേണ്ടി ഭരണകൂടങ്ങല് കാണിക്കുന്ന ജാഗ്രത. ഹത്രാസിലെ പെണ്കുട്ടിയുടെ മൃതദേഹം അന്ത്യകര്മങ്ങള് ചെയ്യാന് പോലും ബന്ധുക്കള്ക്ക് വിട്ടുകൊടുക്കാതെ അവരെ വീട്ടില് പൂട്ടിയിട്ട് രാത്രിയുടെ മറവില് കത്തിച്ചുകളഞ്ഞത് ആരെ സംരക്ഷിക്കാനായിരുന്നു?. ആരെ സംരക്ഷിക്കാനാണ് കത്തിച്ച് മണിക്കൂറുകള്ക്ക് ശേഷം പെണ്കുട്ടി പീഢിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഡിജിപി വാര്ത്താസമ്മേളനം നടത്തി പറഞ്ഞത്?. പെണ്കുട്ടിയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് കെട്ടിചമച്ചത് അല്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും?. വീണ്ടും പോസ്റ്റ്മോര്ട്ടം ചെയ്യാന് ശരീരം പോലും ബാക്കിവെക്കാതെ മണ്ണെണ്ണ ഒഴിച്ച് പൊലീസ് തന്നെ കത്തിച്ചത് എന്തിനാണ്.? ഹത്രാസിലെ സംഭവം അവശേഷിപ്പിക്കുന്നത് ഉത്തരങ്ങളേക്കാള് നിരവധി ചോദ്യങ്ങളാണ്.

ഹത്രാസിലെ പെണ്കുട്ടി ദളിത് വിഭാഗത്തില് പെട്ടതും പ്രതികളെല്ലാം ഉന്നതകുലജാതരുമാണ്. ജാതീയത അതിന്റെ ഫണം വിടര്ത്തിയാടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്പദേശ്. മേല്ജാതിക്കാരെ പിണക്കാതെ വോട്ട് ബാങ്ക് സംരക്ഷിച്ച് നിര്ത്തുകയെന്നത് തന്നെയാണ് യോഗി സര്ക്കാരിനെ നയിക്കുന്ന ബിജെപി ലക്ഷ്യം വെക്കുന്നത്. ദളിതര് അധകൃതരായി തുടരേണ്ടവരാണ് എന്ന പൊതുബോധം വളര്ത്തിയെടുക്കാനും ഇത്തരം തെറ്റായ നടപടികള് വഴിവെക്കും. അതുകൊണ്ട് തന്നെയാണ് രാജ്യത്ത് ദളിതര്ക്കെതിരെയുള്ള അതിക്രമം കഴിഞ്ഞവര്ഷം 7.3 ശതമാനം കൂടിയത്. രാജ്യത്ത് ദളിതര്ക്കെതിരെ നടന്ന അതിക്രമങ്ങളുടേ പേരില് രജിസ്റ്റര് ചെയ്യപ്പെട്ട കേസുകളുടെ 26 ശതമാനവും രജിസ്റ്റര് ചെയ്യപ്പെട്ടതും ഇതേ യോഗി ആദിത്യനാഥിന്റെ ഉത്തര്പ്രദേശിലാണ്.

(111020)

Friday, 9 October 2020

ഭക്ഷണം സമാധാനത്തിന്, നോബല് ഭക്ഷണത്തിന്

ലോകത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ദാരിദ്ര്യമാണ്. പട്ടിണിമൂലം മരണമടയുന്നവര്, പോഷകാഹാരം ലഭിക്കാതെ അസുഖങ്ങള് ബാധിച്ച് മരിച്ച് ജീവിക്കുന്നവര്, കിടക്കാന് റോഡരികിലെ കടത്തിണ്ണകളും മേല്പാലങ്ങളുടെ ചുവടുമെല്ലാം തിരഞ്ഞെടുക്കാന് വിധിക്കപ്പെട്ടവര്...


ഇവരില് ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ കരഞ്ഞുകഴിയുന്നവരുടെ അവസ്ഥയാണ് അതിദയനീയം. ലോകം 21 ആം നൂറ്റാണ്ടിലെത്തിയിട്ടും സര്ക്കാരുകള് മാറിമാറി ഭരിച്ചിട്ടും പലരാജ്യങ്ങളിലും പട്ടിണി മാത്രം മാറിയില്ല. ആഗോളവത്ക്കരണത്തിന്റെ കാലത്ത് മാറിയ ലോകക്രമത്തില് സമ്പന്നര് അതിസമ്പന്നരായി വളര്ന്നപ്പോഴും താഴേതട്ടിലെ ദാരിദ്ര്യം കൂടുതല് വര്ദ്ധിക്കുകയായിരുന്നു.

കൊവിഡ് കാലത്ത് ലോക്ഡൌണുകള് വന്നപ്പോള് ഭക്ഷണത്തിന് എന്തുചെയ്യുമെന്നോര്ത്ത് വലഞ്ഞ ആയിരങ്ങളുടെ കഥ നമ്മുടെ സ്വന്തം രാജ്യത്ത് നിന്നും നമ്മള് കേട്ടതാണ്. ഇതിനുപുറമെയാണ് പട്ടിണി മൂലം മരിച്ച ഝാര്ഖണ്ഡിലെ സന്തോഷ്കുമാരിയുടേയും പോഷകാഹാരങ്ങള് ലഭിക്കാതെ മരിച്ച അട്ടപാടിയിലെ കുഞ്ഞുങ്ങളുടേയുമെല്ലാം വാര്ത്തകള്.

അതിനാല് തന്നെ പട്ടിണിയെന്നത് ഇന്നും നമുക്ക് ചുറ്റിലും യാഥാര്ത്ഥ്യമായി തന്നെ അവശേഷിക്കുന്ന ഒന്നാണ്.

പട്ടിണിയെന്നത് വെറും വ്യക്തിപരമായ സാമ്പത്തിക പ്രശ്നം അല്ല. സാമൂഹികവുമായ പ്രശ്നമാണ്. പലരാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലേക്കും ജനം പട്ടിണിയിലേക്കും വീണതിന് പിന്നില് ആ രാജ്യത്തെ സര്ക്കാരുകളുടെ വികലമായ നയങ്ങള് മാത്രമല്ല കാരണം. മറിച്ച് അവിടങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളും ആഭ്യന്തരകലാപങ്ങളും  അധികാരവും കുത്തകവത്ക്കരണവും ലക്ഷ്യമിട്ട് ലോക സാമ്പത്തിക ശക്തികള് നടപ്പാക്കിയ ഇടപെടലുകളും കാരണമാണ്. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള് വിളകള് നശിപ്പിച്ചതും വരള്ച്ചയും പ്രളയവുമെല്ലാം വന്നതും ഉത്പാദനത്തേയും അതിലൂടെ ദാരിദ്ര്യത്തിനും വഴിവെച്ചു.  

അതിനാല് തന്നെ ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഇത് ഇല്ലാതാക്കുക എന്നത് തന്നെയാണ്. അതുകൊണ്ടാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല് സമ്മാനത്തിന്റെ പ്രഖ്യാപനം ലോകം സന്തോഷത്തോടെ നെഞ്ചേറ്റുന്നതും.

പട്ടിണിയെ ഇല്ലാതാക്കുക എന്നതും വലിയ സമാധാനശ്രമം ആണെന്ന നോബല് സമ്മാനദാതാക്കളുടെ കണ്ടെത്തലിനെ എത്ര പ്രകീര്ത്തിച്ചാലും മതിവരില്ല. ലോകത്തെ പട്ടിണിയില് കഴിയുന്നവരുടെ എണ്ണം ഈ


മഹാമാരിക്കാലത്ത് വളരെയധികം വര്ദ്ധിച്ചു. അവരെ പട്ടിണിയുടെ വക്കില് നിന്ന് കരകയറ്റാന് വേള്ഡ് ഫുഡ് പ്രോഗ്രാം നടത്തിയ പ്രവര്ത്തനത്തേക്കാള് വലിയ സമാധാനശ്രമം ലോകത്ത് വേറെ ഇപ്പോള് ഇല്ലെന്നാണ് സമ്മാനം നിര്ണയിക്കുന്ന നോര്വീജിയന് ഏജന്സി നിരീക്ഷിച്ചത്.  

ആഭ്യന്തരകലാപവും യുദ്ധവും കെടുതിവിരിച്ച രാഷ്ട്രങ്ങളില് പട്ടിണിക്കാരുടെ എണ്ണം കൊവിഡ് കൂടി ആയതോടെ വലിയതോതിലാണ്കൂടിയത്. ലോക്ഡൌണ് കാലത്ത് ഉണ്ടായിരുന്ന ചെറിയ ജോലി കൂടി ഇല്ലാതായതോടെ പലരും ഒരു നേരത്തെ അന്നത്തിനുപോലും ഗതിയില്ലാതെ വലഞ്ഞു. കൊവിഡ് വന്നശേഷം ലോകവ്യാപകമായി പട്ടിണിയുടെ വക്കിലെത്തിയവരുടെ എണ്ണം 265 ദശലക്ഷമായി ഉയര്ന്നുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള വേള്ഡ് ഫുഡ് പ്രോഗ്രാമിന്റെ തന്നെ കണക്കുകള് വ്യക്തമാക്കുന്നത്. പോഷകാഹാരകുറവിനെ തുടര്ന്ന് ജീവന് തന്നെ നഷ്ടപ്പെടാവുന്ന തരത്തില് ശരീരം ശോഷിച്ച് കഴിയുന്ന 5 വയസിന് താഴെയുള്ള കുട്ടികളുടെ എണ്ണം 14 ശതമാനം വര്ദ്ധിച്ച് ഈ വര്ഷത്തോടെ 70 ലക്ഷമായി ഉയരുമെന്നാണ് മെഡിക്കല് ജേണലായ ദ ലാന്സെറ്റ് റിപ്പോര്ട്ട് ചെയ്തത്. ലോകത്തെ പട്ടിണികോലങ്ങളില് ഭൂരിഭാഗവും ആഫ്രിക്കയിലും തെക്കന് ഏഷ്യന് രാജ്യങ്ങളിലുമാണ്. കഴിഞ്ഞവര്ഷം 88 രാജ്യങ്ങളിലായി 100 ദശലക്ഷത്തിലേറെ പേര്ക്കാണ് WFP ഭക്ഷണമെത്തിച്ചത്.

1961 ലാണ് വേള്ഡ് ഫുഡ് പ്രോഗ്രാമിന് യു എന് രൂപം നല്കിയത്. ലോകത്ത് പട്ടിണിമൂലം ദശലക്ഷക്കണക്കിന് പേര് മരിക്കുന്നുണ്ടെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ അമേരിക്കന് പ്രസിഡന്റായിരുന്ന ഡി ഡി ഐസന്ഹോവര് WFP എന്ന ആശയം മുന്നോട്ടുവെച്ചത്.80 കളിലെ എത്യോപ്യന് പട്ടിണിക്കാലത്തും 90 കളിലെ യുഗോസ്ലോവ്യന് യുദ്ധകാലത്തും 2004 ലെ സുനാമി കാലത്തുമെല്ലാം WFP നടത്തിയ പ്രവര്ത്തനങ്ങള് ശ്രദ്ധേയമായിരുന്നു. സന്നദ്ധ സംഘടനകളും മറ്റും നല്കുന്ന ഫണ്ട് മാത്രമാണ് WFP ന്റെ മൂലധനം. പലപ്പോഴും നിരാലംബര്ക്ക് ഭക്ഷണമെത്തിക്കാന് പണം അഭ്യര്ത്ഥിച്ചുള്ള WFP ന്റെ വളികള്ക്ക് പലരും ചെവികൊടുക്കാതെയും ഇരുന്നിട്ടുണ്ട്. ഏറ്റവും ഒടുവില് ഈ കൊറോണക്കാലത്ത് ഐക്യരാഷ്ട്ര സഭയ്ക്കും യുഎന്റെ കീഴിലുള്ള മറ്റ് ഏജന്സികള്ക്കും ഫണ്ട് നല്കുന്നത് നിര്ത്തിവെച്ച അമേരിക്കന് പ്രസിഡനറ് ഡൊണാല്ഡ് ട്രംപിന്റെ നടപടിയും WFP നെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നിട്ടും തളരാതെ, തങ്ങളുടെ ഉദ്യമത്തില് നിന്ന് പിന്മാറാതെ ലോകത്തിലെ ദരിദ്രരുടെ പട്ടിണി മാറ്റാനായി ഇറങ്ങിതിരിച്ച WFP നെ സമാധാനത്തിനുള്ള നോബല് സമ്മാനം ലഭിക്കുമ്പോള് അത് മുതലാളിത്തവര്ഗത്തിനറെ കരണത്തേറ്റ അടികൂടിയായി മാറുന്നു.


സംഘര്ഷഭരിതമായ പ്രദേശത്ത് ജിവന് പണയം വെച്ചാണ് പലപ്പോളും WFP ന്റെ വളണ്ടിയര്മാര് ഭക്ഷണമെത്തിക്കുന്നത്. നരവധി വളണ്ടിയര്മാര്ക്ക് ഈ സേവനത്തിനിടെ ജിവന് നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. അവരുടെയെല്ലാം ജിവത്യാഗത്തിനുകൂടി ലഭിച്ച അംഗീകാരമാണ് ഈ സമാധാനത്തിനുള്ള നോബല് സമ്മാനം.

സമാധാനത്തിനുള്ള നോബല് WFP ന് ലഭിച്ചതില് അഹ്ലാദിക്കുമ്പോള് തന്നെ മറ്റ് ചിലത് കൂടി നാം ഓര്ക്കേണ്ടതുണ്ട്. അത് WFP നെതിരെ നിരന്തരം ഉയരുന്ന ആരോപണങ്ങളാണ്. ഭക്ഷണത്തിനായി ഉത്പന്നങ്ങള് വാങ്ങാനായി സംഘടന ആശ്രയിക്കുന്നത് ഗ്ലോബല് മാര്ക്കറ്റുകളയാണ്. അതായത് കുത്തകകളെ തന്നെയെന്ന്. അമേരിക്കയില് നിന്നുള്ള കുത്തക സ്ഥാപനങ്ങള്ക്കാണ് ഉത്പന്നങ്ങള് ലഭ്യമാക്കാനുള്ള കരാര് WFPനല്കിയിരിക്കുന്നത്. ഇത് പലപ്പോഴും തട്ടിപ്പിനും വെട്ടിപ്പിനും


വഴിവെക്കുന്നുണ്ടെന്ന ആക്ഷേപം കുറേക്കാലമായി WFP കേള്ക്കുന്നുണ്ട്. മാത്രവുമല്ല, പലപ്പോഴും ഇത്തരത്തില് ലഭിക്കുന്ന ഭക്ഷണസാധനങ്ങള് ജിവനക്കാര് മറിച്ച് വില്ക്കുകയോ സൌജന്യമായി നല്കേണ്ട ഭക്ഷണം പണം വാങ്ങി വില്ക്കുന്നതായുമെല്ലാം വിവിധ അന്വേഷണ ഏജന്സികളും മാധ്യമപ്രവര്ത്തകരും സാമൂഹിക പ്രവര്ത്തകരും വിവിധ മനനുഷ്യാവകാശ സംഘടനകളുമെല്ലാം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കുത്തകസ്ഥാപനങ്ങളുമായി ഉത്പന്നങ്ങള്ക്ക് കാരറാലേര്പ്പെടാതെ പ്രാദേശിക കര്ഷകരുമായും ചെറുകിട കച്ചവടക്കാരുമായുമെല്ലാം ധാരണയും കരാറുമുണ്ടാക്കുകയാണ് എങ്കില് ആ പ്രദേശത്തെ പട്ടിണിയും സാമ്പത്തിക പിന്നാക്കവസ്ഥയും മാറ്റിയെടുക്കാനാവും. ഇത് WFP ചെയ്യാത്തത് വലിയ വിമര്ശനങ്ങള്ക്കും ഇടയാക്കുന്നുണ്ട്. ഇത്തരം വിമര്ശനങ്ങള്കൂടി ഉള്ക്കൊണ്ട് ക്രായ്ത്മകമായ നടപടികള് കൂടി കൈക്കൊണ്ടിരുന്നേല് ഈ നോബല് സമ്മാനത്തിന് മാറ്റ് ഇനിയും കൂടിയേനെ.

ഏറെ സന്തോഷിപ്പിക്കുമ്പോള് തന്നെ ലോകത്തിന്റെ പട്ടിണി മാറാത്തത് കൊണ്ടാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല് സമ്മാനം WFP ക്ക് ലഭിച്ചതെന്ന് കൂടി ഓര്ക്കുക. അപ്പോള് അത് നമ്മുടെയെല്ലാം ശിരസ് നാണക്കേടില് കുനിയുകയും ചെയ്യും.

Thursday, 8 October 2020

ദ നേഷന് വാണ്ട്സ് ടു നോ...

 

T.R.P

ടെലിവഷന് റേറ്റിങ് പോയന്റ്. ടെലിവിഷന് രംഗത്തെ ഏറ്റവും വിലയേറിയ പദമാണ് ഇത്. ചാനലിന്റെ സ്വീകാര്യത നിശ്ചയിക്കുന്നത് ടി ആര് പി ആണ്. ഇതനുസരിച്ചാണ് പരസ്യവും വരുമാനവുമെല്ലാം വരുന്നത്.


കഴിഞ്ഞ ദിവസങ്ങളില് രാജ്യത്തെ ഏറ്റവും മുതിര്ന്ന ടെലിവിഷന് ജേണലിസ്റ്റുകളും ആങ്കര്മാരുമായ രണട് പേര് ടി ആര് പി യെ ചൊല്ലി നടത്തിയ പരസ്യപോരും മറക്കാറായിട്ടില്ല. റിപ്പബ്ലിക്ക് ടിവിയുടെ മുതലാളിയും എഡിറ്റര് ഇന് ചീഫുമായ അര്ണബ് ഗോസ്വാമിയും ഇന്ത്യാ ടുഡേയുടെ കണ്സള്ട്ടിങ് എഡിറ്ററായ രാജ്ദീപ് സര്ദേശായിയും ആണ് ടി ആര് പിയെ ചൊല്ലി ചാനലിലൂടെ തന്നെ പരസ്യമായി വാക്ക് പോര് നടത്തിയത്. സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി റിപ്പബ്ലിക്ക് ടിവി നടത്തിയ റിപ്പോര്ട്ടിങ് രാജ്യവ്യാപകമായി തന്നെ വിമര്ശനങ്ങള്ക്ക് വിധേയമായിക്കൊണ്ടിരിക്കെയാണ് ആക്ഷേപിക്കലിന്റെ തുടക്കം. റിയ ചക്രവവര്ത്തിയെ കടന്നാക്രമിച്ച് കൊണ്ട് അര്ണബിന്റെ ചാനല് വാര്ത്തകള് എയര് ചെയ്തുകൊണ്ടേയിരുന്നു. ഇതിന് തൊട്ടുപിന്നാലെ റിയ ചക്രവര്ത്തിയുടെ അഭിമുഖം രാജ്ദീപ് സര്ദേശായി ഇന്ത്യാ ടുഡേയില് നല്കി . ഇതോടെ അര്ണബ് രാജ് ദീപിനെതിരെ തിരിഞ്ഞു. അര്ണബ് രാജ് ദീപിനെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. രണ്ടരമാസത്തിന് ശേഷം കഴിഞ്ഞ ദിവസം തന്റെ ഷോക്കിടെ അര്ണാബിനുള്ള മറുപടി രാജ് ദീപ് നല്കി. ടി ആര് പി എന്ന്ത് റേറ്റിങ് പോയന്റ് മാത്രമല്ല, മറിച്ച് ടെലിവിഷന് റെസ്പെക്റ്റ് പോയനറ് കൂടി ആണെന്ന് ഓര്ക്കണമെന്നായിരുന്നു രാജ് ദീപിന്റെ പ്രതികരണം.

റിപ്പബ്ലിക്ക് ടിവി ആരംഭിച്ചത് മുതല് ടിആര്പി റേറ്റിങ്ങില് രാജ്യത്ത്
ഒന്നാ സ്ഥാനത്താണ്. പലപ്പോഴും പലരുടേയും നെറ്റി ചുളിപ്പിക്കുന്നതായിരുന്നു റേറ്റിങിലെ രിപ്പബ്ലിക്കിന്റെ കുതിച്ച് കയറ്റം. അര്ണാബിന്റെ അട്ടഹാസവും നാടകീയതയുമെല്ലാം ജനത്തെ പിടിച്ചിരുത്തുന്നുവെന്ന് ഒരു വിഭാഗം വാദിച്ചപ്പോളും ടിആര്പി യില് കൃത്രിമത്വം നടക്കുന്നില്ലേയെന്ന് സംശയിച്ചവരും കുറവല്ല. അന്തമായി തന്നെ സംഘപരിവാറിനേയും ബിജെപിയേയും പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കിന് ബിജെപി പ്രവര്ത്തകരുടെ പിന്തുണ ലഭിക്കുന്നതാണ് റേറ്റിങ് കൂട്ടാന് കാരണമെന്നും വാദമുയര്ന്നു. അതിഥികളെ സംസാരിക്കാനനുവദിക്കാതെ പരസ്യമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തുകൊണ്ടുള്ള അര്ണാബിന്റെ ചര്ച്ചയും വാര്ത്തകളും പലകുറി കോടതി കയറുകയും ചെയ്തു. അഗ്രസീവ് മാധ്യമപ്രവര്ത്തനമാണ് അര്ണബിന്റേതെന്ന് പിന്തുണയ്ക്കുന്നവര് അവകാശപ്പെടുന്നത്. എന്നാല് അര്ണബിന്റേത് അധാര്മികമാധ്യമപ്രവര്ത്തനമാണെന്നും സര്ക്കാരിന്റെ പി ആര് പണിയാണെന്നുമുള്ള വിമര്ശനവും അര്ണബിനെതിരെ ഉയര്ന്നു.

അങ്ങനെ അര്ണബിനെ ചുറ്റിപറ്റി മാധ്യമപ്രവര്ത്തനത്തിന്റെ ധാര്മികതയും അധാര്മികതയും ചര്ച്ച കൊടുപിരികൊണ്ടിരിക്കുന്നതിനിടെയാണ് മുംബൈ പൊലീസ് കമ്മീഷണറുടെ വാര്ത്തസമ്മേളനം ഇടിത്തീയായി വന്നത്. രാജ്യത്തെ ടി ആര് പി റേറ്റങില് കൃത്രിമത്വം നടക്കുന്നുണ്ടെന്ന്. അതില് റിപ്പബ്ലിക്ക് ടിവിയും ഉണ്ടെന്ന് മുംബൈ പോലീസ് കമ്മീഷണര് പരംവീര് സിങ് വാര്ത്താസമ്മേളനം നടത്തി പറഞ്ഞത്. ടിആര്പി റേറ്റിങില് മുന്നിലെത്താന് ബാര്ക് മാനദണ്ഡങ്ങളില് ഉള്പ്പടെ കൃത്രിമത്വം നടത്തിയെന്നാണ് മുംബൈ പൊലീസ് കണ്ടെത്തിയത്. റിപ്പബ്ലിക്ക് ടിവിക്ക് പുറമെ രണ്ട് മറാത്തി ചാനലുകളും മഹാരാഷ്ട്രയില് വെട്ടിപ്പ്


നടത്തിയിട്ടുണ്ട്. ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നീ പ്രാദേശിക ചാനലുകള്. ഈ രണ്ട് ചാനലുകളുടേയും ഉടമകളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. അര്ണബ് ഗോസാമിക്ക് ഹാജരാകാന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായും പൊലീസ് അറിയിച്ചു.

എങ്ങനെയാണ് ടി ആര് പി റേറ്റിങ് അളക്കുന്നത് എന്ന്  പരിശോധിക്കാം.

ടെലിവിഷന് ചാനലുകളുടെ ടി ആര് പി റേറ്റിങ് വിവരങ്ങള് നലകുന്നത് ബ്രോഡ്കാസ്റ്റ് ഓഡിയന്സ് റിസര്ച്ച് കൌണ്സില് അഥവാ ബാര്ക് ആണ്. റാന്ഡം ആയി വീടുകളില് ബാരോമീറ്ററുകള് എന്ന റീഡിങ് മീറ്ററുകള് സ്ഥാപിച്ചാണ് ഇവര് ആളുകള് ചാനലുകള് കാണുന്നത് അളക്കുന്നത്. ഈ വീടുകള് സംബന്ധിച്ചുള്ള വിവരങ്ങള് അതീവരഹസ്യമായാണ് സൂക്ഷിക്കുന്നത്. പ്രേക്ഷകന് എത്രസമയം ടിവി കാണുന്നു, ഏത് ചാനല് കാണുന്നു, ഏതൊക്കെ സമയം അത് കാണുന്നു, തുടര്ച്ചയായി എത്രമണിക്കൂര് കാണുന്നുതുടങ്ങിയവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് റീഡിങ് രേഖപ്പെടുത്തുക. എന്നിട്ട് എല്ലാ വ്യാഴാഴ്ച്ചയും ബാര്ക് ടിആര്പി റേറ്റിങ് പ്രസിദ്ധീകരിക്കും.

എന്തിനാണ് ടി ആര് പി റേറ്റിങ് ഉപയോഗിക്കുന്നത്

ടി ആര് പി റേറ്റിങാണ് ചാനലിന്റെ റീച്ച് അഥവാ ജനങ്ങള്ക്കിടയിലെ സ്വാധീനം വ്യക്തമാക്കുന്ന അടിസ്ഥാന രേഖ. അതായത് പത്രത്തിന് സര്ക്കുലേഷന് എന്നത് എന്താണോ അതാണ് ചാനലുകള്ക്ക് ടി ആര് പി റേറ്റിങ്.  ഇതിന്റെ അടിസ്ഥാനത്തിലാണ് ചാനലിന്റെ പരസ്യത്തിന് സെക്കന്റുകള്ക്ക് തുക ഈടാക്കുക. കൂടുതല് റേറ്റിങ് ഉള്ള ചാനലുകള്ക്ക് കൂടുതല് പരസ്യവും കൂടുതല് വരുമാനവും ലഭിക്കും. പരസ്യദാതാക്കള്ക്കും കൂടുതല് പേരിലേക്ക് തങ്ങളുടെ ഉത്പന്നത്തിന്റെ പരസ്യം എത്തിക്കാന് കൂടുതല് റീച്ചുള്ള ചാനലുകളെ ആണ് ആശ്രയിക്കുക. അതുകൊണ്ട് തന്നെ ടി ആര് പി റേറ്റിങ് ഉയര്ത്തുകയെന്നത് തന്നെയാണ് ചാനലുകള് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ഇത് തന്നെയാണ് അനാരോഗ്യകരമായ മത്സരത്തിലേക്കും സെന്സേഷണലിസത്തിലേക്കും നയിക്കുന്നതും.

 മുംബൈയില് മാത്രം 2000 ത്തിലേറെ വീടുകളിലാണ് ബാരോമീറ്റര് സ്ഥാപിച്ചിരിക്കുന്നത്. ഈ വീടുകള് കണ്ടെത്തി വീട്ടുകാരെ പണം നല്കി സ്വാധീനിച്ച് തുടര്ച്ചയായി ചാനല് വെപ്പിച്ച് റേറ്റിങ് കൃത്രിമമായി കൂട്ടിയെന്നാണ് മുംബൈ പൊലീസ് കണ്ടെത്തിയത്. ഈ വീടുകളില് ബാരോമീറ്റര് സ്ഥാപിച്ച ബാര്ക്കിലെ മുന് ജീവനക്കാര് വഴിയാണ് സ്വാധീനം ചെലുത്തിയതെന്നാണ് കണ്ടെത്തല്. ഇതരത്തില് വെട്ടിപ്പ് നടത്തിയാണ് റിപ്പബ്ലിക്ക് ടിവി റേറ്റിങില് ഒന്നാമത് നില്ക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.

ബാര്ക്കിന് മുമ്പ് ടാം റേറ്റിങ്ങായിരുന്നു ചാനലുകളുടെ റീച്ച് അളക്കാനായി ഉപയോഗിച്ചിരുന്നത്. എന്നാല് ടാമിലും സമാനമായ തട്ടിപ്പ് വ്യാപകമായി നടക്കുന്നതായി കണ്ടെത്തിയതിനെ തുടര്ന്നാണ് ടാമിനെ നിരോധിച്ച് ബ്രോഡ്കാസ്റ്റ് മിനിസ്റ്ററി ബാര്ക്ക് കൊണ്ടുവന്നത്. ഇപ്പോള് ബാര്ക്കും സുരക്ഷതമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള് സൂചിപ്പിക്കുന്നത്.

ഏതായാലും ചാനലുകളുടെ അക്കൌണ്ട് വിവരങ്ങള് ഉള്പ്പടെ വിശദമായി പരിശോധിച്ച് തട്ടിപ്പ് പൂര്ണമായും പുറത്ത് കൊണ്ടുവരാനാണ് മുംബൈ സിറ്റി പൊലീസിന്റെ തീരുമാനം. അറസ്റ്റിലായ രണ്ട് പേരില് നിന്നായി ലക്ഷക്കണക്കിന് രൂപയും രേഖകളും പൊലീസ് പിടിച്ചെടുത്തുകഴിഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും ആവശ്യപ്പെടുന്ന രേഖകള് അന്വേഷണസംഘത്തിന് കൈമാറുമെന്നും ബാര്ക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. അതേസമയം റിപ്പബ്ലിക്ക് ടിവി എഡിറ്റര് അര്ണബ് ഗോസ്വാമിയാകട്ടെ കമ്മീഷണര്ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയാണ് ചെയ്തത്. സുശാന്ത് സിങ് മരണവുമായി ബന്ധപ്പെട്ട കേസില് കമ്മീഷണറുടെ തെറ്റായ അന്വേഷണത്തെ തങ്ങള് തുറന്ന് കാട്ടിയതിന്റെ പ്രതികാരനടപടിയാണ് ഇതെന്നാണ് അര്ണബ് പ്രസ്താവന ഇറക്കിയത്. മാപ്പ് പറഞ്ഞില്ലെങ്കില് ക്രിമിനല് മാനനഷ്ടക്കേസ് നല്കുമെന്നുമാണ് അര്ണബിന്റെ ഭീഷണി. അന്വേഷണത്തോട് സഹകരിക്കില്ലെന്ന് പരസ്യമായി തന്നെ നിലപാട് എടുത്തിരിക്കുകയാണ് അര്ണബ് ഗോസ്വാമി.

എന്തായാലും മറ്റ് ദേശിയ മാധ്യമങ്ങളെല്ലാം മുംബൈ പൊലീസിന്റെ നടപടിയെ സ്വാഗതം ചെയ്തുകഴിഞ്ഞു. ടി ആര് പി തട്ടിപ്പിന്റെ വസ്തുത പുറത്ത് വരേണ്ടതുണ്ട്.

അര്ണബിന്റെ തന്നെ പ്രയോഗം കടമെടുത്ത് പറഞ്ഞാല്

ദ നേഷന് വാണ്ട്സ് ടു നോ

 

Wednesday, 7 October 2020

ബിഗ് സെയിലുകള് വീണ്ടും വരുമ്പോള്


ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയിപ്പോള് നാട്ടിന്പുറത്തെ ചന്തകളോ ഷോപ്പിങ് കോംപ്ലക്സുകളിലെ കടകളോ അല്ല. എന്തിന് ബ്രാന്ഡുകളുടെ എക്സ്ക്ലൂസിവ് ഷോറൂമുകള് പോലുമല്ല. മറിച്ച് ആമസോണും ഫ്ലിപ്പ്കാര്ട്ടും മിന്ത്രയും സ്നാപ്ഡീലുമെല്ലാം വാഴുന്ന ഓണ് ലൈന് വിപണിയാണ്. ഓരോ ഇ കൊമേഴ്സ് സ്ഥാപനങ്ങളും പ്രതിദിനം കൊയ്യുന്നത് കോടികളാണ്. ഓണ് ലൈന് വിപണി കൊഴുക്കുമ്പോള് പക്ഷെ നമ്മുടെ സാധാരണ കച്ചവടക്കാരാണ് പ്രതിസന്ധിയിലാവുന്നത്.

ദീപാവലി കാലമാണ് ഇന്ത്യയിലെ എക്കാലത്തേയും വലിയ വിപണി. കേരളത്തില് അത് ഓണകാലമാകുമ്പോള് ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ദീപാവലിക്കാണ് വലിയ കച്ചവടം നടക്കുന്നത്. ദീപാവലിയാകുമ്പോള് ഗിഫ്റ്റുകള് നല്കുന്നതും വീട്ടിലെ പഴയ സാധനങ്ങള് മാറ്റിവാങ്ങുന്നതുമെല്ലാം ഇന്ത്യക്കാരുടെ ശീലമാണ്. ചിലര്ക്കത് ജീവിതത്തിന്റേയും അനുഷ്ടാനത്തിന്റേയും ഭാഗവുമാണ്. ആഘോഷക്കാലത്ത് വലിയ തോതിലുള്ള കച്ചവടാണ് കടകളിലെല്ലാം നടക്കുന്നത്. സ്ഥാപനങ്ങള് മികച്ച ഓഫറുകളും ആ സമയത്ത് പ്രഖ്യാപിക്കാറുണ്ട്.

എന്നാല് ഓണ് ലൈന് വിപണി കളം പിടിച്ചതോടെ കാര്യങ്ങളെല്ലാം മാറിതുടങ്ങി. ദീപാവലിക്ക് പുറമെ സ്വാതന്ത്ര്യദിനത്തിനും റിപ്പബ്ലിക്ക് ദിനത്തിനും ന്യൂ ഇയറിനുമെല്ലാം ഓഫറുകളും ബിഗ് സെയിലുമെല്ലാം സംഘടിപ്പിക്കുകയാണ് വന്കിട ഇ കൊമേഴ്സ് സ്ഥാപനങ്ങളെല്ലാം. അതോടെ പ്രതിസന്ധിയിലായത് ചെറുകിടക്കാരാണ്. ആളുകള് കടയില് പോയി സാധനങ്ങള് വാങ്ങുന്നതിന് പകരം ഓണ് ലൈനായി സാധനങ്ങള് വാങ്ങാന് തുടങ്ങി. കടയില് പോയി തിരയേണ്ട എന്നത് മാത്രമല്ല, കടയില് നിന്ന് ലഭിക്കുന്നതിനേക്കാള് കുറഞ്ഞവിലയ്ക്ക് സാധനങ്ങള് ലഭിക്കുമെന്നതും ആളുകളുടെ വാങ്ങല് പ്രക്രിയയില് മാറ്റം വരുത്താന് കാരണമായി. ആമസോണിന്റേ ദിപാവലി ആദായ വില്പന ഈ മാസം 17 നും ഫ്ലിപ്കാര്ട്ടിന്റേത് 16 നുമാണ് ആരംഭിക്കുന്നത്.

ഇത്തവണത്തെ ദീപവലി ഇങ്ങെത്തിക്കഴിഞ്ഞു. ആമസോണും ഫ്ലിപ്പ്കാര്ട്ടുമെല്ലാം ഗ്രേറ്റ് ഇന്ത്യന് സെയിലും ബിഗ് ബില്ല്യണ് ഡെയ്സുമെല്ലാം പ്രഖ്യാപിച്ചുകഴിഞ്ഞു. 10 ശതമാനം മുതല് 80 ശതമാനം വരെയാണ് ഉപ്പ് തൊട്ട് കര്പ്പൂരം വരെയുള്ള എല്ലാസാധനങ്ങള്ക്കും ഓണ് ലൈന് വല്പന രംഗത്തെ ഭീമന്മാര് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കോവിഡ് കാലത്ത് പുറത്തിറങ്ങി സാധനങ്ങള് വാങ്ങാന ഭയക്കുന്ന സാധാരണക്കാരന്പോലും ഇത്തവണ ഇരുവരേയും ആശ്രയിക്കുമെന്നുറപ്പ്. പ്രത്യേകിച്ച് കോവിഡ് സാധാരണക്കാരന്റെ  വരുമാനത്തെ തന്നെ തകിടം മറിച്ച കാലത്ത് വന് വിലക്കിഴിവ് എന്നത് അത്ര ചെറിയസംഭവമല്ലാലോ.

 

ഇത് തന്നെയാണ് സാധാരണ കച്ചവടക്കാരെ ഏറെ ആശങ്കിയിലാഴ്ത്തുന്നതും. ലോക്ഡൌണിനെ തുടര്ന്ന് മാസങ്ങളോളം നിന്നുപോയ കച്ചവടം ഈ ദീപാവലിക്കാലത്തെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയിലായിരുന്നു കച്ചവടക്കാര്. അത് കൊണ്ടുതന്നെ ഈ വന്കിട ഓണ് ലൈന് വില്പനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇത്തവണ രാജ്യത്തെ വ്യാപാരികളുടെ സംഘടന. ആമസോണിനേയും ഫ്ലിപ്പ്കാര്ട്ടിനേയും നിയന്ത്രിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഒന്നുകില് ഇരുവരുടേയും കച്ചവടത്തെ നിയന്ത്രിക്കണം അല്ലെങ്കില് കേന്ദ്രം പ്രത്യേക സംഘത്തെ വെച്ച് ഇരുവരുടേയും കച്ചവടത്തെ നിരീക്ഷിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട്കൊണ്ട് കേന്ദ്ര ധനകാര്യമന്ത്രിക്ക് വ്യാപാരികളുടെ സംഘടനയായ കോണ്ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് കത്തയച്ചുകഴിഞ്ഞു. കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമായും  രണ്ട് കാരണങ്ങളാണ് കോണ്ഫെഡറേഷന് കത്തില് ചൂണ്ടികാണിച്ചിരിക്കുന്നത്. ഒന്ന് നികുതി നഷ്ടം ഉണ്ടാക്കുന്നുവെന്നും മറ്റൊന്ന് വിദേശ നിക്ഷേപചട്ടത്തിലെ വ്യവസ്ഥയുടെ ലംഘനം നടക്കുന്നുവെന്നുമാണ് അവ

ഈ ഓണ് ലൈന് കച്ചവടക്കാര് ബിഗ് സെയില് നടത്തുന്നതിലൂടെ വന് തോതില് നികുതിയിനത്തില് നഷ്ടം വരുത്തുന്നുവെന്നാണ് മുഖ്യമായും ഇവര് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അത് എങ്ങനെയാണെന്നും കൃത്യമായി കോണ്ഫെഡറേഷന് കത്തില് പറയുന്നുണ്ട്.

വിലകുറച്ച് വില്ക്കുന്നതിലൂടെ രാജ്യത്തിന് ജിഎസ്ടി ഇനത്തില് ലഭിക്കേണ്ട തുകയില് ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. ഉത്പന്നം വില്ക്കുന്നവിലയുടെ നിശ്ചിതശതമാനമാണ് ജിഎസ്ടിയായി ചുമത്തുന്നത്. ഒരു ഉത്പന്നത്തിന്റെ യഥാര്ത്ഥ വില 100 രൂപയാണെങ്കില് അതിന്റെ ജിഎസ്ടി 12 ശതമാനമാണ്. ആ ഉത്പന്നം കടയിലൂടെ വിറ്റഴിക്കുമ്പോള് സര്ക്കാരിന് 12 രൂപയാണ് ജിഎസ്ടി ഇനത്തില് ലഭിക്കുക. പക്ഷെ ഈ ഉത്പന്നത്തിന് 80 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ച് ഓണ് ലൈന് കച്ചവടക്കാര് വില്ക്കുമ്പോള് സര്ക്കാരിന് നികുതി ഇനത്തില് ലഭിക്കുന്നത് വെറും 2.40 രൂപമാത്രമാണ്. അതായത് ഏകദേശം 10 രൂപയുടെ അടുത്ത് നികുതി ഇനത്തില് കുറവ് സംഭവിക്കും. അത്തരത്തിലുള്ള  വലിയ നഷ്ടം സംഭവിക്കുന്നത് ഒഴിവാക്കണമെന്നാണ് കോണ്ഫെഡറേഷന് സര്ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ ജിഎസ്ടി നടപ്പാക്കുന്നതിന് മുമ്പ് വില്പന നികുതി കുറഞ്ഞ സംസ്ഥാനങ്ങളില് കമ്പനി ഗോഡൌണ് സ്ഥാപിച്ചുകൊണ്ട് വിലകുറച്ച് വില്പന നടത്തുന്നതായിരുന്നു ഓണ് ലൈന് സ്ഥാപനങ്ങളുടെ തന്ത്രം. എന്നാലിത് ജിഎസ്ടി വന്നതോടെ പുതിയ തരത്തിലേക്ക് മാറിയെന്നാണ് ആക്ഷേപം.

രണ്ടാമതായി കോണ്ഫെഡറേഷന് ആരോപിക്കുന്നത് ഇത്തരം സ്ഥാപനങ്ങള് വിദേശ നിക്ഷേപത്തോടെ പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇവ വിദേശ നിക്ഷേപ ചട്ടം പാലിക്കാന് ബാധ്യസ്ഥരുമാണ്.

വിദേശ നിക്ഷേപ ചട്ടപ്രകാരം ഇവരാരും ഉപഭോക്താക്കളുമായി നേരിട്ട് കച്ചവടം നടത്താന് പാടില്ലെന്നാണ്. ബിസിനസ് സ്ഥാപനങ്ങളുമായി മാത്രമേ ഇടപാട് നടത്താനാവൂവെന്നാണ്. എന്നാല് ഇതിന് വിരുദ്ധമായി ഫ്ലിപ്പ് കാര്ട്ടും ആമസോണും ഉപഭോക്താക്കളുമായി നേരിട്ട് ഡീല് നടത്തുന്നുണ്ടെന്നാണ് കോണ്ഫെഡറേഷന് ആരോപിക്കുന്നത്. അതാനാലാണ് ഇത്തരത്തില് വലിയ തോതില് ഇളവുകള് നല്കാന് സാധിക്കുന്നതെന്നാണ് ഇവരുടെ വാദം.

ആഘോഷവേളകളിലെ ഇത്തരം വില്പനമാമാങ്കങ്ങളെ സര്ക്കാര് നിരോധിക്കണം. അല്ലെങ്കില് പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ച് ഇവരുടെ ജിഎസ്ടി യിലെ വ്യത്യാസം സംബന്ധിച്ച് പരിശോധിച്ച് നടപടി എടുക്കണമെന്നും കോണ്ഫെഡറേഷന് ആവശ്യപ്പെടുന്നുണ്ട്.  

ഓണ് ലൈന് വിപണിയില് ചതിക്കുഴികള് ഏറെയുണ്ട്. നാട്ടിന്പുറത്തെ ചെറുകിട കച്ചവടക്കാര്ക്കും ഇ കൊമേഴ്സ് രംഗത്തെ വമ്പന്മാര് തീര്ക്കുന്ന പ്രതിസന്ധി ചെറുതല്ല. ചെറിയതോതില് മൊബൈല് ഫോണ് വിറ്റ് ജീവിച്ചിരുന്ന പല കച്ചവടക്കാരുടേയും കച്ചവടം പൂട്ടിപോയത് ഇ കൊമേഴ്സ് രംഗം തളിര്ത്തതോടെയാണ്. വില്പന മേഖലയിലെ മത്സരം ഉപഭോക്താക്കളെ സംബന്ധിച്ച് അനുഗ്രഹമാണ്. കാരണം വാങ്ങുന്നവന് വില കുറവില് അവനാഗ്രഹിക്കുന്ന സാധനം വീട്ട് പടിക്കലെത്തുമെന്നത് തന്നെ. പക്ഷെ അതിലൂടെ സര്ക്കാരിന് വന് സാമ്പത്തിക ബാധ്യത വരുന്നുണ്ട് എങ്കില് അത് പരിശോധിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും വേണം. കാരണം രാജ്യത്തിന്റെ വികസനത്തിന് വിനിയോഗിക്കപ്പെടേണ്ട പണമാണ് അത്തരത്തില് നഷ്ടമാവുന്നത്.

(071020)