Monday, 12 October 2020

അവകാശം നിഷേധിക്കുന്ന സവര്ണമേധാവിത്വം


കഴിഞ്ഞ ദിവസങ്ങളില് നിരവധി രാഷ്ട്രീയദൃശ്യങ്ങള്ക്കാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. മൃഗീയ പീഢനത്തിനിരയായി കൊല്ലപ്പെട്ട പെണ്കുട്ടിയുടെ ഹാഥ്രാസിലെ വീട് തന്നെയായിരുന്നു പ്രധാനമായും വാര്ത്താകേന്ദ്രം. ആ .ഗ്രാമത്തിലേക്ക് ആരെയും കടത്തിവിടാതെ യോഗി ആദിത്യനാഥ് സര്ക്കാര് വീട്ടുകാരെ തടവിലിട്ടു. ജില്ലാ മജിസ്ട്രേറ്റടക്കമുള്ളവര് നേരിട്ട് വന്ന് പെണ്കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തി. അവരെ ആശ്വസിപ്പിക്കാനായി അവരുടെ വീട്ടിലേക്ക് പോകാനിറങ്ങിയ മറ്റ് രാഷ്ട്രീയപാര്ട്ടിയിലെ ദേശിയ നേതാക്കളെയെല്ലാം പൊലീസിനെ വിട്ട് തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. എന്താണ് ആ ദളിത് കുടുംബം ചെയ്ത തെറ്റ്. അവരുടെ മകള് മൃഗിയമായി പീഢിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെട്ടത് അവരുടെ തെറ്റാണോ. മകളുടെ മൃതശരീരം അവസാനമായി ഒന്നുകണ്ട് അന്ത്യകര്മങ്ങള് ചെയ്യാന് പോലും അവസരം നിഷേധിക്കപ്പെട്ടത് അവരുടെ തെറ്റാണോ. കീഴ്ജാതിയായ വാത്മീകിയില് പിറന്നതുകൊണ്ട് മാത്രമാണ് അവര്ക്ക് നീതി നിഷേധിക്കപ്പെട്ടത്. കാരണം അവരുടെ മകളെ പീഢിപ്പിച്ച് കൊന്നത് മേല്ജാതിക്കാരായ താക്കൂറുമാരാണ്.

ഇന്ത്യയില്, പ്രത്യേകിച്ചും ഉത്തര്പ്രദേശില് സ്ത്രീകള്ക്കെതിരെയുള്ള പീഡനവും കൊലപാതകവുമെല്ലാം പെരുകുന്നുവെന്നത് വസ്തുതയാണ്. കേന്ദ്രസര്ക്കാരിന് കീഴിലുള്ള ദേശിയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോ തന്നെ ഇക്കാര്യം കണക്കുകള് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഉത്തര്പ്രദേശിലെ ക്രമസമാധാനനില എത്രമാത്രം തകര്ന്നതാണെന്ന് കണക്കുകള് ചൂണ്ടിക്കാട്ടുന്നുണ്ട്. പക്ഷെ ഇവിടെ ക്രമസമാധാനനില തകര്ന്നത് എങ്ങനെയാണെന്ന പ്രധാനചോദ്യം അവശേഷിക്കുകയാണ്. യോഗി ആദിത്യനാഥ് അധികാരത്തിലേറിയതുമുതല് പൊലീസിന് തോന്നും പടി എന്തുചെയ്യാനുള്ള അധികാരം നല്കിയിട്ടുണ്ട് യോഗി. യോഗി ആദ്യം തന്നെ ചെയ്തത് തന്റെ പേരിലുള്ള ക്രിമിനല് കേസുകളെല്ലാം പിന്വലിക്കുക എന്നതായിരുന്നു. മറ്റെവിടെയും കേട്ട് കേള് വിയില്ലാത്ത സംഭവം. യോഗി ഭരണത്തിന് കീഴില് മേല്ജാതിക്കാര് കീഴ്ജാതിക്കാരെ ആക്രമിക്കുന്ന സംഭവങ്ങള് പെരുകി. മേല്ജാതിക്കാരാണ് പ്രതികളെങ്കില് ഇരകള്ക്ക് നീതി ലഭിക്കില്ലെന്ന സാഹചര്യം ഉടലെടുത്തു. ഹാഥ്രാസിലെ പെണ്കുട്ടിക്കും നീതി ലഭിക്കില്ലെന്ന സ്ഥിതിവിശേഷം തന്നെയാണ് യുപിയിലേത്. പീഢനത്തിനിരയായ പെണ്കുട്ടിയെ കൃത്യമായ ഫോറന്സിക്ക് പരിശോധനയ്ക്ക് വിധേയമാക്കിയത് 96 മണിക്കൂറുകള് കഴിഞ്ഞശേഷമാണ്. എന്നിട്ട് ബലാത്സംഗം നടന്നതിന് തെളിവായി ബീജം കണ്ടെത്താനായിട്ടില്ലെന്ന് ഫോറന്സിക്ക് റിപ്പോര്ട്ട് ഉണ്ടെന്ന് പരസ്യമായി പറഞ്ഞത് സംസ്ഥാന പൊലീസ് മേധാവിയാണ്. ഇന്ത്യയിലെ നിലവിലെ നിയമമനുസരിച്ച് പീഢനകേസില് പെണ്കുട്ടികൊടുക്കുന്ന മൊഴിയേക്കാള് വലുതായി മറ്റൊന്നില്ല. പെണ്കുട്ടി മജിസ്ട്രേറ്റിന് കൊടുത്ത അവസാന മൊഴിയില്  പോലും താന് പീഡിപ്പിക്കപ്പെട്ടതായി വ്യക്തമക്കിയിട്ടുണ്ട്. പൊലീസിന് പീഡനം സംബന്ധിച്ച് പരാതി നല്കിയപ്പോള് അത് സ്വീകരിക്കാന് ഹാഥ്രാസിലെ പൊലീസ് തയ്യാറായില്ല. ഇതെല്ലാം മറച്ച് വെച്ചാണ് ഏറെ നാള് കഴിഞ്ഞ് നടത്തിയ പരിശോധനയില് ബീജം കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞ് കേസ് നിസാരവത്ക്കരിക്കാനുള്ള ശ്രമം ഉത്തര്പ്രദേശ് പൊലിസ് കാട്ടുന്നത്. ഈ സാഹചര്യത്തിലാണ് പ്രിയങ്കയും രാഹുലുമെല്ലാം ഹാഥ്രാസിലെക്ക് പുറപ്പെടുന്നത്. ആദ്യ ദിവസം ഡല്ഹി യുപി അതിര്ത്തിയില് എക്സ്പ്രസ് ഹൈവേയില് വെച്ച് തന്നെ നേതാക്കളെ പൊലീസ് തടയുന്നു. പൊലീസ് കയ്യേറ്റം ചെയ്യുന്നു. രാഹുല് മറിഞ്ഞുവീഴുന്നു. ഇതെല്ലാം ലോകം തത്സമയം കാണുകയും ചെയ്യുന്നു. ലോക്സഭ എംപി ഡെറക്ക് ഒബ്രയാന് അടക്കമുള്ളവരും സമാനമായ രീതിയില് പലയിടങ്ങളിലായി കയ്യേറ്റം ചെയ്യപ്പെടുന്നു. പിറ്റേദിവസം വീണ്ടും പ്രിയങ്കയും രാഹുലും അടക്കം 5 പേര്ക്ക് ഹാഥ്രാസിലെക്ക് പോകാന് അനുമതി ലഭിക്കുകയും അവര് പോവുകയും ചെയ്യുന്നു. പോകും വഴിയിലും പൊലീസ് പ്രവര്ത്തകരെ കയ്യേറ്റം ചെയ്യുകയും തടയാന് ശ്രമിക്കുന്ന പ്രിയങ്ക ഗാന്ധിയെ കയറി പിടിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്യുന്നു. രാജ്യത്ത് ഇസഡ് പ്ലസ് സുരക്ഷയുള്ള വ്യക്തികളിലൊരാളാണ് പ്രിയങ്ക ഗാന്ധിയെന്നോര്ക്കുക. ഹാഥ്രാസിലെത്തിയ പ്രിയങ്കയും രാഹുലും ഇരയുടെ മാതാപിതാക്കളെ കാണുന്നു, സംസാരിക്കുന്നു. അവരെ ആശ്വസിപ്പിക്കുന്നു. ആ ചിത്രങ്ങള് വരും ദിവസങ്ങളില് യോഗിയേയും ബിജെപിയേയും കൂടുതല് കൂടുതല് മുറിവേല്പ്പിച്ചുകൊണ്ടേയിരിക്കുമെന്നുറപ്പ്. ആ മുറിവിന്റെ നീറ്റല് ആരംഭിച്ചിരിക്കുന്നുവെന്നത് തന്നെയാണ് യോഗിയുടെ പിന്നാലെ വരുന്ന പ്രസ്താവനകളെല്ലാം തെളിയിക്കുന്നത്. പുറമേ നിന്ന് വന്നവര് സംസ്ഥാനത്ത് ജാതി കലാപം ഉണ്ടാക്കാന് ശ്രമിക്കുന്നുവെന്നാണ് യോഗിയുടെ ആക്ഷേപം. എന്നാലെന്താണ് വാസ്തവമെന്ന് ജനത്തിന് ഇപ്പോള് അറിയാം. ഇരയുടെ ശരീരം ബന്ധുക്കളെ ബന്ദികളാക്കിയശേഷം മണ്ണെണ്ണയൊഴിച്ച് പെലീസ് തന്നെ കത്തിക്കുക, മാധ്യമങ്ങളെ ഹാഥ്രാസ് ഗ്രാമത്തില് തന്നെ പ്രവേശിക്കുന്നതില് നിന്ന് വിലക്കുക, ഇതിനായി ആയിരത്തിലേറെ പൊലീസിനെ വിന്ന്യസിക്കുക, രാഷ്ട്രീയക്കാരെ കയ്യേറ്റം ചെയ്ത് തടയുക. ഇരയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുക, അവരുടെ ഫോണുകള് ടാപ്പ് ചെയ്യുക, ഇര പീഢനത്തിനിരയായില്ലെന്ന് വിളിച്ച് പറയുക, നിയമവിരുദ്ധമായി ഇരയുടെ ദൃശ്യങ്ങളും ഐഡന്റിറ്റിയും പരസ്യപ്പെടുത്തുക, പ്രതികളായ താക്കൂറുമാരെ പ്രതിരോധിക്കുന്ന തരത്തില് പ്രസ്താവനകള് നടത്തുക... ഇതെല്ലാം യോഗി സര്ക്കാരില് നിന്ന് ഉണ്ടായനടപടികളാണ്.


എല്ലാകാലത്തും ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കാണ് താക്കൂറുമാര്. ദളിതുകളുടെ പിന്തുണ അത്രകണ്ട് ബിജെപിക്ക് ഒപ്പമായിരുന്നില്ല. പക്ഷെ കഴിഞ്ഞതിരഞ്ഞെടുപ്പില് ദളിതുകള് ഏറെക്കുറെ ബിജെപി അനുകൂല നിലപാടാണ് എടുത്തത്. പക്ഷെ ഇതൊന്നും ജാതിവ്യവസ്ഥയെ പിന്തുണക്കുന്ന ബിജെപിക്ക് ദളിതര്ക്കെതിരെ മേല്ജാതിക്കാര് നടത്തുന്ന അതിക്രമങ്ങളെ തടയാന് പ്രേരിപ്പിക്കുന്നതല്ല.   ചാതുര് വര്ണ്യവ്യവസ്ഥയെ പിന്തുണയ്ക്കുന്ന ബിജെപിയും ആര്എസ്എസും സ്വാഭാവികമായും ദളിതര്ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാനും കുറ്റവാളികളെ സംരക്ഷിക്കാന് സ്റ്റേറ്റ് മിഷിനറികള് ഉപയോഗിക്കുകയും ചെയ്യും. അത് തന്നെയാണ് ഉത്തര്പ്രദേശിലുള്പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് അരങ്ങേറുന്നത്. മേല്ജാതിക്കാരുടെ സംഘടിത ശക്തിക്കെതിരെ പേരാടാന് കീഴ്ജാതിക്കാര്ക്ക് ധൈര്യമില്ലെന്നതും അവര് അസംഘടിതരാണെന്നതും സാമ്പത്തികമായി പിന്നാക്കമാണെന്നതും ഇത്തരം നടപടികള്ക്ക് പിന്ബലം നല്കുന്നുമുണ്ട്. ഗുജറാത്തില് ഉനയില് കന്നുകാലികളുടെ തോല് ഉരിഞ്ഞ് തുകലുണ്ടാക്കുന്നവരെ കെട്ടിയിട്ട് മര്ദ്ദിച്ചപ്പോഴുമെല്ലാം ഭൂരിപക്ഷ സമുദായത്തിനൊപ്പം ആയിരുന്നു ബിജെപി. ഉത്തര്പ്രദേശിലെ ഷഹരാന്പൂരില് കീഴജാതിക്കാരന് കല്ല്യാണത്തിന് കുതിരയെ ഉപയോഗിച്ചതിനെ തുടര്ന്ന് ഉണ്ടായ കാലപത്തിലും യോഗി സര്ക്കാര് താക്കൂറുമാര്ക്കൊപ്പമായിരുന്നു. ദളിതരെന്നാല് തീണ്ടാപാടകലെ നില്ക്കേണ്ടവരാണെന്ന സവര്ണചിന്താഗതിയുടെ സംരക്ഷകരാവുകയാണ് ബിജെപി സര്ക്കാര്. അതിന്റെ തുടര്ച്ച തന്നെയാണ് ഹാഥ്രാസിലെതും. ഉനയിലെ ദളിതര്ക്ക് നേരെ നേരിട്ട അതിക്രമത്തിനെതിരെ ദളിതരെ സംഘടിപ്പിച്ച പ്രതിഷേധം ശക്തമാക്കിയ ജിഗ്നേഷ് മേവാനിയും ഉത്തര്പ്രദേശില് ദളിതരെ സംഘടിപ്പിച്ച് സവര്ണാധിപത്യത്തിനുനേരെ സമരം നടത്തുന്ന രാവണനെന്ന ചന്ദ്രശേഖര് ആസാദും ബിജെപിയുടെ കണ്ണിലെ കരടാകുന്നതും അതിനാലാണ്. സംഘടിത സ്വഭാവവും ചോദ്യം ചെയ്യാനുള്ള ധൈര്യവും ദളിതര്ക്ക് ഉണ്ടായാല് അത് തങ്ങളുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ വലിയതോതില് ബാധിക്കുമെന്ന് ബിജെപിക്ക് അറിയാം. അതിനാലാണ് ചന്ദ്രശേഖര് ആസാദിനെ പലകുറി ദേശ സുരക്ഷ നിയമം അനധികൃതമായി ചമുത്തി നീണ്ടകാലം യോഗി ജയിലിലടച്ചത്. ജിഗ്നേഷ് മേവാനിയെ നിരന്തരം ഗുജറാത്ത് സര്ക്കാര് വേട്ടയാടികൊണ്ടിരിക്കുന്നത്. ദളിതരുടെ അവകാശങ്ങള്ക്ക് വേണ്ടി സംസാരിക്കുന്ന വരവരറാവു അടക്കകമുള്ള എഴുത്തുകാരേയും സാമൂഹ്യപ്രവര്ത്തകരേയുമെല്ലാം അര്ബന് നക്സലുകളാക്കി മുദ്രകുത്തി യുഎപിഎ പോലുള്ള കുറ്റങ്ങള് ചാര്ത്തി ജാമ്യം നിഷേധിച്ച് ജയിലിലടക്കുന്നത്. എതിര് ശബ്ദങ്ങളെ അടിച്ചമര്ത്തി പക്ഷെ എത്രകാലം മുന്നോട്ട് പോകാനാവും.

സ്ത്രീകള്ക്കും ദളിതര്ക്കും ന്യൂനപക്ഷങ്ങള്ക്കുമെല്ലാം ഒരുപോലെ തുല്യത വാഗ്ദാനം ചെയ്യുന്ന ഒരു ഭരണഘടനയാണ് ഇന്ത്യയുടേത്. ആ തുല്യത ഉറപ്പുവരുത്തേണ്ട ബാധ്യതയുള്ള സര്ക്കാരുകള് തന്നെ അതില്ലാതാക്കുന്നുവെന്നതാണ് വര്ത്തമാനകാലഇന്ത്യയുടെ ചരിത്രം. ദുരന്തവും.

 (121020)

No comments:

Post a Comment