ശാരീരികമായി പീഢിപ്പിക്കപ്പെട്ട ഒരുവളെ പിന്നീട് മാനസികമായും പീഢിപ്പിച്ച് അതില് സംതൃപ്തി കണ്ടെത്തുന്നവരെ എന്ത് പേരിട്ട് വിളിക്കണം. അതും ഒരു തവണയല്ല, പലതവണ. അതും കൂട്ടത്തിലുള്ളൊരുവളെ ആണെങ്കിലോ.
പറഞ്ഞുവരുന്നത് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ ഏറ്റവും പുതിയ പ്രസ്താവനയെകുറിച്ചാണ്. പീഢിപ്പിക്കപ്പെട്ട യുവനടിയെ അവളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ദിനങ്ങളില് പോലും അര്ഹിക്കുന്ന തരത്തില് ഇടവേള ബാബു പന്തുണച്ചതായി തോന്നുന്നില്ല. മാത്രവുമല്ല പലപ്പോഴും സിനിമയിലെ ആണ്കോയിമയുടെ സ്വഭാവം പ്രകടിപ്പിക്കുന്നതായിരുന്നു ഇടവേള ബാബുവിന്റെ നടപടികളും.
നടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചാനല് അഭിമുഖത്തില് ഇടവേള ബാബു നടത്തിയ പരാമര്ശമാണ് ഇതില് ഏറ്റവും ഒടുവിലത്തേത്. ട്വന്റി ട്വന്റി എന്ന അമ്മയുടെ ചിത്രത്തിന് ശേഷം വീണ്ടുമൊരു സിനിമചെയ്താല് പീഢനത്തിനിരയായ നടി അതിലുണ്ടാകുമോ എന്നതായിരുന്നു ചോദ്യം. നടി ഇപ്പോള് അമ്മയിലെ അംഗമല്ലാത്തതിനാല് ചിത്രത്തിലുണ്ടാകില്ലെന്നും മരിച്ച്പോയവര് തിരിച്ച് വരാത്തത് പോലെയാണ് അതെന്നുമായിരുന്നു ബാബുവിന്റെ മറുപടി.
എത്രമാത്രം സാംസ്ക്കാരിക സമ്പന്നതയാണ് നമ്മുടെ സിനിമമേഖലയെ നിയന്ത്രിക്കുന്നവര്ക്ക് ഉള്ളതെന്ന് വെളിവാക്കുന്നതാണ് ഈ സംഭവം. ബാബുവിന്റെ പരാമര്ശത്തില് പ്രതിഷേധിച്ച് നടി പാര്വ്വതി തിരുവോത്ത് സംഘടനയില് നിന്ന് രാജിവെച്ചു. സംഘടനയ്ക്ക് അകത്ത് നിന്ന് അതിനെ തിരുത്താന് പ്രവര്ത്തിക്കണമെന്ന് കരുതിയാണ് നേരത്തെ രാജിവെക്കാതിരുന്നതെന്നും എന്നാല് സംഘടന തിരുത്തുന്ന ലക്ഷണമില്ലെന്നും രാജികത്തില് പാര്വ്വതി പറയുന്നു. ബാബുവിന്റെ രാജിയും താരം ആവശ്യപ്പെട്ടു. മനസാക്ഷിയുള്ള എത്ര അംഗങ്ങള് ഇക്കാര്യമുന്നയിച്ച് മുന്നോട്ട് വരുമെന്ന് അറിയാന് ആകാക്ഷയോടെ കാത്തിരിക്കുകയാണെന്നും സോഷ്യല് മീഡിയയിലൂടെ പുറത്തുവിട്ട രാജികത്തില് ചോദിക്കുന്നുണ്ട്.
അറപ്പുളവാക്കുന്നതും ലജ്ജാകരവുമാണ് ഇടവേള ബാബുവിന്റെ വാക്കുകള് എന്നതില് സംശയമില്ല. ചോദ്യം ചെയ്യപ്പെടേണ്ടതും തിരുത്തിക്കേണ്ടതുമാണ് അവ. പക്ഷെ വെറുമൊരു മാപ്പപേക്ഷയിലോ വിശദീകരണത്തിലോ തീരുന്നതല്ല കാര്യങ്ങള്. കാരണം പീഢനത്തിന് ഇരയായ ആ യുവനടിയെ അമ്മ എന്ന താരസംഘടന ഒരിക്കലും അവരര്ഹിക്കുന്ന നീതി ലഭ്യമാക്കാന് കൂടെ നിന്നിട്ടില്ല.
കേസിലെ പ്രതിസ്ഥാനത്തുള്ള തന്റെ സുഹൃത്തിനേയും മലയാള സിനിമയിലെ ശക്തനുമായ ദിലീപിനെ സഹായിക്കാനാണ് ഇടവേള ബാബുവും സംഘവും തുടക്കം മുതലെ ഇടവേളകളില്ലാതെ പ്രയത്നിച്ചുകൊണ്ടിരുന്നത്. സിനിമലോകത്തെ വനിത പ്രവര്ത്തകര് ചേര്ന്ന് വുമണ് ഇന് സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക് രൂപം നല്കി പ്രവര്ത്തിച്ചുതുടങ്ങിയപ്പോഴും ആ പുച്ഛഭാവം ബാബുവും സംഘവും പ്രകടിപ്പിക്കികയും ചെയ്തിരുന്നു. യുവനടിക്കുണ്ടായ പ്രശ്നം സംഘടനയില് ചര്ച്ചചെയ്ത് കുറ്റക്കാരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങളായ നടിമാര് നല്കിയ പരാതിക്ക് എന്ത് സംഭവിച്ചുവെന്നതും ചരിത്രമാണ്. ആദ്യം നടനെതിരെ നടപടിയെടുക്കാന് വിമുഖതകാണിച്ച സംഘടന പിന്നീട് ആ നടന് സ്വയം രാജിവെച്ചപ്പോഴും ഇരയ്ക്കൊപ്പം നിന്ന് പ്രതിക്ക് വേണ്ടി പ്രാര്ത്ഥിക്കുന്ന സമീപനം തന്നെ തുടര്ന്നു. പിന്നീട് ദിലീപിനെ തിരിച്ചെടുക്കാന് കാണിച്ച അമിതതാല്പര്യം പക്ഷെ അമ്മയില് നിന്ന് പ്രശ്നത്തിന്റെ പേരില് രാജിവെച്ചവരെയോ അംഗത്വം പുതുക്കാത പ്രതിഷേധിച്ച യുവനടി അടക്കമുള്ളവരേയെ തിരികെ കൊണ്ടുവരാന് കണിച്ചതുമില്ല. അവരെല്ലാം സംഘടനയില് നിന്ന് പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും തിരിച്ചെടുക്കാന് പല നടപടി ക്രമങ്ങളുമുണ്ടെന്നായിരുന്നു ഇക്കാര്യത്തിലെ വാദം.
കേസിന്റെ പലഘട്ടങ്ങളിലും ദിലീപിന് അനുകൂലമായ നിലപാടാണ് ഇടവേള ബാബു അടക്കമുള്ളവര് സ്വീകരിച്ചിരുന്നത്. പീഡിപ്പിക്കപ്പെട്ട യുവനടി പിന്നീട് പലകുറി സൈബര് ബുള്ളിയിങ്ങിന് വിധേയമായപ്പോഴും അതിനെതിരെ ഒരു ചെറുവിരലനക്കാനോ പ്രതികരിക്കാനോ ഇവരാരും തയ്യാറായില്ല. ഈ യുവനടിക്കെതിരെ മാത്രമല്ല, ഇവര്ക്കൊപ്പം നിന്ന മറ്റ് നടിമാരും നടന്മാരുടെ ഫാന്സിന്റെ വെര്ബല് അബ്യൂസിന് പലകുറി വിധേയമായപ്പോഴും മൌനം മാത്രമായിരുന്നു അമ്മയുടെ സെക്രട്ടറി അടക്കമുള്ളവരുടെ പ്രതികരണം.
കേസിന്റെ വിചാരണവേളയില് കൂറുമാറി മൊഴിമാറ്റി, പ്രതിയോടുള്ള കൂറ് ഇടവേള ബാബു വീണ്ടും തെളിയിച്ച അധികനാളായിട്ടില്ല. ഏറ്റവും ഒടുവില് ഇപ്പോഴിതാ ചാനല് അഭിമുഖവും നടിയെ ആക്ഷേപിക്കാനുള്ള വേദിയായാണ് ഇടവേള ബാബു ഉപയോഗിച്ചത്.
സിനിമയില് സ്ത്രീകളെ ആക്ഷേപിക്കുന്നവരേയും അപമാനിക്കുന്നവരേയും ഇടിച്ച് നിരത്തുന്ന നായകന്മാരാരും തന്നെ ഇതുവരേയും പരസ്യമായി പ്രതികരിച്ചിട്ടില്ല. ഏതാനും കുറച്ച് നായികമാരല്ലാതെ മറ്റാരും തന്നെ ഇതുവരേയും യുവനടി പീഡിപ്പിക്കപ്പെട്ട കേസില് പരസ്യമായി പ്രതികരിക്കാന് തയ്യാറായിട്ടുമില്ല. പേരിനുപോലും പ്രതികരണം നടത്താത്ത വനിതസൂപ്പര്സ്റ്റാറുകള് കൂടി അടങ്ങിയതാണ് നമ്മുടെ മലയാള സിനിമ എന്നതാണ് വസ്തുത. പലരും പ്രതികരിച്ചാല് തങ്ങളുടെ അവസരങ്ങള് നഷ്ടപ്പെടുമോയെന്ന് ഭയക്കുന്നവരാണ്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന നടിമാരുടെ മനോഭാവത്തിന് പിന്നിലും ഇത് തന്നെയാണ്. പീഡിപ്പിക്കപ്പെട്ട നടി സംഘടനയ്ക്ക് മുമ്പാകെ തനിക്ക് മലയാളത്തില് അവസരങ്ങള് ഇല്ലാതാക്കിയത് ദിലീപ് ആണെന്ന് പരാതിപ്പെട്ടിരുന്നു. തനിക്ക് വരുന്ന അവസരങ്ങളെല്ലാം സ്വാധീനം ഉപയോഗിച്ച് ദിലീപ് ഇല്ലാതാക്കിയെന്ന് ഒരു നടി രേഖാമൂലം അറിയിച്ചിട്ടും അതൊന്നു പരിശോധിക്കാന് പോലും തയ്യാറാകാതിരുന്ന സംഘടനയാണ് അമ്മ.
ആണധികാരത്തില് ഭ്രമിക്കുന്ന സിനിമ പ്രമാണിമാരില് നിന്ന് മറിച്ചൊന്നും ലഭിക്കില്ലെന്ന തിരിച്ചറിവാണോ അതോ തന്റെ അവസരമെന്ന സ്വാര്ത്ഥചിന്തയാണോ ഇവരെയല്ലാം പ്രതികരണശേഷിയില്ലാത്തവരാക്കുന്നത്? പക്ഷെ കൂട്ടത്തിലൊരുവളെ മനസിലാക്കാന്പോലും കഴിയാതെ സമൂഹത്തെ ബോധവത്ക്കരിക്കുന്ന ഒരു മാധ്യമത്തില് എങ്ങനെയാണ് ഇവര്ക്ക് പ്രവര്ത്തിക്കാനാവുക എന്നചോദ്യം ഉയര്ന്നുകൊണ്ടേയിരുക്കും.
No comments:
Post a Comment