Sunday, 11 October 2020

ഹത്രാസ് വെറുമൊരു സ്ഥലനാമമല്ല


ഹത്റാസ്... ഇപ്പോള് വെറുമൊരു സ്ഥലനാമമല്ല. നമ്മുടെ സഹോദരിമാരുടെ, ജീവിതസുരക്ഷയുടെ, ജാതീയതയുടെ, അധികാരപ്രമത്തതയുടെ അടയാളപ്പെടുത്തലാണ്.

പെണ്ണായി പിറന്നാല്, പ്രത്യേകിച്ചും കീഴ്ജാതിയാണെങ്കില്, ജീവിക്കാന് കൊള്ളാത്ത ഇടമായി മാറുകയാണ് ഒരുകാലത്ത് നാനാത്വത്തില് ഏകത്വം എന്ന് ഊറ്റം കൊണ്ട നമ്മുടെ രാജ്യമിന്ന്.

നിര്ഭയ, സൌമ്യ ഉന്നാവോ, ഹൈദരാബാദ്,.. സ്ഥലനാമങ്ങളായും പ്രതീകങ്ങളായും മാറിയ നീണ്ടനിരയുണ്ട്. ഇവയൊക്കെ ഇതുപോലെ സ്ത്രീകള് പീഢിപ്പിക്കപ്പെടാനും അതിനൊടുവില് ക്രൂരമായി കൊല്ലപ്പെടാനുമുള്ളതാണെന്ന് തെറ്റിദ്ധരിപ്പിച്ച സംഭവങ്ങളാണ്. അപ്പോള് ഉയരുന്ന പ്രതിഷേധങ്ങള് പതിയെ തണുക്കും. പിന്നെയും സ്ത്രീസുരക്ഷ എന്നത് വെറും വാക്കായും പദ്ധതിപ്രഖ്യാപനങ്ങളായും മാറും. നമ്മുടെ പെണ്ണുങ്ങള് വെറും വില്പനചരക്കായോ മാംസളമായ ശരീരമായോ അവശേഷിക്കും.


ഉത്തര്പ്രദേശില് സമീപകാലത്ത് ദളിത് പെണ്കുട്ടികള് മൃഗീയമായി പീഢിപ്പിച്ച് കൊലചെയ്യപ്പെടുന്നത് നിത്യസംഭവമായിമാറിയിരിക്കുന്നു. ഉന്നാവോയില് മാത്രം  സമാനമായ രണ്ട് സംഭവങ്ങളാണ് അരങ്ങേറിയത്. ഒന്നിലെ പ്രതി ഭരണകക്ഷി എംഎലഎയും. പീഢിപ്പിച്ചതിനെതിരെ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി പരാതി നല്കിയതിനെ തുടര്ന്ന് പിതാവിനെ കള്ളക്കേസില് പെടുത്തി പീഢിപ്പിച്ച് കൊല്ലുകയും ബന്ധുക്കളെ പിന്നീട് വാഹനമിടിപ്പിച്ച് കൊല്ലുകയും ചെയ്തു. ആ അപകടത്തില് നിന്ന് ഇരയായ പെണ്കുട്ടി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അതിന് തെട്ടുപിന്നാലെയാണ് ഹൈദരാബാദില് വെറ്ററിനറി ഡോക്ടര് കൂട്ടബലാത്സംഗത്തിന് ഇരയായശേഷം മൃഗീയമായി കൊലചെയ്യപ്പെട്ടത്. പ്രതികളെന്ന് സംശയിക്കുന്നവരെ ഇരുട്ടിന്റെ മറവില് ഹൈദരാബാദ് പൊലീസ് വ്യാജ ഏറ്റുമുട്ടലില് കൊലചെയ്യുകയും ചെയ്തു. അതോടെ ആ സംഭവത്തിലെ പ്രതിഷേധം കെട്ടടങ്ങി.

2012 ല് രാജ്യതലസ്ഥാനത്ത് പാരാമെഡിക്കല് വിദ്യാര്ത്ഥിനി ഓടിക്കൊണ്ടിരിക്കുന്ന ബസില് വെച്ച് പീഢനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്ന്ന് രാജ്യവ്യാപകമായി പ്രതിഷേധങ്ങള് അരങ്ങേറി. അന്നത്തെ യുപിഎ സര്ക്കാരിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്ക്ക് ഇത് വഴിവെച്ചു. നിര്ഭയ എന്ന് പ്രതീകാത്മായി ആ പെണ്കുട്ടിയെ രാജ്യം വിളിച്ചു. നിര്ഭയയുടെ പേരില് നിരവധി സ്ത്രീസുരക്ഷ പദ്ധതികള് കേന്ദ്രം പ്രഖ്യാപിച്ചു. കോടികള് ഇതിനായി സംസ്ഥാനങ്ങള്ക്ക് അനുവദിച്ചു. അന്ന് നിര്ഭയ സംഭവം രാഷ്ട്രീയമായി ഉപയോഗിച്ച പാര്ട്ടി പിന്നീട് കേന്ദ്രത്തില് അധികാരത്തിലെത്തി. പിന്നീട് അതേ പാര്ട്ടി തന്നെ ഉത്തര്പ്രദേശടക്കം രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരത്തിലേറി. അന്ന് രക്തം തിളക്കുന്നെന്ന് പറഞ്ഞ് നിര്ഭയക്ക് വേണ്ടി, രാജ്യത്തെ സ്ത്രീകള്ക്ക് വേണ്ടി മെഴുകുതിരിതെളിച്ച് ഇന്ത്യാഗേറ്റില് അണിനിരന്ന ബിജെപിയുടെ വനിത മുഖങ്ങളില് പലരുമിന്ന് കേന്ദ്രമന്ത്രിമാരാണ്. പക്ഷെ ആരും ഇപ്പോള് ഉന്നാവോയിലെ പെണ്കുട്ടികള്ക്ക് വേണ്ടിയോ ഹത്റാസിലെ പെണ്കുട്ടിക്ക് വേണ്ടിയോ നാവ് അനക്കുന്നില്ലെന്ന് മാത്രം.

രാജ്യത്ത് സ്ത്രീകള്ക്കെതിരിയുള്ള അതിക്രമങ്ങള് ദിനം പ്രതി പെരുകുകയാണെന്നാണ് ദേശിയ ക്രൈം റെക്കോര്ഡ്സ് ബ്യൂറോയുടെ കണക്കുകള് വ്യക്തമാക്കുന്നത്. പോയവര്ഷം 405861 കേസുകളാണ് സ്ത്രീകള്ക്കെതിരെ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരില് രജിസ്റ്റര് ചെയ്തത്. 2018 ല് ഇത് 378236 ആയിരുന്നു. അതായത് 2018 ല് 58.8 ശതമാനമായിരുന്നു സ്ത്രീകള്ക്കെതിരെയുള്ള ക്രൈം റേറ്റ് എങ്കിലത് 2019 ല് 62.4 ശതമാനമായി വര്ദ്ധിച്ചു. 2019 ല് രജിസ്റ്റര് ചെയ്ത മൊത്തം കേസുകളില് കൂടുതലും അരങ്ങേറിയത് യുപിയില് ആണ്. 60000 ത്തോളം കേസുകളാണ് ഉത്തര്പ്രദേശില് രജിസ്റ്റര് ചെയ്യപ്പെട്ടത്. 2018 നെ അപേക്ഷിച്ച് 2019 ല് സ്ത്രീകള്ക്കെതിരെയുള്ള കുറ്റകൃത്യം 7.3 ശതമാനമാണ് ഉയര്ന്ന?ത്. 2019 ല് രാജ്യത്ത് പ്രതിദിനം ശരാശരി 87 ബലാത്സംഗം നടക്കുന്നുവെന്ന് കണക്കുകള് പരിശോധിക്കുമ്പോള് മനിസാലാക്കാം. പ്രായപൂര്ത്തിയാകാത്ത പെണ്ടകുട്ടികള്ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളും രാജ്യത്ത് പോയവര്ഷം പെരുകി.  ലൈംഗികാതിക്രമത്തിന് രാജ്യത്ത് പോയവര്ഷം ഇരയായ പണ്കുട്ടികളുടെ എണ്ണം 25934 ആണ്. ഇതില് ഭൂരിഭാഗവും ഉത്തര്പ്രദേശില് തന്നെ. 7444 കേസുകളാണ് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഢിപ്പിച്ചകുറ്റത്തിന് ഉത്തര്പ്രദേശില് രജിസ്റ്റര് ചെയ്തത്. 6402 കേസ് രജിസ്റ്റര് ചെയ്ത മഹാരാഷ്ട്രയും 6053 കേസുകള് രജിസ്റ്റര് ചെയ്ത മധ്യപ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ഇവയെല്ലാം പൊലീസ് സ്റ്റേഷനുകളില് രജിസ്റ്റര് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം മാത്രമാണ്. രജിസ്റ്റര് ചെയ്യപ്പെടാതെ പോകുന്ന കേസുകള് ഇതിന്റെ പലമടങ്ങുണ്ടാകും. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് പലയിടത്തും ഭീഷണിപ്പെടുത്തി കേസ് പിന്വലിപ്പിക്കുന്നതും കേസ് കൊടുപ്പിക്കാതിരിക്കുന്നതും നിത്യസംഭവങ്ങളാണ്. ഉന്നാവോയിലും മറ്റും ഇത് നാം കണ്ടതാണ്.  

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്ക്യം സ്ത്രീസുരക്ഷയ്ക്കായി ഉയര്ത്തിയ സര്ക്കാരിന്റെ കാലത്ത് തന്നെയാണ് സ്ത്രീകള്ക്കെതിരെയുള്ള അതിക്രമങ്ങളും പൊരുകുന്നത്. അതിക്രമങ്ങള് തടയാനാവുന്നില്ല എന്നതിലും ക്രൂരമാണ് കേസ് ഒതുക്കാനും പ്രതിഷേധസ്വരം ഉയര്ത്താതിരിക്കാനും വേണ്ടി ഭരണകൂടങ്ങല് കാണിക്കുന്ന ജാഗ്രത. ഹത്രാസിലെ പെണ്കുട്ടിയുടെ മൃതദേഹം അന്ത്യകര്മങ്ങള് ചെയ്യാന് പോലും ബന്ധുക്കള്ക്ക് വിട്ടുകൊടുക്കാതെ അവരെ വീട്ടില് പൂട്ടിയിട്ട് രാത്രിയുടെ മറവില് കത്തിച്ചുകളഞ്ഞത് ആരെ സംരക്ഷിക്കാനായിരുന്നു?. ആരെ സംരക്ഷിക്കാനാണ് കത്തിച്ച് മണിക്കൂറുകള്ക്ക് ശേഷം പെണ്കുട്ടി പീഢിപ്പിക്കപ്പെട്ടിട്ടില്ലെന്ന് ഡിജിപി വാര്ത്താസമ്മേളനം നടത്തി പറഞ്ഞത്?. പെണ്കുട്ടിയുടെ പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് കെട്ടിചമച്ചത് അല്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും?. വീണ്ടും പോസ്റ്റ്മോര്ട്ടം ചെയ്യാന് ശരീരം പോലും ബാക്കിവെക്കാതെ മണ്ണെണ്ണ ഒഴിച്ച് പൊലീസ് തന്നെ കത്തിച്ചത് എന്തിനാണ്.? ഹത്രാസിലെ സംഭവം അവശേഷിപ്പിക്കുന്നത് ഉത്തരങ്ങളേക്കാള് നിരവധി ചോദ്യങ്ങളാണ്.

ഹത്രാസിലെ പെണ്കുട്ടി ദളിത് വിഭാഗത്തില് പെട്ടതും പ്രതികളെല്ലാം ഉന്നതകുലജാതരുമാണ്. ജാതീയത അതിന്റെ ഫണം വിടര്ത്തിയാടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തര്പദേശ്. മേല്ജാതിക്കാരെ പിണക്കാതെ വോട്ട് ബാങ്ക് സംരക്ഷിച്ച് നിര്ത്തുകയെന്നത് തന്നെയാണ് യോഗി സര്ക്കാരിനെ നയിക്കുന്ന ബിജെപി ലക്ഷ്യം വെക്കുന്നത്. ദളിതര് അധകൃതരായി തുടരേണ്ടവരാണ് എന്ന പൊതുബോധം വളര്ത്തിയെടുക്കാനും ഇത്തരം തെറ്റായ നടപടികള് വഴിവെക്കും. അതുകൊണ്ട് തന്നെയാണ് രാജ്യത്ത് ദളിതര്ക്കെതിരെയുള്ള അതിക്രമം കഴിഞ്ഞവര്ഷം 7.3 ശതമാനം കൂടിയത്. രാജ്യത്ത് ദളിതര്ക്കെതിരെ നടന്ന അതിക്രമങ്ങളുടേ പേരില് രജിസ്റ്റര് ചെയ്യപ്പെട്ട കേസുകളുടെ 26 ശതമാനവും രജിസ്റ്റര് ചെയ്യപ്പെട്ടതും ഇതേ യോഗി ആദിത്യനാഥിന്റെ ഉത്തര്പ്രദേശിലാണ്.

(111020)

No comments:

Post a Comment