ലോകത്ത് പട്ടിണിയുള്ള രാജ്യങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അയർലൻറ് ആസ്ഥാനമായ കൺസേൺ വേൾഡ് വൈഡും ജർമനിയിലെ വെൽത്തങ്കർ ലൈഫും ചേർന്നാണ് ലോകരാജ്യങ്ങളിലെ ഹങ്കർ ഇൻഡക്സ് 2020 ( പട്ടിണി സൂചിക ) പുറത്തിറക്കിയത്. ഇത്തവണ 107 രാജ്യങ്ങളാണ് പഠനവിധേയമാക്കിയത്. ഇവയിൽ 94 ാം സ്ഥനത്താണ് ഏഷ്യയിലെ വൻസാമ്പത്തികശക്തികളിലൊന്നായ നമ്മുടെ രാജ്യത്തിന്റെ സ്ഥാനം.
പ്രധാനമായും നാല് കാര്യങ്ങളാണ് ലോക പട്ടിണി സൂചിക തയ്യാറാക്കാൻ പരിഗണിക്കുന്നത്.
1. ജനസംഖ്യയിലെ എത്രപേർക്ക് ആവശ്യത്തിനുള്ള കലോറിയിലുള്ള ഭക്ഷണം ലഭിക്കുന്നു
2. 5 വയസിൽ താഴെയുള്ള കുട്ടികളിൽ പോഷകാഹാരകുറവ് മൂലമുള്ള ഭാരകുറവ്
3. 5 വയസിനുതാഴെയുള്ള കുട്ടികളിൽ പോഷകാഹാരകുറവ് മൂലമുള്ള വളർച്ചമുരടിപ്പ്.
4. പോഷകാഹാരകുറവും അനാരോഗ്യകരമായ പരിസ്ഥിതിയും മൂലം 5 വയസിന് താഴെയുള്ള കുട്ടികളിലെ മരണനിരക്ക്
ഇവയെ അടിസ്ഥാനപ്പെടുത്തി 100 പോയന്റിന്റെ സ്കെയിലിൽ മൂല്യം നിർണയിച്ചാണ് ലോകത്തെ പട്ടിണിരാഷ്ട്രങ്ങളെ കണ്ടെത്തുന്നത്. അതായത് ആ രാജ്യത്തെ കുട്ടികളുടെ ആരോഗ്യസ്ഥിതിതന്നെയാണ് രാജ്യത്തിന്റെ ആരോഗ്യവും നിർണയിക്കുന്നതെന്നർത്ഥം.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇത് നാലാമത്തെ തവണയാണ് പട്ടിണി സൂചിക തയ്യാറാക്കുന്നത്. ഇതിനുമുമ്പ് 2000, 2006,2012 എന്നീവർഷങ്ങളിലാണ് സൂചിക പ്രസിദ്ധീകരിച്ചത്.
2020 ലെ കണ്ടത്തലുകൾ ഇപ്രകാരമാണ്.
ലോകമാകെ 690 ദശലക്ഷം പേരാണ് പോഷകാഹാരകുറവ് മൂലം ദുരിതമനുഭവിക്കുന്നത്. 144 ദശലക്ഷം കുഞ്ഞുങ്ങൾ വളർച്ചാമുരടിപ്പിനും 470 ലക്ഷം കുട്ടികൾ പോഷകാഹാരം ലഭിക്കാത്തതിനാല് ഭാരകുറവുമൂലവും ദുരിതം അനുഭവിക്കുന്നവരാണ്. 2018 ൽ മാത്രം പോഷകാഹാരം ലഭിക്കാത്തതിനെ തുടർന്ന് ലോകത്ത് മരിച്ച 5 വയസില് താഴെയുള്ള കുട്ടികളുടെ എണ്ണം 53 ലക്ഷം ആണ്.
2030 ഓടെ ലോകത്തെ പട്ടിണിഏറ്റവും കുറഞ്ഞ അളവിലെത്തിക്കാനാണ് ഐക്യരാഷ്ട്രസഭയടക്കമുള്ളവരുടെ ശ്രമങ്ങൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ലക്ഷ്യം കൈവരിക്കാനാവില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2030 എത്തുമ്പോളും രാജ്യത്തെ 37 രാജ്യങ്ങൾക്ക് കുറഞ്ഞപട്ടിണി നിരക്കുള്ള രാജ്യമെന്ന മാനദണ്ഡം പോലും കൈവരിക്കാനാവില്ലെന്നാണ് വിലയിരുത്തൽ
തെക്കൻ ആഫ്രിക്കൻ രാഷ്ട്രങ്ങളിലും തെക്കനേഷ്യൻ രാജ്യങ്ങളിലുമാണ് പട്ടിണി ഏറ്റവും രൂക്ഷമായിട്ടുള്ളത്. ഏറ്റവും അപകടകരമായ രീതിയിൽ പട്ടിണി നിലനില്ക്കുന്ന 11 രാഷ്ട്രങ്ങളാണ് സൂചികയിലുള്ളത്. ഛാദ്, ടിമോർ ലെസ്റ്റെ, മഡഗാസ്ഗർ, കോങ്കോ, സൊമാലിയ എന്നിവയ്ക്കൊപ്പം ആഭ്യന്തരയുദ്ധം നാശം
Countries having hunger at alarming level |
വിതച്ച സൌത്ത് സുഡാനിലും യെമനിലും പട്ടിണി ഏറ്റവും മോശം അവസ്ഥയിലാണ്. ആഭ്യന്തരകലാപവും അനശ്ഛിതത്വവും സർക്കാരിന്റെ കെടുകാര്യസ്ഥതയുമെല്ലാം പട്ടിണിക്ക് വഴിവെക്കുന്നുണ്ട്.
ലോകത്തെ ഗ്രസിച്ച കൊവിഡ് എന്നമഹാമാരി വിതച്ച ദുരിതം കണക്ക് കൂട്ടാതെയാണ് ഇത്തവണത്തെ പട്ടിണി സൂചിക തയ്യാറാക്കിയിരിക്കുന്നത്. കൊവിഡിന്റ ആഘാതം കൂടിചേരുമ്പോൾ ലോകത്തെ പട്ടിണിയുടെ തോത് ഇതിന്റെ പലമടങ്ങാകുമെന്നത് തീർച്ച.
ഇന്ത്യയുടെ കാര്യമെടുത്താൽ കഴിഞ്ഞ മൂന്ന് സൂചികകളേയും താരതമ്യപ്പെടുത്തുമ്പോൾ നിലമെച്ചപ്പെട്ടതായി കാണാം. എന്നിരുന്നാലും ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക-സൈനിക ശക്തികളിലൊന്നായ ഇന്ത്യക്ക് ഒട്ടും അഭിമാനിക്കാവുന്നതല്ല സ്ഥിതി. കാരണം ഇന്ത്യയുടെ അയൽരാജ്യങ്ങളായ, സാമ്പത്തിക നിലയിൽ ഇന്ത്യയുടെ ഏഴര അയലത്ത് പോലും എത്താത്ത എല്ലാരാജ്യങ്ങളും സൂചികയിൽ ഇന്ത്യയേക്കാൾ എത്രയോ മുന്നിലാണ്. അഫ്ഗാനിസ്ഥാൻ മാത്രമാണ് സൂചികയിൽ ഇന്ത്യക്ക് പിന്നിലുള്ളത്. ( അഫ്ഗാനിസ്ഥാനെ പിറകോട്ട് വലിക്കുന്ന ഘടകം അവിടെ താലിബാന്റെ നേതൃത്വത്തിലുള്ള ആഭ്യന്തരകലാപം തന്നെയാണ് ) . ഇന്ത്യയുടെ ഏറ്റവും അടുത്ത് കിടക്കുന്ന, വികസനപരമായി വലിയ സാധ്യതകളില്ലാത്ത നേപ്പാളിന്റെ സ്ഥാനം സൂചികയിൽ 73 ഉം
ശ്രീലങ്കയുടേത് 64 ഉം ആണ്. ബംഗ്ലാദേശാകട്ടെ 75 ആം സ്ഥാനത്തുമാണ്. ഇന്ത്യയുടെ ബദ്ധശ്രത്രുവായ, എന്തിനും ഏതിനും നാം കളിയാക്കുന്ന പാക്കിസ്ഥാൻ പോലും ഇന്ത്യയേക്കാൾ പട്ടിണി സൂചികയിൽ ഏറെ മുന്നിലാണ്. 88 ആമതാണ് പാക്കിസ്ഥാന്റെ സ്ഥാനം.
ഇന്ത്യ വികസനത്തിന്റെ പാതയിലാണ് എന്നതിൽ തർക്കമില്ല. മികച്ച അടിസ്ഥാന സൌകര്യവികസനം, സൈനികായുദ്ധങ്ങൾ വാങ്ങുന്നതിലും വിദേശനിക്ഷേപം എല്ലാമേഖയിലേക്കും ആകർഷിക്കുന്നതിലുമെല്ലാം അയൽ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത് എന്നകാര്യത്തിൽ സംശയമില്ല. അമേരിക്കയും ഇസ്രയേലും ഫ്രാൻസും റഷ്യയും പോലുള്ള ശക്തരായ വികസിത രാഷ്ട്രങ്ങളുമായാണ് ഇന്ത്യയുടെ വാണീജ്യബന്ധങ്ങളും. എന്നാൽ രാജ്യത്തിന്റെ ഈ വികസനങ്ങളുടെ ഫലം എല്ലാവരിലേക്കും എത്തുന്നില്ല എന്നതാണ് പട്ടിണി സൂചികയിലെ അവസാന സ്ഥാനക്കാരാവുമ്പോൾ തെളിയിക്കപ്പെടുന്നത്. രാജ്യത്തെ പട്ടിണികോലങ്ങളുടെ എണ്ണം അനുദിനം വർദ്ധിക്കുകയും പണക്കാരുടെ കീശ അനുദിനം വലുതാവുകയും ചെയ്യുന്നുവെന്നത് തന്നെയാണ് രാജ്യത്തിന്റെ വികസനത്തിലെ പാളിച്ച. 5 ട്രില്ല്യൺ സാമ്പത്തിക വളർച്ച കൈവരിക്കാനുള്ള ഓട്ടത്തിലാണ് ഇന്ത്യൻ സർക്കാർ. അത് പ്രതിരോധമേഖലയിലടക്കം വിദേശ നിക്ഷേപം ആകർഷിച്ചും കൃഷിയടക്കം സ്വകാര്യവത്ക്കരിച്ചും പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിച്ചും രാജ്യത്തിന്റെ ജിഡിപി കൂട്ടുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്. അതുകൊണ്ട് സാധാരണക്കാരന് എന്ത് ഗുണം എന്നവിമർശനം ഒരുവശത്ത് നിൽക്കുന്നുമുണ്ട് . അതേസമയം ഇന്ത്യയുടെ അത്രതന്നെ വളർച്ച കൈവരിച്ചിട്ടില്ലാത്ത, അടുത്ത 5 ദശകത്തിൽ പോലും ഇന്ത്യയുടെ പകുതി വളർച്ച കൈവരിക്കാനിടയില്ലാത്ത മ്യാന്മറും നേപ്പാളും ബംഗ്ലാദേശുമെല്ലാം പട്ടിണിയില്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് വികസന
The countries with less hunger index |
പദ്ധതികളിൽ ഉൾപ്പെടുത്തിയത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സാമൂഹ്യസുരക്ഷ, എന്നീ അടിസ്ഥാനമേഖലകളിലാണ് ഈ രാജ്യങ്ങളെല്ലാം കൂടുതലായി നിക്ഷേപം ഇറക്കുന്നത്. അതായത്, സർക്കാർ നേരിട്ട് തന്നെ അവിടത്തെ ജനങ്ങൾക്ക് സാമൂഹികവും ആരോഗ്യകരവുമായ ഒരു ജിവിതം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് പട്ടിണി സൂചികയിൽ കാണുന്നത്. ആ രാജ്യങ്ങളിൽ പോഷകാഹാരകുറവ് മൂലം പട്ടിണിയോ മരണമോ ഇല്ലാതാക്കാനോ ഗണ്യമായി കുറയ്ക്കാനോ ആ ചെറുരാജ്യങ്ങൾക്കെല്ലാം സാധിച്ചുവെന്നത് തന്നെയാണ് അടിസ്ഥാനപരമായി ഒരു സർക്കാരിന്റെ വിജയമായി കാണേണ്ടത്. 2000 ത്തിലെ സൂചിക പ്രകാരം നേപ്പാളിലെ പട്ടിണിയെന്നത് അതിഭീകരമായിരുന്നു. പട്ടികയിൽ ഏറ്റവും പിന്നിലായിരുന്ന നേപ്പാൾ രണ്ട് പതിറ്റാണ്ടിനിപ്പുറം തൊട്ടടുത്തുള്ള വലിയ രാജ്യത്തേക്കാൾ ഏറെമുന്നിലെത്തിയത് കുട്ടികളിലെ പോഷകാഹാരകുറവും മറ്റും ഇല്ലാതാക്കാനായി പദ്ധതികൾ ആസൂത്രണം ചെയ്ത് ആത്മാർത്ഥമായി പ്രവർത്തിക്കുകയും അത് വിജയകരമായി നടപ്പാക്കുകയും ചെയ്തത് കൊണ്ടാണ്. പട്ടിണി നിർമാർജനമെന്നത് വെറും പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിപോകുന്നുവെന്നതാണ് നമ്മുടെ വലിയ പ്രതിസന്ധി. നയങ്ങളും പദ്ധതികളും വെറും പ്രഖ്യാപനത്തിലും പ്രവർത്തി അതിന് ഘടകവിരുദ്ധവുമാകുന്നുവെന്നതാണ് വസ്തുത. രാജ്യത്ത് തൊഴിലെടുക്കുന്നവര്ക്ക് മിനിമം കൂലി എന്ന നിയമം 2019 ഓഗസ്റ്റിലാണ് കേന്ദ്രം പാസാക്കിയത്. എന്നാലിന്നും നമ്മുടെ രാജ്യത്തെ തൊഴിലാളിക്ക് മിനിമം കൂലിയെന്നത് വിദൂരസ്പനമായി തന്നെ അവശേഷിക്കുകയാണ്. അതിനിടെ രാജ്യത്ത് നടപ്പാക്കിയ പുതിയ തെഴിൽ നിയമങ്ങളും കാർഷിക നിയമങ്ങളുമെല്ലാം തൊഴിൽ സുരക്ഷ എന്നത് ഇല്ലാതാക്കി മാറ്റുകയും ചെയ്തു. ഇതിലൂടെ രാജ്യത്തെ ഒരുവിഭാഗം സമ്പന്നർക്ക് മാത്രമാണ് ഗുണം ലഭിക്കുക. അതിനാൽ തന്നെ താഴെകിടയിലെ പട്ടിണിയും പോഷാകഹാരകുറവ് മൂലമുള്ള ദുരിതങ്ങളും മാറ്റമില്ലാതെ തുടരുകയും ചെയ്യും.
അപ്പോൾ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ, അവ നടപ്പിലാക്കുമ്പോൾ സമൂഹത്തിലെ ഏറ്റവും താഴെകിടയിലെ ദരിദ്രനെപോലും മനസിൽ ഓർത്താൽ നമുക്കും പട്ടിണിയെന്നതും പട്ടിണിമരണവുമെല്ലാം ഇല്ലാതാക്കാനാവും. നേപ്പാളിന് കഴിയുമെങ്കിൽ തീർച്ചയായും ഇന്ത്യക്കും സാധിക്കും.
No comments:
Post a Comment